Sunday, 31 October 2021

വ്യക്തികൾ ----ജീൻ ലൂയി

 പ്രിയപ്പെട്ട അമ്മിണീ,

നിനക്ക് എഴുതിയിട്ട് ഒരു വർഷത്തിലധികമായി. ഇന്ന് എഴുതാതിരിയ്ക്കാൻ തോന്നുന്നില്ല.
അങ്ങനെയാണല്ലോ, ഇഷ്ടമുള്ള കാര്യമായാൽ പിന്നെ അടക്കി ഒതുക്കി വെക്കാൻ പറ്റില്ല.
മറ്റൊന്നുമല്ല. ഇന്നത്തെ പത്രത്തിൽ ഒരു കൂടിക്കാഴ്ച വന്നിട്ടുണ്ട്. ശ്രദ്ധേയമാണ് എന്നെനിക്കു തോന്നി. പിന്നെ ആരോടെങ്കിലും പറയാതെ വയ്യ, അതുകൊണ്ടു നിന്നോട് തന്നെ ആകാം എന്ന് വിചാരിച്ചു. വെക്കേഷൻ കാലത്തു വായിക്കുമല്ലോ.

ജിൻ ലൂയി ബാറ്റോ എന്ന ഫ്രഞ്ച് സാമ്പത്തീക ശാസ്ത്രജ്ഞനുമായി മാതൃഭൂമിയിലെ കെ.കെ. അജിത് കുമാർ നടത്തിയ സംഭാഷണമാണ് വിഷയം. സംസാരിച്ചതിന്റെ രത്നച്ചുരുക്കം എഴുതാൻ ശ്രമിയ്ക്കാം.

ജീൻ ലൂയി ഇപ്പോൾ കേരളത്തിലുണ്ട്. അദ്ദേഹത്തിന് കേരളം വലിയ ഇഷ്ടമാണ്. ലിംഗസമത്വം ഏറ്റവും ഉള്ള നാട്, വിദ്യാസമ്പന്നരുടെ നാട്എന്നൊക്കെ അദ്ദേഹം വിശേഷിപ്പിക്കുമ്പോളും ഇവിടെ നടക്കുന്ന രാഷ്ട്രീയ കടുംകയ്യുകളെപ്പറ്റി അദ്ദേഹം  ബോധവാനാണ്. അഹിംസയിൽ വിശ്വസിയ്ക്കുന്ന ജീൻ ലൂയി ശാന്തിയുടെയും സമാധാനത്തിന്റെയും പാതയിൽ സന്തുഷ്ടരായി ഏവരും ജീവിച്ചുകാണാൻ ആഗ്രഹിയ്ക്കുന്നതായി വ്യക്തമാക്കുന്നു.
ശ്രദ്ധേയമായ ജീവിതമാണ് അദ്ദേഹത്തിൻറെതു. 26 വയസ്സിൽ ഫ്രാൻസിൽ നിന്നുമുള്ള വളന്റിയർമാരാരുടെ കൂടെ ഇന്ത്യയിൽ എത്തി. 5 വർഷത്തോളം ഭൂദാൻ പ്രസ്ഥാനത്തിന്റെ കൂടെ ബീഹാറിൽ പ്രവർത്തിച്ചു,

ആചാര്യ വിനോബാജിയുടെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമാണ് 1951-ൽ ഉടലെടുത്ത ഭൂദാന പ്രസ്ഥാനം.
(വിനോബാജിയെപ്പറ്റി ഒരു ചെറിയ കുറിപ്പ് തരാം. ചെറുപ്രായത്തിൽ തന്നെ പഠിപ്പു ഉപേക്ഷിച്ചു ഗാന്ധിജിയുടെ കൂടെ കൂടുകയും, ആത്മീയ ശിഷ്യനായി മാറുകയും ചെയ്ത സ്വാതന്ത്ര്യ സമര പോരാളി. 13 പ്രാവശ്യം ഭാരതം മുഴുവൻ പദയാത്ര നടത്തി. ഭൂദാന പ്രസ്ഥാനം വിജയിപ്പിച്ചു )
വിനോബാജിയ്ക്കു ദാനമായി കിട്ടിയ ഭൂമിയിൽ താഴേക്കിടയിൽ ജീവിച്ചു പോന്നവർക്കു ജീവിതസൗകര്യങ്ങൾ ഒരുക്കാൻ ഈ വളണ്ടിയർമാർ  പ്രവർത്തിച്ചു. ജലസേചനം, വിദ്യാലയങ്ങൾ തുടങ്ങിയ മേഖലകളിൽ കൂടുതൽ ശ്രദ്ധ പതിപ്പിച്ചു.
വിനോബാജിയുടെയും, ജയപ്രകാശ് നാരായൺജി യുടെയും കൂടെ പ്രവർത്തിച്ചു ജീൻ ലൂയി കാണാത്ത ഗാന്ധിജിയെ തൊട്ടറിഞ്ഞു.  ഗാന്ധിജിയുടെ അഹിംസ സന്ദേശം ഭാരതത്തിനു മാത്രമുള്ളതല്ല, ലോകജനതയ്ക്കു ആകമാനമുള്ളതാണെന്നു ജീൻ ലൂയി വിശ്വസിച്ചു.

പിന്നീട്, 1980 -ൽ ദാരിദ്ര്യം ഇല്ലാതാക്കുക, ശാന്തി ഉറപ്പാക്കുക എന്ന ലക്ഷ്യത്തിലൂന്നി 'സോളിഡാരിറ്റി' എന്ന ഒരു പ്രസ്ഥാനം തുടങ്ങി. ആഗോളപ്രസ്ഥാനമായി മാറിയ സോളിഡാരിറ്റി യുടെ പ്രചോദനം ഗാന്ധ്യൻ ദർശനങ്ങളാണ്.
ഇപ്പോഴത്തെ വികസന മാതൃക അദ്ദേഹത്തിന് സ്വീകാര്യമല്ല. അതിനു ബദലായുള്ള പ്രവർത്തനങ്ങൾ അദ്ദേഹം ചെയ്തുകൊണ്ടിരിയ്ക്കുന്നു.
ഗാന്ധ്യൻ ചിന്തയിൽ പ്രചോദനം കൊണ്ട് അല്ലെങ്കിൽ 'ഇന്ത്യ ഓഫ് മൈ ഡ്രീം' എന്ന പുസ്തകം ഉൾക്കൊണ്ടു കൊണ്ട് അഹിംസയുടെ പാതയിലൂടെ സഞ്ചരിച്ചു ലോകത്താകമാനം മാറ്റം കൊണ്ടുവരാമെന്നു അദ്ദേഹം പ്രത്യാശിയ്ക്കുന്നു. സാമ്പത്തിക വളർച്ചയേക്കാൾ പ്രാധാന്യം സമൂഹത്തിന്റെ വളർച്ചയ്ക്ക് കൊടുക്കണം എന്നദ്ദേഹം വിശ്വസിയ്ക്കുന്നു. 
 മനുഷ്യത്വത്തിനാണ് മുൻ‌തൂക്കം കൊടുക്കേണ്ടത്. മൂല്യങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള വിദ്യാഭ്യാസത്തിനു മാത്രമേ ഭീകരവാദികളെയും മറ്റും നേരിടാനാകൂ. ദുഷ്കർമത്തിൽ നിന്നും ലോകത്തെ പിന്തിരിപ്പിക്കാൻ ധാർമ്മികതയ്ക്കേ കഴിയൂ എന്നദ്ദേഹം വിശ്വസിയ്ക്കുന്നു.
   
വിനോബാജി സ്വപ്നം കണ്ട 'ജയ് ജഗത്'  ആണ് ജീൻ ലൂയിയും ആഗ്രഹിയ്ക്കുന്നത്.

അടുത്ത മെയ് മാസത്തിൽ നടക്കാനിരിയ്ക്കുന്ന ഫ്രഞ്ച് പ്രസിഡന്റ്‌ തിരഞ്ഞെടുപ്പിന് മത്സരിയ്ക്കാനുദ്ദേശിയ്ക്കുന്ന ഈ വിശ്വഗാന്ധിയന് എല്ലാ നന്മകളും നേരാം.

ലോകാ സമസ്താ സുഖിനോ ഭവന്തു....

