2015, ഫെബ്, 13
നരച്ചിയമ്മ . ജലജയുടെ പോസ്റ്റ് കണ്ടപ്പോൾ എഴുതാൻ തോന്നുന്നു.... ആതവനാടിനെ തൊട്ടു കിടക്കുന്ന ഞങ്ങടെ നടുവട്ടത്തും ഒരു 'നരച്ച്യേമ' യുണ്ടായിരുന്നു. അതിനെ കണ്ടവരുണ്ടായിരുന്നുവത്രേ ! കണ്ടു പേടിച്ചവരും. നരച്ച്യേമകൾ സാധാരണ കുളത്തിന്റെ വക്കത്ത് നട്ടുച്ചക്കോ സന്ധ്യാ സമയത്തോ ഒക്കെയാണത്രേ പ്രത്യക്ഷപ്പെടുക. മനുഷ്യനെ കണ്ടാൽ സ്ഥലം വിടും. എന്നൊക്കെ ഞങ്ങൾ കുട്ടികൾ പഠിച്ചു വെച്ചിരുന്നു. നടുവട്ടത്തെ എൽ.പി.സ്‌കൂളിനും യൂ.പി. സ്‌കൂളിനും ഇടയിൽ ഒരു ചോലയുണ്ടായിരുന്നു. കുട്ടികൾ സാധാരണ വഴി നടക്കുന്നതു ഇതിലെത്തന്നെ. ചോലയുടെ വക്കത്തുകൂടെ. യൂപി സ്ക്കൂളിലെ കുട്ടികള്‍ ഉച്ചയൂണു കഴിഞ്ഞു പാത്രം മോറാൻ ചോലയിൽ ഇറങ്ങിയിരുന്നു.. കുട്ടികൾ ആരും ഒറ്റയ്ക്ക് ഇറങ്ങാറില്ല. എന്നാലും ഒരുകുട്ടിയും പേടിച്ചതായി കേട്ടിട്ടുമില്ല. പൊട്ടിപ്പൊളിഞ്ഞ പടവുകൾ സൂക്ഷിച്ചു താഴെ ഇറങ്ങണം വെള്ളത്തിന്നടുത്തെത്താൻ. താഴത്തെത്തിയാല്‍ ഇടത്തുഭാഗത്ത് ഒരു ഗുഹപോലെയുള്ള പൊത്ത്. ഉള്ളിലേക്ക് പോയാല്‍ ഇടനാഴികപോലെ വഴി ഉണ്ടത്രേ. അത് ആതവനാട് എത്തുമെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. നരച്ച്യേമ അതിനുള്ളിലാണ് പോയിരിയ്ക്കുക എന്നാണ് വിശ്വാസം. ചോലയിൽ അക്കാലത്തു അടുത്തുള്ള ചില വീട്ടുകാർ വീട്ടാവശ്യത്തിന് വെള്ളം മുക്കിക്കൊണ്ട് പോയിരുന്നു. ചിലര്‍ കുളിയും തിരുമ്പലും നടത്തി. ഈ ചോലയിൽ നാട്ടുകാർ പലരും നരച്ച്യേമേ കണ്ടിട്ടുണ്ടത്രെ. പലരും പേടിച്ചിട്ടുണ്ട്. എന്നാൽ ആരെയും പേടിപ്പിച്ചതായോ, ഉപദ്രവിച്ചതായോ കേട്ടില്ല. ഇന്ന് ചോലയുടെ മുന്നിൽ ഒരു കൂട്ടര്‍ താമസിക്കുന്നുണ്ട്. ഇതൊക്കെ അവർക്കു വിശ്വാസമുണ്ടോ,ആവോ ?....അവിടെ താമസിക്കുന്നവര്‍ എപ്പോഴെങ്കിലും നരച്ച്യെമ്മയെ കണ്ടിട്ടുണ്ടോ ആവൊ ?? എന്റെ ഇല്ലത്തെ ചെറിയകുളം എന്ന് ഞങ്ങൾ വിളിച്ചിരുന്ന അകത്തമ്മമാരുടെ കുളം കാണുമ്പോൾ എപ്പോഴും തോന്നിയിരുന്നു, ഈ കുളം നരച്ച്യേമ്മമാർ ഇഷ്ടപ്പെടാതിരിയ്ക്കില്ല എന്ന്. (ഈ കുളത്തിനു തെക്കോട്ടു ഒരു വാലുണ്ടായിരുന്നു. അകത്തെ സ്ത്രീകൾ അശുദ്ധമായിരിക്കുമ്പോൾ അതിലെയാണ് കുളത്തിലിറങ്ങുക). കുളത്തിന്റെ അക്കരയിലും ചുറ്റും സമൃദ്ധമായ പൊന്തക്കാടുകൾ ...