Thursday, 14 May 2015

വായന --നിളയിലെ നാട്ടുവെളിച്ചം.-- ശ്രീ വീടി വാസുദേവൻ

സ്പന്ദനങ്ങള്‍ 11 മെയ്‌,2015
ശ്രീ വി.ടി.വാസുദേവന്റെ 'നിളയിലെ നാട്ടുവെളിച്ചം'

നിളയിലെ നാട്ടുവെളിച്ചങ്ങള്‍ ഭീതിതമായിത്തീര്‍ന്നിരിയ്ക്കുന്നു. ഒരുകാലത്ത് ഈ നാട്ടുവെ ളിച്ചത്തിനു മനോഹാരിതയുണ്ടായിരുന്നു, ജീവനുണ്ടായിരുന്നു. കുത്തിയൊലിച്ചും, കുണിങ്ങിക്കിണ്‌ങ്ങിയും, മനോരാജ്യം കണ്ടും ഒഴുകിയിരുന്ന നിള എന്നോ അപ്രത്യക്ഷയായി. അതോടെ നാട്ടുവെളിച്ചവും മങ്ങിയോ ??  
നിളയൊഴുകിയിരുന്ന വഴിനീളെ  മരുഭൂമിയില്‍ കിളുര്‍ത്തു നില്‍ക്കുന്ന പൊന്തക്കാടുകള്‍ക്കിടയിലെ കണ്ണുനീര്‍ച്ചാലുകളാണ് നമുക്ക് ഇന്ന് കാണാന്‍ കഴിയുന്നത്‌. കൂടാതെ പുഴയിലെ അടിത്തട്ടുവരെ മാന്തിയെടുത്തുണ്ടായ ചതിക്കുഴികളും. നാട്ടുവെളിച്ചത്തിനു ഓജസ്സും, ചൈതന്യവും നഷ്ടപ്പെട്ടു. ഈ കാഴ്ച നമ്മളില്‍ സൃഷ്ടിയ്ക്കുന്ന വിരസത നിളയോരഗ്രാമങ്ങളിലെല്ലാം പകര്‍ന്നു കഴിഞ്ഞു.
സര്‍ഗാത്മകത നിറഞ്ഞു നിന്നിരുന്ന ഒരുകാലമുണ്ടായിരുന്നു നിളാതീരത്ത്, 
വള്ളുവനാടിന്റെ ഈ ഭാഗത്ത്. നല്ല ശീലങ്ങളും നല്ല ചിന്തകളും കൊണ്ട് സമൃദ്ധമായ സാംസകാരീക സമ്പത്തുള്ളവരായിരുന്നവരായിരുന്നു ഇന്നാട്ടുകാര്‍. ജാതിമതേതരചിന്തകളില്ലാത്ത കൂട്ടായ്മ നിറഞ്ഞ ജീവിതമായിരുന്നു ഇന്നാട്ടുകാരുടേത്. ആ നാട്ടുമഹിമ തൊട്ടറിഞ്ഞ ശ്രീ വീ.ടി വാസുദേവന്‍ അഭിമാനത്തോടെ 28 ലേഖനങ്ങളിലായി ആ നാടിന്‍റെ അസൂയാവഹമായ ചരിത്രം നമുക്ക് മുന്നില്‍ എത്തിക്കുകയാണ്. 
6 വര്ഷം മുന്നെയാണ് കൂറ്റനാട് മാതൃഭൂമി ലേഖകനായിരുന്ന ഇദ്ദേഹത്തിന്‍റെ 'നീളയിലെ നാട്ടുവെളിച്ചം' എന്ന ഈ പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടത്. ഇതിലെ ഏറ്റവും ഇഷ്ടപ്പെട്ട ലേഖനം ഏതെന്നു ചോദിച്ചാല്‍ പരുങ്ങുകയെ ഉള്ളൂ. ഓരോന്നിനും അതിന്‍റേതായ ശൈലിയും മനോഹാരിതയും ഉണ്ട്.

