പ്രിയപ്പെട്ട അമ്മിണീ,
ഭൂടാന്‍ യാത്ര കഴിഞ്ഞു വന്നിട്ട് ഒരു മാസം കഴിഞ്ഞു. ഇതിനിടെ യാത്രയെപ്പറ്റി എഴുതിയത് എവിടെ, എന്ന് നീ പല പ്രാവശ്യം ചോദിച്ചു. ഈ രാജ്യത്തെക്കുറിച്ചുള്ള അറിവ് ഇപ്പോഴും പരിമിതമാണെന്ന മറുപടിക്ക് സ്വന്തം അനുഭവം എഴുതിക്കൂടെ എന്ന നിന്റെ ചോദ്യത്തിനും മറുപടി തന്നില്ലല്ലോ! അതുന് വ്യക്തവും അവ്യക്തവുമായ കാരണങ്ങള്‍ പലതുമുണ്ട്. ഭൂട്ടാന്‍ യാത്രയെപ്പറ്റി പറഞ്ഞോ എഴുതിയോ, ഫോട്ടോകള്‍ കാണിച്ച് കൊടുത്തോ മറ്റൊരാളെ ധരിപ്പിക്കാന്‍ ബുദ്ധിമുട്ടുന്നതിന്‍റെ പ്രധാന കാരണം ദൃശ്യാനുഭവങ്ങള്‍ മറ്റുള്ളവരുമായി പങ്കിടാനുള്ള വിഷമം തന്നെ. അനുഭവങ്ങള്‍, അനുഭൂതികള്‍ അനുഭവിച്ചുതന്നെ അറിയണം. രാജ്യം ചെറുതാണെങ്കിലും ഉടനീളമുള്ള യാത്ര അവിടത്തെ പ്രകൃതിയെപ്പോലെ മനസ്സും കുളുര്‍പ്പിക്കുന്നു. പ്രകൃതി ഈശ്വരനാണെങ്കില്‍ സംശയലേശമെന്യേ പറയാം, ഇത് ദൈവത്തിന്റെ നാടുതന്നെ. അഥവാ, ഭൂമിയിലെ സ്വര്‍ഗ്ഗം--
ഭുട്ടാനെക്കുറിച്ച് കുറച്ച് ചെറിയ ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഇന്ത്യയുടെ അയല്‍രാജ്യം, അവിടത്തെ വിദേശകാര്യങ്ങള്‍ നിയന്ത്രിക്കുന്നത് നമ്മുടെ രാജ്യമാണ് എന്നതല്ലാതെ കൂടുതലായൊന്നും അറിവില്ലായിരുന്നു. (കൈലാസയാത്രയില്‍ നേപ്പാള്‍, ടിബറ്റ് എന്നീരാജ്യങ്ങളില്‍ക്കൂടി കടന്നുപോയപ്പോള്‍ ആ നാടുകളെക്കുറിച്ച് കുറച്ചൊക്കെ കണ്ടറിഞ്ഞു. (നേപ്പാളികളെ നമുക്ക് പണ്ടേ അറിയാമല്ലോ, അല്ലെ? എത്രയോ ഗൂര്‍ഖകള്‍ പാറാവുകാരായി നമ്മുടെ ..... നാട്ടിന്പുറത്തുകൂടി ജോലി ചെയ്ത് കുടുംബം പുലര്‍ത്തുന്നു!) ഭൂട്ടാന്‍ ഗവര്‍മന്റിന്‍റെ വിദ്യാഭ്യാസ വകുപ്പില്‍ അദ്ധ്യാപകനായിരുന്ന പിന്നീട് നോവലിസ്റ്റും ബാലസാഹിത്യകാരനുമായി അറിയപ്പെട്ട ശ്രീ ജി ബാലചന്ദ്രന്‍റെ അനുഭവക്കുറിപ്പുകള്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് വായിച്ചപ്പോളാണ് ആദ്യമായി എന്നുതന്നെ പറയട്ടെ, ഈ രാജ്യത്തിനെ കുറിച്ച് എന്തെങ്കിലുമൊരു ധാരണ ഉണ്ടായത്.
ഹിമാലയത്തിന്റെ കിഴക്കേ ചെരുവില്‍ തെക്കുഭാഗത്തായി മലമടക്കില്‍ സുരക്ഷിതയായി ഒളിഞ്ഞു കിടക്കുന്ന ഒരു രാജ്യമാണ് ഭൂട്ടാന്‍ എന്ന് പറയാം. കൃസ്തുവിന് 2000 വര്ഷങ്ങള്‍ക്ക് മുന്‍പുതന്നെ രൂപപ്പെട്ട തിബറ്റന്‍ ബുദ്ധമത തത്വങ്ങളില്‍ അധിഷ്ടിതമായ ഈ സ്വതന്ത്ര രാജ്യത്തിന്‍റെ പൂര്‍വചരിത്രം ഇന്നും അജ്ഞേയമാണ്. ഇവിടത്തെ ജനതയുടെ ജീവിതരീതി അഥവാ ബുദ്ധമതത്തില്‍ അധിഷ്ഠിതമായ സംസ്ക്കാരത്തെപറ്റി ചരിത്രപരമായ രേഖകള്‍ ഒന്നും ഇല്ലാത്തതുകൊണ്ടാകാം പുറം ലോകം ഭൂട്ടാനെപ്പറ്റി അധികമൊന്നും അറിയാതിരുന്നത്. വ്യത്യസ്തമായ ഭൂപ്രകൃതി, ആവാസവ്യവസ്ഥ, ജൈവ വൈവിദ്ധ്യം ഇവയും കാരണങ്ങളാകാം. എക്കാലത്തും മറ്റൊരു രാജ്യത്തിന്റെ അധീനത്തില്‍ കഴിയേണ്ടിവന്നിട്ടില്ല എന്നതും മറ്റൊരു വസ്തുതയാണ്
