സ്പന്ദനങ്ങള്‍ :--
ആദ്യയാത്ര
-
71-നവംബറിലാണ് എന്റെ കേരളത്തിനു പുറത്തേയ്ക്കുള്ള ആദ്യത്തെ യാത്ര ആരംഭിയ്ക്കുന്നത്. വിവാഹം കഴിഞ്ഞ് അദ്ദേഹത്തിന്‍റെ കൂടെ ജോലിസ്ഥലത്തെയ്ക്ക്. മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിലേക്ക്. അര്‍ദ്ധ രാത്രിയ്ക്കാണ് തിരൂരില്‍ നിന്നും തീവണ്ടികയറിയത്. വെളിച്ചം കുറവായ പ്ലാട്ഫോര്‍മിലൂടെ ഓടി നടന്നു കമ്പാര്‍ട്ട്മെന്റ് കണ്ടുപിടിക്കലും മറ്റും നല്ല ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു അന്ന്. പിന്നെ ഏതാനും മിനുട്ടുകളെ വണ്ടി സ്റ്റേഷനില്‍ നിര്‍ത്തുകയുമുള്ളൂ. റിസര്‍വേഷന്‍ കമ്പാര്‍ട്ട്മെന്റില്‍ കടന്നു കൂടിയപ്പോള്‍ സമാധാനം. നവവധൂവരന്മാരെ യാത്രയയക്കാന്‍ രണ്ടു കൂട്ടരുടെയും കുടുംബാന്ഗങ്ങള്‍ സ്റ്റേഷന്‍-ല്‍ ഉണ്ടായിരുന്നു. കേരളത്തിനോടും, ബന്ധുക്കളോടും യാത്രപറയുമ്പോള്‍ വിഷമമുണ്ടെങ്കിലും പുതിയ അനുഭവങ്ങള്‍ എന്തോക്കെയാകുമെന്ന ആകാംക്ഷയായിരുന്നു, മനസ്സില്‍.
ഓർമ്മ വെച്ചനാൾ മുതൽ തീവണ്ടിയാത്ര എല്ലാവർഷവും സ്‌കൂൾ പൂട്ടിയാൽ പതിവുണ്ട്. അമ്മയുടെ ജന്മഗൃഹം വരെ. എടക്കുളം (ഇന്നത്തെ തിരുന്നാവായ) മുതൽ ചൊവ്വര സ്റ്റേഷൻ വരെ. രാവിലെ പതിനൊന്നരക്കോ മറ്റോ ആണ് വണ്ടി. വടക്കു നിന്നും തെക്കോട്ട് പോകുന്ന വണ്ടി. 5 മണിയോടെ ചൊവ്വര സ്റ്റേഷനിൽ ഇറങ്ങും. ഭാഗ്യമുണ്ടെങ്കിൽ ബസ്സ് കിട്ടും. ഇല്ലെങ്കിൽ ശ്രീമൂലനഗരം വരെ നടക്കുക തന്നെ. വണ്ടിയിൽ താമസിക്കുക അല്ലെങ്കിൽ ഉണ്ടും ഉറങ്ങിയും രണ്ടു മൂന്നു ദിവസം കഴിക്കുക എന്നത് ആലോചിക്കാൻ തന്നെ വയ്യ.
ഭാഗ്യത്തിന് താഴത്തെ ബർത്തിൽത്തന്നെ കിടക്കാന്‍ സ്ഥലം കിട്ടി.. ഉരുണ്ടുകെട്ടി വീഴുമോ എന്ന ചെറിയ ഭയം ഉണ്ടായിരുന്നു. എന്തായാലും തീവണ്ടിയുടെ ആട്ടവും ദീന രോദനങ്ങളും താരാട്ടുപാട്ടായി മാറിയത് അറിഞ്ഞില്ല. അതും കേട്ടുകേട്ടങ്ങിനെ സുഖമായി ഉറങ്ങി.
