Tuesday, 4 June 2024

spiritual -----ശ്രീരാമന്‍റെ വനപഥം

The Trail Of Rama -----
(രാമന്റെ വഴിത്താര അഥവാ വനവാസകാലത്തെ സഞ്ചാരപഥം)
10 july, 2015 ·
ശ്രീരാമ രാമ രാമാ-----൨

ഭാരതത്തിലെ ഇതിഹാസപുരാണങ്ങളില്‍ ഏറ്റവും പ്രാധാന്യം അര്‍ഹിയ്ക്കുന്ന ആദ്ധ്യാത്മിക പുസ്തകം ഏതെന്നു ചോദിച്ചാല്‍ അയോദ്ധ്യ വാണിരുന്ന ചക്രവര്‍ത്തി ശ്രീരാമന്റെ കഥയായ " രാമായണം " തന്നെ എന്ന് തീര്‍ത്തും പറയാം. രാമായണ മാസാചരണം കഴിഞ്ഞാലും എത്രയോ ലക്ഷങ്ങളുടെ ചുണ്ടുകളിൽ, മനസ്സിൽ സദാ ഉരുവിട്ട് കൊണ്ടിരിയ്ക്കുന്ന ൨ അക്ഷരങ്ങളാണ് രാമഃ രാമഃ എന്നത്. രാമൻ എന്ന പദം, അല്ലെങ്കിൽ നാമം ഒരുപാട് സദ്ഗുണങ്ങളുടെ പ്രതീകമാണ്. ത്യാഗത്തിന്‍റെ, ധർമ്മത്തിന്റെ, ലാളിത്യത്തിന്റെ,, സമത്വത്തിന്റെ, സാഹോദര്യത്തിന്റെ, നിസ്വാർതഥതയുടെ,, പുത്രസ്‌നേഹത്തിന്റെ, ഭ്രാതൃസ്നേഹത്തിന്റെ, പ്രകൃതിയിലെ സകല ചരാചരങ്ങളെയും സമസൃഷ്ടി പോലെ കാണുന്നതിന്റെ ഉച്ചനീച്ചത്വമില്ലായ്മയുടെ--------
സർവ്വഗുണ സമ്പന്നന്‍ അഥവാ "മര്യാദാ പുരുഷോത്തമ"നാണ് ഭാരതീയരുടെ രാമൻ !
വ്രണിത ഹൃദയങ്ങളിലെ മുറിവുണക്കാൻ കഴിഞ്ഞവൻ ! 
സമ്പന്നന്റെയും ദരിദ്രന്റെയുമിടയ്ക്കു പാലം പണിഞ്ഞവന്‍ ! 
കരുണാമയൻ!
മനുഷ്യന്‍ മൃഗം എന്ന വ്യത്യാസമില്ലാതെ സകല ചാരാചരങ്ങളേയും സമഭാവനയോടെ കണ്ടിരുന്ന അമാനുഷികന്‍ !!
രാമൻ, ധർമ്മിഷ്ഠനായ ശ്രീരാമൻ, ഭാരതത്തിന്റെ മാത്രം സ്വന്തമല്ല. ഈ പ്രപഞ്ചം നിറഞ്ഞു നില്‍ക്കുന്ന സത്യത്തിന്‍റെ, ധാര്‍മ്മികതയുടെ പ്രതീകമായ ശക്തിയാണ്.
ഏതു കഠിനപ്രശ്നങ്ങളെയും സമചിത്തതയോടെ നേരിട്ടിരുന്ന മഹാപുരുഷനാണ് ശ്രീരാമൻ. 

കിരീടധാരണമായാലും, വനവാസമായാലും രാമന് ഒരേപോലെ സ്വീകാര്യം.
ധർമ്മിഷ്ഠനായ രാമന് കൊട്ടാരത്തിലെ സുഖജീവിതവും കല്ലും മുള്ളും ഹിംസ്രജീവികളും നിറഞ്ഞ കാട്ടിലെ വാസവും ഒരേപോലെത്തന്നെ. 
ജീവിതത്തിലെ ഉയര്‍ന്ന ധാര്മ്മ്മിക മൂല്യങ്ങള്‍ മുറുകെപ്പിടിച്ച്, സഹജീവികളുടെ നന്മയ്ക്കായി സ്വാര്‍ത്ഥ താല്പര്യങ്ങള്‍ ഉപേക്ഷിച്ചവനാണ് രാമന്‍. 

കാലം ചെല്ലും തോറും ഈ യുഗപുരുഷന്റെ കഥയ്ക്ക്‌ പ്രസക്തി ഏറി വരികയാണ്. ധർമ്മിഷ്ഠനായ ശ്രീരാമൻ, ഭാരതത്തിന്റെ മാത്രം സ്വന്തമല്ല. ഈ പ്രപഞ്ചം നിലനില്‍ക്കുന്ന സത്യത്തിന്‍റെ, ധാര്‍മ്മികതയുടെ, പ്രതീകമായ ശക്തിയാണ്.  

പുരാണ കൃതികൾ ഋഷിമാരുടെ സ്പന്ദനങ്ങളാണ്. അനുഭൂതികളാണ്. അവ കഥകളായിരിയ്ക്കാം, കാലപ്പഴക്കം സംഭവിച്ചിരുന്നിരിക്കാം. എന്നാലും സ്മൃതിയിലൂടെ, പുണ്യസ്ഥല സന്ദർശനത്തിലൂടെ അവ സജീവമാകും. രാമായണം ആ പ്രത്യേക ഭൂമിയിലിരുന്നു പാരായണം ചെയ്യുന്നത് നിരവധി രാമഭക്തര്‍ക്ക് ഒരനുഭൂതിയാണ്. ഒരു യഥാർത്ഥ തീർതഥാടകന് ഋഷിമാരുടെ ചിന്തകളുമായി സംവാദിക്കാനാകും. (പുണ്യസ്ഥാനങ്ങൾ നമ്മളെ പലതും പറയാതെ തന്നെ പഠിപ്പിയ്ക്കുന്നു.)

ശ്രാവണ മാസത്തില്‍, ഉത്തരേന്ത്യയിലെ രാമഭക്തർ, ശ്രീ രാമന്‍ വനവാസക്കാലത്ത് അയോദ്ധ്യയില്‍ നിന്നും ആരംഭിച്ച് ഭാരത ഭൂമിയില്‍ നടന്നു നീങ്ങിയ വഴി, ആചാരാനുഷ്ടാനങ്ങളോടെ പദയാത്രയായി കടന്നുപോകുന്നത് പതിവാണ്. ആ വഴിത്താരയില്‍ രാമന്‍ തങ്ങിയ ഓരോ പുണ്യഭൂമിയും പവിത്രസ്ഥാനമായി കരുതി ഇന്നും രാമനെ ആരാധിക്കുന്നവര്‍ നിരവധിയാണ്. രാമസങ്കീർത്തനം ചൊല്ലി, രാമനെപ്പോലെ വസ്ത്രധാരണവും,ചെയ്തു സ്വയം രാമനായി സങ്കൽപ്പിച്ചു കൊണ്ടാണ് ഭക്തർ ഈ വനപഥം നടന്നു നീങ്ങുന്നത്.

സ്വാമി രാമ എന്ന 'യോഗഗുരു', തന്റെ സുഹൃത്തും സഹോദരതുല്യനുമായ നന്ദിന്‍ ബാബയുമൊത്ത് ശ്രീരാമന്‍ നടന്നു നീങ്ങിയ അതേ വഴിയില്‍ക്കൂടി നടത്തിയ വനപഥയാത്രയുടെ വിവരണമാണ് വിഷയം. സ്വാമി രാമയുടെ ശിഷ്യനായ പണ്ഡിറ്റ് രാജമണി ത്രിഗുനെറ്റ് തന്റെ ഗുരുവിന്‍റെ ജീവചരിത്രം, 'At The Eleventh Hour' (The Biography Of Swamy Rama) എന്ന പുസ്തകത്തില്‍ മനോഹരമായി പ്രതിപാദിച്ചിട്ടുണ്ട്. അതില്‍ ആറാമത്തെ അദ്ധ്യായത്തിലാണ് ('THE TRAIL OF RAMA') തീര്ത്ഥാടന വിവരണം.

അവരുടെ കൂടെ പരിപാവനമായി കൊണ്ടാടുന്ന ആ തീര്‍ത്ഥ'യാത്ര'യില്‍ (spiritual walk ) ഇങ്ങനെയും നമുക്ക് പങ്കുചേരാം.

" Wake up, my Rama ! Begin your journey to Ayodhya now. May you search and find Rama."
 ഈ വാചകം സ്വാമി രാമയുടെ ഗുരു, ശ്രീ മഹാവതാര്‍ ബാബാജി, തന്റെ ശിഷ്യന് കൊടുത്ത ആദേശമാണ്. ശ്രീരാമചന്ദ്രന്റെ ൧൪ വർഷത്തെ വനവാസകാലത്തെ ' നടത്താര ' അഥവാ, വനപഥം നടന്നു തീർക്കാനുള്ള നിയോഗം അഥവാ അയോദ്ധ്യയിൽ നിന്നും ലങ്കവരേക്കുമുള്ള രാമന്റെ ചവിട്ടടിപ്പാതകൾ പിന്തുടർന്നു പുണ്യഭൂമിയെ സ്മരിച്ചു വന്ദിയ്‌ക്കാനുള്ള സൗഭാഗ്യം അങ്ങിനെ സ്വാമി രാമയ്‌ക്കു ലഭിച്ചു. എങ്ങിനെ പോകണം എവിടെയെല്ലാം തങ്ങണം ഓരോ സ്ഥലത്തും എന്തൊക്കെ ചെയ്തു തീർക്കണം എന്ന വ്യക്തമായ നിർദ്ദേശം ഗുരു, ശിഷ്യന് നൽകിയിരുന്നു. അവനവനില്ഉള്ള വിശ്വാസം കൂട്ടുവാന്‍, ഭയാശങ്കകള്‍ ഇല്ലാതാക്കുവാന്, ധര്മ്മത്തിന്റെ പാതയിലൂടെ
നടന്നുനീങ്ങുവാന്‍, വ്രതാനുഷ്ഠാനങ്ങളോട് കൂടിയ ഈ യാത്ര സഹായിക്കും എന്ന് ഗുരു എടുത്ത് പറയുന്നുണ്ട്.
 
യാത്ര പുറപ്പെടും മുൻപ് 'രാമായണം' പൂർണ്ണമായും ഉൾക്കൊള്ളാൻ ഗുരു നിര്ദ്ദേശിച്ചിരുന്നു. പരമ്പരാഗത ചട്ടക്കൂടുകളിൽ നിന്നും പുറത്തു കടന്ന് രാമനെപ്പോലെ ലോകത്തെ സമചിത്തതയോടെ, സഹജീവികളെ സമഭാവനയോടെ കാണാന്‍ പൂർവാചാരശ്രദ്ധയുള്ളവനും, അതേസമയം അതില്‍ നിന്ന് മുക്തനായവനും മാത്രമേ സാദ്ധ്യമാകൂ എന്ന് ഗുരു ബാബാജി തന്റെ ശിഷ്യനെ ബോദ്ധ്യപ്പെടുത്തി. ആദ്ധ്യാത്മിക തത്വങ്ങള്‍ അറിഞ്ഞവന്‍ നിര്‍മ്മലമായ  മനസ്സുള്ളവനായിരിയ്ക്കും. ദുഃഖം, ഭീതി, ക്രോധം തുടങ്ങിയവയൊന്നും ആ വ്യക്തിയെ ബാധിയ്ക്കുകയില്ല.

