Friday, 4 July 2025

ശിവപുരി ബാബ imp

  ശിവപുരി ബാബ

കുന്നംകുളത്തിന്നടുത്ത് ഒരുവന്നൂര് പാഴൂര് (കറുത്തേടത്ത്) മനയില് 1826-ല്‍ ഒരു ഉണ്ണി ജനിച്ചു. 'ജയന്തന്‍' എന്ന പേരുണ്ടായിരുന്ന ആ ഉണ്ണിയുടെ അച്ഛനമ്മമാര് വളരെ നേരത്തെ ആ ഉണ്ണിയെ വിട്ടുപോയി. പിന്നീട് മുത്തശ്ശനാണ് വളര്‍ത്തിക്കൊണ്ടുവന്നത്. ആറോ ഏഴോ വയസ്സായപ്പോഴേക്കും ബ്രഹ്മചര്യവും ഉപനയനവും കഴിഞ്ഞു. മുത്തശ്ശന്റെ ശിക്ഷണത്തിലും മേല്‍നോട്ടത്തിലും സംസ്കൃതം, വേദം, ബ്രാഹ്മണങ്ങള്‍ ആയുര്വേദം, ജ്യോതിഷം തുടങ്ങിയവയിലൊക്കെ പ്രാവീണ്യം നേടി. ഉണ്ണിയുടെ ജാതകം പഠിച്ച മുത്തശ്ശന് അറിയാമായിരുന്നു, ഇദ്ദേഹം വലുതായാല്‍ മഹാനായൊരു സന്യാസിയായിത്തീരും എന്ന്.
ബ്രഹ്മചര്യം കഴിഞ്ഞ ഉടനെ വിവാഹം കഴിപ്പിച്ചു. മുത്തശ്ശന്‍ ജയന്തനെ അനുഗ്രഹിച്ചു - 'ശങ്കരാചാര്യര് ഭാരതപര്യടനമേ നടത്തിയിട്ടുള്ളൂ. എന്നാല്‍ നീ ലോകപര്യടനം നടത്തണം'. മുത്തശ്ശന്‍ യാത്രക്ക് വേണ്ട സമ്പത്തു സ്വരൂപിച്ചു വെച്ചിരുന്നത്  ഏല്‍പ്പിക്കുകയും ചെയ്തു. അധികം താമസിയാതെ ജയന്തന്‍ നമ്പൂതിരിപ്പാട് കുടുംബ ബന്ധം ഉപേക്ഷിച്ച് മുത്തശ്ശന്റെ അനുഗ്രഹം വാങ്ങി തന്റെ തീര്ത്ഥയാത്ര ആരംഭിച്ചു.

(എന്നാല്‍, മുത്തശ്ശന്‍ ആണ് ആദ്യം ലൌകികബന്ധങ്ങള്‍ ഉപേക്ഷിച്ച് ശിഷ്ട ജീവിതം ഈശ്വര ചിന്തയില്‍ കഴിയണം എന്ന് തീരുമാനിച്ച് നര്‍മ്മദയുടെ തീരത്തുള്ള കാട്ടില്‍ എത്തിച്ചേര്ന്നത് എന്നും പറയുന്നുണ്ട്.  ഏറെ താമസിയാതെ ജയന്തനും മുത്തശ്ശന്റെ സമീപത്തു എത്തി. അദ്ദേഹം മരിക്കുന്നത് വരെ കൂടെ കഴിയുകയും മരണാനന്തര കര്‍മ്മങ്ങള്‍ ചെയ്ത ശേഷം ഉള്‍ക്കാട്ടിലേക്ക് കടക്കുകയും കഠിന തപസ്സില്‍ മുഴുകുകയും ചെയ്തു എന്നും പറയപ്പെടുന്നു. )
25 വര്ഷത്തോളം തപസ്സിരിക്കുകയും 'ബോധോദയം' ലഭിച്ചശേഷം ശ്രുന്ഗേരി മഠത്തില്‍  പോയിയി സന്യസിച്ച് ഗോവിന്ദാനന്ദ ഭാരതി എന്ന പേര് സ്വീകരിക്കുകയും ചെയ്തു. തുടര്‍ന്ന് ഭാരതപര്യടനത്തിനായി ഇറങ്ങിത്തിരിച്ചു. പര്യടനം നടത്തുന്നതിന്നിടയില്‍ തന്നെക്കാള്‍ 8 വര്ഷം പ്രായം കുറവുള്ള ശ്രീരാമകൃഷ്ണ പരമഹംസരെ കണ്ടുമുട്ടി. ബാലഗംഗാധര തിലകിന് ജ്യോതിഷശാസ്ത്രത്തെ പറ്റിയുള്ള അറിവുകള്‍ പകര്‍ന്നു കൊടുത്തു. പില്‍ക്കാലത്ത് തന്റെ ശിഷ്യനായിത്തീര്ന്ന അരവിന്ദഘോഷിനെയും ഈ യാത്രയില്‍ കാണുകയുണ്ടായി. എന്നാല് ഒരിക്കലും ഗുരുഭാവത്തില് ഇരിക്കാന്‍ അദ്ദേഹം തയാറായിരുന്നില്ല. ഭൌതിക സുഖങ്ങളില്‍ നിന്നുള്ള ഒട്ടലുകളില്‍ നിന്നും വിട്ടുനില്ക്കുകയും ചെയ്തു. ഒരാശ്രമം ഉണ്ടാക്കി ശിഷ്യഗനങ്ങലുമായി ശിഷ്ട ജീവിതം കഴിക്കാന്‍ ഒട്ടും ആഗ്രഹിച്ചില്ല.
തുടര്ന്ന് മുത്തശ്ശന്റെ ആഗ്രഹമായിരുന്ന നീണ്ട ലോകപര്യടനത്തിന് ഒരുങ്ങി. ഒരു സൂഫി സന്യാസി വഴി ലഭിച്ച സൂഫി ബ്രദര് ഹുഡ് സര്ടിഫികറ്റ് കാണിച്ച് ഖ്യ്ബര് പാസ്‌ കടന്ന് അഫ്ഘാനിസ്ഥാനിലേക്കും, ഇസ്തന്ബുള്‍, ടര്ക്കി എന്നീ രാജ്യങ്ങളിലേക്കും പ്രവേശിച്ച് മതപുരോഹിതരെയും വിദ്വാന്മാരെയും രാഷ്ട്ര തലവന്മാരെയും സന്ദര്ശിച്ചു. കുറച്ചുനാള്‍ അവിടെ തങ്ങി. തത്വശാസ്ത്ര വിഷയങ്ങള്‍ചര്ച്ച നടത്തുകയും ചെയ്തു. എല്ലാ മതങ്ങളെക്കുറിച്ചും അദ്ദേഹത്തിന് നല്ല അറിവുണ്ടായിരുന്നു. അവരുടെ പ്രാര്ത്ഥനകളും അദ്ദേഹത്തിന് ഹൃദിസ്ഥമായിരുന്നു. അങ്ങിനെ ആദ്ദേഹത്തിന് മക്ക സന്ദര്ശിക്കുവാനുള്ള അനുവാദവും കിട്ടി. മക്കയില്‍ കടന്നു പ്രാര്ത്ഥിക്കാന്‍ അവസരം ലഭിച്ച ആദ്യത്തെ അമുസ്ലീം അല്ലെങ്കില്‍ ആദ്യത്തെ ഹിന്ദു ഇദ്ദേഹം തന്നെ ആണ്.