ഒരുകാലത്ത് ഭൂട്ടാന്‍റെ തുടര്ച്ചതന്നെയായിരുന്നു ടിബറ്റ് എന്ന് കരുതുന്നവര്‍ ഉണ്ട്. തിബറ്റില്‍ ചൈനയുടെ ആധിപത്യം ശക്തിയായതോടെ നിരവധി ബുദ്ധ സന്യാസിമാര്‍ ഭൂട്ടാനിലേക്ക് പലായനം ചെയ്തു. അതിന് ശേഷമാണ് രാജ്യങ്ങള്‍ മുറിച്ചുമാറ്റപ്പെട്ടത് എന്നും പറയപ്പെടുന്നു. അധികം താമസിയാതെ തിബറ്റന്‍ ലാമകള്‍ രാജ്യഭരണം ഏറ്റെടുത്തു. 17-ആം നൂറ്റാണ്ട് മുതല്‍ 19 ആം നൂറ്റാണ്ട് വരെ ലാമകളാണ് രാജ്യം ഭരിച്ചത്. അതുകൊണ്ടാകണം ടിബറ്റില്‍ നിന്നും ഒഴുകിയെത്തിയതാണ് ഭൂട്ടാനിലെ ബുദ്ധിസം എന്ന് പറയുന്നത്. ബുദ്ധമതം പ്രചരിച്ചതോടെ അപരിഷ്കൃതമായ ഭൂവിഭാഗങ്ങളിലെ ജനത ഉണര്‍ന്നു പ്രവര്‍ത്തിച്ചു. കൂടുതല്‍ ബുദ്ധവിഹാരങ്ങളും ആദ്ധ്യാത്മീക കേന്ദ്രങ്ങളും തുറന്നു. 17 ആം നൂറ്റാണ്ടില്‍ ഭരിച്ചിരുന്ന സബ്ദ്രന്ഗ് ങവാന്ഗ് നാംഗ്യേല്‍ (Zhabdrung Ngyawang Namgyal) എന്ന രാജാവിനെ ഭൂട്ടാന്‍റെ സ്ഥാപകനായി കണക്കാക്കുന്നു. ഏഴാം നൂറ്റാണ്ടില്‍ തിബറ്റിലെ രാജാവാണ് ഭൂട്ടാനില്‍ ആദ്യമായി ബുദ്ധക്ഷേത്രങ്ങള്‍ പണികഴിപ്പിച്ചതെന്ന് പറയപ്പെടുന്നു. പദ്മസംഭവന്‍ അഥവാ ഗുരു റിം പോച്ചെ ഇന്ത്യയില്‍ നിന്നും ഭൂട്ടാനില്‍ എത്തി തന്ത്രത്തില്‍ അധിഷ്ഠിതമായ വജ്രായന ബുദ്ധിസത്തിന് പ്രചാരം നല്‍കി. പിന്നീട് ദേശീയ കലാപം ഉണ്ടാകുകയും രാജഭരണം ആരംഭിക്കുകയും ചെയ്തു. തുടര്‍ന്ന് ബുദ്ധമതതത്വങ്ങളില്‍ ഊന്നിയ സംസ്ക്കാരമുള്ള ശാന്തിയും സമാധാനവും നിറഞ്ഞ ഒരു സന്തുഷ്ട രാജ്യമായാണ് ഭൂട്ടാന്‍ അറിയപ്പെടുന്നത്.
ബുദ്ധിസത്തിന്റെ പ്രചാരത്തോടെ സാംസ്കാരികമായും ബൌദ്ധികമായും തങ്ങളുടെ രാജ്യം ഉയര്‍ന്നതായിത്തീര്‍ന്നു എന്ന ചിന്ത ഉണ്ടായതുകൊണ്ടായിരിക്കാം ഭൂട്ടാനെ തിബറ്റുകാര്‍ 'മോണ്‍' എന്ന് വിളിച്ചിരുന്നു, ഹിമാലയത്തിലെ കാരകോരം മുതല്‍ കിഴക്ക് അരുണാചല്‍ വരെയുള്ള വംശജരും 'മോണ്‍പാ' എന്നാണ് അറിയപ്പെട്ടിരുന്നത്. 'മോണ്‍' എന്ന പദത്തിന് 'ഇരുട്ട്' എന്നാണ് അര്‍ത്ഥം. ഇവിടെ 'കറുത്തജനങ്ങള്‍' അഥവാ 'സംസ്കാരമില്ലാത്തവര്‍' എന്നാണ് ചൈനീസ് ഭാഷയില്‍ അര്‍ത്ഥമാക്കുന്നത്. മദ്ധ്യഭൂട്ടാനിലും ഇന്ത്യയുടെ കിഴക്കന്‍ ഭാഗങ്ങളിലും ഈ പേര്‍ സുലഭമാണ്. യഥാര്‍ത്ഥ 'മോണ്‍പോ'ക്കാര്‍ തങ്ങളാണെന്നും ആ വാക്കിന്റെ അര്‍ത്ഥം 'പുരാതനം' എന്നാണെന്നും ഭൂട്ടാന്‍കാര്‍ അവകാശപ്പെടുന്നു. ബുദ്ധമതം പ്രചാരത്തില്‍ ആകുന്നതിന് മുന്‍പുതന്നെ അവിടെ ആരാധാനാലയങ്ങളും മറ്റും ഉണ്ടായിരുന്നുവത്രേ.
പാരമ്പര്യ വൈദ്യശാസ്ത്രം പ്രചരിച്ചിരുന്ന ഭൂട്ടാനില്‍ ഭാരതീയ ആയുര്‍വേദ ചികിത്സാരീതിയുടെയും ബുദ്ധമത തത്വങ്ങളുടെയും സമന്വയം അഥവാ മനസ്സും ശരീരവും തമ്മിലൂള്ള വേര്‍തിരിക്കാനാകാത്ത ബന്ധത്തിന്‍റെ സ്വാധീനം കാണാം.
ഭൂട്ടാന്‍, 'മെന്ജോഗ്' എന്ന പേരിലും അറിയപ്പെടുന്നു. എന്നുവെച്ചാല്‍ 'ഔഷധസസ്യങ്ങളുടെ നാട്' എന്നാണ് അര്‍ത്ഥം. തിബറ്റിനോട് ചേര്‍ന്ന അതിര്‍ത്തി പ്രദേശങ്ങളായ താഴ്വരകളില്‍ ധാരാളം ഔഷധ സസ്യങ്ങള്‍ വളരുന്നു. ചന്ദനം പോലെ സുഗന്ധമുള്ള സൈപ്രസ് ഭൂട്ടാനില്‍ ധാരാളം കാണാം. ദേശീയ വൃക്ഷമായ സൈപ്രസ് 80 മീറ്ററിലധികം ഉയരത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്നു. ചരിത്രപരമായ സ്ഥലങ്ങളിലും ക്ഷേത്രങ്ങള്‍ക്ക് സമീപത്തും ഈ വൃക്ഷങ്ങള്‍ കാണാം. സന്യാസിമാര്‍ ഊന്നുവടിക്കായി ഈ വൃക്ഷത്തിന്‍റെ കൊമ്പുകള്‍ ഉപയോഗിക്കുന്നു.
ഭൂട്ടാന്‍റെ അതിര്‍ത്തി ആസ്സാം, അരുണാചല്‍, വെസ്റ്റ് ബംഗാള്‍, സിക്കിം എന്നീ സംസ്ഥാനങ്ങളോട് ചേര്‍ന്ന് ഏകദേശം 700 കി മീ നീളത്തില്‍ നീണ്ട് കിടക്കുന്നു. ഇന്ത്യയുടെയും ചൈനയുടെയും (തിബറ്റ്) ഇടയില്‍ കിടക്കുന്ന ഭൂട്ടാനില്‍ മുക്കാല്‍ ഭാഗവും ബുദ്ധമതക്കാരാണ്. ഏകദേശം 25 % ത്തോളം ഹിന്ദുക്കളും ബാക്കി ക്രുസ്ത്യാനികളുമാണ്.