വായന --ഫിയാനോ ക്യാമ്പെൽ

 സ്പന്ദനങ്ങൾ :__ 

ജനുവരി, 8, 2016 
അമ്മിണീ,
ഒരു ബുക്കിനെക്കുറിച്ചു കൂടെ സൂചിപ്പിയ്ക്കട്ടെ!
എന്തായാലും നീ ഇപ്പോഴൊന്നും ഞാൻ എഴുതുന്നത് വായിക്കില്ല. അതുവിചാരിച്ചു എനിക്ക് എഴുതാതിരിക്കാനും വയ്യ. 
പരീക്ഷയ്ക്ക് നന്നായി തയാറെടുക്കുക. ഞാൻ എഴുത്തു തുടരട്ടെ, ട്ടോ....
ചില പുസ്തകങ്ങൾ കയ്യിലെടുക്കുമ്പോൾത്തന്നെ ഒരാകർഷണം അനുഭവപ്പെടും..ചിലപ്പോൾ ഭംഗിയുള്ള പുറം ചട്ട, മുൻപ് വായിച്ചു ഇഷ്ടപ്പെട്ട എഴുത്തുകാരൻ..അങ്ങിനെ പലതും. പുസ്തകം കയ്യിൽക്കിട്ടിയാൽ മണത്തു നോക്കുന്നവരുണ്ട്. ചിരി വരുന്നോ? അതിലും ഒരു കാര്യമുണ്ട്. നിനക്കറിയാമല്ലോ, പാഠപുസ്തകങ്ങൾക്ക് ഒരു പ്രത്യേക മണമുണ്ട്. പുസ്തകം പഴയതായാൽ അതിന്റെ ഗന്ധം വേറെ.
അതൊക്കെ പോട്ടെ. ബാന്ഗ്ലൂരിൽ വെച്ച് വായിച്ച മറ്റൊരു പുസ്തകത്തിനെപ്പറ്റി എഴുതാമെന്ന് വിചാരിച്ചു. നവീനമ്മാമന്റെ ശേഖരത്തിൽ അധികവും പുതിയ എഴുത്തുകാരുടെതാണ്. ക്ലാസ്സിക് നോവലുകളും ഉണ്ടെന്നറിയാമല്ലോ. പഴയ ഒരു പുസ്തകം എടുത്തു അടിമുടി നോക്കി. നേരത്തെ പറഞ്ഞപോലെ, എന്നെ വായിക്കൂ എന്ന് ആ പുസ്തകം പറയുന്നതായി തോന്നി. 
പേജുകൾ മറിച്ചു നോക്കിയപ്പോൾ അത്രയ്ക്കധികം പഴക്കമായിട്ടില്ല, പുസ്തകം അച്ചടിച്ചു ഇറങ്ങിയിട്ട് എന്ന് മനസ്സിലായി.
ഫ്രിയോന കാംബെൽ എന്ന ഇരുപത്തിരണ്ടുകാരിയായ ഇൻഗ്ലീഷ്കാരിയുടെ ആഫ്രിക്കൻ വനാന്തരങ്ങളിൽക്കൂടിയുള്ള യാത്രാ വിവരണമാണത്. കേപ്ടൗൺ -ൽ നിന്നും തുടങ്ങി മൊറോക്കോ വിലെ ടാൻജെയെര്സ് വരെ യുള്ള പതിനായിരത്തോളം നാഴിക ദൂരം നടന്നുതാണ്ടിയതിന്റെ വിവരണമാണ് On foot through Africa എന്ന പുസ്തകത്തിൽ. പുസ്തകത്തിനേപ്പറ്റി പറയും മുൻപ് രണ്ടു വാക്കു ഫ്രയോനയെപ്പറ്റി എഴുതട്ടേ .....
ഫ്രിയോന ഒരു ദീർഘദൂര നടത്തക്കാരിയാണ്. കഴിഞ്ഞ 11 വർഷക്കാലം കൊണ്ട് ലോകം മുഴുവനും പദയാത്ര നടത്തി ഇരുന്നൂറു ലക്ഷത്തോളം പൗണ്ട് ശേഖരിക്കുകയും ദാനധർമ്മ/സേവന സ്ഥാപനങ്ങൾക്കായി നൽകുകയും ചെയ്തു.
ആകെ 32000 കി.മീ യാത്ര ചെയ്ത ഫ്രിയോന 16 -ആം വയസ്സിലാണ് ആദ്യ പദയാത്ര നടത്തിയത്. ആഴ്ചയിൽ ആറു ദിവസം 20 -മുതൽ 25 നാഴിക വെച്ച് 49 ദിവസം നടന്നു 25 ,000 പൗണ്ട് കാൻസർ ആസ്പത്രിയ്ക്കുവേണ്ടി ശേഖരിച്ചു.
പിന്നീട് 18 -ആം വയസ്സിൽ ന്യൂയോർക് സിറ്റി മുതൽ ലോസാഞ്ചൽസ് വരെനടന്നു. 21 -ആം വയസ്സിൽ ആസ്‌ട്രേലിയയിൽ സിഡ്‌നി മുതൽ പെർത് വരെയുള്ള 3200 നാഴിക 95 ദിവസം കൊണ്ട് ദിവസേന ഏകദേശം 50 നാഴിക നടന്നു പൂർത്തിയാക്കി.
നാമാവശേഷമായിക്കൊണ്ടിരിയ്ക്കുന്ന ഗോത്രങ്ങളെ സംരക്ഷിയ്ക്കുന്ന സംഘടനയാണ് Survival International. തന്റെ യാത്രകൾക്കിടയിൽ കണ്ടുമുട്ടിയ നിരവധി വനവാസികൾ, വേട്ടയാടി ജീവിക്കുന്നവർ, ഗോത്രവർഗ്ഗക്കാർ, പിഗ്മികൾ, ബുഷ്‌മെൻ, നോർത്ത് അമേരിക്കയിലെ ഇന്ത്യക്കാർ എന്നിവർക്കു വേണ്ടി തുടങ്ങിയവർക്കു വേണ്ടി എന്തെങ്കിലും ചെയ്യണമെന്നവർ ആഗ്രഹിച്ചു.
പുസ്തകത്തിന്റെ ആമുഖവും പുറം ഭാഗവും ആദ്യം നോക്കി. അപ്പോൾ തോന്നി, ഈശ്വരാ, ഇതെന്നോ വായിക്കേണ്ട പുസ്തകമായിരുന്നല്ലോ, എന്ന്.
സമാധാനിച്ചു.....better to be late than never .
.
ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ, കൂടുതൽ ദൂരം 
കാൽനടയായി നടന്ന സ്ത്രീ എന്ന ബഹുമതി, ഗിന്നസ് വേൾഡ് റെക്കാർഡ് അവർക്കണ്ട്. 11 വര്ഷം കൊണ്ട് 32 ,ooo കി.മീറ്റർ ദൂരം അവർ നടന്നു തീർത്തു. 1,80,ooo പൗണ്ട്- ൽ അധികം തുക ധർമ്മസ്ഥാപനങ്ങൾക്കായി സ്വരൂപിക്കുകയും ചെയ്തു.
നാല് വന്കരകളിലായി പതിനായിരക്കണക്കിന് കി.മീ ആണ് അവർ നടന്നത്. ഒരു സ്ത്രീ എന്ന നിലയിൽ ഈ ഉദ്യമത്തെ 
എത്ര പ്രശംസിച്ചാലും മതിയാവില്ല.
1967 -ൽ ഇംഗ്ലണ്ടിലെ ഡെവോൺ-ൽ റോയൽ നേവി കുടുംബത്തിൽ ആണ് ഫ്‌യൊന ജനിച്ചത്.
16 -ആം വയസ്സിലാണ് ആദ്യ പദയാത്ര നടത്തിയത്. ആഴ്ചയിൽ ആറു ദിവസം 20 -മുതൽ 25 നാഴിക വെച്ച് 49 ദിവസം നടന്നു . 25 ,000 പൗണ്ട് കാൻസർ ആസ്പത്രിയ്ക്കുവേണ്ടി ശേഖരിച്ചു. നടത്തത്തിനുള്ള യാത്രാച്ചെലവ് വഹിയ്ക്കാൻ വിവിധ കമ്പനികൾ സഹായവും നൽകിയിരുന്നു. .
18 -ആം വയസ്സിൽ ന്യൂയോർക്ക് സിറ്റി മുതൽ ലോസ് ആഞ്ചെലിസ് വരെ നടന്നു.
21 -ആം വയസ്സിൽ സിഡ്നി മുതൽ പെർത് വരെ അയ്യായിരത്തിലധികം കി.മീ ദൂരം 150 -ഓളം ദിവസം കൊണ്ടാണ് നടന്നു തീർത്തത്. യാത്രാച്ചെലവ് വഹിയ്ക്കാൻ ആളില്ലാതിരുന്നത് കൊണ്ട് പലപ്പോഴും ഒരു ദിവസം 80 കി.മീ ദൂരം വീതം അവർക്കു നടക്കേണ്ടി വന്നു. 
ആസ്‌ത്രേലിയയിൽക്കൂടിയുള്ള യാത്രയെപ്പറ്റി അവരുടെ The feet of clay എന്ന പുസ്തകത്തിൽ വായിക്കാം.
1991, ഏപ്രിൽ -2-നു അവരുടെ സുപ്രധാനമായ നടത്തം, അതിസാഹസികമായതു -- കേപ്പ് ടൗണിലെ വമ്പിച്ച ജനാവലിയുടെ ആശംസകളോടെ ആരംഭിച്ചു. ആഫ്രിക്കയുടെ നെടുകെക്കൂടി പതിനായിരക്കണക്കിന് കി.മീ ദൂരം നടന്ന്‌ വടക്കു പടിഞ്ഞാറുള്ള Tanger വരെ.
കൂടെ വാഹനത്തിൽ സഹായികൾ ഉണ്ടായിരുന്നെങ്കിലും ഭൂമിയിലേക്കും വെച്ച് അതി ദുര്ഘടവും, അത്യപകടവുമായ പ്രദേശത്തുകൂടിയുള്ളതായിരുന്നൂ ഈ യാത്ര. അപകടത്തിന്റെ തീവ്രത അറിഞ്ഞു കൊണ്ട് തന്നെയാണ് ഫ്‌യൊന ഈ യാത്രയ്ക്ക് മുതിർന്നത്.
മനുഷ്യവാസമില്ലാത്ത പ്രദേശങ്ങൾ, വന്യ മൃഗങ്ങൾ ഉള്ള കാടുകൾ, വന്യമൃഗങ്ങളെക്കാൾ ക്രൂരമായ മനുഷ്യ രാക്ഷസർ, പിഗ്മികൾ, ബുഷ്‌മെന്, കൊള്ളയും, കൊലയും ചെയ്യന്നവർ, തട്ടിപ്പറിക്കാർ, ഗുണ്ടകൾ, മനുഷ്യരെത്തന്നെ ഭക്ഷിയ്ക്കുന്നവർ, കൂടാതെ 'ബുഷ് ഫയർ' ഊക്കൻ പാമ്പുകൾ, ഇരമ്പി പിന്നാലെ കൂടുന്ന ഈച്ചകൾ, പ്രാണികൾ..........ഭൂമിയിലെ ഇരുണ്ട ഭൂഖണ്ഡത്തില്‍ക്കൂടി ജീവന്‍ പണയം വെച്ചുകൊണ്ടുള്ള അതിസാഹസിക യാത്ര !
എല്ലാ വരുംവരായ്കകൾ മുൻകൂട്ടി കണ്ടു അവർ സ്വയം സമാധാനിപ്പിച്ചു--
You are going for a walk. Don' t get frightened.
വ്യത്യസ്തമായ ജീവിതരീതിയായിരുന്നു, ഫ്‌യൊനക്കു ചെറുപ്പം മുതൽ. കുടുംബ പാരമ്പര്യം അതിനു നല്ല സഹായമായി.
വിവിധ മേഖലകളിൽ പണിയെടുത്തു ശാരീരികമായും, മാനസികമായും നല്ല കരുത്തു ആർജ്ജിച്ചു. തൂപ്പുപണി മുതൽ ഹോളിവുഡിലെ തിരക്കഥ എഴുത്തു വരെ അവർ ചെയ്തു പോന്നു. 
ഫ്‌യൊനയുടെ വാക്കുകൾ--
Never to think of the end of the day
Never to think of the end of journey.
എല്ലാ മുന്കരുതലുകളുമായിട്ടാണ് ഫ്‌യൊന യാത്ര തുടങ്ങുന്നത്. വഴി നീളെയുള്ള ദുര്ഘടങ്ങളെ നേരിടാനുള്ള മരുന്നുകൾ, ആയുധങ്ങൾ, ഭക്ഷണം, വെള്ളം, രാഷ്ട്രീയ സുരക്ഷ........
എത്രയൊക്കെ സന്നാഹങ്ങളുണ്ടായാലും ആഫ്രിക്കൻ വനാന്തരങ്ങളിക്കൂട്ടിയുള്ള യാത്ര ജീവന് തന്നെ അപകടകരമാണെന്നതിനു യാതൊരു സംശയവുമില്ല.
.........അവസാനിയ്ക്കുന്നില്ല.......

March 16,2017  at 3:22pm
ഫിയൊന ക്യാമ്പെൽ .....തുടർച്ച...
കേപ്പ് ടൌൺ-ൽ നിന്നും യാത്ര പുറപ്പെട്ടപ്പോൾ കൽഹാരി മരുഭൂമി കടക്കാനുള്ള വേണ്ടത്ര സജ്ജീകരണങ്ങൾ കൂടെ കരുതിയിരുന്നു. ലാൻഡ്‌റോവറിൽ വെള്ളവും, ഇന്ധനവും, ഭക്ഷണവും നാല് ദിവസത്തേക്ക് ആവശ്യമുള്ളത് സൂക്ഷിച്ചിരുന്നു.
നടക്കുന്നതിനിടയിൽ താളത്തിൽ ഓടുന്ന ഓസ്ട്രിച്ചുകൾ, ലോകത്തിലേക്കും വെച്ച് ഏറ്റവും വലുപ്പമുള്ള പറക്കുന്ന പക്ഷികളായ കൊരി ബസ്റ്റാർഡുകൾ, 6 അടി യിലധികം നീളമുള്ള തവിട്ടും, വെള്ളിയും നിറങ്ങള്‍ കലര്‍ന്ന പാമ്പുകൾ, തുപ്പുന്ന പാമ്പുകൾ, സാവന്നയിൽക്കാണുന്ന പ്രതേകതരം പാമ്പുകൾ, ഒരു ഹിപ്പോവിനെ മറയ്ക്കാൻ പറ്റുന്നത്ര ഊക്കൻ മരങ്ങൾ, മനോഹരമായ സൂര്യാസ്തമനം....ഇതൊക്കെ കണ്ടു ഉപ്പുപൊടിയിലൂടെ നടന്നു നീങ്ങി.
നൈജീരിയ, അംഗോറ, സൈർ, സിംബാവ്‌ബെ (വിക്ടോറിയ വെള്ളച്ചാട്ടം), ബോട്സ്വാന .......അതിര്‍ത്തികള്‍ പിന്നിട്ടുകൊണ്ട് മുന്നോട്ട്.
വഴിനീളെ വന്യജീവിതം കണ്ടു നീങ്ങുമ്പോൾ ആകുലപ്പെട്ടു. മയങ്ങിക്കിടക്കുന്ന വന്യമൃഗങ്ങൾ.....
സന്ദർശകർക്കായി ഒരുക്കിയ 'വന്യമായ' കാഴ്ച!!
മൃഗങ്ങളുടെ കൂടെ നിന്ന് ഇരുന്നും കിടന്നും ഫോട്ടോ എടുക്കാം.
പലപ്പോഴും വഴിയിലെ പുല്ലുകളും, വിത്തുകളും കൊണ്ട് സോക്സ് നിറഞ്ഞു. 
നാല്ഭാഗത്തു നിന്നും ഓടിക്കൂടുന്ന ഈച്ചകൾ....നേരിയ ഈർപ്പം അവയെ ആകര്ഷിയ്ക്കും. ശരീരത്തിൽ എവിടെയെങ്കിലും ഒരു  ചെറിയ നനവ് കണ്ടാൽ അവിടെ പറ്റിക്കൂടും. കേറിക്കൂടിയാൽ എവിടെയെങ്കിലും പറ്റിയിരുന്നു മുട്ടയിടും.
വഴിയിൽ തങ്ങിയ സ്ഥലത്തെ ഗ്രാമത്തിലുള്ളവർ അവരുടെ ചരിത്ര കഥകൾ പറഞ്ഞുകൊണ്ടിരുന്നു. 'കെന്നെത് കൗണ്ട' യെപ്പോലുള്ളവർ സമ്പന്നരായതിന്റെ രഹസ്യവും മറ്റും ഫ്‌യോണയുമായി പങ്കുവെച്ചു.
ഏകദേശം ഒരു നാഴിക ദൂരത്തോളം 'Tse tse' ഈച്ചകൾ പിന്തുടർന്നു. അവയെ പിന്തിരിപ്പിക്കാൻ സ്പ്രൈ ഉപയോഗിച്ചെങ്കിലും കണ്ണും മുഖവുമെല്ലാം കുത്തു കിട്ടി തടിച്ചു വീർത്തു. 
തൊപ്പിയിൽ തൂങ്ങി നിൽക്കുന്ന വല പലപ്പോഴും കാഴ്ചകൾ മറച്ചു. ഒറ്റയാൻ സിംഹം കാട്ടിലെ വഴിയിൽ അലഞ്ഞു നടക്കുന്നുനടക്കുന്നു എന്ന വാർത്തയും അറിഞ്ഞു. പലപ്പോഴും കരുതൽ വാഹനം വളരെ ദൂരെയാകും.
കഫ്യൂനാഷണൽ പാർക്കിനടുത്തുകൂടെ പോകവേ ചുറ്റും മൂളിപ്പറക്കുന്ന ഈച്ചകൾ .... കൂടാതെ കത്തിക്കൊണ്ടിരിയ്ക്കുന്ന പൊന്തക്കാടുകളും. തീയിന്റെ ചൂടും, പുകമറയും...... ഈച്ചകളുള്ള സ്ഥലത്തു ജനവാസം ഉണ്ടാകില്ല. ജീവനും കൊണ്ട് ഓടേണ്ടി വന്ന നിമിഷങ്ങൾ........
ജനവാസമുള്ളിടത്തു വിദ്യാഭ്യാസമുള്ളവരെ കണ്ടുകിട്ടിയാൽ നൂറു ചോദ്യങ്ങ്ളാണ്. അദ്ധ്യാപകരെയും കുട്ടികളെയും കണ്ടാൽ അവരും അങ്ങിനെ..ഏതു രാഷ്ട്രീയ പാർട്ടി, എന്തിനു, എങ്ങോട്ടു നടക്കുന്നു...തുടങ്ങി....
കുട്ടികൾക്ക് ബാഗ് തുറന്നു കാണണം.
സൗഹൃദങ്ങള്‍ അപൂര്‍വമായിക്കിട്ടുന്ന ആശ്വാസങ്ങള്‍ മാത്രം.
നടത്തത്തിന്നിടയിൽ എങ്ങിനെ എവിടെ നിന്ന് ആപത്തു ഏതു രൂപത്തിൽ എത്തിപ്പെടുമെന്നു പറയാനും  വയ്യ.
പെട്ടെന്ന് ഒരു ട്രക്ക് അടുത്തു കൊണ്ട് വന്നു നിർത്തി മുടി പിടിച്ചു വണ്ടിയിൽ കയറ്റി. എന്തിനു വന്നു, എങ്ങോട്ടു പോകുന്നു ???....വെള്ളക്കാരെ കണ്ടാൽ ശത്രുതയോടെ നോക്കുന്നവർ. കൊല്ലാനും മടിയില്ലാത്തവർ. കൂടെയുള്ള വാഹനം എത്തിയതിനാൽ രക്ഷപ്പെട്ടു.
സാംബിയയിൽ പട്ടാളക്കാരെ എല്ലാവരും ഭയന്നിരുന്നു. അവയുടെ ദൃഷ്ടിയിൽ പെടാതെ നടന്നുപോകാൻ ഫ്‌യൊന ശ്രദ്ധിച്ചു. ബലാൽക്കാരവും,പിടിച്ചു പറിയും, കൊലയുമൊക്കെ ശീലമാക്കിയവർ. എന്നിട്ടും അവരുടെ മുന്നിൽ പെട്ടു. കഴുത്തിൽ കത്തി വെച്ച അവരോട് മനോഹരമായ ഈ രാജ്യം കാണാൻ വന്നതാണെന്ന് പറഞ്ഞു. ഭർത്താവു മുന്നിൽ പോയിട്ടുണ്ടെന്നും പോകാൻ വിടണമെന്നും പറഞ്ഞു. ലാൻഡ്‌റോവിലെ ഡ്രൈവറെയും സഹായിയെയും കൂട്ടി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സ്റ്റേഷനിൽ നിരത്തിവെച്ച തോക്കുകളും വെടിയുണ്ടകളും .....
പെട്ടെന്ന് യാത്രയ്ക്കിടയിൽ സോൾവെസി യിൽ വെച്ച് പരിചയപ്പെട്ട govt അക്കൗണ്ടന്റ്-ന്റെ പേര് ഓർമ്മ വന്നു. 
പൊലീസിന് സ്വീകാര്യനായ വ്യക്തി ആയതിനാൽ അന്നേക്കു മാത്രം കസ്റ്റഡിയിൽ എടുത്തു വിട്ടു.
നടത്തത്ത്ന്റെ 106 -ആം ദിവസമാണ് സൈർ -ന്റെ അതിർത്തിയിൽ എത്തിയത്. അവിടെ ഛർദിച്ചവശയായി അവിടെ തങ്ങേണ്ടി വന്നു.
യാത്രയ്ക്കിടയിൽ മിക്കദിവസങ്ങളിലും മിഷനറികളുടെ സങ്കേതത്തിലാണ് രാത്രി കഴിച്ചുകൂട്ടിയിരുന്നത്.
സുരക്ഷിതയായി വലകൾക്കുള്ളിലാണ് കിടന്നുറങ്ങിയിരുന്നത് എങ്കിലും ശരീരത്തിൽ ഈച്ചകളാലും മറ്റും ഉണ്ടാക്കിയ വ്രണങ്ങൾ ധാരാളമുണ്ടായിരുന്നു.
സൈർ-ലെ പ്രധാന മാർകറ്റ് സെന്റർ ആയ 'Kisangani' എന്ന പ്രദേശത്തു ലഹള പൊട്ടിപ്പുറപ്പെട്ടത് യാത്രക്ക് വിഘാതമായി. 
കൂടാതെ നൈജർ -അൾജീരിയ അതിർത്തികൾ അടയ്ക്കുകയും ചെയ്തു. ആഭ്യന്തരലഹളകൾ അങ്ങിങ്ങായി പൊട്ടിമുളച്ചുതുടങ്ങി. അല്ലെങ്കിൽത്തന്നെ കലുഷിതമായ പ്രദേശം. ബസ്സുകളിലെ യാത്രക്കാരെ കൊള്ളയടിക്കലും മറ്റും സ്ഥിരം പതിവായുള്ള പ്രദേശങ്ങൾ. 