അറേബ്യന്‍ മരുഭൂമിയിലൂടെ കാല്‍നടയായി നടന്ന് മലനിരകളും താഴ്വരകളും താണ്ടി ക്രിസ്തുവിനെ വന്ദിക്കാനായി ജെറുസലേമിലെത്തി. വത്തിക്കാനില്‍ ക്രുസ്ത്യാനികള്‍ അല്ലാത്തവര്‍ക്ക് പ്രവേശനം നല്‍കിയിരുന്നില്ല. പക്ഷേ, ഗോവിന്ദാനന്ദ ഭാരതിക്ക് ജെറുസലേം സന്ദര്‍ശിക്കാനും റോമില്‍ കൂടുതല്‍ ദിനം ചെലവഴിക്കാനും കുറച്ച് ദിവസം ക്രുസ്ത്യാനിറ്റിയെക്കുറിച്ച് പഠിക്കാനായി റോമില്‍ തങ്ങുവാനും അനുവാദം ലഭിച്ചു. അദ്ദേഹം തന്‍റെ വിശ്വാസം എപ്പോഴും തുറന്ന് പറഞ്ഞിരുന്നു-- ശരിയായ ജീവിതം എന്നാല്‍ നമ്മുടെ ശരീരത്തിനെയും, ബുദ്ധിയേയും, മനസ്സിനെയും, ആത്മാവിനെയും പരിപൂര്‍ണ്തയില്‍ എത്തിക്കുകയാണ്. ഇതിനായി ശാരീരികവും മാനസികവും ആദ്ധ്യാത്മികവുമായ പരിശീലനങ്ങള്‍ ആവശ്യമാണ്‌.

യാത്രക്കിടയില്‍ വില്ല്യം കൈസറുമായി സംഭാഷണങ്ങള്‍ നടത്തി. നെതെര്ലന്റിലെ രാജ്ഞിയെ സന്ദര്‍ശിച്ചു. അതിന്നിടയില്‍ ഗോവിന്ദാനന്ദ ഭാരതിയെ വിക്ടോറിയ രാജ്ഞി കൊട്ടാരത്തിലേക്ക് വിളിപ്പിച്ചു. ചക്രവര്‍ത്തി മരിച്ച ദുഖത്തിലായിരുന്നു. രാജ്ഞി.18 തവണകളിലായി18 കൊട്ടാരങ്ങളില്‍ വെച്ചാണ് രാജ്ഞി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയത്. മരണത്തെക്കുറിച്ച് രാജ്ഞിക്ക് അറിയേണ്ടതെല്ലാം അദ്ദേഹം പറഞ്ഞുകൊടുത്തു. തന്റെ മരണശേഷമേ ഇംഗ്ലണ്ട് വിട്ടു പോകാവൂ എന്ന് രാജ്ഞി അദ്ദേഹത്തെ ചട്ടം കെട്ടിയിരുന്നു. രാജ്ഞിയുടെ യോഗാദ്ധ്യാപകന്‍ കൂടി ആയിരുന്നു അദ്ദേഹം. തന്റെ യാത്രക്കിടയില്‍ ഏറ്റവും അധികം കാലം അദ്ദേഹം ചെലവഴിച്ചത്‌ ഇന്ഗ്ലണ്ട്ലായിരുന്നു, അക്കാലത്ത് അദ്ദേഹം വിന്‍സ്ടന്‍ ചര്‍ച്ചില്‍, ബര്നാഡ് ഷാ തുടങ്ങിയവരുമായി ദീര്‍ഘസംഭാഷണങ്ങള്‍ നടത്തി. നാലഞ്ചു വര്‍ഷത്തോളം അദ്ദേഹം അവിടെ താമസിച്ച് ഭാരതീയ സംസ്കാരത്തെ പറ്റി പലേ വിശിഷ്ട വ്യക്തികളുമായി ചര്‍ച്ച ചെയ്തു. മയന്‍ ദ്വീപില്‍ വില്കിന്സന്‍ കുടുംബത്തിന്റെ കൂടെ അദ്ദേഹം ഏറെ നാള്‍ താമസിച്ചു. 1901-ല്‍ രാജ്ഞി മരിച്ച ശേഷം ഇംഗ്ലണ്ട് വിട്ടു.