അടുത്തകാലത്തായി സാമൂഹികവും സാംസ്ക്കാരീകവുമായ മാറ്റങ്ങള്‍ ബുദ്ധമത പ്രചാരമുള്ള അയല്‍ രാജ്യങ്ങളില്‍ വന്നിട്ടുണ്ടെങ്കിലും ഭൂട്ടാന്‍ അഹിംസയുടെയും കാരുണ്യത്തിന്റെയും പാഠം പറഞ്ഞുകൊടുത്ത ബുദ്ധന്‍റെ പാദങ്ങള്‍ പിന്തുടര്‍ന്നുകൊണ്ടിരിക്കുന്നു. വസ്ത്രധാരണത്തിലും, ഭക്ഷണരീതിയിലും മറ്റു പരമ്പരാഗതമായ കലകളിലും അനുഷ്ഠാനങ്ങളിലും ഇവര്‍ തനിമ നിലനിര്‍ത്തുന്നു.
കുറഞ്ഞ ജനസംഖ്യയും പ്രകൃതി കനിഞ്ഞു നല്‍കിയ വനസമ്പത്തും ഭൂട്ടാനെ സമ്പത്സമൃദ്ധിയുള്ള രാജ്യമാക്കിയിരിക്കുന്നു. 70 ശതമാനത്തില്‍ കുറയാതെ കാടുകള്‍ നിലനില്‍ക്കുന്നതുകൊണ്ട് കാര്‍ബണ്‍ നെഗറ്റീവ് രാജ്യമായി ഭൂട്ടാന്‍ അറിയപ്പെടുന്നു. ഇതൊക്കെ വിദേശ സഞ്ചാരികളെ ഭൂട്ടാനിലേക്ക് കൂടുതല്‍ ആകര്‍ഷിക്കുന്നുണ്ട്.1974 ലാണ് ആദ്യമായി സഞ്ചാരികള്‍ക്കായി തങ്ങളുടെ വാതിലുകള്‍ ഭൂട്ടാന്‍ തുറന്നിടുന്നത്. (വളരെ കുറച്ച് വര്‍ഷങ്ങളേ ആയിട്ടുള്ളൂ ജോലി അന്വേഷിച്ച് ഭൂട്ടാന്‍കാര്‍ പുറം രാജ്യങ്ങളിലേക്ക് പോകാന്‍ തുടങ്ങിയിട്ടും.) പ്രകൃതി അനുഗ്രഹിച്ചു നല്‍കിയ ഭൂമിയിലെ സ്വര്‍ഗ്ഗമാണ് ഭൂട്ടാന്‍ എന്നുതന്നെ പറയാം.
താഴ്വരകളും പുഴകളും കോട്ടകളും, ബുദ്ധവിഹാരങ്ങളും, ആരാധനാമന്ദിരങ്ങളും അവയിലെ നിറക്കൂട്ടുകളോട് കൂടിയ മരങ്ങളില്‍ തീര്‍ത്ത കൊത്തുപണികളും ഒന്നിനൊന്ന് മനോഹരമാണ്. ഈയിടെയായി ധാരാളം വിദേശ സഞ്ചാരികള്‍ ഇവിടേക്ക് എത്തുന്നുണ്ട് സാധാരണ 7 രാത്രികളില്‍ കൂടുതല്‍ സഞ്ചാരികള്‍ക്ക് ഇവിടെ തങ്ങാന്‍ അനുവാദം ലഭിക്കുകയീല്ല. അങ്ങേയറ്റം 10 ദിവസം. (ജീവിതച്ചെലവ് ഇന്ത്യയിലെക്കാള്‍ കൂടുതല്‍ ആണ് എന്നാണ് അറിയുന്നത്.) പ്രകൃതിയും മനുഷ്യരും ചേര്‍ന്ന് തീര്‍ത്ത ഭൂട്ടാന്‍റെ അതുല്യ മനോഹാരിത. ആറോ ഏഴോ ദിവസങ്ങള്‍ കൊണ്ട് കണ്ടും കേട്ടും അനുഭവിച്ചറിയുക എന്നത് അസാദ്ധ്യം തന്നെ. എല്ലാ ആധുനിക സൌകര്യങ്ങള്‍ ഉള്ള ഹോട്ടലുകളും വാഹനങ്ങളുമൊക്കെ ലഭ്യമാണ്. അവര്‍ പരമ്പരാഗരീതിയില്‍ത്തന്നെ വിദേശ സഞ്ചാരികളെ ഊഷ്മളമായി സ്വീകരിക്കുകയും സല്‍ക്കരിക്കുകയും ചെയ്യുന്നു.
ചെറിയ രാജ്യമാണെങ്കിലും 24 ഭാഷകള്‍ ഭുട്ടാനില്‍ ഉണ്ടത്രെ. പരമ്പരാഗതമായി ഉപയോഗിച്ച് വരുന്ന 'സോംഗ' (dzongkha) യാണ് ദേശീയ ഭാഷ. പഠനഭാഷയില്‍ ഇംഗ്ലീഷ് നു പ്രാധാന്യം കൊടുത്തിട്ടുണ്ട്. ബുദ്ധിസം വേരുച്ച മണ്ണില്‍ പിറന്നു വളരുന്നവരൊക്കെ പരമ്പരാഗതമായ ഭക്ഷണരീതി, വസ്ത്ര ധാരണം, ആചാരാനുഷ്ടാനങ്ങള്‍, (മതപരവും അല്ലാത്തവയും) കൈവിടാതെ ജീവിച്ചുപോരുന്നവരാണ്. പ്രത്യേകിച്ച് സംഗീതം, നൃത്തം തുടങ്ങിയ മറ്റു വിനോദ കലകളും. ക്ഷേമവും ആനന്ദവും നിലനിര്‍ത്താന്‍ പാരമ്പര്യ മൂല്യങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടുള്ള ജീവിതം ആവശ്യമാണെന്ന തിരിച്ചറിവിന്‍റെ ഫലമാണിത്. രാജ്യത്തിന്റെ ഉന്നമനത്തിലേക്ക് ഈ സാമൂഹിക പരമ്പരാഗത മതപരമായ മൂല്യങ്ങള്‍ നയിക്കുമെന്നും ഇവര്‍ വിശ്വസിക്കുന്നു. രാജാവ് ഭരണകാര്യത്തില്‍ പ്രാധാന പങ്ക് വഹിക്കുന്നുണ്ടെങ്കിലും ജനാധിപത്യത്തോട് കൂടിയ പാര്ലമെന്റ്റ് സിസ്റ്റം നടപ്പാക്കിയിട്ടുണ്ട്. ഇന്റര്‍നെറ്റ് ടെലിവിഷന്‍ തുടങ്ങിയ ആധുനിക സംവിധാനങ്ങള്‍ പരമ്പരാഗത കലാരൂപങ്ങളെയും മറ്റും ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കുന്നുണ്ട്. 100 % വും ജൈവരീതിയില്‍ കൃഷി ചെയ്യുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി ഭൂട്ടാനെ അംഗീകരിച്ചിട്ടുണ്ട്. ഇവിടെ ഉല്‍പ്പാദിപ്പിക്കുന്ന ചുവന്ന അരിയും ആപ്പിളും ഓറഞ്ചുമൊക്കെ വിദേശങ്ങളിലേക്ക് ധാരാളമായി കയറ്റി അയക്കുന്നു. പലേ ധാതുക്കളും ഹിമാലയന്‍ താഴ്വരകകില്‍ ഉണ്ടെങ്കിലും പരിസ്ഥിതിയെ ആഘാതപ്പെടുത്തുന്ന ഖനനങ്ങള്‍ക്ക് നിയന്ത്രണമുണ്ട്. ഭൂട്ടാനിലെ പ്രധാന ആകര്‍ഷകങ്ങളായ കോട്ടകളും ബുദ്ധവിഹാരങ്ങളും ക്ഷേത്രങ്ങളും യുനെസ്കോ വേള്‍ഡ് ഹെരിറ്റെജ് സൈറ്റ്കളില്‍ പൂര്‍ണ്ണമായും ഉള്‍പ്പെട്ടിട്ടില്ലെങ്കിലും പരമ്പരാഗതമായ മാസ്ക് ധരിച്ചുകൊണ്ടുള്ള നൃത്തം ലിസ്റ്റില്‍ പെടുത്തിയിട്ടുണ്ട്. സ്ത്രീകള്‍ വീട്ടുപണികളിലും കൃഷിസ്ഥലങ്ങളിലും മാത്രമല്ല പട്ടണങ്ങളിലെ ഹോട്ടലുകള്‍, കടകള്‍, മാര്‍കെറ്റ് എന്നിവടങ്ങളിലെല്ലാം ശോഭിച്ചു കാണുന്നു. ആതിഥ്യ മര്യാദകളിലും ഇവര്‍ മുന്നിട്ടു നില്‍ക്കുന്നു. Dzongkha എന്ന ദേശീയഭാഷയാണ് കൂടുതല്‍ പേരും ഉപയോഗിച്ച് വരുന്നത്.