ദേവപ്രയാഗിൽ വെച്ച്, സ്വാമിരാമയുടെ ഗുരു, 'മഹാവതാര്‍ ബാബാജി' സന്യാസദീക്ഷ നൽകുമ്പോൾ പേരിന്റെ കൂടെ 'ആനന്ദ', 'ദാസ', 'ദേശിക', 'ആചാര്യ' എന്നൊന്നും ചേർക്കാതിരുന്നത് മനഃപൂർവം ആണെന്ന് സ്വാമി രാമക്ക് അറിയാമായിരുന്നു. കൂടാതെ, ദീക്ഷ സ്വീകരിച്ചതു മുതല്‍ തന്റെ ഭൂതകാലത്തിന് യാതൊരു പ്രസക്തിയുമില്ല എന്ന സത്യവും. അതേ സമയം അതിൽ നിന്നും മുക്തനായിരിക്കുകയും വേണം. തന്റെ ജീവിത ദൌത്യം ശ്രീരാമ സേവകനായി ലോകനന്മക്കായി സമര്‍പ്പിക്കാനുള്ളതാണെന്ന ബോദ്ധ്യത്തോടയാണ് അദ്ദേഹം ശ്രീരാമന്‍റെ കാല്‍പ്പാടുകള്‍ പിന്തുടരാനുള്ള ദൌത്യം മനസാ വരിച്ചത്‌.

അങ്ങിനെ സ്വാമി രാമ തന്റെ ഗുരുവിന്റെ ആദേശപ്രകാരം ആ 'holy/spiritual..walk' ന് ഒരുങ്ങി. യാത്ര തുടങ്ങും മുൻപ് അയോദ്ധ്യയിലെ ഹനുമാൻ ക്ഷേത്രത്തിൽ 33 ദിവസം മൗനവ്രതത്തോടെ ഭജനമിരിക്കാന്‍ ഗുരു നിർദ്ദേശിക്കുന്നു. സരയൂ നദിയുടെ തീരത്ത്‌ രാമന്‍, സീത, ഹനുമാന്‍ എന്നിവരുടെ ധാരാളം ക്ഷേത്രങ്ങളുണ്ട്. കുട്ടിക്കാലം മുതലേ നിരവധി പ്രാവശ്യം ഗുരുജിയുടെ കൂടെ അയോദ്ധ്യ സന്ദര്ശിച്ചിട്ടുള്ളതിനാല്‍ പരിചിതരായ സന്യാസിമാരില്‍ നിന്നും ആശ്രമങ്ങളില്‍ നിന്നും സ്വാമി ഒഴിഞ്ഞു മാറി ഏകാന്തമായ ഒരിടത്തിരുന്ന് ധ്യാനിക്കാന്‍ തീരുമാനിച്ചു.

 ഉത്തമപുരുഷനായ രാമന്റെ സ്മരണയിലൂടെ, ധ്യാനത്തിലൂടെ സ്വയം രാമനാകണം. അതിനായി നദിയുടെ തീരത്ത് ഹനുമാന്റെ മന്ത്രങ്ങൾ ഉരുവിട്ട് മൗനവ്രതം കൈക്കൊണ്ട്, യാദൃശ്ചികമായി കിട്ടുന്ന ഭക്ഷണം കഴിച്ച് മണിക്കൂറുകളോളം ധ്യാനത്തിൽ മുഴുകി. പ്രധാന ഹനുമാന്‍ ക്ഷേത്രമായ 'ഹനുമാന്‍ ഗാര്‍ഹി' യില്‍ സ്വാമി നിത്യേന ദര്‍ശനം നടത്തി. സരയൂനദിയുടെ തീരത്തു ശ്രീരാമധ്യാനത്തിൽ ഹനൂമാന്റെ മന്ത്രങ്ങൾ ചൊല്ലി സ്വാമി രാമ മണിക്കൂറുകൾ മുഴുകി. രാമസീതാനുഗ്രഹം അയോദ്ധ്യയുടെ കാവല്‍ക്കാരനായ ഹനുമാന്‍ മുഖാന്തിരം വേണമെന്ന ഗുരുവാക്യം സ്വാമി സദാ ഓർത്തു ഹനുമാൻ മന്ത്രത്തിൽ ശ്രദ്ധിച്ചു, ൨൯ (29) മൗനവ്രത ദിവസങ്ങൾ കടന്നുപോയി.

ശ്രാവണമാസമായിരുന്നതിനാൽ കാറ്റും മഴയും പതിവായിരുന്നു. എന്നാൽ മുപ്പതാമത്തെ ദിവസം അന്തരീക്ഷം ആകെ കറുത്തിരുണ്ടു. സരയൂവിൽ വെള്ളം ക്രമാതീതമായി പൊന്തി. അയോദ്ധ്യയെ ഒഴുക്കിക്കൊണ്ടു പോകുമാറ് അന്തരീക്ഷം ഭയാനകമായി. കയ്യിലുള്ള ഒരേ ഒരു പുതപ്പുകൊണ്ട് രക്ഷ മതിയാകാതെ വന്നപ്പോൾ, സ്വാമി അടുത്തുള്ള ക്ഷേത്രത്തിൽ അഭയം തേടി. ഇരുട്ടും,കാറ്റും മഴയും കൂടി വന്നപ്പോൾ വിജനമായ ക്ഷേത്ര ഹാളിൽ ഒരു മൂലയിൽ ധ്യാനിക്കാനിരുന്നു.

 ശ്രീരാമാ, രഘുപതേ ! കേവലജ്ഞാന മൂർത്തേ! 
ശ്രീ രമണാത്മാ രാമാ ! കാരുണ്യാമൃതസിന്ധോ !

ON THIS DAY
9 years ago
Uma Namboodiri
July 19, 2015 ·

ശ്രീരാമരാമ രാമാ ---൩

സ്വാമിജിയെപ്പോലെത്തന്നെ തണുപ്പിൽ നിന്നും മഴയിൽ നിന്നും അഭയം തേടിയെത്തിയ ഒരാൾ കൂടെ ആ ഹാളിൽ ഉണ്ടായിരുന്നു. ക്ഷേത്രം കാവൽക്കാരൻ. ഇടിമിന്നലിന്റെ വെളിച്ചത്തിൽ മൂലയിലിരിക്കുന്ന ആളെ കാവൽക്കാരൻ കണ്ടു. ആരാണതെന്നു പലവുരു വിളിച്ചു ചോദിച്ചു.. മറുപടിയില്ല. മൗനവ്രതത്തിലായിരുന്ന സ്വാമി ആംഗ്യം കാണിച്ചെങ്കിലും ഇരുട്ടിൽ എന്ത് ഫലം.? കാവൽക്കാരൻ അത് കള്ളൻ തന്നെയെന്ന് തീരുമാനിച്ച് ഉറക്കെ ഒച്ചയിടുകയും കയ്യിലെ മുളവടികൊണ്ട് പതുങ്ങിയിരിക്കുന്ന ആളെ അടിതുടങ്ങുകയും ചെയ്തു.
ബഹളം കേട്ട് പൂജാരിയും മറ്റും ഓടിയെത്തി. സരയൂ തീരത്തു മൗനവ്രതനായി ധ്യാനിച്ചിരിക്കാറുള്ള സ്വാമിയേ തിരിച്ചറിഞ്ഞപ്പോഴേയ്ക്കും അദ്ദേഹം അടികൊണ്ടു പരവശനായിരുന്നു. സമസ്താപരാധം പറഞ്ഞു കാവൽക്കാരനും പൂജാരിയും മുറിവുകൾ വേണ്ടവിധത്തിൽ ശുശ്രൂഷിച്ചു. സ്വാമിയ്ക്കുവേണ്ട ചുടുവസ്ത്രങ്ങളും മറ്റും നൽകി. വീണ്ടും വീണ്ടും രണ്ടുപേരും ക്ഷമാപണം നടത്തി.

അന്നത്തെ രാത്രി അങ്ങിനെ കഴിഞ്ഞു. പിറ്റേന്ന് രാവിലെ സ്വാമി പതിവുപോലെ ശാന്തമായ സരയൂ തിരത്ത് തന്റെ ധ്യാനം തുടര്‍ന്നു. , 

 ശ്രീരാമാ, രഘുപതേ ! കേവലജ്ഞാന മൂർത്തേ! 
ശ്രീ രമണാത്മാ രാമാ ! കാരുണ്യാമൃതസിന്ധോ !

 
ശ്രീരാമ രാമ! രാമ രാമാ !!

സംഭവം കഴിഞ്ഞു മൂന്നാം ദിവസം അയോദ്ധ്യാവാസികളുടെ പ്രധാന ഉത്സവമായ "ബഡ് കാ മംഗള്‍" അഥവാ,'വലിയ ചൊവ്വാഴ്ച'യായിരുന്നു. സ്വാമിജിയുടെ വ്രതാനുഷ്ഠാനത്തിന്റെ 33-ആമത്തെ ദിവസം അഥവാ പരിസമാപ്തിയും. ഭാരതത്തിന്റെ നാനാ ഭാഗത്തു നിന്നും ലക്ഷക്കണക്കിന് ഭക്തരാണ് അയോദ്ധ്യയിലെ 'ഹനുമൻ ഗർഹി' (ഹനുമൻ ക്ഷേത്രം) യില്‍ ദർശനത്തിനായി തടിച്ചുകൂടിയിരിക്കുന്നത്. ക്ഷേത്രത്തിലേക്ക് കടക്കാന്‍ ഒരു നിവൃത്തിയുമില്ല.  അകത്തു കടന്ന അനുഭവം തന്നെയാണ് ആ തിരക്കില്‍ നില്‍ക്കുമ്പോള്‍.  സ്വാമി ആലോചിച്ചു ----- ചുറ്റും ഹനുമല്‍ പ്രഭാവം തിരയടിയ്ക്കുകയാണ്. തിരക്കാണെങ്കിൽ ഭയങ്കരം. എത്രയോ ദൂരത്തു നിന്നുമാണ് ഭക്തര്‍ വന്നു ചേര്‍ന്നിരിക്കുന്നത്.!
 താന്‍ എന്നും ദർശനം നടത്തുന്നതാണല്ലോ.......

ഇങ്ങിനെ ചിന്തിച്ചിരിക്കുന്നതിനിടയിൽ ഒരു പൂജാരി അദ്ദേഹത്തിന്റെ അടുത്തെത്തി. 'എന്റെ കൂടെ വരൂ. സീതാരാമന്‍മാരുടെ പ്രധാന ക്ഷേത്രമായ നകഭവനിൽ ദർശനം സാധിപ്പിച്ചുതരാം. അവിടെ അങ്ങേയ്ക്കു സീതയെയും, രാമനെയും, ഹനുമാൻജിയെയും പൂജിയ്ക്കാം.' തന്റെ  ലക്‌ഷ്യം പൂര്‍ണ്ണമാകുന്ന സന്തോഷത്തില്‍ സ്വാമി പൂജാരിയെ അനുഗമിച്ചു. കനക ഭവനിലേക്ക് കുറച്ചു ദൂരമുണ്ട്. പൂജാരി നിര്‍ത്താതെ  അയോദ്ധ്യയുടെ പവിത്രതയെപ്പറ്റിയും, സ്ഥലമാഹാത്മ്യത്തെ പറ്റിയും കനക ഭവനെക്കുറിച്ചും സംസാരിച്ചു കൊണ്ടിരുന്നു. ഇവിടെ ദര്‍ശനം നടത്തുന്നവരുടെ ഉള്ളിലുള്ള  എല്ലാവിധ ഭയവും, താപവും ദര്‍ശനമാത്രയില്‍ വിട്ടുപോകും എന്നും അറിയിച്ചു. ഹനുമാന്‍ജിയുടെ അനുഗ്രഹമുണ്ടെങ്കില്‍ മാത്രമേ രാമദര്‍ശനം സാക്ഷത്കരിക്കൂ എന്ന് ഗുരുജി പറഞ്ഞത് സ്വാമി ഓര്‍ത്തു.