ലിയോ ടോള്‍സ്റ്റോയ്‌യുമായി അദ്ദേഹം നല്ല അടുപ്പത്തിലായിരുന്നു. ഒരു മാസത്തോളം മോസ്കോവില്‍ താമസിച്ചു. ടോള്‍സ്ടോയി അദ്ദേഹത്തിനെ പിരിയാന്‍ അനുവദിക്കാത്തതുകൊണ്ട് അദ്ദേഹം ടോള്‍സ്റ്റോയ്‌യോട് പറയാതെ ആ നാട് വിട്ടു. പാരിസില്‍ മാഡം ക്യൂറി ദമ്പതിമാരുടെ കൂടെയും താമസിച്ചിരുന്നു. റേഡിയം കണ്ടുപിടിക്കുന്ന തിരക്കിലായിരുന്നു മാഡം ക്യൂറി. അദ്ദേഹം അവരോട് പരീക്ഷണത്തിന് ഉപയോഗിക്കുന്ന പൊടി, അറ്റോമിക് പോയന്റ്റ് വരെ പൊടിക്കുവാന്‍ പറഞ്ഞു. അതൊരു വഴിത്തിരിവായി മാറി. ഇറ്റലിയില്‍ വെച്ച് വയര്ലെസ് സന്ദേശങ്ങള്‍ അയക്കാനുള്ള ശ്രമത്തിലായിരുന്ന മാര്‍കോണിയോട് നമ്മള്‍ എന്തുതന്നെ സംസാരിച്ചാലും അത് ലോകം മുഴുവന്‍ കറങ്ങി നമ്മളിലെക്കുതന്നെ എത്തിച്ചേരും എന്ന് പറഞ്ഞത് മാര്‍കോണിക്ക് പ്രചോദനമായി. പ്രസിഡന്റ്‌ റൂസ് വെല്‍റ്റ് നെ സന്ദര്‍ശിച്ച ശേഷം മെക്സികൊവിലെ ഭരണാധികാരിയെ സന്ദര്‍ശിച്ചു.

ഒട്ടു മുക്കാലും കാല്‍നടയായിത്തന്നെ യൂറോപ്പ്, ഇംഗ്ലണ്ട്, ഗ്രീന്‍ലാന്‍ഡ്‌, കാനഡ, അമേരിക്ക എന്നീരാജങ്ങളില്‍ തങ്ങി സൌത്ത് അമേരിക്ക, പസിഫിക് ദ്വീപുകള്‍, ന്യൂ സീലന്റ്, ഓസ്ട്രേലിയ,ജപ്പാന്‍, ചൈന, ടിബറ്റ്‌, നേപാള്‍ എന്നിവിടങ്ങളില്‍ സഞ്ചരിച്ച്‌ ഒടുവില്‍ നാല് പതിറ്റാണ്ട്കള്‍ക്ക് ശേഷം 80 -ആം വയസ്സില്‍ ഭാരതഭൂമിയില്‍ തിരിച്ചെത്തി. ഒരു നീണ്ട തീര്‍ത്ഥയാത്ര, 25,000 നാഴികയിലധികം, കാല്‍ നടയായിത്തന്നെ ( 80 ശതമാനവും ) സഞ്ചരിച്ചു.

കാശിയില്‍ വെച്ച് മദന്‍ മോഹന്‍ മാളവ്യജിയെ കണ്ടുമുട്ടി. ബനാറസ് ഹിന്ദു യൂണിവേര്‍‌സിറ്റി സ്ഥാപിക്കുന്നതിന്റെ ശ്രമത്തിലായിരുന്ന മാളവ്യ ജി അതിന്റെ പൂര്‍ണ്ണ ചുമതല അദ്ദേഹത്തിനെ ഏല്‍പ്പിക്കാന്‍ ആഗ്രഹിച്ചു. എന്നാല്‍ വിനയപൂര്‍വ്വം താന്‍ ഔദ്യോഗിക പദവികള്‍ ഏറ്റെടുക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞു നിരസിച്ചു. ആരുടെയെങ്കിലും ഗുരുസ്ഥാനം ഏറ്റെടുക്കാലോ, ആശ്രമം സ്ഥാപിക്കലോ തന്റെ മനസ്സില്‍ ഇല്ല എന്നും അദ്ദേഹം വ്യക്തമാക്കി. നല്ലൊരു തുക സ്ഥാപനത്തിനു വേണ്ടി സംഭാവന നല്‍കുകയും ചെയ്തു.

