Tuesday, 25 June 2024

വായന ---ഇക്കിഗൈ 1 & 2 f

 സ്പന്ദനങ്ങള്‍ :---വായന

ജനുവരി 30, 2019  

ഈ വര്ഷത്തെ ആദ്യത്തെ വായന ഊര്‍ജ്ജദായകമായി.
  
അമ്മിണീ, 

നീ ഓണ്‍ ലൈന്‍ ല്‍ വരുത്തിയ ഈ ബുക്ക്‌  അമ്മമ്മയ്ക്കുതന്നെ ആദ്യം വായിക്കാന്‍ തന്നത് ഉചിതമായി.       

ഇകിഗയ്----IKIGAI ----.ഇതാണ്  പുസ്തകത്തി ന്റെ പേര്. വിചിത്രമായ പേര്. നിഗൂഢമായ അര്‍ത്ഥമുള്ള ഒരു പദം എന്ന് പറയാം. പുറം ചട്ടയില്‍ത്തന്നെ ജപ്പാന്‍  ഭാഷയില്‍  ഇകിഗയ്  എന്ന് എഴുതിയിട്ടുണ്ട്. അതിന് തൊട്ടുതാഴെ  അതിന്റെ അര്‍ത്ഥം, The Japanese Secret to a Long and Happy Life എന്നും. ദീര്‍ഘകാലം സന്തോഷത്തോടെയും, ആനന്ദത്തോടെയും  ജീവിക്കണമെങ്കില്‍  സദാ  ഊര്ജ‍ജസ്വലരായിരിയ്ക്കണം. 'കര്‍മ്മനിരതരായിരുന്നാല്‍ നൂറുവര്‍ഷം വരെ സുഖമായി ജീവിയ്ക്കാം' എന്ന ജപ്പാനിലെ  പഴഞ്ചൊല്ലിനെ ചുരുക്കിപ്പറഞ്ഞാല്‍  'ഇകിഗയ്' യുടെ  അര്‍ത്ഥമായി.

ഈ പുസ്തക രചന, ഹെക്ടര്‍ ഗാര്‍സ്യ ,ഫ്രാൻസിസ് മിറല്ലെസ്  (Hector  García and Francesc Miralles ) എന്ന രണ്ടു എഴുത്തുകാരുടെ ചിന്തയുടെ, അല്ലെങ്കില്‍ എന്തുകൊണ്ട്, എങ്ങിനെ ജപ്പാന്‍കാര്‍  സന്തോഷകരമായി നൂറു വര്‍ഷവും അതിലധികവും ജീവിച്ചു പോരുന്നു എന്ന അന്വേഷണത്തിന്റെ ഫലമാണ്.

 രണ്ടാം ലോകമഹായുദ്ധത്തിന്‍റെ തിക്തഫലം ഏറ്റവുമധികം  അനുഭവിച്ചവരാണ് ജപ്പാന്‍ കാര്‍ എന്ന് നമുക്കൊക്കെ അറിയാം. യുദ്ധത്തിന്റെ തീരാനഷ്ടം അവര്‍ മധുരതരമാക്കി അതിജീവിക്കുകയും ലോകത്തിലേക്ക് വെച്ച് ഏറ്റവും ദീര്‍ഘായുഷ്മാന്മാരായിത്തീരുകയും ചെയ്തു.  ഇതെങ്ങിനെ എന്ന് ഈ പുസ്തകം വായിച്ചാലറിയാം.

