Tuesday, 2 November 2021

വായന--കണക്കൂർ

 സ്പന്ദനങ്ങള്‍ :_(സപ്തംബര്‍ 21, 2015)


ഇക്കഴിഞ്ഞ ഞായറാഴ്ച്ചത്തെ (വാരാന്തപ്പതിപ്പ്) പത്രത്തിലെ 'കണക്കൂര്‍ ആര്‍. സുരേഷ് കുമാര്‍ ' എഴുതിയ "ദൈവഹിതം" എന്ന ചെറിയ ചെറുകഥ നല്ല രസകരമായി തോന്നി.
'ഈശരാ .. ജകതീശരാ.. പരമീശരാ..ജയ പാഗിമാ ...' എന്ന് സന്ധ്യാ നാമം ചെല്ലമ്മായി നീട്ടി ചൊല്ലുന്നതിന്നിടെ പെട്ടെന്ന് ചാടിയെണീട്ടു. പുറത്തു കാറ്റ് ശക്തിയായി വീശുന്നു, ഇടിമിന്നലും,ശക്തമായ വെള്ളിടിയും. ഉമ്മറത്ത് വന്നു നോക്കിയപ്പോള്‍ അങ്ങേക്കരയില്‍ ദാക്ഷായണിയുടെ പറമ്പില്‍ വൈക്കൊല്‍പ്പുര മിന്നലേറ്റ് കത്തുന്നു. "ഹാവൂ...ആ മാരണം അങ്ങോട്ട്‌ പോയി വീണു!"

ഭഗവതിയെ മനസ്സില്‍ ചിന്തിച്ചു ഒന്ന് ചിരിച്ച് നിലത്തു ചുരുണ്ടുകൂടി കിടക്കുന്ന മണിക്കുട്ടിയോട് തുടര്‍ന്നു...'നാമം ചൊല്ലുന്നത് കൊണ്ട് ഗുണം ണ്ടേയ്.....പയ്യിനു കൊടുക്കാന്‍ കുറച്ചു ഒണങ്ങിയ വൈക്കോല് ചോയിച്ചിട്ടു തന്നില്ല....ആ പയന്കരി. ദാഷ്ഷായണിക്കേയ് അദന്നെവേണം.'
മണിക്കുട്ടി മ്യാവൂന്നു പറഞ്ഞു നീട്ടിക്കരഞ്ഞ് അത് ശരിവെച്ചു.

വിളക്ക് വീണ്ടും തെളിയിച്ചു ചെല്ലമ്മായി നാമം ചൊല്ലല്‍ തുടങ്ങി.
നാരായണ നമ ......
ചുവരിലെ ഗുരുവായൂരപ്പന്‍റെ ചിത്രത്തിന് താഴെ നിന്നും ഇറങ്ങിവരുന്ന പല്ലിയെ നോക്കിയിരിയ്ക്കുകയാണ് മണിക്കുട്ടി. തീനാളത്തിനു ചുറ്റും പറക്കുന്ന പ്രാണികളെ പിടിക്കാന്‍ നോക്കുന്നതിന്നിടയില്‍ തന്റെ നേരെ ഉന്നം വെച്ചിരിക്കുന്ന മണിക്കുട്ടിയുടെ പിടിയില്‍ നിന്നും രക്ഷപ്പെടാന്‍ പല്ലി ഫോട്ടോയുടെ പിന്നില്‍ ഒളിച്ചു.

പുറത്തു ഇടിയ്ക്കൊപ്പം കോരിച്ചൊരിയുന്ന മഴ. ചെല്ലമ്മായി ഇറയത്തു ചെന്ന് കുനിഞ്ഞു പുറത്തേയ്ക്ക് നോക്കി മണിക്കുട്ടിയോട്  _"മഴപെയ്തത് നന്നായി മണിക്കുട്ടീ...അല്ലേല് പാവം ദാക്ഷായനീടെ വൈക്കോല് മുഴോന്‍ കത്തിപ്പോയേനെ!..ദൈവഹിതം!!'

ഈ മനുഷ്യരുടെ കാര്യങ്ങള്‍ ഇത്തരത്തില്‍ രസകരമാണ് എന്നോര്‍ത്തുകൊണ്ട് ഇനിയൊരു പല്ലി ചുവരില്‍ പ്രത്യക്ഷപ്പെടുന്നത് നോക്കി മണിക്കുട്ടി വീണ്ടും ചുരുണ്ടുകൂടി.

മനോഹരമായ കൊച്ചു കഥ. വളരെ കുറച്ചു വരികൾ കൊണ്ട് വലിയ ചില സത്യങ്ങൾ നമുക്ക് പറയാതെ പറഞ്ഞു തന്ന കഥാകാരന് അഭിനന്ദനങ്ങൾ. ചെല്ലമ്മായി തൻ്റെ  അയൽക്കാരിയോടുള്ള നീരസം പൂച്ചയെയാണ് കേൾപ്പിയ്ക്കുന്നത്. ഇടിമിന്നലിൽ അവരൂടെ  വൈക്കോൽ കൂന കത്താൻ കാരണം  താൻ ചോദിച്ചപ്പോൾ വൈക്കോൽ തരാത്തതിന് ദൈവം പകരം ചോദിച്ചതാണെന്ന് അവര് വിശ്വസിയ്ക്കുന്നു. ഉടനെത്തന്നെ മഴ പെയ്ത്  ദാക്ഷായണിയുടെ വൈക്കോൽ കത്തിപ്പോവാത്തതും ദൈവഹിതം കൊണ്ട് തന്നെ. എന്നവർ ആശ്വസിക്കുകയും ചെയ്യുന്നു..ഇതെല്ലാം മണിപ്പൂച്ചയെ കേൾപ്പിയ്ക്കുമ്പോൾ തൻ്റെ ഇരയെ ശ്രദ്ധിച്ചിരിക്കുന്ന പൂച്ച മനുഷ്യന്റെ നിമിഷങ്ങൾ കൊണ്ട് മാറുന്ന മനോനിലയെ ഓർത്ത് രസിച്ചിട്ടുണ്ടാകുമോ?
ദീപനാളത്തിൻ്റെ ചുറ്റും പാറി നടക്കുന്ന തന്റെ ഇരകളെ നോക്കിയിരിക്കുമ്പോഴും തന്നെ ഇരയാക്കൻ  കാത്തിരിക്കുന്ന പൂച്ചയുടെ സാനിദ്ധ്യം മനസ്സിലാക്കി ഭഗവാന്റെ ഫോട്ടോവിന്റെ പിറകിൽ സ്വരക്ഷ തേടുന്ന പല്ലി. 
മഴയും ഇടിയും തീയും മനുഷ്യനും മറ്റു ജീവികളും (ഇരകളും)  കഥാപാത്രങ്ങളായി ഏതാനും നിമിഷങ്ങൾ മാത്രമേ നമ്മുടെ  മുന്നിൽ പ്രത്യക്ഷപ്പെടുന്നുള്ളൂ എങ്കിലും മനസ്സിന്റെ അരങ്ങിൽ സജീവമായിത്തന്നെ നിൽക്കുന്നു. 
മനം പോലെ മംഗല്യം......തീ ആളിക്കത്താതെ പ്രകൃതി തന്നെ രക്ഷിച്ചു.......
ചെല്ലമ്മായി പറഞ്ഞപോലെ ഒക്കെ ദൈവഹിതം !

Monday, 1 November 2021

വ്യക്തികൾ -- ശ്രീ വ കുര്യൻ , M. യൂനസ്

 July 14, 2017

പ്രിയപ്പെട്ട അമ്മിണീ,

നല്ലപുസ്തകങ്ങൾ വായിക്കുമ്പോൾ നിന്നോട് പറയാതെങ്ങിനെ?

'ആരാമവാസ' ത്തിനിടെ കിട്ടിയ അതിമനോഹരമായ രണ്ടു ആത്മകഥാ രചനകൾ. രണ്ടും ഒന്നിനൊന്നു കേമം.
ഒന്നുകഴിഞ്ഞയുടനെ മറ്റേതു വായിച്ചതുകൊണ്ടോ എന്തോ, രണ്ടുപേരുടെയും ജീവിതാനുഭവങ്ങൾക്ക് വളരെയേറെ 
സാമ്യം  ഉള്ളതായിത്തോന്നി.
രണ്ടുപേരും മഹത്തായ ജീവിതം നയിച്ച് പോയ വഴിയിൽ പാദമുദ്ര പതിപ്പിച്ചു. സ്വന്തം യശസ്സു മാത്രമല്ല, തങ്ങളുടെ രാജ്യത്തിന്റെ യശസ്സ് ലോകമെങ്ങും ഇവർ പ്രസരിപ്പിച്ചു..
അല്ലെങ്കിൽ സ്ന്തം ജീവിതം, രാജ്യത്തിന്റെ ചരിത്രമായി ഇവർ മാറ്റിയെടുത്തു..

ദൂരദർശികളായ, ജനസമ്മതി നേടിയ അപൂർവ പ്രതിഭകൾ!!
ഈ രണ്ടു മഹാപ്രതിഭകൾക്കു നമസ്ക്കാരം പറഞ്ഞുകൊണ്ട് തുടരട്ടെ!

നമുക്കേവർക്കും സുപരിചിതനായ ശ്രീ വര്ഗീസ് കുര്യന്റെ "I too had a dream" എന്ന പുസ്തകം ഒരു വലിയ ഗുണപാഠം തന്നെയാണ്.
ഒരു രാജ്യത്തിന്റെ വികസനമെന്നാൽ ഗ്രാമീണരുടെ ഉന്നമനമാണെന്നു മനസ്സിലാക്കി തന്റെ ജീവിതം മുഴുവൻ അതിന്നായി സമർപ്പിച്ച ശ്രീ കുര്യൻ, 50 വർഷത്തിലധികം കാലം നിസ്വാർത്ഥനായി ഗുജറാത്തിലെ ഗ്രാമീണരുടെ, കൃഷിക്കാരുടെ പുരോഗതിയ്ക്കുവേണ്ടി പ്രവർത്തിച്ചു.