മരുന്നുകളും മറ്റും വിറ്റ് വന്നിരുന്ന ഗോത്രവർഗ്ഗക്കാർ, പിഗ്മികൾ എന്നിവർക്കിടയിലും സംഘർഷം.
ഒടുവിൽ താൽക്കാലികമായി യാത്ര നിർത്തിവെച്ചു അവർ സ്വദേശത്തേക്കു മടങ്ങി. ആരോഗ്യപരമായ കാരണങ്ങളും അവരുടെ യാത്രയെ ബാധിച്ചു. 106 -ആമത്തെ ദിവസമാണ് അവർ സൈർ-ൽ എത്തിയത്.
അഞ്ചാറു മാസത്തിനു ശേഷം അവർ നിർത്തിവെച്ച സ്ഥലത്തു നിന്നും വീണ്ടും നടപ്പു തുടങ്ങി. 
1993 സെപ്റ്റംബറിൽ ൽ മൊറോക്കോവിൽ എത്തി വീണ്ടും നടത്തം ആരംഭിച്ചു. നാനൂറു നാഴിക വിസ്താരമുള്ള ഖനികളുള്ള പ്രദേശങ്ങളിൽക്കൂടെ ഓരോ ദിവസവും 30 നാഴിക വെച്ച് നടന്നു.
കൊള്ളക്കാരും പിടിച്ചു പറിക്കാരും, തീപ്പൊന്തകൾ, സിംഹങ്ങൾ, പിഗ്മികൾ, മനുഷ്യമാംസം കഴിയ്ക്കുന്നവർ .....ഇത്യാദി ഭീകരത നിറഞ്ഞ സ്ഥലത്തുകൂടിയാണ് അവർ കടന്നുപോയത്.
16,000 ലധികം കി.മീ നടന്നു ഒടുവിൽ 'Tanger' -ൽ വിജയ ശ്രീ ലാളിതയായി എത്തിച്ചേർന്നു.
ലോകത്തിലെ ഇരുണ്ട ഭൂഖണ്ഡം മനോഹരമായ ഭൂപ്രദേശം അത്രത്തോളം ഭയാനകമാർന്നതും!!
പലേ കാഴ്ചകളും അവർക്കു കാമറയിൽ ആക്കാൻ സാധിച്ചില്ല.
മനുഷ്യരും, പ്രകൃതിയും എപ്പോൾ വേണമെങ്കിലും പ്രതികൂലമാകാം, അല്ലെങ്കിൽ സദാ മുഖം തിരിച്ചു കാണിക്കുന്ന പ്രകൃതിയും, മനുഷ്യരും!
നിഗൂഢത നിറഞ്ഞ മനോജ്ഞമായ പ്രദേശം!!
വഴി നീളെയുള്ള ഗോത്ര ജീവിതവും, ഭാഷയിലും വേഷത്തിലും പെരുമാറ്റത്തിലും ഉള്ള വൈരുദ്ധ്യവും അവർ തിരിച്ചറിഞ്ഞു.
നശിച്ചുപോകുന്നു തനതായ ഗോത്രസംസ്‌ക്കാരങ്ങൾ, അതേപോലെ പുരോഗമനത്തിന്റെ പേരിൽ സ്വാഭാവികതയും, സൗന്ദര്യവും നശിച്ചു പോകുന്ന പ്രകൃതി.
ലോകത്തെമ്പാടുമുള്ള ഗോത്രവർഗ രക്ഷയെക്കുറിച്ചു വേവലാതിപ്പെടുന്ന, അതിന്റെ നിലനിൽപ്പിനായി പ്രചരണം നടത്തുന്ന, പ്രവർത്തിയ്ക്കുന്ന 'Survival International ' നു വേണ്ടിയായിരുന്നൂ, ഫ്‌യോണ ക്യാമ്പ്ബെൽ ആഫ്രിക്കൻ യാത്ര നടത്തിയത്.
ഗോത്രവർഗ്ഗക്കാർ ആഫ്രിക്കയിൽ പലയിടത്തും നിഷ്ടുരമായി വധിയ്ക്കപ്പെട്ടിട്ടുണ്ട്.
അവരുടെ സംസ്ക്കാരം നശിപ്പിക്കപ്പെട്ടിട്ടുണ്ട് 
മനുഷ്യാവകാശ ധ്വംസനം വളരെയേറെ നടന്നിട്ടുണ്ട്.
അവർക്കു അവരുടെ ഭൂമി നഷ്ടപ്പെട്ടിട്ടുണ്ട്.
അവരുടെ പ്രകൃതിയെ നശിപ്പിച്ചിട്ടുണ്ട്.
ലോകമെമ്പാടുമുള്ള വർഗ്ഗനാശം വരുന്ന ഗോത്രസമൂഹം, പ്രകൃതി എന്നിവയുടെ സംരക്ഷണത്തിനായി 'Raleigh International' - ഉം പ്രവർത്തിയ്ക്കുന്നു.
ആഫ്രിക്ക ക്കു ശേഷം അവർ നടത്തിയ യാത്രകളാണ് "The whole story" എന്ന പുസ്തകത്തിൽ.
ഇന്ന് ഫിയോന കാമ്പ്ബെൽ നടത്തുന്ന 'Wild Food Walk' ന്റെ പ്രധാന ഉദ്ദേശം ആയിരക്കണക്കിന് വര്ഷങ്ങള്ക്കു മുന്നേ കാടുകളിൽ വസിച്ചിരുന്നവരുടെ--ആദിമമനുഷ്യരുടെ, വേട്ടയാടി ഭക്ഷണം കഴിച്ചിരുന്നവരുടെ, ബുഷ്‌മെൻ, പിഗ്മികൾ തുടങ്ങിയവരുടെ ഭക്ഷണരീതിയിലേക്കു ഒരു എത്തിനോട്ടം--അതനുഭവിച്ചറിയുക...

എവിടെവെച്ചാണ്, എങ്ങിനെയാണ്, എപ്പോളാണ് മനുഷ്യന്റെ ഭക്ഷണരീതികളിൽ ഇത്ര ഭയാനകമായ മാറ്റം വന്നത്, അല്ലെങ്കില്‍ വേര്‍പിരിവ് സംഭവിച്ചത്......വന്‍കരകളില്‍ക്കൂടിയുള്ള നടത്തം, അനുഭവങ്ങള്‍ ഗവേഷണകുതുകിയാക്കി മാറ്റി..
ആസ്‌ത്രേലിയയിലെ യാത്രാ കഴിഞ്ഞപ്പോളാണ് തീവ്രമായ ഈ ചിന്ത അവർക്കുണ്ടായത്.
അതിന്റെ അന്വേഷണത്തിലാണ് അവരിപ്പോൾ..
"വൈൽഡ് ഫുഡ് വാക്".
I realized that I have found what the west is always looking for--but can never find.----Fyona Campbell.


വായന--ഹിമാലയ (ഷൗക്കത്ത്)

