Tuesday, 27 February 2024

യാത്ര ---വാല്മീകി ആശ്രമം -f

 UMA Payyoor: 

December 10, 2015 ·
 
സ്പന്ദനങ്ങള്‍ 
 
യാത്രകള്‍ :----വാല്മീകി നഗര്‍.
;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;

അമ്മിണീ, 

എഴുതാന്‍ തുടങ്ങിയപ്പോളാണ് ഈ യാത്രാവിവരണവും  നിനക്കുള്ളതാകട്ടെ എന്ന് തീരുമാനിച്ചത്. പ്രത്യേകിച്ച് നിന്റെ അമ്മകൂടി സഹായാത്രികയാണല്ലോ !

ഈ യാത്രയും അവിചാരിതമായി സംഭവിച്ചതായായിരുന്നു.  

1976 ജനുവരി ആദ്യവാരം. സമയം രാത്രി 10 മണി. ഫീല്‍ഡില്‍ പോകാന്‍ പാക്കിംഗ് ഒക്കെ കഴിഞ്ഞ്  റെഡിയായിരിക്കുകയാണ് രണ്ടുപേരും--മുത്തശ്ശനും, ഹൈഡ്രോ ജിയോളോജിസ്റ്റ് ആയ ഞങ്ങടെ കൂടെ താമസിയ്ക്കുന്ന റെഡ്ഡി ഭൈയ്യയും. ആഫീസ് ജീപ്പിലാണ് പോകുന്നത്. ഗോരഖ് പൂരിലെക്കാണ് യാത്ര. ഇത്തവണ കുറച്ചധികം ദിവസം അവിടെ ക്യാമ്പ്‌ ഉണ്ട്. 

പെട്ടെന്ന് റെഡ്ഡി ഭയ്യ ---ചലോ, ബാബാ ! ഇധര്‍ അകേലെ  ബൈഠ്കര്‍ ക്യാ കരേന്ഗെ?"
ജീവിതത്തിലെ സഹയാത്രികന്റെ ഭാവം നോക്കി. 'പോരുന്നുണ്ടോ' എന്ന ഒരു ചോദ്യം. മറുപടി പറയാതെ ചാടി എഴുന്നേറ്റു വേണ്ടതൊക്കെ കെട്ടിപ്പെറുക്കി ബാഗിലാക്കി നല്ല ഉറക്കത്തിലാണ്ട നിന്‍റെ അമ്മയേയും എടുത്തു തോളിലിട്ട് മിനിട്ടുകള്‍ കൊണ്ട് തയാറായി. (ഇതൊന്നുമറിയാതെ ഏഴുമാസം പ്രായമായ നവീനമ്മാമന്‍ നിശ്ശബ്ദനായി അമ്മമ്മയുടെ വയറ്റില്‍ക്കിടക്കുന്നുണ്ടായിരുന്നു.) 
                          
 (സാധാരണ ഉദ്യോഗസ്ഥര്‍ ഓഫീ സ് ഡ്യുട്ടിയില്‍ പോകുമ്പോള്‍ ഭാര്യമാരെ കൂടെ കൊണ്ടുപോകുക പതിവില്ല. പക്ഷേ, നിവൃത്തിയുള്ള സ്ഥലങ്ങളിലേക്കെല്ലാം ആദ്യം മുതലേ അമ്മമ്മ മുത്തശ്ശൻറെ കൂടെ പോകുക പതിവാക്കിയിരുന്നു.)

ബനാരസ്സില്‍ നിന്നും 250 കി.മീ ലധികം ദൂരമുണ്ട് ഗോരഖ്പൂരിലേയ്ക്ക്. അവിടെ നിന്നും ഏതാനും കി.മീ ദൂരത്തുള്ള 'ഭട്ഹട്' എന്ന ഗ്രാമത്തിലേക്കാണ് പോകുന്നത്. ഓഫീസിലെ  Ground Water Investigation Team ഇവിടെ ക്യാമ്പ്‌ തുടങ്ങിയിട്ട് ദിവസങ്ങളായി. 
 
അന്നൊക്കെ  മുത്തശ്ശന്റെ ഓഫീസിൽ ഉള്ള ശാസ്ത്രജ്ഞരും മറ്റും യു.പി, ബീഹാര്‍ ഫീല്‍ഡ് യാത്രകളെല്ലാം രാത്രികാലങ്ങളിലാണ് പതിവ്. പ്രധാനകാരണം സുരക്ഷതന്നെ. പകലത്തെക്കാള്‍ റോഡുകള്‍ സജീവമാകുന്നത് അപ്പോളാണ്. ഈ ഭാഗങ്ങളിൽ കൊള്ളയും കൊലയുമൊക്കെ സാധാരണ സംഭവങ്ങളാണ്. പട്ടാപ്പകലും സ്ഥിതി അങ്ങനെയൊക്കെയാണ്. രാത്രി കാലങ്ങളിൽ ഓരോ അഞ്ചു മിനുട്ടിലും ഒരു ട്രക്ക് ഹൈവേയില്‍ക്കൂടെ  പോകുന്നുണ്ടാകും. അതിനാൽ വഴിവക്കിലുള്ള 'ഢാബ'കള്‍ എപ്പോഴും തുറന്നിരിയ്ക്കും. ഇടയ്ക്ക് അവിടെ കയറി ചായ കുടിയ്ക്കാം. ആവശ്യപ്പെട്ടാൽ ചപ്പാത്തിയും കറിയും ചൂടോടെ ഉണ്ടാക്കിത്തരികയും ചെയ്യും. മിറ്റത്ത് കിടക്കുന്ന 'ചാര്പായ്' ( ഒരുതരം കയറ്റുകട്ടില്‍) യില്‍ക്കിടന്നു ഒന്ന് നടുനിവര്ക്കുകയും ആവാം. അങ്ങിനെ അര്‍ദ്ധരാത്രിയിലും ഒട്ടൊക്കെ സജീവമാകുന്ന വഴിയോരങ്ങള്‍.  

റോഡുകളുടെ സ്ഥിതി പറയാതിരിയ്ക്കുകയാണ് ഭേദം. അധികം വീതിയില്ല. വേണ്ടുവോളം കുണ്ടും കുഴികളും. നൂറ്റാണ്ടുകള്‍ക്കുമുന്പ് പണി കഴിപ്പിച്ചതാകാം. പിന്നീട് രാജ്യം ഭരിച്ചവർ കാര്യമായ 'റിപൈര്‍' ഒന്നും ചെയ്യിച്ചിട്ടില്ലാ എന്ന് തന്നെ പറയാം.

പാട്ടുപാടിയും, വര്‍ത്തമാനം പറഞ്ഞും രാത്രി മുഴുക്കെ വണ്ടി ഓടിച്ചു അതിരാവിലെ 6 മണിയോടെ 'ഭട്ഹട്' ഗ്രാമത്തിലെ p w d കൊമ്പൌണ്ട് ഗേറ്റിനു മുന്നിലെത്തി. രാത്രി മുഴുവൻ മടിയില്‍ക്കിടന്നു സുഖമായി ഉറങ്ങിയ കുട്ടി പതിവുപോലെ അഞ്ച് മണിയ്ക്ക് തന്നെ ഉണര്‍ന്നിരുന്നു. സൂര്യന്‍ ഉദിച്ചിട്ടില്ല. ചുറ്റും നല്ല മൂടല്‍മഞ്ഞ്.
 
കമ്പിക്കാലില്‍  ഉയര്‍ത്തിക്കെട്ടിയ കമ്പിവേലികൊണ്ടുള്ള സുരക്ഷാ മുറിയില്‍  തോക്കു പിടിച്ച് നില്‍ക്കുന്ന രണ്ട് കാവൽക്കാര്‍ ഉറക്കെ ശബ്ദം ഉണ്ടാക്കി. അതേ സ്വരത്തില്‍ മറുപടി കിട്ടിയപ്പോള്‍ ആളെ അറിഞ്ഞതിനാല്‍ അവര്‍ പ്രത്യഭിവാദ്യം ചെയ്ത് ഗേറ്റ് തുറന്നു. കൊള്ളക്കാരുടെ നാടായ കാരണം ഉദ്യോഗസ്ഥര്‍ക്ക് നല്ല സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്.

 വളരെ വിശാലമായ കോംപോണ്ടിന്‍റെ വലതു ഭാഗത്തുള്ള ചെറിയ ഒരു ഒരു കെട്ടിടത്തിനു മുന്‍പില്‍ ജീപ്പ് നിര്‍ത്തി. ചെന്നു കയറുന്നത് ചെറിയൊരു കെട്ടിടത്തിന്റെ വരാന്തയിലേക്ക്. നേരെ കാണുന്നത്‌ ഓഫീസ് മുറി. സീനിയര്‍ സര്‍വേയര്‍മാരായ വര്‍ഗ്ഗീസും, ലോകനാഥനും അതില്‍ത്തന്നെയാണ് താമസം. ഇടത്ത് ഭാഗത്തുള്ള ചെറിയ മുറിയാണ് അടുക്കള. വലതുഭാഗത്ത്‌ ഒരു കുളിമുറിയും, കക്കൂസും. ഈ കെട്ടിടത്തിനു തൊട്ടപ്പുറത്ത് ഒരു ചെറിയ ഒറ്റമുറിയുണ്ട്. അവിടെയാണ് ഞങ്ങള്‍ താമസിക്കാന്‍ പോകുന്നത്. 

കെട്ടിടത്തിന്‍റെ മുന്നിലായി കുറച്ച് അപ്പുറത്ത് അഞ്ചോ ആറോ വലിയ ടെന്റുകള്‍. നല്ല ഭംഗിയുള്ള ഈ കൂടാരങ്ങളില്‍ നാലോ  അഞ്ചോ പേര്‍ക്ക് സുഖമായി കഴിയാമത്രേ. കാമ്പിലുള്ളവർ മിക്കവരും കൊടും തണുപ്പാണെങ്കിലും നേരത്തെ എണീറ്റ് പ്രഭാത കാര്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്നു. 7 മണിയോടെ മിക്കവര്‍ക്കും  ഫീല്‍ഡ് വര്‍ക്കിന് പോകണമത്രേ.

ഊഷ്മളമായ സ്വീകരണവും, നല്ല ചുടു ചായയും യാത്രാ ക്ഷീണം പറപറത്തി. പുതിയ ചുറ്റുപാടില്‍ തീരെ അപരിചിതത്വം ഇല്ലാതെ കുട്ടി ഉത്സാഹമായി ഓടി നടന്നു. (അല്ലെങ്കിലും അമ്മക്ക് അങ്ങിനെ പരിചയക്കേടോ വാശിയോ ഒന്നും ഉണ്ടായിരുന്നില്ല. അത്യാവശ്യം വികൃതികള്‍ ഒപ്പിക്കും.) 

അതിരാവിലെ വിചാരിച്ച സമയത്തൊന്നും ചായ കിട്ടിയെന്നു വരില്ല. ഇത്രയധികം പേര്‍ക്ക് ചായയും, പ്രഭാത ഭക്ഷണവും ഒരുക്കാന്‍ 2 പേരും അവര്‍ക്ക് ഒരു സഹായിയും. 3 പേരും 'ഭട്ഹട്ട്' ഗ്രാമക്കാര്‍ തന്നെ. പാചകത്തിന്. 2 മണ്ണെണ്ണ സ്ടൌവ്വുമാണ് ഉള്ളത്. പുറത്ത് വിറകടുപ്പും. ഫീല്‍ഡില്‍ പോകുന്നവര്‍ക്ക് നേരത്തെ പൊറോട്ടയും, സബ്ജിയും ഉണ്ടാക്കിക്കൊടുക്കും. അപ്പോളേയ്ക്കും വെയില്‍ പരന്നിട്ടുണ്ടാകും. കഠിനമായ തണുപ്പുണ്ടെങ്കിലും പകല്‍സമയത്ത് നല്ല വെയിലുള്ളത് ആശ്വാസം തന്നെ. ബാക്കിയുള്ളവര്‍ വെയിലത്തിരുന്നാണ് ഓഫിസ് ജോലിയും, ഭക്ഷണം കഴിയ്ക്കലുമൊക്കെ. ഫീല്‍ഡില്‍ പോയവര്‍ മൂന്നു മണിയോടെ തിരിച്ചെത്തും. ഇതിന്നിടയില്‍ കുളിക്കാനുള്ള ചൂടുവെള്ളം പുറത്ത് തീക്കൂട്ടി വെച്ചിട്ടുണ്ടാകും.രാത്രിഭക്ഷണം മുറിയില്‍ കൊണ്ടുവന്നു തരും. പുറത്ത് അസാദ്ധ്യ തണുപ്പാണ്.) 
സന്ധ്യ കഴിഞ്ഞാല്‍പ്പിന്നെ രാവിലെ 7 മണിവരെ കയ്യെത്തുന്ന ദൂരത്തു ഒരാള്‍ നിന്നാല്‍ പോലും  കാണില്ല. അത്രയും ശക്തിയായ മൂടല്‍മഞ്ഞുണ്ട്. അടുത്ത കാലത്തൊന്നും ഇത്രയ്ക്ക് തണുപ്പോ മൂടൽ മഞ്ഞോ ഉണ്ടായിട്ടില്ല എന്ന് ആ നാട്ടുകാര്‍ പറയുന്നു.

മഹാരാഷ്ട്രയിലെ ബാരാമതിയിൽ ഓസ്ട്രേലിയക്കാരായ മദാമ്മമാരുടെ വീടിന്റെ ഒരു ഭാഗത്തുള്ള വലിയ നീണ്ട വരാന്തയിൽ അമ്മക്ക് ഒരു വയസ്സ് ആകും മുന്നേ രണ്ട് മാസത്തോളം താമസിച്ചിട്ടുണ്ട്. അതേ സ്ഥലത്ത് അതിനു മുന്പ് പോയിരുന്നപ്പോള്‍ യൂറോപ്യന്‍ രീതിയില്‍ പണിത വലിയ ബംഗ്ലാവിലാണ് താമസിച്ചിരുന്നത്. ഭക്ഷണം പാകം ചെയ്യാന്‍ ഓഫീസിലെ മഹാരാഷ്ട്രക്കാരനായ പാണ്ഡു കൂടെ ഉണ്ടായിരുന്നു. (ചപ്പാത്തി ഉണ്ടാക്കാന്‍  പാണ്ഡുവാണ് പഠിപ്പിച്ചത്.) എവിടെ താമസിക്കുന്നുവോ, എങ്ങിനെ താമസിക്കുന്നുവോ എന്നതിനേക്കാള്‍ താമസിയ്ക്കുന്ന ചുറ്റുപാടുകളുമായി എങ്ങിനെ ഇഴുകിച്ചേരുന്നു എന്നതാണ് പ്രധാനം. (അനുഭവപാഠം).   

പാചകക്കാരനായ ശിവബച്ചന്‍ പിന്നീട് ബനാറസ്‌ ഓഫീസില്‍ ജോലിക്കാരനായി ചേര്‍ന്നു. സഹായി ആയ ഇദ്രീസ് ബനാറസ് ഓഫീസിലെ വാച്ച്മാന്‍ ആയും. (എന്നും രാത്രി മുറിയിലേക്ക് ഇദ്രീസ് ആണ് ഭക്ഷണം കൊണ്ടുവന്ന് തന്നിരുന്നത്.)  ഇവരെയൊന്നും ഒരുകാലത്തും മറക്കാന്‍ വയ്യ. മഹാപാവങ്ങള്‍. ആവശ്യത്തിലും കവിഞ്ഞുള്ള വിധേയത്വമുള്ളവര്‍ !

 കൊള്ളയും കൊലയും തൊഴിലാക്കിയവരും ഇവിടെ ഗ്രാമങ്ങളില്‍ ധാരാളമാണത്രേ ! നാട്ടില്‍ ചില്ലറ മോഷണങ്ങള്‍ നടത്തുന്നവരെ, 'മോഷ്ടാക്കളെ' മാത്രം കണ്ടും കേട്ടും വളര്‍ന്നവര്‍ക്ക് ആ ഭാഗങ്ങളില്‍ നടക്കുന്ന കളവുകളും, കൊള്ളകളും അദ്ഭുതം ഉണ്ടാക്കുന്ന സംഭവങ്ങളാണ്. പഴയ ഡിറ്റക്ടീവ് നോവലുകളില്‍ വായിച്ചറിഞ്ഞ, അക്കാലത്ത് കണ്ടിരുന്ന ഹിന്ദി സിനിമകളില്‍ കണ്ടിരുന്ന കൊള്ളക്കാര്‍ (ഡാക്കു) എന്നത്‌ വെറും ഒരു പദമല്ല, ശരിയ്ക്കും അന്നാട്ടുകാരുടെ കൂടെ കഴിയുന്നവര്‍ എന്നറിയുമ്പോള്‍ വിശ്വസിയ്ക്കാതിരിക്കാന്‍ പറ്റില്ല. ഗ്രാമങ്ങളില്‍ നടക്കുന്ന 'dacoity', പട്ടാപ്പകല്‍ നടക്കുന്ന പിടിച്ചുപറി--ഇതെല്ലാം സാധാരണ സംഭവങ്ങള്‍ ആണ് ഇവര്‍ക്ക്. അടുക്കളപ്പണിയ്ക്കിടെ ഇത്തരം കഥകള്‍ അവര്‍ പങ്കുവെയ്ക്കും. ഗ്രാമീണരില്‍ പലരും ദാരിദ്ര്യം, വിദ്യാഭ്യാസമില്ലായ്മ തുടങ്ങിയ കാരണങ്ങൾ കൊണ്ട് ചൂഷണം ചെയ്യപ്പെടുകയാണ്. 
  
വെറുതേയിരിക്കുകയല്ലേ, ഇടയ്ക്കു അടുക്കളയില്‍ കയറി സാമ്പാര്‍ ഉണ്ടാക്കാറുണ്ട്. അത് കാമ്പിലെ എല്ലാവര്‍ക്കും  ഇഷ്ടമുള്ള  വിഭവമാണ്. ഒരു ദിവസം 2 ഇടിച്ചക്ക കിട്ടി. അതുകൊണ്ടു എന്ത് കറി ഉണ്ടാക്കണമെന്ന കാര്യത്തില്‍. ചൂടുപിടിച്ച ചര്‍ച്ചയായി. ഒടുവില്‍ കുറച്ചു നമ്മുടെ നാടൻ  ഇടിച്ചക്ക ഉപ്പേരിയും ബാക്കികൊണ്ട്  ബംഗാളികള്‍ കടുകെണ്ണയില്‍ പാചകം ചെയ്യുന്ന ഒരു സബ്ജിയും ഉണ്ടാക്കാമെന്ന് തീരുമാനമായി. എല്ലാവര്‍ക്കും വലിയ സന്തോഷം. മലയാളിക്കും, തമിഴനും തെലുങ്കനും ബന്ഗാളിക്കും യുപിക്കാരനും ബീഹാറുകാരനും രാജസ്ഥാന്‍കാരനും. 

അങ്ങിനെ ക്യാമ്പ്‌ ജീവിതം ആസ്വദിച്ച് ഇരിയ്ക്കവേ, ഒരു നാള്‍ പ്രസിദ്ധമായ 'ഗോരഖ് നാഥ്'  ക്ഷേത്രത്തില്‍ പോയി. വളരെ വലിയ അമ്പലം. 11-ആം നൂറ്റാണ്ടില്‍, 'നാഥസമ്പ്രദായ' ക്കാരായ സന്യാസി സംഘത്തിന്‍റെ സ്ഥാപകനായ മത്സ്യെന്ദ്രനാഥനാണ് ഗോരഖ്നാഥക്ഷേത്രം പണികഴിപ്പിച്ചതത്രേ. (നാഥ സമ്പ്രദായം പിന്തുടരുന്ന സന്യാസിമാര്‍       അവധൂതന്മാരെപ്പോലെയാണ്. എന്ന് വെച്ചാല്‍ പരിപൂര്‍ണ്ണമായും ലൌകീക സുഖങ്ങള്‍ ഉപേക്ഷിച്ച സന്യാസി എന്ന് പറയാം). മകര സംക്രാന്തി ഗോരഖ്നാഥന് പ്രധാനമാണ്. ആ ദിവസം  അവിടെ കേമമായി കൊണ്ടാടുന്നു. 

വിശ്വപ്രസിദ്ധമായ 'ഗീതാപ്രസ്' ഗോരഖ് പൂരില്‍ ആണ്. നമുക്ക് ലഭിക്കുന്ന മിക്ക പുരാണങ്ങളും അദ്ധ്യാത്മിക പുസ്തകങ്ങളും ഈ പ്രസ്സിലാണ് അച്ചടിച്ച് വരുന്നത്.

കാശിയില്‍ ഞങ്ങള്‍ താമസിയ്ക്കുന്ന വീടിന്റെ ഉടമസ്ഥ, ശ്രീമതി മിഠായി റാണാ നേപ്പാള്‍കാരിയാണ്. അവരുടെ ഇളയ മകളുടെ ഭര്‍ത്താവാണ്, ഗോരഖ്പൂരിലെ ഡി എസ് പി          ആയിരുന്ന ശ്രീ ബിസ്ത്. അദ്ദേഹത്തിനെ കാണാനും പോയി. (ശ്രീമതി റാണയുടെ രണ്ടാമത്തെ മകളുടെ കുട്ടികള്‍ അമ്മയുടെ കൂട്ടുകാരികള്‍ ആയിരുന്നു. അമ്മയുടെ രത്നാ ദീദിയും മീനയും. ഇവര്‍ ഒരുമിച്ചാണ് സൈക്കിള്‍ റിക്ഷയില്‍ സ്കൂളില്‍ പോയിരുന്നത്. അവരുടെ പോലെ അമ്മയും നേപ്പാളി ഭാഷയില്‍ സംസാരിച്ചിരുന്നു.)

