സ്പന്ദനങ്ങള്‍ :__ ദേവതാത്മാവിനെത്തേടി
യാത്രകള്‍ (ഹിമാലയ )
ആമുഖം
കേട്ടും വായിച്ചും അറിഞ്ഞ ഹിമാലയത്തിനെ ഇത്രയെങ്കിലും അടുത്തു കാണാന്‍ സാധിച്ചല്ലോ എന്ന സന്തോഷത്തില്‍ മകളുടെ 9 വയസ്സു കഴിഞ്ഞ കുട്ടിക്ക് യാത്രയ്ക്കിടെ കുത്തിക്കുറിച്ചത്_
പ്രിയപ്പെട്ട അമ്മിണീ,
ആദ്യമായിട്ടാണ് വിസ്തരിച്ച ഒരു കത്ത് അഥവാ ഡയറിക്കുറിപ്പ് എഴുതാൻ തുടങ്ങുന്നത്. പിന്നെ, മാതൃഭാഷയിലാണെങ്കിലും എന്തെങ്കിലുമൊക്കെ കുത്തിക്കുറിച്ചിട്ട് കാലങ്ങള്‍ ഏറെയായതിനാല്‍ ധാരാളം പോരായ്മകൾ ഉണ്ടാകാം. ചിലപ്പോൾ സ്വഭാവം പോലെത്തന്നെ വാരിവലിച്ചുള്ള എഴുത്തായെന്നും വരാം. എഴുതിയ കാര്യങ്ങള്‍ പലതും കുട്ടിയായ നിനക്ക് മനസ്സിലായില്ലെന്നും വരാം. (എഴുതാനിരിക്കുമ്പോള്‍ ആവേശം വരും. അപ്പോള്‍ നിന്‍റെ പ്രായം പലപ്പോഴും മറക്കും.) വാക്കുകളും വിവരണങ്ങളും മനസ്സിലാക്കാന്‍ ബുദ്ധിമുട്ടായെങ്കില്‍ സാരമില്ല, നീ വേണ്ടത് മാത്രം ഓർമ്മവെച്ചാൽ മതി. വലിയ ക്ലാസ്സില്‍ എത്തുമ്പോള്‍ സാധിച്ചാല്‍ വീണ്ടും വായിക്കുക. (എന്തായാലും, ഈ രണ്ടാം ഹിമാലയയാത്രയിൽ നിന്നെ എന്റെ കൂടെത്തന്നെ കൊണ്ട് നടക്കാൻ പരമാവധി ശ്രമിയ്ക്കാം.)
എവിടെ തുടങ്ങണം, എന്തെഴുതണം, എങ്ങിനെ തുടങ്ങണം എന്നൊന്നും ഒരു വ്യക്തമായ ധാരണയില്ലാതെയാണ് അമ്മമ്മ എഴുതാൻ തുടങ്ങുന്നത്. ഹിമാലയം പോലെത്തന്നെ വിസ്മയം നിറഞ്ഞതും സുന്ദരവും അതേ സമയം ദുര്ഘടവും ചിന്തകൾക്കും വാക്കുകൾക്കും വിവരണാതീതമായ ഒരു ഉദ്യമമാണ് യാത്രാകുറിപ്പുകള്‍ എഴുതൽ എന്നറിഞ്ഞുകൊണ്ടു തന്നെ തുടങ്ങട്ടേ.................
നിന്‍റെ പോലെ ചെറിയ ക്‌ളാസിൽ പഠിയ്ക്കുമ്പോൾ ഞങ്ങളും ഭാരതത്തിന്റെ അതിർത്തികൾ ആവർത്തിച്ചു മനസ്സിലുറപ്പിച്ചിരുന്നു __ വടക്ക് ഹിമാലയം, തെക്ക് ഹിന്ദു മഹാസാഗരം, കിഴക്ക് ബംഗാള്‍ ഉള്‍ക്കടല്‍, പടിഞ്ഞാറ് അറബിക്കടല്‍ എന്ന്. അങ്ങിനെ അന്നുമുതല്‍ ഹിമാലയത്തിനെ നമ്മുടെ രാജ്യത്തിന്റെ
വടക്കേ അതിർത്തി കാവൽക്കാരനായാണ് സങ്കല്പിച്ചു പോന്നത്. പിന്നീടാണ് പുരാണ കഥകളില്‍ പറയുന്ന കൈലാസം ഹിമാലയത്തിലാണ് എന്നും അവിടം മുഴുവന്‍ മഞ്ഞ് മൂടിക്കിടക്കുകയാണ് എന്നുമൊക്കെ അറിയുന്നത്.
ചെറിയ ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഹിമാലയത്തിലെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റിനെ ക്കുറിച്ച് കുട്ടിശ്ശങ്കരന്‍ മാഷ് പറഞ്ഞുതന്നത് ഓര്‍മ്മിക്കുകയാണ്. 1953 മെയ് 29 നാണത്രേ ആദ്യമായി ഈ കൊടുമുടിയില്‍ മനുഷ്യര്‍ കാലുകുത്തിയത്. ഹില്ലാരിയും ടെന്‍സിങ്ങും മഞ്ഞുമൂടിക്കിടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ കൊടുമുടി കീഴടക്കി എന്നാണ് പലരും പറയാറ്. എന്നാല്‍ വിനയാന്വിതനായ ഹില്ലാരിയെപ്പോലുള്ളവര്‍ ഒരിക്കലും 'കീഴടക്കി' എന്ന് പറഞ്ഞിട്ടില്ല. ഉള്ളിലുള്ള അഹങ്കാരം ഇല്ലായ്മ ചെയ്തവര്‍ക്കേ ഉയരങ്ങളില്‍ എത്തിപ്പെടാന്‍ സാധിയ്ക്കൂ എന്നത് പ്രകൃതി നിയമമാണ്. ഹില്ലാരിക്ക് ഈ സത്യം അറിയാമായിരുന്നു. പിന്നീട് അദ്ദേഹം ഗംഗ കടലില്‍ച്ചെന്ന് ചേരുന്ന പുണ്യസ്ഥാനത്തുനിന്നും ഒഴുക്കിനെതിരെ വളരെ സാഹസികമായി സഞ്ചരിച്ച് ഹിമാവാനില്‍ പാദസപര്‍ശം ചെയ്യുകയുണ്ടായി. ചൈനയുടെയും നേപ്പാളിന്റെയും അതിര്‍ത്തിയില്‍ ആണ് സമുദ്ര നിരപ്പില്‍ നിന്നും ഏകദേശം 29,000 അടി ഉയരത്തില്‍ 'സാഗര്‍മാതാ' എന്ന് നേപ്പാളികള്‍ ആദരപൂര്‍വ്വം വിളിക്കുന്ന എവരസ്റ്റ് സ്ഥിതി ചെയ്യുന്നത്.
നിന്‍റെ പ്രായത്തില്‍ എല്ലാ ആഗസ്റ്റ് 15 നും സ്കൂളില്‍ ഇന്നത്തെപ്പോലെ സ്വാതന്ത്ര്യ ദിനം ആഘോഷിക്കും. അദ്ധ്യാപകര്‍ പതാക ഉയര്‍ത്തുമ്പോള്‍ എല്ലാവരും ചേര്‍ന്ന് പതാക വന്ദിക്കുകയും ദേശീയ ഗാനം ചൊല്ലുകയും പതിവായിരുന്നു. അതിന് ശേഷം കുട്ടികളെ വരിവരിയായി നിര്‍ത്തി അദ്ധ്യാപകരും കുട്ടികളും ചേര്‍ന്ന് ജാഥയായി 'ഭാരത മാതാകീ ജയ്' എന്ന് വിളിച്ച് 'നമ്മുടെ പൊന്‍ കൊടി മൂവര്‍ണ്ണക്കൊടി ......', 'പോരാ പോരാ നാളില്‍ നാളില്‍.....' തുടങ്ങിയ രാജ്യസ്നേഹം ഊട്ടി ഉറപ്പിക്കുന്ന ഗാനങ്ങള്‍ പാടി സ്കൂളിന്റെ ചുറ്റുവട്ടത്തുള്ള വിശാലമായ പറമ്പ് പ്രദക്ഷിണം വെച്ച് നടക്കും. അതുകഴിഞ്ഞ് സ്കൂളില്‍ തിരിച്ചെത്തി മാഷ് തരുന്ന ലോസഞ്ചാര്‍ മിഠായി വായിലിട്ട് നുണഞ്ഞാണ് ഞങ്ങള്‍ വീട്ടില്‍ പോകുക. ദേശസ്നേഹം അന്നുമുതല്‍ക്ക് തന്നെ ഞങ്ങളില്‍ വേരുറച്ചിരുന്നു. അങ്ങിനെ ഇരിക്കുമ്പോളാണ്, ഏഴിലോ എട്ടിലോ പഠിക്കുന്ന കാലത്ത്, ഈ ഹിമാലയം അതിക്രമിച്ച് നമ്മുടെ അതിര്‍ത്തി കാത്തിരുന്ന പട്ടാളക്കാരെ കൊന്ന് അയല്‍രാജ്യത്തെ ചൈനക്കാര്‍ നമ്മുടെ മണ്ണിലേക്ക് കടന്നത്. മഹാഭാരതത്തിലെയും രാമായണത്തിലെയും യുദ്ധകഥകള്‍ കേട്ടുവളര്‍ന്ന കുട്ടികള്‍ ശരിക്കും യുദ്ധം ഗൌരവമായി എടുത്തു. ശത്രുക്കളായ ചീനരെ യുദ്ധം ചെയ്ത് തോല്‍പ്പിക്കണം. നമ്മുടെ മണ്ണില്‍ നിന്നും ആട്ടി ഓടിക്കണം എന്ന ചിന്ത ഉള്ളില്‍ ഉണര്‍ന്നു. സ്കൂളില്‍ നിന്ന് അദ്ധ്യാപകരുടെ നേത്രുത്വത്തില്‍ എല്ലാ കുട്ടികളും ജാഥയായി മുഷ്ടി ചുരുട്ടി ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ച് ആവേശത്തോടെ വെയിലത്ത് നടന്നത് ഓര്‍മ്മ വരികയാണ്. ----'നേഫാ' മലയുടെ താഴ്വരയില്‍
ഞങ്ങടെ സോദരരുണ്ടെങ്കില്‍
പകരം ഞങ്ങള് ചോദിക്കും
ചോദിക്കും ചോദിക്കും.....'
(പക്ഷേ, ഈ ചീനരോട് ദേഷ്യം തോന്നിയിട്ട് എന്തുകാര്യം ? 'നാഴികക്ക് നാല്പത് വട്ടം' എന്ന് പറയുന്നത് പോലെ നിത്യ ജീവിതത്തില്‍ ഇവരെ നമ്മള്‍ എത്രപ്രാവശ്യം സ്മരിക്കുന്നു! ചീനച്ചട്ടിയും ചീനഭരണിയുമൊക്കെ ഉപയോഗിക്കാത്ത എത്ര അടുക്കളകള്‍ ഇപ്പോളും ഉണ്ട് ? ഈ പേര് ഒക്കെ മാറ്റിപ്പറയണം അല്ലേ?)
പിന്നീട് 9-ആം ക്‌ളാസിൽ 'സിന്ധു അവളുടെ കഥ പറയുന്നു' എന്ന ഉപപാഠ പുസ്തകം വായിക്കുമ്പോളാണ് ഹിമവാന്റെ വേറൊരു ചിത്രം മനസ്സിൽ പതിയുന്നത്. മലയാളം പഠിപ്പിച്ചിരുന്ന സൌമ്യവതിയായ അമ്മിണിടീച്ചർ വളരെ നന്നായി പദ്യങ്ങൾ ചൊല്ലുകയും കാളിദാസനെപ്പറ്റി പറഞ്ഞുതരികയും ചെയ്തിരുന്നത് ഇപ്പോൾ ഓർക്കുകയാണ്.
'അസ്ത്യുത്തരസ്യാം ദിശി ദേവതാത്മാ........' എന്ന വരികളോടെയാണ് പാഠം തുടങ്ങുന്നത്.
മൂന്നു ഭാഗവും ആഴികളാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഭാരതഭൂമിയുടെ വടക്കു ഭാഗത്തായി ദേവതാത്മാവായ ഹിമവാൻ, ഭൂമിയുടെ അളവുകോലെന്നോണം തലയെടുപ്പോടെ നിലകൊള്ളുന്നു. എത്ര മനോഹരമായാണ് മഹാകവി കാളിദാസൻ 'കുമാര സംഭവ'ത്തിൽ ഹിമവാനെ വർണ്ണിച്ചിരിയ്ക്കുന്നത് ! മഹാകവി കാളിദാസന്റെ മറ്റൊരു കാവ്യമായ 'മേഘസന്ദേശ' ത്തിൽ ബംഗാൾ ഉൾക്കടലിൽ നിന്നും വരുന്ന കാർമേഘങ്ങൾ, മഞ്ഞുപുതഞ്ഞു കിടക്കുന്ന ഹിമശിഖരങ്ങളെ തൊട്ടു തലോടി ആശ്ലേഷിച്ചു തിരിച്ചു വരുമ്പോൾ മുത്തുമണികളായ മഴത്തുള്ളികളെ, ഹിമവാന്റെ ആശിസ്സുകളായി സമതലങ്ങളിൽ വർഷവൃഷ്ടി ചെയ്യുന്നു എന്ന് വിശേഷിപ്പിക്കുന്നതായി കാണാം. സ്വാമി രാമ എന്ന ഹിമാലയൻ യോഗി, ഈ മേഘങ്ങളായിരിയ്ക്കും ആദ്യത്തെ ഹിമാലയൻ യാത്രികർ അല്ലെങ്കിൽ സന്ദേശവാഹകർ എന്ന് സംശയിക്കുന്നതായി തന്റെ പുസ്തകത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.
കാലം കടന്നു പോകവേ, ഹിമവാന്റെ മഹത്വം കൂടുതല്‍ മനസ്സിലായിത്തുടങ്ങി. രണ്ട് പ്രാവശ്യം ഹിമാലയ യാത്ര ചെയ്തപ്പോൾ ഒരു പുരുഷായുസ്സ് പോരാ ഈ ദേവതാത്മാവിനെ അറിയാൻ എന്ന വസ്തുതയും ബോദ്ധ്യമായി.
നമ്മുടെ രാജ്യത്ത് 2000-ല്‍ രൂപം കൊണ്ട് സംസ്ഥാനമാണ് ' ഉത്തരാഞ്ചല്‍.' പടിഞ്ഞാറ് ഭാഗം ഗഢ്‌വാള്‍. കിഴക്ക് ഭാഗം കുമായൂണ്‍. അൽമോര, നൈനിറ്റാള്‍ തുടങ്ങിയ സുഖവാസസ്ഥലങ്ങള്‍, കോര്‍ബറ്റ് നാഷണല്‍ പാര്‍ക്ക്, ലോകപ്രസിദ്ധമായ ഹിമാനികള്‍ ഉള്ള പിണ്‍ഡാരി താഴ്വരകള്‍, ദൈവത്തിന്റെ നാടെന്നു വിശേഷിപ്പിക്കുന്ന ബാഗേശ്വര്‍ എന്നിവ കുമായുണ് ഭാഗത്താണ്. പ്രകൃതി ആരാധകരുടെയും തീര്‍ത്ഥാടകരുടെയും പറുദീസയാണ് ഗഢ്വാള്‍ പ്രദേശം, . പതിനായിരക്കണക്കിനു ക്ഷേത്രങ്ങളുള്ള ഈ 'പുണ്യഭൂമി'യെ 'ദേവഭൂമി' യായാണ് കണക്കാക്കുന്നത്. ഗംഗോത്രി, യമുനോത്രി, കേദാര്‍നാഥ്, ബദരീനാഥ് എന്നീ നാല് പ്രധാന ക്ഷേത്രങ്ങളിലേക്ക് മഞ്ഞുകാലം കഴിഞ്ഞാല്‍ തീര്‍ത്ഥാടകരുടെ ഒഴുക്കായി. ഈ തീര്ത്ഥാടനം 'ചാർധാം യാത്ര ' എന്ന പേരില്‍ അറിയപ്പെടുന്നു.
പാകിസ്ഥാൻ, ചൈന, നേപ്പാൾ, തിബറ്റ് എന്നീ രാജ്യങ്ങളുടെ അതിർത്തികൾ തൊട്ടുകൊണ്ട് ഏകദേശം 1500 ലധികം കി.മീറ്ററോളം ദൂരത്തിലാണ് ഹിമാലയ പർവതനിരകൾ വ്യാപിച്ചുകിടക്കുന്നത്. നിനക്ക് സമയം കിട്ടുമ്പോള്‍ ഇന്ത്യയുടെ ഭൂപടം എടുത്ത് നോക്കണം. നമ്മുടെ രാജ്യത്തിന്റെ സമ്പദ് സമൃദ്ധിക്ക് കാരണമായ ഗംഗ, യമുന തുടങ്ങിയ പുണ്യനദികൾ ഈ മലനിരകളിൽ നിന്നുമാണ് ഉത്ഭവിയ്ക്കുന്നത്. വേനൽക്കാലത്ത് മഞ്ഞുരുകി ഈ നദികള്‍ ജലസമൃദ്ധമാണ്.
ഹിമാലയൻ പർവത നിരകളിൽ താമസിയ്ക്കുന്ന ജനങ്ങൾ പൊതുവെ 'പഹാഡികൾ ' എന്ന പേരിൽ അറിയപ്പെടുന്നു. (പഹാഡ് എന്ന പദത്തിന് 'പർവതം' എന്നാണ് അർത്ഥം) ഇവരുടെ ഭാഷ 'പഹാഡി' യാണ്. കൂടാതെ കുമായൂനി, ഗഢ്‌വാലി, നേപ്പാളി, ടിബറ്റൻ, കശ്മീരി ഭാഷകളും ഈ പര്‍വതപ്രാന്തങ്ങളില്‍ പ്രചാരത്തിലുണ്ട്.
ഒരുകാലത്ത്, ഋഷിമാരും യോഗികളും ദിവ്യസന്യാസിമാരും കൈകാര്യം ചെയ്തിരുന്ന ഭാഷയായിരുന്നു 'സാന്ധ്യ' ഭാഷ അഥവാ 'സുഷുമ്നാ' ഭാഷ. സംസ്കൃതത്തിനോട് സാമ്യമുള്ള ഈ ഭാഷക്ക് പദങ്ങളേക്കാള്‍ ഉച്ചാരണത്തിനായിരുന്നു കൂടുതല്‍ പ്രാധാന്യം. ഹിമാലയത്തിന്റെ മടിത്തട്ടില്‍ ജനിച്ചു വളര്‍ന്ന, സനാതന ധര്‍മ്മം ഉള്‍ക്കൊണ്ട് ഭാരതീയ പൈതൃകം ലോകമെമ്പാടും എത്തിച്ച മഹാനായ സ്വാമി രാമയ്ക്ക് ഈ ഭാഷ വശമായിരുന്നു എന്ന് അദ്ദേഹത്തിന്റെ ആത്മകഥയില്‍ സൂചിപ്പിയ്ക്കുന്നുണ്ട്.
പഹാഡികള്‍ പൊതുവെ സത്യസന്ധരും അദ്ധ്വാനശീലരുമാണ്. കാലത്തിനനുസരിച്ചു ജീവിതരീതിയ്ക്കു മാറ്റം വന്നിട്ടുണ്ടെങ്കിലും മിക്കവരും പാരമ്പര്യ തൊഴിലുകളിൽ ഏർപ്പെട്ടിരിയ്ക്കുന്നു. ചെമ്മരിയാടുകളെ വളർത്തി അവയുടെ രോമംകൊണ്ട് ചുടുവസ്ത്രങ്ങൾ ഉണ്ടാക്കി വിൽക്കുകയാണ് ഇവരുടെ പ്രധാന ജീവിതമാർഗ്ഗം. ആടുമേച്ചുനടക്കുമ്പോള്‍ അവയുടെ സംരക്ഷണത്തിനായി കരടിക്കുട്ടികളെപ്പോലുള്ള നല്ല കരുത്തുള്ള തിബറ്റന്‍ നായ്ക്കളെ ഇവര്‍ കൂടെ കൊണ്ട് നടക്കും. തട്ടുതട്ടായി തിരിച്ചിട്ട ഭൂമിയിൽ വെള്ളത്തിന്റെ ലഭ്യത അനുസരിച്ച് ഗോതമ്പ്, ബാർലി, ചോളം, ഉരുളക്കിഴങ്ങ്, നെല്ല് തുടങ്ങിയവയും ഇവര് കൃഷിചെയ്തുവരുന്നു.
ഹിമാലയത്തിന്റെ മുകളിലേയ്ക്ക് കയറും തോറും ഓരോ ഭാഗത്തും വളരുന്ന മരങ്ങളും ചെടികളും വ്യത്യസ്തമാണെങ്കിലും ഓക്ക്, പൈന്‍, ദേവതാരു എന്നിവയാണ് സാധാരണയായി കണ്ടുവരുന്ന വൃക്ഷങ്ങൾ. ഏറ്റവും ഉയരം കൂടിയ പ്രദേശങ്ങളിൽ ധാരാളമായി കണ്ടുവരുന്ന 'ഭോജ്' വൃക്ഷത്തിന്റെ തൊലി സംസ്ക്കരിച്ച് പണ്ട് എഴുതുവാന്‍ ഉപയോഗിച്ചിരുന്നു. മഹാഭാരതവും മറ്റും ഈ മരത്തൊലിയിലാണ് എഴുതിവെച്ചിരുന്നത്.
അത്യപൂർവങ്ങളായ ഔഷധ സസ്യങ്ങളാൽ നിബിഡമാണ് ഹിമാലയൻ താഴ്വരകൾ. അഭൗമ സൗന്ദര്യവും സുഗന്ധവും പൊഴിയ്ക്കുന്ന പൂവുകൾ, ആയിരക്കണക്കിനടി ഉയരമുള്ള പർവത നിരകളിൽ പൂത്തു നിൽക്കുന്നത് കാണാം. പൂക്കളുടെ രാജാവായ 'ഹിമകമൽ' മഞ്ഞുകട്ടകൾക്കിടയിൽ സൗരഭ്യം പരത്തി നിൽക്കുന്ന കാഴ്ച അപൂർവമത്രേ ! .
ജാതിഭേദമെന്യേ, ലോകമെമ്പാടുമുള്ള ജനങ്ങൾ ആദരിച്ചു വരുന്ന ഭാരതീയ സംസ്ക്കാരത്തിന്റെ ഈറ്റില്ലമാണ് ഹിമാലയം. വേദങ്ങളും, ഉപനിഷത്തുക്കളും ഈ പുണ്യഭൂമിയിലാണ് ജന്മം കൊണ്ടത്. ഈ ഹിമാലയൻ മലകൾ താണ്ടിയാണ് ബുദ്ധമതവും മറ്റും ടിബറ്റ്, ചൈന എന്നിവിടങ്ങളിലേയ്ക്ക് കടന്നു ചെന്നത്.
നിരവധി പുണ്യാത്മാക്കളുടെ പാദസ്പര്ശമേറ്റ് പരിപാവനമായതാണ് ഈ ഭൂമി. ഒന്ന് മുങ്ങി നിവർന്നാൽ ശരീരത്തിലെ മാത്രമല്ല, മനസ്സിലെ അഴുക്കുകൾ കൂടി കഴുകിയെടുക്കാൻ കെൽപുള്ള പുണ്യ നദികളുടെ ഉറവിടമാണിവിടം. ദേവന്മാരും കിന്നരന്മാരും അപ്സരസ്സുകളും ഗന്ധർവന്മാരും തപശ്ശക്തിയുള്ള ഋഷിവര്യന്മാരുമൊക്കെ ഇതിഹാസങ്ങളിൽക്കൂടിയും നാടോടിക്കഥകൾ, പാട്ടുകൾ എന്നിവ വായിച്ചും കേട്ടും കുട്ടിക്കാലം മുതലേ നമ്മുടെയൊക്കെ മനസ്സിൽ സ്ഥാനം പിടിച്ചവരാണ്. ഹിമാലയത്തിലൂടെയുള്ള തീര്‍ത്ഥാടനം ഒരു പക്ഷെ നമ്മളെ ഇതൊക്കെ കെട്ടുകഥകളല്ലാ എന്ന് തോന്നിപ്പിച്ചേക്കാം.
ഹിമാലയത്തിന്റെ അഭൗമമായ പ്രകൃതി സൗന്ദര്യം തൊട്ടറിയാത്ത ചിത്രകാരനോ, കവിയോ, സാഹിത്യകാരനോ, സംഗീതജ്ഞനോ, യാത്രികനോ ഉണ്ടാകുമെന്നു തോന്നുന്നില്ല. അത്രയ്ക്ക് 'അനന്തമജ്ഞാതമവർണനീയ'മാണ് ഹിമാലയത്തിന്റെ ഗാംഭീര്യം നിറഞ്ഞ സൗകുമാര്യം. അതുകൊണ്ട് കവികളും മറ്റും 'സത്യം ശിവം സുന്ദരം' എന്ന മൂന്നു വാക്കിൽ അത് ചുരുക്കിപ്പറയുന്നു.
മഹാകൈലാസത്തിന്റെ അടിത്തട്ടിലുള്ള മാനസസരോവർ, അവിടെ നിന്നും ഉത്ഭവിച്ച് സമതലത്തിലേയ്ക്ക് ഒഴുകി വരുന്ന നദികള്‍, തീർത്ഥകുണ്ഡങ്ങൾ, തപ്തകുണ്ഡങ്ങൾ, തപോവനങ്ങൾ, അതീവ ദുര്ഘടങ്ങളായ ഗിരിശൃംഗങ്ങൾ, മലമടക്കുകൾ, സാധാരണക്കാരന് അപ്രാപ്യമായ ഗിരിശൃംഗങ്ങളിലുള്ള ഗുഹകളിലെ ഹോമകുണ്ഡങ്ങളിൽ അഖണ്ഡ ജ്യോതി ജ്വലിപ്പിച്ച് സദാ 'ലോകാ സമസ്താ സുഖിനോ ഭവന്തു' 'എന്ന തത്വം സാക്ഷാത്കരിക്കാനായി മന്ത്രോച്ചാരണങ്ങൾ ഉരുവിട്ട് യാഗയജ്ഞാദികളും മറ്റും ചെയ്തു കൊണ്ടിരിയ്ക്കുന്ന യോഗിവര്യരുടെ നിഗൂഢ വാസസ്ഥലങ്ങള്‍ തുടങ്ങി പ്രകൃതി ആരാധകരുടെ പറുദീസയായ ഈ ഹിമാലയം അദ്‌ഭുതപ്പെടുത്തുന്ന നിരവധി സംഭവങ്ങളുടെ കലവറയാണ് എന്ന് തന്നെ പറയട്ടേ ! (ഇവരില്‍ ഭാരതീയര്‍ മാത്രമല്ല, വിദേശികളും ഉണ്ട് എന്നത് ഭാരതഭൂമിയുടെ അല്ലെങ്കില്‍ ഹിമവാന്‍റെ പ്രകൃതി രമണീയതക്കും അപ്പുറത്തുള്ള അലൌകികമായ ചൈതന്യത്തിന്‍റെയും ആത്മീയ ഔന്നത്യത്തിന്റെയും മഹത്വം കൊണ്ടുതന്നെയാണ്.)
ഹിമാലയത്തിന്‍റെ മടിത്തട്ടില്‍ എത്തിച്ചേരുന്ന എത്രയോ ആത്മീയാന്വേഷികളെ, ജാതി മതഭേദമെന്യേ, തന്നെക്കാള്‍ ഔന്നത്യത്തിലേക്ക് ആത്മീയാനന്ദം അനുഭവിക്കാന്‍ ഹിമവാന്‍ കൂട്ടിക്കൊണ്ടുപോകുന്നതായി ഇന്നും നമുക്ക് അനുഭവപ്പെടുന്നു !
ഇങ്ങിനെയൊക്കെയുള്ള ഹിമാലയത്തിനെപ്പറ്റി എഴുതാൻ ഇരുന്നാൽ സമയം പോകുന്നതറിയില്ല. എഴുതി ഫലിപ്പിക്കാനും എളുപ്പമല്ല. എന്തായാലും ഒന്ന് പറയാം, ഭാരതീയനായാൽ ജീവിതത്തിൽ ഒരിക്കലെങ്കിലും ഹിമാലയത്തിൽ പാദസ്പർശം ചെയ്തിരിയ്ക്കണം.
'പദ' സ്പർശം ചെയ്യുന്നതിന് മുന്നെ ദേവതാത്മാവായ ഹിമവാന്‍റെ 'പാദ' ങ്ങള്‍, മനസാ സ്പര്‍ശിച്ച് നമസ്ക്കരിയ്ക്കട്ടെ!
ഭാരത ഭൂമിയിലെ നിരവധി യോഗിവര്യന്മാരെയും ആത്മീയാന്വേഷികളെയും ആത്മീയ ഗുരുക്കന്മാരേയും ഈ സന്ദര്‍ഭത്തില്‍ ആദരപൂർവം സ്മരിയ്ക്കുന്നു. നമസ്ക്കരിക്കുന്നു.
(കൂട്ടത്തില്‍ ഹിമാലയത്തിനെക്കുറിച്ചുള്ള ആഹ്ളാദവും അദ്ഭുതവും നല്‍കിയ വായനകള്‍ സാദ്ധ്യമാക്കിയ സഞ്ചാര സാഹിത്യകാരന്മാരായ എഴുത്തുകാരെയും ആദരപൂര്‍വ്വം സ്മരിക്കട്ടെ !)
++++++++="""""""""""""""++++++++++++++++++++"""""""""""""""""""""""+++++++++++++
22 -6 -2011
ഹരിദ്വാർ (അയ്യപ്പക്ഷേത്രം)
അമ്മിണീ,
ശുഭദിനം.
അതിരാവിലെ ആറുമണിയോടെ ഞങ്ങൾ ഹരിദ്വാര്‍ സ്റ്റേഷനില്‍ വണ്ടിയിറങ്ങി
ഏവര്‍ക്കും ഭയങ്കര സന്തോഷം. (ചുറ്റും മാലിന്യങ്ങളും ദുര്‍ഗന്ധവുമാണ്
സ്വീകരിയ്ക്കാനുള്ളത് എങ്കിലും .....) ഇവിടെ നിന്നും അയ്യപ്പക്ഷേത്രത്തിലേക്ക് അധികം ദൂരമില്ല. കഴിഞ്ഞ വരവിൽ ഞങ്ങള്‍ പെട്ടികളും മറ്റുമായി അങ്ങോട്ട് നടന്നാണ് പോയത്. ഇത്തവണ ഒരു ഓട്ടോ വിളിച്ചു. ക്ഷേത്രത്തിനോട് ചേർന്ന് തീര്തഥാടകർക്ക് താമസിക്കാനായി ഒരു കെട്ടിടം ഉണ്ട്. കൃഷ്ണമ്മാമന്‍ മുന്‍കൂട്ടി മുറികള്‍ ബുക്ക് ചെയ്തിട്ടുണ്ട്. അതിന്റെ താഴത്തെ നിലയിലെ ആദ്യത്തെ മുറിതന്നെ ഞങ്ങൾക്ക് ലഭിച്ചു. (അമ്മമ്മയും പദ്മജച്ചമ്മയും സതി അമ്മാമിയും.) കഴിഞ്ഞ പ്രാവശ്യത്തെ വരവിൽ ഇതേ മുറിയില്‍ത്തന്നെയാണ് അമ്മമ്മ താമസിച്ചത്. (അന്ന് ശോഭച്ചമ്മയും ശ്രീദേവി ടീച്ചറും കുട്ടികളും ആണ് കൂടെ ഉണ്ടായിരുന്നത്.)
നിന്നോട് പോരുമ്പോൾ പറഞ്ഞതു പോലെത്തന്നെ വന്ന ഉടനെ ഫോണിൽ വിളിച്ചു. നീ കുളിക്കാൻ പോയിരിക്കയാണെന്നു അച്ഛൻ പറഞ്ഞു. വലിയ തണുപ്പില്ലാത്ത പ്രഭാതം. കുളിക്കാന്‍ ചൂടുവെള്ളം വേണമെന്നില്ല. വേഗം പ്രഭാത കർമ്മങ്ങൾ ചെയ്ത് അയ്യപ്പസ്വാമിയേയും ഗണപതി, ശിവപാര്‍വതിമാര്‍, ശങ്കരനാരായണന്‍, ഹനുമാന്‍ സ്വാമി എന്നീ ഉപദേവന്മാരെയും തൊഴുത് ചായ കുടിച്ച് ഞങ്ങൾ മുറിയിൽ തിരിച്ചെത്തി. നാളെ രാവിലെ വരെ ഞങ്ങള്‍ ഇവിടത്തെ അന്തേവാസികളാണല്ലോ. അതുകൊണ്ട് മൂന്ന് തീരത്തെ ഭക്ഷണം വേണമെന്ന് മുന്‍കൂട്ടി കൃഷ്ണമ്മാമന്‍ ഏല്‍പ്പിച്ചിട്ടുണ്ട്. അയ്യപ്പസന്നിധിയിൽ ഇരുന്നു കൊണ്ടാണ് ഭക്ഷണം കഴിക്കുക. ഭക്ഷണമുണ്ടാക്കലും വിളമ്പലും മറ്റും ക്ഷേത്ര കഴകക്കാരായ ചെറുപ്പക്കാരായ ഹിന്ദിക്കാരാണ്. ഭക്ഷണച്ചെലവിനും, താമസത്തിനുമായി ചുരുങ്ങിയ ചാര്‍ജെ ഈടാക്കുന്നുള്ളൂ. ഹരിദ്വാറിൽ ആദ്യമായി എത്തുന്ന മലയാളികൾക്ക് ഈ സ്ഥലം വളരെ സൗകര്യപ്രദമാണ്. ഞങ്ങളുടെ യാത്രക്കുള്ള വാഹനവും, ബദരിയിലെ താമസവും ക്ഷേത്രത്തിന്റെ മേൽനോട്ടം വഹിക്കുന്ന വിഷ്ണു നമ്പൂതിരി മുഖാന്തിരം കൃഷ്ണമ്മാമൻ ഏർപ്പാടാക്കിയിട്ടുണ്ട്.
പ്രഭാത ഭക്ഷണം കഴിഞ്ഞാല്‍ ഞങ്ങള്‍ പുറത്തേക്കിറങ്ങും. ചുടു വസ്ത്രങ്ങള്‍ ചിലര്‍ക്കൊക്കെ വാങ്ങാനുണ്ട്. ഉച്ചപ്പൂജ കഴിഞ്ഞു 12 മണിയോടെയാണ് ഉച്ചഭക്ഷണം. അപ്പോഴേയ്ക്കും തിരിച്ചെത്തണം. കൂടാതെ രണ്ടുമണിയോടെ ഞങ്ങള്‍ ഹരിദ്വാറിലെ പുണ്യസ്ഥലങ്ങള്‍ കാണാന്‍ പോകുന്നു. ഓട്ടോ ഏല്‍പ്പിച്ചിട്ടുണ്ട്. അതുവരെയുള്ള സമയം നിനക്കുള്ള കുറിപ്പുകൾ എഴുതാൻ ചെലവഴിക്കാമെന്ന് വിചാരിച്ചു.
ഹരിദ്വാറിലെ ഈ അയ്യപ്പ ക്ഷേത്രം, 1955 -ല്‍ സ്വാമി വിമോചനാനന്ദജിയും, വിഭൂതി ശര്‍മ്മാനന്ദജിയും ചേര്‍ന്ന് സ്ഥാപിച്ചതാണ് എന്നാണു് അറിയാന്‍ കഴിഞ്ഞത്.
പയ്യന്നൂരില്‍ പിലാത്തറയിലെ ചേറ്റൂര്‍ കൃഷ്ണന്‍ നമ്പൂതിരി ഹരിദ്വാരില്‍ എത്തിച്ചേര്‍ന്ന ശേഷമാണ് ഈ ക്ഷേത്രം 1971 ഓടുകൂടി ഇന്ന് കാണുന്ന രൂപത്തില്‍ ആയിത്തീര്‍ന്നത്. ഒരേ ഒരു മുറി മാത്രമേ ആദ്യകാലത്ത് ഉണ്ടായിരുന്നുള്ളൂ. അധികം സ്ഥലം ഒന്നും ഇല്ലെങ്കിലും ഇപ്പോൾ ക്ഷേത്ര മതിലിനോട് ചേര്‍ന്ന നടുമുറ്റത്തിന്റെ മൂന്നു ഭാഗങ്ങളും ഉയര്‍ത്തി രണ്ട് നിലയുള്ള കെട്ടിടമാക്കി തീര്‍ത്ഥാടകര്‍ക്ക് താമസ സൌകര്യം ഒരുക്കിയിട്ടുണ്ട്. ശ്രീ ചേറ്റൂര്‍ കൃഷ്ണന്‍ നമ്പൂതിരി മരിയ്ക്കുന്നവരെ ക്ഷേത്രം മേല്‍ശാന്തിയും ട്രസ്റ്റിയുമായും സേവനം അനുഷ്ടിച്ചു. അദ്ദേഹത്തിന്‍റെ ബന്ധുക്കള്‍ തന്നെയാണ് ഇപ്പൊഴും മേല്‍ശാന്തിമാര്‍. ക്ഷേത്രഭരണം മലയാളികൾ ആണെങ്കിലും അന്നാട്ടിലെ ചില വ്യക്തികളെയും ഇവർ ക്ഷേത്രഭരണത്തില്‍ പങ്കാളികളാക്കിയിട്ടുണ്ട്.
ഇനി യാത്ര തുടങ്ങിയതു മുതൽക്കുള്ള കാര്യങ്ങൾ ചുരുക്കി എഴുതാം.
ജൂൺ 19 -ആംതി ഉച്ചയ്ക്ക് 12 മണിയോടെ എറണാകുളം - നിസാമുദ്ദീൻ (മംഗള) ഏക്സ്പ്രസ്സിൽ കുറ്റിപ്പുറത്തു നിന്നും കയറേണ്ടതായിരുന്നല്ലോ, ഞങ്ങൾ. തുടർച്ചയായ മഴകാരണം കൊങ്കൺ റയിൽപ്പാതയിൽ മലയിടിഞ്ഞ് വണ്ടികളൊക്കെ വേറെ വഴിക്കു തിരിച്ചു വിടുന്നു എന്ന വാര്‍ത്തകളൊക്കെ നിനക്കും അറിയാമല്ലോ. മണിക്കൂറുകൾ വൈകിയെങ്കിലും ഒടുവിൽ കൊങ്കൺ വഴി വണ്ടികൾ ഓടാൻ തുടങ്ങി. രാത്രി പത്തുമണിയ്ക്കു കുറ്റിപ്പുറത്തു നിന്ന് ഞങ്ങള്‍ വണ്ടി കയറി. 9 മണിയ്ക്ക് വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ ടീവിയിൽ നമ്മൾ കാണാറുള്ള 'ഝാൻസീ കീ റാണി' യുടെ അവസാനഭാഗം കാണിക്കുകയായിരുന്നു. റാണിയെ ശത്രുക്കൾ കത്തികൊണ്ട് കുത്തുന്ന രംഗം കണ്ടുകൊണ്ട് വിഷമത്തോടെയാണ് വീടുവിട്ടിറങ്ങിയത്.
ഞങ്ങളുടെ സഹയാത്രികർ ആരാണെന്നു ഓർമ്മയില്ലേ ? വെണ്മണി സതീശമ്മാമൻ, സതി അമ്മാമി, സതീശമ്മാമന്റെ അനിയത്തി പദ്മജ ഇച്ചമ്മ, കൃഷ്ണമ്മാമൻ, ശ്യാമേട്ടൻ. വണ്ടിയിൽ വെച്ച് അവരെ കണ്ടപ്പോൾ നല്ല ഉറക്കക്ഷീണത്തിലായിരുന്നു. മണിക്കൂറുകളോളമുള്ള കാത്തിരിപ്പു ഉണ്ടാക്കിയ മടുപ്പും ക്ഷീണവും ഒടുവിൽ ഞങ്ങളെ സന്തോഷവാന്മാരാക്കി. അന്യോന്യം കുശലം പറഞ്ഞു ഞങ്ങളെല്ലാവരും ഉറങ്ങാൻ കിടന്നു.
രാവിലെ നേരത്തെ എഴുന്നേറ്റ് പ്രഭാതകർമ്മങ്ങളൊക്കെ നടത്തി ജനലിൽക്കൂടി പുറത്തെ കാഴ്ചകള്‍ നോക്കിയിരുന്നു. പ്രഭാത ഭക്ഷണം മാത്രമല്ല, ഉച്ചക്കും രാത്രിക്കും വേണ്ടത് കൂടി ഈ വണ്ടിയിൽത്തന്നെ കിട്ടും എന്നത് നല്ലൊരു ആശ്വാസമായി.
ഞങ്ങള്‍ യാത്ര ചെയ്യുന്ന ഈ കൊങ്കൺ റയിൽപ്പാതയുണ്ടല്ലോ, ഇത് നിലവിൽ വന്നിട്ട് അത്രകാലമൊന്നും ആയിട്ടില്ല. ഈ പാതയുടെ പ്രത്യേകത എന്താണെന്നോ ? ഭാരതത്തിന്റെ സാങ്കേതിക വളർച്ച വിളിച്ചോതുന്ന ഒന്നാണ് ഇത്. ഈ വഴി യാത്രാദൂരം കുറവുണ്ട്. സമയവും ലാഭം. കേരളത്തിന്റെ പടിഞ്ഞാറൻ തീരത്തുകൂടെ തെക്കുവടക്കായി പോകുന്ന ഈ പാതയിൽ ധാരാളം ടണലുകൾ (തുരങ്കങ്ങൾ) ഉണ്ട്. ചിലതിന് കിലോമീറ്ററുകളോളം നീളമുണ്ട്. അത്ഭുതവും രസവുമുഉള്ള യാത്രയാണെങ്കിലും അല്പം ഭയം കൂടെ ഉള്ളിൽ ഉണ്ടാക്കുന്നതാണ് എന്ന് പറയാം.
കേരളം കഴിഞ്ഞാല്‍ ഗോവ, കർണ്ണാടകം, മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, ഉത്തർപ്രദേശ്, ഹരിയാനയുടെ കുറച്ചുഭാഗം, പിന്നെയാണ് ഡൽഹി. ഈ വണ്ടിയുടെ ലാസ്റ്റ് സ്റ്റോപ്പ് നിസാമുദ്ദീൻ സ്റ്റേഷൻ-ൽ. ഞങ്ങള്‍ക്ക് ഇവിടെയാണ് ഇറങ്ങേണ്ടത്. ഈ സംസ്ഥാനങ്ങളിൽക്കൂടെ കടന്നുപോകുമ്പോൾ ഭാരതത്തിന്റെ ഏകദേശം മദ്ധ്യഭാഗത്തെ ഭൂപ്രകൃതിയും ജനങ്ങളുടെ ഭാഷയും വേഷഭൂഷകളുമൊക്കെ മാറി മാറി വരുന്നത് കണ്ടു ആസ്വദിക്കാം.
കേരളം വിട്ടാൽ പിന്നെ കിലോമീറ്ററുകളോളം പരന്നു കിടക്കുന്ന വിശാലമായ കൃഷിഭൂമികളില്‍ക്കൂടിയാണ് യാത്ര. കൃഷിസ്ഥലത്തുനിന്നും കുറച്ചു മാറിയാണ് ജനവാസം. ഒരേ ഗ്രാമത്തിലുള്ളവര്‍ തൊട്ടുതൊട്ടുള്ള വീടുകളില്‍ ആണ് താമസിക്കുന്നത്. നമ്മുടെ നാട്ടിലെപ്പോലെ അവനവന്റെ കൃഷിഭൂമിയിൽത്തന്നെ വീടുവെച്ച് താമസിച്ചു ശീലിച്ചവര്‍ക്ക് അദ്ഭുതമുണ്ടാക്കുന്ന കാഴ്ചയാണ് ഇത്. കഴിഞ്ഞ വർഷം മൂകാംബിയ്ക്ക് കാറില്‍ പോകുമ്പോൾ വഴിനീളെ കണ്ട കാഴ്ചകൾ മറന്നിട്ടില്ലല്ലോ? കണ്ടൽക്കാടുകളും കൃഷിഭൂമികളും പാടത്തു പണിയെടുക്കുന്ന കർഷകരെയും ജലസമൃദ്ധിയുമൊക്കെ കണ്ടും മാറി മാറി വരുന്ന പ്രകൃതി ദൃശ്യങ്ങൾ ആസ്വദിച്ചും വര്ത്തമാനങ്ങൾ പറഞ്ഞും ശ്രീ. എം. കെ. രാമചന്ദ്രന്റെ ഹിമാലയ യാത്രകൾ വായിച്ചും ഭക്തിഗാനങ്ങൾ ചൊല്ലിയും സമയം പോയതറിഞ്ഞില്ല.
വീണ്ടുമൊരു സുപ്രഭാതമായി. മദ്ധ്യപ്രദേശിലെ ഝാൻസിയിൽ വണ്ടി നിർത്തിയപ്പോൾ മനസ്സ് നിറയെ റാണി ലക്ഷ്മിഭായ് എന്ന ധീര വനിതയായിരുന്നു. അമ്മമ്മയുടെ കൂടെ ഇരുന്ന് സീരിയൽ കണ്ട് റാണിയെ പറ്റി നിനക്ക് കുറച്ചൊക്കെ അറിയാമല്ലോ ! ചരിത്ര കഥകൾ എല്ലാവര്ക്കും ഇഷ്ടമായതിനാൽ പിന്നെ ചർച്ച റാണിയെപ്പറ്റിയായി. അടുത്ത സ്റ്റേഷന്‍ ഗ്വാളിയോർ. റാണി വീരസ്വർഗ്ഗം പ്രാപിച്ചത് ഇവിടെ വെച്ചുണ്ടായ യുദ്ധത്തിലായിരുന്നു .
എത്ര കണ്ടാലും മടുക്കാത്ത കാഴ്ചകളാണ് പുറത്ത്. അങ്ങിനെ പുറത്തേക്ക് നോക്കിയിരിക്കേ, പാതയുടെ വശങ്ങളിൽ വലിയ ചിതൽപ്പുറ്റുകൾ അഥവാ എണ്ണിയാൽ തീരാത്തത്ര മൺകൂനകൾ കണ്ടു. പ്രകൃതിയുടെ ഓരോ നിർമ്മിതികൾ ! ഈ കൊച്ചു കൊച്ചു മൺകൂനകൾക്കിടയിൽ ഒളിച്ചു കളിയ്ക്കാം, ഓടിച്ചാടി നടക്കാം. കേള്‍ക്കുമ്പോള്‍ത്തന്നെ നല്ല രസം തോന്നുന്നു, അല്ലെ? പക്ഷേ അനന്തമായിക്കിടക്കുന്ന ആ ഇടനാഴികകളിലും വളവുകളിലും തിരിവുകളിലും പെട്ട് വഴി അറിയാതെ കുടുങ്ങാനും സാദ്ധ്യതയുണ്ട്. ഒരുകാലത്ത് ഈ ഭാഗമൊക്കെ ചമ്പല്‍ക്കാടുകളിലെ കൊള്ളക്കാരുടെ സങ്കേതമായിരുന്നുവത്രേ! ഈ മണ്‍കൂനകള്‍ തീവണ്ടിക്കൊള്ളക്കാരുടെ ഒളിത്താവളവും. (ചമ്പൽക്കാടുകൾ, ചമ്പൽ കൊള്ളക്കാർ, ചമ്പൽറാണി തുടങ്ങിയ വിഷയങ്ങളെ പറ്റി പിന്നെ പറഞ്ഞു തരാം.)
ആഗ്ര സ്റ്റേഷനിൽ വണ്ടി നിന്നപ്പോൾ താജ് മഹലിനെ സ്മരിച്ചു. നിന്റെ അമ്മയ്ക്ക് ഒരു വയസ്സ് പ്രായമുള്ളപ്പോളാണ് അമ്മമ്മ ആദ്യമായി താജ് മഹൽ കാണുന്നത്. മുൻപൊരിക്കൽ ചില പ്രകൃതി സ്നേഹികളുടെ കൂടെ ഹിമാലയ യാത്ര പോയപ്പോൾ ഞങ്ങൾ ഗുജറാത്തിന്റെ തെക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന ഉമർഗാവ്ലുള്ള 'സാവേജി' യുടെ 'കല്പവൃക്ഷ' എന്ന കൃഷിയിടം സന്ദർശിച്ച കാര്യം പറഞ്ഞത് ഓർമ്മയുണ്ടല്ലോ. അവിടെ ഒരു ദിവസം താമസിച്ച് അടുത്തദിവസം ഞങ്ങൾ ദൽഹിക്കുള്ള യാത്ര തുടർന്നു. ആഗ്രയിൽ കുറച്ചധികം സമയം ഉണ്ടായിരുന്നതുകൊണ്ട് താജ് മഹൽ കാണാൻ പോയി. അന്നൊരു ഒഴിവു ദിവസം ആയതിനാൽ ഉള്ളിൽ കടക്കാൻ സാധിച്ചില്ല. എന്നാൽ ലോകത്തിലെ ഒന്പത് അദ്‌ഭുതങ്ങളിൽ ഒന്നായ വെണ്ണക്കൽ സ്മാരകത്തിന്റെ നാലുപുറവും കണ്ട് മടങ്ങാം എന്ന് വിചാരിച്ച് വാഹനത്തിലിരുന്ന് പ്രദക്ഷിണം വെച്ചു. പിൻഭാഗം കണ്ടപ്പോള്‍ ഞെട്ടിപ്പോയി! ആകെ വൃത്തികേടായാണ് കിടക്കുന്നത്. കഷ്ടം തോന്നി. അവിടെ തുടങ്ങിവെച്ച ചില നിർമ്മാണ പ്രവർത്തനങ്ങൾ രാഷ്ട്രീയ കളികൾ കാരണം മുടങ്ങിയിരിക്കുകയാണെത്രെ ! പ്രതിഷേധിക്കാനായിരിക്കാം അവിടെയിങ്ങനെ മാലിന്യം നിക്ഷേപിക്കുന്നത് ! മുഗൾ രാജാവായിരുന്ന ഷാജഹാൻ അദ്ദേഹത്തിൻറെ പത്നിയുടെ ഓർമ്മയ്ക്കായി തീർത്തതാണ് ഈ കുടീരം എന്നത് നിനക്ക് അറിയാമല്ലോ. (ആ യാത്രയിൽ എടുത്ത താജ് മഹലിന്റെയും ആഗ്രാ ഫോർടിൻറെയും ഫോട്ടോ കാണുക)
അമ്മിണീ, അജന്ത-എല്ലോറ യാത്രയ്ക്കിടയിൽ നമ്മൾ ഔറംഗാബാദിൽ, കാഴ്ചയ്ക്കു താജ്മഹലിന്റെ നേർക്കോപ്പിയായ 'ബീബി കീ മക്ബരാ' കണ്ടതു് മറന്നിട്ടില്ലല്ലോ? (അതിന്റെ മുൻപിൽ നീ നിൽക്കുന്ന ഒരു ഫോട്ടോയും ഉണ്ടല്ലോ.) അത് ഷാജഹാന്റെ മകൻ ഔറംഗസീബ് പണി കഴിപ്പിച്ചതാണ്.
വണ്ടി പിന്നെ നിർത്തിയ സ്റ്റേഷൻ മഥുര. ശ്രീകൃഷ്ണന്റെ ജന്മഭൂമി, വൃന്ദാവനം തുടങ്ങിയ കൃഷ്ണസ്മരണയാൽ സദാ ഉണർന്നിരിയ്ക്കുന്ന ആ പുണ്യഭൂമിയിലേക്ക് പോകാൻ ഇവിടെ ഇറങ്ങാം. സ്റ്റേഷനില്‍ വണ്ടി നിർത്തിയപ്പോഴേയ്ക്കും പദ്മജച്ചമ്മ പ്ലാറ്റ് ഫോമിലേക്ക് ചാടി ഇറങ്ങി, ആ ഭൂമി തൊട്ടു വന്ദിച്ചു.
48 മണിക്കൂർ ഓടിയോടി അവസാനം നിസാമുദ്ദീൻ സ്റ്റേഷൻ-ൽ വണ്ടി എത്തിച്ചേർന്നു. ഇവിടെയിറങ്ങി ഇനി ന്യൂ ദൽഹി സ്റ്റേഷനിലേക്കുള്ള വണ്ടിയിൽ കയറണം. അവിടെനിന്നും ഹരിദ്വാറിലേക്കും.
സ്റ്റേഷനില്‍ കൃഷ്നമ്മാമന്‍ പറഞ്ഞേല്‍പ്പിച്ചതുപോലെ രവി അമ്മാമന്‍ രാത്രി ഭക്ഷണവുമായി കാത്ത് നിന്നിരുന്നു. (ലീല പേരശ്യമ്മയുടെ അനുജത്തിയുടെ മകളെ വിവാഹം കഴിച്ച രവി അമ്മാമാമനും കുടുംബവും ഡല്‍ഹിയിലാണ്) രവി അമ്മാമന്റെ സഹായത്തോടെ അടുത്ത പ്ലാട്ഫോറത്തിലേക്ക് ഓടി വണ്ടിയിൽ കയറി. അധികം താമസിയാതെ ഞങ്ങള്‍ ന്യൂ ദൽഹി സ്റ്റേഷനിൽ ഇറങ്ങി 12 മണിയ്ക്കുള്ള ഡെഹ്റാഡൂണ്‍ എക്സ്പ്രസ്സ് ല്‍ കയറിക്കൂടി. ലീന ഇച്ചമ്മ ഉണ്ടാക്കിക്കൊടുത്തയച്ച ഇഡ്ഡലി ആര്‍ത്തിയോടെ കഴിച്ച് അവരവരുടെ ബെര്‍ത്തില്‍ കയറിക്കിടന്നു. പിന്നെ ഉണര്‍ന്നത് വണ്ടി ഹരിദ്വാര്‍ സ്റ്റേഷനില്‍ നിന്നപ്പോളാണ്.