അടുത്ത ദിവസം ഉണര്‍ന്നു പ്രഭാത കര്‍മ്മങ്ങള്‍ക്ക് ശേഷം ജനലില്‍ക്കൂടെ പുറത്തേയ്ക്ക് നോക്കുമ്പോള്‍ വ്യത്യസ്തമായ, അതിശയപ്പെടുത്തിയ കാഴ്ചകളാണ് കാണുന്നത്. സദാ പച്ചപ്പട്ടു പുതച്ചു കിടക്കുന്ന, കാറ്റിന്റെ ഓളത്തില്‍ മനോഹരമായി നൃത്തം വെച്ച് നില്‍ക്കുന്ന നെല്‍വയലുകള്‍ക്ക് കാവലാളെന്നപോലെ കേരങ്ങള്‍ ചുമന്നു നില്‍ക്കുന്ന തെങ്ങുകളെവിടെ ? അനന്തമായി പരന്നു കിടക്കുന്ന വെറും തരിശുഭൂമിയാണ് വഴി നീളെ കാണുന്നത്. ദൂരെ ചെറിയ മലകള്‍. ഒരൊറ്റ വീടോ, മനുഷ്യരോ ഒന്നും കാണുന്നേയില്ല.മുള്ളുചെടികള്‍ സമൃദ്ധമായി ഏതാനും അടികള്‍ ഉയരത്തില്‍ വളര്‍ന്നു നില്‍ക്കുന്നു. ഈ കാഴ്ചയുമായി കിലോമീറ്ററുകളോളം ദൂരത്തോളം ഉള്ള യാത്ര കണ്ണിനു ശീലമായി. തെക്കുനിന്നും വടക്കുവരെ ഗ്രാമമെന്നോ, പട്ടണമെന്നോ വേര്‍തിരിക്കനാകാതെ പരന്നുകിടക്കുന്ന കേരളത്തിലെ നാട്ടിന്‍ പുറത്തു നിന്നും വരുന്നവര്‍ക്ക് തീരെ ദഹിയ്ക്കാന്‍ വിഷമമുള്ള ഭൂപ്രകൃതി.
നേരം ഉച്ചയാകുന്നേ ഉള്ളൂ. ആര്‍ക്കോണം സ്റ്റേഷന്‍-ല്‍ വണ്ടിയിറങ്ങി. ഇനി ബോംബയ്ക്കുള്ള വണ്ടിയില്‍ കയറണം. ഏതാനും മണിക്കൂറുകള്‍ക്കു ശേഷമേ 'ബോംബെ''വണ്ടി വരികയുള്ളൂ. അതിനിടയ്ക്ക് കുളിയും തേവാരവുമെല്ലാം ആകാം. എന്റെ സങ്കല്പത്തിലെ ഏറ്റവും വലിയ സ്റ്റേഷന്‍ ഷോര്‍ണൂര്‍ ആയിരുന്നു. അന്യനാട്ടിലെ നിരവധി പ്ലാട്ഫോര്മുകളും, തീവണ്ടികളും കച്ചവടക്കാരും,യാത്രക്കാരും ചേര്‍ന്ന തിക്കും തിരക്കും ഒച്ചയും ബഹളവും ഏതോ അപരിചിതലോകത്ത് എത്തിച്ചിരിയ്ക്കുന്നു. ഭാഷയാണെങ്കില്‍ ഒന്നും മനസ്സിലാകുന്നുമില്ല.. സ്ത്രീകളുടെ കാത്തിരിപ്പ് മുറിയില്‍ എന്നെ ഇരുത്തി എന്റെ ആള്‍ പുറത്തേയ്ക്ക് പോയി. ഉള്ളില്‍ വല്ലാത്ത പരിഭ്രമം തന്നെ. പ്രധാനമായും അവിടെ ഓടി നടന്നു അടിച്ചുവാരലും മറ്റും ചെയ്തിരുന്ന തമിഴത്തികളെ കണ്ടപ്പോളാണ് അത് കൂടുതലായത്. നിര്‍ത്താത്ത ഉറക്കെയുള്ള സംസാരം. നല്ല നീളവും വണ്ണവും ഇരുനിറമോ കറുത്തതോ ആയ സ്ത്രീകള്‍. ചേല ഉടുത്തു പിന്നിലേക്ക് ഞെറിഞ്ഞിട്ട്, എണ്ണമയമുള്ള മുടി വൃത്തിയില്‍ വട്ടത്തില്‍ ചുറ്റിക്കെട്ടി അതില്‍ മുല്ലപ്പൂമാലയും ചൂടി, നെറുകയില്‍ വലിയ സിന്ദൂരപ്പൊട്ടും, മൂക്ക് നിറഞ്ഞു നില്‍ക്കുന്ന, തിളങ്ങുന്ന മൂക്കുത്തിയുമായി മുറുക്കിച്ചുവപ്പിച്ചു,ആരെയും കൂസാത്ത ഭാവത്തില്‍ അങ്ങിങ്ങ് നടക്കുന്നു. ഇവരുമായി എങ്ങിനെ സൌഹൃദത്തിലാകും ? ധൈര്യം സംഭരിച്ചു ഞാന്‍ കുളിമുറി യിലേക്ക്യ്ക്ക് നടന്നു. ചൂലുമായി നില്‍ക്കുന്ന സ്ത്രീ എന്തോ ചോദിച്ചു. വിക്കി വിക്കി എന്തോ പറയാന്‍ പുറപ്പെട്ടപ്പോഴേക്കും അടുത്തവള്‍ എന്തോ ഉറക്കെ പറഞ്ഞു. എന്തായാലും ഈ രൂപങ്ങളെ പേടിച്ചു എന്റെ കാര്യങ്ങളെല്ലാം നടത്തിയെന്ന് വരുത്തി വേഗം പുറത്തെയ്ക്കിറങ്ങി.