ഒടുവില്‍ കേരളത്തില്‍, പതിറ്റാണ്ടുകള്‍ നീണ്ട തീര്‍ത്ഥയാത്രയുടെ പര്യവസാനത്തിനായി സ്വന്തം ജന്മഗൃഹത്തില്‍, തന്റെ തീര്‍ത്ഥയാത്ര തുടങ്ങിയ സ്ഥാനത്ത് എത്തിയപ്പോള്‍ അവിടെ സ്വജനങ്ങളെയോ ഗൃഹമോ ഒന്നും കണ്ടെത്താനായില്ല. നാടുവിട്ടു പോകുമ്പോള്‍ തന്റെ പേരിലുള്ള സമ്പത്തെല്ലാം സഹോദരിക്ക് നല്‍കിയിരുന്നു. അവര്‍ ഇഹലോകവാസം വെടിയും മുന്പ് സ്വത്ത് ഇല്ലാത്തവര്‍ക്കായി അതെല്ലാം ദാനം ചെയ്തിരുന്നു. മൂന്ന് തലമുറയോടെ തന്റെ കുടുംബം അവസാനിക്കുമെന്ന മുത്തശ്ശന്റെ പ്രവചനം അദ്ദേഹം അപ്പോള്‍ ഓര്‍ത്തു.

ജീവിതത്തിലെ പ്രധാന അദ്ധ്യായത്തിന്റെ പരിസമാപ്തിക്ക് ശേഷം നേപാളിലെ പശുപതിനാഥ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തില്‍ പങ്കേടുക്കനായി അദ്ദേഹം യാത്ര തിരിച്ചു. (ഫെബ്രുവരി 1926 -ല്‍)

പശുപതിനാഥ ക്ഷേത്രത്തിലെ ശിവരാത്രിക്ക് ഒട്ടുമിക്ക സന്യാസിമാരും യോഗിമാരും നേപ്പാളില്‍ എത്തിച്ചേരുക പതിവാണ്. മറ്റു രാജ്യക്കാര്‍ക്ക് ഏഴു ദിവസം അവിടെ തങ്ങാമെന്നാണ് നിയമം. 7 ദിവസം കഴിഞ്ഞാല്‍ പോലിസ് സ്റ്റേഷനില്‍ പോയി റിപ്പോര്‍ട്ട്‌ ചെയ്യണം. അങ്ങിനെ പോലീസ് സ്റ്റേഷനിലെക്കുള്ള ക്യു വില്‍ ബാബയും നിന്നു. ആസമയത്ത് നേപ്പാളിലെ ബ്രിട്ടീഷ്‌ ഭരണാധികാരിയായിരുന്ന വില്കിന്‍സന്‍ പ്രഭു തന്റെ കുതിരവണ്ടിയില്‍ കടന്നുപോയി. പെട്ടെന്ന് വണ്ടി നിര്‍ത്തി ഗോവിന്ദാനന്ദ ഭാരതിയെ നോക്കി പ്രഭു ചോദിച്ചു---അങ്ങല്ലേ, പണ്ട് ഇന്ഗ്ലണ്ടില്‍ ഉണ്ടായിരുന്ന ഗോവിന്ദ ? 'അതേ' എന്ന മറുപടി ലഭിച്ചതും പ്രഭു പറഞ്ഞു-- ഇംഗ്ലണ്ടില്‍ അങ്ങ് താമസിച്ചിരുന്ന വില്‍കിന്‍സന്‍ കുടുംബത്തില്‍ അന്നുണ്ടായിരുന്ന കുട്ടിയാണ് ഞാന്‍. അദ്ദേഹം ഉടന്‍തന്നെ രാജാവിനെ വിളിച്ച് ശിവപുരിയില്‍ ആ സന്യാസിക്ക് വേണ്ട ഭൂമി പതിച്ചു നല്‍കാന്‍ ഉത്തരവിട്ടു. ഏക്കര്‍ കണക്കിന് ഭൂമി ശിവപുരി മലയില്‍ ലഭിച്ചെങ്കിലും ഒരു കുടില്‍ കെട്ടി മലയുടെ താഴ്വരയില്‍ താമസിക്കാനാണ് 'ഗോവിന്ദ' ഇഷ്ടപ്പെട്ടത്. പ്രഭു എല്ലാ ഞായറാഴ്ചയും അവിടെ ചെന്ന് കുടിലും പരിസരവും വൃത്തിയാക്കുകയും അദ്ദേഹത്തിന് വേണ്ട ഭക്ഷണം ഒരുക്കിക്കൊടുക്കുകയും ചെയ്തുപോന്നു. അങ്ങിനെ ഗോവിന്ദാനന്ദഭാരതി 'ശിവപുരിബാബ' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. 38 വര്‍ഷത്തോളം കാലം അദ്ദേഹം ശിവപുരിയില്‍ കഴിഞ്ഞുകൂടി.

1963 ജനുവരി 28 -ആം തിയ്യതി 137 -ആം വയസ്സില്‍-- "എന്റെ കര്‍ത്തവ്യം തീര്‍ന്നു. ഞാനിതാ പോകുന്നു. ഈശ്വരനെ വിചാരിക്കുവിന്‍" എന്നു തന്‍റെ ചുറ്റും നില്‍ക്കുന്നവരോട് ശിവപുരി ബാബ പറഞ്ഞു. ഉടനെ മഹാസമാധിയില്‍ ലയിക്കുകയും ചെയ്തു..

