മരുഭൂമിതേടി
ജൂലൈ, 2022
ഏറെ നാളുകള്‍ക്കു ശേഷം ഒരു യാത്ര പോകുകയാണ്. വിനോദ സഞ്ചാരത്തിനുള്ള സീസണ്‍ അല്ല എത്തിച്ചേരുന്ന ഇടത്തില്‍ എന്നറിഞ്ഞുകൊണ്ട് തന്നെയാണ് വലിയ ചൂടില്ലാത്ത കാലാവസ്ഥയില്‍ യാത്ര തീരുമാനിച്ചത്. രാജസ്ഥാൻ സന്ദർശിക്കാൻ ഏറ്റവും നല്ല സമയം നവമ്പർ മുതൽ മാർച്ച് വരെ എന്നാണ് പൊതുവേ പറയപ്പെടുന്നത്. എന്നാൽ ജൂലൈ 22 മുതൽ ആഗസ്ത് ഒന്നുവരെയുള്ള 10 ദിവസം ഏറെ അനുയോജ്യമായാണ് അനുഭവപ്പെട്ടത്. പ്രത്യേകിച്ച് സഞ്ചാരികളുടെ തിക്കും തിരക്കും ഇല്ലാതെയുള്ള താമസവും സഞ്ചാരവും.
അവിടെ എത്തിയാല്‍ എവിടെയൊക്കെ പോകണം, താമസം, യാത്രക്കുള്ള കാര്‍--എല്ലാം ഒരു സുഹൃത്തിന്‍റെ സഹായത്തോടെ മകള്‍ നിഭ ആദ്യമേ ബുക്ക് ചെയ്തിരുന്നു. അതിന്റെ പൂര്‍ണ്ണ ത്രില്ലോടുകൂടി ഞങ്ങള്‍ അഞ്ചുപേര്‍_ ഞങ്ങള്‍ രണ്ടുപേരും, സുരേഷും നിഭയും, മകള്‍ ആരഭിയും. അതിരാവിലെ കോയമ്പത്തൂരില്‍ എത്തിച്ചേര്‍ന്നു. പ്രഭാത ഭക്ഷണം കഴിച്ച് നേരെ എയര്‍പോര്‍ട്ട്ലേക്ക്.
ഭാരതത്തിലെ വലിയ സംസ്ഥാനം, വൈവിദ്ധ്യം നിറഞ്ഞ ഭൂവിഭാഗങ്ങൾ, കാലാവസ്ഥ, ചരിത്ര കഥകൾ, സംസ്ക്കാരം, അങ്ങിനെയങ്ങിനെ പറഞ്ഞാൽ തീരാത്ത പ്രത്യേകതകളും വിശേഷണങ്ങളും ഉള്ള, ഒരുകാലത്ത് 'രജപുത്താന' എന്നും,' 'രേഗിസ്ഥാൻ' എന്നുമൊക്കെ അറിയപ്പെട്ടിരുന്ന വീരരജപുത്രരുടെ നാട്, അതാണ് ഉത്തര ഭാരതത്തിൻറെ പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന രാജസ്ഥാൻ. പാഠപുസ്തകങ്ങളിൽക്കൂടിയും പീന്നീട് മാദ്ധ്യമങ്ങൾ വഴിയും അറിയാൻ കഴിഞ്ഞ ഈ ദേശത്ത് കാലുകുത്താനുള്ള ഭാഗ്യം ഈയിടെയാണ് ലഭിച്ചത്. ഈ ഭൂവിഭാഗം പൂർണ്ണമായും കാണാൻ കഴിഞ്ഞില്ലെങ്കിലും കണ്ടിടത്തോളം വേറിട്ടൊരു അനുഭൂതിയാണ് ഉണ്ടായത്. എല്ലാം കൊണ്ടും വൈവിദ്ധ്യം നിറഞ്ഞ ഈ നാട് ഒരിക്കലെങ്കിലും സന്ദർശിക്കേണ്ടതാണെന്ന് എടുത്തു പറയാൻ തോന്നുന്നു.
ലോകത്തിലേക്ക് വെച്ച് തന്നെ ഏറ്റവും പഴക്കം ചെന്ന പർവ്വതനിരയായ വടക്ക് പടിഞ്ഞാറായി നീണ്ടു കിടക്കുന്ന അരാവലിയുടെ നല്ലൊരു ഭാഗം രാജസ്ഥാനിലൂടെ കടന്നു പോകുന്നു. വര്ഷം തോറും കുറഞ്ഞു വരുന്ന മഴയുടെ തോത് ഇവിടത്തെ ഭൂവിഭാഗത്തിന് ഭീഷണിയായിട്ടുണ്ടെന്നും അതിന് കാരണം അശാസ്ത്രീയമായ മാനുഷിക ഇടപെടലുകൾ ആണെന്നും പറയപ്പെടുന്നു, 'താർ' മരുഭൂമിയുടെ അതിർത്തി കാക്കുന്ന അരാവലി പർവത നിരകൾ, മനുഷ്യന്റെ മാത്രമല്ല ഒട്ടനവധി ജീവജാലങ്ങളുടെയും സംരക്ഷകനാണ്. രാജസ്ഥാനിലെ പ്രധാന കോട്ടകളെ ചുമന്ന് നില്‍ക്കുക മാത്രമല്ല, ആ ദേശത്തിന്‍റെയാകെ ചരിത്ര സൂക്ഷിപ്പുകാരന്‍ കൂടിയാണ് ഇവ. ഒരുപക്ഷെ, പർവത നിരകൾക്ക് താഴെയുള്ള തടാകങ്ങളെ ഉറ്റുനോക്കിയിരിക്കുന്ന ആ കോട്ടകൾ നൂറ്റാണ്ടുകൾ കടന്നുപോകുന്നത് അറിയുന്നുണ്ടാകില്ല ! (മൌണ്ട് അബുവിൽ സ്ഥിതിചെയ്യുന്ന 'ഗുരു ശിഖർ' ആണ് ഈ നിരകളിലെ ഏറ്റവും ഉയർന്ന കൊടുമുടി.)
ഉച്ചയോടെ രാജസ്ഥാന്റെ തലസ്ഥാന നഗരിയിൽ വന്നിറങ്ങിയപ്പോൾ സ്വാഗതം ചെയ്തത് കേരളത്തിലെപോലെ കോരിച്ചൊരിയുന്ന മഴ. ജയ്‌പൂർ നഗരവീഥികളിൽ ഒഴുകി നടക്കുന്ന വാഹനങ്ങള്‍ കണ്ടപ്പോള്‍ മരുഭൂമിയെന്നു കരുതിയ സംസ്ഥാനം ഇതുതന്നെയാണോ എന്ന സംശയം തോന്നി. പരമ്പരാഗത രീതിയിലുള്ള കെട്ടിട സമുച്ചയങ്ങൾ വാഹനത്തിലിരുന്ന് കൺകുളിർക്കെ കണ്ടു നീങ്ങുമ്പോൾ എങ്ങിനെ, എന്തുകൊണ്ടിതിന് 'പിങ്ക് സിറ്റി' എന്ന ഓമനപ്പേര് വന്നത് എന്ന് ഊഹിച്ചു. നല്ലൊരു നഗരവീഥി. അതിനാൽ തൽക്കാലം മാലിന്യക്കൂമ്പാരങ്ങൾ മഴവെള്ളത്തിൽ ചിന്നിച്ചിതറി ഒഴുകുന്നത് കണ്ടതായി നടിക്കേണ്ട !