 Uma Namboodiri

3 July
ഹിമാലയന്‍ യാത്രാ വിവരണങ്ങള്‍ ഇപ്പോള്‍ ധാരാളം വായിക്കാന്‍ കിട്ടാനുണ്ട്. 2006-ല പ്രസിദ്ധീകരിച്ച ഷൌക്കത്തിന്റെ 'ഹിമാലയം'-യാത്രകളുടെ ഒരു പുസ്തകം 2 വര്‍ഷം മുന്‍പാണ് ഷൌക്കത്ത് തന്നെ സമ്മാനിച്ചതു അന്ന് തന്നെ ഞാന്‍ വായിക്കുകയും ചെയ്തു. ഇന്ന് വീണ്ടും പുസ്ക ഈ പുസ്തകത്തിന്റെ പ്രകാശനം, മാതൃഭൂമി നടത്തുന്നു,
തൃശൂരില്‍ ..പോകാന്‍ പറ്റില്ല....ഇന്ന് രാവിലെ മുതല്‍ പുനര്‍വായന തുടങ്ങി. ഓരേ യാത്രവീണ്ടും വീണ്ടും ചെയ്യുമ്പോള്‍ വ്യത്യസ്ത അനുഭവമാണ് അനുഭവപ്പെടുക. അതേപോലെത്തന്നെയാണ് ഒരേ പുസ്തകം വീണ്ടും വായിക്കുമ്പോള്‍ കിട്ടുന്നത് വ്യത്യസ്തങ്ങളായ കാഴ്ചപ്പാടു കളാണ് .
ഒരു നിയോഗം പോലെയാണ് ഇത്തരം യാത്രകള്‍ക്കുള്ള വിളികള്‍ വരുന്നത്.
ഷൌക്കത്ത്തിന്‍റെ വാക്കുകള്‍ -ലോകത്തുള്ള സര്‍വ ജീവജാലങ്ങളും ആഗ്രഹിയ്ക്കുന്നത് സമാധാനത്തോടും,സന്തോഷത്തോടും കൂടെ ജീവിക്കണം എന്നാണ്. അതിനാല്‍ 'സുഖം'എന്നത് ഏവരുടെയും പൊതുവായ മതമാണെന്ന് പറയാം. നമ്മുടെ പൂര്‍വികരുടെ അനുഭൂതിയില്‍ നിന്നും ഉരുത്തിരിഞ്ഞു വന്ന സത്യദര്‍ശനം, അത് ഈ പ്രപഞ്ചത്തിലുള്ള സകല ചരാചര ങ്ങളിലും നിരഞ്ഞിരിയ്ക്കുന്നു. ഈ ശക്തിയെ, സ്നേഹത്തിനെ അറിയുക,ഉള്‍ക്കൊള്ളുക. ജാതി മത ദേശങ്ങല്‍ക്കതീതമായി ചിന്തിയ്ക്കുക..... ഉപനിഷാദികളും,യേശുവും,ബുദ്ധനും,നബിയുമെല്ലാം പറഞ്ഞത് പൂര്‍ണ്ണ ഹൃദയത്തോടെ സ്വീകരിക്കാനുള്ള മഹാമനസ്കത ഉണ്ടാകുക..അതുപോലെ പ്രപഞ്ചത്തിലെ സകല ചരാചരങ്ങളിലും നിറഞ്ഞു നില്‍ക്കുന്ന ശക്തിയെ, സത്യത്തിനെ അറിയുക.....ഹിമാലയ യാത്ര ഉല്‍ക്രുഷ്ടമാകുന്നത്, പ്രകൃതി നമ്മോടു സംവാദിയ്ക്കുന്നത് നാം മനസ്സിലാക്കിയെടുക്കുംപോളാണ് ......
ഈശാവാദ്യമിദം സര്‍വം എന്നോ, ലോകസമസ്താ...എന്നോ ഉരുവിടുമ്പോള്‍, ലാ ഇലാഹാ ഇല്ലല്ലാഹ് എന്നോ, അവന്‍ നിന്റെ ഹൃദയത്തിലാണ് എന്നോ, ബുദ്ധന്റെ ധ്യാനാത്മകമായ മുഖം ദര്ശിയ്ക്കുംപോള്‍.....'പലമതസാരവുമേകം'ഏന്നു ഓര്‍ത്താല്‍ എത്ര നന്നായി!!
.

 June 28, 2015 at 10:08pm· 

പുല്ലാങ്കുഴല്‍  വാദനത്താല്‍ ഏവരെയും സ്വയം മറപ്പിച്ച ഹരിപ്രസാദ് ചൌരസ്യയുടെ ശിഷ്യാനുശിഷ്യനോടും, വയലിന്‍ കച്ചേരിയില്‍ മുഗ്ദ്ധരാക്കിയിരുത്തിയ ജിഷ്ണുവിനോടും , സൂഫി ഭക്തി ഗാനത്തിന്റെ ലഹരിയില്‍ കൊണ്ടുചെന്നെത്തിച്ച ഗായകസംഘത്തിനോടും എത്ര നന്ദി പറഞ്ഞാലാണ് മതിയാകുക !
ഹൃദയം തുറക്കാന്‍ സൌഹൃദങ്ങള്‍ക്ക് മാത്രമേ കഴിയൂ എന്ന ഷൌക്കത്തിന്റെ കാഴ്ചപ്പാട് എത്ര ശരിയാണ്? വേലികളില്ലാത്ത, ബന്ധനങ്ങളില്ലാത്ത ഹൃദയങ്ങളങ്ങിനെ സ്വതന്ത്രമായി ഒഴുകി നടക്കുമ്പോള്‍ എന്തൊരു ആശ്വാസം? സ്നേഹത്തിന്റെ പാതയിലേക്ക് നമ്മളെ കൂട്ടിക്കൊണ്ടു പോകുന്ന ശ്രീനാരായണഗുരുവിന്റെ ശിഷ്യാനു ശിഷ്യാനു ശിഷ്യന് എല്ലാ ഭാവുകങ്ങളും നേരുന്നു.
അത്യപൂര്‍വമായ 'ക്ലിക്കുകള്‍' കൊണ്ട് വന്യഭംഗി ഇത്ര മനോഹരമായി നമ്മുടെ മനസ്സില്‍ പതിപ്പിച്ചു തരുന്ന വിനയാന്വിതനായ എന്‍.എ നസീറിനോടും , മറ്റു പ്രതിഭകളോടും തീര്‍ത്താല്‍ തീരാത്ത കടപ്പാടാനുള്ളത്......
സൌഹൃദത്തിന്റെ മൂല്യമറിഞ്ഞ നല്ലൊരു ദിവസം!!!

യാത്രകൾ _ ആദ്യയാത്ര (അഹമ്മദ് നഗറിലേക്ക്)

സ്പന്ദനങ്ങള്‍ :--
ആദ്യയാത്ര 
-
71-നവംബറിലാണ്  എന്റെ കേരളത്തിനു പുറത്തേയ്ക്കുള്ള ആദ്യത്തെ യാത്ര ആരംഭിയ്ക്കുന്നത്. വിവാഹം കഴിഞ്ഞ്‌ അദ്ദേഹത്തിന്‍റെ കൂടെ ജോലിസ്ഥലത്തെയ്ക്ക്. മഹാരാഷ്ട്രയിലെ അഹമ്മദ്‌ നഗറിലേക്ക്. അര്‍ദ്ധ രാത്രിയ്ക്കാണ് തിരൂരില്‍ നിന്നും തീവണ്ടികയറിയത്. വെളിച്ചം കുറവായ പ്ലാട്ഫോര്‍മിലൂടെ ഓടി നടന്നു കമ്പാര്‍ട്ട്മെന്റ് കണ്ടുപിടിക്കലും മറ്റും നല്ല ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു അന്ന്. പിന്നെ ഏതാനും മിനുട്ടുകളെ വണ്ടി സ്റ്റേഷനില്‍ നിര്‍ത്തുകയുമുള്ളൂ. റിസര്‍വേഷന്‍ കമ്പാര്‍ട്ട്മെന്റില്‍ കടന്നു കൂടിയപ്പോള്‍ സമാധാനം.  നവവധൂവരന്മാരെ യാത്രയയക്കാന്‍ രണ്ടു കൂട്ടരുടെയും  കുടുംബാന്ഗങ്ങള്‍ സ്റ്റേഷന്‍-ല്‍ ഉണ്ടായിരുന്നു. കേരളത്തിനോടും, ബന്ധുക്കളോടും  യാത്രപറയുമ്പോള്‍ വിഷമമുണ്ടെങ്കിലും  പുതിയ അനുഭവങ്ങള്‍ എന്തോക്കെയാകുമെന്ന ആകാംക്ഷയായിരുന്നു, മനസ്സില്‍. 

ഓർമ്മ വെച്ചനാൾ മുതൽ തീവണ്ടിയാത്ര എല്ലാവർഷവും സ്‌കൂൾ പൂട്ടിയാൽ പതിവുണ്ട്. അമ്മയുടെ ജന്മഗൃഹം വരെ. എടക്കുളം (ഇന്നത്തെ തിരുന്നാവായ) മുതൽ ചൊവ്വര സ്റ്റേഷൻ വരെ. രാവിലെ പതിനൊന്നരക്കോ മറ്റോ ആണ് വണ്ടി. വടക്കു നിന്നും തെക്കോട്ട്  പോകുന്ന വണ്ടി.          5 മണിയോടെ ചൊവ്വര സ്റ്റേഷനിൽ ഇറങ്ങും. ഭാഗ്യമുണ്ടെങ്കിൽ ബസ്സ് കിട്ടും. ഇല്ലെങ്കിൽ ശ്രീമൂലനഗരം വരെ നടക്കുക തന്നെ. വണ്ടിയിൽ താമസിക്കുക അല്ലെങ്കിൽ ഉണ്ടും ഉറങ്ങിയും രണ്ടു മൂന്നു ദിവസം കഴിക്കുക എന്നത്  ആലോചിക്കാൻ തന്നെ വയ്യ. 

ഭാഗ്യത്തിന് താഴത്തെ ബർത്തിൽത്തന്നെ കിടക്കാന്‍ സ്ഥലം കിട്ടി.. ഉരുണ്ടുകെട്ടി വീഴുമോ എന്ന ചെറിയ ഭയം ഉണ്ടായിരുന്നു. എന്തായാലും തീവണ്ടിയുടെ ആട്ടവും ദീന രോദനങ്ങളും താരാട്ടുപാട്ടായി മാറിയത് അറിഞ്ഞില്ല. അതും കേട്ടുകേട്ടങ്ങിനെ സുഖമായി ഉറങ്ങി.

അടുത്ത ദിവസം ഉണര്‍ന്നു പ്രഭാത കര്‍മ്മങ്ങള്‍ക്ക് ശേഷം ജനലില്‍ക്കൂടെ പുറത്തേയ്ക്ക് നോക്കുമ്പോള്‍ വ്യത്യസ്തമായ, അതിശയപ്പെടുത്തിയ കാഴ്ചകളാണ് കാണുന്നത്. സദാ പച്ചപ്പട്ടു പുതച്ചു കിടക്കുന്ന, കാറ്റിന്റെ ഓളത്തില്‍ മനോഹരമായി നൃത്തം വെച്ച് നില്‍ക്കുന്ന നെല്‍വയലുകള്‍ക്ക് കാവലാളെന്നപോലെ കേരങ്ങള്‍ ചുമന്നു നില്‍ക്കുന്ന തെങ്ങുകളെവിടെ ? അനന്തമായി പരന്നു കിടക്കുന്ന വെറും തരിശുഭൂമിയാണ് വഴി നീളെ കാണുന്നത്. ദൂരെ ചെറിയ മലകള്‍. ഒരൊറ്റ വീടോ, മനുഷ്യരോ ഒന്നും കാണുന്നേയില്ല.മുള്ളുചെടികള്‍ സമൃദ്ധമായി ഏതാനും അടികള്‍ ഉയരത്തില്‍ വളര്‍ന്നു  നില്‍ക്കുന്നു. ഈ കാഴ്ചയുമായി  കിലോമീറ്ററുകളോളം ദൂരത്തോളം ഉള്ള  യാത്ര കണ്ണിനു ശീലമായി. തെക്കുനിന്നും വടക്കുവരെ ഗ്രാമമെന്നോ, പട്ടണമെന്നോ വേര്‍തിരിക്കനാകാതെ പരന്നുകിടക്കുന്ന കേരളത്തിലെ നാട്ടിന്‍ പുറത്തു നിന്നും വരുന്നവര്‍ക്ക് തീരെ ദഹിയ്ക്കാന്‍ വിഷമമുള്ള ഭൂപ്രകൃതി.

 നേരം ഉച്ചയാകുന്നേ ഉള്ളൂ. ആര്‍ക്കോണം  സ്റ്റേഷന്‍-ല്‍ വണ്ടിയിറങ്ങി. ഇനി ബോംബയ്ക്കുള്ള വണ്ടിയില്‍ കയറണം. ഏതാനും മണിക്കൂറുകള്‍ക്കു ശേഷമേ 'ബോംബെ''വണ്ടി വരികയുള്ളൂ. അതിനിടയ്ക്ക് കുളിയും തേവാരവുമെല്ലാം ആകാം. എന്റെ സങ്കല്പത്തിലെ ഏറ്റവും വലിയ സ്റ്റേഷന്‍ ഷോര്‍ണൂര്‍ ആയിരുന്നു. അന്യനാട്ടിലെ നിരവധി പ്ലാട്ഫോര്മുകളും, തീവണ്ടികളും കച്ചവടക്കാരും,യാത്രക്കാരും ചേര്‍ന്ന തിക്കും തിരക്കും ഒച്ചയും ബഹളവും ഏതോ അപരിചിതലോകത്ത് എത്തിച്ചിരിയ്ക്കുന്നു. ഭാഷയാണെങ്കില്‍ ഒന്നും മനസ്സിലാകുന്നുമില്ല.. സ്ത്രീകളുടെ കാത്തിരിപ്പ് മുറിയില്‍ എന്നെ ഇരുത്തി എന്റെ ആള്‍ പുറത്തേയ്ക്ക് പോയി. ഉള്ളില്‍ വല്ലാത്ത  പരിഭ്രമം തന്നെ. പ്രധാനമായും  അവിടെ ഓടി നടന്നു അടിച്ചുവാരലും മറ്റും ചെയ്തിരുന്ന തമിഴത്തികളെ കണ്ടപ്പോളാണ് അത് കൂടുതലായത്. നിര്‍ത്താത്ത ഉറക്കെയുള്ള സംസാരം. നല്ല നീളവും വണ്ണവും  ഇരുനിറമോ കറുത്തതോ ആയ  സ്ത്രീകള്‍. ചേല ഉടുത്തു പിന്നിലേക്ക്‌ ഞെറിഞ്ഞിട്ട്, എണ്ണമയമുള്ള മുടി വൃത്തിയില്‍ വട്ടത്തില്‍ ചുറ്റിക്കെട്ടി അതില്‍ മുല്ലപ്പൂമാലയും ചൂടി, നെറുകയില്‍ വലിയ സിന്ദൂരപ്പൊട്ടും, മൂക്ക് നിറഞ്ഞു നില്‍ക്കുന്ന, തിളങ്ങുന്ന മൂക്കുത്തിയുമായി 
മുറുക്കിച്ചുവപ്പിച്ചു,ആരെയും കൂസാത്ത ഭാവത്തില്‍ അങ്ങിങ്ങ് നടക്കുന്നു. ഇവരുമായി എങ്ങിനെ സൌഹൃദത്തിലാകും ? ധൈര്യം സംഭരിച്ചു ഞാന്‍ കുളിമുറി യിലേക്ക്യ്ക്ക് നടന്നു. ചൂലുമായി നില്‍ക്കുന്ന സ്ത്രീ എന്തോ ചോദിച്ചു. വിക്കി വിക്കി എന്തോ പറയാന്‍ പുറപ്പെട്ടപ്പോഴേക്കും അടുത്തവള്‍ എന്തോ ഉറക്കെ പറഞ്ഞു. എന്തായാലും ഈ രൂപങ്ങളെ പേടിച്ചു എന്റെ കാര്യങ്ങളെല്ലാം നടത്തിയെന്ന് വരുത്തി വേഗം പുറത്തെയ്ക്കിറങ്ങി.

