Tuesday, 19 August 2025

വായന --യജ്ഞം

 സ്പന്ദനങ്ങള്‍---വായന

(യജ്ഞം)
ജനുവരി 26, 2020

മുത്തശ്ശിക്കഥകള്‍ക്ക് എക്കാലത്തും നല്ല ശ്രോതാക്കളുണ്ടാകും എന്നത്  തീര്‍ച്ചതന്നെ.

സ്മാര്‍ത്തവിചാരവും, ഭ്രഷ്ടുമൊക്കെ മുത്തശ്ശിമാര്‍ പോലും കേട്ടുമറന്ന കഥകളായിത്തുടങ്ങി. അല്ലെങ്കില്‍ ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്തതായി മാറി. കാലത്തിനൊപ്പം മാറ്റങ്ങള്‍ സംഭവിയ്ക്കുമ്പോള്‍ ദുരന്തങ്ങള്‍ ഇല്ലാതാവുന്നില്ല. അതിന്റെ രീതി മാറുന്നു എന്ന് മാത്രം. അനുഭവങ്ങളുടെ വെളിച്ചത്തില്‍ എങ്ങിനെ അതിനെ നേരിടുന്നു എന്നതാണല്ലോ പ്രധാനം.

അനുഭവസ്ഥര്‍ പറഞ്ഞു കേട്ടും, വായിച്ചും, ദൃശ്യമാദ്ധ്യമങ്ങളിലൂടെയും  നാലുകെട്ടിന്നുള്ളില്‍ ഒതുങ്ങിപ്പോയിരുന്ന ദീനരോദനത്തിന്റെ അലയടികളും, കരിപുരണ്ട ജീവിതസംഭവങ്ങളും ഇടയ്ക്ക് പഴയ കാലത്തേയ്ക്ക് നമ്മളെ കൂട്ടിക്കൊണ്ടു പോകുന്നു.
ഒരു നൂറ്റാണ്ട് മുന്‍പ്‌ നമ്മള്‍ എവിടെ നിന്നിരുന്നു എന്നനുസ്മരിപ്പിയ്ക്കുന്ന  നാഴികക്കല്ലുകളില്‍ ഒന്നാണ് ശ്രീമതി കെ.ബി ശ്രീദേവിയുടെ  ' യജ്ഞ ' മെന്ന  നോവല്‍. ജീവിതത്തിന്റെ‍ സുഗമമായ ഒഴുക്കിന്  ശാന്തിയും ആനന്ദവും അടുക്കും ചിട്ടയും ഉണ്ടാക്കാന്‍ സഹായിക്കുന്ന ആചാരങ്ങളെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കായി വളച്ചൊടിച്ച് അനാചാരങ്ങളാക്കി മാറ്റിയവരുടെ കാലഘട്ടത്തില്‍ ഓരോ നിമിഷവും മരിച്ചു ജീവിച്ചിരുന്നവരുടെ കഥ. ജീവിതം യജ്ഞകുണ്ഡത്തില്‍ ഹോമിക്കാന്‍ വിധിയ്ക്കപ്പെട്ടവരുടെ കഥ.

നമ്പൂതിരിമാര്‍ തങ്ങളുടെ ജന്മിത്തം, സമൂഹത്തിലെ മേല്‍ക്കോയ്മ, വേദാധികാരം എന്നിവയുടെയൊക്കെ ചുവട് പറ്റി അനാചാരങ്ങളിലേക്ക് കൂപ്പുകുത്തിയിരുന്ന ഒരു കാലം. പുരുഷമേധാവിത്വത്തിന്‍റെ പ്രാകൃതവശം ഏറ്റുവാങ്ങി നാലുകെട്ടെന്ന തടവറയില്‍ ജീവിതകാലം മുഴുവന്‍ നരകിക്കേണ്ടി വന്ന അന്തര്ജ്ജങ്ങളുടെയും, ദുരിതങ്ങള്‍ ഏറ്റുവാങ്ങേണ്ടിവരുന്ന മറ്റു കുടുംബാംഗങ്ങളുടെയും ദുഃഖപൂരിതമായ കഥയാണ്  ' യജ്ഞം'. 9 അദ്ധ്യായങ്ങളിലായി 150 ഓളം പജുകളില്‍ ഒതുക്കി എഴുത്തുകാരി മൂന്നു തലമുറകളുടെ സംഭവബഹുലമായ ജീവിതം കുറഞ്ഞ, സ്പഷ്ടമായ വാക്കുകളിലൂടെ നമ്മളില്‍ എത്തിച്ചിരിയ്ക്കുന്നു. വളരെ വലിയൊരു പ്രമേയം. കുറച്ചു വാചകങ്ങള്‍. പേരെടുത്തു ഓര്‍ക്കാവുന്ന കഥാപാത്രങ്ങള്‍. ഒരു വ്യക്തിയില്‍, ഒരു കുടുംബത്തില്‍, ഒരു സമൂഹത്തില്‍  മാത്രം ഒതുങ്ങാത്ത സംഭവവികാസങ്ങള്‍. എല്ലാം വളരെ ലളിതമായി എന്നാല്‍ ആഴത്തില്‍ മനസ്സില്‍ പതിയും വിധം ഈ പുസ്തകത്തില്‍ ഉള്ളടക്കം ചെയ്തിരിക്കുന്നു. നോവലിലെ മൂന്നാം തലമുറ നവോത്ഥാന കാലഘട്ടത്തിലേക്ക് കാലെടുത്തു വെയ്ക്കുന്നതോടെ കഥ  അവസാനിയ്ക്കുന്നു.