ഒരുനാൾ ഈ  രണ്ടെഴുത്തുകാരും ജീവിതത്തിന്റെ അര്‍ത്ഥം എന്താണെന്ന് ഗൌരവമായി ചിന്തിച്ചിരിക്കവേ, ജപ്പാന്‍റെ തെക്കുഭാഗത്തുള്ള 'ഒകിനാവ' ദ്വീപ് വാസികളുടെ ജീവിതം ചര്‍ച്ചാവിഷയമായി. ലോകത്തിലെ മറ്റു ജനങ്ങളേക്കാള്‍ അധികം ആയുസ്സുള്ളവര്‍ എന്ന പേരിന് എങ്ങിനെ ഇവര്‍ അര്‍ഹരായി എന്നതിന്‍റെ സത്യാവസ്ഥ കണ്ടുപിടിക്കാൻ അവര്‍ തീര്‍ച്ചയാക്കി. ഒകിനാവ ദ്വീപിന്‍റെ വടക്കേ അറ്റത്തുള്ള 'ഒഗിമി' എന്ന ഗ്രാമപട്ടണത്തിലെ 100 മുതല്‍ 120 വയസ്സുവരെ ആനന്ദമായി ജീവിതം നയിക്കുന്നവരുടെ കൂടെ ഒരു വര്‍ഷത്തോളം താമസിച്ച് അവരുടെ ദീര്‍ഘായുസ്സിന്റെ രഹസ്യം കണ്ടെത്തുകയും ചെയ്തു. 'ഇകിഗയ്' എന്ന പുസ്തകത്തിലെ പ്രതിപാദ്യ വിഷയം ഈ രഹസ്യമാണ്.

200 ല്‍ത്താഴെ പേജുകളുള്ള മനോഹരമായി ബൈന്റ് ചെയ്ത പുസ്തകം. 3 വര്ഷം മുന്നേ ആദ്യം  സ്പാനിഷ് ഭാഷയില്‍ ഇറങ്ങി. പുസ്തകത്തിന്റെ തര്‍ജ്ജമ ലളിതമാണ്. ആമുഖത്തിനു ശേഷമുള്ള 9 അദ്ധ്യായങ്ങളിലായി ആയുസ്സിന്റെ പരമാവധി (100-- 120) വരെ എങ്ങിനെ ശരീരവും മനസ്സും പൂര്‍ണ്ണ ആരോഗ്യത്തോടെ സംരക്ഷിച്ചുകൊണ്ട് ആനന്ദത്തോടെ ജീവിയ്ക്കാമെന്ന്  സവിസ്തരം എഴുതിയിരിയ്ക്കുന്നു. പ്രായം കൂടിക്കൂടി വരുമ്പോഴും മനസ്സിന്റെ യുവത്വം എങ്ങിനെ നിലനിര്‍ത്തണം, എന്ത് ഭക്ഷണം കഴിയ്ക്കണം, സ്നേഹവും സാഹോദര്യവും നിലനിര്‍ത്തി നിത്യജീവിതം എങ്ങിനെ ആഘോഷമാക്കണം  എന്ന് തുടങ്ങി നിരവധി രസകരങ്ങളായ കാര്യങ്ങളാണ് ഇതില്‍ പ്രതിപാദിച്ചി ട്ടുള്ളത്.

ജീവിതത്തിന്റെ അര്‍ത്ഥം ഉള്‍ക്കൊള്ളുക. ശാരീരികവും, മാനസികവുമായ ആരോഗ്യത്തിന്റെ  പ്രധാന ശത്രുവായ സമ്മര്‍ദ്ദങ്ങള്‍ / പിരിമുറുക്കങ്ങള്‍ ഇല്ലാതാക്കുക. ലളിതമായ ജീവിതം നയിക്കുക. വേണ്ടപോലെ വിശ്രമിയ്ക്കുക. സമൂഹത്തില്‍ സഹവര്‍ത്തിത്വത്തോടെ പ്രവര്‍ത്തിയ്ക്കുക. ഇത്തരം നിരവധി നിര്‍ദ്ദേശങ്ങള്‍ ഇതില്‍ കാണാം.

ഓരോ മനുഷ്യനിലും 'ഇകിഗയ്' ഉണ്ട്. അത് നമ്മള്‍ തന്നെ കണ്ടു പിടിയ്ക്കണം. ഓരോ ദിവസവും ഉണര്‍ന്നു എഴുന്നേല്‍ക്കുന്നത്‌ ഇച്ഛാശക്തിയോടെ ആയിരിയ്ക്കണം. ദീര്‍ഘകാലം ജീവിച്ചുപോരുക എന്നതല്ല,  ജീവിതം ആദ്യന്തം മനോഹരമാക്കണം. ലക്ഷണവത്തും എന്ന ബോധം സദാ ഉണ്ടാകണം.