ഞങ്ങള്‍ അങ്ങിനെ വണ്ടി വരുന്നവരെ, എന്നെ സംബന്ധിച്ചേടത്തോളം വളരെ വിചിത്രമായ ആ ലോകത്ത്, കറങ്ങി നടന്നു നേരം പോക്കി. മണിക്കൂറുകള്‍ക്കു ശേഷം ബോംബയ്ക്കുള്ള വണ്ടി എത്തി. അങ്ങിനെ കൂകിക്കൂകി കിതച്ചു കിതച്ചു നിന്നും ഓടിയും വീണ്ടും യാത്ര തുടര്‍ന്നു.
മലയാളവും തമിഴും തെലുങ്കുമെല്ലാം ഹിന്ദിയ്ക്കു വഴിമാറിക്കൊടുത്തുതുടങ്ങി..
വഴിനീളെ കണ്ണെത്താത്ത അത്ര ദൂരം പരന്നുകിടക്കുന്ന കൃഷിയിടങ്ങൾ അതിശയകരമായ കാഴ്ചതന്നെ .മഴയുടെ ഒരു ലക്ഷണവും അവിടെയൊന്നും കണ്ടില്ല. പരിപ്പുചെടികളാണ് കൂടുതലായും നിരന്നു നില്‍ക്കുന്നത്. ജലസേചനം നടത്തി ഗോതമ്പും കൃഷി ചെയ്യുന്നുണ്ട്..വലിയ നദികളും, സമതലങ്ങളും പിന്നിട്ടു മഹാരാഷ്ട്രയിലെത്തുമ്പോൾ വീണ്ടും പല കാഴ്ചകളും പുതുമയുള്ളതായി..സ്റ്റേഷന്നുകള്‍ക്കടുത്ത കെട്ടിടങ്ങളുടെ മേല്‍ക്കൂരകള്‍ അത്ഭുതത്തോടെ നോക്കിയിരുന്നു. വളഞ്ഞ മാറോടുകള്‍ വൃത്തിയായി അടുക്കിവെച്ചാണ് മുകള്‍ത്തട്ടു സുരക്ഷിതമാക്കിയിരിയ്ക്കുന്നത്. ഇത്തരം മേല്‍ക്കൂരകള്‍ ആദ്യമായിട്ടാണ് കാണുന്നത്.
തീവണ്ടിയ്ക്കുള്ളിലും പുറത്തും ഉള്ള വിചിത്രമായ കാഴ്ചകള്‍ കണ്ടു കണ്ടു ദൂരങ്ങള്‍ താണ്ടിയതറിഞ്ഞില്ല. പകലും രാത്രിയും എത്രവേഗമാണ് മാറി മറിയുന്നത് !
' ധോണ്‍ഡ്' എന്ന ജങ്ക്ഷനില്‍ വണ്ടി നിന്നു. അവിടെയാണ് ഞങ്ങള്‍ക്ക് ഇറങ്ങേണ്ടത്. വന്ന വണ്ടി നേരെ മുംബായ്ക്ക്. ഞങ്ങള്‍ക്ക് മന്‍മാഡ് ലേക്കുള്ള വണ്ടിയിൽ ആണ് ഇന് പോകേണ്ടത്. വടക്ക്കിഴക്ക് ഭാഗത്തേയ്ക്ക്. പക്ഷേ, വണ്ടി വരാന്‍ 5 1/2 മണിയാകും. ഇനിയും 4 മണിക്കൂറിലധികം സമയമുണ്ട്. നടന്നും ഇരുന്നും അങ്ങിനെ വീണ്ടും സമയം പോക്കി.
