Friday, 12 November 2021

പ്രതികരണങ്ങൾ ----പാർദ്ദികൾ - -ലത്തൂർ

 


April 8, 2016

ഇന്നത്തെ മാതൃഭൂമി ആഴ്ചപ്പതിപ്പില് മുസഫര് അഹമ്മദിന്റെ ഒരു ലേഖനം ആരെയും അമ്പരപ്പിയ്ക്കുന്നതും ചിന്തിപ്പിക്കുകയും ചെയ്യാതിരിയ്ക്കില്ല. .
ബ്രിട്ടീഷ്‌ ഭരണാധികാരികള് 'ജന്മനാ കുറ്റവാളികള്' എന്ന് മുദ്ര കുത്തിയ നാടോടി ഗോത്രവര്ഗ്ഗക്കാരുടെ ദുരന്തകഥ. മഹാരാഷ്ട്രയിലെ ലാത്തൂര് ജില്ലയിലെ കഥയാണിത്. സോലാപ്പുര്-ലാത്തൂര് ഭാഗത്തെ ഗ്രാമങ്ങളില് കഴിയുന്ന കുറ്റവാളി ഗോത്രക്കാര് കാലം കൊണ്ട് കൃഷി--.കരകൌശല വിദ്യകളില് ഏര്പ്പെട്ടത് ഉപേക്ഷിച്ചു വീണ്ടും നാടോടികളായി മാറുകയാണ്. കാരണം കൊടും വരള്ച്ചതന്നെ.
ലക്ഷ്മണ് ഗയ്ക്ക് വാദ് എന്ന ( ജാതി മൂലം സാധാരണക്കാരന്റെ ജീവിതം ജീവിക്കാന് കഷ്ടപ്പെട്ട) സാമൂഹ്യ പ്രവര്ത്തകന്റെ 'ഉചല്യ' എന്ന ആത്മകഥാംശമായ നോവലിലൂടെയാണ് പുറം ലോകം കുറ്റവാളി ഗോത്രവര്ഗ്ഗക്കാരെപ്പറ്റി അറിയുന്നത്.
ഭാരതം സ്വതന്ത്രമായിട്ടും കുറ്റവാളികളായി തുറന്ന ജയിലില് കഴിഞ്ഞിരുന്ന ഈ ഗോത്രവര്ഗ്ഗക്കാര്ക്ക് 1952-,ആഗസ്റ്റ്‌31 ആണ് മോചനം ലഭിയ്ക്കുന്നതു. ഇന്ത്യ സ്വതന്ത്രയായി 5 വര്ഷം കഴിഞ്ഞു ഒരു നാള് ജവഹര്ലാല് നെഹ്‌റു നേരിട്ട് വന്നു ഇവര് സ്വതന്ത്രരായതു പ്രഖ്യാപിച്ചു.
'വേട്ടക്കാരായ കള്ളന്മാര്' എന്നാണു ബ്രിട്ടീഷ്‌കാര് പാര്ദി എന്ന ഗോത്രവര്ഗ്ഗക്കാരെ വിളിച്ചിരുന്നത്‌. പാര്ദികളെ ബ്രിട്ടീഷ്‌കാര് ഭയന്നിരുന്നു. അല്ലെങ്കില് അവരുടെ ആയുധങ്ങളെ ഭയന്നിരുന്നു. അവരെ അപകടകാരികളാണെന്ന് മുദ്രകുത്തി ജയിലില് അടച്ചു മൃഗങ്ങളെപ്പോലെ അടിമകളാക്കുകയും ചെയ്തു..
ബ്രിടിഷ്കാര് നാടുവിട്ടുപോയ കാലം മറക്കാറായി. എന്നിട്ടും നമ്മുടെ നാട്ടില് ഒരു സമൂഹം തൊട്ടു-തീണ്ടലിന്റെ ഇരകളായി അവഗണിയ്ക്കപ്പെട്ടു അന്നത്തിനും, അഭയത്തിനും, എന്തിനു ഒരിറ്റു ദാഹ ജലത്തിനായി കേഴുകയാണ്.
സമ്പത്ത് കുന്നുകൂട്ടി വെയ്ക്കുന്നവര് ഒരു ഭാഗത്ത്‌....രൂപ വേണ്ടാ, അന്നവും, വിദ്യാഭ്യാസവും തന്നാല് മതി എന്നു കെഞ്ചുന്നവര് മറുഭാഗത്ത്.
ഉടുക്കാന് ഒന്നുമില്ലെങ്കിലും ശവക്കച്ചയില് തൃപ്തി കാണിക്കുന്നവര്‍ !!!
(ശവക്കച്ച = ശ്മശാനത്തില് കൊണ്ടുവരുന്ന മൃതദേഹങ്ങള് പൊതിയുന്ന തുണി)

കേഴുക മമ നാടേ!
.....................................
ഇത്രയും 2 ദിവസം മുന്നേ എഴുതി പോസ്റ്റ്‌ ചെയ്തു. ഇന്നലെ പത്രത്തില് വന്ന വാര്ത്ത അനുബന്ധമായി എഴുതട്ടെ!!
മഹാരാഷ്ട്രയില് കൊടും ജലക്ഷാമം അനുഭവപ്പെടുമ്പോള് പ്രീമിയര് ക്രികെറ്റ് ലീഗ് എങ്ങിനെ നടത്തും എന്നത് വലിയ ചിന്താവിഷയം. സ്റ്റേഡിയവും, പിച്ചും, സംരക്ഷിയ്ക്കാന് 60 ലക്ഷം ലിറ്റര് വെള്ളം വേണമെന്നാണ് കണക്കു കൂട്ടിയിരിയ്ക്കുന്നതു.
"പകുതി റൊട്ടിയും ഉറക്കവുമായി ജീവിതം തള്ളിനീക്കാം.പക്ഷെ, വെള്ളമില്ലാതെ പറ്റില്ലെന്ന്" കേണു പറയുന്ന ലത്തൂര് വാസികള്.
ഏപ്രില് ൧൫-നകം 50 വാഗണ് വെള്ളം എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് മദ്ധ്യറെയില്വേ.
സംസ്ഥാനത്തെ വരൾച്ച പരിഗണിച്ചു 'ജലധൂർത്തു' അവസാനിപ്പിക്കണമെന്ന് മുൻ പത്രപ്രവര്ത്തകനായ കേതൻ തിരോഡ്കർ കോടതിയെ സമീപിച്ചിരിയ്ക്കുന്നു..
(കുടിവെള്ളമല്ല പിച്ചിനുപയോഗിയ്ക്കുന്നത് എന്ന് സ്റ്റേ ഡിയക്കാര് ......)
വെള്ളം വെള്ളം സര്വത്ര......

ദയാബായി...

പക്ഷേ, ഏതാനും മിനുട്ടുകള്‍ക്കകം എനിക്ക്, മലയാളിയാണ് ഞാന്‍ എന്ന് പറയാന്‍ ലജ്ജിപ്പിയ്ക്കുന്ന വാര്‍ത്തയാണ് പത്രത്തില്‍ വായിക്കേണ്ടി വന്നത്. ഒന്നാം പേജില്‍ത്തന്നെ വായിച്ച വാര്‍ത്ത ഇങ്ങിനെ_'ദയാബായിയെ കെ.എസ്.ആര്‍.ടി.സി.ബസ്സില്‍നിന്നു വഴിയില്‍ ഇറക്കി വിട്ടു'. ദയാബായി ആരെങ്കിലുമാകട്ടെ, 73 വയസ്സുകഴിഞ്ഞ ഒരു സ്ത്രീയോട് ഇത്ര ക്രൂരമായി പെരുമാറിയ കണ്ടക്ടര്‍/ഡ്രൈവര്‍ മഹാ അപരാധമാണ് ചെയ്തത്. പ്രായമായ ഒരമ്മയോടു കാണിയ്ക്കേണ്ട കരുണയുടെ ഒരംശമെങ്കിലും അവരോടു കാണിക്കാമായിരുന്നു. അവരുടെ ഒരു ദര്‍ശനം, അവരുടെ കാലടിയില്‍ കുമ്പിട്ട് ആ പുണ്യപാദങ്ങളില്‍ ഒന്ന് സ്പര്‍ശിക്കാന്‍ സാധിച്ചെങ്കില്‍ എന്നാശിയ്ക്കുന്ന എന്നെപ്പോലുള്ളവരുടെ മനസ്സ് ഈ വാര്‍ത്ത വായിച്ചു കേഴുകയാണ്. അവരെ ആദരിക്കാന്‍ സാധിച്ചില്ലെങ്കിലും, അവമാനിയ്ക്കാതെ വിടാമായിരുന്നു.

Saturday, 6 November 2021

പ്രതികരണങ്ങൾ --വനിതാ ദിനം

വനിതാദിനം-2 
2021 
അങ്ങിനെ ഒരു വനിതാ സുദിനം കൂടെ കഴിഞ്ഞു.
ഓരോ ആഘോഷങ്ങളും കഴിയുമ്പോൾ നമുക്ക് സമാധാനിയ്ക്കാം.....അവശവർഗ്ഗം, അബലവർഗ്ഗം കൂടുതൽ ശക്തിപ്രാപിച്ചുവരുമെന്നു...
ലോകത്തിലെ സകലമാന വനിതകളേ, സ്വന്തം കാലിന്മേൽ നിൽക്കുന്നവരേ, സ്വന്തം കാലിൽ നില്ക്കാൻ ശ്രമിയ്ക്കുന്നവരേ, നിൽക്കാൻ സാധിയ്ക്കാത്തവ്ർക് വേണ്ടി പോരാടുന്നവരേ.......
ഇത്രയും നല്ലൊരു ദിനം നമുക്കൊരുക്കിത്തന്നതിനു ആരോടാണ് നാം നന്ദി പ്രകടിപ്പിക്കേണ്ടത്?
വനിതാ വർഗ്ഗങ്ങളോട് ദയതോന്നി അവരെ രണ്ടു കാലിൽ നിർത്താൻ സഹായിക്കുന്ന പുരുഷ വർഗ്ഗത്തിനോടോ ? 
അതോ അവരെ നിലത്തു (നിലയ്ക്ക്) നിർത്താൻ ശ്രമിയ്ക്കുന്ന പുരുഷ വർഗ്ഗത്തിനോടോ ? ........ആരോട് ചൊല്ലണം നന്ദിവാക്കു ??
വനിതാസുദിനത്തിൽ പത്രം ഏറെ നിരാശപ്പെടുത്തി. ഒന്നാം പേജു മുഴുവൻ പീഡന വാർത്തകൾ. .അതും പിഞ്ചു വിദ്യാർത്ഥിനികളെ !! പീഡിപ്പിക്കുകയും, വകവരുത്തുകയും.! കഷ്ടം എന്നല്ലാതെ എന്ത് പറയും ? എന്ത് ചെയ്യാൻ കഴിയും??
ഇന്നും പത്രവാർത്തയുടെ 40 % കയ്യടക്കിയിരിയ്ക്കുന്നതു ഇത്തരം വാർത്തകൾ തന്നെ. ഇതൊരു ഓർമ്മപ്പെടുത്തലാണോ ?.ആണെങ്കിൽ എന്താണ് ഉദ്ദേശിയ്ക്കുന്നതാവോ???
വരും തലമുറയിലെ അമ്മമാരെങ്കിലും ശ്രമിച്ചാൽ വർഗ്ഗഭേദമില്ലാത്ത, തുല്യതയിൽ ജീവിയ്ക്കുന്ന ഒരു തലമുറയെ വാർത്തെടുക്കാം..
ചുരുങ്ങിച്ചുരുങ്ങി വരുന്ന ലോകം. അതിർത്തികൾക്കും, അതിർത്തിസേനകൾക്കും, യുദ്ധോപകരണങ്ങൾക്കും പ്രസക്തി നഷ്ടപ്പെടാൻ പോകന്ന വരും കാലങ്ങളിൽ, ശാസ്ത്ര സാങ്കേതിക വിദ്യകളിൽ അനുനിമിഷം കുതിച്ചുയരുന്ന ലോകത്തിൽ നമ്മളുടെ മക്കളെ സ്നേഹത്തിന്റെ, സാഹോദര്യത്തിന്റെ, സമത്വത്തിന്റെ, ത്യാഗത്തിന്റെ, കാരുണ്യത്തിന്റെ പരിശുദ്ധമായ ഭാഷ പഠിപ്പിയ്ക്കാൻ ഉദാസീനത കാട്ടാതിരിയ്ക്കട്ടെ, ആ അമ്മമാർ!
നല്ലൊരു നാളെയെ സ്വപ്നം കണ്ടുണരാൻ ആഗ്രഹിയ്ക്കാം!!!!
"Women are always special. They make the world Beautiful"
Agree with that.
Every day is Women's Day
So, nothing special about today
: March 8, 2016  · 
यत्र नार्यस्तु पूजन्ते
रमन्ते तत्र देवता
at least treat them as equals......

 

Friday, 5 November 2021

വ്യക്തികൾ --ശാസ്ത്രിജി

 

.....നമുക്കൊരു പ്രധാന മന്ത്രി ഉണ്ടായിരുന്നു--അദ്ദേഹത്തിന്‍റെ അപരനാമം, 'The Man of Peace' എന്നായിരുന്നു.

അദ്ദേഹത്തിന്‍റെ മക്കള്‍ക്ക്‌ അച്ഛനെ കാണാനോ സംസാരിക്കാനോ സമയം അപൂര്‍വ്വമായേ കിട്ടിയിരുന്നുള്ളൂ.