ഗുജറാത്തിലെ ആനന്ദിൽ, മൂംബൈ -ഡൽഹി ഹൈവയിൽക്കൂടെ കടന്നുപോകുമ്പോൾ വെള്ളയുടെ പശ്ചാത്തലത്തിൽ നീല അക്ഷരങ്ങൾ കണ്ണുകളിൽ നിന്നും ഹൃദയഭാഗത്തേയ്ക്കു നിമിഷം കൊണ്ട് കടന്നുപോകുന്ന , 'AMUL'... എന്ന ബോർഡ്-- കണ്ടും കെട്ടും വളർന്ന ഈ വാക്കിന്റെ വ്യാപ്തി പറഞ്ഞറിയിക്കേണ്ട ആവശ്യമില്ല.
GCMME, IRMA, NDDB, എന്നീ ബോർഡുകളും നമ്മളെ സ്വാഗതം ചെയ്യുന്നു.
ഒരു കാലഘട്ടത്തിന്റെ ചരിത്രം മാറ്റിമറിച്ചവരുടെ കൂട്ടത്തില്‍ ഓര്‍മ്മിയ്ക്കപ്പെടെണ്ട ഒരു പേര്---ശ്രീ വര്‍ഗ്ഗീസ് കുര്യന്‍ അഥവാ, The Amul Man അല്ലെങ്കില്‍ The Milkman of India.
സ്വന്തം ജീവിതം രാജ്യത്തിന്റെ ചരിത്രമാക്കി മാറ്റിയ മഹാ മനുഷ്യന്‍.

ഇന്നദ്ദേഹത്തിന്റെ 96-ആം ജന്മവാര്‍ഷികം .
ഏകദേശം 160 ലക്ഷത്തോളം കര്‍ഷകകുടുംബങ്ങളുടെ ജീവിതം മാറ്റി മറിയ്ക്കാന്‍ സാധിച്ച അസാധാരണ പ്രതിഭ. സഹകരണപ്രസ്ഥാനത്തിലൂടെ, സ്ത്രീ-പുരുഷ ലിംഗഭേദമില്ലാതെ, ജാതി-മത-രാഷ്ട്രീയങ്ങള്‍ക്കതീതമായി ലക്ഷക്കണക്കിന് കര്‍ഷകരെ ഒറ്റക്കെട്ടാക്കി നിര്‍ത്തി, പ്രസ്ഥാനത്തെ വളര്‍ത്തി, ലോകത്തെ ഏറ്റവും വലിയ പാലുല്‍പ്പാദക രാജ്യമാക്കി ഭാരതത്തെ   മാറ്റാന്‍ കഴിഞ്ഞ യുഗപുരുഷന്‍.

ഗ്രാമീണതലത്തില്‍ ഏറ്റവുമധികം ജോലിസാദ്ധ്യത സൃഷ്ടിച്ച്, ജനപങ്കാളിത്തത്തോടെ, ജാതിമതരാഷ്ട്രീയ വേര്‍തിരിവില്ലാതെ പ്രവര്‍ത്തന പദ്ധതികള്‍ ആവിഷ്ക്കരിച്ചു രാജ്യത്തെ ഏറ്റവും വലിയ FoodBrand ആയി മാറ്റാന്‍ സാധിച്ച അപൂര്‍വ വ്യക്തിത്വത്തിന് മുന്നില്‍ എത്ര പ്രാവശ്യം പ്രണമിച്ചാലാണ് മതിവരുക?
സര്‍ക്കാര്‍ ജോലിക്കാരനായല്ല, കര്‍ഷകരുടെ ജോലിക്കാരനായി, അവരില്‍ ഒരാളായാണ് അദ്ദേഹം ജീവിച്ചത്. 
പണ്ഡിറ്റ്‌ നെഹ്‌റു, ലാല്‍ ബഹാദൂര്‍ ശാസ്ത്രി, മൊറാര്‍ജി ദേശായ് എന്നീ രാഷ്ട്ര നേതാക്കളുടെ ആദരവ് പിടിച്ചെടുക്കാന്‍ കഴിഞ്ഞ കര്‍ഷക നേതാവ്.

അദ്ദേഹത്തിന്‍റെ ആത്മകഥ, അല്ലെങ്കില്‍ AMUL, NDDB, IRMA,GCMME-----യുടെ ജന്മകഥ, ' I Too Had a Dream' എന്ന പുസ്തകത്തില്‍ മനോഹരമായി വിവരിച്ചിരിയ്ക്കുന്നു. 
ഓരോ ഭാരതീയനും വായിച്ചിരിക്കേണ്ട പുസ്തകം..ഈ പുസ്തകം വായിച്ചാല്‍ ഒരാള്‍ക്ക്‌ ഒറ്റയ്ക്ക് എങ്ങിനെ ഒരു രാജ്യത്തിന് ഉന്നമനം ഉണ്ടാക്കാം എന്നത് ബോദ്ധ്യമാകും
അസ്സല്‍ അവതാരിക- എഴുതിയത് രത്തന്‍ ടാറ്റ.

-------'Look around, there are needy people around you. Help them.......
First be honest to yourself then it is easy to be honest with others.'------------

ശ്രീ കുര്യന്‍, തന്റെ പുസ്തകത്തിന്റെ ആമുഖത്തില്‍ തന്റെ പേരക്കുട്ടി, സിദ്ധാര്‍ത്ഥിനോട് പറയുന്ന വാക്കുകളാണിത്. 

നവംബര്‍ 26--നമ്മുടെ രാജ്യം Natioanal Milk Day ആയി കൊണ്ടാടുമ്പോള്‍ നമുക്കും സ്നേഹബഹുമാനങ്ങളോടെ ആ മഹാവ്യക്തിത്വത്തെ അനുസ്മരിയ്ക്കാം.
പ്രാര്ത്ഥിയ്ക്കാം, ആയിരമായിരം കുര്യന്മാര്‍ നമ്മുടെ നാട്ടില്‍ ഇനിയും ജന്മമെടുക്കട്ടെ എന്ന്!!

ജയ് ജവാന്‍, ജയ് കിസാന്‍ !!

നമ്മുടെ അയൽരാജ്യമായ ബംഗ്ലാദേശിലെ മുഹമ്മദ് യൂനസ്സാണ് മറ്റേ പ്രതിഭ. BANKER TO THE POOR അഥവാ, THE STORY OF GRAMEEN BANK--ഒരു സ്വപ്ന സാക്ഷാത്കാരത്തിന്റെ കഥ.-
2006 ൽ നോബൽ പ്രൈസിനർഹനായ ശ്രീ യൂനസ്, ബാങ്കുകൾ പണക്കാർക്ക് വേണ്ടിയുള്ളതല്ല, പാവങ്ങൾക്കുവേണ്ടിയുള്ളതാണെന്നു പ്രവർത്തികളിൽക്കൂടെ ചെയ്തു കാണിച്ചു.
കോടിക്കണക്കിനുള്ള ബംഗ്ളാദേശിലെ പട്ടിണിപ്പാവങ്ങൾ മാത്രമല്ല, അമേരിക്ക തുടങ്ങിയ നിരവധി രാജ്യങ്ങളിലേക്കും ഗ്രാമീണ ബാങ്കിന്റെ പ്രവർത്തനം വ്യാപിപ്പിയ്ക്കാൻ സാധിച്ചു.
ദാരിദ്ര്യത്തിൽ മുങ്ങിക്കകിടന്നിരുന്ന ഗ്രാമീണരുടെ നിത്യജീവിതം പൂത്തുതളിർക്കുന്നതു ലോകം സാക്ഷിയായി.
ഈ രണ്ടു മഹദ് വ്യക്തികളും, ലിംഗഭേദമില്ലാതെയും, ജാതിമതരാഷ്ട്രീയത്തിന്നതീതമായ കാഴ്ചപ്പാടിലേക്കു ഗ്രാമീണരെ നയിച്ചത് അവരുടെ ജീവിതത്തിന്റെ എടുത്തുപറയേണ്ട നേട്ടം തന്നെ..

.ഏതാനും പ്രധാന കാര്യങ്ങൾ കൂടി ഇവരെപ്പറ്റി പറയാം ട്ടോ......

വായന---കവിത (ഗിരിജ ചെമ്മങ്ങാട് )

 February 7, 2017

സ്പന്ദനങ്ങൾ :_ വായന
ഈയിടെയാണ് ഗിരിജ, കവിതാ സമാഹാരം സമ്മാനിച്ചത്. കിട്ടിയ ഉടനെ എല്ലാം വായിച്ചു .
ഗിരിജ ചെമ്മങ്ങാടിന്റെ "അമ്മയാകുന്നു വീണ്ടും "എന്ന പുസ്തകത്തിലെ കവിതകൾ മുഖപുസ്തകത്താളുകളിൽ പലപ്പോഴായി വന്നിട്ടുള്ളവയാണ്. 