ജോലികളില്‍ നിന്ന് വിശ്രമം എന്ന പതിവ് അവിടെ തീരെ ഇല്ല. ബദ്ധപ്പാടില്ലാത്ത ജീവിതം. ഒരു പക്ഷേ അവിടെ ധാരാളമായി ഉണ്ടാകുന്ന ചെറുനാരങ്ങ പോലുള്ള 'പഞ്ച്' (പഞ്ചദ്രവ്യാത്മക മദ്യം) ആയിരിക്കുമോ ഇവരുടെ ആയുര്ദൈര്ഘ്യത്തിന്റെ രഹസ്യം -- എന്ന് ലേഖകര്‍ സംശയിക്കുന്നു. ഗ്രീന്‍ ടി ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന വെള്ളത്തിന്‍റെ ഗുണ മേന്മയും പുസ്തകത്തില്‍ എടുത്തു പറയുന്നുണ്ട്.
മനോഹരമായ പ്രകൃതിയുടെ മടിത്തട്ടില്‍ സദാ ശരീരവും മനസ്സും ജാഗ്രതയായി പ്രവര്‍ത്തിയ്ക്കുന്ന,  ജീവിതത്അതിലെ ഓരോ നിമിഷവും ആഘോഷമാക്കി മാറ്റുന്ന,  'ഇകിഗെ'  അഥവാ ദീര്‍ഘയുസ്സിന്റെ രഹസ്യം മനസ്സിലാക്കി  ജീവിയ്ക്കുന്ന  ജപ്പാന്‍  ജനതയുടെ,  അര്‍ത്ഥവത്തായ ജീവിത്തെപ്പറ്റിയുള്ള ഈ   പുസ്തകം  വാര്ദ്ധക്യത്തോടുള്ള ഭയം / കാഴ്ച്ചപ്പാട് മാറ്റി എടുക്കാന്‍ സഹായിക്കും.. .........

കഴിഞ്ഞില്ല. 

സ്പന്ദനങ്ങള്‍ ----വായന (ഇക്കിഗയ്) ---തുടര്‍ച്ച.

ഒക്ടോബര്‍ 8 (ഞായര്‍), 2023 

നാല് വര്ഷം മുന്നേ പേരക്കുട്ടി വായിക്കാനായിത്തന്ന പുസ്തകം ഒറ്റ ഇരുപ്പില്‍ ഇരുന്നാണ് അന്ന് വായിച്ചത്. ഉറങ്ങാന്‍ കിടന്നിരുന്ന പ്രതീക്ഷകള്‍ ഉണര്‍ത്തി ഉത്സാഹവും ആനന്ദവും അനുഭവപ്പെടുത്തിയ പുസ്തകമായിരുന്നു, 'IKIGAI' (ഇക്കിഗയ്). (ജാപനീസ് ഭാഷയില്‍ 'ഇകി' എന്നാല്‍ ജീവിതം ആണ്. 'ഗയ്' എന്നാല്‍ മൂല്യം.)  'ജാപ്പനീസ് സീക്രെറ്റ് ടൂ എ ലോങ്ങ്‌ ആന്‍ഡ്‌ ഹാപ്പി ലൈഫ്'_ എന്നുവെച്ചാല്‍ 'ജീവിതത്തിന്റെ മൂല്യങ്ങള്‍ അറിഞ്ഞ് അര്‍ത്ഥവത്തായ ജീവിതം നയിച്ച്‌ ആനന്ദമെന്ന അവസ്ഥയില്‍ മുഴുകുക' തന്നെയാണ്. നമ്മുടെ പൂര്‍വികരായ ഗുരുക്കന്മാര്‍ ഉപദേശിച്ച് തന്നതും മറ്റൊന്നല്ല. അഹിംസയുടെ, കാരുണ്യത്തിന്റെ, സ്നേഹത്തിന്റെ, സാഹോദര്യത്തിന്റെ, സത്യത്തിന്റെ,  അഥവാ മാനവീയതയുടെ പാത--- 

'ഒരു താക്കോല്‍' എന്ന തലക്കെട്ടില്‍ രണ്ടുദിവസം മുന്നേ വാരാന്തപ്പതിപ്പില്‍ ആ പുസ്തകത്തിന്റെ സഹരചയിതാവായ ഫ്രാന്‍സെസ്ക് മിറയെസ്സുമായി അനന്യ. ജി, നടത്തിയ അഭിമുഖം വായിച്ചപ്പോളാണ് അദ്ദേഹത്തെപ്പറ്റിയും ഇകിഗയ് എന്ന സങ്കല്‍പ്പത്തെപ്പറ്റിയും കൂടുതല്‍ അറിയുവാന്‍ സാധിച്ചത്. 