സ്കൂളില്‍ പോകും മുന്പ് വാതില്‍പ്പഴുതിലൂടെ ഫയലുകള്‍ക്ക് പിന്നില്‍ ശ്രദ്ധിച്ചിരിയ്ക്കുന്ന ബാബുജിയെ അവര്‍----അനില്‍, അശോക്‌, സുനില്‍ -- നോക്കും. പിന്നെ ശബ്ദമുണ്ടാക്കാതെ അകത്തു കടന്നു സ്വരം താഴ്ത്തി യാത്ര പറയും.-

ഒരു ദിവസം ഇളയവനായ സുനില്‍ തീരുമാനിച്ചു ഇന്ന് അച്ഛന്‍ വന്നു സംസാരിച്ച ശേഷമേ ഉറങ്ങൂ എന്ന്. ഒരാഴ്ചയോളമായി അച്ഛന്‍ വലിയ തിരക്കില്‍. മക്കളോട് മിണ്ടാന്‍ കൂടി സമയമില്ല. സുനിലിനു ദേഷ്യവും തോന്നി..
വിവരമറിഞ്ഞ് രാത്രി അച്ഛന്‍ അരികില്‍ വന്നിരുന്നു തലയില്‍, മുടിയില്‍ തഴുകി..സുനില്‍ ചോദിച്ചു---താങ്കള്‍ എന്തൊരു അച്ഛനാണ്? 

സ്നേഹനിധിയായ അച്ഛന്‍ പതുക്കെ പറഞ്ഞു.-- നീ മിടുക്കനും, ബുദ്ധിയുള്ളവനുമാണ്. എനിക്ക് നിന്നെപ്പോലുള്ള എത്രകുട്ടികളുടെ ഉത്തരവാദിത്വം ഉണ്ട്! ഈ രാജ്യത്തെ നിന്റെ പ്രായക്കാരുടെ യൊക്കെ കാര്യം അന്വേഷിയ്ക്കണ്ടേ ?

മറുപടിയില്‍ തൃപ്തനായ ആ മകന്‍ പിന്നീട് രാജ്യത്തെ പാര്ലമെന്റ്റ് ലെ അംഗമായി, മന്ത്രിയായി.......
അച്ഛന്‍ പറഞ്ഞുകൊടുത്ത വാക്കുകള്‍ സദാ ഓര്‍മ്മിച്ചു.----

Be an edifice and not the structure. The structure can fall, but the edifice remains

'ജയ് ജവാന്‍, ജയ് കിസാന്‍'



  • ശാസ്ത്രിജി പ്രധാനമന്ത്രി ആയിരുന്ന കാലത്താണ് ഭാരതത്തിൽ ആദ്യമായി സ്ത്രീ ഡ്രൈവർമാരും,കണ്ടക്ടർമാരും ട്രാസ്പോർട് വിഭാഗത്തിൽ നിയമിതരാകുന്നത്.

    അദ്ദേഹം ജാതി-മത വിവേചനകൾക്കെതിരായിരുന്നു.

    കാശി വിദ്യാപീഠം ആണ് അദ്ദേഹത്തിന് ' ശാസ്ത്രി' എന്ന ബഹുമതി നൽകി .ആദരിച്ചത്.

    ലളിതമായ ജീവിതം നയിച്ചിരുന്ന മഹാനായ പ്രധാനമന്ത്രി.

     ·                                         ജയ് കിസാൻ 

    -ഇങ്ങിനെയും ഒരു പ്രധാനമന്ത്രി നമുക്കുണ്ടായിരുന്നു.---

    മഹാത്മാ ഗാന്ധി ജനിച്ച ദിവസം ജനനം. മഹാത്മാഗാന്ധി രക്തസാക്ഷിയായ മാസത്തിൽത്തന്നെ രക്തസാക്ഷിയായി -വീരമൃത്യ വരിച്ചു.

    നെഹ്‌റുജി മരിച്ചപ്പോൾ പ്രധാനമന്ത്രിപദം ഏറ്റെടുത്തു.
    ആ വര്ഷം തന്നെ പാക്കിസ്ഥാൻ ഇന്ത്യയെ ആക്രമിച്ചു.
    ആ വര്ഷം ഭാരതം ഭക്ഷ്യക്ഷാമം നേരിട്ടു 
    .
    ആ സന്ദർഭത്തിൽ വളരെ കുശലതയോടെ പ്രശനങ്ങൾ കൈകാര്യം ചെയ്തു.
    'ജവാൻ,ജയ് കിസാൻ ' എന്നേറ്റു ചൊല്ലാൻ അദ്ദേഹത്തിന്റെ കൂടെ ഭാരതമക്കൾ അണിനിരന്നു.

    ഭക്ഷ്യക്ഷാമകാലത്തു സമ്പന്നരായ ഭാരതീയരോട് ഒരു നേരത്തെ ഭക്ഷണം ത്യജിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു.

    ആദ്യം തന്റെ കുടുംബാംഗങ്ങളെക്കൊണ്ട് ചെയ്യിപ്പിച്ചു. വീട്ട്ടിലെ മുതിർന്നവർ അത്താഴം ത്യജിച്ചു, കുട്ടികൾ പാലും പഴവും മാത്രം ഭക്ഷിച്ചു.
    'ശാസ്ത്രിവ്രതം' എന്നപേരിൽ വളരെക്കാലം പലരും അത് പിന്തുടർന്നു.
    1966 -ൽ താഷ്കെന്റ്-ൽ വെച്ച് പാക്കിസ്ഥാനുമായി യുദ്ധവിരാമക്കരാർ ഒപ്പിട്ടു. ചരിത്രപ്രസിദ്ധമായ ആ സംഭവത്തിന് അദ്ദേഹത്തിന് തന്റെ ജീവൻ ബലിയർപ്പിയ്ക്കേണ്ടി വന്നു.
    കരാർ ഒപ്പിട്ട അന്ന് രാത്രി ദുരൂഹ മരണത്തിന് കീഴടങ്ങി.

    ധവളവിപ്ലവത്തിന്റെ തുടർച്ചയായി ആനന്ദിൽ നാഷണൽ ഡയറി ഡെവലൊപ്മെന്റ് ബോർഡ് സ്ഥാപിച്ചു.
    പാലുൽപ്പാദനം ആനന്ദ് മോഡൽ, കയ്‌റ Dist കോഓപ്പറേറ്റീവ് പാലുത്പാദക സംഘത്തിന്റെ മോഡൽ മറ്റു സ്ഥലങ്ങളിലും ആരംഭിച്ചു. Cattle Feed ഫാക്ടറി ആനന്ദിൽ ഉദ്ഘാടനം ചെയ്തു.
    ഹരിതവിപ്ലവത്തിനും നേതൃത്വം കൊടുത്തു.

    സാധാക്കാരന്റെ പ്രധാനമന്ത്രിയായി, രാജ്യത്തെ പുരോഗതിയുടെ പാതയിലേക്ക് നയിച്ചു..
    ചുരുങ്ങിയ കാലത്തിന്നിടയിൽ സ്‌തുത്യർഹമായ വിദേശനയം കൂടി കാഴ്ചവെച്ചു.



    അവസാനിക്കുന്നില്ല.


    Oct,2, 2017

    ജയ് ജവാന്‍ ! ജയ് കിസാന്‍ !!

    • അമാനുഷികമായ അല്ലെങ്കിൽ സ്വകർമ്മം കൊണ്ട് അമരനായിത്തീർന്ന മഹാത്മാവിൻറെ സ്മരണ ദിവസം. ഗാന്ധി ജയന്തി ദിനം

      ഒന്നുകൂടെ ഈ  ദിവസം സ്മരിക്കുവാൻ മോഹം.

      അഹിംസാ ദിനം.
      ദേശീയ ശുചീകരണ ദിനം.
      രാജാരവിവർമ്മ ചരമ ദിനം 
      ലാൽബഹാദൂർ ശാസ്ത്രി ജന്മദിനം 

      ലാൽബഹാദൂർ ശാസ്ത്രി ആരായിരുന്നു എന്ന് പുതിയ തലമുറയ്ക്ക് അറിയുന്നുണ്ടാകും എന്ന് കരുതുന്നു.


      അദ്ദേഹത്തെ ഒന്നുകൂടി അനുസ്മരിച്ചു ആദരാഞ്ജലികൾ അർപ്പിയ്ക്കട്ടെ!
      ഉത്തർപ്രദേശിൽ കാശിയ്ക്കടുത്തു രാംനഗറിൽ 1901 ജനിച്ചു.വിദ്യാഭ്യാസ കാലത്തുതന്നെ സ്വാതന്ത്ര്യ സമരത്തിൽ ആകൃഷ്ടനായിരുന്നു.
      ഒരുപാട് പ്രാവശ്യം ജയിലിൽ കിടന്നു. ഉപ്പുസത്യാഗ്രഹത്തിലും ഗാന്ധിജിയുടെ കൂടെ സജീവമായി പങ്കുചേർന്നു.

      സ്വന്തം സംസ്ഥാനത്തിലും,പിന്നീട് കേന്ദ്രത്തിലും മന്ത്രിയായിരുന്നു.
      നെഹ്രുജിയ്ക്കു ശേഷം ഭാരതത്തിലെ പ്രധാനമന്ത്രിയായി. 
      ലളിതമായ ജീവിതം നയിച്ചിരുന്ന മഹാനായ പ്രധാനമന്ത്രി.

      പാക്കിസ്ഥാനുമായുള്ള യുദ്ധത്തിന് ശേഷം താഷ്‌ക്കണ്ട് പ്രഖ്യാപനത്തിൽ ഒപ്പുവെച്ച അന്നുതന്നെ 'ഹൃദയ സ്തംഭനം 'മൂലം മരിച്ചു എന്ന് ചരിത്ര രേഖ കുറിച്ച് വെച്ചു..


      മഹാത്മാ ഗാന്ധി ജനിച്ച ദിവസം ജനനം. മഹാത്മാഗാന്ധി രക്തസാക്ഷിയായ മാസത്തിൽത്തന്നെ രക്തസാക്ഷിയായി -വീരമൃത്യ വരിച്ചു.


      തുടരുന്നു.....ജയ് ജവാന്‍ ! ജയ് 
      കിസാന്‍ !!

Thursday, 4 November 2021

വ്യക്തികൾ --അരുൺ shourie

 oct,30...


ഒരു വര്ഷം മുന്നേ എഴുതിയ പോസ്റ്റ്‌..
.ഇന്ന്---15 th ഫെബ്, 2021 

ഇന്നും ഷൌരിയെ വീണ്ടും ഓര്‍മ്മിയ്ക്കുകയാണ് മാതൃഭൂമി. കോട്ടയ്ക്കല്‍ ശ്രീകാന്ത് മരണം കാത്തിരിക്കുന്ന ശൌര്യമെല്ലാം അണഞ്ഞ ഒരു വീരപരാക്രമിയെയാണ് നമുക്ക് മുന്നില്‍ അവതരിപ്പിയ്ക്കുന്നത് എന്ന് തോന്നും. വിധിയ്ക്കു മുന്നില്‍ ശിരസ്സ്‌ കുനിയ്ക്കുകയാണ് ഉചിതം എന്ന് അദ്ദേഹത്തിനും തോന്നിയിരിയ്ക്കാം.  അന്യായത്തിനെതിരെ പോരാടാന്‍   ഉപയോഗിച്ചിരുന്ന വാക് ശരങ്ങള്‍ ആവനാഴിയില്‍ ഒതുക്കിവെച്ച്  മരണത്തെ സ്വാഗതം ചെയാന്‍ ഒരുങ്ങിയിരിയ്ക്കുകയാണ്. ഹൃദയത്തിന്റെ ഭാഷ പെന്നില്‍ക്കൂടെ  ഒഴുകിയെത്തുന്നത് തത്വജ്ഞാനിയുടെതാണ്. 'Preparing for Death'.ജീവിതാനുഭവങ്ങള്‍ അദ്ദേഹത്തിനോട് പറയാതെ പറയുന്നു----ധീരതയോടെ മരണത്തെ നേരിടൂ,....
.'........വരണം വരന്‍ മാത്രം ആസന്നമായിപ്പോയീ- 
മ(വ)രണം  സനാതന നിയമം ലംഘിയ്ക്കാമോ?'

മരണം കടന്നു വരികയല്ല, നമ്മുടെ സന്തത സഹചാരിയാണ്. ജനിച്ചപ്പോള്‍ മുതല്‍ കൂടെയുണ്ട്. നമ്മുടെ ധൃതികള്‍ കാരണം ശ്രദ്ധിയ്ക്കാന്‍ സൌകര്യപ്പെട്ടില്ല എന്ന് മാത്രം. 


അരുണ്‍ ഷൂരി ---പ്രസിദ്ധനായ എഴുത്തുകാരന്‍, സാമ്പത്തിക ശാസ്ത്രജ്ഞന്‍ , പത്രപ്രവര്‍ത്തകന്‍, രാഷ്ട്രീയപ്രവര്‍ത്തകന്‍, ലോകബാങ്കിന്‍റെ
 ഉപദേഷ്ടാവ്, ഇന്ത്യന്‍ എക്സ്പ്രസ്സ്‌, ടൈംസ്‌ ഓഫ് ഇന്ത്യ എന്ന്നിവയുടെ പത്രാധിപര്‍, ടെലി കമ്മ്യൂണിക്കെഷന്‍&ടെക്നോളജി മന്ത്രി, 1982-ലെ മഗസെസേ അവാര്‍ഡ് ജേതാവ്, 1990-ലെ പദ്മശ്രീ അലംക്രുതന്‍---
അദ്ദേഹത്തെ സെപ്ടംബെര്‍ മാസത്തിലെ മാതൃഭൂമി വാരികയില്‍ ശ്രീകാന്ത് കോട്ടയ്ക്കല്‍ വളരെ നന്നായി വായനക്കാര്‍ക്ക്    പരിചയപ്പെടുത്തിരിയ്ക്കുന്നു.
76 വര്‍ഷത്തെ ജീവിതത്തെപ്പറ്റി, പിന്നിട്ട കാലത്തെക്കുറിച്ചു അന്വേഷിയ്ക്കുംപോള്‍ അദ്ദേഹത്തിന്‍റെ മറുപടിയില്‍ വ്യക്തിപരമായ ജീവിതത്തിലെ കോട്ടങ്ങളുടെ ചെറിയൊരു നിഴല്‍ വീഴ്ചയുണ്ടോ എന്ന് സംശയിക്കാം.