Thursday, 3 July 2025

വായന --- വായന 1 f

വായന

Friday, 15 May 2014

വായന !!!
ഈ മൂന്നക്ഷരത്തില് സമസ്ത പ്രപഞ്ചങ്ങളും ഉള്ക്കൊള്ളുന്നു. വായനയെന്ന പ്രക്രിയ, ഇതൊരു അനുഭവമാണ്. വായിക്കുന്നവന്റെ മനസ്സിനെ അനുഭൂതികളുടെ ലോകത്തിലേയ്ക്ക്, മാസ്മരികത നിറഞ്ഞ ലോകത്തേയ്ക്ക് പുസ്തകങ്ങള്‍
കൂട്ടിക്കൊണ്ടു പോകുന്നു. വായന ഒരു ശീലമാണ്. ഇതു അറിവിന്റെ ലോകത്തിലേക്ക്‌ വായനക്കാരനെ നയിക്കുന്നു. വായന, അതു ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും, ചിന്താശക്തി ഉണര്ത്തുകയും ചെയ്യുന്നു. പലപ്പോഴും ഭാവനയുടെ ചിറകുകളിലേറ്റി സങ്കല്പ ലോകങ്ങളിലേയ്ക്ക് കൂട്ടിക്കൊണ്ടു പോവുകയും ചെയ്യുന്നു. തിരഞ്ഞെടുത്ത നല്ല വായന സ്വഭാവരൂപികരണത്തിനു നിമിത്തമാകുന്നത് നമ്മള്‍ കണ്ടറിയുന്നതാണല്ലോ.
വായിക്കാന്‍ അത്രക്കൊന്നുംന്നും വിഭവങ്ങള്‍ ഉണ്ടാകാതിരുന്ന കാലത്ത് കഥകള്‍ പറഞ്ഞു കേട്ടാണ് ഞങ്ങളുടെ തലമുറ വളര്‍ന്നത്‌. മുത്തശ്യമ്മമാരും, അമ്മമാരും, അദ്ധ്യാപകരും കവിതകളും, ശ്ലോകങ്ങളും, കഥകളും ചൊല്ലിത്തന്നു ഞങ്ങളുടെ മനസ്സ് കുളിര്പ്പിച്ചു. കഥകള്, പ്രതേകിച്ചു പുരാണേതിഹാസങ്ങള്‍, ഭാരതീയ സംസ്കാരത്തിന്റെ വേരുകള്‍ ഇളം മനസ്സില്‍ കിളിര്‍ക്കാന്‍ സഹായിച്ചു.
കൂടാതെ, നാട്ടിലെ വായന ശാല, സ്കൂളിലെ ലൈബ്രറി എന്നിവ വായനക്ക് നല്ല പ്രോത്സാഹനവും, പ്രചാരവും നല്‍കിയിരുന്നു. അക്കാലത്ത് സ്‌കൂളിലെ പാഠപുസ്തകങ്ങളിലെ ഉള്ളടക്കം ആസ്വാദ്യകരവും, വളരെ ഹൃദ്യവുമായിരുന്നു.
ഹരി ശ്രീ ഗണപതയേ നമ: എന്ന് കുറിച്ച് കഴിഞ്ഞാല്‍ പിന്നെ മധുരതരമായ ജിജ്ഞാസ നിറഞ്ഞ പുതിയ ലോകത്തിലേക്കുള്ള വാതില്‍ മുന്നില്‍ തുറന്നു കിട്ടുന്നു. അഞ്ചോ ആറോ വയസ്സാകുമ്പോഴേയ്ക്കും, അക്ഷരം കൂട്ടി വായിക്കാന് തുടങ്ങുമ്പോഴേയ്ക്കും വായിക്കാനുള്ള ത്വര കൂടിവരും.
കുട്ടിക്കാലത്ത് 'അമ്പിളി അമ്മാമന്' എന്ന കഥാപുസ്തകം മാത്രമേ കുട്ടികളുടെ വായനക്കായി അച്ചടിച്ചു വന്നിരുന്നത് കണ്ടിട്ടുള്ളൂ. അതിലെ മനോഹരങ്ങാളായുള്ള കളര്‍ ചിത്രങ്ങള്‍ ഇന്നും ഓര്മ്മയില്‍ തങ്ങി നില്‍ക്കുന്നു. അക്കാലത്ത് പത്രമെന്നാല്‍ മാതൃഭൂമിയും, ആഴ്ച്ചപ്പതിപ്പെന്നാല്‍ മാതൃഭൂമി ആഴ്ച്ചപ്പതിപ്പും മാത്രമായിരുന്നു നാട്ടില്‍ പ്രചാരത്തില്‍ ഉണ്ടായിരുന്നത്. അതിലെ ബാലപംക്തി, കുട്ടികള്ക്കായുള്ള പേജ് വായിക്കുമ്പോള്‍ എന്തൊരു സന്തോഷമാണ് തോന്നിയിരുന്നത്! കുട്ടികളുടെ സൃഷ്ടികളും ഇതിലൂടെ വെളിച്ചം കണ്ടിരുന്നു എന്നത് വളരെ വലിയ കാര്യമായിരുന്നു.
ഇടയ്ക്കുവെച്ച് സോവിയറ്റ്‌ യൂണിയന്‍ മാസികകള്‍ കിട്ടിത്തുടങ്ങി. അതിലെ പേജും, നിറക്കൂട്ടുകളും കഥകളും, പേരുകളും കുട്ടികളെ വല്ലാതെ ആകര്ഷിച്ചു. ആ പ്രായത്തില്‍ റേഡിയോ കേള്‍ ന് തുടങ്ങിയത് പുറം ലോകവുമായുള്ള ബന്ധം കൂട്ടാന്‍ സഹായിച്ചിട്ടുണ്ട്.
എന്റെ അമ്മയ്ക്ക് വായന വളരെ ഇഷ്ടമായിരുന്നു. സമയം കിട്ടുമ്പോളൊക്കെ വായിച്ച പുസ്തകങ്ങളിലെ കഥകളും കുട്ടിക്കാലത്തെ അനുഭവങ്ങളും പറഞ്ഞു തരുമായിരുന്നു. കഥകളുടെ കൂട്ടത്തില്‍ കവിതകള്ക്കും, ശ്ലോകങ്ങള്‍ക്കും തുല്യ സ്ഥാനമുണ്ടായിരുന്നു എന്നുതന്നെ പറയാം. കുട്ടിക്കാലത്തെ അനുഭവങ്ങളുടെ വിവരണങ്ങള്‍ വായനയ്ക്ക് തുല്യം തന്നെ ആണ്.