സ്വാമിജി പൂജാരിയുടെ കൂടെ തെല്ലകലെയുള്ള മന്ദിരത്തിലേക്ക് നടന്നു. പൂജാരി സംസാരം നിര്‍ത്തിയതേ യില്ല. സീതാ രാമന്മാരെ ഒരിക്കല്‍ ദര്ശിച്ചാല്‍ മതി, മനസ്സിലെ ഭീതിയും, ദുഖവും അകന്നുപോകും എന്നും ധരിപ്പിച്ചു കൊണ്ടിരുന്നു. വർത്തമാനത്തിനിടയ്ക്ക് പൂജയ്ക്കുള്ള സാമഗ്രികൾ വാങ്ങിക്കോളാൻ സ്വാമിജിയോട് പറഞ്ഞു, താനൊരു സന്യാസി ആണെന്നും തന്റെ കൈവശം ഒന്നുമില്ലെന്നും സ്വാമിജി മറുപടി പറഞ്ഞു. താന്‍ സീതാമായിയുടെ അടുത്തേക്ക് കൂട്ടിക്കൊണ്ടുപോയവര്‍ ആരും ഇതുവരെ വെറും കയ്യോടെ മടങ്ങിയിട്ടില്ല എന്നായി പൂജാരി. ഭക്തർ സാധാരണ നൽകാറുള്ള ദക്ഷിണയെപ്പറ്റിയായി പിന്നീട് പറഞ്ഞത്. പക്ഷെ, ഉടനെത്തന്നെ വേറെ വിഷയങ്ങളിലേക്ക് കടക്കുകയും ചെയ്തു. തന്റെ കയ്യില്‍ ഒന്നും ഇല്ല എന്നറിഞ്ഞിട്ടും ഇയാള്‍ തന്നെ വിട്ടു പോകുന്നില്ല. സ്വാമിജിക്ക് ആകെ വിഷമമായി. വെറും കയ്യോടെയാണല്ലോ താൻ ദർശനത്തിന് വന്നത് എന്ന ചിന്തയും അലട്ടി. ഈ പൂജാരിയുടെ കൂടെ വരേണ്ടിയിരുന്നില്ല എന്നൊക്കെ വിചാരിചിരിക്കവേ, ക്ഷേത്രത്തിനു സമീപം എത്തിച്ചേർന്നു.  

ക്ഷേത്രത്തിന് മുന്നില്‍ ഉള്ള ഹനുമാന്റെ പ്രതിമ ചൂണ്ടിക്കാട്ടി പൂജാരി പറഞ്ഞു--താങ്കള്‍ ഇവിടെ പൂജ ചെയ്യുമ്പോഴേയ്ക്കും ഞാന്‍ അകത്തെ സ്ഥിതി അന്വേഷിച്ചു വരാം. സ്വാമി കൂപ്പുകൈകളുമായി ഹനുമാന്‍ജിയുടെ മുന്നില്‍ നിന്നു. തന്റെ കയ്യിൽ പൂജാദ്രവ്യങ്ങളോ, പൂജാരിക്ക് കൊടുക്കാൻ ദക്ഷിണയും ഇല്ലല്ലോ എന്ന വ്യാകുലതയോടെ പൂജാരി പോയ വഴിയേ തല തിരിച്ചു നോക്കി. പെട്ടെന്ന് ഭക്തര്ക്കി‍ടയിൽ അദേഹം മറഞ്ഞുപോകുന്നതായി കണ്ടു. സ്വാമി രാമയ്‌ക്കു ബോദ്ധ്യമായി ഈ പൂജാരി മറ്റാരുമല്ല, ഹനുമാന്‍ജി തന്നെയാണ്.    

അദ്ദേഹം ഉടനെത്തന്നെ ക്ഷേത്രത്തിൽ കയറി സീതാരാമന്മാരെ ദർശിച്ചു മാനസപൂജ ചെയ്തു. സ്നേഹഭക്തി നിറഞ്ഞ പുഷ്പങ്ങളാൽ അർച്ചന ചെയ്തു. പ്രപഞ്ച മാതാവിനെയും, പിതാവിനെയും അത്യന്തം വിനയപൂർവം വണങ്ങി യാത്രാനുമതി വാങ്ങി. അങ്ങിനെ 33 ആം നാള്‍, ശ്രാവണമാസത്തിലെ പുണ്യനാള്‍രാമസീതാക്ഷേത്രത്തില്‍ മാനസപൂജ ചെയ്ത് സ്വാമി രാമ യാത്രയ്ക്കു ഒരുങ്ങുന്നു.... .
ശ്രീരാമ രാമ! രാമ രാമാ !!

20 july, 2015 ·
 ശ്രീരാമ രാമ രാമാ ----- ൩

സ്വാമി രാമയ്‌ക്കു അപ്പോൾ ദുരുവിന്‍റെ ഉപദേശങ്ങളും നന്ദിന്‍ ബാബയുടെ സ്മരണയും ഉണ്ടായി. എല്ലാ ശ്രാവണത്തിലും ബാബ ചിത്രകൂടത്തിൽ ഉണ്ടായിരിയ്ക്കും. രാമഭക്തനും ഹഠയോഗിയുമായ ബാബ ശ്രീരാമന്‍ നടന്നു നീങ്ങിയ വഴികളിലൂടെ എല്ലാവര്‍ഷവും സഞ്ചരിക്കുക പതിവാണ്. അതുകൊണ്ട് കാലതാമസം വരുത്താതെ അദ്ദേഹത്തിന്റെ അടുത്തെത്തണം. ഇതിനു മുൻപു പലതവണ രാമപഥ തീര്‍ത്ഥയാത്രക്ക് അദ്ദേഹം സ്നേഹപൂർവ്വം ക്ഷണിച്ചിരുന്നു. അന്നൊന്നും അതിനു തീരെ താത്പര്യമുണ്ടായിരുന്നില്ല. അതിനുള്ള നിയോഗം ഇപ്പോളാണ് കൈവന്നത്. ഗുരുജിയുടെ ആഗ്രഹവും അതുതന്നെയാണ്.

അങ്ങിനെ അയോദ്ധ്യയിൽ നിന്നും നഗ്നപാദനായി രാമസ്മരണകളുമായി സ്വാമിജി രാമന്റെ വനവാസപഥ സഞ്ചാരം ആരംഭിച്ചു.അയോദ്ധ്യവിട്ടു ശ്രീരാമൻ ആദ്യമായി തങ്ങിയ സ്ഥലമാണ് നന്ദിഗ്രാമം. ഇവിടെയാണ് ഭരതൻ ൧൪ വര്ഷം രാജകീയ സുഖങ്ങൾ ത്യജിച്ചു താപസനെപ്പോലെ ജ്യേഷ്ടന്റെ പാദുകങ്ങള്‍ പൂജിച്ച് രാജ്യം ഭരിച്ചു പോന്നത്. മഹാഋഷിമാരായ വസിഷ്ഠൻ, ജാബാലി തുടങ്ങിയവർ ഭരതന്റെ കൂടെ ഇവിടെ വസിച്ചിരുന്നു.  എല്ലാം കൊണ്ടും ഏറ്റവും ആദ്ധ്യാത്മിക ഊർജ്‌ജം നിറഞ്ഞ ഭൂമിയാണ്. നന്ദിഗ്രാമം.

ഇവിടെ ദർശനം ചെയ്താല്‍ മനസ്സിലെ കാലുഷ്യങ്ങൾ ഇല്ലാതാവുകയും ത്യാഗമനസ്സോടെ, പ്രേമപൂർവം മറ്റുള്ളവർക്ക് വേണ്ടി എന്തും ചെയ്യാനുള്ള ആന്തരിക പ്രേരണ ലഭിയ്ക്കുകയും ചെയ്യും. ഭാതൃസ്നേഹത്തിന്റെ ഊർജ്ജം .ഏറ്റുവാങ്ങാനും പിതൃക്കളെ സ്മരിയ്ക്കാനും ഭക്തര്‍  ഈ പുണ്യ ഭൂമിയിലെത്തുന്നു. ഉത്തമപുരുഷൻ, ഉത്തമ സഹോദരൻ, ഉത്തമ പുത്രൻ, മഹാത്യാഗി, നല്ലൊരു ഭരണ കർത്താവ്, ആശാപാശങ്ങളിൽ നിന്നും വിമുക്തൻ, യോഗി--അങ്ങിനെയുള്ള ഭരതരാജാവിനെ തിരിച്ചറിയാനായി തീര്തഥാടകർ ഇവിടെ വന്നു ദർശനം നടത്തി മനസ്സിലെ കളങ്കമെല്ലാം കഴുകിപ്പോകുന്നു. 'യോഗനിദ്ര' സാധന ചെയ്യുന്നവരും ഇവടെ വന്ന് പരിശീലനം തേടുന്നു.14 വര്‍ഷക്കാലം ശ്രീരാമന്‍ തിരിച്ചു വരുന്നത് വരെ ഉറക്കം കൂടി ഉപേക്ഷിച്ചായിരുന്നു പ്രജാവത്സലനായ ആ രാമഭക്തന്‍ വനവാസിയായി രാജ്യം ഭരിച്ചത്.
ശ്രീരാമ രാമാ രാമാ !

July 27, 2015 at 5:10 AM ·
ശ്രീരാമരാമരാമ !
ആദ്ധ്യാത്മിക ഊർജ്ജം നിറഞ്ഞ ഭരതഗ്രാമത്തിൽ നിന്നും അനുഗ്രഹാശിസ്സുകളുമായി ചിത്രകൂടം ലക്ഷ്യമാക്കി സ്വാമിജി നടക്കുവാൻ തുടങ്ങി. മഴക്കാലം കഴിഞ്ഞാൽ, സപ്തംബര് മാസം ആകുന്നതോടെ, പുഴകളുടെ ഒഴുക്ക് സാധാരണ ഗതിയിലാകും. പ്രകൃതി ശാന്തമാകുന്ന സമയം. വെയിൽ പരക്കുന്നതോടെ വഴിത്താരകൾ തെളിയാൻ തുടങ്ങും.
ഇക്കാലത്താണ് ഭക്തർ രാമപാദസ്പർശത്താൽ പുണ്യമായ വഴികൾ തേടി യാത്ര ആരംഭിയ്ക്കുന്നത്.

മന്ദാകിനീ നദീതീരത്തുള്ള ചിത്രകൂടം ഏറ്റവും പുരാതന പുണ്യ ഭൂമിയായാണ് അറിയപ്പെടുന്നത്. വാല്മീകി തുടങ്ങിയ മഹാ താപസികളുടെ ആശ്രമം ഇവിടെയാണ്. ശ്രീരാമന്‍ വനവാസകാലത്ത് വര്‍ഷങ്ങളോളം ഇവിടെ തങ്ങിയിരുന്നുവത്രേ. ബ്രഹ്മാവിഷ്ണുമഹേശ്വരന്മാരുടെ ജന്മസ്ഥാനമായും ഇവിടം അറിയപ്പെടുന്നു.
ശ്രീരാമൻ തന്റെ യാത്രയിൽ തങ്ങിയ പുണ്യസ്ഥാനമാണ് സായ് നദീ തീരത്തുള്ള 'ബേലാ മായി'. ശ്രീരാമനും മറ്റും ഒരു സായാഹ്നത്തിൽ അവിടെ എത്തിച്ചേർന്നു. പിറ്റേന്ന് അതിരാവിലെ സായി നദിയിൽ കുളിച്ചു പ്രാർത്ഥിയ്ക്കുമ്പോൾ ദേവി ശ്രീരാമന്റെ മുന്നിൽ പ്രത്യക്ഷയായി അനുഗ്രഹിച്ചു..
ദേവി പ്രത്യക്ഷപ്പെട്ടത് അതിരാവിലെയായതു കാരണം ആ പുണ്യഭൂമി 'ബേല്‍ഹ മായി' എന്നപേരില്‍ അറിയപ്പെട്ടു. കാലം കൊണ്ട് ആ പേര് 'ബെല്‍ഹ ദേവി' യായി മാറി.

