Uma Namboodiri
സ്പന്ദനങ്ങൾ ----വ്യക്തികൾ ---( ശ്രീ ഭാസ്കർ സാവേ )
Aug 29, 2016 ·
പ്രിയപ്പെട്ട അമ്മിണീ,
അമ്മമ്മ ആദ്യം ഹിമാലയത്തിലേക്ക് പോയപ്പോൾ (2006, മെയ്) ഗുജറാത്തിലെ ഒരു പ്രകൃതി കൃഷിയിടം കാണാൻ പോയകാര്യം നിന്നോടു പറഞ്ഞിട്ടുള്ളത് ഒരു പക്ഷേ നീ മറന്നിട്ടുണ്ടാകും. അന്ന് നീ ചെറിയ കുട്ടി ആയിരുന്നല്ലോ. ഈ കത്തിൽക്കൂടെ അത് ഒന്ന് കൂടെ ഓർമ്മിപ്പിയ്ക്കാം എന്ന് വിചാരിക്കുകയാണ്.
.
ലോകപ്രസിദ്ധ പ്രകൃതി കര്ഷകനായ ശ്രീ ഭാസ്കർ സാവേയുടെ കൃഷിയിടമാണത്. ഏതാനും മാസങ്ങൾക്ക് മുൻപ്, 93-ആം വയസ്സിൽ അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു. അദ്ദേഹത്തിൻറെ ഋഷി തുല്യമായ ജീവിതം ഭാരതീയർക്കൊരു പാഠം തന്നെയാണ്. അദ്ദേഹത്തിൻറെ കൃഷിയിടം, പ്രകൃതിയെ സംരക്ഷിച്ചുകൊണ്ട് നമുക്ക് വേണ്ട ഭക്ഷണം എങ്ങിനെ അതിൽ നിന്നും എടുക്കാം എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ്.
ഈ കൃഷി സ്ഥലം കണ്ടു വന്നവര്‍ അദ്ദേഹത്തെ വളരെയധികം പ്രശംസിയ്ക്കുകയും അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിനു കിട്ടിയ മികച്ച അവാർഡുകളിൽ 2 എണ്ണത്തിനെ പറ്റി എടുത്തു പറയട്ടെ. 'ഇന്റർനാഷണൽ ഫെഡരെഷൻ ഓഫ് ഓർഗാനിക് അഗ്രികൾച്ചർ പ്രസ്ഥാനം' 2010-ൽ ആഗോളതലസമ്മേളനത്തിൽ The Rare Honour Of One World Award For Life Time Achievement അദ്ദേഹത്തിനു സമ്മാനിച്ചു. (അന്ന് അദ്ദേഹത്തിനന്നു 88 വയസ്സ് പ്രായമുണ്ട്) അവർ എഴുതി, 'Bhaskar Save, The Living Gandhi Of Organic Agriculture. His Farm, Kalpavruksha is a Food Forest' എന്ന്.
മറ്റൊരു അവാർഡ്, 1997-ൽ ലോകപ്രസിദ്ധ പ്രകൃതികൃഷി ദാർശനികൻ, മസനൊബു ഫുകോക, സാവേജിയുടെ കൃഷിയിടം സന്ദർശിച്ചപ്പോൾ പറഞ്ഞത്._ 'ഞാൻ ലോകമെമ്പാടുമുള്ള ഒരുപാടു കൃഷിസ്ഥലങ്ങൾ കണ്ടിട്ടുണ്ട്. കണ്ടതിൽ വെച്ച് ഏറ്റവും നല്ല കൃഷിസ്ഥലം ഇതുതന്നെ. എന്റെ കൃഷിയിടത്തിനെക്കാൾ നല്ലതാണ് ഇത്.'
അദ്ദേഹത്തെ പറ്റി നിനക്ക് പണ്ട് എഴുതിവെച്ചതുതന്നെ അയച്ചുതരാം.
'ഒരേ ഭൂമി,ഒരേ ജീവൻ' പ്രകൃതി മാസികയിൽ പരസ്യം കണ്ടു, ഹിമാലയ യാത്രയ്ക്ക് താല്പര്യമുള്ളവരെ ക്ഷണിച്ചുകൊണ്ട്. അമ്മമ്മയും, മുത്തശ്ശനും പോകാമെന്നുവെച്ചു. പിന്നെ മുത്തശ്ശന് എന്തോ തിരക്കുമൂലം വരാന്‍ പറ്റാതായപ്പോള്‍ ശോഭച്ചമ്മ ഈ യാത്രാഗ്രൂപ്പില്‍ ചേര്‍ന്നു.
അങ്ങിനെ നിശ്ചയിച്ച പ്രകാരം ഏപ്രിൽ മാസം 24-ആം ന്തി ഞങ്ങള്‍ ഡൽഹിക്കുള്ള വണ്ടിയിൽ കയറി.