' ധോണ്‍ഡ്' എന്ന ജങ്ക്ഷനില്‍ വണ്ടി നിന്നു. അവിടെയാണ് ഞങ്ങള്‍ക്ക് ഇറങ്ങേണ്ടത്. വന്ന വണ്ടി നേരെ മുംബായ്ക്ക്. ഞങ്ങള്‍ക്ക് മന്‍മാഡ് ലേക്കുള്ള വണ്ടിയിൽ ആണ് ഇന് പോകേണ്ടത്. വടക്ക്കിഴക്ക് ഭാഗത്തേയ്ക്ക്. പക്ഷേ, വണ്ടി വരാന്‍ 5 1/2 മണിയാകും. ഇനിയും 4 മണിക്കൂറിലധികം സമയമുണ്ട്. നടന്നും ഇരുന്നും അങ്ങിനെ വീണ്ടും സമയം പോക്കി.
അവസാനം ആ വണ്ടി എത്തിച്ചേര്‍ന്നു. കമ്പാര്‍ട്ട്മെന്റിന്നടുത്തെയ്ക്കു ഞങ്ങള്‍ നടന്നു. 'പാസ്സഞ്ചര്‍' വണ്ടി. എവിടെയും കയറാം. അത്യാവശ്യം തിരക്കുണ്ട്. ഇവിടെയും അത്ഭുതങ്ങള്‍ കാത്തു നില്‍ക്കുന്നു. എനിക്ക് മനസ്സിലാകാത്ത ഭാഷയില്‍ ഉയര്‍ന്നു കേള്‍ക്കുന്ന സംസാരം. എന്നാല്‍ കേള്‍ക്കാന്‍ എന്തോ രസമുണ്ടുതാനും. തമിഴുപോലെ കടുപ്പമില്ല. മഹാരാഷ്ട്രക്കാരായ സ്ത്രീകളും പുരുഷന്മാരും മാത്രമേ ആ വണ്ടിക്കടുത്തുള്ളൂ. സാധാരണ പോലെ സാരിയുടുത്തവര്‍ അപൂര്‍വ്വം. അതുകൊണ്ടാകാം അവരെന്നെ ശ്രദ്ധിച്ചു നോക്കി. ഞാനും അവരെ ശ്രദ്ധിച്ചു. സ്ത്രീകള്‍ ഏകദേശം ഒരേപോലെയുള്ള സാരി കൊണ്ട് തറ്റുടുത്തിരിയ്ക്കുന്നു. അതിന്റെ ഒരു അറ്റം തലയില്‍ക്കൂടെയിട്ടു കുറേശ്ശെ മുഖവും മറച്ചിരിയ്ക്കുന്നു. അനാര്‍ഭാടമായ വസ്ത്രധാരണം. വളരെ സൌമ്യമായ നിറത്തിലുള്ള പരുത്തിത്തുണി കൊണ്ടുള്ള സാരികള്‍. പൂക്കളോ എന്തെങ്കിലും ചിത്രമോ ഒരു സാരിയിലും ഇല്ല. നേരിയ വെള്ളിമയാര്‍ന്ന കരമാത്രം സാരിയുടെ തലപ്പത്ത് കാണാം. നേര്‍ത്ത പച്ചയോ, നീലയോ നിറമുള്ള സാരിയുടുത്തവരാണ് മിക്കവരും..കേരളത്തിലുള്ള തമിഴ് സംസാരിയ്ക്കുന്ന ബ്രാഹ്മണസ്ത്രീകള്‍ ചേലയുടുക്കുന്നത് പോലെയാണ് ഇവർ സാരി ഉടുത്തിരിയ്ക്കുന്നത് എന്ന് തോന്നി . ബ്ലൗസും ഏകദേശം ഒരേപോലെയുള്ളതു തന്നെ !