പ്രഭാതഭക്ഷണം, പുറത്ത് പോകൽ, ഉച്ചഭക്ഷണം ഒക്കെ കഴിഞ്ഞു. സമയം കിട്ടുമ്പോളൊക്കെ എഴുത്തു തുടര്‍ന്നു. തീർത്ഥാടനത്തിലെ ആദ്യയാത്രക്കായി ഒരുങ്ങിയിരിക്കുകയായി. പോകാനുള്ള വാഹനം എത്തി. ഇനി മടങ്ങി വന്ന ശേഷം ബാക്കി.
ഒരു വലിയ ഓട്ടോയിലാണ് ഞങ്ങള്‍ ഹരിദ്വാര്‍ കാണാന്‍ ഇറങ്ങിയത്. നാലോ അഞ്ചോ കി.മീ ദൂരത്തുള്ള 'കന്‍ഘല്‍ 'എന്ന പുരാണ പ്രസിദ്ധമായ ദക്ഷേശ്വര മഹാദേവ ക്ഷേത്രകവാടത്തിനു മുന്നില്‍ വണ്ടി നിര്‍ത്തി. മഹാശിവനെ പ്രതിഷ്ഠിച്ചിട്ടുള്ള ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് പണ്ട് ദക്ഷപ്രജാപതി യാഗം ചെയ്തത് എന്ന് അവിടെ എഴുതി വെച്ചിട്ടുണ്ട്. ദക്ഷപുത്രിയായ സതീദേവി, തൻ്റെ ഭർത്താവിനെ യാഗത്തിന് ക്ഷണിക്കാതെ അപമാനിച്ചതില്‍ പ്രതിഷേധിച്ച് അച്ഛന്റെ ഹോമകുണ്ഡത്തിലെ യാഗാഗ്നിയില്‍ ദേഹത്യാഗം ചെയ്തതും, വിവരം അറിഞ്ഞ മഹാശിവന്‍ ശിവഭൂതങ്ങളെ അയച്ച് ദക്ഷന്റെ തലയറുത്ത കഥയൊക്കെ നിനക്ക് അറിയാമെന്നുള്ളതുകൊണ്ട് വിസ്തരിക്കുന്നില്ല. ദക്ഷന്റെ ശിരസ്സ് വീണ സ്ഥാനം ക്ഷേത്ര പരിസരത്ത് അടയാളപ്പെടുത്തിയിട്ടുണ്ട്. പണ്ട് ശുകമുനി പരീക്ഷിത്ത് രാജാവിന് ഭാഗവതം ഉപദേശിച്ചത് കന്ഘലില്‍ വെച്ചായിരുന്നുവത്രേ.
ഗംഗയുടെ ഉപനദിയായ നീല്‍ധാര, ക്ഷേത്രത്തിന്നടുത്തുകൂടി ഒഴുകുന്നു. ഈ കടവില്‍ സ്നാനം ചെയ്യുന്നത് പുണ്യമായി പലരും കരുതുന്നു. നദിയിലിറങ്ങി ഞങ്ങള്‍ കൈകാലുകള്‍ കഴുകി ക്ഷേത്രദര്‍ശനം നടത്തി. മഹാശിവന്റെ മുന്നിലുള്ള കാളയുടെ ചെവിയില്‍ രഹസ്യമായി പറയുന്ന കാര്യങ്ങള്‍ സാദ്ധ്യമായിത്തീരും എന്നാണ് വിശ്വാസം. ഞങ്ങളും കാളയുടെ ചെവിയില്‍ സ്വകാര്യം പറഞ്ഞു.
(കന്ഘലില്‍ ഗംഗാതീരത്ത്, സന്യാസിമാര്‍ ജലസമാധി ചെയ്യാറുണ്ട്. രോമങ്ങള്‍ ഒഴികെ എല്ലുകളടക്കം ഭക്ഷിച്ചു തീര്‍ക്കുന്ന സൂക്ഷ്മ ജീവികള്‍ ഗംഗയുടെ അടിത്തട്ടില്‍ ഉണ്ടത്രേ!)
മനസാദേവി ക്ഷേത്രത്തിലേക്കാണ് അടുത്ത യാത്ര. ഗംഗയുടെ മറുകരയിലുള്ള ശിവാലിക് മലനിരകളിലെ ബില്വപര്‍വതത്തിലാണ് ഈ ക്ഷേത്രം. അങ്ങോട്ട് സാധാരണ 'റോപ് വെ' യിലാണ് പോകുക. (നടന്ന് മല കയറുന്നവരും ഉണ്ട്). അടുത്തുള്ള ടവര്‍ സ്റ്റേഷനില്‍ നിന്നും ടിക്കറ്റ് എടുക്കണം. നീണ്ട ക്യു കാണുന്നു. ഒരു മണിക്കൂറിലധികം ക്യു നിന്നാൽത്തന്നെ ടിക്കറ്റ് കിട്ടുമോ എന്ന് സംശയം. ഓട്ടോ ഡ്രൈവർ കൗണ്ടറിൽ പോയി അവരോട് എന്തോ സംസാരിച്ച് വേഗം തിരിച്ചു വന്നു. ടിക്കറ്റുകള്‍ ഓക്കെ ആയി. സമാധാനമായി ഇനി യാത്ര തുടരാം.
വൈദ്യുതിയില്‍ പ്രവര്‍ത്തിയ്ക്കുന്ന കേബിള്‍ സര്‍വീസ് മലമുകളിലേക്കും താഴോട്ടും സദാ പ്രവര്‍ത്തിച്ചു കൊണ്ടിരിയ്ക്കുന്നു. കേബിള്‍ കമ്പികളില്‍ നമ്പറുകള്‍ ഇട്ട തൂങ്ങിക്കിടക്കുന്ന പെട്ടികളില്‍ രണ്ടു പേര്‍ക്ക് വീതം ഇരിക്കാം. ആകാശമാര്‍ഗ്ഗം ഉള്ള ഈ സഞ്ചാരം രസകരമാണ്. താഴേയ്ക്ക് നോക്കിയാൽ നടന്നു മലകയറുന്നവരുടെ ചെറിയ രൂപങ്ങൾ കാണാം. തങ്ങളുടെ തലക്കു മുകളിള്‍ക്കൂടി നീങ്ങിപ്പോകുന്ന പെട്ടികളിലേക്ക് തലയുയര്‍ത്തി നോക്കി നില്ക്കുന്ന മരങ്ങളും അവക്കിടയിലൂടെ വളഞ്ഞു തിരിഞ്ഞ് മുകളിലേക്ക് പോകുന്ന നടവഴികളും മനോഹരമായ കാഴ്ചയാണ്. അതേ സമയം തെല്ലൊരു ആശങ്കയും മനസ്സിൽ ഉണ്ടാക്കും.
കശ്യപമുനിയുടെ വളര്‍ത്തു പുത്രിയായിരുന്ന മനസാദേവി, മഹാശിവന്റെ മാനസപുത്രിയാണെന്നാണ് വിശ്വാസം. മഹാശിവന് മനുഷ്യാവതാരത്തിൽ പിറന്ന ഈ മകൾ, വാസുകിയുടെ സാഹോദരിയാണത്രേ. കാര്യ സാദ്ധ്യത്തിന്നായി ഭക്തര്‍ ഇവിടെ മനസാദേവിക്ക് പൂജ നടത്തുന്നു. ക്ഷേത്രമുറ്റത്തുള്ള മരത്തിൽ ചരട് ജപിച്ച് കെട്ടുകയും ആഗ്രഹപൂർത്തിക്ക് ശേഷം അഴിച്ചു കളയുകയും ചെയ്യുന്ന പതിവുണ്ട്. (മന്സാ എന്ന വാക്കിന് മനസ്സിന്‍റെ ആഗ്രഹം എന്നര്‍ത്ഥം.) ശ്രീ കോവിലിൽ ദേവിയുടെ വിഗ്രഹം പട്ടു വസ്ത്രങ്ങള്‍, നിറപ്പകിട്ടുള്ള പൂക്കള്‍, പലതരം ഫലങ്ങള്‍ എന്നിവകൊണ്ട് മനോഹരമായി അലങ്കരിച്ചിരിയ്ക്കുന്നു.
ദേവീ ദര്‍ശനം കഴിഞ്ഞു അടുത്തുള്ള മലയിലെ 'മാ ചണ്‍ഡീ ദേവി' യുടെ ക്ഷേത്രത്തിലേക്ക് 'റോപ് വെ' യില്‍ത്തന്നെ പോയി. അങ്ങോട്ടുള്ള ടിക്കറ്റും ആദ്യം തന്നെ എടുത്തിട്ടുണ്ട്.
പണ്ട് ശുംഭ നിശുംഭന്‍മാര്‍ ദേവലോകം പിടിച്ചടക്കി പാര്‍വതിയുടെ അംശമായി രൂപമെടുത്ത ചണ്ഡികാദേവിയെ കൈക്കലാക്കാന്‍ മുതിർന്നു. സാധിക്കാതെ വന്നപ്പോള്‍ ചണ്ഡ--മുണ്ഡാസുരന്മാരെ അയച്ച് ദേവിയെ വധിക്കാന്‍ ശ്രമിച്ചു. എന്നാല്‍, ചണ്ഡികാദേവി ആ അസുരന്മാരുമായി പോരാടുകയും ഇവിടെ വെച്ച് അവരെ വധിക്കുകയും ചെയ്തു. യുദ്ധത്തിന്നിടയില്‍ ദേവി വിശ്രമിച്ച നീല പര്‍വതത്തിലാണ് ക്ഷേത്രം പണിതിരിയ്ക്കുന്നത്. ശങ്കരാചാര്യരാണ് ഇവിടെ ദേവിയുടെ പ്രതിഷ്ഠ നടത്തിയത് എന്നാണ് വിശ്വാസം.
തൊട്ടടുത്തുതന്നെ ഹനുമാന്റെ അമ്മയായ അഞ്ജനാ ദേവിയുടെ ക്ഷേത്രമുണ്ട്. അവിടെയും ദര്‍ശനം നടത്തി. ക്ഷേത്രപരിസരത്ത് നിരവധി ഹനുമാന്‍ കുട്ടികളെ കാണാം. തരം കിട്ടിയാല്‍ ഇവർ കയ്യിലുള്ളത് തട്ടിപ്പറിയ്ക്കും. ഹരിദ്വാറില്‍ ദീപാരാധനയുടെ സമയം ആവാറായി. അതുകൊണ്ട് ഞങ്ങളെ കാത്തുനില്‍ക്കുന്ന ഓട്ടോയില്‍ കയറി വേഗം യാത്ര തിരിച്ചു.
ഗംഗയുടെ കരയില്‍ തിരക്കില്ലാത്ത കടവില്‍ ഞങ്ങള്‍ കുളിക്കാനിറങ്ങി. ഇരുകരകളിലും ഉടനീളം കണ്ണെത്തും ദൂരം വരെ പടവുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. വെള്ളത്തിന് നല്ല തണുപ്പ്. അതേപോലെ നല്ല ഒഴുക്കും. പടവുകളില്‍ ഉറപ്പിച്ചിട്ടുള്ള സ്റ്റീലിന്റെ റോഡുകളില്‍ തൂങ്ങിക്കിടക്കുന്ന ബലമുള്ള ചങ്ങലകളില്‍ പിടിച്ച് ഗംഗയിലേക്ക് ഇറങ്ങാം. ഒരു കൈകൊണ്ട് ചങ്ങല പിടിച്ചിട്ടും പടവിന്മേല്‍ കാലുകള്‍ ഉറയ്ക്കുന്നില്ല. അത്രയ്ക്ക് അടിയൊഴുക്കുണ്ട്. നീന്തല്‍ അറിയാമെന്ന ധൈര്യംകൊണ്ട് ഒരു കാര്യവുമില്ല. കുറച്ചു കുട്ടികള്‍ നിര്‍ഭയരായി ഗംഗയില്‍ നീന്തി രസിയ്ക്കുന്നു. ഇടത്തുഭാഗത്തുള്ള പാലത്തിന്റെ അടിയിൽ വലിയ ശബ്ദത്തോടെ ഉയർന്നു പൊങ്ങുന്ന തിരകൾ ഈ കുട്ടികളെ ഭയപ്പെടുത്തുന്നില്ല. ഈ കാഴ്ച അദ്ഭുതത്തോടും തെല്ല് ഭയത്തോടെയും നോക്കി നിന്നു. പദ്മജച്ചമ്മയ്ക്കും ശ്യാമേട്ടനും നീന്താന്‍ മോഹം ഉണ്ടായിരുന്നു. പക്ഷെ ഞങ്ങള്‍ സമ്മതിച്ചില്ല.
'ആരതി' (ദീപാരാധന ) യുടെ സമയമാകാറായി. പെട്ടെന്ന് കുളിച്ചു കയറി ഡ്രസ്സ് മാറ്റി പാതി ഈറനുടുത്ത് തണുത്തു വിറച്ചുകൊണ്ട് ഞങ്ങള്‍ വേഗം നടന്നു. ഇരുകരകളെയും ബന്ധിപ്പിയ്ക്കുന്ന സെന്റിനറി പാലത്തിനു മുകളില്‍ ഹരിദ്വാറിലെ പ്രസിദ്ധമായ 'ആരതി'യില്‍ പങ്കുചേരാനായി സ്ഥാനം പിടിച്ചു. 'ഹര് കീ പൌരി'.യിലെ (ഹരിയുടെ പാദം) വിശാലമായ സ്നാനഘട്ടിലാണ് (കുളിക്കടവ്) ഗംഗാജിക്ക് 'ആരതി' നടത്തുന്നത്. സന്ധ്യ നേരത്ത് 'ഗംഗാമയ്യ'ക്ക് നല്‍കുന്ന ദീപാരാധന ദര്‍ശിക്കാന്‍ ദൂരദിക്കില്‍ നിന്നും ജനങ്ങള്‍ എത്തിച്ചേരുക പതിവാണ്..
ഏതാനും നിമിഷങ്ങൾകൊണ്ട് പാലത്തില്‍ സൂചി കുത്താന്‍പോലും സ്ഥലമില്ലാതായി. അതാ, ക്ഷേത്രത്തിലെ മണികള്‍ മുഴങ്ങിത്തുടങ്ങി. ഭക്തിസാന്ദ്രമായ അന്തരീക്ഷം. ഗംഗയും ശാന്തയായി എന്ന് തോന്നും. ദീപാരാധനത്തട്ടുകളുമായി പൂജാരികള്‍ എത്തിച്ചേര്‍ന്നു. 'ഗംഗാ മാതാ കീ ജയ്' എന്ന് എല്ലാ കണ്‍ഠങ്ങളില്‍ നിന്നും ഒരേ സമയം ഉയര്‍ന്നു പൊങ്ങി. ഗംഗയ്ക്ക് ആരതി ഉഴിയുന്ന സമയത്ത് 'ഓം ജയ് ഗന്ഗെ മാതാ ' എന്ന പ്രാര്‍ത്ഥനയും അവിടെ മുഴങ്ങിക്കേട്ടു. ദീപങ്ങളും പുഷ്പങ്ങളുമായി ആരതിത്തട്ടുകള്‍ ഗംഗയുടെ മാറില്‍ ഒഴുകി നടന്നു. ആരതിയും, ഗംഗയുടെ ഗംഭീര രാഗവും, ക്ഷേത്രത്തിലെ മണി മുഴക്കവും ആയിരങ്ങളുടെ ഹൃദയസ്പന്ദനവുമായി ഇഴുകിച്ചേര്‍ന്നു, (കഴിഞ്ഞതവണ മനസാദേവിയെ ദര്ശിച്ചു ഓടിക്കിതച്ചു വന്നപ്പോളേക്കും ആരതി കഴിഞ്ഞിരുന്നു. ആ ഖേദം ഇത്തവണ മാറിക്കിട്ടി.) പാലം കടന്നു ഞങ്ങള്‍ 'ഹരിയുടെ പാദം' ദര്‍ശിച്ച് ക്ഷേത്രദര്‍ശനം നടത്തി അയ്യപ്പക്ഷേത്രത്തിലേക്ക് തിരിച്ചു.
അധികം വീതിയില്ലാത്ത നല്ല തിരക്കുള്ള റോഡില്‍ക്കൂടിയാണ് ഓട്ടോ പോകുന്നത്. കുതിരവണ്ടികള്‍, ഓട്ടോ റിക്ഷകള്‍, സൈക്കിള്‍ റിക്ഷകള്‍, കാറ്കള്‍ .......തദ്ദേശീയരും വിദേശികളും തീര്‍ത്ഥാടകരുമായ കാല്‍നടക്കാര്‍ --എല്ലാംകൂടിയാകുമ്പോള്‍ പിന്നെ തിരക്കേനെ പറ്റി പറയേണ്ടല്ലോ ! കൂടാതെ ഹരിദ്വാറിലെ പ്രധാന കടവിലേക്കുള്ള വഴി കൂടി ആണ് ഇത്. റോഡിന്റെ ഇരുഭാഗത്തും ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ ഒരിഞ്ചു ഭൂമിപോലും വെറുതെ ഇടാതെ കടകള്‍ ഉണ്ട്. എല്ലാതരം ഉത്തരേന്ത്യന്‍ മിഠായികളും, പലഹാരങ്ങളും, ഇഡ്ലി-സാമ്പാറുമൊക്കെ ഒരു ഭാഗത്ത്. മറുഭാഗത്ത് തീര്‍ത്ഥക്കുടങ്ങള്‍ തുടങ്ങി ആകര്‍ഷകങ്ങളായ കരകൌശല വസ്തുക്കളും വിൽപ്പനയ്ക്കായി വെച്ചിരിക്കുന്നു. ഇവിടമൊക്കെ ഒന്ന് ശാന്തമാകാന്‍ രാത്രിയാകണം. റോഡിന്റെ വലതു ഭാഗത്താണ് അയ്യപ്പക്ഷേത്രം.
തിരിച്ചെത്തിയ ഉടനെ അയ്യപ്പസ്വാമിയെ ദര്ശിച്ച് അത്താഴവും കഴിച്ച് ഞങ്ങൾ മുറിയിലേക്ക് പോന്നു. സുഖനിദ്രക്ക് ഏവർക്കും ധൃതിയായി. എഴുത്ത് നിര്‍ത്തുന്നു.
പദ്മജച്ചമ്മയും, സതി അമ്മാമിയും ഉറക്കമായെന്നു തോന്നുന്നു. ഞാനും വിശ്രമിയ്ക്കട്ടെ..
പുറത്ത് ബഹളങ്ങള്‍ കെട്ടാറിയിരിയ്ക്കുന്നു.
അയ്യപ്പ സ്വാമി ഏവരെയും കാക്കട്ടെ.....
നിനക്കും ശുഭരാത്രി.
൮൮൮൮൮൮൮൮൮൮൮൮൮൮൮൮൮൮൮൮൮൮ ൮൮൮ ൮൮൮ ൮൮ ൮൮
ഹരിദ്വാർ
അയ്യപ്പ ക്ഷേത്രം.
23-6-2011
അമ്മിണീ, സുപ്രഭാതം !
ദേവഭൂമിയിൽ ഇന്നലെ സുഖമായി കിടന്നുറങ്ങി.
ഞങ്ങള്‍ ഏറെ മോഹിക്കുന്ന ചാര്ധാം തീര്‍ത്ഥയാത്ര ഏതാനും മിനുട്ടുകള്‍ക്കകം ആരംഭിക്കും. ആറര മണിയ്ക്ക് ഇറങ്ങാനാണ് പ്ലാന്‍. കുറച്ചു സമയം ഉണ്ട്. അതിനാല്‍ നിനക്കുള്ള കുറിപ്പുകൾ തുടരാമെന്ന് കരുതി. അതിരാവിലെ 4 മണിയ്ക്ക് ക്ഷേത്രമണി അടിയ്ക്കും മുന്പ് ഞങ്ങള്‍ എഴുന്നേറ്റു. കുളിച്ചു റെഡിയായി അയ്യപ്പസ്വാമിയെ ദര്‍ശിച്ചു പോന്നു. ക്ഷേത്രത്തിലെ ജോലിക്കാരായ കുട്ടികൾ നല്ല ചുടു ചായ മുറിയില്‍ കൊണ്ട് വന്നു തന്നു. (ഈ ചായ കുടിച്ചപ്പോള്‍ നിന്റെ അച്ഛനെ ഓര്‍ത്തൂ, അസ്സല് ചായ !)
ഹിമാലയത്തിനെയും ഉത്തരഖണ്ഡിനെ പറ്റിയും എത്ര വിവരിച്ചാലും മതിയാവില്ല. വിഷയങ്ങൾ അവസാനിക്കുകയും ഇല്ല. സദാ മഞ്ഞുമൂടിക്കിടക്കുന്ന പർവത നിരകള്‍, കൊടുമുടികള്‍, അവിടെനിന്നും ഒഴുകിവരുന്ന പുണ്യനദികള്‍, അപ്രാപ്യമായ മലയിടുക്കുകളിൽ തപം ചെയ്ത് ഭാരതീയ സംസ്ക്കാരം കാത്തു സൂക്ഷിയ്ക്കുന്ന ഋഷിവര്യന്മാര്‍ മറ്റു ഗുരുവര്യന്മാര്‍ ......ഇവരെയൊക്കെ ആദരപൂര്‍വ്വം മനസാ പാദസ്പര്ശം ചെയ്തുകൊണ്ട് ...............
ആദ്യം ഹരിദ്വാരിനെക്കുറിച്ച് രണ്ടു വാചകം എഴുതട്ടെ.
ഉത്തരാഞ്ചലിലെ ഗഢ് വാള്‍ ഭാഗത്തുള്ള 7 ജില്ലകളില്‍ ഒന്നാണ് ഉത്തര്‍ പ്രദേശിലേക്ക് തള്ളി നില്‍ക്കുന്ന ഹരിദ്വാര്‍. ശൈവാലിക് കുന്നിന്‍റെ താഴ്വരയില്‍ ഗംഗയുടെ വലത്തെ കരയില്‍ സമുദ്ര നിരപ്പില്‍ നിന്നും 951 അടി ഉയരത്തിലാണ് ഈ തീര്‍ത്ഥഭൂമി സ്ഥിതി ചെയ്യുന്നത്. 'ഹരി ദ്വാര്‍' എന്നാല്‍ 'ഹരിയുടെ ഭൂമിയിലേയ്ക്കുള്ള കവാടം' എന്ന് പറയാം. അല്ലെങ്കില്‍ ഹരിയേയും, (ബദരി) ഹരനെയും (കേദാര്‍) ദര്‍ശിക്കാന്‍ ദേവഭൂമിയിലെയ്ക്കുള്ള ഈ പ്രവേശനദ്വാരം കടന്നാണ് നമുക്ക് പോകേണ്ടത്.
ഹിമാലയത്തില്‍ നിന്ന് ഉത്ഭവിയ്ക്കുന്ന ഗംഗ, ശിവാലിക് മലനിരകള്‍ കടന്ന് ഹരിദ്വാരില്‍ എത്തുന്നതോടെ സമതലത്തില്‍ക്കൂടിയായി ഒഴുക്ക്. ഗംഗോത്രിയില്‍ വെച്ച് തന്റെ ജടയില്‍ ഏറ്റുവാങ്ങിയ ഗംഗയെ പരമശിവന്‍ കെട്ടഴിച്ചു വിട്ടത് ഇവിടെ വെച്ചാണത്രേ. ഗംഗ, ഭൂമിയില്‍ പതിച്ച ദിവസം 'ഗംഗാ ദശഹര' യായി ഇവിടെ കൊണ്ടാടുന്നു. വൈശാഖ മാസത്തിലാണ് ഈ പുണ്യദിനം.
( ഇതിനോട് അനുബന്ധമുള്ള ഭാഗീരഥന്റെ തപസ്സ്, സഗരന്റെ കഥ എന്നിവയെപ്പറ്റി വഴിയെ പറഞ്ഞു തരാം.)
'ഹര് കീ പൌരി' ക്ഷേത്രത്തിന്‍റെ മുന്നില്‍ ഉള്ള സ്നാനഘട്ടുകള്‍ പണ്ട് വിക്രമാദിത്യ രാജാവ്, സഹോദരനായ ഭര്‍തൃഹരിയുടെ ഓര്‍മ്മയ്ക്കായി നിര്‍മ്മിച്ചതാണത്രെ. മഹാവിഷ്ണു ഇവിടെ തപസ്സു അനുഷ്ടിച്ചിട്ടുണ്ട് എന്നും ഐതിഹ്യം ഉണ്ട്. ഗംഗാ മാതാവിന്റെ ക്ഷേത്രവും ഹരിയുടെ പാദമുദ്ര പതിഞ്ഞതുമായ ഈ പുണ്യഭൂമി 12 വര്ഷം കൂടുമ്പോള്‍ കുംഭമേള നടത്തുന്ന നാല് പുണ്യസ്ഥലങ്ങളില്‍ ഒന്നാണ്. മറ്റു പുണ്യഭൂമികള്‍, പ്രയാഗ്, ഉജ്ജൈന്‍, നാസിക്. ദേവഗുരുവായ ബ്രുഹസ്പതി, പാലാഴി കടഞ്ഞ് കിട്ടിയ അമൃതകുംഭവും കൊണ്ട് പോകുമ്പോള്‍ അസുരന്മാര്‍ പിന്നാലെ കൂടി. ഓട്ടത്തിന്നിടയില്‍ പാത്രത്തില്‍നിന്നും അമൃത് തുള്ളികള്‍ ഈ നാല് (ചാര്‍ധാം ) സ്ഥലങ്ങളിലും ഇറ്റു വീണതിനാലാണ് പുണ്യഭൂമിയായത് എന്നൊരു കഥകൂടിയുണ്ട്.
ഗംഗയും, യമുനയും ഭൂമിക്കക്കടിയില്‍ക്കൂടി ഒഴുകിയെത്തുന്ന സരസ്വതീനദിയും സംഗമിക്കുന്ന പുണ്യസ്ഥാനമായ അല്ലഹാബാദിലെ പ്രയാഗില്‍ വര്ഷം തോറും ത്രിവേണീസംഗമം കൊണ്ടാടുന്നു. 3 വർഷം കൂടുമ്പോൾ കുംഭമേളയും 6 വര്ഷം കൂടുമ്പോള്‍ അര്‍ദ്ധകുംഭമേളയും 12 വര്ഷം കൂടുമ്പോൾ മഹാകുംഭമേളയായും കൊണ്ടാടാറുണ്ട്. (മുത്തശ്ശന്‍ കാശിയില്‍ ജോലി ചെയ്തിരുന്ന കാലത്ത് 144 വര്‍ഷത്തിലൊരിക്കല്‍ സംഭവിക്കുന്ന അപൂര്‍വമായ മഹാകുംഭമേളയ്ക്ക് അല്ലഹാബാദിലെ പ്രയാഗ് സാക്ഷ്യം വഹിക്കുകയുണ്ടായി. ബൃഹസ്പതിയുടെയും മറ്റും പ്രത്യേക ഗ്രഹനില മൂലം ആ വര്‍ഷത്തെ മഹാകുംഭമേള വളരെ അത്യപൂര്‍വവും വിശേഷപ്പെട്ടതുമായി കണക്കാക്കപ്പെട്ടിരുന്നു. 12 കോടിയിലധികം ജനം ഈ പുണ്യഭൂമിയില്‍ എത്തിച്ചേര്‍ന്നിരുന്നതായി പറയപ്പെടുന്നു. ലോകത്തിലെ മഹാസംഭവങ്ങളില്‍ ഒന്നാണ് ഈ ചരിത്രം കുറിച്ച ജനസമാഗമം. അടുത്തകാലത്തായി ഇതിന്‍റെ പത്തിരട്ടിയോളം ജനം ഒത്തുകൂടുന്നു എന്ന് കണക്കുകള്‍ പറയുന്നു.
ഭാരതത്തിന്‍റെ മുക്കിലും മൂലയിലുമുള്ള എല്ലാ സന്യാസിമാരുടെയും അപൂര്‍വ സമാഗമനാളുകള്‍. പവിത്ര നദികളുടെ സംഗമസ്ഥാനത്ത് സ്നാനം ചെയ്യാനായി എത്തിച്ചേരുന്നത് ജനലക്ഷങ്ങളാണ്. ബസ്സുകളും മറ്റു വാഹനങ്ങളും കിലോമീറ്ററുകള്‍ ദൂരെ നിര്‍ത്തിയിടണം. അതിനാല്‍ ഏറെ ദൂരം നടന്നാണ് ഭക്തജനങ്ങള്‍ കുംഭമേളക്ക് എത്തിയിരുന്നത്. അതും പ്രായമായവരും, അംഗവൈകല്യം സംഭവിച്ചവരും, മക്കള്‍ ചുമന്നുകൊണ്ട് വരുന്നവരും. ഈ പുണ്യഭൂമിയിലെ സാന്നിദ്ധ്യം, സംഗമത്തിലെ മുങ്ങിനിവരല്‍, അവിടെ എത്തിപ്പെടുന്ന സന്യാസവര്യരുടെ സാമീപ്യം..... എല്ലാം ജന്മസായൂജ്യമായി വിശ്വസിക്കുന്നവര്‍...
ഡസനിലധികം പൊന്തിക്കിടക്കുന്ന പാലങ്ങളാണ് ഗംഗയ്ക്കു കുറുകെ ഉണ്ടാക്കിയിരുന്നത്. പാലം കടക്കാന്‍ പാസ്സ് വേണം. നടത്തിപ്പുകാരുടെ ജീപ്പുകള്‍ മാത്രമേ പാലം കടന്നിരുന്നുള്ളൂ.
120 ഓളം കി.മീ ദൂരേ സ്ഥിതിചെയ്യുന്ന കാശി നഗരവും തീര്ത്ഥാടകാരെക്കൊണ്ട് നിറഞ്ഞ് കഴിഞ്ഞു. ബന്ധുഗൃഹങ്ങളിലും തിരക്കായി. അങ്ങിനെ ഒരുനാള്‍ മുത്തശ്ശന്‍റെ ഓഫീസിലുള്ള ചില പരിചയക്കാരന്‍ വഴി ഞങ്ങള്‍ക്കും കുംഭമേളക്ക് പോകാനുള്ള പാസ് കിട്ടി. പ്രയാഗിലേക്ക് ഞങ്ങള്‍ ഓഫീസ് ജീപ്പില്‍ ആണ് പോയത്. ആഫീസിലെ ചിലരും കൂടെ ഉണ്ടായിരുന്നു. അവിടെ നിന്നും 14 ആം നമ്പർ പാലത്തിലൂടെ മേള നടത്തിപ്പുകാരുടെ ജീപ്പില്‍ ആ പുണ്യഭൂമിയിലേക്ക് കടക്കാനുള്ള ഭാഗ്യവും ലഭിച്ചു. (ഒരു ഡസനിലധികം പൊന്തിക്കിടക്കുന്ന പാലങ്ങളാണ് ഗംഗയ്ക്കു കുറുകെ ഉണ്ടാക്കിയിരുന്നത്. പാലം കടക്കാന്‍ പാസ്സ് വേണം.) ഒരു വയസ്സ് തികയാത്ത നവീനമ്മാമന്‍, എഴുപതു വയസ്സിലധികം പ്രായമുള്ള മുത്തശ്ശന്റെ അച്ഛന്‍, കാഴ്ച കുറവുള്ള മുത്തശ്ശി, മൂന്നുവയസ്സുള്ള നിന്‍റെ അമ്മ, മറ്റു സുഹൃത്തുകള്‍..... സൂചികുത്താന്‍ പോലും ഇടമില്ലാത്ത ആ പുണ്യഭൂമിയില്‍ കൂട്ടം തെറ്റാതെ അലഞ്ഞു നടന്നത് ഇന്നും ഒരല്‍ഭുതമായിത്തന്നെയേ ഓര്‍ക്കാന്‍ കഴിയൂ. വിശേഷ ദിവസമായ മകരമാസത്തിലെ വസന്ത പൌര്‍ണ്ണമിനാളായിരുന്നു അന്ന്. സന്ധ്യയായപ്പോള്‍ തിരക്ക് കുറഞ്ഞു. നിലാവില്‍ തെളിഞ്ഞു കിടന്ന ത്രിവേണിയിലെ ജലം കൊണ്ട് ദേഹശുദ്ധി വരുത്തി. പതിറ്റാണ്ടുകള്‍ക്ക് മുന്‍പത്തെ അനുഭവം. എന്നാലും ഒരിക്കലും മറക്കാൻ വയ്യ ! നിറപ്പകിട്ടില്‍ മുങ്ങിയ എണ്ണിയാലൊടുങ്ങാത്ത ജനക്കൂട്ടത്തിന്റെ കോലാഹലങ്ങള്‍ക്കിടയില്‍ മുഴങ്ങുന്ന ഓംകാരധ്വനികളും മന്ത്രങ്ങളും കൊണ്ട് അന്തരീക്ഷം പ്രതിധ്വനിച്ചിരുന്നത് ഇപ്പോഴും അനുഭവിക്കാന്‍ കഴിയുന്നു.
കാശിയിൽ വെച്ചൊന്നും കണ്ടിട്ടില്ലാത്ത വിചിത്ര വേഷഭൂഷകളും, രൂപഭാവങ്ങളുമുള്ള സന്യാസിമാരെ അന്നാണ് ആദ്യം കാണുന്നത്. ആനപ്പുറത്തുനിന്നു താഴെ ഇറങ്ങാതെ സംഗമത്തില്‍ സ്നാനം ചെയ്യുന്ന സന്യാസിമാര്‍ ഉണ്ട്. നഗ്നസന്യാസിമാർ, നാഗസന്യാസിമാർ, മേലാസകലം ഭസ്മം പൂശിയവർ, ജടാധാരികൾ, അഘോരികള്‍ എന്നു വേണ്ട, ഭയപ്പെടുത്തുന്നവരും ശാന്തപ്രകൃതക്കാരുമൊക്കയായി വിവിധ തരക്കാരായ ഭാരതീയ സന്യാസിമാരുടെ ഒരു മായാലോകം തന്നെ ഇവിടെ കാണാം. ഇവർക്കൊക്കെ താമസിക്കാൻ ആയിരക്കണക്കിലധികം ടെന്റുകളും മറ്റുമുണ്ട്. മുഖ്യ സന്യാസിവര്യര്‍ക്ക് പ്രത്യേക സംരക്ഷണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
അക്കാലത്ത് നാട്ടിൽ നിന്നും വരുന്ന ബന്ധുക്കളെ സംഗമസ്നാനത്തിനായി പലകുറി പ്രയാഗിലേയ്ക്ക് കൊണ്ട് പോയിട്ടുണ്ട്. ത്രിവേണീസംഗമത്തിലെ സ്നാനത്തിനാണ് പ്രാധാന്യം. നദികളുടെ ഒഴുക്കിനനുസരിച്ച് സംഗമസ്ഥാനം കരയില്‍ നിന്നും കുറച്ച് ദൂരെക്ക് മാറാറുണ്ട്. മുങ്ങിക്കുളിക്കേണ്ടവരുടേയും ബലി തര്‍പ്പണം ചെയ്യേണ്ടവരുടേയും സൌകര്യത്തിനായി കെട്ടിയുണ്ടാക്കുന്ന പ്ലാറ്റുഫോമുകള്‍ മാറ്റി സ്ഥാപിക്കുക പതിവാണ്. അപ്പോള്‍ സംഗമസ്ഥാനത്തേയ്‌ക്ക് തോണിയിൽ പോയി സ്നാനം ചെയ്യണം . (അങ്ങിനെ ഒരിക്കല്‍ നിന്‍റെ അമ്മയെ ബന്ധുക്കള്‍ ആരോ എടുത്ത് മുക്കുകയും മണിക്കൂറുകള്‍ക്കുള്ളില്‍ പനി വരികയും ഇന്ഫെക് ഷന്‍ ആവുകയും ചെയ്തു.) അമ്മമ്മയുടെ അമ്മയുടെ ഏടത്തിമാരും സഹോദരന്മാരും മറ്റും വന്ന സമയത്ത് പ്ലാറ്റ്ഫോമില്‍ നിന്നും ത്രിവേണീസംഗമത്തിലേക്ക് അവര്‍ എടുത്ത് ചാടുകയും തെരുതെരെ മുങ്ങുകയും ചെയ്യുന്നത് കണ്ട് ചുറ്റുമുള്ളവരെല്ലാം നോക്കി നിന്ന സംഭവം ഓര്‍മ്മ വരികയാണ്. പലപ്പോഴും തീര്‍ത്ഥാടകരേക്കാള്‍ തോണിക്കാരുടെയും കര്‍മ്മംചെയ്യിക്കാന്‍ വരുന്നവരുടെയും തിരക്കാണ് കാണാന്‍ കഴിയുക. തോണിയില്‍ പിന്തുടര്‍ന്ന് വന്ന് കര്‍മ്മം ചെയ്യിക്കാനുള്ള ചാര്‍ജ്ജ് പേശിപ്പേശി കൂട്ടലും കിഴിക്കലും. . ...ആകെ ബഹളം തന്നെ.
അല്ലഹാബാദിലെ ആനന്ദഭവന് മുന്നില്‍ താടിക്കു കയ്യും കൊടുത്ത് അമ്മ ഇരിക്കുന്ന ഒരു ഫോട്ടോ ആല്‍ബത്തില്‍ ഉണ്ട്. നമ്മുടെ പൂര്‍വ പ്രധാനമന്ത്രിമാരായിരുന്ന നെഹ്രുജിയും മകള്‍ ഇന്ദിരാ ഗാന്ധിയും ജനിച്ചുവളര്‍ന്ന സൌധമാണത്. മഹാത്മാ ഗാന്ധിയും മറ്റു നേതാക്കളും ബ്രിട്ടീഷ് മേധാവികളുമൊക്കെ ആനന്ദ ഭവനില്‍ സദാ സമ്മേളിച്ചിരുന്നു. പിന്നീട് ആനന്ദഭവന്‍ ഒരു ചരിത്ര മ്യുസിയമാക്കി മാറ്റി. അല്ലഹാബാദ് ഫോര്‍ട്ട് തുടങ്ങി സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന പലതും ചുറ്റുവട്ടത്ത് ഉണ്ട്.
ഇനി രാത്രി എഴുതാം. ഞങ്ങൾക്ക് പോകാനുള്ള വാഹനം എത്തി.
ഹിമവാനെയും, അയ്യപ്പസ്വാമിയെയും, ഉപദേവന്മാരെയും പ്രത്യേകിച്ച് ഹനുമാന്‍ സ്വാമിയെയും വന്ദിച്ച് ശരണം വിളിച്ച് ഗുരുകാരണവർമാരെ സ്മരിച്ചു കൊണ്ട് യാത്ര തുടങ്ങുകയാണ്.
എല്ലാവര്‍ക്കും ശുഭദിനം.
.
൯൯൯൯൯൯൯൯൯൯ ൦൦൦൦൦൦൦൦൦൦൦൦൦ ൯൯൯൯൯൯൯൯൯൯൯൯ ൦൦൦൦൦൦൦൦൦൦൦൦൦
റാണാച്ഛട്ടി , യമുനോത്രി
23 -6 -11
അമ്മിണീ,
യമുനോത്രിയിൽ നിന്നും ഏതാനും കി.മീറ്റർ ഇപ്പുറത്തു റാണാച്ഛട്ടിയിലെ 'കൃഷ്ണ ലോക്' എന്ന ഹോട്ടല് മുറിയിലിരുന്നു നിനക്കുള്ള കുറിപ്പുകൾ എഴുതുന്നു. സതി അമ്മാമിയും, പദ്മജച്ചമ്മയും രാജായിക്കുള്ളിലായി.
ഇവിടെ ഞങ്ങൾ ഇരുട്ടുന്നതിനു മുൻപേ എത്തി. വന്നയുടനെ നല്ല ചുടു ചായ കിട്ടി. വലിയ തിരക്കൊന്നുമില്ലാത്ത ഹോട്ടൽ. അത്യാവശ്യം വൃത്തിയും ഉണ്ട്. മൂന്ന് മുറികൾ അടുത്തടുത്ത് കിട്ടി. മുറിയിൽ നിന്നും പുറത്തേയ്ക്കു ഒരു ബാൽക്കണിയുണ്ട്. അവിടെ നിന്നാൽ യമുനാദേവിയെ സുഖമായി കേൾക്കുകയും കാണുകയുമാകാം. അക്കരെ ഒരു ഊക്കൻ മലയാണ്. മലമുകളിലേക്ക് കയറിപ്പോകാനുള്ള നടവഴി വളഞ്ഞും തിരിഞ്ഞും പോകുന്നത് തെളിഞ്ഞു കാണാം. ആ മലയുടെ മുകളിൽ ആൾത്താമസമുണ്ട് എന്ന് സന്ധ്യയായപ്പോൾ മനസ്സിലായി. മലയുടെ ഉച്ചിയിൽ ധാരാളം വൈദ്യുതി വിളക്കുകൾ കത്തുന്നതു കണ്ടു.
ഈ മലയെ 'കുധാർ' എന്നാണു വിളിയ്ക്കുക എന്ന് ഹോട്ടലിലെ ഒരു കുട്ടി പറഞ്ഞു. സ്‌കൂളിൽ പഠിയ്ക്കുന്ന പയ്യനാണ്. അവധിക്കാലമായതിനാൽ ഇവിടെ അച്ഛനെ സഹായിക്കാൻ വന്നിരിക്കുകയാണ്. ഈയിടെയായി 'ചാര്ധാം' തീര്‍ത്ഥാടകരുടെ സംഖ്യ കൂടിയിരിയ്ക്കുകയാണ്. യാത്രികളുടെ സൌകര്യത്തിനായി വഴിയില്‍ പലേ സ്ഥലത്തും താമസ സൌകര്യങ്ങള്‍ സര്‍ക്കാര്‍ അവിടത്തെ ഗ്രാമീണരുടെ സഹായത്തോടെ ഒരുക്കിയിട്ടുണ്ട്.
ഹോട്ടൽ നടത്തുന്നത് ഗഢ്‌വാളികളാണ്. ഇക്കാലത്ത് ഇവര്‍ കുടുംബത്തോടെ ഗ്രാമം വിട്ടു വഴിയോരത്തുള്ള വീടുകളില്‍ താമസമാക്കുന്നു. താമസസ്ഥലങ്ങളെ ഗഢ്‌വാളികൾ നടത്തുന്ന 'ഹോംസ്റ്റേ', സത്രം അല്ലെങ്കിൽ ഹോട്ടല്‍ എന്ന് പറയാം. കുടുംബാംഗങ്ങൾ തന്നെ എല്ലാ ജോലികളും ചെയ്യുന്നു. കുട്ടികള്‍ക്കാണെങ്കില്‍ വേനലവധിക്കാലം. അവരും ഉത്സാഹത്തോടെ അതിഥികളെ സ്വീകരിക്കാൻ കൂടുന്നുണ്ട്. മഞ്ഞുവീഴ്ച്ച തുടങ്ങിയാൽ ഇവര്‍ തിരിച്ചു ഗ്രാമത്തിലേക്ക് പോകും. സർക്കാർ ഇതിന്നായി ഇവർക്ക് ധനസഹായവും നൽകുന്നുണ്ട്. ഇവരുടെ വേനല്‍ത്തണുപ്പ് തന്നെ നമുക്ക് സഹിക്കാന്‍ വയ്യ. പൈപ്പിലെ വെള്ളം എടുത്തു മുഖം കഴുകാനോ, ശൗചം ചെയ്യാനോ വയ്യ. ഈ നാട്ടിലെ വേനൽക്കാലം ഇങ്ങിനെയാണെങ്കില്‍.....
തണുപ്പ് കാരണം വിശപ്പ് അറിയാതെയായി. എന്തായാലും നേരത്തെ ഭക്ഷണം കഴിച്ചു. തരക്കേടില്ല.
ആ കഥകൾ അവിടെ നിക്കട്ടെ.
ഇന്ന് രാവിലെ ഞങ്ങൾ 6.30 നു തന്നെ ഹരിദ്വാറിൽ നിന്നും ഇറങ്ങി എന്ന് പറഞ്ഞല്ലോ. ഒരു ബൊലേറോവിലാണ് യാത്ര. ചാർധാം യാത്രക്ക് ഈ വണ്ടിക്കാരനെ ഏല്പിച്ചത് അയ്യപ്പ ക്ഷേത്രത്തിന്‍റെ ഉത്തരവാദിത്വമുള്ള വിഷ്ണു നമ്പൂതിരിയാണ്. വണ്ടി ഓടിയ്ക്കുന്നത് ആ നാട്ടുകാരനായ ഗൗരവനാട്യമുള്ള ഭഗവൻസിംഗ്.
ഋഷീകേശിലേക്കുള്ള വഴിയിലൂടെയാണ് യാത്ര. ഏകദേശം 24 കി.മീ ദൂരമുണ്ട് ഋഷീകേശിലേക്ക്. പക്ഷെ, കുറെ ദൂരം പോയ ശേഷം ഇടത്തോട്ടെയ്ക്ക് വണ്ടി തിരിച്ചു. ഡെഹ്റാഡൂൺ ജില്ലയിലെ മസൂരി വഴി യമുനോത്രിക്കാണ് ആദ്യം പോകുന്നത്. ഹരിദ്വാറിൽ നിന്നും ഏകദേശം 246 കി.മീറ്റർ ദൂരമുണ്ട്. (ആദ്യ യാത്രയിൽ ഞങ്ങള്‍ രണ്ടു രാത്രി ഋഷീകേശില്‍ താമസിക്കുകയുണ്ടായി. ശ്രീനഗർ വഴി ബസ്സിലായിരുന്നു ഞങ്ങൾ പോയത്. അന്ന് കേദാറും ബദരിയും മാത്രമേ സന്ദർശിച്ചുള്ളൂ. നല്ല തണുപ്പ് ഉണ്ടായിരുന്നെങ്കിലും സുഖകരമായ കാലാവസ്ഥയായിരുന്നു.)
ഹിമാലയത്തിലെ 120 കി.മീറ്റർ നീളത്തിൽ കിടക്കുന്ന ഡൂൺ താഴ്വരയുടെ ഏകദേശം മദ്ധ്യത്തിലായി ഡെഹ്റാഡൂൺ അഥവാ ഡെരാഡൂൺ പട്ടണം സ്ഥിതി ചെയ്യന്നു.'ഡേരാ' എന്ന വാക്കിനു ക്യാംപ് എന്നും, ഡൂൺ ശബ്ദത്തിനു താഴ്വര എന്നും ആണ് അർത്ഥം. ഇവിടത്തെ ഫോറെസ്റ് റിസർച്ച് ഇന്സ്ടിട്യൂട്ടും ഡൂൺ സ്‌കൂളും പ്രസിദ്ധമാണ്. പേരുകേട്ട സുഗന്ധ അരി, ബാസുമതി ഇവിടെയാണ് വിളയുന്നത്.
വഴിയോരത്തുള്ള ഒരു പഞ്ചാബിയുടെ ഢാബയിൽ നിന്നും പ്രഭാത ഭക്ഷണം കഴിച്ചു. നല്ല രുചിയുള്ള മേഥിയുടെ (ഉലുവയില) പൊറോട്ട. (ആലൂ പൊറോട്ട നീ കഴിച്ചിട്ടുണ്ടല്ലോ,)
പ്രകൃതി ഭംഗി ആസ്വദിച്ചു യാത്ര തുടരവേ, ഡെഹ്‌റാഡൂൺ ജില്ലയിലെ പ്രധാന പട്ടണമായ മസൂറിയിലേയ്ക്കുള്ള പ്രവേശന കവാടം അഥവാ 'ദേവഭൂമി' യിലേക്ക് സ്വാഗതമോതുന്ന സ്വർഗ്ഗ കവാടം കടന്നു. നല്ല റോഡും ഇരുഭാഗങ്ങളിലെ സമൃദ്ധിയായ വനവൃക്ഷങ്ങളുടെ കുളിര്‍മ്മ ആസ്വദിച്ചുകൊണ്ടുള്ള യാത്രയില്‍ ദൂരമോ സമയമോ ചിന്തയില്‍ ഉദിച്ചതേയില്ല. മുസോറി / മസൂറി പട്ടണമായപ്പോളേക്കും ഞങ്ങൾ 6,000 അടി മുകളിലെത്തി. ഡ്രൈവർ വഴിയോരത്തു വണ്ടി നിർത്തി വലതുഭാഗത്തേയ്ക്കു വിരൽ ചൂണ്ടി. നോക്കിയപ്പോൾ അവിടെ ഒരമ്പലം കണ്ടു. ഞങ്ങൾക്കെല്ലാം ഹിന്ദി മനസ്സിലാകും. എന്നാലും മൂപ്പർക്ക് വായ തുറക്കാൻ മടി. കാര്യം മനസ്സിലായി__പോയി തൊഴുതു വന്നോളിൻ. അപ്പോഴേയ്ക്കും ഞാൻ ചായ കുടിച്ചു വരാം.
ഞങ്ങൾ റോഡുമുറിച്ചു കടന്നു. 'പ്രകാശേശ്വർ മഹാക്ഷേത്രം' അഥവാ 'ഓംകാരേശ്വര ക്ഷേത്രം'. സദാ 'ഓം' കാരധ്വനി മുഴങ്ങിക്കൊണ്ടിരിയ്ക്കുന്ന ക്ഷേത്രത്തിൽ അത്യാവശ്യം തിരക്കുണ്ട്. പ്രവേശന കവാടം കടന്നു അകത്തെത്തിയപ്പോൾ ഞങ്ങൾ ഒരു നിമിഷം തരിച്ചു നിന്നുപോയി. മനോഹരമായ ആകൃതിയിലുള്ള വെണ്മയാര്‍ന്ന ക്രിസ്റ്റൽ ശിവലിംഗങ്ങളാണ് നമ്മളെ സ്വാഗതം ചെയ്യുന്നത്. ആദ്യമായാണ് ക്രിസ്റ്റൽ കൊണ്ടുള്ള ഈശ്വരപ്രതിഷ്ഠ കാണുന്നത്. മറ്റൊരു ഭാഗത്തു നീല ക്രിസ്റ്റൽ ലിംഗങ്ങൾ.....അത്ഭുതം തന്നെ ! മനസ്സിന് സുഖം തോന്നുന്ന ഒരന്തരീക്ഷം അവിടെ അനുഭവപ്പെട്ടു. നാലുപാടും തൂക്കിയിട്ടിരിക്കുന്ന ബോർഡുകളിൽ വലുതാക്കി ഇങ്ങിനെ എഴുതിയിരിക്കുന്നു. .----- " ഭഗവാന് കാശിന്റെ ആവശ്യമില്ല. അതിനാൽ ഒരു പൈസ പോലും ആരും അർച്ചിക്കരുത്."
ഇങ്ങിനെയും ഒരു ക്ഷേത്രമോ ? ഇന്നുവരെ ഒരു ക്ഷേത്ര ഭാരവാഹികളോ, പൂജാരികളോ പറഞ്ഞു കേൾക്കാത്ത കാര്യം ! ഭണ്ഡാരപ്പെട്ടി ഇല്ലാത്ത ക്ഷേത്രം !! തീർത്ഥാടകാരിൽനിന്നും മറ്റും പരമാവധി കാശ് ഈടാക്കാൻ ശ്രമിയ്ക്കുന്ന ഇക്കാലത്ത് ഇങ്ങിനെയും ചിന്തിക്കുന്നവർ ഉണ്ടല്ലോ !
ചാര്‍ധാം യാത്രയിലെ ആദ്യത്തെ ക്ഷേത്ര ദർശനം കണ്ണുതുറപ്പിയ്ക്കുന്നതായി.
പ്രസാദം വാങ്ങാനായി വരിയിൽ നിൽക്കുമ്പോളും ഒരു ശങ്ക. എങ്ങിനെ വെറുതെ പ്രസാദം വാങ്ങിപ്പോകും ? പ്രസാദം നല്‍കുമ്പോളും ദക്ഷിണ സ്വീകരിക്കില്ല. മുന്നിലെ ആ ബോര്‍ഡ് ഭക്തരെ സദാ ഓര്‍മ്മിപ്പിച്ചു കൊണ്ടിരുന്നു----ഭഗവാന് രൂപയുടെ ആവശ്യമില്ല, ഇവിടെ ഒരു വസ്തുവും അർച്ചിക്കരുത് -- ഉണങ്ങിയ ഇലകള്‍ കൊണ്ടുള്ള കുമ്പിളിൽ ഒരു തരം മിക്സ്ചറും, ലിച്ചി എന്ന പഴവും. ആനന്ദകരമായ ഭിക്ഷ !
പ്രകാശേശ്വര ക്ഷേത്രം -- പേരുപോലെ മനോഹരമായതും ശാന്തിയുടെ പ്രതീകവും. വെണ്മയും നീലിമയുമാർന്ന ക്രിസ്റ്റൽ വിഗ്രഹങ്ങൾ മനസ്സിൽ പതിഞ്ഞു കിടന്നു. ഓംകാരേശ്വരനോട് വിടപറഞ്ഞു ഞങ്ങൾ പുറത്തു കടന്നു. വരിവരിയായി പാർക്ക് ചെയ്ത വാഹനങ്ങളുടെ പിൻഭാഗത്തു ഒരു അരമതിലുണ്ട്. അതിനുമപ്പുറം താഴെ അഗാധതയിൽ വലിയ കാടാണ്. അരമതിലിൽ നിരന്നിരിക്കുകയാണ് വാനരക്കൂട്ടം. ഞങ്ങൾ അടുത്തു ചെന്നപ്പോൾ കൈനീട്ടുന്നു.------ ക്ഷമിക്കണം, കൂട്ടരേ ! ലിച്ചി തിന്നിട്ട് കാലം കുറെ ആയി, അത് തരില്ല, എന്ന് പറഞ്ഞു ബാക്കിയുള്ളത് നീട്ടിയ കൈകളിൽ വെച്ചുകൊടുത്തു.