നേരെ ചെന്നിറങ്ങിയത് മുന്‍കൂട്ടി ബുക്ക് ചെയ്ത വഴിയോരത്തെ ലോഡ്ജിന്‍റെ മുന്നില്‍ കാറ് നിര്‍ത്തി. ലോഡ്ജിന്‍റെ പേര് കണ്ടപ്പോള്‍ ചിരി വന്നു. 'മീശ.' നല്ല കൊമ്പന്‍ മീശയുടെ പടം പേരെഴുതിയതിന്റെ താഴെ. പ്രവേശനഹാള്‍ അത്യാവശ്യം വലുതാണ്. പരമ്പരാഗതിയില്‍ പണിതിരിക്കുന്ന വര്‍ണ്ണാലങ്കാരത്തോടുകൂടിയ ഹാള്‍. ഡോര്മിറ്ററിയുടെ ഉള്ളില്‍ കടന്നപ്പോള്‍ വീണ്ടും അത്ഭുതവും ചിരിയും അടക്കാനായില്ല. അനങ്ങാത്ത തീവണ്ടി കംപാര്‍ട്ട്മെന്‍റ്. അഞ്ച് പേര്‍ക്ക് മൂന്ന് ഡബിള്‍ ഡക്കര്‍ കൂടുകള്‍ അഥവാ പെട്ടികള്‍. നിഭയും ആരഭിയും മുകളിലെ ബര്‍ത്തില്‍ കയറിക്കൂടി. ഞങ്ങള്‍ മൂന്നുപേരും താഴെയും. സൈഡില്‍ ഉള്ള കര്‍ട്ടന്‍ നീക്കിയാല്‍ അപ്പുറത്തെ കൂട്ടിലെ ആളെ കാണാം കിടക്കാനുള്ള പെട്ടിക്കു നല്ല നീളമുണ്ട്. (സുരേഷിനുതന്നെ നീണ്ടു നിവര്‍ന്നു സുഖമായി കിടക്കാം) അത്യാവശ്യം വീതിയും. ചെറിയ ബാഗുകള്‍ ഒതുക്കി വെക്കാം. റൂമില്‍ എസി ഉണ്ട്. ചൂട് തീരെ ഇല്ലാത്തതിനാല്‍ സുഖമായി ഉറങ്ങി. ഭക്ഷണം കഴിഞ്ഞ ഉടനെ ഞങ്ങള്‍ കിടക്കാന്‍ പോന്നെങ്കിലും നിഭയും കുട്ടിയും അപ്പോള്‍ പരിചയപ്പെട്ട ഒരു പാട്ട് ഗ്രൂപ്പിന്ടെ കൂടെക്കൂടി കുറെ നേരം പാടി രസിച്ചാണ് റൂമിലേക്ക് വന്നത്.
ജയ്‌പൂരിലെ കോട്ടകളും കൊട്ടാരങ്ങളും ക്ഷേത്രങ്ങളും മറ്റും കാണാൻ രണ്ടോ മൂന്നോ ദിവസങ്ങൾ മതിയാകില്ല എന്ന് അറിഞ്ഞപ്പോഴേക്കും സമയം അതിക്രമിച്ചു. ആമേർ / ആംബെർ പാലസ്, സിറ്റി പാലസ്, ജന്തർ മന്തർ, ഹവാ മഹൽ, നഹർ ഗഡ് ഫോർട്ട്, ജയ്‌ഗഡ് ഫോർട്ട്, ജൽ മഹൽ, സ്റ്റെപ് വെൽ, മ്യൂസിയം, കരകൗശലവസ്തുക്കൾ തുടങ്ങി ഓരോന്നും ഒന്നിനൊന്ന് വിസ്മയക്കാഴ്ചകൾ ആണ്. പ്രത്യേകിച്ച് ജന്തർ മന്തർ അഥവാ കല്ലിലും, മാർബിളിലും തീർത്ത 19 ഗണനോപകരണങ്ങൾ അഥവാ യന്ത്രോപകരണങ്ങളുള്ള ജ്യോതിശാസ്ത്ര നിരീക്ഷണാലയം. (ഇവിടെ കാണുന്ന ഓരോ യന്ത്രങ്ങൾക്കും ഓരോ ധർമ്മമാണ്) സൂര്യന്റെ നിഴൽ നോക്കി വളരെ കൃത്യമായി സമയം കണക്കാക്കാം. സൂര്യന്റെയും, ഗ്രഹങ്ങളുടെയും അക്ഷാംശ രേഖാംശ രേഖകള്‍ കടന്നുപോകുന്നത് കൃത്യമായി രേഖപ്പെടുത്തിയതായി കാണാം. രാജാവായിരുന്ന സവായ് ജയ്‌സിംഗ് രണ്ടാമന്റെ കാലത്തായിരുന്നു ഇത് നിർമ്മിച്ചത്.
മൻ സാഗർ തടാകത്തില്‍ പൊന്തിക്കിടക്കുന്ന പ്രതീതിയുണ്ടാക്കുന്ന ജൽ മഹൽ മറ്റൊരു അദ്‌ഭുതമാണ്. കൊട്ടാരത്തിന്റെ ഒരു നില മാത്രമേ തടാകത്തിനു പുറത്തു ദൃശ്യമാകുന്നുള്ളൂ. നാല് നിലകൾ വെള്ളത്തിന്നടിയിൽ. അതും കൊട്ടാരത്തിനകത്തേക്ക് വെള്ളം കയറുന്നില്ല എന്നത് അദ്‌ഭുതം ഉളവാക്കുന്നു. ഉള്ളിലെ പൈന്റിങ്ങും മറ്റും അത്യാകര്ഷകം.
ജയ്പൂരില്‍ നിന്നും അധികം ദൂരെയല്ലാതെ സ്ഥിതി ചെയ്യുന്ന ആമെര്‍ എന്ന് പേരുള്ള ചെറിയ പട്ടണത്തിലാണ് ആംബെര്‍ ഫോര്‍ട്ട് അഥവാ ആമെര്‍ ഫോര്‍ട്ട് സ്ഥിതിചെയ്യുന്നത്. അംബെറിലെ മീണ വംശക്കാര്‍ ആരാധിച്ചിരുന്ന മാത്രുദൈവത്തിന് ഈ നഗരം സമര്‍പ്പിച്ചു കൊണ്ടാണത്രേ അവര് ഈ നഗരം സ്ഥാപിച്ചത്. പില്‍ക്കാലത്ത് രജപുത്ര രാജാവ് മാന്‍സിംഗിന്‍റെ കാലത്ത് ആണത്രേ ഇപ്പോള്‍ കാണുന്ന കോട്ടക്ക് രൂപരേഖയുണ്ടാക്കിയത്. മങ്ങിയ മഞ്ഞനിറമുള്ള കോട്ടയുടെ ഉള്ളില്‍ കടന്നാല്‍ വിശാലമായ മുറ്റം. രാജാവിന്റെ പടയാളികള്‍ ഈ മുറ്റത്ത് പരേഡ് നടത്തുമായിരുന്നുവത്രേ. ഇപ്പോള്‍ സന്ദര്‍ശകര്‍ക്കായി ഇവിടെ ആനസവാരി നടത്തുന്നു. ഇവിടെനിന്ന് നോക്കിയാല്‍ മുന്നില്‍ക്കാണുന്ന പാര്‍വത നിരകളും താഴെയുള്ള മഹോത തടാകവും അതിനോട് ചേര്‍ന്നുള്ള ഭംഗിയുള്ള പൂന്തോട്ടങ്ങളും നല്ല കാഴ്ചയാണ്. മുന്നോട്ട് നടന്നാല്‍ മറ്റൊരു മുറ്റത്ത് എത്തും. ഇവിടെ രാജാവിന് വന്നിരിക്കാനുള്ള മണ്ഡപവും പൊതുജനങ്ങള്‍ക്ക് രാജാവിനെ നേരില്‍ കണ്ട് പരാതികള്‍ ബോധിപ്പിക്കാന്‍ സൌകര്യവുമുള്ള വിശാലമായ മുറ്റവും. എല്ലാം വൃത്തിയില്‍ സംരക്ഷിച്ചിരിക്കുന്നു. അടുത്തത് രജപുത്ര ശൈലിയിലും മുഗള ശൈലിയിലും ഉള്ള കൊത്തുപണികളുള്ള മാര്‍ബിള്‍ തൂണുകളുള്ള വലിയ ഹാള്‍. മൂന്നാമത്തെ നടുമുറ്റത്തായിട്ടാണ് ശീശ് മഹൽ. (കണ്ണാടിക്കൊട്ടാരം) ചുമരുകളിലും മുകൾത്തട്ടിലും പതിച്ചിരിക്കുന്ന കോൺകേവ് മിറർ തുണ്ടുകൾ പൈന്റിങ്ങുകൾ കൊണ്ട് വർണ്ണമനോഹരമാക്കിയിരിക്കുന്നു. ഇവിടെ കുറച്ചു മെഴുകുതിരികൾ കത്തിച്ചു വെച്ചാൽ നൂറായിരം നക്ഷത്രങ്ങൾ മിന്നുമ്പോൾ ഉണ്ടാകുന്ന ശോഭയോടെ കൊട്ടാരം മുഴുവൻ പ്രകാശമാനമാകും എന്ന് പറയുന്നു. നൂറ്റാണ്ടുകൾക്ക് മുൻപ് രാജാ മാൻസിങ് ന്റെ കാലത്ത് പണികഴിപ്പിച്ച ഈ കൊട്ടാരത്തിലെ ഉത്സവങ്ങളും വിജയാഘോഷങ്ങളും ഈ നടുമുറ്റത്ത് വെച്ചാണത്രെ നടത്തിയിരുന്നത്. അദ്ദേഹം തന്റെ 12 റാണിമാർക്കായി നിർമ്മിച്ച മുറികളെല്ലാം മറ്റൊരു നടുമുറ്റത്ത് ചെന്നാൽ കാണാം. കൊത്തുപണികളോട് കൂടിയ ക്ഷേത്രങ്ങളും കോട്ടയ്ക്കകത്ത് ഉണ്ട്. കോട്ട നിര്‍മ്മിച്ചിരിക്കുന്നത് വെളുപ്പും ചുവപ്പുമായ മണല്‍ക്കല്ലുകള്‍ കൊണ്ടാണ്. കോട്ടയുടെ താഴെയുള്ള തടാകത്തിൽ നിന്ന് പൈപ്പ് വഴി അക്കാലത്തു തന്നെ വെള്ളം മുകളിലേക്ക് എത്തിച്ചിരുന്നു. ഭൂമിയിൽ പെയ്തുവീഴുന്ന വെള്ളം ചാലുകൾ വഴി ശുദ്ധീകരിച്ച് താഴെ നാല് ഭാഗവും ഭംഗിയില്‍ കെട്ടിയുണ്ടാക്കിയ കുളങ്ങളിൽ (സ്റ്റെപ് വെൽ) സംഭരിച്ചു വെക്കുകയും പതിവായിരുന്നു. കുന്നുകള്‍ക്കു താഴെയുള്ള കിണറുകള്‍ക്കടിയില്‍ മഴവെള്ളം ശേഖരിച്ചു വെക്കുന്നത് ഈ സംസ്ഥാനത്ത് മിക്ക ഭാഗങ്ങളിലും കാണാം. റോസ്--റെഡ് നിറമുള്ള സാന്ഡ് സ്ടോണ്‍ കൊണ്ട് ശില്പകലാ ചാതുര്യത്തോടെ കെട്ടിപ്പടുത്ത് അതിമാനോഹരമാക്കിയ 200 ലധികം അടി താഴ്ചയുള്ള കിണറുകള്‍ നൂറ്റാണ്ട്കള്‍ക്കു മുന്‍പേ പണിതവയാണ്.
