Saturday, 13 September 2025

പ്രതികരണങ്ങള്‍ ...fb യോട്

 ന്റെ എഫ് ബീ ,

what is on my mind ??
ho,....വീണ്ടും വടി കൊടുത്തു അടിവാങ്ങേണ്ടി വരും!!
മൗനം വിദ്വാന്മാർക്കു പറഞ്ഞതാണല്ലോ. അപ്പോൾ പിന്നെ മിണ്ടിയേക്കാം!
ഇന്നത്തെ ദിവസത്തിനെന്താ പ്രാധാന്യം ?
അയ്യോ, അത് മറക്കാൻ പറ്റുമോ?
ചരിത്രം കുറിച്ച ദിവസമല്ലേ, ഇന്ന്!!
മൂന്നു വര്ഷം മുന്നേ സുപ്രീം കോടതി ജല്ലിക്കെട്ടു നിരോധിച്ച ഉത്തരവ് ഇറക്കിയിരുന്നു. അതിനെതിരായി ഈയിടെ യുവജന നേതൃത്വത്തിൽ തമിഴ്‌ജനതയാകെ പ്രക്ഷോഭത്തിനിറങ്ങിയപ്പോൾ തമിഴ് നാട് സർക്കാർ ഓർഡിനൻസ് ഇറക്കി. അങ്ങിനെ ഇന്ന് പൂർവാധികം ഉത്സാഹത്തോടെ തമിഴ്‌സംസ്ക്കാരത്തിന്റെ ഭാഗമായ ജല്ലിക്കെട്ടു പുനരാരംഭിയ്ക്കുന്നു.
സ്പെയിനിലെ കാളപ്പോരിനെ വെല്ലുന്ന മധുരൈ കാളപ്പോരിന് 350 കാളകൾ റെഡിയായിട്ടുണ്ടത്രെ!
പിന്നെ ജല്ലിക്കെട്ടായാൽ അങ്ങിനെയൊക്കെ ഉണ്ടാകും..ചിലർക്കൊക്കെ നിത്യശാന്തി, ചിലർക്കൊക്കെ നിത്യ മെത്ത .....അതൊക്കെ ഈ പുണ്യ വിനോദത്തിന്റെ ഭാഗമല്ലേ?
ഇനി കോഴിപ്പോരാണെങ്കിലോ, അങ്കക്കോഴികളുടെ കാലിൽ ബ്ലേഡുകൾ കുത്തി വെച്ചിട്ടാണ് അങ്കത്തട്ടിലേക്കു വിടുന്നത്!! തന്റെകോഴി ജയിച്ചെന്ന കേമത്തം കിട്ടാനല്ലേ, ഇതൊക്കെ.......
ഇതുകാണുകയും, കേൾക്കുകയും ചെയ്യുന്ന മല്ലൂസിന്റെ ധർമ്മസങ്കടം ആര് കേൾക്കും? നാട്ടിലാണെങ്കില്‍ വിത്തുകാളകൾ കണികാണാന്‍ തന്നെയില്ല. പണ്ടൊക്കെ കാളപൂട്ടു മത്സരം നടന്നിരുന്നു. ഇപ്പൊ അതെല്ലാം കേട്ട് കേൾവി..
എന്റെ വന്ദ്യ പിതാശ്രീയെ ഈ സന്ദർഭത്തിൽ ഓർക്കാതെങ്ങിനെ? എത്രയെത്ര കാളപൂട്ടു മത്സരങ്ങൾക്ക്  ദൃക്‌സാക്ഷിയായിട്ടുണ്ട്! എത്രയെത്ര കപ്പുകളും മെഡലുകളും നേടിയിട്ടുണ്ട്!!
എന്റെ അമ്മയ്ക്ക് ഒരു സ്വർണ്ണനൂലുകൂടി വാങ്ങിക്കൊടുത്തിട്ടില്ല. എന്നാൽ കാളകൾക്കു എത്രയെത്ര കണ്ഠാഭരണങ്ങളാണ് വാങ്ങിക്കൊടുത്തിരുന്നത്! എത്ര മനോഹരമായ വെള്ളിയും പിച്ചളയും കെട്ടിയ      നുകങ്ങളാണ് ഉണ്ടാക്കിച്ചിരുന്നത്!!
