സ്പന്ദനങ്ങള്‍ :- ഡിസംബർ, 29, 2015 നല്ലൊരു മദ്ധ്യാഹ്നം. കാരണം ഏറെക്കാലത്തിനു ശേഷമാണ് വടുക്കോര്‍ത്ത് ഒരു വിശിഷ്ടാതിഥി എത്തിച്ചേരുന്നത് . സ്വയം വിളിച്ചറിയിക്കുകയാണ് -- കാ, കാ, ക്രാ ക്രാ...ഞാൻ എത്തിയിട്ടുണ്ടേ എന്ന്. .... കുറച്ചു ചോർ വിളമ്പിക്കൊടുത്തു. വളരെ സന്തോഷം തോന്നി. മാസങ്ങളായിക്കാണും ഒരു കാക്ക ഭക്ഷണം ചോദിച്ചു വന്നിട്ട് !. ചാഞ്ഞും ചെരിഞ്ഞും കണ്ണുകാട്ടി നോക്കി പ്രത്യേക രീതിയില്‍ കുറുകി നന്ദി പറഞ്ഞശേഷം ക കാര വർഷം ചൊരിഞ്ഞു. 'വിരുന്നുകാരുണ്ടാകും, ഭക്ഷണം കരുതിക്കോളിന്‍' എന്നു മുന്നറിയിപ്പ്.
കാക്കകളുടെ കരച്ചില്‍ (കരയലല്ലാ, അതിന്‍റെ സ്വാഭാവിക ശബ്ദം) കേള്‍ക്കുന്നത് അപൂര്‍വമായ സംഭവമായിക്കൊണ്ടിരിക്കുകയാണല്ലോ? (ഇവയ്ക്കു വംശനാശം സംഭവിയ്ക്കുന്നുണ്ടോ എന്നു കൂടെ സംശയിക്കേണ്ടിയിരിക്കുന്നു !).
ഒരുകാലത്ത് മനുഷ്യന്റെ നിത്യജീവിതവുമായി ഇത്രയധികം ഇണങ്ങിക്കഴിഞ്ഞിരുന്ന മറ്റൊരു ജീവി ഉണ്ടായിരുന്നില്ല എന്ന് വേണമെങ്കില്‍ പറയാം. കാക്കകളുമായി മനുഷ്യന്റെ ബന്ധം അത്ര പ്രബലമാണ്. നിത്യസന്ദർശകരായ ഇവർ കണ്ണില്‍ക്കണ്ടതൊക്കെ കൊത്തിത്തിന്നുന്നവരാണ്. എന്നാലും ഇവര്‍ക്ക് നമ്മുടെ കോലായില്‍ നല്ലസ്ഥാനം തന്നെയാണ് നല്‍കിയിരുന്നത്. കാരണം, "ചീത്തകൾ കൊത്തിവലിക്കുകിലും ഏറ്റവും വൃത്തിവെടുപ്പെഴുന്നോൾ "ആയതുകൊണ്ട്.
മിറ്റത്ത് ഉണക്കാന്‍ വെയ്ക്കുന്ന ധാന്യങ്ങളും, കൊണ്ടാട്ടനും, കൊപ്രയുമെല്ലാം കൊത്തിയെടുക്കാന്‍ ഓട്ടക്കണ്ണിട്ട്, കഴുത്തു വെട്ടിച്ചു, ചാഞ്ഞും, ചെരിഞ്ഞും തഞ്ചം നോക്കിയിരുന്ന അവനെ (അവളെ) തോല്‍പ്പിയ്ക്കാന്‍ പഴയ ശീലക്കുട വെയ്ക്കും. കൂട്ടത്തില്‍ നന്നായി ശകാരിയ്ക്കുകയുംചെയ്യും. അപ്പോള്‍, കൌശലക്കാരായ ഇക്കൂട്ടര്‍ വേറെ എന്തെങ്കിലും കൊത്തിക്കൊണ്ടു പോകാന്‍ മടിയ്ക്കില്ല. എന്നാല്‍ അതുകൊണ്ട് നമുക്കാകട്ടെ ദേഷ്യമൊട്ടില്ലതാനും. മണ്ടയിലൊന്നു ഞോണ്ടിപ്പോയാലും, കയ്യിലെ നെയ്യപ്പം സൂത്രത്തില്‍ കൊത്തിപ്പോയാലും ചെറിയ പരിഭവം മാത്രം. അല്ലെങ്കിലും, ധര്‍മ്മ ശാസ്ത്രത്തില്‍ ഇടം നേടിയ കാകന്മാരെ (പഞ്ചതന്ത്രം കഥകള്‍) ബഹുമാനിയ്ക്കാതെ പറ്റുമോ?ഇവരുമായി ഒരു ജന്മജന്മാന്തര ബന്ധമാണ് നമുക്കുള്ളതെന്നു വിശ്വസിക്കാനാണ് നമുക്കിഷ്ടം. അതുകൊണ്ടാണല്ലോ, മുടങ്ങാതെ കാരണവര്‍മാര്‍ പണ്ട് 'മൃഗബലിയജ്ഞം' നടത്തിയിരുന്നത്. വൈശ്യത്തട്ടില്‍ നേദിച്ചു വെച്ച 'നേദ്യച്ചോറ്' കഴിക്കരുതെന്ന് അന്നു ശാസനയായി പറയുമ്പോള്‍ അര്‍ത്ഥം മനസ്സിലായിരുന്നില്ല.
