Thursday, 23 September 2021

അമ്മാത്ത് പർവ്വം --ഫൈനൽ

 Uma Namboodiri‎

December 28, 2014 ·

part-2

ഫല്ഗുനദിയുടെ തീരത്ത്, 3 ഭാഗങ്ങളും മലനിരകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഗയ, ഹിന്ദുക്കള്‍ക്കും ബുദ്ധമാതക്കാര്‍ക്കും ഒരുപോലെ പുണ്യസ്ഥാനമാണ്. 

ഫല്ഗു നദിയെ 'സീതയുടെ ശാപം' എന്നാണു ചില പുരാണങ്ങള്‍ വിശേഷിപ്പിയ്ക്കുന്നത്. 

ഒരിയ്ക്കൽ വനവാസകാലത്ത് ശ്രീരാമന്‍ ഈ നദീ തീരത്തെ വിഷ്ണു ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു. രാവിലെ പിതൃപിണ്ഡദാനത്തിനായി  ലക്ഷ്മണനെ കൂട്ടി കുളിക്കാന്‍ പോയി. സീത ശ്രാദ്ധത്തിനുള്ളതെല്ലാം ഒരുക്കിവെച്ചെങ്കിലും അത് നദി എടുത്തുപോയി. ആ അവസരത്തില്‍ നദിയില്‍ നിന്നും ഉയര്‍ന്നുവന്ന ദശരഥന്റെ മലര്ത്തിയ കൈകള്‍ സീതയോട്, 'വിശക്കുന്നു, ഭക്ഷണം തരൂ', എന്ന് യാചിച്ചു. മക്കള്‍ ഉടനെ വരുമെന്നും ഭക്ഷണം അവര്‍ തരുമെന്നും പറഞ്ഞെങ്കിലും രാജാവ്‌ സമ്മതിച്ചില്ല. പുഴക്കരയിലെ മണല്‍ കൊണ്ട് പിണ്ഡമുരുട്ടിത്തന്നാലും മതി എന്ന് പറയുകയും സീത, മണൽ പിണ്ഡം സമര്‍പ്പിക്കുകയും ചെയ്തു. രാമന്‍ വന്നപ്പോള്‍ ഈ സംഭവങ്ങൾ വിസ്തരിച്ചെങ്കിലും വിശ്വാസമായില്ല.

 സീത സാക്ഷികളോട് നടന്ന സംഭവം വിസ്തരിക്കാന്‍ പറഞ്ഞു. ഫല്‍ഗു നദി, അക്ഷയ വൃക്ഷം, ഒരു പശു, ഒരു ബ്രാഹ്മണന്‍, ഒരു തുളസിച്ചെടി ---ഇവരായിരുന്നു, സാക്ഷികള്‍. അവരില്‍  വടവൃക്ഷം മാത്രം സീത പറഞ്ഞത് സത്യമാണ് എന്ന് പറഞ്ഞു. നുണ പറഞ്ഞ ഫൽഗു നദിയെ വെള്ളമില്ലാതെ പോകട്ടെ എന്ന് സീത ശപിച്ചു. ആര്‍ത്തിപ്പണ്ടാരങ്ങളായിപ്പോകട്ടെ  എന്ന് ബ്രാഹ്മണനെയും. പശുവിന്‍റെ പൂജ പിന്ഭാഗത്താവട്ടെ എന്ന് പശുവിനെയും  തുളസി ഗയയിൽ ഇല്ലാതെ പോകട്ടെ എന്നു തുളസിച്ചെടിയെയും ശപിച്ചു. അങ്ങിനെ  പിതൃപിണ്ഡദാനം ചെയ്യുന്നവര്‍ അരയാലിനെയും വന്ദിയ്ക്കുമെന്ന അനുഗ്രഹം ആലിന് ലഭിച്ചു. ‍

അന്നത്തെ സീതയുടെ ശാപത്തിനു ശേഷം ഗയയിൽ ഇപ്പോഴും മുട്ടിനു മുകളിൽ വെള്ളം ഉണ്ടാകാറില്ലെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. മിക്കവരും അടുത്തുള്ള കിണറ്റിൽ നിന്നും വെള്ളം കോരിയെടുത്താണ് കുളി നടത്തുന്നത്. ശ്രാദ്ധം ഊട്ടാൻ വരുന്നവരെ സ്വൈരം കെടുത്തി പിന്നാലെ കൂടുന്ന ബ്രാഹ്മണരെ /പണ്ഡകളെ കണ്ടാൽ ആർത്തിപ്പണ്ടാരങ്ങൾ എന്നുതന്നെയാണ് തോന്നുക.

ഞങ്ങളുടെ വാഹനം ക്ഷേത്രത്തിനു മുന്നില്‍ വന്നു നിന്നതും, ഒരു ഇരകിട്ടിയ ആര്‍ത്തിയോടെ പണ്ഡകള്‍ വന്നു പൊതിഞ്ഞു. പക്ഷെ മദ്രാസികളാണെന്നറിഞ്ഞപ്പോള്‍ എല്ലാവരും പിരിഞ്ഞുപോയി. മദ്രാസികള്‍ടെ കര്‍മ്മംചെയ്യുന്ന അയ്യരെ അധികം താമസിയാതെ കണ്ടുപിടിച്ചു..

 മലയാളം കുറെയൊക്കെ അദ്ദേഹത്തിനു മനസ്സിലാകും. ശ്രാദ്ധ കര്‍മ്മങ്ങള്‍ ചെയ്യാനുള്ള റേറ്റ് ഉറപ്പിച്ചു. കൂടാതെ പ്രഭാത ഭക്ഷണത്തിനുള്ള സൗകര്യം കൂടെ ഒരുക്കിത്തരാമെന്നു ഏറ്റത് വളരെ ആശ്വാസകരമായി.

അധികം താമസിയാതെ അയ്യര്‍ ആളുവീതം ഓരോരുത്തര്ക്കുമായി ഓരോ ചെറു മണ്‍ചട്ടിയും അതില്‍ കുറേശെ ഉണക്കലരിയുമായി വന്നെത്തി. കൂടാതെ അടുപ്പുകൂട്ടി കത്തിയ്ക്കാൻ ചാണക വരടിയും കരുതിയിരുന്നു..

അതുകണ്ടപ്പോള്‍ ഏറെ സന്തോഷം തോന്നി.  കാരണം, ഇതിനു മുന്‍പ് 3 പ്രാവശ്യം ശ്രാദ്ധമൂട്ടാന്‍ ഓരോരുത്തരെ കൊണ്ട് വന്നപ്പോളും ഗോതമ്പുണ്ടയായിരുന്നു പിണ്ഡം  ഉരുട്ടിവെയ്ക്കാന്‍ കിട്ടിയിരുന്നത്.

അയ്യര്, ശ്രാദ്ധമൂട്ടുന്നവരോട്  നദിയുടെ അടുത്തുള്ള കിണറ്റില്‍ നിന്നും വെള്ളം കോരി കുളിച്ചുവരാന്‍ പറഞ്ഞു. സാധാരണ നദിയില്‍ ഞെരിയാണി മൂടാന്‍ തന്നെ കഷ്ടിച്ചേ വെള്ളമുണ്ടാകാറുള്ളൂ. ബലിയിടുന്നവര്‍ കിണറ്റില്‍ നിന്നും വെള്ളം മുക്കിയെടുത്ത് തലയില്‍ ഒഴിച്ച് വരികയാണ് പതിവ്. 

 നമ്മുടെ കൂട്ടര്‍ക്ക് ഭാഗ്യമുണ്ടായിരുന്നു. അന്ന് നദിയില്‍ കുറച്ചുദൂരം നടന്നു ചെന്നപ്പോള്‍ കഷ്ടിച്ചു മുട്ടിനു വെള്ളമുണ്ട്. അതിരാവിലെ കുളിച്ചിട്ടാണ് പോന്നത് എങ്കിലും, മാപ്ലയുടെ ശവകുടീരത്തില്‍ കയറിയതല്ലേ, ആ ഈഷല് മാറാന്‍ എല്ലാവരും വെള്ളത്തില്‍ കിടന്നു കുളിച്ചു. ഈറനോടെ  കിണറ്റില്‍നിന്നും വെള്ളം കോരി കവിയം തയാറാക്കി പടികള്‍ കയറി മുകളില്‍ നിര്‍ദ്ദേശിച്ച സ്ഥലത്തിരുന്നു. അയ്യർ ചൊല്ലിക്കൊടുത്ത മന്ത്രങ്ങൾ ഏറ്റു ചൊല്ലി പിണ്ഡം വെച്ചു. 

 പിണ്ഡം സമര്‍പ്പിയ്ക്കുന്നത് വിഷ്ണുക്ഷേത്രത്തിനടുത്തുള്ള  പാറയില്‍ പതിഞ്ഞു കാണുന്ന വിഷ്ണുപാദത്തിലാണ്.( പണ്ട്, മോക്ഷത്തിനായി തപസ്സ് ചെയ്ത ഗയാസുരനെ  മഹാവിഷ്ണു പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയപ്പോള്‍ പതിഞ്ഞ കാല്‍പ്പാദമാണ് ഇതെന്നും വിശ്വാസമുണ്ട്. അനുഗ്രഹമായി വിഷ്ണു, 'നിനക്ക് എന്നും ആരെങ്കിലും ഭക്ഷണം നല്‍കും' എന്ന വരവും കൊടുത്തുവത്രെ. 

ക്ഷേത്ര ദര്‍ശനം കഴിഞ്ഞു അരയാലിനു പ്രദക്ഷിണം വെയ്ക്കുകയും, ഇഷ്ടപ്പെട്ട ഭക്ഷണ സാധനങ്ങൾ, രണ്ട് പച്ചക്കറികള്‍ ഏതെങ്കിലും  രണ്ടെണ്ണം ഉപേക്ഷിച്ചതായി മനസ്സുകൊണ്ട് തീരുമാനിയ്ക്കുകയും ഇവിടത്തെ ചടങ്ങുകളുടെ ഭാഗമാണ്. പിണ്ഡദാനം ഈ അരയാലിനും പതിവുണ്ട്.  

