Friday, 29 August 2025

യാത്ര --ആന്ടമന്‍ ദ്വീപുകളിലൂടെ f

അമ്മിണീ........

ഇതും (കുറിപ്പുകള്‍)   നിനക്കുതന്നെ .....കാരണം ആന്ടമാനില്‍ വെച്ചുതന്നെ  നീ ദിവസോം മുത്തശ്ശന്‍ അറിയാതെ ലാപ്ടോപ് എടുത്ത് അമ്മക്ക് അന്നന്നത്തെ യാത്രയെ പറ്റി നിന്റെതായ ശൈലിയില്‍ വിവരിച്ചിരുന്നത് ഞാന്‍ മറഞ്ഞു നിന്ന് കേട്ടിട്ടുണ്ട്. അസ്സല് വിവരണം. നീ അതൊക്കെ മറന്നുകാണും. ഓര്‍മ്മയുണ്ടെങ്കില്‍ ഒന്നുകൂടി   ഓര്‍മ്മ പുതുക്കാലോ........ (ആ ഓഡിയോകള്‍ save  ചെയ്യേണ്ടതായിരുന്നു.......കഷ്ടായി.....).

ഭാരത ഉപഭൂഖണ്ഡത്തിന്റെ ഭൂപടം എടുത്തു നോക്കിയാല് കിഴക്ക് ബംഗാള്‍ ഉള്‍ക്കടലില്‍ വടക്ക് തെക്കായി നീളത്തില്‍ ഒരു ചങ്ങലയുടെ കണ്ണികള് പൊട്ടി താഴേയ്ക്ക് ഉതിര്ന്നു വീണു കിടക്കുന്നപോലെ ഭൂഭാഗം കടലില്‍ പൊന്തിക്കിടക്കുന്നത് കാണാം. ഏകദേശം 700കി.മീ.ദൂരം നീണ്ടു കിടക്കുന്ന ഈ ദീപസമൂഹങ്ങളാണ് ആന്തമാനന്‍ നിക്കോബാര് എന്നപേരില്‍ അറിയപ്പെടുന്നത്.
ഭാരതത്തിനു, അല്ലെങ്കില്‍ ലോകത്തിനുതന്നെ പ്രകൃതിയുടെ വരദാനമായിക്കിട്ടിയ ഈ മനോഹരമായ ദ്വീപസമൂഹങ്ങളെക്കുറിച്ചു നീണ്ട വിദ്യാഭ്യാസകാലത്ത് ആകെക്കൂടി ഒന്നോ രണ്ടോ വാചകമേ പഠിച്ചതായി ഓര്മ്മയുള്ളൂ. (എന്താണിതിന്റെ കാരണം എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. 9-ആം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ സാമൂഹ്യപാഠം എടുത്തിരുന്ന ബാലന്‍ മാഷ്‌ സമകാലീക പ്രസക്തിയുള്ള ലളിതമായ ചോദ്യങ്ങള്‍ ചോദിക്കും. ഒരു ഹൈസ്കൂള്‍ വിദ്യാര്‍ത്ഥി നിശ്ചയമായും അറിഞ്ഞിരിക്കേണ്ട ഉത്തരം. അത് പറയാന്‍ സാധിച്ചിട്ടില്ലെങ്കില്‍ ദേഷ്യത്തില്‍ പറയും—'ഇവരെയൊക്കെ ആന്തമാനിലേക്ക് നാടുകടത്തേണ്ടതാണ് 'എന്ന്. അന്ന് അതിന്റെ അര്‍ത്ഥം മനസ്സിലായിരുന്നില്ല  ആന്ടമാനിലെ സെല്ലുലാര്‍ ജയില്‍ കാണുകയും  അതില്‍ക്കിടന്ന് ശാരീരികവും മാനസികവുമായി അതിക്രൂരമായി പീഡിപ്പിക്കപ്പെട്ട് വിധിക്ക് കീഴടങ്ങിയ ധീര ദേശാഭിമാനികളായിരുന്ന സ്വാതന്ത്ര്യ സമരപ്പോരാളികളുടെ ദുരന്ത ജീവിതത്തെക്കുറിച്ച് അറിയുകയും ചെയ്തപ്പോളാണ് നാടുകടത്തെപ്പെട്ടവരുടെ കണ്ണീരും ഉപ്പും കലര്‍ന്നതാണ് ഈ ദ്വീപിലെ മണ്ണ് എന്നറിയുന്നത്. ദേശസ്നേഹമുള്ള ഓരോ ഭാരതീയനും ജീവിതത്തില്‍ ഒരിക്കലെങ്കിലും സന്ദര്‍ശിക്കേണ്ടതാണ് ഈ ദീപസമൂഹങ്ങള്‍.)
യൂണിയന്‍ ടെറിടറി പ്രദേശമായ ഈ ദ്വീപുകളുടെ ആസ്ഥാനം പോര്ട്ബ്ലൈര്‍ ആണ്.. ആകെയുള്ള 572 ദ്വീപുകളില് 38 എണ്ണത്തിലെ ജനവാസമുള്ളൂ. ഈ ദ്വീപുകളില്‍ ഉഷ്ണ മേഖല പ്രദേശങ്ങളിലെ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത് എന്ന് പറയാം. വേനലില്‍ അത്യുഷ്ണമോ, തണുപ്പുകാലത്ത് കഠിനമായ തണുപ്പോ ഇവിടെ അനുഭവപ്പെടുന്നില്ല. ആന്തമാനെയും നിക്കോബാറിനെയും '10 ഡിഗ്രി ചാനല്‍' എന്ന ആഴക്കടല്‍ വേര്‍ തിരിയ്ക്കുന്നു. ഈ രണ്ട് ദ്വീപുകളിലെയും ജനജീവിതവും കാലാവസ്ഥയുമെല്ലാം വ്യത്യസ്തം തന്നെ.

ഈ ദ്വീപുകളുടെ താഴെയായി ഇന്തോനേഷ്യ സ്ഥിതിചെയ്യുന്നു. മ്യാന്മാറും, തായ്ലന്ടും അയല്‍ രാജ്യങ്ങള്‍ തന്നെ. തെക്കേ അറ്റം കന്യാകുമാരി മുനമ്പിനും താഴെയാണ്. ഇത് 'ഇന്ദിര പൊയന്റ്റ്' എന്ന പേരില്‍ അറിയപ്പെടുന്നു.

സമ്പുഷ്ടമായ വനങ്ങള്‍, കണ്ടല്‍ക്കാടുകള്‍, അത്യപൂര്വങ്ങളായ കടല്‍ ജീവികള്‍, സമ്പന്നമായ, അതിമനോഹരങ്ങളായ പവിഴപ്പുറ്റുകള്‍, ലോകത്തിലേക്കുവെച്ചുതന്നെ അപൂര്വമായ ജനജന്തുസസ്യങ്ങളാല്‍ വ്യത്യസ്തതയാര്ന്ന പ്രദേശം, കണ്ണിനു വശ്യമാര്ന്ന ദൃശ്യവിരുന്നൊരുക്കുന്ന നീലപ്പച്ച നിറം വീശുന്ന കടല്‍, വെണ്മണല്‍ മിന്നിത്തിളങ്ങുന്ന മനോഹരങ്ങളായ ബീച്ചുകള്‍, നീലക്കടലിന്നു പുറത്തും, അകത്തും വിസ്മയം തീര്‍ക്കുന്ന സുന്ദരമായ ഭൂവിഭാഗം!! .

3൦,000 മുതല്‍ 6൦,000 വര്ഷത്തോളം പഴക്കമുള്ള സംസ്ക്കാരമാണ് ഈ ദ്വീപുകളില്‍ നിലനില്‍ക്കുന്നതെന്ന് ശാസ്ത്രജ്ഞന്മാര് കണക്കായിട്ടുണ്ട്. ഇന്ന്, മാതൃരാജ്യത്തിന്റെ ഇടപെടലുകള്‍ കൊണ്ട് പലേ ജീവജാലങ്ങള്‍ക്കും വംശനാശ ഭീഷണിയുണ്ടെങ്കിലും കോടാനുകോടി വര്ഷം പഴക്കമുള്ള നിരവധി ജന്തുജീവജാലവര്ഗ്ഗങ്ങള്‍ അതേപടി ഈ ദ്വീപിന്റെ വിവിധ ഭാഗങ്ങളിള്‍ നിലനിന്നു പോരുന്നുണ്ട്.

സഹസ്രാബ്ദത്തിനു മുന്പേ തന്നെ പുറം ലോകത്തിനു ഈ ദ്വീപുകളെപ്പറ്റി അറിവുണ്ടായിരുന്നു. അറബികളും, മലയക്കാരും കച്ചവട സംബന്ധമായി യാത്രചെയ്തിരുന്ന കപ്പലുകള്‍ ഭക്ഷണത്തിനും വെള്ളത്തിനുമായി ഈ ദ്വീപുകളില്‍ നങ്കൂരമിട്ടിരുന്നുവത്രേ. മാര്ക്കോപോളോയുടെയും മറ്റു സഞ്ചാരികളുടെയും യാത്രാ വിവരണത്തില്‍ ഇവിടെയുള്ളവരെ പറ്റി പരാമര്ശിച്ചിട്ടുണ്ട്. നിക്കൊബാറിനെ പറ്റി 'നഗ്ന മനുഷ്യരുടെ നാട്' അല്ലെങ്കില്‍ 'മനുഷ്യനെ പച്ചക്ക് തിന്നുന്നവരുടെ നാട്' എന്നാണ് പരിചയപ്പെടുത്തിയിട്ടുള്ളത്..


18 -ആം നൂറ്റാണ്ടിൽ ഓസ്ട്രിയയും ഡെന്മാർക്കും ഈ ദ്വീപുകളുടെ ചിലഭാഗങ്ങൾ സ്വന്തമാക്കി തങ്ങളുടെ കോളനിയായി മാറ്റി. ദ്വീപിൽ മലേറിയ പടർന്ന്‌ പിടിച്ചപ്പോൾ അധിനിവേശക്കാർ ഈ ദ്വീപുകള്‍ വിട്ടുപോയി. പിന്നീട് 1869-ഓടെ ഈ ദ്വീപുകള്‍ പൂര്‍ണ്ണമായും ബ്രിട്ടീഷ്‌ കാരുടെ കീഴിലായി. അമ്പും വില്ലും മാത്രം ഉപയോഗിച്ച് ജീവിച്ചുപോന്ന ഗോത്രവര്‍ഗ്ഗക്കാര്‍ പീരങ്കിയുടെ നിരന്തരമായ ശബ്ദത്തില്‍ ഭയന്ന് ഉള്‍ക്കാടുകളിലേക്ക് വലിഞ്ഞു. പലര്രുടെയും ജീവനും നഷ്ടപ്പെട്ടു.........