ആദ്യ കവിതതന്നെ ഒരു ആത്മരോദനമാണ്. 'കാവൽക്കാരൻ.'
വളരെ സങ്കടത്തോടെ, അതിലേറെ ക്രുദ്ധനായി നിൽക്കുന്ന ഗജേന്ദ്രൻ കല്പിക്കുകയാണ്,
--..ആരുമിങ്ങടുക്കൊല്ല, ഞാനേറെക്കോപാവിഷ്ടൻ ........
ഉത്സവം കഴിഞ്ഞു മടങ്ങുന്ന ഒരു സന്ധ്യയ്ക്കു ചീറിപ്പാഞ്ഞു വന്ന ഒരു ലോറി പിതൃതുല്യം സ്നേഹിയ്ക്കുന്ന പ്രിയപ്പെട്ട പാപ്പാനെ തട്ടിത്തെറിപ്പിച്ചു.
പാതയോരത്ത് രക്തം വാർന്നു ചേതനയറ്റു കിടക്കുയാണ് തന്നെ പൊന്നുമോനെപ്പോലെ പോറ്റി   വളർത്തിയ പ്രിയങ്കരനായ തന്റെ ചട്ടക്കാരൻ.
കുടുംബം പോറ്റാനായി സ്വജീവിതം ബലിയർപ്പിച്ച, മക്കളെ സ്‌നേഹിച്ചിരുന്ന, മദ്യത്തെ വെറുത്തിരുന്ന, സ്വന്തം മക്കളിലൊരുത്തനായി തന്നെയും കണ്ടിരുന്ന, കസൃതികൾ കാട്ടുമ്പോൾ ഒന്ന് മൃദുവായിപ്പോലും വടി പ്രയോഗം ചെയ്യാൻ മടിച്ചിരുന്ന തന്റെ പ്രിയപ്പെട്ടവൻ.....
പാതയോരത്തു മൃതശരീരത്തിനു കാവലാളായി നിൽക്കുമ്പോൾ തനിയ്ക്ക് സംഭവിച്ച മഹാനഷ്ടവും, അതെ സമയം വരാൻ പോകുന്ന ഭീകര നിമിഷങ്ങളെയും കുറിച്ച് ഉൽക്കണ്ഠയും മാറിമാറി വരികയാണ്.
കവിഭാവനയായിരിയ്ക്കാം, തന്റെ സംഭ്രാന്തിയിലുയർന്ന ചിഹ്നം വിളി കേട്ട് യമദൂതർ മിന്നൽ പോലെ ഓടി മറഞ്ഞോ, ആളുകൾ ഓടിക്കൂടിയോ എന്നൊന്നും ഓർമ്മിയ്ക്കുന്നില്ലെന്നു ആ കാവൽക്കാരൻ പറയുകയാണ്.
ഈ ആഘാതത്തിൽ നിൽക്കുമ്പോൾ എപ്പോൾ വേണമെങ്കിലും 'കൈവിട്ടു'പോയവനെ മയക്കാൻ , തളയ്ക്കാൻ, വരുതിയിലാക്കാൻ മനുഷ്യൻ ചാടിവീഴും..വടങ്ങൾ കൊണ്ട് കൈകാലുകൾ ബന്ധിയ്ച്ചു, കുന്തവും,ചെറുകോലും തോട്ടിയുമൊക്കെയായി പുതിയ ചട്ടക്കാരന്റെ വരുതിയിലാക്കാനൊരു 'കെട്ടിയഴിക്കൽ'.
മനുഷ്യന്റെ ക്രൂരവിനോദങ്ങൾ മനക്കണ്ണുകൊണ്ടു കണ്ടു നിൽക്കുമ്പോഴും സ്നേഹധനനായ ആ കാവൽക്കാരൻ സ്വബോധം വിടാതെ പറയുന്നു-

'ആരുമേയടുക്കൊല്ല, സ്വാന്ത്യം വരിച്ചീടൊല്ല' 
....
തുടരും......

വായന---യതിചരിതം

 ഏപ്രിൽ 2016 ·

സ്പന്ദനങ്ങള്‍:_
൨൦൧൬, ഏപ്രില്‍ ൧൧
"50 ലക്ഷം അനുയായികളുള്ള നാരായണ ഗുരുവിന്റെ ശിഷ്യോത്തമാനായ നടരാജഗുരുവിന്റെ പ്രിയ ശിഷ്യന്‍, ഹിസ്‌ ഹോളിനസ് പ്രാതസ്മരണീയ വന്ദനീയ അര്ച്ചനീയ പരമഹംസ പരിവ്രാജകാചാര്യ ശ്രീ ലാ ശ്രീ ൧൦൮ (108) നിത്യ ചൈതന്യ മഹാരാജ് "
---ഇങ്ങിനെയാണ്‌ ശ്രീ നാരായണ ഗുരുവിന്റെ ശിഷ്യാനുശിഷ്യന്‍, നിത്യ ചൈതന്യ യതി തന്നെ സ്വയം പരിചയപ്പെടുത്തുന്നത്-.(യാത്ര)
4 വര്ഷം മുന്‍പാണ് ഷൌക്കത്തിന്റെ നേതൃത്വത്തില്‍ സമാഹരിയ്ക്കപ്പെട്ട "യതിചരിതം" വായിക്കാനിട വന്നത്. ഈ പുസ്തകം  എത്ര മാത്രം ആകര്‍ഷിച്ചു എന്ന് പറയാനില്ല. അതുകൊണ്ടു ശ്രീ രമണ മഹര്‍ഷി, യോഗനന്ദ ജി, സ്വാമി രാമ, ശ്രി എം എന്നീ മഹാത്മാക്കളുടെ കൃതികള്‍ക്കൊപ്പമാണ് യതിചരിതത്തിന്റെ സ്ഥാനവും.
മനുഷ്യന്‍റെ ജീവിതത്തിലെ ഏതു മേഖലയാണ് അദ്ദേഹത്തിനു അന്യമായത് അന്ന് സംശയം തോന്നും ആത്മകഥ വായിച്ചു നോക്കിയാല്‍. അതിശയകരമായ ഒരു ജന്മമായിരുന്നു അദ്ദേഹത്തിന്റേത് എന്നറിയാം.
ഇന്ഗ്ലീഷിലും മലയാളത്തിലുമായി നൂറുകണക്കിന് രചനകളാണ് അദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിച്ചിരിയ്ക്കുന്നത്.
അപ്രഗല്‍ഭനും, അമരത്വത്തിനു അര്‍ഹതയുള്ള ചിന്തകളോ പ്രവൃത്തികളോ ഇല്ലാത്ത താന്‍ ആത്മകഥ എഴുതുന്നതില്‍ ഒരു ന്യായീകരണവും കാണുന്നില്ലെന്ന് യതി പുസ്തകത്തിന്റെ ആമുഖത്തില്‍ സൂചിപ്പിയ്ക്കുന്നു.
ഒരു നിസ്സാരന്‍ എന്തിനു ആത്മകഥ എഴുതി എന്ന സ്വയം ചോദിക്കുന്ന ചോദ്യത്തിന് അദ്ദേഹം തന്നെ ഇങ്ങിനെ മറുപടി പറയുന്നു.
............ഒരുവന്‍ നറ്റൊരുവനെ ചൂണ്ടിക്കാണിച്ചു പരിഹാസം ഊറിനില്‍ക്കുന്ന ചിരിയോ ദൈന്യത ഉളവാക്കുന്ന അനുകമ്പയോ കാണിക്കുന്നതിലും നല്ലതാണ് തന്നെത്തന്നെ ഒരു നിമിത്തമാക്കിക്കൊന്ടു, മനുഷ്യ ജീവിതം എത്രയോ പ്രാവശ്യം ഇടറി ഇരുളില്‍ വീണുപോകും എന്ന് മറ്റുള്ളവര്‍ക്ക് ദൃഷ്ടാന്തമാക്കികൊടുക്കുവാന്‍ . ......
ഭൌതിക സഞ്ചാരങ്ങള്‍, ജീവിതാനുഭവങ്ങള്‍ മൌന ഭാഷയില്‍ക്കൂടി ഒരാളുടെ ആത്മാവിനെ എത്രമാത്രം തൊട്ടുണര്‍ത്തുന്നു എന്നത് ഈ പുസ്തകം വായിച്ചവര്‍ക്കറിയാം.
ഗുരുവിന്‍റെ മനസ്സ് തൊട്ടറിഞ്ഞ ഒരു ശിഷ്യനു മാത്രം സാധ്യമാകുന്ന ഒരു മഹാസംഭവം, അതാണ്‌ 'യതി ചരിതം'
(അവസാനിക്കുന്നില്ല)......
   August 20, 2016JUL 6TH, 6:36PM
സ്പന്ദനങ്ങള്‍ :_(തുടര്‍ച്ച.)
'യതിചരിത' ത്തിനെക്കുറിച്ചു എഴുതാന്‍ ഞാന്‍ ആളല്ല. കാരണങ്ങള്‍ പലതാണ്. ചുരുക്കിപ്പറഞ്ഞാല്‍ ഭാരതീയ സംസ്ക്കാരത്തില്‍ വിശ്വസിക്കുന്നവന് ഈ പുസ്തകവായനയില്‍ നിന്നും കിട്ടുക അവാച്യമായ അനുഭൂതിയാണ്. അത് പറഞ്ഞോ, എഴുതിയോ ഫലിപ്പിക്കുക അസാധ്യം.
'യാത്ര'എന്ന പുസ്തകം വളരെയധികം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നതാണ്. സരസനും,സഹൃദയനുമായ യതി, തത്വജ്ഞാനങ്ങളെ സാധാരണക്കാരന് മനസ്സിലാകുന്ന വിധത്തില്‍ പാകപ്പെടുത്തി വിളമ്പിത്തരുകയാണ് യാത്രയിലുടനീളം.
അദ്ദേഹത്തിന്‍റെ യാത്ര തിരുവനന്തപുരത്തു നിന്നും തുടങ്ങുന്നു. കൊലാലമ്പൂര്‍, പെര്‍ത്, മെല്‍ബോണ്‍, സിഡ്നി,അസ്ട്രേലിയ, സെന്ഫ്രാന്സിസ്കോ, ഷിക്കാഗോ, ഇംഗ്ളണ്ട്, ഇറ്റലി, ഗ്രീസ്, ബോംബെ.....അങ്ങിനെ പോകുന്നു.
ജീവിതം തന്നെ യാത്രയായിട്ടുള്ളവന് വിദേശയാത്രയ്ക്ക് പോകാന്‍ എന്തിനാണ് പ്രത്യേക തയ്യാറെടുപ്പുകള്‍?
ആദ്യന്തം രസകരമായ അനുഭവങ്ങളുടെ കഥ തന്നെ. നമ്മളറിയാതെ 'നമ്മളിലെ നമ്മളെ' തട്ടിയുണര്‍ത്തുന്ന സന്ദര്‍ഭങ്ങള്‍ നിരവധിയാണ്. ധാരാളം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ച്വ്യ്യുന്ന വിവരണങ്ങള്‍.
കൊലാലമ്പൂര്‍ യാത്രയില്‍ ഒരു സുഹൃത്തിന്റെ മകള്‍ കൂടെ ഉണ്ടായിരുന്നു. ഈ ഉത്തരവാദിത്വം കൂടാതെ കോലാലംപൂരിലെ ആതിഥേയന്റെ ഭാര്യയ്ക്ക് കൊടുക്കാനുള്ള ഒരു വീണയും കയ്യിലുണ്ട്. സ്വാമി-വീണ-കുമാരി. അതിന്റെ പരസ്പര ബന്ധമില്ലായ്മ, അല്ലെങ്കില്‍ ഏറ്റെടുത്ത ഉത്തരവാദിത്വങ്ങള്‍ ---
സന്യാസിയില്‍ 'താമസം' കടന്നാക്രമിക്കുകയോ? താത്വികമായി സ്വയം വിശകലനം നടത്താന്‍ തുടങ്ങി.
അട്ടിമറിയും,കൊള്ളവെയ്പ്പും, കര്ഫുവും ഒക്കെ ഉള്ള നാട്ടിലേക്ക് വീണയുമേന്തി ഒരുസ്വാമി ഒരു പെങ്കൊച്ചുമായി കടന്നു വരിക !
മദ്രാസില്‍ ഇറങ്ങിയാല്‍, വീണയും തൂക്കിപ്പിടിച്ച് ഒരു കൊച്ചു പെണ്ണിനേയും കൊണ്ടു പോകുന്ന സ്വാമിയാരുടെ ചിത്രം വിഭാവനം ചെയ്തു. ആദ്യമായി പത്തായത്തില്‍ വീണ ചുണ്ടെലിയുടെ നാട്യമുള്ള കുട്ടിയെ മുന്നില്‍ നടത്തി പോകുമ്പോള്‍, 'അട, പാര്, പാട്ട് വാദ്ധ്യാര്‍'- എന്ന കമന്റ് കേള്‍ക്കുന്നു. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന കള്ളസന്യാസി എന്ന് വിചാരിച്ചു ഇനി പോലീസുകാര് വരുമോ??
സ്വാമിയുടെ വിഭാവനകള്‍ അങ്ങിനെ കാടു കയറുകയാണ്. ഒരു പരകായപ്രവേശം നടത്തിയതാണോ?
ഭക്ഷണം നിരസിക്കുന്ന കുട്ടി, പരിഭ്രമിച്ച കുട്ടി....എങ്ങിനെ കുട്ടി പേടിക്കാതിരിയ്ക്കും ? താടിയും മുടിയും വളര്‍ത്തിയ ഒരു അപരിചിതന്‍. വ്യക്തി നല്ല ആളായിരിക്കാം, പക്ഷേ, lപൊതുജനങ്ങള്‍ ??
സ്വാമി ചിന്തിച്ചു കൊണ്ടേ ഇരിക്കുകയാണ്..ഭയം കയറിയാല്‍,അഡ്രിനാലിന്‍ രക്തത്തില്‍ കയറും, അത് പക്വാശയത്തെ ബാധിയ്ക്കും.........
കുളിമുറിയില്‍ കയറിയപ്പോള്‍ സ്വാമിക്ക് വീണ്ടും സംശയം. അവിടെ ഒരു്ക്കി വെച്ച 'ടവല്‍' സ്വാമിയായ താന്‍ എങ്ങിനെ ഉപയോഗിക്കും? 'ഹിസ്‌ ഹോളിനസ്' ആയ ആള്‍ മറ്റുള്ളവര്‍ ഉപയോഗിച്ച ടവല്‍.......?
ഉടനെ, ഗീതാവചനം ഓര്‍മ്മയില്‍ വന്നു. പണ്ഡിതന്‍,ബ്രാഹ്മണന്‍, പശു, നായ, നായയെ തിന്നുന്നവന്‍-എല്ലാവരെയും സമചിത്തതയോടെ കാണണം..... 
സ്വാമിയ്ക്ക് എല്ലാത്തിനും നല്ല ന്യായങ്ങള്‍ കൂട്ടിനുണ്ട്. അതുകൊണ്ടാണ് അടുത്ത ദിവസം പ്രഭാത ഭക്ഷണത്തിനു 1 ഇഡ്ഡലി, 1 വട, 1 കാപ്പി എന്നിവ കൃത്യമായി 'ഓര്ഡര്‍' ചെയ്തത് . താന്‍ ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്ന് പ്രസംഗിച്ചു നടക്കുന്നവനല്ലേ ?

