Tuesday, 4 June 2024

വായന ---പെരുമാള്‍ മുരുകന്‍

പെരുമാള്‍ മുരുഗന്‍ 

july 9, 2016 

 തമിഴ് കവിയും നോവലിസ്റ്റും ചെറുകഥാകൃത്തും അതേ  സമയം കോളേജ് അദ്ധ്യാപകനുമായ  പെരുമാൾ മുരുകൻ  ഭാഷയെ പരിപോഷിപ്പിക്കാൻ ചെയ്ത സേവനങ്ങൾ എണ്ണമറ്റതാണ്. നിരവധി പുരസ്‌കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുമുണ്ട്. 

തമിഴ് നാട്ടിൽ തിരുച്ചെണ്ടൂരിലെ ഒരു ഗ്രാമത്തിൽ  ജനിച്ചു വളർന്ന പെരുമാൾ,  കുടുംബം, സമൂഹം, മലദൈവങ്ങള്‍, ആചാരങ്ങൾ, സംസ്ക്കാരം ഇവയൊക്കെ  തദ്ദേശരുടെ ജീവിതവുമായി എങ്ങിനെ ഇഴചേർന്നിരിക്കുന്നു എന്ന് 'മാതൊരു ഭാഗ' ൻ എന്ന നോവലിൽ നന്നായി ചിത്രീകരിച്ചിരിക്കുന്നു. ഒരു കാലഘട്ടത്തിന്റെ ചരിത്രമാണ് ഇതില്‍ കുറിച്ചിട്ടിരിക്കുന്നത്..

ചുറ്റുവട്ടത്തുള്ള ഗ്രാമങ്ങളിലെ 'സ്വാമിക്കുഴന്തൈ' കളെപ്പറ്റി ആദ്യകാലങ്ങളിൽ സന്താന സൗഭാഗ്യം ഇല്ലാതെപോയ ദമ്പതികൾക്ക് അഗാധ ദൈവഭക്തിയാൽ നോൽമ്പ് നോറ്റും പ്രാർത്ഥിച്ചും പിറന്ന കുട്ടികൾ എന്നേ അദ്ദേഹം ധരിച്ചിരുന്നുള്ളൂ. ക്ഷേത്രോത്സവവും ഈ കുട്ടികളും തമ്മിലുള്ള ബന്ധം ഒരുനാൾ അറിയുന്നതോടെയാണ് ഒരു കാലഘട്ടത്തിൽ ജീവിച്ചുപോയവരുടെ കഥയുടെ ചുരുൾ അഴിയുന്നത്. 

 2010 ൽ പ്രസിദ്ധീകരിച്ച 'മാതൊരുഭാഗൻ', 2014 -ൽ  തമിഴകത്ത് കോളിളക്കം ഉണ്ടാക്കി. പെരുമാൾ സമൂഹത്തിന്റെ, ഗ്രാമത്തിന്റെ, പ്രത്യേകിച്ച് സ്ത്രീകളുടെ വികാരത്തെ മുറിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തു എന്ന ആരോപണം ഉയർന്നപ്പോള്‍ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും നിരുപാധികം മാപ്പ് എഴുതി മേടിക്കുകയും പുസ്തകത്തിന്റെ കോപ്പികൾ  പിൻവലിപ്പിക്കുകയും ചെയ്തു. സമൂഹത്തിന്റെ വേട്ട തീവ്രമായപ്പോൾ  സ്വന്തം ഗ്രാമം വിട്ടു പോകേണ്ട ഗതി കൂടി അദ്ദേഹത്തിന് ഉണ്ടായി. ഒരു വ്യക്തിയുടെ മൗലികാവകാശമായ അഭിപ്രായസ്വാതന്ത്ര്യത്തിന്നെതിരെയുള്ള കടന്നുകയറ്റമായി പലരും ഇതിനെ കണ്ടു. തനിക്ക്  ബോദ്ധ്യപ്പെട്ട വസ്തുതകൾ, അപ്രിയ സത്യങ്ങൾ ഉറക്കെ പറഞ്ഞപ്പോൾ ഒരു കൂട്ടം ആളുകളാൽ  അഥവാ വർഗ്ഗീയ ഫാസിസ്റുകളാൽ വേട്ടയാടപ്പെട്ടു എന്നതാണ് സത്യം. 