ഞങ്ങള്‍ അങ്ങിനെ വണ്ടി വരുന്നവരെ, എന്നെ സംബന്ധിച്ചേടത്തോളം  വളരെ വിചിത്രമായ ആ ലോകത്ത്, കറങ്ങി നടന്നു നേരം പോക്കി. മണിക്കൂറുകള്‍ക്കു ശേഷം ബോംബയ്ക്കുള്ള വണ്ടി എത്തി. അങ്ങിനെ കൂകിക്കൂകി കിതച്ചു കിതച്ചു നിന്നും ഓടിയും വീണ്ടും യാത്ര തുടര്‍ന്നു.
മലയാളവും തമിഴും  തെലുങ്കുമെല്ലാം ഹിന്ദിയ്ക്കു വഴിമാറിക്കൊടുത്തുതുടങ്ങി..

വഴിനീളെ കണ്ണെത്താത്ത അത്ര ദൂരം രന്നുകിടക്കുന്ന കൃഷിയിടങ്ങൾ അതിശയകരമായ കാഴ്ചതന്നെ .മഴയുടെ ഒരു ലക്ഷണവും അവിടെയൊന്നും കണ്ടില്ല. പരിപ്പുചെടികളാണ് കൂടുതലായും നിരന്നു നില്‍ക്കുന്നത്. ജലസേചനം നടത്തി ഗോതമ്പും കൃഷി  ചെയ്യുന്നുണ്ട്..വലിയ നദികളും, സമതലങ്ങളും പിന്നിട്ടു മഹാരാഷ്ട്രയിലെത്തുമ്പോൾ വീണ്ടും പല കാഴ്ചകളും  പുതുമയുള്ളതായി..സ്റ്റേഷന്നുകള്‍ക്കടുത്ത കെട്ടിടങ്ങളുടെ മേല്‍ക്കൂരകള്‍ അത്ഭുതത്തോടെ  നോക്കിയിരുന്നു. വളഞ്ഞ മാറോടുകള്‍ വൃത്തിയായി അടുക്കിവെച്ചാണ് മുകള്‍ത്തട്ടു സുരക്ഷിതമാക്കിയിരിയ്ക്കുന്നത്. ഇത്തരം  മേല്‍ക്കൂരകള്‍ ആദ്യമായിട്ടാണ് കാണുന്നത്.
തീവണ്ടിയ്ക്കുള്ളിലും പുറത്തും ഉള്ള വിചിത്രമായ കാഴ്ചകള്‍ കണ്ടു കണ്ടു ദൂരങ്ങള്‍ താണ്ടിയതറിഞ്ഞില്ല. പകലും രാത്രിയും എത്രവേഗമാണ്‌ മാറി മറിയുന്നത് !

' ധോണ്‍ഡ്' എന്ന ജങ്ക്ഷനില്‍ വണ്ടി നിന്നു. അവിടെയാണ് ഞങ്ങള്‍ക്ക് ഇറങ്ങേണ്ടത്. വന്ന വണ്ടി നേരെ മുംബായ്ക്ക്. ഞങ്ങള്‍ക്ക് മന്‍മാഡ് ലേക്കുള്ള വണ്ടിയിൽ ആണ് ഇന് പോകേണ്ടത്. വടക്ക്കിഴക്ക് ഭാഗത്തേയ്ക്ക്. പക്ഷേ, വണ്ടി വരാന്‍ 5 1/2 മണിയാകും. ഇനിയും 4 മണിക്കൂറിലധികം  സമയമുണ്ട്. നടന്നും ഇരുന്നും  അങ്ങിനെ  വീണ്ടും സമയം പോക്കി. 

അവസാനം ആ വണ്ടി  എത്തിച്ചേര്‍ന്നു. കമ്പാര്‍ട്ട്മെന്റിന്നടുത്തെയ്ക്കു ഞങ്ങള്‍ നടന്നു. 'പാസ്സഞ്ചര്‍'  വണ്ടി. എവിടെയും കയറാം. അത്യാവശ്യം  തിരക്കുണ്ട്‌. ഇവിടെയും അത്ഭുതങ്ങള്‍ കാത്തു നില്‍ക്കുന്നു. എനിക്ക് മനസ്സിലാകാത്ത ഭാഷയില്‍ ഉയര്‍ന്നു കേള്‍ക്കുന്ന സംസാരം. എന്നാല്‍ കേള്‍ക്കാന്‍ എന്തോ രസമുണ്ടുതാനും. തമിഴുപോലെ കടുപ്പമില്ല. മഹാരാഷ്ട്രക്കാരായ സ്ത്രീകളും പുരുഷന്മാരും മാത്രമേ ആ വണ്ടിക്കടുത്തുള്ളൂ. സാധാരണ പോലെ  സാരിയുടുത്തവര്‍ അപൂര്‍വ്വം. അതുകൊണ്ടാകാം അവരെന്നെ  ശ്രദ്ധിച്ചു നോക്കി. ഞാനും അവരെ  ശ്രദ്ധിച്ചു. സ്ത്രീകള്‍ ഏകദേശം ഒരേപോലെയുള്ള സാരി കൊണ്ട് തറ്റുടുത്തിരിയ്ക്കുന്നു. അതിന്റെ ഒരു അറ്റം തലയില്‍ക്കൂടെയിട്ടു കുറേശ്ശെ മുഖവും മറച്ചിരിയ്ക്കുന്നു. അനാര്‍ഭാടമായ വസ്ത്രധാരണം. വളരെ സൌമ്യമായ നിറത്തിലുള്ള പരുത്തിത്തുണി കൊണ്ടുള്ള സാരികള്‍. പൂക്കളോ എന്തെങ്കിലും ചിത്രമോ ഒരു സാരിയിലും ഇല്ല.  നേരിയ വെള്ളിമയാര്‍ന്ന  കരമാത്രം സാരിയുടെ തലപ്പത്ത് കാണാം. നേര്‍ത്ത പച്ചയോ, നീലയോ നിറമുള്ള സാരിയുടുത്തവരാണ് മിക്കവരും..കേരളത്തിലുള്ള തമിഴ് സംസാരിയ്ക്കുന്ന ബ്രാഹ്മണസ്ത്രീകള്‍ ചേലയുടുക്കുന്നത്  പോലെയാണ് ഇവർ  സാരി ഉടുത്തിരിയ്ക്കുന്നത് എന്ന് തോന്നി . ബ്ലൗസും ഏകദേശം ഒരേപോലെയുള്ളതു തന്നെ ! 
നെറ്റിയില്‍ വലിയ കുങ്കുമപ്പൊട്ട്. കാതിലും,മൂക്കിലും കഴുത്തിലുമെല്ലാം ആഭരണങ്ങള്‍.  നമ്മുടെ നാട്ടിലെ പോലെ കൈനിറയെ സ്വര്‍ണ്ണ വളയൊന്നും ഇട്ടവരെ കാണുന്നേയില്ല. കുപ്പിവളകളാണ് ഈ സ്ത്രീകള്‍ ഇട്ടിരിയ്ക്കുന്നത്. പച്ചപ്പിന്റെയും ചുവപ്പിന്‍റെയും ഇടയില്‍ ഓരോ സ്വര്‍ണ്ണത്തിളക്കം ഉണ്ടെന്നു തോന്നുന്നു.                                                                                                                                                                      ഗ്രാമീണരായ ഇവരൊക്കെ പരമ്പരാഗത വേഷത്തില്‍ത്തന്നെ .പുരുഷന്മാര്‍ അധികവും വെള്ള ധോത്തിയുടുത്തവരാണ്. എല്ലാവരും വെള്ള നിറമുള്ള ഷര്‍ട്ട്‌ ധരിച്ചിരിയ്ക്കുന്നു. ചിലര്‍ നീളമുള്ള ജുബ്ബ പോലുള്ള കുപ്പായമാണ് ഇട്ടിരിയ്ക്കുന്നത്.  മിക്കവരുറെ തലയിലും  ഗാന്ധി തൊപ്പി ഉണ്ട്. തുണി നിരവധി ചുറ്റ്ചുറ്റി അങ്ങിനെ തലപ്പാവ് ചുറ്റി വെച്ചവരെയും കാണാം. ചെരിപ്പിടാത്തവരായി ആരുമില്ല. ഒരുതരം കട്ടിച്ചെരുപ്പ്, അതാണ്‌ എല്ലാവരും ഇട്ടിരിയ്ക്കുന്നത്. മിക്കവരും ആജാനുബാഹുക്കള്‍ തന്നെ. ചിലരുടെ ചുമലില്‍ ഒരുവടി. അതിന്‍റെ ഒരു തലയ്ക്കല്‍ ചെറിയൊരു ഭാണ്ഡക്കെട്ട്  തൂക്കിയിട്ടിരിയ്ക്കുന്നു. ബഹളം വെച്ച്കൊണ്ടാണ് എല്ലാവരും  വണ്ടിയില്‍ കയറുന്നത്. കമ്പാര്‍ട്ട് മെന്റിലെ നിലത്താണ്  മിക്കവരും കുന്തിച്ചും ചമ്രംപടിഞ്ഞും ഇരിയ്ക്കുന്നത്. നിര്‍ത്താതെ  വര്‍ത്തമാനം പറയുന്നുണ്ടെങ്കിലും കര്‍ണ്ണ കഠോരമല്ല. കേള്‍ക്കാന്‍ ഒരിമ്പമുണ്ട്. 

സീറ്റ് കാലിയായി കിടന്നിട്ടും ഇവരൊക്കെ എന്തിനാ താഴെ ഇരിയ്ക്കുന്നതെന്ന് മനസ്സിലായില്ല. വണ്ടി ഓടാന്‍ തുടങ്ങിയതും പലരും ഭാണ്ഡക്കെട്ടുകള്‍ അഴിച്ചു തുടങ്ങി.   കൌതുകത്തോടെ  നോക്കിയിരുന്നു. എന്റെ ആള്‍ക്കിതൊക്കെ നല്ല പരിചയമാണ്. ജോലിയുടെ ഭാഗമായി ഗ്രാമങ്ങളില്‍ പോയി  അവരുടെ കൂടെ താമസിച്ചും പഴകിയും നല്ല ശീലമായിരിയ്ക്കുന്നു. അവരുടെ ഭാഷ, മറാത്തിയും അറിയാം. തുണിക്കെട്ട് നിവര്‍ന്നപ്പോള്‍ ഞാന്‍ അതിശയപ്പെട്ടു. അതില്‍ ഊക്കന്‍ ചപ്പാത്തികള്‍ !! ചിലര്‍ കൂട്ടിക്കഴിയ്ക്കാന്‍ എന്തോ കറിയും കൊണ്ടുവന്നിട്ടുണ്ട്. ഈശ്വരാ, ഇത്ര പൊതുജനങ്ങളുടെ നടുവില്‍ വൃത്തിയില്ലാത്ത നിലത്തിരുന്നു, മുഷിഞ്ഞ തോര്‍ത്തില്‍ കെട്ടിക്കൊണ്ടു വന്ന ഈ സാധനം എങ്ങിനെ അകത്താക്കും ? ഓരോ കഷ്ണം പൊട്ടിച്ചെടുത്ത്  അവര്‍ സന്തോഷമായി വര്‍ത്തമാനം പറഞ്ഞു  കഴിച്ചു. ബാക്കിയുള്ളത് മടക്കിക്കെട്ടിവെച്ചു പഴയപോലെ ഇരിപ്പായി. കൈ കഴുകാലോ, വെള്ളം കുടിയ്ക്കാലോ വേണ്ടെന്നോ !  എന്നാല്‍ ഇവരുടെ ഭാണ്ഡത്തില്‍ ഓരോ ചറിയ മൊന്തകള്‍ കണ്ടു. ഇത് പൈപ്പുകളില്‍ നിന്നോ മറ്റോ വെള്ളം കുടിയ്ക്കാന്‍ വേണ്ടി  വെച്ചിരിയ്ക്കുന്നതു തന്നെയാണ്. എനിക്ക് വിശ്വസിക്കാന്‍ പറ്റാത്ത സംഭവമായിരുന്നു അത്. സ്വന്തം വീട്ടില്‍ നിന്നോ ബന്ധുക്കളുടെ വീടുകളില്‍ നിന്നോ അല്ലാതെ മറ്റിടങ്ങളില്‍ നിന്നും ഭക്ഷണം കഴിച്ചു ശീലമില്ലാത്തവര്‍ക്ക് ഈ കാഴ്ച തീരെ ദഹിയ്ക്കില്ല. കോളേജില്‍ പഠിയ്ക്കുന്ന കാലത്ത് ഹോസ്റ്റലില്‍ താമസിച്ചു ഭക്ഷണം കഴിച്ച ശീലം ഉണ്ട്  അപൂർവ്വം  ഹോട്ടലുകളിലും പോയിട്ടുണ്ട്. എന്നാലും........