ഇടയില്‍ ധാരാളം തെച്ചിപ്പൂക്കള്‍ ചിരിച്ചു നില്‍ക്കുന്നതു ചെറിയ ആശ്വാസം തരും. എന്നാലും ഒരു ശങ്ക. പൊന്തയ്ക്കിടയിൽ ഒളിച്ചിരിയ്ക്കുന്ന നരച്ച്യേമ്മ എന്നെ മാടി വിളിച്ചാലോ? മഴക്കാലത്ത് നീന്തിക്കളിക്കുംപോള്‍ ഇടക്ക് 'നരച്ച്യേമ ശങ്ക' ഉണ്ടാകാറുണ്ട്. പക്ഷേ ഒരിക്കലും അവര്‍ ഞങ്ങള്‍ കുട്ടികളെ പേടിപ്പിച്ചിട്ടില്ല. അങ്ങിനെ ഒരു തൃസന്ധ്യക്ക് കുളത്തില്‍ നിന്നും പോരുമ്പോള്‍ പാമ്പുംകാവിന്റെ ഭാഗത്തേയ്ക്ക് ഒരു സ്ത്രീ രൂപം ഓടിക്കേറുന്നതു ഞാൻ കണ്ടുവോ? ഇന്നും കണ്ടെന്നോ, കണ്ടില്ലെന്നോ പറയാനാകുന്നില്ല. ഇന്നലെ രാത്രി കിടക്കുമ്പോൾ നരച്ച്യേമയായിരുന്നു മനസ്സിൽ.....ഉറക്കത്തിൽ വന്നു ഉപദ്രവിയ്ക്കാതിരിക്കാൻ 'അർജുനൻ ഫൽഗുനൻ....ചൊല്ലിക്കിടന്നു. കൂടാതെ മൗനമായി ചൊല്ലി, 'ആലത്തൂരെ ഹനൂമാനേ .........' എന്നിട്ടും മതിവരാതെ '"കാര്തൃവീര്യാര്‍ജ്ജുനാ കാത്തുരക്ഷിക്കണേ.... ആയിരം കൈകളില്‍ വില്ലും ശരവുമായ് എന്റെ പുരയുടെ ചുറ്റും നടക്കണേ...." ഇത്തരം വിശ്വാസങ്ങൾ, (കെട്ടു) കഥകൾ, സങ്കൽപ്പങ്ങൾ ......ഭൂതപ്രേതാദികള്‍, രാത്രി കാലങ്ങളിൽ സഞ്ചരിച്ചു ശത്രുസംഹാരം നടത്തുന്ന ഒടിയന്മാർ, പനമുകളിൽ വസിയ്ക്കുന്ന യക്ഷികള്‍, പകർച്ചവ്യാധികളിൽ നിന്നും രക്ഷിയ്ക്കുന്ന ദേവതമാർ, കുട്ടിച്ചാത്തന്മാർ......ദുർദ്ദേവതകളിൽ നിന്നും രക്ഷയ്ക്കായി നടത്തുന്ന പൂജകൾ......ബലികൾ....മാട്ടും മാരണോം, അല്ലെങ്കിൽ കൂടോത്രങ്ങൾ........രാത്രികാലങ്ങളില്‍ നടത്തുന്ന ആട്ടുകള്‍, ചാത്തന്‍ സേവകള്‍.......പൂവ്വാ, പൂവ്വാ എന്ന് ക്ഷണിയ്ക്കുന്ന കാലന്‍ കോഴികള്‍, ഓരിയിടുന്ന കുറുക്കന്മാര്‍........ ഇതൊക്കെയാണ് നമ്മുടെ ഗ്രാമത്തിന്റെതായ മുഖമുദ്രകൾ......ഒരുതരം 'മ്പാച്ചി' പ്പേടി ഉണ്ടാക്കുന്ന ഇത്തരം സമരണകളാണ് നമ്മെ പഴയ ഗ്രാമത്തിനെ സജീവമാക്കുന്നത്..... നമ്മുടെ "നാട്ടിൻപുറം നന്മകളാൽ സമൃദ്ധം" തന്നെ !കാലത്തിനൊപ്പം ഭൂപ്രകൃതി തന്നെ മാറി വരുന്നു, ഋതുക്കൾക്കും ഭേദഭാവങ്ങൾ.....ഇതെല്ലാം മനുഷ്യരിലും അറിയാതെ മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിയ്ക്കും..... എന്തൊക്കെയായാലും |
No comments:
Post a Comment