ഗോരഖ്പൂരില്‍ നിന്നും ഏതാനും കി.മീ ദൂരെ ഇന്ത്യന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന 'ത്രിവേണി' ഗ്രാമമാണ് ശ്രീമതി റാണയുടെ ജന്മസ്ഥലം. ഹിമാലയത്തില്‍ നിന്നും പുറപ്പെടുന്ന സോന്‍ നദി, പഞ്ചനദ്, ഗന്ടക് എന്നീ മൂന്ന് നദികളുടെ സംഗമസ്ഥലമായതിനാലാണ് ത്രിവേണി എന്നപേര്‍ ആ ഗ്രാമത്തിനു വന്നത്.

ഗോരഖ്പുരിലെ 'ഫീല്‍ഡ് വര്‍ക്ക്‌'കഴിയാറായി. ഒന്നരമാസം പെട്ടെന്ന് കടന്നുപോയി. പോരുന്നതിന്റെ മുന്‍പേ പതിവുപോലെ എങ്ങോട്ടെങ്കിലും ഒരു യാത്ര പോകണമെന്ന് തീരുമാനിച്ചു. തുടര്‍ച്ചയായ, വിശ്രമമൊന്നുമില്ലാത്ത പണികള്‍ അവസാനിച്ചാല്‍, ചെറിയൊരു വിനോദയാത്ര നടത്തുക സാധാരണ പതിവാണ്. അധികം ആരും പോകാത്ത സ്ഥലമാണ്‌ തിരഞ്ഞെടുക്കാറ്. ഇത്തവണ യാത്ര "വാല്മീകിനഗറി" ലേക്ക് ആകാമെന്ന് ലോകനാഥന്‍ അഭിപ്രായപ്പെട്ടു. അയാള്‍ മുന്‍പ് പോയിട്ടുണ്ട്, നല്ല സ്ഥലമാണെന്നും  പറഞ്ഞു. 

ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂര്‍-ലാണ് ശ്രീരാമജന്മഭൂമി. അയോദ്ധ്യയില്‍, 'ഫീല്‍ഡില്‍' പോയപ്പോള്‍ മുത്തശ്ശന്‍ അമ്മമ്മയുടെ അമ്മയെയും  അച്ഛനെയും  കൊണ്ടുപോയിട്ടുണ്ട്. ഇത്തവണ ശ്രീരാമന്റെ മക്കളുടെ ജന്മസ്ഥലം സന്ദര്‍ശിക്കാനുള്ള ഭാഗ്യമാണല്ലോ കിട്ടുന്നത് എന്നോര്‍ത്ത് സന്തോഷിച്ചു...

അങ്ങിനെ ഭട്ഹട്ടിലെ താമസം തീരാന്‍ രണ്ടോ മൂന്നോ ദിവസമുള്ളപ്പോള്‍  അതിരാവിലെ ഞങ്ങൾ നാല് പേരും, (ലോകനാഥനും, വര്ഗീസും, ഞങ്ങളും ) കുട്ടിയും യാത്രയ്ക്ക് റഡിയായി. കാമ്പിലെ മറ്റുള്ളവരോടു പ്രത്യേകിച്ചൊന്നും പറയാതെയാണ് യാത്ര പോകുന്നത്. കുട്ടിക്ക് കഴിക്കാനായി ഒരു ബാഗില്‍ കുറച്ചു പഴങ്ങളും, ഫ്ലാസ്കില്‍ വെള്ളവും കരുതി.

മൂടല്‍ മഞ്ഞിൽക്കൂടെ ഏതാനും കി.മീ യാത്രചെയ്ത് ഗണ്ഡക് കനാലിന്റെ ഗേറ്റ്നു മുന്നില് എത്തി. നേപ്പാളിന്റെ അതിര്ത്തി തുടങ്ങുകയായി. കനാല്‍ വഴി പോകണമെങ്കിൽ പ്രത്യേക പാസ് വേണം. ഞങ്ങളുടെ കയ്യിലാണെങ്കിൽ പാസ് ഇല്ല. ഇവര് ജോലി ചെയ്യുന്ന AFPRO (Action for Food Production എന്ന സ്ഥാപനത്തിലെ Ground Water Investigation Team, കനാൽ കടന്നുള്ള ബിഹാറിൻറെ ഭൂവിഭാഗങ്ങളിൽ സര്വേയ്ക്കും മറ്റുമായി ഈ വഴി ധാരാളം പോക്കുവരവ് നടത്തിയിട്ടുള്ളതിനാൽ ആരാണ്, എങ്ങോട്ടാണ് എന്ന് പറഞ്ഞപ്പോൾ വിശ്വാസമായി. എന്നാലും സ്വല്പം മടിയോടെയാണ് നേപ്പാളി ഗാര്ഡ് കനാൽ ഗൈറ്റ് തുറന്നു തന്നത്. ഉള്ളിൽ കടന്ന ഉടനെ ടെന്ടിൽ നിന്നും വേറൊരു ഗാര്ഡ് പുറത്തുവന്ന് വണ്ടി പരിശോധിക്കാന് തുടങ്ങി. കഷ്ടകാലത്തിനു വണ്ടിയുടെ എല്ലാ കടലാസുകളും കരുതിയിരുന്നില്ല. അതെങ്ങിനെയോ പറഞ്ഞു നേരെയാക്കിയപ്പോളെയ്ക്കും അടുത്ത പ്രശ്നം. ഡ്രൈവിംഗ് ലൈസന്സ്. അതും എടുത്തിട്ടില്ല. യാത്ര തുടരാൻ പറ്റില്ലെന്ന് തോന്നി. പക്ഷേ, എന്തൊക്കെയോ തരികിട പറഞ്ഞ്, സൈറ്റിലേക്കു അത്യാവശ്യമായി പോകേണ്ടതുള്ളത്കൊണ്ട് ധൃതിയിൽ പോന്നപ്പോൾ അബദ്ധം പറ്റിയതാണെന്ന് പറഞ്ഞു രക്ഷപ്പെട്ടു. .

നേപ്പാളിന്റെ ഭാഗത്തുള്ള ഹിമാലയത്തില്‍ നിന്ന് ഉത്ഭവിയ്ക്കുന്ന ഗന്ടക് നദി, വാല്മീകി നഗറില്‍ വെച്ചാണ് ഇന്ത്യയിലേക്ക്‌ പ്രവേശിയ്ക്കുന്നത്. കനാല്‍ റോഡില്‍ക്കൂടെയുള്ള യാത്ര വളരെ രസകരമാണ്. ഇടതു ഭാഗത്തു ജലസമൃദ്ധിയുള്ള നല്ല വീതിയുള്ള ഗണ്ഡക് കനാല്‍..വലത്ത് ഇടതൂര്‍ന്ന വെസ്റ്റേണ്‍ ചമ്പാരന്‍ കാടുകള്‍. ഇത് ഇന്ത്യന്‍ ഭൂമിയിലാണ്. ഏക്കറുകളോളം വ്യാപിച്ചുകിടക്കുന്ന ഈ കാടുകളെ ഘോരവനങ്ങളില്‍ പെടുത്താം. ഇന്ത്യ-നേപ്പാള്‍-ഇന്ത്യ അങ്ങിനെ ഇടകലര്‍ന്നാണ് കിഴക്കന്‍ ഭാഗത്തുള്ള  ഭൂവിഭാഗം കിടക്കുന്നത്.
ഇരുഭാഗങ്ങളിലെയും ഭൂപ്രകൃതി കണ്ട് കുറച്ചു ദൂരം മുന്നോട്ടുപോയി. മറ്റൊരു ചെക്പോസ്റ്റ് ന് മുന്നില്‍ വണ്ടി നിര്‍ത്തി. ഹോറന്‍ അടിച്ചിട്ടും ടെന്റില്‍ നിന്നും ആരും പുറത്തു വന്നില്ല. ഡ്യൂട്ടിയില്‍ ഉള്ളവര്‍ തണുപ്പത്ത് മൂടിപ്പുതച്ചു കിടന്നുറങ്ങുകയാകും. ലോകനാഥനും, വര്‍ഗീസും പുറത്തിറങ്ങി റോഡു ബ്ലോക്ക് ചെയ്തിട്ടിരുന്ന പഴയ ടയറുകള്‍ എടുത്തുമാറ്റി. വണ്ടി മുന്നോട്ടെടുത്തു.
കനാലിന്റെ ഭംഗി കണ്ടു പൊടിപാറുന്ന റോഡില്‍ക്കൂടെ കുറച്ചുകൂടെ യാത്രചെയ്ത് വലതുഭാഗത്തെയ്ക്ക് തിരിഞ്ഞു. ഇനിയുള്ള യാത്ര വെസ്റ്റേണ്‍ ചമ്പാരന്‍ കാടുകളില്‍ക്കൂടിയാണ്. ടാറിടാത്ത റോഡിന്റെ  ഇടതുഭാഗം നേപ്പാളിന്‍റെതും വലത് ഭാഗം ഇന്ത്യയുടേതുമാണ്.. 

ഏതാനും കി.മീ.ദൂരം യാത്ര ചെയ്തപ്പോള്‍ ആള്‍ത്താമസം ഉള്ള ഗ്രാമത്തിന്നടുത്തെത്തി. വഴിയാത്രക്കാരനോടു ത്രിവേണി ഗ്രാമത്തിലേക്കുള്ള വഴി ചോദിച്ചു. അങ്ങോട്ടേയ്ക്ക് ഉള്ള വഴിയാണെങ്കിലോ മഹാമോശം. റോഡ് എന്നുതന്നെ പറയാന്‍ പറ്റില്ല. എന്നാലും   പോയിനോക്കാം എന്ന് തീരുമാനിച്ചു.
വളരെ സാഹസികമായാണ് വണ്ടി അങ്ങോട്ടെടുത്തത്. (റോഡില്ലാത്ത സ്ഥലത്ത് കൂടിയും അതി വിദ്ഗ്ധമായി വണ്ടി ഓടിയ്ക്കുന്ന ആളാണ്‌ ചക്രം പിടിച്ചിരിയ്ക്കുന്നത്. അതുകൊണ്ട്  പരിഭ്രമം ഒട്ടും തോന്നിയില്ല.) അഗാധമായ കുഴികള്‍ കാണുമ്പോള്‍ ഇറങ്ങി നടക്കണമെന്ന് തോന്നിയിരുന്നു. അത്രയ്ക്ക് കുലുക്കമായിരുന്നു, വണ്ടിയ്ക്ക്. കൂടാതെ ഉള്ളിലിരുന്നു ഒരാള്‍ കുലുങ്ങുന്നതും മനസ്സിലാക്കിയിരുന്നു.
എങ്ങിനെയോ, ത്രിവേണി ഗ്രാമത്തില്‍ എത്തിപ്പെട്ടു. ഞങ്ങള്‍, കാശിയില്‍ ശ്രീമതി മിഠായി റാണയുടെ വീട്ടില്‍ താമസിക്കുന്നവരാണെന്ന് പറഞ്ഞ് അവരെ പരിചയപ്പെടത്തി. ചെറിയതോതില്‍ ഒരു 'ഷോപ്പിംഗ്‌'. കുട്ടിയ്ക്ക് ഉടുപ്പിന്റെ തുണിയും ഒരു മടക്കു കുടയും. മറ്റുള്ളവര്‍ സ്വെറ്റര്‍, തൊപ്പി എന്നിവയും വാങ്ങി. അധികം താമസിയാതെ ‍ തിരിച്ചു പോന്നു.  ഈ ഗ്രാമത്തിനു വേറൊരു പ്രത്യേകത കൂടി ഉണ്ട്. നേപ്പാളിന്റെ മറ്റു ഭാഗങ്ങളില്‍ നിര്‍മ്മിയ്ക്കുന്ന ചൂട് വസ്ത്രങ്ങളും മറ്റും ത്രിവേണി ഗ്രാമത്തില്‍ എത്തുന്നു. അവിടെ നിന്നും  ഇന്ത്യയിലേക്കും. ഇവിടെ കുറഞ്ഞ വിലക്ക് ചുടുവസ്ത്രങ്ങള്‍ ലഭിക്കും എന്നത് കൊണ്ട് പോയി നോക്കി എന്ന് മാത്രം. 
മദ്ധ്യാഹ്നം ആയിട്ടില്ല. പക്ഷേ, കാടിന്റെ ചില ഭാഗങ്ങളില്‍ നല്ല ഇരുട്ട്. സന്ധ്യയായി എന്ന് തോന്നും. കാട്ടിലെ ചില തുറന്ന സ്ഥലങ്ങളില്‍ കുടിലുകള്‍ കെട്ടിയുണ്ടാക്കിയിരിയ്ക്കുന്നത് കണ്ടപ്പോള്‍ രാമായണത്തിലും മറ്റും വര്‍ണ്ണിച്ചിട്ടുള്ള പര്‍ണ്ണശാലകളാണ് ഓര്‍മ്മയില്‍ വന്നത്. അതിന് സമീപം താടിയും മുടിയും വളര്‍ത്തിയ സന്യാസിമാരും . 
ഇത്രയും ശാന്തമായ സ്ഥലം മുന്പ് കണ്ടിട്ടേയില്ല. പക്ഷേ, കിളികളുടെ ചിലയ്ക്കലും, കിലുകില്  ശബ്ദവും, കാറ്റും ചേര്‍ന്ന് തീര്‍ക്കുന്ന കാട്ടിന്റെ ഗീതം ബാക്ക് ഗ്രൌണ്ട് മ്യൂസിക്‌ പോലെ കേള്‍ക്കാനുണ്ട്. അതിന്റെ കൂടെ കുരങ്ങന്മാരുടെ  ബഹളവും. കാടിന്റെ സ്വാഭാവികതക്ക് ഭംഗം വരുത്തിക്കൊണ്ട് ഞങ്ങളുടെ വാഹനവും.  
 വെസ്റ്റേണ്‍ ചമ്പാരന്‍ വനത്തിന്റെ കുളിര്‍മ്മ ആസ്വദിച്ച് കുറച്ചു ദൂരം മുന്നോട്ട് പോയി വലതു ഭാഗത്തുള്ള ഇന്ത്യന്‍ വനമേഖലയുടെ അതിര്‍ത്തി കമ്പിവേലി കെട്ടി സംരക്ഷിച്ചിരിയ്ക്കുന്നു. ഇടതുഭാഗത്ത് നേപ്പാളിന്‍റെ തുറന്ന കാട്. (ചമ്പ മരം ധാരാളം ഉള്ളതുകൊണ്ടാണത്രേ ഈ കാടിനു ചമ്പാരന്‍ എന്നപേര് വന്നത് ! )
മണ്ണ് പാറുന്ന കാട്ടുവഴികളില്‍ക്കൂടി മണിക്കൂറുകളോളം അങ്ങിനെ യാത്ര ചെയ്യുമ്പോള്‍ തോന്നി, ഇതാണ് സാക്ഷാല്‍ വനം !
അവിടവിടെ ജനസഞ്ചാരം ഉള്ള വഴികാണുന്നുണ്ടെങ്കിലും വഴിനടത്തക്കാരെയൊന്നും കാണുന്നില്ല. ഒരു മൃഗത്തെയും കണ്ടില്ല. വന്യമൃഗങ്ങള്‍ ഒരു പക്ഷേ ഉള്‍ക്കാടുകളിലുണ്ടാകാം. 
കുറെ മുന്നോട്ടു പോയപ്പോള്‍ അങ്ങോട്ടുമിങ്ങോട്ടുമെല്ലാം ധാരാളം 'കാട്ടു' വഴികള്‍. വാല്മീകി ആശ്രമത്തിലേക്ക് ഏതാ വഴി എന്ന് ചോദിക്കാന്‍ ഒരാളെയും കാണുന്നില്ല. അപ്പോളാണ് ഒരു കാളവണ്ടി വരുന്നത് കണ്ടത്. വണ്ടിക്കാരന്റെ കയ്യില്‍ തോക്കുണ്ട്. അയാളോട് വഴി ചോദിക്കാന്‍  മടി തോന്നി. വേറെ വല്ലവരെയും കണ്ടുമുട്ടാതിരിക്കില്ല എന്ന ധൈര്യത്തില്‍ ഏകദേശം ലക്‌ഷ്യം വെച്ച് മുന്നോട്ടു യാത്ര തുടര്‍ന്നു.
 വിചാരിച്ചപോലെ ജനസഞ്ചാരമുള്ള മറ്റൊരു വഴിക്കൂട്ടത്തില്‍ വണ്ടി നിര്‍ത്തി. പെട്ടെന്നാണ് ശ്രദ്ധയില്‍ പെട്ടത്, വഴിയാത്രക്കാരില്‍ പലരുടെയും കൈകളില്‍  തോക്കുണ്ട് എന്ന കാര്യം. ധൈര്യം നടിച്ച് ആശ്രമത്തിലേക്കുള്ള വഴി ചോദിച്ചു. തോക്ക് ചൂണ്ടി വഴി കാണിച്ചവനോട് നന്ദി പറഞ്ഞ് തെല്ലൊരു ആശങ്കയോടെ യാത്ര തുടര്‍ന്നു. യാത്ര പുറപ്പെട്ട ശേഷം ആദ്യമായാണ്‌ വഴിയാത്രക്കാരെ കാണുന്നത്‌..പക്ഷെ, എല്ലാവരും തോക്കന്തിയവര്‍. ഇവരാരും തീര്ത്ഥാടനത്തിന് പോകുന്നവരല്ല എന്ന് കണ്ടാലറിയാം. വാല്മീകി ആശ്രമത്തിലേയ്ക്കു തീര്ത്ഥാടകരുടെ ഒഴുക്കുണ്ടാകും എന്ന് കരുതി. പക്ഷേ, ഒരൊറ്റ ആളെ പോലും ആ വഴിയ്ക്ക് കണ്ടില്ല.
കാടിന്റെ നിശ്ശബ്ദതയും, ഗാംഭീര്യവും എടുത്തു പറയേണ്ടത്‌ തന്നെ. പക്ഷേ, അത് ആസ്വദിക്കാനുള്ള രസം ചോര്‍ന്നു പോയി. തുടര്‍ന്നു കണ്ട ഒറ്റപ്പെട്ട ഗ്രാമീണരെ ശ്രദ്ധിച്ചു. അവരുടെയൊക്കെ കയ്യില്‍ തോക്കുണ്ട് എന്നത് ഒരു ചെറിയ ഭയം എല്ലാവരുടെയും ഉള്ളില്‍ ഉണ്ടാക്കി. 
എന്തെങ്കിലും  സംഭവിക്കുമോ എന്ന ആശങ്ക മനസ്സില്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ കാടിന്റെ യഥാര്‍ത്ഥ സൌന്ദര്യം ആസ്വദിക്കുന്നതെങ്ങിനെ ? യാത്ര നിര്‍ത്തി തിരിച്ചു പോന്നാലോ എന്നും ചിന്തയുണ്ടായി. ഒരു ഗ്ലാസ്‌ ചായ കൂടി കഴിക്കാത്ത ഒരു ദിവസം! ഇത്രവരെ വന്നില്ലേ, മുന്നോട്ടുപോകുകതന്നെ എന്ന് തീരുമാനിച്ചു.
ആരംഭത്തിലുണ്ടായിരുന്ന 'ത്രില്‍' പോയി എന്തുസംഭവിക്കും എന്ന ആശങ്കയാണ് മനസ്സില്‍ നിറഞ്ഞു പൊന്തിയത്. കാടിന്റെ വന്യത ആസ്വദിയ്ക്കാനൊന്നും കഴിയാത്ത ഒരവസ്ഥ. ലോകനാഥന്‍ അപ്പോളാണ് പറഞ്ഞത് അയാള്‍ മുന്പ് പോയ അന്ന് ധാരാളം തീര്‍ത്ഥാടകര്‍ ഉണ്ടായിരുന്നു. അന്ന് 'വാല്മീകി ജയന്തി' ആയിരുന്നുവത്രേ. 
ആ ഭാഗം കുറച്ചു അപകടം പിടിച്ച സ്ഥലമായാതിനാല്‍ തോക്കെടുത്ത ആളുകളുടെ കൂടെയാണ് യാത്ര ചെയ്തത് എന്നുമൊക്കെ. .. ഉത്സാഹമൊക്കെ ആറിത്തണുത്തു എങ്കിലും ഞങ്ങള്‍ ആത്മ വിശ്വാസം കൈവിടാതെ യാത്ര തുടര്‍ന്നു.  
കുറച്ചു ദൂരം പോയപ്പോള്‍ വീണ്ടും വഴിയാത്രക്കാര്‍. അവരുടെ കയ്യിലെ തോക്ക് കണ്ടഭാവം നടിയ്ക്കാതെ വാല്മീകി നഗര്‍ ലേയ്ക്കുള്ള വഴി ചോദിച്ചു. തോക്ക് ചൂണ്ടി നേരെയുള്ള വഴി കാണിച്ചു തന്നു. നന്ദി പറഞ്ഞു വേഗം വണ്ടി മുന്നോട്ട് എടുത്തു. ഇടയ്ക്കിടെ തിരിഞ്ഞ് നോക്കി.ആരെങ്കിലും പിന്തുടരുന്നുണ്ടോ? 
അങ്ങിനെ പോകുമ്പോള്‍ മുന്നില്‍ ഒരു നദി. അതാണ്‌ താമസാ നദി. വെള്ളം അധികം ഇല്ല. വീതിയും അത്രയ്ക്കില്ല. വഴി ഏകദേശം കണക്കാക്കി നദിയില്‍ക്കൂടി വണ്ടി ഓടിച്ചു. മുട്ടിനു താഴെയേ വെള്ളമുള്ളൂ. പ്രശ്നമില്ലാതെ നദി കടത്തിയ ശകടത്തിനോട് സ്നേഹബഹുമാനം തോന്നി.  
ഒരു മനുഷ്യജീവിയേയും കാണാതെ, കാടിന്റെ നിശ്ശ്ബ്ദതക്ക്  ഭംഗം വരുത്തിക്കൊണ്ട് വണ്ടി നിരങ്ങി നിരങ്ങി മുന്നോട്ടു പോയി. പക്ഷേ, വീണ്ടും അതാ,മുന്നില്‍ മറ്റൊരു നദി. ഈ നദിയ്ക്കക്കരെയാണ് വാത്മീകി ആശ്രമം. കൂടെയുള്ളവര്‍ നല്ലസ്ഥലകാല വിവരമുള്ളവര്‍ തന്നെ. താമസാ നദി 'ട' എന്ന ആകൃതിയില്‍ വളഞ്ഞു കിടക്കുകയാണത്രേ. നദിയ്ക്ക് വലിയ ആഴമില്ല എന്നും ലോകനാഥന്‍ പറഞ്ഞു.
എന്തായാലും വണ്ടി ഇത്തവണ നദിയില്‍ ഇറക്കേണ്ട എന്ന് തീരുമാനിച്ചു. എന്തെങ്കിലും സംഭവിച്ചാല്‍ !!
വെസ്റ്റേണ്‍ ചമ്പാരന്‍ കാട്ടില്‍ കയറിയ ശേഷം മണിക്കൂറുകള്‍ യാത്ര ചെയ്തു ഇതാ ഉദ്ദേശിച്ച സ്ഥലത്തിനടുത്ത് എത്തിയിരിയ്ക്കുന്നു. താമസാ നദി മുന്നില്‍ പരന്നങ്ങിനെ കിടക്കുന്നു. ഇടയില്‍ ചെറിയ  മണല്‍പ്പരപ്പുകള്‍. നദിയ്ക്കക്കരെ ഇടതൂര്‍ന്ന വനം. വണ്ടിയുടെ ശബ്ദം കേട്ടപ്പോള്‍ അക്കരെ കാട്ടില്‍ നിന്നും അനക്കം. ആരോ പുറത്തേക്ക് വന്നു നോക്കുന്നു. ശുഭ്രവേഷധാരി. ആള്‍രൂപം അത്ര വ്യക്തമല്ല.