അധ്യാപകനും സഞ്ചാരിയും പ്രസാധകനും എഴുത്തുകാരനുമായിത്തീര്‍ന്ന മിറയെസിന് യാത്രക്കിടയില്‍ അവിചാരിതമായി ലഭിച്ച ചങ്ങാതിയായിരുന്നു ഹെക്ടര്‍ ഗാര്‍സിയ. ജീവിതത്തെക്കുറിച്ച് ഗഹനമായ ചര്‍ച്ച നടത്തുമ്പോള്‍ ആണ് ലോകത്തില്‍ വെച്ച് ഏറ്റവും ആരോഗ്യവും ദീര്‍ഘായുസ്സുമുള്ളവര്‍ ജപ്പാനിലെ ഉള്‍പ്രദേശത്തുള്ള ഒക്കിനാവ ദ്വീപുവാസികളാണെന്ന് അദ്ദേഹം മനസ്സിലാക്കുന്നത്. പ്രായം നൂറ് കടന്നാലും എങ്ങിനെ യുവത്വം നിലനിര്‍ത്താനാകുമെന്ന വസ്തുത കണ്ടുപിടിക്കാനായി അവര്‍ ഹെക്ടറിന്റെ ഭാര്യാപിതാവ് വഴി ഒക്കിനാവയില്‍ എത്തിച്ചേരുന്നു. ശാരീരികവും മാനസികവുമായ ആയുരാരോഗ്യ സൌഖ്യത്തോടെ ലോകത്തിന് തന്നെ മാതൃകയായ ജീവിതം നയിക്കുന്ന ശുഭാപ്തിവിശ്വാസികളായ ദ്വീപുവാസികളുടെ കൂടെ കുറച്ചുകാലം താമസിച്ച് ദീര്‍ഘായുഷ്മന്‍ ആകാനുള്ള പൊരുള്‍ അവര്‍ കണ്ടെത്തുന്നു.    

രണ്ടാം ലോകമഹായുദ്ധകാലത്ത് യുദ്ധഭൂമിയായിരുന്നു ഒക്കിനാവ. ഏറെ കഷ്ടതകള്‍ സഹിച്ച് ജീവിതം മുന്നോട്ട് നീക്കി ഇന്ന് ശാരീരികവും മാനസികവുമായ ആയുരാരോഗ്യ സൌഖ്യത്തോടെ ലോകത്തിന് തന്നെ മാതൃകയായ ജീവിതം നയിക്കുന്നവരായി മാറിയതിന്റെ രഹസ്യം അനുഭവിച്ചറിയാന്‍ മിറയെസ്, ഗാര്സിയയുടെ കൂടെ ഒക്കിനാവയില്‍ കുറെ  കാലം താമസിച്ചു. അവിടത്തെ കാഴ്ചകള്‍ അദ്ദേഹത്തെ അമ്പരപ്പിച്ചു. ചിന്തിപ്പിച്ചു. 80 കഴിഞ്ഞവരുടെ വീടുകള്‍ സന്ദര്‍ശിച്ചപ്പോള്‍ ഒരൊറ്റ വൃദ്ധജനങ്ങളും വീട്ടില്‍ രോഗഗ്രസ്തരായി കിടക്കുന്നില്ല! യുദ്ധത്തിന്റെ തിക്തഫലം ഓര്‍മ്മിക്കാന്‍ ഇഷ്ടം പോലെ ആളുകള്‍, അനുഭവങ്ങള്‍...... പക്ഷേ, ശുഭാപ്തി വിശ്വാസവും ക്ഷമാശീലവും അഥവാ മറക്കാനും പൊറുക്കാനുമുള്ള കഴിവ് കൈമുതലായതിനാല്‍ ഏറെ കഷ്ടതകള്‍ സഹിച്ച് ജീവിതം മുന്നോട്ട് നീക്കുമ്പോഴും ദ്വീപില്‍ കുടിയേറി പാര്‍ക്കുന്ന അമേരിക്കക്കാരോട്  സാഹോദര്യത്തോടെ പെരുമാറാന്‍ അവര്‍ക്ക് സാധിച്ചു. ഇന്ന് ശാരീരികവും മാനസികവുമായ ആയുരാരോഗ്യസൌഖ്യത്തോടെ ലോകത്തിന് തന്നെ മാതൃകയായി ജീവിതം നയിക്കുന്നവരായി മാറിയതിന്റെ പൊരുള്‍ അറിഞ്ഞപ്പോള്‍ ഇതൊരു സന്ദേശമായി ലോകമൊട്ടുക്കും അറിയിക്കണമെന്ന് അദ്ദേഹത്തിന് തോന്നി. 

