Sunday, 11 July 2021

പ്രതികരണങ്ങൾ --പത്രവായന

12th feb, 2016
50 വര്ഷം മുന്‍പ് ഇക്കാലത്ത് ഞാന്‍ ൧൦-ആം തരം വിദ്യാര്‍ത്ഥിനി. ഇന്ന് മുതല്‍ വീണ്ടും ഞാന്‍ 10-ആം തരം പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പ് തുടങ്ങി. നെറ്റി ചുളിയ്ക്കണ്ട. തല്‍ക്കാലം ഒന്നും പറ്റിയിട്ടില്ല. പത്രം കാശ് കൊടുത്തു വാങ്ങുന്നതല്ലേ, അതൊന്നു മുതലാക്കണ്ടേ? അതിനു വേണ്ടി മാത്രമാണിത്. എന്നാല്‍ പത്രം വാങ്ങാതിരുന്നു കൂടെ എന്ന് ചോദിയ്ക്കാം..അതാണ്‌ പ്രശ്നം..പത്രം ഒരു ശീലമായിപ്പോയി...
എന്നാലും പഴയപോലെ, പത്രം വായിച്ചില്ലെങ്കില്‍ ഉറക്കം വരാതിരിക്കാറില്ല. 2-3 ദിവസമൊക്കെ പത്രം കണ്ടില്ലെങ്കിലും ഇപ്പോള്‍ ഒപ്പിയ്ക്കാം. അങ്ങിനെ ആയതു അത്ര പെട്ടൊന്നൊന്നും അല്ല..നിയന്ത്രണ വായനയില്‍ക്കൂടെ....
വളരെ വൈകിയാണ് ഉറപ്പായത് 'ഇന്നത്തെ പത്രം, എന്നത്തെപ്പോലെ തന്നെ' എന്ന്.
ചരമ വാര്‍ത്താ പേജ് അതിനൊരു അപവാദമാണ്. ആ പേജിനൊരു ഗുണമുണ്ട്...നിത്യേന ഈ പേജ് കണ്ടാല്‍, 'ഇന്ന് ഞാന്‍ നാളെ .....'എന്ന് ഓര്‍മ്മിയ്ക്കാന്‍ പറ്റും....പിന്നെ 4-ആം പേജ്, അത് ചിലപ്പോളൊക്കെ വായിക്കാന്‍ പറ്റുന്നതാണെന്നാണ് തോന്നുന്നത്. ഇന്നത്തെ മുഖ പ്രസംഗവും, രവി മേനോന്‍റെ ലേഖനവും രസമായി വായിച്ചു. ,
കുറച്ചുകാലം addict ആയിരുന്നു, sudoku വിനോട്..അതില്‍ നിന്നും മോചനം കിട്ടി.. എന്നാലും,ആകെ പത്രത്തിനോട് മടുപ്പ് തുടങ്ങിയിട്ടുണ്ട്. എന്ത് ചെയ്യാം..{വാരാന്ത പതിപ്പ് നല്ല ശ്രദ്ധയോടെ വായിക്കാറുണ്ട്}'
വിചാരിച്ചപോലെ എളുപ്പമല്ല,ഈ പ്രായത്തില്‍ ൧൦-ആം ക്ലാസ്സിലെ വിഷയങ്ങള്‍ പഠിയ്ക്കാന്‍ എന്ന് ആദ്യത്തെ ദിവസം തന്നെ ബോധ്യമായി. പ്രിയപ്പെട്ട വിഷയമായ സാമൂഹ്യ ശാസ്ത്രത്തിലെ ചോദ്യങ്ങള്‍ കണ്ടു മിഴിച്ചിരിക്കയാണ്.......ഡാന്റെ,..ഡിവൈന്‍ കോമഡി, മൈക്കലാഞ്ചലോ, ഫ്രഞ്ച് വിപ്ലവം, 5 തരത്തിലുള്ള സോഷ്യലിസം,.കോത്താരി കമ്മീഷന്‍, ഉദാരതാവാദം, ഇന്ത്യ..വംശീയ മുസിയം......?????????????വേണ്ടാ......എനിക്കൊന്നും അറിയണ്ടാ........പത്രമേ വേണ്ടാ...

March 13 at 4:19pm ·
നോട്ടു അസാധുവാക്കിയതിന്റെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ടു സൌരാഷ്ട്രയിലെ കര്ഷകര് പ്രക്ഷോഭം ആരംഭിച്ചിരിക്കുകയാണ്.