'അത് കടന്നു പോയില്ലേ, വളരെപ്പെട്ടെന്ന്!
 ഇനി എന്താണ് ബാക്കിയുള്ളത്?'

ഏറെ നാളായി മാദ്ധ്യമങ്ങളിലൊന്നും കാണുകയോ കേള്‍ക്കുകയോ ഇല്ലാതിരുന്ന വ്യക്തി---ഒരു കാലത്ത്  മാദ്ധ്യമ രംഗത്തും, രാ ഷ്ട്രീയത്തിലും നിറഞ്ഞു നിന്നിരുന്ന ശ്രദ്ധേയനായിരുന്ന അരുണ്‍ ഷൂരി--- ഇപ്പോള്‍ അദ്ദേഹത്തന്റെ എഴരപതിറ്റാണ്ടത്തെ പൊതുജീവിതാനുഭവങ്ങള്‍ നമുക്ക് മുന്നില്‍ തുറന്നു വെയ്ക്കുന്നു. കൂട്ടത്തില്‍ കയ്പ് നിറഞ്ഞ കുടുംബജീവിതവും.
ഒറ്റയിരുപ്പിലിരുന്ന വായനയില്‍ അറിയേണ്ടതെല്ലാം അറിഞ്ഞു എന്ന സുഖം. സംതൃപ്തി., നേരിയ ദുഖവും.!
അടുപ്പം തോന്നുന്ന ചിന്തകള്‍- വികാരവിചാരങ്ങള്‍.

ഇന്ന് വീണ്ടും അദ്ദേഹത്തെ ദിനപ്പത്രം ഓര്‍ക്കുകയാണ്. നിര്‍ഭയനായ എഡിറ്റര്‍. 'അധികാരം ആഘോഷിയ്ക്കുന്നവരുടെ ഭരണകൂടമാണിത്' എന്നും തുഗ്ലക്ക് പരിഷ്കാരങ്ങള്‍ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ മോശമായി ബാധിയ്ക്കുമെന്നും ഉറക്കെ പറയാന്‍ മടിയ്ക്കാത്ത രാഷ്ട്രീയ നിരീക്ഷകനെ..
---ഉയര്‍ന്ന വേതനവും, ഭാരണാധികാരികളുമായുള്ള അടുപ്പവും, പരസ്യവരുമാനവും എല്ലിന്‍ കഷ്ണത്തിന്റെ രൂപത്തില്‍ വായ്‌ നിറഞ്ഞിരിക്കുമ്പോള്‍ ശാന്തനായിരിയ്ക്കുന്ന ശ്വാനനെപ്പോലെ മാധ്യമപ്രവര്‍ത്തകരുടെ വായും മൂടപ്പെട്ടിരിയ്ക്കുന്നു ---എന്നാണു അദ്ദേഹം തുറന്നടിയ്ക്കുന്നത്.
മാര്‍ക്സ് പറഞ്ഞ ഒരു വാചകം അദ്ദേഹം അനുസ്മരിയ്ക്കുന്നു. 'നമ്മുടെ മുന്നില്‍ നില്‍ക്കുന്നത് ഭീമാകാര്‍ന്മാരാണെന്ന് നമുക്ക് തോന്നിപ്പോകും. കാരണം നമ്മള്‍ മുട്ടുകുത്തിയാണ് നില്‍ക്കുന്നത്.' 

മേരാ ദേശ് മഹാന്‍!

വ്യക്തികൾ --റൗഫ് അലി

 ജൂണ്‍, 2018


പഴയ പോസ്റ്റ്‌. വായന---
(വ്യക്തികള്‍ )

റൌഫ് അലി

അമ്മിണീ,

ഒരു വര്ഷം   മുന്നേ ആരാമാവാസത്തിന്നിടയില്‍  പരിചയപ്പെടുത്തിയ പ്രതിഭകളെ മറന്നുവോ? പുസ്തകങ്ങളുടെ പേരുകളും ??

മുഹമ്മദ് യൂനസ് ന്‍റെ 'Banker to the Poor' -- ബാങ്കുകള്‍ പാവങ്ങള്‍ക്ക് കൂടിയുള്ളതാണെന്ന് സംഭാവ്യമാക്കിയ 2006 ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനാര്‍ഹാനായ  ബംഗ്ലാദേശിയുടെ  ആത്മകഥാംശമുള്ള പുസ്തകം അഥവാ ഗ്രാമീണ ബാങ്കിന്‍റെ കഥ,  ഇന്ത്യയിലെ 'Milkman' ശ്രീ വര്‍ഗീസ്‌ കുര്യന്‍റെ 'I Too Had A Dream' എന്ന ഗ്രന്ഥം -- ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാ ണെന്നറിഞ്ഞ ദേശസ്നേഹിയുടെ ആത്മകഥ.
.
ഇത്തവണ  ആരാമാവാസക്കാലത്ത് വായിച്ചു തീര്‍ത്തത് മറ്റൊരു പ്രതിഭയുടെ ആത്മകഥാംശമുള്ള,  അല്ലെങ്കില്‍  പരിതസ്ഥിതി വിജ്ഞാനിയുടെ    സാഹസികത നിറഞ്ഞ വന്യ നിരീക്ഷണ ഗവേഷണങ്ങള്‍  സരസവും, ലളിതവുമായ ഭാഷയില്‍  പ്രതിപാദിയ്ക്കുന്ന  മനോഹരമായ പുസ്തകം. --- Running Away from Elephants-- by റൌഫ് അലി

തന്റേതായ അനുഭവക്കുറിപ്പ്‌കള്‍ റൌഫ് അലി പ്രസിദ്ധീകരിച്ചില്ല. ആത്മകഥ പ്രസിദ്ധീകരിയ്ക്കാനും ശ്രമിച്ചില്ല. അതിനുമാത്രം താനൊരു പ്രസിദ്ധി അര്‍ഹിക്കുന്നില്ലെന്ന് വിനയവും, സരസുവുമായ ഭാഷയില്‍ അദ്ദേഹം പറയുന്നു. പക്ഷെ, ജീവജാലങ്ങളില്‍  പരിതസ്ഥിതികളുടെ സ്വാധീന ശക്തിയെക്കുറിച്ച് പ്രതിപാദിയ്ക്കുന്ന  നിരവധി ലേഖനങ്ങള്‍ അദ്ദേഹം എഴുതി. പ്രകൃതിയെക്കുറിച്ചു അന്വേഷണകുതുകികളായവര്‍ക്കൊക്കെ അദ്ദേഹം അതുല്യ പ്രതിഭയാണ്. ഭാരതത്തില്‍ മാത്രമല്ല, വിദേശങ്ങളില്‍  ഉള്ള ശാസ്ത്രജ്ഞര്‍ പോലും റൌഫ് അലിയെ  ആദരിച്ചു.  ഭാരതത്തില്‍ wild life biology യില്‍ ആദ്യമായി PhD എടുത്ത ശാസ്ത്രജ്ഞന്‍ റൌഫ് അലി തന്നെ.

വിദ്യാഭ്യാസം ഭാരതത്തിലും വിദേശങ്ങളിലും ചെയ്ത് നല്ല അനുഭവസമ്പത്തും, ശിഷ്യഗണങ്ങളെയും അദ്ദേഹത്തിനു സമ്പാദിക്കാനായി.
തമിഴ്‌നാട്ടിലെ മുണ്ടന്തുറയിലെ വനങ്ങള്‍, പശ്ചിമഘട്ടത്തിലെ പളനി മലകള്‍ എന്നീ പ്രദേശങ്ങളില്‍ അദ്ദേഹം നടത്തിയ പഠനങ്ങള്‍ പ്രശംസനീയങ്ങളാണ്. ആന്ടമാന്‍ നിക്കോബാര്‍ ദ്വീപസമൂഹങ്ങളില്‍ പ്രഥമ പരിതസ്ഥിതി ശാസ്ത്ര ഗവേഷണങ്ങള്‍ നടത്തിയവരില്‍ റൌഫ് അലിയുടെ സ്ഥാനം എടുത്തു പറയുന്നുണ്ട്.
ലോകപ്രശസ്ത പക്ഷി നിരീക്ഷകനായ സലിം അലി, മാധവ് ഗാഡ്ഗില്‍ എന്നിവരെപ്പോലെ റൌഫ് അലിയും സൈലെന്റ് വാലിയില്‍ ഒരു ഹൈഡ്രോ ഇലക്ട്രിക്‌ പവര്‍ പ്രൊജക്റ്റ്‌ സ്ഥാപിക്കപ്പെടാതിരിക്കാന്‍, നമ്മുടെ മഴക്കാടുകളെ സംരക്ഷിക്കാന്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയെ സ്വധീനിച്ചവരില്‍ പെടുന്നു.
വനവാസികളും, വന്യ ജീവികളും, വനപാലകരും തമ്മിലുള്ള സൌഹൃദപരമല്ലാത്ത ജീവിത ചുറ്റുപാടുകള്‍ അദ്ദേഹം ചൂണ്ടിക്കാണിയ്ക്കുന്നു. കൂട്ടത്തില്‍ സര്‍ക്കാര്‍ ന്റെ നിരുത്തരവാദിത്തപരമായ പ്രവര്‍ത്തനങ്ങളും.

1997- ല്‍ പോണ്ടിച്ചേരിയില്‍ സഹപ്രവര്‍ത്തകരുടെ സഹായത്തോടെ ഫൌണ്ടേഷന്‍ ഫോര്‍ ഇകോളോജിക്കല്‍ റിസര്‍ച് ആന്‍ഡ്‌ ലേണിംഗ് (FERAL) ഉണ്ടാക്കി. ഈ മേഖലയില്‍ പ്രവര്‍ത്തിയ്ക്കുന്ന ചെറുപ്പക്കാര്‍ക്ക് ഈ
സ്ഥാപനം വളരെയധികം ഉപകാരപ്രദമായി.

വാക്കിലും, കാഴ്ചയിലും, പെരുമാറ്റത്തിലും വ്യത്യസ്തത പുലര്‍ത്തിയിരുന്ന റൌഫ് അലിക്ക് ഒരു പാട് പ്രത്യേകതകള്‍ ഉണ്ടായിരുന്നു. പലപ്പോഴും ബീച്ചുകളും, കാന്റീനുമൊക്കെ അദ്ദേഹത്തിന്‍റെ ക്‌ളാസ് മുറികളായി മാറി. ഇത്തരം വ്യത്യസ്തതകള്‍  പലപ്പോഴും അദ്ദേഹത്തിന്‍റെ ഔദ്യോഗിക ജീവിതത്തെ ബാധിച്ചു. തുറന്നു പറയുന്ന പ്രകൃതം, എല്ലാവരെയും ഒരേപോലെ കാണാനുള്ള കഴിവ്, നര്‍മ്മ സംഭാഷണം തുടങ്ങിയവ അദ്ദേഹത്തിന്‍റെ പ്രത്യേകതകളില്‍പ്പെടും. കൂര്‍മ്മബുദ്ധിയുള്ള റൌഫ് അലിക്ക് അതി സമര്‍ത്ഥരായ ശിഷ്യ ഗണങ്ങളാണ് ഉണ്ടായിരുന്നത്. 1990 കളില്‍ത്തന്നെ സ്ത്രീകളില്‍ ഗവേഷണതാല്പര്യമുള്ളവരെ പലരെയും കണ്ടെത്തി പ്രോത്സാഹിപ്പിച്ചു. (അദ്ദേഹത്തിന്‍റെ ശിഷ്യയായ ജയശ്രീയെ ഈയിടെ  കണ്ടിരുന്നു.)

തന്റെ ജീവിതത്തില്‍ ഓര്‍മ്മവെച്ച കാലം മുതല്‍  കണ്ടുവളര്‍ന്ന  മുത്തശ്ശിയുടെ സഹോദരനെക്കുറിച്ചുള്ള  ഓര്‍മ്മകള്‍ അതിശയോക്തിയില്ലാതെ നന്നായി ഈ പുസ്തകത്തില്‍ കുറിച്ചിരിക്കുന്നു. ലോകപ്രശസ്തനായ പക്ഷി നിരീക്ഷകന്‍, പുസ്തകങ്ങളുടെ നടുവില്‍ സദാ വ്യവഹരിയ്ക്കുന്ന പ്രത്യേക സ്വഭാവമുള്ള കര്മ്മനിരതനായ് വ്യക്തി,  ഡോ. സലിം അലി.
അദ്ദേഹത്തിന്‍റെ വേറിട്ട സ്വഭാവരീതികള്‍ റൌഫ് അലി സരസമായി വിവരിക്കുന്നുണ്ട്. അമ്മാമന്‍ പലേതരം പക്ഷികളെ കണ്ടുപിടിക്കാനുള്ള പരിശീലനം വീട്ടിലെ കുട്ടികള്‍ക്ക് നല്‍കിയിരുന്നു. അദ്ദേഹത്തിന്റെ ലൈബ്രറിയില്‍  കടന്നു ചെല്ലാനും പുസ്തകങ്ങള്‍ വായിക്കാനും അനുവദിച്ചിരുന്നു. 12-ആം വയസ്സില്‍ത്തന്നെ അമ്മാമന്റെ കൂടെ പക്ഷിനിരീക്ഷണങ്ങളില്‍ സഹായിയായി പോയിരുന്നു. കേള്‍വിക്കുറവോ, പ്രായാധിക്യമോ, വാഹനമോടിക്കുന്നതിനോ, യാത്രചെയ്യുന്നതിനോ, പക്ഷി നിരീക്ഷണങ്ങള്‍ക്കോ സലിം അലിയ്ക്ക് ഒരിക്കലും തടസ്ഥമായിരുന്നില്ല എന്നദ്ദേഹം ഓര്‍ക്കുന്നു. .