ആമെർ കൊട്ടാരത്തിന്‍റെ പടിഞ്ഞാറ് ഭാഗത്തെ കുന്നിന്‍ മുകളിലുള്ള ജയ്‌ഗഢ് ഫോർട്ട്ലേക്ക് കൊട്ടക്കുള്ളിലെ രഹസ്യ മാര്‍ഗം വഴി പോകാം. ദൂരവും കയറ്റവും ഉള്ളത് കൊണ്ടും പൂർണ്ണമായി നടന്നു കാണുവാൻ ഒരു ദിവസം മുഴുവൻ വേണ്ടിവരും. മാര്‍ബിളില്‍ ഇരട്ടത്തൂണുകളില്‍ തീര്‍ത്ത വലിയ മണ്ഡപമുള്ള മന്ദിരം, വരാന്തയും, ബാല്‍ക്കണികളുമുള്ള വിശ്രമമുറികള്‍, കിടപ്പുമുറികള്‍ എന്നിവ സന്ദര്‍ശകര്‍ക്ക് കാണാം. നൂറ്റാണ്ടുകൾക്ക് മുൻപ് നിർമ്മിച്ച ലോഹങ്ങൾ കൊണ്ടുള്ള ആനകൾ കെട്ടി വലിച്ചിരുന്ന ഊക്കൻ പീരങ്കികള്‍ വിജയ് ഗഢ് കോട്ടയിൽ ഭദ്രമായി വെച്ചിട്ടുണ്ട്. ലോകത്തിലേക്കുവെച്ച്, ചക്രങ്ങളോടുകൂടിയ ഏറ്റവും വലിയ പീരങ്കിയും, ഉണ്ടകളും അവ നിർമ്മിച്ചിരുന്ന ഫർണസും മറ്റും ഇവിടെ ഭദ്രമായി സംരക്ഷിച്ചുവരുന്നു. രജപുത്രരുടെ ആയുധങ്ങളും കോട്ടയും പരിസരവുമെല്ലാം വൃത്തിയായി വെച്ചിട്ടുണ്ട്. 19-ആം നൂറ്റാണ്ടുവരെ ഇവിടെ പീരങ്കികള്‍ നിര്‍മ്മിച്ചിരുന്നുവത്രേ. കോട്ടക്ക് മുകളിൽ നിന്നു താഴേക്കു നോക്കിയാൽ അത്യധികം മനോഹരവും, അവിസ്മരണീയവുമായ കാഴ്ച ലഭിക്കും. (നെറ്റിൽ നോക്കിയാല്‍ ജയ്പ്പൂർ കോട്ടകളുടെ നൂറുകണക്കിന് വീഡിയോകൾ കാണാം.)
മഹാറാണാ സവായ് ജയ്‌സിംഗ് 1734 - ൽ വേനല്‍ക്കാലതാമസത്തിനായി ഉണ്ടാക്കിയ കൊട്ടാരം നഹർഗഢ് കോട്ടക്കുള്ളിലാണ്. ആമേർ കോട്ടയേക്കാൾ ഉയരത്തിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. കേരളത്തിനേക്കാൾ പച്ചപ്പുള്ള അല്ലെങ്കിൽ അതിനേക്കാൾ മനോഹരങ്ങളായ ഭൂപ്രകൃതിയാണ് നഹർഗഢ് ലേക്കുള്ള വഴിയിൽ കണ്ടത് എന്നുപറഞ്ഞാൽ അവാസ്തവികത ഉണ്ടെന്നു പറയാനാവില്ല. വഴിനീളെ ആകര്ഷകതയുള്ള ചുവപ്പു രാശിയുള്ള പാറക്കല്ലുകളും കാണാം.
ഹവാ മഹലിന്റെ ശില്പകൗശലം അനുഭവിക്കാൻ ചൂടുള്ള സമയത്തോ കാറ്റില്ലാത്ത സമയത്തോ അവിടെ ചെന്നിരിക്കണം. സിറ്റി പാലസിന്റെ ഒരു ഭാഗമായാണ് ഇത് പണിതിരിക്കുന്നത്. മുൻഭാഗത്ത് കൂടി ഇതിൽ പ്രവേശിക്കാൻ സാദ്ധ്യമല്ല. തേനീച്ചക്കൂട് അഥവാ കൃഷ്ണകിരീടം പോലെയാണ് ഇതിന്റെ നിർമ്മിതി എന്ന് പറയാറുണ്ട്. ലാൽ ചന്ദ് ഉസ്താദ് എന്ന മഹാനാണ് ഹവാ മഹലിൻറെ ശില്പി. അടിത്തറ പാകാതെ പണിതുയർത്തിയ ലോകത്തിലെ ഏക കെട്ടിടം ഇതാണത്രേ. പഴയ കാലത്ത് രാജ്ഞിമാർക്കും മറ്റു സ്ത്രീകൾക്കും പുറം കാഴ്ചകൾ കാണാനായി വന്നിരിക്കുവാൻ വേണ്ടിയാണത്രെ 953 ചെറിയ ജനവാതിലുകൾ ഉള്ള അഞ്ചു നിലയുള്ള ഈ കെട്ടിടം നിർമ്മിച്ചത്. പുറത്തുനിന്നുള്ളവർക്ക് അകത്തെ കാഴ്ചകൾ ഒന്നും കാണാൻ സാദ്ധ്യമല്ല.
പരസ്പരം ബന്ധപ്പെട്ട് കിടക്കുന്ന ആംബർ ഫോർട്ടും, ജയ്‌ഗഡ് ഫോർട്ടും തലയുയർത്തി നിൽക്കുന്ന കാഴ്ച്ചകാണേണ്ടതാണ്. കോട്ടകൾക്കുള്ളിലെ നിർമ്മിതികളിൽ രജപുത്രരുടെ കരകൗശല വൈദഗ്ധ്യം വിളിച്ചോതുന്നവയാണ്. മുഗളരുടെയും യൂറോപ്യരുടെയും വാസ്തു ശില്പശൈലിയും ഇവിടെ കാണാവുന്നതാണ്. (ചുവന്ന മണൽ കല്ലുകളിലും മാർബിളിലും നിർമ്മിച്ചിരിക്കുന്ന ആംബർ / ആമേർ ഫോർട്ടിലെ കൽമണ്ഡപത്തിലെ തൂണുകൾ, ശീശ് മഹൽ തുടങ്ങിയവ.)