ശ്രീരാമന്റെ അടുത്ത ലക്ഷ്യം അല്ലഹാബാദിനടുത്ത ശ്രിംഘേർപുർ ആയിരുന്നു. ഇവിടെ വഴിയിൽ വെച്ചാണ് സതീർത്ഥ്യനായ നിഷാദൻ, ഗുഹൻ, ശ്രീരാമ പാദങ്ങൾ ആദരപൂർവം കഴുകി തന്റെ തോണിയിൽ കയറ്റി ഗംഗയുടെ അക്കരെയുള്ള ചിത്രകൂടത്തില്‍എത്തിയ്ക്കുന്നത്. തന്നെ പഴയകൂട്ടുകാരനായി കരുതാൻ രാമൻ പറയുമ്പോൾ ഗുഹൻ രാമനെ ഈശ്വരനായി കാണുവാനാണ് ഇഷ്ടപ്പെട്ടത്. പഠിയ്ക്കുന്ന കാലത്തു തന്നെ ഗുഹന് രാമന്റെ പ്രഭാവം അനുഭവപ്പെട്ടിരുന്നു, തന്റെ കാല്‍ക്കല്‍ വീണ സതീര്ത്ഥ്യനെ രാമന്‍ മാറോടണച്ചു !
അക്കരയ്ക്കു കടത്തിവിട്ട തോണിക്കാരനു പ്രതിഫലമായി തന്റെ വിരലിലെ മോതിരം രാമൻ ഊരിക്കൊടുക്കുമ്പോൾ, വിനയ പൂർവം തിരസ്ക്കരിച്ച നിഷാദരാജാവായ ഗുഹൻ, അപേക്ഷിയ്ക്കുന്നു--- 'സംസാരമാകുന്ന ഈ സാഗരത്തിൽ നിന്നും അങ്ങ് എന്നെ അക്കരയ്ക്കു കടത്തിത്തന്നാൽ മതി' എന്ന്. വലുപ്പച്ചെറുപ്പമെന്ന വിത്യാസമില്ലാതെ, ജാതി മത വര്ണ്ണ ചിന്ത അഥവാ ഭേദമില്ലാതെ മനുഷ്യരെ സമഭാവനയോടെ കണ്ടിരുന്ന ശ്രീരാമൻന്‍റെ ഈ പ്രത്യേക ഗുണം ഇന്നും അവിടെ പ്രത്യേക സ്നാന ദിവസങ്ങളിൽ ഭക്തകളായ സ്ത്രീകള്‍ ഒത്തുകൂടി വാഴ്ത്തി പാടാറുണ്ടത്രേ.

ചിത്രകൂടവനത്തില്‍ക്കൂടിയുള്ള യാത്രയില്‍ ഘോരവനങ്ങളില്‍ക്കൂടി കടന്നുപോകുമ്പോള്‍ ഉപദ്രവിക്കാന്‍ വന്ന ദുഷ്ട രാക്ഷസരെ ലക്ഷ്മണന്‍ അമ്പെയ്തു വീഴ്ത്തി. നടന്നു നടന്നു ശ്രീരാമന്‍, ലക്ഷ്മണനും സീതയുമായി വളരെ പ്രശാന്തമായ ആശ്രമ പരിസരത്തെത്തി. ആശ്രമത്തെ കൂടുതല്‍ ശോഭായമാനമാക്കുന്ന അത്രി മുനിയുടെ സമീപം ചെന്ന് രാമന്‍ ദണ്ഡനമസ്ക്കാരം ചെയ്തു. സീതയ്ക്ക് മഹര്‍ഷിയുടെ പത്നി ദിവ്യങ്ങളായ സമ്മാനങ്ങള്‍ നല്‍കി അനുഗ്രഹിച്ചു. അവിടെ നിന്നും അടുത്ത ദിവസം യാത്ര തിരിക്കുമ്പോള്‍ അത്രി മഹര്‍ഷി ശിഷ്യരെ കൂടെ പറഞ്ഞയച്ചു.

അങ്ങിനെ അവര്‍ ശരഭംഗമഹര്‍ഷിയുടെ ആശ്രമത്തില്‍ എത്തിച്ചേര്‍ന്നു. അദ്ദേഹം വലിയ രാമഭക്തനായിരുന്നു. ഒരിക്കല്‍ ദേവേന്ദ്രന്‍ മഹര്‍ഷിയെ സ്വര്‍ഗ്ഗത്തിലേക്ക് കൂട്ടിക്കൊണ്ടുപോകാനായി സ്വയം തേരും കൊണ്ട് വന്നെങ്കിലും ശ്രീരാമനെ നേരില്‍ കണ്ട് വന്ദിച്ച ശേഷമേ താന്‍ എങ്ങോട്ടും പോകുകയേ ഉള്ളൂ എന്ന് പറഞ്ഞു രാമനാമത്തില്‍ മുഴുകി. ഇതറിഞ്ഞതുകൊണ്ടാണ് അത്രി മഹര്‍ഷി ശ്രീരാമനെ ശര ഭംഗാശ്രമത്തിലേക്ക് ശിഷ്യരെ കൂട്ടി അയച്ചത്. ശ്രീരാമന്‍റെ വരവ് കാത്തിരുന്നിരുന്ന മഹര്‍ഷി സന്തോഷപൂര്‍വ്വം ശ്രീരാമനെ വന്ദിച്ച ശേഷം സ്വയം അഗ്നിയില്‍ വെന്ത് ദേഹം വെടിഞ്ഞു. ഈ സ്ഥാനം ഒരു പുണ്യ ഭൂമിയായി തീര്‍ത്ഥാടകര്‍ കരുതുന്നു. കുറച്ചുനാള്‍ അവിടെ താമസിച്ച് ആശ്രമ പരിസരത്തു വന്ന് സമാധിസ്ഥരായ മുനിമാരെ കൊന്നു തിന്നുന്ന രാക്ഷസരില്‍ നിന്നും രക്ഷ നല്‍കിക്കൊണ്ടാണ് രാമന്‍ യാത്രയായത്.

മുന്നോട്ടുള്ള യാത്രയില്‍ ഏറെ സന്തോഷപൂര്‍വ്വം രാമനെ സ്വീകരിച്ച സുതീഷ്ണ മുനി അദ്ദേഹത്തിന്‍റെ ഗുരുവായ അഗസ്ത്യമുനിയുടെ ആശ്രമത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു. ദേവേന്ദ്രന്‍ രാമന് കൊടുക്കാന്‍ ഏല്‍പ്പിച്ച വില്ലും, എടുത്താല്‍ തീരാത്ത ബാണങ്ങള്‍ നിറച്ച തുണീരവും, രത്നഖചിതമായ ഖഡ്ഗവും നല്മു‍കി അനുഗ്രഹിക്കുന്നു. യാത്രാമദ്ധ്യേ അച്ഛന്റെ സഖാവായിരുന്ന ജടായുവിനെ കണ്ടുമുട്ടുകയും കുറച്ചുകാലം പഞ്ചവടിയില്‍ തങ്ങുകയും ചെയ്തു.

ശ്രീരാമന്റെ അടുത്ത സങ്കേതം അല്ലഹാബാദിനടുത്ത ശ്രിംഘേർപുർ ആയിരുന്നു. നടത്താരയിലെ അടുത്ത പുണ്യ സ്ഥാനം, പ്രയാഗരാജ്, അഥവാ, അലഹാബാദ്. ഇവിടെ ഗംഗയുടെ തീരത്തുള്ള ഭരദ്വാജ ആശ്രമത്തിൽ ശ്രീരാമൻ കുറേക്കാലം താമസിച്ചിരുന്നു. ശ്രീരാമന്റെ കാലത്ത് ഗംഗയുടെ തീരത്തുണ്ടായിരുന്ന ആശ്രമം. (പില്‍ക്കാലത്ത് ഗംഗ വഴിമാറി ഒഴുകിയതിനാല്‍ മൂന്ന് കിലോമീറ്ററിലധികം ദൂരത്തിലായിരിക്കുന്നുവത്രെ. ഭരദ്വാജാശ്രമം.) ശ്രീരാമന്‍, ശ്രീ വിദ്യയുടെ ഉപാസകനായിരുന്ന ഭരദ്വാജ ഋഷിയുടെ അനുഗ്രഹത്തോടെ കഠിന തപസ്സു ചെയ്യുകയും ശക്തിയെ ഉപാസിച്ചു, പ്രസാദിപ്പിക്കുകയും ചെയ്തു. ദേവി രാമന് മരണത്തെ അതിജീവിക്കാനുള്ള വരം നൽകി അനുഗ്രഹിക്കുകയും ചെയ്തു. ഇവിടെ രാമൻ ഇരുന്നു തപസ്സു ചെയ്ത സ്ഥലത്തു പിന്നീട് കാളിയെ പ്രതിഷ്ഠിച്ചുവത്രെ. ശ്രീരാമന്‍ അങ്ങിനെ കാലാതീതനും മരണമില്ലാത്തവനായിത്തീര്‍ന്നു. അതിന്ശേഷമാണ് ശക്തി സാധനയുടെ ഉപാസന കേന്ദ്രമായി കാളീക്ഷേത്രം മാറിയത്. രാവണനെ നിഗ്രഹിച്ച് സീതയുമായി മടങ്ങുമ്പോള്‍ രാമന്‍ വീണ്ടും ഇവിടെ വന്ന് 'ലളിത' യെ ഉപാസിക്കുകയുണ്ടായിയത്രെ..

സ്വാമി രാമ ഈ പുണ്യ സ്ഥലങ്ങളൊക്കെ വന്ദിച്ചു മുന്നോട്ടു നീങ്ങി. ചിത്രകൂടത്തില്‍ സ്വാമി രാമ നന്ദിന്‍ ബാബയെ കണ്ടുമുട്ടി. ഹഠയോഗിയായ ബാബ ഭക്തിയോഗ പരിശീലിച്ചിരുന്നു. അദ്ദേഹം ഈശ്വരനെ തന്റെ സുഹൃത്തായി കണ്ടു. ശ്രീരാമന്റെ അതീവ ഭക്തനായ ബാബക്ക് രാമന്‍ സുഹൃത്തായിരുന്നു. സ്വാമി രാമ ഗുരുഭാവത്തിലുള്ള സഹോദരനെ, സുഹൃത്തിനെ, കണ്ടുമുട്ടിയപ്പോള്‍ ഏറെ സന്തോഷിച്ചു. തുടര്‍ന്ന് രണ്ടുപേരും രാമലക്ഷ്മണന്മാര്‍ എന്നപോലെ വേഷവിധാനവുമായി, നെറ്റിയില്‍ ചന്ദനക്കുറിയും ജടാ മുടി നെറുകയില്‍ കെട്ടിയും ചുണ്ടില്‍ സദാ രാമനാമവുമായി വാല്മീകി രാമായണത്തില്‍ വര്‍ണ്ണിച്ചിരിക്കുന്ന രാമലക്ഷ്മണന്മാരുടെ അതേ വേഷത്തില്‍ യാത്ര തുടങ്ങി. രണ്ടുപേരെയും കണ്ടാല്‍ ഒരരേപോലെത്തന്നെ. ചിന്തകളും പ്രവൃത്തികളും രാമനെപ്പോലെത്തന്നെ. 'ഉള്ളിലും രാമന്‍ പുറത്തും രാമന്‍, സര്‍വം രാമമയം' എന്ന് നന്ദിന്‍ ബാബ സ്വാമിയെ ഇടക്കിടെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു.