ഞങ്ങള്‍ പുറത്തിറങ്ങി ഒന്ന് ആശ്വസിച്ചു. സന്തോഷത്തിനെക്കാള്‍ സംഭ്രമമായിരുന്നു ഞങ്ങളുടെ മുഖത്ത്. എങ്കിലും ഒന്നും പുറത്തു നടിയ്ക്കാതെ ബാഗില്‍ നിന്നും അവശേഷിച്ച പഴം എടുത്തു. 
കുട്ടിക്കുവേണ്ടി കരുതിയിരുന്ന പഴം നാല് പേര്‍ പങ്കുവെച്ച് കഴിച്ചു. ഇന്നു പ്രഭാത ഭക്ഷണം ഉണ്ടായിട്ടില്ല. സമയം ഒരു മണി ആയിരിയ്ക്കുന്നു. 

 വിശപ്പിനെ മറികടക്കുന്ന ആശങ്കകള്‍.........
ആദ്യമായി ഞങ്ങള്‍ സംഭ്രമം പങ്കു വെച്ചു.

ഒരു പക്ഷെ നമുക്ക് തിരിച്ചു ഈ കാട്ടില്‍ നിന്നും പുറത്തു പോകാന്‍ കഴിഞ്ഞില്ലെങ്കിലോ?
 വാഹനം 'ബ്രേക്ക് ഡൌണ്‍ ' ആയാലോ? 
വല്ല കൊള്ളക്കാരും ആക്രമിച്ചാലോ? 
അമ്മമ്മയുടെ ശരീരത്തില്‍, സ്വര്‍ണം എന്ന് പറയാന്‍ ഒരു താലിമാലയും, 3 വളയും, ഒരു ജോഡി കമ്മലും ആണ് ഉള്ളത്. ആരുടെയും പര്‍സും തടിച്ചു വീര്‍ത്തതല്ല....എന്നാലും.........
ഞങ്ങളെ ആരെങ്കിലും ഉപദ്രവിച്ചു വണ്ടിയുമെടുത്ത് കടന്നു കളഞ്ഞാലോ?. 
അഥവാ, ഞങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചാലോ?
ഒരിക്കലും, ഒരുകാലത്തും പുറംലോകം ഒന്നും അറിയാന്‍ പോകുന്നില്ല. രാവിലെ പോരുമ്പോള്‍ ക്യാമ്പില്‍  ആരോടും എങ്ങോട്ടാണ് യാത്ര എന്ന് പറഞ്ഞിട്ടുമില്ല. പിന്നെ ഏകദേശം 8 മാസം ഗര്‍ഭിണിയായ അമ്മമ്മയെക്കുറിച്ചായി വേവലാതി. 3 വയസ്സ് തികയാത്ത കുട്ടിയെപ്പറ്റിയും. ചെയ്തത് സാഹസമായിപ്പോയോ എന്ന് 'നേരിയ' സംശയം...

ഇനി ഒരു പക്ഷെ, നാട്ടിലെ ബന്ധുക്കളെയൊന്നും കണ്ടില്ലെന്നും വരാം.....
വര്‍ഗീസ്‌ 'ഈശോ' എന്ന് പറഞ്ഞു കുരിശു വരച്ചു.
ഇതൊന്നുമറിയാതെ വെള്ളത്തില്‍ ചാടിക്കളിക്കാന്‍ തുനിയുന്ന കുട്ടി. .

ഇതിന്നിടെ നദിക്കക്കരെ ആളുകളുടെ എണ്ണം കൂടി..... ഒന്ന്, രണ്ട്, മൂന്നു, നാല്...
അവര്‍ ഞങ്ങളെ നോക്കുന്നത് ശ്രദ്ധിച്ചു. ചില്ലറക്കാശു മാത്രം കയ്യില്‍ വെച്ചു. മുന്‍പരിചയമുള്ള ലോകനാഥന്‍ തമിഴുമലയാളത്തില്‍ പറയുന്നുണ്ട്, പേടിക്കേണ്ട, അവര്‍ കുഴപ്പക്കാരാവില്ല, എന്ന്.
എന്തായാലും ശരി, സംഭവിക്കാനുള്ളതു സംഭവിക്കട്ടെ, വാല്മീകി ആശ്രമം കണ്ടിട്ടു വരിക തന്നെ എന്ന് തീരുമാനിച്ചു ഞങ്ങള്‍ നദി നടന്നു കടക്കാന്‍ തീരുമാനിച്ചു. 

മനോഹരമായ, വിശാലമായ നദീതീരം. തമസയെ മനസാ വന്ദിച്ചു വെള്ളത്തിലിറങ്ങി.---ശുഭാപ്തി വിശ്വാസത്തോടെ.....

മുട്ടിനു വെള്ളമുണ്ട് നദിയില്‍. ഡ്രസ്സ്‌ ഉയര്‍ത്തിപ്പിടിച്ചു ഞങ്ങള്‍ നദി കടന്നു. അവിടെ ചെന്നാല്‍ അവരുടെ മുന്‍പില്‍ ധൈര്യം അഭിനയിച്ചു സംസാരിക്കണം എന്നും, ആരാണെന്ന സത്യമൊന്നും പറയരുത് എന്നുമൊക്കെ പരസ്പരം ചട്ടം കെട്ടി. . 

ഞങ്ങളെ കണ്ട ഉടനെ അവര്‍ 'രാം രാം' എന്ന ആചാര വാക്കോടെ  സ്വീകരിച്ചു. ഞങ്ങള്‍ ആശ്രമം കാണാന്‍ വന്നതാണെന്ന് പറഞ്ഞു. വളരെ സൌഹാര്‍ദ്ദത്തോടെ അവര്‍ കൂട്ടിക്കൊണ്ടുപോയി. നദിക്കരയില്‍ ഇടത്തുഭാഗത്തു മൂന്നുനാല് ചെറിയ വീടുകള്‍. ആശ്രമത്തിനെ സംരക്ഷിയ്ക്കുന്ന ആ നേപാളികള്‍, കുടുംബസമേതം ഇവിടെ സ്ഥിരം താമസക്കാരാണ്.
എല്ലാവര്ക്കും നേരിയ ആശ്വാസം. 
.
സ്വച്ഛമായ വനം. വാല്മീകി ഇവിടെത്തന്നെയാണ് ആശ്രമം പണിതു താമസിച്ചിരുന്നത് എന്ന് തോന്നി. രാമായണകഥയും, സീതയുടെ കുട്ടികളുമൊത്തുള്ള ആശ്രമജീവിതവും ഒരു നിമഷം മനസ്സില്‍ കണ്ടു. രണ്ടു നേപ്പാളികള്‍ കൂടെ വന്നു. ഇവര്‍ സീതയെപ്പറ്റിയും, വാല്മീകിയെപ്പറ്റിയും പറയുമ്പോള്‍ അവരുടെമേല്‍ ഒരു കണ്ണ് എല്ലാവര്ക്കും ഉണ്ടായിരുന്നു. പക്ഷെ, കുറച്ചു കഴിഞ്ഞപ്പോള്‍ ആ ഭയം മാറി. ഞങ്ങളും എല്ലാം മറന്നു രാമായണകാലത്തിലേക്ക് ഊളിയിട്ടു. വീടിന് തൊട്ടുള്ള വളരെ ലളിതമായ ക്ഷേത്രത്തിലേക്ക് ഞങ്ങളെ കൊണ്ടുപോയി.വാല്മീകിയുടെ വിഗ്രഹത്തിനു ആരതി ചെയ്തു  
അവര്‍ ഞങ്ങളെ തിലകക്കുറി തൊടുവിച്ചു. വാല്‍മീകിയുടെ മൂര്‍ത്തിക്ക് ഇവര്‍ രണ്ടുനേരവും പൂജ നടത്തുന്നുണ്ട്. ശ്രീരാമന്‍, സീതാമാതാ, ലക്ഷ്കണ്‍, ഹനുമാന്‍ എന്നിവരെയും പ്രതിഷ്ഠിച്ചിട്ടുണ്ട്. ആശ്രമവും പരിസരവുമൊക്കെ നന്നായി വെച്ചിട്ടുണ്ട്. ആശ്രമമൊന്നും ഇല്ല. ആശ്രമം സ്ഥിതി ചെയ്തിരുന്നതെന്ന് വിശ്വസിച്ചു പോരുന്ന സ്ഥലം. 

 സീതയുടെ അടുക്കള, കുട്ടികള്‍ക്ക് ചപ്പാത്തി ഉണ്ടാക്കാന്‍ ഉപയോഗിച്ചിരുന്ന പലക, സീതയിരുന്നിരുന്ന സ്ഥലം, സീത കുട്ടികളെ കുളിപ്പിച്ചിരുന്ന സ്ഥലം, അതിന്നടുത്ത്‌  സീത ഉപയോഗിച്ചിരുന്ന ഒരു കിണര്‍, വാല്മീകി മഹര്‍ഷിയുടെ ആശ്രമം, രാമായണം കൊത്തിവെച്ച പൊട്ടിവീണ കരിങ്കല്ത്തൂണ്‍കള്‍, സീത ദേഹത്യാഗം ചെയ്ത സ്ഥലം, എന്നിങ്ങനെ നിരവധി സ്ഥലങ്ങള്‍ വിസ്തരിച്ചു കാണിച്ചു തരാന്‍ തുടങ്ങി. അങ്ങിനെ വര്‍ണ്ണന നീളുന്നത് കണ്ടപ്പോള്‍ ഞങ്ങള്‍ കുറച്ചു ധൃതി കാട്ടി. സൂര്യന്‍ അസ്തമിക്കാന്‍ ഇനി അധികം സമയം ഇല്ല, അതിനു മുന്പ്, തിരിച്ചു പോകണം. ഇരുട്ടും മുന്‍പേ കാട് കടന്നു കിട്ടണം. 

നേപ്പാളികള്‍ കുറച്ചു ദൂരെ നദിയുടെ തീരത്ത് ഒരു സ്ഥലം കാണിച്ചു തന്നു പറഞ്ഞു, ഇവിടെയാണ് മുനി, ലവകുശന്മാര്‍ക്ക് അമ്പെയ്ത്ത് പഠിപ്പിച്ചിരുന്നത്. കുറച്ചു മാറി പഴയതാണെന്ന് തോന്നിയ്ക്കുന്ന ഒരു കോണാകൃതിയില്‍ കൂര്‍ത്തു നില്‍ക്കുന്ന ഇരുമ്പിന്റെ കുറ്റി പൊന്തി നില്‍ക്കുന്നത് കാണിച്ചുതന്നു. അശ്വമേഥത്തിന്റെ കുതിരയെ, യാഗാശ്വത്തെ ലവനും, കുശനും കെട്ടിയിട്ടത് ഇതിന്മേലാണത്രെ.

ആശ്രമം നിലനിര്‍ത്താന്‍ സര്‍ക്കാരോ മറ്റോ സഹായം ചെയ്യുന്നുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഒന്നുമില്ലെന്ന മറുപടിയാണ് കിട്ടിയത്. വല്ലപ്പോഴും വരുന്ന തീര്ത്ഥാടകരില്‍ നിന്നും എന്തെങ്കിലും  കിട്ടുന്നത്കൊണ്ട് എങ്ങിനെയോ ഇവര്‍ ജീവിച്ചുപോകുന്നു.. 

ഞങ്ങള്‍ ആശ്രമവും പരിസരവും വന്ദിച്ചശേഷം ഇവിടം സംരക്ഷിച്ചുകൊണ്ട് കാലം കഴിയ്ക്കുന്ന ആ നേപ്പാളി കുടുംബത്തിനു നന്മ വരട്ടെ എന്ന് പ്രാര്ത്ഥിച്ചു. 
വളരെ ചെറിയ വീടുകളില്‍ ആണ് ഇവര്‍  താമസിയ്ക്കുന്നത്. ചെറിയ ഒരു തുക കൊടുത്തു അവരോടു യാത്ര പറഞ്ഞിറങ്ങി .
താമസാ നദി കടന്നു മുന്നോട്ട് നടക്കുമ്പോള്‍ വാല്മീകി ആശ്രമം ഒന്നുകൂടി തിരിഞ്ഞ് നോക്കി. വാല്മീകി മഹര്‍ഷി രാജകുമാരന്മാരെ അമ്പെയ്യാന്‍ പഠിപ്പിച്ചിരുന്ന സ്ഥലമൊക്കെ മനസ്സില്‍ അങ്ങിനെത്തന്നെ തങ്ങിനിന്നു.

വണ്ടിയില്‍ കയറി ഇരിയ്ക്കുമ്പോള്‍ എങ്ങിനെയെങ്കിലും ചമ്പാരന്‍ വിട്ടു പുറത്തു കടന്നാല്‍ മതി എന്നായിരുന്നു ചിന്ത അഥവാ പ്രാര്ത്ഥന. താമസാനദി കടക്കണം. വണ്ടിക്കു പ്രശ്നമൊന്നും ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം പ്രാര്ത്ഥന ......
തോക്ക് പിടിച്ചു നടക്കുന്നവരുടെ മുന്നില്‍ പെടരുതേ എന്ന് വേറെ പ്രാര്‍ത്ഥന!! 

ധൃതിയിൽ മടങ്ങുമ്പോഴും കാടിന്റെ വാത്സല്ല്യം അനുഭവപ്പെട്ടു. ഉച്ചനേരത്തും നേരിയ ഇരുട്ടുതന്നെ. 
ഭാഗ്യമെന്ന്  പറയട്ടെ, സന്ധ്യയോടെ ഞങ്ങള്‍ക്ക് വനമേഖലയില്‍ നിന്നും   പുറത്തുകടക്കാന്‍ സാധിച്ചു. ശരിക്കും ഈശ്വരന്‍ എന്നൊരു ശക്തിയുണ്ട് എന്നനുഭവപ്പെട്ട ചില മുഹൂര്‍ത്തങ്ങള്‍ !

വീണ്ടും കനാല്‍ വഴി യാത്ര തുടര്‍ന്നു. ഇനി 2 കടമ്പകള്‍ കൂടെ കടക്കാനുണ്ട്. ആദ്യത്തെ ചെക്ക്പോസ്റ്റ് എത്തിയപ്പോള്‍, ഉദ്യോഗസ്ഥര്‍ എന്തെങ്കിലും കടത്തിക്കൊണ്ടു പോകുന്നുണ്ടോ എന്ന് സൂക്ഷ്മമായി പരിശോധിയ്ക്കാന്‍ തുടങ്ങി. (ത്രിവേണി ഗ്രാമത്തില്‍ എത്തുന്ന വില്‍പ്പന വസ്തുക്കള്‍ നികുതി കൊടുക്കാതെ കനാല്‍ റോഡ്‌ വഴി ഇന്ത്യയിലേയ്ക്ക് കടത്തി ഉപജീവനം നടത്തുന്നവര്‍ ഉ ണ്ടത്രെ !

ലോകനാഥനും വര്‍ഗീസും, ത്രിവേണിയില്‍ നിന്നും വാങ്ങിയ സാധനങ്ങള്‍ അവരിട്ട സ്വെറ്ററിന്റെ ഉള്ളിലിട്ടു പുറത്തേയ്ക്കിറങ്ങി. മുന്‍പില്‍, അമ്മമ്മയുടെ മടിയില്‍ ആണ് അമ്മ. ഞങ്ങള്‍ ഇരുന്നിരുന്ന സീറ്റ് ഉയര്‍ത്തിയാല്‍ ടൂള്‍സ് വെക്കുന്ന അറയുണ്ട്. ഉടുപ്പിന്റെ തുണിയും, കുടയും അതിലാണ് വെച്ചിരിയ്ക്കുന്നത്. നേപ്പാളികളില്‍ ഒരാള്‍ മുന്നില്‍ വന്നു ടോര്‍ച്ചടിച്ചു പരിശോധന തുടങ്ങി. ഡ്രൈവറുടെ സീറ്റ് പൊക്കി കയ്യിട്ടു നോക്കി. ഉള്ളില്‍ ഭയം തോന്നി. 
മടിയില്‍ കുട്ടിയുമായി അപ്പുറത്തെ  സീറ്റില്‍ ഇരുന്ന അമ്മമ്മക്കും ഒടുവില്‍  താഴെ ഇറങ്ങേണ്ടി വന്നു. കുട്ടിയെ അയാളുടെ കയ്യില്‍കൊടുത്ത്‌  വളരെ വയ്യായ്മ നടിച്ചു  ജീപ്പില്‍ നിന്നും താഴെയ്ക്ക് ഇറങ്ങി.
 (സാധാരണ ജീപ്പായിരുന്നില്ല, അത്. സീറ്റുകള്‍ക്ക്  ഉയരം കുറച്ചു കൂടും. വിദേശത്തുണ്ടാക്കുന്ന 'ജോങ്ക' എന്നോ മറ്റോ പേരുള്ള, ഒരുതരം വാഹനം ).

 താഴെ  ഇറങ്ങിയതും കുട്ടിയെത്തന്നു അയാള്‍ ഞാനിരുന്ന സീറ്റ് പൊക്കി അതില്‍ കയ്യിട്ടു. ഞങ്ങള്‍ കണ്ണടച്ചു നിന്നു. എന്തോ ഭാഗ്യമെന്നു പറയട്ടെ, അയാളുടെ കയ്യ് അധികം താഴേയ്ക്ക് നീണ്ടില്ല. സീറ്റ് അടച്ചുവെച്ചു അയാള്‍ പൊയ്ക്കൊള്ളാന്‍ ആന്ഗ്യം കാട്ടി. ഇത്രയ്ക്ക് സന്തോഷവും ആശ്വാസവും അനുഭവിച്ച നിമിഷം വേറെ ഉണ്ടായിട്ടുണ്ടോ എന്ന് സംശയം. ഞങ്ങളെയോക്കെ നിങ്ങള്‍ക്ക്  എങ്ങിനെ സംശയിക്കാന്‍ തോന്നി എന്ന അല്പരസം നിറഞ്ഞ കമന്‍റ് പറയുകയും വളരെയധികം നന്ദി പ്രകടിപ്പിക്കുകയും ചെയ്തു, വേഗം സ്ഥലം വിട്ടൂ.

ഞങ്ങള്‍ വാങ്ങിയ സാധനങ്ങള്‍ പിടിയ്ക്കപ്പെട്ടാല്‍, അവര്‍ക്ക് കേസ് ചാര്‍ജ് ചെയ്യാം, ഇല്ലെങ്കില്‍ ചോദിച്ച കാശ് കൊടുത്ത് തലയൂരണം. അസമയം. ചെറിയ കുട്ടി. വിശപ്പ്‌ വേറെ .പകലത്തെ ടെന്‍ഷന്‍ തന്നെ നല്ല പാഠമായിരിക്കുകയാണ്. ഹോ ! എല്ലാ ദൈവങ്ങളോടും പൂര്‍വ്വജരോടും നന്ദി പറഞ്ഞു. അടുത്ത  ചെക്പോസ്റ്റ്‌, കനാല്‍ഗേറ്റ്, കൂടി  വേഗം കടന്നു കിട്ടണേ എന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. 
പ്രധാന ഗേറ്റിലും നല്ല പരിശോധന ഉണ്ടായി. ഞാന്‍ ഇറങ്ങണോ എന്ന് ധൈര്യത്തില്‍ ചോദിച്ചു. എന്റെ സ്ഥിതി കണ്ടു, 'വേണ്ട' എന്ന് അവര്‍ പറയുകയും ചെയ്തു.
 
കാവല്‍ക്കാരന്‍ തുറന്നു തന്ന കനാല്‍ ഗേറ്റില്‍ നിന്നും വേഗം  പുറത്തു കടന്നു....
നീണ്ട നിശ്വാസങ്ങള്‍ ഉയര്‍ന്നുപൊങ്ങി.
ഒരു നീണ്ട യാത്രയുടെ പരിസമാപ്തി.
ജീവന്‍ തിരിച്ചുകിട്ടിയ സന്തോഷം ! 
മനസ്സ് ഇത്രയധികം തുടികൊട്ടിയ ഒരനുഭവം ഓര്‍മ്മയില്ല. 
വണ്ടി ഗോരഖപുര്‍ ലക്ഷ്യമാക്കി ഓടി....
അങ്ങിനെ ജീവന്‍സുരക്ഷിതമായെന്ന ധൈര്യത്തില്‍, ഞങ്ങള്‍ ഏറെ നേരത്തിനു ശേഷം ഉറക്കെ പൊട്ടിച്ചിരിച്ചു .വീണ്ടും വീണ്ടും,........ അപ്പൊ ഞാന്‍ ചെയ്തതോ, അപ്പൊ ഞാന്‍ പറഞ്ഞതോ എന്ന് പറഞ്ഞ്.........