ബംഗാള്‍ ഉള്‍ക്കടലില്‍ തങ്ങള്‍ക്ക് ആധിപത്യം ഉറപ്പിക്കാന്‍ ആന്‍ടമന്‍ --നിക്കോബാര്‍ ദ്വീപുകള്‍ തങ്ങളുടെ നിയന്ത്രണത്തിലാക്കേണ്ടതിന്റെ ആവശ്യം ബ്രിടിഷുകാര്‍ക്ക് പൂര്‍ണ്ണ ബോദ്ധ്യമുണ്ടായിരുന്നു. നേരത്തെ മലേറിയ തുടങ്ങിയ .അസുഖം ബാധിച്ച് നിരവധിപേര്‍ മരിച്ചു. ഉത്തര ആന്ടമാന്‍ താമസത്തിന്  യോജിച്ച സ്ഥാനമല്ലെന്ന് മനസ്സിലാക്കി. പിന്നീട്, നിര്‍ത്തിവെച്ച കുടിയേറ്റം വീണ്ടും ആരംഭിച്ചു. ആദ്യമാദ്യം ദ്വീപില്‍ പണിയെടുക്കാനായി ഭാരതത്തില്‍ നിന്നും ആളുകളെ  കൊണ്ടുപോയി. കാടുകൾ വെട്ടിത്തെളിച്ച് നല്ല വളക്കൂറുള്ള മണ്ണില്‍ ചായ റബ്ബർ,തെങ്ങ്പുളിനാരകം തുടങ്ങിയവ വെച്ചുപിടിപ്പിച്ചു.  ബോട്ടുകള്‍ വഴി   ദ്വീപുകള്‍ തമ്മില്‍ ബന്ധപ്പെടുത്തി. പോര്‍ട്ട്‌ ബ്ലൈറില്‍ തുറമുഖവും നിർമ്മിച്ചു.

 പിന്നീട് ദേശദ്രോഹികളെന്നും അപകടകാരികളെന്നും മുദ്ര കുത്തിയ സ്വാതന്ത്ര്യ സമരത്തടവുകാരെ മാതൃരാജ്യത്തിലേക്ക് ഒരിക്കലും തിരിച്ചു വരാതിരിക്കാനായി ആന്ഡമാന്‍ ദ്വീപുകളിലേക്ക് നാടുകടത്താമെന്നവര്‍ തീരുമാനിച്ചു. അങ്ങിനെ 18 മുതല്‍ 40 വയസ്സിനിടയിലുള്ള ബുദ്ധിജീവികളെ, പ്രസംഗങ്ങള്‍ കൊണ്ടും കവിതകള്‍ കൊണ്ടും, സ്വാതന്ത്ര്യ ബോധം ജനങ്ങളില്‍ എത്തിക്കാന് ശ്രമിച്ചവരെ, മതപണ്ഡിതര്, രാജ്യപ്രമുഖര് അഥവാ നാടുവാഴികള്‍, ജന്മികള്‍ തുടങ്ങി ജനങ്ങളില്‍ സ്വാധീനം ചെലുത്താന്‍ കെല്പുള്ളവരെ ശാരീരികമായും മാനസികമായും തളര്ത്താനായി അപകടകാരികളെന്ന മുദ്രകുത്തി കൈകാലുകള്‍ ചങ്ങലകൊണ്ട് ബന്ധിച്ച് ഒരിറക്ക് ശുദ്ധജലം കൂടെ ലഭിയ്ക്കാത്ത അന്തമില്ലാത്ത ഈ ദ്വീപുകളില്‍ കൊണ്ടിറക്കി വിട്ടു. ദ്വീപിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളെല്ലാം പിന്നീട് ഈ തടവുകാരെക്കൊണ്ടാണ് ചെയ്യിച്ചിരുന്നത്. മാതൃരാജ്യത്തിലേക്ക് ഒരിക്കലും തിരിച്ചു വരാതിരിക്കാനായി ഈ ദ്വീപുകളെ മാറ്റിഎടുക്കുകയും ചെയ്തു.                                    .                                                      

1858 ലാണ് ആദ്യത്തെ തടവുകാരെ അവിടെ എത്തിച്ചത്. 1906 ഓടെ 'സെല്ലുലാര് ജയില്‍' എന്ന് കുപ്രസിദ്ധിയാര്ജ്ജിച്ച 600ലധികം തടവുമുറികളുള്ള ജയിലിന്റെ നിര്മ്മാണം പൂര്ത്തിയാക്കി. ഭാരതം സ്വതന്ത്രമായതോടെ ആന്ടമാന്‍ ദ്വീപുകള്‍ക്കും .
 മോക്ഷമായി. ഈ കാലഘട്ടത്തിലെ ഭീകര സംഭവങ്ങള്‍ ചരിത്രത്തിലെ താളുകളില്‍ ഒന്നൊഴിയാതെ രേഖപ്പെടുത്തിയിട്ടുണ്ട്.

ഈ ദ്വീപുകള്‍ ഭാരതത്തിന്‌ മാത്രമല്ലലോകത്തിന് കൂടി പ്രകൃതി നല്കിീയ വരദാനമാണെന്ന് പറയാം. സമ്പുഷ്ടമായ വനങ്ങള്‍, കണ്ടൽക്കാടുകള്‍, അത്യപൂര്വ്ങ്ങളായ കടല്‍ ജീവികള്‍, ലോകത്തിലെക്കുവെച്ചുതന്നെ അപൂർവമായ ജനജന്തുസസ്യങ്ങളാല്‍ വ്യത്യസ്തതയാര്ന്ന പ്രദേശംവശ്യമാര്ന്ന ദൃശ്യവിരുന്നൊരുക്കുന്ന നീലപച്ച നിറമാര്‍ന്ന കടല്‍, വെണ്മണല്‍ മിന്നിത്തിളങ്ങുന്ന മനോഹരങ്ങളായ ബീച്ചുകൾനീലക്കടലിന്നകത്ത് വിസ്മയം തീര്ക്കുന്ന സുന്ദരമായ പവിഴപ്പുറ്റുകളും, അപൂര്‍വ മത്സ്യങ്ങളും, പ്രകൃതിദത്തമായ തുറമുഖങ്ങളാലും ഈ ഭൂവിഭാഗം അനുഗ്രഹീതമാണ്. പ്രകൃത്യാ ഉയര്ച്ചതാഴ്ചകളുള്ള ഈ ഭൂപ്രദേശത്ത്‌ വേലിയേറ്റങ്ങളും വേലിയിറക്കങ്ങളും തീര്ക്കുന്ന വെള്ളക്കെട്ടുകള്‍ ഇടനാഴികകളായി രൂപാന്തരപ്പെടുന്ന ദൃശ്യവും വിസ്മയിപ്പിക്കുന്നതാണ്. 

നിത്യഹരിത വനങ്ങളില്‍ കാണപ്പെടുന്ന 'വുഡ് പീജിയന്‍' ആണ് ആന്‍ഡമാനിലെ  ദേശീയ പക്ഷി. സസ്യഭുക്കായ കടല്‍പ്പശു എന്നറിയപ്പെടുന്ന 'സുഗോന്ഗ്' ആണ് ദേശീയ മൃഗം. രണ്ടും വംശനാശ ഭീഷണി നേരിടുന്നുണ്ട്. ലോകത്തില്‍ വെച്ചുതന്നെ ഏറ്റവും വലുപ്പമുള്ളതും മനോഹരങ്ങളുമായ പൂമ്പാറ്റകള്‍ ഈ ദ്വീപില്‍ ഉണ്ട്. 225 ഓളം തരത്തിലുള്ള ചിത്രശലഭങ്ങള്‍ ഇവിടെ ഉണ്ടെന്ന് കണക്കാക്കിയിട്ടുണ്ട്. നിരവധി പക്ഷികള്‍ക്ക് വംശനാശം സംഭവിച്ചിട്ടുണ്ട്. ഏറ്റവും വിലപ്പിടിച്ച വ്യാവസായിക വൃക്ഷമായ  'പഡോക്' ആണ് ദേശീയ വൃക്ഷം. 

  ട്രെക്കിംഗ്, പക്ഷി നിരീക്ഷണം, സ്കുബ ഡൈവിംഗ്, സ്നോര്‍ക്ലിംഗ്, ജലക്രീഡ തുടങ്ങിയ വിനോദങ്ങള്‍ക്ക് സൌകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പഞ്ചാരമണല്‍ ബീച്ചുകളില്‍ എത്ര ദൂരം വേണമെങ്കിലും നടക്കാം. ഉള്ളിലേക്ക് കടന്നാല്‍ ഗ്രാമങ്ങളിലെ ജീവിതം കൃഷി എല്ലാം കണ്ടു ആസ്വദിക്കാം

cഇന്ന് ലോകമാകെ അറിയപ്പെടുന്ന ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് ആന്ടമാന്‍ നിക്കോബാര്‍ ദ്വീപുകള്‍. 365 ദിവസവും ഇവിടേക്ക്  സഞ്ചാരികള്‍ എത്തുന്നുണ്ട്. ഇവര്‍ക്ക് വേണ്ട താമസ  സൌകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ടൂറിസപ്രാധാന്യമുള്ള ദ്വീപുകളിലേക്ക് ഫെറി ടികെറ്റ്‌കള്‍ ഫിനിക്സ് പോര്ക്‍ട്ട്‌ ബ്ലെര്‍ എന്നീ ജെട്ടികളില്‍ നിന്നും 3 ദിവസം മുന്നേ ബുക്ക് ചെയ്യാം. ഹവ്ലോക്, നീല്‍, രംഗട്, ദിഗ്ലിപുര്‍, ഹട്ട്ബെ എന്നീ ദ്വീപുകളില്‍ താമസവും. പോര്‍ട്ബ്ലൈര്‍ ന്‍റെ അടുത്തുള്ള കോര്ബിന്‍കോവ് ബീച്ചിലേക്ക് പോകാന്‍ ടിക്കറ്റ്  എടുക്കേണ്ടതില്ല. എത്ര നേരം വേണമെങ്കില്‍ കടലില്‍ കിടക്കാം. ട്രെക്കിംഗ്, പക്ഷി നിരീക്ഷണം, സ്കുബ ഡൈവിംഗ്, സ്നോര്‍ക്ലിംഗ്, ജലക്രീഡ തുടങ്ങിയ വിനോദങ്ങള്‍ക്ക് സൌകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പഞ്ചാരമണല്‍ ബീച്ചുകളില്‍ എത്ര ദൂരം വേണമെങ്കിലും നടക്കാം. ഉള്ളിലേക്ക് കടന്നാല്‍ ഗ്രാമങ്ങളിലെ ജീവിതം കൃഷി എല്ലാം കണ്ടു ആസ്വദിക്കാം. 

സമൃദ്ധവും വൈവിദ്ധ്യപൂര്‍ണ്ണവുമായ  വനസമ്പത്തുപോലെത്തന്നെയാണ് ദ്വീപിലെ സമുദ്ര സമ്പത്തും. ലോകത്തിലെ മറ്റു സ്ഥലങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇവിടത്തെ കടലിലെ ഉപ്പിന്റെ അംശം, പ്രകാശം, ചൂട്, വായു സമ്മര്‍ദ്ദം ---എല്ലാം ആയിരക്കണക്കിന് വര്‍ഷങ്ങളായി മാറ്റമില്ലാതെ തുടരുന്നത് കാരണം പരിണാമത്തിനു വിധേയമാകാതെ പലേ ജീവികളും ഒട്ടൊക്കെ അന്നത്തെപ്പോലെത്തന്നെ ഇപ്പോഴും ജീവിച്ചുപോരുന്നു. ആയിരക്കണക്കിന് വിവിധ  തരത്തില്‍പ്പെട്ട മസ്യങ്ങള്‍ കടലില്‍ ഉണ്ട്. ലോകത്തിലേക്ക് വെച്ച് ഏറ്റവും വലിയ പവിഴപ്പുറ്റുകള്‍ ആന്തമാനില്‍ ആണെന്ന് പറയാം. വിവിധ നിറത്തിലും വലുപ്പത്തിലുമുള്ള കവടികളും ശംഖുകളും മറ്റൊരു സമുദ്ര സമ്പത്താണ്‌. ഒരു കാലത്ത് കവടികള്‍ രൂപയുടെ സ്ഥാനത്ത് ഉപയോഗിച്ചിരുന്നുവത്രേ.

