സംക്രാന്തി
ഇന്ന് ൧൧൯൯ മിഥുനം ൩൧ (ജൂലൈ 15, 2024)
പകല്‍ പത്തുമണിയോടെ കര്‍ക്കിടക സംക്രമം തുടങ്ങും.
"പോട്ടിപോ, ശ്രീപോതിവാ"
'പൊട്ടിയെ കളയല്‍' എന്ന പഴയ ആചാരം ഇന്ന് കേട്ടുകേള്‍വി മാത്രമായി തീര്‍ന്നിരിക്കുന്നു. വീട്ടിലെ പാഴ്വസ്തുക്കളും മറ്റും തൂത്തുവാരി എറിഞ്ഞ് വീടിന്‍റെ ചുറ്റും ചാണകം തളിച്ച് ശുദ്ധമാക്കി ശ്രീഭഗവതിയെ സന്ധ്യയോടെ ഭക്ത്യാദരപൂര്‍വം വീട്ടില്‍ കുടിയിരുത്തുക പതിവായിരുന്ന ഒരു കാലമുണ്ടായിരുന്നു.
കുട്ടികളായ ഞങ്ങള്‍ക്ക് അതൊരു വലിയ ആഘോഷം തന്നെയായിരുന്നു. ഉച്ചതിരിഞ്ഞാല്‍ പിന്നെ ഇരിക്കപ്പൊറുതിയില്ല. ഇരിക്കണമ്മാമരുടെ പിന്നാലെ കൂടും. അവരാണ് പഴയ മുറവും ചൂലുമെടുത്തു എല്ലാമുറികളിലും കയറി 'ചേട്ടാഭഗോതി'യെ പുറത്തേക്ക് ഓടിക്കുന്നത്. 'പൊട്ടി പോ', 'ശീ പോതി വാ' എന്ന് ഞങ്ങള്‍ അവരുടെ കൂടെ പിന്നാലെ നടക്കും. 'ചേട്ടാ ഭഗവതി പുറത്ത്', 'ശ്രീഭഗവതി അകത്ത് ' എന്നും വായ് തോരാതെ പറഞ്ഞ് കൊണ്ടിരിക്കും. ലക്ഷ്മിയമ്മയാണ് ചേട്ടാഭഗവതി എന്നപോലെ.ഞങ്ങള്‍ അവരെ ആട്ടിയോടിക്കാറുണ്ടായിരുന്നു. സ്പീഡില്‍ നടക്കുന്ന അവരുടെ പിന്നാലെ മിറ്റത്തേക്ക് ഞങ്ങളും. പൊട്ടമുറവും കുറ്റിച്ചൂലുമായി തെക്കേ പടി കയറിപ്പോകുന്നത് ഞങ്ങള്‍ നോക്കി നില്‍ക്കും. ആദ്യത്തെ കയറ്റം കഴിഞ്ഞാല്‍ അവര്‍ അപ്രത്യക്ഷയാകും. വളവിലുള്ള ഇടുക്കില്‍ അതെല്ലാം കത്തിച്ച് തിരിഞ്ഞ് നോക്കാതെ പോരും. നേരെ കുളത്തിലേക്കാണ് പോകുക. ഞങ്ങള്‍ അകത്തുകടന്നു വാതില്‍ ചാരി കാത്തുനില്‍ക്കും. ലക്ഷ്മിയമ്മ കുളിച്ചു ഈറ നോടെ വന്ന് കെഴുക്കിനിയുടെ വടക്കോട്ടുള്ള വാതിലില്‍ മുട്ടും. അപ്പോള്‍ ഞങ്ങള്‍ ചോദിക്കും---ആരാത് ? മറുപടി --ശ്രീപോതീം മക്കളും. അങ്ങിനെ 3 പ്രാവശ്യം ചോദിക്കും. ഉത്തരം പറഞ്ഞാലേ വാതില്‍ തുറക്കൂ......ഞങ്ങള്‍ക്കും വലിയ ആശ്വാസമായി. ശ്രീഭഗവതി നമ്മുടെ വീട്ടില്‍ കയറിയല്ലോ!
സ്പന്ദനങ്ങള് :-പഴയ പോസ്റ്റ്.
കൊല്ലവര്ഷം ൧൧൯൦ (1190)കര്ക്കടകം 1 .ജൂലൈ 17. 16നു രാത്രി 3.30..നു സംക്രമം തുടങ്ങി.
