June, 2018
fidc
ഈ ആഴ്ചത്തെ മാതൃഭൂമി ആഴ്ചപ്പതിപ്പ് വായിക്കാത്തവര് വായിക്കേണ്ടതാണ്. പ്രധാന ലേഖനം ഉണ്ണികൃഷ്ണനന്‍ പാക്കനാരുടെ ജീവിതാനുഭവങ്ങള്‍. എല്ലാവര്ക്കും ഒരു പാഠമാണിത്.
മറ്റൊരു ലേഖനം കണ്ണുതുറപ്പിയ്ക്കുകയല്ല, കണ്ണ് തുറിപ്പിയ്ക്കുന്നതാണ്. ക്ലാസ്സില്‍ പറയ സമുദായത്തില്പ്പെട്ട കുട്ടികളെ മാറ്റിയിരുത്തി പഠിപ്പിയ്ക്കുന്നു. പേരാമ്പ്രയിലെ ഒരു സ്കൂളില്‍ എന്ന് വായിച്ചപ്പോള്‍ വിശ്വസിക്കാനന്‍ വിഷമം..കേരളത്തില്‍ ഇത്ര നീച ചിന്താഗതിയുള്ള വിദ്യാഭ്യാസികാളോ?
കഷ്ടം!
ഞങ്ങളൊന്നും പഠിയ്ക്കുമ്പോള് ഈ നാട് ഇങ്ങിനെ ആയിരുന്നില്ലല്ലോ?
തനി നാട്ടിന്പുറത്ത് ഞങ്ങടെ കുട്ടിക്കാലത്തുപോലും സ്കൂളില് ഒരിക്കലും ഇങ്ങിനെ കണ്ടിട്ടും കേട്ടിട്ടും ഇല്ല. അതും എത്ര വര്ഷം മുന്നേ??
64-ല് എത്തി നില്ക്കുന്ന ഞാന്, 4 വയസ്സ് തികയും മുന്പ് സ്കൂളില്‍ പോക്ക് തുടങ്ങി. 1954 മുതല്ക്കുള്ള കാര്യമാണ് പറയുന്നത് . എന്റെ കൂടെ ഒന്നാം ക്ലാസ്സ് മുതല് എല്ലാ ജാതിക്കാരും അടുത്തടുത്തിരുന്നാണ് പഠിച്ചിരുന്നത്,.ഒരേ ബഞ്ചില്.തൊട്ടുതൊട്ടിരുന്ന്. ആശാരിയും കരുവാനും, നായരും നമ്പൂരിയും മറ്റു ജാതിക്കാരും...., മാപ്പിളക്കുട്ടികളും, ഒരിക്കലും ഞങ്ങടെ അദ്ധ്യാപകര് ഒരു വിത്യാസം കാട്ടിയതായി അനുഭവമില്ല.
ഞങ്ങൾക്ക് ഞങ്ങടെ ജീവിതരീതി......അവർക്കവരുടെ. അതിനപ്പുറം ഒന്നും ചിന്തിച്ചിരുന്നില്ല
എല്ലാവര്ക്കും എല്ലാവരുടെയും ജാതിയും വീടും ഒക്കെ അറിയാം. ഞങ്ങളൊക്കെ മനയ്ക്കലെ കുട്ടികളായിരുന്നു, മറ്റുള്ളവരുടെ കണ്ണില്, എങ്കിലും സ്കൂളില് നിലനിന്നിരുന്നത് സമത്വത തന്നെയായിരുന്നു.
അഞ്ചു വരെയുള്ള സ്‌കൂളിൽ ലൈബ്രറിയൊന്നും ഉണ്ടായിരുന്നില്ല.
സ്‌കൂളിന്റെ തൊട്ടടുത്തുള്ള ഇട്ടിത്തള്ളയുടെ വീട്ടിൽ നിന്നും മാഷ് രാമായണം കൊണ്ട് വന്നു ഈണത്തിൽ ചൊല്ലി കഥപറഞ്ഞു തരുമ്പോൾ ഞങ്ങളെല്ലാവരും ഒന്നിച്ചിരുന്നു കേട്ടിരുന്ന കാലം!!
പിന്നെപ്പോളാണ് വിലക്കുകൾ വന്നുചേർന്നത് ?
