Tuesday, 27 May 2025

വായന--2 ദി കൌണ്ട് ഓഫ് മോന്‍റെ ക്രിസ്റ്റോ f

 ജനുവരി, 7 2017 ,

2015 
പ്രിയപ്പെട്ട അമ്മിണീ,
ചിലവായനകൾ അങ്ങിനെയാണ്.
ഇനി വായിക്കേണ്ട എന്ന് വിചാരിച്ചു മാറ്റിവെച്ചാലും ആ പുസ്തകം വീണ്ടും എടുത്തു വായിക്കാൻ തോന്നും. ഇത് വല്ലാത്ത ഒരു അനുഭവം തന്നെയാണ്. ഭാഷ ഏതോ ആയിക്കോട്ടെ. എഴുത്തുകാരന്‍റെ ഭാഷയോടും, കഥാപാത്രങ്ങളോടും വിശദീകരിക്കാനാകാത്ത ഒരാത്മബന്ധം തോന്നുന്നതുകൊണ്ടായിരിയ്ക്കാം വീണ്ടും അതേ പുസ്തകം അതെ സ്ഥലത്ത് വെച്ച് വായിക്കാന്‍ നിയോഗമുണ്ടാകുന്നത്. അങ്ങിനെയൊരു വായനയാണ് കഴിഞ്ഞമാസം ബാന്ഗ്ലൂര്‍ താമസ്ത്തിന്നിടയില്‍ ഉണ്ടായത്. പുസ്തകം, അലക്സാണ്ടര്‍ ദ്യുമാസിന്റെ, The Count of Montecristo Christo. നവീനമ്മാമന്റെ ശേഖരത്തിലുള്ള ഈ പുസ്തകം അമ്മമ്മയോട് എന്നെ എടുക്കൂ എന്ന് അപേക്ഷിക്കുന്നതായി തോന്നി. പഴയ ബൈന്റിംഗ്. ചെറിയ ഇന്ഗ്ലിഷ്  അക്ഷരങ്ങള്‍.... വീണ്ടും വായിക്കണോ, ഒരു നിമിഷം ചിന്തിച്ചിരുന്നു. ഒടുവില്‍ വായിക്കാന്‍ തന്നെ തീരുമാനിച്ചു.

ഹൈസ്‌കൂളിൽ non -detailed പുസ്തകമായിരുന്നു.----എഡ്‌മണ്ട് ഡാന്റെ, ഒരിക്കലും ഓർമ്മയിൽ നിന്നും പോകാതിരുന്ന കഥാപാത്രം.

'79-'80 കളില്‍, ബാങ്ക്ലൂരിൽ എത്തിപ്പെട്ടകാലത്തു ''വാകിംഗ്  എൻസൈക്ലോപീഡിയ'' എന്ന് വിശേഷിപ്പിയ്ക്കാറുള്ള അമ്മമ്മയുടെ അമ്മാമൻ, തന്റെ ലൈബ്രറിയിൽ നിന്ന് ഈ പുസ്തകം തിരഞ്ഞെടുത്തു വായിക്കാൻ തന്നു. ഏറെക്കാലമായി വായനയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നെങ്കിലും ഇംഗ്ളീഷിലുള്ള ആ പുസ്തകം ഞാൻ വായിച്ചു തീർത്തു. (വായന, അമർചിത്രകഥകളിലും മറ്റും ഒതുങ്ങി നിന്നിരുന്ന കാലം)

അധികം താമസിയാതെ 'പാപ്പിലോൺ'  (പാപ്പിയോണ്‍)  എന്ന പുസ്തകവും വായിക്കാനിടയായി.. നടന്ന സംഭവത്തിനെ ആധാരമാക്കിയാണ്, അലക്‌സാൻഡർ ഡ്യൂമാസ് കൗണ്ട് ഓഫ് മൊണ്ടേക്രിസ്റ്റോ എഴുതിയിരുന്നത്. പക്ഷേ, പാപ്പിലോൺ ശരിയ്ക്കും ആത്മകഥ തന്നെയെന്ന് പറയാം....(കഥാനായകന്മാരുടെ അനുഭവങ്ങൾക്ക് ഇത്ര സാമ്യമോ?)

580 -ഓളം പേജുകളുള്ള ചെറിയ ഇംഗ്ലീഷ് അക്ഷരങ്ങളുള്ള ഈ പുസ്തകം ഇത്തവണ വായിക്കുമ്പോൾ വേറെ ഒരു രസമായിരുന്നു. ഭാഷയിലെ ലാളിത്യവും, വ്യക്തികളുടെ സ്വഭാവത്തിന്റെ, അവരുടെ അനുഭവങ്ങളുടെ സൂക്ഷ്മമായ വിവരണങ്ങളും വല്ലാതെ ആകർഷിച്ചു. ഒരേ പുസ്തകം ഓരോ തവണ വായിക്കുമ്പോഴും വ്യത്യസ്തമായ അനുഭൂതികളാണ് ഉണ്ടാക്കുന്നത്‌ എന്ന് തീര്‍ച്ചയായി.

ഇരുപതു വയസ്സ് തികയുമ്പോളേക്കും ഒരു മനുഷ്യന് കിട്ടാവുന്ന എല്ലാ സൗഭാഗ്യങ്ങളും തൊട്ടാൽ കിട്ടുന്ന ദൂരത്തു നിൽക്കവേ, എഡ്‌മണ്ട് ഡാന്റെയ്ക്കതു ഒരു നിമിഷം കൊണ്ട് നഷ്ടപ്പെടുകയാണ്. 
തന്റെ സൗഭാഗ്യത്തിൽ അസൂയ മൂത്ത സുഹൃത്തുക്കളുടെ ചതി അയാളെ ആജീവനാന്ത കാരാഗൃഹത്തിലേക്കു തള്ളിവിടുന്ന്. ശബ്ദം പുറത്തു വരാതെ ഹൃദയത്തിന്റെ ഭാഷയിൽ ദൈവത്തിന്റെ സഹായത്തിനായി കേഴുന്ന അതി ദയനീയമായ അവസ്ഥ!
അവസാനം വിധിയ്ക്കു കീഴടങ്ങാൻ തീരുമാനിച്ചു ശാന്തതയോടെ മരണത്തെ തന്റേതാക്കിക്കൊണ്ട്, കാവൽക്കാർ കൊണ്ടുവന്നു തരുന്ന കറുത്ത ബ്രഡ് കഴിച്ച് നിശ്ചിന്തനായി ഉറക്കമില്ലാതെ പരുക്കൻ മെത്തയിൽ കിടന്നു വർഷങ്ങൾ, കാലങ്ങൾ തള്ളിനീക്കുന്നു.

