പ്രിയപ്പെട്ട അമ്മിണീ,
നീ അമ്മമ്മയെ ഓര്ത്ത് വാങ്ങിയ പുസ്തകം ഗംഭീരം എന്നുതന്നെ പറയട്ടെ. പുസ്തകം അപ്പോൾത്തന്നെ മറിച്ചു നോക്കി. വളരെ സന്തോഷമായി. വായന അത്ര പെട്ടെന്നൊന്നും തീര്ന്നില്ല. തീരുകയുമില്ല. വിഷയം അത്തരത്തിലുള്ളതാണല്ലോ.
വീണ്ടും സാവകാശം വായിച്ചു.
പോള് ബ്രന്ടന്റെ മറ്റൊരു മുഖമാണ് ഈ പുസ്തകവായനയിൽ കണ്ടെത്തിയത്. അദ്ദേഹത്തിനെപ്പറ്റി നിനക്ക് കൂടുതലായൊന്നും അറിയില്ലല്ലോ ? എന്തായാലും "ഹിമാലയത്തില് ഒരു അവധൂതന്" വായിച്ചു കഴിഞ്ഞാല് നിനക്ക് അദ്ദേഹം ആരായിരുന്നു എന്ന കാര്യം ഒരുവിധമൊക്കെ മനസ്സിലാക്കാം. ആത്മീയ സംബന്ധമായ വിഷയങ്ങള് സാധാരണക്കാരന് പെട്ടെന്ന് ദഹിച്ചു കിട്ടാന് ബുദ്ധിമുട്ടാണെന്ന് നിനക്കറിയാമല്ലോ.
ഏകദേശം 8 പതിറ്റാണ്ടുകള്ക്ക് മുന്പ് തനിയ്ക്ക് ലഭിച്ച ആത്മീയമായ ആനന്ദം, തന്റെ യാത്രാനുഭവമായി അദ്ദേഹം ലോകരുമായി പങ്കു വെയ്ക്കുന്നു. 'പിബി' എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഇംഗ്ലീഷ്കാരനായ പോള്‍ ബ്രന്ടന്‍ന്‍റെ ആദ്ധ്യാത്മിക യാത്രാ വിവരണമാണ് 'ഹിമാലയത്തിലെ അവധൂതന്‍' എന്ന ലളിതവും മനോഹരവും ഗാംഭീര്യം നിറഞ്ഞതുമായ പുസ്തകത്തില്‍. പ്രകൃതിയുമായുള്ള തീവ്രമായ ബന്ധം അഥവാ, വിശുദ്ധമായ ആത്മീയ സൗഹൃദം എങ്ങിനെ നിശ്ശബ്ദമായ ആത്മാവിന്റെ ഗഹനതകളിലേക്ക് നയിക്കുന്നു എന്ന് അദ്ദേഹം വായനക്കാരിലേക്ക് പകര്‍ന്നു തരുന്നു. തന്റെ ആത്മീയാനുഭവങ്ങൾ ലോകജനതയുമായി പങ്കിടുന്നത് ഒരു നിയോഗമായിട്ടാണ് അദ്ദേഹം കരുതിയത്. നീ വായിക്കാന് തന്ന പുസ്തകത്തിന്‍റെ മഹത്വം നീ വായിച്ചുതന്നെ അറിയണം.
ഹിമാലയത്തിലെ അവധൂതന്‍, അതും ഒരു പാശ്ചാത്യന്‍! ലോകാസമാസ്താ സുഖിനോ ഭവന്തു എന്ന പ്രാര്ത്ഥന നമുക്ക് ചൊല്ലിത്തന്ന ഋഷിവര്യരുടെ കൂടെ ഇദ്ദേഹത്തേയും പെടുത്താമെന്ന ചിന്തയില്‍ കുറച്ചു കാര്യങ്ങള്‍ കൂടെ കുറിയ്ക്കട്ടെ!
ഹിമാലയത്തിന്റെ ഔന്നത്യത്തിലേക്ക് ആത്മീയതയുടെ കാന്തവലയത്തില്‍പ്പെട്ടു പോള്‍ ബ്രന്ടന്‍ ഉയരുകയായിരുന്നു. മനുഷ്യജീവിതവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളെക്കുറിച്ചും ജ്ഞാനമുള്ളവനേ ഈ ആത്മീയാനുഭൂതി ലഭിയ്ക്കൂ. ആ മാസ്മരികത വായനക്കാര്‍ക്കും കുറച്ചെങ്കിലും ഈ പുസ്തകം വായിക്കുമ്പോള്‍ അനുഭവപ്പെടും. യാന്ത്രിക ജീവിതത്തില്‍പ്പെട്ടു പലപ്പോഴും വഴിതെറ്റിപ്പോകുന്നവര്‍ക്ക് നേര്‍വഴി കിട്ടാന്‍ ഇത്തരം പുസ്തകങ്ങള്‍ ഉപകാരപ്പെട്ടേയ്ക്കാം.
' പ്രകൃതിയുമായുള്ള വിശുദ്ധമായ ആത്മീയ സൌഹൃദത്തിലൂടെ നമ്മുടെ ഗഹനമായ നിശ്ശബ്ദതയിലേക്കുള്ളഒരു പാതയൊരുക്കുക ' എന്ന സന്ദേശം ഈ പുസ്തകവായന വഴി ലഭിയ്ക്കുന്നു എന്ന് The Notebooks of Paul Brunton--ന്റെ Co-editor ആയ തിമോത്തി സ്മിത്ത് പുതിയ പതിപ്പിന്റെ മുഖവുരയില്‍ പറയുന്നു. പീബിയുടെ ആദ്യ ബ്രിട്ടീഷ് പതിപ്പിന്റെ ആമുഖത്തില്‍ (1949) ഇങ്ങിനെ പറയുന്നു.---
-------കൊടുങ്കാറ്റിന്റെ ലോകത്തില്‍ ശാന്തിയുടെ മരുപ്പച്ചകള്‍ നമുക്ക് ആവശ്യമാണ്. നമ്മുടെ ലക്ഷ്യങ്ങളെ പുന:പരിശോധിയ്ക്കുക, മാര്‍ഗ്ഗങ്ങളെ നിരീക്ഷിയ്ക്കുക. അതിനു വേണ്ടി കുറച്ചു സമയം പിന്‍വാങ്ങുന്നത്, ധ്യാനത്തില്‍ മുഴുകുന്നത്, ഒളിച്ചോട്ടമോ, ബലഹീനതയോ അല്ല, നേരെ മറിച്ചു അത് വിവേകമാണ്, കരുത്തുമാണ്. അത് നമ്മുടെ സഹജാവബോധത്തെ ശക്തമാക്കുന്നു. ക്ഷോഭത്തെ ശമിപ്പിയ്ക്കുന്നു. സ്വഭാവത്തില്‍ ഗുണപരമായ മാറ്റം വരുത്തുന്ന ആദ്ധ്യാത്മിക വിശ്വാസങ്ങളും, ധ്യാനവുമൊക്കെ ഋഷിമാര്‍ക്കോ, യോഗികള്‍ക്കോ ചില പ്രത്യേക വ്യക്തികള്‍ക്കോ മാത്രമുള്ളതല്ല. നിത്യേന അരമണിക്കൂര്‍ ധ്യാനിക്കുന്നത് ഏവരുടെയും വ്യക്തിത്വത്തിന് പ്രയോജനകരമാണ്. ധ്യാനിക്കാന്‍ പര്‍വതങ്ങളുടെ താഴ്വര വേണമെന്നില്ല, സമാധാനപൂര്‍ണ്ണമായ അന്തരീക്ഷവും വ്യക്തിയുടെ മനസ്സും പ്രധാനം.......
പതിറ്റാണ്ടുകൾക്ക് മുന്നേ എഴുതിയ ഈ പുസ്തകം വായിക്കുമ്പോള്‍ അതിലെ വാസ്തവികതയ്‌ക്കോ, സൌന്ദര്യത്തിനോ, ലേശം പോലും പഴമത്തം സംഭവിച്ചിട്ടില്ലെന്നും, ആധുനിക കാലത്തിനു എത്രമാത്രം മുതൽക്കൂട്ടാണ് പാശ്ചാത്യനായ ഈ അവധൂതന്റെ ആത്മീയാന്വേഷണസ്മരണകൾ എന്നും ബോദ്ധ്യമാകും.
ഭാരതത്തിലേക്കുള്ള വരവ് പീബിക്ക് ഒരുള്‍വിളി ആയിരുന്നു. ആത്മീയാന്വേഷണം അദ്ദേഹത്തിന് നിയോഗവും. കൈലാസത്തില്‍ പോയി ധ്യാനനിരതനായിരിയ്ക്കാന് അദ്ദേഹം ആഗ്രഹിച്ചെങ്കിലും ആഭ്യന്തര പ്രശ്നങ്ങൾ മൂലം അങ്ങോട്ടുള്ള പ്രവേശനം തുറന്നു കിട്ടിയില്ല. (തിബറ്റിനെ തൊട്ടു നില്ക്കുന്ന ഒരു ഭൂപ്രദേശം. അങ്ങോട്ട് പ്രവേശിക്കാൻ പ്രത്യേക അനുമതിപത്രം വേണം,) അതുകൊണ്ട് ഒട്ടും ഖേദവും ഉണ്ടായില്ല..വളഞ്ഞ വഴിയ്ക്കൊന്നും പോകാൻ അദ്ദേഹം ആഗ്രഹിച്ചുമില്ല. ആ സമയത്ത് ഗുരുവാക്യം അദ്ദേഹത്തിന്റെ സ്മരണയില് തെളിഞ്ഞു---"നിന്റെ ഉള്ളില്‍ത്തന്നെയാണ് കൈലാസ പര്വതം".