തന്നെ സ്വാധീനിച്ച രണ്ടാമത്തെ വ്യക്തി, സലിം അലിയെക്കാള്‍ പക്ഷികളെ തിരിച്ചറിയാന്‍ കഴിവുള്ള അമ്മയുടെ സഹോദരനെപ്പറ്റിയും പ്രതിപാദിയ്ക്കുന്നു. .

പക്ഷികളെക്കുറിച്ച് നിരവധി പുസ്തകങ്ങള്‍ എഴുതി.......

തുടരുന്നു.......

വായന---ബോധിസത്വൻ

 

  Uma Namboodiri
 2015, January 27 at 9:13pm · 

വായിച്ചു രസിക്കാന്‍ പ്രായം ഒരിക്കലും തടസ്ഥമാകില്ലെന്നു അനുഭവിച്ചറിയുകയാണ്.

കുറച്ചുകാലമായി ഈ പുസ്തകം വായിക്കണമെന്ന് കരുതിയിട്ട്. 'ബോധിസത്വന്‍'എന്ന കെ.ബി.ശ്രീദേവി എഴുതിയ ബുദ്ധഭാവനകള്‍ നിറഞ്ഞ പുസ്തകം.

മാസങ്ങള്‍ക്ക് മുന്‍പാണ് ഈ പുസ്തകം കയ്യില്‍ക്കിട്ടിയത്. എന്നിട്ടോ, ഇഴഞ്ഞു വലിഞ്ഞ വായന ആരംഭിച്ചു. കാരണം,  സിദ്ധാര്‍ത്ഥരാജകുമാരനെപ്പറ്റി  കുട്ടിക്കാലം മുതലേ അറിയാവുന്നതാണല്ലോ. പാഠപുസ്തകങ്ങള്‍ അന്നേ പറഞ്ഞുതന്നിട്ടുണ്ട്  ജീവകാരുണ്യം നിറഞ്ഞു തുളുമ്പുന്ന,  കൊട്ടാരത്തിലെ സൌഭാഗ്യങ്ങളെല്ലാം ഉപേക്ഷിച്ച് ജീവിതത്തിന്റെ സത്യം തേടിയലഞ്ഞ്  ഒടുവില്‍ ബുദ്ധനായിത്തീര്‍ന്ന, കരുണയുടെ പര്യായമായിത്തീര്‍ന്ന മഹാസന്യാസിയുടെ കഥ.

ഹെര്‍മന്‍ ഹെസ്സെയുടെ സിദ്ധാര്‍ത്ഥനും മനസ്സില്‍ കിടന്നു കളിയ്ക്കുന്നു. സ്വയം കണ്ടെത്തലിന്‍റെ ഭാഗമായി നാടുവിട്ട സിദ്ധാര്‍ഥന്‍ കാട്ടില്‍ അലയുകയും, സന്യാസിയായി ജീവിച്ച് ഒടുവില്‍ എല്ലാ ജീവിത സൌഭാഗ്യങ്ങളും അനുഭവിയ്ക്കുകയും ചെയ്തു. മടുപ്പ് വന്നപ്പോള്‍ നദിയിലെ കടത്തുകാരന്റെ കൂടെ താമസിച്ചു നദിയെ അറിയാനും, നദിയുടെ കൂടെ സംവാദിയ്ക്കാനും ശീലിച്ചു.
കാലം കടന്നു പോകവേ, ഒരുനാള്‍ പ്രകൃതിയിലെ മാറ്റങ്ങളും, മനുഷ്യന്റെ സുഖദുഃഖസമ്മിശ്രമായ ജീവിതവും തമ്മിലുള്ള ഐകരൂപ്യം ബോദ്ധ്യപ്പെടുന്നു. സമയം, കാലം, അതെല്ലാം മായയെന്ന അനുഭവം . ആ അനുഭൂതി, അവസ്ഥ, 'ബോധം' തെളിഞ്ഞ അവസ്ഥ----
സിദ്ധാര്‍ത്ഥന് തന്‍റെ സംശയങ്ങള്‍ക്ക് ഉത്തരം കിട്ടിയ നിമിഷം. 
അല്ലെങ്കില്‍ സിദ്ധാര്‍ത്ഥന്‍ 'ബുദ്ധനായ' നിമിഷം. ........
പ്രകൃതിയുടെ തനതായ താളം, അത് അതേപടി സ്വ ജീവിതത്തിലും സാംശീകരിയ്ക്കുക- -ഈ പ്രകൃതിയെ, അതിന്റെ പ്രതിബിംബമായ ജീവിതത്തെ, അതേപടി സ്വീകരിയ്ക്കുക. ...സിദ്ധാര്‍ഥന്‍ സംതൃപ്തനാകുന്നു... ..

ജീവിതത്തിന്റെ സത്യം തേടിയാണ് കപിലവസ്തുവിലെ രാജകുമാരൻ കൊട്ടാരം വിട്ടിറങ്ങിയത്. ഒടുവില്‍ ഒരുനാൾ ബോധോദയം ഉണ്ടാകുന്നു. വീണ്ടും യാത്ര തന്നെ. താന്‍ കണ്ടെത്തിയ സത്യങ്ങള്‍, അതിന്റെ വെളിച്ചത്തില്‍ അഹിംസയിലും സത്യത്തിലും സ്നേഹത്തിലും കരുണയിലുമൊക്കെ ഉറച്ചു നിന്ന് എങ്ങിനെ ജീവിയ്ക്കണമെന്ന്, എങ്ങിനെ നിര്‍വാണം പ്രാപിയ്ക്കാമെന്ന്  അനേകങ്ങളെ ഉദ്ബോധിപ്പിച്ചുകൊണ്ടുള്ള ജൈത്രയാത്ര. ....
,

ആദ്യമാദ്യം വളരെ പതുക്കെയായിരുന്ന വായന നീങ്ങിയിരുന്നത്. എപ്പോളാണ് ജാഗ്രത കൂടിയത് ? 
എപ്പോളാണ് പുസ്തകം കയ്യില്‍ നിന്നും താഴെവെക്കാന്‍ വയ്യ, എന്ന് തോന്നിയത്??

വേദ വിദ്യാഭ്യാസത്തിലും, ആയോധന കലകളിലും അഗ്രഗണ്യന്‍. ഗുരുക്കന്മാരെ വന്ദിയ്ക്കുന്നവന്‍, ആചാരമര്യാദകള്‍ അറിയുന്നവന്‍, ഒന്നാന്തരം യോദ്ധാവായിട്ടും യുദ്ധം ഇഷ്ടപ്പെടാത്ത രാജകുമാരന്‍. ആഘോഷങ്ങള്‍ ഇഷ്ടപ്പെടാത്തവന്‍. സമാധാനം ആഗ്രഹിയ്ക്കുന്നവന്‍.........

പക്ഷേ, സദാ ചിന്തിച്ചുകൊണ്ടിരിയ്ക്കുന്ന രാജകുമാരന്‍റെ സ്വഭാവം രാജാവിനെ ദുഖിപ്പിച്ചു. രാജകുമാരന്റെ മനസ്സുമാറ്റുവാന്‍ രാജാവയച്ച ഗണിക പരാജയപ്പെടുന്നു.

രോഹിണീ നദിയിലെ ജലത്തിനുവേണ്ടിയുള്ള തര്‍ക്കം യുദ്ധത്തിലേക്ക് വഴി തെളിയിക്കുമ്പോള്‍ ചിന്താകുലനാകുന്ന, ദുഖിതനാകുന്ന രാജകുമാരന്‍. 
ഈ ഭൂമിയ്ക്കും, വെള്ളത്തിനും അതിര്‍ത്തിയോ?
അച്ഛന്‍ പറഞ്ഞത് അനുസരിക്കാതെ എങ്ങിനെ? അദ്ദേഹം പറയുന്നു--അതിക്രമിച്ചു വരുന്നവനെ തുരത്തണം അഥവാ കൊല്ലുകതന്നെ വേണം.

സഹജീവികളെ വെട്ടിക്കൊന്നുള്ള ജീവിതം ചിന്തിയ്ക്കാനാകാതെ സിദ്ധാര്‍ത്ഥ രാജകുമാരന്‍ നിസ്സഹായാനായിരിക്കുമ്പോള്‍ കൂട്ടുകാരനായ തപന്‍ പറയുന്നു--.'നമ്മള്‍ ആരേയും കൊല്ലാന്‍ പോകുന്നില്ല. പക്ഷേ, ശത്രുക്കള്‍ ഇരമ്പി ആര്‍ത്തുവന്നാല്‍ എന്ത് ചെയ്യും? നമുക്കാവശ്യം സമാധാനമാണ്. ഈ ഭൂമി ഭീരുക്കള്‍ക്ക് മാത്രം ഉള്ളതല്ലല്ലോ. ധീരന്മാരുടെയും, ധര്മ്മാത്മാക്കളുടെതുകൂടി അല്ലേ? .....'
ഇതുകേട്ട് നിശ്ചയദാര്‍ഢ്യത്തോടെ എഴുന്നേല്‍ക്കുന്ന രാജകുമാരന്‍.

വിജയിയായ രാജകുമാരനെ രാജാവും, പ്രജകളും ആദരിക്കുമ്പോള്‍ സമ്മാനമായി ലഭിച്ച വെള്ളാനയെ വിനയപൂര്‍വ്വം കോലിയ രാജ്യത്തിന്‌ സമര്‍പ്പിയ്ക്കുന്നു.

രാജപത്നിയുടെ ബന്ധുവായ സാഹസികയായ, വേഷം മാറി നടന്നു അവശരെ സഹായിക്കുന്ന യശോധരയെ സിദ്ധാര്‍ഥന്‍ ഇഷ്ടപ്പെടുന്നു. പിന്നീട് പ്രാണസഖിയാക്കുന്നു.

യശോധര-----വളരെ ശക്തിയാര്‍ന്ന കഥാപാത്രം.
സിദ്ധാര്‍ത്ഥനെ പരിപൂര്‍ണ്ണമായി മനസ്സിലാക്കിയ ഒരേ ഒരു വ്യക്തി. രാജകുമാരന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടാന്‍ നാടുവിട്ടുപോയി അന്വേഷണം ചെയ്യണമെന്നു യശോധരപറയുമ്പോള്‍, ഗോപയെ ബഹുമാനിയ്ക്കുന്ന സിദ്ധാര്‍ഥന്‍ ഏറ്റവും സന്തുഷ്ടനാകുന്നു.

മകന്‍ രാഹുലിന്‍റെ ഒന്നാം പിറന്നാള്‍ ദിനം. ആഘോഷങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുന്ന പിതാവ്. യശോധരയ്ക്ക് മനസ്സിലാകുന്നു, അന്ന് രാജകുമാരന്‍ കൊട്ടാരം വിട്ടിറങ്ങും എന്ന ദുഃഖകരമായ സത്യം. ഉള്ളിലെ വേദന പുറത്തറിയിക്കാതെ സിദ്ധാര്‍ഥന്‍റെ യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ ചെയ്തു. സന്യാസം തേടിപ്പോകുന്ന വ്യക്തിയ്ക്ക് അനുയോജ്യമായ വസ്ത്രങ്ങള്‍ ശരിപ്പെടുത്തി വെച്ചു. ഏറ്റവും വിശ്വസ്തനായ ഭൃത്യന്‍ ചന്ദ്രനെയും, കാന്തകനെന്ന സിദ്ധാര്‍ത്ഥന്റെ പ്രിയപ്പെട്ട കുതിരയെയും പാതിരാത്രി രാജകുമാരനെ കാട്ടില്‍ കൊണ്ടുപോയി വിടാന്‍ തയ്യാറാക്കി നിര്‍ത്തി ഒന്നുമറിയാത്തവളെപ്പോലെ കൊട്ടാരത്തില്‍ ശയനമുറിയിലെത്തുന്ന ഇളയരാജ്ഞി .