ഹിമാലയൻ കാറ്റ് ശ്വസിച്ചു പുറത്തെ പ്രകൃതി ദൃശ്യങ്ങളിലേക്കു നോക്കിക്കൊണ്ട് യാത്ര തുടർന്നു. മുസൊറി, മലകളുടെ രാജ്ഞിയായാണ് അറിയപ്പെടുന്നത്. മനോഹരമായ ദൃശ്യവിരുന്നൊരുക്കിയ നിരവധി കുന്നുകളും താഴ്വരകളും വെള്ളച്ചാട്ടങ്ങളുമുള്ള പ്രദേശം. സമയക്കുറവു കാരണം വണ്ടി നിർത്തി പ്രകൃതി ഭംഗി കാണാൻ തുനിഞ്ഞില്ല.. സന്ധ്യയാകുമ്പോളെയ്ക്കും യമുനോത്രിയിൽ എത്തണം. റോഡാണെങ്കിൽ വളരെ മോശം. ഭഗവന്‍ സിംഗ് വണ്ടി എവിടെയും നിര്‍ത്തിയില്ല. പാകതയുള്ള വേഗതയിലാണ് പോകുന്നത്.
യാത്രികൾക്കായി വഴിയിൽ അവിടവിടെയായി 'ശൗചാലയങ്ങള്‍ ' ഉണ്ടാക്കിയിട്ടുണ്ട്. മലകളില്‍ നിന്നും ഒഴുകി വരുന്ന വെള്ളം പൈപ്പ് വഴി ശൌചാലയങ്ങളില്‍ എത്തിച്ചിരിക്കുന്നു. വെള്ളം പിശുക്കില്ലാതെ ഉപയോഗിക്കാം ( അപ്പോള്‍ വൃത്തിയുണ്ട് എന്ന് പ്രത്യേകം പറയുന്നില്ല.). അതിന്റെ മേല്‍നോട്ടം തൊട്ടടുത്ത് താമസിയ്ക്കുന്ന കുടുംബത്തിനെയാണ് ഏല്പിച്ചിരിയ്ക്കുന്നത്. ഉപയോഗിയ്ക്കുന്നവര്‍ 5 രൂപ വീതം അവർക്കു നല്‍കണം.
വാഹനത്തില്‍ നിന്നും പുറത്തിറങ്ങിയാല്‍ അത്ര തണുപ്പൊന്നും ഇല്ല. ഇരുഭാഗത്തുമുള്ള കാടുകൾക്കിടയില്‍ക്കൂടി വെയില്‍ അരിച്ചിറങ്ങുന്നുണ്ട്.
സമയം ഉച്ചയോടടുത്തു. നൈൻബാഗ് എന്ന ഒരു ചെറിയ അങ്ങാടിയിൽ ഉച്ചഭക്ഷണത്തിനായി വണ്ടി നിർത്തി. നല്ല അരികൊണ്ടുള്ള ചോറ്, പക്ഷെ, വേവ് കുറവാണ് എന്ന് മാത്രം..സ്ഥിരം
വിഭവങ്ങൾ--പരിപ്പും, ഉരുളക്കിഴങ്ങും. നിന്‍റെ അമ്മയുടെയും, അമ്മാമന്റെയും ഇഷ്ട ഭക്ഷണം.
ഹോട്ടൽ മുറിയുടെ ചുമരിൽ വലുതാക്കി എഴുതിയ വാചകങ്ങൾ ശ്രദ്ധിച്ചു
-- -നിങ്ങളുടെ പെരുമാറ്റം തന്നെയാണ് നിങ്ങൾ ആരാണെന്നറിയിക്കാനുള്ള അടയാളം.
---പുകവലി വിഷപാമ്പുപോലെയാണ്. അതിനാൽ അതിനെ ആസകലം .. ചവിട്ടിയരച്ചുകൊള്ളുക........
എഴുതിയിരിയ്ക്കുന്നത് ഹിന്ദിയിലാണ്. നല്ല വാചകങ്ങള്‍.
ഭക്ഷണം കഴിഞ്ഞയുടൻ വണ്ടി വിട്ടു. ഒരുപോള കണ്ണടയ്ക്കാതെ എല്ലാ ദൃശ്യങ്ങളും മന:കാമറയിൽ പകർത്തി. ഓരോ സെക്കന്‍ഡിലും മിന്നി മറയുന്ന കാഴ്ചകള്‍. ഒന്നും നഷ്ടപ്പെടുത്തിക്കൂടാ. അത്രയ്ക്ക് ഹൃദ്യമാണ് ഈ ഹിമാലയൻ പ്രകൃതി ദൃശ്യങ്ങള്‍ എന്ന് പറയേണ്ടല്ലോ. അതൊക്കെ ആസ്വദിച്ചു കാണാന്‍ നില്‍ക്കാന്‍ സമയമില്ലല്ലോ എന്ന നേരിയ സങ്കടം. അവിടവിടെയായി മലയിടിച്ചില്‍ ഉള്ള സ്ഥലങ്ങളിലെല്ലാം റിപയര്‍ അപ്പപ്പോള്‍ നടത്തുന്നുണ്ട്. എന്നാലും റോഡിന്റെ സ്ഥിതി ഭയാനകം തന്നെ.
ഒരു മലമടക്ക് കഴിഞ്ഞു പുറത്തുവന്നപ്പോള്‍ കാതില്‍ ശക്തിയായി വെള്ളം വീഴുന്ന ശബ്ദം. ഇടത് ഭാഗത്ത് കലങ്ങി മറിഞ്ഞു കുത്തിയൊലിച്ച് ആരവം മുഴക്കി യമുനാദേവി തന്റെ വരവ് അറിയിക്കുകയാണ്. വലതു ഭാഗത്തെ ഊക്കന്‍ പര്‍വതത്തില്‍ നിന്നും വലിയ ഉരുളന്‍ കല്ലുകള്‍ ഉരുണ്ടു വീണ് വഴി തടസ്ഥപ്പെടുത്തിയിരിയ്ക്കുന്നു. റോഡിന്‍റെ ഇടത് ഭാഗം കവര്‍ന്നെടുത്തുകൊണ്ടാണ് യമുനയുടെ വരവ്. ഇരു ഭാഗത്തും അപകടം പതിയിരിയ്ക്കുന്നു. മഴപെയ്യുന്ന കാരണം റോഡില്‍ ചളി കെട്ടി നില്‍ക്കുന്നു. ആടിയുലയുന്ന വാഹനത്തെ ഭഗവന്‍ജി വളരെ ശ്രദ്ധിച്ചാണ് മുന്നോട്ട് എടുത്തത്. പര്‍വതത്തിന്റെ ഓരം ചേര്‍ന്ന് വണ്ടി കഷ്ടിച്ച് കടന്നു പോന്നു.
പ്രകൃതി സൌന്ദര്യവും, പുറത്തെ അന്തരീക്ഷവും മനം കുളിര്‍പ്പിയ്ക്കുമ്പോള്‍ മുന്നോട്ടുള്ള വഴിയെക്കുറിച്ചു ആശങ്കയും കൂട്ടിനെത്തി.
ബാര്‍ക്കൊട്ട് എന്ന സ്ഥലത്ത് ചായകുടിയ്ക്കാനായി വണ്ടി നിര്‍ത്തി. സീസണ്‍ അല്ലാഞ്ഞിട്ടാകാം ആപ്പിളോ മറ്റു പഴങ്ങള്‍ ഒന്നും തന്നെയോ കാണുന്നില്ല. യാത്രയ്ക്കിടയിൽ ഉള്ള ഒരു പ്രധാന അങ്ങാടിയാണിത്. ഋഷീകേശ് വഴി യമുനോത്രിയ്ക്ക് പോകുന്നവരും ഇവിടെ വന്നു ചേരുന്നു. യമുനോത്രിക്ക് ഇനി 45 കി.മി ദൂരമേ ഉള്ളൂ എങ്കിലും മോശമായ വഴിയും, മഴച്ചാറലും യാത്ര അത്ര സുഖകരമാകില്ലെന്ന തോന്നലുണ്ടാക്കി. പക്ഷേ ഭഗവാൻജിയുടെ സാരഥിത്വത്തിൽ നല്ല വിശ്വാസം ഉണ്ടായിരുന്നു.
വഴി നീളെയുള്ള പ്രകൃതി ഭംഗിയെപ്പറ്റി പറയാന്‍ വാക്കുകളില്ല. ഇടതു ഭാഗത്ത് ദൂരെ തലയുയര്‍ത്തി നില്‍ക്കുന്ന മല ചൂണ്ടി ഭാഗവാന്ജി, അതാണ് 'ബന്ദര്‍ പൂന്ച്' മല എന്ന് പറഞ്ഞു. കുരങ്ങന്റെ വാല് !
ഏകദേശം 30 കി.മി.യാത്ര ചെയ്ത് 'റാണാച്ഛട്ടി' യില്‍ എത്തി. സമയം സന്ധ്യ ആകാറായി. ഇവിടെ വഴിയോരത്ത് ഒന്ന് രണ്ടു ചെറിയ ഹോട്ടലുകളും ചെറിയ കടകളും മാത്രമേ ഉള്ളൂ. ആൾത്താമസം അടുത്തൊന്നും ഇല്ല.
അങ്ങിനെ ഹരിദ്വാർ വിട്ട ശേഷമുള്ള ആദ്യ രാത്രി കൃഷ്ണനാമമുള്ള ഹോട്ടലില്‍ .
നാളെ നേരത്തെ എഴുന്നേറ്റു യമുനോത്രിക്ക് പോകാനുള്ളതല്ലേ,
രാത്രി ഏറെയായി. തല്‍ക്കാലം നിര്‍ത്തട്ടെ.
...... രജായിയുടെ ഉള്ളിലേയ്ക്ക്.....
നിനക്കും ശുഭരാത്രി
൮൮൮൮൮൮൮൮൮൮൮൮൮൮൮൮൮൮൮൮൮൮ ൮൮൮ ൮൮൮ ൮൮ ൮൮
--------------------------------------------------------------------------------------------------------------------------
24, ജൂണ്‍, ൨൦൧൧
ബ്രഹ്മഖല്‍, (കൃഷ് ഹോടല്‍)
അമ്മിണീ,
ഇന്നലെ രാവിലെ മുതല്‍ ഉണ്ടായ സംഭവങ്ങള്‍ എഴുതാം.
രാവിലെ അഞ്ചര മണിയോടെ ഞങ്ങള്‍ റെഡിയായി. യമുനോത്രിയില്‍ച്ചെന്ന് കുളിച്ചു മാറാനുള്ള ഡ്രസ്സ്‌കള്‍ എടുത്തു വെച്ചു. പുറത്തു നല്ല മൂടല്‍ മഞ്ഞ്. തണുപ്പുണ്ട്. ഭഗവാന്‍ജി ബാഗുകള്‍ വണ്ടിയ്ക്കു മുകളില്‍ കെട്ടി വെച്ചു. നനയാതിരിക്കാൻ പ്ലാസ്റ്റിക് പേപ്പർ കൊണ്ട് ഭദ്രമായി പൊതിഞ്ഞു. ചുടു ചായ കുടിച്ചു ഞങ്ങള്‍ യാത്ര ആരംഭിച്ചു.
റാണാ ഛട്ടിയില്‍ നിന്ന് 13 കി.മീ ദൂരത്തുള്ള 'ജാനകി ഛട്ടി' വരെ കാറിൽ പോകാം. പിന്നെ യമുനോത്രിവരെ നടക്കണം. 'ഛട്ടി ' എന്നാൽ താവളം അല്ലെങ്കില്‍ സത്രം. പണ്ട് കാലത്ത് വഴിനടത്തക്കാര്‍ക്ക് യാത്രയ്ക്കിടെ വിശ്രമിയ്ക്കാനും, താമസിയ്ക്കാനും വേണ്ടി വഴിയോരത്ത് ഉണ്ടാക്കിയിരുന്ന സങ്കേതം. ഇന്നത്തെ ഭാഷയില്‍ പറഞ്ഞാല്‍ ലോഡ്ജ് മുറികള്‍ അല്ലെങ്കിൽ ചെറിയ ഹോട്ടൽ.
ഈ യാത്ര ഏറ്റവും അപകടം പിടിച്ചതായിരുന്നു. രാത്രി മുഴുവന്‍ ചാറിക്കൊണ്ടിരുന്ന മഴയില്‍ റോഡ് ആകെ ചളി കലങ്ങിക്കിടക്കുന്നു. ഭഗവാന്ജി വളരെ സാവധാനത്തിലാണ് വണ്ടി ഓടിക്കുന്നത്. ചളിക്കുഴികളില്‍ കിടന്നു വണ്ടി ആടിക്കളിയ്ക്കുകയാണ്. വാഹനത്തിലിരിക്കുന്നവരുടെ ശരീരവും മനസ്സും അതേ താളത്തില്‍ ആടിയുലയുന്നു. ഉള്ളിലുള്ള സംഭ്രമം പുറത്തു കാട്ടാതെ ഞങ്ങള്‍ എല്ലാ ഈശ്വരന്മാരെയും വിളിച്ചു പ്രാര്ത്ഥിച്ചു കൊണ്ടിരുന്നു. നേരിയ മൂടല്‍മഞ്ഞും, പൂര്‍ണ്ണമായി ഒഴിഞ്ഞുപോകത്ത ചാറല്‍ മഴയും. റോഡിന് വീതിയും കുറവ്. വശങ്ങളില്‍ മണ്ണിടിഞ്ഞു കൊണ്ടിരിക്കുന്നു. ഒന്നോ രണ്ടോ വാഹനങ്ങള്‍ മാത്രമേ മുന്‍പില്‍ ഉള്ളൂ. മൂടല്‍ മഞ്ഞിലൂടെ കുതിരക്കാര്‍ നടന്നു പോകുന്നത് കാണാം. റാണാ ഛട്ടി കഴിഞ്ഞാൽ ഹനുമാൻ ഛട്ടി. കുറച്ചുകൂടി മുന്നോട്ട് പോയാൽ 'ഫൂല്‍ ഛട്ടി.' വലിയ വാഹനങ്ങള്‍ ഫൂല്‍ ഛട്ടിയിലാണ് നിര്‍ത്തിയിടുന്നത്. രണ്ട് കി.മീ കൂടി മുന്നോട്ട് ഈ കാറിൽത്തന്നെ പോകാം. അങ്ങിനെ ജാനകി ഛട്ടിയിൽ എത്തിച്ചേര്‍ന്നു. ദീര്‍ഘനിശ്വാസത്തോടെ ഞങ്ങള്‍ വണ്ടിയില്‍ നിന്നും പുറത്തിറങ്ങി.
ഇവിടെ എത്തുമ്പോള്‍ (8500 അടി മുകളില്‍) യമുനാനദി പര്‍വതം വിട്ടു സമതലത്തിലേക്ക് ഒഴുകിത്തുടങ്ങുന്നു. യമുനാ ദേവിയുടെ ക്ഷേത്രം ഇനിയും മുകളിലാണ്. ആറ് കി. മീ ദൂരമേ ഉള്ളൂ. പക്ഷേ, നല്ല കയറ്റം തന്നെയാണ്. അതായത് 10, 500 അടി ഉയരത്തിലാണ് ക്ഷേത്രം.
പെട്ടെന്ന് ഞങ്ങളുടെ ചുറ്റും കുതിരക്കാര്‍, പോര്‍ട്ടര്‍മാര്‍, ഗൈഡ് തുടങ്ങി നിരവധിപേര്‍ വന്നു പൊതിഞ്ഞു. നടന്നു പോകാന്‍ വയ്യാത്തവര്‍ക്ക് ഡോലിയിലോ കുതിരപ്പുറത്തോ പോകാം. നാലാള്‍ ചുമന്നു കൊണ്ട് പോകുന്ന ചാരുകസേര പോലെ ഒന്നാണ് ഡോലി. ഷേര്‍പ്പകള്‍ ആണ് ഇങ്ങിനെ ആളുകളെ ചുമന്നു കൊണ്ട് പോകുന്നത്. ഹിമാലയന്‍ പര്‍വത പ്രാന്തങ്ങളില്‍ താമസിയ്ക്കുന്നവരെയാണ് ഷേര്‍പ്പകള്‍ എന്ന് പറയുന്നത്. ഇവരിൽ ഒട്ടുമിക്കവരും നേപ്പാളികളാണ്. ടിബറ്റ്, ഭുട്ടാന്‍ തുടങ്ങിയ പര്‍വത പ്രാന്തങ്ങളിലും, നമ്മുടെ രാജ്യത്തിന്റെ കിഴക്കന്‍ പ്രദേശങ്ങളിലും ഇവര്‍ താമസിക്കുന്നുണ്ട്. പര്‍വതാരോഹകര്‍ക്കും, തീര്‍ത്ഥാടകര്‍ക്കും മറ്റും വലിയ സേവനമാണ് ഇവര്‍ ചെയ്യുന്നത്. പൊതുവേ പര്‍വ്വതവാസികള്‍ നല്ല ആരോഗ്യമുള്ളവരും ഭാരം ചുമക്കുന്നവരും ആണ്. സമതലത്തിലുള്ളവരെക്കാള്‍ ഷെര്‍പ്പകളുടെ രക്തം അതിന് അനുയോജ്യമാണത്രേ. മലമുകളിലേയ്ക്ക് തീര്‍ത്ഥാടകരെയും കെട്ടിട നിര്‍മ്മാണ വസ്തുക്കളും ഭക്ഷണ സാമഗ്രികളും ചുമന്നു കിട്ടുന്ന സമ്പാദ്യം കൊണ്ടാണ് നാട്ടിൽ തിരിച്ചു ചെന്ന് അവര്‍ ഉപജീവനം കഴിയ്ക്കുന്നത്.
ഞങ്ങള്‍ നടന്നാണ് മുകളിലേക്ക് പോകുന്നത് എന്ന് പറഞ്ഞിട്ടും അവര്‍ വിടാനുള്ള ഭാവമില്ല. കുതിര, പോണി, ഡോലി, ചൂരൽക്കൊട്ട (മുതുകിലെ കൊട്ടയില്‍ ഇരുത്തി ചുമന്നു കൊണ്ടുപോകല്‍) -- ഏതെങ്കിലും ഒന്ന് ഉപയോഗപ്പെടുത്താന്‍ അവര്‍ നിര്‍ബന്ധിച്ചു തുടങ്ങി. മാതാജീ, കാക്കീജി എന്നൊക്കെ വിളിച്ചു സ്നേഹം കൂടി പിന്നാലെ വിടാതെ നടക്കുകയാണ്. അമ്മമ്മയോട് ഒരാള്‍ പറഞ്ഞു--മാതാജീ, നിങ്ങള്‍ വിചാരിയ്ക്കുന്നപോലെ അത്ര എളുപ്പമല്ല, ഈ കയറ്റം. നിങ്ങളെക്കൊണ്ട് ആവില്ല നടന്നു കയറാന്‍. ദാ, നോക്കൂ, നല്ല കുതിരയാണ് എന്റേത്. മാതാജിയെ യമുനാജിയുടെ മുന്നില്‍ ഇവന്‍ പുഷ്പം പോലെ എത്തിക്കും ---
നമ്മള്‍ നിരസിച്ചാല്‍ അവര്‍ക്ക് ദേഷ്യം വരും. ഭീഷണിപ്പെടുത്തും, നിങ്ങളെക്കൊണ്ട് ഈ കയറ്റം കയറാന്‍ പറ്റില്ല എന്നൊക്കെ ശാപവാക്കുകളും വര്ഷിക്കും..
ഈ ബഹളത്തില്‍ നിന്നും രക്ഷപ്പെട്ടു ഞങ്ങള്‍ അടുത്തൊരു ചായക്കടയില്‍ കയറി ചായ കുടിച്ചു. തൊട്ടടുത്ത കടയില്‍ നിന്ന് കുത്തി നടക്കാനുള്ള ചൂരലും, പ്ലാസ്ടിക്കിന്റെ മഴക്കോട്ടും വാങ്ങി. മടക്കത്തില്‍ അതൊക്കെ അവര്‍ക്ക് തിരിച്ചു കൊടുത്താല്‍ പാതി കാശ് മടക്കിത്തരും.
യമുനോത്രിയിലക്കുള്ള 6 കി.മീ കയറ്റത്തിന്നിടയില്‍ 48 ഹൈര്പിന്‍ വളവുകള്‍ ഉണ്ടത്രേ. കേദാരിലേയ്ക്ക് 14 കി.മീ നടന്നു കയറിയ ധൈര്യത്തിലാണ് അമ്മമ്മ നടന്ന് തന്നെ പോകാം എന്ന് തീരുമാനിച്ചത്. നടക്കാന്‍ തുടങ്ങിയപ്പോളാണ് കേദാറിലേക്കുള്ള കയറ്റം ഇത്രയും കുത്തനെയുള്ളതായിരുന്നില്ല എന്നും വഴിയ്ക്ക് ഇതിലും വീതിയുണ്ടായിരുന്നു എന്ന കാര്യവും ശ്രദ്ധയില്‍ പെട്ടത്. ഉയരം കണക്കാക്കുമ്പോള്‍ വലിയ വിത്യാസമില്ലെങ്കിലും കേദാര് ലേയ്ക്കുള്ള 14 കി.മീറ്റർ ദൂരം (കയറ്റം) 6 കി.മീ റ്ററിൽ നടന്നെത്തണം. ഇത് കുറച്ചു കഠിനമായ കയറ്റം തന്നെ എന്ന് നടക്കാൻ തുടങ്ങിയപ്പോൾത്തന്നെ ബോദ്ധ്യമായി.
നമ്മള്‍ മുകളിലേക്ക് പോകുമ്പോള്‍ ചിലപ്പോള്‍ കുതിരപ്പുറത്തും മറ്റുമായി ദര്‍ശനം കഴിഞ്ഞു മടങ്ങുന്നവരുണ്ടാകും. ആ സമയം ഇടതു ഭാഗത്ത് മലയോട് ചേര്‍ന്ന് നില്‍ക്കണം. മലയുടെ പുറത്തേയ്ക്ക് ഉന്തി നില്‍ക്കുന്ന കൂര്‍ത്ത ഭാഗം മുഖത്തു കൊള്ളാതെ ശ്രദ്ധിയ്ക്കണം. അതിരാവിലെയാണ് ഞങ്ങൾ പോകുന്നത് എന്നതിനാൽ ദർശനം കഴിഞ്ഞു വരുന്നവർ അധികമൊന്നും ഉണ്ടാവില്ല. വലതു ഭാഗത്ത് അഗാധതയില്‍ ശബ്ദം മുഴക്കി ഒഴുകുന്ന നദി. വഴിയുടെ അറ്റം സ്റ്റീല്‍ കമ്പികള്‍ ഇട്ട് സുരക്ഷിതമാക്കിയിട്ടുണ്ടെങ്കിലും ശ്രദ്ധിച്ചില്ലെങ്കില്‍ അപകടം വന്നു കൂടായ്കയില്ല, താഴേയ്ക്ക് എത്തി നോക്കിയാല്‍ വെള്ളത്തിന്റെ ഒഴുക്ക് തടഞ്ഞുകൊണ്ട് ഊക്കന്‍ പാറക്കല്ലുകള്‍ കിടക്കുന്നതു കാണാം. അപ്പുറത്ത് നല്ല കാടാണ്.
ഞങ്ങള്‍ ശ്രദ്ധാപൂര്‍വ്വം നടത്തം തുടങ്ങി. കുതിരക്കുളമ്പടിയും, മണികുലുക്കവും ജയ് വിളികളും നമ്മുടെ ശ്രദ്ധ സദാ ഉണര്ന്നിരിക്കാന്‍ സഹായിക്കുന്നുണ്ട്..
കേദാര്‍ലേയ്ക്ക് നടന്നു കയറുമ്പോള്‍ അപ്പപ്പോഴത്തെ കുതിരച്ചാണകം നീക്കിയിടാന്‍ വഴിയില്‍ ആളുകള്‍ ഉണ്ടായിരുന്നു. ചാണകം ചവുട്ടി വഴുക്കി വീഴാതിരിയ്ക്കാനുള്ള മുന്‍കരുതല്‍. മഴ ചാറിക്കൊണ്ടിരിക്കുമ്പോൾ അപകട സാദ്ധ്യത കൂടുതലാണ്.
രണ്ടു കി.മീ നടന്നപ്പോളെയ്ക്കും സതി അമ്മാമിയ്ക്ക് ക്ഷീണമായി. സതീശമ്മാമനും നടത്തം പതുക്കെയായി. മറ്റുള്ളവര്‍ കുറെ മുന്നിലെത്തി. അഞ്ചു വര്ഷം മുന്നേ കേദാറിലേയ്ക്ക് നടന്നു കയറിയ ഓര്‍മ്മയില്‍ അമ്മമ്മ ആദ്യം തന്നെ സാവധാനത്തിലാണ് നടന്നത്. വഴിയോരത്ത് വിശ്രമത്തിനായി പച്ച പെയിന്റ്ടിച്ച ഇരുമ്പിന്റെ ചാരുബെഞ്ച്കള്‍ ഉണ്ട്. കുറച്ചു നേരം ഇരുന്ന് ക്ഷീണം മാറ്റി നടത്തം തുടരാം. ഇടയ്ക്കിടെ ചായക്കടകളും ഉണ്ട്. ചൂടുള്ള കട്ടൻ ചായ കുടിച്ച് ഉണർവ്വുണ്ടാക്കാം..
ക്ഷീണമുണ്ടെങ്കിലും ഞങ്ങള്‍ പ്രകൃതി ഭംഗി ആസ്വദിച്ചുകൊണ്ട് പതുക്കെ പതുക്കെ മുന്നോട്ടു നടന്നു. നേരെ മുന്നില്‍ തലേന്ന് കണ്ട ബന്ദര്‍ പൂഞ്ച് മലകള്‍ ആകാശം മുട്ടി നില്‍ക്കുന്നു. ആ കൊടുമുടിയ്ക്കു താഴെ അങ്ങ് ദൂരെയുള്ള മലയില്‍ നിന്നും വീതിയുള്ള വെള്ളി അരഞ്ഞാൺ പോലെ യമുന ഒഴുകി വരുന്നു. പ്രഭാത സൂര്യന്റെ രശ്മിയില്‍ വെട്ടിത്തിളങ്ങുന്ന യമുനയുടെ സൌന്ദര്യം ഇടയ്ക്കിടെ മൂടല്‍ മഞ്ഞ് മറയ്ക്കാന്‍ ശ്രമിയ്ക്കുന്നുണ്ട്. ഒഴുക്കിനെ തടയുന്ന വലിയ പാറക്കല്ലുകൾ. അതൊന്നും വകവെക്കാതെ താഴെ അഗാധതയിലേക്കു പതിച്ച് തന്റെ രൗദ്രത പ്രകടിപ്പിക്കുന്ന യമുനാമായി. (മായി എന്നാൽ അമ്മ)
ഇടതു ഭാഗത്തെ മലയുടെ ഉയരം എത്രയെന്നു അറിയാന്‍ പറ്റുന്നില്ല. കൂറ്റൻ പര്‍വതങ്ങളുടെ മുകളറ്റം മാനം മുട്ടി നിൽക്കുന്നു. യമുനയുടെ വലത്തേക്കരയില്‍ വന്മരങ്ങള്‍ നിറഞ്ഞ കാടുകളാണ്. അതിനുമപ്പുറം നീര്‍ച്ചോലകൾക്കും, പുല്‍മേടുകൾക്കും അതിർത്തി കുറിച്ചുകൊണ്ട് തലയുയര്‍ത്തി നില്‍ക്കുന്ന വലിയ മലകള്‍. 'ബ്രഹ്മകമൽ' എന്ന ഉത്തരാഞ്ചലിൻ്റെ ഔദ്യോഗിക പുഷ്പം ഈ കാടുകളിൽ വിരിഞ്ഞു നിൽക്കുമത്രേ! ഈ സൌന്ദര്യമൊക്കെ നിനക്ക് കാണിച്ചു തരാനായി ക്യാമറയില്‍ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. വഴിയില്‍ ഇടത്ത് ഭാഗത്ത് മലകളില്‍ നിന്നും ഒലിച്ചു വരുന്ന ശുദ്ധവും ഔഷധ ഗുണവും ഉള്ള വെള്ളം യാത്രികള്‍ക്ക് കുടിക്കാന്‍ പാകത്തിന് പൈപ്പുകള്‍ ഇട്ടിട്ടുണ്ട്. തണുപ്പുണ്ടെങ്കിലും മുഖം കഴുകി ഈ വെള്ളം കുടിച്ചാല്‍ നല്ല ഉന്മേഷം കിട്ടും.വഴി നീളെയുള്ള പെട്ടിക്കടകളില്‍ നാട്ടിലേത് പോലെ നിറയെ കളര്‍ കുപ്പികളും പാക്കറ്റുകളും തൂങ്ങിക്കിടക്കുന്നു. പ്ലാസ്റ്റിക് നിരോധന മേഖലയാണെന്ന് ഓര്‍മ്മിപ്പിയ്ക്കുന്ന വലിയ അക്ഷരത്തിലുള്ള പച്ച ബോർഡുകളും പ്രകൃതിയെ സംരക്ഷിയ്ക്കേണ്ടത് നമ്മുടെ ധര്‍മ്മമാണെന്ന് ഓര്‍മ്മപ്പെടുത്തുന്ന വനം വകുപ്പിന്റെ മുന്നറിയിപ്പുകളും, ശൌചാലയ്, മൂത്രാലയ്, സ്നാന്ഘര്‍ -- എന്നറിയിക്കുന്ന പച്ച നിറത്തില്‍ ഉള്ള ബോര്‍ഡ് കളും വഴി നീളെ കാണാം. തീര്‍ത്ഥാടകര് സാധാരണ മനുഷ്യര്‍ തന്നെ. വഴിയില്‍ പ്ലാസ്റിക് കുപ്പികളും കവറുകളും വലിച്ചെറിയുന്ന ശീലം ഉപേക്ഷിയ്ക്കാന്‍ വയ്യാത്തവര്‍. വഴിയില്‍ സ്ഥാപിച്ചിട്ടുള്ള സാധാരണ ശൌചാലായപ്പെട്ടികള്‍ വൃത്തിതീരെ ഇല്ലാത്തവയാണ്. എന്നാല്‍ 5 രൂപ കൊടുത്താല്‍ വൃത്തിയുള്ള ബാത്ത്റൂമുകൾ ഉപയോഗിയ്ക്കാം.
മുകളില്‍ നിന്നും ദര്‍ശനം കഴിഞ്ഞു വരുന്നവര്‍, ക്ഷീണിച്ചു കയറി വരുന്നവരെ കാണുമ്പോള്‍ 'ജയ് യമുനാ മാതാകീ, ജയ് ജംനാ ദീ, ജയ് മാതാജീ.....' എന്ന് ഉറക്കെ ആശംസിച്ചു ഉന്മേഷം പകര്‍ന്നു കടന്നു പോകുന്നു
ഇരുന്നും നടന്നും ഒടുവില്‍ യമുനാ മാതാ നോക്കെത്താവുന്ന ദൂരത്തിലായപ്പോള്‍ വലിയ ആശ്വാസം തോന്നി. നേരെ നിറുകയില്‍ യമുനാ ക്ഷേത്രം. ദൂരം അത്ര ഇല്ലെങ്കിലും ക്ഷീണവും, പ്രാണവായുവിന്റെ കുറവും കയറ്റത്തിനെ ബാധിയ്ക്കുന്നുണ്ട്. മനസ്സിനെ ഊര്‍ജ്ജപ്പെടുത്തി ഒടുവില്‍ മുകളില്‍ എത്തി. മറ്റുള്ളവര്‍ ഞങ്ങളുടെ വരവ് കാത്തിരിക്കുകയാണ്.
യമുനയ്ക്ക് കുറുകെയുള്ള ഇരുമ്പ് പാലം കടന്നാൽ ക്ഷേത്രമായി. പാലത്തിനടിയിൽക്കൂടി ഊക്കൻ പാറക്കല്ലുകളിൽ തട്ടിമുട്ടി ഹൂംകാരത്തോടെ കലങ്ങി മറിഞ്ഞു ഒഴുകുന്ന യമുനയെ ഭയഭക്തി ബഹുമാനങ്ങളോടെ നോക്കിക്കണ്ടു. പാലം കടന്നാൽ തീർത്ഥാടകരുടെയും കടകളുടെയും തിരക്കായി.
ക്ഷേത്രത്തിലേയ്ക്ക് ഏതാനും പടികള്‍ കയറണം. താഴെ വലതു ഭാഗത്ത് കുളിക്കാനുള്ള സൗകര്യം ഉണ്ട്. ചുടു വെള്ളത്തിലാണ് എല്ലാവരും കുളിയ്ക്കുന്നത്. ഞങ്ങള്‍ സ്ത്രീകള്‍ക്കുള്ള കുളിപ്പുരയിലേക്ക് നടന്നു. പുര്‍ഷന്മാര്‍ക്കുള്ള കുളിപ്പുര കുറച്ചു അപ്പുറത്താണ്. 'തപ്ത കുണ്ഡ്' എന്നാണ് ഇതിനു പറയുക. ചെറിയ നടുമുറ്റത്തിന്റെ അത്ര വലുപ്പമുള്ള വൃത്തിയായി കെട്ടിയുണ്ടാക്കിയ പടവുകളുള്ള കുളം. മലമുകളിലെ പാറക്കെട്ടുകള്‍ക്കിടയില്ക്കൂടി ഒഴുകി വരുന്ന ചൂടുള്ള നീരുറവയിൽ തണുത്ത വെള്ളവും ചേര്‍ത്താണ് ഈ കുളത്തിലേക്ക് വീഴ്ത്തുന്നത്. വെള്ളം സദാ പുറത്തേക്ക് ഒഴുകിക്കൊണ്ടിരിയ്ക്കുന്നതിനാല്‍ നിരവധി പേര്‍ മുങ്ങി നിവര്ന്നാലും മാലിന്യങ്ങള്‍ ഒന്നും ഉണ്ടാകില്ലെന്ന് സമാധാനിക്കാം.
സ്ത്രീകള്‍ക്കുള്ള കുളി സ്ഥലത്ത് ഡ്രസ്സ് മാറാന്‍ ഉള്ള സൌകര്യമുണ്ട്. നൂറു കണക്കിന് സ്ത്രീകൾ കുളിച്ച് കയറുന്നതുകൊണ്ട് എല്ലായിടത്തും വെള്ളവും ഒരു മണവും ഉണ്ട്. അതൊന്നും കാര്യമാക്കാതെ ഞങ്ങള്‍ മൂന്നുപേരും പടവുകൾ ഇറങ്ങി. അരയ്ക്കൊപ്പമേ വെള്ളമേ ഉള്ളൂ. നേരിയ ചൂട്. ചില സ്ത്രീകള്‍ പടവിന്മേല്‍ ഇരുന്നു ചെറിയ തമല കൊണ്ട് വെള്ളം തലയിലും, ദേഹത്തും മുക്കി വീഴ്ത്തുകയാണ്. വലിയ തിരക്കില്ലാതിരുന്നതിനാല്‍ ഞങ്ങള്‍ വെള്ളത്തില്‍ കുറച്ചു നേരം കിടന്നു. ആസ്വദിച്ചു കുളിക്കുന്നതിന്നിടയില്‍ പെട്ടെന്ന് സ്ത്രീകളുടെ ഒരു കൂട്ടം എത്തി. ഞങ്ങള്‍ വേഗം മുങ്ങിക്കയറി. ഡ്രസ്സ് മാറുന്ന ഹാളിൽ ആകെ 'ചളി പിളി' ആണെങ്കിലും ആ സമയത്ത് അതൊന്നും ശ്രദ്ധിച്ചില്ല.
പുറത്ത് അസാദ്ധ്യമായ തണുപ്പ്. ടൈൽസ് പതിച്ച നിലത്ത് കാലുവെക്കാൻ വയ്യ. മുത്തശ്ശനും അമ്മാമന്‍മാരും ശ്യാമേട്ടനും കുളി കഴിഞ്ഞ് എത്തി. ഞങ്ങളെ കണ്ടതും പണ്ഡകള്‍, അതായത് പൂജാരിമാര്‍ പൂജാതട്ടുകളുമായി കുശലം ചോദിച്ചു വന്നു. അവരെ ഒരുവിധം ഒഴിവാക്കി ഞങ്ങള്‍ ക്ഷേത്രത്തിലേയ്ക്ക് നടന്നു.
യമുനാ മാതാവിന്റെ കരിങ്കല്ലില്‍ തീര്‍ത്ത മനോഹര വിഗ്രഹമാണ് ശ്രീകോവിലില്‍ പ്രതിഷ്ഠ. വളരെ നന്നായി അലങ്കരിച്ചിട്ടുണ്ട്. സൂര്യദേവന്റെയും, ബ്രഹ്മപുത്രിയായ സഞ്ജനയുടെയും പുത്രിയാണ് യമുന. ശ്രീകൃഷ്ണന്റെ ഭാര്യയായ യമുനതന്നെയാണ് കാളീന്ദി എന്നും ശ്രീകൃഷ്ണന്റെ ജന്മസ്ഥാനമായ മഥുര യമുനയുടെ തീരത്താണെന്നുമൊക്കെ നിനക്ക് അറിയാമല്ലോ, ഇല്ലേ? പ്രത്യേകിച്ച് കാളിയന്റെ കഥയും ! 23,000 അടി ഉയരത്തിലുള്ള ഹിമാനികളിൽ (മഞ്ഞുമല) നിന്നും ഒലിച്ചിറങ്ങുന്ന യമുന ഡൽഹി, മഥുര, ആഗ്ര എന്നീ പ്രധാന സ്ഥലങ്ങൾ കടന്ന് അല്ലഹാബാദിലെ പ്രയാഗിൽ വെച്ച് ഗംഗയും സരസ്വതിയുമായി കൂടിച്ചേരുന്നു. ത്രിവേണീ സംഗമം എന്ന പേരിൽ പുണ്യ പുരാതന സ്നാനസ്ഥാനമായി അറിയപ്പെടുന്നു. (പ്രയാഗിനെ പറ്റി നേരത്തെ സൂചിപ്പിച്ചിട്ടുണ്ട്,)
ശ്രീകോവിലിന്റെ ഇടതുഭാഗത്ത് ചുടുവെള്ളം കെട്ടി നിര്‍ത്തിയ ചെറിയ കിണര്‍ ഉണ്ട്. ഇതാണ് 'സൂര്യ കുണ്ഡ്.' ഇരുമ്പ് വലയിട്ടു ഇതിനെ സംരക്ഷിച്ചിട്ടുണ്ട്. യമുനാദേവിയുടെ ക്ഷേത്രത്തിന് മുകളിലുള്ള കൂറ്റൻ ശിലാപർവതത്തിന്റെ അടിഭാഗത്തുകൂടി ഒഴുകിവരുന്ന ചൂടുവെള്ളമാണ് ഇതിൽ വന്നു നിറയുന്നത്. ഈ ക്ഷേത്രത്തിലെ അര്‍ച്ചനയും പ്രസാദവും എന്താണെന്നോ ? അരി, പരിപ്പ്, ഗോതമ്പ് എന്നിവ കിഴി കെട്ടി സൂര്യ കുണ്ഡിലെ ചൂടുവെള്ളത്തില്‍ വേവിച്ചെടുത്ത് അത് യമുനാദേവിയ്ക്ക് നേദിയ്ക്കുക. ഇതുതന്നെയാണ് ഭക്തര്‍ക്കുള്ള പ്രസാദവും. പുറത്തുപോയി ഞങ്ങളും നൈവേദ്യത്തിനുള്ള കിഴി വാങ്ങി വന്നു. ഒരു ദണ്ഡിന്റെ അറ്റത്ത് കിഴി കെട്ടിവെച്ചു് 10 മിനുട്ട് നേരം കിണറ്റിലെ തിളച്ച വെള്ളത്തിൽ താഴ്ത്തിപ്പിടിച്ചു. നിവേദ്യം പുറത്തെടുത്ത് ഞങ്ങള്‍ പൂജാമുറിയിലേക്ക് നടന്നു. സാധാരണയായി പണ്ഡകള്‍ ആണ് മന്ത്രം ചൊല്ലി ദേവിക്ക് ഈ കിഴിയിലെ നിവേദ്യം സമർപ്പിയ്ക്കുക. സ്വന്തമായി പൂജ ചെയ്യുന്നവരും ഉണ്ട്. കിഴി നേദിക്കാന്‍ പൂജാരി വന്നപ്പോള്‍ ഞങ്ങള്‍ സ്വന്തം നേദിച്ചോളാം എന്ന് പറഞ്ഞു. ഞങ്ങളുടെ നിവേദ്യം കൃഷ്ണമ്മാമന്‍ നേദിച്ചു. ചൂടോടെ ആ പ്രസാദം ഞങ്ങള്‍ അപ്പോള്‍ത്തന്നെ കഴിക്കുകയും ചെയ്തു.
ഈ ക്ഷേത്രം യമുനയുടെ ഇടത്തേക്കരയില്‍ കാളിന്ദ് മലയടിവാരത്തിലാണ് സ്ഥിതിചെയ്യുന്നത്. യമുനയുടെ ഉത്ഭവസ്ഥാനം കാണാന്‍ ഇനിയും മുകളിലേയ്ക്ക് കയറണം. 19-ആം നൂറ്റാണ്ടില്‍ ജയ്പ്പൂരിലെ ഒരു രാജ്ഞിയാണത്രേ ഈ ക്ഷേത്രം പണികഴിപ്പിച്ചത്. മറ്റു ഹിമാലയന്‍ ക്ഷേത്രങ്ങള്‍ പോലെ ഇവിടെയും അക്ഷത്രുതീയയ്ക്ക് നട തുറക്കും. ദീപാവലിയ്ക്ക് അടയ്ക്കുകയും ചെയ്യും. മഞ്ഞു വീഴാന്‍ തുടങ്ങിയാല്‍ ഈ പരിസരത്ത് ഒരു മനുഷ്യരും ഉണ്ടാകില്ല. ഇവിടത്തെ പൂജാരികള്‍ ജാനകീ ഛട്ടിയ്ക്കടുത്തുള്ള ഖര്സാലി ഗ്രാമക്കാര്‍ ആണ്. ഈ ബ്രാഹ്മണര്‍ പൊതുവേ സമ്പന്നരാണത്രേ. എന്നാല്‍ തീര്‍ത്ഥാടകാരുടെ പിന്നാലെ ചുറ്റി നടക്കുന്നത് കണ്ടാല്‍ അങ്ങിനെയൊന്നും തോന്നില്ല.
ഞങ്ങള്‍ താഴേയ്ക്കിറങ്ങി ഭക്ഷണം കഴിക്കാനുള്ള സ്ഥലം അന്വേഷിച്ചു നടന്നു. ചപ്പാത്തിയും കറിയും ഉണ്ട്. വിശപ്പുണ്ടെങ്കിലും ആ പരിസരത്തെ മണം എന്തോ അമ്മമ്മയ്ക്ക് പിടിച്ചില്ല. വെള്ളം മാത്രമേ കുടിച്ചുള്ളൂ.
മഴ കുറേശെ ചാറുന്നുണ്ട്. ഞങ്ങള്‍ പതുക്കെ താഴേയ്ക്ക് ഇറങ്ങുകയാണ്. നല്ല ക്ഷീണം ഉണ്ട്. താഴേയ്ക്ക്ള്ള നടത്തം ഇറക്കമായതിനാല്‍ വഴുക്കാന്‍ സാദ്ധ്യതയുണ്ട്. അധികമാരും മുകളിലേയ്ക്ക് കയറി വരുന്നില്ല. പിന്നില്‍ നിന്നും ശബ്ദമുണ്ടാക്കി ഡോലിക്കാരും, കുതിരക്കാരും വരുമ്പോള്‍ വശങ്ങളിലേയ്ക്ക് ഒതുങ്ങി നില്‍ക്കണം. കുതിരച്ചാണകം ചവിട്ടി വഴുക്കി വീഴാതെയും ശ്രദ്ധിയ്ക്കണം. പ്രകൃതി പിശുക്കില്ലാതെ വാരിക്കൊരിത്തരുന്ന സ്വച്ഛതയും, ആനന്ദവും ക്ഷീണം കാരണം പൂര്‍ണ്ണമായും അനുഭവിക്കാന്‍ സാധിയ്ക്കുന്നില്ലല്ലോ എന്നോര്‍ത്തും താഴേയ്ക്ക് എത്തണമല്ലോ എന്ന സംഭ്രമത്തിലും നടക്കാൻ തുടങ്ങി.
കൂടെയുള്ളവര്‍ മുന്‍പില്‍ പോകുന്നു. താഴേയ്ക്ക് പോയേ തീരൂ. നേരിയ മഴച്ചാറല്‍. സാവധാനം ശ്രദ്ധിച്ചു ഇറങ്ങി. അങ്ങിനെ ഒടുവില്‍ ജാനകിഛട്ടി വളരെ ദൂരത്തായി ചെറിയ പൊട്ടുപോലെ കണ്ടപ്പോള്‍ സമാധാനമായി. വഴിയോരത്തെ ഒരു ചായക്കടയില്‍ കയറി ചെറുനാരങ്ങനീര്‍ ഒഴിച്ച ചായ കുടിക്കണമെന്ന് തോന്നി. പക്ഷെ, ആ കടയില്‍ നാരങ്ങയില്ല. നിരാശതോന്നി. അപ്പോള്‍ അവിടെ ചായ കുടിച്ചിരുന്ന ഒരു തീര്‍ത്ഥാടകന്‍ തന്റെ കയ്യിലെ സഞ്ചിയില്‍ നിന്നും മൂന്നു നാല് ചെറുനാരങ്ങ എടുത്തു തന്നു. പെട്ടെന്ന് സന്തോഷം കൊണ്ട് അയാളോട് നന്ദി പറയാന്‍ വാക്കുകള്‍ കിട്ടാതായി. അദ്ഭുതം തോന്നി. സന്തോഷം പ്രകടിപ്പിച്ചപ്പോള്‍ അയാള്‍ തിരിച്ചു ആശംസിച്ചു കൊണ്ടിരുന്നു. അങ്ങിനെ ഒടുവിൽ താഴെ പുറപ്പെട്ട സ്ഥലത്ത് എത്തിപ്പെട്ടു. ഭഗവാൻജി കാത്തുനിൽക്കുകയാണ്. വേഗം വണ്ടിയിൽ കയറി ദീർഘശ്വാസം വിട്ടു !
ഏകദേശം നാലര മണിയോടെ ഞങ്ങള്‍ ഹോട്ടല്‍ മുറിയില്‍ എത്തി. ഉടനെ ബാഗുകള്‍ എടുത്തു ചായയും കുടിച്ചു പോകാന്‍ ഒരുക്കമായി. ഹോട്ടലുകാരോട് വീണ്ടും വീണ്ടും നന്ദി പറഞ്ഞു. അവർക്ക് നല്ലതുവരും എന്ന് ആശംസിച്ചു. ഇനിയും കാണാം എന്ന ആചാരവാക്കും പറഞ്ഞ് അടുത്ത താവളത്തിലേക്ക്.....
ബര്‍ക്കോട്ടു വരെ വന്ന വഴി തന്നെ. അവിടെ ചെന്ന് ഉത്തരകാശിയിലേക്ക് തിരിയും. പിന്നെ നല്ല റോഡാണത്രെ. ഹിമാലയന്‍ റോഡുകളില്‍ സന്ധ്യ കഴിഞ്ഞാല്‍ അധികമാരും വാഹനങ്ങള്‍ ഓടിക്കാറില്ല. പരമാവധി സഞ്ചരിച്ച് വഴിയോരത്ത് ഒരു താവളത്തില്‍ തങ്ങുക എന്നതാണ് ഭഗവന്ജിയുടെയും പ്ലാന്‍..
ഏഴര മണിയോടെ ഞങ്ങള്‍ ബ്രഹ്മഖല്‍ എന്ന ഈ സ്ഥലത്ത് എത്തിച്ചേര്‍ന്നു. റോഡരികിലുള്ള കൃഷ് ഹോട്ടലിലേക്ക് വണ്ടി കയറ്റി. താമസിയ്ക്കാന്‍ മുറികള്‍ കിട്ടി. ചൂടുള്ള ഭക്ഷണവും കിട്ടിയപ്പോള്‍ എല്ലാവര്‍ക്കും കിടക്കാന്‍ ധൃതിയായി.
ശുഭരാത്രി
--------------------------------------------------------------------------------------------------------------------------
------------------------------------------------------------------------------------------------------------------------
25th June, '11
ബ്രഹ്മഖല്‍, കൃഷ് ഹോടല്‍
സുപ്രഭാതം, അമ്മിണീ,
സമയം ആറുമണി. നല്ല തണുപ്പ്. പുറത്തു നല്ല മൂടല്‍ മഞ്ഞ്. പ്രഭാത ഭക്ഷണം കഴിഞ്ഞാല്‍ ഞങ്ങള്‍ ഇവിടെ നിന്നും ഇറങ്ങും. ഉത്തരകാശിയിലേക്കാണ് പോകുന്നത്. അവിടെയുള്ള ഫോറസ്റ്റ് ഓഫീസില്‍ പോയി ഗോമുഖ് ലേക്ക് പോകാനുള്ള പാസ് എടുക്കണം. കഴിയുന്നതും നേരത്തെ ഗംഗോത്രിയിലെത്തി വിശ്രമിയ്ക്കുകയും വേണം. ഇന്നലെ കാലുകള്‍ക്ക് നല്ല വേദനഉണ്ടായിരുന്നു. ഇന്ന് വലിയ പ്രശ്നമില്ല. തലേന്ന് വഴിയില്‍ വെച്ച് ഹിമാലയന്‍ മസാജ് എണ്ണ ഒരു കുപ്പി വാങ്ങിയത് ഉപകാരപ്പെട്ടു.
ഇത് എഴുതിക്കൊണ്ടിരിയ്ക്കുമ്പോള്‍ അപ്പുറത്ത് നിന്ന് ഹിന്ദിയില്‍ നാടോടിപ്പാട്ടുകള്‍ കേള്‍ക്കുന്നു. കുട്ടിയുടെ ശബ്ദമാണ്. പോയി നോക്കിയപ്പോൾ നിന്റെ പ്രായത്തിലുള്ള ഒരു പയ്യന്‍ തലേന്ന് രാത്രി കിടന്നു പോയവരുടെ മുറി അടിച്ചുവാരി വൃത്തിയാക്കുകയാണ്. കിഷൻ എന്നാണു പേര്. അവന്റെ അച്ഛനാണ് ഹോട്ടല്‍ നടത്തുന്നത്.
ഈ ഹോട്ടലിന്റെ വിശാലമായ മുറ്റത്ത് ധാരാളം വണ്ടികള്‍ പാര്‍ക്ക് ചെയ്യാം. ഞങ്ങള്‍ക്ക് കിട്ടിയ മുറികൾ ഈ കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ്. വലുപ്പമുള്ള മുറികൾ വൃത്തിയുള്ളതു തന്നെ. മുറ്റത്ത് ഇടത്തോട്ടു മാറി മറ്റൊരു കെട്ടിടമുണ്ട്. അതാണ് ഭക്ഷണശാല. ഇന്നലെ രാത്രി ഇതൊന്നും ശ്രദ്ധിയ്ക്കാന്‍ പറ്റിയില്ല. പ്രഭാതഭക്ഷണം കഴിക്കാനുള്ള വിളി വന്നു. ബാഗുകള്‍ എല്ലാം പുറത്തേയ്ക്ക് വെച്ചു. ഇനി പിന്നെ എഴുതാം.
ഞങ്ങള്‍ ഇപ്പോള്‍ ഭക്ഷണശാലയിലെ ഊണ്‍ മുറിയിലാണ്. ആലൂ പൊറോട്ടയാണ് കഴിയ്ക്കാന്‍ പോകുന്നത്. അത് ഉണ്ടായിക്കിട്ടാന്‍ കുറച്ചു സമയം എടുക്കും. അതിനാല്‍ അവിടെയൊക്കെ ഒന്ന് ചുറ്റിക്കാണാം എന്ന് വിചാരിച്ചു. ഭക്ഷണമുറി അത്യാവശ്യം വലിയ ഹാള്‍ ആണ്. ഞങ്ങളെക്കൂടാതെ കുറച്ചു പേര്‍ കൂടി കഴിക്കാന്‍ വന്നിട്ടുണ്ട്. ഇതിന്റെ ഒരറ്റത്താണ് അടുക്കള. ഞങ്ങള്‍ അവിടെയൊക്കെ ഒന്ന് നടന്നു നോക്കി. സാധാരണ വീടുകളിലെ അടുക്കള പോലെത്തന്നെ. ഗഢ്വാളി കുടുംബം തന്നെയാണ് ഹോട്ടല്‍ നടത്തുന്നത്. അടുക്കളയില്‍ കണ്ട ഉരുളക്കിഴങ്ങുകളുടെ ഭംഗി കണ്ടു നിന്നപ്പോൾ പാചകക്കാരന്‍ --- ഇത് 'പഹാഡി ആലു' വാണ് (പര്‍വത പ്രാന്തങ്ങളില്‍ കൃഷി ചെയ്തുണ്ടാക്കുന്ന ഉരുളക്കിഴങ്ങ്) എന്ന് പറയുകയും വേവിച്ച ഉരുളക്കിഴങ്ങ് കഴിക്കാൻ തരികയും ചെയ്തു. ഇത്ര രുചിയുള്ള 'ആലു' ആദ്യമായാണ് കഴിയ്ക്കുന്നത്. (നിന്റെ അമ്മയ്ക്ക് ഇത് വായിച്ചാല്‍ത്തന്നെ വായില്‍ വെള്ളം വരും.)