സഹയാത്രികരെ കാണുന്നതും പരിചയപ്പെടുന്നതും വണ്ടിയിൽ വെച്ച്. അതിൽ ബസുമാജിയെ ഒരു ജൈവകർഷകസമ്മേളനത്തിന് പരിചയപ്പെട്ടിട്ടുണ്ട്. ബാലസുബ്രഹ്മണ്യൻ. ചുരുക്കപ്പേരാണ്, ബസുമ എന്നത്. 'മില്മ'യിൽ ഉദ്യോഗസ്ഥൻ. ഡയറി സയൻസ് കർനാലിൽ ആണ് ചെയ്തത്. ഗാന്ധ്യൻ ചിന്താഗതിക്കാരനാണ്. വേഷമാണെങ്കിൽ മുറിക്കയ്യൻ ബനിയൻ. താൻ നൂറ്റ നൂല് കൊണ്ടുണ്ടാക്കിയത്. അദ്ദേഹത്തിൻറെ ഭാര്യ ശ്രീദേവി ടീച്ചറും, മിടുക്കികളായ 2 കുട്ടികളും. വിശ്വംഭരൻ സർ പ്രകൃതി ഡോക്ടറാണ്. പന്നെ ഇരിങ്ങാലക്കുടയിൽ നിന്നും, രഞ്ജിത് മാഷ്, കൊടുങ്ങല്ലൂരിൽ നിന്നും നമ്പൂതിരി, കൃഷിക്കാരനായ പീറ്റർ, ബാങ്ക് ഉദ്യോഗസ്ഥനായ രവീന്ദ്രൻ, രാജൻ കൈലാസ് കവിയാണ്, പിന്നെ ശ്രീധരൻ മാഷ്, പഞ്ചായത്ത് സെക്രടറി ആണെങ്കിലും നാടൻ കലകളുടെ സംരക്ഷണത്തിൽ തൽപ്പരൻ. (ശ്രീധരൻ മാഷുടെ 'നാട്ടറിവുകൾ' എന്ന പുസ്തകം നീ കണ്ടിട്ടുണ്ടല്ലോ )
ഡൽഹിക്കുള്ള വണ്ടിയിലാണ് യാത്ര തുടങ്ങിയതെങ്കിലും പിറ്റേന്ന് ഉച്ചയ്ക്ക് വൽസാദ് സ്റ്റെഷനിൽ ഞങ്ങള്‍ ഇറങ്ങി. കുറെ നേരം അവിടെ ചെലവഴിച്ച ശേഷം ഒരു വണ്ടി വിളിച്ചു ഗുജറാത്തിലെ ഉംബെർ ഗാവ് -ലെ ദെഹരിയിലെക്കു യാത്ര തിരിച്ചപ്പോള്‍ സമയം സന്ധ്യയായി. രാത്രി അസമയത്താണ് ഭാസ്കർ സാവെജിയുടെ താമസസ്ഥലത്ത്, 'കല്പവൃക്ഷ' എന്ന കൃഷിയിടത്തിൽ ഞങ്ങൾ എത്തിച്ചേർന്നത്. കാവൽക്കാരൻ വീട്ടുകാരെ വിളിച്ചുണർത്തി അനുവാദം വാങ്ങി ഞങ്ങളെ അകത്തേയ്ക്ക് കടത്തി. കുറച്ചു ദൂരെ ഒരു കെട്ടിടത്തിന്റെ മുകളിലെ ഹാളിൽ ഞങ്ങൾക്ക് കിടക്കാൻ സ്ഥലം കിട്ടി. കൃഷി മീറ്റിങ്ങുകൾ നടക്കുന്ന വിശാലമായ ഹാൾ ആണ് അത് എന്ന് മനസ്സിലായി. യാത്രാ ക്ഷീണത്താൽ എല്ലാവരും നിലത്തു വിരിപ്പ് വിരിച്ചു കിടന്നുറങ്ങി.
പിറ്റേന്ന് അതിരാവിലെ ഞങ്ങൾ ഉണര്ന്നു പ്രഭാതകർമ്മങ്ങളൊക്കെ ചെയ്തു താഴെ ഇറങ്ങി വന്നപ്പോളെയ്ക്കും മിറ്റത്തെ മരത്തണലിൽ കസേരയിൽ ഞങ്ങളെക്കാത്തു സാവേജി ഇരിയ്ക്കുന്നുണ്ടായിരുന്നു.
ഇവിടെ എത്തും മുന്പ് ഇദ്ദേഹത്തിനെപ്പറ്റി ഒന്നും അറിയില്ലായിരുന്നു.
അദ്ദേഹത്തിനെ വന്ദിച്ചു അടുത്തു ചെന്നിരുന്നു. 80 വയസ്സ് കഴിഞ്ഞ ഊർജസ്വലമായ ആകര്ഷകമായ വ്യക്തിത്വം. അധികം തടിയില്ലാത്ത നല്ല ഉയരമുള്ള ആൾ. വെളുത്ത മുറിക്കയ്യൻ ബനിയനും പൈജാമയുമാണ് വേഷം.