പതിന്നാലു നീണ്ട വർഷത്തെ ഏകാന്ത തടവിൽക്കിടന്നു ഒരിക്കലും ജയിൽ മുക്തനാകില്ലെന്ന സത്യത്തോട് പൊരുത്തപ്പെട്ടു നാളുകൾ നീക്കുമ്പോളാണ് അത്യത്ഭുതകരമായി ജയിലിൽ നിന്നും ഒളിച്ചോടാൻ സാധ്യമാകുന്നത്. മറ്റൊരു തടവുപുള്ളിയായ ആബ്‌ ഫരിയയിൽ നിന്നും മോൺടിക്രിസ്റ്റോ ദ്വീപിലെ നിധിയെക്കുറിച്ചുള്ള വിവരം കിട്ടുകയും ആബിന്റെ മരണം തന്റെ രണ്ടാം ജന്മമായി മാറുകയും അവിശ്വസനീയമായ സംഭവമായിത്തീരുകയും ചെയ്തു. ജയില്‍ സൂക്ഷിപ്പുകാര്‍  ആബിന്റെ മൃതശരീരം കെട്ടിവെച്ച ചാക്കില്‍ കടന്നുകൂടുകയും, കല്ലുകെട്ടി ആഴക്കടലില്‍ താഴ്ത്തിയപ്പോള്‍  ചാക്കില്‍ നിന്നും പുറത്തു വന്നതും, വിശപ്പും ക്ഷീണവും കൂടാതെ തണുത്തു വിറങ്ങലിക്കുന്ന ശരീരവുമായി അബോധാവസ്ഥയില്‍ കടലില്‍ പൊന്തിക്കിടന്നതുമൊക്കെ നെഞ്ചിടിപ്പോടെയേെ വായിച്ചു തീര്‍ക്കാന്‍ പറ്റൂ.

രക്ഷപ്പെടുന്നതിന്നിടയില്‍ കടലില്‍ വെച്ച് അനുഭവിച്ച ശാരീരികവും മാനസികവുമായി തളർത്തുന്ന ഭീതിദങ്ങളായ അനുഭവങ്ങൾ -----
അതിഭീകരങ്ങളായ തിരമാലകൾ ക്രൂരമായ മരണത്തിന്റെ വായിലേക്കെടുത്തിടുമ്പോൾ,
 ശബ്ദഘോഷങ്ങൾക്കിടയിൽ ഒരു തൂവൽ പോലെ തിരകൾ ബോട്ടിനെ അമ്മാനമാടിയപ്പോൾ,
 മുന്നിൽ കൂർത്തുമൂർത്ത പാറക്കെട്ടുകൾ പ്രത്യക്ഷപ്പെടുമ്പോൾ, മരണം സുനിശ്ചിതമെന്ന് ഉറപ്പു തോന്നിയപ്പോൾ, 
മരണത്തെ മുഖാമുഖം കണ്ടിരിക്കുമ്പോൾ, പാറക്കെട്ടുകൾക്കിടയിലോ, കടൽപ്പായൽക്കിടയിലോ, കടൽപ്പുറ്റുകൾക്കിടയിലോ, തന്റെ ശരീരം അടിഞ്ഞുകൂടിയപ്പോള്‍, 
കടൽപ്പക്ഷികളുടെയോ കഴുകൻമാരുടെയോ ആഹാരമായിത്തീരാറായി എന്ന് ഉറപ്പിച്ചു കൊണ്ടിരിയ്ക്കുമ്പോൾ, 
രക്ഷപ്പെടാനുള്ള അവസാന ശ്രമത്തിൽ എല്ലാ ശ്രമങ്ങളും പുറത്തെടുക്കുമ്പോൾ ദൈവത്തിന്റെ ഏറ്റവും ശക്തിമത്തായ പരീക്ഷണങ്ങളിൽ നിന്നും അദ്‌ഭുതകരമായി രക്ഷപ്പെടുന്നു!!
രക്ഷകരായെത്തുന്നവരുടെ രക്ഷകനായി കരയ്ക്കടിഞ്ഞപ്പോള്‍ വീണ്ടും പിടിയ്ക്കപ്പെടുമോ എന്നാ ആശങ്ക ഇല്ലാതാവുന്നു.
19 വയസ്സുവരെ പ്രതീക്ഷകളും, ആഗ്രഹങ്ങളുമുള്ള സുന്ദരനായ ചെറുപ്പക്കാരനു കാഴ്ചയിൽ വന്നമാറ്റം, മനസ്സിലും...
നീണ്ട താടിയും മുടിയും മുറിച്ചു കളഞ്ഞപ്പോൾ തന്നെത്തന്നെ, തന്റെ വൃത്തിയുള്ള മുഖം അദ്‌ഭുതത്തോടെ കാണുന്ന ഡാന്റേ ....
പിന്നീടങ്ങോട്ട്‌ എഡ്മണ്ട് ഡാന്റെക്ക് പകരം 'കൌണ്ട് ഓഫ് മോണ്ടെക്രിസ്ടോ' പ്രത്യക്ഷപ്പെടുന്നു.
തന്നെ ചതിച്ചവരോട് പ്രതികാരം ചെയ്യുന്ന കൗണ്ട്, ചെയ്തുതീർക്കേണ്ടതെല്ലാം ചെയ്ത ശേഷം തന്റേതായ വഴിയ്ക്കു യാത്ര തിരിയ്ക്കുന്നു. പുതിയൊരു ജീവിതത്തിലേക്ക്.
പ്രതീക്ഷകൾ, പ്രാർത്ഥനകൾ....ഒന്നും വെറുതെയാകില്ല. ഡാന്റെ ഉറക്കെ ഉച്ചരിയ്ക്കുന്നു, 'wait and hope' . എക്കാലത്തും തന്നെ സ്മ രിച്ചുകൊണ്ടിരുന്ന പ്രേമികയോടും മറ്റൊന്ന് ഡാന്റെക്കു പറയാനില്ല.
ഓരോ പേജുകളും അവിസ്മരണീയമായ വായനയാണ്. വികാര വിചാരങ്ങൾ, സംഭാഷണങ്ങൾ അന്യഭാഷയിൽ നിന്നും മറ്റൊരു ഭാഷയിലേക്കു വിവർത്തനം ചെയ്യമ്പോൾ, ആ അന്യ ഭാഷ നമ്മൾ വായിക്കുമ്പോൾ എവിടെയും അന്യത്വം തോന്നുന്നില്ല, കൂടാതെ വികാരങ്ങളൂം, വിചാരങ്ങളും വളരെ സുഖമായി ഉൾക്കൊള്ളാൻ നമുക്ക് കഴിയുന്നു. താളുകൾ മറിയുമ്പോൾ ഡാന്റെയുടെ വേദന നമ്മുടെ വേദനയായി മാറുന്നു. ഫ്രഞ്ച് ചരിത്രം വളരെ വിശദമായി കഥാപാത്രങ്ങളുടെ ജീവിതവുമായി ഭംഗിയായി കോർത്തിണക്കിയിരിയ്ക്കുന്നു. ഫ്രഞ്ച്ഭാഷയില്‍ നിന്നും ഇംഗ്ലീഷിലേക്ക് തര്‍ജ്ജമ ചെയ്യപ്പെട്ടപ്പോള്‍ ഡ്യുമാസ് ഉദ്ദേശിച്ച മൂല്യങ്ങൾ തന്മയത്വത്തോടെ ഒരംശവും ചോര്‍ന്നു പോകാതെ നമ്മളിലേക്കെത്തുന്നുണ്ട്.
തീവ്രമായ ചിന്തകൾ, പ്രതീക്ഷകൾ, അല്ലെങ്കിൽ ഹൃദയം പൊട്ടുമാറുള്ള നിശ്ശബ്ദമായ പ്രാർത്ഥനകൾ--ഒന്നും പാഴായിപ്പോകില്ല.
WAIT AND HOPE !!
അവസാനിക്കുന്നില്ല.......
വെക്കേഷനിൽ ആദ്യം വായിക്കേണ്ടത് ഏതു പുസ്തകമാണെന്ന് രണ്ടാമതൊന്ന് ചിന്തിക്കേണ്ട.