ദ്വീപുകളുടെ ആസ്ഥാനമായ പോര്ട്ബ്ലൈറും മാതൃരാജ്യവുമായി കടൽമാർഗ്ഗമായും   ആകാശമാര്‍ഗ്ഗമായും ന്ധപ്പെടുത്തിയിട്ടുണ്ട്. ആകെയുള്ള 572 ദ്വീപുകളില്‍  38 എണ്ണത്തിലേ ജനവാസമുള്ളു. അന്റമാനെയും നിക്കോബാറിനെയും '10 ഡിഗ്രി ചാനല്‍' എന്ന ആഴക്കടല്‍ വേര്തിരിയ്ക്കുന്നു. ഈ ഭാഗത്ത് സമുദ്രത്തിന് 142 കി,മീ നീളവും 400 ഓളം അടി താഴ്ചയും ഉണ്ടത്രേ. ഈ രണ്ട്  ദ്വീപുകളിലെയും ജനജീവിതവും കാലാവസ്ഥയുമെല്ലാം വ്യത്യസ്തമാണ്. ആന്ടമാനില്‍ ഉഷ്ണമേഖല പ്രദേശങ്ങളിലെ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. വേനലില്‍ അത്യുഷ്ണമോതണുപ്പുകാലത്ത് കഠിനമായ തണുപ്പോ ഇവിടെ അനുഭവപ്പെടുന്നില്ല.

 പ്രധാനപ്പെട്ട ദ്വീപുകൾ നോർത്ത് അൻഡമാൻമിഡ്ഡിൽ അൻഡമാൻസൗത്ത് അൻഡമാൻ അഥവാ ദി ഗ്രേറ്റ് അൻഡമാൻലിറ്റിൽ അൻഡമാൻറിച്ചീ ദീപസമൂഹങ്ങൾദി ഗ്രേറ്റ് നിക്കോബാർകാർ നിക്കോബാർനാര്കോണ്ടം തുടങ്ങിയവയാണ്. പോർട്ട് ബ്ലൈറുമായി എല്ലാ ദ്വീപുകളും ബന്ധപ്പെടുത്തിയിട്ടുണ്ട്. സാധാരണക്കാര്‍ക്ക് ദ്വീപിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണങ്ങള്‍ ഉണ്ട്. 

റോസ്, നര്‍ക്കൊണ്ടം, വൈപര്‍  തുടങ്ങിയ എട്ടോളം ദ്വീപുകളില്‍ പകല്‍ സമയത്ത് പോയിവരാം. .അമ്ബര്‍ദീന്‍ ജെട്ടിയില്‍. നിന്നും അതിരാവിലെ ടൂറിസ്റ്റ്കളെയും കൊണ്ട് ഈ  ദ്വീപുകളിലേക്ക് യാത്ര തുടങ്ങും. ദ്വീപുവാസികളുടെ ആവാസകേന്ദ്രമൊഴിച്ച് മറ്റു ദ്വീപ് കളില്‍ രാത്രി  താമസിക്കാം. വിദേശികളായ സഞ്ചാരികള്‍ക്ക്  താമസത്തിന് ചില നിബന്ധനകള്‍ ഉണ്ട്.

അതിരാവിലെ ചെന്നൈയില്‍ നിന്നും പറന്നുയര്‍ന്ന് പോര്‍ട്ബ്ലൈരില്‍ ഇറങ്ങുമ്പോള്‍ സൂര്യോദയം കഴിഞ്ഞിരുന്നു. സ്വപ്നഭൂമിയായ ആന്ടമാന്‍ ദ്വീപുകളില്‍ താഴ്ന്നിറങ്ങിയത്  മറക്കാത്ത അനുഭവം തന്നെ. കാത്തുനിന്നിരുന്ന മകന്റെ കൂട ഹഡ്ഡോവിലുള്ള വീട്ടിലേക്ക് യാത്രയായി. കേട്ടറിവ് മാത്രമുള്ള ആന്ടമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ ഇതാ എത്തിച്ചേര്‍ന്നിരിക്കുന്നു എന്ന് ഓരോ നിമിഷവും സ്വയം പറഞ്ഞ് ബോദ്ധ്യപ്പെടുത്തിക്കൊണ്ടിരുന്നു. താമസിക്കുന്ന വീട് തന്നെ പുതുമയുള്ളതായിരുന്നു. ദ്വീപുകാരുടെ പരമ്പരാഗത രീതിയില്‍ അഥവാ പ്രകൃതിയോട് ഇണങ്ങുന്ന പഴയ വീട്. മണ്ണോ കോണ്‍ക്രീറ്റോ തൊടാത്ത പൂര്‍ണ്ണമായും മരം കൊണ്ട് തീര്‍ത്ത വീട്. നിലവും ചുമരും ഭൂമിയില്‍ നിന്നും മൂന്നടിയോളം ഉയരമുള്ള മരത്തടികള്‍ക്ക് മുകളില്‍ തീര്‍ത്ത പ്ലാറ്റ് ഫോമിലാണ് പണിതിരിക്കുന്നത്. നല്ല ഉറപ്പുള്ള മരങ്ങളാണ് നിലത്ത് പാവിയിരിക്കുന്നത്. ചുമരും നല്ല ഉറപ്പുള്ളത് തന്നെ. വീടിന്‍റെ ഉമ്മറത്ത് നിന്നാല്‍ കുറച്ചകലെ പരന്നു ശാന്തമായി കിടക്കുന്ന കടല്‍. പുതിയ അനുഭവം. 

ല്ല  പോര്‍ട് ബ്ലൈറില്‍ വന്നിറങ്ങുന്ന ഒരു സഞ്ചാരിക്ക് ആൻഡമാനിൽ ആദ്യം സന്ദര്‍ശിക്കേണ്ടത് ഏത് സ്ഥലം ആയിരിക്കണം എന്ന് രണ്ടാമത് ഒന്ന് ആലോചിക്കുക തന്നെ വേണ്ട. 'കാലാപാനിഎന്ന കുപ്രസിദ്ധിനേടിയ ഏകാന്ത തടവുമുറികളുള്ള സെല്ലുലാര്‍ ജയില്‍ തന്നെ. ഇന്നിത് 'ദേശീയ സ്മാരക' മായി അഥവാ ദേശസ്നേഹികളുടെ 'തീര്ത്ഥാടനകേന്ദ്ര' മായാണ് അറിയപ്പെടുന്നത്. 

ജയിലിലേക്ക് പ്രവേശിക്കും മുന്പ് ഈ ജയിലിന്‍റെ ചരിത്രം ഒന്ന് ചുരുക്കിപ്പറയട്ടെ. 

ബ്രിട്ടീഷ് ഭരണകാലത്തു ഭാരതത്തിലെ ജയിലുകളിൽ കിടന്നിരുന്ന തടവുകാരെ, സ്വാതന്ത്ര്യസമരസേനാനികളെ വളരെ ക്രൂരമായി മർദ്ദിച്ചിരുന്നു. പക്ഷെ, അതുകൊണ്ടൊന്നും മനോവീര്യം കെടാത്ത, മാനസികമായി തകരാത്ത, സമരാവേശം ആളിക്കത്തിയിരുന്ന നിരവധി തടവുകാർ അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. ബ്രിട്ടീഷ് ഭരണകൂടത്തിന് അവർ ഒരു തലവേദനയായിരുന്നു. അവരിൽ പലരും വിദ്വാന്മാരും, പണ്ഡിതരും, ജമീന്ദാർമാരും, മതപണ്ഡിതരും, രാജകുടുംബത്തിൽ പെട്ടവരും സമുദായത്തിൽ വ്യക്തിത്വം നിലനിർത്തിയിരുന്നവരായിരുന്നു. പത്രങ്ങൾ നടത്തുക, രാജ്യസ്നേഹം ഉദ്ബോധിപ്പിക്കുന്ന പ്രസംഗങ്ങള്‍, കവിതകൾ, ലേഖനങ്ങൾ എന്നീ ക്രിയാത്മകമായ പ്രവർത്തനങ്ങൾ നടത്തി സാധാരണക്കാരായ ജനങ്ങളിൽ ദേശസ്നേഹം വളർത്തി, ബ്രിട്ടീഷ് മേൽക്കോയ്മയ്ക്കെതിരെ പ്രതിരോധിക്കാനും പ്രവർത്തിക്കാനും പ്രേരിപ്പിച്ചതിനായിരുന്നൂ ഇവരെ തടവിൽ പാർപ്പിച്ചിരുന്നത്. മിക്കവരും 18 മുതല്‍ 40 വയസ്സ് പ്രായമുള്ളവരായിരുന്നു. ജനസ്വാധീനമുള്ള ഇവരെ ബ്രിടീഷുകാര്‍ ഭയപ്പെട്ടിരുന്നു. ഇത്തരം തടവുകാരെ മാനസികമായി പീഡിപ്പിച്ചു അവരുടെ ആത്മവീര്യം നശിപ്പിക്കുക എന്നതാണ് ബ്രിട്ടീഷ് നേതൃത്വം കണ്ടുപിടിച്ച ഒരു ശിക്ഷാവഴി. തങ്ങളുടെ അധീനതയിലുള്ള ആൻഡമാൻ ദ്വീപ സമൂഹങ്ങൾ ഇതിനു പറ്റിയ ഒരിടമാണെന്നു അവർ തീരുമാനിച്ചു. 'ആന്ഡമാനിലേക്കു നാടുകടത്തുക' എന്നാൽ, ഒരിക്കലും പിന്നീട് മാതൃരാജ്യത്തിലേക്കു തിരിച്ചു വരില്ല എന്നവർ കണക്കുകൂട്ടി..

അപകടകാരികളെന്ന മുദ്രകുത്തിയ തടവുകാരുടെ കഴുത്തില്‍ക്കൂടി തൂക്കിയിട്ടിരുന്ന ഇരുമ്പ് പട്ടയോടൊപ്പം മരത്തിന്റെ ഒരു പലകയില്‍ തടവ്പുള്ളിയുടെ പേരും മറ്റു വിവരങ്ങളും എഴുതിത്തൂക്കിയിരുന്നു. ഇത്  കൈകാലുകളിലെ ചങ്ങലയുമായി  ബന്ധിപ്പിച്ചിരുന്നു. ദിവസങ്ങളോളം പട്ടിണി കിടന്ന് അവശരായ ഇവരെ ഒരിറക്ക് ശുദ്ധജലം കൂടെ ലഭിക്കാത്ത   അന്തമില്ലാത്ത ഈ ദ്വീപുകളില്‍ കൊണ്ടിറക്കി വിട്ടു. ദ്വീപിലെ പ്രതികൂലമായ കാലാവസ്ഥ, പ്രിയപ്പെട്ടവരെയും മാതൃരാജ്യവും ഇനി ഒരിക്കലും കാണാനാവില്ലെന്ന ചിന്ത, കഠിനമായ ദേഹാദ്ധ്വാനം, ഏകാന്തവാസം ......ഇതെല്ലാം ആ ദേശസ്നേഹികളെ തീര്‍ത്തും തളര്‍ത്തി. ആന്ഡമാനിലേക്കു നാട് കടത്തുക എന്നാൽ പിന്നീടൊരിക്കലും സ്വദേശം കാണുകയില്ല എന്ന സത്യം ഏവർക്കും അറിയാമായിരുന്നു. 