എഴുത്ത് തുടരാം എന്ന് കരുതി ഊണ് മേശയ്ക്കു മുന്നിലിരുന്നു പുസ്തകം നിവർത്തി. അപ്പോളാണ് ഈ ഹോട്ടലിന്റെ മുറ്റത്തിനപ്പുറത്തേക്ക് നോക്കിയത്. മതിലിന്നപ്പുറം വിശാലമായ പച്ചപ്പ്. പച്ചപ്പിന് അതിരുകള്‍ തീര്‍ത്തുകൊണ്ട് ഉയര്‍ന്നു നില്‍ക്കുന്ന പർവതങ്ങൾ. മനോഹരമായ ഈ പ്രകൃതി ദൃശ്യം കാണാൻ മുറ്റത്തേക്കിറങ്ങി. വേഗം മതിലിന്നടുത്തേക്ക് നടന്നു. നേരിയ മൂടല്‍ മഞ്ഞില്‍ മലയില്‍ നിന്നും ഒഴുകി വരുന്ന വെള്ളച്ചാൽ സൂര്യപ്രകാശത്തിൽ വെട്ടിത്തിളങ്ങുന്നു. അതിൽ നിന്നും ഒരു ജലപ്രവാഹം താഴെ സമതലത്തിലേക്ക് ഒഴുകുന്നു. നോക്കി നിൽക്കേ, മൂടൽ മഞ്ഞു കുറയാൻ തുടങ്ങി. തൊട്ടടുത്ത് തട്ടുതട്ടായ കൃഷി സ്ഥലങ്ങൾ. ഇടത്തു ഭാഗത്തേയ്ക്കു നീങ്ങിയാണ് ബ്രഹ്മഖൽ ഗ്രാമം. മരങ്ങളുടെ മറവു കാരണം വ്യക്തമായ കാഴ്ച ലഭിയ്ക്കുന്നില്ല. ഒരു ക്ഷേത്രത്തിന്റെ കുറച്ചു ഭാഗം കാണ്മാനുണ്ട്. അത് ബ്രഹ്‌മാവിന്റെ ക്ഷേത്രമാണ്. ഇതൊക്കെ പറഞ്ഞു തരാൻ ഹോട്ടലിൽ പണിയെടുക്കുന്ന ഒരാൾ കൂടെ വന്നിരിക്കുകയാണ്.
എത്ര നല്ല സുന്ദരമായ ഗ്രാമം. വളരെ നല്ല മനുഷ്യരും ! സ്വച്ഛതയാർന്ന ഭൂപ്രദേശം. ആ ഗ്രാമത്തിൽ ഒന്ന് പോയി വരികയെങ്കിലും ചെയ്യണമെന്ന് തോന്നി. ഈ ഹിമാലയൻ പ്രാന്തങ്ങളിലൊക്കെ ഒന്ന് ചുറ്റിക്കറങ്ങി വരാൻ ഈ ആയുസ്സു പോരല്ലോ എന്നോർക്കുമ്പോൾ സങ്കടമുണ്ട്. ഇതിന്നിടയിൽ, നാട്ടിൽ പശു പ്രസവിച്ചോ, ചിരുകണ്ടമ്മാമനും ശോഭമ്മയും പരമമ്മാമാനുമൊക്കെ പറമ്പും വീടും പാടവുമൊക്കെ നേരെ നോക്കുന്നുണ്ടോ എന്നൊന്നും സത്യത്തിൽ ചിന്തിക്കാൻ പോലും തോന്നുന്നില്ല. എന്തായാലും മുത്തശ്ശൻ ഒരു ദിവസം ഫോൺ ചെയ്തു വിവരങ്ങൾ അന്വേഷിച്ചിരുന്നു.
ഹോട്ടലുടമയുടെ മകൻ കിഷനെക്കൊണ്ട് കുറച്ചു പാട്ടുകൾ പാടിച്ചു. നാടൻ പാട്ടുകൾ നന്നായി പാടി. കിഷനും, ബന്ധുവായ കൂട്ടുകാരനും അവധിക്കാലമായതിനാൽ അച്ഛനെ സഹായിക്കാൻ വന്നിരിക്കയാണ്. ഞങ്ങൾ ഒന്നിച്ചു ഒരു ഫോട്ടോ എടുത്തിട്ടുണ്ട്.
--......................................................................................................................................................................................................
-------------------------------------------------------------------------------------------------------------------------
25 -6 -11,
ഈശാവാസ്യ ആശ്രമം, ഗംഗോത്രി.
പ്രിയപ്പെട്ട അമ്മിണീ,
ഹരിദ്വാർ വിട്ടശേഷമുള്ള മൂന്നാമത്തെ രാത്രിയാണിത്. ഇനി ബ്രഹ്മഖൽ വിട്ടശേഷമുള്ള കഥകൾ തുടങ്ങാം. അവിടെ നിന്നും 55 കി.മീ.ദൂരത്തിലാണ് ഉത്തർ കാശി. ഇങ്ങോട്ടുള്ള റോഡ് നല്ലതാണെന്നു നേരത്തെ പറഞ്ഞല്ലോ. വഴി മുഴുവനും പ്രകൃതി രമണീയം എന്ന് പറയാതെ വയ്യ, ഇടയ്ക്ക് രണ്ടു് അങ്ങാടികൾ കണ്ടിരുന്നു. ബാക്കി യാത്ര ജനവാസമില്ലാത്ത സ്ഥലത്തുകൂടി
വാഹനം ഉത്തരകാശിയിലെ പ്രസിദ്ധമായ വിശ്വനാഥക്ഷേത്രത്തിനു മുന്നിൽ നിർത്തി. പ്രധാന ക്ഷേത്രകവാടം കടന്നാൽ ചെറിയ ഒരു തളം. അവിടെ ചുവരിൽ ക്ഷേത്ര ഐതിഹ്യം കുറിച്ച് വെച്ചിട്ടുണ്ട്. പണ്ട് ജമദഗ്നി മഹർഷി പരശുരാമനോട് സ്വന്തം അമ്മയുടെ തലവെട്ടാൻ പറയുകയും, പിന്നീട് മകന്റെ ആവശ്യപ്രകാരം അമ്മയെ പുനരുജ്ജീവിപ്പിച്ചു കൊടുക്കുകയും ചെയ്ത കഥ നീ കേട്ടിട്ടുണ്ടാകും. ഈ കഥകൾ നടന്നത് ഇവിടെയാണത്രെ. ഈ ക്ഷേത്രം
പുതുക്കിപ്പണിഞ്ഞ വർഷവും ചുവരിൽ കുറിച്ചിട്ടുണ്ട്.
ബനാറസ് അഥവാ, വാരാണസിയെ പൂർവകാശിയെന്നാണ് പറയുക. അവിടത്തെപോലെ ഇവിടെയും വാരണനദിയും, അസിനദിയും ഒന്നുചേരുന്നു. നിന്റെ അമ്മാമൻ കാശിയിൽ ഗംഗയുടെ തീരത്തുള്ള ആസ്പത്രിയിലാണ് ജനിച്ചത്, നിന്റമ്മ ചെറിയ ക്ലാസ്സുകൾ അവിടെ സ്‌കൂളിലാണ് പഠിച്ചത്, 'അമ്മ കുട്ടിയാകുമ്പോൾ ഞങ്ങൾ അസിഘട്ടിൽ കുളിക്കാൻ പോകാറുണ്ടായിരുന്നു എന്ന് തുടങ്ങി ഒരുപാട് കഥകളും കാശിയെപ്പറ്റിയുമൊക്കെ നീ കേട്ടിട്ടുള്ളതാണല്ലോ........
അതുപോകട്ടെ. ഞങ്ങള്‍ ക്ഷേത്രത്തിന്‍റെ ഉള്ളിലേക്ക് കടന്നു. മുന്നില്‍ വിശാലമായ മുറ്റം. കടന്നയുടനെ ഇടത്തും വലത്തും ഓരോ പ്രതിഷ്ഠകൾ. സന്യാസിമാരെപ്പോലെയുള്ള പൂജാരികൾ കയ്യിലെ തട്ടിൽ നിന്നും സിന്ദൂരമെടുത്തു നെറ്റിയിൽ തൊടുവിച്ചു സ്വാഗതമരുളി. മൂന്നടിയിലധികം ഉയരമുള്ള ഗണപതിയുടെ വിഗ്രഹത്തിന്റെ മുഖം കുറച്ചു ചെത്തിപ്പോയിട്ടുണ്ട്. നൂറ്റാണ്ടുകൾക്കു മുന്പേ നദിയിൽ ഒഴുകി വന്നതാണത്രേ ഈ കറുത്തകൽവിഗ്രഹം. കഥ പറയുന്നതിനിടയിൽ പൂജാരി തട്ടിൽ നിന്നും ഒരു ചരടെടുത്തു കെത്തണ്ടയിൽ കെട്ടിച്ചു. എന്തൊക്കെയോ മന്ത്രങ്ങൾ ഉരുവിടുന്നുണ്ട്. അവസാനം പേരക്കുട്ടികൾക്കൊക്കെ നല്ലതു വരും എന്ന് പറഞ്ഞു നിർത്തി. ഏതു മുത്തശ്ശിയേയും സന്തോഷിപ്പിക്കുന്ന വാചകങ്ങൾ. പാവം, എന്തെകിലും കിട്ടാൻ വേണ്ടിത്തന്നെ.
ക്ഷേത്ര മുറ്റത്ത് അവിടവിടെയായി ചെറുതും ലളിതവുമായ ശ്രീ കോവിലുകള്‍. പ്രധാന ക്ഷേത്രത്തിലേക്ക്, വിശ്വനാഥ ദര്‍ശനത്തിനായി നാലഞ്ചു പടവുകൾ കയറി മുകളിലെത്തി. ഈ ക്ഷേത്രത്തില്‍ അത്ര തിരക്കൊന്നുമില്ല. ക്ഷേത്രത്തിന്റെ ചുമരിൽ ശങ്കരാചാര്യർ രചിച്ച ശിവാഷ്ടകം എഴുതിയിട്ടുണ്ട്. ക്ഷേത്ര കവാടത്തിനു മുന്നിലുള്ള കാളയും പ്രദക്ഷിണ വഴിയും നമ്മുടെ നാട്ടിലെ ശിവ ക്ഷേത്രങ്ങളെ ഓര്‍മ്മിപ്പിയ്ക്കുന്നു. പ്രദക്ഷിണവഴി ക്ഷേത്രമതിലില്‍ മുട്ടി നിന്നു. ഒരു കാര്യം ശ്രദ്ധയില്‍ പെട്ടു. മുഴുവൻ പ്രദക്ഷിണവും സാദ്ധ്യമല്ല. കൂടാതെ പുറത്തേയ്ക്കുള്ള ഓവ് കാണുന്നില്ല.
തെക്കു കിഴക്കു മൂലയില്‍ ഒരു ചെറിയ വാതില്‍. അത് ശ്രീകോവിലിലേക്ക് കടക്കാനുള്ളതാണ്. പൂജാരിയും മറ്റൊരു ഭക്തനും മാത്രമേ അകത്തുള്ളൂ. അധികം ആളുകൾക്ക് നിന്ന് തിരിയാൻ സ്ഥലമില്ല. പൂജാരി ശിവലിംഗത്തിനു മുന്നിലിരുന്നു മന്ത്രങ്ങൾ ചൊല്ലുന്നു. കൂടെയുള്ള ആൾ ബ്രാഹ്മണനാകണം. മന്ത്രം ചൊല്ലി പൂണൂൽ ശിവലിംഗത്തിൽ ചാർത്തുന്നത് കണ്ടു. വടക്കു കിഴക്കേ മൂലയിൽ ചുമരിൽ കെടാവിളക്ക് കത്തുന്നു. ശിവലിംഗത്തിനു സമീപം പാർവതിയുടെ പ്രതിഷ്ഠയുണ്ട്. വളരെ ലളിതവും ശാന്തവുമായ സ്ഥലം. പൂജാരിയും ഭക്തനും പുറത്തുപോയി. കുറച്ചുനേരം ഞങ്ങൾ ആ ശ്രീകോവിലിൽ പ്രാർത്ഥിച്ചിരുന്നു. (അപ്പോള്‍ ഇല്ലത്തെ ശ്രീലാകത്ത് ഇരിക്കുന്നതുപോലെയാണ് തോന്നിയത്). സാധാരണ ഉത്തരേന്ത്യയിലെ ക്ഷേത്ര സങ്കല്‍പ്പവും നമ്മുടേതുമായി വലിയ വിത്യാസം അനുഭവപ്പെടാറുണ്ട്. കാശി വിശ്വനാഥനെയൊക്കെ കൈകൊണ്ട് സ്പർശിക്കുക എന്നത് നമുക്കൊക്കെ ആലോചിക്കാൻ കൂടി വിഷമമാണ്.
പൊതുവേ ഉത്തരേന്ദ്യക്കാര്‍ക്ക് ശങ്കരാചാര്യരെ വളരെയധികം ബഹുമാനവും ഭക്തിയുമാണ്. അദ്ദേഹത്തിനെപ്പറ്റി നീ കേട്ടിട്ടുണ്ടാകും. കേരളത്തിൽ ജനിച്ചു വളർന്ന ബ്രാഹ്മണകുമാരനായ ശങ്കരൻ ഭാരതം മുഴുവൻ സഞ്ചരിച്ചു ധർമ്മപ്രചാരം നടത്തി. അദ്ദേഹം ചെയ്ത മഹത് സേവനങ്ങൾ വാക്കുകളാൽ വിസ്തരിക്കാൻ സാദ്ധ്യമല്ല. കേദാറിലെയും, ബദരിയിലേയുമൊക്കെ പ്രതിഷ്ഠ നടത്തിയത് അദ്ദേഹമാണ്. ഭാരതത്തിന്റെ സനാതന ധർമ്മം നിലനിർത്താനായി രാജ്യത്തിന്റെ നാല് ദിശകളിലും ശങ്കര മഠങ്ങളും അദ്വൈത ആശ്രമങ്ങളും സ്ഥാപിച്ചിട്ടുണ്ട്. സർവജ്ഞ പീഠം കയറിയ ഒരേ ഒരു സന്യാസിവര്യൻ ശങ്കരാചാര്യരാണ്. (പിന്നീടൊരിക്കൽ അദ്ദേഹത്തെപ്പറ്റി വിസ്തരിച്ചു എഴുതാം.)
ആചാര്യ സ്വാമികളെ മനസാ വീണ്ടും സ്മരിച്ചുകൊണ്ട് ഞങ്ങൾ പുറത്തു കടന്നു. ശിവക്ഷേത്രത്തിന് താഴെയായി 'ശക്തി' യുടെ--ദുർഗ്ഗയുടെ ക്ഷേത്രമാണ്. പ്രവേശനകവാടത്തിൽ കുങ്കുമത്തട്ടും പിടിച്ച് ഒരു സന്യാസി നിൽക്കുന്നു. ആ തട്ടിൽ എന്ത് നിക്ഷേപിച്ചാലും ഇല്ലെങ്കിലും അദ്ദേഹം ആശംസകളോടെ എല്ലാവരുടെയും നെറ്റിയില്‍ കുങ്കുമം തൊടീക്കും. ശ്രീകോവിലിനുള്ളിലേയ്ക്ക് നോക്കിയപ്പോൾ അതിശയപ്പെട്ടു. ഒരു തൃശൂലം ഭൂമിയിൽ നിന്നും പൊന്തി മേൽക്കൂരയും കവിഞ്ഞു പുറത്തേക്കു നിൽക്കുന്നു. ഇതാണ് 'മഹാദേവ് കാ തൃശൂൽ'. ഭക്തര്‍ ഈ ശൂലത്തിനെ അത്യാദരപൂര്‍വ്വം വന്ദിക്കുന്നു. അടുത്തു തന്നെ ദേവിയുടെ പ്രതിഷ്ഠയുമുണ്ട്. പൂജാരി, ശൂലം പ്രതിഷ്ഠയായതിന്റെ കഥ പറഞ്ഞു. ബകാസുരനെ കൊന്ന ശേഷം മഹാശിവൻ തൃശൂലം ഈ സ്ഥാനത്താണത്രേ തറച്ചുവെച്ചത്. കുറച്ചു കാലം മുൻപ് ശൂലം മാറ്റി പ്രതിഷ്ഠിയ്ക്കാന്‍ ശ്രമം നടത്തി. പക്ഷെ, പറിച്ചു മാറ്റുന്നതിന്നിടയില്‍ അറ്റം കാണാൻ സാധിക്കാതെ വന്നപ്പോൾ ശൂലം ഉള്ളിലാക്കി ക്ഷേത്രം പണിയുകയാണ് ഉണ്ടായതത്രേ. നൂറ്റാണ്ടുകൾ വെയിലും മഴയും മഞ്ഞും കൊണ്ട് നിന്നിട്ടും ശൂലത്തിൽ തുരുമ്പ് സ്പർശിച്ചിട്ടുപോലുമില്ല. ചില പ്രത്യേകതരം ലോഹക്കൂട്ടിൽ ഉണ്ടാക്കിഎടുത്തതാണത്രേ ഈ തൃശൂലം. ഏകദേശം ഒന്നര സഹസ്രാബ്ദത്തോളം പഴക്കം ഇതിന് കണക്കാക്കിയിട്ടുണ്ട്.
ക്ഷേത്ര മുറ്റത്ത് കുറച്ചു മാറി വലിയൊരു ആല്‍മരവും അതിന്നടുത്തു ചെറിയൊരു ശ്രീകോവിലും ഉണ്ട്. മാർക്കാണ്ഡേയമുനി ഇവിടെയിരുന്ന് തപസ്സു ചെയ്തിരുന്നുവെന്നും മുനിയുടെ പ്രതിഷ്ഠയാണ് ശ്രീ കോവിലിൽ എന്നും പറയപ്പെടുന്നു. ഇവിടെ പരമശിവന്‍റെ പ്രതിഷ്ഠ നടത്തിയത് അദ്ദേഹമാണെത്രേ. ആല്‍മരത്തിന് പ്രദക്ഷിണം വെക്കുമ്പോള്‍ തിരുന്നാവായ തേവരെയും ത്രുപ്രങ്ങോട്ടപ്പനെയും മനസ്സില്‍ സ്മരിച്ചു. (മരണത്തെ ജയിച്ച മാർക്കാണ്ഡേയന്റെ കഥ നിനക്ക് അറിയുന്നതാണല്ലോ. കാലന്‍ പിടിക്കാന്‍ വന്നപ്പോള്‍ തിരുന്നാവായ തേവര്‍ ആ ഉണ്ണിയെ തൃപ്രങ്ങോട്ടെക്ക് പറഞ്ഞയച്ചതും ആല് രണ്ടായി പിളര്‍ന്ന് വേഗം ശിവസന്നിധിയില്‍ എത്തിച്ചതും മഹാദേവന്‍ കാലനെ വധിച്ചതുമൊക്കെ.... ) ഈ ക്ഷേത്ര പരിസരത്തു നിൽക്കുമ്പോൾ അതെല്ലാം ഓര്‍ത്തു. ഈ ക്ഷേത്രമുറ്റത്ത് നില്‍ക്കുമ്പോള്‍ എന്തെന്നില്ലാത്ത ഒരു ശാന്തിയും സമാധാനവും അനുഭവപ്പെടും.
ക്ഷേത്ര ഗോപുരത്തില്‍ നിന്നും പുറത്തു കടക്കുമ്പോളാണ് നേരെ എതിര്ഭാഗത്തുള്ള മാനം മുട്ടുന്ന വലിയ പർവതം ശ്രദ്ധിച്ചത്. വാരണ പർവതം. ഇതിന്റെ അടിവാരത്തിലായിരുന്നുവത്രെ, പാണ്ഡവർക്കായി കൗരവർ അരക്കില്ലം പണിതത്. പാണ്ഡവർ രക്ഷപ്പെട്ട ലക്ഷേശ്വരം എന്ന ഗുഹാമുഖം ഈ പർവതത്തിന്റെ മറുഭാഗത്തുണ്ടത്രേ. ഓരോ സ്ഥലങ്ങളും സംഭവങ്ങളും നമ്മളെ ഏതൊക്കെയോ ലോകത്തേയ്ക്ക് കൂട്ടിക്കൊണ്ടു പോകുന്നു.
ഉത്തരകാശി എന്ന ഈ ചെറു പട്ടണം സമുദ്ര നിരപ്പിൽ നിന്നും 4,൦൦൦ അടിമുകളിലാണ്. ഭാഗീരഥി നദിയുടെ തീരത്ത് വാരാണസിയിലെ പോലെ വരുണ, അസി എന്ന രണ്ടു നദികളുടെ മദ്ധ്യത്തിലാണ് ഇതിന്റെ സ്ഥാനം. ഹിമാലയൻ തീര്തഥാടകരുടെ മുഖ്യതാവളമാണ് ഇവിടം. എണ്ണിയാൽ തീരാത്തത്ര ആശ്രമങ്ങളും തപോവനങ്ങളും, ധർമ്മശാലകളും ഇവിടെയുണ്ട്. പരശുരാമക്ഷേത്രം, രുദ്രക്ഷേത്രം, കാളിക്ഷേത്രം തുടങ്ങി നിരവധി സ്ഥാനങ്ങൾ ഇവിടെ ദർശിക്കാനുണ്ട്. ദത്താത്രേയ മഹർഷി, കപിലമഹര്ഷി, ജമദഗ്നി മഹർഷി തുടങ്ങിയ മഹാഋഷിമാർ ഭഗീരഥിയുടെ തീരത്തായിരുന്നുവത്രെ തപസ്സനുഷിച്ചിരുന്നത്. അർജുനൻ മഹാശിവനെ തപസ്സു ചെയ്തു പാശുപതാസ്ത്രം നേടിയതും ഇവിടെ വെച്ചായിരുന്നുവത്രെ.
തപോവനസ്വാമികളുടെയും ചിന്മയാനന്ദസ്വാമികളുടെയും ആശ്രമങ്ങൾ ഇവിടെയുണ്ട്. ഇവരെപ്പറ്റി ഒന്നും അറിയില്ലെങ്കിലും അവരുടെ പുസ്തകങ്ങൾ നീ കണ്ടിട്ടുണ്ടല്ലോ. ഈ പ്രായത്തിൽ അതൊക്കെത്തന്നെ ധരാളമാണ്.
വിശ്വനാഥക്ഷേത്രത്തിന്റെ അടുത്തു വലിഖില്യ പർവതമുണ്ട്. ഈ വനത്തിനടുത്താണത്രെ നചികേതതാൾ. (നചികേത തടാകം) നചികേതസ്സിനെപ്പറ്റി നീ വായിച്ചിട്ടുണ്ടാകുമല്ലോ ! ബാലനായിരിക്കുമ്പോൾ തന്നെ കാലനെ പ്രസാദിപ്പിച്ചു മരണത്തെ അതിജീവിക്കുവാനുള്ള വരം വാങ്ങിയ നചികേതസ്സു്, വാജിശ്രവസ്സ് എന്ന മഹർഷിയുടെ പുത്രനായിരുന്നു. ഇങ്ങിനെ തുടങ്ങിയാൽ അവസാനിക്കാത്ത കഥകൾ പുണ്യപുരാതന നഗരമായ ഈ ഭൂമിക്കു നമ്മളോട് പറയാനുണ്ട്.
ഗംഗോത്രി, യമുനോത്രി, ഗോമുഖ് എന്നീ പുണ്യ സ്ഥലങ്ങളും ടെഹ്‌രി, ധരാസു തുടങ്ങിയ ചെറിയ പട്ടണങ്ങളും ഉത്തരകാശി ജില്ലയിലാണ്. കാലങ്ങളോളമായി യോഗിവര്യരുടെയും തീർത്ഥാടകരുടെയും സന്യാസിമാരുടെയും താവളമായ ഈ പുണ്യഭൂമിയിൽ കാലെടുത്ത് വെക്കുമ്പോള്‍ത്തന്നെ അവാച്യമായൊരു ആത്മീയ തേജസ്സ് അനുഭവപ്പെടുമെന്ന് ചില യാത്രികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
സമയ പരിമിതി കാരണം വിശ്വനാഥ ക്ഷേത്രം മാത്രം ദർശിച്ചു ഞങ്ങൾ വനവകുപ്പ് ഓഫിസിലേക്ക് യാത്രയായി. അവിടെ 150 രൂപ കെട്ടി വെച്ച്, ഐഡന്റിറ്റി കാർഡ് കാണിച്ചു ഗോമുഖിൽ പോകാനുള്ള പാസ് വാങ്ങണം. വളരെ പെട്ടെന്ന് കാര്യങ്ങൾ കഴിഞ്ഞു. ഓഫിസിൽ ജോലി ചെയ്യുന്ന ഒരു സ്ത്രീക്കു മലയാളികളെ കണ്ടപ്പോൾ സന്തോഷം. ശാസ്ത്ര സാഹിത്യ പരിഷദിന്റെ പരിപാടികളുടെ ഭാഗമായി അവർ കേരളത്തിൽ വന്നിട്ടുണ്ടെന്ന് പറഞ്ഞു.
വനവകുപ്പ് ഓഫിസിൽ കാത്തിരിക്കുമ്പോൾ ഭഗവൻജിയുമായി ഒരു ചെറിയ കുശലം. ഭാര്യയും കുട്ടികളുമൊക്കെ ഹരിദ്വാറിൽ തന്നെ. നാട്ടിലെ രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങൾ ചോദിച്ചപ്പോൾ ധാരാളം സംസാരിച്ചു. ഹരിദ്വാര്‍, സ്വാമി രാംദേവിന് വളരെ സ്വാധീനമുള്ള സ്ഥലമാണ്. എന്നാല്‍ നമ്മുടെ ഭഗവാന്‍ ജി അതേക്കുറിച്ച് കൂടുതല്‍ ഒന്നും പറഞ്ഞില്ല.
പാസ് വാങ്ങി നേരെ ഗംഗോത്രിയ്ക്ക്. റോഡിന്റെ ഇരുഭാഗങ്ങളിലും ആശ്രമങ്ങളും ധർമ്മശാലകളും കണ്ട് കുറച്ചു ദൂരം യാത്ര ചെയ്തു. അപ്പോഴേയ്ക്കും കളകള ശബ്ദത്തോടെ ഒഴുകുന്ന ഭാഗീരഥി വലതു ഭാഗത്തു പ്രത്യക്ഷപ്പെട്ടു. നദിയുടെ കൂടെ അതിന്റെ ഉത്ഭവസ്ഥാനത്തേയ്ക്കാണ് ഞങ്ങളും. നദി ഏതാണ്ട് റോഡിന്‍റെ സമനിരപ്പിലാണ് ഒഴുകിക്കൊണ്ടിരിയ്ക്കുന്നത്. ഈ ഭാഗത്ത് നദിക്ക് 'അസി ഗംഗ' എന്ന പേര് ഉണ്ടത്രേ.
ഉത്തരകാശിയിൽ നിന്നും 100 കി മി ദൂരത്താണ് ഗംഗോത്രി. യാത്രയ്ക്കിടയിലെ പ്രധാന സ്ഥലങ്ങളാണ് ഗംഗോറി, മനേരി, ഭട് വാരി, ഗംഗാനാനി, സുഖി, ഝാല, ഹർസിൽ, ലങ്ക, ഭൈരോൺഗാട്ടി എന്നിവ. മുന്നോട്ട് പോകുന്തോറും ഭീതിയുണ്ടാക്കുന്ന കയറ്റങ്ങളും ഹെയർപിൻ വളവുകളും.
12.കി.മീ ദൂരം പിന്നിട്ടപ്പോൾ 130 അടി ഉയരത്തിൽ കെട്ടി ഉണ്ടാക്കിയ അണക്കെട്ടു കണ്ടു. മനേരി എന്ന ഈ സ്ഥലത്ത് ഉൽപ്പാദിപ്പിയ്ക്കുന്ന വൈദ്യതി ഗഢ്‌വാളിലെ ഒരു വിധം എല്ലാ ഗ്രാമങ്ങളിലേക്കും എത്തിക്കുന്നുണ്ടത്രേ. കുറച്ചുകൂടെ മുന്നോട്ടു പോയപ്പോൾ മലയിൽ തുരങ്കം ഉണ്ടാക്കി വെള്ളം ചാടിക്കുന്നത് കണ്ടു. ഹൈഡ്രോ ഇലക്ട്രിക്ക് പ്രൊജക്റ്റ് ആണ് ഇവിടെ. മനുഷ്യന്റെ അഹങ്കാരങ്ങൾ കൂടിക്കൂടി വരികയാണ്. പ്രകൃതി കുറച്ചൊക്കെ സഹിയ്ക്കും. ചിലപ്പോൾ...........
മുന്നോട്ടു പോകുന്തോറും പേടിപ്പെടുത്തുന്ന കയറ്റങ്ങളും, ഹെയർപിൻ വളവുകളും. അടുത്ത അങ്ങാടിയാണ് ഭട് വാരി. സാമാന്യം ഭേദപ്പെട്ട അങ്ങാടി തന്നെ. ഡ്രൈവർ വണ്ടി നിർത്തി ഊണുകഴിക്കാൻ പോയി. ഞങ്ങൾ ഓരോ ഗ്ലാസ് നാരങ്ങാനീര് കുടിയ്ക്കാം എന്ന് വിചാരിച്ചു, കടക്കാരൻ 7 ഗ്ലാസുകൾ നിരത്തി വെച്ചു അതിലൊക്കെ എന്തോ മസാലപ്പൊടിയും, പിന്നെ ഉപ്പു പോലെ എന്തോ വസ്തുകൂടെ ചേർത്തു. നന്നാറിയുടെ നേരിയമണം. കുടിച്ചു നോക്കുമ്പോൾ പരിചയമില്ലാത്ത സ്വാദ്. കടക്കാരന്റെ അടുത്തു ചെന്ന് അതില്‍ ചേർത്ത വസ്തുക്കൾ പരിശോധിച്ചു. കുഴപ്പമില്ല, കുപ്പികളിൽ എസ്സെൻസും മസാലപ്പൊടിയും ഇന്തുപ്പുമാണ്.
ഈ പർവത പ്രദേശങ്ങളിലെ പഴങ്ങൾ എന്തെകിലും വാങ്ങാമെന്നു വിചാരിച്ചു നോക്കുമ്പോള്‍ ഒന്നും കാണുന്നില്ല. മാങ്ങ മാത്രമേ ഉള്ളൂ. അതും ദക്ഷിണേന്ത്യയിൽ നിന്നും വന്നത്. ആപ്പിളുകൾ പാകമാകാൻ ഇനിയും സമയമെടുക്കും.
വീണ്ടും കയറ്റം തന്നെ. കുറച്ച് ദൂരം പോയപ്പോള്‍ ആള്‍ത്തിരക്കുള്ള സ്ഥലം. ഭഗവന്‍ജി വണ്ടി പതുക്കെയാക്കി. റോഡരുകിലെ മതിൽക്കെട്ടിലുള്ള ടാപ്പ്‌കള്‍ തുറന്ന് നിരവധി ആളുകള്‍ കുടുംബ സമേതം അതിന്നടിയിൽ നിന്ന് സുഖമായി കുളിയ്ക്കുന്നു. വാഹനം ഒരരുകിൽ പാർക്ക് ചെയ്തു. ചുടുവെള്ളമാണ് പൈപ്പില്‍ വരുന്നത്. വേണമെങ്കില്‍ കുളിക്കാം എന്ന് ഭഗവന്‍ ജി. കുളിക്കുന്നവരുടെ ഉത്സാഹം കണ്ടപ്പോൾ നല്ല രസം തോന്നി. തൽക്കാലം കുളിയുടെ ചിന്ത മാറ്റി വെച്ചു. ഗംഗോത്രിയാണല്ലോ ലക്‌ഷ്യം. ഈ സ്ഥലത്തിന്‍റെ പേര് ഗംഗാ നാനി അഥവാ ഗംഗാ മുത്തശ്ശി. നല്ലപേര്. അല്ലേ ? (നാനി എന്ന് പറഞ്ഞാല്‍ അമ്മമ്മ എന്നാണ് അര്‍ത്ഥം.)
റോഡിന്റെ വലതുഭാഗത്തുള്ള ക്ഷേത്രത്തിൽ വേണമെങ്കില്‍ പോയിവരാം എന്ന് ഭാഗവന്‍ജി പറഞ്ഞപ്പോള്‍ ഞങ്ങള്‍ ഉത്സാഹത്തോടെ പുറത്തിറങ്ങി. റോഡ് മുറിച്ചു കടന്നു പടവുകൾ കയറിച്ചെന്നു. മുന്നില്‍ വലത്ത് ഭാഗത്ത് അടുത്തടുത്തായി ഗംഗാനാനിയെയും പരാശരമുനിയേയും പ്രതിഷ്ഠിച്ച ചെറിയ ശ്രീകോവിലുകള്‍. തിരക്കൊന്നുമില്ല. പരാശരാശ്രമക്ഷേത്രത്തില്‍ വ്യാസമുനിയെ പ്രതിഷ്ടിചിട്ടുണ്ട്. ദര്‍ശനം കഴിഞ്ഞു തിരിഞ്ഞ് നടക്കുമ്പോള്‍ ഞങ്ങള്‍ ആലോചിച്ചത് ഇങ്ങിനെ ഒരു സ്ഥലത്ത് രണ്ടുപേരെയും പ്രതിഷ്ഠിച്ചതിന് പിന്നില്‍ എന്ത് കഥയായിരിക്കാം എന്നായിരുന്നു. പാരാശരാശ്രമക്ഷേത്രത്തില്‍ വ്യാസമുനിയെയും പ്രതിഷ്ഠിച്ചിട്ടുണ്ട്.
അടുത്തുതന്നെ സ്ത്രീകൾക്കുള്ള കുളിപ്പുര കണ്ടപ്പോൾ ഞങ്ങൾ മൂന്നുപേരും അങ്ങോട്ട് നടന്നു. വിശാലമായ നാലിറയം. അതിന്റെ നടുമുറ്റത്ത് കണ്ണീരുപോലെ തെളിഞ്ഞു കിടക്കുന്ന മനോഹരമായ കുളം ! നല്ല വൃത്തിയുള്ള പരിസരം. എന്നിട്ടെന്താ സ്ത്രീകൾ ആരും വന്നു കുളിക്കാത്തതെന്ന് ഞങ്ങള്‍ തമ്മില്‍ പറഞ്ഞു. എന്തായാലും കയ്യും കാലും, മുഖവും കഴുകിപ്പോകാൻ തീരുമാനിച്ചു. പത്തടിയോളം നീളവും വീതിയുമുള്ള ആ കൊച്ചു കുളത്തിലെ പടവുകൾ ഇറങ്ങി. പടവിലിരുന്നു കാൽ വെള്ളത്തിലിറക്കിയതും, മൂന്നുപേരും ഒരേസമയത്തു തന്നെ പുറത്തേയ്ക്ക് ചാടുകയും ചെയ്തു! ആൾത്തിരക്കില്ലാതെ ഇത്ര വൃത്തിയായി കുളം കിടക്കുന്നതിന്റെ രഹസ്യം അപ്പോളാണ് മനസ്സിലായത്. ഭാഗ്യത്തിന് പൊള്ളലേല്‍ക്കാന്‍ മാത്രം ചൂട് ഉണ്ടായിരുന്നില്ല. സമുദ്രനിരപ്പിൽ നിന്നും 6500 അടി ഉയരത്തിലാണ് ഞങ്ങള്‍.
നല്ല തണുപ്പും ഉണ്ട്. എന്നിട്ടും ഈ ചുടുവെള്ളത്തിൽ. ഒരു നിമിഷം പോലും കയ്യിട്ടിരിക്കാൻ വയ്യ. ഗംഗാ മുത്തശ്ശിയേയും പരാശരമുനിയെയും ഒന്നുകൂടി വന്ദിച്ചു ഞങ്ങൾ പടവുകൾ ഇറങ്ങി. ഒരു ചായ കുടിച്ചു യാത്ര തുടർന്നു.
ഒരു നിമിഷം പോലും കണ്ണടയ്ക്കാൻ തോന്നില്ല. അത്രക്കും സുഖമുണ്ട് പുറത്തേക്ക് നോക്കിയിരിക്കാന്‍. മുകളിലേക്ക് പോകുന്തോറും വ്യത്യസ്തയാകുന്ന പ്രകൃതി. മാനംമുട്ടെ തലയെടുത്തു പിടിച്ചു നിൽക്കുന്ന മലകളുടെ പള്ളയിൽക്കൂടി അങ്ങിനെ അരിച്ചു പോവുകയാണ് ഞങ്ങൾ.
മനുഷ്യൻ നോവിക്കുമ്പോൾ പ്രതിഷേധമെന്നോണം ഒന്ന് കുലുങ്ങി, മലയിടിക്കുകയോ, ഉരുളൻ കല്ലുകൾ താഴേയ്ക്ക് തള്ളിവിടുകയോ ചെയ്യുന്ന മലയമ്മ. ചിലപ്പോൾ റോഡും കഴിഞ്ഞു വലതു ഭാഗത്തെ അഗാധതയിലെക്കു കല്ലുകൾ ഉരുണ്ടു പോയി വീഴുന്നു.
മുകളിൽ നിന്നും താഴെക്ക് നോക്കിയാൽ വന്ന വഴി വളഞ്ഞു തിരിഞ്ഞു കിടക്കുന്നതു കാണാം. വലതുഭാഗത്തേയ്ക്കു വണ്ടി നീങ്ങുമ്പോൾ വളരെ ശ്രദ്ധിയ്ക്കണം. ഭഗവാൻജി സംസാരിക്കാന്‍ മടി കാട്ടുന്നുവെങ്കിലും വളരെ നല്ല ഡ്രൈവർ തന്നെ. പലതും ചോദിച്ചറിയണം എന്നുണ്ടായിരുന്നെങ്കിലും വണ്ടി ഓടിക്കുമ്പോൾ അയാളെ ബുദ്ധിമുട്ടിക്കണ്ടാ എന്നും വിചാരിച്ചു. ഈ പർവതങ്ങളിൽക്കൂടിയുള്ള ഡ്രൈവിംഗ് നല്ല വൈദഗ്ധ്യം വേണ്ടതുതന്നെ. ഒന്ന് ശ്രദ്ധ വിട്ടാൽ താഴെ അഗാധതയിലേക്ക് കൂപ്പ് കുത്തിയേക്കാം. കഴിഞ്ഞ തവണ കേദാറിലേക്കു പോകുമ്പോൾ ജീപ്പുകളും കാറുകളും താഴെ വീണു കിടക്കുന്നതു കണ്ട കാര്യം ഓർത്തു.
ഏകദേശം 8,000 അടി ഉയരത്തിലുള്ള സുഖിയിൽ എത്തുമ്പോൾ എത്ര ഉയരമുള്ള മലകളെ വട്ടം ചുറ്റിയാണ് അവിടെ എത്തിയതെന്ന് താഴേയ്ക്ക് നോക്കിയാല്‍ മനസ്സിലാകും. മാനംമുട്ടെ വളർന്നു നിൽക്കുന്ന ഈ മലകളുടെ ഉയരം കണക്കാക്കാൻ തന്നെ വിഷമമാണ്.
ഇനിയും മലയെ ചുറ്റിച്ചുറ്റി 7 കി.മീ കൂടെ മുകളിലെത്തുമ്പോൾ ഝാലയിൽ. ഇവിടെ നിന്നും താഴേയ്ക്ക് ഇറക്കമാണ്. ഭഗീരഥിയുടെ കരയോട് ചേർന്നാണ് തരക്കേടില്ലാത്ത ഈ പാത. നല്ല സുഖകരമായ ഇറക്കം. ഇടതു ഭാഗത്തു ധാരാളം ദേവതാരു വൃക്ഷങ്ങൾ. ഝാല കഴിഞ്ഞാൽ ആറേഴു കി.മീ ദൂരം നല്ല പ്രകൃതി ദൃശ്യങ്ങൾ കണ്ട് നമ്മൾ എത്തുന്നത് ഹർസിൽ എന്ന ചെറിയ അങ്ങാടിയിൽ. മനോഹരമായ താഴ്വരയിലാണ് ഹർസിൽ ഗ്രാമം അഥവാ ഹരിശില. ഒരു തിബറ്റൻ അഭയാർത്ഥി കേന്ദ്രംകൂടി ആണത്രേ, ഇത്. ആൾതാമസവും, കൃഷിയിടങ്ങളും ഉള്ള സ്ഥലം. പക്ഷേ, ഈ വഴിയിലൊന്നും ഒരൊറ്റ മനുഷ്യരെയും കണ്ടില്ല. ഗ്രാമവും. പുറത്ത് കൊടും തണുപ്പ് ആണെങ്കിലും ഈ പുണ്യ സ്ഥലങ്ങളെ സ്മരിക്കുമ്പോൾ തന്നെ ഉള്ളിൽ ഊർജ്ജം നിറയുന്നു. ഈ ഹിമാലയൻ ഗ്രാമങ്ങളിലൊക്കെ ഒന്ന് കറങ്ങി നടക്കാൻ സാധിച്ചെങ്കിൽ !
ഈ നദീ തീരത്തുകൂടെ അങ്ങിനെപോകുമ്പോൾ അങ്ങേക്കരയിൽ ഒരു ക്ഷേത്രത്തിന്റെ കുറച്ചു ഭാഗം കാണാം. ലക്ഷ്മീ നാരായണ ക്ഷേത്രമാണെന്ന് ഭഗവാൻജി പറഞ്ഞു. ജാഹ്നവി മുനി ഇവിടെയാണത്രെ തപസ്സു ചെയ്തിരുന്നത്. അതിനാൽ ഈ ഭാഗത്തു ഭാഗീരഥിയെ ജാഹ്നവി എന്നാണു വിളിയ്ക്കുന്നത്. അതി ദുര്ഘടങ്ങളായ മലയിടുക്കുകളിൽക്കൂടി വളഞ്ഞു തിരിഞ്ഞു പോകുമ്പോൾ വലതു ഭാഗത്തെ അഗാധ ഗർത്തവും, മുകളിലേക്കുള്ള കയറ്റവും നമ്മളെ സദാ ജാഗരൂകരാക്കുന്നു.
വീണ്ടുമൊരു മലയിടുക്കിൽ നമ്മൾ എത്തിച്ചേരുന്നു. ഇതാണ് ലങ്ക. ഹിമാലയത്തിലെ ഒരു ഗ്രാമപ്രദേശമാണ് ഈ ലങ്ക. ഇവിടെ നിന്നും ഭഗീരഥിയെ കുറുകെ കടക്കണം. ഈ പാലത്തിൽക്കൂടെ യാത്ര ചെയ്യുമ്പോൾ എല്ലാ ഈശ്വരന്മാരെയും ഒന്ന് വിളിക്കാതിരിക്കില്ല. താഴെ അത്ര അഗാധതയിലാണ് നദി. 132 മീറ്റർ ഉയരമുള്ള ഈ പാലം 1985 ലാണ് നിർമ്മിച്ചത്. ഏഷ്യയിലെ രണ്ടാമത്തെ ഉയരം കൂടിയ പാലം ഇതാണത്രേ.
കുറച്ചു കൂടെ മുന്നോട്ടു പോയാൽ ഭൈരോൺഘാട്ടി. പണ്ട് ഭൈരവതീരത്തുള്ള തൂക്കു പാലത്തില്‍ക്കൂടിയാണത്രെ അക്കരക്ക് കടന്നിരുന്നത്. 8,700 അടി ഉയരത്തിലാണിത്. ഇനിയും മുകളിലേക്ക് 10 കി..മീ കൂടെ യാത്ര ചെയ്താൽ ഗംഗോത്രിയിൽ എത്തും. അപ്പോഴേക്കും നമ്മൾ 10,200 അടി മുകളിലെത്തും.
പോക്കു വെയിലിൽ കുളിച്ചു നിൽക്കുന്ന പ്രകൃതി. അസ്തമനം അടുക്കാറായി. നദി വീണ്ടും വലതു ഭാഗത്തായി. ഉരുണ്ട ഭംഗിയുള്ള വെള്ളാരങ്കല്ലുകൾ നദിയിൽ കിടക്കുന്നതു കാണാം. ചില ഭാഗങ്ങളിൽ വണ്ടിയിൽ നിന്നും തലപുറത്തേയ്ക്കിട്ടു നോക്കിയാലും നദി കണ്ണിൽ പെടില്ല. അത്ര അഗാധതയിലാണ്.
ഒരു മലഞ്ചെരിവുകൂടി കഴിഞ്ഞു. അതാ, ഗംഗോത്രിയായി. വാഹനങ്ങളുടെയും, ആൾക്കാരുടെയും നല്ല തിരക്കാണ് ഇവിടെ. ആളുകളെ ഇറക്കി വിട്ടു വാഹനങ്ങൾ ഉടനെ തിരിച്ചു പോകുന്നു. ഭൈരോൺ ഘാട്ടിയിലാണ് വാഹനങ്ങളൊക്കെ കൊണ്ടിടുക. ഞങ്ങളുടെ സാധനങ്ങൾ ഒരു ദയയിലാത്തവനെപ്പോലെ താഴെ ഇറക്കിവച്ചു ഭഗവൻജി അപ്രത്യക്ഷനായി.
മുത്തശ്ശനും, കൃഷ്ണമ്മാമനും ഈശാവാസ്യ ആശ്രമം അന്വേഷിച്ചു പോയി. അവിടെ താമസം മുൻകൂട്ടി ബുക് ചെയ്തിട്ടുണ്ട്. ഞങ്ങൾ ബാഗുകൾക്കു ചുറ്റും ഇരുന്നു. ബാഗെടുക്കാൻ വരുന്ന ഷെർപ്പകളെക്കൊണ്ട് ശല്യമായി. ഈശാവാസ്യ ആശ്രമത്തിലേക്കാണ് എന്ന് പറഞ്ഞപ്പോൾ അവർ ഒഴിഞ്ഞുപോയി. രണ്ടുപേർ അവിടെത്തന്നെ നിന്നു.
തലപൊക്കി നോക്കിയാൽ നാലുപുറവും മാനം മുട്ടുന്ന മലകളാണ് . ഗംഗാ മാതാവിന്റെ അംഗരക്ഷകരോ ഇവർ എന്ന് തോന്നിപ്പോകും. ദൂരെ മലയിൽ പൊട്ടുപോലെ ചില കുടിലുകൾ. ആ മല നല്ല ഇടതൂർന്ന വനം തന്നെ. ശാന്തിയും ഗാംഭീര്യവും നിറഞ്ഞ പ്രകൃതിഭംഗി കണ്ടുനിന്നു.
ആശ്രമം അന്വേഷിച്ചു പോയവർ തിരിച്ചെത്തി. ഗംഗയുടെ മറുകരയിലാണ് ആശ്രമം. കാത്തു നിന്ന ഷെർപ്പകൾ തന്നെ ബാഗ് എടുക്കാൻ സഹായികളായി വന്നു. പാലം കടക്കുമ്പോൾ ഭയഭക്തി ബഹുമാനത്തോടെ ഗംഗാമാതാജിയെ വണങ്ങി. കൂറ്റൻ പാറക്കല്ലുകളിൽ ശക്തിയോടെ അടിച്ചു ചിന്നിച്ചിതറി ഒഴുകുന്ന ഗംഗാമായി !
ആശ്രമത്തിൻറെ മുകളിലെ നിലയിലെ വലിയ ഹാളിൽ 6 കട്ടിലുകളുണ്ട്. ഞങ്ങൾ 7 പേർക്ക് സുഖമായി കിടക്കാം. 6.30 വരെ ഞങ്ങൾ മുറിയിൽ വിശ്രമിച്ചു. ആശ്രമത്തിലെ ക്ഷേത്രമണി മുഴങ്ങുന്നു. ആരതിയുടെ സമയമായി. വേഗം താഴേക്കിറങ്ങി.
ക്ഷേത്രത്തിൽ ഗണപതി, വിഷ്ണു, ഭഗവതി, ശിവൻ, ഹനുമാൻ, ശ്രീ ശങ്കരാചാര്യർ എന്നിവരുടെ മൂർത്തികളാണ് ഉള്ളത്. ഇവിടെയൊക്കെ 'പൂജ' എന്ന് പറഞ്ഞാൽ, നിനക്ക് കണ്ടു പരിചയമുള്ള രീതിയിലുള്ളതല്ല. മന്ത്രങ്ങളുമില്ല. ഒരു പ്രത്യേക രീതിയിൽ ശ്ലോകങ്ങൾ ആലപിക്കലാണ്. ഈശ്വര വിഗ്രഹങ്ങൾ ഒരു ചെറിയ ഹാളിലാണ് വരി വരിയായി പ്രതിഷ്ഠിച്ചിരിക്കുന്നത്.
പൂജാരി ആദ്യം മാർദ്ദവമുള്ള ഒരു തുണികൊണ്ടു ദേവന്മാരുടെ മുഖമെല്ലാം തുടയ്ക്കുന്നു. പിന്നെ ദീപം കാണിക്കുന്നു. അത് കഴിഞ്ഞു ഭക്ഷണത്തിന്റെ തട്ട്, (അധികവും പഴങ്ങൾ) മൂർത്തികൾക്കു മുന്നിൽ കാണിയ്ക്കും. ഇടയ്ക്ക് വെഞ്ചാമരമെടുത്തു ഓരോ ഈശ്വരന്മാരെയും വീശുന്നുമുണ്ട്. ആരതിയുടെ കൂടെ ഓരോന്ന് ഉരുവിടുമ്പോൾ നമുക്കും കൂടെ ചൊല്ലാം. ദേവതാത്മാ ഹിമവാൻ കീ ജയ്, പവന് പുത്ര ഹനുമാൻ കീ ജയ്, ഗംഗാ മാതാ കീ ജയ്, ശ്രീ രാമചന്ദ്ര കീ ജയ്, എന്നൊക്കെ. അത് കഴിഞ്ഞ് 'ഹനുമൻ ചാലീസ' ചൊല്ലും. ചിലർ പുസ്തകം നോക്കാതെ ചൊല്ലുന്നു. അവിടെ ചാലിസ പുസ്തകങ്ങൾ ഉണ്ട്. വേണ്ടവർക്ക് അതെടുത്തു നോക്കി കൂടെ ചൊല്ലാം. അമ്മമ്മയുടെ പേഴ്സിൽ അതുള്ള കാര്യം നിനക്കറിയാമല്ലോ. നമ്മുടെ നാട്ടിലെ പലർക്കും ഹനുമാൻ ചാലീസ എന്താണെന്നറിയില്ല. നിനക്ക് അതറിയാമെന്നതും, വായിക്കാറുണ്ട് എന്നതും വളരെ സന്തോഷമുള്ള കാര്യമാണ്.
തൊഴുതു വന്നു ഞങ്ങൾ ആശ്രമത്തിന്റെ ചുറ്റു മതിലിന്നടുത്തിട്ടിരിയ്ക്കുന്ന കസേരകളിൽ പോയി ഇരുന്നു. ആശ്രമത്തിലെ ചില സ്വാമിമാരും ഇവിടെ കസേരകളിൽ ഇരുന്നു സംസാരിയ്ക്കുന്നുണ്ട്. ഈ അരമതിലിന്നപ്പുറം നദിയിലേക്കുള്ള പടവുകളാണ്. പടവുകൾ കഴിഞ്ഞു കുറച്ചു മുൻപോട്ടു പോയാലേ നദിയുടെ അടുത്ത് എത്തൂ. ഭാഗീരഥിയുടെ ആരവം സദാ മുഴങ്ങിക്കേൾക്കാം. നേരെ മുന്നില്‍ ഭഗീരഥിയുടെ അക്കരെ ഗംഗാമാതാവിന്റെ അമ്പലമാണ്. ക്ഷേത്രത്തിൽ നിന്നും പൂജാമണികൾ മുഴങ്ങുന്നു. ക്ഷേത്രത്തിനു കുറച്ചു അപ്പുറത്തായി ഒരു ശില കാണാം. ഈ ശിലമേൽ ഇരുന്നു കൊണ്ടാണത്രെ ഭഗീരഥൻ പണ്ട് ശിവനെ തപസ്സു ചെയ്തത്. (സഗരരാജാവായ ഭഗീരഥൻ ഗംഗയെ ഭൂമിയിലേക്ക് ഇറക്കി ക്കൊണ്ടുവന്ന് തന്റെ പൂർവികരുടെ ആത്മാവിന് മുക്തി നേടിക്കൊടുത്ത കഥ പിന്നെ വിസ്തരിക്കാം.) ഭഗീരഥൻ ശിവനെ പ്രസാദിപ്പിക്കാൻ കഠിനതപസ്സു ചെയ്യുകയും ഒടുവിൽ മഹാശിവൻ പ്രസാദിച്ച് ഗംഗയെ തൻ്റെ നിറുകയിലുള്ള ജടയിൽ ഏറ്റുവാങ്ങുകയും ചെയ്തു. ഗംഗ, മഹാശിവന്റെ കൂടെ ഇരുന്ന സ്ഥലത്താണ് ഗംഗാ മാതാവിന്റെ ക്ഷേത്രം പണിഞ്ഞത് എന്നാണ് വിശ്വാസം. മഹാഭാരത യുദ്ധത്തിന് ശേഷം പാണ്ഡവർ ഇവിടെ വന്ന് പിതൃ തർപ്പണം ചെയ്തിരുന്നു എന്നും പറയപ്പെടുന്നു.
കൃത്യം 8 മണിയ്ക്ക് ഭക്ഷണം കഴിയ്ക്കാനുള്ള മണിയടിയ്ക്കും. സ്വാമിജിമാരും, ആശ്രമത്തിൽ താമസിക്കുന്നവരുമൊക്കെ നിലത്തിരുന്ന് ഒരുമിച്ചാണ് ഭക്ഷണം കഴിയ്ക്കുക. ഹാളിന്റെ നാല് ഭാഗത്തും എല്ലാവരും ഇരുന്നു കഴിഞ്ഞാൽ ആശ്രമത്തിലെ അന്തേവാസികൾ ഭക്ഷണം വിളമ്പാൻ തുടങ്ങും. നല്ല ചൂടോടെ ചപ്പാത്തിയും കറികളും, വേണമെങ്കിൽ ചോറും ഉണ്ട്. മസാലകൾ ധാരാളം ഉള്ള കറികൾ ആണെങ്കിലും എരുവ് കുറവാണ്. എല്ലാവര്ക്കും വിളമ്പിക്കഴിഞ്ഞാൽ സ്വാമിജി കൈകൂപ്പി പ്രാർത്ഥന ചൊല്ലും. നമ്മളും കൂടെ മന്ത്രം ഉരുവിടുന്നു. (ഭക്ഷണത്തെ വന്ദിച്ച ശേഷം കഴിയ്ക്കുക എന്നതിന്റെ മൂല്യം അറിയുന്നവർ ഇന്ന് വിരളമാണല്ലോ! )
അടുത്ത ദിവസം നേരത്തെ ഗംഗോത്രിക്ക് പോകാനുള്ളതു കൊണ്ട് മുറിയിൽ വന്ന ഉടനെ വേഗം കിടക്കാമെന്ന് വെച്ചു. കൂടെ കൊണ്ടുപോകാനുള്ള ചുടു വസ്ത്രങ്ങൾ, ഡ്രൈ ഫ്രൂട്സ്, അവിൽ എന്നിവയൊക്കെ എടുത്തു വെച്ചു.