പക്ഷേ, പ്രതികരണം വളരെ നികൃഷ്ടമായ രീതിയിലാണെന്ന് പറയാതെ വയ്യ. നൂറുകണക്കിന് കര്ഷകര് വിളവുകള് ട്രാക്ടറില് കൊണ്ടുവന്നു കലക്ടറേറ്റിനു മുന്നിലിട്ട് കത്തിച്ചു!!
ജില്ലാ സഹകരണ ബാങ്കുകളില് അസാധുവായ നോട്ടുകള് സ്വീകരിയ്ക്കാത്തത് കര്ഷകര്ക്ക് വലിയ തിരിച്ചടിയായി..
സര്ക്കാര് കൃഷിക്കാരോട് പലപ്പ്പോഴും ക്രൂരമായി പെരുമാറുന്നു എന്നുതന്നെ പറയാം.
ബിരിയാണിച്ചോര് അധികമായാല് കുഴിച്ചുമൂടുന്നവര്ക്കും, ഗാന്ധിത്തലകള് കയ്യിലുണ്ടെങ്കില് എന്തും സ്വായത്തമാക്കാം എന്നഹങ്കരിക്കുന്നവര്ക്കും അധികാരത്തിന്റെ മെത്തയില് കയറിഇരുന്നു വിലസുന്നവനും മനസ്സിലാവില്ല ഒരു കര്ഷകന്റെ നോവുകൾ ......
നിത്യേന 3 നേരം ഉരുള ഉരുട്ടി ഇഴുങ്ങുന്നവനും അറിയില്ല ആ അരി എത്ര കടുത്ത ശാരീരിക-മാനസിക-സാമ്പത്തിക കഷ്ടതകള് താണ്ടിയാണ് ഉൽപ്പാദിയ്ക്കപ്പെടുന്നത് എന്ന്...
പ്രകൃതികൂടി അവരെ കൈവിട്ടു പോയിരിയ്ക്കുന്നു.
കര്ഷകന്റെ ത്യാഗത്തിന്റെ വില കണ്ടു എന്നു നടിയ്ക്കാത്ത ദുഷ്ടന്മാരായ സര്ക്കാരുകളാണ് ഈ കര്ഷകരുടെ കണ്ണീരിനു സമാധാനം പറയേണ്ടത്....
പക്ഷെ, നൂറുകണക്കിന് കിലോ വഴുതിനങ്ങ പശുക്കൾക്ക് തിന്നാൻ കൊടുത്തും, ധാന്യങ്ങൾ കത്തിച്ചു കളഞ്ഞും, പാല് റോട്ടിലോഴുക്കിയും പ്രതിഷേധം കാണിക്കുന്നത് കര്ഷകന്റെ ധിക്കാരം തന്നെയാണ്.
ശിക്ഷാര്ഹമായ കുറ്റമാണിത്......
വാല്ക്കഷ്ണം.....2 മോട്ടോര് പ്രവര്ത്തിപ്പിച്ചാണ് ഇവിടെ പാടത്ത്വെള്ളം എത്തിച്ച് നെൽക്കൃഷി ചെയ്തുവരുന്നത്. കുളത്തിൽ നിന്നും അടിയ്ക്കുന്ന മോട്ടോര് കത്തി...അത് windingum മറ്റും ചെയ്യല് കരിഞ്ഞ വയറുകള് മാറ്റല്....

നിര്ത്താതെ കുഴല്ക്കിണറില് നിന്നും വെള്ളം അടിച്ചുകൊണ്ടിരിയ്ക്കുന്നു...
മറ്റു പരിചരണങ്ങള് വേറെ....
യാതൊരു ദയയുമില്ലാത്ത പ്രകൃതി....
ഈ മലപ്പുറം ജില്ലയില് ഒരു താന്സെന് ഉണ്ടായിരുന്നെങ്കില് !

March 13 at 4:14pm ·
Oct 05, 2017 2:46pm
എഴുതിപ്പോവുകയാണ്---
മഹാരാഷ്ട്രയിൽ യവത് മാൽ ജില്ലയിൽ പരുത്തിച്ചെടിയിൽ കീടനാശിനി അടിച്ചപ്പോൾ നിരവധി കർഷകർ മരണപ്പെടുകയും,കുറേപ്പേർ കാഴ്ച്ചക്കുറവ് തുടങ്ങി ശാരീരികാസ്വസ്ഥതകളാൽ ആസ്പത്രിയിൽ പ്രവേശിക്കപ്പെടുകയും ഉണ്ടായത്രേ !