Monday, 26 May 2025

വായന - 3 -ബോധിസത്വന്‍ f

വായന-3  

ബോധിസത്വന്‍ 


Uma Namboodiri
 2015, January 27 at 9:13pm · 

വായിച്ചു രസിക്കാന്‍ പ്രായം ഒരിക്കലും തടസ്ഥമാകില്ലെന്ന്  അനുഭവിച്ചറിയുകയാണ്.


കുറച്ചുകാലമായി ഈ പുസ്തകം വായിക്കണമെന്ന് കരുതിയിട്ട്. 'ബോധിസത്വന്‍'എന്ന കെ.ബി.ശ്രീദേവി എഴുതിയ ബുദ്ധഭാവനകള്‍ നിറഞ്ഞ പുസ്തകം. അങ്ങിനെ മാസങ്ങള്‍ക്ക് മുന്‍പ് ഈ പുസ്തകം കയ്യില്‍ക്കിട്ടി. എന്നിട്ടോ ? ഇഴഞ്ഞു വലിഞ്ഞ വായന. കാരണം,  സിദ്ധാര്‍ത്ഥരാജകുമാരനെപ്പറ്റി കുട്ടിക്കാലം മുതലേ അറിയാവുന്നതാണല്ലോ. പാഠപുസ്തകങ്ങള്‍ അന്നേ പറഞ്ഞുതന്നിട്ടുണ്ട്  ജീവകാരുണ്യം നിറഞ്ഞു തുളുമ്പുന്ന, കൊട്ടാരത്തിലെ സൌഭാഗ്യങ്ങളെല്ലാം ഉപേക്ഷിച്ച് ജീവിതത്തിന്റെ സത്യം തേടിയലഞ്ഞ് ഒടുവില്‍ ബുദ്ധനായിത്തീര്‍ന്ന, കരുണയുടെ പര്യായമായിത്തീര്‍ന്ന കപിലവസ്തുവിലെ രാജകുമാരനെപ്പറ്റി. 

'ഹെര്‍മന്‍ ഹെസ്സെ' യുടെ സിദ്ധാര്‍ത്ഥനും മനസ്സില്‍ കിടന്നു കളിയ്ക്കുന്നു. സ്വയം കണ്ടെത്തലിന്‍റെ ഭാഗമായി നാടുവിട്ട സിദ്ധാര്‍ഥന്‍ കാട്ടില്‍ അലയുകയും, സന്യാസിയായി ജീവിച്ച് ഒടുവില്‍ എല്ലാ ജീവിത സൌഭാഗ്യങ്ങളും അനുഭവിയ്ക്കുകയും ചെയ്തു. മടുപ്പ് വന്നപ്പോള്‍ നദിയിലെ കടത്തുകാരന്റെ കൂടെ താമസിച്ചു നദിയെ അറിയാനും, നദിയുടെ കൂടെ സംവാദിയ്ക്കാനും ശീലിച്ചു.

കാലം കടന്നു പോകവേ, ഒരുനാള്‍ പ്രകൃതിയിലെ മാറ്റങ്ങളും, മനുഷ്യന്റെ സുഖദുഃഖസമ്മിശ്രമായ ജീവിതവും തമ്മിലുള്ള ഐകരൂപ്യം ബോദ്ധ്യപ്പെടുന്നു. സമയം, കാലം, അതെല്ലാം മായയെന്ന അനുഭവം. ആ അനുഭൂതി, അവസ്ഥ, 'ബോധം' തെളിഞ്ഞ അവസ്ഥ----
സിദ്ധാര്‍ത്ഥന് തന്‍റെ സംശയങ്ങള്‍ക്ക് ഉത്തരം കിട്ടിയ നിമിഷം. 
അല്ലെങ്കില്‍ സിദ്ധാര്‍ത്ഥന്‍ 'ബുദ്ധനായ' നിമിഷം. ........
പ്രകൃതിയുടെ തനതായ താളം, അത് അതേപടി സ്വജീവിതത്തിലും സാംശീകരിയ്ക്കുക......ഈ പ്രകൃതിയെ, അതിന്റെ പ്രതിബിംബമായ ജീവിതത്തെ, അതേപടി സ്വീകരിയ്ക്കുക.....സിദ്ധാര്‍ഥന്‍ സംതൃപ്തനാകുന്നു......


ജീവിതത്തിന്റെ സത്യം തേടിയാണ് കപിലവസ്തുവിലെ രാജകുമാരൻ കൊട്ടാരം വിട്ടിറങ്ങിയത്. ഒടുവില്‍ ഒരുനാൾ ബോധോദയം ഉണ്ടാകുന്നു. വീണ്ടും യാത്ര തന്നെ. താന്‍ കണ്ടെത്തിയ സത്യങ്ങള്‍, അതിന്റെ വെളിച്ചത്തില്‍ അഹിംസയിലും സത്യത്തിലും സ്നേഹത്തിലും കരുണയിലുമൊക്കെ ഉറച്ചു നിന്ന് എങ്ങിനെ ജീവിയ്ക്കണമെന്ന്, എങ്ങിനെ നിര്‍വാണം പ്രാപിയ്ക്കാമെന്ന് അനേകങ്ങളെ ഉദ്ബോധിപ്പിച്ചുകൊണ്ടുള്ള ജൈത്രയാത്ര. ....

ആദ്യമാദ്യം വളരെ പതുക്കെയായിരുന്ന വായന നീങ്ങിയിരുന്നത്. എപ്പോളാണ് ജാഗ്രത കൂടിയത് ? 
എപ്പോളാണ് പുസ്തകം കയ്യില്‍ നിന്നും താഴെവെക്കാന്‍ വയ്യ, എന്ന് തോന്നിയത്??

വേദ വിദ്യാഭ്യാസത്തിലും, ആയോധന കലകളിലും അഗ്രഗണ്യന്‍. ഗുരുക്കന്മാരെ വന്ദിയ്ക്കുന്നവന്‍, ആചാരമര്യാദകള്‍ അറിയുന്നവന്‍, ഒന്നാന്തരം യോദ്ധാവായിട്ടും യുദ്ധം ഇഷ്ടപ്പെടാത്ത രാജകുമാരന്‍. ആഘോഷങ്ങള്‍ ഇഷ്ടപ്പെടാത്തവന്‍. സമാധാനം ആഗ്രഹിയ്ക്കുന്നവന്‍.........

പക്ഷേ, സദാ ചിന്തിച്ചുകൊണ്ടിരിയ്ക്കുന്ന രാജകുമാരന്‍റെ സ്വഭാവം രാജാവിനെ ദുഖിപ്പിച്ചു. രാജകുമാരന്റെ മനസ്സുമാറ്റുവാന്‍ രാജാവയച്ച ഗണിക പരാജയപ്പെടുന്നു.

രോഹിണീനദിയിലെ ജലത്തിനുവേണ്ടിയുള്ള തര്‍ക്കം യുദ്ധത്തിലേക്ക് വഴി തെളിയിക്കുമ്പോള്‍ ചിന്താകുലനാകുന്ന, ദുഖിതനാകുന്ന രാജകുമാരന്‍. ഈ ഭൂമിയ്ക്കും, വെള്ളത്തിനും അതിര്‍ത്തിയോ?
അച്ഛന്‍ പറഞ്ഞത് അനുസരിക്കാതെ എങ്ങിനെ? അദ്ദേഹം പറയുന്നു--അതിക്രമിച്ചു വരുന്നവനെ തുരത്തണം അഥവാ കൊല്ലുകതന്നെ വേണം.