അവസാനിയ്ക്കുന്നില്ല..........
ബോധിസത്വന്‍ --2
രാഹുലിനെ കെട്ടിപ്പിടിച്ചു കിടക്കുമ്പോള്‍ നിശ്ശബ്ദയായി യശോധര തേങ്ങിക്കരഞ്ഞു.
പെട്ടെന്ന് രാഹുല്‍ ഉറക്കത്തിന്നിടയില്‍ 'അച്ഛാ' എന്ന് ആദ്യമായി വിളിച്ചു .മകന്‍റെ അടുത്തു വന്നു നിന്ന് യാത്രപറയാനാകാതെ വിഷമിച്ചു നില്‍ക്കുന്ന അച്ഛന്‍ !  അറിഞ്ഞിട്ടും അറിയാത്ത ഭാവത്തില്‍ അനക്കമില്ലാതെ കിടക്കുന്ന അമ്മ.
ഇനിയെന്ന് കാണുമെന്നു ചോദിയ്ക്കാനാകാതെ സങ്കടവും, ഭയവും ഉള്ളിലൊതുക്കി ശ്വാസം നിയന്ത്രിച്ചു കിടക്കുന്ന യശോധരയുടെ കാതില്‍ സിദ്ധാര്‍ഥന്റെ നിശ്ശബ്ദമായ പാദധ്വനികള്‍ യാത്ര മൊഴിഞ്ഞു.
പിറ്റേന്ന് രാവിലെ കാതില്‍ നിറഞ്ഞു നിന്ന ഉള്‍വിളി -- ഗോപാ, ഞാനിവിടെ കാട്ടില്‍ സ്വതന്ത്രനായി നടക്കുന്നു.....
രാഹുലിന്‍റെ സാന്നിദ്ധ്യമൊഴിച്ചു ബാക്കി സമയത്തെല്ലാം സിദ്ധാര്‍ത്ഥനെ മാത്രം ചിന്തിച്ചിരുന്നു. ദുഖപൂര്‍ണ്ണമായ മുഖത്തോടെ തിരിച്ചെത്തിയചന്ദ്രന്‍, രാജകുമാരന്റെ തലമുടിയും മാലയും രാജാവിനും രാജ്ഞിയ്ക്കും സമര്പ്പിയ്ക്കുന്നു.
സിദ്ധാര്‍ത്ഥന്റെ കുട്ടിക്കാലം ഓര്‍മ്മിപ്പിയ്ക്കുന്ന രാഹുല്‍ ......
ഏകാന്തതയുടെയും, സങ്കടത്തിന്റെയും നാളുകള്‍ നീങ്ങവേ, യശോധര ചിന്തിച്ചു. ഇങ്ങിനെ എത്രനാള്‍ ദുഖിച്ചും നെടുവീര്‍പ്പിട്ടും കഴിയും? രാഹുലിന് അവന്‍റെ അച്ഛന്റെ സ്നേഹം കൂടെ കൊടുക്കണം. ഓര്‍മ്മവെച്ചനാള്‍ മുതല്‍ ചെയ്തുപോന്ന കര്‍ത്തവ്യങ്ങള്‍-- ദീനദു:ഖിതരുടെ കണ്ണീരൊപ്പല്‍--അതും തുടരണം.
യജമാനന്റെ വിയോഗത്തോടെ അവസാന ശ്വാസം വലിച്ച കാന്തകന്‍. സിദ്ധാര്‍ത്ഥനെ എടുത്തു വളര്‍ത്തിയ ചന്ദ്രന്റെ ദുഃഖം.....എല്ലാവര്ക്കും സ്നേഹവും, സമാധാനവും കൊടുക്കേണ്ട കടമ തന്റെതാണ്. പ്രത്യേകിച്ച് ശുദ്ധോദാനരാജാവിനും, രാജപത്നിയ്ക്കും.