ഓരോ ശ്രാദ്ധവും പര്യവസാനിയ്ക്കുന്ന കൈകൊട്ടി കാക്കകളെ വരുത്തുന്ന കര്‍മ്മം എത്ര ഉദാത്തമായതാണെന്ന് ഒരുവിശ്വാസിക്കെ മനസ്സിലാകൂ. പിത്രുക്കള്‍ക്കുള്ള ബലി/വെലിച്ചോറ്, കാക്ക കൊത്തിയില്ലെങ്കില്‍ എത്ര മനോവ്യഥയാണ് പലരും അനുഭവിയ്ക്കുന്നത്!
കാലം മാറുമ്പോള്‍ . കാക്കകള്‍ അപൂര്‍വജീവികളായിത്തുടങ്ങിയോ? നേരം വെളുക്കാന്‍ കാക്കകള്‍ വേണമെന്നില്ലാതായല്ലോ, അല്ലെ? കാക്കപുരാണം അത്രപെട്ടെന്ന് പറഞ്ഞുതീര്‍ക്കാന്‍ തീര്‍ക്കാന്‍ പറ്റില്ല. തല്‍ക്കാലം ഒരനുബന്ധം പറഞ്ഞു നിര്‍ത്താം......(.തുടരും.) സ്പ ന്ദനങ്ങള്‍ :_കേദാറിലെ കാക്കകള്‍ _2 april 2017
മിനിഞ്ഞാന്ന് പേരക്കുട്ടിയുടെ കൂടെ പുസ്തകങ്ങള്‍ വാങ്ങാനായി തൃശൂരില്‍ പോയി. കുട്ടി, അവള്‍ക്കുവേണ്ട പുസ്തകങ്ങള്‍ അമ്മയുടെ സഹായത്തോടെവാങ്ങി..
വായനയില്‍ ഓരോരുത്തര്‍ക്കും ഓരോ രുചി. ഞാനെടുത്തപുസ്തകം, 'ധ്യാന്‍ തര്‍പ്പണ്‍' എഴുതിയ 'കേദാര്‍നാഥിലെ കാക്കകള്‍'. പേരിലെ വ്യത്യസ്തതയും, പേജ് മറിച്ചപ്പോള്‍ ശിവപുരിബാബയെപ്പറ്റി പ്രതിപാദിച്ച അദ്ധ്യായം ശ്രദ്ധയിൽപ്പെട്ടതുമാണ് ആ പുസ്തകം വാങ്ങാന്‍ എന്നെ പ്രേരിപ്പിച്ചത്. പുസ്തകത്തിന് 132 പേജുകള്‍, 9 അദ്ധ്യായങ്ങള്‍. ആദ്യം തന്നെ ബാബയെപ്പറ്റി എന്താണ് എഴുതിയതെന്നു നോക്കി. ബോധോദയം കിട്ടിയ ശേഷം ഭാരതം മാത്രമല്ല, ലോകം മുഴുവനും സഞ്ചരിച്ച ഋഷി തുല്യനായ, 137--ആം വയസ്സില്‍ ദേഹത്യാഗം ചെയ്ത ശിവപുരി ബാബയെപ്പറ്റി വിസ്തരിച്ചിരിയ്ക്കുന്നു.