സഹജീവികളെ വെട്ടിക്കൊന്നുള്ള ജീവിതം ചിന്തിയ്ക്കാനാകാതെ സിദ്ധാര്‍ത്ഥ രാജകുമാരന്‍ നിസ്സഹായാനായിരിക്കുമ്പോള്‍ കൂട്ടുകാരനായ തപന്‍ പറയുന്നു--'നമ്മള്‍ ആരേയും കൊല്ലാന്‍ പോകുന്നില്ല. പക്ഷേ, ശത്രുക്കള്‍ ഇരമ്പി ആര്‍ത്തുവന്നാല്‍ എന്ത് ചെയ്യും? നമുക്കാവശ്യം സമാധാനമാണ്. ഈ ഭൂമി ഭീരുക്കള്‍ക്ക് മാത്രം ഉള്ളതല്ലല്ലോ. ധീരന്മാരുടെയും, ധര്മ്മാത്മാക്കളുടെതും കൂടി. അല്ലേ? .....'
ഇതുകേട്ട് നിശ്ചയദാര്‍ഢ്യത്തോടെ എഴുന്നേല്‍ക്കുന്ന രാജകുമാരന്‍. വിജയിയായ രാജകുമാരനെ രാജാവും പ്രജകളും ആദരിക്കുമ്പോള്‍ സമ്മാനമായി ലഭിച്ച വെള്ളാനയെ വിനയപൂര്‍വ്വം കോലിയ രാജ്യത്തിന്‌ സമര്‍പ്പിയ്ക്കുന്നു.

രാജപത്നിയുടെ ബന്ധുവായ സാഹസികയായ, വേഷം മാറി നടന്നു അവശരെ സഹായിക്കുന്ന യശോധരയെ സിദ്ധാര്‍ഥന്‍ ഇഷ്ടപ്പെടുന്നു. പിന്നീട് പ്രാണസഖിയാക്കുന്നു.

യശോധര-----വളരെ ശക്തിയാര്‍ന്ന കഥാപാത്രം.
സിദ്ധാര്‍ത്ഥനെ പരിപൂര്‍ണ്ണമായി മനസ്സിലാക്കിയ ഒരേ ഒരു വ്യക്തി. രാജകുമാരന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടാന്‍ നാടുവിട്ടുപോയി അന്വേഷണം ചെയ്യണമെന്ന് യശോധര പറയുമ്പോള്‍, ഗോപയെ ബഹുമാനിക്കുന്ന സിദ്ധാര്‍ഥന്‍ ഏറ്റവും സന്തുഷ്ടനാകുന്നു.

മകന്‍ രാഹുലിന്‍റെ ഒന്നാം പിറന്നാള്‍ ദിനം. ആഘോഷങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുന്ന പിതാവ്. യശോധരക്ക് മനസ്സിലാകുന്നു, അന്ന് രാജകുമാരന്‍ കൊട്ടാരം വിട്ടിറങ്ങും എന്ന ദുഃഖകരമായ സത്യം. ഉള്ളിലെ വേദന പുറത്തറിയിക്കാതെ സിദ്ധാര്‍ഥന്‍റെ യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ ചെയ്തു. സന്യാസം തേടിപ്പോകുന്ന വ്യക്തിയ്ക്ക് അനുയോജ്യമായ വസ്ത്രങ്ങള്‍ ശരിപ്പെടുത്തി വെച്ചു. ഏറ്റവും വിശ്വസ്തനായ ഭൃത്യന്‍ ചന്ദ്രനെയും, കാന്തകനെന്ന സിദ്ധാര്‍ത്ഥന്റെ പ്രിയപ്പെട്ട കുതിരയെയും പാതിരാത്രി രാജകുമാരനെ കാട്ടില്‍ കൊണ്ടുപോയി വിടാന്‍ തയ്യാറാക്കി നിര്‍ത്തി ഒന്നുമറിയാത്തവളെപ്പോലെ കൊട്ടാരത്തില്‍ ശയനമുറിയിലെത്തുന്ന ഇളയരാജ്ഞി .

അവസാനിയ്ക്കുന്നില്ല..........

ബോധിസത്വന്‍ --2 

രാഹുലിനെ കെട്ടിപ്പിടിച്ചു കിടക്കുമ്പോള്‍ നിശ്ശബ്ദയായി യശോധര തേങ്ങിക്കരഞ്ഞു. പെട്ടെന്ന് രാഹുല്‍ ഉറക്കത്തിന്നിടയില്‍ 'അച്ഛാ' എന്ന് ആദ്യമായി വിളിച്ചു .മകന്‍റെ അടുത്തുവന്നു നിന്ന് യാത്രപറയാനാകാതെ വിഷമിച്ചു നില്‍ക്കുന്ന അച്ഛന്‍ ! അറിഞ്ഞിട്ടും അറിയാത്ത ഭാവത്തില്‍ അനക്കമില്ലാതെ കിടക്കുന്ന അമ്മ. ഇനിയെന്ന് കാണുമെന്നു ചോദിയ്ക്കാനാകാതെ സങ്കടവും, ഭയവും ഉള്ളിലൊതുക്കി ശ്വാസം നിയന്ത്രിച്ചു കിടക്കുന്ന യശോധരയുടെ കാതില്‍ സിദ്ധാര്‍ഥന്റെ നിശ്ശബ്ദമായ പാദധ്വനികള്‍ യാത്ര മൊഴിഞ്ഞു.

പിറ്റേന്ന് രാവിലെ കാതില്‍ നിറഞ്ഞു നിന്ന ഉള്‍വിളി -- ഗോപാ, ഞാനിവിടെ കാട്ടില്‍ സ്വതന്ത്രനായി നടക്കുന്നു.....

രാഹുലിന്‍റെ സാന്നിദ്ധ്യമൊഴിച്ചു ബാക്കി സമയത്തെല്ലാം സിദ്ധാര്‍ത്ഥനെ മാത്രം ചിന്തിച്ചിരുന്നു. ദുഖപൂര്‍ണ്ണമായ മുഖത്തോടെ തിരിച്ചെത്തിയ ചന്ദ്രന്‍, രാജകുമാരന്റെ തലമുടിയും, മാലയും രാജാവിനും രാജ്ഞിയ്ക്കും സമര്പ്പിയ്ക്കുന്നു. 

സിദ്ധാര്‍ത്ഥന്റെ കുട്ടിക്കാലം ഓര്‍മ്മിപ്പിയ്ക്കുന്ന രാഹുല്‍ ......ഏകാന്തതയുടെയും, സങ്കടത്തിന്റെയും നാളുകള്‍ നീങ്ങവേ, യശോധര ചിന്തിച്ചു. ഇങ്ങിനെ എത്രനാള്‍ ദുഖിച്ചും നെടുവീര്‍പ്പിട്ടും കഴിയും? രാഹുലിന് അവന്‍റെ അച്ഛന്റെ സ്നേഹം കൂടെ കൊടുക്കണം. ഓര്‍മ്മവെച്ചനാള്‍ മുതല്‍ ചെയ്തുപോന്ന കര്‍ത്തവ്യങ്ങള്‍-- ദീനദു:ഖിതരുടെ കണ്ണീരൊപ്പല്‍--അതും തുടരണം.

യജമാനന്റെ വിയോഗത്തോടെ അവസാന ശ്വാസം വലിച്ച കാന്തകന്‍. സിദ്ധാര്‍ത്ഥനെ എടുത്തു വളര്‍ത്തിയ ചന്ദ്രന്റെ ദുഃഖം.....എല്ലാവര്ക്കും സ്നേഹവും, സമാധാനവും  കൊടുക്കേണ്ട കടമ തന്റെതാണ്. പ്രത്യേകിച്ച് ശുദ്ധോദാനരാജാവിനും, രാജപത്നിയ്ക്കും.