ചിത്രകൂടത്തിലെ മറ്റൊരു പുണ്യ.സ്ഥാനമാണ് കാമദഗിരി.
പദ്മപുരാണത്തില്‍ പറയുന്ന, രാമന്‍ സഞ്ചരിച്ച അതേ വഴിയാണ് സാമി രാമയും പിന്തുടര്‍ന്നുകൊണ്ടിരുന്നത്. പേരുപോലെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു കൊടുക്കുന്ന പുണ്യ ഭൂമി. സ്വാമി രാമ പറയുന്നു --- ഈ ഭൂമിയില്‍ അഭൌമമായ അപൂര്‍വ്വം സ്ഥലങ്ങളെ ഉള്ളൂ.അതിലൊന്നാണ് കാമദഗിരി. ശ്രീരാമന്‍ വനവാസകാലത്ത് ഏകദേശം നാല് വര്‍ഷത്തോളം ഇവിടെ വസിച്ചു എന്ന് പറയപ്പെടുന്നു. അക്കാലത്ത് ധാരാളം താപസന്മാര്‍ അവിടെ തപസ്സ് ചെയ്തിരുന്നുവത്രേ. ശ്രീരാമന്‍ ചിത്രകൂടം വിടുമ്പോൾ ഈ താപസന്മാരെല്ലാവരും രാമന്റെ തുടർന്നുള്ള യാത്രയിൽ അനുഗമിയ്ക്കാൻ ആഗ്രഹിച്ചു. പക്ഷെ, രാമൻ തന്റെ ആത്മീയ സാന്നിദ്ധ്യം സദാ അവിടെ ഉണ്ടാകുമെന്നു പറഞ്ഞു മുനിമാരെ കാമദഗിരിയിൽത്തന്നെ തുടരാൻ നിർബന്ധിച്ചു. സ്വാമി രാമയും ബാബയും കാമദഗിരിയിലെ താമസക്കാലത്ത് നി ത്യേന രാമായണം പാരായണം ചെയ്ത്പോന്നു. ബാബ രാമായണം വായിക്കുമ്പോള്‍ സമീപത്ത് ഹനുമാന്റെ സാന്നിദ്ധ്യം അനുഭവപ്പെട്ടിരുന്നുവത്രേ !
ഭൂമിയില്‍ വെച്ച് അപൂര്‍വ പുണ്യ സ്ഥാനമായ 'ഹനുമാന്‍ ധാര' യിലും അവര്‍ കുറച്ച് ദിവസം താമസിച്ചു. കുന്നിന്‍ മുകളില്‍ ഹനുമാന്റെ വലിയൊരു മൂര്‍ത്തി സ്ഥാപിച്ചിട്ടുണ്ട്. താഴെയുള്ള ഗുഹയില്‍ ജലപാതം ഉണ്ടായിരുന്നു. അങ്ങിനെ. ആ സ്ഥലം ഹനുമാന്‍ ധാരയായി അറിയപ്പെട്ടു. ഈ ഗുഹയിലിരുന്നു അവര്‍ ഹനുമാനെ ഭജിച്ചു. ശ്രീരാമനും ലക്ഷ്മണനും സീതയും ഈ ഗുഹയില്‍ ആയിരുന്നുവത്രേ താമസിച്ചിരുന്നത്. ഗുഹയുടെ മുകല്‍ത്തട്ടിലായിരുന്നുവത്രേ സീത, രാമനും ലക്ഷ്മണനും മറ്റു രാമഭക്തര്‍ക്കും ഭക്ഷണം ഉണ്ടാക്കിയിരുന്ന അടുക്കള. ഇന്നും രാമഭക്തര്‍ക്ക് അതൊരു പുണ്യ സ്ഥാനമാണ്. സീതയുടെ അടുക്കള. ബാബയും സ്വാമിയും എന്നും സന്ദര്ശിച്ചിരുന്നു. ഗുഹയിലിരുന്നു അവര്‍ ഹനുമാനെ ഭജിച്ചു. ചിത്ര കൂടത്തിലെ മറ്റു പുണ്യ സ്ഥാനങ്ങള്‍ സന്ദര്‍ശിക്കും മുന്പ് രാമഭക്തര്‍ ഈ ഗുഹയിലിരുന്നു ഹനുമാനെ ധ്യാനിക്കാറുണ്ട്.

മദ്ധ്യപ്രദേശിലെ പുണ്യ സങ്കേതമായിരുന്ന 'ഓർച്ച' യിലേക്കാണ് സ്വാമിയും ബാബയും യാത്ര തുടർന്നത്. ഓര്‍ച്ചയില്‍ എത്തും മുന്പ് മനോഹരമായ കുന്നിന്‍ മുകളിലുള്ള 'മൈഹര്‍' എന്നറിയപ്പെടുന്ന 'ശക്തി' യുടെ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. പൂജാരി വന്ന് നട തുറക്കും മുന്പ് ഈ ക്ഷേത്രത്തില്‍ 'അല്‍ഹ' എന്ന ചിരഞ്ജീവിയായ യോഗി ശക്തിയെ ആരാധിച്ചുപോകുമത്രേ. ശക്തിയെ സകലകലകളുടെയും മൂര്‍ത്തിയായാണ് സങ്കല്‍പ്പിച്ചു പോന്നിരുന്നത്. എന്നാല്‍ പില്‍ക്കാലത്ത് ഭൌതിക സുഖങ്ങള്‍ നല്‍കുന്ന ശക്തിയായി ജനങ്ങള്‍ ആരാധിക്കാന്‍ തുടങ്ങി. ആരാധനാ സമ്പ്രദായങ്ങളും മാറി.

രണ്ടുപേര്‍ക്കും ചരിത്രവും പുരാണവും നന്നായി അറിയുന്നതിനാല്‍ ഓര്ച്ച, വേദകാലത്തെ ഒരു പുണ്യ സങ്കേതമായിരുന്നു എന്ന് അവര്‍ മനസ്സിലാക്കി. ശ്രീരാമന്റെ കാലത്ത് അവിടെ പ്രസിദ്ധമായ ശിവക്ഷേത്രം ഉണ്ടായിരുന്നു. രാമന്‍ ഇവിടെ വെച്ചാണ് അത്രി മഹര്‍ഷിയുടെ ഉപദേശത്തില്‍ ഉപാസനയും സാധനയും ചെയ്തിരുന്നത്. പുണ്യഭൂമിയായ 'ഓർച്ച'യെ പദ്മപുരാണത്തിൽ '(ഋ)ക്ഷവൻ' എന്ന പേരിലാണ് സൂചിപ്പിച്ചിരിക്കുന്നത്. പിൽക്കാലത്ത് ഈ പുണ്യ സ്ഥാനം വിസ്മൃതിയിലാണ്ടു പോയി. പിന്നീട് ൧൯-ആം നൂറ്റാണ്ടിൽ പുനരുദ്ധാരണം നടന്നു.
ഒരിയ്ക്കല് ഓർച്ചയിലെ രാജ്ഞി, താൻ അയോദ്ധ്യയിൽ ചെന്നതായി സ്വപനം കണ്ടു. സ്വപ്നത്തില് രാമൻ, താൻ ഓർച്ചയെ വളരെയധികം സ്നേഹിക്കുന്നു എന്നും അവിടേയ്ക്കു വരാൻ താന്‍ ആഗ്രഹിയ്ക്കുന്നു എന്നും സൂചിപ്പിച്ചുവത്രേ. അങ്ങിനെ രാജ്ഞി സ്വപ്നസാക്ഷാത്കാരത്തിനായി ശ്രമിക്കുകയും ഓർച്ചയിൽ 'രഘുനാഥമന്ദിര' ത്തിൽ രാമവിഗ്രഹം സ്ഥാപിക്കുകയും ചെയ്തു.
അയോദ്ധ്യയിൽ നിന്നും കണ്ടെടുത്ത രാമവിഗ്രഹം, രാജ്ഞി സ്വപ്നത്തില്‍ കണ്ട അതേ വിഗ്രഹം, ആനപ്പുറത്ത് എഴുന്നള്ളിച്ച് ഘോഷയാത്രയായാണ് ഓർച്ചയിലേക്ക് കൊണ്ടുവന്നത്. രണ്ട് പട്ടണങ്ങളിലുമുള്ള ജനത ഇപ്പോഴും ആ പുണ്യ ദിവസം സ്മരിക്കുന്നു.
ഓർച്ചയിലെ രാജകുടുംബങ്ങളിലും മറ്റുമായി സ്വാമി രാമക്ക് നിരവധി ബന്ധുക്കളും പരിചയക്കാരുമുള്ള കാരണം ആരെയും മുഖം കാണിയ്ക്കാതെ, അധികം താമസിയാതെ രണ്ടുപേരും രാജസ്ഥാനിലെ പുഷ്കർലേക്കാണ് യാത്ര തിരിച്ചത്.
അത്യപൂർവമായ യജ്ഞം നടന്ന പുണ്യഭൂമിയാണ് പുഷ്കർ. ബ്രഹ്മാവാണ്‌ ഇത് നടത്തിയതെന്നാണ് വിശ്വാസം. എല്ലാ മനുഷ്യരും, ദൈവങ്ങളും, അസുരന്മാരും, സർപ്പങ്ങളും, പക്ഷികളും, മൃഗങ്ങളും പ്രകൃതിയിലെ മറ്റു ശക്തികളും ഇതില് പങ്കുചേര്ന്നു എന്ന് പറയപ്പെടുന്നു. വേദത്തിലെ വാക്കുകൾ ആദ്യമായി പ്രാവർത്തികമായ സംഭവമായിരുന്നുവത്രേ ഈ യജ്ഞം. പുഷ്കരില്‍ മൂന്ന് മലകളും മൂന്ന് നദികളും ഉണ്ടായിരുന്നത്രേ. എന്നാല്‍ അവയൊക്കെ അപ്രത്യക്ഷമായിരിക്കുന്നു. ഭാരതത്തിൽ ബ്രഹ്‌മാവിന് പ്രാധാന്യമുള്ള ഏറ്റവും പ്രധാന ക്ഷേത്രമാണ് പുഷ്കറിൽ ഉള്ളത്.