.1858 ല്‍ ആദ്യത്തെ തടവുകാരെ (200 ഓളം പേരെ) വൈപ്പിന്‍ ദ്വീപ്, ചാത്തം ദ്വീപ് തുടങ്ങി കുടിക്കാന്‍ ശുദ്ധജലമോ, കഴിക്കാന്‍ ഭക്ഷണമോ തലചായ്ക്കാന്‍ ഒരു സൌകര്യവുമില്ലാത്ത കടല്‍ത്തീരങ്ങളില്‍ ഇറക്കിവിട്ടു. പിന്നീട് ദിവസം മുഴുവന്‍ അദ്ധ്വാനിക്കുകയും രാത്രിയില്‍ മരംകൊണ്ട് തീര്‍ത്ത ബാരക്കുകളിലും ടെന്റുകളിലും ഇവര്‍ക്ക് സമയം കഴിച്ചുകൂട്ടേണ്ടിയും വന്നു. പകല്‍ മുഴുവന്‍ ചങ്ങലകള്‍ അഴിച്ചുമാറ്റാതെ ആകാശം മുട്ടെ വളര്‍ന്നു നില്‍ക്കുന്ന മരങ്ങള്‍ വെട്ടി മുറിച്ച് കഷ്ണങ്ങളാക്കുക എന്ന ശ്രമകരമായ  ദൌത്യമായിരുന്നു ഇവര്‍ക്ക് നല്‍കിയത്. വീട് നിര്‍മ്മിക്കാനുള്ള സ്ഥലം വെട്ടി വെടുപ്പാക്കല്‍, റോഡുകള്‍ വെട്ടിയെടുക്കല്‍ തുടങ്ങി 9 മണിക്കൂറോളം വെയിലില്‍ നിന്ന് കഠിനമായ പണികള്‍. പലപ്പോഴും വനവാസികളുടെ ആക്രമണത്തിനും ഇവര്‍ ഇരയായി. മഴപെയ്ത് നനഞ്ഞാല്‍ ഉടുക്കാന്‍ വേറെ വസ്ത്രങ്ങള്‍ ഇല്ല. കൂടാതെ വിഷമയമായ കുടിവെള്ളം, കാറ്റ്, വിശപ്പിന് ഉണങ്ങിയ റൊട്ടി, പണി കൃത്യമായി ചെയ്തില്ലെങ്കില്‍ കഠിനമായ ശിക്ഷ, ചെയ്ത്‌ ശീലമില്ലാത്ത പണികള്‍, ഇതിനൊക്കെ പുറമേ പ്രതികൂലമായ കാലാവസ്ഥ. ഇതൊക്കെ ജമീന്ദാര്‍മാരും നവാബുമാരും, പണ്ഡിതന്മാരുമൊക്കെ  ആയിരുന്ന തടവുകാരുടെ ആരോഗ്യത്തിനെ കഠിനമായി ബാധിച്ചു. ബന്ധുക്കളുമായി എന്നെന്നേക്കുമായുള്ള വേര്പാടും അവരെ മാനസികമായി തളര്‍ത്തി അല്ലെങ്കില്‍ മൃത്യുവിലേക്ക് അടുപ്പിച്ചു. തടവ് ചാടാന്‍ ശ്രമിച്ച പലരെയും ബ്രിടിഷുകാര്‍ തൂക്കിക്കൊല്ലുകയോ വെടിവെച്ചു കൊല്ലുകയോ ചെയ്തു. ശവശരീരം കടല്‍ജീവികളുടെ ഭക്ഷണമാക്കി. അന്ടമന്‍ ദ്വീപില്‍ കൊണ്ടിടുക എന്നാല്‍ മരണത്തിലേക്കുള്ള കവാടം കടത്തിവിടുന്നതിന് തുല്യമായിരുന്നു.

 അംബര്‍ദീന്‍ ജട്ടയില്‍ നിന്ന് 67 അടി ഉയരത്തില്‍ 1896-ല്‍ കെട്ടിടനിര്‍മ്മാണം തുടങ്ങി. 1900-'01 ഓടെ 8.9 അടി വീതിയും 14.8 അടി നീളവും ഒന്പതെമുക്കാല്‍ അടി ഉയരത്തില്‍  വെന്റിലാറ്ററും ഉള്ള 400 മുറികളുടെ പണി കഴിഞ്ഞു.1906 ഓടെ 693 തടവുമുറികളുള്ള ജയിലിന്റെ നിര്മ്മാണം പൂര്ത്തിയായി. ഈ ജയിലിന് മൂന്ന് നിലകള്‍ ഉണ്ട്. എഴുഭുജങ്ങളും. കൂടാതെ 7 ഭുജങ്ങളുടെയും മുന്‍ഭാഗം കാണത്തക്ക വിധത്തില്‍ മദ്ധ്യഭാഗത്ത് ഒരു വാച്ച് ടവറും നിര്‍മ്മിച്ചിട്ടുണ്ട്. തടവുകാര്‍ക്ക് എതിര് ഭുജങ്ങളുടെ പിന്‍ഭാഗം മാത്രമേ കാണാന്‍ സാധിക്കുകയുള്ളൂ. ഒരു ചക്രത്തിന്റെ ആരക്കാലുകൾ പോലെയാണ് ഈ നീണ്ട ഭുജങ്ങൾ നിര്‍മ്മിച്ചിരിക്കുന്നത്. ബര്മയില്‍ നിന്നും മറ്റു ദ്വീപുകളില്‍ നിന്നും കൊണ്ടുവന്ന മണ്ണു കൊണ്ടാണ് കെട്ടിടത്തിനു വേണ്ട ഇഷ്ടികകള്‍ (ഏകദേശം 30 ലക്ഷത്തോളം ) തയാറാക്കിയത്. കെട്ടിടത്തിന് വേണ്ട ഇരുമ്പ്തൂണുകളും ഇവിടെ നിര്‍മ്മിച്ചിരുന്നുവത്രേ. 

ഒന്നാം ലോകമഹായുദ്ധത്തിനുശേഷം അന്ടമന്‍ ജപ്പാന്‍കാരുടെ അധീനതയില്‍ ആയി. ഇവര്‍ നിര്‍മ്മാണത്തിലുണ്ടായിരുന്ന കെട്ടിടത്തിന്റെ പലഭാഗങ്ങളും പൊളിച്ചു കളഞ്ഞു. യുദ്ധകാലത്തെ ബോംബ് സ്‌ഫോടനത്തില്‍ കെട്ടിടത്തിന്റെ പലഭാഗങ്ങളും നശിപ്പിക്കപ്പെട്ടു. ഇന്ന് മൂന്ന് ഭുജങ്ങള്‍ മാത്രമേ കെട്ടിടത്തിനുള്ളൂ.

ജയിൽ മ്യൂസിയം തിങ്കളാഴ്ചയൊഴികെ ബാക്കി ദിവസങ്ങളിൽ രാവിലെ 9 മുതൽ 12.30 വരെയും ഉച്ചയ്ക്ക് 1.30 മുതൽ 4.30 വരെയും സന്ദർശകർക്കായി തുറന്നിരിയ്ക്കും.

വൈകുന്നേരം 5 1/ 2 യ്ക്ക് നിത്യേന ദൃശ്യ മാധ്യമങ്ങളുടെ സഹായമില്ലാതെ ശബ്ദവും പ്രകാശവും ഉപയോഗപ്പെടുത്തി ജയിലിലെ ക്രൂരകൃത്യങ്ങൾ അനുഭവിച്ച് വീരമൃത്യു വരിച്ച ദേശാഭിമാനികളെ ഓര്‍ക്കാനും പ്രണാമങ്ങള്‍ അര്‍പ്പിക്കാനും ഒരവസരം കഥാകഥനത്തിലൂടെ ജയിൽ മുറ്റം നമുക്കായി ഒരുക്കിയിട്ടുണ്ടാകും. അതിന്നുള്ള ടിക്കറ്റും മുന്‍കൂട്ടി എടുക്കാവുന്നതാണ്.

ജയില്‍ കെട്ടിടത്തിലേക്ക് പ്രവേശിച്ചാല്‍ ഇരുവശങ്ങളിലും മുകൾ നിലകളിലും ഒരുക്കിയിട്ടുള്ള ചിത്രപ്രദർശനങ്ങളും ചരിത്ര രേഖകളും ജയിൽ നിർമ്മിതിയുടെ വിവരങ്ങൾ, ആന്ടമാന്റെ ചരിത്രം, സ്വാതന്ത്ര്യസമരസേനാനികളുടെ ചരിത്രം എന്നിവ നമുക്ക് വിസ്തരിച്ചു പറഞ്ഞു തരുന്നു.  സന്ദര്‍ശകര്‍ക്കായി ഒരുക്കിയ ആര്‍ട്ട്‌ ഗാലറി, മ്യുസിയം, ഫോട്ടോ പ്രദര്‍ശനം, ലൈബ്രറി എന്നിവ സവിസ്തരം കാണേണ്ടതാണ്.ഓരോ തടവുകാരുടെയും, നേതാക്കളുടെയും ഒട്ടൊക്കെ ജീവ ചരിത്രം വായിക്കാം. എന്താണ് സ്വാതന്ത്ര്യസമരമെന്നും അതിനായി പോരാടി ജീവന്‍ ബലിദാനം ചെയ്തവരെ അറിയുകയും അവരുടെ ത്യാഗവും ദേശസ്നേഹവും തിരിച്ചറിയുകയും ചെയ്യാം. സമയം നീങ്ങുന്നതോ, നമ്മള്‍ മറ്റൊരു ലോകത്തേക്ക് എത്തിച്ചേരുന്നതോ അറിയാതെ പോകുന്ന നിമിഷങ്ങള്‍. 

അവരിലൊരാളായി തിരിച്ചിറങ്ങി വരുന്നത്  കോട്ടപോലെ കിടക്കുന്ന ജയിലിന്‍റെ വിശാലമായ  നടുമുറ്റത്തെക്കാണ്. ചരിത്രം ഉറങ്ങുന്ന ആ ഭൂമിയില്‍ കാലെടുത്തു        വെക്കുമ്പോളേക്കും നെഞ്ചിടിപ്പ് കേൾക്കാം. നമ്മളറിയാതെ തടവുകാരുടെ അനുഭവങ്ങള്‍ നാം  ഏറ്റുവാങ്ങുന്നതായി അനുഭവപ്പെടുന്നു. ഭീതിതമായൊരു അന്തരീക്ഷം. ആരൊക്കെയോ അജ്ഞാതമായ കോണുകളിൽ നിന്ന് നമ്മളെ ശ്രദ്ധിയ്ക്കുന്നുണ്ടോ? തടവുമുറികളിൽ നിന്നും ദീനരോദനങ്ങൾ കേൾക്കുന്നുണ്ടോ? ചങ്ങലക്കിലുക്കങ്ങൾ കേൾക്കാനുണ്ടോ? സങ്കടമാണോ ഭയമാണോ തികട്ടി വരുന്നത് ? മൂന്നു നിലയുള്ള കെട്ടിടത്തിന്റെ നീണ്ട ഭുജങ്ങൾ കൈനീട്ടി സ്വാഗതം ചെയ്യുമ്പോൾ നമ്മൾ നമ്മളല്ലാതായിത്തീരുന്ന നിമിഷങ്ങൾ.