Sunday, 31 October 2021

വ്യക്തികൾ ----ജീൻ ലൂയി

 പ്രിയപ്പെട്ട അമ്മിണീ,

നിനക്ക് എഴുതിയിട്ട് ഒരു വർഷത്തിലധികമായി. ഇന്ന് എഴുതാതിരിയ്ക്കാൻ തോന്നുന്നില്ല.
അങ്ങനെയാണല്ലോ, ഇഷ്ടമുള്ള കാര്യമായാൽ പിന്നെ അടക്കി ഒതുക്കി വെക്കാൻ പറ്റില്ല.
മറ്റൊന്നുമല്ല. ഇന്നത്തെ പത്രത്തിൽ ഒരു കൂടിക്കാഴ്ച വന്നിട്ടുണ്ട്. ശ്രദ്ധേയമാണ് എന്നെനിക്കു തോന്നി. പിന്നെ ആരോടെങ്കിലും പറയാതെ വയ്യ, അതുകൊണ്ടു നിന്നോട് തന്നെ ആകാം എന്ന് വിചാരിച്ചു. വെക്കേഷൻ കാലത്തു വായിക്കുമല്ലോ.

ജിൻ ലൂയി ബാറ്റോ എന്ന ഫ്രഞ്ച് സാമ്പത്തീക ശാസ്ത്രജ്ഞനുമായി മാതൃഭൂമിയിലെ കെ.കെ. അജിത് കുമാർ നടത്തിയ സംഭാഷണമാണ് വിഷയം. സംസാരിച്ചതിന്റെ രത്നച്ചുരുക്കം എഴുതാൻ ശ്രമിയ്ക്കാം.

ജീൻ ലൂയി ഇപ്പോൾ കേരളത്തിലുണ്ട്. അദ്ദേഹത്തിന് കേരളം വലിയ ഇഷ്ടമാണ്. ലിംഗസമത്വം ഏറ്റവും ഉള്ള നാട്, വിദ്യാസമ്പന്നരുടെ നാട്എന്നൊക്കെ അദ്ദേഹം വിശേഷിപ്പിക്കുമ്പോളും ഇവിടെ നടക്കുന്ന രാഷ്ട്രീയ കടുംകയ്യുകളെപ്പറ്റി അദ്ദേഹം  ബോധവാനാണ്. അഹിംസയിൽ വിശ്വസിയ്ക്കുന്ന ജീൻ ലൂയി ശാന്തിയുടെയും സമാധാനത്തിന്റെയും പാതയിൽ സന്തുഷ്ടരായി ഏവരും ജീവിച്ചുകാണാൻ ആഗ്രഹിയ്ക്കുന്നതായി വ്യക്തമാക്കുന്നു.
ശ്രദ്ധേയമായ ജീവിതമാണ് അദ്ദേഹത്തിൻറെതു. 26 വയസ്സിൽ ഫ്രാൻസിൽ നിന്നുമുള്ള വളന്റിയർമാരാരുടെ കൂടെ ഇന്ത്യയിൽ എത്തി. 5 വർഷത്തോളം ഭൂദാൻ പ്രസ്ഥാനത്തിന്റെ കൂടെ ബീഹാറിൽ പ്രവർത്തിച്ചു,

ആചാര്യ വിനോബാജിയുടെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമാണ് 1951-ൽ ഉടലെടുത്ത ഭൂദാന പ്രസ്ഥാനം.
(വിനോബാജിയെപ്പറ്റി ഒരു ചെറിയ കുറിപ്പ് തരാം. ചെറുപ്രായത്തിൽ തന്നെ പഠിപ്പു ഉപേക്ഷിച്ചു ഗാന്ധിജിയുടെ കൂടെ കൂടുകയും, ആത്മീയ ശിഷ്യനായി മാറുകയും ചെയ്ത സ്വാതന്ത്ര്യ സമര പോരാളി. 13 പ്രാവശ്യം ഭാരതം മുഴുവൻ പദയാത്ര നടത്തി. ഭൂദാന പ്രസ്ഥാനം വിജയിപ്പിച്ചു )
വിനോബാജിയ്ക്കു ദാനമായി കിട്ടിയ ഭൂമിയിൽ താഴേക്കിടയിൽ ജീവിച്ചു പോന്നവർക്കു ജീവിതസൗകര്യങ്ങൾ ഒരുക്കാൻ ഈ വളണ്ടിയർമാർ  പ്രവർത്തിച്ചു. ജലസേചനം, വിദ്യാലയങ്ങൾ തുടങ്ങിയ മേഖലകളിൽ കൂടുതൽ ശ്രദ്ധ പതിപ്പിച്ചു.
വിനോബാജിയുടെയും, ജയപ്രകാശ് നാരായൺജി യുടെയും കൂടെ പ്രവർത്തിച്ചു ജീൻ ലൂയി കാണാത്ത ഗാന്ധിജിയെ തൊട്ടറിഞ്ഞു.  ഗാന്ധിജിയുടെ അഹിംസ സന്ദേശം ഭാരതത്തിനു മാത്രമുള്ളതല്ല, ലോകജനതയ്ക്കു ആകമാനമുള്ളതാണെന്നു ജീൻ ലൂയി വിശ്വസിച്ചു.