തീർത്ഥാടനവേളകളിൽ പവിത്ര ഗ്രന്ഥങ്ങള്‍ പാരായണം ചെയ്യുന്ന സമയത്തു മനസ്സ് ഏകാഗ്രമായിരിക്കണം. എത്തിച്ചേരുന്ന പ്രദേശത്തിന്റെ മഹിമയും അറിഞ്ഞരിക്കണം എന്ന കാര്യത്തില്‍ രാമയും, ബാബയും ഏറെ ശ്രദ്ധിച്ചു. രണ്ട് സന്യാസിമാരും രാമായണ പാരായണം നിത്യേന ചെയ്തു പോന്നിരുന്നു. എന്നാല്‍ പുഷ്കറില്‍ വെച്ച് പദ്മപുരാണം മുഴുവനും പാരായണം ചെയ്യണം എന്ന് തീരുമാനിച്ചിരുന്നു. ഒരു ധര്‍മ്മ ശാലയില്‍ താമസിക്കാന്‍ മുറി കിട്ടി. മുറിയെല്ലാം വൃത്തിയാക്കി സ്വാമിജി മൂന്ന് പീഠങ്ങള്‍ പ്രത്യേകമായി തയാറാക്കി. ഒന്ന് ഗ്രന്ഥം വെയ്ക്കാൻ, രണ്ടാമത്തേത് ഗുരുവിന്, മൂന്നാമത്തേത് ശിഷ്യനും. വ്യാസമുനിയുടെ സ്ഥാനത്തു സ്വാമി, ബാബയെ ദർശിച്ചു. നിത്യേന അടുത്തുള്ള തടാകത്തിൽ കുളിച്ചു ബ്രഹ്‌മാവിനെ വന്ദിച്ചു വിശപ്പടക്കാൻ എന്തെങ്കിലും കഴിച്ച് അവർ പാരായണത്തിനിരിയ്ക്കും.
നന്തിൻ ബാബയ്ക്ക് പദ്മപുരാണം പുസ്തകമില്ലാതെത്തന്നെ മുഴുവനായും അറിയാമായിരുന്നു. ഇന്ന് കാണുന്ന പദ്മപുരാണത്തിൽ വളരെയധികം കൂട്ടിച്ചേർക്കലും, ചിലഭാഗങ്ങൾ നഷ്ടപ്പെടലും ഉണ്ടായിട്ടുണ്ട് എന്ന് പറയപ്പെടുന്നു. ഹിന്ദു പുരാണങ്ങളിൽ മിക്കവയിലും മതപുരോഹിതരുടെ തിരുകിക്കയറ്റൽ ധാരാളം ഉണ്ടായിരുന്നെന്ന് ബാബയ്‌ക്കറിയാമായിരുന്നു. ബാബ ജാതി മതങ്ങളിൽ നിന്നും അതീതമായ പുരാണങ്ങളെയാണ് ബഹുമാനിച്ചിരുന്നത്. വേദകാലത്തെ മുനിമാർ പറഞ്ഞതിനെ വളച്ചൊടിച്ചാണ് ഇത്തരം പുസ്തകങ്ങൾ ഉണ്ടാക്കുന്നതെന്ന സത്യം അദ്ദേഹം ഉറക്കെ പറഞ്ഞിരുന്നു. പാരായണ സമയത്തു നോക്കാൻ പലര്കൊ‍ക്ണ്ടുകും തോന്വനിയേക്ന്നകാം. ഗോരഖ്‌പൂരിലെ ഗീതാപ്രസിൽ അച്ചടിച്ച പദ്മപുരാണവും ബാബയ്ക്ക് തൃപ്തികരമായിരുന്നില്ല. എന്നാലും പാരായണം തുടർന്നു. രണ്ടു പേരും ജാതി, മതം, കുലം തുടങ്ങിയവയ്ക്ക് ഒരു പ്രാധാന്യവും നല്‍കിയിരുന്നില്ല.
ഒരു നാള് ബാബ പദ്മപുരാണത്തിലെ ഒരു പ്രത്യേക അദ്ധ്യായം എടുത്തു സ്വാമിരാമയോട് വായിക്കാൻ നിർദ്ദേശിച്ചു. പുഷ്കറിലെ വിശാലമായ കാടുകളിൽ വിനോദത്തിനായി നായാട്ടു നടത്തിയ പ്രഭഞ്ജനൻ എന്ന രാജാവിന്റെ കഥയായിരുന്നു, വിഷയം. കാടിന്റെ പവിത്രത ഭഞ്ജിച്ചു രാജാവ് വേട്ടയാടി. വേട്ടയാടുന്നതില്‍ സത്യസന്ധത കാട്ടിയില്ല. അതിനാൽ വേട്ടയാടപ്പെട്ട മൃഗത്തിന്റെ ശാപത്തിനിരയായി.
ഒരു കാലത്തു നീതി, ധർമ്മം, സത്യസന്ധത എന്നിവയ്ക്ക് ജീവജാലങ്ങളിൽ വലിയ ബഹുമാനം, ആചരണം ഉണ്ടായിരുന്ന നാടായിരുന്നു ഭാരതം. ഓരോ സ്ഥലങ്ങൾക്കും അതിന്റേതായ പ്രാധാന്യമുണ്ട്, അവിടത്തെ ജീവജാലങ്ങള്‍ക്കും നിലനില്‍പ്പിന് നിlയമങ്ങളുണ്ട്. അത് തെറ്റിയ്ക്കുന്നതു രാജാവായാലും ശിക്ഷാര്ഹനാണ് എന്ന് പുരാണങ്ങളിലെ കഥകൾ പറഞ്ഞു തരുന്നു. മൃഗങ്ങള്‍ സംസാരിക്കുന്നതും ചില മൂല്യങ്ങള്‍ വെച്ച് പുലര്‍ത്തുന്നതും വെറും കെട്ടുകഥകളായി ചിലര്ക്ക് തോന്നിയേക്കാം. എന്നാല്‍ കഥയിലെ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ സന്മനസ്സുള്ളവര്‍ക്ക് യാതൊരു ബുദ്ധിമുട്ടും തോന്നുകയില്ല.

ഒരു പൗർണമി നാളിൽ സ്വാമിയും, ബാബയും കൂടി ഒരു പുതപ്പും നീളമുള്ള വടിയും, കയ്യിൽ രാമായണവും, വെള്ളപ്പാത്രവുമായി ചിത്രകൂടവനത്തിലെ ' അനസൂയ' എന്ന സ്ഥലത്തേയ്ക്ക് നടന്നു. അതി മനോഹരമായ ആ കാട്ടിലെ വന്യജീവികളെ കണ്ടുകൊണ്ടും, അവയുടെ അലർച്ച കെട്ടുംകൊണ്ടുമാണ് അവർ മുന്നോട്ടു നടന്നത്. വഴിയരുകിൽ ധാരാളം തേനീച്ചക്കൂടുകൾ തൂങ്ങിക്കിടക്കുന്ന കൗതുകകരമായ കാഴ്ചകണ്ടുകൊണ്ട് മന്ദാകിനീ നദീതീരത്തു എത്തിച്ചേർന്നു. ആ രാത്രിയില് തണുപ്പ് വകവെയ്ക്കാതെ രണ്ടുപേരും രാമായണവും കയ്യിൽ പിടിച്ചു നദീതീരത്ത് ധ്യാനത്തിലിരുന്നു.
ഗുരുവിന്റെ നിർദ്ദേശം ശിരസാ വഹിച്ചു രാമലക്ഷ്മണന്മാരെ പോലെ കാഴ്ചയ്ക്കു തോന്നിപ്പിച്ചു കൊണ്ട് രാമയും, ബാബയും തീർത്ഥാടനം തുടർന്നു
രാത്രി കാലങ്ങളിൽ തീക്കുണ്ഡങ്ങൾ ഉണ്ടാക്കി അതിന്നടുത്ത് ധ്യാനിച്ചിരിക്കും. ഉച്ചഭക്ഷണം കഴിഞ്ഞാൽ മാത്രമേ രണ്ടുമണിക്കൂർ വിശ്രമിക്കുക പതിവുള്ളൂ. രാത്രി കാലങ്ങളിൽ ഉറങ്ങരുതെന്ന, വിശ്രമിയ്ക്കരുതെന്ന ഗുരുവാക്യം അവർ തെറ്റാതെ പാലിച്ചു. യാത്രയ്ക്കിടെ ഭിക്ഷയാചിക്കരുതെന്നും നിർബന്ധമായിരുന്നു. കുഴിച്ചെടുക്കുന്ന കിഴങ്ങുകളും മറ്റും വേവിച്ചാണ് വിശപ്പടക്കിയിരുന്നത്. ചിലപ്പോൾ ആ ഭാഗങ്ങളിലെ പ്രധാന ഭക്ഷണമായ 'സത്തു' അടുത്ത വീടുകളിലെ സ്ത്രീകൾ കൊടുക്കുക പതിവാണ്. പരിപ്പുകളും മറ്റും വറുത്തു പൊടിച്ചുണ്ടാക്കുന്ന സത്തു ആരോഗ്യത്തിനു വളരെ നല്ലതായി കണക്കാക്കുന്നു.
നല്ല സ്വാദുള്ളതും ആരോഗ്യദായകങ്ങളുമായിരുന്നു കിഴങ്ങുകളും മറ്റു ഭക്ഷണങ്ങളും എന്നും ഈ യാത്ര വളരെ ആനന്ദകരമായിരുന്നു വെന്നും സ്വാമി രാമ പിൽക്കാലത്ത് തന്റെ ശിഷ്യരോട്‌ പറയുകയും കുറിച്ച് വെക്കുകയും ചെയ്തിട്ടുണ്ട്..

ശ്രീരാമ രാമാ രാമാ --8 പുഷ്കറിലെ പദ്മപുരാണ പാരായണം അങ്ങിനെ ഭംഗിയായി നടത്തി ബാബയും, സ്വാമിജിയും പഞ്ചവടി ലക്ഷ്യമാക്കി നടന്നു, വഴിയ്ക്ക് വിദിഷ, ഉജ്ജൈന്‍, ഓംകാരേശ്വര്‍ എന്നീ പുണ്യ സ്ഥലങ്ങളില്‍ തങ്ങി. ഇന്നത്തെ നാസിക്കിലായിരുന്നു പഞ്ചവടി. മുമ്പായിൽ നിന്നും ഏകദേശം ൧൦൦ നാഴിക വടക്കു പടിഞ്ഞാറ്. അവിടത്തെ ത്രയംബകേശ്വര ക്ഷേത്രം പ്രസിദ്ധമാണ്. സീതയെ രാവണന്‍ അപഹരിച്ച സ്ഥാനത്താണ് ക്ഷേത്രം നിലകൊള്ളുന്നത്. രണ്ടുപേരും രാമനാമം ഉരുവിട്ട് നദീതീരത്തെ ആശ്രമത്തിൽ എത്തി ക്ഷേത്ര ദർശനം ചെയ്തു. ശ്രീരാമൻ ഈ നദീതീരത്താണ് പർണ്ണശാല പണിതു താമസിച്ചിരുന്നത്.
രാമായണ കാലത്ത് ദണ്ഡകാരണ്യം, ഏകദേശം ഭാരതത്തിന്റെ മദ്ധ്യഭാഗവും, കുറച്ചു തെക്കോട്ടും വ്യാപിച്ചുകിടന്നിരുന്നു, ദണ്ഡകാരണ്യം ഘോരവനമായിരുന്നു എന്ന് അദ്ധ്യാത്മ രാമായണത്തിൽ പറയുന്നുണ്ട്. പഞ്ചവടി, ഗംഗമുതൽ ചിത്രകൂട പർവതം വരെ വ്യാപിച്ചു കിടന്നിരുന്ന സുന്ദരമായ വനപ്രദേശമായിരുന്നു എന്നും.പഞ്ചവടിയെപ്പറ്റി സ്വാമി രാമ വർണ്ണിയ്ക്കുന്നത് ധാരാളം വിഷപ്പാമ്പുകളുള്ള പ്രദേശമായിട്ടാണ്. ഭൂമിയിലെ ഏറ്റവും പഴക്കമുള്ളതും ബുദ്ധിയുള്ളതുമായ ജീവികളാണത്രെ പാമ്പുകൾ. യാത്രയ്ക്കിടയിൽ ധാരാളം വിവിധയിനം സർപ്പങ്ങളെ കണ്ടതായും അവയെ കണ്ടാൽ വഴിമാറി നടക്കലുമാണ് പതിവ് എന്നും എഴുതിട്ടുണ്ട്. സർപ്പങ്ങൾ മറ്റു ജീവികളെ ഉപദ്രവിക്കുന്നവയല്ലെന്നും അദ്ദേഹം പറയുന്നു. കടുവകളും സിംഹങ്ങളും ധാരാളമുള്ള വനത്തിൽക്കൂടിയായിരുന്നൂ യാത്ര. കൂടാതെ ധാരാളം കയറ്റിറക്കങ്ങൾ ഉള്ള ഭൂപ്രദേശം കൂടി ആയിരുന്നു.
വനയാത്രക്കാലത്തു അവർ ഭക്ഷണത്തിനു വലിയ പ്രാധാന്യം നൽകിയിരുന്നില്ല. കിഴങ്ങുകളും ഫലമൂലങ്ങളും യഥേഷ്ടം യാത്രയ്ക്കിടെ കിട്ടിയിരുന്നു. അത് അപ്പപ്പോൾ ചുട്ടു കഴിച്ചു. നദീതീരങ്ങള്‍ നോക്കിയാണ് ഇവര്‍ താവളങ്ങള്‍ തീരുമാനിച്ചിരുന്നത്. വിറക് ശേഖരിക്കുകയും തീക്കുണ്ഡം ഉണ്ടാക്കി അതിന്റെ സമീപത്തിരുന്നു ധ്യാനം നടത്തുകയും ചെയ്തു
ദണ്ഡകാരണ്യത്തിൽ എത്തിയപ്പോൾ അടുത്ത നേരത്തേയ്ക്കുള്ള ഭക്ഷണം ശേഖരിച്ചുവെക്കാൻ തുടങ്ങി. ദണ്ഡകാരണ്യത്തിൽക്കൂടെ നൂറു കണക്കിന് നാഴിക സഞ്ചരിക്കേണ്ടതായിട്ടുണ്ട്. വഴിയാത്രക്കാർ നൽകിയിരുന്ന ബാജ്‌റ, ജവാർ തുടങ്ങിയ ധാന്യങ്ങളും ഫലങ്ങളും അവർ സ്വീകരിച്ചു. എന്നാലും ആ യാത്ര ആനന്ദകരമായിരുന്നു എന്നാണ് സ്വാമിജി രേഖപ്പെടുത്തിയിട്ടുള്ളത്.