ഈ ഇന്റര്‍വ്യൂ വില്‍ ഏറ്റവും ആകര്‍ഷകമായത്, ലോകത്തിനെ ആകമാനം മരണഭീതിയില്‍ കൊണ്ടെത്തിച്ച കൊറോണക്കാലത്ത് ഈ പുസ്തകത്തിനു ലഭിച്ച അത്യപൂര്‍വമായ സ്വീകരണവും സാമ്പത്തിക നേട്ടവും പ്രശസ്തിയുമെല്ലാം ഇട്ടെറിഞ്ഞ് രമണ മഹര്ഷി, ജിദ്ദു കൃഷ്ണമൂര്‍ത്തി തുടങ്ങിയ മഹത്തുക്കളുടെ ആദ്ധ്യാത്മിക പാതയിലൂടെ സഞ്ചരിക്കാന്‍ പ്രേരിപ്പിച്ച  ഗ്രന്ഥകര്‍ത്താവിന്റെ കാഴ്ചപ്പാടുകളാണ്. രണ്ടായിരത്തില്‍, ഭാരതീയ ദര്‍ശനത്തില്‍ ആകൃഷ്ടനായി ജ്ഞാനാന്വേഷിയായി ഒട്ടൊക്കെ അവധൂതനെപ്പോലെ ഭാരതഭൂമിയില്‍ അലഞ്ഞു തിരിഞ്ഞ് നടക്കുമ്പോള്‍ കണ്ടുമുട്ടിയ കരുണയും, സ്നേഹവും നിറഞ്ഞ നിഷ്ക്കളങ്കമായ മനസ്സിന്റെ ഉടമകള്‍......വൈവിദ്ധ്യമാര്‍ന്ന ഭൂപ്രകൃതിയും ഭാഷഭൂഷകളോടുകൂടിയ മനുഷ്യര്‍.....നാനാത്വത്തില്‍ ഏകത്വം കാണുന്ന സമൂഹം--- അതുപോലെയുള്ള സൌന്ദര്യം നിറഞ്ഞ പ്രകൃതിയും......ഒരായുസ്സ് പോരാ ഇന്ത്യയെ അടുത്തറിയാന്‍ എന്ന അനുഭവം.....

അനന്യയുമായിട്ടുള്ള ഇന്റര്‍വ്യൂവില്‍ ഫ്രാന്‍സെസ്ക് മിറയെസ് തന്റെ മനസ്സ് തുറക്കുന്നു. 1968 -ല്‍ ആരംഭിച്ച പോണ്ടിച്ചേരിയിലെ 'അരോവില്‍' ലെ ലോകസാഹോദര്യത്തിന്റെ ഉത്തമ ഉദാഹരണമായ കൂട്ടായ്മയോടുള്ള ജീവിതം ഏറെ സ്വാധീനിച്ചതായി അദ്ദേഹം  പറയുന്നു. 