മുന്നിൽ തടവുകാരെ കെട്ടിയിട്ടു അടിച്ചിരുന്ന മുക്കാലി. തടവുകാരെക്കൊണ്ട് ചക്കാട്ടിച്ചിരുന്ന സ്ഥലം, അവർ ഉപയോഗിച്ചിരുന്ന ചാക്കു വസ്ത്രങ്ങൾ. വലതു ഭാഗത്തു തൂക്കുമരം .ഇതെല്ലാം കണ്ടു നീങ്ങുമ്പോൾ പറഞ്ഞറിയിക്കാനാവാത്ത മാനസികനിലയിൽ നമ്മൾ എത്തിപ്പെടുന്നു. ഒരു ജയില്‍പ്പുള്ളി ഒരു ദിവസം ഇത്ര എണ്ണ ആട്ടിക്കൊടുക്കണം എന്ന് നിയമമുണ്ട്. ഒരു തുള്ളി കുറഞ്ഞാല്‍ ചാട്ടവാര്‍  കൊണ്ട് കഠിന പ്രഹരമാണ്. പ്രദര്‍ശനത്തിന് വെച്ചിരിക്കുന്ന ജയില്‍ സൂപ്രണ്ടിന്റെ അധികാരക്കസേര നിര്‍വികാരതയോടെ നമ്മളെ ഉറ്റ് നോക്കുന്നുണ്ടോ?

ഒരുഭാഗത്ത് ഒരേ സമയം മൂന്നുപേരെ തൂക്കിക്കൊല്ലാവുന്ന കഴുമരം. ആചാരങ്ങളൊന്നും തെറ്റിക്കാതെ തന്നെയാണ് തൂക്കിലേറ്റുന്നത് ! ഉദ്യോഗസ്ഥ വൃന്ദത്തിന്റെയും ഡോക്ടരുടെയും സാന്നിദ്ധ്യത്തില്‍, ആരാച്ചാര്‍ കൊലക്കയര്‍ മുറുക്കും മുന്പ് അന്ത്യാഭിലാഷങ്ങള്‍ ചോദിച്ചറിയും. അവസാനശ്വാസം വരെ മാതൃഭൂമിക്കുവേണ്ടി ശബ്ദമുയര്‍ത്തിയവര്‍ ! താഴെ നിലവറയില്‍ നില്‍ക്കുന്ന ആള്‍ പലക വലിക്കുമ്പോള്‍ അലര്‍ച്ചയോടെ തട്ടുപലകകള്‍ മാറുമ്പോള്‍  ജീവന്‍ വിടപറയുന്ന, തൂങ്ങിയാടുന്ന മനുഷ്യര്‍ ! ഡോക്ടര്‍ മരിച്ചെന്നു വിധി എഴുതിയാല്‍ ആ നിലവറയില്‍ നിന്നും സമുദ്രത്തിലേക്ക് മൃതദേഹം നിമിഷങ്ങള്‍ക്കുള്ളില്‍ എത്തിച്ചേരും. ജലജീവികള്‍ക്ക് ആഹരമാകും. ഗൈഡ് ഇതെല്ലാം വിസ്തരിക്കുമ്പോള്‍ നടുങ്ങുന്ന മനസ്സും ശരീരവും. നിലവറയില്‍ നിന്നും മുകളിലേക്ക് കയറുമ്പോള്‍ കാലുകള്‍ക്ക് ഭാരം !

എല്ലാ ഭുജങ്ങളിലും ഉള്ള ഓരോ തടവുമുറികൾക്കു മുന്നിൽക്കൂടി നടന്നു നീങ്ങുമ്പോൾ, ഭയവും ഉള്ളിലെ വിങ്ങലും പുറത്തുവരാതെയിരിക്കാന്‍ ഏറെ പണിപ്പെട്ടുകൊണ്ട് അജ്ഞാതരായ ആ വീര ദേശാഭിമാനികൾ ഓരോരുത്തർക്കുമായി സ്മരണാഞ്ജലികൾ അർപ്പിച്ചു നീങ്ങാം. ഓരോ മുറിക്കു മുന്നിലും തടവുകാരന്റെ പേര്‍ എഴുതിവെച്ചിട്ടുണ്ട്. മേലാസകലം അണിയിച്ച ചങ്ങലകളുടെ ഭാരവും പേറി പകലന്തിയോളം കഠിനാദ്ധ്വാനം ചെയ്യുകയും പ്രാകൃതങ്ങളായ ശിക്ഷകൾ ഏറ്റുവാങ്ങുകയും ചെയ്ത ആ രക്തസാക്ഷികളുടെ വിയർപ്പും രക്തവും വീണുകുതിർന്ന ഈ ജയിൽമുറിയേക്കാൾ മഹത്വമേറിയ ഭൂമി ഭാരതീയന് വേറെ എവിടെയാണ് കാണാൻ കിട്ടുക ? സദാ കൈകാലുകള്‍ ബന്ധിച്ച നിലയില്‍ ജീവിച്ചു പോന്നവര്‍. തൂക്കില്‍ കയറ്റുമ്പോഴും ഉറക്കെ സ്വരാജ്യത്തിന് വേണ്ടി ജയ് വിളിച്ചവര്‍ ! മാതൃഭൂമിയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി ആയുധം കയ്യിലെടുക്കാതെ പൊരുതി എന്നതാണ് ഭീകര കുറ്റവാളികള്‍ എന്ന് മുദ്ര കുത്തിയ ആ തടവുകാരുടെ പേരിലുള്ള കുറ്റം. നിരാഹാര സത്യാഗ്രഹം കിടന്നാലും ക്രൂരമായ ശിക്ഷ ഏറ്റുവാങ്ങേണ്ടി വന്നവര്‍ ! ഓരോ ഏകാന്ത തടവുകാരനും എതിർഭുജത്തിലെ തടവുമുറികളുടെ പിൻഭാഗം കണ്ടുകൊണ്ട് എത്ര നേരം നെടുവീർപ്പുകളിട്ടു സമയം പോക്കിയിട്ടുണ്ടാകും !! വീര്‍ സവര്‍ക്കാര്‍ പത്തുവര്‍ഷം ഏകാന്ത തടവനുഭവിച്ച മുറിയില്‍ കൈകാലുകള്‍ ചങ്ങലകൊണ്ടു ബന്ധിച്ച അവസ്ഥയിലുള്ള ഫോട്ടോ വെച്ചിട്ടുണ്ട്. യാതൊരു തെറ്റും ചെയ്യാത്ത ആ മനുഷ്യരെ മൃഗങ്ങളെ ദ്രോഹിക്കുന്നതിലും ക്രൂരമായി ഉപദ്രവിച്ചിരുന്നു എന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ ഹൃദയം ഉരുകുകയാണ്. 

 തടവില്‍ക്കിടന്ന് വീരമൃത്യു വരിച്ചവരുറെ പേരും വിവരവും താഴത്തെ നിലയിലെ ഹാളില്‍   എഴുതി  വെച്ചിട്ടുണ്ട്. (തടവുകാരില്‍ കൂടുതലും ബംഗാളികള്‍ ആയിരുന്നു എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു)   

മൂന്ന് നിലയിലും കയറി നടന്ന് തടവുമുറികളും മറ്റും കണ്ടു വരുമ്പോളേക്കും മനസ്സിന്റെ കൂടെ ശരീരവും ദുര്ബ്ബലമാകുന്നത് മനസ്സിലാക്കാം. ഏറ്റവും മുകളിലെ തുറന്ന ടെറസ്സില്‍ നിന്നാല്‍ ചുറ്റുമുള്ള കടല്‍ ആകാശനീലിമയില്‍ അലിഞ്ഞ് ചേരുന്ന ഭംഗിയൊന്നും ആസ്വദിക്കാന്‍ പറ്റുന്ന മാനസിക അവസ്ഥയിലാവില്ല മിക്കവരും. മേലാസകലം ഇരുമ്പ് ചങ്ങലക്കിട്ട് പൂട്ടി രാപ്പകല്‍ മേലധികാരികള്‍ ണിയെടുപ്പിക്കുകയും പ്രതിഫലമായി ആജീവനാന്തം ഏകാന്തവാസം എന്ന ശിക്ഷ ഏറ്റുവാങ്ങിയവരുടെ ദീനരോദനങ്ങളും ഭരണാധികാരികളുടെ  ആക്രോശങ്ങളുംചങ്ങലകിലുക്കങ്ങളുമാണ് ഈ മനോഹര തീരത്തെ ഭീകരമാക്കുന്നത്. ആന്ടമാന്‍ കടലിനെ കാലാപാനിയാക്കി മാറ്റിയതും. ഇതൊരു കരിങ്കടല്‍ അല്ല. കാലാപാനി എവിടെയും ദൃശ്യമല്ല. പച്ചനിറമാര്‍ന്ന നീലജലം അല്ലെങ്കില്‍ ആകാശ നീലിമയില്‍ പച്ചച്ചു കിടക്കുന്ന  ജലമാണ് ചുറ്റുമുള്ളത്. സത്യത്തില്‍ ദിവസം മുഴുവനും ഈ കടലില്‍ കിടന്നാലും മോഹം മാറുകയില്ല. അത്രക്ക് സുന്ദരമാണ് കടലും അതിന്റെ അടിത്തട്ടും തീരവും.                 .

ജയിലും പരിസരവും ചുറ്റിക്കണ്ടു പ്രധാന മുറ്റത്തെത്തിയപ്പോഴേയ്ക്കും 6 മണിയുടെ "ഷോ"വിനായി കസേരകളെല്ലാം നിരത്തിക്കഴിഞ്ഞു. പ്രവേശനടിക്കറ്റിന്റെ കൂടെ ഇതിനുളളതും എടുത്തിരുന്നു. സെല്ലുലാർ ജയിൽ എന്ന ഈ ഏകാന്ത കാരാഗൃഹം കാണുന്നത്  പൂർത്തിയാകണമെങ്കിൽ ഈ ദൃശ്യ-ശ്രവണലോകത്തില്‍ നമ്മളും ഭാഗഭാക്കാകണം.. 