അമ്മമ്മയ്ക്കാണെണെങ്കിൽ കിടന്നിട്ടു ഉറക്കം വരുന്നില്ല. യമുനോത്രിയ്ക്കുള്ള കയറ്റവും ഇറക്കവും മൂലം കാൽ കഴപ്പും, ഭക്ഷണം ശരിയാകായ്കയും, കഠിനമായ തണുപ്പും കൂടാതെ നല്ല ക്ഷീണവും. യാത്രക്കിടയില്‍ വാങ്ങിയ ഹിമാലയൻ മസ്സാജ് ഓയിലും, കർപ്പൂരാദിയുമൊക്കെ പുരട്ടിയിട്ടും ശരിയായിട്ടില്ല.
ബാക്കി വിശേഷങ്ങൾ നാളെ എഴുതാം...
ശുഭരാത്രി....
.
---------------------------------------------------------------------------------------------------------------------------------------------------------- ------------------------------------------------------------------------------------
ഈശാവാസ്യ ആശ്രമം, (ഗംഗോത്രി )
26th ജൂൺ,2011
പ്രിയപ്പെട്ട അമ്മിണീ,
സമയം രാവിലെ ഒന്പതരയാകുന്നു.
സതീശമ്മാമനും, സതി അമ്മാമിയും, അമ്മമ്മയും മാത്രമേ മുറിയിലുള്ളൂ. ബാക്കിയുള്ളവർ ഗോമുഖിലേയ്ക്ക് പോയി.
ഇന്നലെ രാത്രി ഒരുറക്കം കഴിഞ്ഞപ്പോൾ അമ്മമ്മയുടെ ഉറക്കം പോയി. നല്ല ക്ഷീണം. രാവിലെ നടത്തേണ്ട ഗോമുഖ് യാത്രയെപ്പറ്റി ആലോചിച്ചു ഉറക്കം വരാതായി.
ഗോമുഖിൽ എത്തണമെങ്കിൽ ഇനിയും 2500 അടി മുകളിലേയ്ക്കു കയറണം.19 കി.മീ ദൂരമുണ്ട്. അത്രയും ദൂരം നടക്കണമെന്നാലോചിച്ചപ്പോൾ ചെറിയ ഭയം. യാത്രയിൽ സഹായത്തിനു ഷെർപ്പയെ കൂട്ടാം. കുതിരയെകിട്ടും. എന്തായാലും ഒരു 'റിസ്ക്' എടുക്കണ്ടാ എന്ന് വെച്ചു. അമ്മമ്മ ഗോമുഖിലേക്കു പോകുന്നില്ലെന്ന് തീർച്ചയാക്കി.
ആരോഗ്യം പണയം വെച്ചുകൊണ്ട് ഒരു സുഖവും തേടാൻ വയ്യ. ശരീരമാദ്യം........പിന്നെയൊക്കെ പിന്നെത്തന്നെ. രാമചന്ദ്രൻ സാറിന്റെ ഹിമാലയ വിവരങ്ങൾ വായിച്ചതുകൊണ്ട് ഗോമുഖ് യാത്ര അത്ര എളുപ്പമല്ല എന്ന ചിന്തയും മനസ്സിൽ ഉണ്ടായിരുന്നു.
കൃഷ്ണമ്മാമൻ ഉണർന്നു കിടക്കുകയാണ്. അമ്മാമനോട് വിവരം പറഞ്ഞു. അമ്മമ്മ വരുന്നില്ലെന്ന് പറഞ്ഞപ്പോൾ അമ്മാമനും മുത്തശ്ശനും ചിന്തയിലായി. പരിപാടിയ്ക്ക് മാറ്റം വന്നല്ലോ. സതി അമ്മാമിയ്ക്ക് സന്തോഷം. അമ്മാമിയും ഇല്ല എന്ന് പറഞ്ഞു. ഞങ്ങൾ അവിടെ ഇരുന്നോളാമെന്നു പറഞ്ഞു. സതീശമ്മാമന് വയറിനു നല്ല സുഖമില്ല. അമ്മാമനും പോകുന്നില്ല എന്നുവെച്ചു.
അങ്ങിനെ ആറരമണിയ്‌ക്ക് മുത്തശ്ശനും കൃഷ്ണമ്മാമനും പദ്മജച്ചമ്മയും ശ്യാമേട്ടനും കൂടെ ഗോമുഖിലേക്ക് പോകുന്ന കാര്യം തീരുമാനിച്ചു.
രാവിലെ ആറരയുടെ ആരതിയിൽ പങ്കുചേർന്നു. ഗോമുഖിലേക്കുള്ളവര്‍യാത്രയായി. താഴെ പൈപ്പിൽ 7 മണി മുതൽ ചൂടുവെള്ളം വരും. കുറച്ചു ബുദ്ധിമുട്ടിയാണെങ്കിലും മുകളിലേയ്ക്കു വെള്ളം ഏറ്റിക്കൊണ്ടു വന്നു സുഖമായി തിരുമ്പിക്കുളിച്ചു. തുണികൾ ഉണക്കാനിടാൻ സ്ഥലവും കിട്ടി. മഴയും വിട്ടു നിൽക്കുകയാണ്.
പ്രഭാത ഭക്ഷണം ഉണ്ടായില്ല. അടുക്കളയിൽ പോയി ചൂടുവെള്ളം കൊണ്ടുവന്നു ചെറുനാരങ്ങാനീര്‍ ഒഴിച്ച് കുടിച്ചു. പോരാത്തതിന് ഞങ്ങളുടെ കയ്യിൽ ഡ്രൈ ഫ്രൂട്സ് ഉണ്ടായിരുന്നു. അതും കഴിച്ചു. ഇനി കുറച്ചു വിശ്രമിച്ച ശേഷം എഴുതാം.
സമയം രാത്രി 9 മണി.
ഇന്നുച്ചവരെ ഞങ്ങൾ നന്നായി വിശ്രമിച്ചു. ഊണ് കഴിഞ്ഞു ക്ഷേത്ര ദർശനത്തിനു ഇറങ്ങി. ചെറിയ വെയിൽ പരന്നിട്ടുണ്ട്. രാവിലെ മുതൽ മഴ ചാറുന്നുണ്ടായിരുന്നു.
ആശ്രമത്തിൽ ഇരുന്നാൽ ക്ഷേത്രത്തിലെ മന്ത്രോച്ചാരണവും മണിയടിയും കേൾക്കാം. ഈശാവാസ്യത്തിൽ നിന്ന് ഇറങ്ങിയാൽ ഇടതുഭാഗത്ത് തുടര്ച്ചയായി കുറച്ചു ദൂരം ആശ്രമങ്ങളാണ്. ധാരാളം വിദേശീയർ അതിലൊക്കെ താമസിക്കുന്നുണ്ട്. ആശ്രമത്തിനോട് ചേര്‍ന്ന് ചെറിയ ക്ഷേത്രവും കാണാം. ആരതിയിൽ പങ്കെടുത്ത് കൃഷ്ണഭജനകൾ പാടുവാൻ വിദേശീയരായ ഈ ഭക്തര്‍ക്ക് വലിയ ഉത്സാഹമാണ്.
ഉച്ചയൂണ് കഴിഞ്ഞ് ഞങ്ങൾ ഗംഗാ മാതാ ക്ഷേത്രത്തിലേക്ക് ചുറ്റുമുള്ള കാഴ്ചകൾ കണ്ടുകൊണ്ട് സാവധാനം നടന്നു. കുറച്ചുനേരം പാലത്തിന്റെ മുകളിൽ അങ്ങിനെ ഭഗീരഥിയുടെ ക്രൗര്യഭാവം നിറഞ്ഞ സഞ്ചാരപഥം നോക്കി നിന്നു.
ക്ഷേത്രക്കടവിൽ വലിയ തിരക്കില്ല. എന്നാൽ നട്ടുച്ചയാണെങ്കിലും നദിയിലിറങ്ങി മുങ്ങിക്കുളിക്കുന്നവരും, പാത്രം കൊണ്ട് വെള്ളം മുക്കിയൊഴിച്ചു കുളിക്കുന്നവരും ഒക്കെയുണ്ട്.
പൊതുവെ വൃത്തി കുറവ്. കുളിച്ചു കയറുന്നവരുടെ വസ്ത്രങ്ങളിൽ നിന്നും ഇറ്റു വീഴുന്ന വെള്ളംകൊണ്ട് പടവുകൾ നനഞ്ഞു കിടക്കുന്നു. പോരാത്തതിന് പടവുകളൊക്കെ മൊസൈക് ഇട്ടതാണ്. ഈറൻ വസ്ത്രം ഉടുത്ത് ദർശനത്തിന് പോകുന്നവരാണ് ചിലർ. കാലുകൾ തണുത്ത് കോച്ചുന്നുണ്ടെങ്കിലും ഞങ്ങൾ തണുത്ത വെള്ളത്തിലിറങ്ങി കയ്യും കാലും കഴുകി ഗംഗാമയ്യയെ വിളിച്ച് പടവുകൾ വേഗം കയറി.
ക്ഷേത്ര മുറ്റത്തു കുറച്ചുനേരം ക്യു വിൽ നിന്നു. വെളുത്ത ഗ്രാനൈറ്റിൽ തീർത്ത ഗംഗാമാതാവിന്റെ ക്ഷേത്രം 18-ആം നൂറ്റാണ്ടിൽ ജയ്‌പ്പൂരിലെ രാജാവാണത്രേ നിർമ്മിച്ചത്. രണ്ടുമൂന്നു പടി കയറണം ശ്രീകോവിലിലേയ്ക്ക്. ഭംഗിയായി അലങ്കരിച്ച ഗംഗാമാതാവിന്റെ വിഗ്രഹം തൊഴുത് പ്രദക്ഷിണം വെച്ച് ഞങ്ങൾ പുറത്തിറങ്ങി. താഴെയുള്ള ചെറിയ ശ്രീകോവിലിനടുത്തേയ്ക്കു നടന്നു. ഒരു കുഴിയിൽ താഴ്ന്നു കിടക്കുന്ന ശിവലിംഗമാണ് ദർശിച്ചത്. ഭഗീരഥന്റെ തപസ്സിൽ പ്രസാദിച്ച മഹാശിവൻ തന്റെ ശിരസ്സിലേയ്ക്ക് ഇവിടെ വെച്ചാണത്രെ ഗംഗയെ ഏറ്റു വാങ്ങിയത്. ഭഗീരഥശിലയും വന്ദിച്ച് ഞങ്ങൾ ആശ്രമത്തിലേക്കു മടങ്ങി.
ആശ്രമത്തിന്റെ തൊട്ടടുത്ത് ഒരു ക്ഷേത്രമുണ്ട്. ഇവിടെ പ്രതിഷ്ഠ മാര്ബ്ലില്‍ തീര്‍ത്ത യമുനാ കൃഷ്ണന്റേതാണ്. ക്ഷേത്രം തുറന്നിരിയ്ക്കുന്നു. അങ്ങോട്ട് കയറി. അവിടെ ഒറ്റയ്ക്കിരുന്ന് ഒരാൾ ഭാഗവതം വായിക്കുന്നു. കുറച്ചുനേരം ഞങ്ങൾ വായന കേട്ടിരുന്നു. വായനയുടെ ശൈലി വേറെ തന്നെ. ഇടയ്ക്കിടെ ദർശനത്തിന് വരുന്നവർ കുറച്ചു നേരം വായന കേട്ട് തൊഴുതു പോകുന്നു. വായന നിര്‍ത്തി കുറച്ചു കഴിഞ്ഞപ്പോൾ ഈ ക്ഷേത്രത്തിനോട് ബന്ധപ്പെട്ട ആശ്രമത്തിലെ അന്തേവാസികളും ഭക്തരുമായ വിദേശികളും വന്നു കുറച്ചു നേരം ഇരുന്നു ഭജന ചൊല്ലിപ്പോയി. ഭക്തിയും അക്ഷരശുദ്ധിയും നല്ലരാഗവും ഉണ്ട്. 'കൃഷ്ണാ കൃഷ്ണാ...യശോദാ നന്ദനാ.. ' എന്ന് കൃഷ്ണഭക്തിയില്‍ എല്ലാം മറന്നു ലയിച്ച ചൊല്ലുമ്പോള്‍.ഞങ്ങൾ ആസ്വദിച്ചു കേട്ടു. സതീശമ്മാമനും ഭജന ചൊല്ലാൻ കൂടി. താളം പിടിക്കാനും. ക്ഷേത്രത്തിലെ പൂജാരിയാണ് ഭാഗവത പാരായണം നടത്തുന്നത്. അമ്പലം വൃത്തിയാക്കി സൂക്ഷിക്കലും അയാളുടെ ഉത്തരവാദിത്വമാണ്. നാളെ വായന കഴിയും. അത് കഴിഞ്ഞാൽ അയാൾ പിറ്റേന്ന് മുതൽ അടുത്ത മുറ തുടങ്ങും. അങ്ങിനെ നിർത്താതെ പാരായണം നടത്തുന്നു. അദ്ഭുതം തോന്നി.
ഈശാവാസ്യ ആശ്രമ നിർമ്മാണത്തിന് വലിയ ബിസിനസ് കാരായ ഗുജറാത്തികൾ നല്ല സംഭാവന ചെയ്തിട്ടുണ്ടത്രെ. അതുകൊണ്ട് തീർത്ഥാടകരേയും സന്യാസിമാരെയും സേവിക്കുക എന്നതും കൂടി ആശ്രമധർമ്മമാക്കിയിട്ടുണ്ട്. ആശ്രമത്തിൽ നിത്യേന അന്നദാനമുണ്ട്. സന്ധ്യക്ക് മുന്പായി സാധു സന്യാസിമാർ വന്നു ഭക്ഷണം മേടിച്ചു കൊണ്ട് പോകുന്നു. അഞ്ചാറു ചപ്പാത്തിയും, കറിയും. എല്ലാവരുടെ കയ്യിലും തൂക്കുപാത്രമുണ്ട്. ആശ്രമത്തിൽ താമസിയ്ക്കുന്നവർക്ക് വൈകുന്നേരം ചായ കൊടുക്കുന്നുണ്ട്.
സന്ധ്യാ നേരത്തെ ആരതിയിൽ പങ്കുകൊണ്ട് ഭക്ഷണം കഴിച്ച് ഞങ്ങൾ നേരത്തെ റൂമിൽ എത്തി.
എഴുത്തു നിർത്തി ഇടയിൽ പുറത്തെ വരാന്തയിൽ ഒന്ന് നടന്നു. എങ്ങും പരിപൂർണ്ണ നിശ്ശബ്ദത. ഒന്നാം നിലയിൽ ഞങ്ങൾ മാത്രമേ ഉള്ളൂ. വരാന്തയുടെ ഇടത്തെ അറ്റത്തു നിന്നാൽ ഭാഗീരഥി ശബ്ദമുണ്ടാക്കി ഒഴുകുന്നത് നേരിയ വെളിച്ചത്തിൽ കാണാം, രൗദ്രത നിറഞ്ഞ സംഗീതം.
സമയം പത്തുമണിയാകുന്നു. ഗോമുഖിൽ പോയവർ ഇതുവരെ വിളിച്ചിട്ടില്ല. അങ്ങോട്ട് വിളിച്ചിട്ടു കിട്ടുന്നുമില്ല. പെട്ടി കൊണ്ടുവന്നു വെച്ച ഷേർപ, മൂന്നു നേരവും ആശ്രമത്തിലാണ് ഭക്ഷണം. ഉച്ചയ്ക്ക് കണ്ടപ്പോൾ ഷെർപ്പയെ കൂടാതെ പോയതു ശരിയായില്ല എന്ന് പറഞ്ഞു. പോകുമ്പോൾ ഓക്സിജൻ മാസ്ക് കൂടെ കരുതേണ്ടതായിരുന്നു എന്നും.
ഭോജ്‌വാസയിൽ നിന്നും ഗംഗോത്രിയ്ക്കുള്ള കയറ്റം ദുർഘടമാണത്രേ. ഗോമുഖിലെ അന്തരീക്ഷം അത്ര സുഖകരമല്ല എന്നും പറഞ്ഞത് ചിന്താക്കുഴപ്പത്തിലാക്കി. അശുഭ ചിന്തകൾക്ക് സ്ഥാനമില്ലെന്ന് മനസ്സ് പറഞ്ഞു. ഹിമവാൻ എല്ലാവരെയും കാക്കും.
എല്ലാവരും നല്ല ഉറക്കം.
ഒരു നല്ല 'നാളെ' ഏവർക്കും ഉണ്ടാകട്ടെ എന്ന പ്രാര്ത്ഥനയിൽ.......
=======================================================================
27 -6 -2011
ഈശാവാസ്യാശ്രമം
പ്രിയപ്പെട്ട അമ്മിണീ'
സുപ്രഭാതം
ഇന്ന് രാവിലെയും നേരിയ മഴച്ചാറൽ.
ആശ്രമത്തിന്നടുത്തു 'സൂര്യകുണ്ഡ്' എന്ന സ്ഥലമുണ്ട്. സൂര്യോദയത്തിനു മുൻപുതന്നെ സൂര്യരശ്മികൾ ഈ സൂര്യകുണ്ഡിൽ വന്നു വീഴുമെന്നും ആ സമയത്തെ കാഴ്ച മനോഹരമാണെന്നും ശ്രീ എം.കെ.രാമചന്ദന്റെ പുസ്തകത്തിൽ എഴുതിയിട്ടുണ്ട്. അത് കാണാൻ പോകണമെന്നുണ്ടായിരുന്നു. പക്ഷേ, രാവിലെത്തന്നെ ചാറ്റൽ മഴ മാത്രമല്ല, മൂടല്‍മഞ്ഞും ഉണ്ട്. അതുകൊണ്ട് ഞങ്ങൾ മുറിയില്‍ത്തന്നെ ഇരുന്നു.
രാവിലെ ആരതിയും പ്രഭാത ഭക്ഷണവും കഴിഞ്ഞു കൃഷ്ണക്ഷേത്രത്തിൽ പോയി കുറച്ചുനേരം വായന കേട്ട് പോന്നു. ഉച്ചയൂണ് കഴിഞ്ഞു, അമ്മയും, അമ്മാമിയും കൂടി സൂര്യകുണ്ഡ് കാണാൻ ആശ്രമത്തിൽ നിന്നും പുറത്തേക്കിറങ്ങി. സതീശമ്മാമൻ വന്നില്ല. കഴിഞ്ഞ ദിവസം പെട്ടി കൊണ്ടുവന്ന ഷേർപയാണ് വഴികാട്ടിയായി ഞങ്ങളുടെ കൂടെ വന്നത്. ഞങ്ങൾ ഒരുമിച്ചാണ് ആശ്രമത്തിൽ ഉച്ചക്ക് ഊണ് കഴിച്ചത്. ഷെർപ്പയും, കൂട്ടുകാരനും എന്നും അവിടെയാണത്രെ രണ്ടു നേരവും ഭക്ഷണം.
ആശ്രമത്തിന്റെ പിൻഭാഗത്തു ഒരു വലിയ മലയാണ്. അല്ലെങ്കിൽ ആ വലിയ മലയുടെ താഴ്വാരത്തിലാണ് ഈശാവാസ്യ ആശ്രമവും തുടർച്ചയായുള്ള മറ്റ് ആശ്രമങ്ങളും പണിതിരിക്കുന്നത്. ഗംഗയുടെയും മലയുടെയും നടുവിലാണ് ആശ്രമം എന്ന് പറയാം. ഈ മലയോട് ചേർന്ന് കോൺക്രീറ്റ് കൊണ്ട് ഒരു നടപ്പാത ഉണ്ടാക്കിയിട്ടുണ്ട്. മലയെ ചുറ്റി 'റ' ആകൃതിയിലാണിത്. ഇടത്തു മുകളിലേക്ക് നോക്കിയാൽ മലയുടെ മുകൾ അറ്റം കാണുകയില്ല. വലത്ത് ഭാഗത്ത് കമ്പി അഴികളിട്ട് സുരക്ഷിതമാക്കിയിട്ടുണ്ട്. ഞങ്ങള്‍ നടക്കുന്നത് മലയുടെ ഓരം ചേര്‍ന്നാണ്. താഴെ മലവെള്ളം ഒലിച്ചിറങ്ങുന്ന ആഴമുള്ള ഇടുക്കാണ്. ഒന്ന് എത്തിനോക്കി. പാറക്കഷണങ്ങൾ മാത്രം. തീരെ വെള്ളമില്ല.
കുറച്ചു ദൂരം ഷെർപ്പയോട് ഗംഗോത്രിയെപ്പറ്റി സംസാരിച്ചു നടന്നു. പെട്ടന്ന് ചെവി അടയ്ക്കുന്ന ശബ്ദം. ശക്തിയായ വെള്ളച്ചാട്ടത്തിന്റെതാണ്. സൂര്യകുണ്ഡിനടുത്ത് ഞങ്ങൾ എത്തിയിരിക്കുന്നു. മലകളിൽ നിന്നും ഒഴുകിവരുന്ന വെള്ളം അഗാധതയിലെ പാറക്കല്ലുകളിൽ പതിച്ചു കമ്പിവേലിക്കു മുകളിൽക്കൂടെ നമ്മൾ നിൽക്കുന്നിടത്തേയ്ക്കുകൂടി തെറിച്ചു വീഴുന്നു. അതിശയിപ്പിയ്ക്കുന്നതും എത്രനേരം നിന്ന് കണ്ടാലും മതിയാകാത്ത കാഴ്ച. അതിരാവിലെ സൂര്യകിരണങ്ങൾ വന്ന് സൂര്യകുണ്ഡിൽ പതിക്കുമ്പോൾ സപ്തവർണ്ണങ്ങൾ വിരിയുന്ന കാഴ്ച്ച കാണാൻ സാധിച്ചില്ല!. ഇമവെട്ടാതെ നോക്കി നിൽക്കുമ്പോൾ കണ്ണും കാതും മനസ്സും വേറൊരു ലോകത്തേക്ക് പോകുന്നപോലെ. എത്ര ആയിരം വർഷങ്ങളായിട്ടുണ്ടാകും ഇങ്ങിനെ അനവരതം വെള്ളം ഒഴുകാൻ തുടങ്ങിയിട്ട് ? ആർക്കറിയാം ! താഴെ കൂർത്തുമൂർത്ത പാറകളിൽ ശക്തിയേറിയ വെള്ളച്ചാട്ടം നിരവധി രൂപങ്ങൾ മെനഞ്ഞുണ്ടാക്കിയിരിക്കുന്നു !
ഷേർപ പറയുന്നു, അവിടെ അധിക നേരം നിൽക്കണ്ടാ, അപകടമാണെന്ന്.
കുറച്ചു കൂടെ മുന്നിലേക്ക് വരാൻ പറഞ്ഞു. മല അപ്രത്യക്ഷമായിത്തുടങ്ങി. മനുഷ്യവാസമുള്ള ഇടങ്ങൾ കണ്ടുതുടങ്ങി. തുടര്‍ന്നങ്ങോട്ട് ഇടത് ഭാഗത്ത് ആശ്രമങ്ങളാണ്. താമസക്കാർ കൂടുതലും വിദേശീയർ തന്നെ.
ഷെര്‍പ ഞങ്ങളെ കൊണ്ടുപോകുന്നത് ഗൗരീകുണ്ഡിലേയ്ക്കാണ്. ആശ്രമങ്ങൾ കാണാതായി. ജനവാസം ഇല്ലാത്ത വഴിയിലൂടെ കുറച്ചുകൂടി മുന്നോട്ടു പോയശേഷം വലത്തുഭാഗത്തേയ്ക്കു തിരിഞ്ഞു. ചെറിയ ഒരു ഒരിറക്കമാണ്. അടുത്തു നിന്ന് വെള്ളച്ചാട്ടത്തിന്റെ ശബ്ദം കേൾക്കാനുണ്ട്. ഒരു ചെറിയ കുറ്റിക്കാട്ടിലൂടെ ശബ്ദം കേട്ട ഭാഗത്തേക്ക് നടന്നു. ഇവിടെ സൂര്യകുണ്ഡിൽ കണ്ടതിനേക്കാൾ മുകളിൽനിന്നു താഴേയ്ക്ക് വെള്ളം വീഴുന്ന മനോഹരമായ ദൃശ്യം ! വെള്ളച്ചാട്ടം എതിർഭാഗത്താണെങ്കിലും വളരെ വിട്ടു നിന്നേ ഷേർപ കാണാൻ സമ്മതിക്കുന്നുള്ളു. കമ്പി വേലിയിട്ടു അരികുകൾ ഭദ്രമാക്കിയിട്ടില്ല. അപകടം പിടിച്ച സ്ഥലം തന്നെ. ഞങ്ങൾ നിൽക്കുന്ന ഭാഗത്തെ പാറകൾക്കും നല്ല വഴുക്കലുണ്ട്. സതി അമ്മാമി ആ പാറയില്‍ ചെറുതായൊന്ന് വഴുക്കി. ഭാഗ്യത്തിന് ഒന്നും പറ്റിയില്ല. ഷേർപയുടെ കണ്ണ് വെട്ടിച്ചു ഒന്നു എത്തിനോക്കി. അതിശയം തന്നെ. താഴെ അഗാധതയിൽ വന്നു വീഴുന്ന വെള്ളം പാറകൾക്കിടയിലുള്ള ഗുഹകൾക്കുള്ളിൽ അടിച്ചു കയറുകയും പൂർവാധികം ശക്തിയോടെ പുറത്തു വരികയും ചെയ്യുന്നു. ഈ കാഴ്ച്ച എത്രകണ്ടാലും മതിയാകില്ല. 'കണ്ടത് മതി' എന്ന് പറഞ്ഞു ഷേർപ പുറകോട്ടു പിടിച്ചു വലിയ്ക്കുന്നു. പോരാൻ തോന്നുന്നില്ലെങ്കിലും അപകടം ആണെന്ന് മനസ്സിലാക്കി. ഗൗരികുണ്ഡിലെ അതി മനോഹരമായ വെള്ളച്ചാട്ടം കണ്ടിട്ട് മതിവരാതെ അമ്മമ്മയും അമ്മാമിയും തിരികെ നടന്നു.
കുറ്റിക്കാട്ടില്‍ നമ്മൾ ഇതുവരെ കണ്ടിട്ടില്ലാത്ത അപൂർവ ചെടികൾ ഉണ്ട്. ഭൂമിയിൽ നിന്നും അധികം ഉയരമില്ല. ചെടികളിൽ മനോഹരമായ കുഞ്ഞു പൂക്കൾ. ചിലതൊക്കെ പറിച്ചെടുത്തു. ഇത് നാട്ടിൽ എത്തുമോ അറിയില്ല. എന്തായാലും കൗതുകത്തിനു എടുത്തതാണ്.
ഇനിയും മുന്നോട്ടു പോയാൽ പാണ്ഡവ ഗുഹ. ഷേർപയ്ക്കു തിരിച്ചു പോകാൻ സമയമായി. പാണ്ഡവ ഗുഹ കാണാൻ തനിയെ പോകണ്ടാ എന്ന് അയാൾ പറഞ്ഞു. (വനവാസകാലത്തു പാണ്ഡവർ ഈ ഗുഹയിൽ താമസിച്ചിട്ടുണ്ടത്രെ). കാര്യത്തിന്റെ ഗൗരവം അപ്പോളാണ് മനസ്സിലാകുന്നത്. ആ പരിസരത്തു മനുഷ്യർ ആരും തന്നെയില്ല. എന്നാലും ഒട്ടും ഭയം ഞങ്ങൾക്കു തോന്നിയില്ല.
വഴിയിൽ കണ്ട ദേവതാരു, ചീർ, കൈൽ എന്നീ മരങ്ങളുടെ കായ്കളും, കൊമ്പുകളൊക്കെ ഷേർപ ഒടിച്ചു തന്നു. ഞങ്ങൾ ആശ്രമത്തിനു അടുത്തെത്തി. ചില്ലറ കൊടുത്തു അയാളെ സന്തോഷിപ്പിച്ചു പറഞ്ഞയച്ചു.
ആശ്രമത്തിന്റെ തൊട്ടു താഴെ ഭാഗീരഥിയുടെ തീരത്തുള്ള ഒരു ചെറിയ ക്ഷേത്രത്തിലേക്കുള്ള വഴി കാണാം. അതിന്നടുത്ത് ഏരോമാർക്ക് ഇട്ട ബോർഡിൽ 'മൗനി ബാബ' എന്നെഴുതിയിരിക്കുന്നു. ശരി, ഒന്ന് പോയി നോക്കിയാലോ എന്ന് വിചാരിച്ചു ഞങ്ങൾ അങ്ങോട്ട് നടന്നു. ഗ്രാമീണരാണെന്നു തോന്നിക്കുന്ന കുറച്ചു പേര് മുൻപേ പോകുന്നുണ്ട്. ചെറിയൊരു ശ്രീകോവിലിന് മുന്നില്‍ എത്തി. എന്തോ, പൂജാരിയേയും പരിസരവും കണ്ടപ്പോൾ ക്ഷേത്രത്തിൽ പോകണ്ടാ എന്ന് ഞങ്ങൾക്ക് തോന്നി. മടങ്ങാൻ തീരുമാനിച്ചു. അപ്പോൾ പൂജാരി ഓടി വന്നു ക്ഷേത്രത്തിലേക്ക് ക്ഷണിച്ചു. കുറിയിടാൻ ഭസ്മവും തന്നു.
തൊട്ടടുത്താണ് മൗനി ബാബയുടെ താമസസ്ഥലം. അവിടെ എന്താണ് പരിപാടി എന്ന് പൂജാരിയോട് ചോദിച്ചു. അവിടെപ്പോയി ബാബയുടെ അനുഗ്രഹം വാങ്ങണം എന്ന് പൂജാരി പറഞ്ഞു. പിന്നെ, 'ഏയ്, മൗനി....ഇതാ നിന്നെക്കാണാൻ ആള് വരുന്നുണ്ടേ', എന്ന് വിളിച്ചു പറഞ്ഞപ്പോൾ, 'ശരി ശരി, വേഗം പറഞ്ഞയച്ചോ എന്ന അശരീരി.'
ഞങ്ങൾ വേഗം സ്ഥലം വിട്ടു. മൗനിയുടെ വ്രതം മുടങ്ങിയത് അയാള്‍ ശ്രദ്ധിച്ചിട്ടുണ്ടാകില്ല. പാവം ! ഇത്തരം ആളുകളെ എല്ലാ മുഖ്യ ക്ഷേത്രങ്ങൾക്കടുത്തും കാണാം. (ഞങ്ങൾക്ക് മുൻപേ അവിടെ എത്തിയ ഗ്രാമീണരുടെ സ്ഥിതി എന്തായോ ആവോ !)
4 മണിയ്ക്ക് ഞങ്ങൾ കൃഷ്ണന്റെ അമ്പലത്തിൽപോയി. പന്ത്രണ്ടാമദ്ധ്യായം വായിക്കുമ്പോൾ ഞങ്ങളും കൂടെ ചൊല്ലാൻ ശ്രമിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ യൂറോപ്യൻ കൃഷ്ണ ഭക്തർ ഭജനയ്ക്കായി എത്തി. ദർശനത്തിനു വന്ന ഒരു സന്യാസി 'ഹരേ രാമാ .......' എന്നുറക്കെ ചൊല്ലിത്തുടങ്ങിയപ്പോൾ വിദേശികളും അതേപോലെ കൂടെ ചൊല്ലി. 'ഗോപാല്, ഗോപാല് യശോദാ ഗോപാല്.....' എന്ന് തുടങ്ങുന്ന ഭക്തിഗാനം ആ വിദേശികൾ അക്ഷരശുദ്ധിയോടെ നന്നായിച്ചൊല്ലി. സതീശമ്മാമനും നല്ല ഹരമായി. ഭജന കഴിഞ്ഞു തൊഴുതു മടങ്ങുമ്പോൾ മദാമ്മമാരുമായി കുശലം പറഞ്ഞു. അവർ ഇറ്റലിക്കാരായ കൃഷ്ണ ഭക്തരാണ്. ഒരു മദാമ്മ പറഞ്ഞു എല്ലാ വർഷവും ഒരുമാസം അവർ ക്ഷേത്രത്തിന്റെ അടുത്തുള്ള ആശ്രമത്തിൽ ചെലവഴിക്കും. ശ്രീ കോവിലിലെ രാധാകൃഷ്ണ വിഗ്രഹത്തിലെ രാധയുടെ കണ്ണുകളിലെ മാസ്മരികത അവർ ഇഷ്ടപ്പെടുന്നുവത്രേ.
ഏതു നാട്ടുകാരായാലും ഭക്തി എന്ന ഒരു വികാരം, മറ്റൊരു സംസ്ക്കാരത്തെ, ധർമ്മത്തെ തന്റേതു പോലെ കാണൽ അല്ലെങ്കിൽ അതിൽ ആകൃഷ്ടരായി ജീവിക്കുക-- -- ഇതൊന്നും അത്ര എളുപ്പത്തിൽ സാധിക്കുന്നതല്ല.
ഈശാവാസ്യാശ്രമത്തിലെ സന്യാസി മന്ത്രമുരുവിട്ടുകൊണ്ട് കൃഷ്ണന്റെ ശ്രീകോവിലിനു ചുറ്റും ഏറെ നേരമായി പ്രദക്ഷിണം ചെയ്തു കൊണ്ടിരിക്കുന്നു. ഞങ്ങളും കുറച്ച് നേരം പ്രദക്ഷിണം വെച്ചു. തിരിച്ചു മുറിയിൽപ്പോയി വിശ്രമിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ വാതിലിൽ ആരോ മുട്ടുന്നു. നോക്കുമ്പോൾ ഗോമുഖ് യാത്ര കഴിഞ്ഞു ക്ഷീണിച്ചു അവശരായി അവർ നാല് പേരും അതാ, മുന്നിൽ.
നാലുപേരും കിടക്കയിൽ വന്നു വീണു. മുത്തശ്ശന് നല്ല പനി. കൃഷ്ണമ്മാമനും, പദ്മജച്ചമ്മയ്ക്കും കുതിരപ്പുറത്തിരുന്നതിന്റെ വേദന വല്ലാതെയുണ്ട്. ശ്യാമേട്ടന് കുഴപ്പമൊന്നും ഇല്ല. ഭോജ്‌വാസയില്‍ നിന്നും അന്നുതന്നെ ഇവർക്ക് തിരിച്ചുവരാൻ കഴിഞ്ഞത് എന്തോ ഭാഗ്യം കൊണ്ടാണ്. ക്ഷീണിച്ച് അവശരായി ഇരിക്കുമ്പോളാണ് നാല് കുതിരകളെ കിട്ടിയത്. ഇല്ലെങ്കിൽ നാളെയെ തിരിച്ചുവരാൻ പറ്റുമായിരുന്നുള്ളൂ.
കുറച്ചു ശാരീരികമായി കഷ്ടപ്പെട്ടെങ്കിലും ഗോമുഖ്ൽ, ഗംഗയുടെ ഉത്ഭവ സ്ഥലത്തു, പോയി വന്നു എന്നത് സൗഭാഗ്യം തന്നെയാണ്. ഹിമവാന്റെ അനുഗ്രഹം തന്നെ ! ഹിമാലയന്‍ യോഗിയായ തപോവനസ്വാമികളുടെ ആശ്രമം ആ ഭാഗത്താണ്.
ഗോമുഖ്, പണ്ട് ഗംഗോത്രിയിൽ തന്നെ ആയിരുന്നെന്നും, പതിനായിരക്കണക്കിന് വർഷങ്ങൾ കൊണ്ട് മഞ്ഞുരുകി ഉദ്ഭവസ്ഥാനം പുറകോട്ടു പോയതാകാമെന്നു ശാസ്ത്രജ്ഞർ പറയുന്നു.
ഗോമുഖ് ലേക്കുള്ള യാത്ര അത്ര സുഖകരമായുള്ളതല്ല. 12,800 അടി മുകളിൽ എത്തുമ്പോഴേക്കും കൊടും തണുപ്പും, പ്രാണവായു കിട്ടാനുള്ള വിഷമവും കൊണ്ട് പലരും ക്ഷീണിതരാകും. വഴിയും ദുർഘടം തന്നെ. ഷേർപ പറഞ്ഞത് ശരിയാണെന്ന് എല്ലാവര്ക്കും ബോദ്ധ്യമായി. മറക്കാന്‍ വയ്യാത്ത അനുഭവങ്ങളാണ് അവര്‍ക്ക് ഗോമുഖയാത്രയില്‍ ഉണ്ടായത്.
രാത്രി ഭക്ഷണം കഴിച്ചു കിടക്കുമ്പോൾ പിറ്റേന്ന് കഴിയുന്നതും നേരത്തെ ഗംഗോത്രിയോട് വിടപറയണമെന്നു തീരുമാനിച്ചു. അടുത്ത ദർശനം കേദാര്‍നാഥനെ.
എല്ലാവര്ക്കും 'നല്ല നാളെ' എന്ന് പ്രാർത്‌ഥിച്ചു കൊണ്ട് ........ ശുഭരാത്രി.
നിനക്കും.
-------------------------൦ --------------------------൦ ---------------------------------൦ ----------------------------൦
-------------------------൦ --------------------------൦ ---------------------------------൦ ----------------------------൦
ജൂൺ, 29, 2012
സീതാക്കുണ്ഡ്, (കേദാർ)
അമ്മിണീ,
ഇന്ന് യാത്രയിലെ 7 - ആമത്തെ ദിവസമാണ്.
ഇന്നലെ മുത്തശ്ശന്റെ അസുഖം കാരണം എഴുതാൻ കഴിഞ്ഞില്ല. കേദാറിലെ ഗൗരീകുണ്ഡിന്റെ കുറച്ചു ഇപ്പുറത്തുള്ള ഹോട്ടലിലാണ് ഞങ്ങൾ താമസിക്കുന്നത്. എഴുതാൻ കുറെ ഉണ്ട്. ചുരുക്കി എഴുതാം.
മിനിഞ്ഞാന്ന് രാവിലെ ആശ്രമത്തിലെ സന്യാസിമാരോട് ഞങ്ങള്‍ ശങ്കരാചാര്യരുടെ നാട്ടുകാരാണെന്നും, 'കേരളവ്യാസ' ന്റെ അച്ഛന്റെ കുടുംബവുമായി ഏറ്റവും അടുപ്പമുള്ളവരാണ് എന്നുമൊക്കെ സംസാരത്തിന്നിടയില്‍ പറയുകയുണ്ടായി. സുഖകരമായ താമസത്തിന് നന്ദി പറയുകയും, താമസത്തിനും, ഭക്ഷണച്ചെലവുകൾക്കുമായി നല്ലൊരു തുക സംഭാവനയായി കൊടുക്കുകയും ചെയ്തു. ഇവിടെ സാധാരാണ ലോഡ്ജുകളിലോ, ഹോടലുകളിലോ ഈടാക്കുന്നത് പോലെ അല്ലാ, യാത്രികൾ മനസ്സറിഞ്ഞു കൊടുക്കുന്നതാണ് ഇവര്‍ സ്വീകരിയ്ക്കുന്നത്. ഒരിക്കല്‍ക്കൂടി കൈകൂപ്പി അവരോടു നന്ദിപറഞ്ഞു.
ഗംഗോത്രിയിലെ 'ഈശാവാസ്യ' ആശ്രമത്തിനോടും പാലം കടക്കുമ്പോൾ ഭാഗീരഥിയോടും ക്ഷേത്രത്തിലെ ഗംഗാമാതാവിനോടും മൗനമായി യാത്ര പറഞ്ഞു
വന്നവഴിയേ, ഭാഗീരഥിയുടെയും ഗിരിശൃംഗങ്ങളുടെയും സംരക്ഷണവലയത്തില്‍ ഇടത്തേ കരയില്‍ക്കൂടി ഉത്തരകാശിവഴി കേദാറിലേക്ക് യാത്ര തിരിച്ചു.
രുദ്രപ്രയാഗ് ജില്ലയിലാണ് കേദാർ നാഥ് സ്ഥിതി ചെയ്യുന്നത്. ടെഹ്‌രി ജില്ല കഴിഞ്ഞു വേണം രുദ്രപ്രയാഗിലേക്കു കടക്കാൻ. ശ്രീനഗർ വഴി കേദാറിലേക്ക് പോകുകയാണെങ്കിൽ 343 കി.മീ.ദൂരമുണ്ട്. ഈ വഴി പോകുമ്പോൾ ധരാസു, ടെഹ്‌രി, മലേത, അഗസ്ത്യമുനി, ഗുപ്തകാശി, സോൻ പ്രയാഗ്, എന്നിവ പ്രധാന സ്ഥലങ്ങളാണ്. (കഴിഞ്ഞ പ്രാവശ്യം കേദാറിലേക്കുള്ള യാത്രയിൽ രുദ്രപ്രയാഗിൽ ഒരു ദിവസം ഞങ്ങൾ തങ്ങുകയുണ്ടായി.)
പിപൽകോടിൽ ഭക്ഷണം കഴിയ്ക്കാൻ വണ്ടി നിർത്തി. ചമേലി ജില്ലയിലെ ഒരു ശാന്ത സുന്ദരമായ ഒരുഗ്രാമമാണ് പിപ്പലക്കൊടി. ബോധി വൃക്ഷത്തിന്‍റെ പരമ്പരയില്‍ പെട്ട വടവൃക്ഷം ഇവിടെ ഉണ്ടായിരുന്നത് കൊണ്ടാണ് ഈ ഗ്രാമത്തിന്ആ പേര് വന്നത് എന്ന് കേട്ടു. പീപല്‍ എന്നാല്‍ ആല്‍ മരമാണ്.
മുത്തശ്ശൻ മുൻസീറ്റിലിരുന്ന് ക്ഷീണിച്ചുറങ്ങുകയാണ്. ഭക്ഷണം വേണ്ടെന്നു പറഞ്ഞു. പനിയുണ്ട്. സാമാന്യം വൃത്തിയുള്ള ഹോട്ടൽ. നല്ല അരികൊണ്ടുള്ള ചോറ്. ക്ഷീണം കാരണം രുചി ഒന്നിനും തോന്നുന്നില്ല.
ധരാസു കഴിഞ്ഞു ടെഹ്‌രി എത്തും മുൻപ് ധോന്ത്രി എന്ന സ്ഥലത്ത് ഒരു ഡിസ്പെൻസറിക്കു മുന്നിൽ വണ്ടി നിർത്തി. സമയം 4 മണി കഴിഞ്ഞു. നല്ല തണുപ്പുണ്ട്. നേരിയ ചാറൽ മഴയും. മുത്തശ്ശനെ അവിടത്തെ ഡോക്ടർ പരിശോധിച്ച് ഡ്രിപ് കൊടുക്കണമെന്ന് പറഞ്ഞു. പനിയ്ക്കു ഇഞ്ചക്ഷൻ കൊടുത്തു. ഗോമുഖിലെ കൊടും തണുപ്പും ഓക്സിജന്റെ കുറവുമാണ് അസ്വാസ്ഥ്യത്തിന് കാരണം.
നേരം സന്ധ്യ ആകാറായി. അതിനാൽ അന്നത്തെ ദിവസം ധൊന്ത്രിയിൽ തങ്ങാമെന്നു തീരുമാനിച്ചു. ഡോ.നോടിയാൽ ന്റെ ഡിസ്പെന്സറിക്കു തൊട്ടപ്പുറത്തെ കെട്ടിടം അദ്ദേഹത്തിന്‍റെ ബന്ധുവിന്റെ ലോഡ്ജ് ആണ്. തീർതഥാടകരെ ഉദ്ദേശിച്ചാണ് വഴിയോരങ്ങളില്‍ ഇത്തരം സത്രങ്ങൾ പണിതിട്ടിരിയ്ക്കുന്നത് എന്ന് മുന്പ് പറഞ്ഞിട്ടുണ്ടല്ലോ.
ഡിസ്‌പെൻസറിയോട് ചേർന്ന് 2 കിടപ്പുമുറികൾ ഉണ്ട്. ഈരണ്ടു കട്ടിലുകളും. ഒരു മുറിയിൽ നിന്നും മറ്റേതിലേക്കു കടക്കാം. പുറത്തു കക്കൂസും കുളിമുറിയും വേറെ വേറെ ഉണ്ട്. മുകളിലത്തെ മുറിയാണ് കൃഷ്ണമ്മാമനും സതീശമ്മാമനും ശ്യാമേട്ടനും കിട്ടിയത്. തൊട്ടപ്പുറത്ത് ഒരു ചായക്കടയുണ്ട്. രാത്രിഭക്ഷണം ചായക്കടക്കാരൻ ഉണ്ടാക്കിത്തരാമെന്ന് പറഞ്ഞു. മുറിയിൽ മുത്തശ്ശനെ കിടത്തി ഡ്രിപ് കൊടുത്തു തുടങ്ങി.
9 മണിയോടെ ഡ്രിപ് കൊടുക്കൽ കഴിഞ്ഞു.നല്ല ശോധന ഉണ്ടായി. ചൂടുള്ള കഞ്ഞി കഴിച്ചു മുത്തശ്ശൻ സുഖമായി ഉറങ്ങി. ഒരുകണക്കിന് ഒക്കെ ശുഭമായി എന്ന് പറയാം
ഞങ്ങൾക്ക് നല്ല ചുടുചോറും ഉരുളക്കിഴങ്ങുപ്പേരിയും പരിപ്പും കഴിക്കാൻ കിട്ടി. മൺകലത്തിൽ വെച്ചിരുന്ന നല്ല കട്ടത്തൈരും കൂട്ടി സുഖമായി ഉണ്ടു. ഭക്ഷണം വിളമ്പിത്തരുമ്പോൾ കടക്കാരൻ നാട്ടുവിശേഷം പറയുകയായിരുന്നു. അടുത്തു തന്നെയാണ് നടിയാൽ ഗ്രാമം. കൂടെ സഹായിയായി നിൽക്കുന്ന കുട്ടി ബന്ധുവാണ്. വീട്ടിലെ ബുദ്ധിമുട്ടു കാരണം പണിയ്ക്കു പോവുകയാണ്. പാവം ! ചില്ലറ പണികൾ ചെയ്തു ജീവിക്കുന്നു.
അതിരാവിലെ ഞങ്ങൾ ഉണർന്നു. മഴ പൂർണ്ണമായും നിന്നിട്ടില്ല. പുറത്ത് പ്രകാശം പരക്കുന്നേയുള്ളൂ. ചൂടുള്ള കട്ടൻചായ മുറിയിലെത്തി. മുത്തശ്ശൻ നല്ല ഉഷാറിലായി. ഭഗവാൻ സിംഗ് വണ്ടിയുടെ മുകളിൽ വെച്ച പെട്ടികൾ പ്ലാസ്റ്റിക് കൊണ്ട് പൊതിഞ്ഞു. കടക്കാരന് ഭക്ഷണത്തിന്റെ ചാര്ജും മറ്റും കൊടുത്ത് നന്ദി പറഞ്ഞു ഞങ്ങൾ യാത്ര തുടർന്നു.
അപ്പോളാണ് തലേന്ന് രാത്രിയില്‍ ഉറക്കം ശരിയായില്ല എന്ന് കൃഷ്ണമ്മാമന്‍ പറഞ്ഞത്. പുതയ്ക്കാനായി രാജായി എടുത്തു നിവര്‍ത്തിയപ്പോള്‍ അതിലെല്ലാം എലിക്കുട്ടികള്‍ ! ഉടനെ തൊട്ടടുത്തു താമസിയ്ക്കുന്ന നോടിയാല്‍ജിയെ വിളിച്ചു വിവരം പറഞ്ഞു. ഉടനെത്തന്നെ അവര്‍ രാജായിയും, വിരിപ്പുകളും മാറ്റിക്കൊടുത്തു. ഇതൊന്നും ഞങ്ങള്‍ അറിഞ്ഞിരുന്നില്ല.
കഷ്ടിച്ചു ഒന്നര മണിക്കൂർ യാത്ര ചെയ്തിട്ടുണ്ടാകും. പെട്ടെന്ന് വഴിയിലുള്ള ഒരു കടക്കാരൻ കൈകാണിച്ചു വണ്ടി നിർത്തി. വണ്ടി മുന്നോട്ടു എടുക്കേണ്ട വഴി തടസ്ഥപ്പെട്ടിരിയ്ക്കുന്നു എന്നയാൾ പറഞ്ഞു. തലേന്ന് വൈകുന്നേരം മലയിടിഞ്ഞതാണ്. അങ്ങോട്ട് പോയ ജെസിബിയും പട്ടാളക്കാരും ഇതുവരെ തിരിച്ചു വന്നിട്ടില്ല. കുറച്ചുനേരം ഇനി എന്ത് ചെയ്യണമെന്ന് മറ്റുള്ളവരുമായി ചർച്ച ചെയ്തു ഭഗവൻജി വേറെ വഴിയിൽക്കൂടെ പോകാമെന്നു തീരുമാനിച്ചു. കുറച്ചു ദൂരം പിന്നോക്കം പോന്ന ശേഷം ഇടത്തോട്ടെയ്ക്കു വണ്ടി തിരിച്ചു. ഇനി ശ്രീനഗർ വഴി തന്നെ പോകണം. ഖൻസാലി വഴി പോകാനാണ് ഭഗവൻജി ഉദ്ദേശിച്ചിരുന്നത്. ഏതാനും കി.മീ.ദൂരം കുറഞ്ഞു കിട്ടുമായിരുന്നു.
ടെഹ്‌രി ഡാമിന്റെ അടുത്തുകൂടിയാണ് ഇനി പോകേണ്ടത്. അത് ഒരു കണക്കില്‍ നന്നായി. വായിച്ചും കേട്ടും അറിവുള്ള സ്ഥലം. കൂടാതെ ഡാം വന്നതിന്ന്റെ നാശനഷ്ടങ്ങള്‍, നേട്ടങ്ങള്‍ ഇതൊക്കെ ഒന്ന് കാണാമല്ലോ. അമ്മിണീ, ഈ ടെഹ്‌രി ഡാം ഉണ്ടല്ലോ, ഭാരത്തിലെ വിവാദം നിറഞ്ഞ ചർച്ചാവിഷയമാണ്. നിനക്ക് അതൊക്കെ പറഞ്ഞാൽ മനസ്സിലാവില്ല. എന്നാലും അമ്മയോട് ചോദിച്ചു കാര്യങ്ങൾ ഗ്രഹിക്കണം.
പതിനഞ്ചു മിനുട്ടോളം സമയം യാത്ര ചെയ്തപ്പോള്‍ വഴിയിൽ ബ്ലോക്ക്. വാഹനങ്ങൾ ഇടതുഭാഗത്ത് ഒതുക്കി ഇട്ടിരിക്കുന്നു. ഊക്കന്‍ കല്ലുകളാണ് മലയിൽ നിന്നും റോഡിന്റെ നടുവിലേയ്ക്ക് ഉരുണ്ട് വീണിരിക്കുന്നത്. അപ്പുറത്തും ഇപ്പുറത്തും വാഹനങ്ങള്‍ നിര്‍ത്തിയിട്ടിട്ടുണ്ട്. യാത്രക്കാരും പണിക്കാരുമായി പത്തിരുപതു പേര്‍ ചേര്‍ന്ന് കല്ലുകൾ ഒരു ഭാഗത്തേയ്ക്ക് ഉരുട്ടി മാറ്റി. വാഹനങ്ങൾ ഒന്നൊന്നായി കടന്നു പോകാൻ തുടങ്ങി.
ഹിമാലയൻ മലനിരകളിലെ പാതകളിൽ ഇതൊരു നിത്യസംഭവമാണ്. തുടർച്ചയായി പെയ്യുന്ന മഴ മലയിടിച്ചിലിന് ശക്തികൂട്ടുന്നു. റോഡ് നിർമ്മാണ പ്രവർത്തകർ സദാ ജാഗരൂകരാണ്. യുദ്ധകാലാടിസ്ഥാനത്തിൽ പണി നടത്തുന്നുണ്ട്. അതിർത്തി സംരക്ഷണ സേനയിലുള്ള റോഡ് സംരക്ഷണ വിഭാഗമാണ് ആയിരക്കണക്കിന് കിലോമീറ്റർ ദൂരമുള്ള മലമ്പാതകളുടെ അറ്റകുറ്റപ്പണികൾ 24 മണിക്കൂറും ചെയ്തുകൊണ്ടിരിയ്ക്കുന്നത്. യാത്ര സുഖപ്രദമാക്കുന്നതിന് അവരോട് എത്ര നന്ദി പറഞ്ഞാലാണ് മതിയാവുക എന്നറിയില്ല.
മഴ കുറഞ്ഞെങ്കിലും നല്ല മൂടൽ മഞ്ഞുണ്ട്. ടെഹരി ഡാം കണ്ടുകൊണ്ടുള്ള യാത്ര വിവരിക്കാൻ വാക്കുകളില്ല, ഇടത്തു ഭാഗത്തു ഊക്കൻ മല. വലത് ഭാഗത്തു വിശാലമായ പച്ചച്ഛവിയാർന്ന വെള്ളപ്പരപ്പ്. ദൂരെ നിന്ന് നോക്കിയാൽ ഇളം പച്ച നൈലോൺ വല വിരിച്ചിട്ടതാണോ എന്ന് തോന്നും. മൂടൽ മഞ്ഞിലൂടെ ഊർന്നിറങ്ങുന്ന സൂര്യരശ്മികൾ ഈ വെള്ളത്തിൽ പ്രതിഫലിക്കുമ്പോൾ ഉണ്ടാകുന്ന കാഴ്ച എത്ര സുന്ദരം !