 പാറ്റ്നയില്‍ നിന്നും ഇങ്ങോട്ട് 295 കിമീ ദൂരമുണ്ട്. 
ബീഹാറിന്റെ കിഴക്ക് ഭാഗത്തുള്ള വെസ്റ്റേണ്‍ ചമ്പാരന്‍ കാടുകള്‍ ഞങ്ങളുടെ സാഹസിക യാത്ര കഴിഞ്ഞു അധികം താസിയാതെ ടൈഗര്‍ റിസേര്‍വ്  ആയി മാറി..(1978-ല്‍ ) പിന്നീട് 1989-ല്‍ Wild life Sanctuary അഥവാ, Reserve Park ആക്കി മാറ്റി. നേപ്പാളിലെ Royal Chitwan National Park, വാല്മീകി നഗറിന്റെ വടക്ക് ഭാഗത്തും, ഗണ്ഡക് കനാല്‍ പടിഞ്ഞാറും. പിന്നില്‍ കാവല്‍ക്കാരനെപ്പോലെ ശിരസ്സുയര്‍ത്തി നില്‍ക്കുന്ന ഹിമാലയവും. ...

നാല് നൂറ്റാണ്ടുകള്‍ക്കു മുന്പ് രാജസ്ഥാനില്‍ നിന്നും കുടിയേറിപ്പാര്‍ത്ത 'താരു' ഗോത്രവംശജരാണത്രെ, വാല്മീകി നഗറിലെ കാടുകളില്‍ വസിക്കുന്നവര്‍. 
തമസാ നദിയുടെ  തീരത്ത്‌  മുനിയുടെ ശിക്ഷണത്തില്‍ അമ്പെയ്ത്തും മറ്റും പഠിച്ചിരുന്ന സീതയുടെ കുഞ്ഞു മക്കള്‍ ....രാജകുമാരന്മാര്‍....സസുഖം വളര്‍ന്ന ആ കാടിന്റെ സ്മരണയില്‍, മാസ്മരികതയില്‍ എല്ലാം മറന്നു കുറച്ചു മിനിറ്റുകള്‍ ചെലവഴിച്ച മധുര സ്മരണയില്‍.....
ഒരു പോറലും പറ്റാതെ രക്ഷപ്പെട്ടു പോന്നതിന്  ആരോടൊക്കെ നന്ദി പറയണം എന്ന് അറിയില്ല. 
എന്തായാലും സ്വപ്നം പോലെയുള്ള അനുഭവമായ രാമായണ കാലത്തെയ്ക്കുള്ള ആ  സാഹസ യാത്ര. പറഞ്ഞറിയിക്കാന്‍  പറ്റാത്ത അനുഭൂതിയായി  ഏറെ വര്‍ഷങ്ങള്‍ക്കു ശേഷവും അതേ കുളിര്  ഇപ്പോഴും ത്രസിച്ചു നില്‍ക്കുന്നു.

 മദ്ധ്യാഹ്നത്തിലും  സൂര്യരശ്മികള്‍ക്ക്  ഊര്ന്നിറങ്ങാന്‍കൂടി ഇടമില്ലാത്ത പടിഞ്ഞാറന്‍ ചമ്പാരന്‍ കാടുകള്‍........
കാവല്‍ക്കാരനെപ്പോലെ എത്തി നോക്കി നില്‍ക്കുന്ന ഹിമാലയം.......
ലോകാരാദ്ധ്യനായ ശ്രീരാമന്റെ കുഞ്ഞുങ്ങള്‍ പിറന്നു വളര്‍ന്ന പുണ്യഭൂമി, 
സീതമ്മ സ്വന്തം അമ്മയുടെ മാറില്‍ അഭയം കണ്ടെത്തിയ ഭൂമി,......... 
രാമന്റെ കഥ വാനോളം പാടിപ്പുകഴ്ത്തി രാമന്റെ കുഞ്ഞുങ്ങളെ ഗുരുസ്ഥാനത്തിരുന്നു വളര്‍ത്തി വലുതാക്കിയ  വാല്മീകി മുനിയുടെ ആശ്രമപരിസരം ......
അദൃശ്യമായ കൈത്താങ്ങില്‍  താണ്ടിയ കൊടുങ്കാട് .........
ആദ്യം  വാഹനത്തിലും പിന്നീട് നടന്നും കടന്ന തമസാ നദി .......
ആശ്രമം ആത്മാര്‍ത്ഥമായി സംരക്ഷിച്ച് പോരുന്ന നിഷ്കളങ്കരായ മനുഷ്യര്‍ .....
........
സുമനസ്സുകളായ പരിശോധകര്‍ .....
ഗണ്ഡക് 
കനാല്‍..........
എല്ലാമെല്ലാം എക്കാലത്തും സ്മരണീയം തന്നെ !!

ജീവന്‍ സുരക്ഷിതമാക്കിയ വാഹനത്തിനോട് തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ട്. എല്ലാം കണ്ടു നിന്നിരുന്ന ഹിമവാനോടും, ചമ്പല്‍ക്കാടിനോടും, ഈ പ്രപഞ്ചം നിയന്ത്രിയ്ക്കുന്ന അദൃശ്യമായ ശക്തിയോടും ഒരിക്കല്‍ക്കൂടി നന്ദിയും, നമസ്ക്കാരവും!
                                                                 ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

Friday, 16 February 2024

വായന ---പഴയ ഏടുകള്‍ f

 Uma Namboodiri

മുഖപുസ്തകം, പഴയൊരു പോസ്റ്റ്‌ ഇന്ന് ഓർമ്മിപ്പിക്കുകയാണ് ...... താല്പര്യമുള്ളവർക്ക് വായിക്കാം 🙏

4th Jan, 2015


ഈ പുതു വര്‍ഷത്തിലെ  ആദ്യത്തെ വായന പള്ളത്തേരി എടത്തിയുടെ ആത്മ കഥാംശമായ   'പഴയ ഏടുകള്‍ ' എന്ന പുസ്തകം ആയിരുന്നു. പഴയ സംഭവങ്ങള്‍ പുതിയ ഏടുകളില്‍ കറുത്ത മഷിപുരണ്ട അക്ഷരങ്ങളായി പ്രത്യക്ഷപ്പെട്ടു വരുമ്പോള്‍, എഴുത്തുകാരിയുടെ ഓര്‍മ്മവെച്ച കാലം മുതലുള്ള അനേകം  ബന്ധുക്കള്‍, അവരൊക്കെയും ഭാഗഭാക്കായ നിരവധി ഓര്‍മ്മകള്‍ സ്മരിക്കപ്പെടുകയാണ്. അവരോടൊപ്പം നമ്മളും ചേര്‍ന്നു  ഭാവനകളില്‍  ലയിക്കുമ്പോള്‍, ആ കഥാപാത്രങ്ങള്‍ക്കൊക്കെ  ജീവന്‍ വെക്കുന്നതായി അനുഭവപ്പെടുന്നു. വായിച്ചിട്ടും മതിവരാത്ത ആ പുസ്തകം എന്‍റെ മുന്നില്‍ത്തന്നെ ഇതാ ഇരിയ്ക്കുന്നു. പുസ്തകം ഞാന്‍ അടച്ചുവെച്ചോട്ടെ. ഒരു പക്ഷേ, തുറന്നു വെച്ചാല്‍, വര്‍ഷങ്ങള്‍ക്കു മുന്‍പ് മണ്മറഞ്ഞു പോയവരെങ്കിലും ഒരു പക്ഷേ കഥാകാരിയുടെ തീവ്രമായ സ്നേഹവും ആദരവും ഭാഷയും ശൈലിയും അവരെ പുനരുജ്ജീവിപ്പിച്ചാലോ?


നമുക്കൊക്കെ എപ്പോഴും കുട്ടിയായിരിയ്ക്കാനാണ്  മോഹം. പ്രായം ഏറിവരുംതോറും ബാല്യകൌമാര യൌവനകാലത്തെ അനുഭവങ്ങള്‍  അയവിറക്കാന്‍ വളരെ  രസം തോന്നും. ഈ ഗുഹാതുരത്വം  വാര്‍ദ്ധക്യത്തില്‍  സത്യത്തില്‍  ഒരു ടോണിക്കിന്റെ ഗുണം ചെയ്യും. എല്ലാവര്‍ക്കും അറിയുന്ന സത്യമാണ് കഴിഞ്ഞു പോയ കാലം  ഒരിയ്ക്കലും തിരിച്ചു വരില്ല എന്നത്. എന്നാലും ബാല്യകാലം, അക്കാലത്തെ അനുഭവങ്ങള്‍, അനുഭൂതികള്‍ എല്ലാം ഓര്‍മ്മയുടെ സ്മ്രുതിച്ചെപ്പില്‍ എപ്പോള്‍ വേണെമെങ്കിലും തുറന്നെടുക്കാന്‍ പാകത്തില്‍ സൂക്ഷിച്ചുവെച്ചിരിയ്ക്കും. സങ്കീര്‍ണ്ണമായ ആധുനികലോകത്തെ   സംഘര്‍ഷഭരിതമായ ജീവിതത്തിന്നിടയില്‍ ഈ  സുഖസ്മരണകള്‍ ശ്രുതിമീട്ടിത്തരുമ്പോള്‍ നമ്മള്‍ ആശ്വാസം കൊള്ളുന്നു. ആ കാലങ്ങള്‍, ഇങ്ങിനി വരാതെകണ്ട് പൊയ്പോയതാണെങ്കിലും, ആ സ്മരണകള്‍ വര്‍ത്തമാനകാലത്തെ സമ്പന്നമാക്കാനും, സ്നേഹബന്ധങ്ങള്‍ അരക്കിട്ടുറപ്പിയ്ക്കാനും വളരെയേറെ സഹായിക്കുന്നു.


മൂവാറ്റുപുഴയാര്‍ നിര്‍ല്ലോഭം പകര്‍ന്നു നല്‍കുന്ന കുളിരാസ്വദിച്ച് പൂര്‍വികരും പ്രകൃതിയും  അനുഗ്രഹാശിസ്സുകള്‍ പൊഴിച്ചുനില്‍ക്കുന്ന പുഴയോരത്തെ വിശാലമായ പുണ്യഭൂമിയായ ഇല്ലപ്പറമ്പില്‍, ഇഷ്ടജനങ്ങളുടെ സ്നേഹലാളനമേറ്റ് ജനിച്ചു വളര്‍ന്നു വലുതാകാന്‍ സുകൃതം ചെയ്തിരിയ്ക്കണം. ഒരുപാടു ഭ്രുത്യരും, ആശ്രിതരും, ബന്ധുജനങ്ങളും നിറഞ്ഞ ലോകം മഹാവിസ്മയകരം തന്നെയാണ്‌. അല്ലലും അലട്ടുമില്ലാത്ത, നിഷ്കളങ്കമായ, സംഭവബഹുലമെങ്കിലും സരളമായ ജീവിതം, ഒരു മഹാപ്രപഞ്ചം തന്നെ നമുക്ക് ചുറ്റും  സൃഷ്ടിയ്ക്കുന്നു. പുഴയോരത്ത് ജനിച്ചു വളരുക എന്നത് വളരെ അപൂര്‍വ്വം പേര്‍ക്ക് ലഭിയ്ക്കുന്ന മഹാഭാഗ്യമാണ്. വെള്ളം താഴുമ്പോള്‍ ചെറുവഞ്ചികളില്‍ കുട്ടികളെല്ലാം ചേര്‍ന്ന് തുഴഞ്ഞുപോകലും, വഞ്ചി മുങ്ങലുമെല്ലാം രസകരമായ അനുഭവങ്ങളായി വായിച്ചപ്പോള്‍ ഏതാനും ഫര്‍ലോന്ഗ് ദൂരെയുള്ള  ഞങ്ങടെ ഭാരതപ്പുഴ, അഥവാ എഴുത്തുകാരുടെ 'നിള', ഇപ്പോള്‍ മണൽക്കാടായി കണ്ണീര്‍ ഒലിപ്പിച്ചു കിടക്കുന്നതു ഓര്‍മ്മ വരികയാണ്.  അതെപോലെത്തന്നെ സ്കൂള്‍ പൂട്ടിയകാലത്ത്  അമ്മാത്തെത്തിയാല്‍, ഞങ്ങള്‍ വഞ്ചിയിറക്കിയിരുന്ന മുറ്റത്തുള്ള  തോട്ടിന്‍റെ  സ്ഥിതി കൂടി ഓര്‍ത്തു.  ഇന്ന് ആ തോടിന്‍റെ സ്ഥാനം റോഡ്‌ കയ്യടക്കിയിരിക്കുന്നു.


ഒരുപാടു കഥാപാത്രങ്ങളെ എഴുത്തുകാരി  'പഴയ എടുകളില്‍ക്കൂടി' നമുക്ക് പരിചയപ്പെടുത്തിത്തരുന്നുണ്ട്.. അതില്‍ ഓരോ വ്യക്തിത്വവും ഏതെങ്കിലും തരത്തില്‍ ആ കുഞ്ഞു മനസ്സില്‍ചലനം സൃഷ്ടിച്ചവരാണ്. അല്ലെങ്കില്‍ ഓര്‍മ്മകളുടെ താളുകള്‍ക്കിടയില്‍ അവര്‍ സ്ഥാനം പിടിയ്ക്കുകയില്ലല്ലോ. അറിഞ്ഞോ അറിയാതെയോ അക്കാലം പില്‍ക്കാലത്ത്‌ നിത്യജീവിതത്തില്‍  സ്വാധീനം ചെലുത്തിയിട്ടുമുണ്ടാകാം.


ഈ ഓര്‍മ്മക്കുറിപ്പിലെ ചില കഥാപാത്രങ്ങളെ എനിയ്ക്കു നേരിട്ടു പരിചയമുണ്ട്.

അതിലൊരാളാണ് എന്‍റെ അമ്മയുടെ 'വടക്കില്ലത്തെ കുഞ്ചുഏട്ടന്‍'. എനിയ്ക്ക് ഓര്‍മ്മവെയ്ക്കുന്ന നാള്‍ മുതല്‍ കേട്ടു പരിചയമുള്ള വ്യക്തി. അമ്മയ്ക്ക് സ്നേഹവും, ബഹുമാനവും ചെറിയ ഭയവും ഏതുകാലത്തും ഉണ്ടായിരുന്ന  ആള്‍. ഞാന്‍ അവണപറമ്പില്‍ വെച്ചാണ് ആദ്യം കണ്ടത് എന്ന് തോന്നുന്നു. എനിയ്ക്ക് 8-9 വയസ്സുള്ള കാലം. എന്നെ കണ്ടാല്‍ കൈകൊണ്ടു മുദ്ര കാണിയ്ക്കും. അതിന്‍റെ അര്‍ത്ഥം, പകുതി പശു, പകുതി തത്ത എന്ന്. പിന്നീട്, അദ്ദേഹത്തിനെ കാണുന്നത് എത്രയോ വര്‍ഷങ്ങള്‍ക്കു ശേഷമാണ്. നിഭ, ഡിഗ്രിയ്ക്ക് പഠിയ്ക്കുന്ന കാലത്ത് കൊച്ചിയില്‍  ഒരു ടെസ്റ്റ്‌ എഴുതാന്‍ പോയ പ്പോള്‍ ഞങ്ങള്‍ രണ്ടുപേരും വടക്കില്ലത്ത് പോയി ഏട്ടനെ കണ്ടു. പിന്നീട് കുഞ്ച്വേട്ടന്റെ 84-ആം പിറന്നാളിനും അമ്മയെകൂട്ടി പോകുകയുണ്ടായി. ഒരു പക്ഷെ, അവര്‍ തമ്മില്‍ അവസാനമായി കണ്ടു മുട്ടിയതും അപ്പോള്‍ തന്നെയാകാം. അമ്മയുടെ ആ സ്നേഹവും, പുതിയ തലമുറ, നാരായണേട്ടനുമായുള്ള അടുപ്പം കൊണ്ടും ആകാം, കുഞ്ചു ഏട്ടന്‍റെ പിണ്ഡത്ത്നു നമസ്കരിയ്ക്കാന്‍ പോകാന്‍ സാധിച്ചതും.


ചിലര്‍ നമ്മുടെ ജീവിതതില്‍ക്കൂടി ഏതാനും നിമിഷങ്ങള്‍  കടന്നുപോയാല്‍ മതി, എന്നാലും എക്കാലത്തും അവര്‍ നമ്മുടെ സ്മരണകളില്‍ സ്ഥാനം പിടിയ്ക്കുന്നു. അങ്ങിനെയൊരാളെ  ബഹുമാനപൂര്‍വ്വം 'പഴയ ഏടുകളില്‍' നമ്മള്‍ കണ്ടുമുട്ടുന്നു. താഴെയുള്ള കുട്ടികള്‍ക്ക്  വെടിപ്പുള്ള വസ്ത്രധാരണം, നല്ലപെരുമാറ്റം, രാമഭക്തി എന്നിവയൊക്കെ പഠിപ്പിച്ച ഏടത്തിയമ്മ എന്ന വ്യക്തിത്വം. അകാലത്തില്‍ എല്ലാവരെയും ദുഖത്തിലാഴ്ത്തി കടന്നുപോയ അവരെ, വിഷ്ണുഏട്ടന്റെ ലീലേടത്തിയെപ്പറ്റി ഒരു വാക്ക് ഞാനും പറയട്ടേ.. ഒരിയ്ക്കല്‍ അമ്മയെയും, ഒരുവയസ്സു പ്രായമുള്ള എന്‍റെ കുട്ടിയേയും കൊണ്ട് അമ്മാമിയുടെ കൂടെ ബാന്ഗ്ലൂരിലെ അവരുടെ വീട്ടില്‍ പോയിരുന്നു. ഊണ് കഴിഞ്ഞു ഞങ്ങള്‍ കൈകഴുകുന്നതിനിടയിലാണ് ശ്രദ്ധിച്ചത്, വര്‍ത്തമാനവും, പാചകവും നടക്കുന്നതിന്നിടയില്‍  പാകം ചെയ്ത പാത്രങ്ങളെല്ലാം കഴുകി അടക്കി ഒതുക്കി റാക്കിനു മുകളില്‍  ഭംഗിയായി വെച്ചു കഴിഞ്ഞു. എന്നെ വളരെയധികം ആ കാഴ്ച അതിശയപ്പെടുത്തി. ടൂത്ത് ബ്രഷ് മുതല്‍ എല്ലാ ഉപയോഗിയ്ക്കുന്ന സാധനങ്ങളും അതാതു സ്ഥാനത്ത് ഭംഗിയായി വെയ്ക്കുക തുടങ്ങി ഇത്ര കൃത്യത ഉള്ള ആളുകളെ കാണാന്‍ വലിയ വിഷമം.


വിവാഹത്തിന് മുന്‍പ് ടോള്‍സ്ടോയിയുടെ  ഫാമിലി ഹാപ്പിനെസ്സ് വായിച്ചുകൊണ്ടിരുന്ന ഏടത്തിയെ കളിയാക്കിയതും, കുറേ കഴിഞ്ഞു എടത്തിയുടെ കത്ത് കിട്ടുമ്പോഴത്തെ സന്തോഷവും നന്നായി വിവരിച്ചിരിയ്ക്കുന്നു.


 അമ്മിണിയേടത്തിയുടെ അച്ച്ഛന്റെ അമ്മയുടെ അനിയത്തിയാണെങ്കിലും  അഛന്റെ അനിയത്തിയായി വളര്‍ന്ന പാഴൂര്‍ പടുതോള്‍ ഇല്ലത്ത് ജനിച്ചു വളര്‍ന്ന, അമ്മയുടെ ഔനിക്കാട്ടെ ഏടത്തി വളരെ ചെറുപ്പത്തില്‍ വിധവയായതിനാല്‍ പിന്നീട് ഇല്ലത്തു തന്നെ താമസിച്ചു. അക്കാലത്ത് അടുക്കളക്കെട്ടിനകത്തു അന്തര്‍ജ്ജനങ്ങളും, പണിക്കാരി സ്ത്രീകളും ചര്‍ക്കയിലും, തക്ളിയില്‍  കുട്ടികളും നൂല്‍ നൂല്ക്കുകയും, ആ നൂല് വിറ്റ് മുണ്ടും വിരിയുമൊക്കെ വാങ്ങുകയും ചെയ്തിരുന്നു. നൂല്‍ നൂല്ക്കുന്നതിന്നിടെ പത്രവും, ആനന്ദവികടന്‍ എന്ന തമിഴ് വാരികയും വായന !...ഇതിനെല്ലാം മുന്നില്‍ നിന്നിരുന്നത്  പേരശ്യമ്മ...നാലാപ്പാട് നാരായണമേനോന്‍ തര്‍ജ്ജമ ചെയ്ത ഫ്രഞ്ച് നോവലിന്റെ പരിഭാഷ, 'പാവങ്ങ'ളുടെ കോപ്പി, അദ്ദേഹം  പേരെഴുതി ഒപ്പിട്ടു കൊടുക്കുകയും, അത് വായിച്ചു വികാരാധീനയകുകയും, അതിലെ കഥാപാത്രമായ  'കൊസത്' എന്ന കഥാപാത്രത്തോട്, തോന്നിയ അടുപ്പം ഒടുവില്‍ യാഥാര്‍ത്ഥ്യമായതും മഹത്തായ സംഭവം തന്നെ. പിന്നീട്  അനാഥയായി  ഇല്ലത്ത് വന്നുചേര്‍ന്ന ഒരു പെണ്‍കുട്ടിയ്ക്ക് ആശ്രയം കൊടുത്തു അവളെ പഠിപ്പിച്ചു, വിവാഹം കഴിപ്പിച്ചുവിട്ടു. അവള്‍ക്കു പേരശ്യമ്മ, കൊസത് എന്ന് തന്നെയാണ് പേരിട്ടിരുന്നതും.