മരിച്ചുപോയവരുടെ കുടുംബങ്ങൾക്ക് രണ്ടുലക്ഷം രൂപ കൊടുക്കാമെന്നു ഭരണകർത്താക്കൾ.
പക്ഷെ,അത് പോരാ, എന്ന് കര്ഷകസംഘടനകൾ .
പത്തുലക്ഷം വേണമത്രേ!
ഈയിടെ മുംബായിലെ റെയിൽവേ സ്റ്റേഷൻ-ൽ ഉണ്ടായ അപകടത്തിൽപെട്ടു മരിച്ചവർക്കു പത്തുലക്ഷം കൊടുക്കാമെന്നു അധികൃതർ പ്രഖ്യാപിചിച്ചിരിയ്ക്കുന്നുവത്രെ . .
ഗ്രാമീണർ, വലിയ വിദ്യാഭ്യാസമൊന്നും ഇല്ലാത്തവർ, മണ്ണിലെ ചളിയിൽ പണിയെടുക്കുന്നവർ.....ഇവർക്ക് ഇതുതന്നെ ധാരാളം എന്ന് മേലാളർ ധരിച്ചിട്ടുണ്ടാകും.
ഒരിരുനൂറ്‌ 'ഉലുവാ' യിൽ തീരേണ്ട കാര്യമല്ലേ?
കുറഞ്ഞ വിലയ്ക്ക് കിട്ടുന്നതു, അല്ലെങ്കിൽ വെറുതെ കിട്ടുന്ന ഈ ഔദാര്യത്തിൽ ഇത്രയും വലിയ കെണി ഉണ്ടെന്നു പാവങ്ങൾ അറിയാതെപോയി.
ഭാഗ്യം!. ഇവരൊന്നും ആത്മഹത്യ ചെയ്തതാണെന്ന് ആരും പറഞ്ഞില്ലല്ലോ!
നിന്റെ കൃഷിയിടം, നിന്റെ പരുത്തിക്ക്രുഷി, നീയടിച്ച മരുന്ന്.
കാലാവസ്ഥാ വ്യതിയാനത്തിൽ വന്നുകയറിയ കൃമികീടങ്ങൾ.
പരുത്തിയെ രക്ഷിയ്ക്കാൻ ശക്തികൂടിയ 'പ്രൊഫെക്സ് സൂപ്പർ' എന്ന കീടനാശിനിയാണത്രെ അടിച്ചത്.
ആരാണവർക്കു ഈ അറിവ് കൊടുത്തത് ---ആ കീടനാശിനിയിൽ കൃമികീടങ്ങൾ നശിച്ചുപോകുമെന്ന്.
മാതൃഭാഷതന്നെ നേരെ വായിക്കാനറിയാത്തവർ മരുന്നെങ്ങിനെ കൈകാര്യം ചെയ്യണമെന്ന് മനസ്സിലാക്കാതെ ഉപയോഗിച്ചുപോയി.
കൃഷിക്കാരന്റെ ജീവന് പുല്ലുവില കല്പിയ്ക്കാത്ത ഭരണകർത്താക്കൾ.
കൃഷിനാശം വന്നാൽ വായ്പയിൽ നിന്നും 19 പൈസമുതൽ നൂറു രൂപ വരെ മഹാ ഔദാര്യമായി ഇളവുചെയ്തു കൊടുക്കുന്ന മേലാളർ.
ഇവർക്ക്, ഭാരതത്തിലെ കോടിക്കണക്കിനു ജനതയ്ക്കു വിശപ്പടക്കാനുള്ള ഭക്ഷണം ഉൽപ്പാദിപ്പിയ്ക്കുന്നവന് ഭരണകർത്താക്കൾ തിരിച്ചു നൽകുന്നത്‌ സ്വയംമരണം, അല്ലെങ്കിൽ വിഷമേൽപ്പിച്ചു കൊല .
മണ്ണിന്റെയും വിയർപ്പിന്റെയും മണം പുരണ്ട അന്നം വായിൽ വെയ്ക്കുമ്പോൾ, ആ അന്നത്തിന്റെ മഹത്വം മനസ്സിലാക്കാത്തവരോട് എന്ത് പറയാൻ!
നിങ്ങള്ക്ക് കൃഷിപാഠം പറഞ്ഞുതന്നിരുന്ന പൂർവികരുടെ വാക്കുകളെ പുച്ഛിച്ചുത്ള്ളാൻ പ്രേരിപ്പിച്ച ശാസ്ത്രജ്ഞർക്കും, ഉദ്യോഗസ്ഥർക്കും എങ്ങിനെ മാപ്പുനൽകും?