അങ്ങിനെയാണ് ഗംഗയുടെ ഉദ്ഭവസ്ഥാനം വഹിയ്ക്കുന്ന ടെഹ്‌രി ഗഢ് വാള്‍ എന്ന ടിബറ്റിനോട് ചേര്‍ന്ന് കിടക്കുന്ന ഹിമവാന്റെ മടിത്തട്ടിലെ മനോഹരവും, പവിത്രവും, ശാന്ത ഗംഭീരവും വന്യവുമായ മലമ്പ്രദേശം പീബി ഏകാന്തവാസത്തിന് തിരഞ്ഞെടുക്കുന്നത്. ഈ പവിത്രഭൂമിയില് ജീവിച്ചു പോയ ദേവതമാര്, യോഗികൾ, ഋഷിമാർ -- ഇവരെയോക്കെക്കുറിച്ചുള്ള കഥകൾ അറിയാവുന്ന പീബിക്ക് ഈ സ്ഥാനം തന്നെയാണ് ധ്യാനത്തിന് ഏറ്റവും അനുയോജ്യം എന്ന് ബോദ്ധ്യമായിരുന്നു. ബ്രിട്ടീഷ് സംരക്ഷണയിലാണ് ആ ഭൂപ്രദേശം എങ്കിലും ടെഹരി രാജാവിന്റെ ഭരണത്തിൻ കീഴിലായിരുന്നു. വെള്ളക്കാരോ, മറ്റു വിനോദസഞ്ചാരികളോ എത്തിനോക്കാത്ത ഇടം. വല്ലപ്പോഴും എത്തിച്ചേരുന്ന നായാട്ടുകാര് ഇതിനൊരു അപവാദമാകും.
{ "ഹിമാലയത്തിലെ അവധൂതന്", 'A Hermit in the Himalayas ' മലയാളത്തിലേക്ക് തര്ജ്ജമ ചെയ്തത് ശ്രീ എം.പി സദാശിവന്‍. ഏകദേശം ഒരു വര്ഷം മുന്നേയാണ് മലയാളത്തിലുള്ള പതിപ്പ് പുറത്തിറങ്ങുന്നത്. അദ്ദേഹം പലേ മഹദ് വ്യക്തികളുടെയും നൂറിലധികം പുസ്തകങ്ങൾ മലയാളത്തിലേക്ക് വിവര്ത്തനം ചെയ്തിട്ടുണ്ട്. സ്വന്തം രചനകള്‍ക്ക് നിരവധി അവാര്ഡുകളും അംഗീകാരങ്ങളും അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്. ഏറ്റവുമധികം പുസ്തകങ്ങള്‍ മലയാളത്തിലേക്ക് വിവര്ത്തനം ചെയ്തതിന് ലിംക ബുക്ക് ഓഫ് റെക്കോര്ഡ്‌സിലും സ്ഥാനം നേടിയിട്ടുണ്ട്.}
ഈ പുസ്ത കം വായിക്കും മുന്പ് 1934-ല്‍ പ്രസിദ്ധീകരിച്ച 'A Search in secret India' വായിക്കണം. കാരണം മുന്നൂറിലധികം പേജുകളിലായി 25 അദ്ധ്യായങ്ങളുള്ള ഈ പുസ്തകത്തില്‍ നമുക്കുതന്നെ അറിയാത്ത നമ്മുട ഇന്ത്യയെയാണ് അദ്ദേഹം കാണിച്ചു തരുന്നത്. ഭാരതത്തിലെ യോഗിമാരെ, ഗുരുക്കന്മാരെ അഥവാ യഥാര്‍ത്ഥ ഋഷിവര്യന്മാരെ അന്വേഷിച്ച് മുക്കിലും മൂലയിലും അദ്ദേഹം സഞ്ചരിച്ചു. ഒടുവില്‍ തന്റെ ജിജ്ഞാസക്ക്, മനശ്ശാന്തിക്ക് തൃപ്തികരമായ അന്വേഷണത്തിന് വിരാമ മിട്ടത് തിരുവണ്ണാമലയില്‍, രമണമഹര്‍ഷിയെ കണ്ടുമുട്ടൂന്നതോടെയാണ്.
അമ്മമ്മ ആദ്യം വായിച്ചത് ഈ പുസ്തകമാണ്. ആദ്യന്തം രസകരമായ വായന. അദ്ദേഹത്തിന്റെ രചനകളില് യോഗ, ധ്യാനം, ആത്മീയത എന്നിവയുടെ പ്രാധാന്യം സ്വാനുഭവത്തിന്റെ വെളിച്ചത്തില്വളരെ സ്പഷ്ടമായി പ്രതിപാദിയ്ക്കുന്നു. അദ്ദേഹത്തിന്റേതായ 13 ഓളം പുസ്തകങ്ങള് പ്രസിദ്ധീകരിച്ചിട്ടുണ്ട്. The Notebooks of Paul Brunton 16 വാള്യങ്ങള് ഉണ്ട്. (അതെല്ലാം വായിക്കണമെന്നുണ്ട്.) ഭാരതീയ ചിന്താധാരകള് ആദ്യമായി പാശ്ചാത്യ ദേശങ്ങളിലേക്ക് എത്തിയ്ക്കുന്നതില്‍ പ്രയത്നിച്ചു വിജയിച്ച മഹാന്‍. രമണ മഹര്ഷിയുടെ ചിന്തകളും, ആശയങ്ങളും മാത്രമല്ല, യോഗയും, ധ്യാനവും ലളിതമായ രീതിയില്‍ അവതരിപ്പിച്ച് സാധാരണക്കാര്ക്കിടയിൽ പ്രചരിപ്പിക്കുന്നതിലും വിജയിച്ചു. നമ്മുടെ രാജ്യത്തിന്റെ, നമ്മളിൽ പലരും ദർശിയ്ക്കാത്ത പവിത്രവും, ഉജ്ജ്വലവുമായ മുഖമാണ് ആത്മാന്വേഷകനായ ഈ വിദേശി നമുക്ക് കാണിച്ചുതരുന്നത്.
1981ല്‍ അദ്ദേഹം അന്തരിച്ചു.
അദ്ദേഹത്തിന്റെ മുന്നിൽ സാദരം നമസ്ക്കരിയ്ക്കുന്നു.
അമ്മിണീ,
പീബിയെ ((പോള്‍ ബ്രണ്ടനെ കുറിച്ച് കുറച്ചുകൂടി പറയട്ടെ....
"India has been called the brightest jewel in the British crown.........."
ഭൂമിശാസ്ത്രം പഠിപ്പിച്ചുകൊണ്ടിരുന്ന അദ്ധ്യാപകന്‍ ബോര്‍ഡില്‍ തൂക്കിയിട്ട ഭൂപടത്തില്‍ ത്രികോണാകൃതിയില്‍ ചുവപ്പ് നിറത്തില്‍ അടയാളപ്പെടുത്തിയ ഭാഗം തൊട്ടു കാണിച്ചു കൊണ്ട് ഇങ്ങിനെ പറയുന്നതുകേട്ടു അശ്രദ്ധനായിരുന്നിരുന്ന ക്ലാസ്സിലെ ആണ്‍കുട്ടി ഞെട്ടിത്തരിച്ചിരുന്നുപോയി. 'ഇന്ത്യ' എന്ന വാക്ക് അവന്റെ സിരകളില്‍ മിന്നല്‍പ്പിണര്‍ പോലെ കടന്നുപോയി.
സ്കൂള്‍ വിദ്യാഭ്യാസകാലത്ത് മനസ്സ് നിറയെ ഇന്ത്യ എന്ന രാജ്യം നിറഞ്ഞു നിന്നു. കണക്ക് അദ്ധ്യാപകന്‍ അല്ജിബ്ര പഠിപ്പിക്കുമ്പോള്‍ ഡെസ്കിലും, നോട്ടുപുസ്തകങ്ങളിലും തലപ്പാവ് ധരിച്ചവര്‍, ഇരുണ്ട മുഖമുള്ളവര്‍, സുഗന്ധവ്യഞ്ജനങ്ങള്‍ കയറ്റുന്ന കപ്പലുകള്‍ എന്നിവയുടെയൊക്കെ ചിത്രങ്ങള്‍ കോറിയിട്ടു. തുടര്‍ന്നു ഊണിലും ഉറക്കത്തിലും എങ്ങിനെ ഇന്ത്യയില്‍ ചെന്നെത്തിപ്പെടും എന്ന് ചിന്തിച്ചു നടന്നു ആ ആ ബാലന്‍.
വര്‍ഷങ്ങള്‍ക്കുശേഷമാണ് ഒരിന്ദ്യക്കാരനെ ഒരു പുസ്തക്കടയില്‍ വെച്ച് കണ്ടുമുട്ടുന്നതും അദ്ദേഹത്തിന്റെ ആതിഥ്യം സ്വീകരിയ്ക്കുന്നതും. പിന്നീടങ്ങോട്ട് സന്ദര്‍ശനങ്ങള്‍ തുടര്‍ന്നതും. ഭാരതത്തിന്റെ പൈതൃകത്തെപ്പറ്റി, പാരമ്പര്യത്തെപ്പറ്റിയെല്ലാം വിശദമായി അറിയാന്‍ അത് സഹായിച്ചു. ഇന്ത്യക്കാരുടെ ആദ്ധ്യാത്മീകതയും ഭൌതീകതയും സമാന്തരമായി കൊണ്ട് നടത്തുന്ന ജീവിതം അഥവാ, രണ്ടും വേറെയല്ലെന്ന കാഴ്ചപ്പാട് ആ ചെറുപ്പക്കാരനെ, അദ്ഭുതപ്പെടുത്തി. ആരാണ് യോഗി, ഋഷിആരാണ് എന്നൊക്കെ അദ്ദേഹത്തിനു ഒരു ധാരണയുണ്ടായി. ബാഹ്യമായി കാണുന്നതൊന്നും സത്യമായിരിക്കില്ലെന്നും, സത്യാന്വേഷണത്തിനു ഒരു ഗുരു അനിവാര്യമാണെന്നും, അവനവന്റെ സത്യം സ്വയം കണ്ടുപിടിക്കുകതന്നെ വേണം എന്നുമൊക്കെയുള്ള പ്രാഥമിക ഉപദേശങ്ങള്‍ ആ ഇന്ത്യന്‍ സുഹൃത്തില്‍ നിന്നും ലഭിച്ചു.