തനിയ്ക്കോ, കുടുംബത്തിനോ, സമൂഹത്തിനോ നാശമല്ലാതെ ഗുണം തീരെ ചെയ്യാത്ത ആചാരങ്ങളെ മുറുകെപ്പിടിച്ചുകൊണ്ട്‌ ജീവിക്കുന്നവരെ, മാറ്റങ്ങളെ ഉള്‍ക്കൊള്ളുകയും അനാചാരങ്ങളെ തുടച്ചു മാറ്റി ജീവിതസരണിയെ ശാന്തമായി ഒഴുകാന്‍ അനുവദിയ്ക്കുകയും ചെയ്യാത്തവരെ  സംസ്ക്കാരമുള്ളവര്‍ എന്ന് ഒരിക്കലും പറയാന്‍ പറ്റില്ല. അങ്ങിനെയുള്ള കുടുംബത്തിലേക്ക് കാലെടുത്ത വെച്ച നങ്ങേമ എന്ന കഥാപാത്രം രണ്ടാം തലമുറയെ പ്രതിനിധാനം ചെയ്യുന്നു. വളരെ മാന്യമായ ഉയര്‍ന്ന ചിന്തകളുള്ളവള്‍. സാഹചര്യങ്ങള്‍  കണ്ടറിഞ്ഞ്‌ പ്രവര്‍ത്തിക്കാന്‍ മിടുക്കി. അനുയോജ്യനായ, ഉത്തമനായ, ഭര്‍ത്താവിന്‍റെ കൂടെ സന്തുഷ്ടയായി ജീവിക്കാന്‍ തുടങ്ങവേ, ജീവിതം ആകെ തകിടം മറിയുന്നു..

നാലുകെട്ടിനോടുള്ള പ്രതികാരമെന്നോണം, പിഴച്ചുപോയ അന്തര്‍ജ്ജനം നങ്ങേമയുടെ കുഞ്ഞുക്കുട്ടനെക്കൂടി കെണിയില്‍പ്പെടുത്തി. താന്‍ വശീകരിച്ചു വരുത്തിയവരുടെയും, തന്‍റെ വലയില്‍ വീഴാത്തവരെയും അവള്‍ സ്മാര്‍ത്തവിചാരം ചെയ്യപ്പെട്ടവരുടെ ലിസ്റ്റ്ല്‍പ്പെടുത്തി. തന്‍റെ വിധിയോട്, തന്നെ മരണം വരെ തടവറയിലിട്ട് ഉപദ്രവിയ്ക്കാന്‍ പോകുന്ന ബന്ധു ജനങ്ങളോട്, കാഴ്ച്ചക്കാരായ സമൂഹത്തിനോട് അവര്‍ കൂസലില്ലാതെ പൊരുതുകയാണ്. അല്ലെങ്കിൽ പക തീർക്കുകയാണ്.