അലഞ്ഞുതിരിഞ്ഞു അവസാനം സിദ്ധാര്‍ത്ഥന്‍ എത്തുന്നത് വൈശാലിയിലെ ഗുരു, അളാരകലാമന്റെ അടുത്ത്. അദ്ദേഹത്തിന്റെ ശിഷ്യനായി പലേ ശാസ്ത്രങ്ങളും അഭ്യസിച്ചു. ആശ്രമത്തിലെ കുടിലിലിരുന്നു ധ്യാനത്തിന്റെ വിവിധഘട്ടങ്ങള്‍ പരിശീലിച്ചു. ഒടുവില്‍ സിദ്ധാര്‍ത്ഥനു പോകേണ്ട സമയമടുത്തു. ശിഷ്യന്റെ ചൈതന്യത്തില്‍ തന്റെ ആശ്രമം ധന്യമായെന്നു കരുതിയിരുന്ന ഗുരുവിനു ശിഷ്യനെ തടുക്കാനായില്ല.
ഗംഗയുടെ അക്കരെയുള്ള മഗധ രാജ്യത്തിലേയ്ക്ക് ഭിക്ഷാം ദേഹിയായി മോക്ഷമാര്‍ഗ്ഗം തേടിയുള്ള യാത്ര തുടര്‍ന്നു. കാട്ടിലൂടെ യാത്ര ചെയ്യുമ്പോള്‍ വൃക്ഷലതാദികളും, പക്ഷി മൃഗാദികളും താനും ഒരേ വായു ശ്വസിക്കുന്നതായി അറിഞ്ഞു. കിളികളുടെ ശബ്ദവും ത്ന്റെതും ഒരേ ആളുടെ വരപ്രസാദം. പ്രകൃതിയില്‍ ലയിച്ചങ്ങിനെ സഞ്ചരിക്കവേ, എല്ലാം  ഒന്നായി അനുഭവപ്പെട്ടു.
മഗധയിലെ രാജവീഥികളില്‍ക്കൂടി നടക്കുമ്പോള്‍ ആശ്ച്ചര്യപൂര്‍വം ജനങ്ങള്‍ ആ സന്യാസിയെത്തന്നെ നോക്കി നിന്നു. കഷ്ടപ്പെടുന്ന അനേകം പേര്‍ക്ക് വഴികാണിക്കാനായി കൊട്ടാരത്തില്‍ വന്നു താമസിയ്ക്കാന്‍ ബിംബിസാരരാജാവ് ക്ഷണിച്ചപ്പോള്‍ മോക്ഷമാര്‍ഗ്ഗം തേടിയുള്ള യാത്രയ്ക്കിടയില്‍ അത് സഫലമായാല്‍ .തിരിച്ചുവരാമെന്ന് പറഞ്ഞു സിദ്ധാര്‍ത്ഥന്‍ ഉദ്ദകരാമപുത്രന്റെ പാഠശാലയില്‍ എത്തുന്നു. ചിട്ടയായ ധ്യാനവും, ആത്മീയ വിഷയവും രണ്ടു വര്‍ഷത്തോളം പരിശീലിച്ചു.
ശുദ്ധോദനന്റെ ആള്‍ക്കാര്‍ എവിടെപ്പോയാലും പിന്തുടര്‍ന്നു കൊണ്ടിരുന്നു.
താമസിയാതെ വീണ്ടും ഭിക്ഷാപാത്രവുമെടുത്തു യാത്ര തിരിച്ചു. പോകുമ്പോള്‍ തന്റെ ലക്‌ഷ്യം കണ്ടെത്തിയാല്‍ ഉദ്ദകരാമപുത്രനെ ശിഷ്യനാക്കാമെന്നു വാക്ക് കൊടുക്കുന്നു.
സത്യാന്വേഷണം ജീവിതലക്ഷ്യമാക്കിയ സിദ്ധാര്‍ത്ഥന് അറിയേണ്ടത് ആത്മാവിനെക്കുറിച്ചായിരുന്നില്ല. ജനനമരണങ്ങളുടെ താല്പര്യം, ദുഖങ്ങളില്‍ നിന്നുള്ള മോചനം. ശാശ്വതമായ ആ സത്യത്തെയാണ് അറിയേണ്ടത്. അതുകൊണ്ട് ഇനി  സന്യാസിഗുരുക്കന്മാരെ  അന്വേഷിച്ചു നടക്കേണ്ടതില്ലെന്ന് തീരുമാനിച്ചു.
ഭൂതകാലത്തിലെ ആഴമേറിയ ബന്ധങ്ങള്‍ ഇടയ്ക്കിടെ തികട്ടി വരുന്നു.---രാഹുല്‍, യശോധര ......  പക്ഷെ, ധ്യാനത്തിന്റെ ഉന്നതമായ അവസ്ഥ, ബോധത്തിന്റെയും, അബോധത്തിന്റെയും ഇടയിലുള്ള അവസ്ഥ, മറ്റു ചിന്തകളില്‍ നിന്നുമൊക്കെ മോചനം കിട്ടാന്‍ സാദ്ധ്യമാക്കി.
കാടുകളും, കുന്നുകളും, നദികളും, സമതലങ്ങളും കടന്നുപോകുമ്പോള്‍ സ്വയം പ്രകൃതിയില്‍ ലയിച്ചുപോകാന്‍ സാധിച്ചു. നിറഞ്ഞൊഴുകുന്ന നിരന്ജനപ്പുഴയുടെ സമീപത്തുള്ള താഴ്വരയിലെ അദ്ധ്വാനികളായ കര്‍ഷകര്‍ താമസിയ്ക്കുന്ന സമൃദ്ധസുന്ദരമായ ഉരുവേല ഗ്രാമം.
നദീതീരത്തു വൃക്ഷച്ചുവട്ടില്‍ സദാ ധ്യാനനിരതനായി സിദ്ധാര്‍ത്ഥന്‍ ഇരുന്നു. നാളുകള്‍ കടന്നുപോയതറിഞ്ഞില്ല. ഭിക്ഷയെടുക്കലും നിര്‍ത്തി. രാജകുമാരന്‍ എല്ലും തോലുമായിത്തീര്‍ന്നു. ഒരുതരത്തില്‍ ആത്മപീഡനം തന്നെ.
ഒരുനാള്‍, വനദേവതമാര്‍ക്ക് അര്ച്ചിയ്ക്കാനുള്ള പാല്‍ക്കഞ്ഞിയുമായി പോയിരുന്ന പെണ്‍കുട്ടി നദിക്കരയില്‍ അവശനായിക്കിടക്കുന്ന സന്യാസിയെ കാണുന്നു. അവള്‍ ഒരിറ്റു പാല്‍ ആ ചുണ്ടുകളില്‍ ഇറ്റിച്ചു. ചുണ്ടുകള്‍ അനങ്ങിയപ്പോള്‍ അവള്‍ കുറച്ചു പാലൊഴിച്ചുകൊടുത്തു. സിദ്ധാര്‍ത്ഥ രാജകുമാരന്‍ എഴുന്നേറ്റിരുന്നു. ഏറെനാള്‍ പട്ടിണിയായിരുന്ന വയറ്റില്‍ പാല്‍ക്കഞ്ഞി ചെന്നാല്‍ ദോഷമാണെന്ന് പറഞ്ഞ് ആ പെണ്‍കുട്ടി ചില ഔഷധച്ചെടികള്‍ പറിച്ചെടുത്ത് അവയുടെ നീര് നല്‍കുന്നു.
ആരോഗ്യവാനായ സിദ്ധാര്‍ത്ഥന്‍ ഒരു ഗുഹയിലിരുന്നു തീവ്രമായ ധ്യാനം തുടര്‍ന്നു. ശരീരത്തെ ക്ഷീണിപ്പിച്ചു കൊണ്ടുള്ള ധ്യാനം ശരിയല്ലെന്ന് തീരുമാനിച്ചു.
പരസ്പരവിരുദ്ധമായ പ്രകൃതി---ആകാശത്തിലെ. സൂര്യന്‍, ചന്ദ്രന്‍, താരകള്‍, ഭൂമിയില്‍ വളരുന്ന പുല്ലുകള്‍, വൃക്ഷങ്ങള്‍, ഇലകള്‍, പക്ഷി മൃഗാദികള്‍---ഇവയൊക്കെ എന്തൊരു താളമേളത്തിലാണ് വര്‍ത്തിയ്ക്കുന്നത് ! പക്ഷേ, മനുഷ്യനോ? ജീവിതത്തില്‍ കണ്ടുമുട്ടുന്ന ബന്ധുക്കള്‍, പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നവര്‍, ആരുമായും അന്യത്വം ഇല്ലെങ്കില്‍ പിന്നെന്തിനാണ് പരസ്പരസ്പര്‍ദ്ധ? പിന്നെന്തിനാണ് അക്രമങ്ങളും, ധര്മ്മസങ്കടങ്ങളും, നിരാശയും, ദുഖവുമൊക്കെ ഉണ്ടാകുന്നത്?
അതിനുള്ള മറുപടി കിട്ടണം. കഠിനധ്യാനത്തിലൂടെ പരിപൂര്‍ണ്ണ ധ്യാനാവസ്ഥയിലേയ്ക്ക് എത്തിച്ചേരാന്‍ സിദ്ധാര്‍ത്ഥന്‍ തീരുമാനിച്ചു.
അവസാനിയ്ക്കുന്നില്ല......
ബോധിസത്വന്‍ --3
ധ്യാനത്തിന്റെ പരിപൂര്‍ണ്ണ അവസ്ഥയില്‍ ഭാരതം നിറഞ്ഞു നില്‍ക്കുന്ന വിരാട് പുരുഷനെ, ഹിമാലയം മുതല്‍ തെക്ക് സമുദ്രം വരെ, കിഴക്കും പടിഞ്ഞാറും ആഴികള്‍ക്കിടയില്‍ അനന്തശായിയായിക്കിടക്കുന്ന ബുദ്ധരൂപത്തെ സിദ്ധാര്‍ത്ഥന്‍ സ്വപ്നത്തില്‍  കണ്ടു..
ശ്രീബുദ്ധന്റെ പൊക്കിളില്‍ നിന്നും മുളച്ചു പൊന്തിയ താമരപ്പൂ വലുതായി മേഘം മുട്ടും വരെ മുകളിലേക്കുയര്‍ന്നു .അതിനു ചുറ്റും സ്വര്‍ണ്ണച്ചിറകുകളുള്ള പറവകള്‍ നിരന്നു നിന്നു.
ജ്ഞാനോദയത്തിന്റെ ശുഭകരമായ ലക്ഷണം.
അധികം താമസിയാതെ ഒരു വൈശാഖ പൌര്‍ണ്ണമി നാളില്‍ നദീതീരത്തു സാധാരണ ധ്യാനത്തിനായിരിയ്ക്കുന്ന ആല്‍മരച്ചുവട്ടില്‍, എന്ത് വന്നാലും ശരി, ജ്ഞാനപ്രകാശം ലഭിച്ചേ താന്‍ ഈ ഇരുപ്പില്‍ നിന്നും ഇളകൂ എന്ന് തീരുമാനിച്ച് മൂലപ്രകൃതിയെ മനസ്സിന്റെ സാക്ഷിയാക്കി പദ്മാസനത്തില്‍ ഇരുപ്പുറപ്പിച്ചു. സൂക്ഷ്മമായ ഏകാഗ്രതയില്‍ ആഴ്നിറങ്ങി സമാധിയില്‍ ലയിച്ചു.
അര്‍ത്ഥരാത്രിയില്‍ തന്നിലൂടെ ആഴ്ന്നിറങ്ങിയ പ്രകാശം, അറിവിന്റെ ബോധം ആണെന്നറിഞ്ഞു. ആകാശവും ഭൂമിയും പ്രകൃതിയിലെ സകലജീവജാലങ്ങളും തന്റെ ജീവകോശങ്ങളോട് ബന്ധപ്പെട്ടതാണെന്നും, അവ ത്രികാലങ്ങള്‍ക്കതീതമായി വര്‍ത്തിയ്ക്കുന്നുവെന്നും മനസ്സിലായി.
സിദ്ധാര്‍ത്ഥന്‍ വിചാരിച്ചു--തനിക്കറിയേണ്ട സത്യം ഇതല്ലല്ലോ.
വീണ്ടും ധ്യാനത്തിലേക്ക് ആഴ്ന്നിറങ്ങി. പരസ്പരം ഇഴചേര്‍ന്നു കിടക്കുന്ന ജീവജാലങ്ങള്‍ ജനനമരണങ്ങള്‍ക്കിടയില്‍ക്കിടന്നുഴലുന്നു.
കടലിലെ തിരമാലകള്‍ തിരിച്ചറിയുകയാണ്, താനും ഈ കടലിലെ ജലം തന്നെയെന്ന്. ഉയര്‍ന്ന് പൊങ്ങുന്നതോ താഴുന്നതോ, നുരയും പതയുമോ ഓര്‍ത്ത്‌ വ്യാകുലപ്പെടെണ്ടതില്ല. ജലപ്പരപ്പിലെ നിതാന്ത ശാന്തത അനുഭവിച്ച് അതില്‍ ലയിക്കുവാന്‍ കഴിയണം.
അന്തരീക്ഷം പെട്ടെന്ന് മാറി. കാര്‍മേഘം ചന്ദ്രനെ മറച്ചു, ഇടിയും മിന്നലും, കോരിച്ചൊരിയുന്ന മഴയും പെട്ടെന്നുണ്ടായി. വിവേകം അല്ലെങ്കില്‍ അറിവ് തന്റെ ഉള്ളില്‍ നിറഞ്ഞതായി സിദ്ധാര്‍ത്ഥന് അനുഭവപ്പെട്ടു.
ജനനമരണക്കൂട്ടില്‍ നിന്നും പുറത്തു കടന്ന അനുഭൂതിയായിരുന്നു സിദ്ധാര്‍ത്ഥന് അപ്പോള്‍.
ഇതുതന്നെയാണ് താന്‍ തേടിയ സത്യം. ആഹ്ളാദത്തിലമര്‍ന്ന രാജകുമാരന്‍ ഉറക്കെപ്പറഞ്ഞു. ദുഖത്തിന്റെ കാരണങ്ങള്‍ അറിഞ്ഞാല്‍ സഹാനുഭൂതിയുണ്ടാകും. അത് സ്നേഹമായി മാറും. സ്നേഹം യഥാര്‍ത്ഥ അറിവാണ്. സ്വാതന്ത്ര്യത്തിന്റെ രഹസ്യമാണത്. .
ശരിയായ അറിവ്, ശരിയായ വാക്ക്, ശരിയായ വിചാരം, ശരിയായ പ്രവര്‍ത്തി ......
നേരായ ജീവിതചര്യ, നിര്‍വ്യാജമായ പ്രയത്നം, ശരിയായ ഏകാഗ്രത, ശരിയായ ജാഗ്രത----മഹനീയമായ ജീവിതപഥത്തെ സിദ്ധാര്‍ത്ഥന്‍ മനസ്സുകൊണ്ട് സമര്‍ത്ഥിച്ചു.
പെട്ടെന്ന് അന്തരീക്ഷം തെളിഞ്ഞു. സിദ്ധാര്‍ത്ഥന്റെ മനസ്സും..
അജ്ഞതയുടെ ബന്ധനത്തില്‍ നിന്നും മുക്തനായത്,
 എവിടെയോ സ്വാതത്ര്യത്തിന്റെ സുഖം അനുഭവപ്പെടുന്നത്, 
ഏതോ ദിവ്യാനുഭൂതിയില്‍ മുങ്ങിക്കുളിച്ച അനുഭവം ഉണ്ടായത്, 
എല്ലാ ബന്ധനങ്ങളില്‍ നിന്നും മുക്തനായ അവസ്ഥയുണ്ടായത്
എല്ലാം നിമിഷനേരങ്ങള്‍ കൊണ്ട് അനുഭവിച്ചറിഞ്ഞു..
ഒരു പുനര്ജ്ജന്മാനുഭവം !.സിദ്ധാര്‍ത്ഥന്‍ കണ്ണുകള്‍ തുറന്നു. 
ദീപ്തമായ ആകാശം.
തന്നെ നോക്കി നില്‍ക്കുന്ന ശുക്രനക്ഷത്രം......
തന്റെ ചുറ്റുമുള്ള പുല്‍ച്ചെടികളുടെ, വൃക്ഷങ്ങളുടെ, വെള്ളം കുടിയ്ക്കാന്‍ മറന്ന് വിടര്‍ന്ന കണ്ണുകളോടെ തന്നെ ശ്രദ്ധിച്ചു നില്‍ക്കുന്ന മാൻപേടകള്‍..എല്ലാത്തിന്റെയും സ്പന്ദനങ്ങള്‍ സിദ്ധാര്‍ത്ഥന് അനുഭവപ്പെട്ടു.
പ്രകൃതിയുടെ കാരുണ്യത്താല്‍ മുഖം താമരപ്പൂപോലെ വിടര്‍ന്നു.
December 5, 2016 
ബോധിസത്വന്‍ -4
പിറ്റേന്ന് രാവിലെ തനിയ്ക്ക് പാല്‍ക്കഞ്ഞിതന്നു ജീവന്‍ രക്ഷിച്ച സുജാതയെന്ന പെണ്‍കുട്ടിയോട് തന്റെ അനുഭവം സിദ്ധാര്‍ത്ഥന്‍ പങ്കുവെച്ചു. സുജാത പറഞ്ഞു--മാഗധി ഭാഷയില്‍ ഉണര്‍വ്വ് കിട്ടിയ ആളെ 'ബുധ' എന്നാണു പറയുക. അപ്പോള്‍ താങ്കള്‍ 'ബുദ്ധ' നായി. ഈ അരയാല്‍ വൃക്ഷം, ബോധിവൃക്ഷമായി .
ബോധിവൃക്ഷത്തെ നമസ്ക്കരിച്ച സുജാതയുടെ നിറുകയില്‍ 'ബുദ്ധന്‍റെ' കരസ്പര്‍ശമേറ്റപ്പോള്‍ അവള്‍ക്കു ദിവ്യാനുഭവം ഉണ്ടായി..
തനിക്കു കിട്ടിയ അനുഭൂതി ബുദ്ധന്‍ മറ്റുള്ളവരിലേക്ക് പകരാന്‍ ആഗ്രഹിച്ചു.
കുറച്ചുനാള്‍ കൂടി തപസ്സു തുടര്‍ന്നു. തന്റെ കൂടെയുള്ള ശിഷ്യര്‍ക്കു അറിവ് പങ്കുവെച്ചു. വീണ്ടും ഗംഗാ നദി കടന്നു മഗധയിലെത്തി. മുന്നോട്ടു പോകുന്തോറും ബുദ്ധഭിക്ഷുക്കളുടെ എണ്ണം കൂടിത്തുടങ്ങി. പലേ സന്യാസിമാരുമായി സംവാദങ്ങള്‍ ഉണ്ടായി .
വേദങ്ങളെ ഉദ്ധരിച്ചു ബുദ്ധന്‍ പ്രഭാഷണങ്ങള്‍ നടത്തി. വളരെ ലളിതമായ ഭാഷയില്‍ വേദങ്ങളെ വിശദീകരിച്ചു. ജലം, അഗ്നി, വായു, ജീവജാലങ്ങള്‍ ഇവയൊക്കെ പ്രകൃതിയിലെ ജീവജാലങ്ങലളുമായി എങ്ങിനെ ബന്ധപ്പെട്ടു കിടക്കുന്നുവെന്ന മഹാസത്യം ലളിതമായി വിവരിച്ചു.
ഈ സത്യമറിഞ്ഞാല്‍ പിന്നെ പരസ്പരസ്പര്ദ്ധയില്ല, ദുഖമില്ല. അഹിംസയില്‍ ഉറച്ച ബുദ്ധന്‍റെ തത്വങ്ങള്‍ ജനങ്ങള്‍ ഒന്നടങ്കം ഏറ്റുവാങ്ങി. അനുയായികള്‍ പരസഹസ്രങ്ങളായി മാറി. ഭിക്ഷാംദേഹികളായ സന്യാസിമാര്‍ വരിവരിയായി ഒരേ പാദചലനങ്ങളോടെ നടന്നു നീങ്ങിയപ്പോള്‍ പ്രകൃതിയില്‍ ഓംകാരധ്വനി ഉയര്‍ന്നു.
അങ്ങിനെ ഒരുനാള്‍ ഭിക്ഷു സന്യാസിമാര്‍ കപിലവസ്തുവില്‍ എത്തിച്ചേര്‍ന്നു. ശുദ്ധോദനരാജാവും, പരിവാരങ്ങളും ശ്രീബുദ്ധനെ എതിരേല്‍ക്കാന്‍ ചെന്നു. മുത്തശ്ശന്റെ കൂടെ അച്ഛനെ എതിരേല്‍ക്കാന്‍ രാഹുലും എത്തിച്ചേര്‍ന്നു..
രാജാവ് മകന്റെ അടുത്തെത്തിയപ്പോള്‍ മകനില്‍ നിന്നും ദിവ്യ പ്രകാശം അച്ഛനിലും പകര്‍ന്നു. മുത്തശ്ശന്റെ കൈപിടിച്ചു നടന്ന ഏഴു വയസ്സുകാരന്‍ ചോദിച്ചു--പൂജ്യനായ സന്യാസീ, അങ്ങെന്നെ അറിയുമോ? അമ്മ പറഞ്ഞു, അങ്ങ് എന്റെ അച്ഛനാണ് എന്ന്. കേട്ടുനിന്നവരുടെ മനസ്സ് ഒരു നിമിഷത്തേയ്ക്ക് തളര്ന്നുവോ?
ആ സമയത്ത് ബുദ്ധഭഗവാന്‍ ഒരു നിമിഷത്തേയ്ക്കെങ്കിലും സിദ്ധാര്‍ത്ഥനായി മാറിയിട്ടുണ്ടാകുമോ?
'ഞാന്‍ ലക്‌ഷ്യം നേടി തിരിച്ചുവന്നു' എന്ന് പറഞ്ഞ് യശോധരയെ ഏകാന്തതയില്‍  സന്ദര്‍ശിയ്ക്കുന്ന ബുദ്ധന്‍, താന്‍ സമ്മാനിച്ചിരുന്ന മുത്തുമാലയുമണിഞ്ഞു ശുഭ്രവസ്ത്രധാരിയായ, കര്‍മ്മനിഷ്ടയായ യോഗിനിയെപ്പോലുള്ള യശോധരയെ അനുഗ്രഹിച്ചു ദിവ്യാനുഭൂതി അവളിലേക്ക്‌ ചൊരിഞ്ഞു. ആശങ്കകളും, വേദനകളും അകറ്റാനുള്ള ഉപദേശങ്ങളും നല്‍കി.
കപിലവസ്തുവിലെ ആഥിത്യം സ്വീകരിച്ചു കഴിയവേ, നിരവധി പ്രജകളും, രാജാവുതന്നെയും ബുദ്ധന്‍റെ അനുഗാമികളായി മാറി. ബുദ്ധതത്വങ്ങള്‍ സാധാരണക്കാരിലേക്ക് പെട്ടെന്ന് ഇറങ്ങിച്ചെന്നു.
മനസ്സാണ് ഭയം ഉണ്ടാക്കുന്നത്‌. പ്രകൃതിയില്‍ നിന്നും അകന്ന്നു നില്‍ക്കുമ്പോളാണ് ഭയം ഉണ്ടാകുന്നത്. മനുഷ്യന്റെ ഉള്ളിലെ അജ്ഞത, അവശത എന്നിവയൊക്കെ മാറണമെങ്കില്‍ ഹൃദയം ശുദ്ധമായിരിയ്ക്കണം. .ഭിക്ഷ യാചിക്കുന്നതു അഹങ്കാരമില്ലാതാക്കും. വേദങ്ങള്‍, പഞ്ചഭൂതങ്ങള്‍ തുടങ്ങി പ്രകൃതിയിലെ സകലജീവജാലങ്ങളോടുമുള്ള മനുഷ്യന്റെ കടപ്പാട് വിശദീകരിച്ചു. ശ്വസനപ്രക്രിയയുടെ പ്രാധാന്യം ജനങ്ങളെ മനസ്സിലാക്കി.
അച്ഛന്റെ പാതയിലൂടെ നീങ്ങാന്‍ രാഹുലിനും ആഗ്രഹം. അമ്മ തടഞ്ഞില്ല. രാഹുല്‍ പോകുമ്പോള്‍ അമ്മ, അച്ഛന്‍ കുട്ടിക്കാലത്ത് വിളിച്ചിരുന്ന ഓടക്കുഴല്‍ കൊടുത്തയക്കുന്നു. ഓരോരുത്തരും അവനവന്‍റെ സത്യം കണ്ടത്തട്ടെ. രാഹുലും അച്ഛന്റെ വിരല്‍ത്തൂമ്പില്‍ തൂങ്ങി സന്യാസിമാരുടെ കൂടെ നടന്നു നീങ്ങിയപ്പോള്‍ യശോധര കൊട്ടാരം വിട്ടു കുടിലില്‍ താമസമാക്കി ധ്യാനനിരതയായി ശിഷ്ട ജീവിതം കഴിച്ചുകൂട്ടി. അവശരായവരെ സാന്ത്വനപ്പെടുത്തി.
വര്‍ഷങ്ങള്‍ കഴിഞ്ഞു.
യശോധര പരിപൂര്‍ണ്ണ യോഗിനിയായി മാറി. ഒരു നാള്‍ 78 -ആം വയസ്സില്‍, അവര്‍ ഇഹലോകവാസം വെടിഞ്ഞു.
രണ്ടു വര്ഷം കഴിഞ്ഞു ൮൦-ആം വയസ്സില്‍ ഈ ലോകത്തിന്റെ പ്രകാശമായിരുന്ന ശ്രീബുദ്ധനും ദേഹത്യാഗം ചെയ്തു.
സിദ്ധാര്‍ത്ഥ രാജകുമാരന്റെ നിഷ്ക്കളങ്കത നിറഞ്ഞ, സഹാനുഭൂതി നിറഞ്ഞ മനസ്സറിഞ്ഞ രാജകുമാരി, അവശരെ സഹായിക്കല്‍ ചര്യയായിക്കരുതിയ യശോധര, സിദ്ധാര്‍ത്ഥന്‍റെ മനസ്സ് പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ കഴിഞ്ഞവള്‍, രാജകുമാരന്‍ സന്യാസം സ്വീകരിച്ചു കൊട്ടാരം വിട്ടുപോകുമ്പോള്‍ വേദനയോടെയെങ്കിലും പൂര്‍ണ്ണമനസ്സോടെ യാത്രയയക്കുന്നവൾ ,....
ഓരോരോ വികാരം തുളുമ്പി നില്‍ക്കുന്ന സംഭവങ്ങളും മനോഹരമായാണ് ശ്രീമതി കെ.ബി ശ്രീദേവി നമുക്ക് മുന്നില്‍ കാണിച്ചു തരുന്നത്. കഠിനമായ തപശ്ചര്യക്കിടയിലും ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന ഓടക്കുഴല്‍ വിളിച്ചു കൂടെയുള്ള ശിഷ്യരെയും, പക്ഷി മൃഗാദികളെയും സാന്ത്വനിപ്പിയ്ക്കുന്ന രാഹുല്‍.
അക്ഷരങ്ങളിലൂടെ ബോധിസത്വനെ കാണിച്ചു തന്ന, കൂടെ കൊണ്ട് നടന്ന ഗ്രന്ഥ രചയിതാവിന് വിനീതമായ കൂപ്പുകൈ. നിശ്ശബ്ദയായി കരയുന്ന യശോധരയുടെ തേങ്ങല്‍ വായനക്കാരിലും പ്രതിഫലിയ്ക്കാന്‍ സാധ്യമാക്കിയ അവരുടെ കഴിവിനെ പ്രകീര്‍ത്തിയ്ക്കട്ടെ. വളരെ കഠിനമെന്നു വിചാരിച്ചിരുന്ന ബുദ്ധതത്വങ്ങള്‍ സുഖമായി മനസ്സിലാക്കാന്‍ സാധിപ്പിച്ചു തന്നതില്‍ വളരെ നന്ദി. വായിച്ചു തീരുമ്പോള്‍ എന്തോ ശൂന്യത, നഷ്ടബോധം അനുഭവപ്പെടുന്നു 
എന്നാൽ.ബോധിസത്വന്റെ പ്രഭാവലയം നമ്മേക്കൂടി സംരക്ഷിക്കുമെന്ന ഒരു വിശ്വാസം......
അത് ആശ്വാസത്തിന്റെ കുളിരായി സ്പര്ശിയ്ക്കുംപോള്‍ ധന്യമാകുന്ന മനസ്സ്...........
ബുദ്ധം ശരണം ഗച്ഛാമി
ചരണം ബുദ്ധം ഗച്ഛാമി