ഞങ്ങള്‍ തൃശൂരില്‍ താമസിച്ചിരുന്ന കാലത്ത് അമ്മ ഞങ്ങളുടെ കൂടെയുണ്ടായിരുന്നു. അപ്പോള്‍ മിക്ക ദിവസവും പേരശ്യമ്മ വീട്ടില്‍ വരും. പലപ്പോഴും മാറോട് ചേര്‍ത്തുവെച്ച പൊതിയില്‍ നാളികേരം അല്ലെങ്കില്‍ അമ്മക്ക് തോര്‍ത്തുമുണ്ട് കരുതിയിരിക്കും. 'തത്തയ്ക്ക് എന്‍റെ ചികിത്സയാണ്' എന്നാണു പറയുക. വൈകുന്നേരം പേരശ്യമ്മ പോകുന്ന വരെ  രണ്ടുപേരും വര്‍ത്തമാനം തന്നെ. എന്‍റെ അമ്മയുടെ ഔനിക്കാട്ടെ ഏടത്തിയെ നന്നായി അറിയുന്നത് അക്കാലത്താണ്. സുഗതകുമാരി ടീച്ചര്‍ ഒരിക്കല്‍ വീട്ടില്‍ വന്നപ്പോള്‍, സന്ദര്‍ഭവശാല്‍, ഞങ്ങള്‍ പേരശ്യമ്മയെ പറ്റി പറഞ്ഞു. അപ്പോള്‍, അങ്ങിനെയുള്ള വ്യക്തിത്വത്തെ എനിയ്ക്ക് എന്തായാലും കാണണം എന്നായി ടീച്ചര്‍.  അങ്ങിനെ ബേബി ഏടത്തിയുടെ വീട്ടിലേയ്ക്ക് ടീച്ചറെ കൊണ്ടു പോയി. ടീച്ചറെ കണ്ടപ്പോൾ പേരശ്ശ്യമ്മ്യ്ക്കും നല്ല സന്തോഷമായി. ടീച്ചറുടെ ഒരു കവിതാ പുസ്തകം പേരശ്യമ്മയ്ക്ക് കൊടുക്കുകയും ചെയ്തു. 


ബാല്യത്തിന്റെ നിഷ്കളങ്കതയും, പ്രായത്തിന്റെ പക്വതയും, ഫലിതവും, വിവേകവുമുള്ള സംഭാഷണരീതി, സ്നേഹമൂര്ത്തിയായിരുന്ന പേരശ്യമ്മ, അമ്മ മരിച്ച ശേഷം ചെന്ന് കണ്ടപ്പോള്‍ ദുഃഖം മറച്ചു,  'മുന്‍പേ പോയവര്‍ ഭാഗ്യം ചെയ്തവര്‍' എന്ന് പറഞ്ഞു തല കുനിച്ചിരുന്നു......അത് കഴിഞ്ഞു അധികകാലം  കഴിഞ്ഞില്ലാ, പേരശ്ശ്യമ്മയും യാത്രയായി. ഇടയില്‍ ഒരുനാള്‍ ഔനിക്കാട്ടു പോയി പേരശ്യമ്മയെ നമസ്കരിച്ചു പോന്നു. മരിച്ചു കിടക്കുമ്പോള്‍ സ്വന്തം കയ്യാല്‍ നൂറ്റ നൂലുകൊണ്ട്  നെയ്ത പുതപ്പ് പുതച്ചാണ് കിടന്നിരുന്നത് എന്നു വായിച്ചപ്പോള്‍ എന്തെന്നില്ലാത്ത സ്നേഹാദരവ് തോന്നി. ഒരു കണക്കില്‍ ഭാഗ്യവതി തന്നെ ! ഈ ശരീരം വിട്ടുപോയാലും അവരുടെ ഓര്‍മ്മകള്‍  അനശ്വരമാകുന്നു. മരിച്ചതറിഞ്ഞില്ല. എന്നാല്‍ പിണ്ഡത്തിനു പോയി നമസ്കരിക്കാം എന്ന് വിചാരിച്ചു  ഇവിടെ നിന്നും  ഇറങ്ങി. ഗുരുവായൂര്‍ എത്തിയപ്പോഴേയ്ക്കും നേരം വൈകിയിട്ടുണ്ടാകുമെന്നു കരുതി  ഗുരുവായൂരപ്പനെ സങ്കടം ബോധിപ്പിച്ചു പോന്നു.


അമ്മിണി എടത്തിയുടെ ചെറുകഥാ സമാഹാരമായ 'കാലവര്‍ഷം,' അച്ഛന്റമ്മയ്ക്ക് സമര്‍പ്പിച്ചിരിയ്ക്കുന്നു. അതിലെ ഓരോ  കഥകളും എത്രമാത്രം ചാരുതയും, ഗുരുതയും ചേര്‍ന്നതാണെന്നു ആമുഖമെഴുതിയ ലീലാവതി ടീച്ചര്‍ പറയുന്നു.

'കാലവര്‍ഷത്തിലെ' കുട്ടേട്ടന് എഴുതിയ കത്ത് ഹൃദയസ്പര്ശിയാണ്.  'അഭിമാനിയായ ഏട്ടന്‍' എന്നകഥ, മാതൃഭൂമിയിലെ  ബാലപംക്തിയില്‍ അച്ചടിച്ചു വന്നത് കണ്ടപ്പോഴത്തെ സന്തോഷം, ആ സന്തോഷം അറിയിക്കാന്‍ ഓടിച്ചെല്ലുമ്പോള്‍, സ്ഥിരം വിനോദമായ കണക്കുകളികള്‍ സ്ലൈറ്റില്‍ കുത്തിക്കുറിയ്ക്കുന്ന  അഛന്‍റെ മുന്നില്‍ വാരിക വെച്ചു കൊടുത്തതും കിടന്നകിടപ്പില്‍ അത് വായിച്ചു  രണ്ടു കൈകൊണ്ടും തല ചൊറിഞ്ഞു  'അസ്സല്'ചിരി ചിരിയ്ക്കുന്ന അഛന്‍റെ മനസ്സ് വായിച്ചെടുക്കുന്ന മകളും....മനോഹരമായ വിവരണം. ഒരഷ്ടമി രോഹിണി ദിവസമാണ് കഥ ആദ്യമായി അച്ചടിച്ചു വന്നത്. അടുത്ത വര്ഷം അഷ്ടമിരോഹിണി  ദിവസമാണ്, ആദ്യ കഥ അച്ചടിച്ചു വന്നതിന്റെ സ്മരണികയായി കുട്ടേട്ടന് ഒരെഴുത്തെഴുതുന്നത്. കഥയെക്കാള്‍ മനോഹരമായ കത്ത്. അങ്ങിനെ കുട്ടേട്ടനും തോന്നിയിട്ടുണ്ടാകും. മനസ്സിലെ വിചാര വികാരങ്ങള്‍  വളരെ സുന്ദരമായി പകര്‍ത്തിയിരിയ്ക്കുന്നു. ആരുമറിയാതെ കഥയെഴുതി, ചന്തയ്ക്കു പോകുന്ന വാലിയക്കാരന്റെ കയ്യില്‍ പോസ്റ്റ്‌ ചെയ്യാന്‍ കൊടുക്കുമ്പോള്‍ നിഷ്കളങ്കമായ മനസ്സോടെ 'കുട്ടേട്ടനിത് അച്ചടിയ്ക്കാന്‍ തോന്നണേ ' എന്ന് പ്രാര്‍ത്ഥിയ്ക്കുന്ന കുഞ്ഞു മനസ്സ്. കഥ അടിച്ചു വന്നപ്പോള്‍, ' താന്‍ പ്രപഞ്ചത്തോളം വലുതാകുകയും പ്രപഞ്ചം തന്നിലേക്ക് ചുരുങ്ങുകയും ചെയ്യുന്ന ഒരവസ്ഥാവിശേഷമില്ലേ കുട്ടേട്ടാ..... ആ സന്തോഷം  കുട്ടേട്ടന് മാത്രമേ മനസ്സിലാകൂ' എന്നെഴുതിയ അനിയത്തിയെ കുട്ടേട്ടന് എങ്ങിനെ അവഗണിയ്ക്കാനാകും ?


'പനിയ്ക്ക് ചികിത്സ പട്ടിണി' എന്ന് പറയുന്ന സ്നേഹമയിയായ അമ്മ, വാത്സല്യമുള്ള ആയി,  എന്ത് കാണാതെ പോയാലും കൊട്ടിച്ചിരി കഴിയ്ക്കുന്ന വിശ്വാസം,  സ്നേഹിയ്ക്കുകയും ആരാധിയ്ക്കുകയും ചെയ്യുന്ന ഏറ്റവും വലിയ ജീവി ആനയോടുള്ള കമ്പം ഈ അനുഭവങ്ങളൊക്കെ ഏറെക്കുറെ അങ്ങിനെത്തന്നെ ഞങ്ങള്‍ക്കും ഉണ്ടായിരുന്നു. ആനക്കഥകളെ പോലെ തന്നെ  വിഷചികില്സയെപറ്റിയും അമ്മ പറയാറുണ്ട്. കുഞ്ചുആനയും, മുത്തശ്ശനും ബംഗ്ലാവുമൊക്കെ എന്‍റെ അമ്മയുടെ കഥകളില്‍ക്കൂടെ എനിയ്ക്ക് സുപരിചിതമാണ്. സ്വന്തമായി റേഡിയോ ഉണ്ടാക്കാന്‍ ശ്രമിച്ചു വിജയിച്ച അമ്മയുടെ അമ്മാമനെ പറ്റിയും അദ്ദേഹത്തിന്‍റെ  കൂടപ്പിറപ്പുകളെ പറ്റിയുമൊക്കെ അന്നേ കേട്ടിട്ടുണ്ട്. കുഞ്ചു ആനയെ തളച്ച വെളുത്തേടത്ത് ഗോവിന്ദനും എനിയ്ക്ക് കേട്ടു പരിചയമുള്ള ആളാണ്‌. ഒരു  പക്ഷെ, മൂവാറ്റുപുഴയാര്‍ ഒഴികെ ഒരുവിധം സംഭവങ്ങള്‍ എന്റെതുകൂടി ആണെന്ന് പറഞ്ഞാലോ ? ഇതൊക്കെ വായിക്കുമ്പോളാണ് അക്കാലത്ത് എത്ര ആഴത്തിലായിരുന്നു എന്‍റെ അമ്മ ഉള്‍പ്പടെയുള്ള ബന്ധുക്കള്‍ തമ്മിലുള്ള അടുപ്പം എന്നറിയുന്നത്.


 കൂട്ടുകുടുംബത്തിന്റെ ഗുണം ഏറ്റവും അധികം അനുഭവിയ്ക്കുന്നത് കുട്ടികളാണ്. കുടുംബം ഭാഗം വെച്ച് പിരിയുമ്പോള്‍ ഏറ്റവും ദുഖിയ്ക്കുന്നതും അവര്‍ തന്നെ. അങ്ങിനെ ഒരുനാള്‍ ഇല്ലത്ത് ഭാഗം കഴിയുന്നു. കുട്ടികള്‍ ഒരിക്കലും ആഗ്രഹിയ്ക്കാത്ത സംഭവം. ഭാഗത്തില്‍ കിട്ടിയ പലകയെടുത്ത് തന്‍റെ വാസസ്ഥലത്തെയ്ക്ക് പോകുന്ന ശങ്കരേട്ടനെ സഹായിക്കാമെന്ന ഉദ്ദേശത്തില്‍ ഒരു പലകയെടുത്തപ്പോള്‍, 'തൊടരുത്, ഇതൊക്കെ ഞങ്ങടെയാണ്', എന്ന് പറഞ്ഞപ്പോള്‍ സങ്കടം അണപൊട്ടി. ആ സങ്കടം തീര്‍ക്കാന്‍ ശ്രമിച്ച തിരുത്തുമ്മിലെ ഏട്ടന്‍, കോല്‍ത്താഴിട്ടു പൂട്ടിയ അറ തുറന്ന് ഇല്ലത്തെ പാത്ര ശേഖരങ്ങളും മറ്റും കാണിച്ചു കൊടുത്തു. തല്ക്കാലത്തെയ്ക്ക്  കരച്ചില്‍ മാറ്റിയെങ്കിലും  ചെറിയൊരു വിങ്ങല്‍ ബാക്കി നിന്ന സംഭവം വായിയ്ക്കുന്നവര്‍ക്കും അനുഭവപ്പെടുന്നു. (എന്‍റെ അച്ഛന്‍ മരിച്ചതറിഞ്ഞു ഒറ്റയ്ക്ക്, വഴിയൊക്കെ തെറ്റി, നട്ടുച്ചയ്ക്ക് ക്ഷീണിച്ചു അവശനായി അദ്ദേഹം, തിരുത്തുമ്മിലെ ഏട്ടന്‍, ഇല്ലത്ത് എത്തിച്ചേര്‍ന്നത് ഓര്‍മ്മ വരികയാണ്.)


സ്നേഹവും ആര്‍ദ്രതയും നിഷ്കളങ്കതയും  ഊഷ്മളതയും നിറഞ്ഞ, നമ്മളില്‍ ഊര്‍ജം നിറയ്ക്കുന്ന, ആ ഓര്‍മ്മകളില്‍ ജീവിച്ചുപോയവര്‍ പകര്‍ന്നുതന്ന നന്മയുടെ ഫലമാണ് നമ്മളൊക്കെ. നമ്മളെ നാമാക്കി മാറ്റുന്നതിന് ഇവരൊക്കെ നമ്മുടെ ബാല്യത്തില്‍ ചെലുത്തിയ അറിഞ്ഞും അറിയാതെയുമുള്ള സംഭാവനകള്‍ നിരവധിയാകാം....

മധുരവും, ആനന്ദവും തരുന്ന ആ അമൂല്യങ്ങളായ സ്മരണാഞ്ജലിയ്ക്ക് മുന്നില്‍ എന്‍റെ സ്നേഹം നിറഞ്ഞ കൂപ്പുകൈ........

'യാനി യാനി ച പാപാനി .........'


[ഇത്തവണ, പിറവത്ത് ഒരു പുത്തന്‍ തിരുവാതിരയ്ക്ക് പോയപ്പോളാണ് വടക്കില്ലത്ത് പോകാനും, ഏടത്തിയെ കാണാനും, പുസ്തകങ്ങള്‍ ഉപഹാരരൂപത്തില്‍ മേടിയ്ക്കാനും സാധിച്ചത്. അന്നാട്ടിലെ തിരുവാതിരയിലും പങ്കുചേര്‍ന്നു. പാതിരാ പൂ കൊണ്ടുവരുന്ന ചടങ്ങില്‍ പങ്കെടുത്തപ്പോള്‍ 'തൃശൂരെ മതിലകത്ത് ഒന്നല്ലോ പൂത്തിലഞ്ഞി ......' എന്ന വരികള്‍ പാടുമ്പോള്‍, അധികം താമസമില്ലാതെ ഈ വരികളൊക്കെ വെറും ഓര്‍മ്മകളില്‍ മാത്രമായിത്തീരുമോ എന്ന് സംശയിച്ചു....ആയി, ഈ പാട്ടു പാടുമ്പോള്‍ പാഴൂരും പിറവത്തും മുഴുവന്‍ അത് മുഴങ്ങും എന്ന  'പഴയ ഏടുകളി'ലെ വരികളും ഓര്‍ത്തു.]

 

ഇതൊക്കെ കുത്തിക്കുറിച്ചിട്ട് ഒരു ദശാബ്ദക്കാലമായി. ഇടയില്‍ മൂന്നാം തലമുറയിലുള്ള ബന്ധുക്കളെ ചിലരെയൊക്കെ കണ്ടിരുന്നു. ഒരിക്കല്‍ക്കൂടി അവരെയൊക്കെ കാണാനുള്ള ഒരവസരം നഷ്ടമായല്ലോ, പ്രത്യേകിച്ച് സുനില്‍നെ എന്ന് ഈ പഴയപോസ്റ്റ് കണ്ടപ്പോള്‍ ഓര്‍ത്തു. സുനില്‍ പിറന്നാളിന് വിളിച്ചിരുന്നു. പക്ഷേ, പോകാന്‍ പറ്റിയില്ല. അതിന്റെ കുണ്‍ഠിതം ബാക്കി നില്‍ക്കുകയാണ്. ഇത്ര പെട്ടന്ന് യാത്രയാകും എന്ന് തീരെ കരുതിയില്ല! ദശാബ്ദങ്ങള്‍ക്ക് മുന്‍പ് കോയമ്പത്തൂരില്‍ സിദ്ധവൈദ്യനെ കാണാന്‍ വരുമ്പോള്‍ ഞങ്ങള്‍ മണിക്കൂറുകളോളം സംസാരിച്ചിരിക്കാറുണ്ടായിരുന്നത് ഓര്‍ത്ത്‌പോയി. ആ ചികില്‍സയില്‍ ഏറെ ആശ്വാസം കണ്ടെത്തിയതും എനിക്കും സന്തോഷം ഉണ്ടാക്കിയിരുന്നു. തുടര്‍ന്ന് എന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ ഞാനും ഏതാനും മാസങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുന്പ് വിടപറഞ്ഞ ശ്രീ ബ്രഹ്മാനന്ദ സ്വാമികളുടെ അടുത്ത് പോയിരുന്നു. 


അദ്ധ്യായങ്ങള്‍ അടഞ്ഞുപോകുന്നത് വളരെ പെട്ടെന്ന്! താളുകള്‍ പിന്നാക്കം മറിക്കേണ്ട ആവശ്യമില്ല. നൊടിയിടമതി നന്മനിറഞ്ഞ മനസ്സുകളെ ഓര്‍ത്തെടുക്കാന്‍ ! കുടുംബവും സമൂഹവും രാജ്യവും ലോകം തന്നെയും സദാ കലുഷിതമായിരിക്കുന്ന ഇക്കാലത്ത് സദാ എറ്റു കൊണ്ടിരിക്കുന്ന മുറിവുകള്‍ക്ക്‌ അനുഭവിച്ചറിഞ്ഞ, കേട്ടറിഞ്ഞ, വായിച്ചറിഞ്ഞ സുഖ സ്മരണകള്‍ ആശ്വാസം നല്‍കുന്ന ലേപനങ്ങള്‍ ആയിത്തീരട്ടെ!   



യാത്ര --- ജന്മനാട് F

 സ്പന്ദനങ്ങള്‍.:_ ഏപ്രില്‍, 2014

(ജന്മനാട് )

നാവാമുകന്ദാ ഹരേ !!

മദാമ്മയ്ക്ക് എന്തു മാമാങ്കം?

അതിഥിയായ മദാമ്മയേയും കൊണ്ടു ഒന്ന് നാട് ചുറ്റാം എന്ന് കരുതി ഞങ്ങള്‍ ഉച്ച തിരിഞ്ഞു യാത്ര പുറപ്പെട്ടു.

തെക്കേ നാഗപറമ്പു കഴിഞ്ഞാല്‍ നാറമ്പ് (നാഗപറമ്പ്) അഥവാ നടുവട്ടം സെന്ടര്‍. ഞങ്ങടെ നാടിന്റെ ഹൃദയഭാഗം. അന്നും, ഇന്നും ഒരേപോലെ അല്ലെങ്കില്‍ അത്രയ്ക്കൊന്നും മാറ്റങ്ങള്‍ സംഭവിച്ചിട്ടില്ലാത്ത നാട്ടിന്‍പുറം.

മദാമ്മയ്ക്ക് ചെറിയ ഒരു വിവരണം ഈ നാടിനെപ്പറ്റി കൊടുക്കാതിരിക്കുന്നതെങ്ങിനെ?

ഈ നാടിനെക്കുറിച്ച് പറയാന്‍ തുടങ്ങിയാല്‍ അനന്തനും തോറ്റുപോകും. ഞാന്‍ ജനിച്ചു വളര്‍ന്ന നാട്. 'എന്ടുപ്പാപ്പാക്കൊരാനെണ്ടാര്‍ന്നു .'.എന്ന് പറഞ്ഞപോലെ, ദശാബ്ദങ്ങള്‍ പിന്നിട്ട സംഗതികളാണെങ്കിലും...........

(എന്റെ ഉപ്പാപ്പായെ എങ്ങിനെ മറക്കും? അദ്ദേഹത്തിന്‍റെ സ്മരണകള്‍ ഉണര്‍ത്തുന്ന ചില അവശിഷ്ടങ്ങള്‍ / ഓര്‍മ്മപ്പെടുത്തലുകള്‍ ഇവിടെ ഇപ്പോഴും തലയുയര്‍ത്തി നില്‍ക്കുന്നുണ്ട്.)

ഈ നാറമ്പില്‍ പണ്ട് ഉണ്ടായിരുന്ന 2 വരി പീടികമുറികളും, ചെറിയ സ്കൂള്‍ (ഒന്നുമുതല്‍ അഞ്ച് വരെ) കെട്ടിടവും അദ്ദേഹമാണ് നിര്‍മ്മിച്ചത്. തെക്കേ വരിയില്‍ മുകളിലെ നിലയില്‍.പോസ്റ്റ്‌ ആഫീസും, വായനശാലയും. താഴെ തുണിക്കട, അതോടു ചേര്‍ന്ന് ഒരു ഒരു തയ്യല്ക്കട, പലചരക്ക് കട, ചായപ്പീടിക വടക്കെ വരിയില്‍ സ്കൂൾ കുട്ടികൾക്കുവേണ്ട സ്ലേറ്റ്, പെൻസിൽ, നോട്ട് ബുക്ക് കൂടാതെ ലോസഞ്ചർ മിഠായി. പലചരക്ക്കള് ഒക്കെ യുള്ള പീടിക, തൊട്ടപ്പുറത്ത് റെഷന്‍ കട, നാട്ടുമരുന്നുകട തുടങ്ങി.......