പ്രഭാതഭക്ഷണത്തിനായി അയ്യരുടെ മഠത്തിലേക്ക് ചെന്നു. ദക്ഷിണേന്ത്യന്‍ ഭക്ഷണം തന്നെ കിട്ടി. പ്ലാശിന്റെ ഇലകള്‍ കൂട്ടിത്തുന്നി മനോഹരമായ പ്ലേറ്റ് ഉണ്ടാക്കി  അതിലാണ് ഉപ്പുമാവ് വിളമ്പിത്തന്നത്.  

അയ്യരോടും കുടുംബത്തിനോടും നന്ദി പറഞ്ഞു ഞങ്ങള്‍ അടുത്തുള്ള "ബോധഗയ" സന്ദര്‍ശിക്കാന്‍ യാത്രയായി. 

ഭഗവാന്‍ ബുദ്ധനു ബോധോദയം ഉണ്ടായ ബോധി വൃക്ഷത്തെ വന്ദിച്ചു. (പഴയ ആല്‍ മരത്തിന്‍റെ 6-ആം തലമുറയാണ് ഇപ്പോളുള്ളത്.) ബുദ്ധക്ഷേത്രത്തിലും ദര്‍ശനം നടത്തി. ക്ഷേത്രത്തിലെ സ്വർണ്ണത്തിളക്കവും മന്ത്രോച്ചാരണങ്ങളും ഏതോ ലോകത്തേയ്‌ക്കു എത്തിച്ചപോലെയാണ് തോന്നിച്ചത്.

പൂർവികരെയും ബുദ്ധനേയും  സ്മരിച്ചുകൊണ്ട് ആ പുണ്യഭൂമിയെ ഒന്നുകൂടി വന്ദിച്ച് മനമില്ലാമനസ്സോടെ വിടപറഞ്ഞു.

ഇവിടെ നിന്നും 250 കി.മി.ദൂരമുണ്ട്  കാശിയിലേയ്ക്ക്. നളന്ദ, രാജഗീര്, പാറ്റ്ന  തുടങ്ങിയ ബുദ്ധ സ്മൃതികൾ ഉറങ്ങിക്കിടക്കുന്ന ചരിത്ര വഴികളിലൂടെ  മടക്കം.....

രാവിലെ യാത്രയിൽ കാണാതെപോയ സ്ഥലങ്ങള്‍ ശ്രദ്ധിച്ചു. മനോഹരമായ ഭൂപ്രകൃതി, പരന്ന ഭൂമിയില്‍  ധാരാളം മരങ്ങള്‍ ഉണ്ടെങ്കിലും മൈതാനത്തിന്റെ പ്രതീതിയാണ്. ഭൂമിയോട് ചേര്‍ന്ന് അധികം ഉയരമില്ലാതെ ചാഞ്ഞു കിടക്കുന്ന വൃക്ഷങ്ങൾ കണ്ടാൽ ഇറങ്ങി ഓടിപ്പോയി ആ   മരങ്ങളില്‍ കയറാനും അവിടെയൊക്കെ ഓടിനടക്കാനും തോന്നും..

അപ്പോളാണ് മുക്കിരിക്കാട്ടിലെ പേരശ്യമ്മ പറയുന്നത്-- ഈശ്വരാ, എത്ര സ്ഥലാ ?  എന്ത് ഭംഗിയാ  ഈ സ്ഥലൊക്കെ  കാണാൻ !!  എത്ര അസ്സല് മരങ്ങളാ  മരംചുറ്റി നടക്കാന്‍ !!!

ആരെങ്കിലും  ആ ഷീലേം, പ്രേംനസീറിനേം  ഒന്ന് ഇങ്ങോട്ട്   കൊണ്ടന്നേര്‍ന്നെങ്കില്‍ !! !!

വ്യക്തികൾ ---ശ്രീ ഭാസ്കർ സാവേ

Uma Namboodiri
സ്പന്ദനങ്ങൾ ----വ്യക്തികൾ ---( ശ്രീ ഭാസ്കർ സാവേ )
Aug 29, 2016 · പ്രിയപ്പെട്ട അമ്മിണീ,
അമ്മമ്മ ആദ്യം ഹിമാലയത്തിലേക്ക് പോയപ്പോൾ (2006, മെയ്‌) ഗുജറാത്തിലെ ഒരു പ്രകൃതി കൃഷിയിടം കാണാൻ പോയകാര്യം നിന്നോടു പറഞ്ഞിട്ടുള്ളത് ഒരു പക്ഷേ നീ മറന്നിട്ടുണ്ടാകും. അന്ന് നീ ചെറിയ കുട്ടി ആയിരുന്നല്ലോ. ഈ കത്തിൽക്കൂടെ അത് ഒന്ന് കൂടെ ഓർമ്മിപ്പിയ്ക്കാം എന്ന് വിചാരിക്കുകയാണ്.
. ലോകപ്രസിദ്ധ പ്രകൃതി കര്ഷകനായ ശ്രീ ഭാസ്കർ സാവേയുടെ കൃഷിയിടമാണത്. ഏതാനും മാസങ്ങൾക്ക് മുൻപ്, 93-ആം വയസ്സിൽ അദ്ദേഹം ഈ ലോകത്തോട്‌ വിടപറഞ്ഞു. അദ്ദേഹത്തിൻറെ ഋഷി തുല്യമായ ജീവിതം ഭാരതീയർക്കൊരു പാഠം തന്നെയാണ്. അദ്ദേഹത്തിൻറെ കൃഷിയിടം, പ്രകൃതിയെ സംരക്ഷിച്ചുകൊണ്ട് നമുക്ക് വേണ്ട ഭക്ഷണം എങ്ങിനെ അതിൽ നിന്നും എടുക്കാം എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ്.
ഈ കൃഷി സ്ഥലം കണ്ടു വന്നവര്‍ അദ്ദേഹത്തെ വളരെയധികം പ്രശംസിയ്ക്കുകയും അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിനു കിട്ടിയ മികച്ച അവാർഡുകളിൽ 2 എണ്ണത്തിനെ പറ്റി എടുത്തു പറയട്ടെ. 'ഇന്റർനാഷണൽ ഫെഡരെഷൻ ഓഫ് ഓർഗാനിക് അഗ്രികൾച്ചർ പ്രസ്ഥാനം' 2010-ൽ ആഗോളതലസമ്മേളനത്തിൽ The Rare Honour Of One World Award For Life Time Achievement അദ്ദേഹത്തിനു സമ്മാനിച്ചു. (അന്ന് അദ്ദേഹത്തിനന്നു 88 വയസ്സ് പ്രായമുണ്ട്) അവർ എഴുതി, 'Bhaskar Save, The Living Gandhi Of Organic Agriculture. His Farm, Kalpavruksha is a Food Forest' എന്ന്.
മറ്റൊരു അവാർഡ്, 1997-ൽ ലോകപ്രസിദ്ധ പ്രകൃതികൃഷി ദാർശനികൻ, മസനൊബു ഫുകോക, സാവേജിയുടെ കൃഷിയിടം സന്ദർശിച്ചപ്പോൾ പറഞ്ഞത്._ 'ഞാൻ ലോകമെമ്പാടുമുള്ള ഒരുപാടു കൃഷിസ്ഥലങ്ങൾ കണ്ടിട്ടുണ്ട്. കണ്ടതിൽ വെച്ച് ഏറ്റവും നല്ല കൃഷിസ്ഥലം ഇതുതന്നെ. എന്റെ കൃഷിയിടത്തിനെക്കാൾ നല്ലതാണ് ഇത്.'
അദ്ദേഹത്തെ പറ്റി നിനക്ക് പണ്ട് എഴുതിവെച്ചതുതന്നെ അയച്ചുതരാം. 'ഒരേ ഭൂമി,ഒരേ ജീവൻ' പ്രകൃതി മാസികയിൽ പരസ്യം കണ്ടു, ഹിമാലയ യാത്രയ്ക്ക് താല്പര്യമുള്ളവരെ ക്ഷണിച്ചുകൊണ്ട്. അമ്മമ്മയും, മുത്തശ്ശനും പോകാമെന്നുവെച്ചു. പിന്നെ മുത്തശ്ശന് എന്തോ തിരക്കുമൂലം വരാന്‍ പറ്റാതായപ്പോള്‍ ശോഭച്ചമ്മ ഈ യാത്രാഗ്രൂപ്പില്‍ ചേര്‍ന്നു. അങ്ങിനെ നിശ്ചയിച്ച പ്രകാരം ഏപ്രിൽ മാസം 24-ആം ന്തി ഞങ്ങള്‍ ഡൽഹിക്കുള്ള വണ്ടിയിൽ കയറി.
സഹയാത്രികരെ കാണുന്നതും പരിചയപ്പെടുന്നതും വണ്ടിയിൽ വെച്ച്. അതിൽ ബസുമാജിയെ ഒരു ജൈവകർഷകസമ്മേളനത്തിന് പരിചയപ്പെട്ടിട്ടുണ്ട്. ബാലസുബ്രഹ്മണ്യൻ. ചുരുക്കപ്പേരാണ്, ബസുമ എന്നത്. 'മില്മ'യിൽ ഉദ്യോഗസ്ഥൻ. ഡയറി സയൻസ് കർനാലിൽ ആണ് ചെയ്തത്. ഗാന്ധ്യൻ ചിന്താഗതിക്കാരനാണ്. വേഷമാണെങ്കിൽ മുറിക്കയ്യൻ ബനിയൻ. താൻ നൂറ്റ നൂല് കൊണ്ടുണ്ടാക്കിയത്. അദ്ദേഹത്തിൻറെ ഭാര്യ ശ്രീദേവി ടീച്ചറും, മിടുക്കികളായ 2 കുട്ടികളും. വിശ്വംഭരൻ സർ പ്രകൃതി ഡോക്ടറാണ്. പന്നെ ഇരിങ്ങാലക്കുടയിൽ നിന്നും, രഞ്ജിത് മാഷ്‌, കൊടുങ്ങല്ലൂരിൽ നിന്നും നമ്പൂതിരി, കൃഷിക്കാരനായ പീറ്റർ, ബാങ്ക് ഉദ്യോഗസ്ഥനായ രവീന്ദ്രൻ, രാജൻ കൈലാസ് കവിയാണ്‌, പിന്നെ ശ്രീധരൻ മാഷ്‌, പഞ്ചായത്ത് സെക്രടറി ആണെങ്കിലും നാടൻ കലകളുടെ സംരക്ഷണത്തിൽ തൽപ്പരൻ. (ശ്രീധരൻ മാഷുടെ 'നാട്ടറിവുകൾ' എന്ന പുസ്തകം നീ കണ്ടിട്ടുണ്ടല്ലോ )
ഡൽഹിക്കുള്ള വണ്ടിയിലാണ് യാത്ര തുടങ്ങിയതെങ്കിലും പിറ്റേന്ന് ഉച്ചയ്ക്ക് വൽസാദ് സ്റ്റെഷനിൽ ഞങ്ങള്‍ ഇറങ്ങി. കുറെ നേരം അവിടെ ചെലവഴിച്ച ശേഷം ഒരു വണ്ടി വിളിച്ചു ഗുജറാത്തിലെ ഉംബെർ ഗാവ് -ലെ ദെഹരിയിലെക്കു യാത്ര തിരിച്ചപ്പോള്‍ സമയം സന്ധ്യയായി. രാത്രി അസമയത്താണ് ഭാസ്കർ സാവെജിയുടെ താമസസ്ഥലത്ത്, 'കല്പവൃക്ഷ' എന്ന കൃഷിയിടത്തിൽ ഞങ്ങൾ എത്തിച്ചേർന്നത്. കാവൽക്കാരൻ വീട്ടുകാരെ വിളിച്ചുണർത്തി അനുവാദം വാങ്ങി ഞങ്ങളെ അകത്തേയ്ക്ക് കടത്തി. കുറച്ചു ദൂരെ ഒരു കെട്ടിടത്തിന്റെ മുകളിലെ ഹാളിൽ ഞങ്ങൾക്ക് കിടക്കാൻ സ്ഥലം കിട്ടി. കൃഷി മീറ്റിങ്ങുകൾ നടക്കുന്ന വിശാലമായ ഹാൾ ആണ് അത് എന്ന് മനസ്സിലായി. യാത്രാ ക്ഷീണത്താൽ എല്ലാവരും നിലത്തു വിരിപ്പ് വിരിച്ചു കിടന്നുറങ്ങി.