കോട്ടകളും അതിന്റെയുള്ളിൽ സുരക്ഷിതമായിരിക്കുന്ന കൊട്ടാരങ്ങളിലെ ഇടനാഴികളും ഫ്രസ്കോ പൈന്റിൽ അലങ്കരിച്ച മുറികളും വിശാലമായ നടുമുറ്റങ്ങളും ക്ഷേത്രങ്ങളും കണ്ടു നടക്കുമ്പോൾ സഞ്ചാരികളോട് എണ്ണിയാൽ തീരാത്തത്ര ചരിത്രകഥകളും ഐതിഹ്യങ്ങളും പങ്കിടാൻ അവ വെമ്പുന്നുണ്ടോ എന്ന് തോന്നിയേക്കാം. വര്‍ഷങ്ങളോളമായി കാണാപാഠം പോലെ ആവര്‍ത്തിച്ചാവര്‍ത്തിച്ച് കേട്ടുവരുന്ന വീര രാജപുത്രരുടെ വീരസാഹസിക കഥകളുടെ പ്രതിധ്വനി ഏറ്റുവാങ്ങുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആ ചുമരുകള്‍ക്ക് സന്ദര്‍ശകന്റെ മനസ്സിന്റെ ഉള്ളറകളിള്‍ ചലനങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞെങ്കില്‍ അതിശയപ്പെടാനൊന്നുമില്ല.
കുംഭാല്‍ ഗഢ് കോട്ട, രണ്ഥംഭോര്‍ കോട്ട, ആംബര്‍ കോട്ട, ജൈസാല്‍മര്‍ കോട്ട തുടങ്ങി എണ്ണപ്പെട്ട മറ്റു കോട്ടകളേയും 'പിങ്ക് സിറ്റി' യെന്നറിയപ്പെടുന്ന ജയ്‌പൂർ നഗരം, മേവാറിന്റെ ആസ്ഥാനമായിരുന്ന ചിതോർഗഢ് എന്നീ ചരിത്ര സ്മാരകങ്ങളും UNESCO World Heritage Committee, 'ലോക ഹെറിറ്റേജ് സൈറ്റ്' പട്ടികയിൽ ചേർത്തിട്ടുണ്ട്. ധാരാളം വിദേശികൾ സന്ദർശകരായും നീണ്ട ഒഴിവുകാലം കുടുംബത്തോടെ ഇവിടെ ചെലവഴിക്കാനും വരുന്നുണ്ട്. സുരക്ഷയ്ക്ക് പ്രാധാന്യം കൊടുക്കുന്നപോലെത്തന്നെ രാജസ്ഥാനിലെ പ്രത്യേക കാലാവസ്ഥക്ക് അനുസൃതമായാണ് നിര്‍മ്മാണം നടത്തിയിരിക്കുന്നത്. വാസ്തു വിദ്യക്ക് പ്രാധാന്യവും നല്‍കിയുള്ള നിര്‍മ്മിതികള്‍ ആണ് ഇവിടെ കാണാനാകുന്നത്. നിരവധി പടവുകളും തുരങ്കങ്ങളും അക്കാലത്ത് കോട്ടക്കുള്ളിലെ സഞ്ചാരത്തിനായി ഉപയോഗപ്പെടുത്തിയിരുന്നു. നിരവധി യുദ്ധങ്ങള്‍ക്ക് ഇവിടത്തെ കോട്ടകള്‍ സാക്ഷ്യം വരിച്ചിട്ടുണ്ട് എന്നും ചരിത്രം പറഞ്ഞു തരുന്നു. ഈ കോട്ടകളുടെ ഭംഗി ആസ്വദിക്കാൻ ആയിരക്കണക്കിന് സന്ദർശകർ വരുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ജയ്പ്പൂർ കരകൗശല വസ്തുക്കൾക്കും, കൈത്തറികൾക്കും പ്രസിദ്ധമാണ്. മരങ്ങളിൽ നിന്നും എടുക്കുന്ന പശചേർത്ത് മിറർ വർക്ക് ചെയ്ത പ്രത്യേക വളകൾ ഇവർ ഉണ്ടാക്കുന്നു. ഒട്ടുമിക്ക കടകളിലും നല്ല ഭംഗിയുള്ള പാവകളെ വില്പനക്ക് വെച്ചിരിക്കുന്നത് കാണാം. പ്രകൃതിയിൽ നിന്നും കിട്ടുന്ന നിറക്കൂട്ടുകൾ കൂടാതെ ലോഹങ്ങൾ പൊടിച്ചിട്ടിട്ടും ചിത്രങ്ങൾക്ക് ഇവർ പൊലിമ നൽകുന്നു. കൃഷ്ണൻ, രാധ തുടങ്ങിയ സങ്കല്പങ്ങൾക്കു പുറമെ ഇതിഹാസ കഥാപാത്രങ്ങളുടെ പടങ്ങളും വില്പനക്ക് വെച്ചിരിക്കുന്നത് കാണാം. വിവിധ ലോഹക്കൂട്ടുകളുള്ള ആഭരണങ്ങളും ഇവിടെ സുലഭമാണ്. പൊതുവെ രാജസ്ഥാനികൾ വർണ്ണശബളമായ വസ്ത്രങ്ങൾ ധരിക്കുന്നവരാണ്. ഇവിടത്തെ 'ടയ് ആന്‍ഡ് ഡയ്' വർക്ക് ചെയ്ത തുണികൾ വളരെയധികം ലോകപ്രിയമേറിയതാണ്. മരപ്പണികളിലും പാത്ര നിർമ്മാണത്തിലും മാർബിളിൽ കൊത്തിയെടുക്കുന്ന വസ്തുക്കൾ നിർമ്മിക്കുന്നതിലും ഇവരുടെ കഴിവ് മികച്ചതാണ്. പരമ്പരാഗത സംഗീതം, നൃത്തം പാവകളി തുടങ്ങിയ വിനോദങ്ങളും, രാജസ്ഥാൻ വിഭവങ്ങളും സഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുണ്ട്. ,
രാവിലെ പ്രഭാതഭക്ഷണം കഴിച്ച് ജയപ്പൂര്‍ പട്ടണം കണ്ട് കണ്ണെത്താദൂരം വരെ നീണ്ട് കിടക്കുന്ന തിരക്കില്ലാത്ത റോഡിന്‍റെ ഇരുവശവും കണ്ടുകണ്ട് മണിക്കൂറുകളോളം യാത്രതന്നെ. ഡ്രൈവിങ്ങില്‍ മാത്രം ശ്രദ്ധയുള്ള ഡ്രൈവര്‍ക്ക് രാജസ്ഥാനെപറ്റി കൂടുതലായൊന്നും പറയാനില്ലാത്തത് വലിയൊരു നഷ്ടം തന്നെയായിരുന്നു. എങ്കിലും ധാരാളം പച്ചപ്പുള്ള മരുഭൂമി സംസ്ഥാനത്തില്‍ക്കൂടി ഞങ്ങള്‍ ഭൂപ്രകൃതി ആസ്വദിച്ച് സഞ്ചരിച്ചുകൊണ്ടേയിരുന്നു.
ജയ്പൂരില്‍ നിന്നും ബികാനിര്‍ ലേക്ക് പോകുന്ന വഴിയിലെ രണ്ടു പ്രധാന തീര്ത്ഥാടന കേന്ദ്രങ്ങളാണ് അജ്മേറും പുഷ്കറും. സൂഫി സന്യാസവര്യനായ ഖ്വാജാ മോയ്നുദ്ദിന്‍ ചിസ്തിയുടെ ശവകുടീരമാണ് അജ്മേറില്‍. 1192 മുതല്‍ 1236 AD വരെയുള്ള കാലത്താണ് പേര്ഷ്യയില്‍ നിന്നും അജ്മേറില്‍ എത്തി അദ്ദേഹം അവിടെ ജീവിച്ചു പോന്നത്. വാഹനം ഇറങ്ങി ദര്‍ഗവരെയുള്ള വഴി വൃത്തിയില്ലെങ്കിലും അതിന്റെ അകത്ത് കടക്കുന്നാല്‍ നല്ലൊരു അനുഭവമാണ്. ഭാരതത്തിലെ പ്രധാന മുസ്ലിം തീര്ത്ഥാടന കേന്ദ്രമാണ് ഇത്. എല്ലാ മതത്തില്‍ പെട്ടവരും ഇവിടെ വന്ന് പ്രാര്ത്ഥിച്ചു പോരുന്നു. ദര്‍ഗ്ഗയില്‍ വഴിപാടുകള്‍ ചെയ്തു തിക്കിത്തിരക്കി അകത്തേക്ക് ഒരു ഗൈഡിന്റെ സഹായത്തോടെ കടന്നു പോന്നു.