Wednesday, 3 November 2021

വായന--യജ്ഞം f


സ്പന്ദനങ്ങള്‍---വായന

(യജ്ഞം)


ജനുവരി 26, 2020


മുത്തശ്ശിക്കഥകള്‍ക്ക് എക്കാലത്തും നല്ല ശ്രോതാക്കളുണ്ടാകും എന്നത്  തീര്‍ച്ചതന്നെ.


സ്മാര്‍ത്തവിചാരവും, ഭ്രഷ്ടുമൊക്കെ മുത്തശ്ശിമാര്‍ പോലും കേട്ടുമറന്ന കഥകളായിത്തുടങ്ങി. അല്ലെങ്കില്‍ ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്തതായി മാറി.  കാലത്തിനൊപ്പം മാറ്റങ്ങള്‍ സംഭവിയ്ക്കുമ്പോള്‍ ദുരന്തങ്ങള്‍ ഇല്ലാതാവുന്നില്ല. അതിന്റെ രീതി മാറുന്നു എന്ന് മാത്രം. അനുഭവങ്ങളുടെ വെളിച്ചത്തില്‍ എങ്ങിനെ അതിനെ നേരിടുന്നു എന്നതാണല്ലോ  പ്രധാനം.


അനുഭവസ്ഥര്‍ പറഞ്ഞു കേട്ടും, വായിച്ചും, ദൃശ്യമാദ്ധ്യമങ്ങളിലൂടെയും  നാലുകെട്ടിന്നുള്ളില്‍ ഒതുങ്ങിപ്പോയിരുന്ന ദീനരോദനത്തിന്റെ അലയടികളും, കരിപുരണ്ട ജീവിതസംഭവങ്ങളും ഇടയ്ക്ക് പഴയ കാലത്തേയ്ക്ക് നമ്മളെ കൂട്ടിക്കൊണ്ടു പോകുന്നു.

ഒരു നൂറ്റാണ്ട് മുന്‍പ്‌ നമ്മള്‍ എവിടെ നിന്നിരുന്നു എന്നനുസ്മരിപ്പിയ്ക്കുന്ന  നാഴികക്കല്ലുകളില്‍ ഒന്നാണ് ശ്രീമതി കെ.ബി ശ്രീദേവിയുടെ  ' യജ്ഞ ' മെന്ന  നോവല്‍. ജീവിതത്തിന്റെ‍ സുഗമമായ ഒഴുക്കിന്  ശാന്തിയും ആനന്ദവും അടുക്കും ചിട്ടയും ഉണ്ടാക്കാന്‍ സഹായിക്കുന്ന ആചാരങ്ങളെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കായി വളച്ചൊടിച്ച് അനാചാരങ്ങളാക്കി മാറ്റിയവരുടെ കാലഘട്ടത്തില്‍ ഓരോ നിമിഷവും മരിച്ചു ജീവിച്ചിരുന്നവരുടെ കഥ. ജീവിതം യജ്ഞകുണ്ഡത്തില്‍ ഹോമിക്കാന്‍ വിധിയ്ക്കപ്പെട്ടവരുടെ കഥ.


നമ്പൂതിരിമാര്‍ തങ്ങളുടെ ജന്മിത്തം, സമൂഹത്തിലെ മേല്‍ക്കോയ്മ,  വേദാധികാരം എന്നിവയുടെയൊക്കെ ചുവട് പറ്റി അനാചാരങ്ങളിലേക്ക് കൂപ്പുകുത്തിയിരുന്ന ഒരു കാലം. പുരുഷമേധാവിത്വത്തിന്‍റെ പ്രാകൃതവശം ഏറ്റുവാങ്ങി നാലുകെട്ടെന്ന തടവറയില്‍ ജീവിതകാലം മുഴുവന്‍ നരകിക്കേണ്ടി വന്ന അന്തര്ജ്ജനങ്ങളുടെയും ദുരിതങ്ങള്‍ ഏറ്റുവാങ്ങേണ്ടിവരുന്ന മറ്റു കുടുംബാംഗങ്ങളുടെയും ദുഃഖപൂരിതമായ കഥയാണ് 'യജ്ഞം'. 9 അദ്ധ്യായങ്ങളിലായി 150 ഓളം പജുകളില്‍ ഒതുക്കി എഴുത്തുകാരി മൂന്നു തലമുറകളുടെ സംഭവബഹുലമായ ജീവിതം കുറഞ്ഞ, സ്പഷ്ടമായ വാക്കുകളിലൂടെ നമ്മളില്‍ എത്തിച്ചിരിയ്ക്കുന്നു. വളരെ വലിയൊരു പ്രമേയം. കുറച്ചു വാചകങ്ങള്‍. പേരെടുത്തു ഓര്‍ക്കാവുന്ന കഥാപാത്രങ്ങള്‍. ഒരു വ്യക്തിയില്‍, ഒരു കുടുംബത്തില്‍, ഒരു സമൂഹത്തില്‍  മാത്രം ഒതുങ്ങാത്ത സംഭവവികാസങ്ങള്‍. എല്ലാം വളരെ ലളിതമായി എന്നാല്‍ ആഴത്തില്‍ മനസ്സില്‍ പതിയും വിധം ഈ പുസ്തകത്തില്‍ ഉള്ളടക്കം ചെയ്തിരിക്കുന്നു. നോവലിലെ മൂന്നാം തലമുറ നവോത്ഥാന കാലഘട്ടത്തിലേക്ക് കാലെടുത്തു വെയ്ക്കുന്നതോടെ കഥ  അവസാനിയ്ക്കുന്നു.


തനിയ്ക്കോ, കുടുംബത്തിനോ, സമൂഹത്തിനോ നാശമല്ലാതെ ഗുണം തീരെ ചെയ്യാത്ത ആചാരങ്ങളെ മുറുകെപ്പിടിച്ചുകൊണ്ട്‌ ജീവിക്കുന്നവരെ, മാറ്റങ്ങളെ ഉള്‍ക്കൊള്ളുകയും അനാചാരങ്ങളെ തുടച്ചു മാറ്റി ജീവിതസരണിയെ ശാന്തമായി ഒഴുകാന്‍ അനുവദിയ്ക്കുകയും ചെയ്യാത്തവരെ സംസ്ക്കാരമുള്ളവര്‍ എന്ന് ഒരിക്കലും പറയാന്‍ പറ്റില്ല. അങ്ങിനെയുള്ള കുടുംബത്തിലേക്ക് കാലെടുത്ത വെച്ച നങ്ങേമ എന്ന കഥാപാത്രം രണ്ടാം തലമുറയെ പ്രതിനിധാനം ചെയ്യുന്നു. വളരെ മാന്യമായ ഉയര്‍ന്ന ചിന്തകളുള്ളവള്‍. സാഹചര്യങ്ങള്‍  കണ്ടറിഞ്ഞ്‌ പ്രവര്‍ത്തിക്കാന്‍ മിടുക്കി. അനുയോജ്യനായ, ഉത്തമനായ ഭര്‍ത്താവിന്‍റെ കൂടെ സന്തുഷ്ടയായി ജീവിക്കാന്‍ തുടങ്ങവേ, ജീവിതം ആകെ തകിടം മറിയുന്നു..


നാലുകെട്ടിനോടുള്ള പ്രതികാരമെന്നോണം, പിഴച്ചുപോയ അന്തര്‍ജ്ജനം നങ്ങേമയുടെ കുഞ്ഞുക്കുട്ടനെക്കൂടി കെണിയില്‍പ്പെടുത്തി. താന്‍ വശീകരിച്ചു വരുത്തിയവരുടെയും, തന്‍റെ വലയില്‍ വീഴാത്തവരെയും അവള്‍ സ്മാര്‍ത്തവിചാരം ചെയ്യപ്പെട്ടവരുടെ ലിസ്റ്റ്ല്‍പ്പെടുത്തി. തന്‍റെ വിധിയോട്, തന്നെ മരണം വരെ തടവറയിലിട്ട് ഉപദ്രവിയ്ക്കാന്‍ പോകുന്ന ബന്ധുജനങ്ങളോട്, കാഴ്ച്ചക്കാരായ സമൂഹത്തിനോട് അവര്‍ കൂസലില്ലാതെ പൊരുതുകയാണ്. അല്ലെങ്കിൽ പക തീർക്കുകയാണ്.