സൂക്ഷിച്ചു നോക്കിയാൽ പച്ചപ്പിന്നടിയിൽ വൃക്ഷലതാദികളും കെട്ടിടങ്ങളും കാണാം ! (ആയിരക്കണക്കിന് ഗ്രാമീണരുടെ ഉപ്പുരസം കലര്ന്ന കണ്ണീരേറ്റ് വാങ്ങിയ വികസനത്തിന്റെ പ്രതീകമാണിതെന്നു അറിഞ്ഞുകൊണ്ടുതന്നെ മനോഹര ദൃശ്യം ആസ്വദിക്കുകയാണ്. അതേസമയം വെള്ളത്തിലാണ്ടുപോയ ഒരു ഗ്രാമീണ സംസ്ക്കാരത്തെക്കുറിച്ചു ചിന്തിക്കുമ്പോൾ ഭൌതികമായ നേട്ടങ്ങള്‍ക്ക് പിന്നാലെയുള്ള മനുഷ്യന്റെ നെട്ടോട്ടം എവിടെക്കൊണ്ട് എത്തിക്കുമെന്ന വേവലാതിയും ഉണ്ട്.
സർക്കാർ ഇവിടെ ഈ അണക്കെട്ടുണ്ടാക്കിയപ്പോള്‍ തെഹരിയും, അവിടത്തെ ഭൂവിഭാഗങ്ങളുമൊക്കെ പൂർണ്ണമായും വെള്ളത്തിന്നടിയിലായി. ഒരു ഗ്രാമം മുഴുവനായും ഭൂപടത്തില്‍ നിന്നും അപ്രത്യക്ഷമായിരിക്കുന്നു ! അവിടത്തെ ജനങ്ങളെ 16 കി.മീ.ദൂരേയ്ക്ക് മാറ്റിത്താമസിപ്പിച്ചു പുതിയ ടെഹ്‌രി പട്ടണം ഉണ്ടാക്കിയിരിയ്ക്കുകയാണ്. പുതിയൊരു ജീവിതം കെട്ടിപ്പടുക്കാൻ ശ്രമിയ്ക്കുന്ന ഗ്രാമീണർ ! ഭൂമുഖത്തു നിന്ന് അസ്തിത്വവും തനതായ സംസ്ക്കാരവും അപ്രത്യക്ഷപ്പെടാൻ വിധിയ്ക്കപ്പെട്ടവർ ! നിരവധി പേരെ ബാധിയ്ക്കുന്ന പ്രശ്നമാണ് ഇതെന്ന് ആലോചിയ്ക്കുമ്പോൾ വിഷമം തോന്നുന്നു. ഇതിന്നെതിരെ ഏറെക്കാലമായി സര്‍ക്കാരിന്നെതിരെ ശാസ്ത്രജ്ഞർ, പ്രകൃതി ശാസ്ത്രജ്ഞർ, പ്രകൃതി സംരക്ഷകര്‍, പരിസ്ഥിതി പ്രവർത്തകർ, സാമൂഹത്തിലെ ബുദ്ധിജീവികൾ തുടങ്ങിയവർ വര്‍ഷങ്ങളോളമായി സമരത്തിലാണ്.
ഭാഗീരഥിക്ക് കുറുകെ കെട്ടിയിരിക്കുന്ന ഈ ഡാം ഭാരതത്തിലെ ഏറ്റവും ഉയരമുള്ള ഡാമാണ്. 260.5 മീറ്റര്‍ ഉയരവും 592 മീറ്റര്‍ നീളവുമുള്ള ഈ അണക്കെട്ടുകൊണ്ടു 2400 മെഗാ വാട്ട് വൈദ്യുതി ഉൽപ്പാദിപ്പിയ്ക്കാമെന്നാണ് കണക്കുകൂട്ടൽ. ലക്ഷക്കണക്കിന് ഏക്കര്‍ സ്ഥലത്ത് വെള്ളമെത്തിച്ച് കൃഷി നടത്താമെന്നും ഉത്തര്‍പ്രദേശ്, ദല്‍ഹി എന്നിവിടങ്ങളിലെ കുടിവെള്ളക്ഷാമം പരിഹരിക്കാമെന്നും കണക്കുകൂട്ടുന്നു. വിദ്യുച്ഛക്തി ഉല്‍പാദനവും മറ്റൊരു ലക്ഷ്യമാണ്. ഡാമിന്റെ പണി കഴിഞ്ഞാൽ ഏഷ്യയിലേക്കു വെച്ച് ഏറ്റവും വലിയ ഡാം ഇതാകുമത്രേ. ഡാമിനെ കണ്ടു കണ്ട് കിലോമീറ്ററോളം യാത്ര ചെയ്‌തു. മറക്കാൻ പറ്റാത്ത ഒരു കാഴ്ചയും അനുഭവവും!
ഡാമിനെ ഒട്ടുമുക്കാലും പ്രദക്ഷിണം വെച്ച് ഭാഗീരഥിക്ക് കുറുകെയുള്ള പാലം കടന്ന് ഏതാനും കി.മീറ്ററുകൾ യാത്ര ചെയ്തു ശ്രീനഗറിൽ എത്തി. എല്ലാവർക്കും വിശപ്പായിരിയ്ക്കുന്നു. വഴിയോരത്തു 'സൗത്ത് ഇന്ത്യൻ ഫുഡ്' എന്ന ബോർഡ് കണ്ടപ്പോൾ എല്ലാവരുടെയും മുഖത്തു സന്തോഷം. കാഴ്ചയിൽ തരക്കേടില്ലാത്ത ഒരു ഹോട്ടൽ. പക്ഷെ, ഫലമുണ്ടായില്ല. സൗത്ത് ഇന്ത്യൻ ഭക്ഷണം ഉണ്ടാക്കുന്നവർ ലീവിൽ പോയിരിക്കുന്നു. എന്തായാലും കിട്ടിയത് കഴിച്ചു വിശപ്പടക്കി.
അളകനന്ദയുടെ തീരത്തുള്ള ഈ പട്ടണം ഒരുകാലത്തു ഗഡ്‌വാൾ രാജാക്കന്മാരുടെ തലസ്ഥാനമായിരുന്നു. തിരക്കുള്ള ഒരു പട്ടണമാണിത്. പരിഷ്‌ക്കാരവും പ്രതാപവും ഉള്ള പട്ടണം. ഇവിടെ നിന്നും 40 കി.മീ യാത്ര ചെയ്‌താൽ രുദ്രപ്രയാഗ് ആയി.
ഗാംഭീര്യമുള്ള മലകളുടെ പള്ളയിൽക്കൂടി മുക്കിയും മൂളിയും വണ്ടി നീങ്ങുമ്പോൾ മനുഷ്യന്റെ സാങ്കേതിക വിദ്യയിലുള്ള അഹങ്കാരം പ്രകൃതിയിൽ ഏൽപ്പിയ്ക്കുന്ന ആഘാതങ്ങളെക്കുറിച്ചും, ഇതെല്ലാം കണ്ടു തരിച്ചു നിൽക്കുന്ന പർവതവാസികളുടെ ജീവിതത്തെപ്പറ്റിയും ഞങ്ങൾ സജീവമായി ചർച്ച ചെയ്യുകയായിരുന്നു. ജീവിതകാലം മുഴുവൻ ഇവർ ഈ പർവ്വതങ്ങളോട് മല്ലിട്ടു കഴിയുന്നു. തട്ടുതട്ടായി തിരിച്ചിട്ട ഭൂമിയിൽ അനവരതം കൃഷി ചെയ്തുകൊണ്ടേയിരിയ്ക്കുന്നു. ഈ പഹാഡികൾക്കറിയാം പ്രകൃതി അവരെ ചതിക്കില്ല എന്ന്. സത്യസന്ധരായ, നിഷ്‌ക്കളങ്കരായ അദ്ധ്വാനികളാണ് ഇവർ.
പഞ്ച പ്രയാഗുകളിൽ ഒന്നാണ് രുദ്രപ്രയാഗ്. കുത്തിയൊലിച്ച് കലങ്ങിയൊഴുകുന്ന അളകനന്ദയും ഇളം പച്ചനിറത്തിൽ ശാന്തയായി ഒഴുകുന്ന ന(മ)ന്ദാകിനിയും ഇവിടെവെച്ച് ഒന്നിച്ചുചേരുന്നു. സംഗമസ്ഥാനം കാണുവാൻ, ഈ പുണ്യ നദികളെ സ്പർശിക്കാൻ നിരവധി പടവുകൾ താഴേക്ക് ഇറങ്ങിച്ചെല്ലണം. സംഗമതീരത്തുള്ള രുദ്രനാഥ ക്ഷേത്രത്തിൽ വെച്ചാണ് നാരദമുനിക്ക് പണ്ട് മഹാശിവൻ പ്രത്യക്ഷപ്പെട്ട് സംഗീതവിദ്യ നൽകിയതും വീണ സമ്മാനിച്ച് അനുഗ്രഹിച്ചതും എന്നാണ് ഐതിഹ്യം. നാരദമുനി തപസ്സു ചെയ്തിരുന്ന പാറ, 'നാരദശില' എന്നാണ് അറിയപ്പെടുന്നത്.
കഴിഞ്ഞപ്രാവശ്യം ഈ പുണ്യസ്ഥാനത്ത് കുറെ സമയം ചെലവഴിക്കാൻ സാധിച്ചു. കൂടെയുള്ളവരിൽ ചിലർ സംഗമത്തിൽ മുങ്ങി നിവർന്നു. നല്ല തണുപ്പാണ് വെള്ളത്തിന്. അന്ന് സന്ധ്യക്ക് ക്ഷേത്രത്തിലെ ഭജനയിലും ദീപാരാധനയിലും പങ്കു ചേരുകയുണ്ടായി. ഇത്തവണ സമയമില്ലാത്തതുകൊണ്ട് ദൂരെനിന്നു കണ്ടു വന്ദിച്ചു.
പിറ്റേന്ന് രാവിലെ 3 കി.മീ ദൂരത്തുള്ള കോടേശ്വർ മഹാദേവക്ഷേത്രത്തിലും പോയിരുന്നു. നടന്നാണ് പോയത്. കോടേശ്വറിൽ കണ്ട മനോഹരമായ കാഴ്ച ഒരിക്കലും മറക്കാനാവില്ല. നിരവധി പടവുകൾ ഇറങ്ങി താഴെ ചെന്നാൽ പാറക്കെട്ടുകൾ തീർത്ത ഇടനാഴികയിൽക്കൂടി അളകനന്ദയിലെ നീരൊഴുക്ക് കടന്നു വന്ന് ഒരു ചെറിയ കുളം ഉണ്ടാക്കിയിരിക്കുന്നു. കൈ കോച്ചുന്ന തണുപ്പാണ് വെള്ളത്തിന്. മുകളിലേക്ക് തിരിച്ചു കയറുമ്പോൾ വലതു ഭാഗത്തു ഒരു ചെറിയ ഗുഹാക്ഷേത്രം. ഗണപതിയുടെയും ശിവന്റെയും വിഗ്രഹങ്ങളും മറ്റു പലേ ഈശ്വരരൂപങ്ങളും ഗുഹയിൽ കാണാം. ഇവയെല്ലാം സ്വയം രൂപപ്പെട്ടു വന്നതാണെന്നാണ് വിശ്വാസം. കോടേശ്വരന്റെ പൂജാരി നിത്യേന ഇവിടെയും പൂജ ചെയ്തു പോകുന്നുണ്ട്. പണ്ട് പരമേശ്വരൻ കേദാർനാഥിൽ പോകുന്ന വഴി ഇവിടെയാണ് തങ്ങിയതെന്നും ഭസ്മാസുരൻ പിന്നാലെ വന്നപ്പോൾ മഹാശിവൻ ഇവിടെ ഒളിച്ചിരുന്നു മഹാവിഷ്ണുവിനെ തപസ്സു ചെയ്തു എന്നുമൊക്കെയുള്ള കഥകൾ പ്രചാരത്തിലുണ്ട്. മറ്റൊരു കഥ മഹാശിവനെ ഉഗ്ര തപസ്സു ചെയ്ത് പ്രീതിപ്പെടുത്തിയ രാവണന് ശിവന്‍ നല്‍കിയ ശിവലിംഗം രാവണന്‍റെകയ്യില്‍ നിന്നും അബദ്ധത്തില്‍ ഇവിടെ വീണുടഞ്ഞ് കോടികണക്കിന് ലിംഗ്ങ്ങളുണ്ടായി എന്നതാണ്. ദര്‍ശനത്തിന് ശേഷം തിരിച്ചുപോകാൻ ഒരു ജീപ്പ് കിട്ടി. ഇല്ലെങ്കില്‍ ജനവാസമില്ലാത്ത ആ ഭാഗത്ത് കുടുങ്ങിയേനെ ! തണുപ്പും പ്രാണവായുവിന്റെ കുറവും വല്ലാതെ ക്ഷീണിപ്പിക്കുന്നുണ്ട്.
രുദ്രപ്രയാഗ് പട്ടണത്തിൽ നിന്നും അളകനന്ദയ്ക്ക് മീതെയുള്ള പാലം കടന്നാണ് അന്ന് സംഗമസ്ഥാനത്തേയ്‌ക്ക് പോയത്. ഈ ഭാഗത്ത് ഒരു ചെറിയ തുരങ്കം ഉണ്ട്. മുൻപ് കേദാറിലേക്കു ഇതു വഴിയാണ് വാഹനങ്ങൾ പോയിക്കൊണ്ടിരുന്നത്. ബദരിയ്ക്കുള്ള റോഡും ഇവിടെ നിന്ന് തിരിഞ്ഞു പോകുന്നു. പുതിയപാലം വന്നപ്പോൾ പട്ടണത്തിൽ പോകാതെ വാഹനങ്ങളെ നേരെ കേദാറിലേക്കു തിരിച്ചു വിടുന്നു.
അടുത്ത പ്രധാന താവളം അഗസ്ത്യമുനിയാണ്. ഇവിടെ ഒരു ക്ഷേത്രമുണ്ട്. അഗസ്ത്യർ ഇവിടെയിരുന്ന് തപസ്സനുഷ്ടിച്ചിരുന്നു എന്നാണ് വിശ്വാസം. കേദാറിലേയ്ക്ക് ഹെലികോപ്റ്ററിൽ യാത്ര പുറപ്പെടുന്നത് ഇവിടെ നിന്നുമാണ്. ഭഗവൻജി വിവരങ്ങൾ പറഞ്ഞുതന്നു. സന്ധ്യക്കു മുന്പേ ഗൗരീകുണ്ഡിൽ എത്തിച്ചേരണ്ടതുകൊണ്ട് വഴിയിൽ ഇറങ്ങി ആ സ്ഥലങ്ങളൊന്നും കാണാൻ നിന്നില്ല.
ശ്രീനഗർ മുതൽ രുദ്രപ്രയാഗ് വരെയും തുടർന്നും ഉള്ള യാത്രയിൽ കഴിഞ്ഞ പ്രാവശ്യം അനുഭവപ്പെട്ടത്ര ഭയം ഇത്തവണ ഉണ്ടായില്ല. റോഡുകൾക്ക് വീതി കൂടിയിട്ടുണ്ട്. കഴിഞ്ഞ പ്രാവശ്യം ചെറിയ ബസ്സുകളാണ് ഓടിയിരുന്നത്. എന്നാലും വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കുമ്പോള്‍ കണ്ണടച്ച് ഇരിക്കാന്‍ തോന്നിയിരുന്നു. ഇപ്പോൾ വലിയ ടൂറിസ്റ് ബസ്സുകളാണ് ഓടുന്നത്. ആ യാത്രയില്‍ കേദാറും ബദരിയും മാത്രമേ പോയുള്ളൂ എങ്കിലും മലയിടിച്ചിലോ, പാറക്കല്ലുകൾ വീണ് വഴി തടസ്ഥമോ ഉണ്ടായില്ല. ഈയിടെയായി മലയിടിച്ചിലും മറ്റും കൂടിയിട്ടുണ്ട് എന്ന് കേട്ടു. ഇതേവരെ രണ്ട് പ്രാവശ്യം ബ്ലോക്കിൽ പെട്ടു. അപകട സാദ്ധ്യതയുള്ള സ്ഥലങ്ങൾ വരാനിരിക്കുന്നതേയുള്ളൂ. എല്ലാം ഹിമവാന്റെ കൃപ പോലെ !
ചെറിയ മഴച്ചാറൽ ഇപ്പോഴും ഉണ്ട്. അങ്ങിനെ ഗൗരീകുണ്ഡിന്റെ 5 കി.മീ ഇപ്പുറത്ത് സീതാകുണ്ഡിലെ ഒരു ഹോട്ടലിന്റെ മുന്നിൽ വാഹനം നിർത്തി.
തരക്കേടില്ലാത്ത മുറികൾ ഈ ഹോട്ടലിലെ താഴത്തെ നിലയിൽ തന്നെ കിട്ടി. പതിവുപോലെ ആതിഥ്യ മര്യാദയുള്ള ഹോട്ടലുകാർ. വന്നു കയറിയതും ചുടുചായ മുറിയിൽ കൊണ്ടുവന്നു തന്നു. ചായ കുടിച്ചുകൊണ്ട് അടുത്ത ദിവസം ചെയ്യേണ്ട കാര്യങ്ങൾ ഞങ്ങൾ ചർച്ച ചെയ്തു.
തോരാതെ പെയ്യുന്ന മഴ. മഴ ഇങ്ങിനെ നിർത്താതെ പെയ്തു കൊണ്ടിരുന്നാൽ അടുത്ത ദിവസത്തെ കേദാറിലേക്കുള്ള യാത്ര ദുഷ്ക്കരമാകും. പോയി വരാൻ സമയവും കൂടുതൽ എടുക്കും. നാലാന്തി രാവിലെയാണ് ഹരിദ്വാറിൽ നിന്നും നാട്ടിലേക്ക് മടങ്ങേണ്ടത്. ഇനി ബദരി കൂടി വന്ദിച്ചു പോരണം. 2- ആം തി വൈകുന്നേരം ഹരിദ്വാറിൽ തിരിച്ചെത്തണം. മഴ നിരന്തരമായി പെയ്തുകൊണ്ടിരുന്നാൽ മലയിടിച്ചിലും മാർഗ്ഗതടസ്ഥവും പ്രതീക്ഷിയ്ക്കാം. ഇനി മൂന്നു രാത്രികൾ കൂടിയെ ഉള്ളൂ, ഹരിദ്വാറിൽ തിരിച്ചെത്താൻ.
ഗൗരീകുണ്ഡിൽ നിന്നും 14 കി.മീറ്റർ നടത്തം അഥവാ കയറ്റമാണ് കേദാറിലേക്ക്. കാൽനടയായോ, ഡോലിയിൽ ഇരുന്നോ, കുതിരപ്പുറത്തോ കുട്ടയിൽ ഇരുന്നോ വേണം മലകയറാൻ. നടന്നു കയറിയാൽ അന്ന് തിരിച്ചു വരിക സാദ്ധ്യമല്ല. അങ്ങിനെ മുൻപ് കേദാറിലേക്ക് നടന്നു കയറിയ അമ്മമ്മയും, കൃഷ്ണമ്മാമനും, കേദാർ യാത്ര വേണ്ടെന്നു വെച്ചു. അപ്പോൾ മുത്തശ്ശനും പിൻവാങ്ങി. ബാക്കി 4 പേർക്കായി ഡോലി ഏർപ്പാടാക്കാൻ തീർച്ചയാക്കി. അതിരാവിലെ പോയാൽ വൈകുന്നേരം നാലുമണിയോടെ മടങ്ങിവരാം എന്നാണ് കണക്കുകൂട്ടൽ.
രാത്രി ഭക്ഷണം 8 മണിയ്ക്കാണ്. ഒന്നാം നിലയിലെ അടുക്കളയോട് ചേർന്ന വിശാലമായ ഹാളിലിരുന്നാണ് എല്ലാവരും ഭക്ഷണം കഴിക്കുന്നത്. യാത്രക്കാരുടെ നല്ല തിരക്കുണ്ട്. എന്താണ് കഴിക്കേണ്ടത് എന്ന് അടുക്കളയില്‍ പോയി പറഞ്ഞാൽ അവർ ചൂടോടെ ഉണ്ടാക്കിത്തരും. ഇവിടെയും ഗഢ്‌വാളികൾ കുടുംബസമേതം സേവന നിരതരായിരിയ്ക്കുന്നു. അവധിക്കാലമായതിനാൽ കുട്ടികളും അമ്മമാരും ചേര്ന്ന് പണികള്‍ ചെയ്യുന്നു.
ഭക്ഷണം കഴിച്ച ശേഷം കുറച്ചു നേരം വർത്തമാനം പറഞ്ഞിരുന്നു. പുറത്തു മഴ ചാറിക്കൊണ്ടിരിയ്ക്കുകയാണ്.
രാജായിയുടെയും കരിമ്പടത്തിന്റെയും അടിയിലേക്ക് ചുരുണ്ടു കൂടട്ടേ, നാളെ നല്ലൊരു ദിവസമാകാൻ പ്രാർത്ഥിച്ചുകൊണ്ട്.......
അമ്മിണീ,
നിനക്കും ശുഭരാത്രി.
------------------------------------------------------------------------------------------------------------------
ജൂണ്‍ 30, 2011
പ്രിയപ്പെട്ട അമ്മിണീ,
കേദാർ നാഥന്റെ പാദസ്പര്ശമേറ്റ ഭൂമിയിൽ വീണ്ടുമൊരു സുപ്രഭാതം. കഴിഞ്ഞ പ്രാവശ്യം രണ്ട് രാത്രികൾ ഗൗരീകുണ്ഡിലും ഒരു രാത്രി കേദാറിലും കഴിച്ചു കൂട്ടിയ ഓർമ്മയിൽ ഉണർന്നു. പ്രഭാതകർമ്മങ്ങൾ ചെയ്തു കേദാറിൽ പോകാനുള്ളവരെ യാത്രയയച്ചു രജായ്ക്കുള്ളിലിരുന്ന് എഴുതുകയാണ്, ചൂടോടെ ഒരു കപ്പ് ചായയും കുടിച്ചുകൊണ്ട്.
ചാർധാം യാത്രയിലെ മൂന്നാമത്തെ പുണ്യക്ഷേത്രമായ കേദാര്നാഥം 12,000 ലധികം അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. കേദാറിലെ പ്രതിഷ്ഠ പരമശിവ സങ്കല്പത്തിലാണ്. കാളയുടെ മുതുകിന്റെ ആകൃതിയിലാണ് കരിങ്കൽ വിഗ്രഹം. ആ കഥ നിനക്ക് കേൾക്കാൻ താൽപര്യമുണ്ടാകും. ചുരുക്കിപ്പറയാം. മഹാഭാരതയുദ്ധം കഴിഞ്ഞു പാണ്ഡവർ തങ്ങൾ ചെയ്തുകൂട്ടിയ മഹാപാപങ്ങൾക്ക് (ഹത്യകൾക്ക്) പ്രായശ്ചിത്തമായി വ്യാസമുനി നിർദ്ദേശിച്ച പ്രകാരം മഹാശിവനെ ഭജിക്കാന്‍ കാശിക്ക് പോകുന്നു. പാണ്ഡവർ വരുന്നതറിഞ്ഞ ശിവൻ ഹിമാലയത്തിലെ ഗുപ്തകാശിയിൽ പോയി ഒളിച്ചിരുന്നു. ശിവനെ തിരഞ്ഞ് പാണ്ഡവർ അവിടെയെത്തിയപ്പോൾ ശിവൻ മേച്ചിൽ കാളകളുടെ കൂടെക്കൂടി മേഞ്ഞു നടന്നു. മഹാശിവനെ തിരിച്ചറിഞ്ഞ ഭീമൻ കാളയുടെ മുതുകത്ത് കയറി പിടിച്ചു. കാള ഓടിയോടി പാതാളത്തിലേക്കു താഴാൻ ശ്രമിച്ചപ്പോഴും പിടിവിടാതിരുന്നപ്പോൾ പരമശിവൻ പ്രത്യക്ഷനായി പാണ്ഡവരെ അനുഗ്രഹിച്ചു. അങ്ങിനെ ഈ സ്ഥാനത്ത് പാണ്ഡവർ ശിവനെ പ്രതിഷ്ഠിച്ചു. കാളയുടെ മുതുക് ഭാഗമാണ് പ്രതിഷ്ഠ. കാളയുടെ ബാക്കി ഭാഗങ്ങൾ വിവിധ ഭാഗങ്ങളിലായി പഞ്ചകേദാരങ്ങള്‍ എന്നറിയപ്പെടുന്ന മറ്റു ക്ഷേത്രങ്ങളിൽ പ്രതിഷ്ടിച്ചിരിയ്ക്കുന്നു.
ക്ഷേത്രത്തിനു മുന്നിൽ നന്ദിയുടെ പ്രതിഷ്ഠയുണ്ട്. ക്ഷേത്രത്തിന്റെ ഉള്ളിലെ ചുമരുകളിലുണ്ടാക്കിയ പൊത്തുകളിൽ പാണ്ഡവരുടെ രൂപങ്ങൾ കാണാം. (പക്ഷെ, ഭീമന്റെ പേര് സഹദേവന്റെ മുന്നിലും, സഹദേവന്‍റെ പേര് ഭീമന്റെ മുന്നിലുമാണ് വെച്ചിരിയ്ക്കുന്നത്!) നിലത്തോട് ചേർന്നാണ് ശിവസങ്കല്പമായ കാളയുടെ പ്രതിഷ്ഠ. ഭക്തജനങ്ങൾക്കെല്ലാം കൈകൊണ്ടു തൊട്ടു വന്ദിയ്ക്കാം. അർച്ചനയും നടത്താം. ദ്രൗപദി, കൃഷ്ണൻ, ഗണേശൻ എന്നിവരുടെയൊക്കെ വിഗ്രഹങ്ങളും ഉണ്ട്. പൂജാരികൾ കർണ്ണാടക ബ്രാഹ്മണര്‍ ആണ്. (ലിംഗായത്ത്കാര്‍) കേദാറും ബദരിയും ഒരേ ഭരണ സംവിധാനത്തിന്റെ കീഴില്‍ ആണ്. സ്വര്‍ഗ്ഗാരോഹണത്തിന് പോകും മുന്പ് ഏറെക്കാലം ഇവിടെ തപസ്സുചെയ്തിരുന്ന പാണ്ഡവന്മാര്‍ ആണത്രെ ക്ഷേത്രം ആദ്യമായി ഇവിടെ സ്ഥാപിച്ചത് എന്ന് പറയുന്നു.
ക്ഷേത്രത്തിന്റെ പിൻഭാഗത്ത് ആദിശങ്കരന്റെ സമാധി കാണാം. 32 -ആമത്തെ വയസ്സിൽ ഇവിടെ വെച്ചാണ് അദ്ദേഹം നിർവാണം പ്രാപിച്ചതെന്നാണ് വിശ്വാസം. കേദാർ നാഥന്റെ വിഗ്രഹം 8-ആം നൂറ്റാണ്ടിൽ ആദി ശങ്കരാചാര്യരാണ് പുനഃ പ്രതിഷ്ഠ നടത്തിയത്. കേദാര്നാഥം പഞ്ചകേദാരങ്ങളിൽ ആദ്യത്തേതും, 12 ജ്യോതിര്ലിംഗങ്ങളിൽ ഏറ്റവും ഉയർന്ന സ്ഥാനത്തുള്ളതുമാണ്.
നടന്നുപോകുന്ന വഴിയുടെ ഇടതുഭാഗത്തും ആകാശം മുട്ടി നിൽക്കുന്ന മലകൾ. വലതു ഭാഗത്തു ഇരുമ്പു പൈപ്പുകളിൽ തീർത്ത വേലിക്കുമപ്പുറം താഴെ അഗാധതയിൽ പാറക്കെട്ടുകൾക്കിടയിൽക്കൂടെ ഒഴുകുന്ന മന്ദാകിനിയ്ക്കുമപ്പുറം മലകളും,കാടുകളും. അത്യാവശ്യം വീതിയുള്ള നടവഴിയാണെങ്കിലും യാത്രികൾ ഓരോ അടിവെക്കുമ്പോഴും ജാഗരൂകരായിരിക്കണം.
കുറച്ചു ദൂരം മുകളിലേയ്ക്കു കയറിയാൽ ശൗചാലയങ്ങളും ചായക്കടകളും കാണാം. ബെഞ്ചുകളിൽ ഇരുന്നു ക്ഷീണം തീർക്കാം. ചെറുനാരങ്ങാനീരൊഴിച്ച ചൂടുള്ള കട്ടൻ ചായ കുടിച്ച് ഉഷാറാകാം. ഇടത്തു ഭാഗത്ത് ഉയർന്ന് നിൽക്കുന്ന പർവതങ്ങളിൽക്കൂടി ഒഴുകി വരുന്ന കുളിർ ജലത്തിൽ മുഖം കഴുകിയും ക്ഷീണം മാറ്റാം.
മുകളിലേയ്ക്കു കയറും തോറും ഭൂവിഭാഗങ്ങളിൽ വരുന്ന മാറ്റം ശ്രദ്ധേയമാണ്. തുടക്കത്തിൽ കാണുന്ന ഇടതൂർന്ന കാടുകൾ മേലോട്ട് കയറു തോറും അപ്രത്യക്ഷമാകുന്നു. ഏറ്റവും മുകളിലേക്കെത്തുമ്പോൾ പച്ചപ്പുല്ലുകൾ പോലും അപ്രത്യക്ഷമാകുന്നു. വലതു ഭാഗത്ത് അങ്ങ് ദൂരെ പർവതങ്ങൾക്കിടയിലൂടെ താഴേയ്‌ക്ക് നീണ്ടു കിടക്കുന്ന വെള്ള റിബ്ബണുകൾ, ഇനിയും ഉരുകിത്തീരാത്ത മഞ്ഞുചാലുകൾ.
കേദാറിലേക്ക് 5 വര്ഷം മുന്നെ ഒരു മെയ് മാസത്തിലാണ് ആദ്യയാത്ര നടത്തിയത്. അന്ന് തീരെ മഴയോ മഞ്ഞോ ഉണ്ടായിരുന്നില്ല. അത്യാവശ്യം വെയിൽ പരന്നിരുന്നു. കേദാറിലെ നട തുറന്ന ദിവസമാണ് ഞങ്ങള്‍ അവിടെ എത്തിയത്.. നല്ല തണുപ്പാണെങ്കിലും പൊതുവേ നല്ല കാലാവസ്ഥയായിരുന്നു എന്ന് തന്നെ പറയാം.
അന്ന്, ഗൗരികുണ്ഡിൽ നിന്നും 14 കി.മീ നടന്നു കയറിയത് സ്വപ്നം പോലെയാണ് ഇപ്പോഴും തോന്നുന്നത്. ആ യാത്രയില്‍ പരിഭ്രമം തുടങ്ങിയത് ആദ്യത്തെ അഞ്ച് കി മീ കഴിഞ്ഞപ്പോളാണ്. കൂടെയുള്ളവരെല്ലാം ഓരോരുത്തരായി അവനവന്റെ പാദചലനത്തിനൊത്തു നടക്കാൻ തുടങ്ങിയപ്പോൾ ഒറ്റപ്പെട്ടുപോയി. ആരെയും കാണുന്നില്ല. അവര്‍ മുന്നില്‍ പോയോ അതോ പിന്നില്‍ ഉണ്ടോ എന്ന് സംശയമായി. തണുപ്പില്ലാത്ത കാരണം കോട്ടും മറ്റും ഊരി കയ്യില്‍ പിടിച്ചു. ഭാഷയറിയാം. കയ്യില്‍ കാശും ഉണ്ട്. ആ ധൈര്യത്തില്‍ ക്ഷീണമുണ്ടെങ്കിലും മുന്നോട്ട് പതുക്കെ നടന്നു. മുന്നില്‍ നാഴികക്കല്ല് കാണുമ്പോളാണ് ഈശ്വരാ, ഇനിയും എത്ര മുന്നോട്ട് പോകണം എന്ന ചിന്ത അലട്ടുക. അങ്ങിനെ ചിന്തിച്ച് ക്ഷീണിച്ച് നടക്കുമ്പോളാണ് കൂടെയുള്ള വിശ്വംഭരന്‍ സാര്‍ പിന്നില്‍ നിന്നും വിളിക്കുന്നത്. ഒരു ദൈവദൂതന്‍ പ്രത്യക്ഷപ്പെട്ട അനുഭവമാണ് അപ്പോള്‍ ഉണ്ടായത്. പിന്നീടങ്ങോട്ട് ഉത്സാഹമായി. അമ്മമ്മയെ ബിസിനസ്സുകാരനും പ്രകൃതി ഡോക്ടറുമായ വിശ്വംഭരൻ സാർ 'ഓം' ചൊല്ലിച്ചും 'റൈക്കി' ചെയ്യിച്ചും ആശ്വാസ വാക്കുകൾ പറഞ്ഞും മുന്നോട്ടു നടക്കാൻ പ്രചോദിപ്പിച്ചു. കൂടെ നിന്ന സാറിനോടുള്ള കടപ്പാടും നന്ദിയും കുറച്ചൊന്നുമല്ല ഉള്ളത്. (പിന്നീട് അദ്ദേഹം വീട്ടില്‍ വന്നപ്പോള്‍ എത്ര നന്ദി പറഞ്ഞു എന്നറിയില്ല.)
രാവിലെ അഞ്ചര മണിയ്ക്ക് തുടങ്ങിയ നടത്തം അവസാനിക്കുമ്പോൾ 4 മണിയായി. ഇടയ്ക്കിടെ വിശ്രമിച്ചും കട്ടൻചായ കുടിച്ചും ചിലപ്പോൾ എല്ലാവരും നടന്നു നീങ്ങുന്ന പടവുകളുള്ള വഴിയിൽ നിന്നും മാറി പാറകൾക്കിടയിലൂടെ കുറുക്കു വഴിയെങ്കിലും, ദൂരം ലാഭമാക്കാൻ കയറ്റങ്ങൾ കയറി ഇറങ്ങിയും ഞങ്ങൾ നടന്നു, കേദാറിലേക്ക് ഭക്ഷ്യവസ്തുക്കളും, നിർമ്മാണ സാമഗ്രികളും ഷെർപ്പകൾ ചുമന്നുകൊണ്ട് പോകുന്നത് ഈ വഴികളിലൂടെയാണ്.
കേദാറിന്റെ മൂന്നു കിലോമീറ്റർ ഇപ്പുറത്ത് വെച്ച് ക്ഷേത്രത്തിന്റെ ആദ്യ ദർശനം ലഭിച്ചപ്പോൾ തോന്നിയ വികാരങ്ങൾ എഴുതിയോ പറഞ്ഞോ മറ്റൊരാളെ അറിയിക്കാൻ പറ്റില്ല. ക്ഷീണം കൊണ്ട് അവശയായ അമ്മമ്മയോട് അവിടെ ഇരുന്നിരുന്ന ഒരു സന്യാസി പറഞ്ഞു --- " അമ്മാജി, ഇത്രയും ദൂരം കൊണ്ടുവന്ന കേദാർനാഥ്‌ജി തന്നെ താങ്കളെ ബാക്കി ദൂരം കൈപിടിച്ചു ഒരു പുഷ്പം പോലെ അങ്ങെത്തിയ്ക്കും. ഉറക്കെ വിളിച്ചോളൂ, കേദാർനാഥനെ.--- 'ജയ് കേദാർ നാഥ് ജീ കീ !' അപ്പോൾ ഓർത്തത് നമ്മുടെ സ്വാമിമാരുടെ മലകയറ്റമാണ്--- സ്വാമിയേ അയ്യപ്പോ .........
തിരിച്ചു വരുന്നവർ തരുന്ന 'ജയ് ശങ്കർ ഭഗവാൻ കീ' എന്നും മറ്റുമുള്ള ആശംസാ വചനങ്ങൾക്ക് മറുപടി എന്നോണം തിരിച്ചും ഉറക്കെ 'ജയ് കേദാർ നാഥ് ജീ കീ' എന്ന് പറയുമ്പോൾ വലിയ ആശ്വാസമാണ് തോന്നുക. ഒടുവിൽ അവശയാണെങ്കിലും കേദാർനാഥന്റെ അടുക്കൽ എത്തിയപ്പോളുണ്ടായ സന്തോഷം, ആശ്വാസം പറഞ്ഞറിയിക്കാൻ വയ്യ. സുഖമായി ഉറങ്ങി അടുത്തനാൾ സൂര്യോദയം കണ്ട് ഉണർന്നത് ഒരുകാലത്തും മറക്കാൻ പറ്റാത്ത അനുഭവമാണ്, അനുഭൂതിയാണ്. തലക്കൽ ഭാഗത്തുള്ള ജനൽ തുറന്നപ്പോൾ കണ്ടത് അധികം ദൂരത്തല്ലാതെയുള്ള മഞ്ഞുമല, വെള്ളിവസ്ത്രത്തിൽ വെട്ടിത്തിളങ്ങി നിൽക്കുന്ന കാഴ്ച്ചയാണ്. അദ്‌ഭുതത്തോടെ നോക്കിയിരിക്കവേ വെള്ളിവസ്ത്രം സ്വർണാഭയുള്ളതായി മാറി. നേരിയ ചുവപ്പു രാശിയുള്ള സ്വർണ്ണവർണ്ണം ചുറ്റും പരന്നിറങ്ങുന്ന അത്യാകർഷകമായ ദൃശ്യമായി മാറി. രണ്ട് ദിവസം കഴിഞ്ഞ് ഇതേ ദൃശ്യം ബദരിയിലും കാണുവാൻ സാധിച്ചു. അന്ന് ക്ഷേത്ര ദർശനം കഴിഞ്ഞ് അമ്മമ്മയും കൂട്ടത്തിലുള്ള ഒരു കുട്ടിയും ഓരോ 'കുട്ട' കളിൽ ഇരുന്നാണ് താഴേക്ക് പോന്നത്. ഷേർപയുടെ മുതുകിൽ തൂക്കിയിടുന്ന കൊട്ടയിൽ നമ്മൾ ഒതുങ്ങി ഇരിക്കണം. പാവം ! അയാളുടെ പാപഭാരമാണോ ചുമക്കുന്നത് അതോ നമ്മൾ പാപം ചെയ്യുകയാണോ എന്ന സംശയം ഉള്ളിലുണ്ടായി. പിന്നെ അമ്മമ്മക്ക് അത്ര 'ഭാരം' ഇല്ലല്ലോ എന്ന് സമാധാനിച്ചു. കേദാർ ദർശനം കഴിഞ്ഞിറങ്ങി ഗൗരീകുണ്ഡിലെ തപ്തകുണ്ഡത്തില്‍ ഒന്ന് മുങ്ങിക്കുളിച്ചാൽ എല്ലാ ക്ഷീണവും പറപറക്കും എന്നാണ് പറയുക.
കേദാര ദർശനത്തിന് പോയവരെ യാത്രയാക്കി മുത്തശ്ശനും കൃഷ്ണമ്മാമനും തിരിച്ചെത്തി. ഡോലിയിലാണ് അവർ പോയത്. അത്ര സുഖകരമായ കാലാവസ്ഥയല്ല. മഴ ചാറുന്നുണ്ട്. നാലുപേരും മഴക്കോട്ട് ഇട്ടിട്ടുണ്ട്. പണ്ടത്തെപ്പോലെയല്ല ഇപ്പോൾ യാത്രാ സമ്പ്രദായങ്ങൾ. ഗൗരീകുണ്ഡിൽ ഓഫീസ് മുറിയും കമ്പ്യൂട്ടർ സംവിധാനങ്ങളും ഉണ്ട്. പോകുന്ന ആളുടെ തൂക്കം കണക്കാക്കിയാണ് ചാർജ് നിശ്ചയിക്കുന്നത്. രശീതി കൊടുക്കുന്നുണ്ട്. ഈ സംവിധാനം ഏവർക്കും ഗുണകരമാണ്. മുൻപൊക്കെ തോന്നിയ ചാർജ് ആണ് വാഹകർ വാങ്ങിയിരുന്നത്. ചിലപ്പോൾ ഇടനിലക്കാരൻ ഉണ്ടെങ്കിൽ ചില്ലറക്കാശ് അവനും കൊടുക്കണം. ഡോലി ഇടയ്ക്ക് താഴെ ഇറക്കിചായയും ഭക്ഷണവും കഴിയ്ക്കുമ്പോൾ അതിന്റെ ചെലവ് നമ്മൾ തന്നെ വഹിയ്ക്കണം. നാല് ചെറുപ്പക്കാരായ ഷെർപ്പകൾ ആണ് ഡോലി ചുമക്കുന്നത്.
ഹോട്ടലുകാർക്ക് 20 രൂപ കൊടുത്തു ഒരു ബക്കറ്റ് ചൂട് വെള്ളം മേടിച്ചു സുഖമായി കുളിച്ചു. 12 മണിക്കാണ് ഭക്ഷണം. സതിയമ്മാമിയുടെയും പദ്മച്ചമ്മയുടെയും തുണികളും മറ്റും എടുത്തു വെയ്ക്കണം. ഭക്ഷണം കഴിച്ച് അധികം താമസിയാതെ ബാഗുകള്‍ എല്ലാം എടുത്തു ഗൗരികുണ്ഡിലേക്കു യാത്രയായി. വാഹനങ്ങളുടെ വലിയ നിരയാണ് മുന്നിൽ. പിന്നിൽ ഒരു ഭാഗത്തു ഭഗവാൻജി വണ്ടി ഒതുക്കി നിർത്തി.
വണ്ടിയിലങ്ങിനെ തനിച്ചിരുന്നപ്പോൾ ഓരോ ചിന്തയിൽ മുഴുകി. കുറച്ചു നേരം പ്രാണായാമം ചെയ്തു. പിന്നെ ചുറ്റിലുമുള്ള കാഴ്ചകൾ നോക്കിയിരുന്നു. മഴച്ചാറൽ നിന്നിട്ടില്ല. ഇടത്തുഭാഗത്തെ മലയടിവാരത്തിൽ ധാരാളം കുറ്റിച്ചെടികളും മരങ്ങളും തഴച്ചു വളരുന്നു. മുകളിൽ നിന്നും കളകള ശബ്ദത്തോടെ ചാലുകളുണ്ടാക്കി ഒഴുകി വരുന്ന വെള്ളം റോഡ് മുറിച്ചു കടന്നു വലത്തു ഭാഗത്തുള്ള അഗാധതയിലേക്ക്, മന്ദാകിനിയിലേക്ക് ചാടിക്കൊണ്ടിരിയ്ക്കുന്നു.
കാത്തിരിപ്പ് തുടങ്ങിയിട്ട് ഒരു മണിക്കൂർ കഴിഞ്ഞു, മുത്തശ്ശനും കൃഷ്നമ്മാമനും ഗൌരീകുണ്ഡിലേക്ക് നടന്നുപോയിരിക്കുന്നു. വായിക്കാനായി കയ്യിൽ കരുതിയ നിത്യചൈതന്യയതിയുടെ പുസ്തകം 'യാത്ര' കയ്യിലെടുത്തു. പദ്മജ ഇച്ചമ്മയുടെ പുസ്തകമാണത്. ശ്രീനാരായണഗുരുവിന്റെ ശിഷ്യനായിരുന്ന നടരാജഗുരുവിന്റെ ശിഷ്യനാണ് നിത്യചൈതന്യയതി. നീ വലുതായാൽ ഈ പുസ്തകം എന്തായാലും വായിച്ചിരിയ്ക്കണം. വളരയധികം അർത്‌ഥസമ്പുഷ്ടമാണ് അദ്ദേഹത്തിൻറെ ഈ കൃതി. ഒരു സന്യാസിക്ക് ഇത്ര നർമ്മ ബോധമോ എന്ന് തോന്നിപ്പോകും.
ഭഗവാൻജി ഇടയിലൊന്നു വന്നുനോക്കിപ്പോയി. ആൾവലിയ ഗൗരവത്തിലാണ്. 4 മണിയ്ക്ക് മുൻപേ ദർശനം കഴിഞ്ഞ് എത്തില്ലാ എന്ന്' അപ്പോഴേ പറഞ്ഞതാണ് --എന്ന് പിറുപിറുക്കുന്നുണ്ട്.
അധികം താമസിയാതെ ദർശനം കഴിഞ്ഞു യാത്രികൾ വന്നു തുടങ്ങി. ദർശനത്തിന് പോയവരിൽ കുട്ടികളും, ചെറുപ്പക്കാരും അധികമില്ല. എല്ലാവരും നനഞ്ഞു കുതിർന്നാണ് വരുന്നത്. അന്നാട്ടുകാരും അല്ലാത്തവരും അതിലുണ്ട്. തിക്കിത്തിരക്കി ഇടയിൽ നടക്കുന്ന മൂന്നു നാല് തൊപ്പൻ നായ്ക്കൾ ഇടയ്ക്കു ശരീരം കുടഞ്ഞ് വെള്ളം ചുറ്റും തെറുപ്പിച്ചു. ഹിമാലയൻ ഗ്രാമത്തിലെ തീർത്ഥാടകരുടെ കൂടെ ദർശനത്തിന് പോയവരാകാം. ഈ പർവത പ്രദേശങ്ങളിലെ സർവ്വ മൃഗങ്ങൾക്കും ജനിക്കുമ്പോൾ തന്നെ തണുപ്പിനെ ചെറുക്കാനുള്ള കമ്പിളിപ്പുതപ്പ് സ്ഷ്ടാവ് നല്കിയിട്ടുണ്ട് ! ദൈവത്തിന്റെ ഓരോ സൃഷ്ടിവൈദഗ്ദ്ധ്യങ്ങൾ !!
വണ്ടി ഗൗരീകുണ്ഡിലേയ്ക്ക് കൊണ്ടുപോവുകയാണ്, അവരെ കൂട്ടാൻ.
ഇനി പിന്നെ രാത്രി എഴുതാം.
4 പേരും നനഞ്ഞു കുതിർന്നാണ് ഡോലിയിൽ വന്നിറങ്ങിയത്. നല്ല ക്ഷീണം ഉണ്ടെങ്കിലും സുഖമായി കേദാർനാഥനെ ദർശിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം മുഖത്തു തെളിഞ്ഞു കാണാം.
ഒരു നിമിഷം പോലും വിശ്രമമില്ലാതെ മഴ ചാറിക്കൊണ്ടിരിക്കുകയാണ്. റോഡിന്റെ സ്ഥിതി വളരെ മോശം. ഭഗവാൻജി വളരെ ശ്രദ്ധാപൂർവമാണ് വണ്ടി ഓടിയ്ക്കുന്നത്. സന്ധ്യയോടെ ഏതെങ്കിലും താവളത്തിൽ എത്തിച്ചേരണം. എവിടെയാകും തങ്ങുക എന്നത് ഭഗവാൻജിക്കേ അറിയൂ.
അത്യാവശ്യം തിരക്കുള്ള ഒരു പട്ടണത്തിന്റെ റോഡരുകിൽ വാഹനം നിർത്തി. ക്ഷേത്രത്തിൽ പോയി ദർശനം ചെയ്തു വന്നോളൂ എന്ന് പറഞ്ഞു വലത്തോട്ടു കൈചൂണ്ടിക്കാണിച്ചു. ആദ്യം ഒന്നും മനസ്സിലായില്ല. പിന്നെ ആ സ്ഥലം ഗുപ്തകാശി ആണെന്നും അവിടത്തെ ശിവനെ വന്ദിച്ച് വന്നോളൂ എന്നും പറഞ്ഞ് അയാൾ തൊട്ടടുത്തുള്ള ചായക്കടയിൽ കയറി. ഇത് കേട്ടതും അമ്മമ്മ സന്തോഷത്തോടെ ചാടി ഇറങ്ങി. കേദാർനാഥനെ ദർശിക്കാൻ സാധിക്കാത്തതിന്റെ ദുഃഖം മനസ്സില്‍ കൊണ്ട് നടക്കുകയായിരുന്നല്ലോ. കൂടാതെ പാണ്ഡവരെ തോല്‍പ്പിക്കാനായി പരമശിവന്‍ പണ്ട് ഒളിച്ചിരുന്ന സ്ഥലം ഇവിടെയാണ്. വിചാരിക്കാതിരിക്കുമ്പോള്‍ കിട്ടിയ ഭാഗ്യം. കൃഷ്ണമ്മാമനും അമ്മമ്മയും പോകാൻ പുറപ്പെട്ടപ്പോളെക്കും ക്ഷീണിതയാണെങ്കിലും പദ്മജച്ചമ്മയും കൂടെ പുറപ്പെട്ടു.
റോഡ് മുറിച്ചു കടന്ന് പടവുകൾ കയറാൻ തുടങ്ങി. ഒരു ചെറിയ തിരിവ് കഴിഞ്ഞു നോക്കിയപ്പോൾ എണ്ണിയാല്‍ തീരാത്ത അത്ര പടവുകൾ മുകളിലേയ്ക്ക്. അത് കണ്ടപ്പോൾ കൃഷ്ണമ്മാമൻ വരുന്നില്ലെന്ന് പറഞ്ഞു തിരിച്ചു നടന്നു. പദ്മജച്ചമ്മയും അമ്മമ്മയും ക്ഷീണം ഉണ്ടെങ്കിലും പടി കയറാൻ തീരുമാനിച്ചു. കൈപ്പിടികളിൽ പിടിച്ചു ഇടയ്ക്കു ദീർഘശ്വാസം വിട്ടും വിശ്രമിച്ചും അവസാനം മുകളിലെത്തി. പടവുകൾ കഴിഞ്ഞതിന്റെ ആശ്വാസത്തോടെ വലത്തോട്ട് തിരിഞ്ഞു. കുറച്ചപ്പുറത്ത് ഇടതുഭാഗത്തായി ക്ഷേത്രകവാടം കാണാനുണ്ട്. ആശ്വാസത്തോടെ അങ്ങോട്ട് നടന്നു. അടുത്തടുത്തായി ധാരാളം വീടുകളും കടകളും ഉള്ള സ്ഥലം. മലമുകളിൽ ഒരു തെരുവ് എന്ന് തോന്നി.
പ്രവേശന ദ്വാരത്തിന്റെ ഇരുഭാഗങ്ങളിലും ഉള്ള ഉയര്‍ന്ന തിണ്ണയില്‍ നാലഞ്ചു സന്യാസിമാർ ഇരുപ്പുണ്ട്. ഗോപുരത്തിന് മുന്നിൽ നിന്നു അകത്തേയ്ക്കു നോക്കിയപ്പോൾ ഒട്ടും പ്രതീക്ഷിയ്ക്കാത്ത ഒരു കാഴ്ച. അത് കണ്ടുനിന്നപ്പോൾ കയറ്റം കയറി വന്നതിന്റെ ക്ഷീണം അപ്രത്യക്ഷമായി. ഏതാനും പടികൾ ഇറങ്ങിയാൽ എത്തുന്നത് ഒരു നടുമുറ്റത്തേയ്ക്കാണ്. വിശാലമായ നടുമുറ്റത്തിനുള്ളിൽ ഒരു കുഞ്ഞുകുളം. ഒരു വശത്ത് ഒരാനയുടെ തുമ്പിക്കയ്യിൽ നിന്നും മറുഭാഗത്ത് ഒരു കാളയുടെ വായിൽ നിന്നും നല്ല ശക്തിയിൽ വെള്ളം ആ കൊച്ചുകുളത്തിലേക്ക് വീണുകൊണ്ടിരിയ്ക്കുന്നു.
ഈ ജലം കുളത്തിൽ വീഴും മുൻപ് ആളുകൾ പാത്രങ്ങളിൽ സംഭരിയ്ക്കുന്നുണ്ട്. അന്വേഷിച്ചപ്പോൾ ഗംഗയിലെയും യമുനയിലെയും ജലമാണ് ഇങ്ങിനെ ധാരധാരയായി വീഴുന്നത് എന്നറിഞ്ഞു. ക്ഷേത്ര പരിസരത്തുള്ള കടക്കാരും, വീട്ടുകാരും ഇവിടെ വന്നു വീഴുന്ന ആ പുണ്യ ജലമാണ് കുടിക്കുവാനായി ഉപയോഗിക്കുന്നത്. ക്ഷേത്രത്തിലെ പ്രതിഷ്ഠയുടെ അടിയിൽക്കൂടെ അനവരതം ഒഴുകി വരുന്ന ഈ ജലത്തിന്റെ ഉത്ഭവസ്ഥാനം മഹാകൈലാസമാണത്രേ !
ഞങ്ങൾ ഓടിപ്പോയി 2 ലിറ്ററിന്റെ ഒരു കാൻ മേടിച്ച് വന്ന് തീർത്ഥജലം നിറച്ചു വെച്ചു. ധാരാളം വെള്ളം കുടിയ്ക്കുകയും കയ്യും മുഖവും കഴുകുകയും ചെയ്തു.
ഈ കുളത്തിന്റെ നേരെ മുന്നിലാണ് ശ്രീകോവിൽ. ശ്രീകോവിലിനു ഒരു പ്രദക്ഷിണം വെച്ചു. പ്രായമായ ചിലർ ചുവരിനോട് ചേർന്നുള്ള ഇറയത്തിരുന്നു വർത്തമാനം പറയുന്നു. വെള്ളം പിടിയ്ക്കാൻ വരുന്നവരല്ലാതെ ദർശനത്തിനായി വരുന്നവരുടെ തിരക്കൊന്നും കണ്ടില്ല. പൂജാരിമാരെപ്പോലെയുള്ള ചിലരുടെ അടുത്തു ചെന്ന് ക്ഷേത്ര വിശേഷങ്ങൾ അന്വേഷിച്ചു. ഉത്സാഹത്തോടെ ഞങ്ങൾ അമ്പലം ചുറ്റിക്കണ്ടു.