6-ആം ക്ലാസ്സില് പഠിയ്ക്കുമ്പോള്‍ അമ്മയ്ക്ക് വേണ്ട പുസ്തകങ്ങള്‍ വായനശാലയില്‍ നിന്നും കൊണ്ടു വരുന്ന ദൌത്യം എന്റെതായിരുന്നു. ധര്മ്മരാജാ, മാര്ത്താണ്ഡവര്മ്മ, വേലുത്തമ്പി ദളവ തുടങ്ങിയ ചരിത്ര നോവലുകളെ പറ്റി കേള്‍ക്കുന്നത് അപ്പോളാണ്. ബങ്കിം ചന്ദ്ര ചാറ്റര്ജിയുടെ മലയാളത്തിലേക്കുള്ള വിവര്‍ത്തനങ്ങള്‍ ധാരാളം കിട്ടിയിരുന്നു. ചുവന്ന കൈപ്പത്തി, വെളുത്ത ചെകുത്താന്‍ തുടങ്ങിയ പുസ്തകങ്ങള്‍, അമ്മയുടെ വായന കഴിഞ്ഞാല്‍ അധികമൊന്നും മനസ്സിലായില്ലെങ്കിലും വായിച്ചതോര്‍ക്കുന്നു. ഡിറ്റക്ടീവ് നോവലുകള്, മണ്ണെണ്ണ വിളക്കിന്റെ അരണ്ട വെളിച്ചത്തില്‍ വായിക്കുകയും ഉറങ്ങാന്‍ കിടക്കുമ്പോള്‍ പേടി ഉണ്ടാകാറുള്ളതും പതിവാണ്. അംഗനാചുംബനം അഥവാ, വെങ്കലപ്രതിമ, ആനറാഞ്ചന്‍ എന്നീ പുസ്തകങ്ങള്‍ വായിക്കുമ്പോളും അല്പം പരിഭ്രമവും പേടിയുമൊക്കെ ഉണ്ടായിട്ടുണ്ട്.
ബ്രാം സ്ടോക്കരുടെ 'ഡ്രാക്കുള' വായിക്കുമ്പോള്‍, പഴയ തറവാടുകളില്‍, ജനിച്ചു വളര്ന്നവര്ക്ക് ഭയത്തിന്റെ ശക്തി ഒന്നുകൂടെ പ്രബലമാകുന്നു.
അന്ന് ആഴ്ചപ്പതിപ്പില്‍ ബംഗാളി നോവലുകള്‍ ഖണ്ഡശ: പ്രസിദ്ധീകരിച്ചിരുന്നു. ബംഗാളി നോവലുകളുടെ പോലെത്തന്നെ മിക്ക ലോകസാഹിത്യ കൃതികളും മലയാളത്തിലേക്ക് വിവര്ത്തനം ചെയ്തതു ലഭ്യമായിരുന്നു. വിക്ടര് യുഗോവിന്റെ ഒട്ട് മിക്ക കൃതികളും, ഗോര്‍ക്കിയുടെ അമ്മയും, ദോസ്തോയ് വ്സ്കിയുടെ കൃതികളും മറ്റും അങ്ങിനെ വായിക്കാന്‍ സാധിച്ചു......
പ്രൈമറി ക്ലാസ്-ല്‍ പഠിയ്ക്കുമ്പോള്‍, ഡിക് വിറ്റിംഗ്ടന്റെ (ചാള്‍സ് ഡിക്കന്‍സ്) കഥ വീണ്ടും വീണ്ടും വായിച്ചു എത്രയോ കണ്ണീര് ഒലിപ്പിച്ചിരിയ്ക്കിരിയ്ക്കുന്നു!! മനസ്സിലെ ലോലമായ വികാരങ്ങള്‍ ഉണര്‍ത്തുന്ന കഥകള്‍ .
.
പുരാണ-ഇതിഹാസ കഥകള്‍, ഐതിഹ്യമാല, യക്ഷിക്കഥകള്‍, ചരിത്ര കഥകള്‍, നാടോടിക്കഥകള്‍, നാടകങ്ങള്‍, രമണന്‍, മാമ്പഴം തുടങ്ങിയ കവിതകള്‍, ഇവവയെല്ലാം കുട്ടികളുടെ ചിന്താമണ്ഡലത്തെ വല്ലാതെ സ്വാധീനിയ്ക്കുന്നവതന്നെയായിരുന്നു.
പ്രായത്തിനൊപ്പം ചിന്തകളും, വായനയിലെ ആസ്വാദന രീതിയും മറ്റും മാറിക്കൊണ്ടിരിയ്ക്കും. പാഠപുസ്തകത്തിലെ മനോഹരങ്ങളായ ഗദ്യ ഭാഗങ്ങളും, കവിതകളും പ്രായത്തിനെ മയപ്പെടുത്തുന്നതും, ചിന്തിപ്പിയ്ക്കുന്നതുമായിരുന്നു എന്ന് ഇപ്പോള് അറിയുന്നു. അതുകൊണ്ടാണല്ലോ, പാഠഭാഗങ്ങളും, പദ്യങ്ങളും മറക്കാതെ ഇപ്പോഴും ആവശ്യമുള്ളപ്പോള്‍ ഓര്മ്മയില്‍ തെളിയുന്നത്.
മുതിര്ന്ന ക്ലാസ്സുകളിലെ കുട്ടികളുടെ മലയാള പദ്യഗദ്യ പാഠാവലികളൊക്കെ ചെറിയക്ലാസ്സിലെ ഭാഷാസ്നേഹികളായ കുട്ടികള്‍ ഹൃദിസ്ഥമാക്കി. അക്കാലത്ത് പാഠപുസ്തകങ്ങളിലെ ഉള്ളടക്കം ആസ്വാദ്യകരവും, വളരെ ഹൃദ്യവുമായിരുന്നു.
കയ്യില്‍ കിട്ടിയതൊക്കെ വായിച്ചിരുന്ന ഒരു കാലം അല്ലെങ്കില്‍ പരന്ന വായന എന്നു പറയാം. അങ്ങിനത്തെ വായനാനുഭവമാണ് സഞ്ജയനും വിശ്വരൂപവുമെല്ലാം മറിച്ചു നോക്കുമ്പോള്‍ ഉണ്ടായിരുന്നത്. അക്കാലത്ത് വലിയ ലോകതയൊന്നും ഇല്ലാതിരുന്നതിനാല്‍ കൂടുതലൊന്നും മനസ്സിലായിരുന്നില്ല. അതിലെ ഹാസ്യങ്ങള്‍, നര്മ്മങ്ങള്‍ ഒക്കെ വലിയവര്‍ പറഞ്ഞു കേട്ട് എന്തൊക്കെയോ ധരിച്ചു വെച്ചു എന്ന് മാത്രം.
സി.രാധാകൃഷ്ണനും, എം.ടി.യുമൊക്കെ ഹൃദയത്തെ വല്ലാതെ ആഴത്തില്‍ ചെറുപ്രായത്തില്‍ത്തന്നെ സ്പര്ശിച്ചിരുന്നു.