അങ്ങിനെ ഒരു മാസത്തോളം യാത്ര ചെയ്ത് അവര്‍ ഊട്ടിയിൽ എത്തിച്ചേര്‍ന്നു. അക്കാലത്തു ഉദകമണ്ഡലം എന്ന പേരിലാണ് ആ പ്രദേശം അറിയപ്പെട്ടിരുന്നത്. വൃത്താകാരത്തിലുള്ള ഒരു ജലശേഖരമായിരുന്നുവത്രേ ഈ പ്രദേശം .

Aug 16, 2017 4:50am
ശ്രീരാമ രാമാ രാമാ -9

ഉദകമണ്ഡലവും അതിനോട് ചേർന്ന ഭൂവിഭാഗവും ശ്രീരാമന്റെ കാലത്തു ബനാറസിലെ രാജാവിന്റെ അധീനതയിലായിരുന്നത്രെ. അവരുമായി രാമൻ സഖ്യത്തിൽ ഏർപ്പെടുകയും സീതാന്വേഷണത്ത്തിനും, സീതയെ വീണ്ടെടുക്കാന്‍ രാജാവ് സഹായം ചെയ്തു കൊടുത്തു എന്നും കഥയുണ്ട്.
ഉദകമണ്ഡലത്തിലെ വൃത്താകാരത്തിലുള്ള തടാകം ഒരു മഹാസിദ്ധൻ നിർമ്മിച്ചതാണെന്ന് പറയപ്പെടുന്നു. സ്വാമിരാമയുടെ രാമായണ തർജ്ജമയിൽ ഇതിനെക്കുറിച്ചൊക്കെ വിസ്തരിച്ചു എഴുതിയിട്ടുണ്ടത്രെ.

അക്കാലത്തും ഊട്ടിയില്‍ വേനല്‍ക്കാലമായാല്‍ ധാരാളം വിനോദ സഞ്ചാരികള്‍ എത്തിച്ചേര്‍ന്നിരുന്നു. അതിനാൽ സന്ദർശകരുടെ വലിയ തിരക്കായിരുന്നുവത്രേ. സ്വാമി രാമയ്ക്കും ബാബക്കും ഒരു കാവൽക്കാരന്‍ ഊട്ടിയിലെ മൈസൂർ കൊട്ടാരത്തിന്റെ പിൻഭാഗത്ത് ഒരു മുറി താമസിക്കാൻ ഏർപ്പാടാക്കിക്കൊടുത്തു. ഭക്ഷണരീതിയൊക്കെ ഇവിടെ എത്തിയതോടെ മാറി. ബ്രഡും, പച്ചക്കറികളും, പരിപ്പുമൊക്കെ കഴിക്കാൻ തുടങ്ങി.

ഊട്ടിയിലെ താമസത്തിനിടയിൽ കോയമ്പത്തൂർ, ഗൂഡല്ലൂർ തുടങ്ങിയ പട്ടണങ്ങൾ സന്ദർശിച്ചു. നരവംശശാസ്ത്രജ്ഞരും ചരിത്രകാരന്മാരും വ്യത്യസ്ഥ അഭിപ്രായം രേഖപ്പെടുത്തിയിരുന്ന ' തോടരെ ' ക്കുറിച്ചുള്ള അന്വേഷണവും നടത്തി. ഒത്ത ഉയരവും ആരോഗ്യവും, സൗന്ദര്യവുമുള്ള ഈ ഗോത്രവംശജര്‍ ഊട്ടിക്കടുത്ത് കാട്ടിനുള്ളിലാണ് താമസിച്ചിരുന്നത്. പുരുഷന്മാർ നീണ്ട താടിയും, മുടിയുമുള്ളവരായിരുന്നു. ഇവരുടെ പ്രധാന തൊഴിൽ ഉരുളക്കിഴങ്ങു. കൃഷിയായിരുന്നു. രാമായണത്തിൽ പറയുന്ന വാനര വംശജർ, സുഗ്രീവന്റെ വംശപരമ്പരയിൽ പെട്ടവ ഇവർ ആണോ എന്ന സംശയം നിലനിൽക്കുന്നു എന്ന് സ്വാമിജി രേഖപ്പെടുത്തിയിട്ടുണ്ട്..

ഉദകമണ്ഡലത്തിൽ നിന്നും മധുരയ്ക്കാണ് സ്വാമിജിയും ബാബയും യാത്ര ചെയ്തത്. തീര്ഥാടകരായ രാമഭക്തർ പലരും മധുരയെ കാര്യമായി എടുത്തിട്ടില്ലെന്നു സ്വാമിജി സൂചിപ്പിയ്ക്കുന്നു. ശക്തി സാധനയുടെ പ്രധാനമായ കേന്ദ്രമായിരുന്നു, മധുര. ആ കാലത്ത് ഭാരതത്തിലെ ഏറ്റവും പുണ്യ ഭൂമിയായിരുന്ന മധുരയെ രാമഭക്തരായ തീര്‍ത്ഥാടകര്‍ വേണ്ടപോലെ മനസ്സിലാക്കിയിട്ടില്ലെന്നാണ് സ്വാമി പറയുന്നത്. ഇവിടെയായിരുന്നു ശ്രീരാമന്റെ ആദ്യ സേനാത്താവളം. കൂടുതല്‍ സേനയും, ആദ്ധ്യാത്മികവും ഭൌതികമായ ശക്തിയും ഈ പുണ്യ നഗരിയില്‍ നിന്നുമാണ് യോദ്ധാക്കള്‍ ആര്ജ്ജിച്ചത് .

കൂടാതെ മധുര, ശക്തി സാധനയുടെ കേന്ദ്രമായിരുന്നു. താന്ത്രിക വിദ്യയുടെ ചില നല്ല വശങ്ങൾ ഇവിടെ വെച്ചാണ് സ്വാമിജിയും അഭ്യസിച്ചത്. ശ്രീവിദ്യാ ഉപാസന ആരംഭിച്ചതും ഇവിടെ വെച്ചായിരുന്നു. വേദങ്ങളും തത്വശാസ്ത്രങ്ങളും പഠിച്ച, ജീവിതം മുഴുവ്നും സാധനക്കായി ഉഴിഞ്ഞു വെച്ച പണ്ഡിത ബ്രാഹ്മണരുടെ കേന്ദ്രമായിരുന്നൂ മധുര. അവര് ഭക്ഷണം കഴിക്കുന്നതും ജലപാനം ചെയ്യുന്നതും ഉറങ്ങുന്നതും, നടക്കുന്നതും സംസാരിക്കുന്നതും എല്ലാം ഈശ്വരാരാധനയുടെ ഭാഗമായുള്ള സാധനയായിട്ടാണ് അനുഷ്ഠിച്ചിരുന്നത്. ഈ ബ്രാഹ്മണരാണ്‌ ഭാരതഭൂമിയിലെ ആദ്യ ബ്രാഹ്മണ സന്തതികള്‍ എന്ന് ബാബ സൂചിപ്പിക്കുന്നു. അല്ലെങ്കില്‍ ദൈവമാതാവിന്റെ അനുഗ്രഹീതരായ മക്കള്‍. ആരുടെ കാല്‍ക്കല്‍ ഇരുന്നാണോ താന്‍ ശ്രീവിദ്യ അഭ്യസിച്ചത്, ആ ദേവ തുല്യരായ പണ്ഡിതന്മാരെയും, വേദമാതാവിനെയും വണങ്ങി അവർ ധനുഷ്ക്കോടിയിലേക്കു യാത്ര ആരംഭിച്ചു.

ശ്രീരാമ രാമാ രാമാ --൧൦ രാമത്താര--- ഭാരതത്തിലെ അവസാനപാദം, രാമേശ്വരം --

ഇവിടെ.മാതൃഭൂമിയുടെ ബന്ധിപ്പിയ്ക്കുന്ന പാലം കടന്നു ധാരാളം ക്ഷേത്രങ്ങളും പ്രതിഷ്ഠകളുമുള്ള രാമേശ്വരത്തെത്തി. പ്രധാന ക്ഷേത്രം ശിവക്ഷേത്രം തന്നെ. ലങ്കയിലേക്കുള്ള പാലം പണിയുന്നതിന് മുൻപ്ശ് ശ്രീരാമൻ പ്രതിഷ്ഠിച്ച വിഗ്രഹമാണ് ഇവിടെ
രാമേശ്വരത്ത് എത്തിയ ഉടനെ രണ്ടുപേരും കടലിൽ കുളിച്ചു ക്ഷേത്രത്തിൽ പ്രവേശിച്ചു. പതിവുപോലെ ൨൧ കിണറുകളിലെ വെള്ളം കോരി സ്നാനം ചെയ്തു. കടലിൽ നിന്നും ഏതാനും വാര ദൂരെയുള്ള ഈ കിണറുകളിൽ ഉയർന്ന ജലനിരപ്പാണ്. വെള്ളത്തില്‍ തീരെ ഉപ്പില്ല. മറിച്ചു മധുരമാണ്..
മറ്റു ക്ഷേത്രങ്ങളിലെ ദർശനത്തിനു ശേഷം സ്വാമിജിയും ബാബയും ധനുഷ്ക്കോടിയിലെ പ്രധാന ദര്ശനസ്ഥാനത്ത് എത്തി. പുഷ്കറിൽ എത്തിയപ്പോൾ ചെയ്തപോലെ ഇവിടെയും രാമായണപാരായണത്തിനുള്ള ഒരുക്കങ്ങൾ ചെയ്തു. സ്വാമി രാമ ശ്രോതാവായി. ബാബ, ചെറിയ അദ്ധ്യായമായ 'സുന്ദരകാണ്ഡം' മുക്കാല്‍ മണിക്കൂര്‍കൊണ്ട്‌ പാരായണം ചെയ്തു. തുടര്‍ന്ന് ഗുരുശിഷ്യ സംവാദത്തിൽ രാമൻ പണിത പാലത്തിന്റെ ആന്തരീകാർത്ഥം ശരിയാം വണ്ണം ചർച്ച ചെയ്തു. ബാബ വിസ്താരത്തിൽ പറഞ്ഞു---എല്ലാ ഋഷിവര്യന്മാരാലും അനുഗ്രഹീതനായ രാമന് വേണമെങ്കിൽ ഒറ്റയ്ക്ക് തന്നെ രാവണനെ നിഗ്രഹിക്കാമായിരുന്നു. പക്ഷേ, രാമന്റെ ഉദ്ദേശം രാവണനെ വധിക്കലായിരുന്നില്ല. മറിച്ചു അധർമ്മത്തെ ഇല്ലാതാക്കി ധർമ്മം പുനസ്ഥാപിക്കലായിരുന്നു. അതുകൊണ്ടാണ് യുദ്ധം കഴിഞ്ഞു മടങ്ങുമ്പോള്‍ പാലം കടന്ന ഉടനെ വിഭീഷണന്റെ അപേക്ഷ മാനിച്ച്, തന്റെ ധനുവിന്റെ അറ്റം കൊണ്ട് പാലം ഒന്ന് തോണ്ടി രാമന്‍ മറിച്ചിട്ടത്.