പിറ്റേന്ന് അതിരാവിലെ ഞങ്ങൾ ഉണര്ന്നു പ്രഭാതകർമ്മങ്ങളൊക്കെ ചെയ്തു താഴെ ഇറങ്ങി വന്നപ്പോളെയ്ക്കും മിറ്റത്തെ മരത്തണലിൽ കസേരയിൽ ഞങ്ങളെക്കാത്തു സാവേജി ഇരിയ്ക്കുന്നുണ്ടായിരുന്നു.
ഇവിടെ എത്തും മുന്പ് ഇദ്ദേഹത്തിനെപ്പറ്റി ഒന്നും അറിയില്ലായിരുന്നു. അദ്ദേഹത്തിനെ വന്ദിച്ചു അടുത്തു ചെന്നിരുന്നു. 80 വയസ്സ് കഴിഞ്ഞ ഊർജസ്വലമായ ആകര്ഷകമായ വ്യക്തിത്വം. അധികം തടിയില്ലാത്ത നല്ല ഉയരമുള്ള ആൾ. വെളുത്ത മുറിക്കയ്യൻ ബനിയനും പൈജാമയുമാണ് വേഷം.

കുശലാന്വേഷണത്തിന് ശേഷം അദ്ദേഹത്തിൻറെ ഫാമിനെപ്പറ്റിയും, താൻ എങ്ങിനെ ഒരു സമ്പൂർണ്ണ ജൈവ പ്രകൃതി കര്ഷകനായി എന്നുമൊക്കെ വിസ്തരിച്ചു പറഞ്ഞു. ഇടയിൽ ഞങ്ങൾക്ക് കുടിക്കാനായി വീട്ടിൽ നിന്നും ഓരോ ഗ്ലാസ് പാലുവെള്ളം കൊണ്ടുവന്നു തന്നു. 'ലെമൺ ഗ്രാസ്' ഇട്ടു തിളപ്പിച്ച പാൽ. നല്ല സ്വാദ് ! ആദ്യമായാണ്‌ ഈ രുചി അനുഭവിക്കുന്നത്.
സാവേജി ഹിന്ദിയിലാണ് സംസാരിച്ചത്. ഇടയ്ക്ക് ഇംഗ്ലിഷ് പറയും. മറ്റുള്ളവർക്കുവേണ്ടി സാവേജി പറഞ്ഞതെല്ലാം മലയാളത്തിലേക്ക് തര്ജ്ജമ ചെയ്തു കൊടുക്കേണ്ട ഭാരം അമ്മമ്മയ്ക്കായിരുന്നു. അതുകൊണ്ട് പറയുന്നതെല്ലാം കുറിച്ചെടുക്കുക കുറച്ചു ബുദ്ധിമുട്ടായി. എന്നാലും അദ്ദേഹത്തിൻറെ ഓരോ വാക്കുകളും, കൃഷിയിടത്തിന്റെ മുക്കും മൂലയുമെല്ലാം ഇപ്പോഴും കേൾക്കുകയും കാണുകയും ചെയ്യുന്നു.
ഞങ്ങൾ എല്ലാവരും കൃഷിയിടം നടന്നു കണ്ടു. പടിവാതിൽക്കൽ തന്നെ 'സുസ്വാഗതം' എന്ന് എഴുതിവെച്ചിട്ടുണ്ട്. കുറച്ചു മുന്നോട്ടു നടന്നാൽ, 'सहयोग ही प्रकृति का सिद्धांत है1' എന്ന വലിയ ബോർഡ്‌ കാണാം. സഹകരണത്തോടെയുള്ള ജീവിതമാണ് പ്രകൃതിയുടെ ആശയം (തത്വം). അപ്പോൾ ഓർമ്മവന്നത്‌ ഋഷി തുല്യരായ മഹാകവിയുടെ വരികളാണ്.- 'ലോകമേ തറവാട് നമുക്കീച്ചെടികളും പുൽകളും പുഴുക്കളും കൂടെത്തൻ കുടുംബക്കാർ....'
ഇവിടത്തെ തെങ്ങിന്റെ മുകളിലേയ്ക്ക് നോക്കിയപ്പോൾ അതിശയപ്പെട്ടു. പച്ചമടലുകളും തേങ്ങയും നിറഞ്ഞ തെങ്ങിൻ തലപ്പ്‌. സാവേജി പറയുന്നു -- ഒരു വർഷം 400-ഓളം നാളികേരം നല്കുന്ന തെങ്ങുകളാണ് ഇവ. തെങ്ങിന്റെ മുകളിൽ കയറി നാളികേരം ഇടുന്ന പതിവില്ല. സമയമായാൽ നാളികേരം താഴേയ്ക്ക് തന്നെ വീഴും. കേട്ടപ്പോൾ അദ്ഭുതം തോന്നി.
വഴിയുടെ അരുകുകളിൽ ധാരാളം തുളസിയും ക്രോട്ടൻ ചെടികളും വളർന്നു നിൽക്കുന്നു. (ഈ ചെടികൾ ശ്രദ്ധിച്ചാണ് മണ്ണിലെ ജലാംശം എത്രയുണ്ട് എന്ന് കണക്കാക്കുന്നത്.) വലതു ഭാഗത്ത്‌ നാളികേര നഴ്സറി. പലേ വളർച്ചയിലുള്ളവ. കേന്ദ്രസർക്കാരിന്റെ അംഗീകാരമുള്ള നഴ്സറിയാണ്. അതുകൊണ്ട് നൂറുകണക്കിന് തയ്യുകൾ ആളുകൾ നിത്യേന വന്നു വാങ്ങിക്കൊണ്ടുപോകുന്നു. നാളികേരം താഴെ വീണാല്‍ വീട്ടാവശ്യത്തിന് എടുത്തു ബാക്കിയെല്ലാം നട്ടുവെക്കുന്നു. അതിൻ്റെ വലത്തു ഭാഗത്ത് ധാരാളം സൂര്യ പ്രകാശം തട്ടിക്കിടക്കുന്ന വിശാലമായ പറമ്പാണ്. കറ്റാർ വാഴയും മറ്റു ഔഷധച്ചെടികളും ഈ ഭാഗത്തുണ്ട്.