സ്റ്റേജോതിരശ്ശീലയോപ്രത്യക്ഷ അഭിനേതാക്കളോ ഇല്ലാതെ പ്രകാശവുംശബ്ദവും കൂട്ടിച്ചേര്‍ത്ത് ധീര ദേശാഭിമാനികൾ രക്തസാക്ഷികളായ കഥ നമ്മളോട് അശരീരിയായി പറയാതെ പറഞ്ഞു തരാന്‍ പോകുന്നു. ജയിലിന്‍റെ മദ്ധ്യഭാഗത്തായി തലയുയര്‍ത്തി നില്‍ക്കുന്ന ഗോപുരത്തില്‍ നിന്നും മണിമുഴങ്ങി. ജയില്‍ മുറികളും പരിസരവും പ്രകാശം ഒളിഞ്ഞും തെളിഞ്ഞും വീശാന്‍ തുടങ്ങുമ്പോള്‍ ജയിലധികാരികളുടെ  അട്ടഹാസങ്ങളും തടവുകാരുടെ ദീനരോദനങ്ങളും ചാട്ടവാറുകളുടെ ശബ്ദത്തിന്റെ അകമ്പടികൂടി ചേരുമ്പോള്‍  നമ്മളും ആ കാലഘട്ടത്തിലെത്തിച്ചേരുന്നു. സ്വാതന്ത്ര്യ  സമരത്തിലെ ഇതുവരെയായും കേട്ടറിയാത്ത കറുത്ത അദ്ധ്യായത്തിലെ പേജുകള്‍ ഒന്നൊന്നായി മറിയുകയാണ്.  

ജയില്‍ മുറികളില്‍ പ്രകാശം ചൊരിയുമ്പോള്‍

ആക്രോശങ്ങള്‍ ഉയര്‍ന്നു പൊങ്ങുമ്പോള്‍ 

അവിടെ നിന്നും ഉയര്‍ന്നുകേള്‍ക്കുന്ന ദീനരോദനം കേള്‍ക്കുമ്പോള്‍

ചങ്ങലകിലുക്കങ്ങള്‍ കാതില്‍ അലയടിക്കുമ്പോള്‍ 

 നമ്മുടെ ശരീരവും മനസ്സും ആ യാതനകള്‍ ഏറ്റുവാങ്ങുന്നു.

ചാട്ടവാർ കൊണ്ടുള്ള അടി വീഴുമ്പോൾവേദന സഹിയ്ക്കാനാവാതെ പുളയുമ്പോള്‍, കണ്ഠത്തിൽ നിന്നും ഉയരുന്ന ദീനരോദനം നേർത്തുനേർത്ത് ഇല്ലാതാകുന്നു...

നിരാഹാരം കിടക്കുന്നവന്റെ വായിൽ നിര്ബന്ധമായി ഭക്ഷണം തിരുകിക്കയറ്റുമ്പോൾ നിശ്ശബ്ദമാകുന്ന ശ്വാസഗതി....

ഭക്ഷണത്തിനു കേഴുന്നവന്റെ വായില്‍ ചൂടുപാനീയം ഒഴിച്ചുകൊടുക്കുമ്പോള്‍ വിദൂരതയില്‍ ലയിച്ചു ചേരുന്ന ദീനസ്വരങ്ങള്‍.......

വ്രണങ്ങള്‍ സൃഷ്ടിയ്ക്കുന്ന വേദനകള്‍ ചങ്ങലകളുടെ തേങ്ങലായി മാറുന്നു........

താഴെ നിലവറയിലെ തൂക്കുമരത്തിലേക്ക്  പോകുന്നവന്റെ അവസാന പ്രാർത്ഥന.......

വികാരനിർഭരതയോടെതേങ്ങുന്ന മനസ്സുമായി ശ്വാസമടക്കിപ്പിടിച്ച് ഒന്നര മണിക്കൂറോളം അങ്ങിനെ അനങ്ങാതിരുന്നു. 

ആ വേദനകള്‍ ഏറ്റുവാങ്ങി തരിച്ചിരുന്ന നിമിഷങ്ങള്‍.....

തേങ്ങിക്കരയാനാകാതെ വിങ്ങിപ്പൊട്ടാറായ ഹൃദയം.

കാതുകളിൽ നേർത്ത ദീനരോദനം!!

ഭയപ്പെടുത്തുന്ന ചങ്ങല കിലുക്കങ്ങൾ !!!

ജയില്‍ മുറികള്‍ക്കുള്ളില്‍ ദയനീയമായി കൊലചെയ്യപ്പെട്ട ധീരദേശാഭിമാനികളുടെ ആത്മാക്കള്‍ക്ക് ജീവന്‍ വെച്ചുവോ ?

ഒന്നും അറിയേണ്ടകേൾക്കേണ്ട എന്ന് വിചാരിച്ച്  അവിടെ നിന്ന് പുറത്തിറങ്ങാൻ ശ്രമിച്ചാലോ? ഭൂതകാലത്തിന്റെ മൂകസാക്ഷിയായി ശ്വാസം അടക്കിപ്പിടിച്ചു ഈ മുറ്റത്ത് നില്‍ക്കുന്ന ആൽമരം പോലെ ശരീരവും മരവിച്ചിരിക്കുകയാണ്..

നിലാവിന്റെ നേർത്ത വെളിച്ചത്തിൽ ഉയർന്നു നിൽക്കുന്ന കെട്ടിടം ഒന്നുകൂടി തിരിഞ്ഞു നോക്കി മടങ്ങുമ്പോൾ കാലിന്നടിയിലെ മണ്ണിന് വിയർപ്പിന്റെയും ഉണങ്ങിയ രക്തക്കറയുടെയും മണം !  സന്ധ്യാസമയത്തിന്റെ ശാന്ത ഗംഭീരതയിൽസ്ഥിരം കാഴ്ചക്കാരനായി ചരിത്ര സാക്ഷിയായി വര്‍ഷങ്ങളോളമായി നിര്‍വികാരതയോടെ കേട്ടതെല്ലാം ശരിയെന്ന മട്ടില്‍ നില്‍ക്കുന്ന ആ ആൽമരം നമ്മളെത്തന്നെ ഉറ്റുനോക്കുകയാണ്.. . 

പോര്‍ട്ബ്ലൈരില്‍ നിന്ന് നീല്‍ ഐലന്ഡിലേക്ക് 36 കി.മീ ദൂരം ഉണ്ട്. കടല്‍ത്തീരത്തുള്ള പ്രകൃതിയോട് ഇണങ്ങുന്ന വീടുകളില്‍ താമസിച്ച് കടലിന്റെ സൌന്ദര്യം ആസ്വദിക്കാം. ലക്ഷ്മണ്‍പൂര്‍, ഭരത്പുര്‍, സീതാപുര്‍ എന്നീ ബീച്ചുകളില്‍ എത്ര സമയം വേണമെങ്കിലും ചെലവഴിക്കാം. പോകുന്ന വഴിക്ക് ഗ്രാമഭംഗി ആസ്വദിക്കാം. ദ്വീപില്‍ ധാരാളമായി പച്ചക്കറികളും പഴങ്ങളും കൃഷി ചെയ്തിരിക്കുന്നു. വൈകുന്നേരങ്ങളില്‍ സൂര്യാസ്തമനവും. പ്രകൃതി തീര്‍ത്ത പാറക്കെട്ടുകള്‍ കൊണ്ടുള്ള ആര്‍ച് പാലം കാണേണ്ടതാണ്. വിശാലമായ ബീച്ചില്‍ ഉണങ്ങി ഉപേക്ഷിച്ച കടല്‍പ്പുറ്റ്കള്‍ക്കിടയില്‍ അപൂര്‍വ മത്സ്യങ്ങള്‍ ഒളിഞ്ഞിരിക്കുന്നതും കാണാം.   

ഹവ്ലോക് ദ്വീപിലെ വിജയനഗര്‍, രാധാനഗര്‍  ബീച്ച്കള്‍ പ്രകൃതി അതി സുന്ദരമാക്കിയിട്ടുണ്ട്. രാധാനഗര്‍ ബീച്ച് ലോകത്തിലേക്ക് വെച്ച് തന്നെ ഒന്നാംതരമായി കണക്കാക്കപ്പെടുന്നു. കടല്‍ കണ്ടുകൊണ്ടുള്ള താമസം രസകരമാണ്. എപ്പോള്‍ വേണമെങ്കിലും ബീച്ചില്‍ പോയിരിക്കാം. പരന്നു കിടക്കുന്ന പഞ്ചാരമണല്‍, അതിനോട് ചേര്‍ന്ന കണ്ടല്‍ക്കാടുകള്‍, പച്ചയും നീലയും കലര്‍ന്ന വലിയ തിരകളില്ലാത്ത കടല്‍, ബീച്ചില്‍ ഭൂമിയില്‍ നമസ്ക്കരിച്ചു കിടന്നശേഷം തലപൊക്കി നിവരുന്ന മഹ്വ മരങ്ങള്‍ അപൂര്‍വകാഴ്ചയാണ്. കറുത്ത കല്ലുകള്‍ അതിരുപാകിയ ബീച്ചും മനോഹരം തന്നെ. എലെഫന്റ്റ്‌ ബീച്ചിലേക്ക് ഇവിടെ നിന്ന് ഒരു ബോട്ടില്‍ പോകാം. അത്യാവശ്യം തിരകളുണ്ട്. എല്ലാവരും ലൈഫ് ജാകെറ്റ് ധര്രിക്കേണ്ടതുണ്ട്. സ്നോര്‍ക്ലിംഗ് ചെയ്യാനുള്ള സൗകര്യം ഈ ബീച്ചില്‍ ഉണ്ട്. കടലില്‍ ഇറങ്ങുന്നവരുടെ സുരക്ഷക്കായി ചെറുപ്പക്കാര്‍ ബീച്ചില്‍ പാറാവുണ്ട്. കൂടുതല്‍ ദൂരം കടലില്‍ പോകുമ്പോള്‍ അവര്‍ കൂടെ വരും. ഉള്ളിലെ കാഴ്ചകള്‍ വെള്ളത്തിനു മുകളില്‍ കമിഴ്ന്നു കിടന്നാല്‍ത്തന്നെ കുറെയൊക്കെ കാണാം. അത്രയ്ക്ക് ക്രിസ്റ്റല്‍ ക്ലിയര്‍ ആണ് വെള്ളം. ഉപ്പിന്റെ അംശം അധികം ബാധിക്കാത്തതുകൊണ്ട് കുളത്തില്‍ നീന്തിക്കുളിക്കുന്ന പ്രതീതിയും അടിത്തട്ട് കണ്ട് വെള്ളത്തില്‍ കിടക്കുമ്പോള്‍ സുരക്ഷാബോധവും അനുഭവപ്പെടും. കാഴ്ചകള്‍ വേറിട്ടതാണെങ്കിലും. എലെഫന്ടാ ബീച്ചില്‍ നിന്നും പോരാന്‍ മനസ്സുണ്ടായില്ല. കുട്ടികള്‍ക്ക് വിശപ്പായത് കൊണ്ട് മനസ്സില്ലാമാനസ്സോടെ തിരിച്ച് ബോട്ടില്‍ക്കയറി. ഒരുമാസം തുടര്‍ച്ചയായി സഞ്ചരിച്ചാലും ഈ ദ്വീപിലെ പാതി ഭംഗികൂടി ആസ്വദിച്ച് തീരില്ല. 

ബാരന്‍ ദ്വീപിലാണ് ഭാരതത്തിലെ ഒരേ ഒരു അഗ്നിപര്‍വതമുള്ളത്. പോര്‍ട്ബ്ലൈര്‍-ല്‍ നിന്നും 135 കി മീ ദൂരത്തില്‍ വടക്ക് കിഴക്ക് ആയാണ് സ്ഥിതിചെയ്യുന്നത്. 1994-95 ല്‍ 177 വര്‍ഷങ്ങള്‍ക്ക് ശേഷം ഈ  അഗ്നിപര്‍വതം പൊട്ടിത്തെറിച്ചിരുന്നു.   