(സാവേജി-ശ്രീ ഭാസ്കര് സാവേ-പറഞ്ഞ വാക്കുകള് ഓര്ക്കുകയാണ്. ഭാരതത്തിലെ ആഡംബര പട്ടണത്തിലെ എ.സി മുറിയിലിരുന്നു ഭാരതത്തിന്റെ മുക്കിലും മൂലയിലുമുള്ള കൃഷിക്കാര് എന്ത് വിത്തിടണം, എപ്പോള് ഇടണം, എങ്ങിനെ ഇടണം, എന്ത്,എത്ര, ഏതു,എപ്പോള്, എങ്ങിനെ കീടനാശിനി ഉപയോഗിക്കണം എന്നൊക്കെ കുറിച്ച് തരുന്നവരുടെ ആഫീസുകള് പൂട്ടിയാലേ കൃഷിക്കാര് -കൃഷി രക്ഷപ്പെടൂ-----സവേജിയ്ക്ക് പ്രണാമം!)
ഹേ, അന്നദാതാക്കളേ ! മാതൃഭൂമിയെ നമസ്ക്കരിയ്ക്കുമ്പോൾ താങ്കളുടെയൊക്കെ ചളിപുരണ്ട പാദങ്ങളിലും ദണ്ഡനമസ്‌ക്കാരം ചെയ്യുന്നു.
പണ്ട് നമുക്കൊരു ജനകീയനായ ഒരു പ്രധാനമന്ത്രി ഉണ്ടായിരുന്നു. മഹാത്മാഗാന്ധി ജനിച്ച അതെ ദിവസം ജനിച്ചു. ഗാന്ധിജി രക്തസാക്ഷിയായ അതെ മാസം രക്തസാക്ഷിത്വം വരിക്കുകയും ചെയ്ത മറ്റൊരു മഹാൻ.
അദ്ദേഹം ഉയർത്തിപ്പിടിച്ച മുദ്രാവാക്യം ഏറ്റു ചൊല്ലാൻ അന്ന് കോടിക്കണക്കിനാളുകൾ ഉണ്ടായിരുന്നു.............
അദ്ദേഹത്തിനും കൃഷിഭൂമിയിൽ രക്സ്തസാക്ഷികളായി വീണ കർഷകർക്കും ഹൃദയപൂർവം ആദരാഞ്ജലികൾ.
ജയ് ജവാൻ ! ജയ് കിസാൻ !!

സ്പന്ദനങ്ങള് -12th mar,2015
സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ്. അത് പണ്ടാരോ പറയുന്നത് കേട്ടു പഠിച്ച വാക്കുകള്.
സത്യത്തില്, സ്വാതന്ത്ര്യം പുരുഷാവകാശമാണ്. അവരെ സ്രഷ്ടാവ് പടച്ചത് സ്ത്രീ പ്രജകളുടെ മേല് ആധിപത്യം സ്ഥാപിക്കാനായിട്ടാണ്. ഇതൊന്നും മനസ്സിലാക്കാതെയാണ് സ്ത്രീകള് തുല്യാവകാശത്തിനായി പോരാടുന്നത്. ദിവസങ്ങള്ക്കു മുന്പ് ഒരു 'ലോക വനിതാദിനം' കൂടെ കടന്നു പോയി. ആരറിഞ്ഞു?
ഞായറാഴ്ച്ചത്തെ മാതൃഭൂമി ദിനപത്രത്തില് 1972-ല്, ജൂഡി ബ്രാഡി എന്ന എഴുത്തുകാരി എഴുതിയ 'എന്തുകൊണ്ട് എനിക്കൊരു ഭാര്യയെ വേണം' എന്ന ലേഖനത്തിന്റെ പരിഭാഷ (പ്രിയ എ.എസ്) ഗൃഹലക്ഷ്മിയില് പ്രസിദ്ധീകരിച്ചതു എടുത്തെഴുതിയിരിക്കുന്നു.. പുരുഷന് ഭാര്യ കൂടിയെ കഴിയൂ. പിന്നെ കുഞ്ഞുങ്ങള് വേണം. വീടിന്റെ ചുമതല, കുഞ്ഞുങ്ങളുടെയും, മറ്റന്ഗങ്ങള് ഉണ്ടെങ്കില് അവരുടെ ഉത്തരവാദിത്വം, കുടുംബകാര്യങ്ങള് എല്ലാം പരാതിയില്ലാതെ ഭംഗിയായി നടന്നു പോകണം. ഭര്ത്താവിന്റെ ശാരീരികവും ,മാനസികവുമായ എല്ലാ പ്രശ്നങ്ങളും തീര്ത്തു പൂര്ണ സംതൃപ്തനാക്കണം. ഇല്ലെങ്കില് അവളെക്കാള് മിടുക്കിയെ കണ്ടെത്തിയാല് കുഞ്ഞുങ്ങളുമായി ഭാര്യ പടിയിറങ്ങണം. ഇനി ജോലിയ്ക്ക് പോകുന്ന സ്ത്രീയാണെങ്കില് ഇവളെന്തിനു ജോലിയ്ക്ക് പോകുന്നു എന്നാവും.