ഇടത്ത് ഭാഗത്ത് കവുങ്ങും, വാഴയും തെങ്ങും നിറഞ്ഞ കുളിരുള്ള സ്ഥലം. ഈ പറമ്പിൽക്കൂടി വെള്ളച്ചാലുകൾ പോകുന്നു. അങ്ങിനെ പറമ്പ് എപ്പോഴും നനഞ്ഞിരിയ്ക്കും. നേരിട്ടുള്ള നനയില്ല. ചാലുകളുടെ സമീപം ഒന്നിന് മുകളിൽ ഒന്നായി ഓലക്കെട്ടുകൾ അടക്കി വെയ്ക്കുന്നു. അവയെല്ലാം മണ്ണിൽ അലിഞ്ഞു ചേർന്ന് വളമാകുന്നു.
ഭാരിച്ച വാഴക്കുലകൾ ആരോഗ്യത്തോടെ മുട്ടിന്റെ സഹായമില്ലാതെ വീഴാതെ നിൽക്കുന്നു. കൂട്ടം കൂട്ടമായാണ് നിൽപ്പ്. കുടുംബത്തെ പിരിയ്ക്കേണ്ട എന്നാണു അദ്ദേഹം പറയുന്നത്.
വിശാലമായ പറമ്പിൽ ധാരാളം മാവുകളും സുപ്പോട്ട മരങ്ങളും. അധികം ഉയരമില്ലാത്ത മാവുകളിൽ ധാരാളം മാങ്ങകൾ. താഴെ വീണു കിടക്കുന്നത് പക്ഷികൾ തിന്നതിന്റെ ബാക്കിയാണ്. സപ്പോട്ട 45 വര്ഷം മുന്നേ നട്ടവ. ഓരോ വർഷവും 350 കിലോ ഒന്നാന്തരം പഴങ്ങൾ സമ്മാനിയ്ക്കുന്നു. ഇനിയും എത്രയോ തലമുറകൾക്ക് പഴങ്ങൾ സമ്മാനിയ്ക്കാൻ തയാറായിരിയ്ക്കുന്ന കല്പവൃക്ഷങ്ങള്‍ !. പേര, പ്ലാവ്, പുളി, വേപ്പ് ഇത്യാദി മരങ്ങളും, ചെറുനാരകം മാതളം പപ്പായ, ജാമുൻ തുടങ്ങി പലതരം മുളകളും ഇവിടെ കാണാം. ഒരു പക്ഷി സങ്കേതം കൂടിയാണ് ഈ കൃഷിഭൂമി.
മറ്റു മരങ്ങളിൽ പടർന്നു കയറുന്ന വെറ്റില, കുരുമുളക് എന്നിവയും നല്ല വിളവു നൽകുന്നു. അവിടവിടെയായി സ്ഥാപിച്ചിരിയ്ക്കുന്ന തേനീച്ചക്കൂടുകൾ 50 കി.മി.ദൂരെയുള്ള തെർമൽ പ്ലാന്റിനോടു മത്സരിച്ചിട്ടാണെങ്കിലും കിലോ കണക്കിന് തേൻ നൽകുന്നു.
ജീവാണുക്കൾ ധാരാളമുള്ള ഫലഭൂയിഷ്ടമായ മേൽ മണ്ണ് സ്വാഭാവിക ഭൂനിരപ്പിൽ നിന്നും ഒരു ചാണിൽ അധികം ഉയരത്തിലുണ്ട്. ഭൂമിയ്ക്ക് കനത്ത പുതപ്പു തന്നെയാണ് ലഭിച്ചിരിയ്ക്കുന്നത്. ദശാബ്ദങ്ങൾ കൊണ്ടാണ് ഭൂമിയ്ക്കുമേൽ ഇങ്ങിനെയൊരു കട്ടിപ്പുതപ്പു ഉണ്ടായിരിയ്ക്കുന്നത്. സദാ ഈറനണിഞ്ഞു കിടക്കുന്ന ഭൂമിയിൽ ധാരാളം ഞാഞ്ഞൂളുകളുണ്ട്. വെള്ളച്ചാലുകളുടെ അരികു ചേർന്ന് ധാരാളം പുല്ലുകൾ മുളച്ചു നിൽക്കുന്നു.
പടിവാതിൽ കടന്നു ഫാമിലെയ്ക്കു കടന്നു കുറച്ചു നടന്നാൽ ഇടത്ത് ഭാഗത്ത് സാവെജിയുടെ താമസസ്ഥലമാണ്. 2 ആണ്മക്കളും കുടുംബവും കൂടെത്തന്നെ താമസിയ്ക്കുന്നു. സ്വന്തം ഫാക്ടറി ഉണ്ടെങ്കിലും എഞ്ചിനിയർ ആയ മകൻ അച്ഛനെ സഹായിക്കാൻ സമയം കണ്ടെത്തുന്നു. രാവിലെയും വൈകുന്നേരവും ഭക്ഷണത്തിനു മുൻപ് എല്ലാവരും ഒരുമിച്ചിരുന്നു ഗീത വായിക്കുകയും, 'രാംധുൻ' (രഘുപതി രാഘവ...) തുടങ്ങിയ ഭജനകളും ചൊല്ലുക പതിവാണ്.
ഫാക്ടറി വളപ്പിൽ ധാരാളം ഫലവൃക്ഷങ്ങൾ ഉണ്ട്. അവയിൽ പലേ ഫലങ്ങളും കയറ്റി അയക്കുന്നവയാണ്. നമ്മുടെ നാട്ടിലൊന്നും കാണാത്ത പഴമരങ്ങൾ ആണ് അവ. സാവേജി പറയുന്നു, ഈ കൃഷിയിടം അദ്ദേഹത്തിൻറെ സർവകലാശാലയാണെന്ന്. അദ്ദേഹത്തിൻറെ മാത്രമല്ല, നിരവധി പേരുടെ കലാശാലയാണിത്. തളരാതെ ആവേശത്തോടെ അദ്ദേഹം സംസാരിക്കുമ്പോൾ മണിക്കൂറുകൾ കടന്നു പോകുന്നത് അറിയുകയില്ല..

(തുടരും)

September 9, 2016 · തുടർച്ച :_ ശ്രീ ഭാസ്കർ സാവേ

സാവെജി വളരെ സാവധാനത്തിലും എന്നാൽ ഉറച്ച ആത്മവിശ്വാസത്തോടെയുമാണ് ഞങ്ങളോട് സംസാരിച്ചത്.
പഠിപ്പു കഴിഞ്ഞ ഉടൻ തന്നെ അടുത്ത ഗ്രാമത്തിലെ മാസ്റ്റർ ആയി ശ്രീ ഭാസ്കർ സാവേ ജോലി ആരംഭിച്ചു. കൃഷിപ്പണിയിലും അദ്ദേഹത്തിന് നല്ല ശ്രദ്ധയായിരുന്നു. അച്ഛൻ ചെയ്തിരുന്ന കൃഷിരീതി തന്നെയാണ് സാവേജിയും തുടർന്നു പോന്നത്. എന്നാൽ ഉൽപ്പാദനം വർദ്ധിപ്പിയ്ക്കുന്നതിന്റെ പേരിൽ  സാങ്കേതിക വിദഗ്ദ്ധർ ചെയ്യാൻ ഉപദേശിച്ചതെല്ലാം അദ്ദേഹവും കൃഷിഭൂമിയിൽ പ്രയോഗിച്ചു. രാസകീടനാശിനികളും രാസവളങ്ങളും ഉപയോഗിക്കുകയും അവയ്ക്ക് നല്ല പ്രചാരം കൊടുക്കുകയും ചെയ്തു. കുറച്ചുകാലം ഇങ്ങിനെ തുടർന്നു. കൃഷിയിൽ നിന്നും നല്ല ലാഭം ഉണ്ടാവുകയും ഇപ്പോളുള്ള കൃഷിയിടം വാങ്ങുകയും ചെയ്തു. പക്ഷേ, കൃഷിയെക്കുറിച്ചു ഗാന്ധിജിയും, വിനോബയും എഴുതിയത് വായിച്ചപ്പോൾ അദ്ദേഹത്തിന്  ഒരു വീണ്ടുവിചാരം ഉണ്ടായി. കൂടാതെ ആ വർഷം കയറ്റി അയച്ച പഴവർഗ്ഗങ്ങളിൽ രാസവസ്തുക്കളുടെ അംശം കണ്ടതിനാൽ അവ തിരിച്ചയച്ചതും അദ്ദേഹത്തിന്റെ കണ്ണു തുറപ്പിച്ചു. അങ്ങിനെ അച്ഛന്റെ കാലത്ത് നടന്നുപോന്ന കൃഷിരീതികളിലെയ്ക്ക് തിരിച്ചു പോകുകയും ചെയ്തു. ഇതിന്നിടെ  സമ്മിശ്രകൃഷി രീതിയും പരീക്ഷിച്ചു നോക്കി.
 ഗ്രാമത്തിന്നടുത്തുള്ള കാട്ടിൽ കഴിഞ്ഞിരുന്ന വൊർലി ഗോത്രവർഗ്ഗക്കാരുടെ ജീവിതരീതിയും ആദർശങ്ങളും കുട്ടിക്കാലത്തുതന്നെ ശ്രദ്ധിച്ചിരുന്ന സാവെജിയ്ക്ക് അതും ഒരു പ്രചോദനമായി. ഈശ്വരൻ കുടികൊള്ളുന്നത് പച്ചപ്പാർന്ന ചെടികൾ, മരങ്ങൾ എന്നിവയിലാണെന്നു ഈ ഗോത്രവർഗ്ഗക്കാർ വിശ്വസിച്ചു. കാടിനെ ആരാധിച്ചിരുന്ന ഇവർ മരങ്ങൾ ഒരിക്കലും മുറിച്ചു വീഴ്ത്തിയില്ല. മരത്തിലെ അവസാനത്തെ പച്ചപ്പ്‌ കൂടി ഇല്ലാതായാൽ മാത്രമേ അവർ മരം മുറിച്ചിരുന്നുള്ളൂ.
അങ്ങിനെ 1957 മുതൽ ഇപ്പോഴുള്ള ഈ കൃഷിഫാർമിൽ വീടുവെച്ചു താമാസം തുടങ്ങി. പൂർണ്ണ ജൈവകർഷകനായിട്ടായിരുന്നൂ തുടർന്നുള്ള ജീവിതം. ഈ ഭൂമി നമ്മുടെ അമ്മയാണ്. അമ്മയുടെ മുലപ്പാൽ അമൃതാണ്. അതിൽ വിഷം കലർത്തുന്നത് നികൃഷ്ടമായ കാര്യമാണ്. നമ്മളെ നിലനിർത്തുന്ന പഞ്ചഭൂതങ്ങൾ, പ്രാണൻ ഇവയെ സംരക്ഷിയക്കുന്നതിൽ പ്രകൃതിയുടെ പങ്ക് വളരെ പ്രധാനമാണ്. ഓരോ സസ്യജീവജാലങ്ങൾക്കും മനുഷ്യനെപ്പോലെ ഈ ഭൂമിയിൽ തുല്യാവകാശമാണ് ഉള്ളത്. അഹിംസയിൽ അടിസ്ഥാനപ്പെടുത്തിയ കർമ്മമാണ്‌ കൃഷി. സൃഷ്ടി, അത് പ്രകൃതിയ്ക്കു മാത്രമേ കഴിയൂ. പ്രകൃതിയുടെ സൃഷ്ടികളെ മനുഷ്യരാക്ഷസർ നശിപ്പിയ്ക്കുകയാണ്. മണ്ണിനെ പോഷിപ്പിയ്ക്കുന്നതിനു പകരം ശോഷിപ്പിയ്ക്കുകയാണ് ഇവർ ചെയ്യുന്നത്.
ഉൽപ്പാദനം വർദ്ധിപ്പിയ്ക്കുക എന്നപേരിൽ അമ്മയുടെ മുലപ്പാലിൽ വിഷമാണ് ചേര്ക്കുന്നത്. ഒരു നെന്മണിയിൽ നിന്നും മാസങ്ങൾ കൊണ്ട് ലക്ഷക്കണക്കിന്‌ നെന്മണികൾ ഉണ്ടാക്കാമെങ്കിൽ എങ്ങിനെയാണ് ഭക്ഷ്യക്ഷാമം ഉണ്ടാകുന്നത് ? മനുഷ്യന്റെ അത്യാഗ്രഹം കാണുമ്പോൾ പൊന്മുട്ടയിടുന്ന താറാവിന്റെ കഥയാണ്‌ ഓർമ്മയിൽ വരുന്നത്.
മനുഷ്യര് Live and Let Live എന്നത് മറക്കാതിരിയ്ക്കണം. (ജിയോ ഔർ ജീനെ ദോ)
സ്വാഭാവിക കൃഷിരീതിയിൽ പ്രധാനമായി 4 പ്രധാന കാര്യങ്ങളാണ് സാവേജി നിര്ദ്ദേശിയ്ക്കുന്നത്.
ഈ പ്രപഞ്ചത്തിലെ സകല ജീവജാലങ്ങൾക്കും ഭൂമിയിൽ തുല്യാവകാശമാണ് ഉള്ളത്. ഈ പ്രകൃതിയിലെ ഓരോ സൃഷ്ടികളും കൂട്ടായ്മയോട് കൂടിയ ഈ ജീവിതത്തിൽ ഓരോ തരത്തിൽ ഉപകാരപ്പെടുന്നവ തന്നെ. കൃഷി ഒരു കച്ചവടമല്ല, ധർമ്മമാണ്. (धंधा नही,धर्म है.) പ്രകൃതി ഉൽപ്പാദിപ്പിയ്ക്കുന്നതിനൊക്കെ അവകാശികൾ മനുഷ്യർ മാത്രമല്ല. കായ്‌ഫലങ്ങളും വിത്തുകളും നമുക്ക് ഉപയോഗിയ്ക്കാം, ആകെയുള്ളതിന്റെ 5 മുതൽ 15% വരെ മാത്രം. ഉൽപ്പാദിപ്പിച്ചു എടുക്കുമ്പോൾ നമ്മുടെ ധർമ്മമാണ്, ഉത്തരവാദിത്വമാണ് ജീവാംശം മണ്ണിനു തിരിച്ചു കൊടുക്കണമെന്നത്.
ആധുനിക കാഴ്ച്ചപ്പാട്, എല്ലാം പ്രകൃതി നമുക്ക് വെറുതെ, 'ഫ്രീ' ആയി തരും എന്നതാണ്.
No free Lunch in Nature. സാവേജിയെ പറ്റി The vision ഓഫ് Natural Farming എന്ന പുസ്തകമെഴുതിയ ശ്രീ ഭരത് മൻസത പറയുന്നു- Pay only Respect, and it's all a Free Lunch . ഫുകുവോക്കയും പറയുന്നത് ഇതാണ്-Rain does not fall from Sky, it rises from Earth.
പ്രകൃതിയുടെ നിയമം അറിഞ്ഞു ജീവിയ്ക്കുക.
പ്രകൃതിയുടെ താളത്തിനൊത്ത് ജീവിയ്ക്കുക.
നമുക്ക് നിലനിർത്തിപ്പോരാവുന്ന കൃഷിരീതിയ്ക്ക് മിതമായ ജലമേ ആവശ്യമുള്ളൂ. നല്ല വിളവും ആദായവും വേണമെങ്കിൽ മണ്ണിന് ഈർപ്പം മാത്രമേ നൽകാവൂ. കൂടുതൽ ജലസേചനം ചെടിയ്ക്കും മണ്ണിനും ഗുണത്തെക്കാളേറെ ദോഷമാണ് ചെയ്യുക. (നെൽക്കൃഷിയുടെ കാര്യത്തിൽ അല്പം വിത്യാസമുണ്ട്.)
സാവേജിയുടെ കൃഷി ദർശനങ്ങൾ ഒന്നിനൊന്നു മഹത്തരങ്ങളാണ്. ഈ കൃഷിയിടം തന്നെയാണ് അദ്ദേഹത്തിൻറെ പരീക്ഷണശാലയും. അതുകൊണ്ടാണ് അദ്ദേഹം പറയുന്നത് - 'ഭാരതത്തിലെ കൃഷി സർവകലാശാലകളിലെ ശീതീകരിച്ച മുറികളിലിരുന്നു ഗ്രാമങ്ങളിലെ കൃഷിക്കാർക്ക് വഴികാട്ടിക്കൊടുക്കുന്ന ശാസ്ത്രജ്ഞൻമാരോട് എനിക്ക് സഹതാപം തോന്നുന്നു' എന്ന്.
നാളികേരം, ഒരുകാലത്തും തെങ്ങിൽക്കയറി ഇടാറില്ല എന്നത് ഞങ്ങളെ വല്ലാതെ അതിശയിപ്പിച്ചു. (നാളികേരം ഇടാൻ ആളെക്കിട്ടാതെ പരിഭ്രമിച്ചു നടക്കുന്ന നമ്മുടെ നാട്ടുകാരെ അപ്പോൾ ഓർത്തു.) തെങ്ങിനെ സൃഷ്ടികർത്താവ് എന്തിനാണിങ്ങനെ ഉയരമുള്ള തരത്തിലാക്കിയത് ? ആലോചിച്ചു നോക്കുമ്പോൾ നമുക്ക് ഉത്തരവും കിട്ടും. എത്ര ഉയരത്തിൽ നിന്നും വീണാലും, ഒരു നാളികേരത്തിനും ഒരു പരിക്കും പറ്റുന്നില്ല. പിന്നെ മനുഷ്യന്റെ ധനത്തിനോടുള്ള ആർത്തികൊണ്ടല്ലേ, അപകടം പിടിച്ച ഈ മരം കയറി തേങ്ങ ഇടുന്നത് ? മാവുകളും മറ്റു ഫലവൃക്ഷങ്ങളും, നോക്കൂ -മനുഷ്യന്‌ കയറി പറിക്കാൻ പാകത്തിൽ അതിനെ സൃഷ്ടിച്ചിരിയ്ക്കുന്നു. പഴുത്തു താഴെ വീഴുന്നത് വരെ നമുക്ക് കാത്തിരിയ്ക്കേണ്ട

