April 8, 2016 ഇന്നത്തെ മാതൃഭൂമി ആഴ്ചപ്പതിപ്പില് മുസഫര് അഹമ്മദിന്റെ ഒരു ലേഖനം ആരെയും അമ്പരപ്പിയ്ക്കുന്നതും ചിന്തിപ്പിക്കുകയും ചെയ്യാതിരിയ്ക്കില്ല. . ബ്രിട്ടീഷ് ഭരണാധികാരികള് 'ജന്മനാ കുറ്റവാളികള്' എന്ന് മുദ്ര കുത്തിയ നാടോടി ഗോത്രവര്ഗ്ഗക്കാരുടെ ദുരന്തകഥ. മഹാരാഷ്ട്രയിലെ ലാത്തൂര് ജില്ലയിലെ കഥയാണിത്. സോലാപ്പുര്-ലാത്തൂര് ഭാഗത്തെ ഗ്രാമങ്ങളില് കഴിയുന്ന കുറ്റവാളി ഗോത്രക്കാര് കാലം കൊണ്ട് കൃഷി--.കരകൌശല വിദ്യകളില് ഏര്പ്പെട്ടത് ഉപേക്ഷിച്ചു വീണ്ടും നാടോടികളായി മാറുകയാണ്. കാരണം കൊടും വരള്ച്ചതന്നെ. ലക്ഷ്മണ് ഗയ്ക്ക് വാദ് എന്ന ( ജാതി മൂലം സാധാരണക്കാരന്റെ ജീവിതം ജീവിക്കാന് കഷ്ടപ്പെട്ട) സാമൂഹ്യ പ്രവര്ത്തകന്റെ 'ഉചല്യ' എന്ന ആത്മകഥാംശമായ നോവലിലൂടെയാണ് പുറം ലോകം കുറ്റവാളി ഗോത്രവര്ഗ്ഗക്കാരെപ്പറ്റി അറിയുന്നത്. ഭാരതം സ്വതന്ത്രമായിട്ടും കുറ്റവാളികളായി തുറന്ന ജയിലില് കഴിഞ്ഞിരുന്ന ഈ ഗോത്രവര്ഗ്ഗക്കാര്ക്ക് 1952-,ആഗസ്റ്റ്31 ആണ് മോചനം ലഭിയ്ക്കുന്നതു. ഇന്ത്യ സ്വതന്ത്രയായി 5 വര്ഷം കഴിഞ്ഞു ഒരു നാള് ജവഹര്ലാല് നെഹ്‌റു നേരിട്ട് വന്നു ഇവര് സ്വതന്ത്രരായതു പ്രഖ്യാപിച്ചു. 'വേട്ടക്കാരായ കള്ളന്മാര്' എന്നാണു ബ്രിട്ടീഷ്‌കാര് പാര്ദി എന്ന ഗോത്രവര്ഗ്ഗക്കാരെ വിളിച്ചിരുന്നത്. പാര്ദികളെ ബ്രിട്ടീഷ്‌കാര് ഭയന്നിരുന്നു. അല്ലെങ്കില് അവരുടെ ആയുധങ്ങളെ ഭയന്നിരുന്നു. അവരെ അപകടകാരികളാണെന്ന് മുദ്രകുത്തി ജയിലില് അടച്ചു മൃഗങ്ങളെപ്പോലെ അടിമകളാക്കുകയും ചെയ്തു.. ബ്രിടിഷ്കാര് നാടുവിട്ടുപോയ കാലം മറക്കാറായി. എന്നിട്ടും നമ്മുടെ നാട്ടില് ഒരു സമൂഹം തൊട്ടു-തീണ്ടലിന്റെ ഇരകളായി അവഗണിയ്ക്കപ്പെട്ടു അന്നത്തിനും, അഭയത്തിനും, എന്തിനു ഒരിറ്റു ദാഹ ജലത്തിനായി കേഴുകയാണ്. സമ്പത്ത് കുന്നുകൂട്ടി വെയ്ക്കുന്നവര് ഒരു ഭാഗത്ത്....