കുശലാന്വേഷണത്തിന് ശേഷം അദ്ദേഹത്തിൻറെ ഫാമിനെപ്പറ്റിയും, താൻ എങ്ങിനെ ഒരു സമ്പൂർണ്ണ ജൈവ പ്രകൃതി കര്ഷകനായി എന്നുമൊക്കെ വിസ്തരിച്ചു പറഞ്ഞു. ഇടയിൽ ഞങ്ങൾക്ക് കുടിക്കാനായി വീട്ടിൽ നിന്നും ഓരോ ഗ്ലാസ് പാലുവെള്ളം കൊണ്ടുവന്നു തന്നു. 'ലെമൺ ഗ്രാസ്' ഇട്ടു തിളപ്പിച്ച പാൽ. നല്ല സ്വാദ് ! ആദ്യമായാണ് ഈ രുചി അനുഭവിക്കുന്നത്.
സാവേജി ഹിന്ദിയിലാണ് സംസാരിച്ചത്. ഇടയ്ക്ക് ഇംഗ്ലിഷ് പറയും. മറ്റുള്ളവർക്കുവേണ്ടി സാവേജി പറഞ്ഞതെല്ലാം മലയാളത്തിലേക്ക് തര്ജ്ജമ ചെയ്തു കൊടുക്കേണ്ട ഭാരം അമ്മമ്മയ്ക്കായിരുന്നു. അതുകൊണ്ട് പറയുന്നതെല്ലാം കുറിച്ചെടുക്കുക കുറച്ചു ബുദ്ധിമുട്ടായി. എന്നാലും അദ്ദേഹത്തിൻറെ ഓരോ വാക്കുകളും, കൃഷിയിടത്തിന്റെ മുക്കും മൂലയുമെല്ലാം ഇപ്പോഴും കേൾക്കുകയും കാണുകയും ചെയ്യുന്നു.
ഞങ്ങൾ എല്ലാവരും കൃഷിയിടം നടന്നു കണ്ടു. പടിവാതിൽക്കൽ തന്നെ 'സുസ്വാഗതം' എന്ന് എഴുതിവെച്ചിട്ടുണ്ട്. കുറച്ചു മുന്നോട്ടു നടന്നാൽ, 'सहयोग ही प्रकृति का सिद्धांत है1' എന്ന വലിയ ബോർഡ് കാണാം. സഹകരണത്തോടെയുള്ള ജീവിതമാണ് പ്രകൃതിയുടെ ആശയം (തത്വം). അപ്പോൾ ഓർമ്മവന്നത് ഋഷി തുല്യരായ മഹാകവിയുടെ വരികളാണ്.- 'ലോകമേ തറവാട് നമുക്കീച്ചെടികളും പുൽകളും പുഴുക്കളും കൂടെത്തൻ കുടുംബക്കാർ....'
ഇവിടത്തെ തെങ്ങിന്റെ മുകളിലേയ്ക്ക് നോക്കിയപ്പോൾ അതിശയപ്പെട്ടു. പച്ചമടലുകളും തേങ്ങയും നിറഞ്ഞ തെങ്ങിൻ തലപ്പ്. സാവേജി പറയുന്നു -- ഒരു വർഷം 400-ഓളം നാളികേരം നല്കുന്ന തെങ്ങുകളാണ് ഇവ. തെങ്ങിന്റെ മുകളിൽ കയറി നാളികേരം ഇടുന്ന പതിവില്ല. സമയമായാൽ നാളികേരം താഴേയ്ക്ക് തന്നെ വീഴും. കേട്ടപ്പോൾ അദ്ഭുതം തോന്നി.
വഴിയുടെ അരുകുകളിൽ ധാരാളം തുളസിയും ക്രോട്ടൻ ചെടികളും വളർന്നു നിൽക്കുന്നു. (ഈ ചെടികൾ ശ്രദ്ധിച്ചാണ് മണ്ണിലെ ജലാംശം എത്രയുണ്ട് എന്ന് കണക്കാക്കുന്നത്.) വലതു ഭാഗത്ത് നാളികേര നഴ്സറി. പലേ വളർച്ചയിലുള്ളവ. കേന്ദ്രസർക്കാരിന്റെ അംഗീകാരമുള്ള നഴ്സറിയാണ്. അതുകൊണ്ട് നൂറുകണക്കിന് തയ്യുകൾ ആളുകൾ നിത്യേന വന്നു വാങ്ങിക്കൊണ്ടുപോകുന്നു. നാളികേരം താഴെ വീണാല്‍ വീട്ടാവശ്യത്തിന് എടുത്തു ബാക്കിയെല്ലാം നട്ടുവെക്കുന്നു. അതിൻ്റെ വലത്തു ഭാഗത്ത് ധാരാളം സൂര്യ പ്രകാശം തട്ടിക്കിടക്കുന്ന വിശാലമായ പറമ്പാണ്. കറ്റാർ വാഴയും മറ്റു ഔഷധച്ചെടികളും ഈ ഭാഗത്തുണ്ട്.