ഭുട്ടാനില്‍ പ്രവേശിക്കാന്‍ ഇന്ത്യക്കാര്‍ക്ക് പാസ്പോര്‍ട്ട് ന്‍റെ ആവശ്യമില്ല. ശരിയായ തിരിച്ചറിയല്‍ കാര്‍ഡും, പ്രവേശനാനുമതിയും (പാസ് ) ഉണ്ടായാല്‍ മതി. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നും വെസ്റ്റ് ബംഗാളിലെ ബാഗ്ദോഗ്ര വിമാനത്താവളത്തിലേക്കും ഭൂട്ടാനിലെ 'പാരോ' ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്കും നേരിട്ട് വിമാന സര്‍വീസ് ഉണ്ട്. റയില്‍ വഴിയായും അതിര്‍ത്തി പ്രദേശത്തെ ബന്ധിപ്പിച്ചിട്ടുണ്ട്.
ഒരു മെയ് മാസത്തിലാണ് ഞങ്ങള്‍ 'സദ്ഗമയ' ഗ്രൂപ്പിന്‍റെ കൂടെ ഭൂട്ടാനിലേക്ക് യാത്ര പുറ.പ്പെട്ടത്. കൊച്ചിയില്‍ നിന്നും ബംഗളുരു വഴി ഞങ്ങള്‍ വെസ്റ്റ് ബംഗാളിലെ ഡാര്‍ജിലിംഗ് ജില്ലയിലെ ബാഗ്ടോഗ്രയില്‍ നാലുമണിയോടെ വന്നിറങ്ങി. പുറത്തിറങ്ങിയപ്പോള്‍ കഠിനമായ ചൂട്.(ഹിമാലയന്‍ താഴ്വരയില്‍ വ്യാപിച്ചു കിടക്കുന്ന ബാഗ്ടോഗ്ര ഒരു സുഖവാസ കേന്ദ്രമാണ്. ഇവിടത്തെ ചായയില ലോക പ്രസിദ്ധമാണ്). അവിടെ നിന്നും നേരിട്ട് 160 കി മീ ദൂരത്ത് ഇന്ത്യയുടെ അതിര്‍ത്തിയിലുള്ള ജൈഗോണ്‍ എന്ന ചെറിയ പട്ടണത്തിലെത്തണം. ഉടനെത്തന്നെ അതിര്‍ത്തികവാടം കടന്ന് ഇമ്മിഗ്രേഷന്‍ ഓഫീസില്‍ ഹാജരായി പെര്‍മിഷന്‍ വാങ്ങി ഫെന്റ്ഷോളിംഗ് (Phuentsholing) എന്ന ഭുട്ടാനിലെ അതിര്‍ത്തി പട്ടണത്തില്‍ എത്തിച്ചേരുകയും വേണം.
ഏറെ താമസിയാതെ ഞങ്ങളെ കാത്തുകിടന്നിരുന്ന ടാക്സി കാറുകളില്‍ അതിര്ത്തി പട്ടണമായ ജൈഗോണിലേക്ക് യാത്രയായി. നല്ല റോഡും വഴിനീളെ നല്ല കാഴ്ചകളും. ആകാശത്തിനും ഭൂമിക്കുമിടയില്‍ മലനിരകള്‍ അതിര്ത്തി കുറിക്കുന്ന നല്ല കാഴ്ച. മലകളുടെ പാദം വരെ മുട്ടി നില്‍ക്കുന്ന പച്ചപ്പാടങ്ങള്‍. വഴിയില്‍ വാഹനങ്ങള്‍ നിര്‍ത്തി എല്ലാവരും ചായ കുടിച്ചു വീണ്ടും യാത്രതുടങ്ങി..വളവു തിരിവുകളോ കയറ്റമോ ഇറക്കമോ ഇല്ലാത്ത റോഡ്. സന്ധ്യയുടെ മൂടലില്‍ ഇടത്തുഭാഗത്ത് കുറച്ചകലെയായി ഒഴുകുന്ന ട്രീസ (തീസ്ത}അഥവാ Torso നദി. ഗംഗാനദി കഴിഞ്ഞാല്‍ പിന്നെ പശ്ചിമ ബെന്ഗാളിലെ വലിയ നദി ഇതാണ്. വേനലോടെ വരണ്ടു കിടക്കുന്ന മറ്റു നദികളും മഴക്കാലത്തോടെ തങ്ങളുടെ സാന്നിദ്ധ്യം അറിയിക്കും.