അങ്ങിനെ ഒരുനാള്‍ പൌരസ്ത്യരാജ്യങ്ങളിലേക്ക് ആത്മീയാന്വേഷണവുമായി
പോള്‍ ബ്രന്ടന് 32-ആം വയസ്സില്‍ തന്റെ സ്വപ്ന ഭൂമിയായ ഇന്ത്യയിലേക്ക് കപ്പല്‍ കയറുകയാണ്. നല്ലൊരു പത്രപ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, തത്വചിന്തകന്‍ അങ്ങിനെയൊക്കെയായ പീബിയ്ക്ക് അതുവരെ ലഭിച്ച അനുഭവങ്ങള്‍ വളരെ ആഴത്തിലുള്ളതായിരുന്നു.
മുംബായില്‍ കപ്പലിറങ്ങിയ അദ്ദേഹം നേരെ അഹമെദ് നഗറില്‍ എത്തി. ഹിന്ദുക്കളും, മൊഹമ്മദരും, കൃസ്ത്യാനികളും, സൌരഷ്ട്രിയരും മാത്രമല്ല, ലോകത്തിലെ എല്ലാ വംശീയരെയും ഒന്നിച്ചൊരു കുടക്കീഴില്‍ കൊണ്ടുവരാന്‍ ആഗ്രഹിച്ച ആത്മീയഗുരുവായ മെഹെര്ബാബയുമായുള്ള കൂടിക്കാഴ്ചക്കായാണ് ആദ്യമായി ഒരു പാശ്ചാത്യന്‍ എത്തിച്ചേരുന്നത്. ബാബാ മൌനത്തിലായിരുന്നു.എഴുതിക്കാണിച്ചാണ് ആശയവിനിമയം നടത്തിയത്. സ്വയം 'സദ്ഗുരു' എന്ന പേര്‍ സ്വീകരിച്ചു 'മിശിഹ' ആകാനുള്ള ശ്രമത്തില്‍ കഴിഞ്ഞിരുന്ന 'മെഹെര്‍ ബാബ', തന്റെ ഈ ആത്മീയ കാഴ്ചപ്പാടിന് കാരണം ഫക്കീറായിരുന്ന 'ഹസ്രത് ബാബാജാന്‍' ആയിരുന്നെന്ന് പീബിയോട് പറയുന്നു. അങ്ങിനെ100
പിന്നീട്, ഒരിക്കലും സംസാരിക്കാത്ത ഒരു യോഗിയുമായുള്ള കൂടിക്കാഴ്ച. അങ്ങിനെ നിരവധി ആചാര്യന്മാരെയും സന്യാസിമാരെയും അടുത്തറിഞ്ഞ്.അന്വേഷണം തുടര്‍ന്നു. അതില്‍ ജാലവിദ്യക്കാരും മാന്ത്രികരും സന്യാസികളും യഥാര്‍ത്ഥ യോഗികളും ഉണ്ടായിരുന്നു. ഓരോ അനുഭവങ്ങളും അദ്ദേഹത്തിന്‍റെ മനസ്സിന്റെ നില ഉയര്‍ത്തിക്കൊണ്ടിരുന്നു.
അന്വേഷണത്തിന്‍റെ തുടര്‍ച്ചയായി ചെന്നൈയിലെത്തുന്ന പീബിക്ക് തുടര്‍ന്നങ്ങോട്ട് ഒന്നൊന്നായി നിരവധി അനുഭവങ്ങള്‍ ഉണ്ടാകുന്നു. യാത്രക്കിടയില്‍ കണ്ടുമുട്ടിയ ആര്‍മിയില്‍ നിന്നും പിരിഞ്ഞ് ചില കാരണങ്ങളാല്‍ സന്യാസ ജീവിതം സ്വീകരിച്ച അയ്യര്‍, പീബിയോടു പറയുന്നു--ഇന്ത്യയിലെ ഏറ്റവും മഹാനായ യോഗി അരുണാചലത്തില്‍ വസിക്കുന്ന മഹര്‍ഷിയാണ് എന്ന്. അദ്ദേഹത്തെ ദര്‍ശിക്കാന്‍ നിര്‍ബന്ധിച്ചപ്പോള്‍ മറ്റു തിരക്കുകളാല്‍ സാദ്ധ്യമാകില്ല എന്ന് സ്നേഹപൂര്‍വ്വം മറുപടി പറഞ്ഞ് ഒഴിഞ്ഞു..
അധികം താമസിയാതെ സുഹൃത്തായ മദ്രാസ് യൂനിവേര്സിറ്റി സെനറ്ററും എഴുത്തുകാരനുമായ ശ്രീ വെങ്കടരമണിയെ കാണുന്നു. ഭാരതത്തില്‍ മഹാത്മാക്കളായ യോഗികളുടെ കാലം കഴിഞ്ഞെന്നും, ജനങ്ങള്‍ കൂടുതല്‍ ഭൌതിക വാദികാളായിരിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിറ്റേന്ന് ദക്ഷിണേന്ത്യയിലെ ആത്മീയ ഗുരുക്കന്മാരുടെ തലവനായ ഹിസ് ഹോളിനെസ്സ് ശ്രീ ശങ്കരാചാര്യരെ ദര്ശിയ്ക്കാന്‍ കൂട്ടിക്കൊണ്ടുപോയി. ആദ്യമായി ഒരു വിദേശിക്ക് ശങ്കരാചാര്യര്‍ കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കി. ഏറെ നേരത്തെ അതീവ തൃപ്തികരമായ സംഭാഷണങ്ങള്‍ക്ക് ശേഷം യാത്ര പറയുമ്പോള്‍, യോഗികളെയും ഋഷിമാരെയും ദര്‍ശിക്കാന്‍ വെമ്പുന്ന വിദേശിയായ അന്വേഷിയോടു പറയുന്നു--'സത്യം സദാ നിലനില്‍ക്കും. അന്വേഷിയ്ക്കൂ, കണ്ടെത്തും'. ഈ വിഷയത്തില്‍ തന്റെ അറിവിലുള്ള രണ്ടു മഹത് വ്യക്തികളില്‍ ഒരാള്‍ കാശിയില്‍ അജ്ഞാതനായി കഴിയുന്നു. മറ്റെയാള്‍, മഹാ ഋഷി. അദ്ദേഹത്തെപോയി കാണൂ' എന്നും ആചാര്യര്‍ പറഞ്ഞു. അദ്ദേഹത്തെ ദര്‍ശിക്കാന്‍ നിര്‍ബന്ധിച്ചപ്പോള്‍ മറ്റു തിരക്കുകളാല്‍ സാദ്ധ്യമാകില്ല എന്ന് സ്നേഹപൂര്‍വ്വം മറുപടി പറയുന്നു. "മഹാ ഋഷിയെ ദര്ശിയ്ക്കാതെ പോകരുത്"----.ആചാര്യൻ വീണ്ടും പറഞ്ഞു. ആചാര്യന്റെ സ്നേഹപൂര്‍വമായ നിർബന്ധത്തിന്, താന്‍ അടുത്ത ദിവസം ദക്ഷിണേന്ത്യ വിടുകയാണ് എന്ന് വിനയപൂർവം മറുപടി നൽകി.