ഇടത്ത് ഭാഗത്ത് കവുങ്ങും, വാഴയും തെങ്ങും നിറഞ്ഞ കുളിരുള്ള സ്ഥലം. ഈ പറമ്പിൽക്കൂടി വെള്ളച്ചാലുകൾ പോകുന്നു. അങ്ങിനെ പറമ്പ് എപ്പോഴും നനഞ്ഞിരിയ്ക്കും. നേരിട്ടുള്ള നനയില്ല. ചാലുകളുടെ സമീപം ഒന്നിന് മുകളിൽ ഒന്നായി ഓലക്കെട്ടുകൾ അടക്കി വെയ്ക്കുന്നു. അവയെല്ലാം മണ്ണിൽ അലിഞ്ഞു ചേർന്ന് വളമാകുന്നു.
ഭാരിച്ച വാഴക്കുലകൾ ആരോഗ്യത്തോടെ മുട്ടിന്റെ സഹായമില്ലാതെ വീഴാതെ നിൽക്കുന്നു. കൂട്ടം കൂട്ടമായാണ് നിൽപ്പ്. കുടുംബത്തെ പിരിയ്ക്കേണ്ട എന്നാണു അദ്ദേഹം പറയുന്നത്.
വിശാലമായ പറമ്പിൽ ധാരാളം മാവുകളും സുപ്പോട്ട മരങ്ങളും. അധികം ഉയരമില്ലാത്ത മാവുകളിൽ ധാരാളം മാങ്ങകൾ. താഴെ വീണു കിടക്കുന്നത് പക്ഷികൾ തിന്നതിന്റെ ബാക്കിയാണ്. സപ്പോട്ട 45 വര്ഷം മുന്നേ നട്ടവ. ഓരോ വർഷവും 350 കിലോ ഒന്നാന്തരം പഴങ്ങൾ സമ്മാനിയ്ക്കുന്നു. ഇനിയും എത്രയോ തലമുറകൾക്ക് പഴങ്ങൾ സമ്മാനിയ്ക്കാൻ തയാറായിരിയ്ക്കുന്ന കല്പവൃക്ഷങ്ങള്‍ !.
പേര, പ്ലാവ്, പുളി, വേപ്പ് ഇത്യാദി മരങ്ങളും, ചെറുനാരകം മാതളം പപ്പായ, ജാമുൻ തുടങ്ങി പലതരം മുളകളും ഇവിടെ കാണാം. ഒരു പക്ഷി സങ്കേതം കൂടിയാണ് ഈ കൃഷിഭൂമി.
മറ്റു മരങ്ങളിൽ പടർന്നു കയറുന്ന വെറ്റില, കുരുമുളക് എന്നിവയും നല്ല വിളവു നൽകുന്നു. അവിടവിടെയായി സ്ഥാപിച്ചിരിയ്ക്കുന്ന തേനീച്ചക്കൂടുകൾ 50 കി.മി.ദൂരെയുള്ള തെർമൽ പ്ലാന്റിനോടു മത്സരിച്ചിട്ടാണെങ്കിലും കിലോ കണക്കിന് തേൻ നൽകുന്നു.
ജീവാണുക്കൾ ധാരാളമുള്ള ഫലഭൂയിഷ്ടമായ മേൽ മണ്ണ് സ്വാഭാവിക ഭൂനിരപ്പിൽ നിന്നും ഒരു ചാണിൽ അധികം ഉയരത്തിലുണ്ട്. ഭൂമിയ്ക്ക് കനത്ത പുതപ്പു തന്നെയാണ് ലഭിച്ചിരിയ്ക്കുന്നത്. ദശാബ്ദങ്ങൾ കൊണ്ടാണ് ഭൂമിയ്ക്കുമേൽ ഇങ്ങിനെയൊരു കട്ടിപ്പുതപ്പു ഉണ്ടായിരിയ്ക്കുന്നത്. സദാ ഈറനണിഞ്ഞു കിടക്കുന്ന ഭൂമിയിൽ ധാരാളം ഞാഞ്ഞൂളുകളുണ്ട്. വെള്ളച്ചാലുകളുടെ അരികു ചേർന്ന് ധാരാളം പുല്ലുകൾ മുളച്ചു നിൽക്കുന്നു.
