Uma Namboodiri
December 28, 2014 ·
part-2
ഫല്ഗുനദിയുടെ തീരത്ത്, 3 ഭാഗങ്ങളും മലനിരകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഗയ, ഹിന്ദുക്കള്‍ക്കും ബുദ്ധമാതക്കാര്‍ക്കും ഒരുപോലെ പുണ്യസ്ഥാനമാണ്.
ഫല്ഗു നദിയെ 'സീതയുടെ ശാപം' എന്നാണു ചില പുരാണങ്ങള്‍ വിശേഷിപ്പിയ്ക്കുന്നത്.
ഒരിയ്ക്കൽ വനവാസകാലത്ത് ശ്രീരാമന്‍ ഈ നദീ തീരത്തെ വിഷ്ണു ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു. രാവിലെ പിതൃപിണ്ഡദാനത്തിനായി ലക്ഷ്മണനെ കൂട്ടി കുളിക്കാന്‍ പോയി. സീത ശ്രാദ്ധത്തിനുള്ളതെല്ലാം ഒരുക്കിവെച്ചെങ്കിലും അത് നദി എടുത്തുപോയി. ആ അവസരത്തില്‍ നദിയില്‍ നിന്നും ഉയര്‍ന്നുവന്ന ദശരഥന്റെ മലര്ത്തിയ കൈകള്‍ സീതയോട്, 'വിശക്കുന്നു, ഭക്ഷണം തരൂ', എന്ന് യാചിച്ചു. മക്കള്‍ ഉടനെ വരുമെന്നും ഭക്ഷണം അവര്‍ തരുമെന്നും പറഞ്ഞെങ്കിലും രാജാവ് സമ്മതിച്ചില്ല. പുഴക്കരയിലെ മണല്‍ കൊണ്ട് പിണ്ഡമുരുട്ടിത്തന്നാലും മതി എന്ന് പറയുകയും സീത, മണൽ പിണ്ഡം സമര്‍പ്പിക്കുകയും ചെയ്തു. രാമന്‍ വന്നപ്പോള്‍ ഈ സംഭവങ്ങൾ വിസ്തരിച്ചെങ്കിലും വിശ്വാസമായില്ല.
സീത സാക്ഷികളോട് നടന്ന സംഭവം വിസ്തരിക്കാന്‍ പറഞ്ഞു. ഫല്‍ഗു നദി, അക്ഷയ വൃക്ഷം, ഒരു പശു, ഒരു ബ്രാഹ്മണന്‍, ഒരു തുളസിച്ചെടി ---ഇവരായിരുന്നു, സാക്ഷികള്‍. അവരില്‍ വടവൃക്ഷം മാത്രം സീത പറഞ്ഞത് സത്യമാണ് എന്ന് പറഞ്ഞു. നുണ പറഞ്ഞ ഫൽഗു നദിയെ വെള്ളമില്ലാതെ പോകട്ടെ എന്ന് സീത ശപിച്ചു. ആര്‍ത്തിപ്പണ്ടാരങ്ങളായിപ്പോകട്ടെ എന്ന് ബ്രാഹ്മണനെയും. പശുവിന്‍റെ പൂജ പിന്ഭാഗത്താവട്ടെ എന്ന് പശുവിനെയും തുളസി ഗയയിൽ ഇല്ലാതെ പോകട്ടെ എന്നു തുളസിച്ചെടിയെയും ശപിച്ചു. അങ്ങിനെ പിതൃപിണ്ഡദാനം ചെയ്യുന്നവര്‍ അരയാലിനെയും വന്ദിയ്ക്കുമെന്ന അനുഗ്രഹം ആലിന് ലഭിച്ചു.
അന്നത്തെ സീതയുടെ ശാപത്തിനു ശേഷം ഗയയിൽ ഇപ്പോഴും മുട്ടിനു മുകളിൽ വെള്ളം ഉണ്ടാകാറില്ലെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. മിക്കവരും അടുത്തുള്ള കിണറ്റിൽ നിന്നും വെള്ളം കോരിയെടുത്താണ് കുളി നടത്തുന്നത്. ശ്രാദ്ധം ഊട്ടാൻ വരുന്നവരെ സ്വൈരം കെടുത്തി പിന്നാലെ കൂടുന്ന ബ്രാഹ്മണരെ /പണ്ഡകളെ കണ്ടാൽ ആർത്തിപ്പണ്ടാരങ്ങൾ എന്നുതന്നെയാണ് തോന്നുക.