നോവലിലെ ശക്തരായ രണ്ടു കഥാപാത്രങ്ങള്‍ ( രണ്ടല്ല, മൂന്ന് എന്ന് തന്നെ പറയണം.) സ്ത്രീകള്‍ തന്നെ എന്നത് ശ്രദ്ധേയമാണ്. സാഹചര്യങ്ങള്‍ സമ്മാനിച്ച വ്യത്യസ്ത അവസ്ഥാ വിശേഷങ്ങളില്‍ക്കൂടി കടന്നുപോകേണ്ടി വന്നവര്‍. ഏതു ശരി ഏതു തെറ്റ് എന്ന് തീര്‍പ്പ് കല്‍പ്പിക്കാന്‍ സമൂഹത്തിന് അല്ലെങ്കില്‍  വായനക്കാര്‍ക്ക് അത്ര എളുപ്പത്തില്‍ സാദ്ധ്യമല്ല. രണ്ടു വിധത്തിലാണ് രണ്ടു പേരുടെയും ജീവിതത്തിനോടുള്ള / സമൂഹത്തിനോടുള്ള സമീപനം അഥവാ പ്രതികരണം. അതും ഒരേ കാലഘട്ടത്തില്‍ ! ഒരു ഭാഗത്ത് സര്‍വംസഹയായ അന്തര്‍ജ്ജനം. മറുഭാഗത്ത്‌ സംഹാരരുദ്രയായ മറ്റൊരുവളും. അവനവന്റെ രീതിയില്‍ പൊരുത്തപ്പെട്ടും പയറ്റിയും മുന്നോട്ടു പോകുന്നവര്‍. കാലത്തിന്റെ കുത്തൊഴുക്കില്‍ മുങ്ങിത്താണ് 
 ജീവിതം പോക്കുന്ന ആത്മാക്കള്‍......

ഭ്രഷ്ട് കല്‍പ്പിച്ചു നാടുകടത്തപ്പെട്ട കുഞ്ഞുക്കുട്ടന്‍, ഗര്‍ഭിണിയായ നങ്ങേമയോടും അമ്മയോടും മറ്റു കുടുംബാംഗങ്ങളോടും അവസാനമായി യാത്രപറയുന്ന രംഗം ഹൃദയത്തെ ആഴത്തിൽ സ്പര്‍ശിക്കുന്നു. മകന്‍റെ വേര്‍പാടോടെ ശാരീരികവും മാനസികവുമായി രോഗിണിയായിത്തീര്‍ന്ന അമ്മ. ആ അമ്മയെ ശുശ്രൂഷിച്ചും, ഭ്രഷ്ടന്റെ മകളായതിനാല്‍ സ്പര്‍ശന വിലക്കുകളാൽ വേണ്ടപോലെ മകളെ താലോലിക്കാന്‍ സാധിയ്ക്കാത്തതിന്റെ ദുഃഖം സഹിച്ചും കുടുംബത്തിന് വേണ്ടി ശിഷ്ടജീവിതം നയിക്കുന്ന നങ്ങേമ. 

മകള്‍ സാവിത്രിയുടെ കളിക്കൂട്ടുകാര്‍ കുട്ടനും വലിയച്ഛനും മാത്രമായിരുന്നു. നങ്ങേമ ഒരാശ്വാസത്തോടെ നല്ലൊരു നാളെയുടെ  ശുഭപ്രതീക്ഷയില്‍ നാളുകള്‍ നീക്കുമ്പോള്‍ സാവിത്രി വലുതായി എന്നറിയുന്നു. അവള്‍  അനാചാരങ്ങളെ ചോദ്യം ചെയ്യാന്‍ തുടങ്ങി. ഒടുവില്‍ ആ ദുഃഖ സത്യം അവള്‍ അറിയുന്നു, താന്‍  ഭ്രഷ്ടന്റെ മകളാണെന്ന്.  ഒരിക്കലും അച്ഛന്‍ തിരിച്ചുവരില്ലെന്ന അറിവ്, അമ്മയുടെ തീരാ സങ്കടം.....എല്ലാം സാവിത്രിയുടെ വിദ്വേഷത്തെ ആളിക്കത്തിച്ചു. ഇത് തിരിച്ചറിഞ്ഞ അമ്മ പ്രാര്‍ത്ഥിച്ചു,---- ഈ അഗ്നി പോഷണത്തിനായി ഭവിയ്ക്കട്ടെ .........