പിന്നീട്, 1980 -ൽ ദാരിദ്ര്യം ഇല്ലാതാക്കുക, ശാന്തി ഉറപ്പാക്കുക എന്ന ലക്ഷ്യത്തിലൂന്നി 'സോളിഡാരിറ്റി' എന്ന ഒരു പ്രസ്ഥാനം തുടങ്ങി. ആഗോളപ്രസ്ഥാനമായി മാറിയ സോളിഡാരിറ്റി യുടെ പ്രചോദനം ഗാന്ധ്യൻ ദർശനങ്ങളാണ്.
ഇപ്പോഴത്തെ വികസന മാതൃക അദ്ദേഹത്തിന് സ്വീകാര്യമല്ല. അതിനു ബദലായുള്ള പ്രവർത്തനങ്ങൾ അദ്ദേഹം ചെയ്തുകൊണ്ടിരിയ്ക്കുന്നു.
ഗാന്ധ്യൻ ചിന്തയിൽ പ്രചോദനം കൊണ്ട് അല്ലെങ്കിൽ 'ഇന്ത്യ ഓഫ് മൈ ഡ്രീം' എന്ന പുസ്തകം ഉൾക്കൊണ്ടു കൊണ്ട് അഹിംസയുടെ പാതയിലൂടെ സഞ്ചരിച്ചു ലോകത്താകമാനം മാറ്റം കൊണ്ടുവരാമെന്നു അദ്ദേഹം പ്രത്യാശിയ്ക്കുന്നു. സാമ്പത്തിക വളർച്ചയേക്കാൾ പ്രാധാന്യം സമൂഹത്തിന്റെ വളർച്ചയ്ക്ക് കൊടുക്കണം എന്നദ്ദേഹം വിശ്വസിയ്ക്കുന്നു. 
 മനുഷ്യത്വത്തിനാണ് മുൻ‌തൂക്കം കൊടുക്കേണ്ടത്. മൂല്യങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള വിദ്യാഭ്യാസത്തിനു മാത്രമേ ഭീകരവാദികളെയും മറ്റും നേരിടാനാകൂ. ദുഷ്കർമത്തിൽ നിന്നും ലോകത്തെ പിന്തിരിപ്പിക്കാൻ ധാർമ്മികതയ്ക്കേ കഴിയൂ എന്നദ്ദേഹം വിശ്വസിയ്ക്കുന്നു.
   
വിനോബാജി സ്വപ്നം കണ്ട 'ജയ് ജഗത്'  ആണ് ജീൻ ലൂയിയും ആഗ്രഹിയ്ക്കുന്നത്.

അടുത്ത മെയ് മാസത്തിൽ നടക്കാനിരിയ്ക്കുന്ന ഫ്രഞ്ച് പ്രസിഡന്റ്‌ തിരഞ്ഞെടുപ്പിന് മത്സരിയ്ക്കാനുദ്ദേശിയ്ക്കുന്ന ഈ വിശ്വഗാന്ധിയന് എല്ലാ നന്മകളും നേരാം.

ലോകാ സമസ്താ സുഖിനോ ഭവന്തു....

വായന --ഫിയാനോ ക്യാമ്പെൽ

 സ്പന്ദനങ്ങൾ :__ 

ജനുവരി, 8, 2016 
അമ്മിണീ,
ഒരു ബുക്കിനെക്കുറിച്ചു കൂടെ സൂചിപ്പിയ്ക്കട്ടെ!
എന്തായാലും നീ ഇപ്പോഴൊന്നും ഞാൻ എഴുതുന്നത് വായിക്കില്ല. അതുവിചാരിച്ചു എനിക്ക് എഴുതാതിരിക്കാനും വയ്യ. 
പരീക്ഷയ്ക്ക് നന്നായി തയാറെടുക്കുക. ഞാൻ എഴുത്തു തുടരട്ടെ, ട്ടോ....
ചില പുസ്തകങ്ങൾ കയ്യിലെടുക്കുമ്പോൾത്തന്നെ ഒരാകർഷണം അനുഭവപ്പെടും..ചിലപ്പോൾ ഭംഗിയുള്ള പുറം ചട്ട, മുൻപ് വായിച്ചു ഇഷ്ടപ്പെട്ട എഴുത്തുകാരൻ..അങ്ങിനെ പലതും. പുസ്തകം കയ്യിൽക്കിട്ടിയാൽ മണത്തു നോക്കുന്നവരുണ്ട്. ചിരി വരുന്നോ? അതിലും ഒരു കാര്യമുണ്ട്. നിനക്കറിയാമല്ലോ, പാഠപുസ്തകങ്ങൾക്ക് ഒരു പ്രത്യേക മണമുണ്ട്. പുസ്തകം പഴയതായാൽ അതിന്റെ ഗന്ധം വേറെ.
അതൊക്കെ പോട്ടെ. ബാന്ഗ്ലൂരിൽ വെച്ച് വായിച്ച മറ്റൊരു പുസ്തകത്തിനെപ്പറ്റി എഴുതാമെന്ന് വിചാരിച്ചു. നവീനമ്മാമന്റെ ശേഖരത്തിൽ അധികവും പുതിയ എഴുത്തുകാരുടെതാണ്. ക്ലാസ്സിക് നോവലുകളും ഉണ്ടെന്നറിയാമല്ലോ. പഴയ ഒരു പുസ്തകം എടുത്തു അടിമുടി നോക്കി. നേരത്തെ പറഞ്ഞപോലെ, എന്നെ വായിക്കൂ എന്ന് ആ പുസ്തകം പറയുന്നതായി തോന്നി. 
പേജുകൾ മറിച്ചു നോക്കിയപ്പോൾ അത്രയ്ക്കധികം പഴക്കമായിട്ടില്ല, പുസ്തകം അച്ചടിച്ചു ഇറങ്ങിയിട്ട് എന്ന് മനസ്സിലായി.
ഫ്രിയോന കാംബെൽ എന്ന ഇരുപത്തിരണ്ടുകാരിയായ ഇൻഗ്ലീഷ്കാരിയുടെ ആഫ്രിക്കൻ വനാന്തരങ്ങളിൽക്കൂടിയുള്ള യാത്രാ വിവരണമാണത്. കേപ്ടൗൺ -ൽ നിന്നും തുടങ്ങി മൊറോക്കോ വിലെ ടാൻജെയെര്സ് വരെ യുള്ള പതിനായിരത്തോളം നാഴിക ദൂരം നടന്നുതാണ്ടിയതിന്റെ വിവരണമാണ് On foot through Africa എന്ന പുസ്തകത്തിൽ. പുസ്തകത്തിനേപ്പറ്റി പറയും മുൻപ് രണ്ടു വാക്കു ഫ്രയോനയെപ്പറ്റി എഴുതട്ടേ .....
ഫ്രിയോന ഒരു ദീർഘദൂര നടത്തക്കാരിയാണ്. കഴിഞ്ഞ 11 വർഷക്കാലം കൊണ്ട് ലോകം മുഴുവനും പദയാത്ര നടത്തി ഇരുന്നൂറു ലക്ഷത്തോളം പൗണ്ട് ശേഖരിക്കുകയും ദാനധർമ്മ/സേവന സ്ഥാപനങ്ങൾക്കായി നൽകുകയും ചെയ്തു.
ആകെ 32000 കി.മീ യാത്ര ചെയ്ത ഫ്രിയോന 16 -ആം വയസ്സിലാണ് ആദ്യ പദയാത്ര നടത്തിയത്. ആഴ്ചയിൽ ആറു ദിവസം 20 -മുതൽ 25 നാഴിക വെച്ച് 49 ദിവസം നടന്നു 25 ,000 പൗണ്ട് കാൻസർ ആസ്പത്രിയ്ക്കുവേണ്ടി ശേഖരിച്ചു.
പിന്നീട് 18 -ആം വയസ്സിൽ ന്യൂയോർക് സിറ്റി മുതൽ ലോസാഞ്ചൽസ് വരെനടന്നു. 21 -ആം വയസ്സിൽ ആസ്‌ട്രേലിയയിൽ സിഡ്‌നി മുതൽ പെർത് വരെയുള്ള 3200 നാഴിക 95 ദിവസം കൊണ്ട് ദിവസേന ഏകദേശം 50 നാഴിക നടന്നു പൂർത്തിയാക്കി.
നാമാവശേഷമായിക്കൊണ്ടിരിയ്ക്കുന്ന ഗോത്രങ്ങളെ സംരക്ഷിയ്ക്കുന്ന സംഘടനയാണ് Survival International. തന്റെ യാത്രകൾക്കിടയിൽ കണ്ടുമുട്ടിയ നിരവധി വനവാസികൾ, വേട്ടയാടി ജീവിക്കുന്നവർ, ഗോത്രവർഗ്ഗക്കാർ, പിഗ്മികൾ, ബുഷ്‌മെൻ, നോർത്ത് അമേരിക്കയിലെ ഇന്ത്യക്കാർ എന്നിവർക്കു വേണ്ടി തുടങ്ങിയവർക്കു വേണ്ടി എന്തെങ്കിലും ചെയ്യണമെന്നവർ ആഗ്രഹിച്ചു.
പുസ്തകത്തിന്റെ ആമുഖവും പുറം ഭാഗവും ആദ്യം നോക്കി. അപ്പോൾ തോന്നി, ഈശ്വരാ, ഇതെന്നോ വായിക്കേണ്ട പുസ്തകമായിരുന്നല്ലോ, എന്ന്.
സമാധാനിച്ചു.....better to be late than never .
.
ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ, കൂടുതൽ ദൂരം 
കാൽനടയായി നടന്ന സ്ത്രീ എന്ന ബഹുമതി, ഗിന്നസ് വേൾഡ് റെക്കാർഡ് അവർക്കണ്ട്. 11 വര്ഷം കൊണ്ട് 32 ,ooo കി.മീറ്റർ ദൂരം അവർ നടന്നു തീർത്തു. 1,80,ooo പൗണ്ട്- ൽ അധികം തുക ധർമ്മസ്ഥാപനങ്ങൾക്കായി സ്വരൂപിക്കുകയും ചെയ്തു.
നാല് വന്കരകളിലായി പതിനായിരക്കണക്കിന് കി.മീ ആണ് അവർ നടന്നത്. ഒരു സ്ത്രീ എന്ന നിലയിൽ ഈ ഉദ്യമത്തെ 
എത്ര പ്രശംസിച്ചാലും മതിയാവില്ല.
1967 -ൽ ഇംഗ്ലണ്ടിലെ ഡെവോൺ-ൽ റോയൽ നേവി കുടുംബത്തിൽ ആണ് ഫ്‌യൊന ജനിച്ചത്.
16 -ആം വയസ്സിലാണ് ആദ്യ പദയാത്ര നടത്തിയത്. ആഴ്ചയിൽ ആറു ദിവസം 20 -മുതൽ 25 നാഴിക വെച്ച് 49 ദിവസം നടന്നു . 25 ,000 പൗണ്ട് കാൻസർ ആസ്പത്രിയ്ക്കുവേണ്ടി ശേഖരിച്ചു. നടത്തത്തിനുള്ള യാത്രാച്ചെലവ് വഹിയ്ക്കാൻ വിവിധ കമ്പനികൾ സഹായവും നൽകിയിരുന്നു. .
18 -ആം വയസ്സിൽ ന്യൂയോർക്ക് സിറ്റി മുതൽ ലോസ് ആഞ്ചെലിസ് വരെ നടന്നു.
21 -ആം വയസ്സിൽ സിഡ്നി മുതൽ പെർത് വരെ അയ്യായിരത്തിലധികം കി.മീ ദൂരം 150 -ഓളം ദിവസം കൊണ്ടാണ് നടന്നു തീർത്തത്. യാത്രാച്ചെലവ് വഹിയ്ക്കാൻ ആളില്ലാതിരുന്നത് കൊണ്ട് പലപ്പോഴും ഒരു ദിവസം 80 കി.മീ ദൂരം വീതം അവർക്കു നടക്കേണ്ടി വന്നു. 
ആസ്‌ത്രേലിയയിൽക്കൂടിയുള്ള യാത്രയെപ്പറ്റി അവരുടെ The feet of clay എന്ന പുസ്തകത്തിൽ വായിക്കാം.
1991, ഏപ്രിൽ -2-നു അവരുടെ സുപ്രധാനമായ നടത്തം, അതിസാഹസികമായതു -- കേപ്പ് ടൗണിലെ വമ്പിച്ച ജനാവലിയുടെ ആശംസകളോടെ ആരംഭിച്ചു. ആഫ്രിക്കയുടെ നെടുകെക്കൂടി പതിനായിരക്കണക്കിന് കി.മീ ദൂരം നടന്ന്‌ വടക്കു പടിഞ്ഞാറുള്ള Tanger വരെ.
കൂടെ വാഹനത്തിൽ സഹായികൾ ഉണ്ടായിരുന്നെങ്കിലും ഭൂമിയിലേക്കും വെച്ച് അതി ദുര്ഘടവും, അത്യപകടവുമായ പ്രദേശത്തുകൂടിയുള്ളതായിരുന്നൂ ഈ യാത്ര. അപകടത്തിന്റെ തീവ്രത അറിഞ്ഞു കൊണ്ട് തന്നെയാണ് ഫ്‌യൊന ഈ യാത്രയ്ക്ക് മുതിർന്നത്.
മനുഷ്യവാസമില്ലാത്ത പ്രദേശങ്ങൾ, വന്യ മൃഗങ്ങൾ ഉള്ള കാടുകൾ, വന്യമൃഗങ്ങളെക്കാൾ ക്രൂരമായ മനുഷ്യ രാക്ഷസർ, പിഗ്മികൾ, ബുഷ്‌മെന്, കൊള്ളയും, കൊലയും ചെയ്യന്നവർ, തട്ടിപ്പറിക്കാർ, ഗുണ്ടകൾ, മനുഷ്യരെത്തന്നെ ഭക്ഷിയ്ക്കുന്നവർ, കൂടാതെ 'ബുഷ് ഫയർ' ഊക്കൻ പാമ്പുകൾ, ഇരമ്പി പിന്നാലെ കൂടുന്ന ഈച്ചകൾ, പ്രാണികൾ..........ഭൂമിയിലെ ഇരുണ്ട ഭൂഖണ്ഡത്തില്‍ക്കൂടി ജീവന്‍ പണയം വെച്ചുകൊണ്ടുള്ള അതിസാഹസിക യാത്ര !
എല്ലാ വരുംവരായ്കകൾ മുൻകൂട്ടി കണ്ടു അവർ സ്വയം സമാധാനിപ്പിച്ചു--
You are going for a walk. Don' t get frightened.
വ്യത്യസ്തമായ ജീവിതരീതിയായിരുന്നു, ഫ്‌യൊനക്കു ചെറുപ്പം മുതൽ. കുടുംബ പാരമ്പര്യം അതിനു നല്ല സഹായമായി.
വിവിധ മേഖലകളിൽ പണിയെടുത്തു ശാരീരികമായും, മാനസികമായും നല്ല കരുത്തു ആർജ്ജിച്ചു. തൂപ്പുപണി മുതൽ ഹോളിവുഡിലെ തിരക്കഥ എഴുത്തു വരെ അവർ ചെയ്തു പോന്നു. 
ഫ്‌യൊനയുടെ വാക്കുകൾ--
Never to think of the end of the day
Never to think of the end of journey.
എല്ലാ മുന്കരുതലുകളുമായിട്ടാണ് ഫ്‌യൊന യാത്ര തുടങ്ങുന്നത്. വഴി നീളെയുള്ള ദുര്ഘടങ്ങളെ നേരിടാനുള്ള മരുന്നുകൾ, ആയുധങ്ങൾ, ഭക്ഷണം, വെള്ളം, രാഷ്ട്രീയ സുരക്ഷ........
എത്രയൊക്കെ സന്നാഹങ്ങളുണ്ടായാലും ആഫ്രിക്കൻ വനാന്തരങ്ങളിക്കൂട്ടിയുള്ള യാത്ര ജീവന് തന്നെ അപകടകരമാണെന്നതിനു യാതൊരു സംശയവുമില്ല.
.........അവസാനിയ്ക്കുന്നില്ല.......