ദര്‍ഗ്ഗയില്‍ നിന്നും ഏതാനും കിലോമീറ്റര്‍ ദൂരെയാണ് പുഷ്കര്‍ പുഷ്കറിലെ ഒട്ടകമേള പ്രസിദ്ധമാണ്. കന്നുകാലികള്‍, കുതിര ആന തുടങ്ങിയ പലേ മൃഗങ്ങളുടെയും കച്ചവടം ഇവിടെ പുഷ്തകര് മേളക്കാലത്ത് നടക്കുന്നു. പുഷ്കര്‍ തടാകവും, അപൂര്‍വമായുള്ള ബ്രഹ്മാവിന്‍റെ ക്ഷേത്രവും ഹിന്ദുക്കളുടെ തീര്ത്ഥാടനകേന്ദ്രമാണ്. ഈ തടാകത്തിന്‍റെ തീരങ്ങളിലായി നിരവധി ക്ഷേത്രങ്ങളുണ്ടത്രെ. നൂറുകണക്കിന് കടവുകളും. പുഷ്കര്‍ തടാകത്തിന്‍റെ തീരത്തുള്ള ബ്രഹ്മാവിന്‍റെ.ക്ഷേത്രത്തിന് മുന്നിലുള്ള കടവിലേക്ക് ഏതാനും പടവുകള്‍ ഇറങ്ങിച്ചെല്ലണം. കടവിന് മുന്നില്‍ തീര്ത്ഥാടകരുടെ ശ്രദ്ധ ക്ഷണിച്ചുകൊണ്ട് നിരവധിപേര്‍ ചുറ്റിപ്പറ്റി നടക്കുന്നുണ്ട്. ധാരാളം പൂജാ സാമഗ്രികളുടെ കൂടെ നാളികേരവും വില്‍പ്പനക്കായി ഉണ്ട്.തീര്‍ത്ഥാടകര്‍ തടാകത്തില്‍ മുങ്ങിക്കുളിച്ച് പിതുക്കള്‍ക്ക് കര്‍മ്മങ്ങള്‍ ചെയ്യുന്ന പതിവുണ്ട്. ചിലര് കാലും മുഖവും മാത്രം കഴുകുന്നു. നിവൃത്തി ഇല്ലാതെ പൂജാരിയെ തൃപ്തിപ്പെടുത്താനായി ദേഹശുദ്ധി വരുത്തി ഞങ്ങളും പിതൃക്കള്‍ക്കായി ഒരു പൂജ നടത്തി .
ബ്രഹ്മാവ് ഏറെക്കാലം തടാകം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് തപസ്സു ചെയ്തിരുന്നുവത്രേ. ദേവന്മാരെ ഉപദ്രവിക്കാന്‍ വന്ന അസുരനെ ബ്രഹ്മാവ് താമരപ്പൂവിന്‍റെ ഒരിതള്‍ എറിഞ്ഞ് കൊന്ന ഭാഗത്ത് ഈ തടാകം രൂപപ്പെട്ടു എന്ന കഥയുണ്ട്.
വഴിയോരത്ത് രാജസ്ഥാന്റെ തനതായ കലാരൂപങ്ങള്‍ കടകളില്‍ ധാരാളം വില്‍പ്പനക്കായി വെച്ചിരിക്കുന്നു. അത്യാവശ്യം ഷോപ്പിംഗ് നടത്തി ക്ഷേത്രം തുറക്കാന്‍ താമസമുള്ളതുകൊണ്ട് ഞങ്ങള്‍ പുഷ്ക്കറിന്റെ കാഴ്ചകള്‍ കണ്ടു നടന്നു. വഴിയരുകില്‍ ഒട്ടകങ്ങളെ സുന്ദരമായി അണിയിച്ചു നിര്‍ത്തിയിരിക്കുന്നു. കണ്ണാടി വെച്ച പല നിറങ്ങളുള്ള ഉടുപ്പുകളിട്ട് കഴുത്തിലെ കല്ലുവെച്ച മാലകളുമായി അഭിമാനപൂര്‍വം തലയുയര്‍ത്തി, കടന്നുപോകുന്നവരെ അലസമായി അവ നോക്കി കിടക്കുകയാണ്.
തുടര്‍ന്നുള്ള യാത്രയില്‍ വഴിയോരത്തെ കാടുകളില്‍ മാനുകള്‍ മേയുന്നത് കണ്ടു. അപൂര്‍വ ഇനം പക്ഷികളെയും. മരുഭൂമി കാണുന്നില്ലല്ലോ എന്ന് സ്വയം പറഞ്ഞു കൊണ്ട് യാത്ര തുടര്‍ന്നു.
ബിക്കാനീറില്‍ എത്താറായപ്പോഴേക്കും സന്ധ്യയായി എങ്കിലും മൂഷിക ക്ഷേത്രം, (കര്ണി മാതാ ക്ഷേത്രം) ദര്ശിച്ചു പോകാമെന്നു തീരുമാനിച്ചു. ഇത്രയും ഗംഭീരമായ ക്ഷേത്രം മൂഷികര്‍ക്കായി വിട്ടുകൊടുക്കുക, അവര്‍ക്ക് വേണ്ടുവോളം ഭക്ഷണവും സ്വാതന്ത്ര്യവും നല്‍കി പോറ്റുക എന്നത് അത്ര നിസ്സാര കാര്യമല്ല. അതെല്ലാം ആശ്ച്രര്യപൂര്‍വ്വം നോക്കിക്കണ്ടു. വലിയ ചെമ്പുകളുടെ വക്കില്‍ നിരന്നിരുന്ന് ആസ്വദിച്ചു പാല് കുടിക്കുന്ന മൂഷികര്‍ ഭാഗ്യവാന്മാര്‍ തന്നെ. സമീപത്ത് ഒരു തട്ടില്‍ ധാരാളം ലഡ്ഡുവുമുണ്ട്. മറ്റൊരു ഭാഗത്ത് ചെറുപ്പക്കാര്‍ എലികളെ സ്തുതിച്ചു ഭജന ചൊല്ലുന്നതും കേട്ടു. കര്ണിമാതാവിനെ പ്രതിഷ്ടിച്ച ശ്രീകോവിലില്‍ പൂജാരി ദീപാരാധന നടത്തുമ്പോഴും അമ്മയുടെ മക്കള്‍ ഇടയില്‍ ഓടിക്കളിക്കുന്ന കാഴ്ച നോക്കി നിന്നു.! ദുര്‍ഗ്ഗയുടെ മറ്റൊരു രൂപമായിട്ടാണ് കര്‍ണീമാതാവിനെ ഭക്തര്‍ കണക്കാക്കുന്നത്. 52 ശക്തിപീഠങ്ങളില്‍ ഒന്നാണ് ഈ ക്ഷേത്രം. ക്ഷേത്രപരിസരത്ത് ഇത്രയധികം എലികള്‍ ഉണ്ടായിട്ടും ഭക്ഷ്യ വസ്തുക്കള്‍ വീണു കിടന്നിട്ടും ഒരു ദുര്‍ഗന്ധവും ഇല്ലത്രെ! കൂടാതെ എലികരണ്ട ഭക്ഷ്യവസ്തുക്കള്‍ പ്രസാദമായി കഴിക്കുന്നവര്‍ക്കൊന്നും ഒരു രോഗവും വരാറില്ലത്രേ! വര്‍ഷങ്ങള്‍ക്ക് മുന്പ് ടീവിയില്‍ കണ്ടതിനേക്കാള്‍ ഗംഭീരമാണ് ഇവിടത്തെ സൌകര്യങ്ങളും രീതികളും.