പോര്‍ട്ബ്ലൈര്‍ന്ന് അടുത്തുള്ള കോര്ബിന്‍സ് കൊവ് ബീച്ചിലേക്ക് പ്രവേശന ഫീസ് വേണ്ട. ഇഷ്ടം പോലെ വെള്ളത്തില്‍ കിടന്ന് നീന്തിക്കളിക്കാം. മറ്റു ജലക്രീഡകള്‍ക്കും ഇവിടെ സൌകര്യമുണ്ട്. അവിടെ വെച്ചിരിക്കുന്ന മുന്നറിയിപ്പ് ബോര്‍ഡ് ഇടക്ക് ശ്രദ്ധിച്ചുകൊണ്ടിരുന്നു--..മുതലകളെ സൂക്ഷിക്കുക....പക്ഷേ, ധാരാളം പേര്‍ നീന്തിക്കളിചിരുന്നതിനാല്‍ പരിഭ്രമമില്ലാതെ കുറെ നേരം കടല്‍ വെള്ളത്തില്‍ കിടന്നു. ആദ്യമായാണ് ഇത്ര രസകരമായി കടലില്‍ നീന്തിക്കുളിച്ചത്.( അറബിക്കടലിലെ ബീച്ചുകളില്‍ നിന്നും എത്ര വ്യത്യസ്തമായ അനുഭവം!)

പോര്‍ട്ട്‌ബ്ലൈറില്‍ നിന്ന് 26 കി.മീ ദൂരെയുള്ള ക്ലിന്‍ക് (Clinque) അയ്‌ലന്‍റ് ലേക്ക്  സദാ ഫെറി സര്‍വീസ് ഉണ്ട്. ആള്‍ത്താമസമില്ലാത്ത  ഈ ദ്വീപ്‌ മഹാത്മാ ഗാന്ധി നാഷണല്‍ പാര്‍ക്കിന്റെ അടുത്താണ്. അത്യപൂര്‍വമായ കടല്‍ ജീവികളും പവിഴപ്പുറ്റുകളും ഇവിടത്തെ പ്രത്യേകതയാണ്. ഇവിടെ സ്സുബ ഡൈവിംഗ്നും, സ്നോര്‍ക്ലിംഗ് നും സൌകര്യമുണ്ട്. ബോട്ടിന്‍റെ  അടിഭാഗത്ത് പതിച്ച ഗ്ലാസില്‍ക്കൂടി  താഴേക്ക് നോക്കിയാല്‍ ഏകദേശം 80 അടിയോളം താഴ്ചയില്‍ ഉള്ള പവിഴപ്പുറ്റുകള്‍, മറ്റു ജലജീവികള്‍ എന്നിവയെ വളരെ തെളിഞ്ഞു കാണാം. 

പോര്‍ട്ബ്ലൈര്‍ ന്‍റെ അടുത്താണ് റോസ് ദ്വീപ്‌. ഫെറിയില്‍ ചെന്നിറങ്ങുന്ന സന്ദര്‍ശകനെ സ്വീകരിക്കുന്നത് റോസ് നിറമുള്ള ചുമരുകളും ജപ്പാന്‍ ബങ്കറുകളും ആണ്. 1788 -ല്‍  ബ്രിട്ടീഷ്‌ സര്‍വേയര്‍ ആയിരുന്ന സര്‍ ഡാനിയേല്‍ റോസ് ആണ് ഈ ദ്വീപ്‌ പോര്‍ട്ബ്ലൈര്‍ ന്‍റെ രക്ഷക്കായി ഉപയോഗപ്പെടുത്താമെന്ന് കണ്ടുപിടിച്ചതത്രേ.1857 ലെ ശിപ്പായി ലഹളയില്‍ പങ്കെടുത്ത ആയിരത്തോളം തടവ്‌കാരെ നാടുകടത്താന്‍ ഈ ദ്വീപുകള്‍ ഉപയോഗപ്പെടുത്താമെന്ന് ബ്രിടീഷ് കാര്‍ കണക്കാക്കി. അങ്ങിനെ ആദ്യത്തെ തടവുകാരെയും കൊണ്ട് കമ്മീഷണര്‍ റോസ് ദ്വീപില്‍ എത്തിച്ചേര്‍ന്നു. എത്തിച്ചേര്‍ന്നു. ഇവരെ ദ്വീപിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചു. ഒട്ടുമിക്ക മരങ്ങളും വെട്ടിമാറ്റി. തങ്ങളുടെ വാസകേന്ദ്രങ്ങള്‍ വെട്ടിവെളിപ്പിക്കുന്നതില്‍ ആദിവാസികള്‍ അത്രുപ്തരായി, അവര്‍ ആക്രമണകാരികളായി. ദ്വീപ് വാസികള്‍ 1859 -ല്‍ അവരുടെ ആയുധങ്ങളുമായി ബ്രിട്ടീഷ്‌ പട്ടാളത്തെ നേരിട്ടൂ. തോക്കുകള്‍ക്ക് മുന്നില്‍ അമ്പും വില്ലും അടിയറ പറഞ്ഞു.

ഒട്ടുമിക്ക മരങ്ങളും വെട്ടിമാറ്റി ഓഫീസുകളും, ക്ലബ്ബുകളും ക്രിക്കറ്റ് ഗ്രൌണ്ടും ടെന്നീസ് കോര്‍ട്ടും  സ്വിമ്മിംഗ് പൂളും ആസ്പത്രിയും പള്ളിയുമൊക്കെ ഇവര്‍ പണിതു. ബ്രിട്ടീഷ്‌ ഭരണ സാമ്രാജ്യമായി ദ്വീപിനെ മാറ്റിയെടുത്തു. കമ്മീഷണര്‍ തന്റെ പ്രണയിനിയായിരുന്ന റോസ് മേരി എന്ന സുന്ദരിയായ ബ്രിട്ടീഷ്‌ വനിതയെ ഓഫീസില്‍ നിയമിച്ച് അവരുടെ കൂടെ അത്യന്താഡംബര ജീവിതം നയിച്ചുപോന്നു.രാജ്ഞിയെപ്പോലെ ദ്വീപ് ഭരിക്കുകയായിരുന്ന റോസ് മേരി അങ്ങിനെ ഒരു നാള്‍ ഒരു വനവാസിയുടെ അമ്പിന് ഇരയാവുകയും ചെയ്തു. കമ്മീഷണര്‍ തന്റെ പ്രണയിനിയുടെ ഓര്‍മ്മക്കായി സ്മ്രുതി മണ്ഡപം തീര്‍ത്തു. തന്ടെ  പ്രിയപ്പെട്ടവളെ കൊന്നവന്റെ വര്ഗ്ഗക്കാരെയൊക്കെ ഹിംസ്ര മൃഗങ്ങളെപ്പോലെ വെടിവെച്ചു കൊല്ലുകയും ചെയ്തു. രണ്ടാം ലോകമഹായുദ്ധത്തില്‍ ബ്രിട്ടനെ തോല്‍പ്പിച്ച ജപ്പാന്‍കാര്‍ ദ്വീപുകള്‍     കൈവശമാക്കുകയും കെട്ടിടങ്ങള്‍ ബോംബിട്ട് തകര്ക്കു‍കയും ചെയ്തു. സ്ഫോടനത്തില്‍ ബ്രിട്ടീഷ്‌ കാരുടെ അഹങ്കാരത്തിന്റെ പ്രതീകങ്ങളായ വിന്‍സ്റെര്‍ മോഡല്‍ കൊട്ടാരവും പള്ളിയും മറ്റു ബംഗ്ളാവുകളും തകര്‍ന്നു  തരിപ്പണമായി. അങ്ങിനെ കമ്മീഷണരുടെ പ്രണയിനിയായ റോസ്മേരിയുടെ സ്മരണയുറങ്ങുന്ന ആ ഭൂമിചുടലപ്പറമ്പായിമാറി. ഗതകാലസ്മരണകള്‍ മറയ്ക്കാനെന്നോണം റോസ് ദ്വീപിലെ പഴയ കെട്ടിടങ്ങളെ പ്രതികാര ദുര്ഗ്ഗയെപ്പോലെ മൂകസാക്ഷിയായി നില്‍ക്കുന്ന വൃദ്ധമരങ്ങളുടെ വേരുകളും കൈകളും കൊണ്ട്  കെട്ടിവരിഞ്ഞ് ഇഞ്ചിഞ്ചായി നിശ്ശേഷം നശിപ്പിച്ചുകൊണ്ടിരിക്കുന്നു. 

 റോസ്സ് ദ്വീപില്‍ ബ്രിടിഷുകാര്‍ എത്തും മുന്‍പ് ആയിരത്തോളം ഗ്രേറ്റ് ആന്തമാനീസ് ഉണ്ടായിരുന്നു എന്ന് രേഖകള്‍ പറയുന്നു. ഏകദേശം 9 ദശാബ്ദക്കാലം ബ്രിടിഷുകാര്‍ ഈ ദ്വീപില്‍ ഭരണം നടത്തിയതോടെ വനവാസികളുടെ എണ്ണം 28 ലെത്തി. അധികമെവിടെയും രേഖപ്പെടുത്തിയിട്ടില്ലാത്ത അബെര്‍ദീന്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച ദ്വീപുവാസികളോടുള്ള ആദര സൂചകമായി പോര്‍ട്ബ്ലൈരില്‍ ഒരു സ്മാരകം പണിതിട്ടുണ്ട്. എല്ലാ മെയ്‌ 17 നും ദ്വീപുവാസികള്‍ ഈ പോരാളികള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാറുണ്ടത്രേ.  