അലഞ്ഞുതിരിഞ്ഞു അവസാനം സിദ്ധാര്‍ത്ഥന്‍ എത്തുന്നത് വൈശാലിയിലെ ഗുരു, അളാരകലാമന്റെ അടുത്ത്. അദ്ദേഹത്തിന്റെ ശിഷ്യനായി പലേ ശാസ്ത്രങ്ങളും അഭ്യസിച്ചു. ആശ്രമത്തിലെ കുടിലിലിരുന്നു ധ്യാനത്തിന്റെ വിവിധഘട്ടങ്ങള്‍ പരിശീലിച്ചു. ഒടുവില്‍ സിദ്ധാര്‍ത്ഥനു പോകേണ്ട സമയമടുത്തു. ശിഷ്യന്റെ ചൈതന്യത്തില്‍ തന്റെ ആശ്രമം ധന്യമായെന്നു കരുതിയിരുന്ന ഗുരുവിനു ശിഷ്യനെ തടുക്കാനായില്ല.

ഗംഗയുടെ അക്കരെയുള്ള മഗധ രാജ്യത്തിലേയ്ക്ക് ഭിക്ഷാം ദേഹിയായി മോക്ഷമാര്‍ഗ്ഗം തേടിയുള്ള യാത്ര തുടര്‍ന്നു. കാട്ടിലൂടെ യാത്ര ചെയ്യുമ്പോള്‍ വൃക്ഷലതാദികളും, പക്ഷി മൃഗാദികളും താനും ഒരേ വായു ശ്വസിക്കുന്നതായി അറിഞ്ഞു. കിളികളുടെ ശബ്ദവും ത്ന്റെതും ഒരേ ആളുടെ വരപ്രസാദം. പ്രകൃതിയില്‍ ലയിച്ചങ്ങിനെ സഞ്ചരിക്കവേ, എല്ലാം ഒന്നായി അനുഭവപ്പെട്ടു.

മഗധയിലെ രാജവീഥികളില്‍ക്കൂടി നടക്കുമ്പോള്‍ ആശ്ച്ര്യപൂര്‍വം ജനങ്ങള്‍ ആ സന്യാസിയെത്തന്നെ നോക്കി നിന്നു. കഷ്ടപ്പെടുന്ന അനേകം പേര്‍ക്ക് വഴികാണിക്കാനായി കൊട്ടാരത്തില്‍ വന്നു താമസിയ്ക്കാന്‍ ബിംബിസാരരാജാവ് ക്ഷണിച്ചപ്പോള്‍ മോക്ഷമാര്‍ഗ്ഗം തേടിയുള്ള യാത്രയ്ക്കിടയില്‍ അത് സഫലമായാല്‍ .തിരിച്ചുവരാമെന്ന് പറഞ്ഞു സിദ്ധാര്‍ത്ഥന്‍ ഉദ്ദകരാമപുത്രന്റെ പാഠശാലയില്‍ എത്തുന്നു. ചിട്ടയായ ധ്യാനവും, ആത്മീയ വിഷയവും രണ്ടു വര്‍ഷത്തോളം പരിശീലിച്ചു.

ശുദ്ധോദനന്റെ ആള്‍ക്കാര്‍ എവിടെപ്പോയാലും പിന്തുടര്‍ന്നു കൊണ്ടിരുന്നു.

താമസിയാതെ വീണ്ടും ഭിക്ഷാപാത്രവുമെടുത്തു യാത്ര തിരിച്ചു. പോകുമ്പോള്‍ തന്റെ ലക്‌ഷ്യം കണ്ടെത്തിയാല്‍ ഉദ്ദകരാമപുത്രനെ ശിഷ്യനാക്കാമെന്നു വാക്ക് കൊടുക്കുന്നു.

സത്യാന്വേഷണം ജീവിതലക്ഷ്യമാക്കിയ സിദ്ധാര്‍ത്ഥന് അറിയേണ്ടത് ആത്മാവിനെക്കുറിച്ചായിരുന്നില്ല. ജനനമരണങ്ങളുടെ താല്പര്യം, ദുഖങ്ങളില്‍ നിന്നുള്ള മോചനം. ശാശ്വതമായ ആ സത്യത്തെയാണ് അറിയേണ്ടത്. അതുകൊണ്ട് ഇനി  സന്യാസിഗുരുക്കന്മാരെ  അന്വേഷിച്ചു നടക്കേണ്ടതില്ലെന്ന് തീരുമാനിച്ചു.

ഭൂതകാലത്തിലെ ആഴമേറിയ ബന്ധങ്ങള്‍ ഇടയ്ക്കിടെ തികട്ടി വരുന്നു.---രാഹുല്‍, യശോധര ......  പക്ഷെ, ധ്യാനത്തിന്റെ ഉന്നതമായ അവസ്ഥ, ബോധത്തിന്റെയും, അബോധത്തിന്റെയും ഇടയിലുള്ള അവസ്ഥ, മറ്റു ചിന്തകളില്‍ നിന്നുമൊക്കെ മോചനം കിട്ടാന്‍ സാദ്ധ്യമാക്കി.

കാടുകളും, കുന്നുകളും, നദികളും, സമതലങ്ങളും കടന്നുപോകുമ്പോള്‍ സ്വയം പ്രകൃതിയില്‍ ലയിച്ചുപോകാന്‍ സാധിച്ചു. നിറഞ്ഞൊഴുകുന്ന നിരന്ജനപ്പുഴയുടെ സമീപത്തുള്ള താഴ്വരയിലെ അദ്ധ്വാനികളായ കര്‍ഷകര്‍ താമസിയ്ക്കുന്ന സമൃദ്ധസുന്ദരമായ ഉരുവേല ഗ്രാമം. നദീതീരത്തു വൃക്ഷച്ചുവട്ടില്‍ സദാ ധ്യാനനിരതനായി സിദ്ധാര്‍ത്ഥന്‍ ഇരുന്നു. നാളുകള്‍ കടന്നുപോയതറിഞ്ഞില്ല. ഭിക്ഷയെടുക്കല്‍ നിര്‍ത്തിയ രാജകുമാരന്‍ എല്ലും തോലുമായിത്തീര്‍ന്നു. ഒരുതരത്തില്‍ ആത്മപീഡനം തന്നെ.

ഒരുനാള്‍, വനദേവതമാര്‍ക്ക് അര്ച്ചിക്കാനുള്ള പാല്‍ക്കഞ്ഞിയുമായി പോയിരുന്ന പെണ്‍കുട്ടി നദിക്കരയില്‍ അവശനായിക്കിടക്കുന്ന സന്യാസിയെ കാണുന്നു. അവള്‍ ഒരിറ്റു പാല്‍ ആ ചുണ്ടുകളില്‍ ഇറ്റിച്ചു. ചുണ്ടുകള്‍ അനങ്ങിയപ്പോള്‍ അവള്‍ കുറച്ചു പാലൊഴിച്ചുകൊടുത്തു. സിദ്ധാര്‍ത്ഥ രാജകുമാരന്‍ എഴുന്നേറ്റിരുന്നു. ഏറെനാള്‍ പട്ടിണിയായിരുന്ന വയറ്റില്‍ പാല്‍ക്കഞ്ഞി ചെന്നാല്‍ ദോഷമാണെന്ന് പറഞ്ഞ് ആ പെണ്‍കുട്ടി ചില ഔഷധച്ചെടികള്‍ പറിച്ചെടുത്ത് അവയുടെ നീര് നല്‍കുന്നു.