| ആ സമയത്ത് The Hill of the HolyBeacon ! എന്ന് ആരോ കാതില്‍ മന്ത്രിക്കുന്നതായി പീബി ക്ക് തോന്നി. ഏതാനും ദിവസങ്ങള്‍ക്കു മുന്പ് കാഷായ വസ്ത്രക്കാരന്‍ നിര്‍ബന്ധിച്ചതും പീ ബി ഓര്‍ത്തു. അന്ന് രാത്രി ഒരുറക്കം കഴിഞ്ഞപ്പോള്‍ പീബി ഉണര്‍ന്നു. ആചാര്യനുമായുള്ള കൂടിക്കാഴ്ച സദാ ചിന്തയില്‍ ഉയര്‍ന്നു വന്നു. യൂറോപ്പില്‍ ലഭിയ്ക്കാത്ത മനോഹരമായ ആകാശക്കാഴ്ച കാണാന്‍ പുറത്തേയ്ക്കിറങ്ങിയ അദ്ദേഹം അമ്പരന്നുപോയി. പൂന്തോട്ടത്തില്‍ മഹാഋഷിയെപ്പറ്റി പറഞ്ഞുതന്ന സുബ്രഹ്മണ്യ അയ്യര്‍ ഒരു ബഞ്ചില്‍ ചുരുണ്ടിരിയ്ക്കുന്നു. പീബി പറഞ്ഞു--- നാളെ നമ്മള്‍ മഹാ ഋഷിയെ കാണാന്‍ പോകുന്നു. തുടര്‍ന്ന് അദ്ദേഹം വേഗം ഉറങ്ങാന്‍ പോയി. അകത്ത് ചെന്നപ്പോള്‍ താഴെ പായ വിരിച്ചു കാഷായ വസ്ത്രം കൊണ്ട് പുതച്ചു കിടക്കുന്ന യോഗിയെ നോക്കി അദ്ഭുതപ്പെട്ടു. ആ സമയത്ത് അദ്ദേഹത്തിന് വളരെ അത്ഭുതകരമായ അനുഭവങ്ങള്‍ ഉണ്ടായി. ഒരു സന്യാസി അരികെ വന്നു ഇങ്ങിനെ പറഞ്ഞതായി തോന്നി..---'കൂടുതല്‍ വിനയാന്വിതനാവുക, താങ്കള്‍ തേടുന്നത് ലഭിച്ചിരിയ്ക്കും.' --- സ്വപ്നമാണോ യാഥാര്‍ത്ഥ്യമാണോ എന്ന് അദ്ദേഹം ഒരു നിമിഷം ചിന്തിച്ചിരുന്നുപോയി. പിറ്റേന്ന് രാമണാശ്രമത്തില്‍ എത്തിച്ചേര്‍ന്ന പീബിയും, യോഗിയും പ്രാര്‍ത്ഥനാ ഹാളിലേക്ക് നേരെ നടന്നു ചെന്നു. നിശ്ശബ്ദമായിരിക്കുന്ന ആളുകള്‍ ഒരുഭാഗത്ത്. മറു ഭാഗത്ത് വെള്ളവിരിപ്പ് വിരിച്ചിട്ട ദിവാനില്‍ ഉപസ്ഥിതനായി ധ്യാനത്തിലിരിക്കുന്ന മഹാ ഋഷിയെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ടായില്ല. തന്നെ നോക്കുമെന്ന പ്രതീക്ഷ അസ്ഥാനത്തയോ? ഒരു നിമിഷം പീബി ചിന്തിച്ചു. ആ കണ്ണുകളില്‍ ശ്രദ്ധിച്ചു. സമയം പോകുന്നതറിഞ്ഞില്ല. നൂറുകണക്കിന് ചിന്തകള്‍ മനസ്സില്‍ക്കൂടെ കടന്നുപോയി. മൌനത്തിന്റെ അസ്വസ്ഥത മിനുട്ടുകള്‍ കൊണ്ട് അപ്രത്യക്ഷമായി. നിഗൂഢമായ ഒരു ശാന്തി മനസ്സിന് കൈവന്നതായി പീബിക്ക് അനുഭവപ്പെട്ടു. ഋഷിയുടെ കണ്ണുകളുമായി കൂട്ടിമുട്ടിയപ്പോള്‍ അവാച്യമായ ആനന്ദം. ഒന്നും ചോദിക്കാനോ അറിയാനോ ഇല്ലാത്ത അവസ്ഥ. വീണ്ടും ഋഷിയുടെ കൂടെ ഇരിക്കുമ്പോള്‍ തന്റെ സംശയങ്ങള്‍ ചോദിയ്ക്കുന്നു. 'താങ്കള്‍ ആരാണ്' എന്ന ചോദ്യം പീബിയെ അമ്പരപ്പിച്ചു. ആത്മീയാന്വേഷണത്തിന് ഗുരുവിന്റെ സഹായം വേണ്ടി വന്നേക്കാം എന്നും കൂട്ടിച്ചേര്‍ത്തു. അവനവിനിലേക്ക് ഇറങ്ങിച്ചെന്നു താന്‍ ആരാണെന്ന സത്യം കണ്ടുപിടിക്കണമെന്നും പീബിയോട് പറഞ്ഞു.. വര്ത്തമാനകാലത്തിനെക്കുറിച്ചു അറിയൂ, ചിന്തിക്കൂ, ഭാവി അതിന്റെ വഴിയ്ക്ക് വരും എന്നായിരുന്നു ഋഷിയുടെ ഉപദേശം. അവനവനെപ്പറ്റി അറിയാതെ ലോകത്ത്തിനെപ്പറ്റി അറിഞ്ഞിട്ടു എന്താണ് കാര്യം? അടുത്ത ദിവസം ഋഷിയുടെ കൂടെ മൌനത്തില്‍ ഇരിക്കുമ്പോള്‍ അറിയാതെ കണ്ണുകള്‍ കൂമ്പുകയും താന്‍ അഞ്ചു വയസ്സുകാരനായി മാറുകയും, മഹര്‍ഷി കൈപിടിച്ച് അരുണാചലത്തിന്റെ മുന്‍പില്‍ നിര്‍ത്തുകയും മല കയറ്റുകയും ചെയ്തതായി അനുഭവപ്പെട്ടു. ഏറെ നേരത്തെ ധ്യാനാവസ്ഥയില്‍ നിന്നും ഉണര്‍ന്നപ്പോള്‍ ഋഷിയുടെ കണ്ണുകളുമായി കൂട്ടിമുട്ടി. പരിപൂര്‍ണ്ണമായും ഉണര്‍ന്നെങ്കിലും ഉണ്ടായ അനുഭവം സ്വപ്നമോ യാഥാര്‍ത്ഥ്യമോ എന്ന സംശയം ഉണ്ടായി. രണ്ടാഴ്ച കഴിഞ്ഞിട്ടും ഋഷിയുടെ അടുത്തു നിന്നും ഉദ്ദേശിച്ച മറുപടികള്‍ കിട്ടിയില്ല. വീണ്ടും കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുന്നു. തൃപ്തമായ മറുപടിയില്‍ പീബി സംതൃപ്തനായി. നിങ്ങളുടെ ശരീരം, തലച്ചോറ്, ആഗ്രഹങ്ങള്‍--ഇതൊന്നുമല്ല, ഈ നിങ്ങള്‍. ഉള്ളിന്റെയുള്ളില്‍ ആഴ്ന്നിറങ്ങണം. സ്വയം അറിയണം. അപ്പോളാണ് കര്‍മ്മനിരതനായ ഒരാള്‍ക്ക് ആത്മീയാനുഭൂതി കിട്ടുന്നത്, അതിനു വേണ്ടി ശ്രമിക്കുന്നത് ഒരിക്കലും അയാളുടെ പ്രവര്‍ത്തികളെ ബാധിയ്ക്കില്ല. ചെയ്യുന്ന ജോലി തന്നെ ധ്യാനാത്മകതയോടെ ചെയ്യാന്‍ കഴിയും. എല്ലാത്തിനും ഉപരി ആദ്യം ഞാന്‍ ആരാണെന്ന ചോദ്യത്തിനുള്ള ഉത്തരം കണ്ടുപിടിയ്ക്കലാണ്. ഭാവിയില്‍ ലോകത്ത് എന്ത് സംഭവിക്കുമെന്ന ചോദ്യത്തിന് ഗുരു മറുപടി ഇങ്ങിനെ പറഞ്ഞു --- അവനവനെക്കുറിച്ച് തന്നെ നമുക്ക് ഒന്നും തന്നെ അറിയില്ല. പിന്നെങ്ങിനെ ലോകത്തിന്‍റെ കാര്യം അറിയും? ഇന്നിനെക്കുറിച്ച് അഥവാ വര്‍ത്തമാന കാലത്തെക്കുറിച്ചു നമുക്ക് വ്യക്തമായ അറിവില്ല. പിന്നെ വരാന്‍ പോകുന്ന കാലത്ത് എന്ത് സംഭവിക്കും എന്ന് ആലോചിച്ചിട്ട് എന്ത് കാര്യം? ഭാവിയെപ്പറ്റി അത് തന്നെ തീരുമാനിച്ചോളും. ഈ ലോകത്തിനെ സംരക്ഷിക്കുന്ന ആള്‍ തന്നെ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തോളും. ഓരോ തവണയും മഹര്‍ഷിയുടെ മുന്നില്‍ ഇരിക്കുമ്പോള്‍ ആ കണ്ണുകളുമായി ഏറ്റുമുട്ടുമ്പോള്‍ അവാച്യമായ ഒരനുഭൂതിയാണ് പീബി