പകലന്തിയോളം സജീവമാണ് ഈ നാറമ്പങ്ങാടി. 

(അന്നും ഇന്നും)

ഇവിടത്തെ ഭൂപ്രകൃതി തന്നെ പ്രത്യേകതയുള്ളതാണ്. അവിടവിടെയായി ധാരാളം കറുത്ത പാറകൾ തലയുയർത്തി നിന്നിരുന്നു. (റോഡും പുതിയ കടകളും വന്നപ്പോള്‍ അവയൊക്കെ അപ്രത്യക്ഷമായി. പാറകൾ. ചില സ്ഥലങ്ങളില്‍ പാറ തുരന്നു വൃത്താകൃതിയിൽ ഗുഹകൾ ഉണ്ടാക്കിയിട്ടുണ്ട്. ഇത് ടിപ്പുവിന്റെ പടയോട്ടക്കാലത്തു നിർമ്മിച്ചതാണെത്രെ. ആളുകൾക്ക് ഒളിച്ചിരിയ്ക്കാൻ പറ്റുന്നതാണ് എന്ന് കണ്ടാലറിയാം. എനിക്ക് ഓർമ്മയുള്ള കാലത്തു മുടി മുറിച്ചിട്ടതും മറ്റു ചണ്ടി പണ്ടാരങ്ങളുമാണ് അതിൽ നിക്ഷേപിച്ചിരുന്നത്.

എല്‍.പി സ്കൂളിനു നേരെ മുന്നില്‍ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ഒരാലുണ്ടായിരുന്നു. ഈ ആലും സ്കൂളും പീടികകളുമായിരുന്നു ഒരുകാലത്ത് നാറമ്പിന്റെ മുഖമുദ്രകള്‍. ആലിന്റെ ചുവട്ടില്‍ സമൃദ്ധമായ കരിമ്പാറകള്‍. അതിന്മേല്‍ ഇരിക്കുകയും കിടക്കുകയുമൊക്കെയാകാം. പലപ്പോഴും പച്ചയും ചുവപ്പും മഞ്ഞനിറവുമുള്ള പഴങ്ങൾ വീണു പാറയിലെ കുഴികൾ നിറഞ്ഞിരിയ്ക്കും. വൈകുന്നേരങ്ങളില്‍ മാഷുമ്മാരും, മറ്റു നാട്ടാരും സന്ധ്യക്ക്‌ പക്ഷികള്‍ ചേക്കേറി ബഹളം കൂട്ടുന്നവരെ വര്‍ത്തമാനം പറഞ്ഞിരിക്കുന്ന ഒരു സങ്കേതം കൂടിയായിരുന്നൂ ഈ ആലിന്ചോട്.

കുറച്ചു അപ്പുറത്ത് ഒരു അത്താണിയുണ്ടായിരുന്നു. തണ്ണീര്‍‍പ്പന്തല്‍ ആലിന്ചോട്ടില്‍ തന്നെ.  ‍

ആലിന്റെ വടക്ക് പടിഞ്ഞാട്ട് കുറച്ചു നടന്നാല്‍ ധാരാളം പഴങ്ങള്‍ ഉള്ള മറ്റൊരു ഒരാല് കൂടി ഉണ്ടായിരുന്നു. നേരെ താഴേയ്ക്ക് ഇറക്കമാണ്. ഇറങ്ങി ഇറങ്ങി എത്തുന്നത് എന്റെ ജന്മഗൃഹത്തില്‍.

എൽ പി സ്‌കൂളിൽ നിന്നും യു.പി സ്‌കൂളിലേക്ക് പോകുന്ന വഴിയിൽ ഒരു ചോലയുണ്ട്. ചോലയിൽ ഒരു ഗുഹയുണ്ടായിരുന്നു. പൊതുവെ, നാട്ടുകാർക്കൊക്കെ 'ഇമ്പാച്ചിപ്പേടി' ഉണ്ടായിരുന്ന ഒരു പൊട്ടക്കുളമായിരുന്നു ഇത്. പക്ഷേ, യുപി സ്കൂളിലെ കുട്ടികള്‍ ഇതിലിറങ്ങി ചോറ്റുപാത്രം കഴുകാറുണ്ടായിരുന്നു. ചിലവീട്ടുകാര്‍ നനയും കുളിയും നടത്തിയിരുന്നു.

(കാലം, അല്ല, മനുഷ്യര്‍ തന്നെ ഈ മുഖമുദ്രകള്‍ ഒട്ടൊക്കെ എടുത്തു മാറ്റിയിരിയ്ക്കുന്നു!)

നടുവട്ടം, അഥവാ, നാറമ്പ് സെന്റര്‍-ല്‍ നിന്നും കിഴക്കോട്ടുപോയാല്‍, ആതവനാട് എന്ന ആഴ്വാഞ്ചേരി തമ്പ്രാക്കള്‍ വസിക്കുന്ന നാട്ടിലെത്തും. തെക്ക് കിഴക്കോട്ടു നടന്നാല്‍ കുറ്റിപ്പുറം ഭാഗത്തെയ്ക്കും. പടിഞ്ഞാട്ടായാല്‍ മാണിയംകാട്, ആനപ്പടി കഴിഞ്ഞു, റയിലുകൊണ്ടെത്തിയ്ക്കുന്നത് തിരുന്നാവായ സ്റ്റേഷനിലേക്ക്. അതും കഴിഞ്ഞാല്‍ ചരിത്ര പ്രസിദ്ധമായ മാമാങ്ക ഭൂമിയിലും.

വെട്ടത്തുനാടാണിതെന്റെ നാട്

വെട്ടം പരത്തുന്നൊരെന്റെ നാട്

വടക്കോട്ടിറങ്ങിയാല്‍, വളവും തിരിവും കഴിഞ്ഞു അനന്താവൂര്‍ പാടത്തെത്തും. നമ്മുടെ ഇന്നത്തെ യാത്ര ഈ വഴിയിലൂടെയാണ്.

രണ്ടുപേര്‍ക്ക് തൊടാതെ നടക്കാന്‍ പറ്റാത്ത കുണ്ടനിടവഴികള്‍ വീതി കൂട്ടി 60 കളുടെ അവസാനകാലത്ത് ഉണ്ടാക്കിയ റോഡില്‍ക്കൂടി രണ്ടു മൂന്നു തിരിവുകളും വളവുകളും കഴിഞ്ഞാല്‍ അനന്താവൂര്‍ പാടത്തിന്റെ വക്കത്തെത്തും. പാടത്തിന്റെ ഇടത്തെ അറ്റം അങ്ങിനെ നീണ്ടു പടിഞ്ഞാട്ടു പോയി വലിയപറപ്പൂര്‍ കായലില്‍ച്ചെന്ന് അവസാനിയ്ക്കുന്നു. കേരളത്തിലെ പ്രസിദ്ധമായ ചെന്താമരക്കൃഷി നടത്തുന്ന മനോഹരമായ വലിയപറപ്പൂര്‍ താമരക്കായലാണിത്. കായലിന്റെ അതിര്‍ത്തി കുറിയ്ക്കുന്നത് റയില്‍പ്പാളങ്ങള്‍.

വലതു ഭാഗത്ത്, കുറച്ചു ദൂരെ ഞങ്ങളുടെ കുടുംബ ക്ഷേത്രമായിരുന്ന കുറ്റിക്കുളങ്ങര മഹാദേവക്ഷേത്രവും, ക്ഷേത്രക്കുളത്തിന്റെയും, ക്ഷേത്രത്തിന്‍റെയും ഇടയില്‍ വടക്കുഭാഗത്തായി നൂറ്റാണ്ടുകൾ പഴക്കമുള്ള, വെട്ടത്തു രാജാവിന്റെ കാലത്തെ അനുസ്മരിക്കുന്ന ഒരു ആലും കാണാം.

(പണ്ട്, ജന്മഗൃഹത്തിന്‍റെ പടിഞ്ഞാറേപ്പടിക്കല്‍ നിന്നാല്‍ ദൂരെ ക്ഷേത്രം കാണാമായിരുന്നു. ഇന്ന് കോണ്‍ക്രീറ്റ് സൌധങ്ങള്‍ പാടത്ത് തലയുയര്‍ത്തി നിന്ന് കാഴ്ച മറയ്ക്കുന്നു. 

വലിയ തോടും, താഴെയുള്ള ചെറിയതോടും റോഡിനു വഴിമാറിക്കൊടുത്തു!) 

പാടം കഴിഞ്ഞു വലിയപറപ്പൂരില്‍ക്കൂടിയുള്ള യാത്ര തിരുന്നാവായ --പുത്തനത്താണി ഹൈവേയില്‍ച്ചെന്നെത്തിയ്ക്കുന്നു.

വലത്തോട്ട് ഒന്നര കി.മി. പട്ടര്നടക്കാവ് വഴി പോയാല്‍, റോഡിന്‍റെ വലതു ഭാഗത്ത് ചന്ദനക്കാവും, നാരായണീയ കര്‍ത്താവ്, ശ്രീ മേല്‍പ്പത്തൂര്‍ ഭട്ടതിരിപ്പാടിന്റെ ജന്മസ്ഥലവുമായി. എന്നാല്‍ നമ്മള്‍ എടത്തോട്ടെയ്ക്കാണ് തിരിയുന്നത്. 

ഒന്നൊന്നര കി.മി.കഴിഞ്ഞാല്‍ കുന്നിന്‍പുറം എന്ന സ്ഥലം. ഇവിടെ നിന്ന് വലത്തോട്ട് ഒന്ന് എത്തി നോക്കിയാല്‍ കാണുന്ന സ്ഥലത്താണ് ചരിത്ര പ്രാധാന്യമുള്ള ചങ്ങമ്പിള്ളി വൈദ്യന്മാരുടെ തറവാടും, ഇപ്പോഴത്തെ ചികില്സാഭവനും. പണ്ട് സാമൂതിരി മാമാങ്കകാലത്ത് മുറിവേല്‍ക്കുന്നവരെ  ചികിത്സിക്കാനായി ആയോധനകലകളിലും ആയുര്‍ വേദത്തിലും പ്രാവീണ്യം നേടിയ തുളു ബ്രാഹ്മണരെ ഇങ്ങോട്ട് വരുത്തി. അവരുടെ വംശ പരമ്പരയില്‍പെട്ട ഒരു പ്രധാന കണ്ണിയാണ് ഡോ.കുഞ്ഞാലന്‍ കുരിക്കള്‍ (ഗുരുക്കള്‍). ആയുര്‍വേദ  ചികിത്സയും പാരമ്പര്യ മര്‍മ്മചികിത്സയും മാത്രമല്ല, രോഗിയുടെ ശരീരവും മനസ്സും ഒരേപോലെ അറിഞ്ഞ് ആദ്ധ്യാത്മികരീതിയിലുള്ള പ്രത്യേകസമീപനമാണ് കൈക്കൊള്ളുന്നത്. സൂഫി ഗുരുവില്‍ നിന്നും വൈദ്യത്തില്‍ ശിക്ഷണം ലഭിച്ച ഡോ.കുഞ്ഞാലന്‍ കുരിക്കള്‍ കൈനാഡി പരിശോധന നടത്തി അപ്പപ്പോള്‍ മനസ്സില്‍ ഉരുത്തിരിഞ്ഞു വരുന്ന പ്രതിവിധികള്‍ക്കനുസൃതമായ ചികിത്സാ രീതിയാണ് സ്വീകരിച്ചിരിക്കുന്നത്  വീടിന് ചുറ്റും അപൂര്‍വങ്ങളായ ഔഷധസസ്യങ്ങള്‍ പരിപാലിച്ചു വരുന്നു. ചില ഗവേഷണ പദ്ധതികളും അദ്ദേഹവും ആയുര്‍വേദ ഡോക്ടറായ മകളും ചേര്‍ന്ന് നടത്തിപ്പോരുന്നു. പഴയകാലത്തെ ചങ്ങമ്പിള്ളി കളരിയും മരുന്നറയുടെ അവശിഷ്ടങ്ങളും ഇന്ന് സംരക്ഷിച്ചു വരുന്നുണ്ട്.   

ഇവിടെ അടുത്തു തന്നെ പഠാണികളുടെ വിശുദ്ധ മഖാം കാണാം. മലബാറില്‍ പടയോട്ടം നടത്തിയിരുന്ന കാലത്ത് ടിപ്പുസുല്‍ത്താന്റെ പടനായകനായിരുന്ന പഠാണി ശഹീദ്ന്‍റെ അന്ത്യവിശ്രമാസ്ഥാനമാണ് ഈ മഖ്ബര.1821ലെ മലബാര്‍ കലാപകാലത്ത് പട്ടാളം ഇവിടെയാണത്രേ തമ്പടിച്ചിരുന്നത്. പില്‍ക്കാലത്ത് കുന്നുംപുറം ജാറം മുസ്ലിം വിശ്വാസികളുടെ സന്ദര്‍ശന സ്ഥാനമായി. ഇപ്പോള്‍ ജാതി ഭേദമില്ലാതെ ഭക്തര്‍ സന്ദര്‍ശിയ്ക്കുന്ന പുണ്യസ്ഥാനം കൂടിയാണിത്.

മുന്നോട്ടുള്ള യാത്രയിൽ, ഇടതു ഭാഗത്ത് ഒന്നരാള് ഉയരത്തില്‍ വെട്ടുകല്ലില്‍ തീര്‍ത്ത വീതിയുള്ള ചെങ്കല്‍പലക വള്ളിപ്പടര്പ്പുകള്‍ക്കുള്ളില്‍ കുത്തനെ നില്‍ക്കുന്നത് കാണാം. ഇതാണ് 'കുത്തുകല്ല്'. പണ്ട് നാവാമുകുന്ദ ക്ഷേത്രത്തില്‍ കത്തിച്ചിരുന്ന ദീപസ്തംഭം കെടാതിരിയ്ക്കാന്‍ തച്ചുശാസ്ത്ര വിധിപ്രകാരം പെരുംതച്ചന്‍ സ്ഥാപ്ച്ചതാണെന്നാണ് ഐതിഹ്യം. അതല്ല, തിരുന്നാവായ ദേശത്തിന്റെ അതിര്‍ത്തി അടയാളപ്പെടുത്തുന്ന കല്ലാണ് ഇത് എന്നും പറയപ്പെടുന്നുണ്ട്. (അനന്താവൂരില്‍ ഇതേപോലെ രണ്ടു കുത്തുകല്ലുകള്‍ കൂടിയുണ്ട്.)‍

മുന്നില്‍ എടക്കുളം അങ്ങാടിയായി. ഇനി റയില്‍വേ ഗേറ്റ് കടന്നാല്‍ ഇടത്ത്, എന്റെ കുട്ടിക്കാലത്ത് എടക്കുളം എന്നറിയപ്പെട്ടിരുന്ന ഇപ്പോഴത്തെ തിരുന്നാവായ റയില്‍വേ സ്റ്റേഷന്‍. പണ്ട് കാലത്ത് വിരല്‍ മടക്കി നീര്‍ത്തേണ്ട, അത്രയും തീവണ്ടികളെ ഇതിലെ പോയിരുന്നുള്ളൂ. ഇന്ന് 3 ഡസനോളം തീവണ്ടികള്‍ പോകുന്നു. ഈയിടെ വളരെപ്പെട്ടെന്നാണ് റയില്‍ പാളങ്ങള്‍ ഇരട്ടിപ്പിയ്ക്കലും ഗോഡോണിനുള്ള സ്ഥലം തയ്യാറാക്കലും നടന്നത്. മേമ്പാലത്തിന്റെ പണിയും തുടങ്ങി.

റയില്‍ ഗേറ്റ് കടന്നാല്‍ ഇനി നമ്മുടെ യാത്ര മാമാങ്കസ്മരണകള്‍ ഉറങ്ങിക്കിടക്കുന്ന ഭൂമിയില്‍ക്കൂടിയായി.

നോക്കിയാല്‍ കാണുന്ന ദൂരത്തു കുറ്റിപ്പുറം തിരൂര്‍ റോഡ്‌. റോഡിനു സമാന്തരമായി, നിള ഒഴുകുന്നു. തിരൂര്‍ റോഡിലേക്ക് തിരിഞ്ഞു അധികം താമസിയാതെ ഇടത്തോട്ടു തിരിഞ്ഞാൽ പ്രസിദ്ധിയാർന്ന നാവാമുകുന്ദ ക്ഷേത്രമായി. വഴിയില്‍ സ്വാഗതം ചെയ്യുന്നത് മഹാത്മാ ഗാന്ധിയുടെ പ്രതിമ.. ഈ പ്രതിമ കാണുമ്പോള്‍ ഓര്‍ക്കുന്നത്, കേരളഗാന്ധിയായ ശ്രീ കേളപ്പജിയെയാണ്. 

നാവാമുകുന്ദാ ഹൈസ്കൂളില്‍ പഠിയ്ക്കുന്ന കാലത്ത് ഞങ്ങള്‍ സ്വാതന്ത്ര്യദിനത്തുന്നാള്‍ സ്കൂളില്‍ നിന്നും ഇവിടം വരെ ജാഥയായി വന്നു പ്രതിമയ്ക്ക് ഹാരാര്‍പ്പണം ചെയ്യുകയും ദേശഭക്തി ഗാനങ്ങള്‍ പാടുകയും ചെയ്യുക പതിവായിരുന്നു.

സര്‍വോദയമേളക്കാലത്ത് ഗാന്ധിയന്‍‍‍മാര്‍ ശാന്തിയാത്രയായി വന്നു രാഷ്ട്രപിതാവിന് ഹാരാര്‍പ്പണം നടത്തുകയും പ്രതിജ്ഞ എടുക്കയും ചെയ്യാറുണ്ട്.

1950 ല്‍ പ്രസിദ്ധ ഗാന്ധിയന്‍ ആചാര്യ കൃപലാനിയാണത്രേ ഈ പ്രതിമ അനാവരണം ചെയ്തത്.

കേളപ്പജിയുടെ പ്രാധാന്യം പറഞ്ഞാല്‍ മദാമ്മയ്ക്ക് മനസ്സിലാവില്ല, എന്നാലും രാഷ്ട്രപിതാവിനെ അറിയാമല്ലോ.

വീട്ടില്‍ നിന്നും ഇറങ്ങിയത്‌ മുതല്‍ ആവേശത്തോടെ മദാമ്മയെ ദേശമഹിമയും ചരിത്രവും കേള്‍പ്പിച്ചുകൊണ്ടേയിരിക്കുകയാണ്. ഇനി മാമാങ്കത്തിനെപ്പറ്റി എന്തെങ്കിലും പറയാതെ പറ്റുമോ?

ഓരോ വ്യാഴവട്ടത്തിലും രാജ്യഭരണം കൈമാറുന്നതിന്റെ ചടങ്ങായാണ് മാമാങ്കം നടത്തിയിരുന്നത് എന്ന് ചരിത്രരേഖകള്‍ പറയുന്നു. (ലോഗന്റെ മാന്വല്‍} പടവെട്ടും, സ്ഥാനം കയ്യാളലും നടന്നിരുന്നു എന്നും രേഖകളില്‍ കാണുന്നു. കൂടാതെ വാണിജ്യപരമായും, ഉത്സവമായും മാമാങ്കത്തെ കൊണ്ടാടിയതായും കഥകള്‍ ഉണ്ട്.

വള്ളുവക്കോനാതിരിമാര്‍ ഒരിക്കലും അന്ഗീകരിക്കാതിരുന്ന സാമൂതിരിയുടെ മേല്‍ക്കോയ്മ, അതിനുവേണ്ടി പൊരുതാന്‍ അയക്കുന്ന ചാവേര്‍പ്പടകള്‍! ഇതെല്ലാം വായിച്ചറിയാന്‍ ഈ ആയുസ്സ് മതിയാകില്ലല്ലോ എന്നോര്‍ത്തുപോവുകയാണ്.

മാഘമാസത്തിലെ മകം നാളിലാണ് മാമാങ്കം കൊണ്ടാടിയിരുന്നതെന്നും 1765-ല്‍ അവസാനത്തെ മാമാങ്കം കൊണ്ടാടിയെന്നും ചരിത്രത്തിലുണ്ട്.

ഞങ്ങള്‍ താമസിയ്ക്കുന്ന വീട്, പണ്ട് സാമൂതിരി, ഒതേനന്റെ പിന്‍ഗാമികളായ പടക്കുറുപ്പന്മാർക്ക് വേണ്ടി നിർമ്മിച്ചതാണത്രേ.

ആഴ്വാഞ്ചേരി തമ്പ്രാക്കളെ ഈ നാട്ടിൽ അവരോധിച്ചപ്പോൾ ഈ പടക്കുറുപ്പന്മാരെ തമ്പ്രാക്കളുടെ അംഗരക്ഷകന്മാരായി നിയമിച്ചു. പിന്നീട് മാമാങ്ക സമയത്ത് പടവെട്ടിൽ ഇവർ നേതൃത്വം കൊടുത്തിരുന്നു എന്ന് കേട്ടുകേൾവി.

അങ്ങിനെ മാമാങ്കഭൂമിയിലൂടെ പഴുക്കാമണ്ഡപം (ചെങ്കല്ലില്‍ പടുത്തുയര്‍‍ത്തിയ ഈ കെട്ടിടത്തില്‍ നിന്നാണ് രാജ പ്രമുഖര്‍ മാമാങ്കം വീക്ഷിച്ചിരുന്നതത്രേ!), ബന്തര്‍ക്കടവ്, കൊടക്കല്ലിലെ നിലപാടുതറ എന്നിവയെ സ്മരിച്ച്, ആലത്തൂര്‍ റോഡിലേക്ക് തിരിഞ്ഞു. തിരൂര്‍ റോഡിലെ മിഷന്‍ ആസ്പത്രിക്ക് പിന്നില്‍ കാടുപിടിച്ച് കിടന്നിരുന്ന മണിക്കിണര്‍ ഈയിടെയാണ് മാമാങ്ക സ്മാരക കമ്മിറ്റിക്കാരുടെ ഉത്സാഹത്തില്,‍ പുരാവസ്തു ഗവേഷകരുടെ നേതൃത്വത്തില്‍ സംരക്ഷിക്കാന്‍ തീരുമാനിച്ചത്.