കുടിയ്ക്കാൻ കാശ് കൊടുക്കാഞ്ഞാൽ ഗര്ഭിണിയുടെ വയറ്റിൽത്തന്നെ തൊ ഴിക്കാന് മടിക്കാത്ത ദുഷ്ടനായ ഭര്ത്താവ്, പിഞ്ചു കുഞ്ഞുങ്ങളെ ബലാല്സംഗം ചെയ്തു റയില് പാളത്തില് ഇടുന്ന കശ്മലന്മാര് ..ഇവരെകൊണ്ട് നിറഞ്ഞൂ,നമ്മുടെ നാട്.
ഇന്നത്തെ പത്രത്തില് സുഗതകുമാരി ടീച്ചര് എഴുതിയത് വായിക്കുക..നമ്മുടെ പ്രിയപ്പെട്ട രാഷ്ട്രപിതാവിന്റെ പ്രിയപ്പെട്ട 3 വാനരരെ പോലെ അനങ്ങാതിരിക്കുക. ആയിരമായിരം അമ്മമാരുടെ, സഹോദരിമാരുടെ, പ്രതിഷേധങ്ങളും നിലവിളികളും പിഞ്ചുകുഞ്ഞുങ്ങളുടെ രോദനവും കേള്ക്കാതിരിക്കാന് 2 ചെവിയും പൊത്തിപ്പിടിച്ചിരിക്കുക, റോഡപകടങ്ങള്, കാല്ക്കീഴിലെ ചോരപ്പാടുകള് ഇവ കാണരുത്. ദൂരെ ഒരു കുഞ്ഞു ചെരുപ്പ് വീണു കിടക്കുന്നു. 2 കണ്ണുകളും ഇറുക്കെ അടയ്ക്കുക.പ്രതിഷേധവും, മുറവിളിയും വേണ്ടാ, മിണ്ടാതിരിക്കുക..2 കൈകള്കൊണ്ടും വായ അമര്ത്തിപ്പിടിച്ചിരിക്കുക.....
രാഷ്ട്രീയക്കാരുടെ പുച്ഛച്ചിരി കാണേണ്ട, ബാറുകള് ഇപ്പോള് പൂട്ടുമെന്ന ഭരണാധികാരികള്ടെ പ്രഖ്യാപനങ്ങള് കേള്ക്കേണ്ട. കുടുംബ കോടതികളിലും,അദാലത്തുകളിലും നിരനില്ക്കുന്ന സ്ത്രീകളുടെ മുഖങ്ങളിലെ തകര്ച്ചയും, ഭയവും കാണരുത്, അവരുടെ പരാതിക്കടലാസുകള് വാങ്ങി വായിക്കരുത്, മദ്യപിച്ച് ഉന്മത്തരായ രക്ഷിതാക്കളുടെ ചവിട്ടടിയില് ചതഞ്ഞമരുന്ന കുഞ്ഞുപൂക്കളെ നിങ്ങള് തീര്ച്ചയായും കാണരുത്, അവരുടെ പേടിച്ചരണ്ട കരച്ചില് കേള്ക്കരുത്‌, അദ്ധ്യാപികയാണെങ്കില് വിദ്യാര്ത്ഥികളുടെ ബാഗുകള്, മൊബൈല് ഇവ പരിശോധിയക്കരുത്, പത്രങ്ങള് നിരത്തുന്ന അഴിമതിക്കഥകള് വായിക്കേണ്ടാ.......അങ്ങിനെ നിരവധി കാര്യങ്ങള്.....
"അതിനാല്, പ്രിയ സഹോദരങ്ങളേ, ആ 3 കുരങ്ങന്മാരാകട്ടെ നിങ്ങളുടെ ഇഷ്ടദേവന്മാര്."


No comments:

Post a Comment