ഒരു പൂജാരി ഞങ്ങളെ ദർശനത്തിനായി ശ്രീകോവിലിലേക്ക് ക്ഷണിച്ചു. പടവുകൾ കയറി ഞങ്ങൾ അകത്തേയ്ക്കു കടന്നു. മുന്നിൽക്കണ്ട അഴികളിലൂടെ താഴേയ്ക്ക് നോക്കാൻ പൂജാരി പറഞ്ഞു. അവിടെയാണ് ശ്രീ കോവില്‍. പ്രതിഷ്ഠ ശിവലിംഗം തന്നെ. ശിവലിംഗത്തിന് കുടപിടിച്ചു നിൽക്കുന്നത് വെള്ളിയിൽ തീർത്ത പടം വിടർത്തി നില്‍ക്കുന്ന നാഗം ! പൂജാരി ആരതി ഉഴിഞ്ഞു. തട്ടിൽ ദക്ഷിണ അർപ്പിച്ചു ഞങ്ങൾ ഒന്നുകൂടി തൊഴുതു പോന്നു. വളരെയധികം ഔഷധശക്തിയുണ്ടെന്നു പറയപ്പെടുന്ന ആ തീർത്ഥ ജലത്തിൽ ഞങ്ങൾ വീണ്ടും മുഖം കഴുകുകയും ധാരാളം സേവിക്കുകയും ചെയ്തു. ആ ഊർജ്ജം ചോരാതെ ഞങ്ങൾ വേഗം എണ്ണിത്തീരാത്ത ആ പടികള്‍ ഇറങ്ങാൻ തുടങ്ങി.
പതിവുപോലെ സന്ധ്യവരെ വണ്ടിയോടിച്ചു ഭഗവൻജി ആൾത്താമസമൊന്നും അധികമില്ലാത്ത ഒരുസ്ഥലത്തു വണ്ടി നിർത്തി. വലത്തു ഭാഗത്തു കണ്ട കടയിലേക്ക് കയറിച്ചെന്നു. പിന്നെ ഞങ്ങളോട് ഇന്ന് അവിടെ താമസിക്കാമെന്നു പറഞ്ഞു. ശ്രദ്ധിയ്ച്ചു നോക്കിയപ്പോൾ കടയോട് ചേർന്ന് താഴേയ്ക്കും മുകളിലേക്കും കോണിപ്പടികൾ കാണുന്നു.
ഞങ്ങൾ താഴേയ്ക്കുള്ള കോണിപ്പടികൾ ഇറങ്ങിച്ചെന്നു. മൂന്നോ നാലോ കിടപ്പുമുറികൾ ഉണ്ട്. അത്യാവശ്യ സൗകര്യങ്ങൾ (ബാത്റൂമും, കക്കൂസും) ഉണ്ട്. നന്നായി വിരിച്ചിട്ട കട്ടിലിൽ രാജയിയും കരിമ്പടങ്ങളും വൃത്തിയായി മടക്കി വെച്ചിരിയ്ക്കുന്നു. ചെന്ന ഉടനെ എല്ലാവര്ക്കും ചൂടോടെ ചായകിട്ടി. ഒരു ബക്കറ്റിൽ ചുടുവെള്ളം കൊണ്ടുവന്നു തന്നു. 'എട്ടു മണിയ്ക്ക് ഭക്ഷണം തയാറാകും, മുകളിലേയ്ക്കു വരണ' മെന്നവർ അറിയിച്ചു.
കടയുടെ മുകളിലെ വിശാലമായ ടെറസ്സിന്റെ ഒരു ഭാഗത്താണ് അടുക്കള. മക്കൾ അമ്മയെ അടുക്കളയിൽ സഹായിക്കുന്നുണ്ട്. ഞങ്ങൾ ചുറ്റുമുള്ള കാഴ്ചകൾ കണ്ടു നിന്നു. വീടിന്റെ പിന്ഭാഗത്തുകൂടി മന്ദാകിനി കളകള നാദത്തോടെ ഒഴുകുന്നു. തെളിഞ്ഞ ആകാശം. പശ്ചാത്തലത്തിൽ ആകാശം മുട്ടെ ഉയർന്നു നിൽക്കുന്ന മലകൾ. ആ കുന്നിന്റെ ഉച്ചിയിൽ അവിടവിടെ വൈദ്യുതി വിളക്കുകളുടെ പ്രകാശം മിന്നുന്നതു ഞങ്ങൾ നോക്കി നിന്നു. ഹിമാലയൻ പർവതപ്രദേശങ്ങളിലെ ഒരുവിധം എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി ഉണ്ട്.
ഇത്രയും കാലം കൃഷിയെ മാത്രം ആശ്രയിച്ചു ജീവിച്ചു പോന്ന ഗഢ്‌വാളികൾക്ക് പുതിയൊരു ജീവിതമാർഗ്ഗം സർക്കാർ ചൂണ്ടിക്കാണിച്ചു കൊടുത്തിരിക്കുകയാണ്. തീര്തഥാടകർക്കു ആതിഥ്യം നൽകി അവര്‍ക്ക് സ്വന്തം വീടുപോലെ താമസം ഒരുക്കിക്കൊടുക്കുന്നതിന് വേണ്ട ധനസഹായം ബാങ്ക് വഴി സാദ്ധ്യമാക്കിയിരിയ്ക്കുന്നു. യാത്രയിൽ ഇതിനു മുൻപുണ്ടായ ഹോം സ്റ്റേ അനുഭവവും വളരെ ഹൃദ്യമായിരുന്നു. എന്തായായാലും ഇവർ ആതിഥ്യ മര്യാദയുള്ളവരാണ് എന്ന് പ്രത്യേകം എടുത്ത് പറയട്ടെ. വീട്ടുടമസ്ഥൻ സർക്കാർ ജോലിക്കാരനാണ്. ഭാര്യയുടെ പേരിൽ 'ഹോം സ്റ്റേ' നടത്തുകയാണ്. രണ്ടു പെൺകുട്ടികളും ഒരാൺകുട്ടിയും ഇവർക്കുണ്ട്. എല്ലാവരും പഠിയ്ക്കുന്നുണ്ട്.
രാത്രിയിലെ ഭക്ഷണം വളരെ നന്നായിരുന്നു. ഐശ്വര്യവതിയായ വീട്ടുടമ, ദീപ ബിസ്ത്, ഥാക്കൂർ വംശജയാണ് പൊതുവെ ഗഢ്‌വാളികൾക്ക് കിന്നരന്മാരുടെ വംശവുമായി ബന്ധമുണ്ടെന്ന് പറയുന്നുണ്ട്. ഇവരിൽ മിക്കവരും സൗന്ദര്യമുള്ളവരാണ്. ആരോഗ്യത്തിന്റെ കാര്യത്തിലും ഇവർ മുൻപന്തിയില്‍ .
ഇന്നത്തേക്ക് വിട!
രാജായിയുടെയും കരിമ്പടത്തിന്റെയും ഉള്ളിലേക്ക് ആഴ്ന്നിറങ്ങുമ്പോൾ നിദ്രാദേവി ഓടി വരുന്നൂ, സ്വധാമത്തിലേക്കു കൂട്ടിക്കൊണ്ടു പോകാൻ.
അമ്മിണീ, നിനക്കും ശുഭരാത്രി.
=====================================================================
ബദരി,ബദരി,
1 -7 -2011
പ്രിയപ്പെട്ട അമ്മിണീ,
ബദരിയിലെ ശങ്കരാചാര്യ ആശ്രമത്തിൽ ഇരുന്നാണ് എഴുതുന്നത്. ഹരിദ്വാറിലെ അയ്യപ്പക്ഷേത്രത്തിൽ നിന്നും പുറപ്പെടും മുൻപേ ഇവിടത്തെ താമസം ഉറപ്പാക്കിയിരുന്നു. വഴിയിലെ ബ്ലോക്ക്കൾ കാരണം എത്തിയപ്പോൾ 4 മണിയായി. അപ്പോഴേയ്ക്കും എല്ലാവര്ക്കും ഭയങ്കര വിശപ്പ്. ഇന്ന് ഉച്ചഭക്ഷണം ഉണ്ടായിട്ടില്ല. വേഗം ഭക്ഷണം കഴിച്ചു ദർശനത്തിനു പോയി. തിരിച്ചു മുറിയിലെത്തി കട്ടിലിൽ ഇരുന്നു എഴുതുകയാണ്.
വായിച്ചു വായിച്ചു നിനക്ക് ബോറടിയാകില്ലെന്നു കരുതട്ടെ. അമ്മമ്മക്കാണെങ്കിൽ എത്ര എഴുതിയാലും തൃപ്തിയാകുന്നുമില്ല. നിനക്ക് ദഹിക്കാവുന്നതിലും കൂടുതൽ കാര്യങ്ങൾ കുത്തിത്തിരുകുന്നുണ്ടോ എന്ന് സംശയിക്കുന്നുണ്ട്. എന്തായാലും നാല് ധാമങ്ങളും ദർശിച്ചു കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് എല്ലാവരും.
ഇനി രാവിലെ മുതൽ നടന്ന സംഭവങ്ങൾ എഴുതാം.
പതിവുപോലെ അതിരാവിലെ എഴുന്നേറ്റു ഞങ്ങൾ ബദരീധാമത്തതിലേക്കുള്ള യാത്രക്കൊരുങ്ങി. ദീപാ ബിസ്ത് നല്ല ചായ തന്നു. ചായക്കും സുഖകരമായ താമസത്തിനും നന്ദി പറഞ്ഞു കൊണ്ട് ഞങ്ങൾ ഒരുമിച്ചു നിന്ന് ഫോട്ടോയും എടുത്തു. കുട്ടികൾക്ക് എല്ലാ ആശംസകളും അനുഗ്രഹങ്ങളും നൽകി. കൃഷ്ണമ്മാമന്റെ ബാഗിൽ കരുതിയിരുന്ന കൊട്ടത്തേങ്ങയും അവിലും മറ്റും ദീപയ്ക്കു കൊടുത്തു. വീണ്ടും കാണാമെന്ന ആശംസാവചനത്തോടെ ഞങ്ങൾ യാത്രയായി.
യാത്ര പുറപ്പെടുമ്പോൾ 'ബദരിയ്ക്കടുത്ത് മലയിടിച്ചിൽ' എന്ന പത്ര വാർത്ത കണ്ടത് കുറച്ചു പരിഭ്രമം ഉള്ളിലുണ്ടക്കിയെങ്കിലും പൂർണ്ണ വിശ്വാസത്തോടെ ഞങ്ങൾ ബദരീനാഥനെ വിളിച്ചു വേഗം അങ്ങോട്ട് എത്തിയ്ക്കാൻ അപേക്ഷിച്ചു.
പർവത പ്രദേശങ്ങളിലെ ഗ്രാമങ്ങളും അവിടത്തെ കൃഷി സ്ഥലങ്ങളും കുത്തിയൊലിച്ചൊഴുകുന്ന നദിയും മലകളും കണ്ടുകണ്ട് അങ്ങിനെ മുന്നോട്ടു പോയി. സംസാര വിഷയം ആദ്ധ്യാത്മികമല്ലാതെ മറ്റൊന്നില്ല. മലയിടുക്കുകൾ ഓരോന്ന് കടന്നുപോകുമ്പോഴും പ്രകൃതിയുടെ ലീലാ വിലാസങ്ങൾ ശ്‌ളാഘിച്ചുകൊണ്ടിരുന്നു. ഓരോ മലയിടുക്കുകൾ കഴിഞ്ഞു മുന്നോട്ടു പോരുമ്പോൾ തിരിഞ്ഞു നോക്കിയാൽ കാണുന്ന കാഴ്ച എത്ര മനോഹരമാണെന്നു പറഞ്ഞറിയിക്കാൻ വയ്യ.
ഈ യാത്രയിലെ പ്രധാന പുണ്യ സ്ഥലമാണ് ജ്യോതിര്മഠമെന്ന ജോഷിമഠ്. ഈയിടെയായി ബദരിക്കുള്ള എല്ലാ വാഹനങ്ങളും ജോഷിമഠിൽ ഒന്നൊന്നര മണിക്കൂർ പിടിച്ചിടുന്നത് പതിവാക്കിയിട്ടുണ്ട്. കഴിഞ്ഞ പ്രാവശ്യം ബദരിക്കു പോകുമ്പോൾ ഈ 'ബ്ളോക്' ഉണ്ടായിരുന്നില്ല. തന്നെയുമല്ല, ഈ പർവതത്തിന്റെ താഴെയുള്ള പാതയിൽക്കൂടെയായിരുന്നു ഞങ്ങളുടെ ചെറിയ ബസ്സു പോയിരുന്നത്. അന്ന് മുകളിലേക്ക് ചൂണ്ടിക്കാട്ടി, അതാ അവിടെയാണ് ജോഷിമഠ് എന്ന് പറഞ്ഞു കേട്ട ഓർമ്മയുമുണ്ട്. ഈയിടെയായി 'ഒൺവേ' സമ്പ്രദായം നിലവിൽ വരുത്തിയതിന്റെ ഭാഗമായാണ് ബ്ളോക് എന്നും പറയുന്നതു കേട്ടു. ഒരു മണിക്കൂർ ബ്ളോക് ഉണ്ടെന്നും ക്ഷേത്ര ദർശനം കഴിച്ചു വരാമെന്നും ഡ്രൈവര്‍ പറഞ്ഞു. എന്ത് തന്നെയായാലും അത് ഉർവശി ശാപം ഉപകാരം പോലെയായി. ഏറെ സന്തോഷത്തോടെ ഞങ്ങൾ വണ്ടിയിൽ നിന്നും ഇറങ്ങി. ആദ്യം റോഡിന്റെ ഇടത്തു ഭാഗത്തുള്ള ക്ഷേത്രങ്ങൾ ദർശിച്ചുവരാം എന്ന് തീരുമാനിച്ചു. ഏതാനും പടവുകൾ താഴെ ഇറങ്ങിയപ്പോൾ മുന്നിലും, ഇടത്തും, വലത്തും പഴമ വിളിച്ചോതുന്ന ക്ഷേത്രങ്ങൾ കണ്ടു. ക്ഷേത്രപാലകനും നവഗ്രഹ പ്രതിഷ്ഠയും ഇറങ്ങിച്ചെന്ന ഉടനെ വലത്തുഭാഗത്ത്. കരിങ്കൽ ചുമരുകൾ ക്ഷേത്രത്തിന്റെ പഴക്കം വിളിച്ചോതുന്നു.
കുറച്ചപ്പുറത്ത് ഇടത്തു ഭാഗത്ത് വളരെ പഴക്കവും ലാളിത്യവുമുള്ള ക്ഷേത്രങ്ങൾ കണ്ടപ്പോൾ ആദ്യം അവിടെ പോയി വരാമെന്നു തീരുമാനിച്ചു. ഇടനാഴികയിലേക്കു കടന്നപ്പോൾത്തന്നെ ആരോ വിളിച്ചു കൂട്ടിക്കൊണ്ടുപോകുന്ന ഒരു തോന്നൽ. കാലപ്പഴക്കം വിളിച്ചോതുന്ന ലളിതമായൊരു ചെറിയ ശ്രീകോവിൽ. പൂജാരിയും പുറത്തു മേശയിട്ടു സംഭാവന കിട്ടുന്നത് എഴുതാനിരിയ്ക്കുന്ന ഒരു സ്ത്രീയും മാത്രമേ അവിടെ ഉള്ളൂ. തീർതഥാടകർ അധികമൊന്നും ഇങ്ങോട്ട് എത്തിയിട്ടില്ല.
ശ്രീകോവിലിൽ ലക്ഷ്മീ നരസിംഹമൂർത്തിയാണ് പ്രതിഷ്ഠ. ശ്രീകോവിലിനു മുകളിൽ 'നരസിംഹമൂർത്തി തൂണ് പിളർന്നു പുറത്ത് ചാടിയതു ഇവിടെയാണ്' എന്ന് എഴുതിവെച്ചിട്ടുണ്ട്. ആ കഥ നിനക്കറിയാവുന്നതാണല്ലോ. ശ്രീകോവിലിനു മുന്നിൽ ഒരു വട്ടക്കരിങ്കല്ലുണ്ട്. അതിന്മേൽ ഒരു ചക്രത്തിന്റെ അടയാളവും. എന്തൊക്കെയോ കഥകളും സംഭവങ്ങളും കുറിച്ചിട്ടുണ്ട്. ഉറങ്ങിക്കിടക്കുന്ന ക്ഷേത്ര പരിസരം. ലക്ഷ്മീ നരസിംഹമൂർത്തിയെ വന്ദിച്ച ശേഷം ചെറിയൊരു തുക സംഭാവന അന്നദാനത്തിനായി കൊടുത്തു. നരസിംഹമൂര്‍ത്തിയുടെ വിഗ്രഹത്തിന്റെ ഒരു കൈ മെലിഞ്ഞ് ദുര്ബ്ബലമായിട്ടാണത്രേ! ഈ കൈ അറ്റ് വീണാല്‍ ഭയങ്കരമായ ഭൂ ചലനം ഉണ്ടാവുകയും ഹിമാഗിരികള്‍ അടര്‍ന്നു വീണ് ബദരീനാഥക്ഷേത്രം അപ്രത്യക്ഷമാകുമെന്നാണ് പ്രവചനം. ആ സമയത്ത് ജോഷി മഠത്തിനടുത്തുള്ള ഈ ഭവിഷ്യ ബദരിയാകും പുണ്യസ്ഥാനം.
ഈ ക്ഷേത്രത്തിന്റെ മുന്നിലുള്ള പുറത്തേക്കുള്ള വാതിൽ കടന്ന് ചെന്നപ്പോൾ മറ്റൊരു പഴയ കെട്ടിടത്തിന്റെ മുന്നിൽ എത്തി. നൂറ്റാണ്ടുകൾ കടന്നുപോയെങ്കിലും ഐശ്വര്യമുള്ള കെട്ടിടം. അതിന്റെ ഒരറ്റത്തുള്ള കോണി കയറിച്ചെന്നെത്തുന്ന ഹാളിൽ ശങ്കരാചാര്യരുടെ മൂർത്തി അലങ്കരിച്ചു വെച്ചിരിക്കുന്നു. കമ്പി കെട്ടി സുരക്ഷിതമാക്കിയ ഹാളിന്റെ ചുമരിൽ ശങ്കരാചാര്യരുടെ ചരിത്രം എഴുതിവെച്ചിട്ടണ്ട്.
താഴെ ഇറങ്ങി വലതുഭാഗത്തേയ്ക്കുള്ള വാതിലിൽക്കൂടി പുറത്തിറങ്ങിപ്പോൾ അതുഭുതപ്പെട്ടു. പഴയകാലത്തെ അനുസ്മരിപ്പിയ്ക്കുന്ന മരത്തൂണുകളും, കൊത്തുപണികളും ഉള്ള വിശാലമായ ഒരു നടുമുറ്റം. തൂണുകളിലും മരത്തിന്മേലുള്ള ചായങ്ങൾ മാഞ്ഞുപോയിത്തുടങ്ങിയിരിക്കുന്നു. പൊതുവെ പറഞ്ഞാൽ ജീർണ്ണാവസ്ഥയിൽ എത്തിയിരിയ്ക്കുന്ന ഒരു കെട്ടിടമാണത്. ശങ്കരാചാര്യരുടെ സ്മൃതി ഉണർത്തുന്ന, നിലനിർത്തുന്ന ഈ കെട്ടിടങ്ങൾക്കെല്ലാം ഇനി അധികകാലം ആയുസ്സുണ്ടാകുമെന്നു തോന്നുന്നില്ല. ഇടത്തുഭാഗത്തെ ഒന്നാം നിലയിൽ ആളനക്കം കണ്ടപ്പോൾ ഞങ്ങൾ അങ്ങോട്ട് നടന്നു. കോണി കയറിച്ചെന്നപ്പോൾ ഒരു മുറിയിൽ ഒരാൾ ഇരിയ്ക്കുന്നു. കുശലം പറഞ്ഞു. ശങ്കരാചാര്യരുടെ നാട്ടിൽ നിന്നുമാണ് വരുന്നതെന്ന് പറഞ്ഞപ്പോൾ വലിയ സന്തോഷമായി. പ്രധാന ക്ഷേത്രത്തിലെ പൂജാരിയാണ് അദ്ദേഹം. സർക്കാർ ആ കെട്ടിടങ്ങളുടെ പുനരുദ്ധാരണത്തിനായി ഒന്നും ചെയ്യുന്നില്ല എന്നു പറഞ്ഞു. ഏകദേശം 3,000 വർഷങ്ങൾ പഴക്കമുള്ള ആ കെട്ടിടം ശങ്കരാചാര്യരുടെ ശിഷ്യന്മാരാണത്രെ നിർമ്മിച്ചത്. ഈയിടെയായി ബ്ളോക് ന്റെ പേരിൽ വാഹനങ്ങള്‍ നിർത്തിയിടുന്നതു കൊണ്ട് ചില ഭക്തരെങ്കിലും ദർശനത്തിന് എത്തിപ്പെടും എന്നവർ പ്രതീക്ഷിയ്ക്കുകയാണ്.
ഹിമാലയത്തിന്റെ ഔന്നത്യം ഭാരതീയരെ മനസ്സിലാക്കിച്ച 'ആദി ഗുരു' വിനോട് ചെയ്യുന്ന അവഹേളനമായിട്ടേ ഇതിനെ കാണാനാകൂ. മനസ്സിൽ ചെറിയൊരു വേദനയുമായാണ് ഞങ്ങൾ തിരിച്ചു നടന്നത്.
റോഡിന്റെ എതിർഭാഗത്തുള്ള പടവുകൾ കയറി മുകളിലേയ്ക്കു ചെന്നപ്പോൾ വളരെ വിശാലമായ മുറ്റത്താണോ ഏതെങ്കിലും കെട്ടിടത്തിന്റെ ടെറസ്സിലാണോ വന്നു കയറിയത് എന്ന് സംശയമായി. അവിടെ നിന്നാൽ നാലുപുറത്തേയ്ക്കും നല്ല കാഴ്ചയാണ്. മുറ്റത്തിന്റെ ഒരറ്റത്തുള്ള വളരെ മനോഹരവും വിശാലവുമായ ശങ്കരസ്മൃതി ഉണർത്തുന്ന ഹാളിലേക്ക് ഒരു സ്വാമിജി ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി. ഈ ആരാധനാ ഹാൾ ധ്യാനത്തിനായി ഉപയോഗിക്കുന്നു. ഞങ്ങൾ കുറച്ചു നേരം പ്രാർത്ഥനയോടെ അവിടെ ഇരുന്നു. കുറച്ചപ്പുറത്ത് മറ്റൊരു ക്ഷേത്രമുണ്ട്. നിത്യ പൂജ നടക്കുന്ന ആ മുറി അടച്ചിട്ടിരിക്കുകയാണ്.
വേദശാസ്ത്രത്തിൽ പാണ്ഡിത്യം നേടിയ ശേഷം ആദ്യമായി ശ്രീ ശങ്കരാചാര്യർ സ്ഥാപിച്ച മഠം ആണത്രേ, ജ്യോതിർമഠം. പിൽക്കാലത്ത് ഇത് ജോഷിമഠമായിത്തീർന്നതാണ്. (ശങ്കരാചാര്യർ ഭാരതത്തിന്റെ നാല് കോണുകളിലായി സ്ഥാപിച്ച 4 മഠങ്ങൾ ഏവിടെയോക്കെയാണ് എന്ന് അറിയാമോ? ഉജ്ജയിൻ, പുരി, ശൃംഗേരി, ബദരി. (കൂടുതലായി പിന്നീട് പറഞ്ഞു തരാം).
ബ്ളോക് തീരാറായി. ഞങ്ങൾ വണ്ടിയിൽ കയറി ഇരുന്നു. ഒരു വിൽപ്പനക്കാരി അക്രൂട് എന്ന പഴവും കൊണ്ട് ജനലരികിൽ വന്നു നിൽക്കുന്നു. ഇളംമഞ്ഞ നിറമുള്ള മനോഹരമായ പഴം. അത് ധാരാളം വാങ്ങി. കാണുന്നതുപോലെ നല്ല സ്വാദിഷ്ഠമായത്.
ജോഷിമഠമെത്തുന്നതുവരെ തട്ട് തട്ടായി കൃഷി ചെയ്യുന്ന ഭൂവിഭാഗങ്ങളും, വനഭൂമികളും കാണാമെങ്കിലും പിന്നീട് നാം കാണുന്നത് വ്യത്യസ്ത ഭൂപ്രകൃതിയാണ്. അടുത്ത പ്രധാന സ്ഥലമാണ് വിഷ്ണുപ്രയാഗ്. പഞ്ചപ്രയാഗിലെ മറ്റു പ്രയാഗുകൾ, നന്ദപ്രയാഗ്, കർണ്ണപ്രയാഗ്, രുദ്രപ്രയാഗ്, സോൻ പ്രയാഗ് എന്നിവയാണ്. അതിലെ നന്ദപ്രയാഗും, കർണ്ണപ്രയാഗും ചമോലി ജില്ലയിൽത്തന്നെയാണ്. ചമോലി ജില്ലയിലാണ് ബദരി. അളകനന്ദയും, ധൗളിഗംഗയുമായി സംഗമിയ്ക്കുന്ന സ്ഥാനമാണ് വിഷ്ണുപ്രയാഗ്. വശ്യതയാർന്ന മലമടക്കുകളാണ് ഈ ഭാഗത്തുള്ളത്. ഇവിടെ അളകനന്ദയ്ക്ക് കുറുകെ അണക്കെട്ടുകെട്ടിയിരിയ്ക്കുന്നു. ഈ ഹൈഡ്രോ ഇലക്ട്രിക് പ്രൊജക്റ്റ് 4൦൦ മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിയ്ക്കുമത്രേ.
പ്രകൃതിയ്ക്ക് അത്യാവശ്യം നാശങ്ങളൊക്കെ ഇവിടെ വരുത്തി വെച്ചിട്ടുണ്ട്. പ്രകൃതിയും മനുഷ്യന്റെ ഇച്ഛയ്ക്കൊത്തു മാറ്റപ്പെടുകയാണ്. വശ്യതയാർന്ന മലമടക്കുകളിൽക്കൂടിയുള്ള യാത്ര ആനന്ദകരവും, അദ്‌ഭുതം ഉളവാക്കുന്നതാണ്. അതേ സമയം മാനം മുട്ടുന്ന പർവതങ്ങളുടെ മടിത്തട്ടിലൂടെ വെട്ടിയുണ്ടാക്കിയ മലമ്പാതകളിലൂടെയുള്ള യാത്ര ഭയം ജനിപ്പിക്കുന്നതുമാണ്. അളകനന്ദയെ ഇടവും വലവും നിന്ന് കാത്തു സംരക്ഷിക്കുന്നത് ഈ കൂറ്റൻ മലകളാണ് എന്ന് തോന്നും.
കഴിഞ്ഞ തവണ വന്നപ്പോള്‍ ഈ ഭാഗങ്ങളിൽ ചെറിയ ബസ്സുകളാണ് ഓടിക്കൊണ്ടിരുന്നത്. എന്നാൽ ഇത്തവണ കാണുന്നത് തലങ്ങും വിലങ്ങും ഓടിക്കൊണ്ടിരിക്കുന്ന ആഡംബര യാത്രാ ബസ്സുകളാണ്. മനുഷ്യൻ സ്വന്തം സുഖസൗകര്യത്തിന്നായി മുന്നിൽ കണ്ടതിനെയൊക്കെ ഒതുക്കിമാറ്റി മുന്നേറുകയാണ്. ഹിമാലയത്തിന്റെ മൂപ്പെത്താത്ത ശരീരത്തിൽ ഏൽപ്പിയ്ക്കുന്ന മുറിവുകൾ പലപ്പോഴും അക്ഷന്തവ്യങ്ങളാണ്. പള്ളയിൽ നിന്നും ശരീരഭാഗങ്ങൾ അടർത്തിയെടുത്താണ് കൂറ്റൻ വാഹനങ്ങൾക്കു വഴി ഒപ്പിച്ചു കൊടുക്കുന്നത്. സൈന്യസാമാഗ്രികള്‍ കൊണ്ടുപോകുന്ന കൂറ്റന്‍ ട്രക്കുകളും പട്ടാള വാഹനങ്ങള്‍ക്കും സഞ്ചരിക്കാനായി ഈ റോഡുകള്‍ സദാ ഭദ്രമായി സംരക്ഷിക്കുക എന്നത് ശാരീരികമായും സാമ്പത്തികമായും ഭാരിച്ച ഉത്തരവാദിത്വം തന്നെ. ബോര്ഡര്‍ സെക്യൂരിറ്റിക്കാര്‍ രാപ്പകല്‍ ഇതിന്നായി കഠിനാദ്ധ്വാനം ചെയ്യുന്നു. ഇവരെയൊക്കെ എത്ര ആദരിച്ചാലും മതിയാവില്ല. അരുകുകള്‍ കെട്ടി ഭദ്രമാക്കാത്ത റോഡുകള്‍.എപ്പോള്‍ വേണമെങ്കിലും ആയിരക്കണക്കിന് അടി ഉയരത്തില്‍ നിന്നും നിരങ്ങി വന്ന് താഴെ അഗാധതയിലേക്ക് പതിക്കാവുന്ന പര്‍വത ഭാഗങ്ങള്‍....... പ്രകൃതിയുടെ കനിവ് വേണം മുന്നോട്ട് ഒരടി വെക്കണമെങ്കില്‍ ! പ്രകൃതി അമ്മയാണ് .ഭൂമിയാണെങ്കിൽ ക്ഷമയുടെ പര്യായമാണ്. ബഹുമാനിച്ചില്ലെങ്കിലും നമ്മൾ പ്രകൃതിയെ ദ്രോഹിക്കാതിരിയ്ക്കുകയെങ്കിലും ചെയ്യണം. ഓരോ തീർതഥാടകനും ഹിമാലയത്തിൽ പോയി തിരിച്ചു വരുമ്പോൾ വിനയത്തിന്റെ ആദ്യപാഠം തീർച്ചയായും ഉൾക്കൊണ്ടിരിയ്ക്കും. നമ്മളെ സ്വയം തിരിച്ചറിയാനുള്ള ഒരുപാധി തന്നെയാണ് ഇത്തരം തീർതഥയാത്രകൾ.
അമ്മമ്മയുടെ അമ്മാമൻ പണ്ട് ബദരിയ്ക്കുപോയ കാലത്ത് ജോഷിമഠം വരെയേ വാഹന സൗകര്യം ഉണ്ടായിരുന്നുള്ളൂ. അക്കാലത്ത് തീർത്ഥാടകർ നടന്നാണ് പോയിരുന്നത്. എസ്.കെ പൊറ്റെക്കാട്ട് എം പി ആയിരുന്ന കാലത്ത് ഗുപ്തകാശി വരെ ജീപ്പുകൾ പോയിരുന്നു എന്ന് അദ്ദേഹത്തിന്റെ യാത്രാക്കുറിപ്പിൽ ഉണ്ട്. (എസ് കെ പൊറ്റെക്കാടിന്റെ ഏഷ്യ, യൂറോപ് , ആഫ്രി ക്ക എന്നീ മൂന്ന് രാജ്യങ്ങളില്‍ അദ്ദേഹം നടത്തിയ സഞ്ചാരം പുസ്തമായി കിട്ടാനുണ്ട്. നീ തീര്‍ച്ചയായും അത് വായിക്കണം.)
പതിനായിരക്കണക്കിന് മലകളുള്ള ഈ ഭൂവിഭഗത്തേക്ക് വാഹനങ്ങൾക്ക് സഞ്ചാര യോഗ്യമായ പാത ഉണ്ടാക്കുക എന്നത് വളരെ സാഹസപൂർണ്ണമായ കാര്യം തന്നെയാണ്. വളഞ്ഞും തിരിഞ്ഞും പോകുന്ന മലയിടുക്കുകളിൽ സദാ ജാഗരൂകരായി പണിയെടുക്കുന്ന ബോർഡർ റോഡ്സ് ഓർഗനൈസേഷന്റെ സേവനം എത്ര പുകഴ്ത്തിയാലും മതിയാവില്ല.
ജോഷിമഠമെത്തുന്നതുവരെ തട്ട് തട്ടായി കൃഷി ചെയ്യുന്ന ഭൂവിഭാഗങ്ങളും, വനഭൂമികളും കാണാമെങ്കിലും പിന്നീട് നാം കാണുന്നത് വ്യത്യസ്ത ഭൂപ്രകൃതിയാണ്. അടുത്ത പ്രധാന സ്ഥലമാണ് വിഷ്ണുപ്രയാഗ്. അളകനന്ദയും, ധൗളിഗംഗയുമായി സംഗമിയ്ക്കുന്ന പുണ്യസ്ഥാനം. പഞ്ചപ്രയാഗിലെ മറ്റു പ്രയാഗുകൾ, നന്ദപ്രയാഗ്, കർണ്ണപ്രയാഗ്, രുദ്രപ്രയാഗ്, സോൻ പ്രയാഗ് എന്നിവയാണ്. അതിലെ നന്ദപ്രയാഗും, കർണ്ണപ്രയാഗും ചമോലി ജില്ലയിൽത്തന്നെയാണ്. ചമോലി ജില്ലയിലാണ് ബദരി. വശ്യതയാർന്ന മലമടക്കുകളിൽക്കൂടിയുള്ള യാത്ര ആനന്ദകരവും, അദ്‌ഭുതം ഉളവാക്കുന്നതാണ്. അതേ സമയം മാനം മുട്ടുന്ന പർവതങ്ങളുടെ മടിത്തട്ടിലൂടെ വെട്ടിയുണ്ടാക്കിയ മലമ്പാതകളിലൂടെയുള്ള യാത്ര ഭയം ജനിപ്പിക്കുന്നതും. അളകനന്ദയെ ഇടവും വലവും നിന്ന് കാത്തു സംരക്ഷിക്കുകയാണ് ഈ കൂറ്റൻ മലകള്‍ എന്ന് തോന്നും. ഇവിടെ അളകനന്ദയ്ക്ക് കുറുകെ അണക്കെട്ടു കെട്ടിയിരിയ്ക്കുന്നു. ഈ ഹൈഡ്രോ ഇലക്ട്രിക് പ്രൊജക്റ്റ് 4൦൦ മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിയ്ക്കുമത്രേ.
വാഹനം ഗോവിന്ദ ഘട്ടില്‍ എത്തിയപ്പോള്‍ റോഡിന്റെ വലതുഭാഗത്തായി കാണുന്ന വഴിയിൽക്കൂടെ നിരവധി സിഖ് തീർതഥാടകർ നടന്നു പോകുന്നത് കണ്ടു. 'ഹേം കുണ്ഡ് സാഹിബ്' എന്ന പ്രസിദ്ധമായ സിക്കുകാരുടെ ഗുരുദ്വാരയിലേക്കു പോകുന്നവരാണ് ഇവർ. 20 കി.മീ നടന്നു തന്നെ പോകണം. മാനോഹരമായ താഴ്‌വരകളും, പുൽമേടുകളും, പൊയ്കകളും നിറഞ്ഞ, ലോകപ്രസിദ്ധമായ 'പൂക്കളുടെ താഴ്വര', അങ്ങോട്ട് പോകുന്ന വഴിയിലാണ്. പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നവരുടെ പറുദീസയാണിത്. മെയ് മുതൽ സെപമ്പ്റ്റംബർ വരെയാണ് ഇവുടുത്തെ പൂക്കാലം. അഞ്ഞൂറിൽ പരം വൈവിദ്ധ്യമാർന്ന പുഷ്പങ്ങൾ ഉള്ള അതിമനോഹരമായ ഈ സ്ഥലം 1982-ൽ സർക്കാർ ഒരു നാഷണൽ പാർക് ആയി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ അപൂർവ ഹിമാലയൻ കരടി, കൃഷ്ണമൃഗം, മഞ്ഞുപ്രദേശത്തു കാണപ്പെടുന്ന പുള്ളിപ്പുലി തുടങ്ങിയവയേയും ഇവിടെ സംരക്ഷിച്ചു വരുന്നു. അവിടെയൊക്കെ സന്ദര്‍ശിക്കാന്‍ സാധിച്ചില്ലല്ലോ എന്ന നേരിയ സങ്കടം ഉണ്ട്, ട്ടോ.
ഭീമസേനൻ പാഞ്ചാലിയ്ക്കു വേണ്ടി കല്യാണ സൗഗന്ധികം തേടിപ്പോയ കഥ നിനക്ക് അറിയാവുന്നതാണല്ലോ. അത് ഈ പൂക്കളുടെ താഴ്വരയിലേക്ക് ആയിരുന്നു. അവിടെയാണ് ഗന്ധമാദന പർവ്വതം. മൃതസഞ്ജീവനിക്കായി ഹനുമാൻ ഈ മലയിലാണ് വന്നതെന്നത് മറ്റൊരു കഥ. എന്തായാലും ഭൂമിയിലെ സ്വർഗമെന്നു വിശേഷിപ്പിക്കാവുന്ന ഈ ഭൂവിഭാഗത്ത് ജീവിതത്തിൽ ഒരിക്കലെങ്കിലും പാദസ്പർശം നടത്തേണ്ടതാണ്. ഈ ഭൂപ്രദേശമെല്ലാം ഒരിക്കൽ കണ്ടാൽ പിന്നെ ഒരിക്കലും മനസ്സിൽ നിന്നും മാഞ്ഞു പോവുകയില്ല. ശരീരവും മനസ്സും ഇത്രയ്ക്കധികം ഉണർന്നിരിയ്ക്കുന്ന ഒരു യാത്രാനുഭവം മുന്പുണ്ടായിട്ടില്ലെന്നു പറഞ്ഞാൽ ഒട്ടും അതിശയോക്തി ഉണ്ടാകില്ല. എത്ര കണ്ടാലും മടുപ്പുവരാത്ത കാഴ്ചകൾ ! മനുഷ്യൻ ഈ പ്രകൃതിയുടെ മുന്നില്‍ എത്ര നിസ്സാരനാണെന്ന് പലപ്പോഴും ഈ യാത്രയിൽ ബോദ്ധ്യപ്പെടും.
ഗോവിന്ദ്ഘട്ടിൽ നിന്നും ബദരിക്ക് 25 കി.മീ ദൂരമുണ്ട്. വലതു ഭാഗത്തു അറ്റം കാണാത്തത്ര ഉയരമുള്ള പർവതം. ഇടത്തു ഭാഗത്തു അഗാധതയിൽ ഒഴുകുന്ന അളകനന്ദയും. അതിനപ്പുറം ഊക്കൻ മലകളും, താഴെ വനങ്ങളും. ഓരോ മലമടക്കുകൾ കഴിയും തോറും പിന്നോട്ട് നോക്കുമ്പോള്‍ അതിശയവും, ആവേശവും ജനിപ്പിയ്ക്കുന്ന കാഴ്ചകൾ. ചിലപ്പോൾ ചിന്തയിൽ വരുന്നത് നമ്മുടെ ജീവന്റെ വിലയാണ്. എപ്പോൾ വേണമെങ്കിലും ഇടിഞ്ഞു വീഴാവുന്ന പർവതഭാഗങ്ങൾ ഒരുഭാഗത്ത്. ഉറപ്പില്ലാത്ത, കൈവരികളില്ലാത്ത ആവശ്യത്തിന് മാത്രം വീതിയുള്ള പാത മറുഭാഗത്ത്. ഇതാ, ഒരു മലമടക്കുകൂടി കഴിഞ്ഞു. പാണ്ഡുകേശ്വറിൽ എത്തിക്കഴിഞ്ഞു. പാണ്ഡവരുടെ പിതാവായ പാണ്ഡു വനവാസകാലത്തു ഇവിടെയായിരുന്നു താമസിച്ചിരുന്നത് എന്നാണ് ഐതിഹ്യം. ശ്രദ്ധിച്ചു നോക്കിയാൽ നദിയുടെ ഇടത്തേക്കരയിൽ പുരാതന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ കാണാം. ജനവാസമുള്ളതിന്റെ ലക്ഷണങ്ങളും ഉണ്ട്.
9 കി.മീ കൂടെ യാത്ര ചെയ്‌താൽ ഹനുമാൻ ഛട്ടിയായി. ഹനുമാൻ, ഭീമസേനന്റെ വഴിമുടക്കിക്കിടന്ന സ്ഥലം. അത് എപ്പോളായിരുന്നെന്നു നിനക്കറിയാമല്ലോ, ഇല്ലേ? ഭീമന് ഹനുമാൻ ദർശനം കൊടുത്ത സ്ഥലം എന്ന പേരിലും ഇവിടം അറിയപ്പെടുന്നുണ്ട്. അവശനായി വഴിയില്‍ കിടക്കുന്ന തന്തക്കുരങ്ങനെ ചാടിക്കടക്കാന്‍ മടിച്ച് ഭീമന്‍ തന്റെ ഗദയുടെ അറ്റം കൊണ്ട് ആ വാല്‍ പതുക്കെ പൊക്കിമാറ്റാന്‍ ശ്രമിക്കുകയും പരാജയപ്പെടുന്നതുമൊക്കെ ന കഥകളിയില്‍ കണ്ടിട്ടുള്ളതല്ലേ? അനിയന്റെ അഹങ്കാരം ഇല്ലാതാക്കി അനുഗ്രഹിക്കാന്‍ ഏട്ടന്‍ ചെയ്ത സൂത്രം. റോഡിന്റെ ഇടതു ഭാഗത്തു ഹനുമാന്റെ വിഗ്രഹം വെച്ചിട്ടുണ്ട്. ഒരു പൂജാരി അതിന്നടുത്തു ഇരിയ്ക്കുന്നുണ്ട്. ഞങ്ങൾ വണ്ടി ഒതുക്കി നിർത്തി ദർശനം നടത്തി, ഭക്തരുടെ നെറ്റ്‌യിൽ പൂജാരി കുങ്കുമം തൊടുവിക്കുന്നുണ്ട്. ദക്ഷിണ കൊടുത്ത് തിരിച്ചു വണ്ടിയിൽ കയറി.
മുന്നോട്ടു പോകുന്തോറും വഴി കൂടുതൽ കൂടുതൽ വഷളാവുകയാണ്. ബോർഡർ റോഡ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ മണ്ണുമാന്തികളും, പണിക്കാരും തകൃതിയായി വഴിനീളെ പണിയെടുത്തുകൊണ്ടിരിയ്ക്കുന്നു. ഭഗവൻജി വണ്ടി ഒരു ഭാഗത്തു ഒതുക്കിയിട്ടു. എത്രനേരം കാത്തിരിക്കണമെന്നു പറയാൻ പറ്റില്ല. വലതു ഭാഗത്തു മുകളിലേക്ക് നോക്കിയാൽ ദൂരെ ഒരു പൊട്ടുപോലെ നീങ്ങിക്കൊണ്ടിരിയ്ക്കുന്ന വാഹനങ്ങൾ കാണാം. ഇടതു ഭാഗത്ത് എത്രയോ അടി താഴെ അളകനന്ദ ഒഴുകുന്നു. അതിന്റെ മറുകരയിൽ പർവതത്തിൽ നിന്നും വളരെ വലുപ്പമുള്ള മഞ്ഞുകട്ട നദിയിലേക്കു നിരങ്ങി വീണു കിടക്കുന്നു.
കുറച്ചു കഴിഞ്ഞപ്പോൾ തടസ്ഥം നീങ്ങിയപ്പോൾ ഞങ്ങളുടെ വണ്ടിയും പതുക്കെ മുന്നോട്ടു നീങ്ങി. മടക്കുകളോട് കൂടിയ കയറ്റങ്ങൾ ആണ് ഇനി മുകളിലേക്ക്. രണ്ടാമത്തെ മടക്കിലെത്തിയപ്പോൾ താഴേയ്ക്ക് നോക്കി. പാറക്കെട്ടുകൾക്കിടയിൽ ഛിന്നഭിന്നമായിക്കിടക്കുന്ന ഒരു ജീപ്പ്. ബദരീനാഥനെയും മറ്റു കുലദൈവങ്ങളെയും മനസ്സിലോർത്തു.
ബദരിയിൽ എത്തിയത് പ്രതീക്ഷിച്ചതിലും വൈകിയാണ്. 4 മണിയ്ക്കുള്ള വിഷ്ണുസഹസ്രനാമാർച്ചനയിൽ പങ്കെടുക്കണമെന്നാണ് ആഗ്രഹിച്ചിരുന്നത്. ശ്രീ ശങ്കരാശ്രമത്തിൽ ബാഗുകൾ വെച്ച് കൈകാലുകൾ കഴുകി ക്ഷേത്രത്തിലേയ്ക്ക് യാത്രയായി. ഉച്ചയൂണ് ഉണ്ടായിട്ടില്ല. അതിനാൽ ഏവർക്കും വലിയ വിശപ്പായിട്ടുണ്ട്. എന്തെങ്കിലും ഭക്ഷണം കഴിച്ച ശേഷം ദര്ശനത്തിനുപോകാമെന്നു വിചാരിച്ചു.
ശ്രീ ശങ്കരാ ആശ്രമത്തിൽ നീന്നും നോക്കിയാൽ ക്ഷേത്രം കാണാം. അളകനന്ദക്ക് കുറുകെയുള്ള പാലം കടക്കുമ്പോൾ ശൗര്യത്തോടെയുള്ള ഒഴുക്ക് നോക്കി നിന്നു. ക്ഷേത്രമുറ്റത്തെത്തിയപ്പോൾ ആദ്യം റാവൽജിയെ കാണാനാണ് പോയത്. കാലാകാലങ്ങളായി ബദരിയിൽ പൂജ ചെയ്യുന്നത് കേരളത്തിലെ ബ്രാഹ്മണരാണ്. പയ്യന്നൂരുള്ള നമ്പൂതിരിമാരാണ് കുറച്ചുകാലമായി ഈ സ്ഥാനം അലങ്കരിയ്ക്കുന്നത്. 'റാവൽജി' എന്ന സ്ഥാനപ്പേരുള്ള പൂജാരിക്ക് കേന്ദ്ര സർക്കാർ വലിയ സ്ഥാന ബഹുമാനങ്ങളാണ് നല്കിയിരിയ്ക്കുന്നത്. റാവൽജിയെ കാത്തിരിക്കുന്നതിനിടയിൽ അദ്ദേഹത്തിൻറെ സഹായികൾ ഞങ്ങൾക്ക് കാപ്പി കൊണ്ടുവന്നു തന്നു.
അധികം താമസിയാതെ റാവൽജി വന്നു. ഔദ്യോഗിക വേഷം അഴിച്ചുമാറ്റിയാണ് അദ്ദേഹം വന്നത്. ചെറുപ്പക്കാരനാണ്. നല്ല ഐശ്വര്യമുള്ള മുഖം. മിതമായ സംഭാഷണം. കുശലം ചോദിച്ച ശേഷം കുറച്ചു കഴിഞ്ഞാൽ തൊഴാൻ വന്നോളാൻ പറഞ്ഞു.
പറഞ്ഞപോലെ ഞങ്ങൾ ക്ഷേത്രത്തിലേക്ക് പോകാൻ പുറപ്പെട്ടു. ക്ഷേത്രജീവനക്കാരനായ ഒരാൾ ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി ഗര്ഭഗൃഹത്തിനു മുന്നിലുള്ള ദർശന മണ്ഡപത്തിൽ കുറച്ചു നേരം ഇരുന്നു പ്രാർത്‌ഥിയ്ക്കാൻ അവസരം തന്നു. ഇതിന്റെ പിന്നിലാണ് ബദരീനാഥനെ ദർശിയ്ക്കാൻ എല്ലാവരും വന്നു നിൽക്കുന്ന സഭാമണ്ഡപം. ഞങ്ങൾ പുറത്തു പ്രദക്ഷിണം വെച്ചു. പ്രദക്ഷിണ വഴിയുടെ ഇടതു ഭാഗത്തു യാത്രികൾക്കിരുന്നു പ്രാർത്‌ഥിയ്ക്കാനുള്ള ഇറയത്തിരുന്നു ഞങ്ങൾ വിഷ്ണു സഹസ്രനാമം ചൊല്ലി. ബദരീനാഥന്‍റെ ഒന്നുകൂടി വന്ദിച്ചു ആശ്രമത്തിലേക്കു മടങ്ങി.
ആശ്രമത്തില്‍ സ്ഥിരം താമസക്കാരായവരെ പരിചയപ്പെട്ടു. സ്ഥിരമായി ഹിമാലയം സന്ദര്‍ശിക്കുന്ന തരണനല്ലൂര്‍ പദ്മനാഭന്‍ എന്ന രഘുവിനെ അവിടെ വെച്ച് പരിചയപ്പെട്ടു. കുറച്ചു പ്രായമായ ഒരു നമ്പൂതിരിയുണ്ട്. വര്‍ഷങ്ങളായി അവിടെയാണ് താമസം. അദ്ദേഹം ദിവസേന രാത്രി കുറച്ചുനേരം ഭാഗവതം വായിച്ചു അർത്ഥം പറയും. അത് കേൾക്കാൻ പലരും വരും. ഞങ്ങളും അദ്ദേഹത്തിൻറെ ഭാഗവത ചർച്ചയിൽ പങ്കുചേർന്നു.
ചാർധാം ദർശനം ഭംഗിയായി കഴിഞ്ഞതിന്റെ ആഹ്ളാദം ഞങ്ങൾ പങ്കുവെച്ചു. എല്ലാവരും വളരെ സന്തോഷത്തോടെയാണ് ഉറങ്ങാൻ കിടന്നത്.
ബദരീനാഥനെപ്പറ്റി 2 വാക്കു പറഞ്ഞിട്ട് അവസാനിപ്പിയ്ക്കാം. സമുദ്ര നിരപ്പിൽ നിന്നും ഏകദേശം 10,350 അടി ഉയരത്തിൽ ഹിമാലയത്തിന്റെ മടിത്തട്ടിലുള്ള ബദരീവനത്തിലാണ് ബദരീനാഥ ക്ഷേത്രം. ഇത് നരനാരായണ പർവ്വതങ്ങളാൽ ചുറ്റപ്പെട്ട നീലകണ്‌ഠ കൊടുമുടി സ്ഥിതിചെയ്യുന്ന പർവതത്തിന്റെ താഴ്വരയിലാണ് സ്ഥിതി ചെയ്യുന്നത്. മഹാവിഷ്ണു ലോകനന്മക്കായി ഏറെക്കാലം തപസ്സു ചെയ്ത ഭൂമിയാണത്രെ ബദരി. നാലുധാമങ്ങളിൽ വെച്ച് ബദരിധാമത്തിന് ഏറെ പ്രാധാന്യമുള്ളതിന് കാരണം മനുഷ്യന് ഈ പുണ്യഭൂമിയിൽ നിന്നുമാണ് മോക്ഷം നേടേണ്ടത് എന്നത് കൊണ്ടുതന്നെ. ബദരി ക്ഷേത്രത്തിന് സഹസ്രാബ്ദങ്ങള്‍ പഴക്കം ഉണ്ടെന്ന് കണക്കാക്കിയിട്ടുണ്ട്. ജന്തുബലികളും മറ്റും നടത്തിയിരുന്ന കിരാതന്മാരുടെ കാലത്ത് ക്ഷേത്രം നശിപ്പിച്ച് വിഗ്രഹം പുഴക്കിയെടുത്ത് അളകനന്ദയില്‍ എറിഞ്ഞുവത്രേ.
8-ആം നൂറ്റാണ്ടിൽ ശ്രീ ശങ്കരാചാര്യരാണ് തിളങ്ങുന്ന കറുത്ത കല്ലിലുള്ള, (സാളഗ്രാമം). കമണ്ഡലുവും ജപമാലയുമായി പദ്മാസനത്തിലിരുന്ന് തപസ്സ് ചെയ്യുന്ന രൂപത്തിലുള്ള മഹാവിഷ്ണുവിന്റെ വിഗ്രഹം അളകനന്ദയില്‍ നിന്നും കണ്ടെടുത്ത് പുനഃ പ്രതിഷ്ഠ നടത്തിയത്. ക്ഷേത്രത്തിലെ പൂജാവിധികൾ കേരളത്തിലെ നമ്പൂതിരിമാർ ചെയ്യുന്നപോലെ ചിട്ടപ്പെടുത്തിയത് ശങ്കരാചാര്യർ തന്നെ.
അങ്ങ് തെക്കേ അറ്റത്തു നിന്നും അഥവാ ഭാർഗ്ഗവരാമന്റെ നാട്ടിൽ നിന്നും ബദരീനാഥന്റെ പാദസേവകനായി കഴിയാൻ ഭാഗ്യം ചെയ്ത റാവൽജിയെയും ദർശിച്ചു മടങ്ങുമ്പോൾ പൂർണ്ണതൃപ്തിയോടെ മടങ്ങാൻ സാധിക്കുമോ ? വിപരീത കാലാവസ്ഥയിലും ആ ദിവ്യ ഭൂമി വിട്ടുപോകാൻ മനസ്സിനും ശരീരത്തിനും മടി തോന്നുന്നു. വീണ്ടും വരാന്‍ സാധിക്കുമോ?
മനുഷ്യന് നൂറ് ജൻമം കഴിയണമാത്രേ ബദരി നാഥനെ ദർശിക്കാനുള്ള സൗഭാഗ്യം ലഭിയ്ക്കാൻ ! വടക്കേ അറ്റത്തെ ഹിമാലയത്തിന്റെ ഔന്നത്യത്തിൽ വന്നു ബദരീനാഥ ദർശനം സാദ്ധ്യമായത് തന്നെ ജന്മ സുകൃതം എന്ന് വിശ്വസിക്കുന്നു. അഥവാ ഗുരുകാരണവർമാരുടെയും ബദരി വിശാലിലെ ദേവതമാരുടെ അനുഗ്രഹം തന്നെ. ....
'യാനി യാനി ച പാപാനി ...........'
റാവൽജി അതീവ ഭാഗ്യവാൻ ! ദേവന്മാർ പൂജിക്കുന്ന ക്ഷേത്രത്തിൽ വർഷത്തിലെ പാതി ദിവസങ്ങൾ അഭിഷേകങ്ങളും പരിചരണങ്ങളും, നിവേദിക്കലും, പൂജയും, നാമാര്ച്ചനകളുമായി അവരുടെ കൂടെ രാവും പകലും ചെലവഴിയ്ക്കുക ! അപൂർവ ഭാഗ്യം തന്നെ.