പടവെട്ടില്‍ അരിഞ്ഞു വീഴ്ത്തപ്പെടുന്ന ഭടന്മാരുടെ, ചാവേറുകളുടെ ശവശരീരങ്ങള്‍ ഈ കിണറിലാണ് ആനയെക്കൊണ്ടു ചവിട്ടിച്ച് കുത്തി നിറച്ചിരുന്നതത്രേ.

ഇപ്പോള്‍ കമ്പിവേലി കെട്ടി സംരക്ഷിച്ചിരിയ്ക്കുന്ന മണിക്കിണര്‍ കാഴ്ചയില്‍ ചെങ്കല്ലുകൊണ്ട് മനോഹരമായി കെട്ടിയെടുത്ത ഒന്നാന്തരം കിണര്‍, പക്ഷെ, മരണക്കിണര്‍ ആണെന്ന് മാത്രം !

അവിടെ അങ്ങിനെ നില്‍ക്കുമ്പോള്‍ നമുക്ക് തോന്നുന്ന ആവേശം മദാമ്മയ്ക്ക് ഉണ്ടായിക്കോളണമെന്നില്ല. എന്നാലും അവര്‍ ശ്രദ്ധിച്ചു കേള്‍ക്കുന്നുണ്ട്.

നേരത്തെ പറഞ്ഞ മിഷന്‍ ആസ്പത്രി, ജര്‍മന്‍ മിഷണറിമാര്‍ സ്ഥാപിച്ചതാണ്. ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ കാലത്താണ് ബി.ഇ.എം സ്കൂളും, കൊടക്കല്‍ ടൈല്‍ ഫാക്ടറിയും സ്ഥാപിതമായത്.1850 -ല്‍.

കൊടക്കല്‍ ടയില്‍ ഫാക്ടറി നില്‍ക്കുന്ന ഭൂമിയിലാണ് നിലപാട് തറയുണ്ടായിരുന്നത്‌. 2001വരെ പ്രവര്‍ത്തിച്ചിരുന്ന ആ ഫാക്ടറിയും ഇപ്പോള്‍ അപ്രത്യക്ഷമായി! വളരെ നന്നായി നടന്നിരുന്ന ആ ഫാക്ടറിക്കുള്ളില്‍ റോഡിന്റെ എതിര്ഭാഗത്തുള്ള ബംഗ്ലാവിലേക്ക് ഒരു തുരംഗം ഉണ്ടാക്കിയിരുന്നു. 

ദേശത്തിന്റെ ഭൂപടങ്ങള്‍ എത്ര എളുപ്പത്തില്‍ മാറി മറിയുന്നു ! അഥവാ മാറ്റി മറിക്കുന്നു !!

തിരുന്നാവായ--തുപ്രങ്ങോട് വഴിയുടെ പ്രാധാന്യം എങ്ങിനെ മറക്കും? കുട്ടിക്കാലം മുതല്‍ എത്രയോ പ്രാവശ്യം കേട്ടും, പറഞ്ഞും (വഴി നടന്നും) രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന, എന്നും പതിനാറുകാരനായിരിക്കാന്‍ അനുഗ്രഹം ലഭിച്ച അനശ്വരനായ മാര്‍ക്കാണ്‍‌ഡേയ മുനിയുടെ കഥ ! കാലന്റെ പിടിയില്‍ നിന്നും രക്ഷപ്പെടാന്‍ നവാമുകുന്ദന്‍ തുറന്നുകൊടുത്ത ശ്രീ കോവിലിലെ പിന്‍വാതില്‍ കടന്നു ഈ വഴിയാണ് അന്ന് മാര്‍ക്കാണ്‍‌ഡേയന്‍ തുപ്രങ്ങോട്ടപ്പന്റെ അടുത്തേയ്ക്ക് ഓടിയത്. വഴിയിലുണ്ടായിരുന്ന ആല് രണ്ടായി പിളര്‍ന്നു ആ ബാലനെ വേഗം ക്ഷേത്രത്തില്‍ എത്താന്‍ സഹായിച്ചു എന്നും ഐതിഹ്യം.

തുപ്രങ്ങോടു കഴിഞ്ഞു ആലത്തൂരെത്തിയാൽ ഇടത്തോട്ട് ചമ്രവട്ടം വഴി തിരിഞ്ഞു അയ്യപ്പസ്വാമിയുടെ അടുത്തുകൂടി, പാലത്തിൽ കയറി, അവശയായ ഭാരതപ്പുഴയെ സഹതാപപൂര്‍വ്വം നോക്കി യാത്ര തുടര്‍ന്നു.

പൊന്നാനിയിലെ പഴയ തെരുവുകൾ കണ്ട് പ്രധാന പള്ളയിലേക്ക് കയറാതെ (600 വര്ഷം പഴക്കമുള്ള ജുമാമസ്ജിത്), ലൈറ്റ് ഹൌസും, അതിശക്തമായി കരയില്‍ വന്നലതല്ലുന്ന കടലിനെയും കണ്ടു അഴിമുഖം ലക്ഷ്യമാക്കി യാത്രയായി...

പുരാതന തുറമുഖമായ ഈ ഭൂവിഭാഗം ഒരു കാലത്ത് നമ്പൂതിരി നാട്ടുപ്രമാണീകൾ വാണിരുന്ന തിരുമലശ്ശേരി കോട്ടയുടെ കീഴിലായിരുന്നു. പിന്നീട് സാമൂതിരിയുടെ അധീനത്തിലായി. അറബികളും, പോർത്തുഗീസുകാരും ഇവിടെ കച്ചവട സ്വാധീനത്തിനു മത്സരിച്ചിരുന്നു. പൊന്നാനി, 'പൊന്നു കൊണ്ടുവന്നു തന്നിരുന്ന' നാടയിരുന്നു ഒരുകാലത്ത്. 1792-ൽ ടിപ്പു മരിച്ചതോടെ പൊന്നാനി ആദ്യം ബോംബെ പ്രോവിന്‍സിലും പിന്നീട് മദ്രാസ് പ്രോവിന്സിലും ലയിച്ചു. മത്സ്യബന്ധനത്തിനെന്നപോലെ പൊന്നാനിക്കുള്ള പ്രസിദ്ധിയും, പ്രാധാന്യവും ഇസ്ലാംമതം സംബന്ധിച്ച ചരിത്രത്തിലുമുണ്ട്.

പൊന്നാനി അഴിമുഖത്തു നിന്നാല്‍ കാണുന്ന പ്രകൃതി ദൃശ്യം അതിമനോഹരം. ഇതാണു കേരളമെന്നു മനസ്സ് പറയും. കടല്മീനുകളെ തപ്പി വെള്ളക്കൊക്കുകൾ കൂട്ടംകൂട്ടമായി അലകൾക്കൊപ്പം ആടിയുലയുന്നത് നല്ല കാഴ്ച്ചയാണ്. മുന്നിൽ കൂട്ടായിക്കടവിൽ ഓളത്തിനൊപ്പം ആടിയാടി വർണ്ണപ്രപഞ്ചം തീര്‍ത്ത്‌ നില്‍ക്കുന്ന മത്സ്യബോട്ടുകളുടെ വലിയൊരു നിര.

ഫെറിവന്നു നങ്കൂരമിട്ടു. നിമിഷം കൊണ്ടു വാഹനങ്ങളെയും യാത്രക്കാരെയും കൊണ്ടു കൂട്ടായി ലക്ഷ്യമാക്കി യാത്രയായി. നല്ല വെയിലുണ്ടെങ്കിലും അതേപോലെ നല്ല തണുത്ത കാറ്റും .

ബോട്ടിലിരുന്നു മിനൂട്ട് കണ്ടു കൊണ്ട് കൂട്ടായിയിൽ എത്തി.

പടിഞ്ഞാറേക്കര ബീച്ചിൽ പോകാതെ വലിയ തിരക്കില്ലാത്ത വളവും തിരിവുമില്ലാത്ത ടിപ്പുസുല്‍ത്താന്‍ റോഡിലൂടെയുള്ള യാത്ര ആരും  ഇഷ്ടപ്പെടും.

പറവണ്ണയിൽ ഇടത്തോട്ടു തിരിഞ്ഞു എന്ടെ തറവാട്ടു ബന്ധുക്കൾ വർഷങ്ങളായി പോകാറുള്ള ബീച്ചിൽ കുറച്ചു സമയം ചെലവാക്കി,

തുഞ്ചൻപറമ്പു വഴി തറവാട്ടിൽ എത്തി, ബന്ധുക്കളെ കണ്ടു കുശലം പറഞ്ഞു ചായയും കഴിച്ചു മടക്കയാത്ര തിരൂര്‍ -കുറ്റിപ്പുറം റോഡിലൂടെ.

തിരുന്നാവായ നാവാമുകുന്ദ ക്ഷേത്രപരിസരത്തു എത്തിയപ്പോള്‍ കൊട്ടും വാദ്യവും കേള്‍ക്കുന്നു. എന്തായാലും ക്ഷേത്രം കണ്ടുവരാം എന്ന് വെച്ച് അങ്ങോട്ട്‌ തിരിഞ്ഞു. ഇപ്പോള്‍ ഉത്സവക്കാലമാണ്. വണ്ടി നിര്‍ത്തി പരുങ്ങി നിൽക്കുമ്പോൾ ദേവസ്വം മാനേജർ ഓടിവന്നു. (അഹിന്ദുക്കൾക്കു പ്രവേശനമില്ല എന്ന ബോർഡ് വായിച്ചു സംശയിച്ചു നിന്നതായിരുന്നു.) പക്ഷെ, ലക്ഷ്മണ്‍ രേഖ കടക്കാന്‍ മാനേജര്‍ അനുവാദം തന്നു.

.മദാമ്മയെ പുറത്തിരുത്തി ഞങ്ങൾ ക്ഷേത്രത്തിലേക്ക് തൊഴാൻ നടന്നു. കാഴ്ചശിവേലിയാണ് .

പ്രദക്ഷിണം വെക്കുമ്പോൾ നിലത്തു പാവിയ കരിങ്കല്ലിലെ ചെറിയ വൃത്തങ്ങള്‍‍ തെരയാൻ മറന്നില്ല.(പണ്ട് മാര്‍ക്കാണ്‍ഡേയനെ പിടിച്ചു കെട്ടി കൊണ്ടുപോകാനായി, കാലന്‍, ആ ഉണ്ണിയുടെ പിന്നാലെ ഓടിയപ്പോള്‍ കയ്യിലെ ഉലക്ക കുത്തി ഉണ്ടായ പാടുകളാണത്രെ അവ. കുട്ടിക്കാലത്തെ വിശ്വാസങ്ങള്‍ അങ്ങിനെത്തന്നെ ഇരുന്നോട്ടെ.)

പുറത്തുവന്നു മദാമ്മയ്ക്ക് ബ്രഹ്മാ-വിഷ്ണു-മഹേശ്വ്രരന്മാരെപ്പറ്റി ചെറിയ ക്ളാസ്സ് എടുത്തു. ത്രിമൂര്‍ത്തി സംഗമത്താല്‍ പരിപാവനമായ ഭൂമിയില്‍  ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുന്പ് നവയോഗികളാല്‍ ഈ വിഷ്ണു ക്ഷേത്രം സ്ഥാപിക്കപ്പെട്ടു, (അക്കരെയാണ് ബ്രഹ്മാവിന്റെയും, ശിവന്റെയും ക്ഷേത്രങ്ങള്‍. കടലിലേക്ക് മഴുവെറിഞ്ഞു കേരളം സൃഷ്ടിച്ച പരശുരാമനും ഇവിടെ വാഴുന്നതായി വിശ്വാസമുണ്ട്‌.) അഞ്ഞൂറോളം ഇല്ലങ്ങളുണ്ടായിരുന്ന തിരുന്നാവായയിലെ വേദപാഠശാല അഥവാ ഓത്തന്മാര്‍ മഠം  പുഴക്കക്കരെയാണ്. ഒരുകാലത്ത് ഈ പുണ്യഭൂമിയില്‍ വെച്ച് വേദപണ്ഡിതര്‍ ഒത്തുകൂടി പട്ടത്താനം നടത്തിയിരുന്നുവത്രേ.  

പിതൃക്കള്‍ക്ക് തര്‍പ്പണം ചെയ്യാന്‍ നിത്യേന നൂറു കണക്കിനാണ് ഭക്തജനങ്ങള്‍ ഇവിടെ എത്തിച്ചേരുന്നത്. അമാവാസി ദിവസം വളരെ പ്രത്യേകമായി ബലിതര്‍പ്പണം നടത്തുന്നു.

ഇതിന്നിടയില്‍ ശിവേലി കഴിഞ്ഞു ആന പുറത്തിറങ്ങി . ആനയെ കണ്ടപ്പോള്‍ മദാമ്മക്കു നല്ല ഉത്സാഹം. മാനേജരോട്, മദാമ്മയ്ക്ക് (കരിൻ ) ആനയെ അടുത്തുകാണാൻ സൌകര്യപ്പെടുമോ എന്ന് ചോദിച്ചു. ആന പുന്നത്തൂർ കോട്ടയിലെ സിദ്ധാർത്ഥൻ ആണെന്നറിഞ്ഞപ്പോൾ എനിയ്ക്കും നല്ല ഉത്സാഹമായി, പ്രത്യേകിച്ചു പാപ്പാൻ ബിജു തന്നെ ആണെന്നറിഞ്ഞപ്പോൾ ........

1999-ൽ ബി.ബി.സി യ്ക്കുവേണ്ടി ഹാരി മാർഷൽ (icon films,u.k) 'nibha and the elephants' എന്ന ഡോകുമെന്ററി, പുന്നത്തൂര്‍ ആനക്കോട്ടയില്‍ വെച്ച് ചിത്രീകരിയ്ക്കുന്നതിന്നിടയില്‍ സിദ്ധാര്‍ത്ഥനും, ബിജുവും അന്ന് പ്രത്യേകം ശ്രദ്ധയാകര്‍ഷിച്ചു. അതിരാവിലെ പട്ടയെടുക്കുന്ന സമയത്ത് പാപ്പാനെ കുലുക്കി താഴെയിടാന്‍ സിദ്ധാര്‍ത്ഥന്‍ ആവതും ശ്രമിച്ചു. എല്ലാവരും ഒരു നിമിഷം ഒന്ന് പരിഭ്രമിച്ചു. ബിജു, പക്ഷെ വളരെ സമര്‍ത്ഥമായി ആനയെ നിയന്ത്രിച്ചു. താഴെയിറങ്ങി ആനയെക്കൊണ്ടു പട്ടയെടുപ്പിച്ചു. എല്ലാം 5 മിനുട്ടിനുള്ളില്‍ കഴിഞ്ഞു.

(ഈ ഡോകുമെന്ററി കൊല്ലത്തിൽ 2 പ്രാവശ്യമെങ്കിലും അനിമല്‍ പ്ലാനെറ്റ് ലോ നാഷണല്‍ .ജിയോഗ്രഫി ചാനലിലോ ഇപ്പോഴും കാണാറുണ്ട്. 2000-ൽ WWF-ന്ടെ ഏറ്റവും നല്ല മനുഷ്യ-മൃഗ ബന്ധത്തിനുള്‍പ്പടെ 4 അവാര്‍ഡ് കള്‍‍ ഈ ഡോകുമെന്ററി നേടിയിട്ടുണ്ട്).

7 മണിയ്ക്ക് വിശ്വനാഥപുലവരുടെ തോല്പാവക്കൂത്ത് ഉണ്ടായി. വളരെ നന്നായിരുന്നു. ഒരു മണിക്കൂര്‍ നീണ്ട രാമായണം കഥ. മദാമ്മയ്ക്ക് കഥ പറഞ്ഞു കൊടുത്തു. അവര്‍ നന്നായി ആസ്വദിച്ചു.....

തിരിച്ചു പോരും മുൻപ് പൊതിയിൽ രാമച്ചാക്യാരെ പരിചയപ്പെട്ടു.

ഉത്സവം തകൃതിയായി നടക്കുന്നു. ഇന്ന് രാത്രി കഥകളി ഉണ്ട്...

പ്രത്യേകമായി, 22 നു പെരുവനം സതീശന്മരാർ & പാര്‍ട്ടിയുടെ പഞ്ചാരി മേളം,

23 രാവിലെ കിഴക്കൂട്ട് അനിയൻ മാരാർ & പാര്ട്ടിയുടെ അടന്തമേളം,

വൈകീട്ട് കിഴക്കേ നടയിൽ പാണ്ടി മേളം, തുപ്രങ്ങോട് പരമേശ്വര മാരാര്‍ & പാർട്ടി .....

ഇങ്ങോട്ടുള്ള വഴിയും മനസ്സിലായല്ലോ....

എല്ലാവര്ക്കും സ്വാഗതം........

Tuesday, 13 February 2024

ഓര്‍മ്മക്കുറിപ്പുകള്‍ ---റേഡിയോ ദിനം

 Feb, 13, 2015

ഇന്ന് റേഡിയോ ദിനം !

റേഡിയോ എന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ വളരെ പ്രധാനപെട്ട ചില ബന്ധുക്കളെ ഓര്‍ക്കാതെ വയ്യ !

റേഡിയോ നിലവില്‍ വരുന്ന കാലത്ത് തന്നെ സ്വന്തമായി റേഡിയോ ഉണ്ടാക്കിയ അമ്മയുടെ അമ്മാമനായിരുന്ന അവണപ്പറമ്പ് ശങ്കരന്‍ നമ്പൂതിരിപ്പാട്, നല്ലൊരു റേഡിയോ എഞ്ചിനീയര്‍  ആയിരുന്ന സുഹൃത്തുക്കള്‍ക്കിടയില്‍ റേഡിയോ വിഷ്ണു എന്നറിയപ്പെട്ടിരുന്ന അമ്മയുടെ അനിയന്‍, നല്ല ഒരു അവതാരകന്‍, വാര്ത്താ വായനക്കാരന്‍, തൃശൂര് പൂരം തത്സമയം പ്രക്ഷേപണം,  ഉച്ചാരണം, ആകര്ഷകമായ, ഔചിത്യപൂര്വമുള്ള പദപ്രയോഗം എന്നിവകൊണ്ട് ശ്രോതാക്കളുടെ മനം കവര്ന്നിരുന്ന അമ്മയുടെ ഏട്ടന്‍റെ മകനായിരുന്ന വെണ്മണി വിഷ്ണു. കൂടാതെ, ആദ്യ കാലങ്ങളില്‍ തൃശൂരിലെ സിനിമാ ടാക്കീസ് കളില്‍ ടെക്നിക്കല്‍ പ്രശ്നം ഉണ്ടാകുമ്പോള്‍  പരിഹരിച്ചു കൊടുത്തിരുന്ന, സ്വന്തമായി റേഡിയോ നിര്‍മ്മിച്ചിരുന്ന ആവണപ്പറമ്പ് നമ്പൂതിരിപ്പാടിന്റെ, വിഷ ചികിത്സയിലും ആന ചികില്സയിലും ഒരേപോലെ  വിദഗ്ദ്ധനായിരുന്ന റേഡിയോ മെക്കാനിക് കൂടി ആയിരുന്ന മകന്‍ മഹേശ്വരന്‍ നമ്പൂതിരിപ്പാടിനെക്കൂടി ഇത്തവണയും ആദരപൂര്‍വ്വം ഓര്‍ക്കുന്നു... .മുന്‍  തലമുറക്കാരായ ആദരണീയരായ ഈ വ്യക്തികള്‍ക്ക്  നമസ്ക്കാരം പറഞ്ഞുകൊണ്ട് എന്റെ റേഡിയോ ബഡായി  തുടങ്ങട്ടെ.......

ഒരു കാലത്ത്,  ഏറ്റവും പ്രിയപ്പെട്ട  വസ്തു ഏതാ എന്നാരെങ്കിലും ചോദിച്ചാല്‍ ഒട്ടും ആലോചിക്കാതെ മറുപടി പറയാമായിരുന്നു- റേഡിയോ എന്ന്. വെറുതെ  'വസ്തു' എന്ന് പറഞ്ഞു കൂടാ, കൂട്ടുകാരി എന്ന് തന്നെ പറയണം. ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും, കരയിപ്പിക്കുകയും, ആനന്ദിപ്പിക്കുകയുമൊക്കെ ചെയ്യുന്നവള്‍.

എനിക്ക് നാലോ അഞ്ചോ വയസ്സുള്ളപ്പോളാണ് വീട്ടില്‍  റേഡിയോ വാങ്ങുന്നത്. അക്കാലത്ത് ഗ്രാമഫോണ്‍ ഉണ്ടായിരുന്നു. പാട്ടുപെട്ടി. അതിലെ പാട്ടുകളൊന്നും കേട്ട ഓര്‍മ്മയില്ല. അത് പ്രവര്‍ത്തിയ്ക്കുന്നതും കണ്ടിട്ടില്ല. റേഡിയോ എന്ന പുതിയ പെട്ടി രംഗപ്രവേശം ചെയ്തപ്പോള്‍ കേമമായ സ്വീകരണം എല്ലാവരും  നല്‍കിയ  ഓര്‍മ്മയുണ്ട്. നാട്ടില്‍ ആദ്യമായാണ്‌ ഒരു റേഡിയോ എത്തുന്നത്. വർത്തമാനം പറയുകയും പാടുകയുമൊക്കെ ചെയ്യന്ന പെട്ടിയെ ആദരപൂർവം ഏവരും കണ്ടു, കേട്ടു.
എറണാകുളത്തെ റേഡിയോ കമ്പനിക്കാര്‍ ഫിലിപ്സിന്‍റെ റേഡിയോ കോഴിക്കോട് വില്പന നടത്തിയപ്പോള്‍ 3-ആമത്തെ റേഡിയോ അച്ഛന്‍ മേടിച്ചു. റേഡിയോവിന്‍റെ കൂടെ എവരെടിയുടെ ഒരു ബാറ്ററി പെട്ടിയും. 
റേഡിയോ അന്ന് മുതല്‍ മുത്തശ്ശന്റെ കണ്‍വെട്ടത്ത് 
 പുറത്തളത്തിന്റെ മുകളില്‍ സ്ഥാപിതമായി. മുത്തശ്ശന്‍ മരിക്കുന്ന വരെ, ആറേഴു വര്‍ഷത്തോളം അതേ സ്ഥാനത്ത് തന്നെ ഇരുന്നു. 