March 16,2017  at 3:22pm
ഫിയൊന ക്യാമ്പെൽ .....തുടർച്ച...
കേപ്പ് ടൌൺ-ൽ നിന്നും യാത്ര പുറപ്പെട്ടപ്പോൾ കൽഹാരി മരുഭൂമി കടക്കാനുള്ള വേണ്ടത്ര സജ്ജീകരണങ്ങൾ കൂടെ കരുതിയിരുന്നു. ലാൻഡ്‌റോവറിൽ വെള്ളവും, ഇന്ധനവും, ഭക്ഷണവും നാല് ദിവസത്തേക്ക് ആവശ്യമുള്ളത് സൂക്ഷിച്ചിരുന്നു.
നടക്കുന്നതിനിടയിൽ താളത്തിൽ ഓടുന്ന ഓസ്ട്രിച്ചുകൾ, ലോകത്തിലേക്കും വെച്ച് ഏറ്റവും വലുപ്പമുള്ള പറക്കുന്ന പക്ഷികളായ കൊരി ബസ്റ്റാർഡുകൾ, 6 അടി യിലധികം നീളമുള്ള തവിട്ടും, വെള്ളിയും നിറങ്ങള്‍ കലര്‍ന്ന പാമ്പുകൾ, തുപ്പുന്ന പാമ്പുകൾ, സാവന്നയിൽക്കാണുന്ന പ്രതേകതരം പാമ്പുകൾ, ഒരു ഹിപ്പോവിനെ മറയ്ക്കാൻ പറ്റുന്നത്ര ഊക്കൻ മരങ്ങൾ, മനോഹരമായ സൂര്യാസ്തമനം....ഇതൊക്കെ കണ്ടു ഉപ്പുപൊടിയിലൂടെ നടന്നു നീങ്ങി.
നൈജീരിയ, അംഗോറ, സൈർ, സിംബാവ്‌ബെ (വിക്ടോറിയ വെള്ളച്ചാട്ടം), ബോട്സ്വാന .......അതിര്‍ത്തികള്‍ പിന്നിട്ടുകൊണ്ട് മുന്നോട്ട്.
വഴിനീളെ വന്യജീവിതം കണ്ടു നീങ്ങുമ്പോൾ ആകുലപ്പെട്ടു. മയങ്ങിക്കിടക്കുന്ന വന്യമൃഗങ്ങൾ.....
സന്ദർശകർക്കായി ഒരുക്കിയ 'വന്യമായ' കാഴ്ച!!
മൃഗങ്ങളുടെ കൂടെ നിന്ന് ഇരുന്നും കിടന്നും ഫോട്ടോ എടുക്കാം.
പലപ്പോഴും വഴിയിലെ പുല്ലുകളും, വിത്തുകളും കൊണ്ട് സോക്സ് നിറഞ്ഞു. 
നാല്ഭാഗത്തു നിന്നും ഓടിക്കൂടുന്ന ഈച്ചകൾ....നേരിയ ഈർപ്പം അവയെ ആകര്ഷിയ്ക്കും. ശരീരത്തിൽ എവിടെയെങ്കിലും ഒരു  ചെറിയ നനവ് കണ്ടാൽ അവിടെ പറ്റിക്കൂടും. കേറിക്കൂടിയാൽ എവിടെയെങ്കിലും പറ്റിയിരുന്നു മുട്ടയിടും.
വഴിയിൽ തങ്ങിയ സ്ഥലത്തെ ഗ്രാമത്തിലുള്ളവർ അവരുടെ ചരിത്ര കഥകൾ പറഞ്ഞുകൊണ്ടിരുന്നു. 'കെന്നെത് കൗണ്ട' യെപ്പോലുള്ളവർ സമ്പന്നരായതിന്റെ രഹസ്യവും മറ്റും ഫ്‌യോണയുമായി പങ്കുവെച്ചു.
ഏകദേശം ഒരു നാഴിക ദൂരത്തോളം 'Tse tse' ഈച്ചകൾ പിന്തുടർന്നു. അവയെ പിന്തിരിപ്പിക്കാൻ സ്പ്രൈ ഉപയോഗിച്ചെങ്കിലും കണ്ണും മുഖവുമെല്ലാം കുത്തു കിട്ടി തടിച്ചു വീർത്തു. 
തൊപ്പിയിൽ തൂങ്ങി നിൽക്കുന്ന വല പലപ്പോഴും കാഴ്ചകൾ മറച്ചു. ഒറ്റയാൻ സിംഹം കാട്ടിലെ വഴിയിൽ അലഞ്ഞു നടക്കുന്നുനടക്കുന്നു എന്ന വാർത്തയും അറിഞ്ഞു. പലപ്പോഴും കരുതൽ വാഹനം വളരെ ദൂരെയാകും.
കഫ്യൂനാഷണൽ പാർക്കിനടുത്തുകൂടെ പോകവേ ചുറ്റും മൂളിപ്പറക്കുന്ന ഈച്ചകൾ .... കൂടാതെ കത്തിക്കൊണ്ടിരിയ്ക്കുന്ന പൊന്തക്കാടുകളും. തീയിന്റെ ചൂടും, പുകമറയും...... ഈച്ചകളുള്ള സ്ഥലത്തു ജനവാസം ഉണ്ടാകില്ല. ജീവനും കൊണ്ട് ഓടേണ്ടി വന്ന നിമിഷങ്ങൾ........
ജനവാസമുള്ളിടത്തു വിദ്യാഭ്യാസമുള്ളവരെ കണ്ടുകിട്ടിയാൽ നൂറു ചോദ്യങ്ങ്ളാണ്. അദ്ധ്യാപകരെയും കുട്ടികളെയും കണ്ടാൽ അവരും അങ്ങിനെ..ഏതു രാഷ്ട്രീയ പാർട്ടി, എന്തിനു, എങ്ങോട്ടു നടക്കുന്നു...തുടങ്ങി....
കുട്ടികൾക്ക് ബാഗ് തുറന്നു കാണണം.
സൗഹൃദങ്ങള്‍ അപൂര്‍വമായിക്കിട്ടുന്ന ആശ്വാസങ്ങള്‍ മാത്രം.
നടത്തത്തിന്നിടയിൽ എങ്ങിനെ എവിടെ നിന്ന് ആപത്തു ഏതു രൂപത്തിൽ എത്തിപ്പെടുമെന്നു പറയാനും  വയ്യ.
പെട്ടെന്ന് ഒരു ട്രക്ക് അടുത്തു കൊണ്ട് വന്നു നിർത്തി മുടി പിടിച്ചു വണ്ടിയിൽ കയറ്റി. എന്തിനു വന്നു, എങ്ങോട്ടു പോകുന്നു ???....വെള്ളക്കാരെ കണ്ടാൽ ശത്രുതയോടെ നോക്കുന്നവർ. കൊല്ലാനും മടിയില്ലാത്തവർ. കൂടെയുള്ള വാഹനം എത്തിയതിനാൽ രക്ഷപ്പെട്ടു.
സാംബിയയിൽ പട്ടാളക്കാരെ എല്ലാവരും ഭയന്നിരുന്നു. അവയുടെ ദൃഷ്ടിയിൽ പെടാതെ നടന്നുപോകാൻ ഫ്‌യൊന ശ്രദ്ധിച്ചു. ബലാൽക്കാരവും,പിടിച്ചു പറിയും, കൊലയുമൊക്കെ ശീലമാക്കിയവർ. എന്നിട്ടും അവരുടെ മുന്നിൽ പെട്ടു. കഴുത്തിൽ കത്തി വെച്ച അവരോട് മനോഹരമായ ഈ രാജ്യം കാണാൻ വന്നതാണെന്ന് പറഞ്ഞു. ഭർത്താവു മുന്നിൽ പോയിട്ടുണ്ടെന്നും പോകാൻ വിടണമെന്നും പറഞ്ഞു. ലാൻഡ്‌റോവിലെ ഡ്രൈവറെയും സഹായിയെയും കൂട്ടി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സ്റ്റേഷനിൽ നിരത്തിവെച്ച തോക്കുകളും വെടിയുണ്ടകളും .....
പെട്ടെന്ന് യാത്രയ്ക്കിടയിൽ സോൾവെസി യിൽ വെച്ച് പരിചയപ്പെട്ട govt അക്കൗണ്ടന്റ്-ന്റെ പേര് ഓർമ്മ വന്നു. 
പൊലീസിന് സ്വീകാര്യനായ വ്യക്തി ആയതിനാൽ അന്നേക്കു മാത്രം കസ്റ്റഡിയിൽ എടുത്തു വിട്ടു.
നടത്തത്ത്ന്റെ 106 -ആം ദിവസമാണ് സൈർ -ന്റെ അതിർത്തിയിൽ എത്തിയത്. അവിടെ ഛർദിച്ചവശയായി അവിടെ തങ്ങേണ്ടി വന്നു.
യാത്രയ്ക്കിടയിൽ മിക്കദിവസങ്ങളിലും മിഷനറികളുടെ സങ്കേതത്തിലാണ് രാത്രി കഴിച്ചുകൂട്ടിയിരുന്നത്.
സുരക്ഷിതയായി വലകൾക്കുള്ളിലാണ് കിടന്നുറങ്ങിയിരുന്നത് എങ്കിലും ശരീരത്തിൽ ഈച്ചകളാലും മറ്റും ഉണ്ടാക്കിയ വ്രണങ്ങൾ ധാരാളമുണ്ടായിരുന്നു.
സൈർ-ലെ പ്രധാന മാർകറ്റ് സെന്റർ ആയ 'Kisangani' എന്ന പ്രദേശത്തു ലഹള പൊട്ടിപ്പുറപ്പെട്ടത് യാത്രക്ക് വിഘാതമായി. 
കൂടാതെ നൈജർ -അൾജീരിയ അതിർത്തികൾ അടയ്ക്കുകയും ചെയ്തു. ആഭ്യന്തരലഹളകൾ അങ്ങിങ്ങായി പൊട്ടിമുളച്ചുതുടങ്ങി. അല്ലെങ്കിൽത്തന്നെ കലുഷിതമായ പ്രദേശം. ബസ്സുകളിലെ യാത്രക്കാരെ കൊള്ളയടിക്കലും മറ്റും സ്ഥിരം പതിവായുള്ള പ്രദേശങ്ങൾ. 