കട്ടിയുള്ള ആ 'റൊട്ടി',അഥവാ ചപ്പാത്തി പോലുള്ള സാധനം 'ബാജറ' എന്ന ധാന്യം കൊണ്ടുള്ളതാണ്. ധാന്യപ്പൊടി കുഴച്ചു മാവുരുട്ടി കൈകൊണ്ടു അതിസമര്‍ദ്ധമായി വൃത്താകൃതിയില്‍ പരത്തിയെടുത്തുചൂടുള്ള കല്ലിലൊന്ന് ഇട്ടെടുത്തു തീക്കനലില്‍ ചുട്ടെടുക്കുന്നു. സാധാരണക്കാരന് രുചി ഇഷ്ടമാകാനും വയറിനു സ്വീകാര്യമാകാനും അത്രപെട്ടെന്നു പറ്റില്ല. ഗ്രാമത്തിലെ ആതിഥ്യം ധാരാളം അനുഭവിക്കേണ്ടി വന്ന അനുഭവത്തില്‍ നിന്നും ഇവരുടെ ശീലങ്ങളെപ്പറ്റി എന്നെ വിസ്തരിച്ചു കേൾപ്പിച്ചു. അതേപോലെ  അവരുടെ ആതിഥ്യ രീതിയെപ്പറ്റിയും പറയാന്‍ തുടങ്ങി. നിലക്കടലകൊണ്ടുണ്ടാക്കിയ ചട്നിയും, കടലമാവുകൊണ്ടുണ്ടാക്കിയ പിട്ലയും, കാളൂണ്‍ എന്ന് പറയുന്ന കറിയുമൊക്കെ ഇവര്‍ക്ക് പ്രിയപ്പെട്ടതാണത്രെ.. ധാരാളം 'കോതംബിര്‍' (കൊത്തമല്ലിയില) ഇവരുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നുണ്ട് എന്നുമൊക്കെ. ഇനിമുതൽ എന്റെ ഭക്ഷണം എങ്ങിനെ ആവുമോ എന്ന ശങ്ക ഉള്ളിൽ പൊന്തി വന്നു.

ഒന്നിനുമേല്‍ ഒന്നൊന്നായി  അത്ഭുതങ്ങള്‍  കണ്ടും കേട്ടും നേരം പോയതറിഞ്ഞില്ല. 8 മണിയ്ക്ക്   വണ്ടി അഹമദ് നഗര്‍ സ്റ്റേഷന്‍-ല്‍ എത്തി.  അങ്ങിനെ 3 പകലുകളും 3 രാവുകളും കഴിഞ്ഞു ലക്ഷ്യസ്ഥാനത്ത് എത്തിച്ചേര്‍ന്നു. സ്റ്റേഷന്‍-ല്‍ നിന്നും പുറത്തു കടന്നു. യാത്രികളെ സ്വീ കരിയ്ക്കുന്നത്  ഒട്ടോറിക്ഷകളോ, ടാക്സികളോ അല്ല. കുതിരവണ്ടികളും സൈക്കിള്‍ റിക്ഷകളും നിരന്നു  നില്‍ക്കുന്നു. കുട്ടിക്കാലത്ത് തൃശൂരില്‍ വെച്ച് കുതിര വണ്ടി കണ്ടതോര്‍ത്തു. എന്തായാലും സാധനങ്ങള്‍ കുതിര വണ്ടിയില്‍ എടുത്തു വെച്ചു ആദ്യത്തെ കുതിര സവാരിയ്ക്ക്‌  തുടക്കം കുറിച്ചു. വണ്ടിക്കാരാന്‍ കുതിരയ്ക്ക് മനസ്സിലാകുന്ന ഭാഷയില്‍ ശബ്ദമുണ്ടാക്കിക്കൊണ്ട് അതിനെ തെളിച്ചു കൊണ്ടിരുന്നു. കയ്യിലെ ചാട്ടവാര്‍ വീശി ഇടയ്ക്ക് ശബ്ദമുണ്ടാക്കും. കുണുങ്ങിക്കുണുങ്ങി, ടപ്, ടപ്പ്‌ ശബ്ദത്തിന്‍റെ ലയത്തില്‍ ഞാനങ്ങിനെ ഇരുട്ടിലേക്ക് നോക്കിയിരുന്നു. ......
എന്തായാലും വന്നപോലെ കാണാം എന്ന ചിന്തയിൽ.....

Saturday, 30 October 2021

വായന :__ പി


Uma Namboodiri
24 November, 2015

 

വായിച്ചിട്ടും, വായിച്ചിട്ടും തീരാത്ത ഒരു പുസ്തകം, 'കവിയുടെ കാല്പ്പാടുകൾ'. അതെ. മഹാകവി പി.കുഞ്ഞിരാമന് നായരുടെ ആത്മകഥാംശമായ 700 ഓളം പേജുവരുന്ന ഈ പുസ്തകം സമ്പൂര്ണ്ണ ആത്മകഥയായി മാറിയത്, പലപ്പോഴായി അദ്ദേഹം എഴുതിവെച്ചതും, ഡി സി ബുക്ക്സ് പ്രസിദ്ധീകരിച്ചതുമായ 'നിത്യകന്യകയെത്തേടി', 'എന്നെതിരയുന്ന ഞാന്' എന്നിവ കൂടി ഉൾപ്പെടുത്തിയപ്പോളാണ്.
ഒരു കവി, മഹാദാര്ശനികനും, ഋഷിതുല്യനും, ക്രാന്തദര്ശിയൂമൊക്കെയാണെന്ന് മനസ്സിലാകുന്നത്‌ ഇത്തരം വായനകളിലൂടെയാണ്. .
ഓരോ പുനര്വായനയിലും പുതിയ പുതിയ അര്ത്ഥങ്ങള്‍, കവി പങ്കുവെയ്ക്കുന്ന ഓരോഅനുഭൂതികളിലും നമുക്ക് കണ്ടെത്താൻ കഴിയും.
കാളിദാസനെ മനസ്സില് കൊണ്ടുനടന്ന്, കവിതയെ പ്രേമിച്ച്, നിത്യകാമുകിയായ, നിത്യകന്യകയായ ആ പ്രണയിനിയെത്തേടി ഭാരതപ്പുഴയുടെ തീരത്ത്‌ കൂടെയുള്ള പ്രയാണമാണ് കവിയുടെ ജീവിതയാത്ര.
പുഴയോരത്തെ ഗ്രാമഭംഗിയിൽ സ്വയം സമര്പ്പിച്ച സംഘര്ഷഭരിതമായ ജീവിതം. എല്ലാ ജിവിതസൌഭാഗ്യങ്ങളും കൂടെയുണ്ടായിട്ടും ശാരീരികമായും മാനസികമായും, സാമ്പത്തീകമായുമൊക്കെ ഏറെ കഷ്ടപ്പെടേണ്ടിവന്ന മനുഷ്യന്‍ .

താനും പ്രകൃതിയും രണ്ടല്ല, എന്ന ബ്രഹ്മസത്യം മനസ്സിലാക്കിയ കവിയ്ക്ക് തന്റെ ചുറ്റുമുള്ള മനുഷ്യരുടെ കപടമുഖം മനസ്സിലാക്കാൻ തീരെകഴിഞ്ഞില്ല. .നൈമിഷികമായ ജീവിതസുഖങ്ങള്‍ ദുഃഖംമാത്രം സമ്മാനിച്ചപ്പോള്‍ കവി വിശ്വദാര്ശനികനായി മാറുകയായിരുന്നു.
1967-ല്‍ 'താമരത്തോണി'യ്ക്ക് സാഹിത്യഅക്കാദമി അവാര്ഡ് ലഭിച്ചു. 'കളിയച്ഛന്' 1955-ൽ മദ്രാസ്‌ സര്ക്കാരിന്റെ അവാര്ഡ് നേടിയ കൃതിയാണ്. അധ്യാപകവൃത്തി, പത്രപ്രവര്ത്തനം, നാടകങ്ങൾ, പ്രബന്ധങ്ങൾ, ബാലസാഹിത്യം തുടങ്ങി നിരവധി മേഖലകളില്‍ അദ്ദേഹം തിളങ്ങിനിന്നു.
വായിക്കുന്നവന്റെ കരളലിയ്ക്കുന്നത്ര ഹൃദയസ്പ്രുക്കായാണ് കവി, താന് ചെയ്ത ഓരോ കര്മ്മങ്ങള്‍ ഏറ്റു പറഞ്ഞുകൊണ്ട് എഴുതിയിരിക്കുന്നത്‌. തന്റെ അശ്രദ്ധയാല്‍ നഷ്ടപ്പെട്ടുപോയ നിരവധി കവിതകളെക്കുറിച്ച് കവിയ്ക്ക് പിൽക്കാലത്ത് സങ്കടം തോന്നിയിട്ടുണ്ട്.

സ്നേഹസമ്പന്നരായ അച്ഛനമ്മമാരുടെ പ്രതീക്ഷകൾക്ക് വിപരീതമായി എല്ലാ ഐശ്വര്യങ്ങളും, സുഖസൌകര്യങ്ങളും ത്യജിച്ചു നാടുവിട്ടുപോയി അനാഥ ജീവിതം ഏറ്റുവാങ്ങിയ കവി. സമ്പത്തു കൊടുത്തു പ്രാരാബ്ധങ്ങള്‍ഏറ്റു വാങ്ങിയ കവി. അച്ഛന്‍ ഒരു ദിവ്യനാണെന്നും, തന്റെ അമ്മ ഒരു യോഗിനിയാണെന്നും, താനൊരു ഭോഗിയാണെന്നുമുള്ള കുമ്പസാരം വല്ലാതെ ഉള്ളിലല്‍ത്തട്ടുന്നു.
.
പ്രപഞ്ച സൌന്ദര്യം അപ്പാടെ എത്രമാത്രം മനോഹരമായാണ് കവി നമുക്കായി സമര്പ്പിയ്ക്കുന്നത് ! അതെപോലെത്തന്നെ ഈ ദേശത്തെ സംസ്കൃതിയും, ചരിത്രവും വളരെ കൃത്യമായും, വ്യക്തമായും നമുക്ക് പറഞ്ഞു തരികയും ചെയ്യുന്നു..
കാഞ്ഞങ്ങാട്ടു നിന്ന് നിളയോരത്തെയ്ക്ക് തീവണ്ടി കയറുമ്പോള്‍ കാവ്യകന്യക മാത്രമായിരുന്നൂ മനസ്സില്‍. 14വയസ്സില്‍ ആത്മാവില്‍ കുടിയിരുന്ന നിത്യകാമുകി. അവളെത്തേടിയുള്ള യാത്രയാണ് ആ കാല്‍ പ്പാടുകള് പിന്തുടര്ന്നാല്‍ നമുക്ക് കാണാന്‍ കഴിയുക. അതിന്നിടയില്‍ ബാഹ്യമായതെല്ലാം നഷ്ടപ്പെട്ടെങ്കിലും ഋഷിതുല്യനായ കവിയ്ക്കു ആരോടും പരിഭവവും പരാതിയുമീല്ല.
നാട്ടുകാരെല്ലാം കല്ലെറിഞ്ഞിട്ടും തനിക്കൊന്നും ഏറ്റിട്ടില്ലെന്നു വിശ്വസിച്ച നാട്ടുമാവായി തലയെടുത്തുപിടിച്ചു നടന്നുപോയ മഹാകവി, ഈശ്വരവിശ്വാസിയായ, ദീര്ഘദര്ശിയായ, രാജ്യസ്നേഹിയായ, നിസ്വാര്ത്ഥനായ ആ വിശ്വകവി, തന്റെ പാദമുദ്രകള്‍ നമ്മുടെ മണ്ണില്‍ അനശ്വരമായി പതിപ്പിച്ചുകൊണ്ടുതന്നെയാണ് കടന്നു പോയരിയ്ക്കുന്നത്.
കവി തന്നെത്തന്നെ ഇങ്ങിനെ വരച്ചു കാട്ടുന്നു----.നാറുന്ന ചെളിക്കുളം. അതിലൊരു താമരമൊട്ട്. കുത്തിക്കീറുന്ന ഇരുട്ടത്ത് ഒരു കെടാവിളക്ക്. കറുത്ത ഉരകല്ല്, അതിലൊരു സുവര്ണ്ണരേഖ. ഞെരിയുന്ന മനുഷ്യൻ. വിരിയുന്നകവി.

.__അതാണ്‌ പി.കുഞ്ഞിരാമന്നായര്.

Wednesday, 27 October 2021

വായന--അടയ്ക്കാപുത്തൂർ നാട്ടു പഴമ

 Uma Namboodiri

January 31, 2015 ·

ജിസകോ ന അപ്നെ ബന്ധുവോ കെ ദുഖ് കാ ധ്യാന്‍ നഹിം....എന്നോ മറ്റോ തുടങ്ങുന്ന ഹിന്ദി പദ്യത്തിലെ വരികൾ സ്കൂളിൽ പഠിച്ചത് ഓര്‍ക്കുന്നു.....
അത് അവസാനിക്കുന്നത്, 'വഹ് നര്‍ നഹി, നര്‍പശു നിരാ ഹെ ഔര്‍ മൃതക് സമാന്‍ ഹെ....എന്ന വരിയിൽ .
.ഈ കവിത എഴുതിയത് 'നിരാല ജി ' ആണെന്നാണ്‌ ഓര്‍മ്മ.