നെറ്റിയില്‍ വലിയ കുങ്കുമപ്പൊട്ട്. കാതിലും,മൂക്കിലും കഴുത്തിലുമെല്ലാം ആഭരണങ്ങള്‍. നമ്മുടെ നാട്ടിലെ പോലെ കൈനിറയെ സ്വര്‍ണ്ണ വളയൊന്നും ഇട്ടവരെ കാണുന്നേയില്ല. കുപ്പിവളകളാണ് ഈ സ്ത്രീകള്‍ ഇട്ടിരിയ്ക്കുന്നത്. പച്ചപ്പിന്റെയും ചുവപ്പിന്‍റെയും ഇടയില്‍ ഓരോ സ്വര്‍ണ്ണത്തിളക്കം ഉണ്ടെന്നു തോന്നുന്നു. ഗ്രാമീണരായ ഇവരൊക്കെ പരമ്പരാഗത വേഷത്തില്‍ത്തന്നെ .പുരുഷന്മാര്‍ അധികവും വെള്ള ധോത്തിയുടുത്തവരാണ്. എല്ലാവരും വെള്ള നിറമുള്ള ഷര്‍ട്ട് ധരിച്ചിരിയ്ക്കുന്നു. ചിലര്‍ നീളമുള്ള ജുബ്ബ പോലുള്ള കുപ്പായമാണ് ഇട്ടിരിയ്ക്കുന്നത്. മിക്കവരുറെ തലയിലും ഗാന്ധി തൊപ്പി ഉണ്ട്. തുണി നിരവധി ചുറ്റ്ചുറ്റി അങ്ങിനെ തലപ്പാവ് ചുറ്റി വെച്ചവരെയും കാണാം. ചെരിപ്പിടാത്തവരായി ആരുമില്ല. ഒരുതരം കട്ടിച്ചെരുപ്പ്, അതാണ് എല്ലാവരും ഇട്ടിരിയ്ക്കുന്നത്. മിക്കവരും ആജാനുബാഹുക്കള്‍ തന്നെ. ചിലരുടെ ചുമലില്‍ ഒരുവടി. അതിന്‍റെ ഒരു തലയ്ക്കല്‍ ചെറിയൊരു ഭാണ്ഡക്കെട്ട് തൂക്കിയിട്ടിരിയ്ക്കുന്നു. ബഹളം വെച്ച്കൊണ്ടാണ് എല്ലാവരും വണ്ടിയില്‍ കയറുന്നത്. കമ്പാര്‍ട്ട് മെന്റിലെ നിലത്താണ് മിക്കവരും കുന്തിച്ചും ചമ്രംപടിഞ്ഞും ഇരിയ്ക്കുന്നത്. നിര്‍ത്താതെ വര്‍ത്തമാനം പറയുന്നുണ്ടെങ്കിലും കര്‍ണ്ണ കഠോരമല്ല. കേള്‍ക്കാന്‍ ഒരിമ്പമുണ്ട്.
സീറ്റ് കാലിയായി കിടന്നിട്ടും ഇവരൊക്കെ എന്തിനാ താഴെ ഇരിയ്ക്കുന്നതെന്ന് മനസ്സിലായില്ല. വണ്ടി ഓടാന്‍ തുടങ്ങിയതും പലരും ഭാണ്ഡക്കെട്ടുകള്‍ അഴിച്ചു തുടങ്ങി. കൌതുകത്തോടെ നോക്കിയിരുന്നു. എന്റെ ആള്‍ക്കിതൊക്കെ നല്ല പരിചയമാണ്. ജോലിയുടെ ഭാഗമായി ഗ്രാമങ്ങളില്‍ പോയി അവരുടെ കൂടെ താമസിച്ചും പഴകിയും നല്ല ശീലമായിരിയ്ക്കുന്നു. അവരുടെ ഭാഷ, മറാത്തിയും അറിയാം. തുണിക്കെട്ട് നിവര്‍ന്നപ്പോള്‍ ഞാന്‍ അതിശയപ്പെട്ടു. അതില്‍ ഊക്കന്‍ ചപ്പാത്തികള്‍ !! ചിലര്‍ കൂട്ടിക്കഴിയ്ക്കാന്‍ എന്തോ കറിയും കൊണ്ടുവന്നിട്ടുണ്ട്. ഈശ്വരാ, ഇത്ര പൊതുജനങ്ങളുടെ നടുവില്‍ വൃത്തിയില്ലാത്ത നിലത്തിരുന്നു, മുഷിഞ്ഞ തോര്‍ത്തില്‍ കെട്ടിക്കൊണ്ടു വന്ന ഈ സാധനം എങ്ങിനെ അകത്താക്കും ? ഓരോ കഷ്ണം പൊട്ടിച്ചെടുത്ത് അവര്‍ സന്തോഷമായി വര്‍ത്തമാനം പറഞ്ഞു കഴിച്ചു. ബാക്കിയുള്ളത് മടക്കിക്കെട്ടിവെച്ചു പഴയപോലെ ഇരിപ്പായി. കൈ കഴുകാലോ, വെള്ളം കുടിയ്ക്കാലോ വേണ്ടെന്നോ ! എന്നാല്‍ ഇവരുടെ ഭാണ്ഡത്തില്‍ ഓരോ ചറിയ മൊന്തകള്‍ കണ്ടു. ഇത് പൈപ്പുകളില്‍ നിന്നോ മറ്റോ വെള്ളം കുടിയ്ക്കാന്‍ വേണ്ടി വെച്ചിരിയ്ക്കുന്നതു തന്നെയാണ്. എനിക്ക് വിശ്വസിക്കാന്‍ പറ്റാത്ത സംഭവമായിരുന്നു അത്. സ്വന്തം വീട്ടില്‍ നിന്നോ ബന്ധുക്കളുടെ വീടുകളില്‍ നിന്നോ അല്ലാതെ മറ്റിടങ്ങളില്‍ നിന്നും ഭക്ഷണം കഴിച്ചു ശീലമില്ലാത്തവര്‍ക്ക് ഈ കാഴ്ച തീരെ ദഹിയ്ക്കില്ല. കോളേജില്‍ പഠിയ്ക്കുന്ന കാലത്ത് ഹോസ്റ്റലില്‍ താമസിച്ചു ഭക്ഷണം കഴിച്ച ശീലം ഉണ്ട് അപൂർവ്വം ഹോട്ടലുകളിലും പോയിട്ടുണ്ട്. എന്നാലും........
കട്ടിയുള്ള ആ 'റൊട്ടി',അഥവാ ചപ്പാത്തി പോലുള്ള സാധനം 'ബാജറ' എന്ന ധാന്യം കൊണ്ടുള്ളതാണ്. ധാന്യപ്പൊടി കുഴച്ചു മാവുരുട്ടി കൈകൊണ്ടു അതിസമര്‍ദ്ധമായി വൃത്താകൃതിയില്‍ പരത്തിയെടുത്തുചൂടുള്ള കല്ലിലൊന്ന് ഇട്ടെടുത്തു തീക്കനലില്‍ ചുട്ടെടുക്കുന്നു. സാധാരണക്കാരന് രുചി ഇഷ്ടമാകാനും വയറിനു സ്വീകാര്യമാകാനും അത്രപെട്ടെന്നു പറ്റില്ല. ഗ്രാമത്തിലെ ആതിഥ്യം ധാരാളം അനുഭവിക്കേണ്ടി വന്ന അനുഭവത്തില്‍ നിന്നും ഇവരുടെ ശീലങ്ങളെപ്പറ്റി എന്നെ വിസ്തരിച്ചു കേൾപ്പിച്ചു. അതേപോലെ അവരുടെ ആതിഥ്യ രീതിയെപ്പറ്റിയും പറയാന്‍ തുടങ്ങി. നിലക്കടലകൊണ്ടുണ്ടാക്കിയ ചട്നിയും, കടലമാവുകൊണ്ടുണ്ടാക്കിയ പിട്ലയും, കാളൂണ്‍ എന്ന് പറയുന്ന കറിയുമൊക്കെ ഇവര്‍ക്ക് പ്രിയപ്പെട്ടതാണത്രെ.. ധാരാളം 'കോതംബിര്‍' (കൊത്തമല്ലിയില) ഇവരുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നുണ്ട് എന്നുമൊക്കെ. ഇനിമുതൽ എന്റെ ഭക്ഷണം എങ്ങിനെ ആവുമോ എന്ന ശങ്ക ഉള്ളിൽ പൊന്തി വന്നു.