മരുന്നുകളും മറ്റും വിറ്റ് വന്നിരുന്ന ഗോത്രവർഗ്ഗക്കാർ, പിഗ്മികൾ എന്നിവർക്കിടയിലും സംഘർഷം.
ഒടുവിൽ താൽക്കാലികമായി യാത്ര നിർത്തിവെച്ചു അവർ സ്വദേശത്തേക്കു മടങ്ങി. ആരോഗ്യപരമായ കാരണങ്ങളും അവരുടെ യാത്രയെ ബാധിച്ചു. 106 -ആമത്തെ ദിവസമാണ് അവർ സൈർ-ൽ എത്തിയത്.
അഞ്ചാറു മാസത്തിനു ശേഷം അവർ നിർത്തിവെച്ച സ്ഥലത്തു നിന്നും വീണ്ടും നടപ്പു തുടങ്ങി. 
1993 സെപ്റ്റംബറിൽ ൽ മൊറോക്കോവിൽ എത്തി വീണ്ടും നടത്തം ആരംഭിച്ചു. നാനൂറു നാഴിക വിസ്താരമുള്ള ഖനികളുള്ള പ്രദേശങ്ങളിൽക്കൂടെ ഓരോ ദിവസവും 30 നാഴിക വെച്ച് നടന്നു.
കൊള്ളക്കാരും പിടിച്ചു പറിക്കാരും, തീപ്പൊന്തകൾ, സിംഹങ്ങൾ, പിഗ്മികൾ, മനുഷ്യമാംസം കഴിയ്ക്കുന്നവർ .....ഇത്യാദി ഭീകരത നിറഞ്ഞ സ്ഥലത്തുകൂടിയാണ് അവർ കടന്നുപോയത്.
16,000 ലധികം കി.മീ നടന്നു ഒടുവിൽ 'Tanger' -ൽ വിജയ ശ്രീ ലാളിതയായി എത്തിച്ചേർന്നു.
ലോകത്തിലെ ഇരുണ്ട ഭൂഖണ്ഡം മനോഹരമായ ഭൂപ്രദേശം അത്രത്തോളം ഭയാനകമാർന്നതും!!
പലേ കാഴ്ചകളും അവർക്കു കാമറയിൽ ആക്കാൻ സാധിച്ചില്ല.
മനുഷ്യരും, പ്രകൃതിയും എപ്പോൾ വേണമെങ്കിലും പ്രതികൂലമാകാം, അല്ലെങ്കിൽ സദാ മുഖം തിരിച്ചു കാണിക്കുന്ന പ്രകൃതിയും, മനുഷ്യരും!
നിഗൂഢത നിറഞ്ഞ മനോജ്ഞമായ പ്രദേശം!!
വഴി നീളെയുള്ള ഗോത്ര ജീവിതവും, ഭാഷയിലും വേഷത്തിലും പെരുമാറ്റത്തിലും ഉള്ള വൈരുദ്ധ്യവും അവർ തിരിച്ചറിഞ്ഞു.
നശിച്ചുപോകുന്നു തനതായ ഗോത്രസംസ്‌ക്കാരങ്ങൾ, അതേപോലെ പുരോഗമനത്തിന്റെ പേരിൽ സ്വാഭാവികതയും, സൗന്ദര്യവും നശിച്ചു പോകുന്ന പ്രകൃതി.
ലോകത്തെമ്പാടുമുള്ള ഗോത്രവർഗ രക്ഷയെക്കുറിച്ചു വേവലാതിപ്പെടുന്ന, അതിന്റെ നിലനിൽപ്പിനായി പ്രചരണം നടത്തുന്ന, പ്രവർത്തിയ്ക്കുന്ന 'Survival International ' നു വേണ്ടിയായിരുന്നൂ, ഫ്‌യോണ ക്യാമ്പ്ബെൽ ആഫ്രിക്കൻ യാത്ര നടത്തിയത്.
ഗോത്രവർഗ്ഗക്കാർ ആഫ്രിക്കയിൽ പലയിടത്തും നിഷ്ടുരമായി വധിയ്ക്കപ്പെട്ടിട്ടുണ്ട്.
അവരുടെ സംസ്ക്കാരം നശിപ്പിക്കപ്പെട്ടിട്ടുണ്ട് 
മനുഷ്യാവകാശ ധ്വംസനം വളരെയേറെ നടന്നിട്ടുണ്ട്.
അവർക്കു അവരുടെ ഭൂമി നഷ്ടപ്പെട്ടിട്ടുണ്ട്.
അവരുടെ പ്രകൃതിയെ നശിപ്പിച്ചിട്ടുണ്ട്.
ലോകമെമ്പാടുമുള്ള വർഗ്ഗനാശം വരുന്ന ഗോത്രസമൂഹം, പ്രകൃതി എന്നിവയുടെ സംരക്ഷണത്തിനായി 'Raleigh International' - ഉം പ്രവർത്തിയ്ക്കുന്നു.
ആഫ്രിക്ക ക്കു ശേഷം അവർ നടത്തിയ യാത്രകളാണ് "The whole story" എന്ന പുസ്തകത്തിൽ.
ഇന്ന് ഫിയോന കാമ്പ്ബെൽ നടത്തുന്ന 'Wild Food Walk' ന്റെ പ്രധാന ഉദ്ദേശം ആയിരക്കണക്കിന് വര്ഷങ്ങള്ക്കു മുന്നേ കാടുകളിൽ വസിച്ചിരുന്നവരുടെ--ആദിമമനുഷ്യരുടെ, വേട്ടയാടി ഭക്ഷണം കഴിച്ചിരുന്നവരുടെ, ബുഷ്‌മെൻ, പിഗ്മികൾ തുടങ്ങിയവരുടെ ഭക്ഷണരീതിയിലേക്കു ഒരു എത്തിനോട്ടം--അതനുഭവിച്ചറിയുക...