 അങ്ങിനെ അദ്ദേഹം മുഖപുസ്തകത്തിൽ കുറിച്ചിട്ടു ---'പെരുമാൾ മുരുകൻ എന്ന എഴുത്തുകാരൻ അന്തരിച്ചു. അദ്ദേഹം ദൈവമല്ലാത്തതിനാൽ സ്വയം  ഉയിർത്തെഴുന്നേൽക്കാനാവില്ല. അല്ലെങ്കിൽ പുനർജ്ജനിക്കുകയുമില്ല. ഇനി മുതൽ പെരുമാൾ മുരുകൻ പഴയപോലെ ഒരു അദ്ധ്യാപകൻ മാത്രമായി അറിയപ്പെടും. അയാളെ വെറുതെ വിടുക. എല്ലാവര്ക്കും നന്ദി.---- '

 പരമ്പരാഗതമായി കൃഷിചെയ്തുവരുന്ന കുടുംബത്തിൽ വളരെ സംതൃപ്തരായി കാളിയും പൊന്നയും വിവാഹജീവിതം ആസ്വദിച്ചു ജീവിച്ചു പോരവേ,  ബന്ധുക്കളും സമൂഹവും സന്താനഭാഗ്യം അവർക്കില്ലാത്തത് ഒരു പോരായ്മയായിക്കണ്ട് കുത്തുവാക്കുകളും പരിഹാസങ്ങളും കൊണ്ട് പൊതിഞ്ഞു. ഒരു സ്ത്രീക്ക് അമ്മയാകാൻ കഴിഞ്ഞില്ലെങ്കിൽ അവളുടെ ജീവിതം തന്നെ വ്യർത്ഥമായതായി കരുതിയിരുന്ന കാലം. അവൾ ശാപഗ്രസ്തയാണെന്നും മംഗളകാര്യങ്ങളിൽ അവളുടെ സാന്നിദ്ധ്യം പാടില്ലെന്നും സമൂഹം തീർപ്പ് കൽപ്പിച്ചിരുന്ന കാലം. ഈ കഥയിൽ നായികയും നായകനും എല്ലാ എതിർപ്പുകളെയും നേരിട്ട് സമൂഹത്തിന്റെ കാഴ്ചപ്പാടിനോട് യോജിക്കാതെ ജീവിക്കാൻ തീരുമാനിച്ചു. പരസ്പരം അത്രയ്ക്കധികം പ്രണയം ഉണ്ടായിരുന്നതിനാൽ അവർക്ക് ആ കുറ്റപ്പെടുത്തൽ അഥവാ പോരായ്മ അതിജീവിക്കാൻ കഴിഞ്ഞു. എന്നിരുന്നാലും ഈശ്വരപ്രീതിക്കായി, ശാപങ്ങളിൽ നിന്നും മോചനത്തിനായി അവർ ആവുന്ന പരിഹാരങ്ങൾ ചെയ്യുകയും ചെയ്തു. സംതൃപ്തമായി കാലം കഴിയവേ ഒരു നാൾ കുടുംബത്തിന്റെ നിലനിൽപ്പ് പ്രധാനമാണെന്ന് പൊന്നയ്ക്ക് തോന്നുകയും അവരെടുത്ത തീരുമാനത്തിന് ഭംഗം വരികയുമാണ്. 