രാവിലെ മുതല് ജലപാനം കൂടെയില്ലാതെ വൈകുന്നേരം വരെ ഇരിയ്ക്കുന്ന ഞങ്ങളോട് അല്പസ്വല്പ ബഹുമാനമൊക്കെ അദ്ധ്യാപകര്ക്ക് ഉണ്ടായിരുന്നിരിയ്ക്കാം.
ആ സ്കൂള് ഉണ്ടാക്കിച്ചത് എന്റെ മുത്തശ്ശനായിരുന്നു. സ്കൂള് മാത്രമല്ല, നാട്ടിലെ പീടികകളും പോസ്ടാഫീസ്, വായനശാല....... മറ്റും
അന്ന് ഇല്ലാതായിപ്പോയിരുന്ന ജാതി-മത ചിന്തകൾ എപ്പോളാണാവോ ഉയിർത്തെഴുന്നേറ്റത് ?
എന്തായാലും ഇക്കാലത്തും ഇങ്ങിനെ ചിന്തിയ്ക്കുന്നവര് കേരളത്തില് ഉണ്ടെന്നറിഞ്ഞ് വിശ്വാസം വരുന്നില്ല......എന്തൊരു നല്ല കാലമായിരുന്നു! സ്കൂളിലും പുറത്തും കണ്ടിരുന്നത് സമത്വവും സാഹോദര്യവും!
........'കേരളമെന്നപേര്‍ കേട്ടാല്‍ തിളക്കണം
ചോര നമുക്കു ഞരമ്പുകളില്‍ ......'
ഇപ്പോൾ ശരിയ്ക്കും തിളയ്ക്കുന്നുണ്ട്.
എന്റെ കൂട്ടുകാരിയായിരുന്ന, കാതു നിറയെ തുളച്ചു അതിലൊക്കെ ഇട്ട വെള്ളി വട്ടക്കണ്ണികളില് മഞ്ഞയും ചുകപ്പു നിറങ്ങളുള്ള ചെണ്ടുമല്ലിപ്പൂക്കള്‍ തൂക്കിയിട്ടിരുന്ന ആമിനക്കുട്ടിയെ ഓര്ക്കുന്നു. ചെണ്ടുമല്ലിപ്പൂക്കള്‍ ഉണങ്ങിയാല്‍ വിത്ത് പാകാന്‍ അതൊക്കെ എനിയ്ക്ക് തരും. വെള്ളിയാഴ്ച ഉച്ചയ്ക്ക് മറ്റാരും അറിയാതെ അവളുടെ വീട്ടുമുറ്റത്തെ വിരിഞ്ഞു നില്‍ക്കുന്ന ചെണ്ടുമല്ലിച്ചെടികള്‍ കാണാന് പോയിട്ടുണ്ട്.
മാഷ് മനക്കണക്ക് തരുമ്പോള്‍ കണക്കില്‍ മോശമായ എന്നെ സഹായിച്ചിരുന്ന ആണ്‍കുട്ടികളെ ഞാന് നമിയ്ക്കുന്നു. മലയാളം കേട്ടെഴുത്ത് സമയത്ത് ഞാന്‍ അവരെയും സഹായിക്കും
അതിലെ ഒരാള് നാലഞ്ചു വര്ഷം മുന്നേ മരിച്ചു. ഞങ്ങടെ നാട്ടിലെ 'പെരുംന്തച്ച' നായിരുന്നു..'കണ്ടരാശാന്‍' എന്നാണു നാട്ടുകാര് വിളിച്ചിരുന്നത്.
നിലക്കടല വാങ്ങിത്തിന്നല്‍ അന്നത്തെ രഹസ്യമായ പരിപാടിയാണ്.. കുളിയ്ക്കാതെ ഒരു തുള്ളി വെള്ളം കൂടെ കുടിയ്ക്കാൻ അനുവാദമില്ലാതിരുന്ന കാലം. പറങ്കിമാവ് ഇല്ലപ്പറമ്പുകളില് അന്നില്ല..അതിനാല്‍, അടയ്ക്ക കൊണ്ടു കൊടുത്ത് പറങ്കിയണ്ടി വാങ്ങിക്കും. ഈ കച്ചവടത്തിന് കൂട്ടു നിന്നിരുന്നതും സഹപാഠികള്‍. ഒരണ്ടിയ്ക്ക്, 2 കുരുവുള്ള 2 നിലക്കടലയും, ഒരു ഒറ്റക്കുരുവും കിട്ടും......
പ്രബുദ്ധകേരളമേ, കേഴുക!!
No comments:
Post a Comment