സംക്രമസന്ധ്യയോടെ ചേട്ടാഭാഗവതിയെ ആട്ടിയോടിച്ചു ശ്രീഭഗവതിയെ മച്ചില് പ്രതിഷ്ഠiയ്ക്കുക പതിവാണ്.
കൊല്ലവര്ഷത്തെ അവസാനമാസത്തിനു ഏറെ പ്രത്യേകതകളാണ്. പുതുവര്ഷത്തെ സ്വീകരിയ്ക്കാന് മനുഷ്യരും പ്രകൃതിയും ഒരുപോലെ ശു.ചീകരണപ്രക്രിയയില് ഏര്പ്പെട്ടിരിയ്ക്കുന്നു..തോരാത്ത മഴ. സൂര്യനെ കാണുന്നത് തന്നെ അപൂര്വ്വം. 'പഞ്ഞമാസം', 'കള്ളക്കര്ക്കടകം' എന്നൊക്കെ ശകാരപ്പേരുകള് ഉണ്ടെങ്കിലും ഇതൊരു ഭക്തിസാന്ദ്രമായ മാസം തന്നെ. ക്ഷേത്രങ്ങളും വീടുകളും രാമനാമമുഖരിതം.
ഓര്മ്മവെയ്ക്കുന്നകാലത്ത് ആദ്യത്തെ 12 ദിവസം തിരക്കുപിടിച്ച ആചരണങ്ങള് നിറഞ്ഞവ. കുളിയ്ക്കുമ്പോള്‍ പച്ചമഞ്ഞളും, ആവണക്കിന് കുരുവും കൂട്ടി അരച്ച് നെറ്റിയിലും മറ്റും കുറിയിടണം.
കുളിച്ചു വന്നാല് സാധാരണയുള്ള കുറിയിടലും കറുകമാല ചൂടലും തേവാരവും കൂടാതെ നാല്പാമരം കുറിയിടല്, കറുക ഉഴിയല്....
വെറും വയറ്റില് ഓരോ ദിവസവും ഓരോ പ്രത്യേക വിഭവം കാത്തിരിയ്ക്കുന്നുണ്ടാകും. മുത്തശ്ശിയമ്മമാര് തരുന്ന കരിമ്പ് കഷ്ണം, തവിടപ്പം, കിഴങ്ങ് ചുട്ടത്, തുടങ്ങി ഔഷധരൂപത്തിലുള്ള പലതും ഭക്തിപൂര്‍വ്വം കഴിക്കണം. ഒരു ദിവസം മയിലാഞ്ചിയിടണം. ഈ 12 ദിവസങ്ങളില് ഒരു ദിവസം പത്തിലക്കറി വെച്ച് കഴിയ്ക്കണം. ഓരോ ദിവസവും വ്യത്യസ്തമായ പാചകം തന്നെ. ശരീര സംബന്ധമായ കാര്യങ്ങളില് ഏറ്റവും ശ്രദ്ധ പതിപ്പിയ്ക്കേണ്ട സമയം. .
12 ദിവസവും ഗണപതിഹോമം, ഭഗവല്സേവ....ഗണപതിഹോമ സമയത്ത് 108 ഏത്തം ഇടണം. സന്ധ്യയ്ക്ക് ഭഗവതി സേവ സമയത്ത് നമസ്ക്കാരം....ഭക്തിസാന്ദ്രമായ സുപ്രഭാതങ്ങളും സന്ധ്യകളും.
കുറച്ചു കൂടെ വലുതായപ്പോള്‍ സുന്ദരകാണ്ഡം ഈ മാസത്തില് വായിച്ചാല്‍ നല്ലതാണെന്ന് മുത്തശ്ശിയമ്മമാര് പറഞ്ഞതുകേട്ട് രാമായണം വായന........
സൂര്യന് ഉത്തരായനത്തില് നീന്നും ദക്ഷിണായനത്തിലെയ്ക്ക് എത്തിയിരിക്കുന്നു.വരുംനാള്കളില് ഹ്രസ്വമായ പകലുകള്‍....ഏവര്ക്കും നല്ല കര്ക്കിടക രാപ്പകലുകള് ആശംസിച്ചു കൊള്ളട്ടെ .......
No comments:
Post a Comment