പ്രായമാകുന്തോറും എന്ത് വായിക്കണം, എന്തു വായിക്കരുത് എന്നതിന് കര്‍ശനമായ നിയമമൊന്നും ഇല്ലാതിരുന്നതിനാല്‍ ഒരു വാരിവലിച്ചുള്ള വായനതന്നെയായിരുന്നു.
വായന വല്ലാത്തൊരു ഹരമായിമാറിയപ്പോള്‍ കാരണവന്മാര്‍ കാണാതെ കുളക്കടവിലും, കക്കൂസിലുമൊക്കെ പോയിരുന്നു രഹസ്യമായി നോവലുകള്‍ വായിച്ചു. പലപ്പോഴും അമ്മയെ കബളിപ്പിച്ച്, പഠിയ്ക്കുന്ന പുസ്തകങ്ങള്‍ക്കിടയില്‍ നോവലുകള്‍ ഒളിപ്പിച്ചു വെച്ച് വായിച്ചിരുന്ന കാലവും ഉണ്ടായിരുന്നു. വായനയുടെ ഹരം മൂത്താല്‍ അങ്ങിനെയൊക്കെയാണ് .....
വളരെ ചെറുപ്പത്തില്‍ത്തന്നെ വിവാഹം കഴിയുകയും, അധികം താമസിയാതെ വിധവയുമായായിത്തീര്ന്ന എന്റെ അമ്മയുടെ ഒരു സഹോദരിയ്ക്ക്, നാലാപ്പാട്ട് തര്ജമ ചെയ്ത 'പാവങ്ങള്' വായിക്കാന്‍ മോഹമുണ്ടെന്നറിഞ്ഞപ്പോള്‍, അദ്ദേഹം ഉടനെ 2 പുസ്തകം തന്റെ കയ്യൊപ്പിട്ട് കൊടുത്തയച്ചുവത്രേ! ആ പുസ്തകം വായിച്ചു പ്രചോദനം കൊണ്ടു അവര് അനാഥയായിരുന്ന ഒരു ബാലികയെ ദത്തെടുത്തു. കുട്ടിയ്ക്ക് പാവങ്ങളിലെ ഒരു കഥാപാത്രത്തിന്റെ പേരും നല്കി. 'കൊസത്'. അവളെ പഠിപ്പിക്കുകയും സ്വന്തം കാലില്‍ നില്‍ക്കാറാക്കുകയും പിന്നീട് വിവാഹം കഴിപ്പിച്ചു കൊടുക്കുകയും ചെയ്തു എന്ന് എന്റെ അമ്മ പറഞ്ഞത് ഇപ്പോള്‍ ഓര്‍ക്കുകയാണ്.