രൂപ വേണ്ടാ, അന്നവും, വിദ്യാഭ്യാസവും തന്നാല് മതി എന്നു കെഞ്ചുന്നവര് മറുഭാഗത്ത്. ഉടുക്കാന് ഒന്നുമില്ലെങ്കിലും ശവക്കച്ചയില് തൃപ്തി കാണിക്കുന്നവര്‍ !!! (ശവക്കച്ച = ശ്മശാനത്തില് കൊണ്ടുവരുന്ന മൃതദേഹങ്ങള് പൊതിയുന്ന തുണി) കേഴുക മമ നാടേ! ..................................... ഇത്രയും 2 ദിവസം മുന്നേ എഴുതി പോസ്റ്റ് ചെയ്തു. ഇന്നലെ പത്രത്തില് വന്ന വാര്ത്ത അനുബന്ധമായി എഴുതട്ടെ!! മഹാരാഷ്ട്രയില് കൊടും ജലക്ഷാമം അനുഭവപ്പെടുമ്പോള് പ്രീമിയര് ക്രികെറ്റ് ലീഗ് എങ്ങിനെ നടത്തും എന്നത് വലിയ ചിന്താവിഷയം. സ്റ്റേഡിയവും, പിച്ചും, സംരക്ഷിയ്ക്കാന് 60 ലക്ഷം ലിറ്റര് വെള്ളം വേണമെന്നാണ് കണക്കു കൂട്ടിയിരിയ്ക്കുന്നതു. "പകുതി റൊട്ടിയും ഉറക്കവുമായി ജീവിതം തള്ളിനീക്കാം.പക്ഷെ, വെള്ളമില്ലാതെ പറ്റില്ലെന്ന്" കേണു പറയുന്ന ലത്തൂര് വാസികള്. ഏപ്രില് ൧൫-നകം 50 വാഗണ് വെള്ളം എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് മദ്ധ്യറെയില്വേ. സംസ്ഥാനത്തെ വരൾച്ച പരിഗണിച്ചു 'ജലധൂർത്തു' അവസാനിപ്പിക്കണമെന്ന് മുൻ പത്രപ്രവര്ത്തകനായ കേതൻ തിരോഡ്കർ കോടതിയെ സമീപിച്ചിരിയ്ക്കുന്നു.. (കുടിവെള്ളമല്ല പിച്ചിനുപയോഗിയ്ക്കുന്നത് എന്ന് സ്റ്റേ ഡിയക്കാര് ......) വെള്ളം വെള്ളം സര്വത്ര...... ദയാബായി... പക്ഷേ, ഏതാനും മിനുട്ടുകള്‍ക്കകം എനിക്ക്, മലയാളിയാണ് ഞാന്‍ എന്ന് പറയാന്‍ ലജ്ജിപ്പിയ്ക്കുന്ന വാര്‍ത്തയാണ് പത്രത്തില്‍ വായിക്കേണ്ടി വന്നത്. ഒന്നാം പേജില്‍ത്തന്നെ വായിച്ച വാര്‍ത്ത ഇങ്ങിനെ_'ദയാബായിയെ കെ.എസ്.ആര്‍.ടി.സി.ബസ്സില്‍നിന്നു വഴിയില്‍ ഇറക്കി വിട്ടു'. ദയാബായി ആരെങ്കിലുമാകട്ടെ, 73 വയസ്സുകഴിഞ്ഞ ഒരു സ്ത്രീയോട് ഇത്ര ക്രൂരമായി പെരുമാറിയ കണ്ടക്ടര്‍/ഡ്രൈവര്‍ മഹാ അപരാധമാണ് ചെയ്തത്. പ്രായമായ ഒരമ്മയോടു കാണിയ്ക്കേണ്ട കരുണയുടെ ഒരംശമെങ്കിലും അവരോടു കാണിക്കാമായിരുന്നു. അവരുടെ ഒരു ദര്‍ശനം, അവരുടെ കാലടിയില്‍ കുമ്പിട്ട് ആ പുണ്യപാദങ്ങളില്‍ ഒന്ന് സ്പര്‍ശിക്കാന്‍ സാധിച്ചെങ്കില്‍ എന്നാശിയ്ക്കുന്ന എന്നെപ്പോലുള്ളവരുടെ മനസ്സ് ഈ വാര്‍ത്ത വായിച്ചു കേഴുകയാണ്. അവരെ ആദരിക്കാന്‍ സാധിച്ചില്ലെങ്കിലും, അവമാനിയ്ക്കാതെ വിടാമായിരുന്നു. |
No comments:
Post a Comment