അച്ഛന്റെ യോഗ്യതകളെല്ലാം ലഭിച്ച മകളെക്കുറിച്ച്‌ സന്തോഷിക്കുകയും  വേവലാതിപ്പെടുകായും ചെയ്യുന്ന 'അമ്മ. ഓരോ ജീവിതത്തിനും അതിന്‍റേതായ ഗതിയുണ്ടെന്നു ആശ്വസിയ്ക്കുന്ന അമ്മ. കുന്തീദേവിയെപ്പോലെ എനിക്ക് ദുഃഖം തരണേ എന്ന് പ്രാര്‍ത്ഥിച്ച അമ്മ, എല്ലാം കൃഷ്ണനില്‍ സമര്‍പ്പിച്ചു കൊണ്ട് ആശ്വസിച്ചു -- എല്ലാം തികഞ്ഞ് ഈ ഭൂമിയില്‍ ആരും തന്നെ ഉണ്ടാകില്ലല്ലോ !
ഒടുവില്‍ ആ അമ്മ  അഭിലാഷങ്ങളെല്ലാം  ഉള്ളിലടക്കി  ഒരു നെയ്ത്തിരിപോലെ കത്തിത്തീര്‍ന്നു. 

വലിയച്ഛനെന്ന  സാത്വികനായ കുടുംബനാഥന്‍. അനാചാരങ്ങളെ തിരിച്ചറിയുമ്പോഴും നിസ്സഹായനായി നില്‍ക്കേണ്ടി വന്ന ഒരു സ്നേഹധനനായ മനുഷ്യന്‍. സാവിത്രിയേയും, നങ്ങേമയേയും കരുണയോടെ സംരക്ഷിച്ചു. കാരണവരായ അദ്ദേഹം അച്ഛന്റെ സ്ഥാനത്തു നിന്ന്  അനുഗ്രഹാശിസ്സുകളോടെ സാവിത്രിയെ കുട്ടന്റെ കയ്യില്‍ ഏൽപ്പിയ്ക്കുന്നു.

നോവല്‍ അവസാനിയ്ക്കുന്നത്  അച്ഛനെക്കുറിച്ച്  അമ്മ പറഞ്ഞ ഒരു വാചകം സാവിത്രി ഓര്‍മ്മിച്ചുകൊണ്ടാണ്.-----ആളുകള്‍ എന്തൊക്കെ പറഞ്ഞാലും  ഒരു കാര്യം വിശ്വസിയ്ക്കണം --- അച്ഛന്‍ ഒരു വലിയ ആളായിരുന്നു ....
 .

സ്മാര്‍ത്തവിചാരം, ഭ്രഷ്ട് എന്നീ പദങ്ങള്‍ പുതിയ തലമുറയ്ക്ക്  വിചിത്രങ്ങളാകാം. പഴയ തലമുറക്ക്  ഒരു വീണ്ടുവിചാരവുമില്ലാതെ അന്ധമായി തുടര്‍ന്നിരുന്ന ആ പദങ്ങള്‍ ഉദ്ദേശിയ്ക്കുന്ന ആചരണങ്ങള്‍ തനി കാടത്തമായും തോന്നിയേക്കാം. ഇന്ന് ഇങ്ങിനെ ആയതില്‍ ഇന്നലെയ്ക്കുള്ള പങ്കു വളരെ വലുത് തന്നെ. .
എന്തായാലും  പുതിയ തലമുറ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് ഉചിതമായ  പാതയില്‍ക്കൂടെ സഞ്ചരിയ്ക്കട്ടെ. ശാന്തിയും സമാധാനവും ആനന്ദവും വര്‍ണ്ണാഭമാക്കിയ പാതയില്‍ക്കൂടി ......

നാലര പതിറ്റാണ്ട് മുന്നേ പ്രസിദ്ധീകരിച്ച ഈ നോവലിന് കുങ്കുമം അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ചരിത്രസംഭവം രേഖപ്പെടുത്തിയ ഈ നോവലിന് വേണ്ട അംഗീകാരം ലഭിച്ചിട്ടില്ലാ എന്നൊരു തോന്നല്‍. ഒരു പക്ഷെ, പ്രത്യേക വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങളിലെ സംഭവങ്ങളായത് കൊണ്ടായിരിയ്ക്കുമോ?