സാഹോദര്യത്തിന് അതിര്‍ വരമ്പുകള്‍ വേണ്ട. ഓരോരുത്തരും അവനവന്റെ ഇക്കിഗയ് സ്വയം കണ്ടെത്തണം. എന്നും രാവിലെ തീവ്രമായ ഇച്ഛാശക്തിയോടെ എഴുന്നേല്‍ക്കണം. ഉണര്‍ന്ന് ഉറങ്ങുന്നതുവരെ ഊര്‍ജ്ജം നിറഞ്ഞ ലക്ഷ്യബോധത്തോടെ പ്രവര്‍ത്തിക്കുക, സന്തോഷത്തോടെ, അര്‍പ്പണബോധത്തോടെ കര്‍മ്മങ്ങള്‍ ചെയ്യുമ്പോള്‍ ജീവിതം ആഘോഷമായിത്തീരുന്നു. സഹജീവികളോടുള്ള സൗഹൃദം  പോലെത്തന്നെ പ്രക്രുതിയോടും ഇണങ്ങി ജീവിക്കാന്‍ സാദ്ധ്യമാകുന്നു. തന്‍റെ ലക്‌ഷ്യം ഇപ്പോള്‍ മറ്റുള്ളവരെ അവരുടെ ഇക്കിഗയിലേക്ക് അടുപ്പിക്കുകയാണെന്ന് അദ്ദേഹം തിരിച്ചറിയുന്നു. അദ്ദേഹത്തിന് വളരുന്ന തലമുറയോട് പറയാനുള്ളത് ---"ഓരോരുത്തരും അവനവന്റെ ലക്‌ഷ്യം കണ്ടുപിടിക്കണം. യാത്ര ചെയ്ത് അനുഭവങ്ങളും കാഴ്ചപ്പാടുകളും ആര്ജ്ജിച്ചെടുക്കണം. സ്ക്രീനിന് മുന്നിലിരുന്ന് സമയം കഴിക്കാതെ, സൌകര്യങ്ങളുടെയും പരിചിതമായ ചുറ്റുപാടുകളുടെയും സുരക്ഷിതത്വത്തില്‍ നിന്ന് ഇറങ്ങി നടന്ന് അപരിചിതരായ മനുഷ്യരുമായി ഇടപഴകണം. ലോകത്തിന്റെ വൈവിധ്യങ്ങള്‍ക്ക് സ്വയം തുറന്നിട്ട്‌ കൊടുക്കുകയാണ് ഇക്കിഗയ് യാത്രയുടെ ആദ്യപടി. ഓരോരുത്തവര്‍ക്കും സ്വയം ഇക്കിഗൈ കണ്ടെത്താനായാല്‍ ജീവിതത്തില്‍ മാനവീയതയും, സത്യസന്ധതയും ഉണ്ടാകും. അപ്പോള്‍  മനസ്സ് പൂര്‍ണ്ണ ആരോഗ്യമുള്ളതായിത്തീരും." ചുറ്റും സന്തോഷം സ്ഫുരിക്കും.

 ജപ്പാനിലെ നാല് മതങ്ങളിലെയും മിശ്രണമാണ് മനുഷ്യന്റെ ആനന്ദകരമായ ജീവിതത്തിന് അനുയോജ്യമെന്ന് ഒക്കിനാവക്കാര്‍ വിശ്വസിക്കുന്നു. പ്രകൃതിശക്തികളെയും പൂര്‍വികരെയും ആരാധിക്കുന്ന ഇവര്‍ 'അതീന്ദ്രിയമായ ഒന്നില്‍' (ഒരു ശക്തിയില്‍) വിശ്വസിക്കുന്നു. ഈ ആത്മീയതയെ അവര്‍ ദൈവമായി കണക്കാക്കുന്നു. സ്വയം ശുദ്ധീകരിക്കപ്പെടുമ്പോള്‍ അത് പങ്കു വെക്കുമ്പോള്‍ ആത്മീയത കൂടുതല്‍ വളരുന്നു. ഇക്കിഗയ് അതിന്റെ പ്രായോഗിക ധാരയാണ്.   

ഒക്കിനാവക്കാരുടെ ആയുര്‍ ദൈര്‍ഘ്യത്തിനും ആനന്ദകരമായ ജീവിതത്തിനും അവിടത്തെ കാലാവസ്ഥ, ഭക്ഷണരീതി, ജനിതകമായ അനുകൂല ഘടകങ്ങള്‍ എന്നിവ പ്രധാന കാരണങ്ങളാണ്. എത്ര കഴിക്കണം, എന്ത് കഴിക്കണം എന്നത് കൂടാതെ ആര്, എങ്ങിനെ ഭക്ഷണം പാകം ചെയ്യുന്നു, വിളമ്പിത്തരുന്നു എന്നതും ഭക്ഷണ രീതിയെ ബാധിക്കുമെന്നതും വസ്തുതയാണ്.  