മറക്കുടയും, ചേലപ്പുതപ്പും വലിച്ചെറിഞ്ഞു  വീ.ടി ഭട്ടതിരിപ്പാടിനെപ്പോലുള്ളവരുടെ പ്രോത്സാഹനത്തില്‍ സ്റ്റേജില്‍ നിന്ന് പ്രസംഗിച്ച്, അന്തര്‍ജ്ജനങ്ങളെ സംഘടിപ്പിച്ചു് നമ്പൂതിരി സമുദായത്തിലെ അനാചാരങ്ങള്‍ക്കെതിരെ പൊരുതാനും, അയിത്തജാതിക്കാര്‍ക്ക് വഴിനടക്കാന്‍ സ്വാതന്ത്ര്യത്തിനായി ജാഥകള്‍ നയിച്ചപ്പോൾ  അത് തടയാന്‍ പിന്നില്‍ ആനയെ കൊണ്ടും, മുന്നില്‍ പോലീസിനെ ഉപയോഗിച്ചും നടത്തിയ  മര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങിയും, ജീവിതാവസാനം വരെ കര്മ്മനിരതയായി ജീവിച്ച  'പടനായികയായ അമ്മ', ആര്യാപള്ളത്തിനെ സ്മരിച്ചുകൊണ്ട് ലേഖകന്‍ പരമ്പര തുടങ്ങുന്നു........

രസകരമായ വാക്പ്രയോഗങ്ങള്‍ ആസ്വദിച്ചു ലേഖനം വായിക്കാം. ശ്രീ എം.പി.ശങ്കുണ്ണിനായര്‍ എന്ന അദ്ഭുത പ്രതിഭയെപ്പറ്റി  ഇങ്ങിനെ തുടങ്ങന്നു.'ചൂടന്മാരെ തണുപ്പിക്കാന്‍ പഴയ കവിത അസ്സലാണ്. തണുപ്പുള്ളവരെ ചൂടാക്കാന്‍ പുതിയ കവിതയും ഉതകും '........  
 ധിക്കാരവും, നര്‍മ്മവും, വിനയവും,വിജ്ഞാനവും കലര്‍ന്ന കര്മ്മകുശലനായ ഒരു കര്‍മ്മയോഗിയെയാണ് ഈ ലേഖനത്തില്‍ നമുക്ക് വരച്ചുകാട്ടിത്തരുന്നത്... 
സാഹിത്യ വിദ്യാര്ത്ഥികള്‍ക്കുവേണ്ടി കാളിദാസകൃതികളെ  ഉപജീവിച്ചു  രചിച്ച 'ഛത്രവും, ചാമരവും' എന്ന ഗ്രന്ഥത്തിന് കേന്ദ്രസാഹിത്യ അക്കാദമിയുടെ അവാര്‍ഡ് ലഭിച്ചു. പക്ഷെ, അദ്ദേഹം അത് ഏറ്റുവാങ്ങുവാന്‍ ദില്ലിക്ക് പോവുകയുണ്ടായില്ല. ഇത്തരം അന്ഗീകാരങ്ങള്‍ അദ്ദേഹത്തിനു അത്ര പഥ്യമായിരുന്നില്ല. എന്നാല്‍, മേഴത്തൂരില്‍ നേരിട്ട് വന്നു അക്കാദമി പ്രസിഡണ്ട്‌ അവാര്‍ഡ് സമ്മാനിക്കുകയാണുണ്ടായത്.  അദ്ദേഹത്തിന്റെ വിനയാന്വിതമായ മറുപടി പ്രസംഗം കേട്ടപ്പോളാണ് എത്ര താഴ്മയുള്ള, തലയെടുപ്പുള്ള മഹാനാണ് ആ സാഹിത്യ ശിരോമണി എന്ന് അന്നാട്ടുകാര്‍ അറിഞ്ഞത്. മാധ്യമങ്ങളിൽ  നിന്നും സദാ അകലം പാലിച്ചു ജീവിച്ച ശങ്കുണ്ണിനായര്‍, ഉച്ചനീചത്വമില്ലാതെ എല്ലാവരോടും സത്യസന്ധതയോടും, അനൌപചാരികതയോടും പെരുമാറി. അതില്ലാത്തവരോടു പരുക്കനായും. ലേഖകന്‍റെ ഭാഷയില്‍, 'ശങ്കുണ്ണിനായരുടെ കലത്തില്‍ കഞ്ഞിവെക്കാന്‍ വന്നവര്‍ക്ക്' അവരര്‍ഹിക്കുന്ന പെരുമാറ്റം തന്നെ തിരിച്ചു കൊടുത്തു.