ബിക്കാനീറില്‍ എത്തിയപ്പോഴേക്കും രാത്രി 8 മണിയായി. മുന്‍കൂട്ടി ബുക്ക് ചെയ്ത ഹോം സ്റ്റേയുള്ള വീട്ടിലെ വീട്ടമ്മ കാത്തിരിക്കുകയായിരുന്നു. സുഖകരമായ താമസം, നല്ല ഭക്ഷണം. അടുത്ത ദിവസം രാവിലെ ബികാനീര്‍ന്റെ സൌന്ദര്യം ആസ്വദിച്ച് നടന്നു. രംപുരിയ ഹവേലി ചുറ്റിക്കണ്ടു. മനോഹരമായ നിര്‍മ്മിതി. 15 -ആം നൂറ്റാണ്ടില്‍ നിര്‍മ്മിച്കതാണത്രേ. ധനികരായ കച്ചവടക്കാരുടെ കുടുംബങ്ങള്‍ ആണത്രേ ഇവിടെ താമസിച്ചിരുന്നത്. ശില്പകലയുടെ കഴിവ് വിളിച്ചോതുന്ന കൊട്ടാരങ്ങള്‍ പോലെയുള്ള കെട്ടിടങ്ങള്‍ മുകളിലേക്കും വശങ്ങളിലേക്കും നീണ്ടു നീണ്ടു കിടക്കുകയാണ്. പ്രവേശന ദ്വാരങ്ങള്‍ക്കടുത്തുള്ള കെട്ടിടങ്ങള്‍ ഒട്ടുമിക്കതും ആള്‍ത്താമസമില്ലാതെ അടഞ്ഞ് കിടക്കുന്നു. ഈ കാഴ്ചകളൊക്കെ ക്യാമറയിലാക്കി. ബികാനേര്‍ ഥാര്‍ മരുഭൂമിയുടെ ഏകദേശം മദ്ധ്യത്തിലായാണ് സ്ഥിതി ചെയ്യുന്നത്. അങ്ങിനെ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മരുഭൂമി യാത്ര അനുഭവിക്കുകയാണ്. ജൈസാല്മേരില്‍ സന്ധ്യക്ക് മുന്പ് എത്തണം എന്നതിനാല്‍ നേരെ ഥാര്‍ മരുഭൂമിയിലൂടെ ജൈസല്മര്‍ ലക്ഷ്യമായി വാഹനത്തിരക്കില്ലാത്ത തെളിഞ്ഞ് നീണ്ടു കിടക്കുന്ന ഹൈവെയിലൂടെ യാത്ര തുടര്‍ന്നു.
ബികാനീര്‍ ല്‍ നിന്നും 329 കി.മീ ദൂരെയാണ ജൈസാല്മര്‍. സന്ധ്യക്ക് മുന്നേ എത്തിയകാരണം പോക്കുവെയിലില്‍ സ്വര്‍ണ്ണത്തിളക്കമുള്ള ആ മഞ്ഞ പട്ടണം ഞങ്ങളെ മാടി വിളിക്കുന്നതായി തോന്നി. അധികം താമസിയാതെ മകന്‍ നവീനും ഞങ്ങളുടെ കൂടെ ചേര്‍ന്നു. ഇവിടെയും 'മീശ' തന്നെയാണ് സ്വാഗതം ചെയ്തത്. ഡോര്മിട്രിയാണെങ്കിലും കുറച്ചുകൂടി വലുപ്പമുണ്ട് 6 പേര്‍ക്ക് മൂന്ന് ഡബിള്‍ ഡക്കര്‍ കട്ടില്‍. ഭക്ഷണം കഴിക്കാന്‍ വിശാലമായ ഹാള്‍ പുറത്തുണ്ട്. സന്ദര്‍ശകര്‍ അധികം ഇല്ലാത്ത കാരണം ശാന്തമായ അന്തരീക്ഷം. അസ്തമനം കാണാനായി ടെറസ്സിന്റെ മുകളില്‍ ചെന്നു. പോക്കുവെയിലില്‍ ജയ്സാല്‍മര്‍ കോട്ട ശോഭിക്കുന്നത് കണ്ടു നിന്നു. സൊനാര്‍ കില എന്ന പേര് ഏറെ അനുയോജ്യം എന്ന് പറയാം. കോട്ടയില്‍ നിന്നും വിളിപ്പാട് ദൂരത്തിലുള്ള ഈ ഹോട്ടലില്‍ നിന്നാല്‍ കോട്ടയുടെ സൌന്ദര്യം ഒട്ടൊക്കെ ആസ്വദിക്കാം. പകല്‍ സമയത്ത് മാത്രമല്ല, രാത്രിയിലും. നിലാവുള്ള രാത്രികളില്‍ പ്രത്യേകിച്ചും.
ഥാര്‍ മരുഭൂമിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായ കോട്ട 1156- ല്‍ രജപുത്ര രാജാവ് ജയ്സാല്‍ ആണ് പണികഴിപ്പിച്ചത്. ജൈസാല്‍മര്‍ കോട്ട ലോകത്തിലേക്കും വെച്ച് ഏറ്റവും വലിയ കോട്ട എന്ന ഖ്യാതി നേടിയിട്ടുണ്ട്. മാറി മാറി വന്ന ഭരണ നേത്രുത്വം കോട്ടയുടെ കെട്ടുറപ്പിന് കോട്ടം വരുത്തിയിട്ടുണ്ട്. രജപുത്രരുടെ കയ്യില്‍ നിന്നും, മുഗളരും ഖില്ജിമാരും തുഗ്ലക്ക് മാരും പിന്നീട് ബ്രിട്ടീഷ്‌കാരും യുദ്ധം ചെയ്തു കോട്ട കൈവശപ്പെടുത്തി. ഒരുകാലത്ത് ഭാരതത്തിലെ പ്രധാന കൊടുക്കല്‍ -- വാങ്ങല്‍ കേന്ദ്രമായിരുന്ന കോട്ട. ഇപ്പോള്‍ ടൂറിസം കൊണ്ട് സമ്പന്നമായിരിക്കുന്നു എന്ന് പറയാം.
365 ദിവസവും തുറന്നിരിക്കുന്ന ജൈസാല്മര്‍ കോട്ട സദാ സജീവമാണ്. ആയിരക്കണക്കിന് ജനങ്ങള്‍ ഇപ്പോഴും കുടുംബത്തോടെ ഇതിന്നുള്ളില്‍ സുഖമായി കഴിയുന്നു. കോട്ടക്കുള്ളിലെ പാലസ് മ്യുസിയം, വാസ്തുവിദ്യ, ആരാധനാലയങ്ങള്‍ എന്നിവ സന്ദര്‍ശകര്‍ക്ക് ആസ്വദിച്ച് കാണാം. നിരവധി കൊത്തുപണികളുള്ള ആരാധനാലയങ്ങളും കോട്ടക്കുള്ളില്‍ ഉണ്ട്. ഏറ്റവും പ്രധാനപ്പെട്ടത് ജൈനക്ഷേത്രമാണ്. അക്കാലത്ത് വാണിജ്യം കൊണ്ട് ഏറ്റവും സമ്പന്നരായവര്‍ ജൈനന്മാരായിരുന്നുവത്രേ. നിയമനിര്‍മ്മാണ സഭകള്‍, ഉദ്യാനങ്ങള്‍, വ്യാപാര സമുച്ചയങ്ങള്‍, ജലസംഭരണികള്‍ എന്നിവയും കോട്ടക്കകത്ത് സജ്ജമാണ്. സന്ദര്‍ശകര്‍ക്ക് കോട്ടക്ക് ഉള്ളില്‍ നിന്നും തുണികളും മറ്റു ഷോപ്പിംങ്ങും ചെയ്യാനുള്ള സൌകര്യവുമുണ്ട്.
ഞങ്ങള്‍ കോട്ടയ്ക്കുള്ളില്‍ കടക്കുമ്പോള്‍ കോട്ടവാതില്‍ക്കല്‍ വില്‍പ്പനക്കാരായ ചില സ്ത്രീകളുമായി പരിചയപ്പെട്ടു. വളകളും മാലകളും വിറ്റ് ഉപജീവനം കഴിക്കുന്നവരാണ് അവര്‍. ആരഭിയുടെ പ്രായത്തിലുള്ള ആരതി എന്ന പേരുള്ള ഒരു കുട്ടിയുടെ കൂടെ നിന്ന് ഒരു ഫോട്ടോ എടുത്തു. കുറച്ച് വളകളും മാലകളും വാങ്ങി. അതേപോലെത്തന്നെ കോട്ടവാതില്‍ക്കല്‍ ഒരാള്‍ മടുപ്പില്ലാതെ രാജസ്ഥാനിയില്‍ എത്രപാട്ട് വേണമെങ്കിലും നമുക്ക് പാടിത്തരാന്‍ തയ്യാറായിരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയാകര്ഷിച്ചു. അയാള്‍ക്കും വേറെ ഉപജീവന മാര്‍ഗ്ഗമൊന്നും ഇല്ല. ഞങ്ങളുടെ സന്തോഷം ഒരു ചെറിയ തുകയായി സമ്മാനിച്ചപ്പോള്‍ അയാള്‍ ഏറെ വികാരഭരിതനായി.