ഒരു ശത്രുവിനെ കൊന്നതുകൊണ്ട് ശത്രുത മാറുന്നില്ല. അക്രമം പിന്നെയും എപ്പോൾ വേണമെങ്കിലും തലയുയർത്തും. എന്തിനാണ് കൊല്ലുന്നതെന്നു ശത്രു അറിഞ്ഞിരിയ്ക്കണം.ആക്രമിയ്ക്കുമ്പോൾ പരസ്പര ധാരണ ഉണ്ടായിരിക്കണം.
പാലം രമ്യതയുടെ, സ്നേഹത്തിന്റെ, ഐക്യത്തിന്റെ പ്രതീകമാണ്. ഒരു തിരിച്ചറിവിന്റെ ആധാരമാണ് പാലം. വ്യത്യസ്ത വംശജരായാലും മനുഷ്യഹൃദയങ്ങൾ തമ്മിലുള്ള ദൂരം കുറയ്ക്കാൻ പാലത്തിനു കഴിയും. രണ്ടു വ്യത്യസ്ത വംശങ്ങളെ, വ്യത്യസ്ത ജീവിതരീതികളെ കൂട്ടി യോജിപ്പിക്കുന്ന പാലം പ്രതീകാത്മകമെന്നു പറയുന്നത് അതുകൊണ്ടാണ്. ലോകത്തെവിടെ നോക്കിയാലും കാണാം ഇത്തരമൊരു പാലത്തിന്റെ ആവശ്യകത. കിഴക്കും പടിഞ്ഞാറും തമ്മില്‍, വടക്കും തെക്കും തമ്മില്‍, ആദ്ധ്യാത്മികമായും ഭൌതികമായും എന്നും വിയോജിപ്പുകളും അതിനെത്തുടര്‍ന്ന് ശത്രുതയും യുദ്ധവും നടന്നുകൊണ്ടേയിരിക്കുന്നു. അതില്ലാതാക്കാന്‍ പരസ്പരപരസ്പരം മനസ്സിലാക്കുകയും ആശയവിനിമയം ചെയ്യുകയെ വഴിയുള്ളൂ. ബന്ധങ്ങള്‍ സൌഹൃദ പരമായിരിക്കണം. ശ്രീരാമന്‍ പാലം ആവശ്യം കഴിഞ്ഞപ്പോള്‍ മറിച്ചിട്ടതിന്റെ സന്ദേശം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞാല്‍ കുറെയൊക്കെ യുദ്ധങ്ങളും കലഹങ്ങളും ഒഴിവാക്കാം. അതേ സമയം ജീവിതത്തിന്റെ ഉയര്‍ന്ന മൂല്യങ്ങളുടെ വിത്ത്‌ അവിടെ പാകി തിരിച്ചു പോരണം. അതിന്റെ ജനനവും വളര്‍ച്ചയും നമ്മുടെ ഉത്തരവാദിത്വം അല്ല. സ്വന്തം. കാഴ്ചപ്പാടുകൾ, സംസ്കാരങ്ങൾ മറ്റുള്ളവരുടെമേൽ അടിച്ചേൽപ്പിക്കാൻ ശ്രമിയ്ക്കരുത്. നിസ്വാര്‍ത്ഥതയോടെ, സ്നേഹപൂര്‍വ്വം കര്‍മ്മം ചെയ്യുക. ഫലത്തിനായി കാത്തുനില്‍ക്കരുത്. രാമന്റെ ഈ പ്രഭാവം ഉള്‍ക്കൊള്ളാന്‍ സാധിക്കാത്തവര്‍ക്ക് സദാ ആന്തരിക സംഘര്‍ഷത്തിന്റെ അടിമയായി കഴിയേണ്ടി വരും. ഇന്ദ്രിയ മോഹങ്ങള്‍ക്കടിമയായി ആന്തരികമായ അഥവാ ഉള്‍വിളി ശ്രദ്ധിക്കാതെ പോകുന്ന അവസ്ഥയിലാകും. നല്ലൊരു സത്യാന്വേഷിക്ക് ധനുഷ്കോടി ഇതില്‍ നിന്നെല്ലാം മുക്തി നല്‍കുന്ന ഒരു പുണ്യ സ്ഥാനമാണ്.

Uma Namboodiri updated her status.
Aug 17, 2017 5:22am shreeraamaraamaaraamaa--12
സാധാരണ രാമഭക്തര്‍ രാമേശ്വരം വരെയേ പോകുക പതിവുള്ളൂ. എന്നാല്‍ ബാബയും സ്വാമിയും ലങ്കാപുരി കൂടി സന്ദർശിക്കുകയാണ്. ഏതാനും ദിവസങ്ങള്‍ രാമേശ്വരത്ത് ചെലവഴിച്ചശേഷം സ്വമിരാമയും ബാബയും ഒരു ഫെറി' യില്‍ ലങ്കക്ക് പുറപ്പെട്ടു, ബാബയുടെ ആദ്യത്തെ ലങ്കായാത്ര ആയിരുന്നു അത്.
ശ്രീലങ്കയിൽ പലേ സ്ഥലത്തും അന്വേഷികളായി രണ്ടുപേരും സഞ്ചരിച്ചു. രാവണനെ ബഹുമാനിക്കുന്ന ജനതയെയാണ് അവർക്കു കാണാൻ കഴിഞ്ഞത്. യുദ്ധത്തിൽ ആർക്കും തോൽപ്പിയ്ക്കാൻ കഴിയാത്തവൻ, പണ്ഡിതൻ, നല്ല ഭരണ കർത്താവ്, തികഞ്ഞ ശിവഭക്തൻ, മഹായോഗി ---
ഒരുമാസത്തിലധികം ശ്രീലങ്കയുടെ വിവിധഭാഗങ്ങളിൽ താമസിച്ചു.നിരവധി ബുദ്ധവിഹാരങ്ങൾ സന്ദർശിച്ചു. പണ്ഡിതന്മാരെയും ബുദ്ധസന്യാസിമാരെയുമായി സംവദിച്ചു.
ബുദ്ധസന്യാസിമാർ, ഹിമാലയൻ സന്യാസിമാരെക്കണ്ടു ആദരവ് കാണിക്കുകയും ബുദ്ധദേവന്റെ ധർമസിദ്ധാന്തങ്ങളെക്കുറിച്ചു പ്രഭാഷണങ്ങൾ കേൾപ്പിയ്ക്കാൻ അപേക്ഷിക്കുകയും ചെയ്തു. സ്വാമീജിയ്ക്കു പാലി ഭാഷ നന്നായി അറിയാമായിരുന്നു. തേരവാദാ ബുദ്ധിസ്റ്റ് പണ്ഡിതന്മാര്‍ പാലിഭാഷയില്‍ എഴുതിയ ഗ്രന്ഥങ്ങള്‍ സ്വാമീജിയോട് വ്യാഖ്യാനിച്ച് കൊടുക്കാന്‍ അപേക്ഷിച്ചു. സ്വാമിജി ഉടനെത്തന്നെ അവര്‍ക്ക് വേണ്ട ജ്ഞാനം പകര്‍ന്ന് കൊടുത്തു.

ഒരു തീർത്ഥയാത്ര പരിപൂര്ണതയിലെത്തുന്നത് ഉദാരമായി ഭിക്ഷ നല്കുമ്പോളാണ്. സ്വാമിജി ഇവിടെ വിദ്യാദാനമാണ് ഭിക്ഷ നൽകിയത്. സർവ ധനങ്ങളിലും വെച്ച് ഏറ്റവും വലിയ ധനമായ വിദ്യ ബുദ്ധസന്യാസിമാർക്ക് നൽകി. 'വിശുദ്ധിമാർഗ്ഗ' എന്ന ഗ്രന്ഥത്തിനെ അടിസ്ഥാനമാക്കിയാണ് ബുദ്ധഭിക്ഷുക്കൾക്കു സ്വാമിജി ക്ലാസ്സുകൾ എടുത്തത്. (The path of Purification ) ധർമ്മസിദ്ധാന്തം ഉൾക്കൊള്ളുന്ന ഗ്രന്ഥമാണ് ഇത്.
.
ബുദ്ധസന്യാസിമാർ സ്വാമിജിക്ക് സമ്മാനിച്ചത് സംസ്ക്രുതത്തിലുള്ള 'കുംഭകർണ്ണ രാമായണ' മായിരുന്നു. യോഗവിദ്യയെപറ്റി പ്രതിപാദിക്കുന്ന പുസ്തകം ആയിരുന്നു അത്. 'യോഗനിദ്ര' യെക്കുറിച്ചുള്ള അപൂര്‍വ വിവരങ്ങൾ അടങ്ങിയ പുസ്തകം. രാവണനും കുംഭകർണനും മഹായോഗികളായിരുന്നു. പക്ഷേ, അവരുടെ സിദ്ധി സ്വന്തം നേട്ടത്തിന് വേണ്ടി മാത്രം ഉപയോഗിച്ചു അതുകൊണ്ട് അസുരന്മാരായാണ് പലരും ഇവരെ കണക്കാക്കിയത്.

ഈ തീർത്ഥയാത്ര നന്തിൻബാബയുടെ അവസാനത്തേതായിരുന്നു. തിരിച്ചു ഹിമാലയത്തിലെത്തി വനത്തിന്റെ കൂടുതൽ ഗഹനതയിലേക്കു ആഴ്ന്നിറങ്ങി. അധികം താമസിയാതെ ബാബ സമാധിയായി.
ശ്രീരാമ രാമാ രാമാ ! ശ്രീരാമചന്ദ്രാ ജയ !!

നേരത്തെ പറഞ്ഞപോലെ സത്യവും, സമഭാവനയും ആദര്ശശാലിയുമൊക്കെയായ രാമന്‍റെ വനസഞ്ചാരപഥം  തീര്‍ഥയാത്രികള്‍ക്ക് ശാന്തിയും സമാധാനവും നല്‍കുന്നു എന്നാണ് പറയപ്പെടുന്നത്. ഈ തീര്‍ത്ഥ യാത്ര ഏതൊരു രാമഭക്തന്റെയും ഉള്ളിലെ അജ്ഞാനം, ഭയം എന്നിവ പൂര്‍ണ്ണമായും അകറ്റി ശാശ്വതമായ ശാന്തിയും സമാധാനവും ലഭിക്കുന്നതാണെന്നു അനുഭവസ്ഥര്‍ പറയുന്നു. അതുകൊണ്ടാണ് തീര്‍ത്ഥയാത്രക്ക് മുന്പ് എല്ലാ ആദ്ധ്യാത്മിക ഗ്രന്ഥ ങ്ങളിലും വെച്ച് മഹത്വമേറിയ 'രാമായണം' നിര്‍ബന്ധമായും പാരായണം ചെയ്യണം എന്ന് സ്വാമി രാമയുടെ ഗുരു അദ്ദേഹത്തെ ഉപദേശിച്ചത്.

തന്റെ സ്വകാര്യ ആനന്ദത്തിനേക്കാള്‍ ജീവിതത്തിലെ മൂല്യങ്ങള്‍ക്ക് വില കല്‍പ്പിച്ച ഭരണ കര്‍ത്താവ്. പ്രകൃതിയിലെ സകല ചരാചരങ്ങളെയും ഒരേപോലെ കണ്ടവന്‍, യുദ്ധം കഴിഞ്ഞു സീതയെ തിരിച്ചു കൊണ്ടുപോരുമ്പോള്‍ രണ്ടു വ്യത്യസ്ത സംസ്കാരമുള്ളവരെ അവരവരുടെ മര്യാദയോടെ ജീവിക്കാന്‍ അനുവദിക്കണമെന്ന് വിശ്വസിച്ചവന്‍, ഗര്‍ഭിണിയായ ഭാര്യയുടെ ചാരിത്ര്യത്തിന് പൌരന്മാര്‍ക്ക് സംശയം തോന്നിയപ്പോള്‍ സീതയെ കാട്ടില്‍ കൊണ്ട് വിട്ട രാമന്‍, ......ആദര്‍ശശാലിയായ ആ രാമന്‍ ലോകത്തിന് തന്നെ മാതൃകതന്നെ. ... 

ശ്രീരാമ രാമാ രാമാ 

No comments:

Post a Comment