പടിവാതിൽ കടന്നു ഫാമിലെയ്ക്കു കടന്നു കുറച്ചു നടന്നാൽ ഇടത്ത് ഭാഗത്ത് സാവെജിയുടെ താമസസ്ഥലമാണ്. 2 ആണ്മക്കളും കുടുംബവും കൂടെത്തന്നെ താമസിയ്ക്കുന്നു. സ്വന്തം ഫാക്ടറി ഉണ്ടെങ്കിലും എഞ്ചിനിയർ ആയ മകൻ അച്ഛനെ സഹായിക്കാൻ സമയം കണ്ടെത്തുന്നു. രാവിലെയും വൈകുന്നേരവും ഭക്ഷണത്തിനു മുൻപ് എല്ലാവരും ഒരുമിച്ചിരുന്നു ഗീത വായിക്കുകയും, 'രാംധുൻ' (രഘുപതി രാഘവ...) തുടങ്ങിയ ഭജനകളും ചൊല്ലുക പതിവാണ്.
ഫാക്ടറി വളപ്പിൽ ധാരാളം ഫലവൃക്ഷങ്ങൾ ഉണ്ട്. അവയിൽ പലേ ഫലങ്ങളും കയറ്റി അയക്കുന്നവയാണ്. നമ്മുടെ നാട്ടിലൊന്നും കാണാത്ത പഴമരങ്ങൾ ആണ് അവ.
സാവേജി പറയുന്നു, ഈ കൃഷിയിടം അദ്ദേഹത്തിൻറെ സർവകലാശാലയാണെന്ന്. അദ്ദേഹത്തിൻറെ മാത്രമല്ല, നിരവധി പേരുടെ കലാശാലയാണിത്. തളരാതെ ആവേശത്തോടെ അദ്ദേഹം സംസാരിക്കുമ്പോൾ മണിക്കൂറുകൾ കടന്നു പോകുന്നത് അറിയുകയില്ല..
(തുടരും)
September 9, 2016 ·
തുടർച്ച :_ ശ്രീ ഭാസ്കർ സാവേ
സാവെജി വളരെ സാവധാനത്തിലും എന്നാൽ ഉറച്ച ആത്മവിശ്വാസത്തോടെയുമാണ് ഞങ്ങളോട് സംസാരിച്ചത്.
പഠിപ്പു കഴിഞ്ഞ ഉടൻ തന്നെ അടുത്ത ഗ്രാമത്തിലെ മാസ്റ്റർ ആയി ശ്രീ ഭാസ്കർ സാവേ ജോലി ആരംഭിച്ചു. കൃഷിപ്പണിയിലും അദ്ദേഹത്തിന് നല്ല ശ്രദ്ധയായിരുന്നു. അച്ഛൻ ചെയ്തിരുന്ന കൃഷിരീതി തന്നെയാണ് സാവേജിയും തുടർന്നു പോന്നത്. എന്നാൽ ഉൽപ്പാദനം വർദ്ധിപ്പിയ്ക്കുന്നതിന്റെ പേരിൽ സാങ്കേതിക വിദഗ്ദ്ധർ ചെയ്യാൻ ഉപദേശിച്ചതെല്ലാം അദ്ദേഹവും കൃഷിഭൂമിയിൽ പ്രയോഗിച്ചു. രാസകീടനാശിനികളും രാസവളങ്ങളും ഉപയോഗിക്കുകയും അവയ്ക്ക് നല്ല പ്രചാരം കൊടുക്കുകയും ചെയ്തു. കുറച്ചുകാലം ഇങ്ങിനെ തുടർന്നു. കൃഷിയിൽ നിന്നും നല്ല ലാഭം ഉണ്ടാവുകയും ഇപ്പോളുള്ള കൃഷിയിടം വാങ്ങുകയും ചെയ്തു. പക്ഷേ, കൃഷിയെക്കുറിച്ചു ഗാന്ധിജിയും, വിനോബയും എഴുതിയത് വായിച്ചപ്പോൾ അദ്ദേഹത്തിന് ഒരു വീണ്ടുവിചാരം ഉണ്ടായി. കൂടാതെ ആ വർഷം കയറ്റി അയച്ച പഴവർഗ്ഗങ്ങളിൽ രാസവസ്തുക്കളുടെ അംശം കണ്ടതിനാൽ അവ തിരിച്ചയച്ചതും അദ്ദേഹത്തിന്റെ കണ്ണു തുറപ്പിച്ചു. അങ്ങിനെ അച്ഛന്റെ കാലത്ത് നടന്നുപോന്ന കൃഷിരീതികളിലെയ്ക്ക് തിരിച്ചു പോകുകയും ചെയ്തു. ഇതിന്നിടെ സമ്മിശ്രകൃഷി രീതിയും പരീക്ഷിച്ചു നോക്കി.