രാജസ്ഥാനിലെ പ്രസിദ്ധമായ കിലോമീറ്ററുകളോളം വ്യാപിച്ചു കിടക്കുന്ന സാന്ഡ് ഡ്യൂണ്‍സ് കാണാന്‍ പ്രഭാത ഭക്ഷണം കഴിച്ച് പുറപ്പെട്ടു.30 മീറ്ററില്‍ കൂടുതല്‍ ഉയരമുള്ള മണല്‍ക്കുന്നുകള്‍ ഇവിടെ കാണാം. ഇടക്കിടെ രൂപം മാറുന്നവ. മണലില്‍ രൂപപ്പെടുന്ന വരകളും കുറികളും നിക്കി നില്‍ക്കാന്‍ തോന്നും. പ്രകൃതിയുടെ മണല്‍ കാന്‍വാസ്! ഒട്ടകങ്ങളുടെ ചവിട്ടടികള്‍ തീര്‍ക്കുന്ന മണല്‍ക്കുഴികള്‍ ഡിസൈന്‍ പോലെ നീണ്ടു കിടക്കുന്നു. അങ്ങ് ദൂരെ ചെറിയ പൊന്തക്കാടുകളില്‍ ആട്ടിന്‍ പറ്റം. പാട്ടുംപാടി മേച്ചു നടക്കുന്ന കുട്ടികള്‍.
എണ്ണിയാല്‍ തീരാത്തത്ര ഒട്ടകങ്ങള്‍ ഈ ഭാഗത്തുണ്ട്. പൈസ കൊടുത്താല്‍ ഒട്ടക സവാരി നടത്താം. ജീപ്പ് സവാരിയും. ഡാന്‍സും മറ്റ് കലാ പരിപാടികളും കാണുവാന്‍, രാജസ്ഥാനി ജീവിതം ആസ്വദിക്കാന്‍ ഈ മണല്‍ക്കാട്ടില്‍ ഹോംസ്റ്റേ പോലുള്ള സംവിധാനങ്ങള്‍ ഉണ്ട്. അതേപോലെ. മണിക്കൂറുകള്‍ പോകുന്നതറിയാതെ പരന്നു കിടക്കുന്ന മണല്‍ കുന്നുകളില്‍ സമയം ചെലവഴിക്കാം. കൊച്ചുകുട്ടികളെപ്പോലെ ഞങ്ങള്‍ മണല്‍ക്കുന്നില്‍ ഉരുസിക്കളിച്ചു. നേരിയ മഴച്ചാറല്‍ കൂടി ആയപ്പോള്‍ ഒരു മരുഭൂമിയിലാണ് നില്‍ക്കുന്നത് എന്ന് ഒട്ടും തോന്നിയില്ല.
മണല്ക്കൂമ്പാരങ്ങളോട് മനസ്സില്ലാ മനസ്സോടെ യാത്ര പറഞ്ഞ് തിരിച്ചു പോയത് ജയ്‌സാല്‍ മേറിലെ പ്രേതഗ്രാമത്തിലേക്കാണ്. 1825-ല്‍ ഒരു രാത്രി കുല്ധാര ഗ്രാമത്തിലെ 80 ലധികം വരുന്ന വീട്ടുകാരെല്ലാം ഒരു രാത്രി അപ്രത്യക്ഷരായി. മനസ്സ് ചുട്ട് ശപിച്ചിട്ടാണത്രേ അവര്‍ തങ്ങളുടെ ഗ്രാമം വിട്ടുപോയത്. അവരെ പിന്നീടാരും കണ്ടവരില്ല. അന്നുമുതല്‍ ഇന്ന് വരെ ആ ഗ്രാമം അങ്ങിനെത്തന്നെ ശൂന്യമായി കിടക്കുന്നു. ഗൈഡ് പറഞ്ഞ കഥ ഇങ്ങിനെ- രണ്ടു നൂറ്റാണ്ടിന് മുന്പ് ഈ ഗ്രാമത്തില്‍ താമസിച്ചിരുന്ന ബ്രാഹ്മണര്‍ ജൈസല്മേര്‍ രാജാക്കന്മാരുടെ കൃപയാല്‍ വളരെ സമൃദ്ധിയില്‍ കഴിയുകയായിരുന്നു. ഗ്രാമത്തിലെ അമ്പലങ്ങളും, വീടുകളും, ജലസംഭരണികളും, കൃഷിസ്ഥലങ്ങളും എല്ലാം മനോഹരമായിരുന്നു. സന്തോഷത്തോടെ ജീവിച്ചു പോരുന്നതിന്നിടയില്‍ ഒരിക്കല്‍ ജയ്‌സാല്‍മേറിലെ ഭരണകര്‍ത്താവായ സാലിം സിംഗ് ഗ്രാമത്തിലെ ബ്രാഹ്മണ മുഖ്യന്റെ മകളെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചു. അവളെ കൊടുത്തില്ലെങ്കില്‍ ഗ്രാമത്തിലുള്ളവരെ കഠിനമായി ഉപദ്രവിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. ഏതു വിധേനയും അവളെ കയ്യടക്കും എന്ന സ്ഥിതി വന്നപ്പോളാണ് വിലപ്പിടിച്ച വസ്തുക്കളെല്ലാം കെട്ടിപ്പെറുക്കി രാതിക്ക് രാത്രി എല്ലാ ഗ്രാമീണരും മാനം കാക്കാനായി ഗ്രാമം വിട്ടത്. ഏതു വഴി പോയി എന്നത് കൂടി അടായാളം ബാക്കി വെക്കാതെ ആണ് അവര്‍ നാടുവിട്ടത്. ഇന്ന് പഴയ വീടുകളെല്ലാം അതേപോലെ നിലനിര്‍ത്താന്‍ ടൂറിസം വിഭാഗം ശ്രമം നടത്തുന്നത് അഭിനന്ദനാര്‍ഹമാണ്. ഈ ഗ്രാമക്ഷേത്രത്തിലും പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന വീടുകള്‍ക്കിടയില്‍ക്കൂടി നടന്നു നീങ്ങുമ്പോള്‍ ആരൊക്കെയോ പിന്നില്‍ നിന്നും വിളിക്കുന്നതായിത്തോന്നിയോ ? അനാഥമായിക്കിടക്കുന്ന വീടുകളില്‍ നിന്നും അടക്കിപ്പിടിച്ച സംസാരം കേള്‍ക്കുന്നുണ്ടോ?
ജയ്‌സാല്‍മേറില്‍ ഒട്ടും തിരക്കില്ലാതെ താമസവും ഭക്ഷണവും തരപ്പെട്ടത് പോലെ ജോധ്പൂരിലും അത് സാദ്ധ്യമായി. തിരക്ക്പിടിച്ച തെരുവുകളില്‍ക്കൂടി കാറോടിച്ചുപോവുക അത്ര സുഖകരമല്ല. എന്നാല്‍ ചെന്നെത്തിയ ഹവേലി കണ്ടപ്പോള്‍ അതൊക്കെ മറന്നു. വിശാലമായ മുറ്റത്തുനിന്ന് അകത്തേക്ക് കയറിച്ചെല്ലുന്ന ഇടനാഴിയുടെ അറ്റത്തെ വാതില്‍ ഒരു നടുമുറ്റത്തെക്ക് തുറക്കുന്നു. ഇവിടെയും വരാന്തയിലെ വാതില്‍ മറ്റൊരു നടുമുറ്റത്തേക്ക് തുറക്കുന്നു. നടുമുറ്റത്തിന്റെ ഇരുഭാഗങ്ങളിലുമായി മൂന്ന് മുറികള്‍ ഞങ്ങള്‍ക്കായി ബുക്ക് ചെയ്തിരുന്നു. ഉടമസ്ഥന്‍ താമസിക്കുന്നത് മുകളിലത്തെ നിലയിലാണ്. അതിനുമുകളിലുള്ള മുറികളില്‍ വിദേശികള്‍ കുടുംബ സമേതം താമസിക്കുന്നു. വീടിന്‍റെ മുക്കും മൂലകളും രാജസ്ഥാന്റെ തനിമ വിളിച്ചോതുന്ന നിറക്കൂട്ടുകളാലും കൊത്തുപണികളാലും ശോഭിക്കുന്നു. വേറെ താമസക്കാര്‍ ഇല്ലാതിരുന്നതിനാല്‍ അവിടെ പൂര്‍ണ്ണ നിശ്ശബ്ദമായിരുന്നു. ഒന്നര നൂറ്റാണ്ടി ലധികം പഴക്കമുള്ള ആ ഹവേലിയുടെ തനിമ നിലനിര്‍ത്താന്‍ വീട്ടുടമസ്ഥന്‍ ശ്രമിക്കുന്നുണ്ട്.