ജീവാണുക്കൾ ധാരാളമുള്ള ഫലഭൂയിഷ്ഠമായമണ്ണ്, ഭൂമിയിൽ നിന്നും എത്രയോ ഘനത്തിലാണ് എന്ന വസ്തുത ഇവിടെ  വന്നു കണ്ടറിയേണ്ടതാണ്. ദശാബ്ദങ്ങൾ കൊണ്ടാണ് ഇത് സംഭവിച്ചിരിയ്ക്കുന്നത്. നേരിട്ടുള്ള കഠിനമായ സൂര്യതാപത്തിൽ നിന്നും മണ്ണിനെ, ചെടികളെ ഈ ഭൂമിയുടെ പുതപ്പു സംരക്ഷിയ്ക്കുന്നു. മരങ്ങൾ  ഉള്ളിടത്ത് ഉണങ്ങി വീണ ഇലകൾ മാർദ്ദവമായ പുതപ്പു തന്നെ ഉണ്ടാക്കിയെടുത്തിരിയ്ക്കുന്നു.

കുളിരാര്ന്ന ഈ ഭൂമിയിൽ നിൽക്കുമ്പോൾ, മണ്ണ് കിളച്ചു മറിച്ചിട്ടതായി തോന്നും. ആധുനിക യന്ത്രങ്ങളൊന്നും കയറാത്ത ഈ കൃഷിയിടത്തിൽ പ്രകൃതിയുടെ കലപ്പയാണ് ഈ പണി ചെയ്തുവരുന്നത്. ഏകദേശം 350 തരം ഞാഞ്ഞൂള്കളാണ്‌ മണ്ണിൽ ഉള്ളതത്രെ. അതി സൂക്ഷ്മങ്ങളായ ടണലുകളാണ് ഇവ മണ്ണിൽ തീർക്കുന്നത് .മഴപെയ്തു ഭൂമി കുതിരുമ്പോൾ ആണ് ഇവ കൂടുതലും പുറത്തേയ്ക്ക് വരുന്നത്. പ്രാണവായു ശ്വസിച്ച ഉടനെ ഇവ തൊട്ടടുത്ത തുളയിൽക്കൂടെ പുറത്തേയ്ക്ക് പോകുന്നു. വാലറ്റത്ത് കൂടിയാണ് വിസർജ്ജനം നടത്തുക.
അതിസൂക്ഷ്മങ്ങളായ ഇരുപതോളം ദ്വാരങ്ങളാണത്രേ ഒരു ഞാഞ്ഞൂൾ ഒരു ദിവസം നിർമ്മിയ്ക്കുന്നത്. രാസവസ്തുക്കളുടെ ഉപയോഗം, കിളച്ചു മറിയ്ക്കൽ, കളപറിയ്ക്കൽ എന്നിവ ചെയ്യാത്ത, സ്വാഭാവിക പ്രകൃതി ഭൂമിയിൽ, പച്ചപ്പുള്ള ഭൂമിയിൽ, ഒരേക്കറിൽ ഏകദേശം 3 ലക്ഷം മുതൽ നാല് ലക്ഷം വരെ ഞാഞ്ഞൂള് കൾ 2 വർഷം കൂടുമ്പോൾ ഉണ്ടാകുന്നുണ്ട് എന്നാണത്രേ കണക്ക്. അങ്ങിനെ 400,000 ഞാഞ്ഞൂളുകൾ 72 കോടി ദ്വാരങ്ങൾ 3 മാസം കൊണ്ട്  ഒരേക്കർ ഭൂമി മഴക്കാലത്ത് ഉഴുതുമറിയ്ക്കുന്നു .ഇതേപോലെ എറുമ്പുകളും, ചിതലുകളും കൃഷി ഭൂമിയെ സംരക്ഷിയ്ക്കുന്നതിൽ നല്ല പങ്കുവഹിയ്ക്കുന്നുണ്ട്.

അതാതു പ്രദേശങ്ങളിൽ സ്വാഭാവികമായി വളരുന്ന ചെടികൾ, അവയാണ് യഥാർത്ഥ മണ്ണിന്റെ മക്കൾ. നമ്മൾ നാട്ടുവളർത്താത്ത ചെടികളെ നമ്മൾ പാഴ്ച്ചെടികൾ എന്നു വിളിയ്ക്കുന്നു. നട്ടു വളർത്തുന്ന ചെടികൾക്കിടയിൽ വളരുന്ന പുൽച്ചെടികൾ  നമ്മൾ വിചാരിയ്ക്കുന്നപോലെ ഉപദ്രവകാരികളല്ല. പരിസ്ഥിതി സൗഹാർദ്ദത്തിനു ഇവയ്ക്കും പങ്കുണ്ട്. നട്ടു വളർത്തുന്നവയ്ക്ക് സൂര്യപ്രകാശം കിട്ടുന്നതിനു വിഘാതമുണ്ടെന്കിൽ അവയുടെ ഉയരം കുറയ്ക്കാം. വേരോടെ പിഴുതു കളയേണ്ട. നമ്മുടെ നാട്ടിൽ കാണുന്ന പോലെ പുനര്നവയും, മുത്താറിയുമൊക്കെ കല്പവൃക്ഷയിലെ കൃഷിഭൂമിയിൽ ധാരാളമായി കാണാം. പ്രകൃതിയ്ക്ക് അതിന്റേതായ നിയമങ്ങളുണ്ട്. ആ പ്രദേശത്തിന് യോജിയ്ക്കാത്ത ചെടികൾ നടുമ്പോളാണ് സ്വാഭാവികമായി വളരുന്ന പാഴ് ചെടികൾ  കൂടുതലായി മുളച്ചു പൊന്തുക.         