കുട്ടികള്‍ വളര്‍ന്നു വായിക്കാന്‍ തുടങ്ങിയപ്പോള്‍ അവര്‍ക്ക് വായിക്കാന്‍ ധാരാളം പ്രസിദ്ധീകരണങ്ങള്‍ ലഭ്യമായിരുന്നു. കേരളത്തിന്‌ പുറത്തായിരുന്നതിനാല്‍ ഹിന്ദിയിലുള്ള ചമ്പക്കും, ചന്ദാമാമയും, അമര്‍ചിത്ര കഥകളും വായിച്ച് അവര്വളര്ന്നു. രാമായണം, മഹാഭാരത കഥകള്‍ തുടങ്ങിയവ കേട്ടതിലും കൂടുതല്‍ വായിച്ചാണ് അവര് അറിയുന്നത്‌. അമര്‍ ചിത്രകഥകള്‍ മുത്തശ്ശിമാരുടെ സ്ഥാനം പിടിച്ചുപറ്റി. പഞ്ചതന്ത്ര കഥകള്‍, കുട്ടികളെ, മൃഗങ്ങള്‍ തങ്ങളുടെ കൂട്ടുകാരാണെന്ന് തോന്നിപ്പിച്ചു. പുസ്തകങ്ങളില്‍ ചിത്രീകരണങ്ങള്‍ ഉള്ളതിനാല്‍ പലേ കഥാപാത്രങ്ങളും കുട്ടികളുടെ മനസ്സില്‍ സഹജീവികളെപ്പോലെ ജീവിച്ചു....
നാടോടിക്കഥകള്‍, വിശ്വ ബാലസാഹിത്യ കൃതികള്‍, ഫാന്ടോം, മാന്ഡ്രേക്ക്, ഹി മാന്, സ്പൈഡര് മാന്‍, സൂപ്പര്മാന്‍ എന്നിവയ്ക്കിടയില്‍ ടിന് ടിനും മറ്റും സ്ഥലം പിടിച്ചു. കാലം പോയതറിഞ്ഞില്ല, ആലീസ് ഇന്‍ വണ്ടര് ലാന്ഡ്‌, എനിഡ് ബ്ലൈടന്റെ ദി ഫേമൌസ് ഫൈവ്, സീക്രറ്റ് സെവെന്‍, ജൈംസ് ഹാഡ്‌ലി ചെയ്സ്, റഡ്യാര്ഡ്‌ കിപ്ലിംഗ്, റസ്കിന് ബോണ്ട്‌, അഗതാ ക്രുസ്റ്റി, ആരര്‍തര്‍ കോനോന്‍ ഡോയ്ല്സ്, എന്നിവരുടെ രചനകളും, ഡ്രാക്കുള കഥകളും അലമാറികളില്‍ സ്ഥലം പിടിച്ചു. സാഹസിക കഥകള്‍ക്കിടയില്‍ പ്രേത കഥകളള്‍ക്കും, ഫൈറി ടെയ്ല്സിനും നാടോടിക്കഥകള്‍ക്കും ഒരേ പോലെ ഇരിപ്പിടം കിട്ടി.
ഇതിന്നിടെ ടീവി യുടെ രംഗപ്രവേശവും കുട്ടികളെ സ്വാധീനിച്ചു തുടങ്ങി.
ബാല്യ കൌമാരകാലത്തെ വായനകള്‍ക്കിടയില്‍ എപ്പോളാണ് സയന്റിഫിക് ഫിക്ഷനും, ആര്ച്ചി കൊമിക്കും, റൊമാന്ടിക് കഥകളും രംഗപ്രവേശം ചെയ്തത് എന്നറിഞ്ഞില്ല. നോക്കിയിരിക്കെ കാലം ഓടിപ്പോകുന്നു. കുട്ടികള്‍ മുതിര്‍ന്നവരാവുന്നു. സയന്‍സ് ഫിക്ഷന്‍സും, നോവലുകളും അവരുടെ മനസ്സുകളെ സ്വാധീനിച്ചതും നിഷ്കളങ്കമായ വായനാ രീതികള്‍ ആ മനസ്സുകളെ വേറൊരു തലത്തില്‍ എത്തിയ്ക്കുന്നതും വളരെ പെട്ടന്നാകുന്നു.അമര്ചിത്ര കഥകളുടെ കൂട്ടത്തിലല്‍ ജാതക കഥകള്‍, പഞ്ചതന്ത്ര കഥകള്‍,
കാലചക്രം എത്ര വേഗമാണ് ഉരുളുന്നത് ?
ഇന്ന്, കുട്ടികള്‍ എന്ത് വായിക്കണം എന്നതു തീരുമാനിക്കേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു.

ആധുനിക എലക്ട്രോണിക് മാധ്യമങ്ങള്‍, അറിവിന്റെ ലോകം വിരല്‍ത്തുമ്പില്‍ എത്തിച്ചിരിയ്ക്കുന്ന ഇക്കാലത്ത് ഏതു വായിക്കണം ഏതു വായിക്കണ്ട എന്നത് തീരുമാനിക്കല്‍ വലിയ പ്രശ്നംതന്നെ. കേട്ടറിവിന്റെ സ്ഥാനം പോയി. ഇപ്പോള്‍ കണ്ടറിവ് ആ സ്ഥാനം പിടച്ചെടുത്തിരിയ്ക്കുകയാണല്ലോ. വായനയുടെ ആവശ്യം ഇല്ലാതാക്കുകയണോ മാദ്ധ്യമങ്ങള്‍ എന്ന് കൂടെ പലപ്പോഴും ആശങ്കയുണ്ടാക്കുന്നു. ടീ.വി പോലുള്ള മാധ്യമങ്ങളില്‍ക്കൂടി കുട്ടികള്‍ കാണുന്ന കാര്‍ടൂണുകള്‍ മിക്കവയും അനാരോഗ്യകരമായവയാണെന്നു പറയാതെ വയ്യ. നശീകരണസ്വഭാവങ്ങള്‍ വളര്ത്തുന്നവയാണ് മിക്കവയും.

പഞ്ചതന്ത്ര കഥകളുടെ സ്ഥാനം മിക്കി മൌസും, ഡോനാല്‍ഡ് ഡക്കും മറ്റും പിടിച്ചെടുത്തിരിയ്ക്കുന്നു. അതുകൊണ്ട് തന്നെ ഇന്നത്തെ കുട്ടികള്‍ വായനയിലൂടെ വളരുന്നതിന് പകരം, കണ്ണില്‍ കണ്ടതെല്ലാം നോക്കിയിരുന്ന്, കേട്ടിരുന്ന് തളരുകയാണ്......
എങ്കിലും വായനാശീലം നിലനില്ക്കുകതന്നെ ചെയ്യുമെന്ന് ആശിക്കാം..