ഈ ആഴ്ചത്തെ മാതൃഭൂമി ആഴ്ചപ്പതിപ്പ് വായിക്കാത്തവര്‍ വായിക്കേണ്ടതാണ്. പ്രധാന ലേഖനം ഉണ്ണികൃഷ്ണന്‍ പാക്കനാരുടെ ജീവിതാനുഭവങ്ങള്‍, എല്ലാവര്ക്കും ഒരു പാഠമാണിത്. മറ്റൊരു ലേഖനം കണ്ണുതുറപ്പിയ്ക്കുകയല്ല, കണ്ണ് തുറിപ്പിയ്ക്കുന്നതാണ്. പറയ സമുദായത്തില്‍പ്പെട്ട കുട്ടികളെ മാറ്റിയിരുത്തി പഠിപ്പിയ്ക്കുന്നു, പേരാമ്പ്രയില്‍ സ്കൂളില്‍ എന്ന് വായിച്ചപ്പോള്‍ വിശ്വസിക്കാന്‍ വിഷമം..കേരളത്തില്‍ ഇത്ര നീച ചിന്താഗതിയുള്ള വിദ്യാഭ്യാസികാളോ? കഷ്ടം!
ഞങ്ങളൊന്നും പഠിയ്ക്കുമ്പോള്‍ ഇങ്ങിനെ ആയിരുന്നില്ലല്ലോ? തനി നാട്ടിന്‍പുറത്തെ ഞങ്ങടെ കുട്ടിക്കാലത്തുപോലും സ്കൂളില്‍ ഒരിക്കലും ഇങ്ങിനെ കണ്ടിട്ടും കേട്ടിട്ടും ഇല്ല. അതും എത്ര വര്ഷം മുന്നേ?? 64-ല്‍ എത്തി നില്‍ക്കുന്ന ഞാന്‍, 4 വയസ്സില്‍ സ്കൂളില്‍ പോക്ക് തുടങ്ങി. 1954 മുതല്‍ക്കുള്ള കാര്യമാണ് പറയുന്നത് . എന്റെ കൂടെ 3, 4 ക്ലാസ്സുകളില്‍ മുതല്‍ എല്ലാ ജാതിക്കാരും അടുത്തടുത്തിരുന്നാണ് പഠിച്ചിരുന്നത്,.ഒരേ ബഞ്ചില്‍.തൊട്ടുതൊട്ടിരുന്നു. ആശാരിയും കരുവാനും, , മാപ്പിളക്കുട്ടികളും, മറ്റു ജാതിക്കാരും....ഒരിക്കലും ഞങ്ങടെ അദ്ധ്യാപകര്‍ ഒരു വിത്യാസം കാട്ടിയതായി അനുഭവമില്ല. എല്ലാവര്ക്കും എല്ലാവരുടെയും ജാതിയും വീടും ഒക്കെ അറിയാം. ഞങ്ങളൊക്കെ മനയ്ക്കലെ കുട്ടികളായിരുന്നു, മറ്റുള്ളവരുടെ കണ്ണില്‍, എങ്കിലും സ്കൂളില്‍ നിലനിന്നിരുന്നത് സമത്വതതന്നെയായിരുന്നു. രാവിലെ മുതല്‍ ജലപാനം കൂടെയില്ലാതെ വൈകുന്നേരം വരെ ഇരിയ്ക്കുന്ന ഞങ്ങളോട് അല്പസ്വല്പ പ്രത്യേകതയൊക്കെ അദ്ധ്യാപകര്‍ക്ക് ഉണ്ടായിരുന്നിരിയ്ക്കാം. (ആ സ്കൂള്‍ കെട്ടിടം ഉണ്ടാക്കിച്ചത് എന്റെ മുത്തശ്ശനായിരുന്നു. സ്കൂള്‍ മാത്രമല്ല, നാട്ടിലെ പീടികകളും മറ്റും ...)
എന്തായാലും ഇക്കാലത്തും ഇങ്ങിനെ ചിന്തിയ്ക്കുന്നവര്‍ കേരളത്തില്‍ ഉണ്ടെന്നറിഞ്ഞ് വിശ്വാസം വരുന്നില്ല......
