Saturday, 14 February 2015

ബന്ധു പര്‍വ്വം :__ ഔനിക്കാട്ടെ ....

എന്‍റെ അമ്മയും, ഔനിക്കാട്ടെ പേരശ്യമ്മയും,  ജ്യേഷ്ടാനുജത്തിമാരുടെ മക്കള്‍. പേരശ്യമ്മയെ പറ്റി അമ്മ പറയുന്നത് ആദ്യമായി ശ്രദ്ധയില്‍ പെട്ടത്.  ഗുരുവായൂര്‍-എല്‍.എഫ്-ല്‍, പി .ഡി.സി. യ്ക്കു പഠിയ്ക്കുന്ന കാലത്താണ്.  അക്കാലത്ത് പേരശ്യമ്മയെ അമ്പലത്തില്‍ വെച്ച് കാണും. വീട്ടിലും വന്നിട്ടുണ്ട്.
ഞങ്ങടെ മരുമകളെ അവണപറമ്പിലെയ്ക്ക് കൊടുത്ത അന്ന് മറവഞ്ചേരി കുഞ്ഞുണ്ണി ഏട്ടനെ, (ഇല്ലത്തെ മരുമകന്‍, പടുതോളെ മരുമകളൂടെ മകന്‍,) പരിചയപ്പെടുത്തിയത്  പേരശ്യമ്മയ്ക്ക് നല്ല സന്തോഷമായി. ചെറിയ ഉണ്ണിയായിരുന്നപ്പോള്‍, ഇല്ലത്ത് വെച്ച കണ്ട കാര്യം പേരശ്യമ്മ ഓര്‍ത്തു പറഞ്ഞു.. പിന്നെ പേരശ്യമ്മയെ കാണുന്നത് വടക്കില്ലത്ത് കുഞ്ചു എട്ടന്ടെ  പിറന്നാള്‍ക്കാണ്.

എന്നാല്‍,  പേരശ്യമ്മയുമായി  അടുപ്പം ഉണ്ടായത് തൃശൂരില്‍ താമസിയ്ക്കുന്ന കാലത്താണ്. 1996 മുതല്‍  4 വര്ഷം ഞങ്ങള്‍ തൃശൂരില്‍  ഉണ്ടായിരുന്നു. പേരശ്യമ്മ ബേബി എടത്തിയുടെ കൂടെ ഉള്ളപ്പോളൊക്കെ ഞങ്ങളുടെ താമസസ്ഥലത്തേയ്ക്ക് വരും. ഇടയ്ക്ക് കുറച്ചു നാള്‍ മാടമ്പിലെ ഇച്ചമ്മയും ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു.. അക്കാലത്ത് പേരശ്യമ്മ, ....തത്തേ കാണാണ്ടെ പോകാന്‍ പാടില്ല എന്ന് പറഞ്ഞു  തന്‍റെ സഹോദരന്മാരെ 'പിടിച്ചു' കൊണ്ട് വരികയുണ്ടായി. അമ്മയ്ക്കതു വളരെ സന്തോഷം ഉണ്ടായ സംഭവമായിരുന്നു. അമ്മ ഏട്ടന്മാരെ 2 പേരെയും നമസ്കരിയ്ക്കുകയും ചെയ്തു.. പടുതോളെ ഉണ്ണ്യേട്ടന്‍, പിന്നീട് അമേരിക്കയ്ക്ക് പോയപ്പോള്‍  പേരശ്യമ്മ അമ്മയോട്  പറയുകയുണ്ടായി. "വയസ്സുകാലത്ത്  തോന്നണ ഒരു ബുദ്ധ്യേയ്. എന്തിനാത്ര ദൂരത്തേയ്ക്ക് ചാവാന്‍ പോണത് "...എന്ന്.

പേരശ്യമ്മ, അധികവും രാവിലെ 9 മണിയോടെ എത്തും. ബേബി ഏടത്തി രാവിലെ റയില്‍പ്പാളം കടത്തി വിടും. പിന്നെ നേരെ നടന്നാല്‍ ഞങ്ങടെ വീടായി. കുന്നത്ത് മന ലൈനില്‍, സോപാനം എന്ന വീട്. പിന്നെ വൈകുന്നേരമായിട്ടെ തിരിച്ചു പോകൂ. .ചിലദിവസം രാവിലെ വരുമ്പോള്‍  പേരശ്യമ്മ കയ്യില്‍ നാളികേരം കരുതിക്കൊണ്ടു വരും. ഞങ്ങള്‍ കാശുകൊടുത്ത് വാങ്ങുകയല്ലേ എന്നു കരുതി.....അമ്മയ്ക്ക് ധാരാളം തോര്‍ത്ത്‌ മുണ്ടുകളും കൊണ്ട് വന്നു കൊടുക്കും. രണ്ടുപേരും എന്നും സന്ധ്യയാകുന്ന വരെ നിര്‍ത്താതെ വര്‍ത്തമാനം തന്നെ.
 "തത്തെ ചികില്സിയ്ക്കാനാ ഞാന്‍ വരണേ " എന്നാണു  പേരശ്യമ്മ പറയുക.. ആ വീട്ടില്‍, താഴെ മുറിയില്‍ എന്‍റെ ആളുടെ കൂടെ ജോലി ചെയ്യുന്ന ഡെന്മാര്‍ക്ക്കാരന്‍  സായ്പും ഉണ്ടായിരുന്നു. സായ്പിനെ  കാണുമ്പോള്‍  പേരശ്യമ്മ മാറി നടക്കും. ഒപ്പമിരുന്നു ഊണു കഴിയ്ക്കാനും വലിയ മടിയാണ്..

