Saturday, 13 September 2025

സ്പന്ദനങ്ങള്‍ ---ആദ്യ ഗംഗാസ്നാനം

  ആദ്യ ഗംഗാസ്നാനം

ജൂൺ 3, 2016

ക്ഷേത്രങ്ങളിലെ കൌണ്ടറുകളുടെ മുന്നിലുള്ള Q കാണുമ്പോൾ, അല്ലെങ്കിൽ തിക്കുംതിക്കും കാണുമ്പോൾ, ക്ഷേത്രങ്ങളിൽ നിന്നും, ആശ്രമങ്ങളിൽ നിന്നുമുള്ള പ്രസാദം തപാലിൽ വരുത്തുന്നത് കാണുമ്പോൾ, എന്തിനും ഏതിനും നേർച്ചകൾ, വഴിപാടുകൾ നേരുന്നത് കാണുമ്പോൾ കഷ്ടം, എനിക്കിതൊന്നും ചെയ്യാൻ തോന്നുന്നില്ലല്ലോ എന്നോർക്കും .എന്ടെ പാപശക്തി അത്രയ്ക്കുണ്ട്.
വർഷങ്ങൾക്കു മുൻപ് അഹമ്മദ് നഗറിൽ നിന്നും കാശിക്ക് മാറ്റം കിട്ടി പോകുമ്പോൾ തറവാട്ടിലെ അച്ഛൻ പറഞ്ഞു, 'ഉമേ, അപ്പൂന്റെ ഭാഗ്യാണ് കാശിക്കു കിട്ടിയത്. നീ എന്തായാലും ദിവസോം ഗംഗയിൽ കുളിച്ചു കാശി വിശ്വനാഥനെ തൊഴണം'

മാസങ്ങൾ കഴിഞ്ഞു. അങ്ങിനെ അലക്കു മാറ്റിവെച്ചു ഒരുനാൾ കുളിയ്ക്കാനായി, ഞങ്ങൾ ൪ (4) പേരും കൂടെ ഒരുങ്ങി പുറപ്പെട്ടു. ഞങ്ങൾ ൨ പേരും,൨ വയസ്സായ മകളും കൂടെ താമസിയ്ക്കുന്ന റെഡ്ഡി  ഭൈയ്യയും.( ഓഫീസില്‍ കൂടെ ജോലി ചെയ്തിരുന്ന _ ഇപ്പോൾ ഇല്ല). ദശാശ്വമേഥ ഘാട്ടിലേക്കു വണ്ടി എടുത്തു പോയി.

ജനസമുദ്രമാണ് മുന്നിൽ. തിക്കിത്തിരക്കി മുന്നോട്ടു നടക്കവേ, വഴിയുടെ ൨ ഭാഗത്തും നിരനിരയായി ഇരിയ്ക്കുന്ന ധർമ്മക്കാരെ, യാചകരെ കണ്ടു കണ്ണുതള്ളി. ഇത്രയനവധി യാചകരോ? എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളും പുരുഷന്മാരും -- അംഗവൈകല്യം വന്നവരും, താടിയും മുടിയും നീട്ടിയവരും .......വല്ലാത്തൊരു ദയനീയമായ കാഴ്ച!

എങ്ങിനെയോ,നടന്നു നീങ്ങി കടവിലെത്തി.
ബഹളമയമാണവിടം. സ്ത്രീ പുരുഷ ഭേദമെന്യേ, എല്ലാ ഭാഷക്കാരും
വേഷക്കാരും തിങ്ങി നിറഞ്ഞു നിൽക്കുന്നു. ശങ്കർ ഭഗവാനെ വിളിച്ചു മുങ്ങി നിവരുന്നവർ, പടവിലിരുന്നു കയ്യിലെ ചെറിയ മൊന്തയിൽ വെള്ളമെടുത്ത് തലയിൽ മുക്കി ഒഴിക്കുന്നവർ.....
എങ്ങിനെ ഒന്നു കുളിച്ചു കയറും ?
ഒടുവിൽ തീരുമാനിച്ചു, ഒരു തോണിയിൽ അക്കരെപ്പോയി കുളിച്ചു പോരാം എന്ന്.

അങ്ങിനെ ഒരു തോണിയിൽ അക്കരെയെത്തി. അവിടെയും കുറച്ചുപേർ കുളി നടത്തുന്നു..കുറച്ചു ദൂരം നടന്നു നോക്കി. എവിടെയും ഇറങ്ങിക്കുളിക്കാന്‍ തോന്നിയില്ല.
ഒടുവിൽ വീട്ടിലേയ്ക്കു മടങ്ങി. ചെറിയ ഒരു നിരാശ മുഖത്തു കണ്ടതുകൊണ്ടാകാം, റെഡ്‌ഡി ഭൈയ്യ ആശ്വസിപ്പിച്ചു, 'എന്തിനാ, സങ്കടം, നമ്മൾ വീട്ടിൽ എന്നും ഗംഗാ ജലത്തിൽ തന്നെയല്ലേ, കുളിയ്ക്കുന്നത്? കുടിക്കുന്നതും "

പിന്നീട് ആ സങ്കടം മാറിയത് ഒരൊഴിവ് ദിവസം ഉച്ചതിരിഞ്ഞ് സന്ധ്യവരെ അസ്സി ഘാട്-ലെ കടവിൽ ഗംഗയിലെ ഒഴുക്കിൽ കിടന്നു മതി വന്നപ്പോളാണ്.

ഒന്നു സ്പർശിച്ചാൽ, ഒന്നു മുങ്ങി നിവർന്നാൽ എല്ലാ പാപങ്ങളും കഴുകിക്കളയാൻ കെൽപ്പുള്ള ഗംഗാ മാതാവേ, പിന്നീട് എത്രയോ പ്രാവശ്യം ആ കുളിർ, ആ ഒഴുക്കിന്റെ ശക്തി അനുഭവിച്ചു!ഉത്ഭവസ്ഥാനം വരെ എത്തി നോക്കിപ്പോന്നു !.., ..കുപ്പിയിലാക്കി കൂടെ കൊണ്ടുപോന്നു.......!!.

എന്നിട്ടോ? മനസ്സിലെ അഴുക്കൊക്കെ പോയോ?? ആർക്കറിയാം ???

ഓം ജയ് ഗംഗേ മാതാ ! ......

No comments:

Post a Comment