........'കേരളമെന്നപേര്‍ കേട്ടാല്‍ തിളയ്ക്കണം
ചോര നമുക്കു ഞരമ്പുകളില്‍......'
ചോര നമുക്കു ഞരമ്പുകളില്‍......'
എന്റെ കൂട്ടുകാരിയായിരുന്ന, കാതു നിറയെ തുളച്ചു അതിലൊക്കെ ഇട്ട വെള്ളി വട്ടക്കണ്ണികളില്‍ മഞ്ഞയും ചുകപ്പു നിറങ്ങളുള്ള ചെണ്ടുമല്ലിപ്പൂക്കള്‍ തൂക്കിയിട്ടിരുന്ന ആമിനക്കുട്ടിയെ ഞാന്‍ ഓര്‍ക്കുന്നു. ചെണ്ടുമല്ലിപ്പൂക്കള്‍ ഉണങ്ങിയാല്‍ വിത്ത് പാകാന്‍ .അതൊക്കെ എനിയ്ക്ക് തരും. വെള്ളിയാഴ്ച ഉച്ചയ്ക്ക് മറ്റാരും അറിയാതെ അവളുടെ വീട്ടുമുറ്റത്തെ പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്ന ചെണ്ടുമല്ലിച്ചെടികള്‍ കാണാന്‍ പോയിട്ടുണ്ട്. കണക്കില്‍ മോശമായ എന്നെ, മാഷ് മനക്കണക്ക് തരുമ്പോള്‍ സഹായിച്ചിരുന്ന കുട്ടികളെ ഞാന്‍ നമിയ്ക്കുന്നു. (മലയാളം കേട്ടെഴുത്ത് സമയത്ത് ഞാന്‍ അവരെയും സഹായിക്കും). അതിലെ ഒരാള്‍ നാലഞ്ചു വര്ഷം മുന്നേ മരിച്ചു. ഞങ്ങടെ നാട്ടിലെ 'തച്ച'നായിരുന്നു. ഈ വീടിന്റെ പടിഞ്ഞാറെ ഉമ്മറം അയാളാണ് പണിതത്. 'കണ്ടരാശാന്‍' എന്നാണു നാട്ടുകാര്‍ വിളിച്ചിരുന്നത്.കണ്ടരാശാന്റെ മുത്തശ്ശൻ ആണത്രേ എന്റെ ജന്മഗൃഹത്തിന്റെ പത്തായപ്പുര പണിതത്. മുകളിലെ കിഴക്കഭിമുഖമായ തെക്കുവടക്ക് നീളത്തിലുള്ള വരാന്തയും, ചാരിയിരിക്കാൻ സുരക്ഷിതമാക്കിയ മരത്തിന്റെ അഴികളും പടികളും ഇപ്പോഴും നല്ല ഓർമ്മയുണ്ട്. അതേപോലെത്തന്നെയുള്ള പടിഞ്ഞാറ് ഭാഗത്തെ വരാന്തയും.
നിലക്കടല വാങ്ങിത്തിന്നല്‍ അന്നത്തെ രഹസ്യമായ ആര്‍ത്തിയാണ്.പറങ്കിമാവ് ഇല്ലപറമ്പുകളില്‍ അന്നില്ലല്ലോ..അതിനാല്‍, അടയ്ക്ക കൊണ്ടുകൊടുത്ത് പറങ്കിയണ്ടി വാങ്ങിയ്ക്കും. ഈ കച്ചവടത്തിന് കൂട്ടുനിന്നിരുണ്ണ്‍ കേശവന്‍. ഒരണ്ടിയ്ക്ക് 2 കുരുവുള്ള 2 നിലക്കടലയും, ഒരു ഒറ്റക്കുരുവും കിട്ടും. കേശവന്‍.ആശാരി. അയാള്‍ അടുത്തെവിടെയോ കടവെച്ചിട്ടുണ്ട്, ആളെ കാണാന്‍ കഴിഞ്ഞിട്ടില്ല.
എന്തൊരു നല്ല കാലം !!!!!
No comments:
Post a Comment