Tuesday, 16 September 2025

പ്രതികരണം --പത്രം-പാര്‍ദ്ടികള്‍

 April 5, 2016 at 3:06pm ·

എഴുത്തും വായനയും എങ്ങിനെ ഒഴിവാക്കാന്‍???
ചിലപ്പോള്‍ അതൊരു ദുശ്ശീലമായിപ്പോയോ എന്നും സംശയം തോന്നാറുണ്ട്.
വികാരവിചാരങ്ങളെ തൊട്ടുണ‍ര്‍ത്തുന്നവയാണ് മിക്ക വായനകളും...
പത്രം വായനയും അങ്ങിനെത്തന്നെയാകുന്നു! ചിലപ്പോള്‍ വായിച്ചു കഴിഞ്ഞാല്‍ ഇതൊന്നും അറിയാതിരിക്കുകയാണ് നല്ലത് എന്നും തോന്നിപ്പിയ്ക്കും.
ഇന്ന് പത്രത്തിൽ വായിച്ചത്--
൫൦൦ ഓളം ഇന്ത്യക്കാര്‍ക്ക് വിദേശത്തു രഹസ്യ നിക്ഷേപങ്ങള്‍ ഉണ്ടത്രേ.( പ്രിയപ്പെട്ട നടന്‍റെയും, മരുമകളുടെയും മാത്രമേ പേര് പത്രത്തില്‍ കാണുന്നുള്ളൂ.)
(അധികമായാല്‍ അമൃതും വിഷമാണെന്ന് അവര്‍ക്ക് അറിയില്ലായിരിയ്ക്കും!!!)



മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ മുസഫര്‍ അഹമ്മദിന്‍റെ ഒരു ലേഖനം ആരെയും അമ്പരപ്പിയ്ക്കുന്നതും ചിന്തിപ്പിക്കുകയും ചെയ്യാതിരിയ്ക്കില്ല.
ബ്രിട്ടീഷ്‌ ഭരണാധികാരികള്‍ 'ജന്മനാ കുറ്റവാളികള്‍', എന്ന് മുദ്ര കുത്തിയ നാടോടി ഗോത്രവര്‍ഗ്ഗക്കാരുടെ ദുരന്തകഥ. മഹാരാഷ്ട്രയിലെ ലാത്തൂര്‍ ജില്ലയിലെ കഥയാണിത്. സോലാപ്പുര്‍-ലാത്തൂര്‍ ‍ഭാഗത്തെ ഗ്രാമങ്ങളില്‍ കഴിയുന്ന 'കുറ്റവാളി ഗോത്രക്കാര്‍', കാലം കൊണ്ട് കൃഷിയിലും, കരകൌശല വിദ്യകളിലും ഏര്‍പ്പെട്ടത് ഉപേക്ഷിച്ചു വീണ്ടും നാടോടികളായി മാറുകയാണ്. കാരണം കൊടും വരള്‍ച്ചതന്നെ.

ലക്ഷ്മണ്‍ ഗയ്ക്ക് വാദ് ജാതി മൂലം സാധാരണക്കാരന്‍റെ ജീവിതം ജീവിക്കാന്‍ കഷ്ടപ്പെട്ട സാമൂഹ്യ പ്രവര്‍ത്തകനാണ്. അദ്ദേഹത്തിന്‍റെ 'ഉചല്യ' എന്ന ആത്മകഥാംശമായ നോവലിലൂടെയാണ് പുറം ലോകം കുറ്റവാളി ഗോത്രവര്‍ഗ്ഗക്കാരെപ്പറ്റി അറിയുന്നത്.
ഭാരതം സ്വതന്ത്രമായിട്ടും കുറ്റവാളികളായി തുറന്ന ജയിലില്‍ കഴിഞ്ഞിരുന്ന ഈ ഗോത്രവര്‍ഗ്ഗക്കാര്‍ക്ക് 1952-,ആഗസ്റ്റ്‌ 31 ആണ് മോചനം ലഭിയ്ക്കുന്നതു.
ഇന്ത്യ സ്വതന്ത്രയായി 5 വര്ഷം കഴിഞ്ഞു ഒരു നാള്‍ ജവഹര്‍ലാല്‍ നെഹ്‌റു നേരിട്ട് വന്നു ഇവര്‍ സ്വതന്ത്രരായതു പ്രഖ്യാപിക്കുകയാണത്രെ ഉണ്ടായത്.

'വേട്ടക്കാരായ കള്ളന്‍മാർ ' എന്നാണു ബ്രിട്ടീഷ്‌കാര്‍ ഈ ഗോത്രവര്‍ഗ്ഗക്കാരെ, 'പാര്‍ദികളെ' വിളിച്ചിരുന്നത്‌. പാര്‍ദികളെ ബ്രിട്ടീഷ്‌കാര്‍ ഭയന്നിരുന്നു. അല്ലെങ്കില്‍ അവരുടെ ആയുധങ്ങളെ ഭയന്നിരുന്നു.
അവരെ അപകടകാരികളാണെന്ന് മുദ്രകുത്തി ജയിലില്‍ അടയ്ക്കുക മാത്രമല്ല, അടിമകളാക്കുകയും, മൃഗങ്ങളെ വേട്ടയാടാന്‍ ഉപയോഗിക്കുകയും ചെയ്തു.
കൂടാതെ അവിടെയുള്ള എല്ലാ ഗോത്രക്കാരെയും കുറ്റവാളികളായി മുദ്രകുത്തി..
പിന്നീടവരെ തടവുകാരാക്കി മാറ്റുകയും ചെയ്തു.

ബ്രിടിഷ്കാര്‍ നാടുവിട്ടുപോയ കാലം  മറന്നൂതുടങ്ങി..
എന്നിട്ടും നമ്മുടെ നാട്ടില്‍ ഒരു സമൂഹം തൊട്ടു-തീണ്ടലിന്റെ ഇരകളായി അവഗണിയ്ക്കപ്പെട്ടു കഴിയുന്നു. ഇവര്‍ അന്നത്തിനും, അഭയത്തിനും, എന്തിനു ഒരിറ്റു ദാഹ ജലത്തിനായി കേഴുന്ന കാഴ്ച്ചയാണ് നമ്മൾ കാണുന്നത്.
സമ്പത്ത് കുന്നുകൂട്ടി വെക്കുന്നവര്‍  ഒരുഭാഗത്ത്‌......
രൂപ വേണ്ടാ, അന്നവും, വിദ്യാഭ്യാസവും തന്നാല്‍ മതി എന്നു കെഞ്ചുന്നവര്‍ മറുഭാഗത്ത്.....
ഉടുക്കാന്‍ ഒന്നുമില്ലെങ്കിലും ശവക്കച്ചയില്‍ തൃപ്തി കാണിക്കുന്നവര്‍ വേറേയും......
(ശവക്കച്ച = ശ്മശാനത്തില്‍ കൊണ്ടുവരുന്ന മൃതദേഹങ്ങള്‍ പൊതിയുന്ന തുണി) !!!!!

കേഴുക മമ നാടേ!!

No comments:

Post a Comment