കുട്ടികളില്ലാത്ത ഭാര്യമാരുടെ ആഗ്രഹപൂർത്തിക്കായി അധവാ ശാപ മോക്ഷത്തിനായി സമൂഹം തന്നെ പ്രതിവിധി കണ്ടെത്തിയിരുന്നു. ഉത്സവത്തിന്റെ പരിസമാപ്തികുറിക്കുന്ന 18 ആം നാൾ  ഗ്രാമത്തിലെ മലദൈവമായ 'അമ്മയപ്പൻ'ന്റെ നേരിട്ടുള്ള അനുഗ്രഹം ലഭിക്കുന്ന പുണ്യ ദിനമാണ്. അർത്ഥനാരീശ്വരന്റെ പ്രതിരൂപങ്ങളെന്ന് വിശ്വസിക്കുന്ന പരപുരുഷന്റെ കൂടെ സഹശയനം ആചാരമാക്കി. കൊട്ടും പാട്ടും, നൃത്തവും ഭക്തിയും മറ്റും ചേർന്ന ആനന്ദലഹരിയുടെ മൂര്ച്ഛയിൽ മലയിറങ്ങി വരുന്ന  സന്താനഭാഗ്യത്തിനായി വ്രതം നോറ്റിരിക്കുന്ന സ്ത്രീകളുടെ 'മനോകാമന' പൂർത്തീകരിക്കപ്പെടുന്നു. അതിപാവനമായമായ മുഹൂർത്തം അർത്ഥനാരീശ്വരന്റെ അനുഗ്രഹമാണെന്ന ബോധം സ്ത്രീകളെ കുറ്റബോധമില്ലാത്ത അമ്മമാരായി ജീവിക്കാൻ സാദ്ധ്യമാക്കുന്നു.

'എനിക്ക് നീയും നിനക്ക് ഞാനും എന്ന് തീർച്ചപ്പെടുത്തി ജീവിക്കാൻ തീരുമാനിച്ചതല്ലേ, പിന്നെങ്ങിനെ പൊന്ന, 'നിനക്ക് വേണമെങ്കിൽ ഞാൻ ഉത്സവത്തിന് പോകാം' എന്ന് എന്നോട് പറഞ്ഞത് ?' ആ നിമിഷം മുതൽ സമനിലതെറ്റിയ കാളി മുന്പില്ലാത്ത വിധം ലഹരിയിൽ അഭയംതേടി. അത് അവരുടെ ജീവിതത്തിൽ വിള്ളലുണ്ടാക്കി. ഉത്സവത്തിന്റെ അവസാനനാളിൽ പൊന്നയെത്തേടി കാളി ഓടിയെത്തുമ്പോളേക്കും അവൾ ഈശ്വരാനുഗ്രഹത്തിനായി പോയിക്കഴിഞ്ഞിരുന്നു. പന്ത്രണ്ട്  വർഷത്തെ അഗാധമായ സ്നേഹം കാളിക്ക് നഷ്ടപ്പെട്ടതായി അനുഭവപ്പെട്ടു. അതുവരെ സ്വന്തം അമ്മയേക്കാൾ പ്രിയപ്പെട്ടവളായിരുന്ന പൊന്നയെ അവൻ തള്ളിപ്പറഞ്ഞു--ഉറക്കെ വിളിച്ചു കൂവി---നീ വേശ്യയാണ്. 

ഒരു പുസ്തകത്തിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ് എന്നതിന്റെ  കാരണങ്ങൾ പലതും ആകാം. ആ പുസ്തകം അസ്സലായിട്ടുണ്ട് അല്ലെങ്കിൽ തരക്കേടില്ല എന്ന് പറയണമെങ്കിൽ വായിച്ചു കഴിഞ്ഞു അടച്ചുവെച്ചാലും ഇടക്കിടെ ആ പുസ്തകം തുറന്ന് നോക്കുകയോ, പുനർവായന നടത്താൻ തോന്നുകയോ ചെയ്യണം. മുഴുവനില്ലെങ്കിലും ചില താളുകൾ എങ്കിലും മറിച്ചു നോക്കാൻ തോന്നണം. എത്രകാലം കഴിഞ്ഞാലും അതിലെ കഥാപാത്രങ്ങൾ സ്ഥിരപരിചിതരെപ്പോലെ നിമിഷങ്ങൾ കൊണ്ട് നമ്മുടെ മുൻപിൽ  പുനർജ്ജനിക്കണം. 