എവിടെവെച്ചാണ്, എങ്ങിനെയാണ്, എപ്പോളാണ് മനുഷ്യന്റെ ഭക്ഷണരീതികളിൽ ഇത്ര ഭയാനകമായ മാറ്റം വന്നത്, അല്ലെങ്കില്‍ വേര്‍പിരിവ് സംഭവിച്ചത്......വന്‍കരകളില്‍ക്കൂടിയുള്ള നടത്തം, അനുഭവങ്ങള്‍ ഗവേഷണകുതുകിയാക്കി മാറ്റി..
ആസ്‌ത്രേലിയയിലെ യാത്രാ കഴിഞ്ഞപ്പോളാണ് തീവ്രമായ ഈ ചിന്ത അവർക്കുണ്ടായത്.
അതിന്റെ അന്വേഷണത്തിലാണ് അവരിപ്പോൾ..
"വൈൽഡ് ഫുഡ് വാക്".
I realized that I have found what the west is always looking for--but can never find.----Fyona Campbell.


വായന--ഹിമാലയ (ഷൗക്കത്ത്)

 Uma Namboodiri

3 July
ഹിമാലയന്‍ യാത്രാ വിവരണങ്ങള്‍ ഇപ്പോള്‍ ധാരാളം വായിക്കാന്‍ കിട്ടാനുണ്ട്. 2006-ല പ്രസിദ്ധീകരിച്ച ഷൌക്കത്തിന്റെ 'ഹിമാലയം'-യാത്രകളുടെ ഒരു പുസ്തകം 2 വര്‍ഷം മുന്‍പാണ് ഷൌക്കത്ത് തന്നെ സമ്മാനിച്ചതു അന്ന് തന്നെ ഞാന്‍ വായിക്കുകയും ചെയ്തു. ഇന്ന് വീണ്ടും പുസ്ക ഈ പുസ്തകത്തിന്റെ പ്രകാശനം, മാതൃഭൂമി നടത്തുന്നു,
തൃശൂരില്‍ ..പോകാന്‍ പറ്റില്ല....ഇന്ന് രാവിലെ മുതല്‍ പുനര്‍വായന തുടങ്ങി. ഓരേ യാത്രവീണ്ടും വീണ്ടും ചെയ്യുമ്പോള്‍ വ്യത്യസ്ത അനുഭവമാണ് അനുഭവപ്പെടുക. അതേപോലെത്തന്നെയാണ് ഒരേ പുസ്തകം വീണ്ടും വായിക്കുമ്പോള്‍ കിട്ടുന്നത് വ്യത്യസ്തങ്ങളായ കാഴ്ചപ്പാടു കളാണ് .
ഒരു നിയോഗം പോലെയാണ് ഇത്തരം യാത്രകള്‍ക്കുള്ള വിളികള്‍ വരുന്നത്.
ഷൌക്കത്ത്തിന്‍റെ വാക്കുകള്‍ -ലോകത്തുള്ള സര്‍വ ജീവജാലങ്ങളും ആഗ്രഹിയ്ക്കുന്നത് സമാധാനത്തോടും,സന്തോഷത്തോടും കൂടെ ജീവിക്കണം എന്നാണ്. അതിനാല്‍ 'സുഖം'എന്നത് ഏവരുടെയും പൊതുവായ മതമാണെന്ന് പറയാം. നമ്മുടെ പൂര്‍വികരുടെ അനുഭൂതിയില്‍ നിന്നും ഉരുത്തിരിഞ്ഞു വന്ന സത്യദര്‍ശനം, അത് ഈ പ്രപഞ്ചത്തിലുള്ള സകല ചരാചര ങ്ങളിലും നിരഞ്ഞിരിയ്ക്കുന്നു. ഈ ശക്തിയെ, സ്നേഹത്തിനെ അറിയുക,ഉള്‍ക്കൊള്ളുക. ജാതി മത ദേശങ്ങല്‍ക്കതീതമായി ചിന്തിയ്ക്കുക..... ഉപനിഷാദികളും,യേശുവും,ബുദ്ധനും,നബിയുമെല്ലാം പറഞ്ഞത് പൂര്‍ണ്ണ ഹൃദയത്തോടെ സ്വീകരിക്കാനുള്ള മഹാമനസ്കത ഉണ്ടാകുക..അതുപോലെ പ്രപഞ്ചത്തിലെ സകല ചരാചരങ്ങളിലും നിറഞ്ഞു നില്‍ക്കുന്ന ശക്തിയെ, സത്യത്തിനെ അറിയുക.....ഹിമാലയ യാത്ര ഉല്‍ക്രുഷ്ടമാകുന്നത്, പ്രകൃതി നമ്മോടു സംവാദിയ്ക്കുന്നത് നാം മനസ്സിലാക്കിയെടുക്കുംപോളാണ് ......
ഈശാവാദ്യമിദം സര്‍വം എന്നോ, ലോകസമസ്താ...എന്നോ ഉരുവിടുമ്പോള്‍, ലാ ഇലാഹാ ഇല്ലല്ലാഹ് എന്നോ, അവന്‍ നിന്റെ ഹൃദയത്തിലാണ് എന്നോ, ബുദ്ധന്റെ ധ്യാനാത്മകമായ മുഖം ദര്ശിയ്ക്കുംപോള്‍.....'പലമതസാരവുമേകം'ഏന്നു ഓര്‍ത്താല്‍ എത്ര നന്നായി!!
.

 June 28, 2015 at 10:08pm· 

പുല്ലാങ്കുഴല്‍  വാദനത്താല്‍ ഏവരെയും സ്വയം മറപ്പിച്ച ഹരിപ്രസാദ് ചൌരസ്യയുടെ ശിഷ്യാനുശിഷ്യനോടും, വയലിന്‍ കച്ചേരിയില്‍ മുഗ്ദ്ധരാക്കിയിരുത്തിയ ജിഷ്ണുവിനോടും , സൂഫി ഭക്തി ഗാനത്തിന്റെ ലഹരിയില്‍ കൊണ്ടുചെന്നെത്തിച്ച ഗായകസംഘത്തിനോടും എത്ര നന്ദി പറഞ്ഞാലാണ് മതിയാകുക !
ഹൃദയം തുറക്കാന്‍ സൌഹൃദങ്ങള്‍ക്ക് മാത്രമേ കഴിയൂ എന്ന ഷൌക്കത്തിന്റെ കാഴ്ചപ്പാട് എത്ര ശരിയാണ്? വേലികളില്ലാത്ത, ബന്ധനങ്ങളില്ലാത്ത ഹൃദയങ്ങളങ്ങിനെ സ്വതന്ത്രമായി ഒഴുകി നടക്കുമ്പോള്‍ എന്തൊരു ആശ്വാസം? സ്നേഹത്തിന്റെ പാതയിലേക്ക് നമ്മളെ കൂട്ടിക്കൊണ്ടു പോകുന്ന ശ്രീനാരായണഗുരുവിന്റെ ശിഷ്യാനു ശിഷ്യാനു ശിഷ്യന് എല്ലാ ഭാവുകങ്ങളും നേരുന്നു.
അത്യപൂര്‍വമായ 'ക്ലിക്കുകള്‍' കൊണ്ട് വന്യഭംഗി ഇത്ര മനോഹരമായി നമ്മുടെ മനസ്സില്‍ പതിപ്പിച്ചു തരുന്ന വിനയാന്വിതനായ എന്‍.എ നസീറിനോടും , മറ്റു പ്രതിഭകളോടും തീര്‍ത്താല്‍ തീരാത്ത കടപ്പാടാനുള്ളത്......
സൌഹൃദത്തിന്റെ മൂല്യമറിഞ്ഞ നല്ലൊരു ദിവസം!!!