ഹഡ്ഡോ വിലെ വീട്ടില്‍ നിന്നും ചാത്തം ദ്വീപിലേക്ക് നടന്ന് പോകാനുള്ള ദൂരമേ ഉള്ളൂ.. പോര്‍ട്ബ്ലൈറുമായി എട്ട് ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ചാത്തം ദ്വീപ്, 200 മീ നീളമുള്ള  ഒരു കോസ് വേ വഴി ബന്ധിപ്പിച്ചിരിക്കുന്നു. 1883 ലാണ് ചാത്തം മരമില്ല് നിലവില്‍ വന്നത്. ചാത്തം മില്ലിന് ആന്ടമാന്‍ ചരിത്രത്തില്‍ വലിയ സ്ഥാനം ആദ്യം മുതലേ നല്‍കിയിട്ടുണ്ട്. ഇരുന്നൂറോളം സ്വാത്ര്യ സമര ഭടന്മാരെ  മേലാസകലം ചങ്ങലക്കിട്ട്‌ പൂട്ടി കല്‍ക്കട്ടയില്‍ നിന്നും കപ്പലില്‍ കൊണ്ടുവന്ന് ചാത്തം ദ്വീപില്‍ ഇറക്കിവിട്ടു. ഉത്തമ വൃക്ഷങ്ങള്‍ സമൃദ്ധമായ ആണ്ടമാനിലെ കാടുകളില്‍ ബ്രിടിഷുകാര്‍ ആദ്യം മുതലേ കണ്ണ് വെച്ചിരുന്നു. ചങ്ങലകള്‍ പൂര്‍ണ്ണമായും അഴിച്ചുമാറ്റാതെ ഈ തടവുകാരെക്കൊണ്ടാണ് ആകാശം മുട്ടി നില്‍ക്കുന്ന മരങ്ങള്‍ വെട്ടി വീഴ്ത്തലും  മറ്റു പണികളും ചെയ്യിച്ചിരുന്നത്. ആദ്യകാലത്ത് ടെന്റുകളിലും, ബാരക്കുകളിലും ഇവര്‍ കഴിച്ചു കൂട്ടി. ഉടുതുണിക്ക്‌ മറുതുണി ഇല്ലാതെ, ഉണക്കറൊട്ടി കഴിച്ചു അപരിചിതമായ കാലാവസ്ഥയില്‍, അസഹനീയമായ ചുറ്റുപാടില്‍ കഠിനാദ്ധ്വാനം ചെയ്യുക എന്നത് ഏതൊരു മനുഷ്യനും ദുഷ്ക്കരമായ കാര്യം തന്നെ. ശാരീരികവും മാനസികവുമായി തളര്‍ന്ന ആ വീര സേനാനികളുടെ വിയര്‍പ്പും ചോരയും വീണലിഞ്ഞു ചേര്‍ന്ന ആ സോ മില്‍ ലോകപ്രസിദ്ധമായിത്തീര്‍ന്നു. 1912-ല്‍ വനം വകുപ്പിന്റെ കീഴിലായി മേല്‍നോട്ടം. രണ്ടാം ലോകമഹായുദ്ധത്തില്‍ ജപ്പാന്‍ കാരുടെ ബോംബ്‌ വര്‍ഷത്തില്‍ എല്ലാം തകര്‍ന്നു പോയെങ്കിലും ഭാരതം സ്വതന്ത്രമായതോടെ  മില്ലുകള്‍ ഉയിര്‍ത്തെഴുന്നേറ്റു. ഇന്ന് ഏഷ്യയിലേക്ക് വെച്ച് ഏറ്റവും പഴക്കം ചെന്ന മരമില്ലാണ് ഇത്. 

വിനോദസഞ്ചാരികള്‍ക്ക് രാവിലെ 9 മണി മുതല്‍ 4 മണി വരെ മില്ല് സന്ദര്‍ശിക്കാം. ഞായര്‍ ഒഴിവു ദിവസമാണ്. മില്ലിനകത്ത് അത്യാകര്‍ഷകവും വിജ്ഞാനപ്രദവുമായ മ്യുസിയം ഒരുക്കിയിട്ടുണ്ട്. ആന്ടമാന്‍ ദ്വീപുകളുടെ പ്രാധാന്യം,  ചാത്തം ദ്വീപിന്റെ ചരിത്രം, ഭൂഗോളത്തില്‍ ആണ്ടമാന്റെ സ്ഥാനം, കടലില്‍ നിന്നുള്ള ദൂരം, കടലിലെയും വനത്തിലെയും അമൂല്യ സമ്പത്തുകള്‍, ഗോത്രവര്ഗ്ഗക്കാരുറെ ചരിത്രം, ജനസംഖ്യ, സംരക്ഷിത മേഘലകള്‍, തുടങ്ങി വുജ്ഞാനപ്രദവും മനോഹരവുമായ കാഴ്ചകള്‍ കണ്ട് ആസ്വദിക്കാം. ദ്വീപിലെ ഉത്തമവൃക്ഷങ്ങള്‍ കൊണ്ട് ഉണ്ടാക്കിയ കരകൌശലവസ്തുക്കളും കണ്ടു മതിയാകാത്ത കാഴ്ചകളാണ്.ചാത്തം സോമില്‍. ബ്രിടന്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് അന്ടമാനില്‍ നിന്നും ധാരാളം മരത്തടികളും  മറ്റു ഉല്‍പ്പന്നങ്ങളും കയറ്റി അയക്കുന്നുണ്ട്.. മനുഷ്യനും മിഷ്യനും കൂടി ഉയര്‍ത്തിക്കൊണ്ടുവന്ന ഈ മില്‍ ഇന്ന് രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥ ഉയര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു. 

വളരെ ചെറിയ ദ്വീപായ വൈപറില്‍  50 അടി മുതല്‍ 211 അടിവരെ  ഉയരമുള്ള കുന്നുകളുണ്ട്.. ബ്രിട്ടീഷ്‌കാര്‍ ഈ ദ്വീപില്‍ തടവുപുള്ളിക്ള്‍ക്കായി ജയിലും, തൂക്കുമാരങ്ങളും നിര്‍മ്മിച്ചിരുന്നു. ദ്വീപിലെ ആദിവാസികളെ ഒട്ടൊക്കെ തുരത്തുകയോ കൊല്ലുകയോ ചെയ്തു. തടവുകാരെ നിര്‍ദ്ദയം തൂക്കിക്കൊന്നു. സന്ദര്‍ശിക്കാനെത്തിയ വൈസ്രോയിയെ തടവുകാരനായ ഷേര്‍അലി കുത്തിക്കൊന്ന ചരിത്രവും വൈപര്‍ ദ്വീപിനുണ്ട്.. ഇവിടെ കഴുമരത്തില്‍ നൂറു കണക്കിന് പേരെ തൂക്കിക്കൊന്നിട്ടുണ്ട് എന്ന് വിവരിക്കുമ്പോള്‍ വികാരാധീനനാകുന്ന ഗൈഡിന്റെ കൂടെ നമ്മളും കണ്ണ് തുടച്ചുപോകും. ആജീവനാന്ത തടവുകാര്‍ 8600 -ല്‍ അധികം ഉണ്ടായിരുന്നു എന്നാണ് കണക്ക് .265 സ്ത്രീ കളും 2200 ലധികം മറ്റു തടവുകാരും ഉണ്ടായിരുന്നു. 7 -ഓളം തൂക്കുമരങ്ങള്‍ ഉണ്ടായിരുന്നു എന്നും കണക്കുകള്‍ പറയുന്നു. സെല്ലുലാര്‍ ജയിലുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായതോടെ തടവുകാരെ പലരെയും അങ്ങോട്ട്‌ മാറ്റി.

വൈപെര്‍ ദ്വീപില്‍ ഇറങ്ങുന്ന സഞ്ചാരിയെ സ്വാഗതം ചെയ്യുന്നത് മങ്ങിയ ചുവപ്പ് നിറമുള്ള കോടതിമുറികളായിരുന്ന കെട്ടിടങ്ങളുടെ  അവശിഷ്ടങ്ങളാണ്. കുന്നിന്‍ മുകളിലുള്ള തൂക്കുമരങ്ങളും ജയില്‍ മുറികളും മനോഹരമായ ദ്വീപിനെ ഭയപ്പെടുത്തുന്ന മൌനത്താല്‍  മൂടിപ്പുതപ്പിച്ചിരിക്കുന്നു. ഗൈഡ് ഇതെല്ലാം വിസ്തരിച്ചു പറഞ്ഞു തരുമ്പോള്‍ ഏറെ വികാരാധീനനായിരുന്നു. അയാളെപ്പോലെ  ഞങ്ങള്‍ കേള്‍വിക്കാരും ഏറെ മാനസികസമ്മര്‍ദ്ദത്തിലായിരുന്നു. 

ഗതകാലസ്മരണകള്‍ മറയ്ക്കാനെന്നോണം റോസ് ദ്വീപിലെപ്പോലെ പഴയ കെട്ടിടങ്ങളെ പ്രതികാര ദുര്ഗ്ഗയെപ്പോലെ വേരുകളും കൈകളും കൊണ്ട്  കെട്ടിവരിഞ്ഞ് ഇഞ്ചിഞ്ചായി നിശ്ശേഷം നശിപ്പിച്ചുകൊണ്ടിരിക്കുന്നു. 

അടുത്ത ദിവസം മകന്റെ ഓഫീസിലുള്ള ശാസ്ത്രജ്ഞര്‍ ഡൈവിംഗ് നും  ഗവേഷണങ്ങള്‍ക്കും മറ്റുമായി പോകുന്ന അത്യാവശ്യം ആഴമുള്ള കടലില്‍ സ്നോര്‍ക്ലിംഗ്നായി പോയി. നന്നായി നീന്താന്‍ അറിയുന്ന 10 വയസ്സുകാരിയായ പേരക്കുട്ടി ലൈഫ് വെസ്റ്റും സ്നോര്‍ക്ലിംഗ് ഫിന്സും  സ്നോര്കല്‍ മാസ്കും ശ്വസിക്കാനുള്ള കുഴലുകളുമായി അത്യാവശ്യം തിരകളുള്ള കടലില്‍ സുഖമായി നീന്തി ഓരോ കാഴ്ചകളും ആസ്വദിച്ചുകൊണ്ടിരുന്നു.  പാദസ്പര്‍ശം ഏല്‍പ്പിക്കാതെ  അതിമനോഹരങ്ങളായ പവിഴപ്പുറ്റുകളെ അടുത്തുകാണാം. അത്യപൂര്‍വ ആക്രുതികളും, നിറങ്ങളുമുള്ള ചെറിയ ജീവികള്‍ മനുഷ്യമണം തട്ടുമ്പോള്‍ രൂപവും നിറവും മാറ്റുന്നു. ണ്ട് വയസ്സുകാരിയായ കുട്ടി അമ്മയുടെ മടിയില്‍ ഇരുന്ന്      ഞങ്ങളുടെ ജലക്രീഡകള്‍ കണ്ടു കൊണ്ടിരുന്നു.   

മണിക്കൂറുകള്‍ പോകുന്നത് വളരെ വേഗത്തിലാണ് ഇവിടെ എന്ന് തോന്നും.

അന്ടമാനിലെ ഓരോ മ്യുസിയവും വിജ്ഞാനപ്രദങ്ങളാണ്. ദ്വീപസമൂഹങ്ങള്‍, ജനജാതികള്‍   പക്ഷി മൃഗാദികള്‍, വനസമ്പത്ത്, തുടങ്ങിയവയെക്കുറിച്ച് വിശദമായ വിവരങ്ങള്‍  നമുക്ക്  ലഭിയ്ക്കും. ഗവര്‍മ്മെന്റിന്റെ കീഴിലുള്ള കോട്ടേജ് ഇന്ടസ്ട്രിയുടെ എമ്പോറിയം സാഗരികയും സന്ദര്ശിക്കേണ്ടാതാണ്. വിവരിച്ചാല്‍ തീരാത്തത്ര അദ്ഭുതവും ആവേശവും സന്തോഷവും സന്താപവും നിറക്കുന്ന, സംഭവബഹുലമായ ഈ ദ്വീപിന്റെ ഓരോ മുക്കും മൂലയും കണ്ടറിയാന്‍ ഒരു പുരുഷായുസ്സ് പോരാ എന്നുതന്നെയാണ് പറയാനുള്ളത്, 

ആന്ടമാന്‍ ദീപസമൂഹങ്ങള്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും സന്ദര്‍ശിച്ചാലെ ഒരാള്‍ പൂര്ണ്ണമായും ഭാരതീയനാകൂ എന്ന് പറയുന്നതില്‍ മറ്റൊരു അഭിപ്രായം ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടാകുമെന്ന് തോന്നുന്നില്ല.    

                                                                                 ജയ്‌ ഭാരത്‌ !

No comments:

Post a Comment