Saturday, 11 September 2021

പ്രതികരണങ്ങൾ :__.പാക്കനാർ


ഈ ആഴ്ചത്തെ മാതൃഭൂമി ആഴ്ചപ്പതിപ്പ് വായിക്കാത്തവര്‍ വായിക്കേണ്ടതാണ്. പ്രധാന ലേഖനം ഉണ്ണികൃഷ്ണന്‍ പാക്കനാരുടെ ജീവിതാനുഭവങ്ങള്‍, എല്ലാവര്ക്കും ഒരു പാഠമാണിത്. മറ്റൊരു ലേഖനം കണ്ണുതുറപ്പിയ്ക്കുകയല്ല, കണ്ണ് തുറിപ്പിയ്ക്കുന്നതാണ്. പറയ സമുദായത്തില്‍പ്പെട്ട കുട്ടികളെ മാറ്റിയിരുത്തി പഠിപ്പിയ്ക്കുന്നു, പേരാമ്പ്രയില്‍ സ്കൂളില്‍ എന്ന് വായിച്ചപ്പോള്‍ വിശ്വസിക്കാന്‍ വിഷമം..കേരളത്തില്‍ ഇത്ര നീച ചിന്താഗതിയുള്ള വിദ്യാഭ്യാസികാളോ? കഷ്ടം!
ഞങ്ങളൊന്നും പഠിയ്ക്കുമ്പോള്‍ ഇങ്ങിനെ ആയിരുന്നില്ലല്ലോ? തനി നാട്ടിന്‍പുറത്തെ ഞങ്ങടെ കുട്ടിക്കാലത്തുപോലും സ്കൂളില്‍ ഒരിക്കലും ഇങ്ങിനെ കണ്ടിട്ടും കേട്ടിട്ടും ഇല്ല. അതും എത്ര വര്ഷം മുന്നേ?? 64-ല്‍ എത്തി നില്‍ക്കുന്ന ഞാന്‍, 4 വയസ്സില്‍ സ്കൂളില്‍ പോക്ക് തുടങ്ങി. 1954 മുതല്‍ക്കുള്ള കാര്യമാണ് പറയുന്നത് . എന്റെ കൂടെ 3, 4 ക്ലാസ്സുകളില്‍ മുതല്‍ എല്ലാ ജാതിക്കാരും അടുത്തടുത്തിരുന്നാണ് പഠിച്ചിരുന്നത്,.ഒരേ ബഞ്ചില്‍.തൊട്ടുതൊട്ടിരുന്നു. ആശാരിയും കരുവാനും, , മാപ്പിളക്കുട്ടികളും, മറ്റു ജാതിക്കാരും....ഒരിക്കലും ഞങ്ങടെ അദ്ധ്യാപകര്‍ ഒരു വിത്യാസം കാട്ടിയതായി അനുഭവമില്ല. എല്ലാവര്ക്കും എല്ലാവരുടെയും ജാതിയും വീടും ഒക്കെ അറിയാം. ഞങ്ങളൊക്കെ മനയ്ക്കലെ കുട്ടികളായിരുന്നു, മറ്റുള്ളവരുടെ കണ്ണില്‍, എങ്കിലും സ്കൂളില്‍ നിലനിന്നിരുന്നത് സമത്വതതന്നെയായിരുന്നു. രാവിലെ മുതല്‍ ജലപാനം കൂടെയില്ലാതെ വൈകുന്നേരം വരെ ഇരിയ്ക്കുന്ന ഞങ്ങളോട് അല്പസ്വല്പ പ്രത്യേകതയൊക്കെ അദ്ധ്യാപകര്‍ക്ക് ഉണ്ടായിരുന്നിരിയ്ക്കാം. (ആ സ്കൂള്‍ കെട്ടിടം  ഉണ്ടാക്കിച്ചത് എന്റെ മുത്തശ്ശനായിരുന്നു. സ്കൂള്‍ മാത്രമല്ല, നാട്ടിലെ പീടികകളും മറ്റും ...) 
എന്തായാലും ഇക്കാലത്തും ഇങ്ങിനെ ചിന്തിയ്ക്കുന്നവര്‍ കേരളത്തില്‍ ഉണ്ടെന്നറിഞ്ഞ് വിശ്വാസം വരുന്നില്ല......
........'കേരളമെന്നപേര്‍ കേട്ടാല്‍ തിളയ്ക്കണം
ചോര നമുക്കു ഞരമ്പുകളില്‍......'
എന്റെ കൂട്ടുകാരിയായിരുന്ന, കാതു നിറയെ തുളച്ചു അതിലൊക്കെ ഇട്ട വെള്ളി വട്ടക്കണ്ണികളില്‍ മഞ്ഞയും ചുകപ്പു നിറങ്ങളുള്ള ചെണ്ടുമല്ലിപ്പൂക്കള്‍ തൂക്കിയിട്ടിരുന്ന ആമിനക്കുട്ടിയെ ഞാന്‍ ഓര്‍ക്കുന്നു. ചെണ്ടുമല്ലിപ്പൂക്കള്‍ ഉണങ്ങിയാല്‍ വിത്ത് പാകാന്‍ .അതൊക്കെ എനിയ്ക്ക് തരും. വെള്ളിയാഴ്ച ഉച്ചയ്ക്ക് മറ്റാരും അറിയാതെ അവളുടെ വീട്ടുമുറ്റത്തെ പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്ന ചെണ്ടുമല്ലിച്ചെടികള്‍ കാണാന്‍ പോയിട്ടുണ്ട്. കണക്കില്‍ മോശമായ എന്നെ, മാഷ്‌ മനക്കണക്ക് തരുമ്പോള്‍ സഹായിച്ചിരുന്ന  കുട്ടികളെ ഞാന്‍ നമിയ്ക്കുന്നു. (മലയാളം കേട്ടെഴുത്ത് സമയത്ത് ഞാന്‍ അവരെയും സഹായിക്കും). അതിലെ ഒരാള്‍ നാലഞ്ചു വര്ഷം മുന്നേ മരിച്ചു. ഞങ്ങടെ നാട്ടിലെ 'തച്ച'നായിരുന്നു. ഈ വീടിന്റെ പടിഞ്ഞാറെ ഉമ്മറം അയാളാണ് പണിതത്. 'കണ്ടരാശാന്‍' എന്നാണു നാട്ടുകാര്‍ വിളിച്ചിരുന്നത്‌.കണ്ടരാശാന്റെ മുത്തശ്ശൻ  ആണത്രേ എന്റെ ജന്മഗൃഹത്തിന്റെ പത്തായപ്പുര പണിതത്. മുകളിലെ കിഴക്കഭിമുഖമായ തെക്കുവടക്ക് നീളത്തിലുള്ള വരാന്തയും, ചാരിയിരിക്കാൻ   സുരക്ഷിതമാക്കിയ മരത്തിന്റെ അഴികളും പടികളും ഇപ്പോഴും നല്ല ഓർമ്മയുണ്ട്. അതേപോലെത്തന്നെയുള്ള പടിഞ്ഞാറ് ഭാഗത്തെ വരാന്തയും. 
നിലക്കടല വാങ്ങിത്തിന്നല്‍ അന്നത്തെ രഹസ്യമായ ആര്‍ത്തിയാണ്.പറങ്കിമാവ് ഇല്ലപറമ്പുകളില്‍ അന്നില്ലല്ലോ..അതിനാല്‍, അടയ്ക്ക കൊണ്ടുകൊടുത്ത് പറങ്കിയണ്ടി വാങ്ങിയ്ക്കും. ഈ കച്ചവടത്തിന് കൂട്ടുനിന്നിരുണ്ണ്‍ കേശവന്‍. ഒരണ്ടിയ്ക്ക് 2 കുരുവുള്ള 2 നിലക്കടലയും, ഒരു ഒറ്റക്കുരുവും കിട്ടും. കേശവന്‍.ആശാരി. അയാള്‍ അടുത്തെവിടെയോ കടവെച്ചിട്ടുണ്ട്, ആളെ കാണാന്‍ കഴിഞ്ഞിട്ടില്ല.

എന്തൊരു നല്ല കാലം !!!!!