ആരോഗ്യവാനായ സിദ്ധാര്‍ത്ഥന്‍ ഒരു ഗുഹയിലിരുന്നു തീവ്രമായ ധ്യാനം തുടര്‍ന്നു. ശരീരത്തെ ക്ഷീണിപ്പിച്ചു കൊണ്ടുള്ള ധ്യാനം ശരിയല്ലെന്ന് തീരുമാനിച്ചു.

പരസ്പരവിരുദ്ധമായ പ്രകൃതി---ആകാശത്തിലെ. സൂര്യന്‍, ചന്ദ്രന്‍, താരകള്‍, ഭൂമിയില്‍ വളരുന്ന പുല്ലുകള്‍, വൃക്ഷങ്ങള്‍, ഇലകള്‍, പക്ഷി മൃഗാദികള്‍---ഇവയൊക്കെ എന്തൊരു താളമേളത്തിലാണ് വര്‍ത്തിയ്ക്കുന്നത് ! പക്ഷേ, മനുഷ്യനോ? ജീവിതത്തില്‍ കണ്ടുമുട്ടുന്ന ബന്ധുക്കള്‍, പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നവര്‍, ആരുമായും അന്യത്വം ഇല്ലെങ്കില്‍ പിന്നെന്തിനാണ് പരസ്പരസ്പര്‍ദ്ധ? പിന്നെന്തിനാണ് അക്രമങ്ങളും, ധര്മ്മസങ്കടങ്ങളും, നിരാശയും, ദുഖവുമൊക്കെ ഉണ്ടാകുന്നത്? അതിനുള്ള മറുപടി കിട്ടണം. കഠിനധ്യാനത്തിലൂടെ പരിപൂര്‍ണ്ണ ധ്യാനാവസ്ഥയിലേയ്ക്ക് എത്തിച്ചേരാന്‍ സിദ്ധാര്‍ത്ഥന്‍ തീരുമാനിച്ചു.

അവസാനിയ്ക്കുന്നില്ല......

ബോധിസത്വന്‍ --3

ധ്യാനത്തിന്റെ പരിപൂര്‍ണ്ണ അവസ്ഥയില്‍ ഭാരതം നിറഞ്ഞു നില്‍ക്കുന്ന വിരാട് പുരുഷനെ, ഹിമാലയം മുതല്‍ തെക്ക് സമുദ്രം വരെ, കിഴക്കും പടിഞ്ഞാറും ആഴികള്‍ക്കിടയില്‍ അനന്തശായിയായിക്കിടക്കുന്ന ബുദ്ധരൂപത്തെ സിദ്ധാര്‍ത്ഥന്‍ സ്വപ്നത്തില്‍  കണ്ടു. ശ്രീബുദ്ധന്റെ പൊക്കിളില്‍ നിന്നും മുളച്ചു പൊന്തിയ താമരപ്പൂ വലുതായി മേഘം മുട്ടും വരെ മുകളിലേക്കുയര്‍ന്നു .അതിനു ചുറ്റും സ്വര്‍ണ്ണച്ചിറകുകളുള്ള പറവകള്‍ നിരന്നു നിന്നു. ജ്ഞാനോദയത്തിന്റെ ശുഭകരമായ ലക്ഷണം.

അധികം താമസിയാതെ ഒരു വൈശാഖ പൌര്‍ണ്ണമി നാളില്‍ നദീതീരത്തു സാധാരണ ധ്യാനത്തിനായിരിയ്ക്കുന്ന ആല്‍മരച്ചുവട്ടില്‍, എന്ത് വന്നാലും ശരി, ജ്ഞാനപ്രകാശം ലഭിച്ചേ താന്‍ ഈ ഇരുപ്പില്‍ നിന്നും ഇളകൂ എന്ന് തീരുമാനിച്ച് മൂലപ്രകൃതിയെ മനസ്സിന്റെ സാക്ഷിയാക്കി പദ്മാസനത്തില്‍ ഇരുപ്പുറപ്പിച്ചു. സൂക്ഷ്മമായ ഏകാഗ്രതയില്‍ ആഴ്നിറങ്ങി സമാധിയില്‍ ലയിച്ചു.

അര്‍ത്ഥരാത്രിയില്‍ തന്നിലൂടെ ആഴ്ന്നിറങ്ങിയ പ്രകാശം, അറിവിന്റെ ബോധം ആണെന്നറിഞ്ഞു. ആകാശവും ഭൂമിയും പ്രകൃതിയിലെ സകലജീവജാലങ്ങളും തന്റെ ജീവകോശങ്ങളോട് ബന്ധപ്പെട്ടതാണെന്നും, അവ ത്രികാലങ്ങള്‍ക്കതീതമായി വര്‍ത്തിയ്ക്കുന്നുവെന്നും മനസ്സിലായി. സിദ്ധാര്‍ത്ഥന്‍ വിചാരിച്ചു---തനിക്കറിയേണ്ട സത്യം ഇതല്ലല്ലോ. 

വീണ്ടും ധ്യാനത്തിലേക്ക് ആഴ്ന്നിറങ്ങി. പരസ്പരം ഇഴചേര്‍ന്നു കിടക്കുന്ന ജീവജാലങ്ങള്‍ ജനനമരണങ്ങള്‍ക്കിടയില്‍ക്കിടന്നുഴലുന്നു. കടലിലെ തിരമാലകള്‍ തിരിച്ചറിയുകയാണ്, താനും ഈ കടലിലെ ജലം തന്നെയെന്ന്. ഉയര്‍ന്ന് പൊങ്ങുന്നതോ താഴുന്നതോ, നുരയും പതയുമോ ഓര്‍ത്ത്‌ വ്യാകുലപ്പെടെണ്ടതില്ല. ജലപ്പരപ്പിലെ നിതാന്ത ശാന്തത അനുഭവിച്ച് അതില്‍ ലയിക്കുവാന്‍ കഴിയണം. അന്തരീക്ഷം പെട്ടെന്ന് മാറി. കാര്‍മേഘം ചന്ദ്രനെ മറച്ചു, ഇടിയും മിന്നലും, കോരിച്ചൊരിയുന്ന മഴയും പെട്ടെന്നുണ്ടായി. വിവേകം അല്ലെങ്കില്‍ അറിവ് തന്റെ ഉള്ളില്‍ നിറഞ്ഞതായി സിദ്ധാര്‍ത്ഥന് അനുഭവപ്പെട്ടു.

ജനനമരണക്കൂട്ടില്‍ നിന്നും പുറത്തു കടന്ന അനുഭൂതിയായിരുന്നു സിദ്ധാര്‍ത്ഥന് അപ്പോള്‍. ഇതുതന്നെയാണ് താന്‍ തേടിയ സത്യം. ആഹ്ളാദത്തിലമര്‍ന്ന രാജകുമാരന്‍ ഉറക്കെപ്പറഞ്ഞു. ദുഖത്തിന്റെ കാരണങ്ങള്‍ അറിഞ്ഞാല്‍ സഹാനുഭൂതിയുണ്ടാകും. അത് സ്നേഹമായി മാറും. സ്നേഹം യഥാര്‍ത്ഥ അറിവാണ്. സ്വാതന്ത്ര്യത്തിന്റെ രഹസ്യമാണത്. ശരിയായ അറിവ്, ശരിയായ വാക്ക്, ശരിയായ വിചാരം, ശരിയായ പ്രവര്‍ത്തി ......നേരായ ജീവിതചര്യ, നിര്‍വ്യാജമായ പ്രയത്നം, ശരിയായ ഏകാഗ്രത, ശരിയായ ജാഗ്രത----മഹനീയമായ ജീവിതപഥത്തെ സിദ്ധാര്‍ത്ഥന്‍ മനസ്സുകൊണ്ട് സമര്‍ത്ഥിച്ചു.