30 വര്‍ഷത്തെ മദിരാശി കോളേജിലെ അദ്ധ്യാപനം വിശ്വസാഹിത്യവുമായി അടുപ്പിക്കുകയും, പാശ്ചാത്യവും, പൌരസ്ത്യവുമായ രീതികള്‍ സമ്മിശ്രമായാലേ  ആഴത്തിലുള്ള അന്വേഷണവും, ആസ്വാദനവും സാദ്ധ്യമാകൂ എന്ന നിഗമനത്തില്‍ അദ്ദേഹം എത്തുകയും ചെയ്തു.  ഏതു മഹാ സൃഷ്ടിയിലും വരികള്‍ക്കിടയില്‍ മനുഷ്യനെ കണ്ടെത്തുന്ന നിരീക്ഷണമായിരുന്നു അദ്ദേഹത്തിന്റെതെന്നു ലേഖകന്‍ സ്മരിക്കുന്നു. വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് തന്നെ കൃഷിജീവിതം നയിച്ചിരുന്ന, നാട്ടിന്‍ പുറത്തിന്റെ നന്മകളില്‍ അഥവാ, ഉപജീവനാടിസ്ഥാനത്തിലുള്ള ചിന്തകളാണ് ഗ്രാമീണരുടേതെന്ന്  വിശ്വസിച്ചിരുന്ന ആ ഭാഷാ പണ്ഡിതനെ, അന്നാട്ടുകാരോ, സാഹിത്യലോകത്തിലെ മറ്റു പ്രമാണിമാരോ തിരിച്ചറിഞ്ഞില്ലെന്നു ഖേദിയ്ക്കുകയാണ് ലേഖകന്‍. അരക്കയ്യന്‍ കുപ്പായവും ശീലക്കുടയുമായി തലയുയര്‍ത്തിപ്പിടിച്ച് നാട്ടുവഴികളിലൂടെ നടന്നിരുന്ന ആ മഹാൻ അവസാന നാളുകള്‍ വരെ, 9൦-ആം വയസ്സുവരെ,  എഴുതിയും വായിച്ചും ജീവിച്ചു, .........

ശ്രീ വീ.ടി വാസുദേവന്റെ ഭാഷയില്‍, 'വിജ്ഞാന കേരളം' തിരിച്ചറിയാതെ പോയ ഒരു മഹാ പ്രതിഭ..........(തുടരും)
t
സ്പന്ദനങ്ങള്‍ :- നിളയിലെ നാട്ടുവെളിച്ചം (2)

നിളയുടെ തീരത്താണ് ലോകമെങ്ങും തങ്ങളുടെ വേരോടിച്ച സ്വയം പ്രകാശത്തിന്റെയും സേവനത്തിന്റെയും കഥകള്‍ പറയുന്ന കര്‍മ്മക്ഷേത്രമായ നൂറ്റാണ്ടു പഴക്കമാര്‍ന്ന ആനക്കര വടക്കത്തെന്ന മലയാളത്തറവാട്. ഒരു ദേശം മുഴുവന്‍ ഉള്‍ക്കൊള്ളുക, അല്ലെങ്കില്‍ ഒരു ദേശത്തിന്റെ കഥ ഒരു തറവാടിന്റെ കഥയായിത്തീരുക അപൂര്‍വ സംഭവം  തന്നെ. സൌഭാഗ്യവും. കുറ്റിപ്പുറം പാലം തുടങ്ങി എത്രയെത്ര ജനകീയാവശ്യങ്ങള്‍ സഫലീകരിച്ചതിന്റെ പിന്നിൽ  ഇവിടത്തെ അംഗങ്ങളുടെ നിസ്വാര്‍ത്ഥ സേവനമാണ് എന്നത് പ്രശംസനീയം തന്നെ.

ഐതിഹ്യമുറങ്ങുന്ന കഥകളിലെ പാത്രങ്ങള്‍ യാഥാര്‍ത്ഥ്യമായിത്തീര്‍ന്ന ഒരു ദേശത്തെ മുഴുവന്‍ ആവേശം കൊള്ളിച്ച കാലത്തിന് സാക്ഷ്യം വരിച്ച നിളാതീരം, പറയിപെറ്റ പന്തീരുകുലക്കാരുടെ പൂര്‍വജരുടെ സ്വന്തം നാട്, മേഴത്തൂര്‍ എന്ന യാഗഭൂമി. ശ്രീ വീ.ടീ.വിയുടെ ഭാഷയില്‍--'പന്ത്രണ്ടു പ്രസവിച്ചെങ്കിലും ഒരാളെപ്പോലും മുലയൂട്ടാന്‍ കഴിയാത്തതില്‍ ആ അമ്മ ദുഖിച്ചു. മക്കളോടുള്ള സ്നേഹവാല്സല്യങ്ങളാല്‍ ചുരന്നൊഴുകിയ മുലപ്പാല്‍ പിഴിഞ്ഞു കളഞ്ഞു. ആ സ്തന്യമാണ് നിളയായി, മദ്ധ്യകേരളത്തിന്റെ ജീവജലമായി ഒഴുകിയത്.' മനോഹരമായ വാചകം. ഇരുത്തി ചിന്തിപ്പിക്കുന്നതും. 