പദ്യത്തിന്റെ സന്ദേശം ഇങ്ങിനെ --- ആര്‍ക്കാണോ അവനവ്‍ന്റെ പൂര്‍വജരെ പറ്റി ജ്ഞാനമില്ലാത്തത്, ആര്‍ക്കാണോ അവനവന്റെ ബന്ധുക്കളുടെ ദുഃഖം  അറിയാ്ൻ കഴിയാത്തത്.........തുടങ്ങി, അങ്ങിനെയുള്ള ആള്‍, മനുഷ്യനല്ല, മനുഷ്യമൃഗമാണ്‌, അഥവാ, ശവത്തിനു തുല്യം തന്നെ .
നമ്മുടെ കുലമഹിമയോ, കുടുംബമഹിമയോ, സ്വന്തം ബന്ധുക്കളെപറ്റിയോ, അറിയുന്നവര്‍ അഥവാ അറിയാന്‍ ആഗ്രഹിയ്ക്കുന്നവർ എണ്ണത്തിൽ വളരെ കുറവ് തന്നെ.
അങ്ങിനെ തോന്നുന്നവര്‍ ഉണ്ടെങ്കിൽ മിക്കവരും അവനവന്റെ നാടിനെക്കുറിച്ചും, നാട്ടിന്റെ പെരുമയെ കുറിച്ചും, മഹിമയെ കുറിച്ചും അതിന്‍റെ തനിമയെ കുറിച്ചും അറിയാന്‍ താല്പര്യമുള്ളവരായിരിക്കും.

'അടയ്ക്കാപുത്തൂര്‍ നാട്ടു പഴമ', ശ്രീ മോഹനന്‍ മാസ്ടരുറെ ഓര്‍മ്മക്കുറിപ്പോടെ, ഗവേഷകനും എഴുത്തുകാരനുമായ ശ്രീ രാജേന്ദുവിന്‍റെ വിശദമായ പഠന റിപ്പോര്‍ട്ടോടെ തദ്ദേശവാസികള്‍ക്കും, വരും തലമുറയ്ക്കും, പതിന്നാലു ദേശത്തേയ്ക്കും, നെടുങ്ങനാട്ടിലേക്കും, വള്ളുവനാട്ടിലെയ്ക്കുമായി സമര്‍പ്പിച്ചിരിയ്ക്കുന്നു..
അടയ്ക്കാപുത്തുരിന്‍റെ സ്ഥാനം, അഥവാ,കിടപ്പ് രേഖപ്പെടുത്തുന്ന കൂട്ടത്തില്‍ നാലതിരുകള്‍, തട്ടകത്തെ നദികള്‍,തോടുകള്‍,(വലുതും,ചെറുതും,), മലകള്‍, ആരാധനാ കേന്ദ്രങ്ങള്‍,വിദ്യാലയങ്ങള്‍, സ്ഥലത്തെ പ്രധാന ദിവ്യന്മാര്‍, തുടങ്ങി പ്രാചീനകാലം മുതല്‍ എ .ഡി ൧൯-ആം (19) നൂറ്റാണ്ടുവരെയുള്ള കാലത്തെ വിശദമായ പഠന വിവരങ്ങൾ ഈ പുസ്തകത്തിൽ രേഖപ്പെടുത്തിയിരിയ്ക്കുന്നു.
പതിനാല് ദേശം, മറ്റു തട്ടകങ്ങളൂമായി ചേര്‍ന്ന് വള്ളുവനാടായി മാറിയതും, വള്ളുവനാടൻ ഭാഷ മലനാട് മുഴുവനായി അന്ഗീകരിച്ചതിന്റെയുമൊക്കെ വിവരണങ്ങള്‍ ഈ പുസ്തകത്തിൽ വളരെ നന്നായി കൊടുത്തിരിയ്ക്കുന്നു.

അദ്ധ്യാപകനും, പൊതുജന പ്രവര്‍ത്തകനുമായ ശ്രീ എം.പി. മോഹനന്‍ മാസ്ടെര്‍ തന്റെ ജന്മ ദേശത്തിന്റെ ചരിത്ര പശ്ചാത്തലം മനോഹരമായി വരച്ചു കാണിച്ചു തരുന്നുണ്ട്..
പ്രകൃതി അനുഗ്രഹിച്ചു സമ്പത് സമൃദ്ധി നല്കിയ നാട്, അതില്‍ ജന്മമെടുത്ത സാഹിത്യത്തിലും, കലയിലും മറ്റും വ്യക്തി മുദ്ര പതിപ്പിച്ച മഹാന്മാര്‍, ഒന്നാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത ആദരണീയ വ്യക്തികള്‍, യുദ്ധത്തടവുകാര്‍, തദ്ദേശവാസികള്‍, എന്ന് വേണ്ട സമസ്തമേഖലയിലും പേരുകേട്ട മഹദ് വ്യക്തികള്‍ --- 
എല്ലാവരെയും പറ്റി ആകര്‍ഷകമായി പ്രദിപാദിച്ചിരിയ്ക്കുന്നു.

 കുടിയേറി പാര്‍ത്തവര്‍, വിവിധ കാലത്തെ ഭരണകര്‍ത്താക്കൾ, യുദ്ധകാലത്തെ കെടുതികള്‍, ആചാരങ്ങള്‍, ദേശത്തെ ഉത്സവങ്ങള്‍, നാട്ടു സമ്പ്രദായങ്ങള്‍,  നാടിന്റെ തനതായ കളികള്‍, വേലകള്‍, ശേഖരീപുരം ക്ഷേത്രത്തിലെ ചുവര്‍ ചിത്രങ്ങള്‍, 
മാറിവരുന്ന കാലത്തിനനുസരിച്ച മാറ്റങ്ങള്‍ ----എല്ലാം മനോഹരമായി വിവരിച്ചിരിയ്ക്കുന്നു.

അടയ്ക്കാപുത്തൂരിലെ ഓട്ടുപാത്രങ്ങൾ, വാൽക്കണ്ണാടി നിര്‍മ്മാണം, തോട്ടരകത്തി 
 എന്നിവ ഇന്ന് രാജ്യാന്തര പ്രസിദ്ധി നേടിയിരിയ്ക്കുകയാണ്. എഴുതി തീരാത്തത്ര പെരുമയും, തനിമയും നിറഞ്ഞ വള്ളുവനാട്ട് ചരിത്രം!!

അനാഥനായി അടയ്ക്കാപുത്തുരില്‍.എത്തിച്ചേര്‍ന്നു ചുറ്റും ഉള്ള വീട്ടുകാര്‍ക്കൊക്കെ എല്ലാവിധ സഹായ സഹകരണങ്ങളും ചെയ്തു ജീവിച്ച കോരപ്പൻ, മുക്കൂട്ടപെരുവഴിയ്ക്കടുത്ത് നട്ടു വളര്‍ത്തിയ ആല്‍മരം വഴിയടയാളമായി തീര്‍ന്നത് ചരിത്രം. കോരപ്പനാല്‍ ജങ്ങ്ഷനിൽ കച്ചവടം ചെയ്തിരുന്ന, ബസ്സുകയറാൻ വരുന്ന വര്‍ക്ക് കടയിലെ ബഞ്ച് ഇട്ടു കൊടുത്തിരുന്ന നല്ല മനസ്ഥിതിക്കാരനായ മരയ്ക്കാര്‍....അങ്ങിനെ എത്ര എത്ര നന്മാനസ്സുള്ളവര്‍ പാദമുദ്ര പതിപ്പിച്ചു പോയ നാട് !!

ഈ ദേശക്കാര്‍ക്കു എല്ലാ വിധ നന്മകളും ഉണ്ടാകട്ടെ!!! 
ഈ ദേശക്കാരെ നമുക്ക് പരിചയപ്പെടുത്തിയ ശ്രീ രാജേന്ദുവിനു വളരെയധികം നന്ദി........നമസ്കാരം....

".....വിട്ടു പോകവേ, പിമ്പി്ൽ കാലമാം മണലിങ്ക-
ലിട്ടുവെയ്ക്കയും വേണം നമ്മൾതൻ കാല്‍പ്പാടുകൾ ........"

(ഇടശ്ശേരി) 

വായന --- ആമുഖം , കേദാറിലെ കാക്കകൾ


സ്പന്ദനങ്ങള്‍ :-

ഡിസംബർ, 29, 2015

നല്ലൊരു മദ്ധ്യാഹ്നം.
കാരണം ഏറെക്കാലത്തിനു ശേഷമാണ് വടുക്കോര്‍ത്ത് ഒരു വിശിഷ്ടാതിഥി എത്തിച്ചേരുന്നത് .
സ്വയം വിളിച്ചറിയിക്കുകയാണ് --  കാ, കാ, ക്രാ ക്രാ...ഞാൻ എത്തിയിട്ടുണ്ടേ എന്ന്. ....
കുറച്ചു ചോർ വിളമ്പിക്കൊടുത്തു. വളരെ സന്തോഷം തോന്നി. മാസങ്ങളായിക്കാണും  ഒരു കാക്ക ഭക്ഷണം ചോദിച്ചു വന്നിട്ട് !. ചാഞ്ഞും ചെരിഞ്ഞും  കണ്ണുകാട്ടി നോക്കി പ്രത്യേക രീതിയില്‍ കുറുകി നന്ദി പറഞ്ഞശേഷം ക കാര വർഷം ചൊരിഞ്ഞു. 'വിരുന്നുകാരുണ്ടാകും, ഭക്ഷണം കരുതിക്കോളിന്‍' എന്നു മുന്നറിയിപ്പ്.

കാക്കകളുടെ കരച്ചില്‍ (കരയലല്ലാ, അതിന്‍റെ സ്വാഭാവിക ശബ്ദം) കേള്‍ക്കുന്നത് അപൂര്‍വമായ സംഭവമായിക്കൊണ്ടിരിക്കുകയാണല്ലോ? (ഇവയ്ക്കു വംശനാശം സംഭവിയ്ക്കുന്നുണ്ടോ എന്നു കൂടെ സംശയിക്കേണ്ടിയിരിക്കുന്നു !).

ഒരുകാലത്ത് മനുഷ്യന്റെ നിത്യജീവിതവുമായി ഇത്രയധികം ഇണങ്ങിക്കഴിഞ്ഞിരുന്ന മറ്റൊരു ജീവി ഉണ്ടായിരുന്നില്ല എന്ന് വേണമെങ്കില്‍ പറയാം. കാക്കകളുമായി മനുഷ്യന്റെ ബന്ധം അത്ര പ്രബലമാണ്. നിത്യസന്ദർശകരായ ഇവർ കണ്ണില്‍ക്കണ്ടതൊക്കെ കൊത്തിത്തിന്നുന്നവരാണ്. എന്നാലും ഇവര്‍ക്ക് നമ്മുടെ കോലായില്‍ നല്ലസ്ഥാനം തന്നെയാണ് നല്‍കിയിരുന്നത്. കാരണം,
"ചീത്തകൾ കൊത്തിവലിക്കുകിലും
ഏറ്റവും വൃത്തിവെടുപ്പെഴുന്നോൾ "ആയതുകൊണ്ട്.

മിറ്റത്ത്‌ ഉണക്കാന്‍ വെയ്ക്കുന്ന ധാന്യങ്ങളും, കൊണ്ടാട്ടനും, കൊപ്രയുമെല്ലാം കൊത്തിയെടുക്കാന്‍ ഓട്ടക്കണ്ണിട്ട്, കഴുത്തു വെട്ടിച്ചു, ചാഞ്ഞും, ചെരിഞ്ഞും തഞ്ചം നോക്കിയിരുന്ന അവനെ (അവളെ) തോല്‍പ്പിയ്ക്കാന്‍ പഴയ ശീലക്കുട വെയ്ക്കും. കൂട്ടത്തില്‍ നന്നായി ശകാരിയ്ക്കുകയുംചെയ്യും. അപ്പോള്‍, കൌശലക്കാരായ ഇക്കൂട്ടര്‍ വേറെ എന്തെങ്കിലും കൊത്തിക്കൊണ്ടു പോകാന്‍ മടിയ്ക്കില്ല. എന്നാല്‍ അതുകൊണ്ട് നമുക്കാകട്ടെ ദേഷ്യമൊട്ടില്ലതാനും. മണ്ടയിലൊന്നു ഞോണ്ടിപ്പോയാലും, കയ്യിലെ നെയ്യപ്പം സൂത്രത്തില്‍ കൊത്തിപ്പോയാലും ചെറിയ പരിഭവം മാത്രം.
അല്ലെങ്കിലും, ധര്‍മ്മ ശാസ്ത്രത്തില്‍ ഇടം നേടിയ കാകന്മാരെ (പഞ്ചതന്ത്രം കഥകള്‍) ബഹുമാനിയ്ക്കാതെ പറ്റുമോ?ഇവരുമായി ഒരു ജന്മജന്മാന്തര ബന്ധമാണ് നമുക്കുള്ളതെന്നു വിശ്വസിക്കാനാണ് നമുക്കിഷ്ടം. അതുകൊണ്ടാണല്ലോ, മുടങ്ങാതെ കാരണവര്‍മാര്‍ പണ്ട് 'മൃഗബലിയജ്ഞം' നടത്തിയിരുന്നത്. വൈശ്യത്തട്ടില്‍ നേദിച്ചു വെച്ച 'നേദ്യച്ചോറ്' കഴിക്കരുതെന്ന് അന്നു ശാസനയായി പറയുമ്പോള്‍ അര്‍ത്ഥം മനസ്സിലായിരുന്നില്ല.