അങ്ങിന അധികം താമസിയാതെ ഇന്ത്യ--ഭൂട്ടാന്‍ അതിര്‍ത്തി കുറിക്കുന്ന പട്ടണമായ ജൈഗോണിലേക്കുള്ള പ്രവേശന കവാടത്തിന് മുന്നില്‍ എത്തി. വെസ്റ്റ് ബന്ഗാളിലെ ആലിപ്പുര്‍ ജില്ലയില്‍ ഹിമാലയന്‍ പര്‍വത നിരകളുടെ താഴ്ന്ന പ്രദേശത്തു സ്ഥിതി ചെയ്യുന്ന ചെറിയൊരു പട്ടണമാണ് ജൈഗോന്‍ .(ജൈഗോണ്‍ അതിര്‍ത്തി കവാടത്തില്‍ നിന്നും ഏകദേശം 17 km ഇപ്പുറത്തുള്ള ഹാസിമാര റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയാല്‍ യാത്രാച്ചെലവ് കുറഞ്ഞുകിട്ടും.) ധാരാളം ടീ എസ്റ്റേറ്റ് കളും മനം കവരുന്ന പച്ചപ്പുള്ളതുമായ ഈ ചെറുപട്ടണം കാണാന്‍ ഞങ്ങള്‍ക്ക് സമയമില്ല. എത്രയും വേഗം അതിര്‍ത്തിയിലെ കവാടം കടന്ന് ഭുട്ടാനിലേക്ക് പ്രവേശിക്കണം. കവാടം കടന്ന് ഫെന്റ്ഷോളിംഗ് (Phuentsholing) പട്ടണത്തിലേക്ക് പ്രവേശിച്ചു. ഇമിഗ്രേഷന്‍ ഓഫീസിലെ നടപടികള്‍ പെട്ടെന്ന് കഴിഞ്ഞു. അന്ന് അവിടെ ഹോട്ടലില്‍ തങ്ങി.അടുത്ത ദിവസം അതിരാവിലെ പുറപ്പെട്ട് 140 km അകലത്തിലുള്ള പാരോ ജില്ലയില്‍ എത്തിച്ചേരണം. ഭൂട്ടാനിലെ രണ്ടാമത്തെ വലിയ പട്ടണമാണ് ഇത്. തെക്കുപടിഞ്ഞാറ് ഭാഗത്ത്, തിസ്ത നദിയുടെ തീരത്തുള്ള മനോഹരമായ പട്ടണം.
രാവിലെത്തന്നെ ഹോട്ടലില്‍ നിന്നും പ്രഭാത ഭക്ഷണം കഴിച്ച് ഇമ്മിഗ്രെഷന്‍ ഓഫീസി ലെത്തി രേഖകളൊക്കെ ശരിയാക്കി. കാത്തിരുന്ന ഭുട്ടാന്‍ യാത്ര രണ്ടു ബസ്സുകളിലായി ആരംഭിച്ചു. ഭൂട്ടാനിലെ വസന്തകാലമാണ് ഇത്. ചുവപ്പ്, മഞ്ഞ, വയലെറ്റ് നിറത്തിലും പലേ ആകൃതിയിലും വിരിഞ്ഞു നില്‍ക്കുന്ന കണ്‍കുളിര്‍പ്പിക്കുന്ന പൂക്കള്‍ പച്ചപ്പട്ടിന്റെ മുകളില്‍ ഉദിച്ചു നില്‍ക്കുന്ന കാഴ്ച വഴിനീളെ കാണാം. നല്ല കാലാവസ്ഥ. അത്യാവശ്യം തണുപ്പുണ്ട്. മുകളിലേക്ക് പോകുന്തോറും നിരനിരയായി നില്‍ക്കുന്ന ചെറിയ കുന്നുകള്‍ക്ക് ഉയരം കൂടുന്നപോലെ.
പാരോ, തിമ്പു, പുനഖ എന്നിവയാണ് പ്രധാന ടൂറിസ്റ്റ് സങ്കേതങ്ങള്‍. ഭൂടാനിലെ മലനിരകളും താഴ്വരകളും പുഴകളും, കോട്ടകളും ബുദ്ധവിഹാരങ്ങളും ആരാധനാമന്ദിരങ്ങളും അത്യന്തം വിസ്മയിപ്പിക്കുന്നവയാണ്. വിനോദ സഞ്ചാരികള്‍ക്ക് ആധുനിക സൌകര്യങ്ങള്‍ ഉള്ള ഹോട്ടലുകളും വാഹനങ്ങളുമൊക്കെ ലഭ്യമാണ്. എന്നാല്‍ പ്രകൃതിയും മനുഷ്യരും ചേര്‍ന്ന് തീര്‍ത്ത ഭൂട്ടാന്‍റെ അതുല്യ മനോഹാരിത.ആറോ ഏഴോ ദിവസങ്ങള്‍ കൊണ്ട് കണ്ടും കേട്ടും അനുഭവിച്ചറിയുക എന്നത് അസാദ്ധ്യം തന്നെ.
പാരോവിലെ മുഖ്യ ആകര്‍ഷണം 'Tiger's Nest' അഥവാ 'ടക് ഷങ്ങ് മൊനാസ്ട്രി' യാണ്. പാരോ താഴ്വരയില്‍ നിന്നും 3000 അടി ഉയരത്തിലുള്ള പാറക്കെട്ടുകള്‍ക്ക് മുകളില്‍ അദ്ഭുതകരവും അപകടകരവുമെന്നു തോന്നിച്ചു കൊണ്ട് നിലകൊള്ളുന്ന വിഹാരമാണിത്. ഗുരു പദ്മ സംഭവന്‍ ഒരു പെണ്‍ കടുവയുടെ പുറത്തുകയറി ടിബറ്റില്‍ നിന്നും ഈ പാറക്കെട്ടുകള്‍ക്കു മുകളില്‍ എത്തിപ്പെട്ട് മൂന്ന് വര്ഷം, മൂന്ന് മാസം, മൂന്ന് ആഴ്ച, മൂന്ന് ദിവസം, മൂന്ന് മണിക്കൂര്‍ സമയം ഗുഹയില്‍ ധ്യാനം ചെയ്തിരുന്നു എന്നാണ് ഐതിഹ്യം. നൂറ്റാണ്ടുകള്‍ക്കു ശേഷം 1692-ല്‍ അന്നത്തെ ഭരണാധികാരിയാണത്രേ ഇപ്പോള്‍ കാണുന്ന വിഹാരങ്ങള്‍ നിര്‍മ്മിച്ചത്.
Paro Taktsang Monastry എന്ന പേരിലും ഇതറിയപ്പെടുന്നു. കടലില്‍ നിന്നും 10,000 അടി ഉയരത്തിലുള്ള ഈ വിഹാരം ബുദ്ധസന്യാസികളാണ് നടത്തിക്കൊണ്ടുപോകുന്നത്. 1000 രൂപയാണ് അങ്ങോട്ട് പ്രവേശനത്തിനുള്ള ടിക്കറ്റിനായി നല്‍കേണ്ടത്. മൊണാസ്ട്രിയിലേക്ക് ക്യാമറ അനുവദനീയമല്ല.