ഞങ്ങളുടെ വാഹനം ക്ഷേത്രത്തിനു മുന്നില്‍ വന്നു നിന്നതും, ഒരു ഇരകിട്ടിയ ആര്‍ത്തിയോടെ പണ്ഡകള്‍ വന്നു പൊതിഞ്ഞു. പക്ഷെ മദ്രാസികളാണെന്നറിഞ്ഞപ്പോള്‍ എല്ലാവരും പിരിഞ്ഞുപോയി. മദ്രാസികള്‍ടെ കര്‍മ്മംചെയ്യുന്ന അയ്യരെ അധികം താമസിയാതെ കണ്ടുപിടിച്ചു..
മലയാളം കുറെയൊക്കെ അദ്ദേഹത്തിനു മനസ്സിലാകും. ശ്രാദ്ധ കര്‍മ്മങ്ങള്‍ ചെയ്യാനുള്ള റേറ്റ് ഉറപ്പിച്ചു. കൂടാതെ പ്രഭാത ഭക്ഷണത്തിനുള്ള സൗകര്യം കൂടെ ഒരുക്കിത്തരാമെന്നു ഏറ്റത് വളരെ ആശ്വാസകരമായി.
അധികം താമസിയാതെ അയ്യര്‍ ആളുവീതം ഓരോരുത്തര്ക്കുമായി ഓരോ ചെറു മണ്‍ചട്ടിയും അതില്‍ കുറേശെ ഉണക്കലരിയുമായി വന്നെത്തി. കൂടാതെ അടുപ്പുകൂട്ടി കത്തിയ്ക്കാൻ ചാണക വരടിയും കരുതിയിരുന്നു..
അതുകണ്ടപ്പോള്‍ ഏറെ സന്തോഷം തോന്നി. കാരണം, ഇതിനു മുന്‍പ് 3 പ്രാവശ്യം ശ്രാദ്ധമൂട്ടാന്‍ ഓരോരുത്തരെ കൊണ്ട് വന്നപ്പോളും ഗോതമ്പുണ്ടയായിരുന്നു പിണ്ഡം ഉരുട്ടിവെയ്ക്കാന്‍ കിട്ടിയിരുന്നത്.
അയ്യര്, ശ്രാദ്ധമൂട്ടുന്നവരോട് നദിയുടെ അടുത്തുള്ള കിണറ്റില്‍ നിന്നും വെള്ളം കോരി കുളിച്ചുവരാന്‍ പറഞ്ഞു. സാധാരണ നദിയില്‍ ഞെരിയാണി മൂടാന്‍ തന്നെ കഷ്ടിച്ചേ വെള്ളമുണ്ടാകാറുള്ളൂ. ബലിയിടുന്നവര്‍ കിണറ്റില്‍ നിന്നും വെള്ളം മുക്കിയെടുത്ത് തലയില്‍ ഒഴിച്ച് വരികയാണ് പതിവ്.
നമ്മുടെ കൂട്ടര്‍ക്ക് ഭാഗ്യമുണ്ടായിരുന്നു. അന്ന് നദിയില്‍ കുറച്ചുദൂരം നടന്നു ചെന്നപ്പോള്‍ കഷ്ടിച്ചു മുട്ടിനു വെള്ളമുണ്ട്. അതിരാവിലെ കുളിച്ചിട്ടാണ് പോന്നത് എങ്കിലും, മാപ്ലയുടെ ശവകുടീരത്തില്‍ കയറിയതല്ലേ, ആ ഈഷല് മാറാന്‍ എല്ലാവരും വെള്ളത്തില്‍ കിടന്നു കുളിച്ചു. ഈറനോടെ കിണറ്റില്‍നിന്നും വെള്ളം കോരി കവിയം തയാറാക്കി പടികള്‍ കയറി മുകളില്‍ നിര്‍ദ്ദേശിച്ച സ്ഥലത്തിരുന്നു. അയ്യർ ചൊല്ലിക്കൊടുത്ത മന്ത്രങ്ങൾ ഏറ്റു ചൊല്ലി പിണ്ഡം വെച്ചു.
പിണ്ഡം സമര്‍പ്പിയ്ക്കുന്നത് വിഷ്ണുക്ഷേത്രത്തിനടുത്തുള്ള പാറയില്‍ പതിഞ്ഞു കാണുന്ന വിഷ്ണുപാദത്തിലാണ്.( പണ്ട്, മോക്ഷത്തിനായി തപസ്സ് ചെയ്ത ഗയാസുരനെ മഹാവിഷ്ണു പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയപ്പോള്‍ പതിഞ്ഞ കാല്‍പ്പാദമാണ് ഇതെന്നും വിശ്വാസമുണ്ട്. അനുഗ്രഹമായി വിഷ്ണു, 'നിനക്ക് എന്നും ആരെങ്കിലും ഭക്ഷണം നല്‍കും' എന്ന വരവും കൊടുത്തുവത്രെ.