ക്ക് ലഭിച്ചുകൊണ്ടിരുന്നത്. ചോദിച്ചറിയുവാന്‍ ഏറെ ഉണ്ടായിട്ടും എല്ലാം ചോദിക്കാന്‍ പീബിക്ക് സാദ്ധ്യമാകുന്നില്ല എന്ന് തോന്നി. പ്രാര്‍ഥനാ ഹാളിലുള്ള നിരവധി പേരുടെ നിശ്വാസങ്ങള്‍ പോലും പുറത്തേക്ക് കേള്‍ക്കാനില്ല. മൌനത്തിന്റെ നിറഞ്ഞ സാന്നിദ്ധ്യം അദ്ദേഹത്തിന് അനുഭവപ്പെട്ടു. മഹര്‍ഷി വീണ്ടും പീബിയോട് ഞാന്‍ ആരാണെന്നറിഞ്ഞാല്‍ ബാക്കി സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും ഉത്തരം താനേ അറിയും എന്ന് പറഞ്ഞു. ഈ ശരീരം ആണോ ഞാന്‍? മസ്തിഷ്കമാണോ ? ബുദ്ധിയാണോ? ഹൃദയമാണോ? തലച്ചോറാണോ? എന്റെ മനസ്സാണോ? ഇതൊന്നും ഞാന്‍ അല്ല. പിന്നെ? ചോദ്യങ്ങളും ഉത്തരങ്ങളും തുടര്‍ന്നുകൊണ്ടിരുന്നു. പീബി തുടര്‍ച്ചയായി ഓരോ സംശയങ്ങള്‍ ചോദിച്ചു കൊണ്ടിരുന്നു. മഹര്‍ഷി പറഞ്ഞു--- ജീവിതത്തില്‍ ഓരോ മനുഷ്യരും ആഗ്രഹിക്കുന്നത് ആനന്ദമാണ്. അവന്‍ അന്വേഷിക്കുന്നതും അതുതന്നെയാണ്. ഓരോ മനുഷ്യന്റെയും ഉള്ളിലുള്ള ഈ ഞാന്‍ തന്നെയാണ് ഈ ആനന്ദവും. നമ്മള്‍ അറിയാതെ നമ്മള്‍ തേടുന്ന ഈ ആനന്ദം തന്നെയാണ് ഈ ഞാന്‍ അല്ലെങ്കില്‍ എന്റെ ഉള്ളില്‍ ഒളിഞ്ഞു കിടക്കുന്ന ആത്മാവ് തന്നെയാണ് ഈ ഞാന്‍. അത് നിശ്ശബ്ദമാണ്. മരണമില്ലാത്തതാണ്. ദൈവീകമാണ്. അനന്തമാണ്. ഒരു ഗുരുവിന് നേര്‍വഴി ചൂണ്ടിക്കാണിക്കാനേ സാധിക്കുകയുള്ളൂ. അവനവന്‍ തന്നെ തന്റെ ആത്മാവിനെ കണ്ടെത്തേണ്ടിയിരിക്കുന്നു. ആത്മാവിനെ അറിഞ്ഞാല്‍ എല്ലാ ഗുരുക്കന്മാരും അവിടെയെത്തും. കര്‍മ്മനിരതനായ ഒരാള്‍ക്ക് ആത്മീയാനുഭൂതി കിട്ടുന്നത്, അതിനു വേണ്ടി ശ്രമിക്കുന്നത് ഒന്നും ഒരിക്കലും അയാളുടെ പ്രവര്‍ത്തികളെ ബാധിയ്ക്കില്ല. തന്റെ ജോലി ധ്യാനാത്മകതയോടെ ചെയ്യാന്‍ കഴിയും. എല്ലാത്തിനും ഉപരി ആദ്യം "ഞാന്‍" ആരാണെന്ന ചോദ്യത്തിനുള്ള ഉത്തരം കണ്ടുപിടിയ്ക്കലാണ്. അദ്ധ്യാത്മികതക്ക് നിഗൂഢതയുണ്ട്. കാരണം ഈശ്വര വിശ്വാസമോ ആരാധനയോ അല്ല ആത്മീയത. പഞ്ചേന്ദ്രിയങ്ങള്‍ക്കും അപ്പുറമാണ് അതിന്റെ നില തനിക്ക് പറയാനുള്ളത് മുഴുവന്‍ പറഞ്ഞു എന്ന അര്‍ത്ഥത്തില്‍ മുനി ധ്യാനനിരതനായി. അദ്ദേഹത്തിനെത്തന്നെ ശ്രദ്ധിച്ചിരുന്ന പീബിക്ക് മനസ്സിലായി അദ്ദേഹം തന്റെ ഉള്ളില്‍ ആഴ്ന്നിറങ്ങി എല്ലാം മനസ്സിലാക്കി എന്ന്. ഹാളിലുള്ള എല്ലാവരും ഓരോരുത്തരായി പുറത്തേക്ക് കടന്നു. മഹര്ഷിയും താനും മാത്രം മാത്രമാണ് ആ ഹാളില്‍ പീബിക്ക് എന്തെന്നില്ലാത്ത ചിന്തകളും അനുഭൂതികളും അനുഭവപ്പെട്ടു. മഹര്ഷിയും താനും ആകാശത്തു ഉയര്‍ന്നെത്തിയ അനുഭവം. പ്രാര്‍ത്ഥനാ മുറിയില്‍ ഏറെ നേരം ഇരുന്നപ്പോള്‍ ഋഷി യുടെ കണ്ണുകള്‍ താന്‍റെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്നതറിഞ്ഞു. ടെലിപതി എന്നോണം ആശയവിനിമയം നടക്കുന്നതായി പീബിക്ക് അനുഭവപ്പെട്ടു. പരിപൂര്‍ണ്ണ ശാന്തി അനുഭവപ്പെടുകയും ഋഷിയുടെ ദൃഷ്ടികളില്‍ നിന്നും ആത്മ ചൈതന്യം തന്നിലേക്ക് കടന്നുവരുന്നതായി അനുഭവപ്പെട്ടു. മഹാഋഷിയോട് യാത്ര പറയാറായി കൈകള്‍ കൂപ്പി പീബി യാത്ര ചോദിക്കുമ്പോള്‍ അദ്ദേഹം ആംഗ്യം കൊണ്ട് യാത്രാ മംഗളം നേരുന്നു. നന്ദിപൂര്‍വ്വം വാക്കുകള്‍ ഉച്ചരിച്ച പീബിയോട് തലയാട്ടി യാത്രാശംസകള്‍ നേര്‍ന്നു. ഏറെ താമസിയാതെ ഗുരുവിനോട് മനസ്സില്ലാമനസ്സോടെ യാത്രപറഞ്ഞു. എന്റെ കണ്ണുകളില്‍ ഒന്നാണ് പോള്‍ ബ്രുന്ടന്‍. എന്‍റെ ആത്മീയ ശക്തി അദ്ദേഹത്തില്‍ക്കൂടി ദര്‍ശിക്കുക എന്നാണ് രമണ മഹര്‍ഷി അദ്ദേഹത്തെ പറ്റി വിശേഷിപ്പിച്ചത്. ഒരു ൧൦൦ ഉപദേശങ്ങള്‍ കേള്‍ക്കുന്നതിനേക്കാള്‍ ഉപകാരപ്രദമായേക്കും അദ്ദേഹത്തിന്‍റെ പുസ്തകങ്ങള്‍ വായിച്ചാല്‍ ലഭിക്കുന്നത് എന്നാണ് ഈ പുസ്തകം വായിച്ചപ്പോള്‍ തോന്നിയത്. സ്വാഭാവികമായ പ്രകൃതിയുടെ മടിത്തട്ടില്‍ നിശ്ശബ്ദവും മൌനവും നിറഞ്ഞ അന്തരീക്ഷത്തില്‍ പ്രകൃതിയിലെ ഒരാളായി അല്ലെങ്കില്‍ പ്രകൃതി ഉള്ളില്‍ നിറയുംപോളത്തെ ഒരനുഭൂതി----മനസ്സിന്റെ ആഴങ്ങളില്‍ ഇറങ്ങിച്ചെല്ലൂമ്പോള്‍ ലഭിക്കുന്ന ആത്മാവിന്റെ നിര്‍വൃതി-- അതുതന്നെയാണ് ആത്മീയാന്വേഷണത്തിന്റെ പര്യവസാനം അഥവാ 'ഞാന്‍ ആരാണെന്ന' ചോദ്യത്തിന്റെ ഉത്തരം ലഭിച്ച ഒരാള്‍ക്ക് ലഭിക്കുന്ന ആനന്ദം. ഹിമാലയത്തിന്റെ മടിത്തട്ടില്‍ ഏകാന്തതയില്‍ ധ്യാനിച്ചിരിക്കുമ്പോള്‍ ഒരു മനുഷ്യന് ലഭിയ്ക്കുന്ന മോക്ഷം, മുക്തി അഥവാ നിര്‍വാണം. പീബി യുടെ വിശാലമായ കാഴ്ചപ്പാടും, തനിക്ക് ലഭിച്ച ആത്മീയ അറിവുകളും അനുഭൂതികളും ലോകമെമ്പാടും ഉള്ള മാനവ ജനതയുമായി പങ്കുവെക്കാനുള്ള വാഞ്ഛ എത്ര അഭിനന്ദിച്ചാലും അധികമാകില്ല. ശക്തമെങ്കിലും നര്മ്മം കലര്‍ന്ന ലളിതമായ ഭാഷ. ഹിമാലയന്‍ സൌന്ദര്യം അങ്ങിനെത്തന്നെ കാവ്യാത്മക മായ ഭാഷയില്‍ ഒഴുക്കുകയാണ് 'ഹിമാലയത്തിലെ അവധൂതനില്‍'. വായനക്കാരന് താന്‍ ഏതോ ആനന്ദകരമായ ലോകത്ത് നാളുകള്‍ ചെലവഴിച്ച അനുഭവമാണ് ഉണ്ടാകുന്നത്. ആധുനിക ലോകത്ത് ഈ വായനകള്‍ ഏറ്റവും ഉചിതമായതാണ്. കാരണം പ്രകൃതിയെ കീഴടക്കലാണ് മനുഷ്യധര്‍മ്മം എന്നാണ് ഒട്ടുമിക്കവരുടെയും ധാരണ. മനുഷ്യന് വേണ്ടിയാണ് പ്രകൃതിയിലെ ചരാചരങ്ങള്‍ നിലനില്‍ക്കുന്നതെന്ന് വിശ്വസിക്കുന്നവരോട് എന്ത് പറയാന്‍! (ഈ സത്യമറിഞ്ഞ ഹില്ലാരി ഒരിക്കലും ഞാന്‍ ഹിമാലയത്തെ കീഴടക്കി എന്ന് പറഞ്ഞിട്ടില്ല.) പ്രക്രുതിതന്നെയാണ് നമ്മളെ നിലനിര്‍ത്തുന്ന ദൈവം. പുറത്തും നമ്മുടെ ഉള്ളിലും. പ്രകൃതിയില്‍ നിന്നും വേറിട്ട് നില്‍ക്കുന്ന ഒരു മനുഷ്യന് ഒരിക്കലും ഈശ്വരനെ കണ്ടെത്താനാവില്ല. ഈ പുസ്തകത്തിന് അവതാരിക എഴുതിയത് പീബി യുടെ സുഹൃത്തായ നേപ്പാള്‍ രാജകുമാരന്‍, മുസ്സൂറി ഷംഷേര്‍ ജംഗ് ബഹാദൂര്‍ ആണ്. പീബിയെ ആത്മീയ ആചാര്യനായാണ് അദ്ദേഹം വിവരിയ്ക്കുന്നത്. തന്റെ സന്ദര്‍ശനവും, തങ്ങളുടെ സംഭാഷനവുമെല്ലാം അതില്‍ ഉള്‍ക്കൊള്ളിച്ചതായി അപ്പോളാണ് രാജകുമാരന്‍ അറിയുന്നത്. "ഈ ഗ്രന്ഥകാരനെപ്പോലെ ആത്മാര്‍ത്ഥതയുള്ളവര്‍ക്ക് മാത്രമേ സമൂഹത്തില്‍ ആഴ്ന്നിറങ്ങാനും ഏഷ്യയിലെ യഥാര്‍ത്ഥ ഋഷിവര്യന്മാരെക്കുറിച്ച് മനസ്സിലാക്കുവാനും സാധിയ്ക്കൂ", എന്നാണ് തന്റെ ആത്മാര്‍ത്ഥ സുഹൃത്തിനെക്കുറിച്ച് രാജകുമാരന് പറയാനുള്ളത്. ഹിമാലയത്തിലെ വനങ്ങളാല്‍ ചുറ്റപ്പെട്ട മലനിരകളുടെയും മഞ്ഞുമൂടിയ ഹിമശ്രുംഗങ്ങളുടെയും വര്‍ണ്ണന ഏഷ്യയിലെ എന്നല്ല ലോകത്തിലേക്കും വെച്ച് ഗംഭീരമായ കാഴ്ചതന്നെ എന്ന് അവിടെ ജനിച്ചു വളര്‍ന്ന രാജകുമാരന്‍ അവതാരികയില്‍ സൂചിപ്പിക്കുന്നു. പീബി പരാമര്‍ശിക്കാത്ത അസാധാരണ വ്യക്തിത്വത്തിന്റെ ഉടമകള്‍ ഇന്ത്യയില്‍ ഉണ്ടായിരുന്നെന്നും, ഇന്ത്യയിലുള്ളതിനേക്കാള്‍ നിഗൂഢമായ വിജ്ഞാനപാരമ്പര്യം നേപ്പാളിലെ പര്‍വതങ്ങളുടെ സുരക്ഷിതത്തില്‍ ഭദ്രമായി സൂക്ഷിയ്ക്കപ്പെടുന്നു എന്ന് നേപ്പാള്‍ രാജകുമാരന്‍ സൂചിപ്പിയ്ക്കുന്നുണ്ട്. മലമുകളിലെ ബംഗ്ലാവിലേക്കു കിഴുക്കാംതൂക്കായ മലഞ്ചെരുവില്‍ക്കൂടിയുള്ള കുതിരപ്പുറത്തെ ഭയാനകമായ യാത്ര വിവരിയ്ക്കുന്നത് ശ്വാസം അടക്കിപ്പിടിച്ചിരുന്നേ വായിക്കാന്‍ പറ്റൂ. മുകളില്‍നിന്നു പൊട്ടിവീണ പാറക്കഷണങ്ങളിലും പൊടിഞ്ഞ ചരല്‍ക്കല്ലുകളിലും തെന്നിത്തെന്നി നടക്കുന്ന കുതിര മുന്നോട്ട് ഓരോ അടി വെക്കുംപോഴും ഭയം ഉണ്ടാക്കുന്നു. അതിനെ ഇല്ലാതാക്കാന്‍ പാറക്കല്ലുകളിലെ പച്ചപ്പുല്ലുകളും മഞ്ഞയും ചുകപ്പും നിറമുള്ള തലയെടുപ്പോടെ നില്‍ക്കുന്ന പൂക്കളും സഹായിക്കുന്നു അതേ സമയം അദ്ദേഹം യാത്രയിലെ വനഭംഗിയെപറ്റി എഴുതുമ്പോള്‍ താന്‍ നല്ലൊരു കവിയായിരുന്നെങ്കില്‍ എന്നും ആശിയ്ക്കുന്നു. പ്രകൃതിയുടെ വരദാനമായ ഈ പരുക്കന്‍ വനപ്രദേശത്തിന്റെ സൌന്ദര്യലഹരിയില്‍ ദേവന്മാര്‍ കൂടി മയങ്ങിപ്പോകും എന്ന് പീബി എഴുതുന്നു. എണ്ണിയാല്‍ തീരാത്തത്ര മലനിരകളും കൊടുമുടികളുമുള്ള ഈ ഹിമാലയത്തിനെ ചുമന്നുകൊണ്ടാണ് നമ്മുടെ ഭൂഗോളം സെക്കന്റില്‍ 18 മൈല്‍ എന്ന കണക്കിന് ചുറ്റുന്നത് ഓര്‍ത്ത് അതിശയപ്പെടുന്നു. അഗാധമായ കൊക്കയുടെ ഓരം ചേര്‍ന്ന് നടക്കാന്‍ ആഗ്രഹം കാട്ടിയ കുതിരയുടെ മുകളില്‍നിന്നും താഴേക്കു വീഴുമ്പോള്‍ അനുഭവിയ്ക്കുന്ന വേദന, പൊട്ടിത്തകര്‍ന്ന വാച്ച്. സൗഹൃദം ഊട്ടി ഉറപ്പിക്കേണ്ടത് അത്യാവശ്യമായിത്തോന്നി ഉടനെ കുതിരയ്ക്ക് സഞ്ചി തുറന്നു പഞ്ചസാരകൊടുക്കുന്നു. മഞ്ഞുമൂടിക്കിടക്കുന്ന, ആകാശം മുട്ടി നില്‍ക്കുന്ന ചുറ്റുമുള്ള കൊടുമുടികളുടെ വര്‍ണ്ണനാതീതമായ സൗന്ദര്യം ആസ്വദിച്ചുകൊണ്ടുതന്നെ -- 'ജീവിതത്തിലെ കിഴുക്കാംതൂക്കായ പാതകള്‍ക്ക് തുല്യമാണ് ഹിമാലയത്തിലെ കുത്തനെയുള്ള പാതകള്‍' എന്ന് പറയുന്നു. നല്ലൊരു ലോകം കണ്ടെത്താന്‍, സ്വര്‍ഗത്തിലേക്കുള്ള പാതയിലൂടെയുള്ള വന്യ ദൃശ്യങ്ങള്‍ കണ്ടു കണ്ടുള്ള സവാരി തുടര്‍ന്നു. (കൂടെയുള്ളവര്‍ ഏറെ പിന്നിലായിപ്പോയി എങ്കിലും.) ഇനിയും മുകളിലേക്ക് തന്നെ പ്രകൃതിയുടെ കൂടെ.... അസ്തമയസൂര്യന്‍ മഞ്ഞിന്പാളികളെ കാവിയുടുപ്പിച്ചുതുടങ്ങി. കാവി നിറം സ്വര്‍ണ്ണ നിറവും മഞ്ഞനിറവുമായി മാറി. അവസാന രശ്മികള്‍ മായുമ്പോള്‍ വെളുത്ത മഞ്ഞിന്പാളികള്‍ നരച്ച വെണ്‍മയിലാഴുന്നു. പതുക്കെപ്പതുക്കെ ഇരുട്ടിന്‍റെ ഭയാനകത പടര്‍ന്നെങ്കിലും അതിനെ ആട്ടിയകറ്റി വെണ്ണിലാവ് എങ്ങും പടര്‍ന്നു. പീബിയുടെ ഭാഷയില്‍ ഭീഭത്സമെങ്കിലും മനോഹരമായ പ്രേതഭൂമിയില്‍ക്കൂടി ഉത്സാഹത്തോടെ മുന്നോട്ടുള്ള യാത്ര തുടര്‍ന്നു. യാത്ര ഏതാണ്ട് അവസാനിക്കാറുമായി. ദേവതാരു വൃക്ഷങ്ങല്‍ക്കിടയില്‍ക്കൂടെ കുയിലുകളുടെ സംഗീതവും കേട്ട് അന്ധകാരത്തിനോട് താദാത്മ്യം പ്രാപിക്കുമ്പോളേക്കും രാക്ഷസരൂപങ്ങള്‍ സൃഷ്ടിയ്ക്കുന്ന നിലാവുകളുടെ സഹായത്തോടെ ലക്ഷ്യസ്ഥാനത്തെയ്ക്ക് മുന്നേറുകകതന്നെയാണ്. മനോഹരമെങ്കിലും മായാവികളായ രാക്ഷസരൂപം