ഗ്രാമത്തിന്നടുത്തുള്ള കാട്ടിൽ കഴിഞ്ഞിരുന്ന വൊർലി ഗോത്രവർഗ്ഗക്കാരുടെ ജീവിതരീതിയും ആദർശങ്ങളും കുട്ടിക്കാലത്തുതന്നെ ശ്രദ്ധിച്ചിരുന്ന സാവെജിയ്ക്ക് അതും ഒരു പ്രചോദനമായി. ഈശ്വരൻ കുടികൊള്ളുന്നത് പച്ചപ്പാർന്ന ചെടികൾ, മരങ്ങൾ എന്നിവയിലാണെന്നു ഈ ഗോത്രവർഗ്ഗക്കാർ വിശ്വസിച്ചു. കാടിനെ ആരാധിച്ചിരുന്ന ഇവർ മരങ്ങൾ ഒരിക്കലും മുറിച്ചു വീഴ്ത്തിയില്ല. മരത്തിലെ അവസാനത്തെ പച്ചപ്പ് കൂടി ഇല്ലാതായാൽ മാത്രമേ അവർ മരം മുറിച്ചിരുന്നുള്ളൂ.
അങ്ങിനെ 1957 മുതൽ ഇപ്പോഴുള്ള ഈ കൃഷിഫാർമിൽ വീടുവെച്ചു താമാസം തുടങ്ങി. പൂർണ്ണ ജൈവകർഷകനായിട്ടായിരുന്നൂ തുടർന്നുള്ള ജീവിതം.
ഈ ഭൂമി നമ്മുടെ അമ്മയാണ്. അമ്മയുടെ മുലപ്പാൽ അമൃതാണ്. അതിൽ വിഷം കലർത്തുന്നത് നികൃഷ്ടമായ കാര്യമാണ്. നമ്മളെ നിലനിർത്തുന്ന പഞ്ചഭൂതങ്ങൾ, പ്രാണൻ ഇവയെ സംരക്ഷിയക്കുന്നതിൽ പ്രകൃതിയുടെ പങ്ക് വളരെ പ്രധാനമാണ്. ഓരോ സസ്യജീവജാലങ്ങൾക്കും മനുഷ്യനെപ്പോലെ ഈ ഭൂമിയിൽ തുല്യാവകാശമാണ് ഉള്ളത്. അഹിംസയിൽ അടിസ്ഥാനപ്പെടുത്തിയ കർമ്മമാണ് കൃഷി.
സൃഷ്ടി, അത് പ്രകൃതിയ്ക്കു മാത്രമേ കഴിയൂ. പ്രകൃതിയുടെ സൃഷ്ടികളെ മനുഷ്യരാക്ഷസർ നശിപ്പിയ്ക്കുകയാണ്. മണ്ണിനെ പോഷിപ്പിയ്ക്കുന്നതിനു പകരം ശോഷിപ്പിയ്ക്കുകയാണ് ഇവർ ചെയ്യുന്നത്.
ഉൽപ്പാദനം വർദ്ധിപ്പിയ്ക്കുക എന്നപേരിൽ അമ്മയുടെ മുലപ്പാലിൽ വിഷമാണ് ചേര്ക്കുന്നത്. ഒരു നെന്മണിയിൽ നിന്നും മാസങ്ങൾ കൊണ്ട് ലക്ഷക്കണക്കിന് നെന്മണികൾ ഉണ്ടാക്കാമെങ്കിൽ എങ്ങിനെയാണ് ഭക്ഷ്യക്ഷാമം ഉണ്ടാകുന്നത് ?
മനുഷ്യന്റെ അത്യാഗ്രഹം കാണുമ്പോൾ പൊന്മുട്ടയിടുന്ന താറാവിന്റെ കഥയാണ് ഓർമ്മയിൽ വരുന്നത്.
മനുഷ്യര് Live and Let Live എന്നത് മറക്കാതിരിയ്ക്കണം. (ജിയോ ഔർ ജീനെ ദോ)
സ്വാഭാവിക കൃഷിരീതിയിൽ പ്രധാനമായി 4 പ്രധാന കാര്യങ്ങളാണ് സാവേജി നിര്ദ്ദേശിയ്ക്കുന്നത്.
ഈ പ്രപഞ്ചത്തിലെ സകല ജീവജാലങ്ങൾക്കും ഭൂമിയിൽ തുല്യാവകാശമാണ് ഉള്ളത്.
ഈ പ്രകൃതിയിലെ ഓരോ സൃഷ്ടികളും കൂട്ടായ്മയോട് കൂടിയ ഈ ജീവിതത്തിൽ ഓരോ തരത്തിൽ ഉപകാരപ്പെടുന്നവ തന്നെ.
കൃഷി ഒരു കച്ചവടമല്ല, ധർമ്മമാണ്. (धंधा नही,धर्म है.)
പ്രകൃതി ഉൽപ്പാദിപ്പിയ്ക്കുന്നതിനൊക്കെ അവകാശികൾ മനുഷ്യർ മാത്രമല്ല. കായ്‌ഫലങ്ങളും വിത്തുകളും നമുക്ക് ഉപയോഗിയ്ക്കാം, ആകെയുള്ളതിന്റെ 5 മുതൽ 15% വരെ മാത്രം.
ഉൽപ്പാദിപ്പിച്ചു എടുക്കുമ്പോൾ നമ്മുടെ ധർമ്മമാണ്, ഉത്തരവാദിത്വമാണ് ജീവാംശം മണ്ണിനു തിരിച്ചു കൊടുക്കണമെന്നത്.