സഞ്ചാരികള്‍ക്ക് വടി കുത്തിപ്പിടിച്ച് നടന്നും അല്ലെങ്കില്‍ കുതിരപ്പുറത്തും മുകളിലേക്ക് എത്തിച്ചേരാം. രാവിലെ 8 മണി മുതല്‍ ഒരുമണിവരെയും ഉച്ചക്ക് രണ്ടു മുതല്‍ അഞ്ച് വരെയും ആണ് സന്ദര്‍ശന സമയം. ഏകദേശം 4 മണിക്കൂര്‍ സമയം വേണ്ടിവരും ഗുരു റിന്‍പോച്ചെയുടെയും മറ്റു ക്ഷേത്രങ്ങളിലും എത്തിച്ചേരാന്‍. കുത്തനെയുള്ള കയറ്റമാണെങ്കിലും അവിടെ എത്തിയാല്‍ ശരീരവും മനസ്സും ഒരേപോലെ ശാന്തമാകുമെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. ശ്രദ്ധാപൂര്‍വ്വം സംരക്ഷിച്ചു വരുന്ന വഴിനീളെ നിറപ്പകിട്ടുള്ള പ്രാര്‍ത്ഥനാ കൊടികള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. പ്രകൃതി പൈന്‍ മരങ്ങളെക്കൊണ്ട് പച്ചവിതാനവും സൃഷ്ടിച്ചിട്ടുണ്ട്. ഈ പുണ്യഭൂമിയില്‍ ആരുടെ പാദം പതിഞ്ഞുവോ അയാള്‍ മഹാഭാഗ്യവാനാണ് എന്നാണ് വിശ്വാസം. ഭൂട്ടാന്‍റെ സാംസ്കാരികവും മതപരവുമായ ചരിത്രം അടയാളപ്പെടുത്തുന്നതാണ് ഈ ബുദ്ധവിഹാരം.
പാരോ നദിയുടെയും വാന്ഗ്ച്ചു നദിയുടെയും സംഗമസ്ഥാനത്താണ് മനോഹരമായ പാരോ താഴ്വര. നദിയുടെ തീരത്തുള്ള പട്ടണത്തിലെ വീടുകളും ഹോട്ടലുകളുമെല്ലാം ഭൂട്ടാന്‍റെ ശില്പകലാചാതുരി വെളിപ്പെടുത്തുന്നവയാണ്.
പാരോ കോട്ട (Paro Dzong ) 1644 -ല്‍ വടക്കുനിന്നുള്ള ആക്രമണം തടയുന്നതിനായി പണിതതാണ്. തൊട്ടടുത്തുള്ള 'പാച്ചു' നദിയിലേക്ക് കോട്ടക്കടിയില്‍ക്കൂടി രഹസ്യമാര്‍ഗ്ഗവും, വെള്ളം കോട്ടയിലെ ഉയര്‍ന്നു നില്‍ക്കുന്ന ടവറിലേക്ക് എത്തിക്കാനുള്ള സംവിധാനവും ഉണ്ട്. പരിശുദ്ധമായ ബുദ്ധക്ഷേത്രങ്ങളും വിഹാരങ്ങളുമുള്ള ഈ കോട്ടക്കുള്ളില്‍ ഗവര്‍മെന്റ് ഓഫീസുകളും പ്രവര്‍ത്തിക്കുന്നുണ്ട്. പ്രാര്‍ത്ഥനാമുറികളുടെയും പഠനമുറികളുടെയും ചുമരുകളും മേല്‍ത്തട്ടുമെല്ലാം മനോഹരമായ നിറക്കൂട്ടുകള്‍ കൊടുത്ത് ബുദ്ധകഥകള്‍ ചിത്രീകരിച്ചിരിക്കുന്നു. വിശാലമായ മുറ്റത്താണ് പരമ്പരാഗത രീതിയിലുള്ള ആഘോഷങ്ങള്‍ അഥവാ നൃത്തോത്സവങ്ങള്‍ കൊണ്ടാടുന്നത്.
പാരോ കോട്ടക്ക് മുകളിലായി താഴ്വരയില്‍ ഉയര്‍ന്നു കാണാവുന്ന തരത്തില്‍ വൃത്താകൃതിയില്‍ ഉള്ള ഒരു വാച്ച് ടവ്വര്‍ കാണാം. ഇപ്പോള്‍ ഇത് നാഷണല്‍ മ്യൂസിയം ആയി അറിയപ്പെടുന്നു. ('ParoTa Dzong') ബുദ്ധിസത്തിനെപ്പറ്റി മാത്രമല്ല, ചരിത്രം, അക്കാലത്തെ വേഷഭൂഷ, ആയുധങ്ങള്‍, ഈശ്വരസങ്കല്പം എന്നിവയെക്കുറിച്ച് വളരെ നല്ല അറിവ് പകരുന്നതാണ്.
പാരോ നദിയുടെ ഉത്ഭവസ്ഥാനമാണ് ജൊമൊല്‍ഹരി മല. സദാ മഞ്ഞ് മൂടിക്കിടക്കുന്ന ഈ പര്‍വതത്തിലെ ദേവിയായ 'ജോമോദേവി' യെ ഭൂട്ടാന്‍കാര്‍ ആരാധിച്ചുപോരുന്നു. പാരോ നദി തിംഫു നദിയുമായി കൂടിച്ചേരുന്ന സ്ഥലത്ത് 700 ഓളം വര്ഷം പഴക്കമുള്ള തൂക്കുപാലം കാണാം. താഴ്വരയും പവിത്ര ക്ഷേത്രമായ 'ടചോഗ്' നെയും ഇത് ബന്ധിപ്പിക്കുന്നു. തൂക്കുപാലത്തിന്റെ ഇരുഭാഗവും നിരവധി വര്‍ണ്ണത്തുണികള്‍ കൊണ്ട് തീര്‍ത്ത പ്രാര്‍ത്ഥനാ കൊടികളാല്‍ അലങ്കരിച്ചിരിക്കുന്നു. ബസ്സില്‍ നിന്നും പുറത്തേക്കിറങ്ങിയപ്പോള്‍ അസാദ്ധ്യ തണുപ്പ്. കാറ്റ് കൊടികളില്‍ ഉരസിത്തീര്‍ക്കുന്ന ശബ്ദം അവിടയാകെ നിറഞ്ഞ് നില്‍ക്കുന്നു. സമുദ്ര നിരപ്പില്‍ നിന്നും 3988 mt ഉയരത്തില്‍ ആണ് നില്‍ക്കുന്നതെന്ന് എഴുതി വെച്ചിട്ടുണ്ട്. ഭൂടാനില്‍ വാഹനത്തിന് കയറിപ്പറ്റാവുന്ന ഏറ്റവും ഉയര്‍ന്ന സ്ഥാനം ഇതാണത്രേ. താഴെക്ക് നോക്കിയാല്‍ ആകാശനീലിമയില്‍ കുതിച്ചൊഴുകുന്ന നദിയും നല്ല കാഴ്ച തന്നെ. പാരോ താഴ്വരയെ 'ഹാ' താഴ്വരയുമായി ബന്ധിപ്പിക്കുന്ന ആകാശം മുട്ടിനില്‍ക്കുന്ന 'ചെലെല പാസി' ല്‍ക്കൂടിയുള്ള യാത്രയെ വിശേഷിപ്പിക്കാന്‍ വാക്കുകളില്ല. അത്രക്കും പ്രകൃതി രമണീയം. ഹാ വാലി പട്ടണവും ക്ഷേത്രങ്ങളും കാണേണ്ടതുതന്നെ. പക്ഷേ ഞങ്ങള്‍ക്കത് പൂര്‍ണ്ണമായും കാണാന്‍ സാധിച്ചില്ല. ഹാ വാലിയില്‍ ഈ കാലത്ത് പച്ചപ്പല്ലാതെ മറ്റൊന്നും ദൃശ്യമല്ല. ഭൂട്ടാനില്‍ മനോഹരമല്ലാത്ത വഴിയോരക്കാഴ്ചകള്‍ ഏതെങ്കിലും ഉണ്ടോ എന്ന് സംശയമാണ്. മലകളാലും താഴ്വരകളാലും സമൃദ്ധമായ പ്രകൃതിയുടെ വരദാനമായ ഭൂമില്‍ക്കൂടി മനുഷ്യര്‍ വെട്ടിയെടുത്ത വളഞ്ഞു പുളഞ്ഞു പോകുന്ന വഴികള്‍ --അതും ഒരുകണക്കില്‍ നല്ലൊരു കാഴ്ചതന്നെ.