പൂണ്ടു നില്‍ക്കുന്ന പിരമിഡ് കള്‍ പോലെയുള്ള കൊടുമുടികള്‍ നക്ഷത്രശോഭയില്‍ മനുഷ്യവാസമില്ലാത്തിടത്തു അസമയത്ത് വന്നു കയറുന്ന നിസ്സാരജീവിയുടെ നേര്‍ക്ക് പരിഹാസപൂര്‍വ്വം നോക്കുകയാണോ എന്ന് തോന്നുന്നുവെന്ന് കാവ്യാത്മകമായി പീബി ചിന്തിയ്ക്കുന്നു. സാഹസികതയും, ആത്മവിശ്വാസവും, പ്രകൃതിയോടുള്ള അതീവ ഭക്തിയും വിശ്വാസവും പീബിയെ കൊടുങ്കാട്ടിലെ വെട്ടിത്തെളിയിച്ച പാത നയിക്കന്ന വഴിയിലൂടെ ലക്ഷ്യത്തില്‍ എത്തിയ്ക്കുന്നു. ബംഗ്ലാവിന്റെ വെള്ളപൂശിയ കെട്ടിടങ്ങള്‍ നിലാവിന്റെ പുഞ്ചിരി നല്‍കി സ്വീകരിക്കുമ്പോള്‍ നമുക്കും എന്തെന്നില്ലാത്ത ആശ്വാസം തോന്നുന്നു. രാത്രിയുടെ ശിരസ്സിലണിഞ്ഞ നക്ഷത്രകിരീടത്തിന്റെ ശോഭയാസ്വദിച്ച്, കുളിര്‍കാറ്റും കൊണ്ട് പിന്നാലെ വരുന്ന ഭ്രുത്യരെക്കാത്തു പാതയോരത്ത് കാത്തിരിയ്ക്കുന്ന സത്യ സന്യാസി....... ദേവന്മാരും ദേവതകളും വസിക്കുന്ന കൈലാസം പല മതക്കാരുടെയും ധ്യാനസ്ഥാനം അഥവാ നിര്‍വാണത്തിന്‍റെ ആസ്ഥാനമാണ്. അവിടെ വസിച്ച് ധ്യാനത്തില്‍ മുഴുകാനുള്ള ആഗ്രഹം മുടങ്ങിയെങ്കിലും പുണ്യഗംഗയുടെ ഉല്‍പ്പത്തി സ്ഥാനത്തെ പീബി അതേ പോലെ ആത്മീയത നിറഞ്ഞ പുണ്യഭൂമിയായി കണ്ടു. അഗാധമായ രണ്ട് താഴ്വരകളെ വേര്‍തിരിക്കുന്ന മലനിരകളുടെ ഇടുങ്ങിയ മുകളറ്റത്താണ് തന്റെ വാസം. സൂര്യോദയത്തില്‍ മനോഹരദൃശ്യത്താല്‍ കണ്‍കുളിര്‍പ്പിക്കുന്ന മഞ്ഞുമലകള്‍ ചുറ്റുമുള്ളതും ഭാഗ്യമായി കരുതി. വടക്ക് 16,൦൦൦ അടി ഉയരമുള്ള ബുരംഗാതി പാസ്, കിഴക്ക് 25,൦൦൦ അടി ഉയരമുള്ള നന്ദാദേവി. യമുനയുടെ ഉത്ഭവസ്ഥാനമായ ബന്ദര്‍ പൂഞ്ച് കൊടുമുടി, മേഖങ്ങളില്ലാത്തപ്പോള്‍ തെളിഞ്ഞു കാണുന്ന ബദരി--കേദാര്‍ നാഥന്മാരുടെ ആസ്ഥാനമായ ശ്രീ കണ്‍ഠ കൊടുമുടികള്‍ ..... ബഹുമാനത്തോടെ കൂപ്പുകൈകളോടെ പീബി അവരെ ദര്‍ശിച്ചു. ദേവന്മാരുടെ ഇഷ്ട വൃക്ഷമായ ആത്മീയതയുള്ള ദേവതാരുവിന്‍റെ സാമീപ്യം പീബിയെ ഏറെ ആനന്ദിപ്പിച്ചു. യേശുവിനെയും ബുദ്ധനെയും ഓര്‍ത്തുകൊണ്ട് ചിന്തിച്ചു....ഏകാഗ്രത ലഭിക്കാന്‍, തള്ളി വരുന്ന ചിന്തകളുടെ ഭാരം, എണ്ണം കുറച്ചേ മതിയാകൂ. ഈ പര്‍വതങ്ങളില്‍ ലഭിയ്ക്കുന്ന ആത്മീയ ആനന്ദം മറ്റെവിടെ ചെന്നാലും ലഭിക്കുയില്ല എന്ന് ഉറപ്പായിരിക്കുന്നു. ഓരോ മനുഷ്യനും ജനിച്ചു വളരുന്ന പ്രക്രുതിയോട് കടപ്പാടുണ്ട്. പലപ്പോഴും സ്വന്തം ആഗ്രഹം മാത്രം നിറവേറ്റുന്ന ബദ്ധപ്പാടില്‍ അവരത് മറന്നുപോകുന്നു. പ്രകൃതിയെ സ്നേഹിക്കുക, ആരാധിക്കുക.ഇതൊരു തുറന്ന ശ്രീകോവിലാണ്. ഈ പ്രകൃതിയോടൊപ്പം സൃഷ്ടിക്കപ്പെട്ടതാണ് ഓരോരുത്തരും.. എകാന്തവാസത്തിന്നിടയില്‍ ദുര്‍ഘടമായ മല കയറി തന്നെ തിരഞ്ഞു വരുന്ന സന്യാസിമാര്‍, സ്വന്തം ദുഃഖങ്ങള്‍ കത്തായി എഴുതി പോസ്റ്റ് ചെയ്ത് മറുപടി പ്രതീക്ഷിക്കുന്നവര്‍......ആരെയും നിരാശപ്പെടുത്താനാവില്ല. പലപ്പോഴും ചിന്തകളില്‍ നിന്നുപോലും മുക്തനാകാന്‍ കഴിയുന്നില്ല. ടിബറ്റിന്റെ ഭാവി എന്താകും എന്ന വലിയൊരു ചോദ്യ ചിഹ്നം അദ്ദേഹത്തെ വേട്ടയാടി. പതിനയ്യായിരം അടി ഉയരത്തിലുള്ള ഈ രാജ്യം ലോകത്തിന്റെ മേല്ക്കൂരയാണ്. ഹിമാലയം ഒരു കോട്ട കെട്ടി അതിനെ സംരക്ഷിച്ചു വരുന്നു. മതപരവും ഭൌതികവുമായ കാരണങ്ങള്‍ കൊണ്ട് അവിടെയുള്ളവര്‍ പുറത്തുനിന്നുള്ളവരെ തങ്ങളുടെ രാജ്യത്തിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കുന്നില്ല. സ്വര്‍ണ്ണ ഘനനം, സ്വര്‍ണ്ണ അയിര്‍ നിക്ഷേപഗവേഷണം ഇതെല്ലാം രഹസ്യമായി വെച്ചിരിക്കുകയാണ്. ശാസ്ത്രജ്ഞര്‍ക്കും വെള്ളക്കാര്‍ക്കും വിലക്കാണ് അങ്ങോട്ട് കടക്കാന്‍. (രാജ്യം ഭരിച്ചിരുന്ന ലാമമാരെ കീഴടക്കി ചൈനക്കാര്‍ ഭരണം കയ്യാളും എന്ന് പീബിയടക്കമുള്ള വെള്ളക്കാര്‍ അന്ന് ചിന്തിച്ചിട്ടുകൂടി ഉണ്ടാവില്ല.) പൂര്‍വ-പശ്ചിമ സംസ്കാരത്തിന്‍റെ സമന്വയം ആഗ്രഹിച്ചിരുന്നവര്‍ക്ക്, ആത്മീയതയില്‍ സാര്‍വലൌകികമായ അവബോധത്തിന്റെ സന്ദേശം വ്യാപിക്കുന്നത് സ്വപ്നം കാണുന്നവര്‍ക്ക് തിബറ്റിന് ലഭിച്ച പ്രഹരം ചിന്തിക്കുവാന്‍ കൂടി അസാദ്ധ്യമായിരുന്നിരിക്കണം. ഈ പുസ്തകത്തിന് അവതാരിക എഴുതിയത് പീബി യുടെ സുഹൃത്തായ നേപ്പാള്‍ രാജകുമാരന്‍, മുസ്സൂറി ഷംഷേര്‍ ജംഗ് ബഹാദൂര്‍ ആണ്. പീബിയെ ആത്മീയ ആചാര്യനായാണ് അദ്ദേഹം വിവരിയ്ക്കുന്നത്. തന്റെ സന്ദര്‍ശനവും, തങ്ങളുടെ സംഭാഷണവുമെല്ലാം അതില്‍ ഉള്‍ക്കൊള്ളിച്ചതായി അപ്പോളാണ് രാജകുമാരന്‍ അറിയുന്നത്. "ഈ ഗ്രന്ഥകാരനെപ്പോലെ ആത്മാര്‍ത്ഥതയുള്ളവര്‍ക്ക് മാത്രമേ സമൂഹത്തില്‍ ആഴ്ന്നിറങ്ങാനും ഏഷ്യയിലെ യഥാര്‍ത്ഥ ഋഷിവര്യന്മാരെക്കുറിച്ച് മനസ്സിലാക്കുവാനും സാധിയ്ക്കൂ"--- എന്നാണ് തന്റെ ആത്മാര്‍ത്ഥ സുഹൃത്തിനെക്കുറിച്ച് രാജകുമാരന് പറയാനുള്ളത്. ഹിമാലയത്തില്‍ പീബി പരാമര്‍ശിക്കാത്ത അസാധാരണ വ്യക്തിത്വത്തിന്റെ ഉടമകള്‍ ഇന്ത്യയില്‍ ഉണ്ടായിരുന്നെന്നും, ഇന്ത്യയിലുള്ളതിനേക്കാള്‍ നിഗൂഢമായ വിജ്ഞാനപാരമ്പര്യം നേപ്പാളിലെ പര്‍വതങ്ങളുടെ സുരക്ഷിതത്തില്‍ ഭദ്രമായി സൂക്ഷിയ്ക്കപ്പെടുന്നു എന്ന് നേപ്പാള്‍ രാജകുമാരന്‍ സൂചിപ്പിയ്ക്കുന്നുണ്ട്. ഹിമാലയത്തിലെ വനങ്ങളാല്‍ ചുറ്റപ്പെട്ട മലനിരകളുറെയും മഞ്ഞുമൂടിയ ഹിമശ്രുംഗങ്ങളുടെയും വര്‍ണ്ണന ഏഷ്യയിലെ എന്നല്ല ലോകത്തിലേക്കും വെച്ച് ഗംഭീരമായ കാഴ്ചതന്നെ എന്ന് അവിടെ ജനിച്ചു വളര്‍ന്ന രാജകുമാരന്‍ അവതാരികയില്‍ സൂചിപ്പിക്കുന്നു. 