ആഴ്‌ചയിലൊരിക്കൽ ആരോഗ്യത്തിനായി രഹസ്യമായി non- veg ഭക്ഷണം കൊടുത്തിരുന്നു. 365 ദിവസവും നെല്ലും മുതിരയും വേവിച്ചു, അതിൽ ചെറുകായ നുറുക്കിയിട്ടു സ്വന്തം കൈകൊണ്ടു തന്നെ ഉരുട്ടി വായിൽ വെച്ച് കൊടുത്തിരുന്നു. ഊർച്ചയുള്ള ദിവസങ്ങളിൽ നല്ല കടുകടുത്ത കട്ടൻ ചായ അവരെ കുടിപ്പിച്ചിരുന്നു. രാത്രി ഒരുറക്കം കഴിഞ്ഞാൽ കമ്പിറാന്തലും തൂക്കി തൊഴുത്തിലേക്കു പോകാത്ത ദിവസം കുറവ്....ഇതൊന്നും കൂടാതെ പുതിയ പുതിയ കാളകൾക്കായി (ഏറുകൾക്കായി ) മാസത്തിലൊരിക്കലെങ്കിലും വാണിയം കുളം ചന്തയിൽ പോകാതിരിക്കില്ല. പോത്തുകളെയും കാളകളെയും മനുഷ്യരെ സ്നേഹിച്ചതിനേക്കാൾ സ്നേഹിച്ചിരുന്നു എന്നുപറഞ്ഞാൽ തെറ്റില്ല.
ഊർച്ച മത്സരത്തിന് കാളയുടെ വാലുകടിച്ചു വേദനിപ്പിക്കും എന്നല്ലാതെ കണ്ണിൽ മുളകുപൊടിയോ, പുകലപ്പൊടിയോ തേച്ചു കൊടുക്കുമോ? ഉണ്ടെന്നു തോന്നുന്നില്ല. ഊർച്ചക്കാർക്കു ലഹരിക്ക്‌ കടുത്തവസ്തുക്കളൊന്നും വേണ്ടിയിരുന്നില്ലാ എന്നാണു കേട്ടിരിക്കുന്നത്. പിന്നെ ആൾക്കാർക്ക് അപകടഭീഷണിയും ഒട്ടില്ലതാനും...ചെളിയിൽ ചിലപ്പോൾ നിസ്സാര വീഴ്ചകൾ...അത്രമാത്രം. .
എന്നാൽ കാളപ്പോരിനോ? എത്ര ജീവൻ ബലിയാകുന്നു???ഇതൊരു ക്രൂരവിനോദമല്ലേ?
പണ്ട്, അരീനയിൽ സിംഹം, നരി എന്നീ ഹിംസ്ര മൃഗങ്ങളുടെ കൂടെ വിളയാടാൻ മനുഷ്യരെ വിട്ടിരുന്നു. റോം പോലെയുള്ള സാമ്രാജ്യങ്ങളിൽ കറുത്തവർഗ്ഗക്കാരെ അടിമകളാക്കി തടവുമുറികളിൽ തീറ്റിപ്പോറ്റി വളർത്തിയിരുന്നു. ഭരണാധികാരികളും വിശിഷ്ട വ്യക്തികളും ഈ ക്രൂരവിനോദം കണ്ടു ആർത്തട്ടഹസിച്ചിരുന്നു!!!
അങ്ങിനെച്ചിലർ ക്രൂരതകാട്ടി വിനോദിക്കട്ടെ. നമുക്ക് പറയാൻ എന്തധികാരം ? 
മത്സരിച്ചു മത്സരിച്ചു രാഷ്ട്രീയക്കാർ ഇവിടെ എത്രയെത്ര മനുഷ്യബലി നടത്തുന്നു!!!
ഇതും വിനോദോപാധിയായിക്കണ്ടു ഇവിടെയും ഓർഡിനൻസ് ഇറക്കുമോ, ആര് കണ്ടു??
ലോകമേ തറവാട്, നമുക്കീച്ചെടികളും,
പുൽകളും, പുഴുക്കളും കൂടെത്തൻ കുടുംബക്കാർ....
.
മഹാകവിയുടെ വരികൾ സമരിയ്ക്കാം!!
സത്യം സമത്വം സ്വാതന്ത്ര്യം!!!!

No comments:

Post a Comment