പെട്ടെന്ന് അന്തരീക്ഷം തെളിഞ്ഞു. സിദ്ധാര്‍ത്ഥന്റെ മനസ്സും……

അജ്ഞതയുടെ ബന്ധനത്തില്‍ നിന്നും മുക്തനായത്,

 എവിടെയോ സ്വാതത്ര്യത്തിന്റെ സുഖം അനുഭവപ്പെടുന്നത്, 

ഏതോ ദിവ്യാനുഭൂതിയില്‍ മുങ്ങിക്കുളിച്ച അനുഭവം ഉണ്ടായത്, 

എല്ലാ ബന്ധനങ്ങളില്‍ നിന്നും മുക്തനായ അവസ്ഥയുണ്ടായത്

എല്ലാം നിമിഷനേരങ്ങള്‍ കൊണ്ട് അനുഭവിച്ചറിഞ്ഞു..

ഒരു പുനര്ജ്ജന്മാനുഭവം !.സിദ്ധാര്‍ത്ഥന്‍ കണ്ണുകള്‍ തുറന്നു. ദീപ്തമായ ആകാശം. തന്നെ നോക്കി നില്‍ക്കുന്ന ശുക്രനക്ഷത്രം.....തന്റെ ചുറ്റുമുള്ള പുല്‍ച്ചെടികളുടെ, വൃക്ഷങ്ങളുടെ, വെള്ളം കുടിയ്ക്കാന്‍ മറന്ന് വിടര്‍ന്ന കണ്ണുകളോടെ തന്നെ ശ്രദ്ധിച്ചു നില്‍ക്കുന്ന മാൻപേടകള്‍…….എല്ലാത്തിന്റെയും സ്പന്ദനങ്ങള്‍ സിദ്ധാര്‍ത്ഥന് അനുഭവപ്പെട്ടു.

പ്രകൃതിയുടെ കാരുണ്യത്താല്‍ മുഖം താമരപ്പൂപോലെ വിടര്‍ന്നു.

ഫെബ്രുവരി, 2015  

ബോധിസത്വന്‍ -4

പിറ്റേന്ന് രാവിലെ തനിയ്ക്ക് പാല്‍ക്കഞ്ഞിതന്ന്  ജീവന്‍ രക്ഷിച്ച സുജാതയെന്ന പെണ്‍കുട്ടിയോട് തന്റെ അനുഭവം സിദ്ധാര്‍ത്ഥന്‍ പങ്കു വെച്ചു. സുജാത പറഞ്ഞു--മാഗധി ഭാഷയില്‍ ഉണര്‍വ്വ് കിട്ടിയ ആളെ 'ബുധ' എന്നാണു പറയുക. അപ്പോള്‍ താങ്കള്‍ 'ബുദ്ധ' നായി. ഈ അരയാല്‍ വൃക്ഷം, ബോധിവൃക്ഷമായി. ബോധിവൃക്ഷത്തെ നമസ്ക്കരിച്ച സുജാതയുടെ നിറുകയില്‍ 'ബുദ്ധന്‍റെ' കരസ്പര്‍ശമേറ്റപ്പോള്‍ അവള്‍ക്കു ദിവ്യാനുഭവം ഉണ്ടായി..

തനിക്കു കിട്ടിയ അനുഭൂതി ബുദ്ധന്‍ മറ്റുള്ളവരിലേക്ക് പകരാന്‍ ആഗ്രഹിച്ചു. കുറച്ചുനാള്‍ കൂടി തപസ്സു തുടര്‍ന്നു. തന്റെ കൂടെയുള്ള ശിഷ്യര്‍ക്കു അറിവ് പങ്കുവെച്ചു. വീണ്ടും ഗംഗാ നദി കടന്നു മഗധയിലെത്തി. മുന്നോട്ടു പോകുന്തോറും ബുദ്ധഭിക്ഷുക്കളുടെ എണ്ണം കൂടിത്തുടങ്ങി. പലേ സന്യാസിമാരുമായി സംവാദങ്ങള്‍ ഉണ്ടായി. വേദങ്ങളെ ഉദ്ധരിച്ചു ബുദ്ധന്‍ പ്രഭാഷണങ്ങള്‍ നടത്തി. വളരെ ലളിതമായ ഭാഷയില്‍ വേദങ്ങളെ വിശദീകരിച്ചു. ജലം, അഗ്നി, വായു, ജീവജാലങ്ങള്‍ -ഇവയൊക്കെ പ്രകൃതിയിലെ ജീവജാലങ്ങലളുമായി എങ്ങിനെ ബന്ധപ്പെട്ടു കിടക്കുന്നുവെന്ന മഹാസത്യം ലളിതമായി വിവരിച്ചു.

ഈ സത്യമറിഞ്ഞാല്‍ പിന്നെ പരസ്പരസ്പര്ദ്ധയില്ല, ദുഖമില്ല. അഹിംസയില്‍ ഉറച്ച ബുദ്ധന്‍റെ തത്വങ്ങള്‍ ജനങ്ങള്‍ ഒന്നടങ്കം ഏറ്റുവാങ്ങി. അനുയായികള്‍ പരസഹസ്രങ്ങളായി മാറി. ഭിക്ഷാംദേഹികളായ സന്യാസിമാര്‍ വരിവരിയായി ഒരേ പാദചലനങ്ങളോടെ നടന്നു നീങ്ങിയപ്പോള്‍ പ്രകൃതിയില്‍ ഓംകാര ധ്വനിയുയര്‍ന്നു.

അങ്ങിനെ ഒരുനാള്‍ ഭിക്ഷു സന്യാസിമാര്‍ കപിലവസ്തുവില്‍ എത്തിച്ചേര്‍ന്നു. ശുദ്ധോദനരാജാവും, പരിവാരങ്ങളും ശ്രീബുദ്ധനെ എതിരേല്‍ക്കാന്‍ ചെന്നു. മുത്തശ്ശന്റെ കൂടെ അച്ഛനെ എതിരേല്‍ക്കാന്‍ രാഹുലും എത്തിച്ചേര്‍ന്നു. രാജാവ് മകന്റെ അടുത്തെത്തിയപ്പോള്‍ മകനില്‍ നിന്നും ദിവ്യ പ്രകാശം അച്ഛനിലും പകര്‍ന്നു. മുത്തശ്ശന്റെ കൈപിടിച്ചു നടന്ന ഏഴു വയസ്സുകാരന്‍ ചോദിച്ചു--പൂജ്യനായ സന്യാസീ, അങ്ങെന്നെ അറിയുമോ? അമ്മ പറഞ്ഞു, അങ്ങ് എന്റെ അച്ഛനാണ് എന്ന്. കേട്ടുനിന്നവരുടെ മനസ്സ് ഒരു നിമിഷത്തേയ്ക്ക് തളര്ന്നുവോ? 

ആ സമയത്ത് ബുദ്ധഭഗവാന്‍ ഒരു നിമിഷത്തേയ്ക്കെങ്കിലും സിദ്ധാര്‍ത്ഥനായി മാറിയിട്ടുണ്ടാകുമോ?