ക്ഷേത്ര ദര്‍ശനം കഴിഞ്ഞു അരയാലിനു പ്രദക്ഷിണം വെയ്ക്കുകയും, ഇഷ്ടപ്പെട്ട ഭക്ഷണ സാധനങ്ങൾ, രണ്ട് പച്ചക്കറികള്‍ ഏതെങ്കിലും രണ്ടെണ്ണം ഉപേക്ഷിച്ചതായി മനസ്സുകൊണ്ട് തീരുമാനിയ്ക്കുകയും ഇവിടത്തെ ചടങ്ങുകളുടെ ഭാഗമാണ്. പിണ്ഡദാനം ഈ അരയാലിനും പതിവുണ്ട്.
പ്രഭാതഭക്ഷണത്തിനായി അയ്യരുടെ മഠത്തിലേക്ക് ചെന്നു. ദക്ഷിണേന്ത്യന്‍ ഭക്ഷണം തന്നെ കിട്ടി. പ്ലാശിന്റെ ഇലകള്‍ കൂട്ടിത്തുന്നി മനോഹരമായ പ്ലേറ്റ് ഉണ്ടാക്കി അതിലാണ് ഉപ്പുമാവ് വിളമ്പിത്തന്നത്.
അയ്യരോടും കുടുംബത്തിനോടും നന്ദി പറഞ്ഞു ഞങ്ങള്‍ അടുത്തുള്ള "ബോധഗയ" സന്ദര്‍ശിക്കാന്‍ യാത്രയായി.
ഭഗവാന്‍ ബുദ്ധനു ബോധോദയം ഉണ്ടായ ബോധി വൃക്ഷത്തെ വന്ദിച്ചു. (പഴയ ആല്‍ മരത്തിന്‍റെ 6-ആം തലമുറയാണ് ഇപ്പോളുള്ളത്.) ബുദ്ധക്ഷേത്രത്തിലും ദര്‍ശനം നടത്തി. ക്ഷേത്രത്തിലെ സ്വർണ്ണത്തിളക്കവും മന്ത്രോച്ചാരണങ്ങളും ഏതോ ലോകത്തേയ്‌ക്കു എത്തിച്ചപോലെയാണ് തോന്നിച്ചത്.
പൂർവികരെയും ബുദ്ധനേയും സ്മരിച്ചുകൊണ്ട് ആ പുണ്യഭൂമിയെ ഒന്നുകൂടി വന്ദിച്ച് മനമില്ലാമനസ്സോടെ വിടപറഞ്ഞു.
ഇവിടെ നിന്നും 250 കി.മി.ദൂരമുണ്ട് കാശിയിലേയ്ക്ക്. നളന്ദ, രാജഗീര്, പാറ്റ്ന തുടങ്ങിയ ബുദ്ധ സ്മൃതികൾ ഉറങ്ങിക്കിടക്കുന്ന ചരിത്ര വഴികളിലൂടെ മടക്കം.....
രാവിലെ യാത്രയിൽ കാണാതെപോയ സ്ഥലങ്ങള്‍ ശ്രദ്ധിച്ചു. മനോഹരമായ ഭൂപ്രകൃതി, പരന്ന ഭൂമിയില്‍ ധാരാളം മരങ്ങള്‍ ഉണ്ടെങ്കിലും മൈതാനത്തിന്റെ പ്രതീതിയാണ്. ഭൂമിയോട് ചേര്‍ന്ന് അധികം ഉയരമില്ലാതെ ചാഞ്ഞു കിടക്കുന്ന വൃക്ഷങ്ങൾ കണ്ടാൽ ഇറങ്ങി ഓടിപ്പോയി ആ മരങ്ങളില്‍ കയറാനും അവിടെയൊക്കെ ഓടിനടക്കാനും തോന്നും..
അപ്പോളാണ് മുക്കിരിക്കാട്ടിലെ പേരശ്യമ്മ പറയുന്നത്-- ഈശ്വരാ, എത്ര സ്ഥലാ ? എന്ത് ഭംഗിയാ ഈ സ്ഥലൊക്കെ കാണാൻ !! എത്ര അസ്സല് മരങ്ങളാ മരംചുറ്റി നടക്കാന്‍ !!!
ആരെങ്കിലും ആ ഷീലേം, പ്രേംനസീറിനേം ഒന്ന് ഇങ്ങോട്ട് കൊണ്ടന്നേര്‍ന്നെങ്കില്‍ !! !!
No comments:
Post a Comment