.
പാരോവിലെ ഹോട്ടലിലെ ആദ്യദിവസം തീരെ മറക്കാന്‍ വയ്യാത്തതാണ്. നല്ല സ്വാദിഷ്ടമായ ഭക്ഷണം. തവിടു കളയാത്ത ചുവന്ന അരി അതീവ രുചികരം. ഭക്ഷണം കഴിഞ്ഞ് ഹാളില്‍ ഒത്തുകൂടിയ ഞങ്ങള്‍ക്ക് നല്ല സര്‍പ്രൈസ് ആണ് കിട്ടിയത്. ഭൂട്ടാനിലെ പരമ്പരാഗത നൃത്തങ്ങളും പാട്ടും കണ്ടും കേട്ടും അനുഭവിക്കാന്‍ സാദ്ധ്യമായി. ഒന്നരമണിക്കൂര്‍ പോയതറിഞ്ഞില്ല.
പുനഖ ആദ്യകാലങ്ങളില്‍ ഭൂട്ടാന്‍റെ തലസ്ഥാനമായിരുന്നു. പുനഖ വാലി യില്‍ ഏറ്റവും പുരാതന ബുദ്ധക്ഷേത്രങ്ങളും വിഹാരങ്ങളും കാണാം. മനസ്സിനെയും ശരീരത്തിനെയും ഒരേ പോലെ കുളിര്‍പ്പിക്കുന്ന പ്രകൃതിയാണ് ഇവിടെ. ആദ്ധ്യാത്മിക സഞ്ചാരികളെ ഈ പര്‍വതങ്ങളും താഴ്വാരങ്ങളും വസന്തകാലം പിടിച്ച് നിര്‍ത്തുന്നു. ഇവിടെ ധാരാളം ചുടുനീര്‍ ഉറവകളും ഉണ്ട്.. നല്ല വിളവു ലഭിയ്ക്കുന്ന കൃഷിഭൂമി കൂടിയാണ് പുനഖ. മോച്ചു' നദിയില്‍ക്കൂടിയുള്ള റാഫ്ടിങ്ങ് ഏതു സന്ദര്കനെയും ആനന്ദിപ്പിക്കുന്നതാണ്. അങ്ങോട്ടുള്ള വിജനമായ കാ ടുകളില്‍ക്കൂടിയുള്ള യാത്രയില്‍ ധാരാളം യാക്കുകള്‍ മേഞ്ഞു നടക്കുന്നത് കണ്ടിരുന്നു.
ഭൂട്ടാനിലെ രണ്ടാമത്തെ വലിയ കോട്ടയാണ് പുനഖയില്‍. വര്‍ണ്ണക്കൂട്ടുകള്‍ കൊണ്ട് ആകര്‍ഷകമാക്കിയ മരത്തില്‍ തീര്‍ത്ത കൊത്തുപണികളുള്ള കെട്ടിടങ്ങള്‍ ഒന്നിനൊന്ന് മനോഹരം തന്നെ. ചൈനയുടെ അധീനതയിലുള്ള ടിബെറ്റന്‍ ഭാഗങ്ങളിലും ഇത്തരം ബുദ്ധമത സംസ്ക്കാരത്തിന്റെ അടയാളങ്ങള്‍ കാണാം. പുനഖ കോട്ടയില്‍ വെച്ചാണത്രേ ആദ്യത്തെ പരമ്പരാഗത രാജാവ് അധികാരം ഏറ്റെടുത്തത്. നിരവധി ക്ഷേത്രങ്ങളും പ്രാര്‍ത്ഥനാ മുറികളും ഉള്ള ഈ കോട്ടക്ക് ഭൂമി കുലുക്കം, തീപ്പിടുത്തം തുടങ്ങിയ കാരണങ്ങള്‍ കൊണ്ട് പുനര്‍ നിര്‍മ്മാണം വേണ്ടി വന്നിട്ടുണ്ട്.
ഭൂട്ടാനില്‍ വളരെ വേഗം അഭിവൃദ്ധിപ്പെട്ടു വരുന്ന പട്ടണമാണ് തിംഫു. സന്ദര്‍ശകരുടെ പ്രധാന കേന്ദ്രമാണിത്. ഭൂട്ടാനിലെ വിവിധ ഭാഗങ്ങളില്‍ വസിക്കുന്നവരെ ഇവിടെ കാണാം.ഇവിടത്തെ നല്ലൊരു വിഭാഗം ജനങ്ങള്‍ കൃഷിക്കാരാണ്. ഈ ജില്ലയിലെ പട്ടണങ്ങളില്‍ക്കൂടി യാത്ര ചെയ്‌യുമ്പോള്‍ ആധുനിക കെട്ടിടങ്ങള്‍ക്കിടയില്‍ മണ്‍വീടുകളും കാണാം.
തിംഫുവില്‍ നിന്നും പുനഖക്ക് പോകുന്ന വഴിയിലാണ് മഞ്ഞു മൂടിക്കിടക്കുന്ന ഡോച്ചുലചുരം. . ഇവിടെ 108 സ്മാരക സ്തൂപങ്ങള്‍ ഉണ്ട് . ഇത് 'Druk Wanghyal Chortens' എന്നപേരില്‍ അറിയപ്പെടുന്നു.
തിമ്പുവില്‍ എവിടെ നിന്ന് നോക്കിയാലും കാണുന്ന 169 അടി ഉയരത്തിലുള്ള 'ബുദ്ധ ഡോര്ഡന്മ സ്തൂപം' ഭൂട്ടാന്‍ ന്‍റെ തനതായ മതം, സംസ്കാരം എന്നിവയെ സൂചിപ്പിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ പ്രതിമകളില്‍ ഒന്നാണ് 169 അടി ഉയരമുള്ള ഓടുകൊണ്ടുള്ള സ്വര്‍ണ്ണം പൂശിയ ഈ ശാക്യമുനി ബുദ്ധസ്തൂപം. ഇതിന്‍റെ ചുറ്റും ഏകദേശം ആയിരത്തോളം ഏക്കര്‍ വനഭൂമിയാണ്.