ഒരിക്കല്‍ നാട്ടില്‍ വന്നപ്പോളാണ്‌ 'യജ്ഞം' എന്ന പുസ്തകം  കാണുന്നത്. ഒറ്റയിരിപ്പില്‍ ഇരുന്നു വായിച്ചു തീര്‍ത്തു. പിന്നീട് കാശിയിലായിരുന്നപ്പോള്‍,  ഗംഗയുടെ പടവുകളില്‍ ധ്യാനിച്ചിരിയ്ക്കുന്ന നരച്ച താടിയും, തലമുടിയുമുള്ള  ശുഭ്റ വസ്ത്രധാരിയായ ഒരു സന്യാസിയെ കണ്ടുമുട്ടണേ  എന്ന് പ്രാര്‍ത്ഥിച്ചു. ഓരോ സന്യാസിയേയും ശ്രദ്ധിച്ചു നോക്കി. ഒരു മലയാളി നമ്പൂതിരി ലുക്ക്‌ ഉണ്ടോ?  ( ഈ സന്യാസി ഒരു കഥാസൃഷ്ടി മാത്രമാണ് എന്ന് അംഗീകരിയ്ക്കാത്ത മനസ്സ് ! സാവിത്രിയും കുട്ടനും അച്ഛനെ സന്ദര്‍ശിക്കാന്‍ വരുമ്പോള്‍ നങ്ങേമ കൂടെ ഉണ്ടാവണേ എന്നും ആഗ്രഹിച്ചിരുന്നു !!) 

ഗംഗയുടെ തീരത്തെ വാസം, ആ പുണ്യ നദിയെപ്പോലെ കുഞ്ഞുക്കുട്ടന്റെ മനസ്സും പാകപ്പെടുത്തിയതില്‍ അദ്ഭുതം തോന്നിയില്ല. ഒന്ന് മുങ്ങി നിവര്‍ന്നാല്‍ മതി, സര്‍വപാപങ്ങളും ഏറ്റുവാങ്ങുന്ന ഗംഗാമയ്യാ !. 
കണ്ണെത്താത്ത ദൂരത്തില്‍ സദാ അനവരതം ഒഴുകുന്ന ഗംഗാമാതാവ് ഒറ്റനോട്ടത്തില്‍ത്തന്നെ സാവിത്രിയുടെ ദുഃഖവും ഏറ്റുവാങ്ങിയിരിയ്ക്കും !

 ഈയിടെ 'യജ്ഞം'  സിനിമയായി ഇറങ്ങിയപ്പോള്‍ തോന്നി, നോവലിസ്റ്റ്നു ലഭിയ്ക്കാതെപോയ അംഗീകാരം ഇതാ മുതലും പലിശയുമായി തിരിച്ചു കിട്ടുന്നു, എന്ന്. ഒരു പേരക്കുട്ടിയ്ക്കും  ഇതിലും വലിയൊരു അംഗീകാരം, സ്നേഹ സമ്മാനം തന്റെ മുത്തശ്ശിയ്ക്ക് കൊടുക്കാനുണ്ടാകില്ല. ഒരു കാലഘട്ടത്തിന്‍റെ ചരിത്രം, ബ്രുഹത്തായൊരു സംഭവം, ഏതാനും താളുകളില്‍ക്കൂടി പറഞ്ഞു ഫലിപ്പിച്ചത്, മിടുക്കിയായ പേരക്കുട്ടി 40 മിനുട്ടുകള്‍ മാത്രം ദൈര്‍ഘ്യമുള്ള ഹ്രസ്വ സിനിമയാക്കി മാറ്റി പൊതുജന സമക്ഷം സമര്‍പ്പിച്ചിരിയ്ക്കുന്നു. രഞ്ജനയുടെ ഉദ്യമം  അഭിനന്ദനീയാര്‍ഹം തന്നെ. കഥാപാത്രങ്ങളായി ആരും തന്നെ  ഇതില്‍ അഭിനയിച്ചിട്ടില്ല. നേരെമറിച്ച് ജീവിച്ചു കാണിച്ചുതരികയാണ്.

ഈയിടെ വീണ്ടും 'യജ്ഞം' കയ്യിലെടുത്തപ്പോള്‍ വായിച്ചിട്ടും വായിച്ചിട്ടും തീരുന്നില്ല !! വായിച്ചു കഴിഞ്ഞ പുസ്തകം ദൂരെ മാറ്റിവെച്ചെങ്കിലും അതിലെ 
കഥാപാത്രങ്ങള്‍ നമ്മുടെ കൂടെത്തന്നെയുണ്ട് എന്ന തോന്നൽ !
ഒരു കാലഘട്ടത്തിന്റെ കഥ അനശ്വരമാകുകയാണ് !

ഒന്നുറപ്പായി. യജ്ഞത്തിന് കാലഹരണമില്ല.

No comments:

Post a Comment