ആധുനിക കാഴ്ച്ചപ്പാട്, എല്ലാം പ്രകൃതി നമുക്ക് വെറുതെ, 'ഫ്രീ' ആയി തരും എന്നതാണ്.
No free Lunch in Nature. സാവേജിയെ പറ്റി The vision ഓഫ് Natural Farming എന്ന പുസ്തകമെഴുതിയ ശ്രീ ഭരത് മൻസത പറയുന്നു- Pay only Respect, and it's all a Free Lunch .
ഫുകുവോക്കയും പറയുന്നത് ഇതാണ്-Rain does not fall from Sky, it rises from Earth.
പ്രകൃതിയുടെ നിയമം അറിഞ്ഞു ജീവിയ്ക്കുക.
പ്രകൃതിയുടെ താളത്തിനൊത്ത് ജീവിയ്ക്കുക.
നമുക്ക് നിലനിർത്തിപ്പോരാവുന്ന കൃഷിരീതിയ്ക്ക് മിതമായ ജലമേ ആവശ്യമുള്ളൂ. നല്ല വിളവും ആദായവും വേണമെങ്കിൽ മണ്ണിന് ഈർപ്പം മാത്രമേ നൽകാവൂ. കൂടുതൽ ജലസേചനം ചെടിയ്ക്കും മണ്ണിനും ഗുണത്തെക്കാളേറെ ദോഷമാണ് ചെയ്യുക. (നെൽക്കൃഷിയുടെ കാര്യത്തിൽ അല്പം വിത്യാസമുണ്ട്.)
സാവേജിയുടെ കൃഷി ദർശനങ്ങൾ ഒന്നിനൊന്നു മഹത്തരങ്ങളാണ്. ഈ കൃഷിയിടം തന്നെയാണ് അദ്ദേഹത്തിൻറെ പരീക്ഷണശാലയും. അതുകൊണ്ടാണ് അദ്ദേഹം പറയുന്നത് - 'ഭാരതത്തിലെ കൃഷി സർവകലാശാലകളിലെ ശീതീകരിച്ച മുറികളിലിരുന്നു ഗ്രാമങ്ങളിലെ കൃഷിക്കാർക്ക് വഴികാട്ടിക്കൊടുക്കുന്ന ശാസ്ത്രജ്ഞൻമാരോട് എനിക്ക് സഹതാപം തോന്നുന്നു' എന്ന്.
നാളികേരം, ഒരുകാലത്തും തെങ്ങിൽക്കയറി ഇടാറില്ല എന്നത് ഞങ്ങളെ വല്ലാതെ അതിശയിപ്പിച്ചു. (നാളികേരം ഇടാൻ ആളെക്കിട്ടാതെ പരിഭ്രമിച്ചു നടക്കുന്ന നമ്മുടെ നാട്ടുകാരെ അപ്പോൾ ഓർത്തു.) തെങ്ങിനെ സൃഷ്ടികർത്താവ് എന്തിനാണിങ്ങനെ ഉയരമുള്ള തരത്തിലാക്കിയത് ? ആലോചിച്ചു നോക്കുമ്പോൾ നമുക്ക് ഉത്തരവും കിട്ടും. എത്ര ഉയരത്തിൽ നിന്നും വീണാലും, ഒരു നാളികേരത്തിനും ഒരു പരിക്കും പറ്റുന്നില്ല. പിന്നെ മനുഷ്യന്റെ ധനത്തിനോടുള്ള ആർത്തികൊണ്ടല്ലേ, അപകടം പിടിച്ച ഈ മരം കയറി തേങ്ങ ഇടുന്നത് ?
മാവുകളും മറ്റു ഫലവൃക്ഷങ്ങളും, നോക്കൂ -മനുഷ്യന് കയറി പറിക്കാൻ പാകത്തിൽ അതിനെ സൃഷ്ടിച്ചിരിയ്ക്കുന്നു. പഴുത്തു താഴെ വീഴുന്നത് വരെ നമുക്ക് കാത്തിരിയ്ക്കേണ്ട
ജീവാണുക്കൾ ധാരാളമുള്ള ഫലഭൂയിഷ്ഠമായമണ്ണ്, ഭൂമിയിൽ നിന്നും എത്രയോ ഘനത്തിലാണ് എന്ന വസ്തുത ഇവിടെ വന്നു കണ്ടറിയേണ്ടതാണ്. ദശാബ്ദങ്ങൾ കൊണ്ടാണ് ഇത് സംഭവിച്ചിരിയ്ക്കുന്നത്. നേരിട്ടുള്ള കഠിനമായ സൂര്യതാപത്തിൽ നിന്നും മണ്ണിനെ, ചെടികളെ ഈ ഭൂമിയുടെ പുതപ്പു സംരക്ഷിയ്ക്കുന്നു. മരങ്ങൾ ഉള്ളിടത്ത് ഉണങ്ങി വീണ ഇലകൾ മാർദ്ദവമായ പുതപ്പു തന്നെ ഉണ്ടാക്കിയെടുത്തിരിയ്ക്കുന്നു.