ക്ഷേത്രം അക്ഷതൃതീയനാൾ തുറക്കുകയും ദീപാവലിവരെ തുറന്നു വെക്കുകയും ചെയ്യുന്നു. ക്ഷേത്രം അടയ്ക്കലും തുറക്കലുമൊക്കെ വലിയ ചടങ്ങുകളോടെ നല്ല ദിവസം, മുഹൂർത്തം ഒക്കെ നോക്കിയാണ് ചെയ്തുപോരുന്നത്. ക്ഷേത്രത്തിലെ അവകാശികളായ മനാ ഗ്രാമത്തിലെ കുടുംബക്കാർ പ്രത്യേകമായി തയാറാക്കിയ എണ്ണയിൽ വിശേഷാൽ തീർക്കുന്ന കമ്പിളിത്തിരിയിട്ട് കത്തിക്കുന്ന വിളക്ക് ആറ് മാസം കഴിഞ്ഞ് നട തുറക്കുമ്പോൾ കെടാറില്ലത്രേ ! ഗോപുര വാതിലിന്റെ താക്കോൽ ടെഹ്‌രി രാജാവ്, റാവൽജി, മനാഗ്രാമത്തലവൻ എന്നിവരാണ് സൂക്ഷിയ്ക്കുക. ഈ പൂട്ടുകൾ പ്രത്യേകരീതിയിൽ ഒരേ സമയത്ത് പ്രവർത്തിച്ചാലേ അടക്കാനും തുറക്കാനും സാദ്ധ്യമാകൂ. ഭോട്ടിയ വ്യാപാരികൾ സ്വന്തം ചെലവിൽ രോമ കമ്പിളി കൊണ്ട് ക്ഷേത്രം മഞ്ഞുകാലത്ത് പൊതിഞ്ഞു വെക്കുമത്രേ ! ഇവിടെ 6 മാസം ദേവതകളും 6 മാസം മനുഷ്യരും പൂജ നടത്തുന്നു എന്ന് വിശ്വസിക്കുന്നു. മഞ്ഞ് മൂടിക്കിടക്കുന്ന കാലത്ത് നാരദമുനിയാണ് പൂജ ചെയ്യുന്നത് എന്നാണ് വിശ്വാസം.
ബദരീവനം, ബദര്യാശ്രമം, ബദരീപുരി എന്നൊക്കെ അറിയപ്പെടുന്ന ഈ പുണ്യ ഭൂമിയിൽ വീണ്ടുമൊരിക്കൽക്കൂടി വരാൻ സാദ്ധ്യമാക്കിയതിൽ ബദരീശ്വരനോടുള്ള നന്ദി പ്രകടിപ്പിച്ചു കൊണ്ട്......
പതിവുപോലെ രാജായി കംബളങ്ങളുടെ അടിയിലേക്ക്......
ഹോ...! എന്തൊരു തണുപ്പ് !
ശുഭരാത്രി....
.------------------------------------------------------------------------------------------------------------...............................................
2 -7 -'11
ദേവപ്രയാഗ്
അമ്മിണീ,
യാത്രയുടെ അവസാനനാളുകളിലേക്കു നീങ്ങുകയാണ്. രാത്രി 8 മണിയോടെയാണ് ഇവിടെ എത്തിയത്. ഹോട്ടലിൽ മുറിയെടുത്തു. ഭക്ഷണം കഴിച്ച് ഇന്നത്തെ സംഭവങ്ങൾ എഴുതിത്തീർത്തേ ഉറങ്ങൂ എന്ന് തീർച്ചയാക്കി.
മുറിയിലെ ജനലിൽക്കൂടി നോക്കിയാൽ ഗംഗാ മാതാവിനെ കാണാം. ഒഴുകുന്ന ശബ്ദം കേൾക്കുകയും ചെയ്യാം. ദേവപ്രയാഗില്‍ വെച്ച് ഭാഗീരഥി, അളകനന്ദയുമായിച്ചേര്‍ന്ന് ഗംഗയായി ഒഴുകുകയായി..ശ്രീരാമന്‍ അവസാനകാലത്ത് ഗംഗയുടെ കരയില്‍ കുറേക്കാലം തപസ്സ് ചെയ്തിട്ടുണ്ടത്രേ. ഇവിടെയുള്ള രഘുനാഥ ക്ഷേത്രവും സംഗമജലമുള്ള കിണറും പ്രസിദ്ധമാണത്രേ!
നാളെ നേരത്തേ എഴുന്നേറ്റു പ്രഭാതഭക്ഷണം കഴിച്ചു ഇവിടെ നിന്നും ഇറങ്ങും. വഴിയിൽ ഋഷീകേശിനടുത്തുള്ള വസിഷ്ഠ ഗുഹ മാത്രം കണ്ടുപോകാൻ തീരുമാനിച്ചു. സമയക്കുറവ് തന്നെ.
ഇനി ഇന്നു രാവിലത്തെ സംഗതികളിൽ നിന്നും തുടങ്ങാം. രാവിലെ നേരത്തെ ആശ്രമത്തിൽ നിന്നും തപ്തകുണ്ഡിൽ കുളിയ്ക്കാനായി ഇറങ്ങിയപ്പോള്‍ ശക്തിയായ മൂടൽമഞ്ഞാണ് പുറത്ത്. തൊട്ടടുത്ത ആളെത്തന്നെ കാണാൻ വിഷമം. സ്ത്രീകൾക്ക് കുളിയ്ക്കാനുള്ള കുളിയറ അല്ലെങ്കിൽ കുളപ്പുരയിലേക്കു ഞങ്ങൾ നടന്നു. പോകുന്ന വഴിയിലൊക്കെ പുരുഷന്മാർക്ക് നിന്ന് കുളിയ്ക്കാൻ ചുടുവെള്ളപൈപ്പുകൾ സൗകര്യപ്പെടുത്തിയിരിയ്ക്കുന്നു.
ഞങ്ങൾ മൂന്നുപേരും പടവുകളിൽ സ്ഥലം പിടിച്ചു. ഇറങ്ങി മുങ്ങുന്നവർ വളരെ കുറച്ചേ ഉള്ളൂ. മിക്കവരും പാത്രത്തിൽ വെള്ളം മുക്കിയെടുത്ത് ദേഹത്തു കോരിയൊഴിക്കുകയാണ്. കലപില ബഹളമുണ്ട്. വിവിധ ഭാഷക്കാരാണ് അവിടെ കൂടിയിരിയ്ക്കുന്നത്..
ഞങ്ങൾ ആദ്യത്തെ പടവിൽ കാലെടുത്തു വെച്ചതും അതേപോലെ പുറത്തേയ്ക്കു ചാടിയതും ഒപ്പമായി. ഇത്ര ചൂട് പ്രതീക്ഷിച്ചിരുന്നില്ല. പിന്നെ ഞങ്ങൾ പതുക്കെപ്പതുക്കെ കാൽ വെള്ളത്തിലിറക്കി മുട്ടുവരെ ഇറങ്ങി നിന്നു. അകെ മുങ്ങിയാൽ കുളിരില്ല എന്ന് പറയുന്നപോലെ ചൂടിനോട് കുറേശ്ശെക്കുറേശെയായി താദാത്മ്യം പ്രാപിച്ചു. അരവരെ ഇറങ്ങിയെങ്കിലും എങ്ങിനെ ഈ ചൂടിൽ തലമുക്കും എന്നാലോചിക്കുമ്പോളേക്കും പദ്മജച്ചമ്മ തെരുതെരെ മുങ്ങാൻ തുടങ്ങി. ഒടുവിൽ രണ്ടും കല്പിച്ചു മുങ്ങി നിവർന്നു. വല്ലാത്തൊരു അനുഭവമായിരുന്നൂ തപ്തകുണ്ഡിലെ കുളി. വേഗം വസ്ത്രങ്ങൾ മാറി ഞങ്ങൾ പുറത്തു കടന്നു. തപ്തകുണ്ഡിലെ ഗന്ധകം കലര്‍ന്ന ചുടുവെള്ളത്തില്‍ കുളിച്ചാല്‍ ചര്മ്മരോഗങ്ങളെല്ലാം മാറും എന്നാണ് വിശ്വാസം.
എല്ലാവരും ഒരുമിച്ചു ദർശനത്തിനായി നടന്നു. പ്രദക്ഷിണം വെച്ച് ഞങ്ങൾ സഭാമണ്ഡപത്തിൽ നിന്ന് തൊഴുതു. ആടയാഭരണങ്ങലില്ലാത്ത വേഷഭൂഷകളില്ലാത്ത, കറുത്ത ബദരീവിഗ്രഹത്തെ വന്ദിച്ചു. ഇവിടെ ഉപ പ്രതിഷ്ഠകളുണ്ട്. നര നാരായണനും, നാരദമുനിയും, കുബേരനും, ഉദ്ധവരും, മഹാലക്ഷ്മിയും, ഗരുഡനുമെല്ലാം ചിരപ്രതിഷ്ഠ നേടിയവർ ! മണിയടികളും,മന്ത്രോച്ചാരണങ്ങളും നിരന്തരമായി മുഴങ്ങിക്കൊണ്ടിരുന്നു. ഞങ്ങൾ വീണ്ടും പ്രദക്ഷിണം വെച്ചു. പ്രദക്ഷിണ വഴി മരപ്പലകകൾ പാകിയിരിയ്ക്കുന്നത് കൊണ്ട് നടക്കാൻ സുഖമാണ്. ഹനുമാന്‍, ഗണപതി, ലക്ഷ്മി എന്നിവരെ പ്രത്യേകം വന്ദിച്ച് പ്രദക്ഷിണം പൂര്‍ത്തിയാക്കി. വടക്കുഭാഗത്താണ് ക്ഷേത്രപാലകനായ ഘണ്ടാകര്‍ണ്ണനെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ശ്രീകോവിലിന്റെ സ്വർണ്ണത്തകിടുകൾ പൊതിഞ്ഞ പ്രധാന കവാടത്തിന്മേൽ 'ദ്വാദശാക്ഷരമന്ത്രം' എഴുതിവെച്ചിരിയ്ക്കുന്നു. 'ഓം നമോ ഭഗവതേ വാസുദേവായ' എന്ന് ചിലർ സദാ ജപിച്ചുകൊണ്ടിരിയ്ക്കുന്നുമുണ്ട്..
മതിയാവോളം ബദരീനാഥനെ വന്ദിച്ച ശേഷം ഞങ്ങൾ പിതൃതർപ്പണം ചെയ്യാനായി ക്ഷേത്രത്തിന്റെ മുന്നിലുള്ള കടവിലിറങ്ങി. വലംകൈകൊണ്ട് വെള്ളം എടുക്കാൻ ശ്രമിയ്ക്കവേ, കയ്യും വിരലുകളും കോച്ചാൻ തുടങ്ങി. ഉണക്കലരിയും എള്ളും കയ്യിലെടുത്തു പൂർവികരെ സ്മരിച്ചു സമസ്താപരാധം പറഞ്ഞു .....
'യാനി യാനി ച പാപാനി..................... '
എല്ലാം ഗംഗാമാതാവിനു സമർപ്പിച്ചു. വെള്ളത്തിൽ നിന്നും കാലുകൾ പുറത്തേയ്‌ക്കെടുക്കാൻ വിഷമം. മൊസൈക് ഇട്ട പടവുകളായതുകൊണ്ട് ഒരു നിമിഷം പോലും നിൽക്കാൻ വയ്യ. ധൃതിയിൽ ഏന്തി വലിച്ചു മുകളിലേയ്‌ക്ക് ഓടിക്കയറി കടകൾക്കു മുന്നിൽ ക്ഷേത്രാങ്കണം വരെ നിവർത്തിയിട്ടിരിയ്ക്കുന്ന ചവുട്ടികളിൽ അഭയംതേടി.
സാധാരണ പിതൃതർപ്പണം കുറച്ചു അപ്പുറത്തുള്ള 'ബ്രഹ്മകപാൽ' എന്ന കടവിലാണ് നടത്തുന്നത്. മന്ത്രം ചൊല്ലി വെലിയിടീയ്ക്കാൻ അവിടെ പണ്ഡകൾ / പൂജാരികൾ ഉണ്ടാകും. ബദരീനാഥന്റെ നിവേദ്യം കൊണ്ടാണത്രേ പിണ്ഡം വെക്കുക. ബ്രഹ്മഹത്യാ പാപത്തിൽ നിന്നും മോക്ഷം ലഭിയ്ക്കാൻ മഹാശിവൻ തപം ചെയ്ത സ്ഥാനമാണ് ഇത്. പാണ്ഡവർ സ്വര്ഗാരോഹണത്തിനു് പോകും മുൻപ് ഇവിടെ വന്ന് തപം ചെയ്തിരുന്നു എന്നും വിശ്വസിക്കുന്നു.
ബദരിസ്വാമിയെ വീണ്ടും ദർശിച്ചശേഷം ഞങ്ങൾ റാവൽജിയെ കാണുവാൻ പോയി. കുറച്ചു നേരം അദ്ദേഹത്തെ കാത്തിരുന്നു. അതിനിടെ കാപ്പി തന്നു. കുറച്ചുകഴിഞ്ഞപ്പോൾ റാവൽജി എത്തി. ഔദ്യോഗിക വേഷങ്ങളോടെത്തന്നെ. ഭക്തരെ സ്വീകരിയ്ക്കുന്ന വലിയ പൂജാറൂമിൽ അദ്ദേഹം ഏവരെയും സ്വീകരിച്ചു. ഞങ്ങളും മറ്റു തീര്തഥാടകരും റാവൽജിയെ നമസ്ക്കരിച്ചു. തലപ്പാവണിഞ്ഞ ആ മുഖത്ത് നല്ല തേജസ്സുണ്ട്. ഞങ്ങൾക്കേവർക്കും ബദരീനാഥന്റെ പ്രസാദവും, നിർമാല്യം അഥവാ, ബദരീനാഥനെ അണിയിച്ചിരുന്ന മിന്നിത്തിളങ്ങുന്ന, പട്ടിന്റെ ഉടുപ്പും തന്നു. അദ്ദേഹത്തിനെ വണങ്ങി ദക്ഷിണവെച്ച് ഞങ്ങൾ ബദരീശ്വരനോടും, അളകനന്ദയോടും വിട ചോദിച്ചു.
പ്രഭാതഭക്ഷണം കഴിച്ചു ആശ്രമത്തിൽ ചെന്ന ഉടനെ 3 കി.മീറ്റർ ദൂരെയുള്ള 'മനാ' ഗ്രാമത്തിലേക്ക് പുറപ്പെട്ടു. ഭാരതത്തിന്റെ വടക്കേ അറ്റത്തുള്ള അവസാനത്തെ ഗ്രാമമാണ് ഇത്. ഇപ്പോൾ അവിടെ വരെ വാഹനങ്ങൾ പോകും. കുറച്ചുകാലം മുൻപ് വരെ ആളുകൾ നടന്നാണ് അങ്ങോട്ട് പോയിരുന്നത്. കഴിഞ്ഞ പ്രാവശ്യം വന്നപ്പോൾ ഞങ്ങൾക്ക് അങ്ങോട്ട് പോകുവാൻ സാധിച്ചില്ല.
മനാഗ്രാമത്തിലേക്കു സ്വാഗതമോതുന്ന പ്രവേശന കവാടം വരെ ഭഗവന്ജി വാഹനം കൊണ്ടുവന്നു. അവിടെ ഇറങ്ങി ഇനി നടക്കണം. മുന്നോട്ടുള്ള വഴി ചെറിയ കയറ്റമാണ്. നടക്കുമ്പോൾ ക്ഷീണം തോന്നുന്നത് വഴി ദുര്ഘടമായതുകൊണ്ടല്ല, പ്രാണവായു കുറവായതുകൊണ്ടാണ്.
ആ പ്രദേശത്തെ പറ്റി കൂടുതൽ വിവരങ്ങൾ അറിയാൻ വേണ്ടി ഞങ്ങൾ ഒരു ഗൈഡിനെ കൂടെക്കൂട്ടി. അയാൾ എന്തൊക്കെയോ കഥകൾ പറഞ്ഞു തരുന്നുണ്ട്. മുഴുവനും വ്യക്തമാകുന്നില്ല. പഹാഡി കലർന്ന ഹിന്ദിയിലാണ് സംസാരം.
സമുദ്രനിരപ്പില് നിന്നും 3300 മീറ്റര് ഉയരത്തില് സ്ഥിതിചെയ്യുന്ന മനാ ഗ്രാമത്തില്‍ നിന്നും 24 കി.മീ.ദൂരെ ചൈനയുടെ അതിര്ത്തിയാണ്. ഇവിടെ താമസിക്കുന്നവര് ഭോടിയ വംശജർ. ഭാഷയും ജീവിതരീതിയുമൊക്കെ ടിബറ്റുകാരെപ്പോലെ എന്ന് പറയാം. പണ്ട് ഇവര്ക്ക് പശ്ചിമ തിബറ്റുമായി വ്യാപാര ബന്ധങ്ങൾ ഉണ്ടായിരുന്നു.
മുന്നോട്ട് പോകുമ്പോൾ ഇടത്തുഭാഗത്ത് ഗ്രാമീണരുടെ കൃഷിസ്ഥലമാണ്. ഉരുളക്കിഴക്ക്, കാബേജ് തുടങ്ങിയവ അവിടെ കൃഷി ചെയ്യുന്നു. കുനിഞ്ഞിരുന്നു മണ്ണില് പണിയെടുക്കുന്ന സ്ത്രീകൾക്ക് തീര്ത്ഥാടകരോട് സംസാരിക്കാന്‍ അത്ര താല്പര്യം ഇല്ല എന്ന് തോന്നി. നമ്മള് ക്യാമറ അവരുടെ നേരെ തിരിക്കുന്നതും അത്ര ഇഷ്ടമല്ല. കൃഷിഭൂമിക്ക്പ്പുറം അളകനന്ദ. വളരെക്കുറച്ചു വീടുകളേ ആ ഭാഗത്ത് കാണാനുള്ളൂ. കല്ലുകളും, മരങ്ങളും കൊണ്ട് തീര്ത്ത വീടുകളുടെ മുകൾ ഭാഗം നേർത്ത കരിങ്കൽപ്പാളികൾ കൊണ്ട് മൂടിയിരിക്കുന്നു. വഴിയുടെ വലതുഭാഗത്ത് അത്ര പഴക്കമില്ലാത്ത വീടുകളാണ്. ചില വീട്ടുകാര്‍ അവര്‍ തുന്നിയുണ്ടാക്കിയ കമ്പിളിത്തൊപ്പികളും സ്വറ്ററുകളും മറ്റും വീടിന്റെ മുൻഭാഗത്ത് വിൽപ്പനയ്ക്ക് വെച്ചിട്ടുണ്ട്.
6 മാസത്തോളം ഇവര് ഇവിടെ കൃഷി ചെയ്ത് താമസിയ്ക്കും. മഞ്ഞ് വീഴാൻ തുടങ്ങിയാൽ താഴേയ്ക്കിറങ്ങും. തിരിച്ച് വരുന്നതുവരെ ചെമ്മരിയാടിനെയും യാക്കിനെയും വളര്ത്തൽ, രോമാക്കുപ്പായങ്ങൾ, തൊപ്പി, ചുടുവസ്ത്രങ്ങൾ പരവതാനികൾ നിര്മ്മാണം എന്നീ പ്രവര്ത്തികളില് വ്യാപൃതരാകുന്നു. ഏകദേശം ആയിരത്തോളം പേര് ഈ ഗ്രാമത്തിലുണ്ട്. അവർ ഉപജീവനം നടത്തുന്നുത് ഈ ഉൽപ്പന്നങ്ങൾ വിറ്റിട്ടാണ്.
കിതപ്പുണ്ടെങ്കിലും സാവധാനം നടന്നു നടന്നു 'ഭാരത്തിലെ അവസാനത്തെ ചായക്കട' എന്ന ബോർഡ് വെച്ച ഒരു ചെറിയ കടയ്ക്കുമുന്നിൽ എത്തി. അവിടെ എല്ലാഭാഷകളിലും ''ഭാരതത്തിലെ അവസാനത്തെ ചായക്കട'' എന്നെഴുതിയിരിയിട്ടുണ്ട്. ഇവിടെ എത്തുന്ന മിക്ക യാത്രികളും ഒരു കപ്പ് ചായ അവിടെ നിന്നും കുടിയ്ക്കുകയും, കടയുടെ അടുത്തുള്ള ബോർഡിന്റെ മുന്നിൽ നിന്ന് ഫോട്ടോ എടുക്കുകയും പതിവാണ്. ഞങ്ങളും ആ ആ പതിവ് തെറ്റിച്ചില്ല.
കുറച്ചു കൂടി നടന്നാൽ വലതു ഭാഗത്ത് ഒരു ഗുഹാക്ഷേത്രം കാണാം. ഗണപതിയാണിവിടെ പ്രതിഷ്ഠ. പണ്ട് വ്യാസമുനി ഇതിനു തൊട്ടപ്പുറത്തെ ഗുഹയിലിരുന്ന് മഹാഭാരതം ശ്ലോകങ്ങൾ ഉരുവിടുമ്പോൾ ഈ ഗുഹയിൽ ഇരുന്നാണതെ ഗണപതി അവ പകർത്തിയിരുന്നത്. ഗണേശനെ വന്ദിച്ചു പ്രദക്ഷിണം വെച്ച് ഞങ്ങൾ പുറത്തിറങ്ങി.
മുന്നോട്ടു നടക്കുമ്പോൾ വലത് ഭാഗത്ത് പുസ്തകത്തിന്റെ പേജുകൾ അടുക്കടുക്കായി വെച്ചപോലെ ഒരു ശിലാപർവതം കാണാം. ഇതാണ് വ്യാസഗുഹ. ഞങ്ങൾ ചെരുപ്പുകൾ പുറത്തു വെച്ച് വളരെ ഭയ ഭക്തി ബഹുമാനങ്ങളോടെ അകത്തെ ഇരുട്ടിലേക്ക് കടന്നു. ഗുഹയുടെ അറ്റത്തുള്ള ഉയർന്ന സ്ഥാനത്ത് ഒരു ചെറിയ ദീപം കത്തിച്ചു വെച്ചിരിയ്ക്കുന്നു. അരണ്ട വെളിച്ചത്തിൽ കുറച്ചുനേരം ഗുഹയുടെ കുളിർമ്മയിൽ ഇരുന്നപ്പോൾ ഉയർന്ന സ്ഥാനത്ത് വ്യാസഭഗവാന്റെ വിഗ്രഹവും സമീപം സന്യാസിയെപ്പോലെ ഒരാളെയും കണ്ടു. ഞങ്ങളെല്ലാവരും കൂടെ അവിടെയിരുന്നു 'പന്ത്രണ്ടാമദ്ധ്യായം' ചൊല്ലി.
ആ ഗുഹയിൽ ധ്യാനത്തിൽ മുഴുകിയ വിദേശീയരും ഉണ്ടായിരുന്നു.
ഗുഹയ്ക്കുള്ളിൽ കുറച്ചു നേരം കൂടെ ഇരിയ്ക്കണമെന്നുണ്ടായിരുന്നു. സമയക്കുറവുകാരണം പുറത്തേയ്ക്കിറങ്ങേണ്ടിവന്നു..
വീണ്ടും മുന്നോട്ടേക്കു തന്നെ നടത്തം.
എത്രായിരം വര്ഷങ്ങളെ അതിജീവിച്ചു നില്ക്കുന്ന ആര്ഭാടങ്ങളില്ലാത്ത ക്ഷേത്രവും അതിനെ ചുറ്റിപ്പറ്റിയുള്ള കഥകളും സംസ്ക്കാരങ്ങളും!
പാദങ്ങള്‍ യാന്ത്രികമായി ചലിക്കുമ്പോള്‍ മനസ്സ് എത്രയോ സഹസ്രാബ്ദങ്ങള്‍ക്ക് പിന്നില്‍ !!
അമ്മമ്മയുടെ വല്യമ്മാമൻ അരനൂറ്റാണ്ട് മുന്പ് എഴുതിയ 'ബദരീയാത്ര' അനുസ്മരണത്തിൽ ഒരു വള്ളിപ്പാലത്തിൽക്കൂടി അളകനന്ദ കടക്കവേ, ക്ഷീണിച്ച് അവശനായി മുന്നോട്ടും പിന്നോട്ടും പോകാൻ വയ്യാതെ നാമം ചൊല്ലി ഇരുന്നപ്പോൾ ബാലഗോപാലൻ വന്നു കൈപിടിച്ചു അദ്ദേഹത്തിനെ കടത്തിയ അനുഭവം എഴുതിയിട്ടുണ്ട്. വ്യാസ ഗുഹയില് വെച്ച് ---- "നാരായണം നമസ്കൃത്യ--നരം ചേ" തി മന്ത്രം ഉപദേശിച്ചത് ശ്രീശുക താതൻ തന്നെ എന്നും സ്മരിയ്ക്കുന്നു.
നടന്നു നടന്നു 'ഭീം പുൽ' അഥവാ 'ഭീമപ്പാലത്തിന്റെ അടുത്തെത്തി. സരസ്വതീ നദിയ്ക്കു കുറുകെയാണ് ഈ ഭീമപ്പാലം അഥവാ ഭീമപ്പാറ. പണ്ട് ദേഹത്യാഗം ചെയ്യാനായി പാണ്ഡവർ നടന്നുപോയ വഴിയാണ് ഇത്. സരസ്വതീനദിയെ ചാടിക്കടക്കുന്നതു ശരിയല്ലെന്ന് ധർമ്മപുത്രർ ചിന്തിച്ചിരിയ്ക്കവേ, ഭീമൻ തന്റെ കയ്യിലെ പെരുവിരലൊഴികെ മറ്റു വിരലുകൾ മടക്കിപ്പിടിച്ചു, നദിയ്ക്കു കുറുകെ വെച്ചു. പാഞ്ചാലിയും മറ്റു സഹോദരരും നീട്ടി വെച്ച തള്ളവിരൽപ്പാലത്തിലൂടെ നടന്നു നീങ്ങിയത്രേ. ഇവിടെ പാറയ്ക്കു നീട്ടിപ്പിടിച്ച പെരുവിരലിന്റെ ആകൃതി ഉള്ളത് കാണാം.
പാലം കടന്നു ചെന്നാൽ വലത് ഭാഗത്ത് സരസ്വതീ ക്ഷേത്രം. സരസ്വതീ നദി ഇവിടെ കുറച്ചു ദൂരം പരന്നു കിടക്കുന്നു. സരസ്വതി ഭൂമിയിലേക്ക് താണുപോയി അപ്രത്യക്ഷയായി എന്ന് വിശ്വസിക്കുന്ന സ്ഥാനത്താണ് വളരെ ചെറിയ ഈ ക്ഷേത്രം പണിതിരിയ്ക്കുന്നത്
ഗൈഡ് കഥ തുടർന്നു. --- വ്യാസമുനിയുടെ നിർദ്ദേശപ്രകാരം മഹാഭാരത ശ്ലോകങ്ങൾ ഗണപതി താഴെ ഗുഹയിലിരുന്നു പകർത്തുന്ന നേരത്ത് സരസ്വതി സംസാരിച്ചു ശ്രദ്ധതിരിക്കാൻ തുടങ്ങി. അപ്പോൾ ഗണപതി അവരെ സുര കുടിപ്പിച്ചു പാതാളത്തിലേക്കു തള്ളിവിട്ടു. അല്ലഹാബാദിലാണ് പിന്നീട് സരസ്വതി ഭൂസ്പര്ശം ചെയ്യുന്നത്. ഗംഗയും യമുനയും സരസ്വതിയും ഒന്നിച്ചു ചേരുന്ന ആ പുണ്യസ്ഥാനമാണ്, 'പ്രയാഗ്'. തീര്തഥാടകരുടെ 'ത്രിവേണി സംഗമഭൂമി'.
ഇവിടെ അടുത്തുതന്നെയാണ് കേശവ പ്രയാഗ്. വടക്ക് പടിഞ്ഞാറ് അളകാപുരിയില്‍ നിന്നും ഒഴുകിവരുന്ന അളകനന്ദയും നേരെ വടക്കുള്ള ദേവസരസ്സില്‍ നിന്നും ഒഴുകിയെത്തുന്ന സരസ്വതിയും സമ്മേളിക്കുന്ന പുണ്യഭൂമി.
പ്രകൃതി ആരാധനയ്ക്ക് പേരുകേട്ട ഭാരതത്തിൽ, സപ്തനദികളെ ഓർക്കുകയും വന്ദിക്കുകയും പതിവാണ്. പണ്ട് മുത്തശ്ശ്യമ്മമാര്‍ അതിരാവിലെ കുളത്തിൽ കുളിക്കുമ്പോൾ,
ഗംഗേ ച യമുനേ ചേ ദി
ഗോദാവരി, സരസ്വതി
നർമ്മദാ, സിന്ധു, കാവേരി
ജലേസ്മിൻ സന്നിധിം കുരു :
എന്ന പ്രാര്ത്ഥനയോടെ കുളത്തിലെ വെള്ളം പുണ്യനദികളെപ്പോലെ പവിത്രതയുള്ളതാണെന്ന സങ്കല്പത്തിൽ മുങ്ങി നിവര്‍ന്നിരുന്നു..
സരസ്വതീ ക്ഷേത്രവും കഴിഞ്ഞു ഇനിയും മുന്നോട്ടു പോയാലാണ് വസുധാര, വാസുകീ താൾ, സതോപാന്ത് തടാകം എന്നിവ..സാധാരണക്കാർക്ക് അവിടെയെല്ലാം എത്തിച്ചേരുക അത്ര എളുപ്പമുള്ള കാര്യമല്ല. പുണ്യാത്മാക്കള്‍ ദേഹത്യാഗം ചെയ്യുന്ന സ്ഥലമാണിത്. പാണ്ഡവര്‍ ഓരോരുത്തരായി വീണു മരിച്ച സ്ഥലം. ഈ വഴിയിൽ ചിലപ്പോൾ വന്യമൃഗങ്ങളും ഉണ്ടാകാറുണ്ടത്രേ. ഇപ്പോള്‍ ഭടന്മാരുടെ സംരക്ഷണത്തിലാണ് പാറക്കെട്ടുകള്‍ നിറഞ്ഞ ആ വഴികള്‍. ചീനക്കാര്‍ ടിബറ്റ് കൈവശപ്പെടുത്തുന്നത് വരെ ബുദ്ധസന്യാസിമാരുടെയും കച്ചവടക്കാരുടെയും നടവഴിയായിരുന്നു.
ഭീംപുലിൽ നിന്ന് മടങ്ങുന്നതിനു മുൻപ് സരസ്വതീ നദിയിലെ തീര്തഥജലം കുപ്പിയിലാക്കി എടുത്തു. പാലം കഴിഞ്ഞ് ഇടത്തു ഭാഗത്തു കണ്ട പാറയിടുക്കിൽ നിന്നും വെള്ളം ശേഖരിച്ചു. ആ വെള്ളം കൈലാസത്തിൽ നിന്നും വരുന്നതാണെന്ന് അവിടെ എഴുതി വെച്ചിട്ടുണ്ട്. തൊട്ടപ്പുറത്ത് പാറയിടുക്കിൽ രുദ്രാക്ഷമാലകൾ അണിഞ്ഞ് മേലാകെ വിഭൂതി പൂശി, നെറുകയിൽ മുടികെട്ടിവെച്ച ഒരു സന്യാസി ഉറക്കെ വിളിച്ചു പറയുന്നു,-- അമൃതജലമാണ് കുടിച്ചോളൂ .... ഞങ്ങൾ തണുത്തതെങ്കിലും ആ ജലം കുടിയ്ക്കുകയും, മുഖം കഴുകുകയും ചെയ്തു.
തിരിച്ചു വരുമ്പോൾ എത്രയോ ഋഷിവര്യന്മാരുടെ പാദമുദ്രകൾ പതിഞ്ഞ ഭൂമിയിലൂടെയാണ് ഞങ്ങൾക്കും നടന്നു നീങ്ങാനുള്ള സൗഭാഗ്യം ഉണ്ടായത് എന്നോർത്ത് മനസ്സ് വികാരഭരിതമായി. കടുത്ത ഹിമപാതത്തെ അതിജീവിക്കാന്‍ കഴിവാര്‍ജ്ജിച്ച മഹാ യോഗീശ്വരന്മാരെ വീണ്ടും വന്ദിച്ചുകൊണ്ട് ഞങ്ങള്‍ തിരിച്ചു നടന്നു.
ആശ്രമത്തിൽ തിരിച്ചു ചെല്ലുമ്പോൾ ഞങ്ങൾക്ക് പ്രഭാതഭക്ഷണമൊരുക്കി അവർ കാത്തിരിക്കുകയാണ്. ബാലേട്ടൻ എന്ന് വിളിയ്ക്കുന്ന ഒരാളെ അവിടെ വെച്ച് പരിചയപ്പെട്ടു. അപ്പോളാണ് ഓർമ്മവന്നത്, കഴിഞ്ഞ പ്രാവശ്യം വന്നപ്പോൾ ഞങ്ങൾ കേരളത്തിൽ നിന്നുള്ളവരാണെന്നു പറഞ്ഞപ്പോൾ ഒരു കടക്കാരൻ പറഞ്ഞു, ബാലേട്ടനെ പോയി കണ്ടോളൂ, താമസസൗകര്യമൊക്കെ ചെയ്തു തരും എന്ന്. അങ്ങിനെ ഞങ്ങൾ പത്തിരുപതു പേർക്ക് ശങ്കരട്രസ്റ്റിന്റെ കീഴിലുള്ള ഹാളിൽ താമസിക്കാൻ സൗകര്യം കിട്ടിയത് ഈ ബാലേട്ടന്റെ സഹായത്തോടെയായിരുന്നു. ബാലേട്ടനോട് വീണ്ടും നന്ദി പറഞ്ഞു.
ആശ്രമവാസികളോട് നന്ദി പറഞ്ഞു പുറത്തിറങ്ങുമ്പോൾ അമ്പലത്തിലെ മണിയടി മുഴങ്ങുന്നു......
'ഹരേ രാമാ ഹരേ രാമ.........' എന്ന് തുടങ്ങുന്ന കലി സന്തരണ മന്ത്രവും ദ്വാദശാക്ഷരങ്ങളുമൊക്കെ ചെവിയിൽ മുഴങ്ങുന്നു....
ബദരീനാഥാ, അങ്ങിനി ഒരിക്കൽക്കൂടി ഇങ്ങോട്ടു വിളിക്കില്ലേ?
അതിശയം തോന്നിപ്പിയ്ക്കുന്ന ഈ പുണ്യഭൂമിയിലെ മലമടക്കുകൾ ഓരോന്ന് പിന്നിടുമ്പോൾ പാണ്ഡുകേശ്വറും ഹനുമാൻഛട്ടിയും ജോഷിമഠ്-ഉം കടന്നു പോരുമ്പോൾ തിരിഞ്ഞു നോക്കി......
സദാ കളകളാരവമുയർത്തിക്കൊണ്ടിരിക്കുന്ന അളകനന്ദയുടെ ഒഴുക്കിനെതിരെ മാർഗ്ഗതടസ്ഥങ്ങൾ ഉണ്ടായതൊന്നും കാര്യമായി എടുക്കാതെ ഹിമവൽഭൂമിയിലൂടെ ദിവസങ്ങളോളം സഞ്ചരിക്കാൻ ലഭിച്ച ഭാഗ്യമോർത്തു ഞങ്ങൾ താഴേയ്‌ക്ക് ഇറങ്ങിക്കൊണ്ടിരുന്നു..........
കർണ്ണപ്രയാഗിനടുത്തു ഒരു സ്ഥലത്തു ചമോലിയിൽ കേന്ദ്രസർക്കാർ എൻജിനീയറായിരുന്ന വെണ്മണി നാരായണമ്മാമൻ ('ആകാശവാണി ഫേമസ്' ആയിരുന്ന വെണ്മണി വിഷ്ണു അമ്മാമന്റെ മകൻ, അല്ലെങ്കിൽ,കൃഷ്ണമ്മാമന്റെ ഏട്ടന്റെ മകൻ) ഞങ്ങളെ കാത്തു നിന്നിരുന്നു. കുറച്ചുനേരം കുശലം പറഞ്ഞു ചായ കുടിച്ചു ഞങ്ങൾ പിരിഞ്ഞു. ഒരു ഫോട്ടോ എടുക്കാനും മറന്നില്ല.
ദേവപ്രയാഗിലാണ് ഞങ്ങളുടെ ഇന്നത്തെ രാത്രി.
രാത്രി ഏറെയായി. എല്ലാവരും ഉറങ്ങിക്കഴിഞ്ഞു. ഒരു വിളിപ്പാട് അകലെ ഗംഗ ഓംകാര ധ്വനിയുതിര്‍ത്തി വിശ്രമമില്ലാത്ത യാത്ര തുടരുന്നത് അറിയുന്നു.
തണുപ്പില്ലാത്ത രാത്രി. ഇവിടെ രാജായിയും കരിമ്പടവുമൊന്നും ആവശ്യമില്ല. കുപ്പിയിലെ വെളിച്ചെണ്ണകൂടി ഉരുകിക്കഴിഞ്ഞു.
അപ്പോൾ ഇന്നത്തേക്ക് വിട ..
ശുഭരാത്രി.......
-----------------------oooooo--------------------------oooooo-----------------------------oooooo------------
ഹരിദ്വാര്‍ (അയ്യപ്പക്ഷേത്രം)
3-7-'11
അമ്മിണീ,
ദേവഭൂമിയില് നിന്നും ഹിമവാന്റെ മടിത്തട്ടിലേയ്ക്ക് യാത്ര പുറപ്പെട്ടിടത്തു തന്നെ, ഹരിയുടെ അന്വേഷകർക്കായി തുറന്നുവെച്ച കവാടത്തിനു മുന്നിൽത്തന്നെ എത്തിച്ചേർന്നിരിയ്ക്കുന്നു..
ഇന്നുച്ചയ്ക്കു 12 .30 ആയപ്പോഴേയ്ക്കും അയ്യപ്പക്ഷേത്രത്തിൽ തിരിച്ചെത്തി.
വൈകുന്നേരം ഞങ്ങൾ ഷോപ്പിംഗ്-നു ഇറങ്ങും. നിനക്കും മറ്റുള്ളവർക്കും എന്തെങ്കിലും ഈ യാത്രയുടെ ഓർമ്മയ്ക്കായി വാങ്ങണമെന്ന് വിചാരിയ്ക്കുന്നു.
നാളെ രാവിലെ ഇവിടെ നിന്നും പോകണമല്ലോ എന്നോര്‍ക്കുമ്പോൾ വിഷമം ....
ഇന്ന് രാവിലെ നേരത്തെ ദേവപ്രയാഗിൽ നിന്നും പുറപ്പെട്ടു. ഋഷീകേശ് എത്തും മുൻപ് ജൂലാർ ദോഗി എന്ന ഗ്രാമത്തിൽ ആണ് വസിഷ്ഠ ഗുഹ. പോകുന്ന വഴിയിൽത്തന്നെയാണ് വ്യാസഗുഹയും അരുന്ധതീ ഗുഹയും.
ഋഷീകേശ് ---യോഗയ്ക്കും ധ്യാനത്തിനും പേരുകേട്ട ഋഷീകേശ് ദേവഭൂമിയിലേക്കുള്ള പ്രവേശന കവാടമാണ്.
അവിടെ നിരവധി സ്ഥലങ്ങൾ സന്ദർശിക്കാനുണ്ട്. രാം ഝൂല, ലക്ഷ്മൺ ഝൂല, ശിവാനന്ദാശ്രമം, ഗീതാപ്രസ് തുടങ്ങി.---.ഗംഗയുടെ ഇരുകരകളിലും കുളിക്കടവുകളുണ്ട്. ബോട്ടിൽ വിനോസസഞ്ചാരം നടത്തുന്നവരെയും കാണാം. നദിയുടെ കടവുകളോട് ചേര്‍ന്നുള്ള നടപ്പാതക്കിപ്പുറവും നിരവധി ക്ഷേത്രങ്ങളും ആശ്രമങ്ങളും കടകളും കാണാം. ക്ഷേത്രങ്ങളില്‍ പകല്‍ സമയം പുരാണപാരായണവും, സന്ധ്യക്ക് ആരതിയും പതിവാണ്.
ഇവിടത്തെ ആശ്രമങ്ങളിലും, തെരുവുകളിലുമൊക്കെ ധാരാളം വിദേശീയരെ കാണാം. എന്തോ അന്വേഷിച്ച് നാടും വീടും വിട്ടിറങ്ങിയവര്‍..........ഒടുവിൽ .....പലപ്പോഴും ലക്‌ഷ്യം മറന്ന് ഭക്തിയുടെ ലഹരി എന്തെന്നറിയാതെ മറ്റു ലഹരികൾക്ക് അടിമയായി ജീവൻ ബലിയാടാക്കേണ്ടി വരുന്നവർ !!.
എന്തിനെന്നറിയാതെ എന്തിന്റെയൊക്കെയോ ലഹരിയില്‍ ജീവിതോദ്ദേശം കൂടി മറന്നു ജീവിക്കുന്ന നിശ്ശബ്ദരായ ദേശവിദേശികള്‍.....
അബലരും അശരണരും, സ്വബോധമില്ലാത്തവരും, സ്വയം അറിയാൻ അലയുന്നവരുമൊക്കെ അലഞ്ഞു തിരിയുന്ന പുണ്യഭൂമി......
ഗംഗയുടെ ഒഴുക്കിൽ പൊങ്ങുതടിയായിക്കിടന്നു ഒഴുകിപ്പോകുന്ന മനുഷ്യ ജീവിതങ്ങൾ ......
ആദിയും അവസാനവും തേടിയുള്ള യാത്ര......
കഴിഞ്ഞ യാത്രയിൽ രണ്ടു രാവുകളും രണ്ടു പകലുകളും ഇവിടെ കറങ്ങി നടന്നു...
ഗന്ഗാമാതാവിനെ കണ്ടുകൊണ്ട് തൊട്ടടുത്ത് ഈ പുണ്യനദിയുടെ സംഗീതം കേട്ട് കിടന്നുറങ്ങി ..........
ലക്ഷ്മൺ ഝൂല കടന്നു അക്കരെ പോയി... ..രാം ഝൂലയും കടന്നു...
രണ്ടുപ്രാവശ്യം ഈ പുണ്യ നദിയിൽ മുങ്ങി നിവർന്നു.........
മറ്റൊരു കടവിൽ നടത്തുന്ന സപ്‌താഹം കുറച്ചു നേരം കേട്ടിരുന്നു....
ഗംഗയുടെ തീരത്തുള്ള ചലിയ്ക്കുന്ന ജീവജാലങ്ങള്‍ സമ്മാനിച്ച ദൃശ്യവും അദൃശ്യവുമായ കാഴ്ചകള്‍.......
വസിഷ്ഠഗുഹയിലേക്കുള്ള വഴിയോരത്തു വാഹനം നിർത്തി. ഇനി താഴേയ്ക്ക് ഇറക്കമാണ്. ഒച്ചയും ബഹളവും ഇല്ലാത്ത അന്തരീക്ഷം. സുഖമായി മേയുന്ന ആശ്രമത്തിലെ പശുക്കളെ കണ്ടുകൊണ്ടു താഴേക്കിറങ്ങി. ആശ്രമം എന്ന് പറയുന്നെങ്കിലും ഒന്നോ രണ്ടോ മുറികളുള്ള ഒന്ന് രണ്ട് സാധാരണ കെട്ടിടങ്ങള് മാത്രമേ കാണാനുള്ളൂ.
നേരെമുന്നിൽ വസിഷ്ഠ ഗുഹ.-----
കൈകൂപ്പി ഞങ്ങൾ ഗുഹയിലേക്ക് കടന്നു.
അകത്തു നല്ല ഇരുട്ട്. ദീപജ്വാലയുടെ പ്രകാശത്തിൽ ഗുഹയിൽ വിദേശികളും ദേശികളും ധ്യാനനിമഗ്നരായി ഇരിയ്ക്കുന്നു കണ്ടു. മനസ്സ് ഏകാഗ്രമാക്കാൻ വൃഥാ ശ്രമം നടത്തി. പക്ഷേ എത്രയോ പുണ്യാല്മാക്കൾ തപസ്സിരുന്ന ആ ഗുഹയിൽ കുറച്ചുനേരം ഇരിക്കാൻ സാധിച്ചതിൽ സന്തോഷം തോന്നിയെങ്കിലും മനസ്സില്ലാ മനസ്സോടെ ഇറങ്ങിപ്പോരേണ്ടി വന്നു. സമയ പരിമിതി....
വസിഷ്ഠഗുഹയെപ്പറ്റി എഴുതുമ്പോള്‍ സ്വാമി പുരുഷോത്തമാനന്ദജിയെ സ്മരിയ്ക്കാതെ ആ യാത്ര പൂര്ണ്ണമാകില്ല. വര്‍ഷങ്ങള്‍ക്കു മുന്പ് ജ്ഞാനം തേടി തിരുവല്ലയില്‍ നിന്നും ഗന്ഗാതീരത്തെത്തിയ നീലകണ്ഠന്‍ ഒരു മഹായോഗിയായിത്തീര്‍ന്ന കഥ വായിച്ചറിഞ്ഞതാണ്. 1879 ല്‍ ജനനം. 1923 ല്‍ ശിവാനന്ദ സ്വാമിയുടെ സാന്നിദ്ധ്യത്തില്‍ സന്യാസം. ഉത്തരകാശിയിലും തുടര്‍ന്ന് ഋഷീകേശിലും ആദ്ധ്യാത്മികതയില്‍ മുഴുകി ജീവിച്ചു വരവേ, ഒരുനാള്‍ ഒരു കാല്‍ സ്വാധീനമില്ലാത്ത താന്‍ മറ്റുള്ളവര്‍ക്ക് ഒരു ഭാരമായിത്തീരുമോ എന്ന ഭയത്താല്‍ ഗംഗയില്‍ ജീവനോടുക്കിയാലോ എന്ന ചിന്തയിൽ ഗംഗാ തീരത്ത് നില്‍ക്കുമ്പോള്‍ കേട്ട ഉള്‍വിളിയില്‍ മറ്റുള്ളവര്‍ക്ക് വേണ്ടി തന്റെ ജീവിതം സമര്‍പ്പിയ്ക്കാന്‍ തീരുമാനിച്ചു.
1929 ല്‍ വസിഷ്ഠ ഗുഹയെപ്പറ്റി കേട്ടറിഞ്ഞ് ഗുലാര്‍ ഡോഗി ഗ്രാമത്തില്‍ അദ്ദേഹം എത്തിച്ചേര്‍ന്നു. ഗുഹയ്ക്കടുത്ത് ആശ്രമത്തില്‍ താമസം തുടങ്ങി. മണിക്കൂറുകളോളം അദ്ദേഹം തപസ്യയില്‍ ഇരുന്നു. ചെറുപ്പം മുതലേ തന്നെ സ്വാധീനിച്ച സ്വാമി വിവേകാനന്ദന്റെ പാത തുടരാന്‍ അദ്ദേഹം തീരുമാനിച്ചു. ആശ്രമം കര്മ്മഭൂമിയായി മാറി. വളരെ ലളിതമായ ജീവിതമാണ് അദ്ദേഹം നയിച്ചത്. അടുത്തുള്ള ഗ്രാമങ്ങളിലെ സ്ത്രീകളെ ശാക്തീകരിച്ചു. സ്വയം പര്യാപ്തമായ ജീവിതം നയിക്കാന്‍ അവരെ സഹായിച്ചു. ചെറിയ ക്ലാസ് മുതല്‍ ഇന്റര്‍ മീഡിയറ്റുവരെ ക്‌ളാസ്കകൾ നടത്തി. കേരളം മുതല്‍ കാശ്മീര്‍ വരെയുള്ള ബ്രഹ്മചാരികള്‍ അദ്ദേഹത്തിന്‍റെ ശിഷ്യത്വം സ്വീകരിച്ചു ഏകദേശം 30 വര്‍ഷത്തോളം പുരുഷോത്തമാനന്ദജി ഈ ഗുഹയില്‍ താമസിച്ചു.1961 ല്‍ ഒരു മഹാശിവരാത്രിനാള്‍ ദേഹം വെടിഞ്ഞു. ആ ഗുരു ചൈതന്യം നിലനിര്‍ത്തിക്കൊണ്ട് മലയാളി ശിഷ്യര്‍ ഇപ്പോഴും ഗുഹയില്‍ കെടാവിളക്ക് സംരക്ഷിച്ചു പോരുന്നു.
പിന്നെ പുഴയിലൂടെ വെള്ളമില്ലാത്ത ഭാഗത്തുകൂടി ഹിമാലയൻ നദികളുടെ ലാളനയിൽ ആകർഷകങ്ങളായ രൂപം പൂണ്ടുകിടക്കുന്ന കല്ലുകളിൽ ചവുട്ടി അരുന്ധതി ഗുഹയിലേക്ക് നടന്നു. എത്രയോ പുണ്യാത്മാക്കള്‍ ഈ ഗുഹയിലിരുന്ന് ധ്യാനം ചെയ്തിരിക്കുന്നു ! വസിഷ്ഠ മഹര്ഷിയുടെ പത്നിയായ അരുന്ധതി ദേവി സപ്ത ഋഷിമാര്‍ക്ക് കൂടി ആരാദ്ധ്യയായിയിരുന്നുവത്രേ !
എത്രയെത്ര യോഗീശ്വരന്മാരുടെ പുണ്യ പാദസ്പർശം ഏറ്റുവാങ്ങിയ ഭൂമിയാണിത് ! അവരെ സ്മരിക്കാൻ കൂടെ യോഗ്യതയില്ലാത്ത എന്നെപ്പോലുള്ളവർക്ക് ഈ ജന്മത്തിൽ ഇതിൽ കൂടുതൽ എന്ത് ഭാഗ്യം ലഭിയ്ക്കാനാണിനി ?
സന്യാസിയുടെ ധര്‍മ്മം സമൂഹത്തിന്റെ നന്മ, ആതുര സേവനം തുടങ്ങിയ കർമ്മങ്ങളാണെന്ന് പ്രവർത്തിച്ച് ജീവിച്ചു കാണിച്ച ആ മഹാത്യാഗിയായ യോഗിയെ സ്മരിച്ച്, വന്ദിച്ച് ഞങ്ങള്‍ മനസ്സില്ലാ മനസ്സോടെ ആ പുണ്യഭൂമിയിൽ നിന്നും തിരിച്ചു നടന്നു.1961 ല് ദേഹത്യാഗം ചെയ്യുന്നവരെ ഗ്രാമീണര്ക്ക്വേണ്ടി ജീവിച്ച ആ പുണ്യാത്മാവിന്റെ നാട്ടിൽ നിന്നും വന്നവരാണല്ലോ എന്ന് മൌനമായി ആഹ്ളാദിച്ചു.
ഉച്ചയ്ക്കു 12.30 ആയപ്പോഴേയ്ക്കും അയ്യപ്പക്ഷേത്രത്തിൽ തിരിച്ചെത്തി. ഭക്ഷണത്തിനുണ്ടാകുമെന്ന് വിളിച്ചു പറഞ്ഞതുകൊണ്ട് അവര്‍ കാത്തിരിക്കുകയായിരുന്നു.
വൈകുന്നേരം ഞങ്ങൾ ഷോപ്പിംഗ്-നു ഇറങ്ങും. നിനക്കും മറ്റുള്ളവർക്കും എന്തെങ്കിലും ഈ യാത്രയുടെ ഓർമ്മയ്ക്കായി വാങ്ങണമെന്ന് വിചാരിയ്ക്കുന്നു.
നാളെ രാവിലെ തിരിച്ചു പോകണമല്ലോ എന്നോര്‍ത്ത് നേരിയ വിഷമം എല്ലാവരിലും തങ്ങിനിന്നു.
യാത്രയ്ക്ക് / യാത്രാകുറിപ്പിന് വിരാമമിടുമ്പോൾ ഒരിക്കലും മരിയ്ക്കാത്ത ഓർമ്മകളുടെ, അനുഭവങ്ങളുടെ ഭണ്ഡാരം കൈമുതലായുണ്ട്.
ഹിമാലയത്തിന്റെ ഔന്നത്യമാണോ, സൗന്ദര്യമാണോ, ഗാംഭീര്യമാണോ, മനം കവരുന്ന സൗകുമാര്യമാണോ, രൗദ്രത കലർന്ന നാട്യമാണോ, ആക്രോശങ്ങളാണോ, ഇതിഹാസമാണോ, നിഗൂഢതയാണോ, അപ്രാപ്യതയാണോ, ഒരമ്മയുടെ മടിയിലേക്കു അഭയം തേടി എത്തുന്ന കുട്ടിയ്ക്ക് ലഭിയ്ക്കുന്ന മനസ്സമാധാനമാണോ, മനസ്സിനെ
കുളിർപ്പിയ്ക്കുന്ന ആദ്ധ്യാത്മികതയാണോ വീണ്ടും വീണ്ടും ആ മടിത്തട്ടിലേക്ക് മാടി വിളിയ്ക്കുന്നത് ?
ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങളിലേക്കു മനസ്സ് വിരൽ ചൂണ്ടുന്നു.
ഒന്ന് മാത്രം അറിയുന്നു, ഹിമാലയം ചിന്തകളിൽ, വാക്കുകളിൽ ജീവിതരീതികളിൽ അറിയാതെ സ്വാധീനം ചെലുത്തുന്നുണ്ട്.
ഹിമാലയ യാത്രകൾ തുടർന്ന് കൊണ്ടേയിരുന്നെങ്കിൽ ! (മോഹങ്ങളാകാം...അല്ലെങ്കിൽ സ്വപ്‌നങ്ങൾ !!)
എന്ത് നേടാനെന്നോ എന്തിന്റെ അന്വേഷണമാണ് ഈ യാത്രകൾ എന്നതിനോ ഉത്തരം മൗനം മാത്രം..........
അപൂർണ്ണമായ മനസ്സും അപൂർണ്ണമായ യാത്രകളും
പൂർണ്ണമല്ലാത്ത ചിന്തകളും........
ജയ് ഹിമവാന്‍ ! ജയ് ഭാരത് !!
-----------------------------------oooooo-------------------------------oooooo------------------
+