രാജസ്ഥാന്‍റെ തലസ്ഥാനമായ ജയ്‌പൂര്‍ കഴിഞ്ഞാല്‍ ഏറ്റവും വലിയ പട്ടണമാണ് ജോധ്പൂര്‍. ഈ 'നീല നഗരി' യിലെ മെഹ്രാന്‍ ഗഢ് ഫോര്‍ട്ട് ഭാരതത്തിലെ ഏറ്റവും വലിയ കോട്ടകളില്‍ ഒന്നാണ്. നഗര മദ്ധ്യത്തില്‍ ഏകദേശം 5 കി മീറ്ററില്‍പരന്നു കിടക്കുന്ന കോട്ട ഏറ്റവും ഉയര്‍ന്ന കുന്നിന്‍ മുകളിലാണ് പണിതിരിക്കുന്നത്. മെഹ്രാന്‍ ഗഢ് കോട്ട എന്ന വാക്കിനു 'സൂര്യകൊട്ടാരം' എന്നാണ് അര്‍ത്ഥം. ഇവിടെ വളരെ നല്ലൊരു മ്യുസിയം ഉണ്ട്. 1459 -ല്‍ റാവുജോധ എന്ന രാജാവാണ് പണികഴിപ്പിച്ചത്. ജൈപ്പുര്‍ ബിക്കാനീര്‍ സൈന്യങ്ങള്‍ക്കെതിരെ പോരാടി വിജയിച്ചതിന്റെ ഓര്‍മ്മക്കായി മഹാരാജ മാന്‍സിംഗ് നിര്‍മിച്ച വിജയകവാടം ഇവിടെ കാണാം. മറ്റൊരു വിജയ കവാടം മുഗളര്‍ക്കെതിരെ മഹാരാജാ അജിത് സിംഗിന്റെ വിജയം സൂചിപ്പിക്കുന്നതാണ്. മ്യുസിയത്തില്‍ പഴയ രാജകീയ പല്ലക്കുകളും, ആയുധങ്ങളും വസ്ത്രങ്ങളും മറ്റും പ്രദര്ശിപ്പിച്ചിട്ടുണ്ട്. കൊട്ടാരത്തിലെ മുറികളെല്ലാം മനോഹരമായ പൈന്റിങ്ങുകള്‍ കൊണ്ടും കൊത്തുപണികള്‍ കൊണ്ടും ആകര്ഷകമാക്കിയിരിക്കുന്നു.
ജോധ്പൂര്‍ലെ റാവു ജോധ ഡസേര്റ്റ് പാര്‍ക്ക് പ്രകൃതിയെ തൊട്ടറിയാന്‍ താല്പര്യമുള്ളവര്‍ക്ക് ഏറ്റവും ആനന്ദം നല്‍കുന്ന ഒന്നാണെന്ന് എടുത്ത് പറയാം. മേഹ്രന്‍ ഗഢ് കോട്ടക്ക് സമീപം 72 ഹെക്ടറില്‍ വ്യാപിച്ചുകിടക്കുന്ന സ്ഥലത്ത് പാരിസ്ഥിതികമായ പുനരുദ്ധാരണം നടത്തിക്കൊണ്ടിരിക്കുകയാണ്. 2006 ലാണ് ഈ പാര്‍ക്ക് നിലവില്‍ വന്നത്. മരുഭൂമികളില്‍ വളരുന്ന സസ്യജാലങ്ങളെ തിരികെ കൊണ്ടുവരാനുള്ള ഉദ്യമം വിജയിച്ചു വരുന്നു. ഒരുകാലത്ത് സ്ഥാനഭ്രംശം സംഭവിച്ച ജനജീവിതവും പുനസ്ഥാപിക്കാനുള്ള ശ്രമവും നടക്കുന്നു. സസ്യജാലങ്ങളും നീരൊഴുക്കുമുള്ള പാറക്കെട്ടുകള്‍ക്കിടയില്‍കൂടിയുള്ള നടത്തം ഏവരുടേയും മനസ്സ് കുളിര്‍പ്പിക്കും.
ജോധ്പൂരില്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന മറ്റൊരു മനോഹരമായ സംഭവമാണ് ഖേജരി മരങ്ങളും കൃഷ്ണ മൃഗങ്ങളും നിറഞ്ഞ ബിഷ്നോയ് വില്ലേജിലേക്കുള്ള സഫാരി. പ്രകൃതിയെ, സസ്യജന്തു ജീവജാലങ്ങളെ ആരാധിക്കുന്നവരാണ് ബിഷ്ണോയികള്‍. ജൈസാല്മെറിലെ താമസത്തിനിടക്ക് ഖേജരി മരങ്ങളില്‍ കണ്ടുവരുന്ന പയര്‍വര്‍ഗത്തില്‍ പ്പെടുന്ന ബീന്‍സ് ആയ സന്ഗ്രിയെ പറ്റി ഹോട്ടല്‍ ബോയ് പറഞ്ഞുതന്നിരുന്നു. വരള്ച്ചക്കാലത്തും മുള്ളുള്ള ഈ മരത്തില്‍ കായ ഉണ്ടായിരിക്കും. ധാരാളം നാരുകള്‍ ഉള്ള ഈ പയര്‍ മിനെറലുകളും പ്രോടീനും അടങ്ങിയതാണത്രേ. അധികം വണ്ണമില്ലാത്ത പയര്‍ പഴുത്തു വരുമ്പോള്‍ പൊട്ടിച്ചു സൂക്ഷിക്കുന്നു. ഖേര്‍ സാന്ഗ്രി അച്ചാര്‍ വളരെ പ്രസിദ്ധമാണത്രേ. രുചിച്ചു നോക്കാന്‍ അയാള്‍ അച്ചാര്‍ തന്നു. നല്ല സ്വാദ് ഉള്ളത് തന്നെ.
മരുപ്രദേശങ്ങളില്‍ കാണപ്പെടുന്ന കെര്‍ മരത്തില്‍ ഉണ്ടാകുന്ന പഴവും പ്രസിദ്ധമാണ്. ഈ മരത്തിന്റെ ചില്ലകള്‍ ആടുകളുടെയും ഒട്ടകത്തിന്റെയും ഭക്ഷണമാണത്രേ. മരത്തിന്റെ ചില ഭാഗങ്ങളും പഴവും ഔഷധ ഗുണം ഉള്ളതാണ്. പ്രോടിനും കാത്സ്യവും നാരുള്ളതുമായ കെര്‍ കായ ഒട്ടുമിക്ക രാജസ്ഥാന്‍ വിഭവത്തിലെയും പ്രധാന ചേരുവയാണ്. പുളിയുള്ള ഈ പഴം അച്ചാര്‍ ഉണ്ടാക്കാനും കറി വെക്കാനും ഉപയോഗിക്കുന്നു. രാജസ്ഥാനിലെ കെര്‍ സന്ഗ്രി അച്ചാര്‍ പ്രസിദ്ധമാണ്.
ജോധ്പൂരിലെ മിക്ക് വീടുകള്‍ക്ക് നീലനിറമാണ് കൊടുത്തിരിക്കുന്നത്. സൂര്യപ്രകാശം പ്രതിഫലിക്കാനും പ്രാണികളെ വികര്ഷിക്കാനും ഈ നിറം സഹായിക്കുമത്രേ. അങ്ങിനെ ഈ പട്ടണം 'നീല പട്ടണ' മായി അറിയപ്പെടുന്നു.
പത്ത് രാവുകളും പകലുകളും പിന്നിട്ട് രാജസ്ഥാനോട് വിടപറയുമ്പോള്‍ ഇനിയും എത്രയോ സുഖകരങ്ങളായ കാഴ്ചകള്‍ വിട്ടു പോയല്ലോ എന്ന കുണ്‍ഠിതം ബാക്കി നിന്നു. അതേ സമയം, കളര്‍ഫുള്‍ ആയ രാജസ്ഥാനികളെയും അവരുടെ കരകൌശലത്തെയും സംഗീത--നൃത്തപാരമ്പര്യത്തെയും അവരുടെ പൂര്‍വികരെയും അവര്‍ രാജ്യത്തിന് നല്‍കിയ വിലമതിക്കാനാകാത്ത സമ്പത്തുക്കളെയും സ്മരിക്കാതിരുന്നില്ല.
No comments:
Post a Comment