ഭൂട്ടാന്‍റെ തലസ്ഥാനമായ തിംഫുവിലെ പ്രധാന ആകര്‍ഷണമാണ് വാന്ഗ് ചു നദിയുടെ തീരത്തുള്ള ട്രാഷിച്ചോ കോട്ട അഥവാ തിംഫു കോട്ട (Tashichho Dzong). ഇത് മതപരമായും ഭരണപരമായും ഉള്ള ഓഫീസ് കേന്ദ്രമാണ്. ഭൂട്ടാന്‍റെ പരമ്പരാകൃതമായ സാങ്കേതികതയുടെയും കലകളുടെയും പ്രകടനം ചുമരുകളിലും തട്ടുകളിലും പ്രകടമാണ്. കോട്ട ഒരു സ്കെച്ചോ, പ്ലാനോ ഇല്ലാതെ, ഒരു ആണികൂടി ഉപയോഗിക്കാതെയാണ് നിര്‍മ്മിച്ചിട്ടുള്ളത്.
സന്ദര്‍ശകര്‍ക്ക് ഈ യാത്ര എന്നെന്നേക്കുമായി ഓര്‍മ്മപ്പെടുത്താന്‍ നല്ലൊരു അവസരമുണ്ട്. ഭൂട്ടാന്‍റെ പരമ്പരാഗതമായ വേഷത്തില്‍, ആടയാഭരണങ്ങളോട് കൂടി നിന്ന് വേഷമണിഞ്ഞ് എടുക്കാം. ഇതിന് ചെറിയ ചാര്‍ജ് വാങ്ങുന്നുണ്ട്..
ഭൂട്ടാന്‍റെ ദേശീയ മൃഗമായ ടകിന്‍ (Takin), കാഴ്ചയില്‍ പശുവിന്‍റെ ഉടലോടുകൂടിയതാണെങ്കിലും തലയും കൊമ്പും ആടിന്റെതുപോലെയാണ്. നേരിയ മഞ്ഞ നിറമുള്ള ഉറപ്പുള്ള രോമങ്ങളോട് കൂടിയവയാണ് ഇവ. വംശനാശം സംഭവിക്കാതിരിക്കാന്‍ ഇവയെ തിംഫു ജില്ലയിലെ മോതിതാന്ഗ് (MotithangTakin Preserve) ടകിന്‍ വന്യമൃഗ സംരക്ഷണ കേന്ദ്രത്തില്‍ പുല്‍മേടുകളില്‍ സ്വതന്ത്രമായി മേയാന്‍ വിട്ടു സംരക്ഷിച്ചു പോരുന്നു. കൂട്ടത്തില്‍ മാനുകളും മേഞ്ഞു നടക്കുന്നത് കാണാം. കവാടം കടന്നു നടന്ന്ചെല്ലുമ്പോള്‍ കാണുന്ന മ്യുസിയത്തില്‍ നിന്നും ടെകിന്‍ നെ പറ്റിയുള്ള കഥകളും മറ്റു വിവരങ്ങളും ലഭിക്കും. ..
ഡിന്നറിന് ശേഷമുള്ള മിക്ക ദിവസങ്ങളിലെയും ഞങ്ങളുടെ കൂടിച്ചേരല്‍ നല്ല നേരം പോക്കുതന്നെയായിരുന്നു. ഏറ്റവും സീനിയറായ ഗ്രൂപ്പ് മെമ്പറെ ആദരിക്കലും ഇതിന്‍റെ ഭാഗമായി നടന്നു. ഗ്രൂപ്പിലെ ശ്രീ രാമചന്ദ്രന്‍ തന്ന സമ്മാനം വിലമതിക്കാന്‍ വയ്യാത്തതാണ്. പരസ്പരം പരിചയപ്പെടാന്‍, കൂടുതല്‍ അറിയാന്‍ ഇത് നന്നായി സഹായിച്ചു. ശ്രീഹര്‍ഷന്റെ കവിതാസമാഹാരങ്ങള്‍ വായിക്കാന്‍ കിട്ടിയത് ഭാഗ്യമായി.
ഭുംതാന്ദ് താഴ്വര ആകെ പച്ചപുതച്ച് നില്‍ക്കുന്ന ദൃശ്യം കാണുകതന്നെ വേണം. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ ഇവിടത്തെ വന്യത ആസ്വദിക്കുവാനും ട്രെക്കിങ്ങിനുമായി നിരവധിപേര്‍ എത്തിച്ചേരുന്നു. ഭൂടാന്‍ ഹിമാലയത്തിന്റെ മനോഹര ദൃശ്യം ആസ്വദിക്കാന്‍ ഒക്ടോബര്‍നും ഫെബ്രുവരിക്കിടയിലുള്ള കാലം ഉചിതമാണത്രേ. പഞ്ചഭൂതങ്ങളെ പ്രതിനിധീകരിക്കുന്ന അഞ്ച് വര്‍ണ്ണങ്ങളോട് കൂടിയ കൊടിതോരണങ്ങള്‍ തങ്ങളുടെ ആരാധനയുടെ പ്രതീകമായി ചുരത്തിനു ചുറ്റുപാടുമുള്ള മലഞ്ചെരുവുകളില്‍ ബുദ്ധമത വിശ്വാസികള്‍ അലങ്കരിച്ചു തൂക്കിയിരിക്കുന്ന കാഴ്ച കാണാം. ബുദ്ധമത പ്രാര്ത്ഥനകള്‍ ഇത്തരം കൊടികളില്‍ ആലേഖനം ചെയ്യാറുണ്ട്. രാജ്യത്തിന്റെ ഐശ്വര്യത്തിനും ശാന്തിക്കും വേണ്ടിയാണ് ഇങ്ങിനെ ചെയ്യുന്നത്.
പറഞ്ഞാലും എഴുതിയാലും തീരാത്തത്ര കൌതുകം നിറഞ്ഞ കാഴ്ചകളും വാര്‍ത്തകളും ഉള്ള സദാ പച്ചപുതച്ചുകിടക്കുന്ന വാനം മുട്ടുമെന്ന മട്ടില്‍ ഉയര്‍ന്നു നില്‍ക്കുന്ന പര്‍വതങ്ങളുടെ മടിത്തട്ടില്‍ സുരക്ഷിതയായി സംതൃപ്തരായി കഴിയുന്ന ഭൂട്ടാനോടും അവിടത്തുകാരോടും യാത്രപറയുമ്പോള്‍ നേരിയ ദുഃഖം ബാക്കി നിന്നു. ഒന്ന് വേണ്ടപോലെ ഒന്നും അറിഞ്ഞുകണ്ടില്ല. രണ്ടി ഭൂട്ടാന്‍റെ ജനജീവിതം അഥവാ ഗ്രാമീണ ജീവിതം ആസ്വദിക്കാന്‍ കഴിഞ്ഞില്ല എന്നതും..
ശ്രീബുദ്ധന്റെ അനുയായികളുടെ സ്വര്‍ഗ്ഗഭൂമിയെ പ്രകൃതിമാതാവ് കാത്തു സംരക്ഷിക്കട്ടെ.!
No comments:
Post a Comment