പിന്നെ കേദാറിലെ കാക്കകള്‍ക്ക് എന്താണിത്ര പ്രത്യേകത എന്ന് ചിന്തിച്ചു വായന തുടങ്ങി. കേദാര്‍നാഥക്ഷേത്രത്തിനു കുറച്ചപ്പുറത്ത് കാവല്‍നായകനായ, ശിവഭൂതങ്ങളില്‍ ഒരാളായ കാലഭൈരവന്റെ പ്രതിഷ്ഠയുണ്ട്. തൊട്ടപ്പുറത്തുള്ള പാറയില്‍ വിടര്‍ത്തിപ്പിടിച്ച ചിറകുകളുമായി, കാലഭൈരവനെ നോക്കി, ഈറന്‍ ശരീരവുമായി ശാന്തരായി വെറുതെയിരിയ്ക്കുന്ന കാക്കകള്‍. ബലിക്കാക്കകള്‍. അന്തരീക്ഷത്തിലെ കുളിര്‍മ്മ അവയുടെ ശബ്ദത്തെയും ബാധിച്ചിരിയ്ക്കുന്നു. എഴുത്തുകാരന്‍ പറയുന്നു, 3 കാലങ്ങളേയും മറികടന്നുകൊണ്ടുള്ള ഒരു സ്വനസംക്രമണം അദ്ദേഹത്തിനു കാക്കകളുടെ ശബ്ദത്തില്‍ അനുഭവപ്പെടുന്നു എന്ന്. അതല്ലെങ്കില്‍ കാക്കകളുടെ കരച്ചിലിന് 'കാലഭൈരവത്വം' ഉണ്ട്, എന്ന്. നമ്മുടെ വിചാര- വികാരങ്ങളുടെ ഭിത്തി ഭേദിച്ച് കടക്കാന്‍ കഴിയുന്ന ശബ്ദത്തിനുടമ. ഒരു'അതീതത്വ' സ്വഭാവമുള്ള പക്ഷി. ചിരഞ്ജീവി.
അങ്ങിനെ കേദാര്‍നാഥിലെ കാലഭൈരവനെ നോക്കിയിരിയ്ക്കുന്ന ശാന്തരായ കാക്കക്കൂട്ടം എഴുത്തുകാരനെ ജീവന്റെ നിഗൂഢങ്ങളായ തലങ്ങളിലേയ്ക്ക് എത്തിയ്ക്കുകയാണ്. ഓഷോയുടെ മെഡിറ്റേഷന്‍ റിസോര്‍ട്ടില്‍ ശബ്ദതരംഗങ്ങള്‍ കടന്നുവരാത്ത പിരമിഡില്‍ ധ്യാനാവസ്ഥയില്‍ ഇരിയ്ക്കുമ്പോള്‍, മൌനത്തിന്റെ മുഹൂര്‍ത്തങ്ങളില്‍ ആണ്ടിരിക്കുംപോള്‍ കാക്കയുടെ ശബ്ദം തനിയ്ക്കുള്ളില്‍ നിന്നും കേള്‍ക്കാന്‍ സാധിയ്ക്കുന്നു വന്നു ധ്യാന്‍ തര്പ്പണ്‍ പറയുന്നു.
ഈ പുസ്തകം ഹിമാലയന്‍ യാത്രാനുഭൂതി പങ്കുവെക്കുന്ന ഒന്നാണ്. 12000 അടി മുകളിലേയ്ക്ക് നമ്മള്‍ എത്തുമ്പോള്‍, അതിലും ഉയരങ്ങളിലേയ്ക്ക് നമ്മുടെ മാനസിക നില ഉയര്‍ത്താന്‍ കഥാകാരന് സാധിയ്ക്കുന്നു. കാരണം അദ്ദേഹത്തിനുള്ള ദാര്‍ശനികപരമായ കാഴ്ചപ്പാടുകള്‍ അറിഞ്ഞോ അറിയാതെയോ നമ്മളിലും എന്തൊക്കെയോ അനുഭൂതി നിറയ്ക്കുന്നുണ്ട്. ഖലീല്‍ ജിബ്രാനെയും, ഓഷോവിനെയും,സ്മരിച്ചുകൊണ്ട്, സെന്‍ കഥകളുമായി കഥാകാരന്‍ നമ്മളെ പുതിയൊരു മാനസികനിലയിലയിലേക്ക് ഉയര്‍ത്തുന്നു.
ബാവുളിന്റെ വേഷമണിഞ്ഞു പൌര്‍ണ്ണമി രാവില്‍ നിറകണ്ണുകളോടെ ആനന്ദിച്ചു നില്‍ക്കുമ്പോള്‍ ധ്യാന്‍ ഓര്‍ത്തു, ഒരു 'ഏക് താര' ഉണ്ടായിരുന്നെങ്കില്‍ ! ചുണ്ടുകളില്‍ ബാവുള്‍ സംഗീതം ഉണ്ടായിരുന്നെങ്കില്‍ !!
തീര്‍ത്ഥാടകരെ ചുമക്കുന്ന നിസ്സഹായരായ കുതിരകളുടെ അവസ്ഥ ഓര്‍ത്ത് പരിതപിച്ചു. ഏതുകാലത്തും പീഡനങ്ങള്‍ ഏറ്റുവാങ്ങാന്‍ വിധിയ്ക്കപ്പെട്ടവര്‍ ! പേശി ബലം ശാപമായിക്കിട്ടിയവര്‍ !!