ഈ തലമുറയിലെ ഒട്ടുമിക്കപേര്‍ക്കും ഈശ്വര വിശ്വാസം ഒരു പിടിവള്ളിയാണ്. എന്നാല്‍ ഭൌതിക ശരീരവും അദൃശ്യമായ മനസ്സും തമ്മിലുള്ള അഭേദ്യമായ ബന്ധം അംഗീകരിക്കാത്തവരുള്ള ഈ ലോകത്തില്‍ വരാന്‍ പോകുന്ന കാലത്ത് യന്ത്രം കണക്കേ മനുഷ്യജീവിതവും മാറിപ്പോയേക്കാമെന്ന സ്ഥിതിവിശേഷം സംഭവിച്ചേക്കാം. ഒരു ഭയപ്പാടോടെ കോവിഡ് എന്ന് ഉച്ചരിച്ചിരുന്നവര്‍ തന്നെ ആ പേര്‍ മറന്നു കഴിഞ്ഞു. മനുഷ്യന്റെ ആരോഗ്യം ആധുനിക വൈദ്യശാസ്ത്രത്തിന്‍റെ കൈപ്പിടിയിലായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ജനിതകമാറ്റം വരുത്തി ജീവന്‍ സൃഷ്ടിച്ച് അമരത്വം നേടാനുള്ള ഗവേഷണങ്ങളില്‍ ശാസ്ത്രജ്ഞര്‍ മുഴുകുമ്പോള്‍, വരും തലമുറ അതിനെയും സമര്‍ത്ഥമായി നേരിടും എന്ന് ആശ്വസിക്കാം. 

ഇന്റര്‍വ്യൂ അവസാനിക്കുന്നത് രസകരമായ തന്റെ ഇഷ്ടങ്ങള്‍, കാഴ്ചപ്പാടുകള്‍ പറഞ്ഞുകൊണ്ടാണ്. യാത്രചെയ്തും വായിച്ചും ലഭിക്കുന്ന അറിവുകളും അനുഭൂതികളും പങ്കുവെച്ച് അത് ലോകോപകാരപ്രദമാക്കാന്‍ ആഗ്രഹിക്കുന്നതായും സൂചിപ്പിക്കുന്നു. സുഖമുള്ള സുന്ദരസ്വപ്നങ്ങള്‍ തനിക്ക് സമ്മാനിക്കുന്ന ഫുട്ബാള്‍ കളിയെ അദ്ദേഹം ആരാധിക്കുന്നു. വേദനിപ്പിക്കുകയോ അരിശം കൊള്ളിക്കുകയോ ചെയ്യുന്ന വാര്‍ത്തകള്‍ കേള്‍ക്കാന്‍ താല്‍പ്പര്യമില്ലാത്തതിനാല്‍ സമയം കിട്ടിയാല്‍ റേഡിയോ തുറന്ന് ഫുട്ബാള്‍ കമന്ററി കേള്‍ക്കാനും, അതിനെപ്പറ്റിയുള്ള ചര്‍ച്ചകള്‍ കേള്‍ക്കാനും ഇഷ്ടപ്പെടുന്നു. 

ജ്ഞാനദാഹിയായ, അന്വേഷണകുതുകിയായ, പൌരസ്ത്യ ദാര്‍ശനികതയെ ബഹുമാനിക്കുന്ന ഫ്രാന്‍സെസ്ക് മിറായെസ്ന്‍റെ ഇക്കിഗൈ ഭാരതമാണെന്നറിയുമ്പോള്‍ അദ്ദേഹത്തോടുള്ള ആദരവ് ഒന്നുകൂടി കൂടുകയാണ്. 

വളര്‍ന്ന് വരുന്ന തലമുറ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട പുസ്തകം. അവനവന്റെ ജീവിത ലക്ഷ്യം, ജീവന്‍റെ മൂല്യം എത്രയും നേരത്തെ തിരിച്ചറിയേണ്ടാതാണ്. ഒഴുകുന്ന വെള്ളം പോലെ ആയിരിക്കണം ജീവിതം. ഒരിക്കലും കെട്ടിക്കിടക്കാന്‍ അനുവദിക്കരുത് എന്നത് എന്നും എപ്പോഴും ഓര്‍ത്തിരിക്കേണ്ട വരികള്‍ ! 

No comments:

Post a Comment