കുടുംബാംഗങ്ങള്‍ മിക്കവരും പരിപാടികള്‍ ശ്രദ്ധിച്ചു തുടങ്ങി. (മിറ്റത്ത് കൂടി കടന്നു പോകുന്നവരും ഈ അദ്ഭുതവസ്തുവിന്റെ ശബ്ദം കേട്ടാല്‍ ഒന്ന് നിന്നുപോകും) അന്നുവരെ വാര്‍ത്തകള്‍ കേള്‍ക്കാത്തവര്‍ വാര്‍ത്തകള്‍ കേട്ടു തുടങ്ങി. മുത്തശ്യമ്മമാര്‍ കഥകളി പദം ശ്രദ്ധിച്ചു. അമ്മയ്ക്ക് വാർത്തകളും നാടകങ്ങളുമായിരുന്നൂ താല്പര്യം. ഞങ്ങൾ കുട്ടികൾക്ക് സിനിമാപ്പാട്ടായിരുന്നു ഇഷ്ടം. ശനിയും ഞായറും ശിശുലോകവും ബാലലോകവും കേട്ടിരിയ്ക്കും.

സ്റ്റേഷന്‍ തുറക്കുന്നതിന്റെ മുന്‍പും പരിപാടി കഴിഞ്ഞാലും ഉള്ള മൂളല്‍ എല്ലാവര്ക്കും നല്ല പരിചയമായി. ആദ്യകാലത്ത് ഈ പെട്ടിക്കുള്ളില്‍ ഇക്കണ്ട ആള്‍ക്കാര്‍ എങ്ങിനെ തിക്കിത്തിരക്കി കൂടുന്നു എന്ന് അതിശയിച്ചിരുന്നു. നല്ല മനോഹരമായ ശ്ബ്ദത്തിന്നുടമകളോടു അസൂയയും തോന്നിയിരുന്നു. വാര്‍ത്തകളും മറ്റു വിനോദ പരിപാടികളും അവതരിപ്പിയ്ക്കുന്ന ഈ പെട്ടി അധികം താമസിയാതെ കുടുംബത്തിലെ അംഗം പോലെയായി മാറി. നിത്യ ജീവിതത്തിലെ ചില കര്‍മ്മങ്ങള്‍ റേഡിയോ പരിപാടി നോക്കി ക്രമീകരിച്ചു എന്ന് പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയില്ല. തിരഞ്ഞെടുപ്പകാലത്തു മിറ്റത്തു ആളുകൾ കൂടും. ആകാംക്ഷ നിറഞ്ഞ മുഖത്തോടെ പതിഞ്ഞ ശബ്ദത്തില്‍ സംസാരിയ്ക്കും. പലരും വർത്തമാനം പറയുകയും പാടുകയുമൊക്കെ  ചെയ്യന്ന ആ പെട്ടിയെ ആദരപൂർവം കാണുകയും  കേള്‍ക്കുകയും ചെയ്തു. വിശിഷ്ട  വ്യക്തികളുടെ ചരമ വാര്‍ത്ത  അറിയാനും ‍ഇത് ഉപകരിച്ചു. അങ്ങിനെ സ്കൂളിനു അവധിയാകുമെന്ന വിവരം നേര്‍ത്തെത്തന്നെ  കിട്ടിയിരുന്നു.
ആദ്യകാലത്ത്, ഈ പെട്ടിക്കുള്ളില്‍ ഇക്കണ്ട ആള്‍ക്കാര്‍ എങ്ങിനെ തിക്കിത്തിരക്കി കൂടുന്നു എന്ന് ആലോചിച്ച് അതിശയിച്ചിരുന്നു. നല്ല മനോഹരമായ ശ്ബ്ദത്തിന്നുടമകളോട് അസൂയയും  തോന്നിയിരുന്നു. കാണാന്‍ ഒന്നും ഇല്ലെന്നറിഞ്ഞുകൊണ്ടുതന്നെ ഒരു കുട്ടിയുടെ രൂപം തോന്നിക്കുന്ന പച്ചവെളിച്ചം കണ്ടുകൊണ്ടിരിയ്ക്കും. സ്റ്റേഷന്‍ തുറക്കുന്നതിന്റെ മുന്‍പും പരിപാടി കഴിഞ്ഞാലും ഉള്ള നീണ്ട മൂളല്‍ എല്ലാവര്ക്കും നല്ല പരിചയമായി...

എന്തായാലും റേഡിയോവിനെ വേറൊന്നിനോടും തുലനം ചെയ്യാന്‍ പറ്റില്ല. ദിവസങ്ങളെ മുഷിപ്പില്ലാതെ മുന്നോട്ടു കൊണ്ട് പോകാൻ ഇതിലും വലിയ സഹായി അന്നുണ്ടായിരുന്നില്ല. കുട്ടികള്‍ക്ക് സ്കൂള്‍ പോകാന്‍ സമയം അറിയാന്‍ ക്ലോക്ക് നോക്കേണ്ട ആവശ്യം ഇല്ലാതായി. അറിഞ്ഞോ അറിയാതെയോ ജീവിതരീതിയെ ഇത് ചിട്ടപ്പെടുത്തുകയോ, സ്വാധീനിക്കുകയോ ചെയ്തു.

കോളേജില്‍ പഠിക്കുമ്പോള്‍, മുകളില്‍ സൂചിപ്പിച്ച ബന്ധു ആകാശവാണി തൃശൂര്‍ നിലയത്തില്‍ അനൌന്സര്‍ ആയിരുന്ന കാലത്തു അദ്ദേഹത്തെക്കൊണ്ട് നിങ്ങള്‍ ആവശ്യപ്പെട്ട ചലച്ചിത്രഗാനം സംപ്രേക്ഷണം ചെയ്യുമ്പോള്‍ മിക്കപ്പോഴും എന്റെയും കൂട്ടുകാരികളുടെയും പേരുകള്‍ പറയിപ്പിച്ചു രസിച്ചിരുന്നു.

{ഇദ്ദേഹം പിന്നീട്  കുറച്ചുകാലം ഡല്‍ഹിയില്‍ മലയാളം വാര്‍ത്ത വായിച്ചിരുന്നു. ജോലിയില്‍ നിന്നും പിരിയുന്ന കാലത്ത് പ്രാദേശിക വാര്‍ത്ത രാവിലെ കോഴിക്കോട് നിന്നും വായിച്ചു പോന്നു.---ആരെങ്കിലും കേട്ടിട്ടുണ്ടോ എന്നറിയില്ല ----പലേ സിനിമകളിലും കഥാപാത്രങ്ങള്‍ക്ക്  ശബ്ദം കൊടുത്തിട്ടുണ്ട്. അത്യാവശ്യം പ്രത്യക്ഷപ്പെട്ടിട്ടും ഉണ്ട്. 'ഗാന്ധി' സിനിമയില്‍ മഹാത്മാവിന് ശബ്ദം നല്‍കുക വഴി സംസ്ഥാന അവാര്‍ഡും കിട്ടിയിട്ടുണ്ട്.----പേര് വെണ്മണി വിഷ്ണു. ശബ്ദ മികവുകൊണ്ടും, മനോഹരമായ അവതരണ ശൈലി കൊണ്ടും ശ്രദ്ധേയനായിരുന്നു. റേഡിയോവിനെപ്പറ്റി പറയുമ്പോള്‍ അദ്ദേഹത്തിനെ മറക്കാനാവില്ല. അതേപോലെ സ്വന്തമായി റേഡിയോ ഉണ്ടാക്കിയ അമ്മയുടെ അമ്മാമനെയും, അദ്ദേഹത്തിന്‍റെ മകനെയും, റേഡിയോ ഡോക്ടര്‍ ആയിരുന്ന അമ്മാമനെയും... ഒരിക്കല്‍ക്കൂടി മണ്മറഞ്ഞു പോയ ആ പ്രതിഭകള്‍ക്ക് സ്മരണാഞ്ജലി അര്‍പ്പിക്കുന്നു.}

കുടുംബ ജീവിതം തുടങ്ങിയപ്പോള്‍ ഇതിനോടുള്ള സ്നേഹം കൂടുതലാവുകയാണ് ചെയ്തത്. ഹിന്ദി സിനിമാപ്പാട്ടുകള്‍, ശബ്ദരേഖകള്‍, ക്രികെറ്റ്‌, ഫുട്ബാള്‍ കമന്ട്രി, കേരളത്തില്‍ നിന്നും പുറത്തുപോയാല്‍ ആകെ കേട്ടിരുന്ന മലയാളം സിലോണില്‍ നിന്നും പ്രക്ഷേപണം ചെയ്തിരുന്ന       ചലച്ചിത്രഗാനങ്ങളായിരുന്നു  ......അങ്ങിനെ  അങ്ങിനെ......
ടീവിപ്പെട്ടി വന്നതോടെ റേഡിയോവിന്റെ കഷ്ടകാലമായി. പത്രം വായനപോലെ റേഡിയോ കേള്‍ക്കല്‍‍ ഒരു ശീലമായതിനാല്‍ പ്രാദേശിക വാര്‍ത്തകളും മറ്റും റേഡിയോ വഴി അറിയാനാണ്  ഇഷ്ടപ്പെട്ടത്.
കാലത്തിന്റെ ഒഴുക്കില്‍, ആധുനിക സാങ്കേതിക വിജ്ഞാനം ജീവിതത്തെയാകെ മാറ്റി മറിച്ചെങ്കിലും ഇന്നും ഈ റേഡിയോ മുത്തശ്ശി ആരുടെയൊക്കെയോ അടുക്കളയില്‍, കിടപ്പുമുറിയില്‍  ഇപ്പോഴും ശ്വാസം വലിച്ചു ജീവിച്ചു പോരുന്നുണ്ട്. 'ചിരഞ്ജീവി ഭവ:' എന്ന് തന്നെ ഇതിനെ  ആശംസിയ്ക്കട്ടെ.

കുറച്ചു കാലമായി ഒരു റേഡിയോവിന്റെ അഭാവം നന്നായി അനുഭവിയ്ക്കുന്നുണ്ട്. ഇന്ന് ഒരു പുരാവസ്തുവിന്റെ സ്ഥാനമാണ് റേഡിയോവിന്. റേഡിയോ കാണാത്ത കുട്ടികള്‍ ഇന്നുണ്ടെങ്കില്‍ അതില്‍  അതിശയപ്പെടാനൊന്നുമില്ലതാനും.......
കുട്ടിക്കാലത്തു തുടങ്ങിയ റേഡിയോ ആരാധന ഇന്നും ഉണ്ട്. മൊബൈലും ടീവിയുമൊക്കെ ഉണ്ടെങ്കിലും എത്ര ശ്രമിച്ചാലും ഇതിനെ പുറത്താക്കാൻ പറ്റില്ലെന്ന് തന്നെ പറയാം.
വീണ്ടും മനോഹരമായ ഭാവി റേഡിയോവിന് ഉണ്ടാകണേ എന്ന പ്രാര്‍ത്ഥനയോടെ....
സുജലാം.....സുഫലാം.....മലയജ ശീതളാം.......

ഓര്‍മ്മക്കുറിപ്പുകള്‍ --നരച്ചിയമ്മ.

 2015, ഫെബ്, 13 

നരച്ചിയമ്മ

.
ജലജയുടെ പോസ്റ്റ്‌  കണ്ടപ്പോൾ എഴുതാൻ തോന്നുന്നു....

ആതവനാടിനെ തൊട്ടു കിടക്കുന്ന ഞങ്ങടെ നടുവട്ടത്തും ഒരു 'നരച്ച്യേമ' യുണ്ടായിരുന്നു. അതിനെ കണ്ടവരുണ്ടായിരുന്നുവത്രേ ! കണ്ടു പേടിച്ചവരും. 
എന്നാൽ ആരെയും പേടിപ്പിച്ചതായോ, ഉപദ്രവിച്ചതായോ കേട്ടിട്ടില്ല. സങ്കൽപ്പത്തിൽ തലനരച്ചു ചുളിവുകൾ വീണ വൃദ്ധ-വിരൂപ സ്ത്രീ രൂപം.

 നരച്ച്യേമകൾ സാധാരണ കുളത്തിന്റെ വക്കത്ത് നട്ടുച്ചക്കോ സന്ധ്യാ സമയത്തോ ഒക്കെയാണത്രേ പ്രത്യക്ഷപ്പെടുക. മനുഷ്യനെ കണ്ടാൽ സ്ഥലം വിടും. എന്നൊക്കെ ഞങ്ങൾ കുട്ടികൾ പഠിച്ചു വെച്ചിരുന്നു.

നടുവട്ടത്തെ എൽ.പി.സ്‌കൂളിനും യൂ.പി. സ്‌കൂളിനും ഇടയിൽ ഒരു ചോലയുണ്ടായിരുന്നു. 
(ഇപ്പോഴും ഉണ്ട്).
 
ചോല എന്ന് പറഞ്ഞാൽ ഒരു കുണ്ടൻകുളം.
കുട്ടികൾ സാധാരണ വഴി നടക്കുന്നതു ഇതിലെത്തന്നെ. ചോലയുടെ വക്കത്തുകൂടെ. യൂപി സ്ക്കൂളിലെ കുട്ടികള്‍ ഉച്ചയൂണു കഴിഞ്ഞു പാത്രം മോറാൻ ചോലയിൽ ഇറങ്ങിയിരുന്നു..
കുട്ടികൾ ആരും ഒറ്റയ്ക്ക് ഇറങ്ങാറില്ല. എന്നാലും ഒരുകുട്ടിയും പേടിച്ചതായി കേട്ടിട്ടുമില്ല. 

പൊട്ടിപ്പൊളിഞ്ഞ പടവുകൾ സൂക്ഷിച്ചു താഴെ ഇറങ്ങണം വെള്ളത്തിന്നടുത്തെത്താൻ. താഴത്തെത്തിയാല്‍ ഇടത്തുഭാഗത്ത് ഒരു ഗുഹപോലെയുള്ള പൊത്ത്. ഉള്ളിലേക്ക് പോയാല്‍ ഇടനാഴികപോലെ വഴി ഉണ്ടത്രേ. അത് ആതവനാട് എത്തുമെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. നരച്ച്യേമ അതിനുള്ളിലാണ് പോയിരിയ്ക്കുക എന്നാണ് വിശ്വാസം.

ചോലയിൽ  അക്കാലത്തു അടുത്തുള്ള ചില വീട്ടുകാർ വീട്ടാവശ്യത്തിന്  വെള്ളം മുക്കിക്കൊണ്ട് പോയിരുന്നു. ചിലര്‍ കുളിയും തിരുമ്പലും നടത്തി.
 
ഈ ചോലയിൽ നാട്ടുകാർ പലരും നരച്ച്യേമേ കണ്ടിട്ടുണ്ടത്രെ. പലരും പേടിച്ചിട്ടുണ്ട്. എന്നാൽ ആരെയും പേടിപ്പിച്ചതായോ, ഉപദ്രവിച്ചതായോ കേട്ടില്ല.



ഇന്ന് ചോലയുടെ മുന്നിൽ ഒരു കൂട്ടര്‍ താമസിക്കുന്നുണ്ട്. ഇതൊക്കെ അവർക്കു വിശ്വാസമുണ്ടോ,ആവോ ?....അവിടെ താമസിക്കുന്നവര്‍ എപ്പോഴെങ്കിലും നരച്ച്യെമ്മയെ കണ്ടിട്ടുണ്ടോ ആവൊ ??

എന്റെ ഇല്ലത്തെ ചെറിയകുളം എന്ന് ഞങ്ങൾ വിളിച്ചിരുന്ന 
അകത്തമ്മമാരുടെ കുളം  ഒട്ടൊക്കെ ഒരു കുണ്ടൻ കുളമായിരുന്നു. എന്നുവെച്ചാല്‍, അധികം പരപ്പില്ലാത്തത്. കുളപ്പുരയുടെ പടിഞ്ഞാറു പാമ്പിൻകാവ്. അതിനപ്പുറം വിശാലമായ വല്ല്യ‍കുളം, അഥവാ നമ്പൂരാരുടെ കുളം.

അകത്തമ്മമാരുടെ കുളം കാണുമ്പോൾ എപ്പോഴും തോന്നിയിരുന്നു, ഈ കുളം നരച്ച്യേമ്മമാർ ഇഷ്ടപ്പെടാതിരിയ്ക്കില്ല എന്ന്.  


(ഈ കുളത്തിനു തെക്കോട്ടു ഒരു വാലുണ്ടായിരുന്നു. അകത്തെ സ്ത്രീകൾ അശുദ്ധമായിരിക്കുമ്പോൾ അതിലെയാണ് കുളത്തിലിറങ്ങുക). കുളത്തിന്റെ അക്കരയിലും ചുറ്റും സമൃദ്ധമായ പൊന്തക്കാടുകൾ ...ഇടയില്‍ ധാരാളം  തെച്ചിപ്പൂക്കള്‍ ചിരിച്ചു നില്‍ക്കുന്നതു ചെറിയ ആശ്വാസം തരും. എന്നാലും ഒരു ശങ്ക. പൊന്തയ്ക്കിടയിൽ ഒളിച്ചിരിയ്ക്കുന്ന നരച്ച്യേമ്മ എന്നെ മാടി വിളിച്ചാലോ? മഴക്കാലത്ത് നീന്തിക്കളിക്കുംപോള്‍ ഇടക്ക് 'നരച്ച്യേമ ശങ്ക' ഉണ്ടാകാറുണ്ട്. പക്ഷേ ഒരിക്കലും അവര്‍ ഞങ്ങള്‍ കുട്ടികളെ പേടിപ്പിച്ചിട്ടില്ല.

അങ്ങിനെ ഒരു തൃസന്ധ്യക്ക്‌  കുളത്തില്‍ നിന്നും പോരുമ്പോള്‍ പാമ്പുംകാവിന്റെ ഭാഗത്തേയ്ക്ക് ഒരു സ്ത്രീ രൂപം ഓടിക്കേറുന്നതു ഞാൻ കണ്ടുവോ? ഇന്നും കണ്ടെന്നോ, കണ്ടില്ലെന്നോ പറയാനാകുന്നില്ല.

ഇന്നലെ രാത്രി കിടക്കുമ്പോൾ നരച്ച്യേമയായിരുന്നു മനസ്സിൽ.....ഉറക്കത്തിൽ വന്നു ഉപദ്രവിയ്ക്കാതിരിക്കാൻ 'അർജുനൻ ഫൽഗുനൻ....ചൊല്ലിക്കിടന്നു. 
കൂടാതെ മൗനമായി ചൊല്ലി, 'ആലത്തൂരെ ഹനൂമാനേ .........' എന്നിട്ടും മതിവരാതെ 
'"കാര്തൃവീര്യാര്‍ജ്ജുനാ കാത്തുരക്ഷിക്കണേ....
ആയിരം കൈകളില്‍ വില്ലും ശരവുമായ് 
എന്റെ പുരയുടെ ചുറ്റും നടക്കണേ...."

ഇത്തരം വിശ്വാസങ്ങൾ, (കെട്ടു) കഥകൾ, സങ്കൽപ്പങ്ങൾ ......ഭൂതപ്രേതാദികള്‍, രാത്രി കാലങ്ങളിൽ സഞ്ചരിച്ചു ശത്രുസംഹാരം നടത്തുന്ന ഒടിയന്മാർ, പനമുകളിൽ വസിയ്ക്കുന്ന യക്ഷികള്‍, പകർച്ചവ്യാധികളിൽ നിന്നും രക്ഷിയ്ക്കുന്ന ദേവതമാർ, കുട്ടിച്ചാത്തന്മാർ......ദുർദ്ദേവതകളിൽ നിന്നും രക്ഷയ്ക്കായി നടത്തുന്ന പൂജകൾ......ബലികൾ....മാട്ടും മാരണോം, അല്ലെങ്കിൽ കൂടോത്രങ്ങൾ........രാത്രികാലങ്ങളില്‍ നടത്തുന്ന ആട്ടുകള്‍,  ചാത്തന്‍ സേവകള്‍.......പൂവ്വാ, പൂവ്വാ എന്ന് ക്ഷണിയ്ക്കുന്ന കാലന്‍ കോഴികള്‍, ഓരിയിടുന്ന കുറുക്കന്മാര്‍........


ഇതൊക്കെയാണ് നമ്മുടെ ഗ്രാമത്തിന്റെതായ  മുഖമുദ്രകൾ......ഒരുതരം 'മ്പാച്ചി' പ്പേടി  ഉണ്ടാക്കുന്ന 
ഇത്തരം സമരണകളാണ് നമ്മെ പഴയ ഗ്രാമത്തിനെ സജീവമാക്കുന്നത്.....

കാലത്തിനൊപ്പം ഭൂപ്രകൃതി തന്നെ മാറി വരുന്നു, ഋതുക്കൾക്കും ഭേദഭാവങ്ങൾ.....ഇതെല്ലാം മനുഷ്യരിലും അറിയാതെ മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിയ്ക്കും.....

എന്തൊക്കെയായാലും 
നമ്മുടെ "നാട്ടിൻപുറം നന്മകളാൽ സമൃദ്ധം" തന്നെ !