ഹരിദ്വാര്‍ മുതല്‍ മുകളിലേയ്ക്ക് പോകുന്തോറും അതിമനോഹരങ്ങളായ ഉരുണ്ട വിവിധ നിറത്തിലും,വലുപ്പത്തിലുമുള്ള പാറക്കല്ലുകള്‍ കാണാം. ഇതിനുള്ള കാരണം ഗംഗാസാഗറിലെ കപിലമുനി ആശ്രമത്തിലെ സനാതന ദാസ് പറഞ്ഞു കൊടുക്കന്നു- 'പത്ഥര്‍ ഭാഷാ ഹെ'. മനുഷ്യര്‍ കല്ലുകളില്‍ കവിത വിരിയ്ക്കുന്ന പോലെ പ്രകൃതി ഇവിടെ പാറക്കല്ലുകളില്‍ മനോഹര സൃഷ്ടി നടത്തിയിരിയ്ക്കുന്നു.
ഇന്ത്യയില്‍ മാത്രമല്ല, ചൈന, തിബറ്റ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലും കാക്കകളും മനുഷ്യാത്മാക്കളുമായി ബന്ധപ്പെട്ട വിശ്വാസം നിലനില്‍ക്കുന്നു. തിബറ്റിലെ ബുദ്ധമതക്കാര്‍ കാക്കകള്‍ ബോധോദയത്തിലെ ആത്മാക്കളാണെന്നും അവർ രക്ഷകരായി തിരിച്ചെത്തുമെന്നും വിശ്വസിയ്ക്കുന്നു.
തിബത്തന്‍ ബുദ്ധമതക്കാര്‍ക്ക് രക്ഷകരും, ബോധോദയത്തിലെ ആത്മാക്കളുമാണ് കാക്കകള്‍. ഷെമിനിസക്കാര്‍ ഓരോ മനുഷ്യനും ഓരോ ജീവിയുമായി ബന്ധമുണ്ടെന്ന് വിശ്വസിയ്ക്കുന്നു. നമ്മള്‍ 27 ജന്മനാളുകള്‍ക്കു നക്ഷത്രമൃഗവും, നക്ഷത്ര വൃക്ഷവും സങ്കല്‍പ്പിയ്ക്കുന്നപോലെ. കാക്കകളെ ആത്മ-മുഗമായി ലഭിയ്ക്കുന്നവര്‍ പുണ്യം ചെയ്തവരാണ് എന്നവര്‍ വിശ്വസിയ്ക്കുന്നു. കാക്കകള്‍, ഇഹത്തെയും പരത്തെയും ജയിച്ചവര്‍.
ഇക്കിയു എന്ന സെന്‍ഗുരുവിന്റെ കഥയും ധ്യാന്‍ വിവരിയ്ക്കുന്നുണ്ട്. സെന്‍ ബുദ്ധിസത്തില്‍ കാക്ക ഒരു മൌന സാന്നിധ്യമാണ്. സെന്‍ കവി ബാഷോ കുറിച്ചിട്ട ഹൈക്യൂ --
ഉണങ്ങിയ ചുള്ളിക്കമ്പിലിരിയ്ക്കുന്ന കാക്ക ശരല്‍ക്കാലത്തെ ഒരു സന്ധ്യ
ഏതു നിമിഷവും ഒടിഞ്ഞു വീഴാവുന്ന ഉണങ്ങിയ ചില്ലയിലിരിയ്ക്കുന്ന കാക്ക. ദുര്ബ്ബലമായിരിയ്ക്കുന്ന അവസാനത്തെ പിടിവള്ളി. ...
പിടി വിട്ടാല്‍ ഏതു നേരവും ഉയര്‍ന്നു പൊങ്ങാന്‍ തയാറായി നില്‍ക്കുന്ന മനസ്സ്. ഇക്കിയു എന്ന സെന്‍ഗുരുവിന്റെ കഥയും ധ്യാന്‍ വിവരിയ്ക്കുന്നുണ്ട്
ധ്യാന്‍ തര്‍പ്പണ്‍ ലളിതവും, മനോഹരവുമായ ഭാഷയിലൂടെ വായനക്കാരെ ഹിമാലയത്തിന്റെ ഉന്നതിയിലേക്ക് കൂട്ടിക്കൊണ്ടുപോകുമ്പോള്‍ അറിഞ്ഞോ അറിയാതെയോ കാലാതീതമായി ചിന്തിയ്ക്കാനുള്ള പ്രേരണ കിട്ടുന്നു.
ഒരു നല്ല വായന, നല്ല അനുഭൂതി! ധ്യാന്‍ തര്‍പ്പണിനു നന്ദി!! |
സ്പ ന്ദനങ്ങള്‍ :_കേദാറിലെ കാക്കകള്‍ _2
|
|
No comments:
Post a Comment