'മന്ദയാനം' ചെയ്യുന്ന തവിട്ടുനിറമുള്ള മനോഹരമായ ' കുതിരപ്പുറത്താണ് ഭ്രുത്യരുടെ കൂടെ രാജകുമാരന്‍ വനമദ്ധ്യത്തിലുള്ള മലമുകളില്‍ എത്തിച്ചേരുന്നത് എന്നാണ് പീബി തന്റെ പുസ്തകത്തില്‍ രാജകുമാരന്റെ സന്ദര്‍ശനത്തെപ്പറ്റി വിവരിക്കുന്നത്. രാജകുമാരന്റെ കൂടെ ചിലവഴിച്ച അര്‍ത്ഥപൂര്‍ണ്ണങ്ങളായ ദിവസങ്ങളെക്കുറിച്ചു ഹൃദയപൂര്‍വം വിവരിയ്ക്കുന്നുണ്ട്. ബുദ്ധനെക്കുറിച്ചുള്ള രണ്ടുപേരുടെയും കാഴ്ചപ്പാടുകള്‍ അതീവമനോഹരമായാണ് ചര്‍ച്ചചെയ്യപ്പെടുന്നത്. ചിന്താശേഷിയുള്ള മനുഷ്യനായി ജനിച്ച ബുദ്ധന്‍ ദൈവമായപ്പോള്‍ ദൈവമായിപ്പിറന്ന കൃഷ്ണന്‍ മനുഷ്യരെപ്പോലെ പെരുമാറി .അതുകൊണ്ടാണത്രേ പലപ്പോഴും കൃഷ്നെക്കാള്‍ അദ്ഭുതമായി ബുദ്ധനെ കണ്ടത്. എന്നാല്‍ സ്വസ്ഥാനത്ത് നിന്നുകൊണ്ട് തന്റെ ശിഷ്യനെ സ്വധര്‍മ്മം അനുഷ്ഠിക്കാന്‍ ഉപദേശിയ്ക്കുമ്പോള്‍ കൃഷ്ണന്‍ ബുദ്ധനെക്കാള്‍ മഹാനാകുന്നു. ആരാദ്ധ്യനാകുന്നു. ജ്ഞാനിയായ ഗൌതമന്റെ ധ്യാനരൂപമാണ് തനിക്കു ഇഷ്ടമെന്നദ്ദേഹം പറയുമ്പോള്‍ ക്രിസ്തുവിന്റെ പോലെ ദിവ്യമാണ് കൃഷ്ണന്റെ സന്ദേശങ്ങളും എന്ന് എടുത്തു പറയുന്നു. ഒടുവില്‍ പീബി ഇങ്ങിനെ എഴുതുന്നു---ജീവിതത്തെ നോക്കി ചിരിക്കാന്‍ ബുദ്ധനു കഴിഞ്ഞിരുന്നെങ്കില്‍ ഏഷ്യയുടെ മതപരമായ ചരിത്രം തന്നെ വ്യത്യാസമാകുമായിരുന്നു. ഒടുവില്‍ കാലവര്‍ഷം തുടങ്ങാറായതിന്റെ സൂചന ലഭിക്കുമ്പോള്‍ ഏറെ നാളത്തെ എകാന്തവാസത്തിനും വിരമാമിടുകയായി. ഇതുവരെ താമസിച്ച നിര്‍ജ്ജനമായ ബംഗ്ലാവിനെക്കാള്‍ ഇനി താമസിക്കാന്‍ പോകുന്ന പ്രതാപ് ഘട്ടിലെ കൊട്ടാര്രം ആന്തരമായ ലോകത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ സഹായമാകുന്ന ഒന്നാണ്. ഇതേപോലെ ഉയരം കൂടിയ മലയുടെ ഉച്ചിയിലാണ് ആ കെട്ടിടവും. സൂര്യോദയം കഴിഞ്ഞു മലയിറങ്ങാന്‍ തുടങ്ങിയാല്‍ പാതിരാത്രിയോടെ അടുത്ത വാസസ്ഥലത്ത് എത്തിച്ചേരാമെന്നാണ് കണക്കു കൂട്ടല്‍. വന്നെത്തിയതുമുതല്‍ ആത്മബന്ധം സ്ഥാപിച്ച ദേവതാരുവിനോട് ഏറെ വിഷമിച്ചാണ് പീബി യാത്ര ചോദിക്കുന്നത്. ശോകമൂകമായ അതിന്റെ മുഖത്തു നോക്കാതെ പീബി പതിവ് പോലെ കരിയിലകള്‍ക്ക് മുകളില്‍ ഇരുന്നപ്പോള്‍ കവിളില്‍ രക്തം വന്ന് നിറയുന്നതായി തോന്നി. വിരഹവേദന തന്നെയും അലട്ടുകയാണ്. മരത്തിനെ നോക്കി മാപ്പ് ചോദിച്ചു.--- പ്രിയപ്പെട്ട, സ്നേഹമയിയായ ദേവതാരൂ,--- ജീവിതം ക്ഷണികമാണ്. നമ്മള്‍ വേര്പിരിയേണ്ടിയിരിക്കുന്നു. എങ്കിലും നമ്മുടെ ആത്മാക്കള്‍ വേര്പിരിയില്ല. പ്രതീക്ഷിച്ചപോലെ മറുപടി കിട്ടി---പ്രിയ സുഹൃത്തെ, സ്വാശ്രയത്വം സ്വീകരിക്കുക. എങ്ങോട്ട് പോയാലും ഉള്ളില്‍ ഒരു സന്യാസിയായി കഴിയുക. സ്വര്‍ഗ്ഗത്തില്‍ നിന്നാണ് നിങ്ങള്ക്ക് അസ്ഥിത്വം ലഭിയ്ക്കുന്നത്. 'എന്‍റെ സ്വന്തം സമാധാനം ഞാന്‍ നിങ്ങള്‍ക്ക് തരുന്നു.'------ ആ പവിത്ര വൃക്ഷത്തിന്‍റെ ഇലത്തുമ്പുകളില്‍ നിന്നും കണ്ണീരെന്ന വണ്ണം മഞ്ഞുത്തുള്ളികള്‍ ഇറ്റുവീണു. മരത്തിന്റെ ശാഖകള്‍ ദുഃഖം കൊണ്ട് തലകുനിച്ചു. പീബി ആ പവിത്ര വൃക്ഷത്തിന്‍റെ തടിയില്‍ നിന്നും ഒരു മരപ്പട്ട ഉരിച്ചെടുത്തു സൂക്ഷിച്ചെടുത്തു വെച്ചു. പവിത്രസ്ഥാനത്തെക്ക് ഒന്നുകൂടി തിരിഞ്ഞ് നോക്കി കാത്തു നില്‍ക്കുന്ന സഹായിക ളുടെയും കുതിരയുടെയും അടുത്തേക്കു നീങ്ങി. വളരെ കാവ്യാത്മകമായ ഭാഷയിലാണ് ഗദ്യരൂപത്തില്‍ പീബി സംവാദിയ്ക്കുന്നത്. 246 പേജുകളെയുള്ളൂ, അതിലിരട്ടി പേജുകള്‍ ഉള്ള പുസ്തകമാണോ വായിച്ചതെന്ന് തോന്നും. സുന്ദരമായ ശൈലിയില്‍ വായനക്കാരോട് സംവാദിക്കുന്ന പീബി ഹിമാലയത്തിന്റെ അത്യുന്നതങ്ങളിലേക്ക് നമ്മളെയും പുഷ്പം പോലെ എടുത്തുകൊണ്ടുപോകുന്നു. ഹിമാലയത്തിന്റെ ഉന്നതിയില്‍ പ്രകൃതിയുടെ മടിത്തട്ടിലിരുന്ന് മൌനത്തിന്‍റെ ആഴങ്ങളില്‍ സഞ്ചരിച്ച് അവനവനെ തിരിച്ചറിയുമ്പോള്‍, മനസ്സ് നിശ്ചലമായിരിക്കുമ്പോള്‍ ലഭിക്കുന്ന ആനന്ദം, അത് ലോകരുമായി പങ്കിടുന്നു ---. ദൈവം ഒരു വിശ്വാസമല്ല. യാഥാര്‍ത്ഥ്യമാണ്. ആ മഹാശക്തി ഞാന്‍ തന്നെയാണ് എന്നറിയണം. മുറുകെപ്പിടിക്കാന്‍ ഒന്നും ഇല്ലെങ്കില്‍ വിശ്വാസത്തെ മുറുകെപ്പിടിക്കുക.---ഇതാണ് ഹിമാലയം പഠിപ്പിച്ചു തന്നത്. "നിശ്ചലമായിരുന്ന് ഞാനാണ് ദൈവം എന്നറിയുക." |
No comments:
Post a Comment