ഓരോ ശ്രാദ്ധവും പര്യവസാനിയ്ക്കുന്ന കൈകൊട്ടി കാക്കകളെ വരുത്തുന്ന കര്‍മ്മം എത്ര ഉദാത്തമായതാണെന്ന് ഒരുവിശ്വാസിക്കെ മനസ്സിലാകൂ. പിത്രുക്കള്‍ക്കുള്ള ബലി/വെലിച്ചോറ്, കാക്ക കൊത്തിയില്ലെങ്കില്‍ എത്ര മനോവ്യഥയാണ് പലരും അനുഭവിയ്ക്കുന്നത്!

കാലം മാറുമ്പോള്‍ . കാക്കകള്‍ അപൂര്‍വജീവികളായിത്തുടങ്ങിയോ? നേരം വെളുക്കാന്‍ കാക്കകള്‍ വേണമെന്നില്ലാതായല്ലോ, അല്ലെ?
കാക്കപുരാണം അത്രപെട്ടെന്ന് പറഞ്ഞുതീര്‍ക്കാന്‍ തീര്‍ക്കാന്‍ പറ്റില്ല. തല്‍ക്കാലം ഒരനുബന്ധം പറഞ്ഞു നിര്‍ത്താം......(.തുടരും.)



സ്പ ന്ദനങ്ങള്‍ :_കേദാറിലെ കാക്കകള്‍ _2

april 2017 

മിനിഞ്ഞാന്ന് പേരക്കുട്ടിയുടെ കൂടെ പുസ്തകങ്ങള്‍ വാങ്ങാനായി തൃശൂരില്‍ പോയി.
കുട്ടി, അവള്‍ക്കുവേണ്ട പുസ്തകങ്ങള്‍ അമ്മയുടെ സഹായത്തോടെവാങ്ങി..

വായനയില്‍ ഓരോരുത്തര്‍ക്കും ഓരോ രുചി. ഞാനെടുത്തപുസ്തകം, 'ധ്യാന്‍ തര്‍പ്പണ്‍' എഴുതിയ 'കേദാര്‍നാഥിലെ കാക്കകള്‍'. പേരിലെ വ്യത്യസ്തതയും, പേജ് മറിച്ചപ്പോള്‍ ശിവപുരിബാബയെപ്പറ്റി പ്രതിപാദിച്ച അദ്ധ്യായം ശ്രദ്ധയിൽപ്പെട്ടതുമാണ് ആ പുസ്തകം വാങ്ങാന്‍ എന്നെ പ്രേരിപ്പിച്ചത്.
പുസ്തകത്തിന്  132 പേജുകള്‍, 9 അദ്ധ്യായങ്ങള്‍.

ആദ്യം തന്നെ ബാബയെപ്പറ്റി എന്താണ് എഴുതിയതെന്നു നോക്കി.
ബോധോദയം കിട്ടിയ ശേഷം ഭാരതം മാത്രമല്ല, ലോകം മുഴുവനും സഞ്ചരിച്ച ഋഷി തുല്യനായ, 137--ആം വയസ്സില്‍ ദേഹത്യാഗം ചെയ്ത ശിവപുരി ബാബയെപ്പറ്റി  വിസ്തരിച്ചിരിയ്ക്കുന്നു.

പിന്നെ കേദാറിലെ കാക്കകള്‍ക്ക് എന്താണിത്ര പ്രത്യേകത എന്ന് ചിന്തിച്ചു വായന തുടങ്ങി.
കേദാര്‍നാഥക്ഷേത്രത്തിനു കുറച്ചപ്പുറത്ത്‌ കാവല്‍നായകനായ, ശിവഭൂതങ്ങളില്‍ ഒരാളായ കാലഭൈരവന്റെ പ്രതിഷ്ഠയുണ്ട്. തൊട്ടപ്പുറത്തുള്ള പാറയില്‍ വിടര്‍ത്തിപ്പിടിച്ച ചിറകുകളുമായി, കാലഭൈരവനെ നോക്കി, ഈറന്‍ ശരീരവുമായി ശാന്തരായി വെറുതെയിരിയ്ക്കുന്ന കാക്കകള്‍. ബലിക്കാക്കകള്‍. അന്തരീക്ഷത്തിലെ കുളിര്‍മ്മ അവയുടെ ശബ്ദത്തെയും ബാധിച്ചിരിയ്ക്കുന്നു. എഴുത്തുകാരന്‍ പറയുന്നു, 3 കാലങ്ങളേയും മറികടന്നുകൊണ്ടുള്ള ഒരു സ്വനസംക്രമണം അദ്ദേഹത്തിനു കാക്കകളുടെ ശബ്ദത്തില്‍ അനുഭവപ്പെടുന്നു എന്ന്. അതല്ലെങ്കില്‍ കാക്കകളുടെ കരച്ചിലിന് 'കാലഭൈരവത്വം' ഉണ്ട്, എന്ന്. നമ്മുടെ വിചാര- വികാരങ്ങളുടെ ഭിത്തി ഭേദിച്ച് കടക്കാന്‍ കഴിയുന്ന ശബ്ദത്തിനുടമ. ഒരു'അതീതത്വ' സ്വഭാവമുള്ള പക്ഷി. ചിരഞ്ജീവി.

അങ്ങിനെ കേദാര്‍നാഥിലെ കാലഭൈരവനെ നോക്കിയിരിയ്ക്കുന്ന ശാന്തരായ കാക്കക്കൂട്ടം എഴുത്തുകാരനെ ജീവന്റെ നിഗൂഢങ്ങളായ തലങ്ങളിലേയ്ക്ക് എത്തിയ്ക്കുകയാണ്.
ഓഷോയുടെ മെഡിറ്റേഷന്‍ റിസോര്‍ട്ടില്‍ ശബ്ദതരംഗങ്ങള്‍ കടന്നുവരാത്ത പിരമിഡില്‍ ധ്യാനാവസ്ഥയില്‍ ഇരിയ്ക്കുമ്പോള്‍, മൌനത്തിന്റെ മുഹൂര്‍ത്തങ്ങളില്‍ ആണ്ടിരിക്കുംപോള്‍ കാക്കയുടെ ശബ്ദം തനിയ്ക്കുള്ളില്‍ നിന്നും കേള്‍ക്കാന്‍ സാധിയ്ക്കുന്നു വന്നു ധ്യാന്‍ തര്പ്പണ്‍ പറയുന്നു.

ഈ പുസ്തകം ഹിമാലയന്‍ യാത്രാനുഭൂതി പങ്കുവെക്കുന്ന ഒന്നാണ്. 12000 അടി മുകളിലേയ്ക്ക് നമ്മള്‍ എത്തുമ്പോള്‍, അതിലും ഉയരങ്ങളിലേയ്ക്ക് നമ്മുടെ മാനസിക നില ഉയര്‍ത്താന്‍ കഥാകാരന് സാധിയ്ക്കുന്നു. കാരണം അദ്ദേഹത്തിനുള്ള ദാര്‍ശനികപരമായ കാഴ്ചപ്പാടുകള്‍ അറിഞ്ഞോ അറിയാതെയോ നമ്മളിലും എന്തൊക്കെയോ അനുഭൂതി നിറയ്ക്കുന്നുണ്ട്.
ഖലീല്‍ ജിബ്രാനെയും, ഓഷോവിനെയും,സ്മരിച്ചുകൊണ്ട്, സെന്‍ കഥകളുമായി കഥാകാരന്‍ നമ്മളെ പുതിയൊരു മാനസികനിലയിലയിലേക്ക് ഉയര്‍ത്തുന്നു.

ബാവുളിന്റെ വേഷമണിഞ്ഞു പൌര്‍ണ്ണമി രാവില്‍ നിറകണ്ണുകളോടെ ആനന്ദിച്ചു നില്‍ക്കുമ്പോള്‍ ധ്യാന്‍ ഓര്‍ത്തു, ഒരു 'ഏക്‌ താര' ഉണ്ടായിരുന്നെങ്കില്‍ ! ചുണ്ടുകളില്‍ ബാവുള്‍ സംഗീതം ഉണ്ടായിരുന്നെങ്കില്‍ !!

തീര്‍ത്ഥാടകരെ ചുമക്കുന്ന നിസ്സഹായരായ കുതിരകളുടെ അവസ്ഥ ഓര്‍ത്ത് പരിതപിച്ചു. ഏതുകാലത്തും പീഡനങ്ങള്‍ ഏറ്റുവാങ്ങാന്‍ വിധിയ്ക്കപ്പെട്ടവര്‍ ! പേശി ബലം ശാപമായിക്കിട്ടിയവര്‍ !!

ഹരിദ്വാര്‍ മുതല്‍ മുകളിലേയ്ക്ക് പോകുന്തോറും അതിമനോഹരങ്ങളായ ഉരുണ്ട വിവിധ നിറത്തിലും,വലുപ്പത്തിലുമുള്ള പാറക്കല്ലുകള്‍ കാണാം. ഇതിനുള്ള കാരണം ഗംഗാസാഗറിലെ കപിലമുനി ആശ്രമത്തിലെ സനാതന ദാസ് പറഞ്ഞു കൊടുക്കന്നു- 'പത്ഥര്‍ ഭാഷാ ഹെ'. മനുഷ്യര്‍ കല്ലുകളില്‍ കവിത വിരിയ്ക്കുന്ന പോലെ പ്രകൃതി ഇവിടെ പാറക്കല്ലുകളില്‍ മനോഹര സൃഷ്ടി നടത്തിയിരിയ്ക്കുന്നു.

ഇന്ത്യയില്‍ മാത്രമല്ല, ചൈന, തിബറ്റ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലും കാക്കകളും മനുഷ്യാത്മാക്കളുമായി ബന്ധപ്പെട്ട വിശ്വാസം നിലനില്‍ക്കുന്നു. തിബറ്റിലെ ബുദ്ധമതക്കാര്‍ കാക്കകള്‍ ബോധോദയത്തിലെ ആത്മാക്കളാണെന്നും അവർ രക്ഷകരായി തിരിച്ചെത്തുമെന്നും വിശ്വസിയ്ക്കുന്നു.

തിബത്തന്‍ ബുദ്ധമതക്കാര്‍ക്ക് രക്ഷകരും, ബോധോദയത്തിലെ ആത്മാക്കളുമാണ് കാക്കകള്‍. ഷെമിനിസക്കാര്‍ ഓരോ മനുഷ്യനും ഓരോ ജീവിയുമായി
ബന്ധമുണ്ടെന്ന് വിശ്വസിയ്ക്കുന്നു.
നമ്മള്‍ 27 ജന്മനാളുകള്‍ക്കു നക്ഷത്രമൃഗവും, നക്ഷത്ര വൃക്ഷവും സങ്കല്‍പ്പിയ്ക്കുന്നപോലെ.
കാക്കകളെ ആത്മ-മുഗമായി ലഭിയ്ക്കുന്നവര്‍ പുണ്യം ചെയ്തവരാണ് എന്നവര്‍ വിശ്വസിയ്ക്കുന്നു. കാക്കകള്‍, ഇഹത്തെയും പരത്തെയും ജയിച്ചവര്‍.

ഇക്കിയു എന്ന സെന്‍ഗുരുവിന്റെ കഥയും ധ്യാന്‍ വിവരിയ്ക്കുന്നുണ്ട്. സെന്‍ ബുദ്ധിസത്തില്‍ കാക്ക ഒരു മൌന സാന്നിധ്യമാണ്.
സെന്‍ കവി ബാഷോ കുറിച്ചിട്ട ഹൈക്യൂ --

ഉണങ്ങിയ ചുള്ളിക്കമ്പിലിരിയ്ക്കുന്ന
കാക്ക
ശരല്‍ക്കാലത്തെ
ഒരു സന്ധ്യ

ഏതു നിമിഷവും ഒടിഞ്ഞു വീഴാവുന്ന ഉണങ്ങിയ ചില്ലയിലിരിയ്ക്കുന്ന കാക്ക. ദുര്ബ്ബലമായിരിയ്ക്കുന്ന അവസാനത്തെ പിടിവള്ളി. ...
പിടി വിട്ടാല്‍ ഏതു നേരവും ഉയര്‍ന്നു പൊങ്ങാന്‍ തയാറായി നില്‍ക്കുന്ന മനസ്സ്.

 ഇക്കിയു എന്ന സെന്‍ഗുരുവിന്റെ കഥയും ധ്യാന്‍ വിവരിയ്ക്കുന്നുണ്ട്

ധ്യാന്‍ തര്‍പ്പണ്‍ ലളിതവും, മനോഹരവുമായ ഭാഷയിലൂടെ വായനക്കാരെ ഹിമാലയത്തിന്റെ ഉന്നതിയിലേക്ക് കൂട്ടിക്കൊണ്ടുപോകുമ്പോള്‍ അറിഞ്ഞോ അറിയാതെയോ കാലാതീതമായി ചിന്തിയ്ക്കാനുള്ള പ്രേരണ കിട്ടുന്നു.

ഒരു നല്ല വായന, നല്ല അനുഭൂതി!
ധ്യാന്‍ തര്‍പ്പണിനു നന്ദി!!
സ്പ ന്ദനങ്ങള്‍ :_കേദാറിലെ കാക്കകള്‍ _2