ഒന്നിനുമേല്‍ ഒന്നൊന്നായി അത്ഭുതങ്ങള്‍ കണ്ടും കേട്ടും നേരം പോയതറിഞ്ഞില്ല. 8 മണിയ്ക്ക് വണ്ടി അഹമദ് നഗര്‍ സ്റ്റേഷന്‍-ല്‍ എത്തി. അങ്ങിനെ 3 പകലുകളും 3 രാവുകളും കഴിഞ്ഞു ലക്ഷ്യസ്ഥാനത്ത് എത്തിച്ചേര്‍ന്നു. സ്റ്റേഷന്‍-ല്‍ നിന്നും പുറത്തു കടന്നു. യാത്രികളെ സ്വീ കരിയ്ക്കുന്നത് ഒട്ടോറിക്ഷകളോ, ടാക്സികളോ അല്ല. കുതിരവണ്ടികളും സൈക്കിള്‍ റിക്ഷകളും നിരന്നു നില്‍ക്കുന്നു. കുട്ടിക്കാലത്ത് തൃശൂരില്‍ വെച്ച് കുതിര വണ്ടി കണ്ടതോര്‍ത്തു. എന്തായാലും സാധനങ്ങള്‍ കുതിര വണ്ടിയില്‍ എടുത്തു വെച്ചു ആദ്യത്തെ കുതിര സവാരിയ്ക്ക് തുടക്കം കുറിച്ചു. വണ്ടിക്കാരാന്‍ കുതിരയ്ക്ക് മനസ്സിലാകുന്ന ഭാഷയില്‍ ശബ്ദമുണ്ടാക്കിക്കൊണ്ട് അതിനെ തെളിച്ചു കൊണ്ടിരുന്നു. കയ്യിലെ ചാട്ടവാര്‍ വീശി ഇടയ്ക്ക് ശബ്ദമുണ്ടാക്കും. കുണുങ്ങിക്കുണുങ്ങി, ടപ്, ടപ്പ് ശബ്ദത്തിന്‍റെ ലയത്തില്‍ ഞാനങ്ങിനെ ഇരുട്ടിലേക്ക് നോക്കിയിരുന്നു. ......
ഒന്നിനുമേല്‍ ഒന്നൊന്നായി അത്ഭുതങ്ങള്‍ കണ്ടും കേട്ടും നേരം പോയതറിഞ്ഞില്ല. 8 മണിയ്ക്ക് വണ്ടി അഹമദ് നഗര്‍ സ്റ്റേഷന്‍-ല്‍ എത്തി. അങ്ങിനെ 3 പകലുകളും 3 രാവുകളും കഴിഞ്ഞു ലക്ഷ്യസ്ഥാനത്ത് എത്തിച്ചേര്‍ന്നു. സ്റ്റേഷന്‍-ല്‍ നിന്നും പുറത്തു കടന്നു. യാത്രികളെ സ്വീ കരിയ്ക്കുന്നത് ഒട്ടോറിക്ഷകളോ, ടാക്സികളോ അല്ല. കുതിരവണ്ടികളും സൈക്കിള്‍ റിക്ഷകളും നിരന്നു നില്‍ക്കുന്നു. കുട്ടിക്കാലത്ത് തൃശൂരില്‍ വെച്ച് കുതിര വണ്ടി കണ്ടതോര്‍ത്തു. എന്തായാലും സാധനങ്ങള്‍ കുതിര വണ്ടിയില്‍ എടുത്തു വെച്ചു ആദ്യത്തെ കുതിര സവാരിയ്ക്ക് തുടക്കം കുറിച്ചു. വണ്ടിക്കാരാന്‍ കുതിരയ്ക്ക് മനസ്സിലാകുന്ന ഭാഷയില്‍ ശബ്ദമുണ്ടാക്കിക്കൊണ്ട് അതിനെ തെളിച്ചു കൊണ്ടിരുന്നു. കയ്യിലെ ചാട്ടവാര്‍ വീശി ഇടയ്ക്ക് ശബ്ദമുണ്ടാക്കും. കുണുങ്ങിക്കുണുങ്ങി, ടപ്, ടപ്പ് ശബ്ദത്തിന്‍റെ ലയത്തില്‍ ഞാനങ്ങിനെ ഇരുട്ടിലേക്ക് നോക്കിയിരുന്നു. ......
എന്തായാലും വന്നപോലെ കാണാം എന്ന ചിന്തയിൽ.....
No comments:
Post a Comment