ഒരു ശതാബ്ദം മുന്‍പ്  മണ്മറഞ്ഞ കലാസ്നേഹിയും,സാമുദായീക പരിഷ്കര്‍ത്താവും, കമ്യുണിസ്റ്റ് പ്രസ്ഥാന പ്രവര്‍ത്തകനുമായിരുന്ന അപൂര്‍വ പ്രതിഭയായിരുന്ന ശ്രീ പരിയാനം പറ്റ കുഞ്ചുണ്ണി നമ്പൂതിരിപ്പാട്‌ ഇന്നാട്ടിലാണ് ജന്മമെടുത്തത്. ശ്രീ വാഴകുന്നതിന്റെ ഇന്ദ്രജാല പ്രദര്‍ശനത്തിന്നിടയില്‍ കാണികളെ തന്റെ പ്രച്ഛന്നവേഷം കൊണ്ടും എകാഭിനയം കൊണ്ടും കയ്യിലെടുത്ത നല്ല ഹാസ്യനടന്‍.
പെരിങ്ങോട് ദേശത്തെ 'മരിക്കാത്ത നിത്യത', കരുത്തനും, ആരെയും കൂസാത്തവനുമായ ആറാം തമ്പുരാന്‍, അറിവിന്‍റെ തമ്പുരാന്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട പൂമുള്ളി നമ്പൂതിരിപ്പാട്, പെരിങ്ങോടിന് മാത്രമല്ല  അഭിമാനിക്കാനുള്ള വകയുണ്ടാക്കിയത്..

സാംസ്കാരീക രംഗങ്ങളില്‍ സ്വയം സാന്നിദ്ധ്യം അറിയിച്ചും സാമൂഹ്യ പ്രതിബദ്ധതയുള്ള നാടകങ്ങള്‍ എഴുതി അവതരിപ്പിച്ചും, കഥകളും . നോവലുകളും,കവിതയുമൊക്കെ സൃഷ്ടിച്ചും, ചൂഷണം ചെയ്യുന്നവരെ  ഈ ആയുധങ്ങളാല്‍ നേരിട്ട മനുഷ്യ സ്നേഹി, അഥവാ, സാമൂഹ്യ പരിഷ്കര്‍ത്താവായ ശ്രീ ചെറുകാട് എന്ന ഗോവിന്ദപിഷാരോടി മലയാളക്കരയുടെ മുഴുവന്‍ അഭിമാനമാണ്.

വായനയിലൂടെയും എഴുത്തിലൂടെയും ആത്മാവിഷ്കരണം നടത്തിയ, ലേഖകന്‍റെ തലമുറയിലുള്ളവര്‍ക്ക് ഏറ്റവും കടപ്പാടുള്ള എഴുത്തുകാരന്‍, മന്ത്രതന്ത്ര പാരമ്പര്യമുള്ള കുടുംബമായ വന്നേരി നാട്ടിലെ  കാട്ടുമാടം മനയില്‍ ജനിച്ച  പ്രതിഭാശാലിയായ കാട്ടുമാടം നാരായണന്‍. അദ്ദേഹത്തെ കടപ്പാടോടെ ഓര്‍ക്കുകയാണ് ലേഖകന്‍.
കഥകള്‍ പറയുന്ന വെള്ളിയാങ്കല്ലൂം , നദീതടത്തില്‍ പതിഞ്ഞുകിടക്കുന്ന പന്തീരുകുലത്തിന്റെ ..........

2 comments:

  1. Nalla rachana. Thudaranam Kathi nilkkunnu.M.P.Sankunni Nair enna ezhuthu kaaranile vyakthiye ippozhaanu parichayappedunnathu.

    ReplyDelete
    Replies
    1. Thank you for reading, credit goes to sri V.T.V

      Delete