കുളിരാര്ന്ന ഈ ഭൂമിയിൽ നിൽക്കുമ്പോൾ, മണ്ണ് കിളച്ചു മറിച്ചിട്ടതായി തോന്നും. ആധുനിക യന്ത്രങ്ങളൊന്നും കയറാത്ത ഈ കൃഷിയിടത്തിൽ പ്രകൃതിയുടെ കലപ്പയാണ് ഈ പണി ചെയ്തുവരുന്നത്. ഏകദേശം 350 തരം ഞാഞ്ഞൂള്കളാണ് മണ്ണിൽ ഉള്ളതത്രെ. അതി സൂക്ഷ്മങ്ങളായ ടണലുകളാണ് ഇവ മണ്ണിൽ തീർക്കുന്നത് .മഴപെയ്തു ഭൂമി കുതിരുമ്പോൾ ആണ് ഇവ കൂടുതലും പുറത്തേയ്ക്ക് വരുന്നത്. പ്രാണവായു ശ്വസിച്ച ഉടനെ ഇവ തൊട്ടടുത്ത തുളയിൽക്കൂടെ പുറത്തേയ്ക്ക് പോകുന്നു. വാലറ്റത്ത് കൂടിയാണ് വിസർജ്ജനം നടത്തുക.
അതിസൂക്ഷ്മങ്ങളായ ഇരുപതോളം ദ്വാരങ്ങളാണത്രേ ഒരു ഞാഞ്ഞൂൾ ഒരു ദിവസം നിർമ്മിയ്ക്കുന്നത്. രാസവസ്തുക്കളുടെ ഉപയോഗം, കിളച്ചു മറിയ്ക്കൽ, കളപറിയ്ക്കൽ എന്നിവ ചെയ്യാത്ത, സ്വാഭാവിക പ്രകൃതി ഭൂമിയിൽ, പച്ചപ്പുള്ള ഭൂമിയിൽ, ഒരേക്കറിൽ ഏകദേശം 3 ലക്ഷം മുതൽ നാല് ലക്ഷം വരെ ഞാഞ്ഞൂള് കൾ 2 വർഷം കൂടുമ്പോൾ ഉണ്ടാകുന്നുണ്ട് എന്നാണത്രേ കണക്ക്. അങ്ങിനെ 400,000 ഞാഞ്ഞൂളുകൾ 72 കോടി ദ്വാരങ്ങൾ 3 മാസം കൊണ്ട് ഒരേക്കർ ഭൂമി മഴക്കാലത്ത് ഉഴുതുമറിയ്ക്കുന്നു .ഇതേപോലെ എറുമ്പുകളും, ചിതലുകളും കൃഷി ഭൂമിയെ സംരക്ഷിയ്ക്കുന്നതിൽ നല്ല പങ്കുവഹിയ്ക്കുന്നുണ്ട്.
അതാതു പ്രദേശങ്ങളിൽ സ്വാഭാവികമായി വളരുന്ന ചെടികൾ, അവയാണ് യഥാർത്ഥ മണ്ണിന്റെ മക്കൾ. നമ്മൾ നാട്ടുവളർത്താത്ത ചെടികളെ നമ്മൾ പാഴ്ച്ചെടികൾ എന്നു വിളിയ്ക്കുന്നു. നട്ടു വളർത്തുന്ന ചെടികൾക്കിടയിൽ വളരുന്ന പുൽച്ചെടികൾ നമ്മൾ വിചാരിയ്ക്കുന്നപോലെ ഉപദ്രവകാരികളല്ല. പരിസ്ഥിതി സൗഹാർദ്ദത്തിനു ഇവയ്ക്കും പങ്കുണ്ട്. നട്ടു വളർത്തുന്നവയ്ക്ക് സൂര്യപ്രകാശം കിട്ടുന്നതിനു വിഘാതമുണ്ടെന്കിൽ അവയുടെ ഉയരം കുറയ്ക്കാം. വേരോടെ പിഴുതു കളയേണ്ട. നമ്മുടെ നാട്ടിൽ കാണുന്ന പോലെ പുനര്നവയും, മുത്താറിയുമൊക്കെ കല്പവൃക്ഷയിലെ കൃഷിഭൂമിയിൽ ധാരാളമായി കാണാം. പ്രകൃതിയ്ക്ക് അതിന്റേതായ നിയമങ്ങളുണ്ട്. ആ പ്രദേശത്തിന് യോജിയ്ക്കാത്ത ചെടികൾ നടുമ്പോളാണ് സ്വാഭാവികമായി വളരുന്ന പാഴ് ചെടികൾ കൂടുതലായി മുളച്ചു പൊന്തുക.