Sunday, 11 July 2021

പ്രതികരണങ്ങൾ --പത്രവായന

12th feb, 2016
50 വര്ഷം മുന്‍പ് ഇക്കാലത്ത് ഞാന്‍ ൧൦-ആം തരം വിദ്യാര്‍ത്ഥിനി. ഇന്ന് മുതല്‍ വീണ്ടും ഞാന്‍ 10-ആം തരം പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പ് തുടങ്ങി. നെറ്റി ചുളിയ്ക്കണ്ട. തല്‍ക്കാലം ഒന്നും പറ്റിയിട്ടില്ല. പത്രം കാശ് കൊടുത്തു വാങ്ങുന്നതല്ലേ, അതൊന്നു മുതലാക്കണ്ടേ? അതിനു വേണ്ടി മാത്രമാണിത്. എന്നാല്‍ പത്രം വാങ്ങാതിരുന്നു കൂടെ എന്ന് ചോദിയ്ക്കാം..അതാണ്‌ പ്രശ്നം..പത്രം ഒരു ശീലമായിപ്പോയി...
എന്നാലും പഴയപോലെ, പത്രം വായിച്ചില്ലെങ്കില്‍ ഉറക്കം വരാതിരിക്കാറില്ല. 2-3 ദിവസമൊക്കെ പത്രം കണ്ടില്ലെങ്കിലും ഇപ്പോള്‍ ഒപ്പിയ്ക്കാം. അങ്ങിനെ ആയതു അത്ര പെട്ടൊന്നൊന്നും അല്ല..നിയന്ത്രണ വായനയില്‍ക്കൂടെ....
വളരെ വൈകിയാണ് ഉറപ്പായത് 'ഇന്നത്തെ പത്രം, എന്നത്തെപ്പോലെ തന്നെ' എന്ന്.
ചരമ വാര്‍ത്താ പേജ് അതിനൊരു അപവാദമാണ്. ആ പേജിനൊരു ഗുണമുണ്ട്...നിത്യേന ഈ പേജ് കണ്ടാല്‍, 'ഇന്ന് ഞാന്‍ നാളെ .....'എന്ന് ഓര്‍മ്മിയ്ക്കാന്‍ പറ്റും....പിന്നെ 4-ആം പേജ്, അത് ചിലപ്പോളൊക്കെ വായിക്കാന്‍ പറ്റുന്നതാണെന്നാണ് തോന്നുന്നത്. ഇന്നത്തെ മുഖ പ്രസംഗവും, രവി മേനോന്‍റെ ലേഖനവും രസമായി വായിച്ചു. ,
കുറച്ചുകാലം addict ആയിരുന്നു, sudoku വിനോട്..അതില്‍ നിന്നും മോചനം കിട്ടി.. എന്നാലും,ആകെ പത്രത്തിനോട് മടുപ്പ് തുടങ്ങിയിട്ടുണ്ട്. എന്ത് ചെയ്യാം..{വാരാന്ത പതിപ്പ് നല്ല ശ്രദ്ധയോടെ വായിക്കാറുണ്ട്}'
വിചാരിച്ചപോലെ എളുപ്പമല്ല,ഈ പ്രായത്തില്‍ ൧൦-ആം ക്ലാസ്സിലെ വിഷയങ്ങള്‍ പഠിയ്ക്കാന്‍ എന്ന് ആദ്യത്തെ ദിവസം തന്നെ ബോധ്യമായി. പ്രിയപ്പെട്ട വിഷയമായ സാമൂഹ്യ ശാസ്ത്രത്തിലെ ചോദ്യങ്ങള്‍ കണ്ടു മിഴിച്ചിരിക്കയാണ്.......ഡാന്റെ,..ഡിവൈന്‍ കോമഡി, മൈക്കലാഞ്ചലോ, ഫ്രഞ്ച് വിപ്ലവം, 5 തരത്തിലുള്ള സോഷ്യലിസം,.കോത്താരി കമ്മീഷന്‍, ഉദാരതാവാദം, ഇന്ത്യ..വംശീയ മുസിയം......?????????????വേണ്ടാ......എനിക്കൊന്നും അറിയണ്ടാ........പത്രമേ വേണ്ടാ...

March 13 at 4:19pm ·
നോട്ടു അസാധുവാക്കിയതിന്റെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ടു സൌരാഷ്ട്രയിലെ കര്ഷകര് പ്രക്ഷോഭം ആരംഭിച്ചിരിക്കുകയാണ്.
പക്ഷേ, പ്രതികരണം വളരെ നികൃഷ്ടമായ രീതിയിലാണെന്ന് പറയാതെ വയ്യ. നൂറുകണക്കിന് കര്ഷകര് വിളവുകള് ട്രാക്ടറില് കൊണ്ടുവന്നു കലക്ടറേറ്റിനു മുന്നിലിട്ട് കത്തിച്ചു!!
ജില്ലാ സഹകരണ ബാങ്കുകളില് അസാധുവായ നോട്ടുകള് സ്വീകരിയ്ക്കാത്തത് കര്ഷകര്ക്ക് വലിയ തിരിച്ചടിയായി..
സര്ക്കാര് കൃഷിക്കാരോട് പലപ്പ്പോഴും ക്രൂരമായി പെരുമാറുന്നു എന്നുതന്നെ പറയാം.
ബിരിയാണിച്ചോര് അധികമായാല് കുഴിച്ചുമൂടുന്നവര്ക്കും, ഗാന്ധിത്തലകള് കയ്യിലുണ്ടെങ്കില് എന്തും സ്വായത്തമാക്കാം എന്നഹങ്കരിക്കുന്നവര്ക്കും അധികാരത്തിന്റെ മെത്തയില് കയറിഇരുന്നു വിലസുന്നവനും മനസ്സിലാവില്ല ഒരു കര്ഷകന്റെ നോവുകൾ ......
നിത്യേന 3 നേരം ഉരുള ഉരുട്ടി ഇഴുങ്ങുന്നവനും അറിയില്ല ആ അരി എത്ര കടുത്ത ശാരീരിക-മാനസിക-സാമ്പത്തിക കഷ്ടതകള് താണ്ടിയാണ് ഉൽപ്പാദിയ്ക്കപ്പെടുന്നത് എന്ന്...
പ്രകൃതികൂടി അവരെ കൈവിട്ടു പോയിരിയ്ക്കുന്നു.
കര്ഷകന്റെ ത്യാഗത്തിന്റെ വില കണ്ടു എന്നു നടിയ്ക്കാത്ത ദുഷ്ടന്മാരായ സര്ക്കാരുകളാണ് ഈ കര്ഷകരുടെ കണ്ണീരിനു സമാധാനം പറയേണ്ടത്....
പക്ഷെ, നൂറുകണക്കിന് കിലോ വഴുതിനങ്ങ പശുക്കൾക്ക് തിന്നാൻ കൊടുത്തും, ധാന്യങ്ങൾ കത്തിച്ചു കളഞ്ഞും, പാല് റോട്ടിലോഴുക്കിയും പ്രതിഷേധം കാണിക്കുന്നത് കര്ഷകന്റെ ധിക്കാരം തന്നെയാണ്.
ശിക്ഷാര്ഹമായ കുറ്റമാണിത്......
വാല്ക്കഷ്ണം.....2 മോട്ടോര് പ്രവര്ത്തിപ്പിച്ചാണ് ഇവിടെ പാടത്ത്വെള്ളം എത്തിച്ച് നെൽക്കൃഷി ചെയ്തുവരുന്നത്. കുളത്തിൽ നിന്നും അടിയ്ക്കുന്ന മോട്ടോര് കത്തി...അത് windingum മറ്റും ചെയ്യല് കരിഞ്ഞ വയറുകള് മാറ്റല്....

നിര്ത്താതെ കുഴല്ക്കിണറില് നിന്നും വെള്ളം അടിച്ചുകൊണ്ടിരിയ്ക്കുന്നു...
മറ്റു പരിചരണങ്ങള് വേറെ....
യാതൊരു ദയയുമില്ലാത്ത പ്രകൃതി....
ഈ മലപ്പുറം ജില്ലയില് ഒരു താന്സെന് ഉണ്ടായിരുന്നെങ്കില് !