അക്കാലത്തു ഒരിയ്ക്കല്‍ സുഗതകുമാരി ടീച്ചര്‍ വീട്ടില്‍ വന്നു. ടീച്ചറോട് പേരശ്യമ്മയ്ക്ക് വായിക്കാനായി 'പാവങ്ങ'ളുടെ തര്‍ജമ നാലാപ്പാട് അയച്ചു കൊടുത്തതും, അതു വായിച്ചു പില്‍ക്കാലത്ത്‌ ഒരു കുട്ടിയെ ദത്തെടുക്കുകയും ആ കുട്ടിയെ പഠിപ്പിച്ചു ജോലിയാക്കി, വിവാഹം കഴിപ്പിച്ചു കൊടുത്തതുമൊക്കെ  പറഞ്ഞപ്പോള്‍, അങ്ങിനെ ഒരമ്മയുന്ടെങ്കില്‍ എനിയ്ക്കെന്തായാലും കാണണമെന്ന്  പറഞ്ഞു. ( ആ കുട്ടിയ്ക്ക്                      പാവങ്ങളിലെ കഥാപാത്രത്തിന്‍റെ പേര് 'കൊസത്ത് ' എന്ന് തന്നെയാണ് നകിയിരുന്നത്) 
അങ്ങിനെ രാത്രി 10 മണിയ്ക്ക് ടീച്ചര്‍ റയില്‍വേ  സ്റ്റേഷന്‍-ല്‍ പോകുന്ന വഴിയ്ക്ക്, മുന്‍കൂട്ടി ബേബി ഏടത്തിയെ അറിയിച്ച പ്രകാരം ഞങ്ങള്‍ പേരശ്യമ്മയെ കാണാന്‍ ചെന്നു. 2 പേര്‍ക്കും നല്ല സന്തോഷമായി. ടീച്ചറുടെ 'കൃഷ്ണകവിതകള്‍' ഒരു കോപ്പി പേരശ്ശ്യമ്മയ്ക്ക് കൊടുക്കുകയും ചെയ്തു.
അമ്മയുടെ പേരില്‍ ഒരു മൃത്യുന്ജയഹോമം ചെയ്യാന്‍ വേണ്ടി എനിയ്ക്ക് പുലിയന്നൂര്‍ അനിയേട്ടനെ പരിചയപ്പെടുത്തി തന്നത് പേരശ്യമ്മയാണ്. അമ്മ മരിച്ചശേഷം ഞാന്‍ ഒരിയ്ക്കല്‍ പൂങ്കുന്നത്തു പോയി പേരശ്യമ്മയെ കണ്ടു.  ദുഃഖം മറച്ചുവെച്ചു പേരശ്യമ്മ പറഞ്ഞു., 'ആദ്യം പോയവര്‍ ഭാഗ്യം ചെയ്തവര്‍' എന്ന് . തൃശൂരില്‍ നിന്നും പോന്ന ശേഷം ഒരിയ്ക്കല്‍ ഞാന്‍ അവ്നിക്കാട്ട് പോയി പേരശ്യമ്മയെ കാണുകയുണ്ടായി. അന്നാണ്‌  അവസാനം കണ്ടത് .  മരിച്ചു എന്നു കേട്ടപ്പോള്‍ ദുഃഖം തോന്നി. പിണ്ഡത്തിന്റെ അന്ന്  നമസ്കരിയ്ക്കാനായി പോയി, പക്ഷെ, ഗുരുവായൂരില്‍ എത്തിയപ്പോഴേയ്ക്കും  നേരം വൈകിയ കാരണം  അമ്പലത്തില്‍ ചെന്ന് പേരശ്യമ്മയ്ക്കായി പ്രാര്ത്ഥിച്ചു... .

എത്ര നല്ല മനസ്സിന്റെ ഉടമ! ആസ്നേഹത്തിന്റെ ഓര്‍മ്മയില്‍, ഈ വരികള്‍ സമര്‍പ്പിയ്ക്കുന്നു. എന്‍റെ അമ്മയുടെ പ്രിയപ്പെട്ട ഔനിക്കാട്ടെ ഏടത്തിയ്ക്ക്  നമസ്കാരം......

{പള്ളത്തേരി ഏടത്തിയുടെ 'പഴയ ഏടുകള്‍' വായിച്ചപ്പോളാണ്  പേരശ്ശ്യമ്മയെ പറ്റി കൂടുതല്‍ അറിഞ്ഞത്. ഇല്ലത്തെ അകത്തളത്തിലിരുന്നു നൂല്‍ നൂല്ക്കുകയും, മറ്റുള്ളവരെ  നൂല്ക്കാന്‍ പ്രോത്സാഹിപ്പിക്കുകയും, ആ നൂലില്‍ നെയ്തെടുത്ത മുണ്ടും, വിരിപ്പുകളും ഉപയോഗിക്കുകയും ചെയ്യുക! ഇതില്‍പരം മഹാഭാഗ്യം വേറെ എന്താണുള്ളതു ?  തന്‍റെ ആഗ്രഹം പോലെ മരിയ്ക്കുന്ന സമയത്ത് ആ വിരിപ്പുകളില്‍ ഒന്നില്‍ പുതച്ചു കിടക്കുക.........ഭാഗ്യം, ഭാഗ്യം....}

No comments:

Post a Comment