'ഞാന്‍ ലക്‌ഷ്യം നേടി തിരിച്ചുവന്നു' എന്ന് പറഞ്ഞ് യശോധരയെ ഏകാന്തതയില്‍ സന്ദര്‍ശിയ്ക്കുന്ന ബുദ്ധന്‍, താന്‍ സമ്മാനിച്ചിരുന്ന മുത്തുമാലയുമണിഞ്ഞു ശുഭ്രവസ്ത്രധാരിയായ, കര്‍മ്മനിഷ്ടയായ യോഗിനിയെപ്പോലുള്ള യശോധരയെ അനുഗ്രഹിച്ചു ദിവ്യാനുഭൂതി അവളിലേക്ക്‌ ചൊരിഞ്ഞു. ആശങ്കകളും, വേദനകളും അകറ്റാനുള്ള ഉപദേശങ്ങളും നല്‍കി.

കപിലവസ്തുവിലെ ആഥിത്യം സ്വീകരിച്ചു കഴിയവേ, നിരവധി പ്രജകളും, രാജാവുതന്നെയും ബുദ്ധന്‍റെ അനുഗാമികളായി മാറി. ബുദ്ധതത്വങ്ങള്‍ സാധാരണക്കാരിലേക്ക് പെട്ടെന്ന് ഇറങ്ങിച്ചെന്നു.

മനസ്സാണ് ഭയം ഉണ്ടാക്കുന്നത്‌. പ്രകൃതിയില്‍ നിന്നും അകന്ന്നു നില്‍ക്കുമ്പോളാണ് ഭയം ഉണ്ടാകുന്നത്. മനുഷ്യന്റെ ഉള്ളിലെ അജ്ഞത, അവശത എന്നിവയൊക്കെ മാറണമെങ്കില്‍ ഹൃദയം ശുദ്ധമായിരിയ്ക്കണം. വേദങ്ങള്‍, പഞ്ചഭൂതങ്ങള്‍ തുടങ്ങി പ്രകൃതിയിലെ സകലജീവജാലങ്ങളോടുമുള്ള മനുഷ്യന്റെ കടപ്പാട് വിശദീകരിച്ചു. ശ്വസനപ്രക്രിയയുടെ പ്രാധാന്യം ജനങ്ങളെ മനസ്സിലാക്കി. ഭിക്ഷ യാചിക്കുന്നത്  അഹങ്കാരമില്ലാതാക്കും. മഹാസന്യാസിയുറെ വാക്കുകള്‍ ഉള്‍ക്കൊണ്ട് നിരവധിപേര്‍ അദ്ദേഹത്തിന്‍റെ കൂടെ ചേര്‍ന്നു.

അച്ഛന്റെ പാതയിലൂടെ നീങ്ങാന്‍ രാഹുലിനും ആഗ്രഹം. അമ്മ തടഞ്ഞില്ല. രാഹുല്‍ പോകുമ്പോള്‍ അമ്മ, അച്ഛന്‍ കുട്ടിക്കാലത്ത് വിളിച്ചിരുന്ന ഓടക്കുഴല്‍ കൊടുത്തയക്കുന്നു. ഓരോരുത്തരും അവനവന്‍റെ സത്യം കണ്ടത്തട്ടെ. രാഹുലും അച്ഛന്റെ വിരല്‍ത്തൂമ്പില്‍ തൂങ്ങി സന്യാസിമാരുടെ കൂടെ നടന്നു നീങ്ങിയപ്പോള്‍ യശോധര കൊട്ടാരം വിട്ടു കുടിലില്‍ താമസമാക്കി ധ്യാനനിരതയായി ശിഷ്ട ജീവിതം കഴിച്ചുകൂട്ടി. അവശരായവരെ സാന്ത്വനപ്പെടുത്തി.

വര്‍ഷങ്ങള്‍ കഴിഞ്ഞു. 

യശോധര പരിപൂര്‍ണ്ണ യോഗിനിയായി മാറി………. സിദ്ധാര്‍ത്ഥ രാജകുമാരന്റെ നിഷ്ക്കളങ്കത നിറഞ്ഞ, സഹാനുഭൂതി നിറഞ്ഞ മനസ്സറിഞ്ഞ രാജകുമാരി, അവശരെ സഹായിക്കല്‍ ചര്യയായിക്കരുതിയ യശോധര, സിദ്ധാര്‍ത്ഥന്‍റെ മനസ്സ് പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ കഴിഞ്ഞവള്‍, രാജകുമാരന്‍ സന്യാസം സ്വീകരിച്ചു കൊട്ടാരം വിട്ടുപോകുമ്പോള്‍ വേദനയോടെയെങ്കിലും പൂര്‍ണ്ണമനസ്സോടെ യാത്രയയക്കുന്നവൾ ,...... ഒരു നാള്‍ 78 -ആം വയസ്സില്‍, അവര്‍ ഇഹലോകവാസം വെടിഞ്ഞു.

രണ്ടു വര്ഷം കഴിഞ്ഞു. ൮൦-ആം വയസ്സില്‍ ഈ ലോകത്തിന്റെ പ്രകാശമായിരുന്ന ശ്രീബുദ്ധനും ദേഹത്യാഗം ചെയ്തു.

ഓരോരോ വികാരം തുളുമ്പി നില്‍ക്കുന്ന സംഭവങ്ങളും മനോഹരമായാണ് ശ്രീമതി കേ.ബി ശ്രീദേവി നമുക്ക് മുന്നില്‍ കാണിച്ചു തരുന്നത്. കഠിനമായ തപശ്ചര്യക്കിടയിലും ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന ഓടക്കുഴല്‍ വിളിച്ചു കൂടെയുള്ള ശിഷ്യരെയും, പക്ഷി മൃഗാദികളെയും സാന്ത്വനിപ്പിയ്ക്കുന്ന രാഹുല്‍. അക്ഷരങ്ങളിലൂടെ ബോധിസത്വനെ കാണിച്ചു തന്ന, കൂടെ കൊണ്ട് നടന്ന ഗ്രന്ഥ രചയിതാവിന് വിനീതമായ കൂപ്പുകൈ. നിശ്ശബ്ദയായി കരയുന്ന യശോധരയുടെ തേങ്ങല്‍ വായനക്കാരിലും പ്രതിഫലിയ്ക്കാന്‍ സാധ്യമാക്കിയ അവരുടെ കഴിവിനെ പ്രകീര്‍ത്തിയ്ക്കട്ടെ. വളരെ കഠിനമെന്നു വിചാരിച്ചിരുന്ന ബുദ്ധതത്വങ്ങള്‍ സുഖമായി മനസ്സിലാക്കാന്‍ സാധിപ്പിച്ചു തന്നതില്‍ വളരെ നന്ദി. വായിച്ചു തീരുമ്പോള്‍ എന്തോ ശൂന്യത, നഷ്ടബോധം അനുഭവപ്പെടുന്നു. എന്നാൽ,.ബോധിസത്വന്റെ പ്രഭാവലയം നമ്മേക്കൂടി സംരക്ഷിക്കുമെന്ന ഒരു വിശ്വാസം......അത് ആശ്വാസത്തിന്റെ കുളിരായി സ്പര്ശിയ്ക്കുമ്പോള്‍ ധന്യമാകുന്ന മനസ്സ്.......

ബുദ്ധം ശരണം ഗച്ഛാമി ചരണം ബുദ്ധം ഗച്ഛാമി