March 13 at 4:14pm ·
Oct 05, 2017 2:46pm
എഴുതിപ്പോവുകയാണ്---
മഹാരാഷ്ട്രയിൽ യവത് മാൽ ജില്ലയിൽ പരുത്തിച്ചെടിയിൽ കീടനാശിനി അടിച്ചപ്പോൾ നിരവധി കർഷകർ മരണപ്പെടുകയും,കുറേപ്പേർ കാഴ്ച്ചക്കുറവ് തുടങ്ങി ശാരീരികാസ്വസ്ഥതകളാൽ ആസ്പത്രിയിൽ പ്രവേശിക്കപ്പെടുകയും ഉണ്ടായത്രേ !
മരിച്ചുപോയവരുടെ കുടുംബങ്ങൾക്ക് രണ്ടുലക്ഷം രൂപ കൊടുക്കാമെന്നു ഭരണകർത്താക്കൾ.
പക്ഷെ,അത് പോരാ, എന്ന് കര്ഷകസംഘടനകൾ .
പത്തുലക്ഷം വേണമത്രേ!
ഈയിടെ മുംബായിലെ റെയിൽവേ സ്റ്റേഷൻ-ൽ ഉണ്ടായ അപകടത്തിൽപെട്ടു മരിച്ചവർക്കു പത്തുലക്ഷം കൊടുക്കാമെന്നു അധികൃതർ പ്രഖ്യാപിചിച്ചിരിയ്ക്കുന്നുവത്രെ . .
ഗ്രാമീണർ, വലിയ വിദ്യാഭ്യാസമൊന്നും ഇല്ലാത്തവർ, മണ്ണിലെ ചളിയിൽ പണിയെടുക്കുന്നവർ.....ഇവർക്ക് ഇതുതന്നെ ധാരാളം എന്ന് മേലാളർ ധരിച്ചിട്ടുണ്ടാകും.
ഒരിരുനൂറ്‌ 'ഉലുവാ' യിൽ തീരേണ്ട കാര്യമല്ലേ?
കുറഞ്ഞ വിലയ്ക്ക് കിട്ടുന്നതു, അല്ലെങ്കിൽ വെറുതെ കിട്ടുന്ന ഈ ഔദാര്യത്തിൽ ഇത്രയും വലിയ കെണി ഉണ്ടെന്നു പാവങ്ങൾ അറിയാതെപോയി.
ഭാഗ്യം!. ഇവരൊന്നും ആത്മഹത്യ ചെയ്തതാണെന്ന് ആരും പറഞ്ഞില്ലല്ലോ!
നിന്റെ കൃഷിയിടം, നിന്റെ പരുത്തിക്ക്രുഷി, നീയടിച്ച മരുന്ന്.
കാലാവസ്ഥാ വ്യതിയാനത്തിൽ വന്നുകയറിയ കൃമികീടങ്ങൾ.
പരുത്തിയെ രക്ഷിയ്ക്കാൻ ശക്തികൂടിയ 'പ്രൊഫെക്സ് സൂപ്പർ' എന്ന കീടനാശിനിയാണത്രെ അടിച്ചത്.
ആരാണവർക്കു ഈ അറിവ് കൊടുത്തത് ---ആ കീടനാശിനിയിൽ കൃമികീടങ്ങൾ നശിച്ചുപോകുമെന്ന്.
മാതൃഭാഷതന്നെ നേരെ വായിക്കാനറിയാത്തവർ മരുന്നെങ്ങിനെ കൈകാര്യം ചെയ്യണമെന്ന് മനസ്സിലാക്കാതെ ഉപയോഗിച്ചുപോയി.
കൃഷിക്കാരന്റെ ജീവന് പുല്ലുവില കല്പിയ്ക്കാത്ത ഭരണകർത്താക്കൾ.
കൃഷിനാശം വന്നാൽ വായ്പയിൽ നിന്നും 19 പൈസമുതൽ നൂറു രൂപ വരെ മഹാ ഔദാര്യമായി ഇളവുചെയ്തു കൊടുക്കുന്ന മേലാളർ.
ഇവർക്ക്, ഭാരതത്തിലെ കോടിക്കണക്കിനു ജനതയ്ക്കു വിശപ്പടക്കാനുള്ള ഭക്ഷണം ഉൽപ്പാദിപ്പിയ്ക്കുന്നവന് ഭരണകർത്താക്കൾ തിരിച്ചു നൽകുന്നത്‌ സ്വയംമരണം, അല്ലെങ്കിൽ വിഷമേൽപ്പിച്ചു കൊല .
മണ്ണിന്റെയും വിയർപ്പിന്റെയും മണം പുരണ്ട അന്നം വായിൽ വെയ്ക്കുമ്പോൾ, ആ അന്നത്തിന്റെ മഹത്വം മനസ്സിലാക്കാത്തവരോട് എന്ത് പറയാൻ!
നിങ്ങള്ക്ക് കൃഷിപാഠം പറഞ്ഞുതന്നിരുന്ന പൂർവികരുടെ വാക്കുകളെ പുച്ഛിച്ചുത്ള്ളാൻ പ്രേരിപ്പിച്ച ശാസ്ത്രജ്ഞർക്കും, ഉദ്യോഗസ്ഥർക്കും എങ്ങിനെ മാപ്പുനൽകും?
(സാവേജി-ശ്രീ ഭാസ്കര് സാവേ-പറഞ്ഞ വാക്കുകള് ഓര്ക്കുകയാണ്. ഭാരതത്തിലെ ആഡംബര പട്ടണത്തിലെ എ.സി മുറിയിലിരുന്നു ഭാരതത്തിന്റെ മുക്കിലും മൂലയിലുമുള്ള കൃഷിക്കാര് എന്ത് വിത്തിടണം, എപ്പോള് ഇടണം, എങ്ങിനെ ഇടണം, എന്ത്,എത്ര, ഏതു,എപ്പോള്, എങ്ങിനെ കീടനാശിനി ഉപയോഗിക്കണം എന്നൊക്കെ കുറിച്ച് തരുന്നവരുടെ ആഫീസുകള് പൂട്ടിയാലേ കൃഷിക്കാര് -കൃഷി രക്ഷപ്പെടൂ-----സവേജിയ്ക്ക് പ്രണാമം!)
ഹേ, അന്നദാതാക്കളേ ! മാതൃഭൂമിയെ നമസ്ക്കരിയ്ക്കുമ്പോൾ താങ്കളുടെയൊക്കെ ചളിപുരണ്ട പാദങ്ങളിലും ദണ്ഡനമസ്‌ക്കാരം ചെയ്യുന്നു.
പണ്ട് നമുക്കൊരു ജനകീയനായ ഒരു പ്രധാനമന്ത്രി ഉണ്ടായിരുന്നു. മഹാത്മാഗാന്ധി ജനിച്ച അതെ ദിവസം ജനിച്ചു. ഗാന്ധിജി രക്തസാക്ഷിയായ അതെ മാസം രക്തസാക്ഷിത്വം വരിക്കുകയും ചെയ്ത മറ്റൊരു മഹാൻ.
അദ്ദേഹം ഉയർത്തിപ്പിടിച്ച മുദ്രാവാക്യം ഏറ്റു ചൊല്ലാൻ അന്ന് കോടിക്കണക്കിനാളുകൾ ഉണ്ടായിരുന്നു.............
അദ്ദേഹത്തിനും കൃഷിഭൂമിയിൽ രക്സ്തസാക്ഷികളായി വീണ കർഷകർക്കും ഹൃദയപൂർവം ആദരാഞ്ജലികൾ.
ജയ് ജവാൻ ! ജയ് കിസാൻ !!

സ്പന്ദനങ്ങള് -12th mar,2015
സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ്. അത് പണ്ടാരോ പറയുന്നത് കേട്ടു പഠിച്ച വാക്കുകള്.
സത്യത്തില്, സ്വാതന്ത്ര്യം പുരുഷാവകാശമാണ്. അവരെ സ്രഷ്ടാവ് പടച്ചത് സ്ത്രീ പ്രജകളുടെ മേല് ആധിപത്യം സ്ഥാപിക്കാനായിട്ടാണ്. ഇതൊന്നും മനസ്സിലാക്കാതെയാണ് സ്ത്രീകള് തുല്യാവകാശത്തിനായി പോരാടുന്നത്. ദിവസങ്ങള്ക്കു മുന്പ് ഒരു 'ലോക വനിതാദിനം' കൂടെ കടന്നു പോയി. ആരറിഞ്ഞു?
ഞായറാഴ്ച്ചത്തെ മാതൃഭൂമി ദിനപത്രത്തില് 1972-ല്, ജൂഡി ബ്രാഡി എന്ന എഴുത്തുകാരി എഴുതിയ 'എന്തുകൊണ്ട് എനിക്കൊരു ഭാര്യയെ വേണം' എന്ന ലേഖനത്തിന്റെ പരിഭാഷ (പ്രിയ എ.എസ്) ഗൃഹലക്ഷ്മിയില് പ്രസിദ്ധീകരിച്ചതു എടുത്തെഴുതിയിരിക്കുന്നു.. പുരുഷന് ഭാര്യ കൂടിയെ കഴിയൂ. പിന്നെ കുഞ്ഞുങ്ങള് വേണം. വീടിന്റെ ചുമതല, കുഞ്ഞുങ്ങളുടെയും, മറ്റന്ഗങ്ങള് ഉണ്ടെങ്കില് അവരുടെ ഉത്തരവാദിത്വം, കുടുംബകാര്യങ്ങള് എല്ലാം പരാതിയില്ലാതെ ഭംഗിയായി നടന്നു പോകണം. ഭര്ത്താവിന്റെ ശാരീരികവും ,മാനസികവുമായ എല്ലാ പ്രശ്നങ്ങളും തീര്ത്തു പൂര്ണ സംതൃപ്തനാക്കണം. ഇല്ലെങ്കില് അവളെക്കാള് മിടുക്കിയെ കണ്ടെത്തിയാല് കുഞ്ഞുങ്ങളുമായി ഭാര്യ പടിയിറങ്ങണം. ഇനി ജോലിയ്ക്ക് പോകുന്ന സ്ത്രീയാണെങ്കില് ഇവളെന്തിനു ജോലിയ്ക്ക് പോകുന്നു എന്നാവും.
കുടിയ്ക്കാൻ കാശ് കൊടുക്കാഞ്ഞാൽ ഗര്ഭിണിയുടെ വയറ്റിൽത്തന്നെ തൊ ഴിക്കാന് മടിക്കാത്ത ദുഷ്ടനായ ഭര്ത്താവ്, പിഞ്ചു കുഞ്ഞുങ്ങളെ ബലാല്സംഗം ചെയ്തു റയില് പാളത്തില് ഇടുന്ന കശ്മലന്മാര് ..ഇവരെകൊണ്ട് നിറഞ്ഞൂ,നമ്മുടെ നാട്.
ഇന്നത്തെ പത്രത്തില് സുഗതകുമാരി ടീച്ചര് എഴുതിയത് വായിക്കുക..നമ്മുടെ പ്രിയപ്പെട്ട രാഷ്ട്രപിതാവിന്റെ പ്രിയപ്പെട്ട 3 വാനരരെ പോലെ അനങ്ങാതിരിക്കുക. ആയിരമായിരം അമ്മമാരുടെ, സഹോദരിമാരുടെ, പ്രതിഷേധങ്ങളും നിലവിളികളും പിഞ്ചുകുഞ്ഞുങ്ങളുടെ രോദനവും കേള്ക്കാതിരിക്കാന് 2 ചെവിയും പൊത്തിപ്പിടിച്ചിരിക്കുക, റോഡപകടങ്ങള്, കാല്ക്കീഴിലെ ചോരപ്പാടുകള് ഇവ കാണരുത്. ദൂരെ ഒരു കുഞ്ഞു ചെരുപ്പ് വീണു കിടക്കുന്നു. 2 കണ്ണുകളും ഇറുക്കെ അടയ്ക്കുക.പ്രതിഷേധവും, മുറവിളിയും വേണ്ടാ, മിണ്ടാതിരിക്കുക..2 കൈകള്കൊണ്ടും വായ അമര്ത്തിപ്പിടിച്ചിരിക്കുക.....
രാഷ്ട്രീയക്കാരുടെ പുച്ഛച്ചിരി കാണേണ്ട, ബാറുകള് ഇപ്പോള് പൂട്ടുമെന്ന ഭരണാധികാരികള്ടെ പ്രഖ്യാപനങ്ങള് കേള്ക്കേണ്ട. കുടുംബ കോടതികളിലും,അദാലത്തുകളിലും നിരനില്ക്കുന്ന സ്ത്രീകളുടെ മുഖങ്ങളിലെ തകര്ച്ചയും, ഭയവും കാണരുത്, അവരുടെ പരാതിക്കടലാസുകള് വാങ്ങി വായിക്കരുത്, മദ്യപിച്ച് ഉന്മത്തരായ രക്ഷിതാക്കളുടെ ചവിട്ടടിയില് ചതഞ്ഞമരുന്ന കുഞ്ഞുപൂക്കളെ നിങ്ങള് തീര്ച്ചയായും കാണരുത്, അവരുടെ പേടിച്ചരണ്ട കരച്ചില് കേള്ക്കരുത്‌, അദ്ധ്യാപികയാണെങ്കില് വിദ്യാര്ത്ഥികളുടെ ബാഗുകള്, മൊബൈല് ഇവ പരിശോധിയക്കരുത്, പത്രങ്ങള് നിരത്തുന്ന അഴിമതിക്കഥകള് വായിക്കേണ്ടാ.......അങ്ങിനെ നിരവധി കാര്യങ്ങള്.....
"അതിനാല്, പ്രിയ സഹോദരങ്ങളേ, ആ 3 കുരങ്ങന്മാരാകട്ടെ നിങ്ങളുടെ ഇഷ്ടദേവന്മാര്."