ഈ   പുസ്തകം  ആസ്വദിച്ച് വായിച്ചു. എന്നാൽ അവസാന ഭാഗം തെല്ലു നിരാശപ്പെടുത്തി എന്ന് തന്നെ പറയാം. ദുഃഖ പര്യവസായിയായി എന്നതുകൊണ്ട് മാത്രമല്ല, കഥാനായകൻ തന്റെ  അർദ്ധാംഗിനിയെ വേണ്ടവിധത്തിൽ മനസ്സിലാക്കാൻ ശ്രമിക്കാതെ 'വേശ്യ' എന്ന് വിളിച്ച് തള്ളിപ്പറയുകയാണ്. എന്നാൽ നായിക വിശ്വസിക്കുന്നത് തനിക്കു സന്താന സൗഭാഗ്യമെന്ന അനുഗ്രഹം തന്നത് മലയിറങ്ങി വന്ന ഈശ്വരൻ തന്നെ എന്നാണ്‌. 

 ഈ പുസ്തകം  2013 ൽ  അനിരുദ്ധൻ  വാസുദേവൻ  ഇംഗ്ലീഷ് ലേക്ക്,  'One  part woman ' എന്ന പേരിൽ തർജ്ജമ ചെയ്തു. പുസ്തകത്തിന് ലോകവ്യാപകമായി അംഗീകാരം ലഭിക്കുകയും ചെയ്തു. സാഹിത്യ അക്കാദമി ഇതിന് അവാർഡ് നൽകുകയും ചെയ്തു. 'അർത്ഥനാരീശ്വരൻ 'എന്ന പേരിലാണ് മലയാളത്തിൽ ഈ പുസ്തകം ഇറങ്ങിയത്.

ഒരു വ്യക്തിയുടെ മൗലികാവകാശമായ                                                .                                അഭിപ്രായസ്വാതന്ത്ര്യത്തിന്നെതിരെയുള്ള കടന്നുകയറ്റമായി പലരും  ഈ പുസ്തകനിരോധനത്തിനെ കണ്ടു. പക്ഷേ, പെരുമാൾ മുരുകനെതിരെ നിരവധി കേസുകൾ മദ്രാസ് ഹൈക്കോടതിയിൽ എത്തി. ൨൦൧൬ ജൂലൈ 5 ന് (2016) കോടതി പെരുമാൾ മുരുകനെ കുറ്റവിമുക്തനാക്കി വിധി എഴുതി. ---ഒരു പുസ്തകം ഒരാൾക്ക് ഇഷ്ടമില്ലെങ്കിൽ വായിക്കേണ്ട. വലിച്ചെറിയാം. പുസ്തകം പിൻവലിപ്പിക്കുകയോ, മാപ്പു പറയിപ്പിക്കലോ തെറ്റാണ്. 

സമുദായത്തിൽ നടക്കുന്ന അനാചാരങ്ങളെ ചൂണ്ടിക്കാണിക്കേണ്ടത് അല്ലെങ്കിൽ ചോദ്യം ചെയ്യേണ്ടത് നല്ലൊരു എഴുത്തുകാരന്റെ ധർമ്മമാണ്. 

july 9, 2016 

ഒരു പുസ്തകം നിങ്ങള്‍ അത് ഇഷ്ടപ്പെടുന്നില്ലെങ്കില്‍ ഉപേക്ഷിയ്ക്കുക .പുസ്തകം വായിക്കണമെന്ന് ആരും നിര്‍ബന്ധിയ്ക്കുന്നില്ല, സാഹിത്യാഭിരുചികള്‍ വ്യത്യസ്തമാണ്- ഒരാള്‍ക്ക് ശരിയും സ്വീകാര്യവുമായത് മറ്റൊരാള്‍ക്ക് അങ്ങിനെയാവണമെന്നില്ല. എഴുതാനുള്ള അവകാശം തടസ്സപ്പെടാത്തതായിരിക്കണം.'--                                                                                           

മദ്രാസ്‌ ഹൈക്കോടതി പുറപ്പെടുവിച്ച വിധിന്യായം.

(സന്ദര്‍ഭം-പെരുമാള്‍ മുരുകന്‍ കേസ്) 


ഇനി ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കേണ്ട കാര്യത്തില്‍.......??


No comments:

Post a Comment