നോവലിലെ ശക്തരായ രണ്ടു കഥാപാത്രങ്ങള്‍ ( രണ്ടല്ല, മൂന്ന് എന്ന് തന്നെ പറയണം.) സ്ത്രീകള്‍ തന്നെ എന്നത് ശ്രദ്ധേയമാണ്. സാഹചര്യങ്ങള്‍ സമ്മാനിച്ച വ്യത്യസ്ത അവസ്ഥാവിശേഷങ്ങളില്‍ക്കൂടി കടന്നുപോകേണ്ടി വന്നവര്‍. ഏതു ശരി ഏതു തെറ്റ് എന്ന് തീര്‍പ്പ് കല്‍പ്പിക്കാന്‍ സമൂഹത്തിന് അല്ലെങ്കില്‍  വായനക്കാര്‍ക്ക് അത്ര എളുപ്പത്തില്‍ സാദ്ധ്യമല്ല. രണ്ടു വിധത്തിലാണ് രണ്ടു പേരുടെയും ജീവിതത്തിനോട് അഥവാ  സമൂഹത്തിനോടുള്ള സമീപനം അല്ലെങ്കില്‍ പ്രതികരണം. അതും ഒരേ കാലഘട്ടത്തില്‍ ! ഒരു ഭാഗത്ത് സര്‍വംസഹയായ അന്തര്‍ജ്ജനം. മറുഭാഗത്ത്‌ സംഹാരരുദ്രയായ മറ്റൊരുവളും. അവനവന്റെ രീതിയില്‍ പൊരുത്തപ്പെട്ടും പയറ്റിയും മുന്നോട്ടു പോകുന്നവര്‍. കാലത്തിന്റെ കുത്തൊഴുക്കില്‍ മുങ്ങിത്താണു ജീവിതം പോക്കുന്ന ആത്മാക്കള്‍......


ഭ്രഷ്ട് കല്‍പ്പിച്ചു നാടുകടത്തപ്പെട്ട കുഞ്ഞുക്കുട്ടന്‍, ഗര്‍ഭിണിയായ നങ്ങേമയോടും അമ്മയോടും മറ്റു കുടുംബാംഗങ്ങളോടും അവസാനമായി യാത്രപറയുന്ന രംഗം ഹൃദയത്തെ ആഴത്തിൽ സ്പര്‍ശിക്കുന്നു. മകന്‍റെ വേര്‍പാടോടെ ശാരീരികവും മാനസികവുമായി രോഗിണിയായിത്തീര്‍ന്ന അമ്മ. ആ അമ്മയെ ശുശ്രൂഷിച്ചും, ഭ്രഷ്ടന്റെ മകളായതിനാല്‍ സ്പര്‍ശന വിലക്കുകളാൽ വേണ്ടപോലെ മകളെ താലോലിക്കാന്‍ സാധിയ്ക്കാത്തതിന്റെ ദുഃഖം സഹിച്ചും കുടുംബത്തിന് വേണ്ടി ശിഷ്ടജീവിതം നയിക്കുന്ന നങ്ങേമ. 


മകള്‍ സാവിത്രിയുടെ കളിക്കൂട്ടുകാര്‍ കുട്ടനും വലിയച്ഛനും മാത്രമായിരുന്നു നങ്ങേമ ഒരാശ്വാസത്തോടെ നല്ലൊരു നാളെയുടെ  ശുഭപ്രതീക്ഷയില്‍ നാളുകള്‍ നീക്കുമ്പോള്‍ സാവിത്രി വലുതായി എന്നറിയുന്നു. അവള്‍  അനാചാരങ്ങളെ ചോദ്യം ചെയ്യാന്‍ തുടങ്ങി. ഒടുവില്‍ ആ ദുഃഖസത്യം അവള്‍ അറിയുന്നു_ താന്‍ ഭ്രഷ്ടന്റെ മകളാണ്! ഒരിക്കലും അച്ഛന്‍ തിരിച്ചുവരില്ലെന്ന അറിവ്, അമ്മയുടെ തീരാ സങ്കടം.....എല്ലാം സാവിത്രിയുടെ വിദ്വേഷത്തെ ആളിക്കത്തിച്ചു. ഇത് തിരിച്ചറിഞ്ഞ അമ്മ പ്രാര്‍ത്ഥിച്ചു,---- ഈ അഗ്നി പോഷണത്തിനായി ഭവിയ്ക്കട്ടെ .........


അച്ഛന്റെ യോഗ്യതകളെല്ലാം ലഭിച്ച മകളെക്കുറിച്ച്‌ സന്തോഷിക്കുകയും  വേവലാതിപ്പെടുകായും ചെയ്യുന്ന 'അമ്മ. ഓരോ ജീവിതത്തിനും അതിന്‍റേതായ ഗതിയുണ്ടെന്നു ആശ്വസിയ്ക്കുന്ന അമ്മ. കുന്തീദേവിയെപ്പോലെ എനിക്ക് ദുഃഖം തരണേ എന്ന് പ്രാര്‍ത്ഥിച്ച അമ്മ, എല്ലാം കൃഷ്ണനില്‍ സമര്‍പ്പിച്ചു കൊണ്ട് ആശ്വസിച്ചു -- എല്ലാം തികഞ്ഞ് ഈ ഭൂമിയില്‍ ആരും തന്നെ ഉണ്ടാകില്ലല്ലോ ! അങ്ങിനെ ആ അമ്മ  അഭിലാഷങ്ങളെല്ലാം ഉള്ളിലടക്കി  ഒരു നെയ്ത്തിരിപോലെ കത്തിത്തീര്‍ന്നു. 


വലിയച്ഛനെന്ന  സാത്വികനായ കുടുംബനാഥന്‍. അനാചാരങ്ങളെ തിരിച്ചറിയുമ്പോഴും നിസ്സഹായനായി നില്‍ക്കേണ്ടി വന്ന ഒരു സ്നേഹധനനായ മനുഷ്യന്‍. സാവിത്രിയേയും, നങ്ങേമയേയും കരുണയോടെ സംരക്ഷിച്ചു. കാരണവരായ അദ്ദേഹം അച്ഛന്റെ സ്ഥാനത്തു നിന്ന് അനുഗ്രഹാശിസ്സുകളോടെ സാവിത്രിയെ കുട്ടന്റെ കയ്യില്‍ ഏൽപ്പിയ്ക്കുന്നു.


നോവല്‍ അവസാനിയ്ക്കുന്നത്  അച്ഛനെക്കുറിച്ച്  അമ്മ പറഞ്ഞ ഒരു വാചകം സാവിത്രി ഓര്‍മ്മിച്ചുകൊണ്ടാണ്.-----ആളുകള്‍ എന്തൊക്കെ പറഞ്ഞാലും  ഒരു കാര്യം വിശ്വസിയ്ക്കണം --- അച്ഛന്‍ ഒരു വലിയ ആളായിരുന്നു ....

 .


സ്മാര്‍ത്തവിചാരം, ഭ്രഷ്ട് എന്നീ പദങ്ങള്‍ പുതിയ തലമുറയ്ക്ക്  വിചിത്രങ്ങളാകാം. പഴയ തലമുറക്ക് ഒരു വീണ്ടുവിചാരവുമില്ലാതെ അന്ധമായി തുടര്‍ന്നിരുന്ന ആ പദങ്ങള്‍ ഉദ്ദേശിയ്ക്കുന്ന ആചരണങ്ങള്‍ തനി കാടത്തമായും തോന്നിയേക്കാം. ഇന്ന് ഇങ്ങിനെ ആയതില്‍ ഇന്നലെയ്ക്കുള്ള പങ്കു വളരെ വലുത് തന്നെ. .

എന്തായാലും  പുതിയ തലമുറ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് ഉചിതമായ  പാതയില്‍ക്കൂടെ സഞ്ചരിയ്ക്കട്ടെ. ശാന്തിയും സമാധാനവും ആനന്ദവും വര്‍ണ്ണാഭമാക്കിയ പാതയില്‍ക്കൂടി ......


നാലര പതിറ്റാണ്ട് മുന്നേ പ്രസിദ്ധീകരിച്ച ഈ നോവലിന് കുങ്കുമം അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ചരിത്രസംഭവം രേഖപ്പെടുത്തിയ ഈ നോവലിന് വേണ്ട അംഗീകാരം ലഭിച്ചിട്ടില്ലാ എന്നൊരു തോന്നല്‍. ഒരു പക്ഷെ, പ്രത്യേക വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങളിലെ സംഭവങ്ങളായത് കൊണ്ടായിരിയ്ക്കുമോ?


ഒരിക്കല്‍ നാട്ടില്‍ വന്നപ്പോളാണ്‌ 'യജ്ഞം' എന്ന പുസ്തകം കാണുന്നത്. ഒറ്റയിരിപ്പില്‍ ഇരുന്നു വായിച്ചു തീര്‍ത്തു. പിന്നീട് കാശിയിലായിരുന്നപ്പോള്‍,  ഗംഗയുടെ പടവുകളില്‍ ധ്യാനിച്ചിരിയ്ക്കുന്ന നരച്ച താടിയും, തലമുടിയുമുള്ള ശുഭ്രവസ്ത്രധാരിയായ ഒരു സന്യാസിയെ കണ്ടുമുട്ടണേ  എന്ന് പ്രാര്‍ത്ഥിച്ചു. ഓരോ സന്യാസിയേയും ശ്രദ്ധിച്ചു നോക്കി. ഒരു മലയാളി നമ്പൂതിരി ലുക്ക്‌ ഉണ്ടോ?  ( ഈ സന്യാസി ഒരു കഥാസൃഷ്ടി മാത്രമാണ് എന്ന് അംഗീകരിയ്ക്കാത്ത മനസ്സ് ! സാവിത്രിയും കുട്ടനും അച്ഛനെ സന്ദര്‍ശിക്കാന്‍ വരുമ്പോള്‍ നങ്ങേമ കൂടെ ഉണ്ടാവണേ എന്നും ആഗ്രഹിച്ചിരുന്നു !!) 


ഗംഗയുടെ തീരത്തെ വാസം, ആ പുണ്യ നദിയെപ്പോലെ കുഞ്ഞുക്കുട്ടന്റെ മനസ്സും പാകപ്പെടുത്തിയതില്‍ അദ്ഭുതം തോന്നിയില്ല. ഒന്ന് മുങ്ങി നിവര്‍ന്നാല്‍ മതി, സര്‍വപാപങ്ങളും ഏറ്റുവാങ്ങുന്ന ഗംഗാമയ്യാ !. 

കണ്ണെത്താത്ത ദൂരത്തില്‍ സദാ അനവരതം ഒഴുകുന്ന ഗംഗാമാതാവ് ഒറ്റനോട്ടത്തില്‍ത്തന്നെ സാവിത്രിയുടെ ദുഃഖവും ഏറ്റുവാങ്ങിയിരിയ്ക്കും !


 ഈയിടെ 'യജ്ഞം'  സിനിമയായി ഇറങ്ങിയപ്പോള്‍ തോന്നി, നോവലിസ്റ്റ്നു ലഭിയ്ക്കാതെപോയ അംഗീകാരം ഇതാ മുതലും പലിശയുമായി തിരിച്ചു കിട്ടുന്നു, എന്ന്. ഒരു പേരക്കുട്ടിയ്ക്കും ഇതിലും വലിയൊരു അംഗീകാരം, സ്നേഹ സമ്മാനം തന്റെ മുത്തശ്ശിയ്ക്ക് കൊടുക്കാനുണ്ടാകില്ല. ഒരു കാലഘട്ടത്തിന്‍റെ ചരിത്രം, ബ്രുഹത്തായൊരു സംഭവം ഏതാനും താളുകളില്‍ക്കൂടി പറഞ്ഞു ഫലിപ്പിച്ചത്, മിടുക്കിയായ പേരക്കുട്ടി 40 മിനുട്ടുകള്‍ മാത്രം ദൈര്‍ഘ്യമുള്ള ഹ്രസ്വ സിനിമയാക്കി മാറ്റി പൊതുജന സമക്ഷം സമര്‍പ്പിച്ചിരിയ്ക്കുന്നു. രഞ്ജനയുടെ ഉദ്യമം അഭിനന്ദനാര്‍ഹം തന്നെ. കഥാപാത്രങ്ങളായി ആരും തന്നെ ഇതില്‍ അഭിനയിച്ചിട്ടില്ല. നേരെമറിച്ച് ജീവിച്ചു കാണിച്ചുതരികയാണ്.


ഈയിടെ വീണ്ടും 'യജ്ഞം' കയ്യിലെടുത്തപ്പോള്‍ വായിച്ചിട്ടും വായിച്ചിട്ടും തീരുന്നില്ല !! വായിച്ചു കഴിഞ്ഞ പുസ്തകം ദൂരെ മാറ്റിവെച്ചെങ്കിലും അതിലെ 

കഥാപാത്രങ്ങള്‍ നമ്മുടെ കൂടെത്തന്നെയുണ്ട് എന്ന തോന്നൽ !

ഒരു കാലഘട്ടത്തിന്റെ കഥ അനശ്വരമാകുകയാണ് !


ഒന്നുറപ്പായി. യജ്ഞത്തിന് കാലഹരണമില്ല. കാലത്തിനനുസരിച്ച് മുന്നോട്ട് പോകാന്‍ കഴിയാത്തവര്‍, വര്‍ത്തമാനത്തിന്‍റെ ആനന്ദം ഉള്‍ക്കൊള്ളാന്‍ കഴിയാതെ പോകുന്നവര്‍ എക്കാലത്തും ഉണ്ടാകും. അനിവാര്യമായ മാറ്റങ്ങള്‍  എന്നെങ്കിലും അവര്‍ ഉള്‍ക്കൊള്ളും എന്നാശിക്കാം.



.ശ്രീദേവി ഏടത്തിയ്ക്ക് സ്നേഹാദരങ്ങളോടെ നമസ്ക്കാരം !!